অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ രീതികള്‍

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ രീതികള്‍

  1. ഗര്‍ഭിണികൾ ഇലക്കറികൾ കഴിച്ചാൽ...
  2. കണ്ണുകൾ തുറന്നേ... അമ്മയെ കണ്ടേ
  3. ഗർഭകാലപ്രശ്നം ശിശുവിനെ ബാധിക്കുമ്പോൾ
  4. ഇത് എന്റെ കഥ: അറിയാം ഒന്നാം മാസം മുതൽ പ്രസവം വരെ
  5. സ്ത്രീ രോഗങ്ങൾക്ക് പരിഹാരങ്ങൾ
  6. ഗര്‍ഭകാലത്ത് ഭാര്യ ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിക്കുന്നത്
  7. ഗര്‍ഭധാരണ സാധ്യത വർധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍
  8. ആര്‍ത്തവകാല ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ
  9. ഗർഭിണികൾ ഇരട്ടിമധുരം കഴിച്ചാൽ?
  10. വന്ധ്യതയിൽ പ്രായം വില്ലനാകുമ്പോൾ
  11. ആയുസ്സു കൂട്ടണോ? ശുഭാപ്തിവിശ്വാസം ശീലമാക്കൂ
  12. കുഞ്ഞ്... ഉടനെ വേണോ? വേണ്ടയോ? ഇനി തീരുമാനിച്ചോളൂ
  13. വന്ധ്യതയ്ക്കു പിന്നിലെ കാരണങ്ങൾ?
  14. സിസേറിയൻ മനുഷ്യ പരിണാമത്തെ ബാധിക്കുമോ?
  15. സ്തനവലുപ്പം കുറയ്ക്കാൻ ചെയ്യേണ്ടത്?

ഗര്‍ഭിണികൾ ഇലക്കറികൾ കഴിച്ചാൽ...

അമ്മയാകാൻ ഒരുങ്ങുന്നവർ അറിയാൻ... ധാരാളം ഇലക്കറികൾ കഴിച്ചോളു. അത് കുഞ്ഞിന് ഉയർന്ന രക്തസമ്മർദം വരാതെ തടയും.

ഗർഭകാലത്ത് ഉയർന്ന അളവിൽ ഫോളേറ്റ് ശരീരത്തിലുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഉയർന്ന രക്തസമ്മർദം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് അമേരിക്കൻ ജേണൽ ഓഫ് ഹൈപ്പർടെൻഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

ചീര, കാബേജ്, ബ്രൊക്കോളി ഇവയിൽ അടങ്ങിയ ഫോളിക് ആസിഡ് കുഞ്ഞുങ്ങളില്‍ ഹൃദയാരോഗ്യം ഏകുന്നു. ജീവകം ബി കുടുംബത്തിൽപ്പെട്ട ഇവ കോശവളർച്ചയിലും പ്രധാന പങ്കുവഹിക്കുന്നു.

ഗർഭിണിയായിരിക്കുമ്പോൾ ഫോളിക് ആസിഡ് ധാരളമായി ഉപയോഗിച്ചാൽ ജനിക്കുന്ന കുഞ്ഞുങ്ങളിൽ പിന്നീടുള്ള കാലത്ത് രക്താതിസമ്മർദം വരാൻ സാധ്യത കുറവാണ്. നാരങ്ങാ വർഗത്തിൽപ്പെട്ട പഴങ്ങളിലും പച്ചനിറത്തിലുള്ള പച്ചക്കറികളിലും ഫോളിക് ആസിഡ് ധാരളമായി അടങ്ങിയിരിക്കുന്നു.

ഉയർന്ന രക്ത സമ്മർദത്തിനു സാധ്യത കൂടുതലുള്ള ബോസ്റ്റണിലെ കുടുംബങ്ങളിലെ 1290 ജോടി അമ്മമാരിലും കുട്ടികളിലും ആണ് പഠനം നടത്തിയത്.

ഇവരില്‍ 67.8% പേർ കറുത്തവർഗക്കാരും 19.2% പേർ ഹിസ്പ്പാനിക്കും ആയിരുന്നു. ജനനം മുതൽ 9 വയസ്സുവരെ ഇവരെ നിരീക്ഷിച്ച് വിവരങ്ങൾ അപഗ്രഥിച്ചു.

ഗർഭകാല പൂർവ പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം ഇവയുള്ള അമ്മമാർക്ക് ജനിച്ച കുട്ടികളിൽ 3 മുതൽ 9 വയസു വരെയുള്ള 28.7 ശതമാനം പേർക്ക് ഉയർന്ന രക്തസമ്മർദം ഉള്ളതായി കണ്ടു.

എന്നാൽ ഗർഭകാലത്ത് ഫോളിക് ആസിഡ് ധാരാളമായി ഉള്ള അമ്മമാർക്ക് ജനിച്ച കുട്ടികള്‍ക്ക് ഉയർന്ന രക്തസമ്മർദം വരാനുള്ള സാധ്യത 40% കുറഞ്ഞതായി കണ്ടു.

കുഞ്ഞുങ്ങളുടെ ഹൃദയാരോഗ്യത്തിനും ഉയർന്ന രക്തസമ്മർദം വരാതിരിക്കാനും ഗർഭിണികൾ ധാരാളം ഇലക്കറികളും പച്ച നിറത്തിലുള്ള പച്ചക്കറികളും കഴിക്കണമെന്ന് പഠനം പറയുന്നു

കണ്ണുകൾ തുറന്നേ... അമ്മയെ കണ്ടേ

‘ഞാൻ കണ്ണു തുറന്നു നോക്കി. ഇതെവിടെയാ? ഒന്നും മനസ്സിലാവുന്നില്ല. പെട്ടെന്ന് ഒരുകൈ എന്നെ പൊതിഞ്ഞു പിടിച്ചു. ‘അമ്മേടെ അമ്മൂട്ടി...നിച്ച് പാപ്പം വേണ്ടെ?’ എവിടെയൊ കേട്ടപോലെയുണ്ടല്ലോ ഈ സ്വരം....?

ഇളം ചൂടും തണുപ്പുമുള്ള ഒരു സ്ഥലത്താ ഞാൻ ഇവിടെ വരും മുമ്പേ കിടന്നിരുന്നെ...നീന്തി നടക്കാൻ നിറച്ചും വെള്ളവുമുണ്ടായിരുന്നു. അവിടെ കിടക്കുമ്പോൾ എനിക്കു പുറത്തുനിന്നുള്ള ശബ്ദങ്ങളൊക്കെ കേൾക്കാമായിരുന്നു. എത്രയോ തവണ അവിടെ വച്ച് ഞാനീ ശബ്ദം കേട്ടിരിക്കുന്നു... വല്യ സ്നേഹത്തോടെയുള്ള ആ ശബ്ദം കേട്ടിടത്തേയ്ക്ക് ഞ‍ാൻ കുതിച്ച് ചാടുമായിരുന്നു. പക്ഷേ, ഒരിക്കലും അങ്ങോട്ട് എത്താനായിട്ടില്ല. ഇപ്പോഴിതാ ആ ശബ്ദം വീണ്ടും കേൾക്കുന്നു. എന്റെ തൊട്ടടുത്തൂന്ന്.. ഇതാണെന്നോ എന്റെ അമ്മ?

‘അമ്മ’ എന്നെ ചേര്‍ത്തുകിടത്തി പതുക്കെ പാലൂട്ടിത്തുടങ്ങി. ആദ്യമൊക്കെ പാലു കുടിക്കാൻ വലിയ പ്രയാസമായിരുന്നു കേട്ടോ... പാലു കിട്ടാതെ വിശക്കുമ്പോൾ ഞാൻ കരയും. അപ്പോൾ അമ്മ ക്ഷമയോടെ വീണ്ടും പാലൂട്ടും. പതിയെ പതിയെ ഞാൻ പാൽ വലിച്ചു കുടിക്കാൻ പഠിച്ചു. എന്റേത് കുഞ്ഞുവയറല്ലേ? ഇത്തിരി കുടിക്കുമ്പോഴെ വയറു നിറഞ്ഞ് ഞാൻ മയങ്ങിപ്പോകും. പക്ഷ‌േ അങ്ങനെയങ്ങ് ഉറങ്ങാനൊന്നും സമ്മതിക്കില്ല അമ്മ.... ഇടയ്ക്കിടയ്ക്ക് എന്റെ ചെവിയിൽ തോണ്ടിയും ഇളംകാലിൽ ഇക്കിളിയിട്ടും ഉണർത്തും. എന്നിട്ടു വീണ്ടും പാലു നൽകും.

പാൽ തരുമ്പോൾ അമ്മ എന്റെ പുറത്ത് പതുക്കെ തലോടും. എനിക്കത് വലിയ ഇഷ്ടമാ.... ഞാനപ്പോ കണ്ണും പൂട്ടി ഒന്നുകൂടി അമ്മയോടൊട്ടി കിടക്കും.

എത്ര പെട്ടെന്നാ ഞാനും അമ്മേം കൂട്ടായത്. അമ്മ എന്നും എന്റെ മുഖത്തേക്കു നോക്കി എന്തൊക്കെയോ പറയും. നല്ല സ്നേഹത്തിലാ പറയുന്നെ. എനിക്കും തിരിച്ചു സംസാരിക്കണമെന്നുണ്ട്. പക്ഷേ, എനിക്കാകെ കരയാനേ അറിയൂ. അമ്മയെ കാണണമെന്നു തോന്നിയാലും വിശന്ന് പാലു കുടിക്കണമെന്നു തോന്നിയാലും ഒക്കെ ഒറ്റ കരച്ചിലാണ്. ഒത്തിരി കരയാനൊന്നും അമ്മ സമ്മതിക്കില്ല കേട്ടോ... പാവം, ഓടിവന്ന് എന്നെ എടുക്കും. എന്നിട്ട് നെഞ്ചോട് ചേർത്തുവച്ച് നൂറുമ്മ തരും....

ആദ്യത്തെ കുളിയും ചിരിയും

ഇന്നാണ് ഞാൻ ആദ്യമായി കുളിച്ചത്. ആദ്യമൊക്കെ നല്ല രസമായിരുന്നു. അമ്മ ചെറിയ ചൂടുള്ള ഒരു സാധനം ദേഹത്തു തേച്ചു. എന്നിട്ട് മെല്ലെ മെല്ലെ തലോടി... മുത്തശ്ശി അടുത്തിരുന്ന് പാടുന്നുണ്ട്... കുഞ്ഞിക്കാൽ വളര് വളര്... എന്ന്. അമ്മേടെ തലോടും മുത്തശ്ശീടെ പാട്ടും ചെറിയ ചൂടും ... ഞാനങ്ങനെ സുഖമായി കിടന്നപ്പോ, പെട്ടെന്നു തണുത്തു. ഞാൻ ഞെട്ടിക്കരഞ്ഞു. ‘സാരല്യാട്ടോ അമ്മൂട്ടി... ഇപ്പം കുളിപ്പിച്ചു തീരും’ എന്നൊക്കെ അമ്മ പറയുന്നുണ്ട്. പക്ഷേ. ഞാൻ കരച്ചിലോട് കരച്ചിൽ തന്നെ. അമ്മ വേഗം കുളിപ്പിക്കലൊക്കെ തീർത്ത് പതുപതുത്ത തുണികൊണ്ട് ദേഹമൊക്കെ ഒപ്പി. പിന്നെ ഒരു തുണിയിൽ പൊതിഞ്ഞെടുത്ത് പാലു തന്നു. ഞാൻ അമ്മേടെ മുഖത്തേക്ക് ഒന്നു ഒളികണ്ണിട്ടു നോക്കി. പാവം എന്റെ കരച്ചില്‍ കണ്ട് പേടിച്ചിരിപ്പാണ്.

എനിക്കിപ്പം ഏറ്റവും ഇഷ്ടം എന്റെ അമ്മേയാ.. അമ്മ എപ്പോഴും എന്റടുത്തു വേണംന്നാ... കുറെനേരം അമ്മയെ കാണാതിരുന്നാലേ ഞാൻ കാതോർത്തു കിടക്കും.. അമ്മേടെ സ്വരം കേള്‍ക്കുന്നുണ്ടോന്ന്. അമ്മേടെ സ്വരം കേട്ടാൽ അപ്പോ ഞാൻ തിരിച്ചറിയും... അമ്മ വന്നാലറിയാൻ വെറോരു സൂത്രം കൂടിയുണ്ട് കേട്ടോ... അമ്മ അടുത്തു വരുമ്പോഴേ അമ്മിഞ്ഞപ്പാലിന്റെ മണം വരും.

ഇന്ന്, അമ്മയെന്റെ മുഖത്തു നോക്കി ഓരോന്ന് കൊഞ്ചിപ്പറയുകയായിരുന്നു. ഞാനും തിരിച്ചെന്തൊക്കെയോ പറയാനാഞ്ഞു... ചുണ്ടു കോട്ടി... പെട്ടെന്ന് അമ്മ വാ പൊളിച്ച് എന്നെ നോക്കി.... പിന്നെ, മിടുക്കി അമ്മൂട്ടി ചിരിച്ചല്ലോ എന്ന് പറഞ്ഞ് കുറേയുമ്മ തന്നു. മുത്തശ്ശനും മുത്തശ്ശിയുമൊക്കെ വന്ന് ഓരോന്ന് പറഞ്ഞ് എന്നെ ‘ചിരിപ്പിച്ചു’.... തൊണ്ണുകാട്ടി ചിരിക്കുവാന്നാ അവരു പറഞ്ഞെ. എന്താ അങ്ങനെ പറഞ്ഞാൽ?

ഇപ്പോൾ അമ്മയെന്നെ കുറച്ചുനേരമോക്കെ കമിഴ്ത്തിക്കിടത്തും. കമിഴ്ന്നുകിടക്കുമ്പോ ഞാൻ പതിയെ തല പൊക്കിപ്പിടിക്കാനൊക്കെ നോക്കും. ഒത്തിരി നേരമൊന്നും അങ്ങനെ പറ്റില്ല കേട്ടോ.... കുറേ നാളൂടെ കഴിയുമ്പോൾ ഞാൻ തനിയെ കമിഴ്ന്നു കിടക്കുമെന്നാ അമ്മ പറയുന്നെ... എന്തായാലും മലർന്നു കിടക്കുന്നതിലും എനിക്കിഷ്ടം കമിഴ്ന്നു കിടക്കാനാ കേട്ടോ....

മൂന്നു മാസത്തിന്റെ വിശേഷങ്ങൾ

എനിക്കിപ്പോ മൂന്നു മാസമായി. അമ്മ പാട്ടൊക്കെ പാടുമ്പോൾ ഞാനോരോ ശബ്ദമൊക്കെ ഉണ്ടാക്കും... ഇടയ്ക്ക് എന്നെ നിലത്ത് ഷീറ്റ് വിരിച്ച് അതിൽ കിടത്തും. എന്നിട്ട് കുറേ കളിപ്പാട്ടവും വയ്ക്കും. ആദ്യമൊക്കെ ഞാനതു നോക്കിക്കിടക്കുമായിരുന്നു. ഒരുദിവസം ഞാൻ പതിയെ നിരങ്ങി കളിപ്പാട്ടത്തിന്റെ അടുത്ത് വന്നു... അമ്മ കളിപ്പാട്ടം കയ്യിലെടുത്താ കിലുക്കുന്നെ... പക്ഷേ, എന്റെ വിരല് ചുരുട്ടിപ്പിടിച്ചേക്കുവല്ലെ.. പിന്നെന്തു ചെയ്യും?. ഞാൻ വിരല് നിവർത്താൻ നോക്കി പറ്റുന്നില്ല, വീണ്ടും നോക്കി... മടുത്തപ്പോൾ ഞാൻ അനങ്ങാതെ കിടന്നു. മയങ്ങിപ്പോയി.

കണ്ണു തുറന്നപ്പോൾ അമ്മ അടുത്തുണ്ട്. പതിയെ ചുരുട്ടിപ്പിടിച്ച വിരലോരോന്നായി തുറന്ന് അമ്മ കളിപ്പാട്ടം കയ്യിൽ വച്ചു തന്നു. പിന്നെ അതു പതിയെ കിലുക്കി. എന്നിട്ട് വീണ്ടും കളിപ്പാട്ടം മാറ്റിവച്ചു. ഞാൻ ഉരുണ്ടു നീങ്ങി കളിപ്പാട്ടത്തിന്റെയടുത്തു ചെന്നു. വിരലു മുറുക്കിപ്പിടിച്ചത് തുറക്കാൻ നോക്കി. ഇപ്രാവശ്യം ശരിയായി കേട്ടോ അമ്മ ചിരിച്ചോണ്ട് വീണ്ടും കളിപ്പാട്ടം കയ്യിൽ വച്ചു തന്നു. അന്നുമുഴുവൻ ഞാൻ ആ കളിപ്പാട്ടവുമായി കൂട്ടായിരുന്നു.

ഇപ്പോൾ എനിക്ക് നിറങ്ങളൊക്കെ കാണാം. അച്ഛനേ എനിക്കു കുറേ കളിപ്പാട്ടം കൊണ്ടുത്തന്നു. എല്ലാം പല നിറത്തിലാ... എന്തു ഭംഗിയാ കാണാൻ. പകലൊക്കെ കുറേനേരം ഞാൻ കളിച്ചുകിടക്കും. ഇടയ്ക്ക് കളി നിര്‍ത്തി കുളിക്കാനൊക്കെ കൊണ്ടുപോകുമ്പോ ഞാൻ കരയും. കളിക്കാൻ കിടത്തിയാലും അമ്മയോ മുത്തശ്ശിയോ ആരെങ്കിലും ഒരാൾ എപ്പോഴും കൂടെ ഇരിക്കും കേട്ടോ. കാരണം ഞാൻ ഇപ്പോ എന്തു കിട്ടിയാലും വായിൽ വച്ചു കടിക്കും. അമ്മ എല്ലാ ദിവസവും എന്റെ കളിപ്പാട്ടമെല്ലാം ചൂടുവെള്ളത്തിൽ കഴുകും. ഇല്ലേൽ അസുഖം വരുമെന്നാ പറയുന്നെ, എന്താ ഈ അസുഖംന്നു വച്ചാൽ? ആർക്കറിയാം?

ഇന്നേ... അമ്മ കൊഞ്ചിച്ചപ്പോ ഞാൻ ഒച്ചയിട്ടു ചിരിച്ചു. അപ്പോൾ അമ്മ വീണ്ടും ഓരോന്നു പറഞ്ഞു കൊഞ്ചിച്ചു. ഞാനുറക്കെ ചിരിക്കുന്നതു കേള്‍ക്കാനാ, നാലുമാസമായില്ലേ... ഉറക്കെ ചിരിക്കാൻ മാത്രമല്ല കളിപ്പാട്ടമൊക്കെ കൈമാറി പിടിക്കാനും പഠിച്ചു. മുത്തശ്ശനേം മുത്തശ്ശിയേ അച്ഛനേം ഒക്കെ ഇപ്പോ കണ്ടാലറിയാം. എനിക്കൊരു ചേട്ടനുണ്ടെന്നും അറിയാം....

കമിഴ്ന്നുവീഴലും മുട്ടിലിഴയലും

ചില കുട്ടികൾ ആറു മാസമാകുമ്പോഴേ കമിഴ്ന്നുവീഴൂന്നാ അമ്മ പറഞ്ഞേ. ഞാൻ അഞ്ചു മാസമായപ്പോഴേ കമിഴ്ന്നല്ലൊ. അല്ലെലും അമ്മൂട്ടി മിടുക്കിയാന്നാ അമ്മ പറയുന്നെ. കമിഴ്ന്നു വീണും മലർന്നു കിടന്നും മടുക്കുമ്പോ ഞാനോരോ ശബ്ദമുണ്ടാക്കും. അപ്പോ അമ്മയ്ക്കു കാര്യം പിടികിട്ടും. അമ്മ എന്നെ പതിയെ പിടിച്ചിരുത്തും. പക്ഷേ, പിടിവിട്ടില്ല കേട്ടോ. എങ്കിലും പഴയപോലെ തലയ്ക്കൊന്നും താങ്ങുതരണ്ട കാര്യമില്ല. അമ്മ എനിക്കിപ്പോ കുറുക്കൊക്കെ തരാൻ തുടങ്ങി. കുറുമ്പുല്ലരച്ച് പാലിൽ കുറുക്കി മധുരം ചേർത്തു തരും. ഏത്തപ്പഴം വേവിച്ച് ഉടച്ചു തരും. ഞാനേ ജനിച്ചപ്പോഴേ മധുരക്കൊതിച്ചിയാ കേട്ടോ അതുകൊണ്ട് മധുരമുള്ളതൊക്കെ ഇഷ്ടമാ. എനിക്കു മാത്രമല്ല. എല്ലാ വാവകളും ജനിക്കുമ്പോൾ മധുരക്കൊതിയന്മാരാ. എങ്കിലും ഏറ്റവുമിഷ്ടം അമ്മിഞ്ഞപ്പാലാ, അമ്മേടെ പാലിനെ ഓരോ ദിവസവും ഓരോ രുചിയാണെന്നേ....

എട്ടാം മാസത്തിലെ വിശേഷങ്ങൾ

ഇന്ന്് അമ്മ എന്നെ ഷീറ്റിൽ കിടത്തി അടുക്കളയിലേക്കു പോയതായിരുന്നു. കമിഴ്ന്നു വീണ് തല ഉയർത്തി നോക്കിയപ്പോ ഒരു കളിപ്പാട്ടം കണ്ടു. അതെത്തിയെടുക്കാൻ നോക്കിയതാ. വയറുകൊണ്ട് മുന്നോട്ടാഞ്ഞു പോയി. പിന്നേം ആഞ്ഞപ്പോൾ പിന്നേം മുന്നോട്ടുപോയി. നല്ല രസം. കുറേ ഇഴഞ്ഞതു കൊണ്ടാവും നേരത്തേ ഉറങ്ങിപ്പോയി.

ഞാനിപ്പോള്‍ മുഴുവൻ സമയവും മുട്ടിൽ ഇഴഞ്ഞുനടപ്പായതു കൊണ്ട് അമ്മയ്ക്കും മുത്തശ്ശിക്കും ശ്രദ്ധ കൂടുതലാ. എപ്പോഴും കൂടെ നിൽക്കും. ഏറ്റവും സന്തോഷം അപ്പുവേട്ടാനാ... ഇനി ഞാൻ പെട്ടെന്നു നടക്കാറാകുമെന്നാ ഏട്ടന്റെ വിചാരം. അപ്പോ കളിക്കാനൊക്കെ കൂട്ടാകുമല്ലൊ.

ചില കുട്ടികള് 10 മാസമാകുമ്പോഴേ ഇഴയാറുള്ളത്രെ. ഇരുന്നു കഴിഞ്ഞ് ഇഴയുന്നതിനു പകരം ചില കുട്ടികൾ നേരേ എഴുന്നേൽക്കാറുണ്ടെന്നും മത്തശ്ശി അമ്മയോടു പറയുന്നതു കേട്ടു.

അമ്മ പിടിക്കാതെ ഞാൻ ഇന്ന് ഇരുന്നു കേട്ടോ. അങ്ങനെ വെറുതെ ഇരിക്കുമ്പോ അറിയാതെ വിരലു വായിൽ വയ്ക്കും. അതു കാണുമ്പോഴേ അമ്മ ഓടിവന്ന് എന്റെ വിരലൊക്കെ സോപ്പിട്ട് കഴുകും. നിലത്തൊക്കെ പിടിച്ച കൈയല്ലേ. വയറിളക്കം വരുമെന്നു പേടിപ്പിക്കും. ഇപ്പോൾ അമ്മ സന്തോഷിച്ചു പറയുന്നതും ദേഷ്യപ്പെട്ടു പറയുന്നതുമൊക്കെ എനിക്കു തിരിച്ചറിയാം. പക്ഷേ എന്നോട് അമ്മ ദേഷ്യപ്പെടുകയെ ഇല്ല ഞാൻ കുഞ്ഞുവാവയല്ലെ?

കൈകൊട്ടിയുള്ള കളികളൊക്കെ ഞാൻ പഠിച്ചു തുടങ്ങി. അമ്മൂട്ടീന്നാ എന്റെ പേരെന്നു എനിക്കിപ്പോൾ അറിയാം. എന്തു നല്ല പേരാ അല്ലെ.... ആരെങ്കിലും പേരു വിളിച്ചാ ഞാൻ ചിരിച്ചു കാണിക്കും. മുറ്റത്തിറങ്ങി ഇഴഞ്ഞു നടന്ന് കല്ലും മണ്ണുമൊക്കെ വായിലിടുമ്പോ അമ്മ പറയും ‘വേണ്ടാട്ടോ അമ്മൂട്ടി..’ എന്ന്. അതുകേൾക്കുമ്പോഴേ അറിയാം അമ്മയ്ക്ക് ചെയ്തത് ഇഷ്ടമായില്ലെന്ന്.

എത്ര പെട്ടെന്നാ ഒരു മാസം പോയതെന്ന് അമ്മ അച്ഛനോട് പറയുന്ന കേട്ടു. ശരിയാ, ഞാനിപ്പോ കസേരയിലും മേശയുടെ അറ്റത്തുമൊക്കെ പിടിച്ചെഴുന്നേറ്റു നിൽക്കും. അപ്പുവേട്ടൻ അതു കാണുമ്പോ കൈകൊട്ടി തുള്ളിച്ചാടും.

ഇന്നലെ ആദ്യമായി ഞാൻ അമ്മ എന്നു പറഞ്ഞു. അമ്മയ്ക്ക് വലിയ സന്തോഷമായി. ഇനി അച്ഛൻ എന്നും പറയണമെന്നാ എല്ലാരും പറേന്നേ. പണ്ടൊക്കെ ആരുടെയും കൈയ്യിലും അമ്മൂട്ടി പോകുമായിരുന്നു. ഇപ്പോ പരിചയമില്ലാത്തവരു വിളിച്ചാ അമ്മെ ഇറുക്കിപ്പിടിച്ചിരിക്കും. അതു സാരമില്ല. മോള് വളരുന്നതിന്റെയാ എന്നാ അമ്മൂമ്മ പറഞ്ഞെ.

ഒന്നാം വയസ്സിലേക്ക്

എനിക്കിപ്പോ 11 മാസം കഴിഞ്ഞു. കസേരയിലും മേശയിലുമൊക്കെ പിടിച്ച് ചുറ്റി നടക്കാനാ എനിക്ക് ഇപ്പോഴിഷ്ടം. വീടു മുഴുവൻ ഇങ്ങനെ നടക്കും. അപ്പുവേട്ടനും കൂടെ കൂടും. ഇന്നലെ കുളിപ്പിച്ചോണ്ടിരുന്നപ്പോ അടുത്തയാഴ്ച എന്റെ പിറന്നാളാണെന്ന് അമ്മ പറഞ്ഞുതന്നു. വലിയ ആഘോഷമാ... ഒരുപാട് മധുരം കഴിക്കാമെന്നും പറഞ്ഞു.... പിന്നെയും എന്തൊക്കെയോ കിട്ടുമെന്നു പറഞ്ഞു. പക്ഷേ... അമ്മൂട്ടിക്ക് ഉറക്കം വന്നതുകൊണ്ട് കേട്ടില്ല....

അമ്മൂട്ടി ഉറങ്ങുവാ കേട്ടോ.... അപ്പോൾ എല്ലാരും പിറന്നാളിന് വരണേ...

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ജിസ്സ് തോമസ് പാലാക്കുന്നേൽ
ശിശുരോഗവിദഗ്ധന്‍, കിംസ്, കോട്ടയം

ഡോ. പി. കൃഷ്ണകുമാർ
ഡയറക്ടർ, ചൈൽഡ് സൈക്യാട്രിസ്റ്റ്, ഇംഹാൻസ്, കോഴിക്കോട്

ഗർഭകാലപ്രശ്നം ശിശുവിനെ ബാധിക്കുമ്പോൾ

ഗർഭധാരണം–അമ്മയ്ക്കു മാത്രം ഉണ്ടാകുന്ന ഒരവസ്ഥയല്ല, മറിച്ച് അമ്മയും കുഞ്ഞും തമ്മിലുള്ള ഒരു പങ്കുവയ്ക്കൽ കൂടിയാണ്. ഗർഭാവസ്ഥയിൽ അമ്മയെ ബാധിക്കുന്ന ചെറിയ പ്രശ്നങ്ങൾ പോലും കുഞ്ഞിനെയും ബാധിക്കും. അതു ശാരീരികമായാലും മാനസികമായാലും. ഗർഭകാലത്തെ ശാരീരിക പ്രശ്നങ്ങൾ ഭാവിയിൽ കുഞ്ഞിനെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കാം.

∙ രക്താതിമർദം അപകടകരം

ഗര്‍ഭിണികളിൽ അമിതരക്തസമ്മർദം മൂലം ഉണ്ടായേക്കാവുന്ന സങ്കീർണമായ അവസ്ഥകളാണ് ജെസ്റ്റേഷനൽ ഹൈപ്പർ ടെൻഷൻ, പ്രീഎക്ലാംസിയ, എക്ലാംസിയ (Gestational Hypertension, pre eclampsia, eclampsia). ഇവ മൂലം അമ്മയിൽ നിന്നും കുഞ്ഞിലേക്കുള്ള രക്തയോട്ടം കുറയുന്നു. അതിനാൽ അമ്മ മാസം തികയാതെ പ്രസവിക്കാനും കുട്ടിക്ക് വളർച്ചക്കുറവ് ഉണ്ടാകാനും ഇടയാകുന്നു. മാത്രമല്ല ഗര്‍ഭപാത്രത്തിനുള്ളിൽ വച്ചു തന്നെ ഗർഭസ്ഥശിശുവിനു മരണം വരെ സംഭവിക്കാം. ഇങ്ങനെ മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്ക് ബെർത് ആസ്ഫിക്സിയ (Birtyh asphyxia ജനനസമയത്ത് ഓക്സിജൻ ലഭിക്കാതെ വരുന്നതിനെ തുടർന്ന് ബോധക്ഷയമോ മരണമോ സംഭവിക്കാവുന്ന അവസ്ഥ) പോലുള്ള അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്.

∙ പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ

പ്രമേഹം നിയന്ത്രണ പരിധിയിലല്ലാത്ത സ്ത്രീകൾ ഗർഭം ധരിച്ചാൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മനാ വൈകല്യം ഉണ്ടാകാം.

ഗര്‍ഭാവസ്ഥയിൽ ഉണ്ടാകുന്ന പ്രമേഹം (GDM) – ഗർഭിണികളിൽ ഉണ്ടാകുന്ന പ്രമേഹം കുട്ടിക്ക് അമിതഭാരം ഉണ്ടാകാൻ ഇടയാക്കുന്നു. പ്രസവസമയത്ത് അമ്മയ്ക്കുണ്ടാകുന്ന മുറിവുകളും കുട്ടിക്ക് ഉണ്ടാകുന്ന ബെർത്ത് ആസ്ഫിക്സിയയും ഇതിന്റെ പരിണിത ഫലമാണ്,

∙ ഹൈപ്പോതൈറോയ്ഡിസം

തൈറോയ്ഡ് ഗ്രന്ഥി കുഞ്ഞിന്റെ തലച്ചോറിന്റെ വികസനത്തെ സ്വാധീനിക്കുന്നു. തൈറോയ്ഡ് ഹോർമോൺ കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. ഇത് പ്ലാസന്റാ ഗർഭപാത്രത്തിൽ നിന്നു വേർപ്പെട്ടു പോകുന്ന അബ്റപ്ഷിയോ പ്ലാസന്റാ (Abruptio Placentea) എന്ന അവസ്ഥയിലേക്ക് നയിക്കുകയും ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിനിടയാക്കുകയും ചെയ്യുന്നു. ഹൈപ്പോ തൈറോയ്ഡിസം കാരണം ഉണ്ടാകുന്ന മറ്റൊരു അപകടമാണ് മാസം തികയാതെയുള്ള പ്രസവം.

∙ ഹൈപ്പർതൈറോയ്ഡിസം

തൈറോയ്ഡ് ഹോർമോൺ ക്രമാതീതമായി കൂടുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. കുഞ്ഞിനു വളർച്ചക്കുറവ്, മാസം തികയാതെയുള്ള പ്രസവം, പ്രീഎക്ലാംസിയ എന്നിവ ഉണ്ടാകാം. ഈ പ്രശ്നം നവജാത ശിശുവിന്റെ മരണകാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.

∙ വൈറ്റമിന്റെ അഭാവം

വൈറ്റമിൻ കുറവുള്ള ഗർഭിണികൾ ഇപ്പോൾ വളരെ കൂടുതലായി കാണപ്പെടുന്നു. ഗര്‍ഭ കാലത്ത് സിങ്ക്, ഫോളിക് ആസിഡ് എന്നിവയുടെ കുറവുമൂലം വളർച്ചക്കുറവ്‍, ഗർഭം അലസിപ്പോകൽ, മാസം തികയാതെയുള്ള പ്രസവം, പ്ലാസന്റ ഗർഭപാത്രത്തിൽ നിന്നു വേർപ്പെട്ടു പോവുക, കുഞ്ഞുങ്ങളിലെ മുച്ചുണ്ട്, മുറിനാക്ക് എന്നിവ ഉണ്ടായേക്കാം.

∙ മരുന്നുകൾ കഴിക്കുമ്പോൾ

ഗർഭാവസ്ഥയിൽ അമ്മ കഴിക്കുന്ന ഓരോ മരുന്നും ഗര്‍ഭസ്ഥ ശിശുവിൽ മാറ്റം ഉണ്ടാക്കാം. വാർഫറിൻ പോലുള്ള ചില മരുന്നുകൾ കുട്ടിയിൽ വളര്‍ച്ചാ തകരാറുകള്‍ക്കു കാരണമാകാം. അമിതരക്തസമ്മർദം നിയന്ത്രിക്കാൻ കഴിക്കുന്ന ചില മരുന്നുകൾ കുട്ടിക്ക് വളർച്ചാക്കുറവ് ഉണ്ടാക്കിയേക്കാം. അതിനാൽ ഗർഭിണികൾക്ക് മരുന്നുകൊടുക്കുന്നതിനു മുമ്പ് ഡോക്ടറെ സമീപിച്ചു കുഞ്ഞിന്റെ സുരക്ഷ ഉറപ്പ് വരുത്തുക.

∙ വിളർച്ച സൂക്ഷിക്കണം

ഗർഭിണികളിലെ വിളർച്ച കാരണം ഗർഭസ്ഥ ശിശുവിനു അയൺ കിട്ടാതാകുകയും കുട്ടിക്കു തൂക്കക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയവ ഉണ്ടാകുവാനും ഇടയുണ്ട്. നവജാതശിശുക്കളിൽ വളർച്ചയ്ക്കുള്ള പ്രധാന കാരണം ഗർഭകാലത്ത് അമ്മയിലുള്ള വിളർച്ചയാണ്.

∙ അണുബാധ എന്ന വെല്ലുവിളി

ഗർഭിണികള്‍ നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് അണുബാധ. ഉദാഹരണത്തിന് ടോർച്ച് എന്ന ചുരുക്ക പേരിലറിയപ്പെടുന്ന അണുബാധകള്‍ (Torch Infection Toxoplasmosis), others (syphils, varicella-zoster, parvovirus B19,), Rubella, Cytomegalovirus and Herpes). മൂത്രനാളിയിലെ അണുബാധകൾ (UTI Urinary Tract Infections). കൃത്യമായ ചെക്കപ്പും ചികിത്സയും ഇല്ലെങ്കിൽ ഗർഭം അലസാനും ചിലപ്പോൾ കുഞ്ഞിന് ജന്മ വൈകല്യങ്ങൾക്കും വഴിതെളിക്കുന്നു.

∙ ഗർഭിണിയും മനസ്സും

ഗർഭസമയത്ത് അമ്മമാർക്ക് ഉണ്ടാകുന്ന മാനസിക പിരിമുറുക്കവും പ്രശ്നങ്ങളും ജനിക്കുന്ന കുട്ടികള്‍ക്ക് തൂക്കക്കുറവ്, മാസം തികയാതെയുള്ള പ്രസവം എന്നിവയ്ക്കു കാരണമാകാം. തുടര്‍ച്ചയായി ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനെ ബാധിക്കുകയും അതിന്റെ ഫലമായി ജനിക്കുന്ന കുട്ടികളിൽ പല തരത്തിലുള്ള സ്വാഭവ വൈകല്യങ്ങളും ഉണ്ടാക്കാം.

ഗര്‍ഭകാലത്തിലെ ആദ്യ മൂന്നു മാസങ്ങളിൽ ഉണ്ടാകുന്ന മാനസിക സംഘർഷം കാരണം കുട്ടികളിൽ കാണുന്ന പ്രത്യേകതരം ഉപകാരപ്രദമായ ബാക്ടീരിയ (ഗട്ട് മൈക്രോഫാളോറാ– Gut microflora) വളരെ കുറഞ്ഞ തോതിലെ ഉണ്ടാവുകയുള്ളൂ. ഇതു കാരണം കുട്ടികളിലെ പ്രതിരോധശക്തി വളരെ കുറവായിരിക്കും. കൂടാതെ തലച്ചോറിന്റെ വളർച്ചയെ ബാധിച്ച് ഓട്ടിസം, സ്കിസോഫ്രീനിയ എന്നീ രോഗങ്ങള്‍ ബിധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഗർഭകാലത്തെ നാലാം മാസം തുടങ്ങി ആറാം മാസങ്ങളിൽ വരെ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം മൂലം അമ്മമാരിൽ അമിത അളവിലുണ്ടാകുന്ന സ്ട്രെസ് ഹോർമോൺ കുഞ്ഞിലേക്ക് പകർന്ന് ബുദ്ധിമാന്ദ്യം, എഡിഎച്ച്ഡി (പിരുപിരിപ്പ്) തുടങ്ങിയ രോഗങ്ങൾക്കു സാധ്യത കൂട്ടും. ഗർഭകാലത്തെ അവസാന മൂന്നു മാസങ്ങളിൽ അമ്മമാരിൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം പലപ്പോഴും കുട്ടികളിൽ പലതരത്തിലുള്ള അംഗവൈകല്യങ്ങൾക്കു കാരണമാകാം.

∙ മാസം തികയാതെ ജനിക്കുന്നവർ

ഏറ്റവും അപകടകരമായ ഒരവസ്ഥയാണ് മാസം തികയാതെയുള്ള പ്രസവം. അങ്ങനെയുള്ള ശിശുക്കൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഹൈപ്പോഗ്ലൈസീമിയ, കുടലിലെ കലകളിൽ ഉണ്ടാകുന്ന തകരാറായ എൻഇസി (NEC – Necrotizing Enterocolititis), തലച്ചോറിലെ ദ്രാവകം നിറഞ്ഞ ഭാഗങ്ങളിൽ രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയായ ഐ വി എച്ച് (IVH – Intraventricular Hemorrhage), കോശങ്ങളുടെ പ്രതിരോധശേഷി കുറവ് എന്നിവ ഉണ്ടാക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.

മാത്രമല്ല ഭാവിയിൽ കാഴ്ചത്തകരാർ ഉണ്ടക്കുന്ന റെറ്റിനോപ്പതി ഓഫ് പ്രീ മെച്യൂറിറ്റി (ROP) പോഷക കുറവ് എന്നിവയ്ക്കും വഴിതെളിക്കുന്നു.

അതിനാൽതന്നെ മാസം തികയാതെയുള്ള പ്രസവങ്ങൾ കഴിവതും ഒഴിവാക്കേണ്ടതാണ്. ഗര്‍ഭിണികൾ കൃത്യമായ ചെക്കപ്പുകളും മറ്റും നടത്തണം. അപാകതകൾ കണ്ടെത്തി തുക്കത്തിൽ തന്നെ ചികിത്സ നൽകുകയും വേണം.

മാസം തികയാതെയുള്ള പ്രസവം മാത്രമല്ല പ്രശ്നങ്ങളും പരിഹരിക്കാൻ കൃത്യമായ പരിശോധനയും മറ്റും കൊണ്ട് സാധിക്കുന്നതാണ്.

അമ്മമാരുടെ ദുശ്ശീലങ്ങൾ

പുകവലി

ഗര്‍ഭിണിയായ സ്ത്രീ പുകവലിക്കുമ്പോൾ ഗർഭസ്ഥശിശുവിനും ടാർ, നിക്കോട്ടിൻ, കാർബൺമോണോക്സൈഡ് തുടങ്ങി മാരകമായ രാസവസ്തുക്കളുമായി സമ്പർക്കമുണ്ടാകാം. അമ്മ പുകവലിക്കുകയോ അല്ലെങ്കിൽ പുകവലിക്കാരുമായുള്ള സമ്പർക്കമോ കാരണം ഗര്‍ഭപാത്രത്തിൽ നിന്നു പ്ലാസന്റ വിട്ടു പോരുക, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞുങ്ങളിൽ വളര്‍ച്ചക്കുറവ് എന്നിവ ഉണ്ടാകാം.

മദ്യപാനം

ഗർഭിണികളിലെ മദ്യപാനം ഗർഭസ്ഥശിശുവിനെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് പ്രീനേറ്റൽ ആൽക്കഹോളിക് സിൻഡ്രോം. ഇതു മൂലം കുഞ്ഞിനു ബുദ്ധിമാന്ദ്യം, മുഖത്ത് വൈരൂപ്യം, തലച്ചോർ വളർച്ചാമാന്ദ്യം എന്നിവ ഉണ്ടാകുന്നു.

ഡോ. ശബ്നം എസ്. നമ്പ്യാർ
അസിസ്റ്റന്റ് പ്രഫസർ,
ബെസ്റ്റ്ട്രിക്സ് ആൻ‍ഡ് ഗൈനക്കോളജി വിഭാഗം,
പരിയാരം മെഡിക്കൽ കോളജ്, കണ്ണൂർ

ഇത് എന്റെ കഥ: അറിയാം ഒന്നാം മാസം മുതൽ പ്രസവം വരെ

ഇത് എന്റെ കഥയാണ്. ഞാൻ അമ്മയുടെ വയറ്റിൽ രൂപം കൊണ്ടതു മുതൽ അമ്മയുടെ നെഞ്ചിന്റെ ചൂടിലേക്കു എത്തിയതു വരെയുള്ള കഥ. എനിക്ക് പേരില്ല കേട്ടോ. അതൊക്കെ ഞാൻ പുറത്തുവന്നതിനു ശേഷം അമ്മയും അച്ഛനും വീട്ടുകാരും ചേർന്ന് ഇടും. ഇനി കഥയിലേക്ക് കടക്കാം.

ഇന്ന് ഞാൻ അമ്മയുടെ ഉദരത്തിൽ എത്തിയിട്ട് നാല് മാസം ആകുന്നു. പക്ഷെ അച്ഛനും അമ്മയും എന്റെ ഹൃദയമിടിപ്പ് നേരത്തെ കേട്ടിട്ടുണ്ട് കേട്ടോ. അതെപ്പോഴാണെന്നോ. ഞാൻ അമ്മയുടെ വയറിൽ വളർന്നു തുടങ്ങി എന്നു മനസ്സിലായ ശേഷം, ആദ്യമായി സ്കാൻ ചെയ്തപ്പോൾ. ആറ് ആഴ്ച പ്രായമാകുമ്പോൾ തന്നെ ഹൃദയമിടിപ്പ് കണ്ടുപിടിക്കാൻ കഴിയും. ആദ്യ സ്കാൻ ആയതുകൊണ്ട് മുറിയിലേക്ക് അച്ഛനേയും കയറ്റിയിരുന്നു. ഹൃദയമിടിപ്പ് കേട്ടപ്പോൾ അമ്മയും അച്ഛനും എന്തുമാത്രം സന്തോഷിച്ചെന്നോ. എല്ലാ മാസവും അമ്മ ഡോക്ടറെ കാണാൻ പോകുന്നുണ്ട്. ഞാൻ എന്തു മാത്രം വളർന്നു, എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോ എന്നൊക്കെ അറിയണമെങ്കിൽ കൃത്യമായ പരിശോധന വേണമല്ലോ, അല്ലേ....

നാലാം മാസത്തിൽ വിരല്‍കുടി

ഇപ്പോഴാണ് എനിക്ക് കുഞ്ഞിന്റെ രൂപം കൈവന്നത്. വിരൽ കുടിക്കാനും എനിക്കു കഴിയുന്നുണ്ട്. ജനിച്ചു കഴിഞ്ഞാലും കുറച്ചു ദിവസം ഈ ശീലം എനിക്കുണ്ടാകും കേട്ടോ. അതിന് എന്നെ വഴക്കു പറയരുത്. ഇത്രയും ദിവസങ്ങൾ അച്ഛനും അമ്മയ്ക്കും ചെറിയൊരു പേടി ഉണ്ടായിരുന്നു. എന്നെ നഷ്ടപ്പെടുമോ എന്നോർത്ത്. എന്നാൽ ഇനി അതിനുള്ള സാധ്യത കുറവാണെന്ന് അമ്മയെ പരിശോധിക്കുന്ന ഡോക്ടർ ആന്റി പറഞ്ഞു. അമ്മയ്ക്കു ടെറ്റനസ് വാക്സിനും കൊടുത്തിട്ടുണ്ട്. ഡോക്ടർ‌ ആന്റി അമ്മയുടെ വയർ തൊട്ട് നോക്കി, ഞാൻ മിടുക്കി കുഞ്ഞായി വളരുന്നുണ്ട് എന്നു പറഞ്ഞു.

എന്നെ ഇപ്പോൾ കണ്ടാൽ ഒരു നാടൻ പേരയ്ക്കയുടെ വലുപ്പം മാത്രമേയുള്ളു. ഭാരമോ ഏതാണ്ട് 140 ഗ്രാമും. ഇത്രയും നാൾ ഞാൻ വന്നതു കാരണം അമ്മയ്ക്കു ഛർദിയും മനംപിരട്ടലും ഉണ്ടായിരുന്നു. പാവം അമ്മ. വല്ലാതെ കഷ്ടപ്പെട്ടു. ഇപ്പോള്‍ അതു കുറഞ്ഞു വരുന്നുണ്ട്. ഞാൻ പതിയെ വളരുന്നത് അമ്മയുടെ വയർ വലുതാകുന്നതു വഴി എല്ലാവർക്കും കാണാൻ സാധിക്കുന്നുണ്ടാകും.

അഞ്ചിലെ അനക്കം

ഗര്‍ഭപാത്രത്തിലെ അഞ്ചാം മാസം ആഘോഷിക്കുകയാണ് ഞാൻ. ഇപ്പോൾ നന്നായി അനങ്ങാൻ തുടങ്ങിയിട്ടുണ്ട്. അമ്മയ്ക്ക് എന്റെ ചലനം അറിയാനും സാധിക്കുന്നുണ്ട്. ഇപ്പോൾ എന്റെ ശരീരമാകെ കട്ടി കുറഞ്ഞ രോമങ്ങൾ പൊതിഞ്ഞിരിക്കുന്നുണ്ട്. ഇതിന് ലാനുഗോ എന്നാണ് പറയുന്നത്. വെണ്ണപോലുള്ള ഒരു വസ്തുവും എന്റെ ശരീരത്തിനു പുറത്തു കാണുന്നുണ്ട്. ഇവ രണ്ടും എന്റെ രക്ഷാകവചങ്ങളാണ്. ഈ സമയമായപ്പോഴേക്കും എന്റെ മൂത്രസഞ്ചിയും വൃക്കകളും പ്രവർത്തിക്കാൻ തുടങ്ങി. അതുകൊണ്ട് തന്നെ ഞാൻ മൂത്രമൊഴിക്കാൻ തുടങ്ങിയിട്ടുണ്ട്.

എന്റെ ഹൃദയമിടിപ്പ് ഡോക്ടർക്ക് സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് അറിയാൻ സാധിക്കും. ഈ സമയത്താണ് ഞാൻ ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ കഴിയുന്നത്. പക്ഷേ അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് അറിയാവുന്നതു കൊണ്ട് അമ്മയും അച്ഛനും അതിനു ശ്രമിച്ചില്ല. ആണായാലും പെണ്ണായാലും ആരോഗ്യത്തോടെ ഞാൻ ജനിക്കണമെന്ന ആഗ്രഹമേ അവർക്കുണ്ടായിരുന്നുള്ളൂ. അഞ്ചാം മാസത്തിലെ സ്കാനിങ്ങിലാണ് എനിക്ക് അംഗവൈകല്യങ്ങൾ ഒന്നും ഇല്ലെന്ന് ഡോക്ടർ പറഞ്ഞത്. എനിക്ക് ഇപ്പോൾ ഏകദേശം 356– 360 ഗ്രാം ഭാരമുണ്ട്. 27 സെ. മീ നീളവും.

ഈ മാസം മുതൽ അമ്മ ചില ദിവസങ്ങളിൽ കുഴമ്പ് തേയ്ച്ചു കുളിക്കും. ദേഹത്ത് കുഴമ്പ് തേയ്ക്കുന്നത് സുഖപ്രസവത്തിനു നല്ലതാണെന്നു മുത്തശ്ശി പറഞ്ഞുവത്രേ,

പാട്ടുകളും ശബ്ദങ്ങളും കേട്ട്

ഇപ്പോൾ ആറാംമാസത്തിലാണ്. അമ്മയുടെ വയറ്റിനുള്ളിലാണെങ്കിലും പുറം ലോകത്തെ ശബ്ദങ്ങൾ എനിക്കു കേള്‍ക്കാം. വലിയ ശബ്ദം കേൾക്കുമ്പോൾ ഞാൻ പ്രതികരിക്കാറുണ്ട്.. അമ്മ പാട്ടു കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്. അമ്മ ഇടയ്ക്കിടെ എന്നോടു സംസാരിക്കാറുണ്ട്. അമ്മയുടെ ശബ്ദം കേൾക്കുന്നത് എന്ത് ആശ്വാസമാണെന്നോ. എന്നാലും കൂടുതലും സമയവും ഞാൻ ഉറങ്ങും. ഇടയ്ക്ക് കണ്ണ് തുറന്നു നോക്കും. എന്റെ ശരീരത്തിൽ കൊഴുപ്പടിയുന്നുണ്ട്. എന്റെയും അമ്മയുടെയും ശരീരഭാരം കൂടുന്നുണ്ട്. അതുകൊണ്ടു തന്നെ അമ്മയ്ക്കു നടുവേദന ഉണ്ടാകുന്നുണ്ട്. എന്നെ താങ്ങുന്നതു കൊണ്ടാവാം.

ഈ മാസമാണ് അമ്മയ്ക്കു പ്രമേഹം ഉണ്ടോ എന്നറിയാനുള്ള പരിശോധന നടത്തിയത്. രോഗമുണ്ടെങ്കിൽ വയറ്റിൽ കിടക്കുന്ന എന്നെയും അതു ദോഷകരമായി ബാധിക്കുമത്രേ, അമ്മയുടെ വയറിനുള്ളിൽ കിടന്ന് ഞാൻ അനങ്ങുന്നത് വയറിൽ കൈ വച്ചാൽ മനസ്സിലാക്കാൻ കഴിയും. അച്ഛൻ ഇടയ്ക്കിടെ അമ്മയുടെ വയറിൽ കൈവച്ച് എന്നെ തൊടാറുണ്ട്. എന്നോട് സംസാരിക്കാറുമുണ്ട്.

അമ്മ തൻ സ്വരം തിരിച്ചറിഞ്ഞ്

അമ്മ ഏഴാം മാസത്തിലേക്ക് കടന്നിട്ടുണ്ട്. ഈ മാസം മുതൽ എന്റെ അനക്കം ശ്രദ്ധിക്കണമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. ഞാനാണെങ്കിൽ നന്നായി അനങ്ങുകയും ചെയ്യും. ആഹാരം കഴിഞ്ഞ് ഒരു മണിക്കൂറിൽ മൂന്നു പ്രാവശ്യം ഞാൻ അനങ്ങുന്നുണ്ടോ എന്നു നോക്കണമെന്നാണ് ഡോക്ടർ പറയുന്നത്. ചില നേരങ്ങളിൽ എന്റെ അനക്കം കൂടുന്നത് അമ്മയുടെ ഉറക്കം നഷ്ടമാക്കുന്നുണ്ട്. അമ്മയുടെ ശബ്ദം എനിക്കിപ്പോൾ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ഈ മാസവും സ്കാൻ ചെയ്തു. ഞാൻ ഉഷാറായി ഇരിക്കുന്നുണ്ട്, പേടിക്കേണ്ടെന്ന് ഡോക്ടർ 
പറഞ്ഞു.

എന്റെ ശ്വാസകോശം, കരൾ എന്നീ അവയവങ്ങൾ പൂർണമായി വളർന്നിട്ടുണ്ടാകും. എന്റെ പ്രതിരോധ വ്യവസ്ഥയും പുറം ലോകത്തിലെ അണുക്കളെ നേരിടാനായി തയാറായിട്ടുണ്ട്. എനിക്കിപ്പോൾ ഒന്നര കിലോയോളം ഭാരമുണ്ട്. ചിലപ്പോൾ മാസം തികയാതെ ഞാൻ പുറത്തു വരാനും സാധ്യതയുണ്ട്. ഇപ്പോൾ അമ്മയുടെ വയർ കണ്ടാൽ ഒരു ഫുട്ബോൾ പോലിരിക്കും. ഈ മാസം മുതല്‍ അമ്മ എന്നും എണ്ണ തേച്ചു കുളിക്കാൻ തുടങ്ങുകയാണ്. എണ്ണ ശരീരത്തിലാകെ തേയ്ച്ചു പിടിപ്പിച്ച്, കുറച്ചുനേരം കഴി‍ഞ്ഞ് ഇളം ചൂടു വെളളത്തിൽ കുളിക്കും.

കിടപ്പുരീതി മാറ്റി

എട്ടാം മാസമായതോടെ ഞാൻ എന്റെ കിടപ്പിന്റെ രീതി ഒന്നു മാറ്റി. തല താഴേക്കു കൊണ്ടുവന്നു. ഇങ്ങനെ കിടക്കുന്നതാണ് അമ്മയ്ക്കു പ്രസവിക്കാൻ എളുപ്പം. ഇപ്പോൾ എനിക്കു കൺപോളകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യാം. തല വശങ്ങളിലേക്കു ചരിച്ചു നോക്കാനും കഴിയും. എന്റെ തലച്ചോർ അതിവേഗം വളരുകയാണ്. ഈ മാസം മുതൽ രണ്ടാഴ്ച കൂടുമ്പോൾ ഡോക്ടറെ കാണണമെന്നാണ് പറഞ്ഞിട്ടുള്ളത്. അമ്മയ്ക്കാണെങ്കിൽ അസ്വസ്ഥതകൾ കൂടി വരികയാണ്. വയർ വലുതാകുന്നതു കൊണ്ടാകാം അമ്മയ്ക്കു രാത്രി ശരിക്കു കിടക്കാൻ പോലും സാധിക്കുന്നില്ല. ചരിഞ്ഞു മാത്രമേ കിടക്കാവൂ എന്നു ഡോക്ടർമാർ പറഞ്ഞിട്ടുള്ളതു കൊണ്ട് കിടക്കുന്ന ഭാഗം ഭയങ്കര വേദനയാണെന്ന് അമ്മ പറയുന്നതു കേൾക്കാം.

കുറച്ചു ദിവസങ്ങൾ കൂടി

അമ്മയുടെ ഗര്‍ഭപാത്രത്തിൽ എനിക്ക് ഒമ്പതാം മാസമാണ്. ഇനി കുറച്ചു ദിവസങ്ങൾ മാത്രം ഇതിനുള്ളിൽ കിടന്നാൽ മതി. കൊഴുപ്പ് നന്നായി അടിയുന്നതിനാൽ എന്റെ ശരീരത്തിനു ചുവപ്പു നിറം മാറി റോസ് നിറമായിട്ടുണ്ട്. ഇനി അങ്ങോട്ട് നല്ല ശ്രദ്ധ വേണമെന്ന് എല്ലാവരും കൂടി അമ്മയെ ഉപദേശിക്കുന്നതു കേൾക്കാം. പാവം അമ്മ എല്ലാം കേട്ട് പേടിച്ചിട്ടുണ്ടാകും. ഞാൻ അമ്മയെ അധികം വേദനിപ്പിക്കില്ലെന്ന് പറയണമെന്നുണ്ട്, പക്ഷേ പറ്റില്ലല്ലോ. ഇടയ്ക്കു അമ്മയും അച്ഛനും കൂടി ആശുപത്രിയിൽ നടക്കുന്ന ക്ലാസ്സ് കേൾക്കാൻ പോയി. ഞാൻ പുറത്തു വരുന്ന സമയത്തെക്കുറിച്ചുള്ള ക്ലാസ്സ് ആയിരുന്നു അത്. ഇതിനിടെ അമ്മയും അച്ഛനും അപ്പൂപ്പനും അമ്മൂമ്മയും കൂടി എനിക്കുള്ള ഷോപ്പിങ് ഒക്കെ നടത്തി കേട്ടോ. ഞാൻ പുറത്തു വരുമ്പോള്‍ ഇടാനുള്ള ഉടുപ്പ്, പുതയ്ക്കാൻ നല്ല ടൗവ്വലുകൾ, തൊട്ടിൽ...അങ്ങനെ കുെറ സാധനങ്ങൾ. ആശുപത്രിയിലേക്ക് കൊണ്ടു പോകാനുള്ളത് പ്രത്യേകം ബാഗിലാക്കി വയ്ക്കണമെന്ന് അമ്മൂമ്മ പറയുന്നതു കേട്ടു. എനിക്ക് നേരത്തെ വരണമെന്നു തോന്നിയാൽ സാധനങ്ങൾ തിരഞ്ഞു സമയം കളയാതെ ആശുപത്രിയിലേക്കു പോകാമല്ലോ.

ഞാൻ വരുകയാണേ....

നാളെയാണ് ഞാൻ പുറത്തു വരുമെന്ന് ഡോക്ടർ പറഞ്ഞ ദിവസം. പക്ഷേ ഞാൻ ഒരു കുറുമ്പ് കാണിച്ചു. നേരത്തെ വന്നാലെന്താ എന്ന് ഒരു തോന്നൽ. പതിയെ താഴേക്കു വരാന്‍ ശ്രമം തുടങ്ങി. അമ്മയ്ക്കു കാര്യം മനസ്സിലായി എന്നു തോന്നുന്നു. ഉടനെ ആശുപത്രിയിൽ എത്തി. വന്ന ഉടനെ അമ്മയെ ലേബർ റൂമിലേക്ക് മാറ്റണം 
എന്നു ഡോക്ടർ പറയുന്നതു കേട്ടു. ഇതിനിടെ എനിക്കു ചുറ്റിലുമുണ്ടായിരുന്ന വെള്ളം പോലത്തെ ദ്രാവകം പുറത്തേക്കു പോകാൻ തുടങ്ങി. അതു കഴിഞ്ഞപ്പോൾ മുതൽ എനിക്കും വല്ലാത്ത ബുദ്ധിമുട്ട്. എങ്ങനെയെങ്കിലും പുറത്തു കടന്നാൽ മതിയെന്നായി.

ലേബർ റൂമിലേക്കു കയറ്റിയപ്പോൾ മുതൽ എന്റെ ഹൃദയമിടിപ്പ് എല്ലാവരും കേൾക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയെ വേറൊരു കട്ടിലിലേക്ക് മാറ്റി. എന്റെ തല എവിടെയോ തടഞ്ഞു നിൽക്കുകയാണ്. ഞാൻ പുറത്തു വരാൻ അമ്മ നല്ലതുപോലെ ശ്രമിക്കുന്നുണ്ട്. ഇടയ്ക്കു അമ്മ കരയുന്നുമുണ്ട്. ഒടുവിലതാ ഞാൻ പുറത്തേക്കുവന്നു. ആദ്യം തലയിൽ ആരോ എന്നെ താങ്ങിപ്പിടിച്ചു. പുറത്തു വന്നതിൽ സന്തോഷമുണ്ടെങ്കിലും അറിയാതെ കര‍ഞ്ഞുപോയി. പക്ഷേ എന്റെ കരച്ചിൽ കേട്ടപ്പോഴാണ് ഡോക്ടർ ആന്റിക്കു സന്തോഷമായത്. അവർ എന്നെ എടുത്തു അമ്മയുടെ അടുത്തേക്കു കാണിച്ചു. മോളാണ് കേട്ടോ എന്ന് അമ്മയോട് പറഞ്ഞു.

പിന്നെ ഞാൻ കുറച്ചു നേരം നഴ്സുമാരുെട അടുത്തായിരുന്നു. അവർ എന്റെ ദേഹം പതിയെ തുടച്ചെടുത്തു. ചെവിയുടെയും മൂക്കിന്റെയും അകത്തു നിറയെ എന്തോ ദ്രാവകം നിറഞ്ഞിരിക്കുകയായിരുന്നു. അതെല്ലാം എടുത്തു കള‍ഞ്ഞു. ഇത്രയും കാലം അമ്മയുടെ വയറിനുള്ളിലെ സുഖമുള്ള ഇളംചൂടിൽ കിടന്നതു കൊണ്ടാവാം പുറത്തുവന്നപ്പോൾ വല്ലാതെ തണുക്കുന്നുണ്ടായിരുന്നു. എന്നെ വൃത്തിയാക്കിയ ശേഷം നല്ല തുണി കൊണ്ടു പുതപ്പിച്ചു. ഇതെല്ലാം നടക്കുമ്പോഴും അമ്മയെയാണ് ഞാൻ തിരഞ്ഞത്. ഒമ്പതു മാസം കേട്ടു പരിചയിച്ച ആ ശബ്ദം മാത്രം കേള്‍ക്കുന്നില്ല. പതിയെ ‍ഞാൻ കണ്ണുകൾ അടച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ആരോ 
എന്നെ എടുത്തു.. ആരുടെയൊ നെഞ്ചിലാണ് ഞാൻ കിടക്കുന്നത്. അമ്മൂട്ടിയേ.. പതിഞ്ഞ ക്ഷീണിച്ച സ്വരത്തിലുള്ള ആ വിളി ഞാൻ തിരിച്ചറി‍ഞ്ഞു.. എന്റെ അമ്മ.... അമ്മയുടെ നെഞ്ചിലാണ് ഞ‍ാൻ ഇപ്പോൾ.

My brain

നാലാഴ്ച പ്രായമുള്ളപ്പോഴാണ് ഭ്രൂണത്തിന് തല ഉണ്ടാകാൻ തുടങ്ങുന്നത്. എട്ടാമത്തെ ആഴ്ചയോടെയാണ് മുഖം രൂപപ്പെടുന്നത്. എട്ടാമത്തെ ആഴ്ചയോടെ കുഞ്ഞിന്റെ ഹിന്റ് ബ്രെയിൻ (Hint brain) – മെഡുല്ലാ ഒബ്ലോംഗേറ്റ, സെറിബെല്ലം, പോൺസ് എന്നിവ അടങ്ങിയ മസ്തിഷ്ക കാണ്ഡത്തിന്റെ, (ബെയിൻ സ്റ്റെം) താഴ്ഭാഗം – നന്നായി കാണാൻ സാധിക്കും. 26–ാമത്തെ ആഴ്ച പ്രായമാകുമ്പോഴാണ് തലച്ചോറിന്റെ കാഴ്ച, കേൾവി വ്യവസ്ഥകൾ പ്രവർത്തിക്കാൻ തുടങ്ങുന്നത്. 31 ആഴ്ച ആകുന്നതോടെ തലച്ചോറിന്റെ വളർച്ച അതിവേഗം നടക്കുന്നു. 33 ആഴ്ചയിലേക്കു കടക്കുമ്പോൾ തലച്ചോർ കാരണം കുഞ്ഞിന്റെ തലയ്ക്കു വലുപ്പം വയ്ക്കുന്നു

സ്ത്രീ രോഗങ്ങൾക്ക് പരിഹാരങ്ങൾ

ആരോഗ്യപ്രശ്നങ്ങളിൽ സ്ത്രീകളുടേതു മാത്രമായവ പലതുമുണ്ട്. പക്ഷേ പലപ്പോഴും തുറന്നു ചോദിക്കാനോ പുറത്തു പറയാനോ ഉള്ള മടികൊണ്ട് രോഗാവസ്ഥ രൂക്ഷമാകാറുമുണ്ട്. അത്തരം ചിലപ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളറിയാം.

ആർത്തവസമയത്തെ വയറുവേദന കുറയ്ക്കാൻ പതിവായി മരുന്നു കഴിച്ചാൽ പ്രശ്നമുണ്ടോ?

ആർത്തവ സമയത്തെ വയറുവേദന കൗമാരപ്രായക്കാരിലാണ് സാധാരണ കൂടുതലായി കാണുന്നത്. ഗർഭധാരണവും പ്രസവവും കഴിയുമ്പോൾ വേദന പൊതുവേ കുറയും. എന്നാൽ വയറുവേദന ഈ പ്രായത്തിനുശേഷവും കണ്ടുവരുന്നുണ്ടെങ്കിലോ പുതിയതായി തുടങ്ങുന്നുണ്ടെങ്കിലോ എൻഡോമെ ട്രിയോസിസ്, ഫൈബ്രോയ്ഡ് തുടങ്ങിയ പ്രശ്നങ്ങൾ സംശയിക്കണം. പലരും കരുതുന്നത് ആർത്തവസമയത്ത് സ്ഥിരമായി വേദനാസംഹാരികൾ കഴിക്കുന്നത് അപകടമാണെന്നാണ്. മറ്റു രോഗാവസ്ഥകൾ മൂലമല്ല വേദനയുണ്ടാകുന്നത് എന്ന് ഉറപ്പു വരുത്തിയ ശേഷം ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുന്നതുകൊണ്ടു കുഴപ്പമില്ല. സാധാരണ വേദനസംഹാരികളാണ് (NSAID) ഈ വേദനയ്ക്ക് ഉപയോഗിക്കുന്നത്. ആന്റിസ്പാസ്മോഡിക് മരുന്നുകളും ഉപയോഗിക്കാറുണ്ട്. ചില അവസരങ്ങളിൽ ഗർഭനിരോധനഗുളികകൾ ആർത്തവ വയറുവേദനയ്ക്ക് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും.

അസ്ഥിസ്രാവം (വെള്ളപോക്ക്) എന്നതിന് അസ്ഥിയുമായി എന്തെങ്കിലും ബന്ധുമുണ്ടോ? ചികിത്സ വേണോ?

അസ്ഥിസ്രാവം എന്ന പേരുതന്നെ തെറ്റാണ്. ഭയമുണ്ടാക്കാൻ മാത്രമേ അത് ഉപകരിക്കൂ. സ്ത്രീകളിലെ ജനനേന്ദ്രിയത്തിൽ കാണപ്പെടുന്ന സ്രവത്തിന് അസ്ഥിയുമായി യാതൊരു ബന്ധവുമില്ല. പ്രത്യുൽപാദനക്ഷമമായ കാലങ്ങളിൽ‍ ഹോർമോണുകളുടെ പ്രവർത്തനഫലമായി ഒരു സ്രവം ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഗർഭാശയത്തിൽ നിന്നും ഗർഭാശയമുഖത്ത‍ുനിന്നും യോനീനാളത്തിൽ നിന്നുമുള്ള സ്രവങ്ങളും ഇതിൽ ഉൾപ്പെടും. ഇതുകൊണ്ടാണ് ജനനേന്ദ്രിയം നനവുള്ളതാകുന്നത്. അണ്ഡേ‍ാൽപാദനസമയത്തും മാസമുറയ്ക്കു തൊട്ടുമുമ്പും ഇതിന്റെ അളവു കൂടുതലുണ്ടാകാം. ഈ സാധാരണ സ്രവ‍ങ്ങൾ അസ്വസ്ഥതയെ‍ാന്നുമുണ്ടാക്കുന്നില്ല. ഇതിനു ചികിത്സയും ആവശ്യമില്ല.

ജനനേന്ദ്രിയത്തിലെ ഫംഗസ് ബാധമൂലമുള്ള സ്രവം വെള്ളനിറത്തിൽ തൈരുപോലെയുള്ളതാണ്. ഇതു ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കാം. ബാക്ടീരിയ മൂലമുള്ള സ്രവം പഴുപ്പുപോലെയുള്ളതായിരിക്കും. ദുർഗന്ധവും ഉണ്ടാകാം. ട്രിക്കോമൊണാസ് (Trichomonas) എന്ന അണുബാധയുള്ളപ്പോൾ മഞ്ഞനിറത്തിൽ പതയുന്ന സ്രവമുണ്ടാകുന്നു. അസഹ്യമായ ചൊറിച്ചിലും കാണും. രക്തം കലർന്ന സ്രവം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണണം. ദശവളർച്ച (polyp)യോ അർബുദം തന്നെയോ കാരണമാകാം. ഈ അവസ്ഥകളിൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

തുമ്മുമ്പോൾ മൂത്രം പോകുന്നു. ചികിത്സയുണ്ടോ?

തുമ്മുമ്പോൾ മൂത്രം പോകുന്നത് സ്ട്രെസ്സ് ഇൻകോണ്ടിനൻസ് എന്ന അവസ്ഥ കാരണമാണ്. ആർത്തവവിരാമത്തിൽ ഹോർമോൺ കുറവു മൂലം ജനനേന്ദ്രിയ ഭാഗത്തുണ്ടാകുന്ന വ്യത്യാസമാണ് ഇതിന്റെ ഒരു പ്രധാന കാരണം, ചിലരിൽ മൂത്രാശയ അണുബാധ, ഗർഭപാത്രത്തിന്റെ തള്ളൽ എന്നിവകൊണ്ടും ഇങ്ങനെ വരാം. അണുബാധയും ഹോർമോണിന്റെ അഭാവവും ഇല്ല എങ്കിൽ ആഭാഗത്തെ പേശികളുടെ പ്രത്യേക വ്യായാമമുറകൾ (Pelvic floor exercise) കൊണ്ട് ഈ അവസ്ഥ ഒരു പരിധിവരെ നിയന്ത്രിക്കാം. സാധ്യമാകുന്നില്ലെങ്കിലൽ ഒാപ്പറേഷൻ വേണ്ടിവരും.

തുടയിടുക്കിലെ കറുപ്പു നിറം മാറ്റാനാകുമോ?

തുടയിടുക്കിലെ കറുപ്പുനിറമുണ്ടാകുന്നത് ഫംഗസ്ബാധ (Tineacruris) കൊണ്ടാകാം. കൂടാതെ ഇൻഫ്ലമേഷൻ കൊണ്ടും ചൊറിച്ചിൽ കൊണ്ടും നിറംപിടിക്കൽ (പിഗ്മന്റേഷൻ ) ഉണ്ടാകാം. അമിതവണ്ണം, ഉരയുന്നതുമൂലം തുടകൾക്കിടയിലുള്ള ത്വക്കിനുണ്ടാകുന്ന വ്യത്യാസം, വിയർപ്പും നനവും അടിഞ്ഞിരിക്കുന്ന അവസ്ഥ, ഇറുകിയതും സിന്തറ്റിക് കൊണ്ടുള്ളതുമായ അടിവസ്ത്രങ്ങൾ, ശുചിത്വക്കുറവ് ഇവയെല്ലാം ഈ അവസ്ഥയ്ക്കു കാരണമാകാം. ആന്റിഫംഗൽ മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം മതിയായ കാലയളവിൽ ഉപയോഗിക്കുക. അയവുള്ള കോട്ടൺ അടിവസ്ത്രങ്ങളാണ് നല്ലത്. കൂടുതൽ വിയർത്താൽ ശരീരം കഴുകുക, ഉണങ്ങിയ ടവൽ കൊണ്ടു തുവർത്തുക, ശുചിത്വം പാലിക്കുക എന്നിവയിലൂടെ കറുപ്പു വരാതെ സൂക്ഷിക്കാം.

സ്തനാർബുദം എങ്ങനെ തിരിച്ചറിയും?

സ്വയം സ്തനപരിശോധന ചെയ്യുകയാണ് സ്തനങ്ങളിലെ മുഴകൾ തിര‍ിച്ചറിയാനുള്ള എളുപ്പ മാർഗം. എല്ലാ പ്ര‍ായക്കാരും മാസത്തിലൊരിക്കലെങ്കിലും ഇങ്ങനെ സ്വയം പരിശോധിക്കണം. മാസമുറയ്ക്കുശേഷമുള്ള സമയമാണ് സ്വയം സ്തനപരിശേ‍ാധന ചെ‍യ്യാൻ ഉത്തമം. കൈവിരലുകളുടെ പരന്നഭാഗം കൊണ്ടു വട്ടത്തിൽ അമർത്തി നോക്കി സ്തനം പൂർണമായും പരിശോധനയ്ക്കു വിധേയമാക്കണം. കക്ഷത്തിൽ മുഴകളോ തടിപ്പുകളോ ഉണ്ടോ എന്നും പരിശോധിക്കണം. കൂടാതെ തൊലിപ്പുറത്ത് എന്തെങ്കിലും വ്യത്യാസം കാണുന്നുണ്ടോ എന്നും മുലക്കണ്ണ് ഉള്ളിലേക്ക് വലിയുന്നുണ്ടോ എന്നും നോക്കണം. എന്തെങ്കിലും സംശയ‍ാസ്പദമായി കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട‍ു പരിശോധന നടത്തണം. മുഴുകൾ വേദനയുണ്ടാക്കുന്നവയാകണമെന്നില്ല.. ഡോക്ടറുടെ നിർദേശപ്രകാരം മാമോഗ്രാം, അൾട്രാസൗണ്ട്, എഫ് എൻ എ സി തുടങ്ങിയ പരിശോധനകൾ ചെയ്യാം. കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ കൂടുതൽ കരുതൽ ആവശ്യമാണ്. അങ്ങനെയുള്ളവർ മാമോഗ്രാം പരിശോധനയ്ക്ക് വിധേയരാകണം. എല്ലാ മുഴകളും അർബുദമല്ല. എന്നാൽ എല്ലാത്തരം മുഴകളും പരിശോധനയ്ക്കു വിധേയമാക്കി അർബുദബാധ ഇല്ല എന്ന് ഉറപ്പുവരുത്തണം.

മുഖക്കുരുവുള്ള കൗമാരക്കാര‍ിയാണ്. മുഖത്ത് രോമവളർച്ച കൂടുന്നു. സൂക്ഷിക്കണോ?

കൗമാരപ്രായത്തിൽ മുഖക്കുരു സാധാരണയാണ്. എന്നാൽ അമിത രോമവളർച്ച കണ്ടാൽ പി സി ഒ ഡി സംശയിക്കണം. പ്രത്യേകിച്ചും ഭാരക്കൂടുതൽ ഉണ്ടെങ്കിലും ആർത്തവം ക്രമം തെറ്റി വരുന്നുണ്ടെങ്കിലും പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പ‍ി സി ഒ ഡി) സംശയിക്കണം. കൗമാരപ്രായക്കാരിൽത്തന്നെ ഇതു ധാരാളം കണ്ടുവരുന്നുണ്ട് . ഇത് ഒരു ജീവിതശൈലീജന്യരോഗമാണ്. ഇന്നത്തെ കൂടുതൽ കാലറിയുള്ള ഭക്ഷണക്രമവും വ്യായാമമില്ലായ‍്മയും ഇതിനു കാരണമാകാം.

കൗമാരപ്രായത്തിൽത്തന്നെ ശ്രദ്ധവച്ചാൽ പി സി ഒ ഡി പ്രശ്നങ്ങൾ പരിഹരിക്കാം. ചിലർക്ക് മാത്രമാണ് ചികിത്സ വേണ്ടിവരിക.

ജനനേന്ദ്രിയത്തിലെ ചൊറിച്ചിൽ മാറ്റാനെന്തു ചെയ്യണം?

ജനനേന്ദ്രിയത്തിലെ ചൊറിച്ചിലിനു പ്രധാന കാരണം വിവിധതരം അണുബാധകളാണ്. പൂപ്പൽ (ഫംഗസ്) ബാധയാണ് ഏറ്റവും സാധാരണം ആർത്തവവിരാമം സംഭവിച്ചവരിൽ, ഈസ്ട്രജൻ ഹോർമോണിന്റെ കുറ‍വു കാരണം ജനനേന്ദ്രിയഭാഗത്തെ ചർമം കനം കുറഞ്ഞതാവുകയും നനവില്ലാതാവുകയും ചെയ്യും. ഇതു ചൊറിച്ചില‍ിനു കാരണമാകാം. ജനനേന്ദ്രിയത്തിൽ രാസപദാർഥങ്ങളുടെ അലർജി മൂലവും ചൊറിച്ചിലുണ്ടാകാം. ക്രീമുകൾ, സോപ്പ്, ഡിറ്റർജന്റ് തുടങ്ങിയവയൊക്കെ അലർജിക്കു കാരണമാകാം. ചില ചർമരോഗങ്ങളും ചൊറിച്ചിലുണ്ടാക്കും. വൃക്തിശുചിത്വം പാലിക്കുക, അണുബാധ ചികിത്സിക്കുക, അയവുള്ള കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കുക, സോപ്പ്, ക്രീമുകൾ തുട‍ങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കുക തുടങ്ങിയവയാണു പരിഹാരമാർഗങ്ങൾ. ആർ‍ത്തവവിരാമം സംഭവിച്ചവരും ത്വക്ക് രോഗങ്ങൾ ഉള്ളവരും ഡോക്ടറുടെ നിർദേശപ്രകാരമുള്ള ചികിത്സ എടുക്കണം.

യഥാർഥ പ്രസവവേദന എങ്ങനെ വേർതിരിച്ചറിയാം?

പ്രസവവേദന ഗർഭാശയത്തിന്റെ സങ്കോചവും ഗർഭാശയമുഖവികാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രമമായ ഇടവേളകളിൽ –വിട്ടുവിട്ടാണ് പ്രസവവേദന ഉണ്ടാകുന്നത്. വയറിലും നടുവിലുമായോ, വയറിലോ ന‌ടുവിലോ മാത്രമായോ വേദന തുടങ്ങാം. വേദനയുടെ ആവൃത്തിയും ശക്തിയും ക്രമേണ വർധിച്ചുവരും. പ്രസവവേദനയുണ്ടാകുമ്പോൾ വയറിൽ കൈവച്ചു നോക്കിയാൽ ഗർഭപാത്രത്തിന്റെ മുറുകൽ മനസ്സിലാക്കാൻ സാധ‍ിക്കും –വയർ കട്ടിയാകുന്നതായി തോന്നും. ഇങ്ങനെയുള്ള പ്രസവവേദന ഗർഭാശയമ‍ുഖം ക്രമാനുഗതമായി കൂടാതെയിരിക്കുകയും കുറച്ചു കഴിയുമ്പോൾ ഇല്ലാതാകുകയും ചെയ്യും. തുടർച്ചയായി ഉണ്ടാകുന്ന വേദന പ്രസവവേദനയല്ല. അത്തരം വേദനയ്ക്ക് മറ്റ‍ു കാരണങ്ങൾ ഉണ്ടാകാം.

മൂത്രാശയനാളീ അണ‍‍ുബാധ കൂടുന്നോ?

സ്ത്രീകളിൽ യൂറിനറി അണുബാധ ഉണ്ടാകാനുള്ള സാധ‍്യത കൂടുതലാണ്. മൂത്രനാളിയുടെ നീളം കുറവായതും മലമൂത്രവിസർജനാവയവങ്ങളുടെ സാമീപ്യവുമാണ് ഇതിനു പ്രധാന കാരണം. മലവിസർജനത്തിനുശേഷം കഴുമ്പോൾ കൈ പിന്നിൽ നിന്നു മുമ്പിലേക്കു കൊണ്ടു വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധവേണം. പിന്ന‍ിൽ നിന്നു മുമ്പിലേക്ക് വെള്ളമൊഴിച്ചു കഴുകുന്നതും അണുക്കൾ മൂ‍ത്രനാളിയിൽ പ്ര‍‍വേശിക്കാൻ കാരണമാകും പൊതുശൗച‍ാലയങ്ങൾ ഉപയോഗിക്കുമ്പോൾ അണുബാധയുണ്ടാകാൻ സാധ്യത കൂടുതലാണ്. ഒരിക്കൽ അണുബാധയുണ്ടായാൽ രോഗം പൂർണമായി മാറുന്നതുവരെ കൃത്യമായ അളവിൽ ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കണം. നിർദേശിക്കപ്പെട്ട കോഴ്സ് പൂർത്തിയാക്കാതിരുന്നാൽ കൂടുതൽ തീവ്രമായ അണുബാധകൾ (resistant infections) ഉണ്ടാകാം.

അടിക്കടി യൂറിനറി അണുബാധ വരുന്നവർ എപ്പോഴും ധാരാളം വെള്ളം കുട‍ിക്കണം. മാത്രമല്ല, മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കരുത്. പകൽ സമയത്തു നാലു മണിക്കൂർ കൂടുമ്പോൾ മൂത്രമൊഴിക്കണം. ഇറുകിയ അടിവസ്ത്രങ്ങൾ ഒഴിവാക്കണം. ലൈംഗികബന്ധത്തിനു മുമ്പും ശേഷവും മൂത്രമൊഴിക്കുന്നതും പ്രധാനമാണ്. അതുപോലെ ശീതളപാനീയങ്ങളുടെ ഉപയോഗവും കുറയ്ക്കണം.

ഡോ. എസ്. ശ്രീകല
ഗൈനക്കോളജിസ്റ്റ്
എസ്.യു.ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

ഗര്‍ഭകാലത്ത് ഭാര്യ ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിക്കുന്നത്

ഗര്‍ഭിണിയാകുന്നത് മിക്ക സ്ത്രീകളിലും സന്തോഷവും ആശങ്കയും ഒരു പോലെയുണ്ടാക്കുന്ന കാര്യമാണ്. വ്യക്തിത്വത്തിന്‍റ ഭാഗമായുള്ള പെരുമാറ്റങ്ങള്‍ക്ക് പുറമേ ഹോര്‍മോണുകളിലും മറ്റും വരുന്ന വ്യത്യാസങ്ങളിലൂടെ പ്രവചനാതീതമായിരിക്കും പലപ്പോഴും ഗര്‍ഭിണികളുടെ പെരുമാറ്റം.

ഈ സന്ദര്‍ഭത്തില്‍ സ്ത്രീയുടെ ആശങ്കയ്ക്കും ഉത്കണ്ഠക്കും പരിഹാരം കാണാന്‍ കഴിയുന്നത് ഭര്‍ത്താവിനാണ്. മികച്ച രീതിയില്‍ കൈകാര്യം ചെയ്താല്‍ ഗര്‍ഭാവസ്ഥയില്‍ ഭാര്യയ്ക്ക് താന്‍ സുരക്ഷിതയാണെന്ന തോന്നലുണ്ടാക്കാന്‍ ഭര്‍ത്താവിന് കഴിയും.

1. മനസ്സിലാക്കുക

ഭാര്യയുടെ മാനസിക അവസ്ഥയെയും ശാരീരിക അവസ്ഥയെയും മനസ്സിലാക്കി പെരുമാറുകയാണ് ഭര്‍ത്താവ് ആദ്യം ചെയ്യേണ്ടത്. ഇതുവരെ തനിക്കൊപ്പം ജീവിച്ചിരുന്ന സ്ത്രീ മാത്രമല്ല ഗര്‍ഭിണി ആകുമ്പോഴുള്ള ഭാര്യയെന്ന് മനസ്സിലാക്കണം. ഈ ഘട്ടത്തില്‍ പ്രത്യേക സ്നേഹവും പരിചണവും അവര്‍ ആഗ്രഹിക്കും. അത് മനസ്സിലാക്കി പെരുമാറുക. മുന്‍പ് ചെയ്തിരുന്ന കാര്യങ്ങള്‍ അതേ രീതിയില്‍ ചെയ്യാന്‍ അവര്‍ക്ക് സാധിച്ചെന്നു വരില്ല. ചെറിയ ജോലികളില്‍ പോലും അവര്‍ ക്ഷീണിതരായേക്കാം. ഇതെല്ലാം ഓര്‍ത്ത് അവരും വിഷമിച്ചേക്കാം. മാറ്റങ്ങളെല്ലാം അംഗീകരിച്ച് അവര്‍ക്ക് മാനസിക പിന്തുണ നല്‍കുക.

2. ചിന്തിക്കാതെ കാര്യങ്ങള്‍ പറയുന്ന അവസ്ഥ

ഈ അവസ്ഥയാണ് ഭര്‍ത്താവ് മനസ്സിലാക്കേണ്ട അടുത്ത പ്രധാനപ്പെട്ട കാര്യം. ഗര്‍ഭിണിയായ സ്ത്രീകളുടെ തലച്ചോറില്‍ ഗ്രേ മാറ്റര്‍ കുറവായിരിക്കും. ഇത് സ്വാഭാവികമായി ചിന്തിച്ച് സംസാരിക്കാനുള്ള സ്ത്രീകളുടെ ശേഷി കുറയ്ക്കും.അതിനാല്‍ത്തന്നെ അവരുടെ പല വാക്കുകളും നിങ്ങളെ വേദനിപ്പിച്ചേക്കാം. ഇതിന്‍റെ പേരില്‍ അവര്‍ക്ക് പിന്നീട് പശ്ചാത്താപമുണ്ടാകും. തങ്ങളുടെ എടുത്തുചാട്ടത്തോടെയുള്ള വര്‍ത്തമാനം ഗര്‍ഭാവസ്ഥയുടെ ഭാഗമാണെന്ന കാര്യം ഭര്‍ത്താവ് മനസ്സിലാക്കണമെന്ന് ഏത് ഭാര്യയും ആഗ്രഹിക്കും.

3. സ്നേഹം പ്രകടിപ്പിക്കുക

ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ തന്‍റെ ശരീര സൗന്ദര്യം നഷ്ടപ്പെടുന്നതിനെക്കുറിച്ചും തനിക്ക് ഒന്നും ചെയ്യാനാകാത്തതിനെ കുറിച്ചും ഓര്‍ത്ത് സ്ത്രീകളില്‍ ആശങ്ക ഉണ്ടാകുക സ്വാഭാവികമാണ്. ഇതുമൂലം ഭര്‍ത്താവിന് തങ്ങളോടുള്ള സ്നേഹം കുറയുമോ എന്നും അവര്‍ ആശങ്കപ്പെട്ടേക്കാം. ഇത് മനസ്സിലാക്കി അവരോടുള്ള സ്നേഹം പൂര്‍ണമായി പ്രകടിപ്പിക്കാന്‍ ശ്രദ്ധിക്കുക.

4. പ്ലാനിങ്

സാമ്പത്തിക അസ്ഥിരതയെക്കുറിച്ചുള്ള ആശങ്കയാണ് സ്ത്രീകള്‍ക്കുണ്ടാകുന്ന മറ്റൊരു പ്രശ്നം. ഇതാനായി പ്രസവകാലത്തേക്ക് ആവശ്യമുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചയ്യുക. പണം സ്വരുക്കൂട്ടുക. ഇതെല്ലാം സ്ത്രീകളുടെ ആശങ്ക കുറയ്ക്കാന്‍ സഹായിക്കും.

5. പ്രഥമ പരിഗണന ഭാര്യയ്ക്ക്

ആദ്യ പരിഗണന ഭാര്യയ്ക്ക് നല്‍കുന്നു എന്ന് അവരെ ബോധ്യപ്പെടുത്തുക. ഇതിനായി ജോലിത്തിരക്കിനിടയിലും ചില ഫോണ്‍ കോളുകള്‍ ആകാം. ഇടയ്ക്ക് ചെറിയ സമ്മാനങ്ങളും പൂക്കളും നല്‍കാം. ഇഷ്ടമുള്ള ഭക്ഷണം പാചകം ചെയ്തു കൊടുക്കാം.

6. ആരോഗ്യം ശ്രദ്ധിക്കുക

ആരോഗ്യകരമായി ഏറെ ശ്രദ്ധ വേണ്ട സമയമാണ് ഗര്‍ഭകാലം. ആവശ്യമായ ഭക്ഷണം സമയത്ത് വേണ്ട അളവില്‍ കഴിക്കാന്‍ അവര്‍ പലപ്പോഴും തയാറാകില്ല. അല്ലെങ്കില്‍ മറന്ന് പോയേക്കാം. ഇത് ഓര്‍മിപ്പിക്കുക. ഭക്ഷണം കഴിപ്പിക്കുക. ഇതെല്ലാം ഭര്‍ത്താവ് ചെയ്യണമെന്നും അവര്‍ ആഗ്രഹിക്കും.

ഗര്‍ഭധാരണ സാധ്യത വർധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍

ലോകത്തെ എട്ട് ദമ്പതികളില്‍ ഒരാള്‍ക്ക് എന്ന വീതം ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുള്ളതായാണ് കണക്ക്. ഭക്ഷണക്രമവും ജീവിത ശൈലിയിലെ പ്രശ്നങ്ങളുുമെല്ലാം പലപ്പോഴും ഗര്‍ഭധാരണത്തിനുള്ള ഈ ബുദ്ധിമുട്ടിന് കാരണമാണ്. നല്ല രീതിയുള്ള ഭക്ഷണക്രമം പിന്തുടര്‍ന്നാല്‍ ഇത്തരം പ്രശ്നങ്ങളുള്ള ദമ്പതികളില്‍ 70 ശതമാനത്തോളം പേര്‍ക്കും ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയും. ഓവുലേഷനും പ്രജനനപ്രക്രിയയും സാധാരണ ഗതിയിലാകാന്‍ ശരിയായ ഭക്ഷണക്രമം സഹായിക്കും. ഇതിനായി ഏറ്റവും മികച്ചതെന്ന് കരുതപ്പെടുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.

1. തിരഞ്ഞെടുത്ത കാര്‍ബോഹൈഡ്രേറ്റുകള്‍
ഗോതമ്പും പച്ചക്കറിയും പഴവർഗങ്ങളും എല്ലാം കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണമാണ്. അതുപോലെ തന്നെയാണ് ബര്‍ഗറും പഞ്ചസാരയും പൊട്ടറ്റോ ചിപ്സും. എന്നാല്‍ ഗോതമ്പും അരിയും പച്ചക്കറികളും എല്ലാം ഗര്‍ഭധാരണത്തെ സഹായിക്കുന്നവയാണ്. ഇവ പതുക്കെ ദഹിക്കുകയും ഇന്‍സുലിന്‍റെ ഉത്പാദനവും ശരീരത്തിലെ ഷുഗറിന്‍റെ അളവും തമ്മില്‍ ബാലന്‍സ് ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യും. അതേസമയം ബര്‍ഗറും പഞ്ചസാരയും പോലുള്ള പ്രോസസ്ഡ് ഭക്ഷണം ശരീരത്തില ഇന്‍സുലിന്‍റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നു. ഇത് ഓവുലേഷനെയും മാസമുറയെയും ബാധിക്കും.

2. പാലുല്‍പ്പന്നങ്ങള്‍
പാലുല്‍പ്പന്നങ്ങള്‍ പച്ചയ്ക്ക് കഴിക്കുന്നതാണ് ഉത്തമം. അത് പാലായും തൈരായും ചീസായും കഴിക്കാം. ഇവയിലെ എന്‍സൈമുകളും ഫാറ്റി ആസിഡും പ്രജനന പ്രക്രിയയെ സഹായിക്കും. ഗര്‍ഭധാരണത്തിനു മുന്‍പ് പാസ്ച്യുറൈസ് ചെയ്യാത്ത പാലും ശേഷം പാസ്ച്യുറൈസഡ് പാലും കഴിക്കുക.

3. ഇരുണ്ട ഇലകള്‍
ഫോളിക് ആസിഡിന്‍റെ സാന്നിധ്യം ഇവയിലുണ്ടാകും. ഇത് ഓവുലേഷന്‍ ട്യൂബിലെ ചെറിയ അപാകതകള്‍ പോലും പരിഹരിക്കാന്‍ സഹായകമാണ്. കൂടാതെ ആരോഗ്യം നിലനിര്‍ത്തുന്ന വിവിധ വിറ്റമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

4. പഴങ്ങള്‍
പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ആന്‍റ് ഓക്സിഡന്‍റ്സ് സെല്ലുകളുടെ തകരാറുകള്‍ കുറയ്ക്കുന്നു. പ്രത്യേകിച്ചും പ്രത്യുത്പാദന അവയവങ്ങളില്‍. ചെറിയും ആപ്പിളുമാണ് ഇതിന് ഏറ്റവും ഉത്തമമായ പഴങ്ങള്‍

5. മുട്ട
വിറ്റാമിനുകള്‍, പ്രോട്ടീൻസ്, കാല്‍സ്യം എന്നിങ്ങനെ ഗര്‍ഭധാരണ സമയത്തും ഗര്‍ഭം ധരിച്ച ശേഷവും ശരീരത്തിനാവശ്യമായ ഘടകങ്ങള്‍ എല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു.

6. നട്സ്
ഒമേഗ ത്രീ ഫാറ്റി ആസിഡ്സ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ കലവറയാണ് നട്സുകള്‍. ഇവ ഗര്‍ഭധാരണത്തിന് അത്യുത്തമമാണ്. പ്രത്യുത്പാദന പ്രക്രിയയ്ക്ക് കൂടുതല്‍ ക്ഷമത നല്‍കാന്‍ ഇവയ്ക്ക് കഴിയും.

7. മത്സ്യം, കടല്‍ വിഭവങ്ങള്‍
സാല്‍മണ്‍ പോലുള്ള മത്സ്യങ്ങളും കക്ക, കല്ലുമ്മക്കായ തുടങ്ങിയവയും പ്രത്യുത്പാദന ശേഷി വർധിക്കാന്‍ ഉത്തമമാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ്, സിങ്ക് തുടങ്ങിയവ പ്രത്യുൽപ്പാദന അവയവങ്ങളിലേക്കുള്ള രക്തമൊഴുക്ക് വർധിപ്പിക്കാന്‍ സഹായിക്കും.

ആര്‍ത്തവകാല ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ

ശാരീരികമായും മാനസികമായും ഏറെ വ്യത്യാസങ്ങള്‍ ഉണ്ടാകുന്ന ദിവസങ്ങളാണ് ആര്‍ത്തവ സമയം. ശരീര വേദനയും പെട്ടെന്ന് ദേഷ്യം വരുന്ന രീതിയും എല്ലാം ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ കാണാറുണ്ട്. ചിലര്‍ക്ക് വേദന കുറഞ്ഞ് ഏറെക്കുറെ സാധാരണ രീതിയിലും ഈ ദിവസങ്ങള്‍ കടന്നുപോകാറുണ്ട്. മറ്റു ചിലര്‍ക്ക് അതികഠിനമായ നടുവേദനയും മേല്‍വേദനയും അനുഭവപ്പെട്ടെന്നും വരാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ത്തവ കാലത്തെ ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകും ഒപ്പം ആരോഗ്യ പ്രശ്നങ്ങളും.

1. സുരക്ഷിതമല്ലാത്ത സെക്സ്

ആര്‍ത്തവ കാലത്ത് സെക്സ് താല്പ്പര്യപ്പെടുന്നവര്‍ വളരെ കുറവായിരിക്കും. അഥവാ ആര്‍ത്തവ സമയത്ത് സെക്സില്‍ ഏര്‍പ്പടേണ്ടി വന്നാല്‍ തന്നെ സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. ഇല്ലെങ്കില്‍ അലര്‍ജിയും മറ്റു പ്രശ്നങ്ങളും രണ്ടു പേര്‍ക്കും ഉണ്ടാകും.

2. ഭക്ഷണ ക്രമം

രക്തം ഏറെ നഷ്ടപ്പെടുന്ന സമയമാണ് ആര്‍ത്തവ കാലം. കൃത്യമായ രീതിയില്‍ ഭക്ഷണം ശ്രദ്ധിച്ചില്ലങ്കില്‍ ആരോഗ്യപ്രശ്നങ്ങള്‍ എന്നന്നേക്കുമായി നിങ്ങളുടെ കൂടെ കൂടും. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണം ആര്‍ത്തവത്തിന് ഒരാഴ്ച മുന്‍പെങ്കിലും കൃത്യമായ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. മത്സ്യം കഴിക്കുന്നത് ആരോഗ്യം ഏറ്റവും മികച്ച രീതിയില്‍ ഈ സമയത്ത് നിലനിര്‍ത്താന്‍ സഹായിക്കും.

3. ശാരീരിക അധ്വാനം

നടുവേദന, വയറുവേദന തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ ശാരീരിക അധ്വാനമുള്ള ജോലികള്‍ പരമാവധി ഒഴിവാക്കുക. ആര്‍ത്തവ സമയം ശരീരം ഏറെ ദുര്‍ബലമായിരിക്കുന്ന അവസ്ഥയാണ്. ഈ സമയത്ത് അധികം അധ്വാനം ചെയ്യുന്നത് ശരീരത്തിലെ ഈ ഭാഗങ്ങളിലെ വേദന സ്ഥിരമാകാന്‍ ഒരു പക്ഷേ കാരണമാകാം.

4. ഉറങ്ങാതിരിക്കുക

ഈ സമയത്ത് ഉറക്കം ഏറെ പ്രധാനമാണ്. ഉറക്കം കളഞ്ഞ് രാത്രിയില്‍ ഉണര്‍ന്നിരിക്കുന്നത് ശാരീരികമായ വലിയ ക്ഷീണത്തിന് കാരണമാകും. മാത്രമല്ല ആര്‍ത്തവ സമയത്ത് ശരീരത്തിലെ ഹോര്‍മോണുകളുടെ അളവില്‍ പലതരത്തിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്, ഇത് കൃത്യമായ രീതിയില്‍ നടക്കണമെങ്കില്‍ രാത്രി ഉറക്കം അനിവാര്യമാണ്.

5. അധികം തണുപ്പുള്ള വെള്ളം ,സോഡ

ഐസ് വാട്ടര്‍ ആര്‍ത്തവ സമയത്ത് ഒഴിവാക്കാം. തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് രക്തം പുറത്തേക്ക് പോകുന്ന വേഗത കുറയ്ക്കും. അതായത് ആര്‍ത്തവ സമയത്ത് രക്തസ്രാവം കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കാന്‍ ഇത് ഇടയാക്കും. സോഡ ഒഴിവാക്കുന്നതാണ് ഈ സമയത്ത് ആരോഗ്യത്തിന് നല്ലത്.

6. ഫാസ്റ്റ് ഫുഡ്

ആര്‍ത്തവ സമയത്ത് ഫാസ്റ്റ് ഫുഡ് അമിത അളവില്‍ കഴിക്കാതിരിക്കുക. പ്രത്യേകിച്ചും രാത്രി ഏറെ വൈകിയും മറ്റും കഴിക്കുന്നത് ഒഴിവാക്കുക. ഇല്ലെങ്കില്‍ ഈ ഭക്ഷണം വയറു കേടു വരുത്തിയേക്കാം.

ഗർഭിണികൾ ഇരട്ടിമധുരം കഴിച്ചാൽ?

അമ്മയാകാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്... ഗർഭകാലത്ത് കൂടിയ അളവിൽ ഇരട്ടിമധുരം കഴിക്കുന്നത് കുഞ്ഞിന്റെ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുമെന്നു പഠനം. ഫിൻലൻഡിലെ ഹെൽസിങ്കി സർവകലാശാലാഗവേഷകരാണ് പനം നടത്തിയത്.

378 യുവാക്കളെ 13 വർഷക്കാലം നിരീക്ഷിച്ചു. ഇവരുടെ അമ്മമാർ ഇവരെ ഗർഭം ധരിച്ച സമയത്ത് കൂടിയ അളവിൽ ഇരട്ടിമധുരം കഴിച്ചവരോ ഒട്ടും കഴിക്കാത്തവരോ ആയിരുന്നു. കൂടിയ അളവ് എന്നാൽ ആഴ്ചതോറും 500 മില്ലിഗ്രാം എന്നതും കുറഞ്ഞത് 249 മില്ലിഗ്രാം ഗ്ലൈസിറിസിൻ എന്നതുമാണ്. ഇരട്ടിമധുരത്തിൽ അടങ്ങിയ മധുരമാണ് ഗ്ലൈസിറിസിൻ. 500 മില്ലിഗ്രാം ഗ്ലൈസിറിസിൻ എന്നത് 250ഗ്രാം ഇരട്ടിമധുരത്തിനു തുല്യമാണ്.

ഗർഭസ്ഥശിശു ആയിരിക്കുമ്പോൾ ഇരട്ടിമധുരം കൂടിയ അളവിൽ ചെന്നവർ ബൗദ്ധിക പരീക്ഷകളിൽ മോശം പ്രകടനം കാഴ്ചവച്ചതായി കണ്ടു. ഓർമശക്തി അളക്കാനുള്ള പ്രവർത്തനങ്ങളിലും മോശം പ്രകടനം കാഴ്ചവച്ചതു കൂടാതെ എഡിഎച്ച്ഡി(Attention Deficit Hyperactive Disorder) പ്രശ്നങ്ങളും ഇവർക്ക് കൂടുതലാണെന്നു കണ്ടു. പെൺകുട്ടികൾ നേരത്തേ പ്രായപൂർത്തിയെത്തിയതായും ഫിൻലൻഡ് പഠനം തെളിയിക്കുന്നു.

ഇരട്ടിമധുരത്തിലടങ്ങിയ മധുരമായ ഗ്ലൈസിറിസിൻ അടങ്ങിയ ഉൽപ്പന്നങ്ങൾ ഗർഭിണികൾക്കും ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഹാനികരമാണെന്നും ഗർഭസ്ഥശിശുവിന്റെ വികാസത്തെ ബാധിക്കുന്നതായും അമേരിക്കൻ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

സ്ട്രസ്സ് ഹോർമോണായ കോർട്ടിസോളിനെ നിഷ്ക്രിയമാക്കുന്ന എൻസൈമിനെ ഗ്ലൈസിറിസിൻ തടയുന്നു. ഗർഭസ്ഥശിശുവിന്റെ വളർച്ചയ്ക്ക് കോർട്ടിസോൾ അത്യാവശ്യമാണ്. എന്നാൽ കൂടിയ അളവിൽ ഇത് ഹാനികരവുമാണ്.

ഗ്ലൈസിറിസിൻ മനുഷ്യരിൽ ഉയർന്ന രക്തസമ്മർദത്തിനും കുറഞ്ഞ ഗർഭകാലത്തിനും കാരണമാകുന്നുവെന്ന് മുൻപ് തെളിഞ്ഞിട്ടുണ്ട്. എന്നാൽ, ദീർഘകാലത്തേക്കു നീണ്ടുനിൽക്കുന്ന ഫലങ്ങൾ ഗർഭസ്ഥശിശുവിലുണ്ടാക്കുമെന്ന് മുൻപ് തെളിയിക്കപ്പെട്ടിരുന്നില്ല.

വന്ധ്യതയിൽ പ്രായം വില്ലനാകുമ്പോൾ

വന്ധ്യതയ്ക്കുള്ള വിവിധ കാരണങ്ങളിൽ പ്രാധാന്യമുള്ള ഒന്നാണു വർധിച്ചുവരുന്ന പ്രായം. ഗർഭനിരോധന ഉപാധികളുടെ ലഭ്യതയും അറിവും ഗർഭധാരണം നീട്ടിവയ്ക്കുന്നതിൽ വലിയപങ്കു വഹിക്കുന്നുണ്ട്. നമുക്കു നിയന്ത്രിക്കാൻ പറ്റാത്ത ഒരു ഘടകമാണ് പ്രായം. എല്ലാ സൗകര്യങ്ങളും ഒത്തുവന്നതിനുശേഷം മതി കുഞ്ഞുങ്ങൾ എന്നു വിചാരിക്കുന്നവരുണ്ട്. എന്നാൽ, അവർക്കു പ്രായം ഒരു തടസമായി മാറാം. അത്തരക്കാർ വൈകി മാത്രം വന്ധ്യതാ ചികിത്സയ്ക്കു തയാറാകുന്നതുകൊണ്ടു ഗർഭിണിയാകാനുള്ള സാധ്യതയും വളരെ കുറവായിരിക്കും.

അമ്മയാവാൻ പ്രായം?
ഒരു പെൺകുട്ടി ജനിക്കുമ്പോൾത്തന്നെ ആ കുട്ടിയുടെ അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ അളവു നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകും. ആ അണ്ഡങ്ങളുടെ എണ്ണം മാസമുറ തുടങ്ങുന്നതോടെ കുറഞ്ഞു കുറഞ്ഞു വരുന്നു. അതായതു പുതിയതായി അണ്ഡം ഉണ്ടാകുന്നില്ല. ഉള്ള അണ്ഡങ്ങളുടെ വളർച്ച മാത്രമേ നടക്കുന്നുള്ളൂ.

വന്ധ്യത:സംശയങ്ങൾ ചോദിക്കാം

15 വയസുമുതൽ അണ്ഡവളർച്ച ഉണ്ടാകുന്നു. അതു ക്രമത്തിലാക്കാൻ രണ്ടു മൂന്നു വർഷം എടുക്കും. അതിനുശേഷം 35 വയസുവരെ അധികം ക്രമം തെറ്റാതെ നടക്കുന്നു. ഈ 20 വർഷങ്ങളിലാണ് അണ്ഡവളർച്ച നല്ല രീതിയിൽ നടക്കുന്നത്. അതിനുശേഷം അണ്ഡവളർച്ചയുടെ തോതും അണ്ഡത്തിന്റെ ഗുണനിലവാരവും കുറഞ്ഞു തുടങ്ങുന്നു. അതുകൊണ്ട് അണ്ഡത്തിന്റെ ഗുണനിലവാരം ഏറ്റവും ഉയർന്നു നിൽക്കുന്ന 20 മുതൽ 25 വയസുവരെയുള്ള പ്രായത്തിലാണ് അമ്മയാവാൻ പറ്റിയ സമയം.

സ്വാഭാവികമായ ഗർഭധാരണം നടക്കാനുള്ള സാധ്യത 37 വയസിനു ശേഷം വളരെ കുറയുന്നു. അത് 5 ശതമാനത്തിലും താഴെയാണ്. വന്ധ്യതയ്ക്കു മറ്റു കാരണങ്ങൾ കൂടി ഉണ്ടെങ്കിൽ ഈ നിരക്ക് പിന്നെയും കുറയും.

പ്രായം കൂടിയാൽ
പ്രായം അധികമാവുമ്പോൾ അണ്ഡങ്ങളുടെ ഗുണനിലവാരം കുറയുകയും അതോടൊപ്പം ജനിതകപരമായ വ്യതിയാനങ്ങളുള്ള അണ്ഡം ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നു. ഈ അണ്ഡങ്ങൾ കൊണ്ടുണ്ടാകുന്ന ഭ്രൂണത്തിനു ജനിതകതകരാറുകൾ കൂടുതലായി കാണുന്നു.

ഇപ്രകാരം ഉണ്ടാകുന്ന ഗർഭം ആദ്യമാസങ്ങളിൽ അലസിപ്പോകാൻ സാധ്യതയുണ്ട്. ജനിക്കുന്ന കുട്ടിക്കു ഡൗൺ സിൻഡ്രോം പോലുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും അമ്മയുടെ പ്രായം കൂടുന്നതനുസരിച്ചു വർധിക്കുന്നു.

അച്ഛനാകാൻ
സാധാരണ രീതിയിൽ പുരുഷന്റെ പ്രായം വന്ധ്യതയുമായി അത്ര ബന്ധമില്ല എന്ന് പറയാറുണ്ട്. പക്ഷേ, ഇതു തെറ്റാണെന്നാണ് അടുത്തകാലത്തെ പഠനങ്ങൾ തെളിയിക്കുന്നത്. പുതിയ ജീവിതരീതിയും ഇതിനു കാരണമായിട്ടുണ്ടാകാം. 1970—കളിൽ 15 ശതമാനം ഭർത്താക്കന്മാരാണ് 40 വയസിനു മുകളിൽ പിതാവാകാൻ ശ്രമിച്ചിരുന്നത്. ഇപ്പോൾ അതിലേറെ പേർ40 വയസിനു ശേഷം പിതാവാകാൻ ശ്രമിക്കുന്നു.

40 വയസിനു മുകളിൽ പ്രായമുള്ള പുരുഷന്മാരുടെ ബീജത്തിന്റെ അളവും ഗുണനിലവാരവും ക്രമേണ കുറഞ്ഞു വരുന്നതായാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചില രോഗങ്ങൾ (ജനിതകപരമായ ചില അസുഖങ്ങൾ) 40 വയസിനു മുകളിൽ പ്രായമായ പുരുഷന്മാർക്കു പിറക്കുന്ന കുട്ടികളിൽ കാണാൻ സാധ്യത കൂടുതലാണ്. ഇക്കാരണങ്ങളാൽ ബീജദാനം ചെയ്യുന്ന ദാതാവിന്റെ പ്രായം 40 വയസാക്കി ക്രമീകരിച്ചിട്ടുണ്ട്.

പ്രായോഗികമായി പറയുകയാണെങ്കിൽ പിതൃത്വം കൈവരിക്കാൻ ഏറ്റവും ഉചിതമായ സമയം 40 വയസിൽ താഴെയാണ്. പ്രായം അധികമാകുമ്പോൾ ലൈംഗികബന്ധത്തിൽ താൽപര്യമില്ലാതാവുക, സ്ഖലനത്തിനുള്ള വ്യതിയാനങ്ങൾ എന്നിവ സാധാരണമാണ്.

അവയവങ്ങളിലെ മാറ്റം
സ്ത്രീകളിലെ പ്രത്യുൽപാദന അവയവങ്ങൾ ആണു ഗർഭാശയവും അണ്ഡാശയവും സ്വാഭാവികമായി പ്രായം കൂടുന്നതനുസരിച്ചു ഗർഭാശയത്തിൽ ചില വ്യതിയാനങ്ങൾ വരും. 20 ശതമാനം സ്ത്രീകൾക്കെങ്കിലും ഗർഭപാത്രത്തിൽ മുഴകൾ കാണുന്നു. ഗർഭപാത്രത്തിൽ കൂടിയുള്ള ബീജത്തിന്റെ ചലനവും ഭ്രൂണത്തിന്റെ ചലനവും ഗർഭപാത്രത്തിൽ ഭ്രൂണം ഒട്ടിപ്പിടിക്കുന്നതിനുള്ള സാധ്യതയും എല്ലാം ഈ മുഴകളുടെ സ്ഥാനത്തെ അനുസരിച്ചു തടസപ്പെടുന്നു.

പ്രായം കൂടുന്തോറും മുഴകൾ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. സാധാരണഗതിയിൽ ചെറിയ മുഴകൾ ഗർഭാശയത്തിൽ കാണാറുണ്ട്. വലിപ്പം കുറഞ്ഞ മുഴകൾ കുഴപ്പമില്ല. പക്ഷേ, അവയുടെ വലിപ്പം പ്രായം വർധിക്കുന്തോറും കൂടിക്കൂടി വരുന്നു.

അങ്ങനെ വരുമ്പോൾ അതു ബീജത്തിന്റെ സഞ്ചാരത്തെയും ഗർഭധാരണത്തെയും ഭ്രൂണം ഗർഭപാത്രത്തിൽ കൂടിച്ചേരാനുള്ള സാധ്യതയെയും കുറയ്ക്കുന്നു. തന്നെയുമല്ല മറ്റു ചില അസുഖങ്ങൾ അതിനോട് അനുബന്ധമായി ഉണ്ടാകാനുള്ള സാധ്യതയും വർധിക്കും.

അമിതവേദന
അതുപോലെ തന്നെയുള്ള മറ്റൊരു അസുഖമാണ് അഡിനോമയോസിസ്. ഈ അസുഖമുള്ളവർക്ക് മാസമുറയുടെ സമയത്ത് അതിതീവ്രവയറ്റുനോവ് അനുഭവപ്പെടും. സ്കാൻ ചെയ്യുമ്പോൾ ഗർഭപാത്രത്തിന്റെ ഭിത്തിയുടെ വലുപ്പം കൂടുതലായി കാണാൻ സാധിക്കും. ഈ രോഗമുള്ളവർക്കു ഗർഭധാരണം ബുദ്ധിമുട്ടുള്ളതായി കാണുന്നു.

ചികിത്സ തേടുമ്പോൾ
ചികിത്സാരീതി ഏതായാലും അതിൽ നിന്നുള്ള ഗുണം കൂടുതൽ ലഭിക്കുന്നതു പ്രായം കുറവുള്ള ദമ്പതികളിലാണ്. ആർത്തവവിരാമത്തിനുശേഷവും ഗർഭം ധരിക്കാനുള്ള ചികിത്സ ഇന്നു ലഭ്യമാണ്. എന്നിരുന്നാലും വിജയശതമാനം കൂടുതൽ ലഭിക്കുന്നതു ദമ്പതികളുടെ പ്രായം 35 വയസിൽ താഴെ നിൽക്കുമ്പോഴാണ് എന്നാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്.

പ്രായം: ഒറ്റനോട്ടത്തിൽ
∙ വന്ധ്യത എന്നത് ഒരു രോഗമല്ല, അത് ഒരു അവസ്ഥ മാത്രമാണ്. ശരിയായ ചികിത്സ കൊണ്ട് അതിൽ നിന്നു പ്രതിവിധി നേടാനാവും. 
∙ ഗർഭധാരണം നടന്നില്ലെങ്കിൽ അതിനുള്ള ചികിത്സ ദമ്പതികൾക്കാണ്. അല്ലാതെ അതു പുരുഷനോ, സ്ത്രീക്കോ മാത്രമായിട്ടല്ല ചെയ്യേണ്ടത്. 
∙ സ്ത്രീകൾ 35 വയസിനു ശേഷവും ഗർഭം ധരിച്ചില്ലെങ്കിൽ ഒരു വന്ധ്യതാ ചികിത്സാവിദഗ്ധനെ നേരിട്ടു കണ്ടു ചികിത്സിക്കണം. 
∙ 37 വയസിനു ശേഷം അണ്ഡങ്ങളുടെ ഗുണനിലവാരം താനേ കുറഞ്ഞു വരും. അതുകൊണ്ടു ഫലപ്രാപ്തിക്കുവേണ്ടി ചികിത്സ നേരത്തേ തന്നെ തുടങ്ങുക. 
∙ പ്രായം അധികമായാൽ കുട്ടികളുണ്ടാകാനുള്ള സാധ്യത കുറയുന്നുവെന്നു മാത്രമല്ല ,ജനിതകവൈകല്യമുള്ള കുട്ടികൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. 
∙ അണ്ഡദാനംവഴി സന്താനപ്രാപ്തി നേടാൻ പ്രായം ഒരു വലിയ പ്രശ്നമല്ല.

ആർത്തവചക്രത്തിൽ സ്ത്രീയിൽ സംഭവിക്കുന്നതെന്ത്? വിഡിയോ കാണാം

ഒരു ആർത്തവചക്രത്തിൽ നിന്നും അടുത്ത ആർത്തവചക്രത്തിലൂടെയുള്ള യാത്രയാണ് ഓരോ സ്ത്രീ ജീവിതവും. ഏകദേശം 12 മുതൽ 55 വയസ്സുവരെ നീളുന്ന യാത്ര. ഓരോ ദിവസവും അവൾ പോലുമറിയാതെ അവളുടെ ഉള്ളിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. എന്താണ് നമ്മുടെ ശരീരത്തിൽ സംഭവിക്കുന്നതെന്നറിയാൻ എല്ലാ സ്ത്രീകൾക്കും ആകാംക്ഷയുണ്ടാകും.

ആർത്തവസമയത്തുണ്ടാകുന്ന എല്ലാ ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്ക് ഉത്തരവാദികൾ ചില ഹോർമോണുകളാണ്. ഇവയുടെ ഏറ്റക്കുറച്ചിലുകളാണ് ഓരോ സ്ത്രീയുടെയും ദിനങ്ങളെ നിർണയിക്കുന്നത്. ആർത്തവത്തിന്റെയും ആർത്തവപൂർവ അസ്വസ്ഥതകളുടെയും ഫലമായി കടുത്ത വയറുവേദന, സ്തനങ്ങളിൽ കല്ലിപ്പും വേദനയും, തലവേദന, മുഖക്കുരു തുടങ്ങിയവ ഉണ്ടാകാം.

ഒരു സ്ത്രീയുടെ വികാരങ്ങളുടെ കയറ്റിറക്കങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നത് ആർത്തവചക്രമാണ്. ഈസ്ട്രജൻ, പ്രൊജസ്ട്രോൺ, ടെസ്റ്റ്സ്റ്റിറോൺ എന്നീ ഹോർമോണുകളുടെ വ്യതിയാനമാണ് ഇതിനു കാരണം. ആർത്തവചക്രം ഒരു സ്ത്രീയിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുന്നതെന്ന് അറിയണോ?

ആർത്തവത്തിന്റെ ആദ്യരണ്ടു ദിവസം ഈസ്ട്രജന്റെ അളവു കുറവായിരിക്കും. അത് നിങ്ങളിൽ ക്ഷീണമുണ്ടാക്കും. മിക്ക സ്ത്രീകൾക്കും ഈ സമയത്ത് വയറിനു വേദനയുമുണ്ടാകും. ഈ ദിവസങ്ങളിൽ ലളിതമായ വ്യായാമം ചെയ്യുന്നത് നല്ലതാണ്. അത് ഇടവിട്ടുള്ള വേദന കുറയ്ക്കുന്നു.

മൂന്നു മുതൽ അഞ്ചു ദിവസം ആകുമ്പോഴേക്കും ആർത്തവം ഏതാണ്ട് അവസാനിച്ചിരിക്കും. ഈസ്ട്രജന്റെ അളവു കൂടുന്നു. ഈ സമയത്ത് ചർമം കൂടുതൽ സുന്ദരമാകുന്നു. മുമ്പുള്ളതിലുമധികം ഊർജ്ജവും നിങ്ങൾക്ക് അനുഭവപ്പെടുന്നു.

ആറു മുതൽ ഒൻപതാം ദിവസം വരെ ഈസ്ട്രജന്റെ അളവ് പാരമ്യത്തിലെത്തുന്നു. നിങ്ങളുടെ മുഖം കൂടുതൽ സിമട്രിക്കലാകുന്നു. ചർമം തിളങ്ങുന്നു. ടെസ്റ്റോസ്റ്റിറോൺ നിലയും കൂടുന്നു.

പത്താം ദിനം മുതൽ 13–ാം ദിനം വരെ വളരെയധികം ശുഭാപ്തിവിശ്വാസമുള്ളവരും സാമൂഹികമായ ഇടപെടലുകൾ നടത്തുന്നവരുമാകുന്നു. ഈ സമയത്ത് ഈസ്ട്രജൻ നില ഉയരുന്നു.

14–ാമത്തെ ദിവസം ഓവുലേഷൻ അണ്ഡാശയം അണ്ഡം വിസർജിക്കുന്നു.

15 മുതൽ 18–ാം ദിവസം വരെ പെട്ടെന്നു ഹോർമോൺ വ്യതിയാനം ഉണ്ടാകുന്നു. ക്ഷീണം കൂടുന്നു. വികാരങ്ങളുടെ വേലിയേറ്റ സമയം.

23 മുതൽ 25–ാം ദിവസം വരെ പ്രൊജസ്ട്രോൺ നില ഉയരുന്നു. ഈ സമയത്ത് ഒന്നും ചെയ്യാൻ തോന്നില്ല. ആർത്തവപൂർവ അസ്വസ്ഥതകളെ മറികടക്കുന്നു.

26 മുതൽ 28 ദിവസം വരെയുള്ള ദിനങ്ങളിൽ വ്യായാമം ചെയ്യുക. ശരീരത്തിൽ‌ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക. കഫീന്റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക. കാരണം എന്തെന്നോ... വീണ്ടും ഒന്നു മുതൽ തുടങ്ങുകയായി. നിഗൂഢമായ, സുന്ദരമായ സ്ത്രീ ജീവിതം തുടരുകയായി...

ആയുസ്സു കൂട്ടണോ? ശുഭാപ്തിവിശ്വാസം ശീലമാക്കൂ

ജീവിതത്തെ പ്രസാദാത്മതയോടെ സമീപിക്കുന്ന സ്ത്രീയാണോ നിങ്ങൾ? എങ്കിൽ മറ്റുള്ളവരെക്കാൾ കൂടുതൽ കാലം നിങ്ങൾ ജീവിച്ചിരിക്കും.‌

ശുഭാപ്തി വിശ്വാസം സ്ത്രീകൾക്ക് ദീർഘായുസ് നൽകുമെന്നു പറയുന്നത് ഹാർവാർഡ് സർവകലാശാല ഗവേഷകരാണ്. എഴുപതിനായിരത്തോളം സ്ത്രീകളിൽ എട്ടുവർഷം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ശുഭാപ്തിവിശ്വാസം കുറഞ്ഞവരെ അപേക്ഷിച്ച് അർബുദം, ഹൃദ്രോഗം, പക്ഷാഘാതം, ശ്വസനസംബന്ധമായ രോഗങ്ങള്‍ ഇവ മൂലം മരിക്കാനുള്ള സാധ്യത ശുഭാപ്തി വിശ്വാസമുള്ള സ്ത്രീകൾക്ക് കുറവാണെന്നു പഠനത്തിൽ തെളിഞ്ഞു.

ശുഭാപ്തി വിശ്വാസം ഉള്ളവര്‍ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, സുഖകരമായ ഉറക്കം മുതലായ ആരോഗ്യശീലങ്ങൾ പിന്തുടരുന്നതുകൊണ്ട് മരണസാധ്യതയും കുറയുന്നുവെന്ന് ഗവേഷകനായ കെയ്റ്റ്ലിൻ ഹഗാൻ പറയുന്നു.

1976 ൽ നടത്തിയ നഴ്സസ് ഹെല്‍ത്ത് സ്റ്റഡിയിലെ വിവരങ്ങൾ ഹഗാനും കൂട്ടരും പരിശോധിച്ചു. അന്ന് 30 മുതല്‍ 55 വയസു വരെ പ്രായമുള്ള സ്ത്രീകളിലായിരുന്നു പഠനം. ശാരീരികവും മാനസികവുമായ കാര്യങ്ങളും ആരോഗ്യം, ഭക്ഷണം, വ്യായാമം, പുകവലി, മദ്യപാനം തുടങ്ങിയവയും ഒരു സർവേയിലൂടെ മനസിലാക്കി.

2004 ല്‍ ഇതേ സർവേയിൽ ശുഭാപ്തി വിശ്വാസത്തെക്കുറിച്ച് ഒരു ചോദ്യം കൂടി ഉൾപ്പെടുത്തി 2004 മുതൽ 2012 വരെ പഠനം തുടർന്നു. ശുഭാപ്തി വിശ്വാസം തീരെയില്ലാത്ത‌വർ മുതല്‍ ശുഭാപ്തിവിശ്വാസം ഏറ്റവും കൂടുതലുള്ളവർ എന്ന ഗണത്തിൽ പഠനത്തിൽ പങ്കെടുത്തവരെ നാലു ഗ്രൂപ്പുകളായി തിരിച്ചു

ശുഭാപ്തി വിശ്വാസം (optimism) ഏറ്റവും കൂടുതൽ ഉള്ളവർക്ക് ഒട്ടും ഇല്ലാത്തവരെ അപേക്ഷിച്ച് വിവിധ കാരണങ്ങൾ കൊണ്ടുള്ള മരണത്തിനുള്ള സാധ്യത 29% കുറവാണെന്നു കണ്ടു അർബുദസാധ്യത 16 ശതമാനവും ഹൃദ്രോഗവും ശ്വസനപ്രശ്നങ്ങളും മൂലമുള്ള മരണത്തിനുള്ള സാധ്യത 38 ശതമാനവും പക്ഷാഘാതത്തിനുള്ള സാധ്യത 39 ശതമാനവും അണുബാധ മൂലമുള്ള മരണത്തിനുള്ള സാധ്യത 52 ശതമാനവും കുറവാണെന്നു കണ്ടു.

രോഗങ്ങൾ വരാനുള്ള കാരണം നെഗറ്റീവ് ചിന്തകൾ അല്ലെന്നും ഒരാളുടെ മാനസികാവസ്ഥ (mindest) ഒരു ഘടകമാണെന്നും ഈ പഠനം അവഗണിക്കാവുന്നതല്ലെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.‌

സുഹൃത്തുക്കളുമായി ഇടപെടുക, ശുഭ പ്രതീക്ഷ നല്കുന്നതും നല്ല സന്ദേശങ്ങൾ ഉള്ളതുമായ ചലച്ചിത്രങ്ങൾ കാണുക, ഒരു കൗണ്‍സിലറുടെ സഹായം തേടുക തുടങ്ങി നിരവധി മാർഗങ്ങളിലൂടെ ശുഭാപ്തി ഉള്ളവരായി മാറാൻ കഴിയുമെന്ന് അമേരിക്കൻ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരീച്ച ഈ പഠനം പറയുന്നു.‌

കുഞ്ഞ്... ഉടനെ വേണോ? വേണ്ടയോ? ഇനി തീരുമാനിച്ചോളൂ

മുൻപൊക്കെ കാലമെത്തിയിട്ടും ഗർഭം ധരിക്കാതെ വന്നാൽ സ്ത്രീക്കു നേരെ സമൂഹം പുരികം ചുളിച്ചിരുന്നു. ഇന്ന് ആ കാഴ്ചപ്പാട് പാടേ മാറി വന്ധ്യതയെ സ്ത്രീയും പുരുഷനും ഒരുപോലെ കാണുകയും ചികിത്സയ്ക്കൊരുങ്ങുകയും ചെയ്യുന്നു. പത്തുവർഷം മുമ്പ് വെറും പത്തു ശതമാനമായിരുന്നു കേരളത്തിലെ വന്ധ്യതാനിരക്ക്. ഇപ്പോൾ അത് 20 ശതമാനമാണ്. മുൻകാലങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ചികിത്സയ്ക്കെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ മുമ്പത്തെക്കാൾ വർധനവുണ്ട്.

വന്ധ്യതയ്ക്കു പിന്നിലെ കാരണങ്ങൾ?

സ്ത്രീവന്ധ്യതയ്ക്കു പിന്നിൽ രോഗാവസ്ഥകൾ മാത്രമാണു കാരണമെന്നു പറയാനാകില്ല. രോഗാവസ്ഥകളെക്കാൾ ഇന്നു മുന്നിട്ടു നിൽക്കുന്നത് ഗൗരവകരമായ നിരവധി സാമൂഹ്യകാരണങ്ങളാണ്. അതായത് വന്ധ്യത എന്ന നിർഭാഗ്യവഴിയിലൂടെ ചില യുവതികളെങ്കിലും മനപൂർവം നടക്കുന്നു എന്നു ചുരുക്കം.

തിരയുന്നു പങ്കാളിയെ
നല്ല വിദ്യാഭ്യാസം, തുടർന്ന് നല്ല ജോലി. പെൺകുട്ടികളുടെ സ്വപ്നങ്ങൾ ഇങ്ങനെയൊക്കെയാണ്. വിവാഹത്തിനു മൂന്നാംസ്ഥാനമേ അവർ നൽകുന്നുള്ളൂ. കൂടുതൽ ജോലി ചെയ്താൽ കൈ നിറയെ ശമ്പളം. ജോലിയിലും ടാർഗറ്റുകളിലും കുരുങ്ങിക്കിടക്കുകയാണവരുടെ ജീവിതം. മുപ്പതിലേക്കു കടക്കുമ്പോഴും വിവാഹത്തിനു സമയമായില്ല, പങ്കാളിയെ കാത്തിരിക്കുകയാണ്... എന്നാണ് ഇവരുടെ ന്യായീകരണം. മുപ്പതുകളുടെ ആദ്യമെത്തുമ്പോഴാകും വിവാഹം. മിക്കവാറും രണ്ടു പേരും രണ്ടു ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവരാകും. രണ്ടു രാജ്യങ്ങളിൽ പോലുമാകാം ജീവിതം. അപൂർവമായി കൂടിക്കാഴ്ചകൾ. വർഷത്തിൽ ഒരു മാസം അല്ലെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ. ദമ്പതികൾ ഒരുമിക്കുന്ന സമയം വളരെ വിരളം. ജോലിയുടെ ക്ഷീണം ലൈംഗികതയെയും ബാധിക്കുന്നു. ലൈംഗികത സമയബന്ധിതമാകുന്നു. ഉടനെ കുഞ്ഞ് വേണ്ട എന്നതാകും ഇവരുടെ തീരുമാനം. ഇത്തരം തീരുമാനങ്ങൾക്കിടെ സ്ത്രീയുടെ പ്രായം മുപ്പതിനു മുകളിലാകുന്നു. അവർ വന്ധ്യതാപ്രശ്നങ്ങളിലേയ്ക്കു മെല്ലെ നടന്നടുക്കുകയായി.

കുഞ്ഞ്... ഉടനെ വേണ്ട
കുഞ്ഞുണ്ടാകുന്നതിനെക്കാൾ പ്രാധാന്യം ഞാൻ നൽകുന്നതു എന്റെ പ്രോജക്റ്റിനാണ്. ഐടി യുവത്വത്തിന്റെ കഥ പറഞ്ഞ ഋതു എന്ന സിനിമയിൽ ഐടി പ്രോജക്റ്റ് കോ ഓർഡിനേറ്റർ ആയ സ്ത്രീ കഥാപാത്രത്തിന്റെ വാക്കുകളാണിത്. ഇന്നത്തെ മിക്ക പ്രഫഷണൽ പെൺകുട്ടികളുടെയും വാക്കുകളാണ് അവരുടേത്. നേരത്തേ വിവാഹിതരാകുന്ന പ്രൊഫഷണൽ പെൺകുട്ടികളിലും പ്രശ്നങ്ങളുണ്ട്. സാമ്പത്തികമായി സുരക്ഷിതരാകാനും വീടു സ്വന്തമാക്കാനുമെല്ലാമുള്ള നെട്ടോട്ടത്തിനിടയിൽ അവർ കുഞ്ഞ് ഉടനെ വേണ്ട എന്നു തീരുമാനിക്കുന്നു. 32—ാം വയസിൽ വിവാഹം കഴിച്ച് മൂന്നുവർഷം കഴിഞ്ഞു മതി കുഞ്ഞ് എന്ന തീരുമാനത്തിലെത്തുമ്പോൾ അവരറിയാതെ വന്ധ്യത എന്ന പ്രതിസന്ധി ഉടലെടുക്കുകയായി.

താളം തെറ്റുന്നു
രാത്രികളിൽ തുടരെ മണിക്കൂറുകളോളം ജോലി ചെയ്യുന്ന പെൺകുട്ടികളുടെ ശരീരത്തിലെ ജൈവചക്രത്തിനു താളം തെറ്റുന്നു. ഇതേത്തുടർന്ന് ഹോർമോൺ അസംതുലിതാവസ്ഥ ഉണ്ടാകുന്നു. അങ്ങനെ ആർത്തവചക്രത്തിനും അണ്ഡവിസർജനത്തിനും ക്രമം തെറ്റുന്നു. വന്ധ്യതയിലേക്കുള്ള ഒരു പ്രധാന വഴിയാണിത്.

ബീജബാങ്കുകളുടെ കാലം
ലൈംഗികബന്ധത്തിനു സമയമില്ലാത്തതിനാൽ തന്റെ ബീജങ്ങൾ ബീജബാങ്കിലേൽപ്പിച്ചിരിക്കുകയാണ് ഒരു ഐടി പ്രൊഫഷണൽ. കുഞ്ഞുങ്ങളുണ്ടാകാനുള്ള അദ്ദേഹത്തിന്റെ പദ്ധതി ഇങ്ങനെയാണ്. ഭാര്യയുടെ ഒവുലേഷൻ സമയത്ത് ബീജങ്ങൾ ഐയുഐഎന്ന കൃത്രിമഗർഭധാരണരീതിയിലൂടെ (ഇൻട്രാ യൂട്രിൻ സെമിനേഷൻ) ഗർഭപാത്രത്തിൽ പ്രവേശിപ്പിക്കുക. ഇത്തരമൊരു പ്രവണത വ്യാപകമായാൽ എന്തായിരിക്കും സ്ഥിതി? ഓവുലേഷൻ അഥവാ അണ്ഡവിസർജനം ഓരോ സ്ത്രീയിലും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും പ്രകടമാകുന്നത്. ഈ രീതി പൂർണഫലപ്രാപ്തിയിലെത്തും എന്നു പറയാനാകില്ല. ഫലമോ അമ്മയാകാനുള്ള മോഹത്തിലേക്കു ദൂരമേറുന്നു. പങ്കാളിയുടെ അണ്ഡവിസർജന സമയത്തു മാത്രം ലൈംഗികതയ്ക്കു സമയം കണ്ടെത്തുന്ന യുവാക്കളുണ്ട്. ഗർഭംസംബന്ധിച്ച ആശങ്കകൾ മൂലം ഫലപ്രദമായ ലൈംഗികത സാധ്യമാകാതെ പോകുന്നു.

തകരുന്ന മൂല്യങ്ങൾ
പുതിയ സംസ്കാരത്തിലേയ്ക്കു ചേക്കേറിയ പെൺകുട്ടികളിൽ ഒരു നല്ല ശതമാനത്തിനും വിവാഹപൂർവ ലൈംഗികത പുതുമയല്ല എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. പ്രോജക്റ്റ് പാർട്ടികൾക്കായി നഗരത്തിലെ ചില ഇടങ്ങളിൽ പുതിയ കൂട്ടുകാർക്കൊപ്പം രാത്രി പങ്കിടുന്ന പെൺകുട്ടികളും വിരളമല്ല. അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ഐടി പ്രഫഷണൽ പെൺകുട്ടികൾ മാത്രമാണ് ഇത്തരം ജീവിതം നയിക്കുന്നത് എന്നു പറയാനാകില്ല. നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലുമുണ്ടാകാം ഇത്തരം ഉദാഹരണങ്ങൾ.

നോ പ്രോബ്ലം
ഒരു ചവറ്റുകുട്ട നിറയെ ഉപയോഗിച്ച ഗർഭനിരോധനോപാധികൾ— കേരളത്തിനു പുറത്ത് ഒരു പ്രമുഖ ഐടി കേന്ദ്രത്തിന്റെ പരിസരത്തു കണ്ട കാഴ്ചയാണ്. ഗർഭനിരോധന ഉറകളുടേയും ഗർഭനിരോധന ഗുളികകളുടെയും ഉപയോഗം നമ്മുടെ കൗമാരക്കാരുടെ ഇടയിലും സുപരിചിതമാകുകയാണ്. വിവാഹപൂർവ ലൈംഗികത, ധാരാളം പങ്കാളികൾ, വിവാഹേതരബന്ധങ്ങൾ, ഗർഭമലസിപ്പിക്കലുകൾ, ലൈംഗികശുചിത്വക്കുറവ് ഇവയെല്ലാം സ്ത്രീയുടെ പ്രത്യുത്പാദന അവയവങ്ങളിൽ അണുബാധ (പെൽവിക് ഇൻഫക്ഷൻ)യുണ്ടാക്കും. ഇങ്ങനെ അണുബാധയുണ്ടാകുന്നതു ഭാവിയിൽ വന്ധ്യതാകാരണമാകാം. പുതിയ തലമുറയിലെ ചില പെൺകുട്ടികളെങ്കിലും ലൈംഗിക വൈകൃതങ്ങളോടും താത്പര്യം പുലർത്തുന്നവരാണ്. അസ്വാഭാവിക ലൈംഗിക വൈകൃതമാർഗങ്ങൾ അവരുടെ പ്രത്യുൽപാദന വ്യവസ്ഥയിൽ തകരാറുണ്ടാക്കാം.

പുകവിലയും മദ്യവും
നമ്മുടെ മെട്രോനഗരങ്ങളിൽ മദ്യത്തിനൊപ്പം പുകവലിയും ഹരമാക്കിയ യുവതികളുണ്ട്. ഈ ശീലങ്ങൾ സ്ത്രീയുടെ അണ്ഡാശയത്തിലെ രക്തപ്രവാഹം കുറയാനിടയാക്കും. മാത്രമല്ല, ജനിതകവ്യതിയാനത്തിനും അസ്വാഭാവികരൂപഘടനയുള്ള കുട്ടികൾ ജനിക്കാനും കാരണമാകും.

വന്ധ്യത എന്ന ആശങ്ക
വന്ധ്യതാനിരക്ക് ഉയരുന്നു എന്നു പറയുന്നതിനു പിന്നിൽ കുറച്ചെങ്കിലും ആശങ്കയുടെ നിരക്കുമുണ്ട്. നേരായ വിധത്തിൽ ലൈംഗികബന്ധം പുലർത്താതിരുന്നിട്ടു വന്ധ്യതയാണെന്നു പറയുന്ന ന്യൂനപക്ഷമുണ്ട്. ലൈംഗികതയെക്കുറിച്ചുള്ള ഭയവും ആശങ്കകളുമാകാം ഇവിടെ തടസമാകുന്നത്. മാനസികഐക്യവും പരസ്പരമുള്ള മനസിലാക്കലും ഈ പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കും.

ഇതിന് അനുബന്ധമായി പറയാവുന്ന ഒരു ഉദാഹരണമുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ പെൺകുട്ടികളെ വിവാഹം ചെയ്തയയ്ക്കുന്ന ഒരു സമുദായത്തിൽ നിന്നുള്ള ദമ്പതികൾ. 19—ാം വയസിലാണ് ആ പെൺകുട്ടി വിവാഹിതയായത്. മൂന്നുമാസം കഴിഞ്ഞപ്പോൾ ഭർത്താവ് ഭാര്യയെയും കൂട്ടി ഗൈനക്കോളജിസ്റ്റിനെ കാണാനെത്തി. ഭാര്യ ഗർഭിണിയാകുന്നില്ല എന്നതാണു സങ്കടം. ഇത്തരം ആശങ്കകളും കാണാം.

അണ്ഡവിസർജനം
28 ദിവസം ആർത്തവചക്രമുള്ള 95 ശതമാനത്തോളം സ്ത്രീകളിലും ആർത്തവം തുടങ്ങി 12 മുതൽ 15 ദിവസത്തിനിടയിലായിരിക്കും അണ്ഡവിസർജനം നടക്കുന്നത്. ഒരു സ്ത്രീയുടെ ജീവിതകാലത്ത് 500 പ്രാവശ്യമാണ് അണ്ഡവിസർജനം നടക്കുന്നത്. ഇങ്ങനെ ഓരോ തവണയും പുറത്തു വരുന്ന അണ്ഡത്തിന്റെ ആയുസ് 12 മുതൽ 24 മണിക്കൂറാണ്. ചില സ്ത്രീകളിൽ ആർത്തവചക്രം 35 ദിവസമായിരിക്കാം. അവരിൽ അണ്ഡവിസർജന തീയതി വ്യത്യാസപ്പെടും. അതുകൊണ്ടു തന്നെ അണ്ഡവിസർജനദിനങ്ങൾ നോക്കി കൃത്യമായി ബന്ധപ്പെടൽ എപ്പോഴും പ്രായോഗികമല്ല.

കുഞ്ഞുവേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികൾ ആർത്തവം അവസാനിക്കുന്ന ദിവസം മുതൽ അടുത്ത ആർത്തവംവരെയുള്ള ദിവസങ്ങളിൽ തുടരെ ബന്ധപ്പെടേണ്ടതാണ്. അതിനു സാധിക്കുന്നില്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ബന്ധപ്പെടണം. ഓവുലേഷൻ കിറ്റ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ അണ്ഡവിസർജനതീയതി കൃത്യമായി മനസിലാക്കാമെന്നു ചിലരെങ്കിലും കരുതുന്നുണ്ട്. എന്നാൽ ഈ കിറ്റ് അത്ര പ്രയോജനപ്രദമാണെന്നു തെളിഞ്ഞില്ല.

സിസേറിയൻ മനുഷ്യ പരിണാമത്തെ ബാധിക്കുമോ?

സിസേറിയൻ ശാസ്ത്രക്രിയയിലൂടെയുള്ള പ്രസവം ഇന്ന് സാധാരണമായിരിക്കുന്നു. 1960ല്‍ ആയിരത്തിൽ 30 സിസേറിയന്‍ ആയിരുന്നെങ്കിൽ ഇന്നത് 1036 എന്ന കണക്കില്‍ എത്തി നിൽക്കുന്നു.

സിസേറിയൻ വഴിയുള്ള ശിശു ജനനങ്ങൾ മനുഷ്യ പരിണാമത്തെതന്നെ ബാധിക്കുന്നതായി ഗവേഷകർ. വീതി കുറഞ്ഞ വസ്തിപ്രദേശം (pelvis) ഉള്ളതുമൂലം സാധാരണ പ്രസവം സാധ്യമാകാതെ വരുന്ന അവസരത്തിലാണ് സിസേറിയൻ വഴി കുഞ്ഞിനെ പുറത്തെടുക്കുന്നത്. ഇന്ന് ഈ അവസ്ഥമൂലം സിസേറിയന്‍ വേണ്ടിവരുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്.

100 വര്‍ഷം മുൻപ് ഇതായിരുന്നില്ല അവസ്ഥ. വീതികുറഞ്ഞ വസ്തിയുള്ള സ്ത്രീകൾ പ്രസവത്തോടെ മരിക്കുന്ന സ്ഥിതിയായിരുന്നു. അമ്മയും കുഞ്ഞും പ്രസവത്തോടെ മരിക്കുമ്പോൾ‌ ജനിതക കൈമാറ്റം നടക്കില്ല. അതുകൊണ്ടു തന്നെ വീതികുറഞ്ഞ വസ്തിയുള്ള അമ്മമാരുടെ ജനിതക വൈകല്യം അവരുടെ പെൺകുഞ്ഞുങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നില്ല..

ഇന്ന് സിസേറിയൻ വഴി കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ ഈ ജനിതക വൈകല്യം അടുത്ത തലമുറയിലേക്കും പകരുകയാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും മനുഷ്യന്റെ വസ്തിപ്രദേശം വീതികൂടാത്തതെന്ത് എന്നത് പരിണാമ പ്രക്രിയയിലെ ഒരു ചോദ്യം തന്നെയാണെന്ന് ഗവേഷകർ.

മറ്റ് പ്രൈമേറ്റുകളുടെ പ്രത്യേകിച്ചും എളുപ്പത്തിൽ കുഞ്ഞിനു ജന്മം നല്കുന്ന ചിമ്പാൻസികളെ പോലുള്ള മൃഗങ്ങളെ അപേക്ഷച്ച് മനുഷ്യ ശിശുവന്റെ തല വലുതാണ്. വലുപ്പം കൂടിയ നവജാത ശിശുക്കൾ ഉണ്ടാകുന്നുണ്ടെങ്കിലും അവർ കൂടുതൽ ആരോഗ്യമുള്ളവരാണെന്നും പഠനം പറയുന്നു. വലുപ്പം കൂടുമ്പോൾ സ്വാഭാവികമായും പ്രസവം ദുഷ്കരമാക്കുകയും അമ്മയ്ക്കും കുഞ്ഞിനും ദോഷകമരയി തീരുകയും ചെയ്യും.

ലോകാരോഗ്യ സംഘടനയിൽ നിന്നും ബൃഹത്തായ ജനനപഠനങ്ങളിൽ നിന്നും ഉള്ള വിവരങ്ങൾ ഉപയോഗിച്ച് ഗവേഷകര്‍ പഠനത്തിനായി ഒരു ഗണിതശാസ്ത്ര മാതൃക ഉണ്ടാക്കി. ആസ്ട്രേലിയയിലെ വിയന്നർ സർലകലാശയിലെ ഡോ. ഫിലിപ്പ് മിറ്റെറോക്കാരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

സ്തനവലുപ്പം കുറയ്ക്കാൻ ചെയ്യേണ്ടത്?

വലിയ മാറിടങ്ങൾ സ്ത്രീസൗന്ദര്യത്തിന്റെ ലക്ഷണമായാണ് കരുതുന്നത്. എ‌‌ന്നാൽ അവ ചിലപ്പോൾ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കാറുണ്ട്. അമിതമായ മാറിടവളർ‌ച്ച മാക്രോമാസ്റ്റീയ അഥവാ ജൈജാന്റോ മാസ്റ്റീയ എന്നറിയപ്പെടുന്നു. പ്രധാനമായും രണ്ട് പ്രായക്കാരിലാണ് ഈ പ്രശ്നം കൂടുതൽ കാണുന്നത്. കൗമാരക്കാരിലും പ്രസവം കഴിഞ്ഞ സ്ത്രീകളിലും. കൗമാരക്കാരിൽ പാൽ ഗ്രന്ഥികളുടെ അ‌മിതവളർച്ചയാണ് സ്തനവലുപ്പം കൂട്ടുന്നത്. ഇവരിലെ സ്തനവളർച്ച പാരമ്പര്യ ‌സ്വാധീനം മൂലമോ ഹോർമോൺ തകരാറുകൾ കൊണ്ടോ ആണ് വരാറ്. മറ്റു ‌പ്രായക്കാരിൽ അമിതമായി കൊഴുപ്പടിയുന്നതാണ് പ്രശ്നം.

അമിതവണ്ണത്തോടനുബന്ധിച്ചും ഈ പ്രശ്നം കാണാറുണ്ട്. ശരീരത്തിന് ആനുപാതികമല്ലാത്ത രീതിയിൽ സ്തനവളർച്ചയുണ്ടാകുമ്പോഴാണ് അമിത സ്തനവളർച്ച എന്നു പറയുന്നത്. 300–600 ഗ്രാമാണ് ശരാശരി സ്തന‌ഭാരമെന്നു പറ‌യാറുണ്ട്. പക്ഷേ, ഓരോരുത്തരുടെയും ശരീരപ്രകൃതിയും ഭാരവും അനുസരിച്ച് ഇതു വ്യത്യാസപ്പെടാറുണ്ട്. അമിതസ്തനവളർച്ചയുടെ കാര്യത്തില്‍ ഒരു പ്ലാസ്റ്റിക് സർജന്റെ അഭിപ്രായമാകും അവസാനവാക്ക്.

തിരിച്ചറിയാൻ

സ്തനവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ അമിതവളർച്ചയുടെ മുന്നറിയിപ്പുകളാകാം. മുലക്കണ്ണും ചുറ്റുമുള്ള ഭാഗവും (ഏരിയോള) താ‌‌‌‌ഴേക്കു തൂ‌ങ്ങുക, നെഞ്ചിൽ കനം തോന്നുക, മാറിടങ്ങളുടെ താഴ്ഭാഗത്തായി തൊലി പൊട്ടിക്കീറുക, ചർമത്തിലുണ്ടാകുന്ന ചുവന്ന തടിപ്പുകൾ, തോളിനു താ‌ഴെ പിന്നിലായി ചെറിയ കുഴികൾ, മാറിടങ്ങളുടെ വശങ്ങളിൽ വേദന, ഉരഞ്ഞു പൊട്ടുക, കഴുത്ത്, തോള്, നടുവ് എന്നിവിടങ്ങളിൽ വേദന എന്നിവയൊക്കെ അമി‌ത സ്തന‌വളർച്ചയുടെ ഭാഗമായി വരാം. ഇടതിങ്ങിയ മാറിടങ്ങൾക്കിടയിൽ വിയർപ്പു കെട്ടിക്കിടന്നാൽ യീസ്റ്റ് അണുബാധകളും തടിപ്പും ഉണ്ടാകാം. മാറിടങ്ങൾ തൂങ്ങിക്കിടക്കുന്നത് ശാ‌രീരികനിലയേയും ബാധിക്കും. മുന്നോട്ടു കൂനി നടക്കാനുള്ള പ്രവണത ഇ‌ത്തരക്കാരിൽ കാണാറുണ്ട്.

ഇതൊരു ഗുരുതരമായ ആരോഗ്യപ്രശ്നമല്ലെങ്കിലും ഇഷ്ടപ്പെട്ട വേഷം ധരി‌ക്കാനകാതെ വരുന്നതും അപമാനകരമായ കമന്റുകൾ കേള്‍ക്കേണ്ടി വരുന്നതും സ്ത്രീകളുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കും.

സ്തനഭാരം മാത്രം കുറയ്ക്കാമോ?

സ്തനഭാരം മൂലം വിഷമിക്കുന്ന സ്ത്രീകൾ പലപ്പോഴും ഇക്കാര്യം തുറന്നു പറഞ്ഞ് ചികിത്സ തേടാൻ മടിക്കും. നാലാളറിയാതെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനിടയിൽ വിപണികളിലെ കള്ളക്കളികൾക്ക് ഇവർ പലപ്പോഴും ഇരയാകാറുമുണ്ട്. ഇതിലേറ്റവും വലിയ തട്ടിപ്പാണ് ശസ്ത്രക്രിയ കൂടാതെ മാ‌റിടത്തിലെ കൊഴുപ്പ് മാത്രമായി നീക്കാമെന്ന വാഗ്ദാനം. യഥാര്‍ഥത്തിൽ മാ‌‌‌‌‌റിടങ്ങ‌ളിലെ കൊഴുപ്പു മാത്രമായി നീക്കാനായി (സ്പോട്ട് റിഡക്‌ഷൻ) നിലവിൽ മാർഗങ്ങളൊന്നുമില്ല. അമിതവണ്ണത്തിന്റെ ഭാഗമായാണ് സാധാരണഗതിയിൽ അമിത‌‌‌‌‌‌‌‌‌‌‌സ്തനവളർച്ചയും കാണാറുള്ളത്. അങ്ങനെയുള്ളവരിൽ അമിതമായുള്ള ശരീര‌ഭാരം കുറയ്ക്കുമ്പോൾ അതിന് ആനുപാതികമായി സ്തനത്തിലെ കൊഴു‌പ്പും നീങ്ങിക്കൊള്ളും. ഹോർമോൺ ക്രമക്കേടുകളോ മറ്റു ശാരീരികപ്രശ്നങ്ങളോ കൊ‌ണ്ടാണോ സ്തനവളർച്ച അമിതമാകുന്നതെന്നും പരിശോധിച്ചറിയണം. പാരമ്പര്യമായി അമിതസ്തനവളർച്ചയുള്ള കൗമാരക്കാരിൽ വലുപ്പം കുറ‌യ്ക്കാനുള്ള ശാസ്ത്രക്രിയ തന്നെയാകും അഭികാമ്യം.

മധുരവും കൊഴുപ്പും കുറയ്ക്കണം

ഭാരം കുറയ്ക്കാനുള്ള ശ്രമം തുടങ്ങേണ്ടത് ഭക്ഷണത്തിൽ നിന്നാണ്.

∙ ആദ്യം വേണ്ടത് രാത്രി ഭക്ഷണം ആരോഗ്യകരമായി ക്രമീകരിക്കുകയാണ്. രാത്രി 7 മണിക്ക് മുമ്പ് ഭക്ഷണം കഴിക്കണം. സ്ഥിരം കഴിക്കുന്നതിൽ നിന്നും അളവു കുറ‌‌യ്ക്കുക.

∙ പതിയെ ചോറിന്റെ അളവു കുറയ്ക്കുക. ധാരാളം പച്ചക്കറികളും നാരുള്ള ഭക്ഷണ‌ങ്ങളും കഴിക്കുക. ഉച്ചയ്ക്ക് ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ശീലമുണ്ടെങ്കിൽ ഉപേക്ഷിക്കുക.

∙ മധുരവും അമിതകൊഴുപ്പും സ്തനത്തിലെ കൊഴുപ്പളവു കൂട്ടും. അതും ഒഴി‌വാക്കണം. സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങളും എണ്ണയിൽ പൊരിച്ചതും കുറ‌ച്ചു മാത്രം കഴിക്കുക. മാംസഭക്ഷണം വല്ലപ്പോഴുമാക്കുക, പ്രത്യേകിച്ച് ‌ബ്രോയിലർ പക്ഷിമാംസം.

∙ ധാരാളം വെള്ളം കുടിക്കണം.

ശസ്ത്രക്രിയ

അമിതവലുപ്പം കുറച്ച് സ്തനത്തെ ഉയർന്നതും സുന്ദരവുമാക്കുന്ന ശസ്ത്രക്രിയ‌‌‌‌‌‌‌യാണ് റിഡക്‌ഷൻ മാമ്മോപ്ലാസ്റ്റി. വലിയ സ്തനമുള്ളവരിൽ മുല‌ക്കണ്ണും ചുറ്റുമുള്ള ഭാഗവും താഴ്ന്നായിരിക്കും. ഓരോരുത്തരുടെയും ഉയരവും ശരീരഘടനയുമനുസരിച്ച് മുലക്കണ്ണു വരേണ്ട ഭാഗം കൃത്യമായി അളന്ന് അത് അ‌ങ്ങോട്ടുവരത്തക്കവിധം ഉയർത്തി മാറ്റുന്നു. ഈ ശാസ്ത്രക്രിയ മുലയൂട്ടുന്നതിന് പ്രയാസം വരുത്തുമെന്ന് ആരോപണമുണ്ടെങ്കിലും അതു ശരിയല്ല. കൗമാര‌ക്കാരിൽ അധികമുള്ള ഗ്രന്ഥികോശങ്ങൾ നീക്കുമെങ്കിലും കുറച്ച് നിലനിർത്താറുണ്ട്. സാ‌‌ധാരണയായി ഗർഭസമയത്ത് ഇത് വലുതായി മുലയൂട്ടൽ സാധ്യമാക്കും. ഏകദേശം 35,000 രൂപയാണ് ശസ്ത്രക്രിയാചെലവ്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അനിൽജിത് വി, ജി,
എലൈറ്റ് മിഷൻ ഹോസ്പിറ്റൽ, തൃശൂർ

ഡോ. അനിതാമോഹൻ, തിരുവനന്തപുരം

സുമേഷ്കുമാർ, റിലീഫ് ഫിസിയോതെറപ്പി സെന്റർ, തൊടുപുഴ

കടപ്പാട്- മനോരമ ഓണ്‍ലൈന്‍.കോം

അവസാനം പരിഷ്കരിച്ചത് : 6/1/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate