অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്ത്രീകൾക്ക് പറ്റുന്ന അബദ്ധങ്ങൾ

സ്ത്രീകള്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍ - ആമുഖം

പലപ്പോഴും സ്ത്രീകള്‍ സ്വന്തം രോഗലക്ഷണങ്ങള്‍ അവഗണിക്കുകയാണ്. ഇത് വൈകി മാത്രം രോഗം തിരിച്ചറിയാന്‍ ഇടയാക്കുന്നു. പൊതുവെ ആരോഗ്യകാര്യത്തില്‍ സ്ത്രീകള്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍ ഏതെല്ലാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു...
ഭര്‍ത്താവിനെയും കൊണ്ടാണ് ആലപ്പുഴയിലെ വീട്ടമ്മ രോഹിണി മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെത്തിയത്. അമിതമദ്യപാനമുണ്ടാക്കിയ ലിവര്‍സിറോസിസായിരുന്നു അയാള്‍ക്ക്. ഓരോവട്ടവും ഭര്‍ത്താവിന്റെ കൈപിടിച്ച് ചികിത്സക്കെത്തുമ്പോഴും രോഹിണിയറിഞ്ഞില്ല. ഭര്‍ത്താവിനേക്കാള്‍ ഗുരുതരമായൊരു രോഗമുണ്ടായിരുന്നു തനിക്കെന്ന്. റുമറ്റോ ആര്‍ത്രൈറ്റിസ് ബാധിതയായിരുന്നു അവര്‍. പക്ഷേ പലവട്ടം രോഗലക്ഷണങ്ങള്‍ കണ്ടപ്പോഴും അവരത് ശ്രദ്ധിച്ചേയില്ല. -ആലപ്പുഴ മെഡിക്കല്‍കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബി. പത്മകുമാര്‍ പങ്കുവെച്ച ഈ ചികിത്സാനുഭവത്തിലുണ്ട് കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്.
രോഗലക്ഷണങ്ങള്‍ കണ്ടാലും സ്ത്രീകള്‍ ചികിത്സ തേടാന്‍ മടിക്കുന്നു. ഒടുവില്‍ ഗുരുതരാവസ്ഥയിലെത്തുമ്പോഴാവും ഡോക്ടറെ തേടിയെത്തുന്നത്. കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ സ്വന്തം ആരോഗ്യത്തെ അവര്‍ അവഗണിക്കുകയാണ്. രോഗങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണകളും സ്ത്രീകളെ ചികിത്സ തേടാന്‍ വൈകിപ്പിക്കുന്നതായി ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.


ഹൃദ്രോഗമോ സ്ത്രീകള്‍ക്കോ


ഇങ്ങനെ ചോദിക്കാത്ത സ്ത്രീകളില്ലെന്നാണ് മിക്ക ഡോക്ടര്‍മാരും പറയുന്നത്. ഹൃദ്രോഗം ഒരു പുരുഷരോഗമാണെന്നാണ് സ്ത്രീകളുടെ പൊതുധാരണ. ആണുങ്ങളെപ്പോലെ പ്രകടമായ ലക്ഷണങ്ങള്‍ സ്ത്രീകളില്‍ കാണാത്തതാണ് ഇതൊരു പുരുഷരോഗമായി തെറ്റിദ്ധരിക്കാന്‍ ഇടയാക്കുന്നത്. നിശ്ശബ്ദഹൃദയാഘാതമാണ് പലപ്പോഴും സ്ത്രീകളിലുണ്ടാവുന്നത്. പ്രകടമായ നെഞ്ചുവേദന അവര്‍ക്ക് ഉണ്ടാവണമെന്നില്ല. ക്ഷീണം, വിയര്‍പ്പ്, മനംപിരട്ടല്‍ തുടങ്ങിയവയാവും പലപ്പോഴും പ്രാഥമിക ലക്ഷണങ്ങള്‍. ഇത് ഭക്ഷണത്തിന്റെ പ്രശ്‌നമാണെന്ന് കരുതി സ്ത്രീകള്‍ തള്ളിക്കളയും.ചിലപ്പോള്‍ സ്വയം ചികിത്സയ്ക്കായി ചില ഗുളികകള്‍ വാങ്ങിക്കഴിക്കും-ഡോ. ബി. പത്മകുമാര്‍ പറയുന്നു.
ഇന്ത്യയില്‍ ഏകദേശം 20 ശതമാനം സ്ത്രീകളിലും ഹൃദ്രോഗമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ മരണത്തില്‍ 17 ശതമാനത്തിനും കാരണമാവുന്നതും ഹൃദ്രോഗമാണ്. ഹാര്‍ട്ട്അറ്റാക്ക് ഉണ്ടായാല്‍ പുരുഷന്‍ മരിക്കാനുള്ള സാധ്യത 35 ശതമാനമാണെങ്കില്‍ സ്ത്രീ മരിക്കാനുള്ള സാധ്യത 65 ശതമാനമാണ്. അതേപോലെ ആദ്യഅറ്റാക്കില്‍ തന്നെയുള്ള മരണസാധ്യതയും വീണ്ടും ഹൃദയസ്തംഭനം വരാനുള്ള സാധ്യതയും പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ്. അതുകൊണ്ടുതന്നെ പ്രാഥമിക ലക്ഷണങ്ങളെ നിസ്സാരമായി അവഗണിക്കരുതെന്ന് ഡോക്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നിവയുള്ള സ്ത്രീകളില്‍ ചെറുപ്രായത്തില്‍തന്നെ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവാം. മാനസിക സംഘര്‍ഷം, പൊണ്ണത്തടി തുടങ്ങിയവയും സ്ത്രീകളെ ഹൃദ്രോഗത്തിലേക്ക് നയിക്കാവുന്ന കാരണങ്ങളാണ്.''ഭര്‍ത്താവിന് കൊഴുപ്പുകുറഞ്ഞ ഭക്ഷണം നല്‍കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കും. പക്ഷേ സ്വന്തം കാര്യത്തില്‍ അങ്ങനെയൊരു മിതത്വം പാലിക്കുകയുമില്ല'' കോഴിക്കോട് പി.വി.എസ്. ആസ്​പത്രിയിലെ ഡോ. ടി. മനോജ് ചൂണ്ടിക്കാട്ടുന്നു. ''വീട്ടിലെ എല്ലാ അംഗങ്ങളും കഴിച്ചുകഴിഞ്ഞേ വീട്ടമ്മമാര്‍ ഭക്ഷണം കഴിക്കാറുള്ളൂ. ബാക്കിയാവുന്ന ഭക്ഷണം മുഴുവന്‍ കളയണ്ടല്ലോയെന്ന് കരുതി അവര്‍തന്നെ അകത്താക്കും. ഇതൊരു പതിവാകുമ്പോള്‍ പൊണ്ണത്തടി കൂടെയെത്തുന്നു. പതുക്കെ ഹൃദ്രോഗവും'', ഡോക്ടര്‍ അഭിപ്രായപ്പെടുന്നു.
''പ്രമേഹമാണ് സ്ത്രീകളില്‍ ഹൃദ്രോഗമുണ്ടാക്കുന്ന പ്രധാനകാരണം. ഗര്‍ഭകാലത്ത് പലര്‍ക്കും പ്രമേഹമുണ്ടാവാറുണ്ട്. പ്രസവം കഴിയുന്നതോടെ അതില്ലാതാവുകയും ചെയ്യും. അതുകൊണ്ട് പിന്നീടതിനെപ്പറ്റി ചിന്തിക്കുകയേയില്ല. ഗര്‍ഭകാലത്ത് പ്രമേഹമുണ്ടായവര്‍ക്ക് പിന്നീട് രോഗം തുടര്‍ന്നുവരാനുള്ള സാധ്യത 50 ശതമാനത്തിലധികമാണ്' തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ.നിര്‍മല സുധാകരന്‍ പറയുന്നു.
ഹൃദ്രോഗലക്ഷണവുമായി സ്ത്രീകളെത്തിയാല്‍ പലപ്പോഴും ഡോക്ടര്‍മാര്‍ പോലും രോഗം തിരിച്ചറിയാറില്ലെന്ന് ഡോ.ബി. പത്മകുമാര്‍ പറയുന്നു. ''ഈസ്ട്രജന്‍ ഹോര്‍മോണിന്റെ സപ്പോര്‍ട്ട് ഉണ്ടല്ലോ അതുകൊണ്ട് സ്ത്രീകള്‍ക്ക് ഹൃദ്രോഗമുണ്ടാക്കുന്ന രക്തം കട്ടപിടിക്കല്‍ സാധ്യത കുറവാണെന്ന ധാരണ ഡോക്ടര്‍മാരിലുണ്ട്. പുതിയ ജീവിതശൈലിയുടെയും ഭക്ഷണത്തിന്റെയും ഭാഗമായി സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്റെ അളവില്‍ പെട്ടെന്ന് മാറ്റമുണ്ടാവുന്നുണ്ട്. നേരത്തെ ആര്‍ത്തവവിരാമം വരുന്ന സ്ത്രീകളുടെ എണ്ണവും പെരുകുന്നു. ഈസ്ട്രജന്റെ സംരക്ഷണം നഷ്ടമാവുന്നതോടെ സ്ത്രീ ശരീരം ഹൃദ്രോഗത്തിനിരയാവാം.'' അതുകൊണ്ട് ആര്‍ത്തവവിരാമ ശേഷമെങ്കിലും സ്ത്രീകള്‍ ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

അര്‍ബുദം ലക്ഷണങ്ങള്‍ കണ്ടാല്‍


ആലപ്പുഴ നഗരസഭയില്‍ കഴിഞ്ഞവര്‍ഷം നടന്ന സംഭവമാണിത്. തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ വീടുകളില്‍ ഡോക്ടര്‍മാരടങ്ങിയ സംഘം കാന്‍സര്‍ സാധ്യതാസര്‍വേ നടത്തി. രോഗത്തിന്റെ സാധ്യതാലക്ഷണങ്ങളുള്ള 6000 പേരെയാണ് സര്‍വേയിലൂടെ കണ്ടെത്തിയത്. തുടര്‍പരിശോധനകള്‍ക്കായി ഇവര്‍ക്കുവേണ്ടി വിവിധപ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ തീരുമാനമായി. ഓരോ ക്യാമ്പിലും 300പേരെ എത്തിക്കുകയായിരുന്നു ഡോക്ടര്‍മാരുടെ ലക്ഷ്യം. പക്ഷേ ആദ്യക്യാമ്പിലെത്തിയത്് മൂന്നുപേര്‍. ഇതൊരൊറ്റപ്പെട്ട സംഭവമാവുമെന്ന് കരുതിയ ഡോക്ടര്‍മാര്‍ രണ്ടാമത്തെ ക്യാമ്പിലെത്തിയപ്പോഴാണ് ഞെട്ടിപ്പോയത്. അവിടെ പരിശോധനക്ക് ഒറ്റയാളുമെത്തിയിരുന്നില്ല. നമ്മുടെ സ്ത്രീകള്‍ ഇതൊന്നും ഗൗരവമായെടുക്കുന്നില്ലെന്നത് വേദനിപ്പിക്കുന്ന സത്യമാണ്-സര്‍വേക്ക് നേതൃത്വം നല്‍കിയ ഡോ.ബി.പത്മകുമാര്‍ പറയുന്നു.

കാന്‍സറിന്റെ കാര്യത്തില്‍ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാല്‍പ്പോലും ചികിത്സിക്കാന്‍ മടിക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ടെന്ന് തെളിയിക്കുന്നു തിരുവനന്തപുരം ആര്‍.സി.സി.യില്‍നിന്നുള്ള ഈ കണക്ക്്. ഇവിടെ ചികിത്സക്കെത്തുന്ന സ്തനാര്‍ബുദ രോഗികളില്‍ 73 ശതമാനവും രോഗം ഭേദപ്പെടുത്താനാവാത്ത അവസ്ഥയിലെത്തുന്നവരാണ്. കാരണം ഇവര്‍ പ്രാരംഭലക്ഷണങ്ങള്‍ അവഗണിച്ചു, അതേപോലെ തുടക്കത്തിലേ പരിശോധനകള്‍ക്ക് തയ്യാറായതുമില്ല. സ്്തനത്തില്‍ വരുന്ന മാറ്റങ്ങള്‍ പുറത്തുപറയാന്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും മടിയുണ്ടെന്ന് കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഓങ്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. കെ. പവിത്രന്‍ ചൂണ്ടിക്കാട്ടുന്നു. ''മക്കളുടെ കല്യാണം കഴിയട്ടെ, ഭര്‍ത്താവിന്റെ അസുഖം ചികിത്സിച്ചിട്ട് ഡോക്ടറെ കാണാം എന്നൊക്കെ പറഞ്ഞ് സ്ത്രീകള്‍ ചികിത്സ വൈകിക്കുന്നു. കാന്‍സര്‍ വന്നാല്‍ മാറില്ലെന്ന ധാരണയും വിട്ടുപോയിട്ടില്ല.

ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ വന്നിട്ട് എട്ടുവര്‍ഷമൊക്കെ കഴിഞ്ഞേ അതു കാന്‍സറായി മാറുന്നുള്ളു. അതുകൊണ്ടുതന്നെ നേരത്തെ പരിശോധനകള്‍ നടത്തി രോഗസാധ്യത കണ്ടെത്തണം. സ്തനാര്‍ബുദം നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ 95 ശതമാനവും ചികിത്സിച്ച് ഭേദമാക്കാനാവും. രോഗലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയുകയും പെട്ടെന്ന് ചികിത്സ തേടുകയുമാണ് പ്രധാനം''-ഡോ.പവിത്രന്‍ അഭിപ്രായപ്പെടുന്നു. 

മാറിടത്തില്‍ കാന്‍സര്‍ വരുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുന്നുണ്ടെന്നാണ് കണക്കുകള്‍. ''കേരളത്തില്‍ സ്ത്രീകളില്‍ വരുന്ന കാന്‍സറില്‍ 65 ശതമാനവും മാറിടത്തില്‍ വരുന്നവയാണ്. 10 വര്‍ഷത്തിനിടെ ഇതില്‍ ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ട്. ജീവിതശൈലിയില്‍ വന്ന വ്യത്യാസങ്ങള്‍, മാനസികസംഘര്‍ഷങ്ങള്‍, ആദ്യത്തെ ഗര്‍ഭധാരണം നീട്ടിവെക്കല്‍ തുടങ്ങിയ നിരവധി കാരണങ്ങള്‍ ഇതിനിടയാക്കുന്നു''.-കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി. ഗീത പറയുന്നു. പാരമ്പര്യ സ്വഭാവമുള്ള അസുഖവുമാണിത്. അമ്മയ്ക്ക് മാറിടത്തില്‍ കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ മക്കള്‍ക്ക് വരാന്‍ സാധ്യത കൂടുതലുണ്ട്. ചെറുപ്രായത്തിലേ ആര്‍ത്തവം തുടങ്ങിയവര്‍ക്കും (12 വയസ്സിനുമുമ്പ്), 55 വയസ്സിനുശേഷം ആര്‍ത്തവവിരാമം വന്നവര്‍ക്കും സ്തനാര്‍ബുദസാധ്യത കൂടുതലുണ്ട്

സ്തനത്തിലും കക്ഷത്തിന്റെ ഭാഗത്തുമായുണ്ടാവുന്ന വേദനയില്ലാത്ത തെന്നിമാറാത്ത മുഴകളാണ് സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണം. മുലഞെട്ടുകള്‍ അകത്തേക്ക് വലിഞ്ഞിരിക്കുക, സ്തനങ്ങള്‍ തമ്മില്‍ കാഴ്ചയിലുള്ള വ്യത്യാസം, സ്തനചര്‍മത്തിലെ തടിപ്പുകളും പാടുകളും എന്നിവയൊക്കെ കണ്ടാലും ശ്രദ്ധിക്കണം.

സ്തനാര്‍ബുദം വീട്ടില്‍വെച്ചുതന്നെ കണ്ടെത്താം. കുളിക്കുമ്പോള്‍ സ്തനത്തില്‍ തടിപ്പുകളോ മുഴയോ നീരോ ഉണ്ടോയെന്ന് പരിശോധിക്കുക. നനഞ്ഞിരിക്കുമ്പോള്‍ ഇവ എളുപ്പത്തില്‍ തിരിച്ചറിയാം. സ്തനത്തിനുചുറ്റിലും വൃത്താകൃതിയില്‍ വിരലോടിക്കുക. ഇടതുകൈ കൊണ്ട് വലത് സ്തനവും വലംകൈകൊണ്ട് ഇടതു സ്തനവും പരിശോധിക്കണം. ഇത്തരം സ്വയം പരിശോധനകള്‍ക്കുപോലും സ്ത്രീകള്‍ സമയം മാറ്റിവെക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സ്ത്രീകളെ ബാധിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു അര്‍ബുദമാണ് ഗര്‍ഭാശയഗള കാന്‍സര്‍. ഗര്‍ഭാശയഗളത്തിലെ കോശങ്ങളിലുണ്ടാവുന്ന മാറ്റങ്ങളാണ് കാരണം. രോഗം പ്രകടമാവുന്നതിന് 15 വര്‍ഷം മുന്‍പുവരെ ഈ മാറ്റങ്ങള്‍ നടക്കും. അതുകൊണ്ട് കൃത്യമായ പരിശോധനകള്‍ നടത്തിയാല്‍ രോഗം തുടക്കത്തിലേ കണ്ടെത്താനും ഫലപ്രദമായി തടയാനുമാവും. രണ്ട് ആര്‍ത്തവകാലങ്ങള്‍ക്കിടയിലുള്ള സമയത്തെ രക്തംപോക്ക്,ലൈംഗികബന്ധത്തിനുശേഷമുണ്ടാവുന്ന രക്തസ്രാവം എന്നിവയൊക്കെ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.

'ബ്ലീഡിങ്ങ്, ചുമച്ചുതുപ്പുമ്പോള്‍ രക്തം, ശബ്ദവ്യത്യാസം, വിട്ടുമാറാത്ത ചുമ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വിട്ടുമാറാത്ത വ്രണങ്ങള്‍, പെട്ടെന്ന് വലുതാവുന്ന മറുകുകള്‍ എന്നിവയും കാന്‍സറിന്റെ പ്രാഥമിക ലക്ഷണമാവാനിടയുണ്ടെന്ന കാര്യം മറക്കേണ്ട.-ഡോ. പവിത്രന്‍ ഓര്‍മിപ്പിക്കുന്നു.


ഭക്ഷണം തോന്നിയ പോലെ


എല്ലാത്തിലും ഒരു ഉന്മേഷക്കുറവ്, എപ്പോഴും ക്ഷീണം, തലചുറ്റല്‍, കിതപ്പ്്, വിശപ്പില്ലായ്മ... ഇടക്കിടെ ഇതൊക്കെ വരാറുണ്ട്. തനിയെ മാറിക്കോളുമെന്നാ കരുതിയത്.- കണ്ണൂര്‍ തളിപ്പറമ്പിലെ വീട്ടമ്മ പ്രിയയെപ്പോലെത്തന്നെയാണ് ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ മിക്ക സ്ത്രീകളും. എന്നാല്‍ ഈ ലക്ഷണങ്ങള്‍ അത്ര നിസ്സാരമായി അവഗണിക്കേണ്ടവയല്ല. ഭക്ഷണത്തില്‍ അയണിന്റെ കുറവുകൊണ്ടുണ്ടാവുന്ന അനീമിയയുടെ തുടക്കമാവാമിത്. നമ്മുടെ വീട്ടിലെ പാചകക്കാരിയും വിളമ്പുകാരിയുമായ വീട്ടമ്മമാര്‍ക്ക് പോഷക ദാരിദ്ര്യത്തില്‍ കഴിയേണ്ട ഗതികേടുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിച്ചേ പറ്റൂ.

ഭക്ഷണച്ചിട്ടയിലെ അപാകം കൊണ്ടുണ്ടാവുന്ന പല രോഗങ്ങളെക്കുറിച്ചും സ്ത്രീകള്‍ ബോധവതികളല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. ''എല്ലാമാസവും ആര്‍ത്തവ സമയത്ത് ധാരാളം രക്തനഷ്ടം ഉണ്ടാവുന്നുണ്ട്്. അതിന് ആനുപാതികമായുള്ള ഭക്ഷണം ഉള്ളിലെത്തുന്നുമില്ല. 20-50 വയസ്സിനിടയില്‍ കാണുന്ന അനീമിയയുടെ പ്രധാന കാരണമിതാണ ്''- ഡോ. ബി. പത്മകുമാര്‍ പറയുന്നു. ഈ വിളര്‍ച്ചയെ അശ്രദ്ധമായി വിട്ടാല്‍ തലകറക്കവും ബോധക്ഷയവുമൊക്കെയുണ്ടാവാം. ഹൃദയാരോഗ്യത്തെവരെ ബാധിക്കാവുന്ന അവസ്ഥയിലെത്താനും ഇതിടയാക്കാം.

''പുതിയ കാലത്ത്് ജോലിക്ക് പുറത്തുപോവുന്ന സ്ത്രീകളുടെ എണ്ണം കൂടി. ഒപ്പം അനീമിയ രോഗികളുടെയും. രാവിലെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍ പൊതിഞ്ഞെടുക്കും. അതാണ് ഉച്ച ഭക്ഷണം. രണ്ട് ഇഡ്ഡലിയോ ഒരു ദോശയോ ഒക്കെയാവും പാത്രത്തിലുണ്ടാവുക. ഇതൊക്കെ കഴിച്ച് എങ്ങനെ സ്ത്രീകള്‍ക്ക് ആരോഗ്യം നിലനിര്‍ത്താനാവും'', ഡോക്ടര്‍ ചോദിക്കുന്നു

'പണ്ട് പെണ്‍കുട്ടികളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടായിരുന്നു. ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും എള്ള് നിര്‍ബന്ധിച്ച് കഴിപ്പിക്കും. ആര്‍ത്തവകാലത്ത് തവിട് കഴിക്കാന്‍ നല്‍കും. അതേപോലെ നെല്ലിക്കയും കൂവരകുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ടായിരുന്നു. ഇതെല്ലാം ആവശ്യത്തിന് പ്രോട്ടീനും അയണുമെല്ലാം സ്ത്രീകള്‍ക്ക് നല്‍കി. അയണ്‍ കുറവെന്ന പ്രശ്‌നമൊന്നും അന്ന്് ആരെയും ബാധിച്ചിരുന്നില്ല- ഡോ. നിര്‍മല സുധാകരന്‍ ഓര്‍മിപ്പിക്കുന്നു. 75 വയസ്സിലെ ആരോഗ്യം നിശ്ചയിക്കുന്നത് 35 വയസ്സിലെ ഭക്ഷണമാണെന്ന് സ്ത്രീകള്‍ മറക്കേണ്ടെന്നും അവര്‍ പറയുന്നു. 

സ്ത്രീകളുടെ ഭക്ഷണത്തിലെ പോഷകക്കുറവുകള്‍ പരിഹരിക്കാന്‍ പ്രതിവിധി നിര്‍ദേശിക്കുന്നു കൊച്ചി മെഡിക്കല്‍ ട്രെസ്റ്റ് ആസ്​പത്രിയിലെ ചീഫ് ഡയറ്റീഷ്യന്‍. എസ്്. സിന്ധു. ''മുള്ളുള്ള മീന്‍, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ നിത്യഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. മുട്ട, പാല്‍ എന്നിവയും ആവശ്യത്തിന് കഴിക്കണം. പച്ചക്കറി മാത്രം കഴിക്കുന്നവര്‍ ഏത്തപ്പഴം, ആപ്പിള്‍ എന്നിവ കഴിക്കാന്‍ ശ്രദ്ധിക്കണം. ചീര, മുരിങ്ങയില എന്നീ ഇലക്കറികളും അയണിന്റെ കലവറയാണ്.''
ദിവസം 1000-1500 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയ ഭക്ഷണം സ്ത്രീ ശരീരത്തിന് ആവശ്യമുണ്ട്. പാലും പാല്‍ ഉത്പന്നങ്ങളും ഇതിന് നല്ലതാണ്. ഈസ്ട്രജന്‍ അടങ്ങിയ പയറുവര്‍ഗങ്ങള്‍, ചേന, കാച്ചില്‍ തുടങ്ങിയവയും ഭക്ഷണത്തിലുള്‍പ്പെടുത്തണം. സോയാബീനിലാണ് കൂടുതല്‍ ഈസ്ട്രജന്‍ അടങ്ങിയിട്ടുള്ളത്. ആര്‍ത്തവ വിരാമശേഷമുള്ള പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഭക്ഷണത്തിലെ ചിട്ട സഹായിക്കും. 60 ഗ്രാം സോയാബീന്‍സ് ദിവസവും കഴിച്ചാല്‍ ആര്‍ത്തവവിരാമശേഷമുള്ള അമിതചൂടിന് ആശ്വാസം കിട്ടുമെന്ന് പഠനങ്ങളുണ്ട്. ദിവസവും ഓരോ കാരറ്റ് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

അവസാനം പരിഷ്കരിച്ചത് : 5/26/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate