ആർത്തവത്തിനു മുമ്പ് സ്തനങ്ങൾ വേദനിക്കുന്നത് എന്തുകൊണ്ട്? (Pain In Breasts’ Before Periods)
സ്ത്രീകളുടെ സ്തനങ്ങളിൽ അല്ലെങ്കിൽ കക്ഷത്തിലും അടുത്ത പ്രദേശങ്ങളിലും അല്ലെങ്കിൽ ഇവിടെയെല്ലാം അനുഭവപ്പെടുന്ന വേദനയും അസ്വസ്ഥതയുമാണ് സ്തനങ്ങളിലെ വേദന അല്ലെങ്കിൽ മസ്റ്റാൾജിയ എന്ന് പറയുന്നത്.
ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്തനങ്ങളിലെ വേദന ആർത്തവം അടുത്തുവരുന്നതിന്റെ ലക്ഷണമായിരിക്കാം. ആർത്തവത്തിനു മുമ്പുള്ള സമയത്ത് വേദന അധികരിക്കുകയും ആർത്തവം തുടങ്ങിയ ശേഷമോ കഴിയുമ്പോഴോ കുറയുകയും ചെയ്യാം. സാധാരണയായി, ഒരു സ്തനത്തിലോ രണ്ട് സ്തനങ്ങളിലുമോ സ്തനങ്ങളിൽ എല്ലായിടത്തുമോ ഏതെങ്കിലും ഒരു ഭാഗത്തു മാത്രമോ അല്ലെങ്കിൽ കഷത്തിന്റെ ഭാഗം വരെയോ വേദനയുണ്ടാവാം. എന്നാൽ, സ്തനങ്ങളിലെ വേദന ക്യാൻസറിന്റെ ലക്ഷണമായി കരുതേണ്ടതില്ല.
കാരണങ്ങൾ:
- ഹോർമോണുകൾ: ആർത്തവത്തിലേക്ക് നയിക്കുന്നത് ഈസ്ട്രജൻ, പ്രോജെസ്റ്റെറോൺ എന്നീ ഹോർമോണുകളാണ്. ആർത്തവ കാലത്ത് ഈ ഹോർമോണുകളുടെ പ്രവർത്തനഫലമായി സ്തനങ്ങളിലെ പാൽ നാളികളും പാൽ ഗ്രന്ഥികളും വികസിക്കുകയും അതു മൂലം വേദനയനുഭവപ്പെടുകയും ചെയ്യും. മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രോലാക്റ്റിൻ ഹോർമോണും സ്തനങ്ങളിലെ വേദനയ്ക്ക് കാരണമാവുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്.
- മാനസികപിരിമുറുക്കം: മാനസികപിരിമുറുക്കം മൂലം ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാവുകയും സ്തനങ്ങളിലെ വേദനയ്ക്ക് കാരണമാവുകയും ചെയ്യും.
- ഹോർമോൺ പുന:സ്ഥാപന ചികിത്സ (എച്ച് ആർ ടി): ഇതിനു വിധേയമാകുമ്പോൾ സ്തനങ്ങളിലെ കോശങ്ങൾ വളരെ വേഗത്തിൽ ഇരട്ടിക്കുന്നു. എച്ച് ആർ ടി ചികിത്സയ്ക്ക് വിധേയരാവുന്ന സ്ത്രീകൾക്ക് സ്തനങ്ങളിൽ വേദനയുണ്ടായേക്കാം.
മറ്റു കാരണങ്ങൾ ഇവയാണ്;
- കൂടിയ അളവിലുള്ള കഫീൻ ഉപഭോഗം (കാപ്പി, ചായ, കോള, ചോക്കളേറ്റ്, ആരോഗ്യപാനീയങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്നു). സ്തനങ്ങളിലെ വേദനയും കഫീനുമായി നേരിട്ട് ബന്ധമില്ല. എങ്കിലും, കഫീൻ ഹോർമോൺ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും അതുവഴി സ്തനങ്ങളിൽ വേദനയ്ക്ക് കാരണമാവുകയും ചെയ്തേക്കാം.
- വണ്ണം കൂടുന്നത് മൂലം സ്തനങ്ങൾ ഭാരിച്ചതാവുകയും വേദനയുണ്ടാവുകയും ചെയ്തേക്കാം.
- സ്തനങ്ങൾക്ക് പരിക്കുപറ്റുക (ശസ്ത്രക്രിയയുടെ ഫലമായുണ്ടാവുന്ന കലകൾ)
- സ്തനങ്ങളിൽ കാണുന്ന ചെറിയ മുഴകളാണ് സിസ്റ്റുകൾ അല്ലെങ്കിൽ ഫൈബ്രോഅഡിനോമകൾ. ആർത്തവത്തിനു മുമ്പ് ഇവ മൃദുലങ്ങളാവുന്നു.
- പാകമാവാത്ത ബ്രാ ധരിക്കുന്നതും വേദനയിലേക്ക് നയിക്കാം.
- ഭാരോദ്വഹനം പോലെയുള്ള കടുത്ത ശാരീരിക പ്രവർത്തനങ്ങൾ നെഞ്ചിനും തോളിനും മാറത്തെ മസിലുകൾക്കും ആയാസം നൽകിയേക്കാം.
- നെഞ്ചിനെയും വാരിയെല്ലുകളെയും മാറിടത്തിനു താഴെയുള്ള മസിലുകളെയും ബാധിക്കുന്ന കോസ്റ്റോകോൺഡ്രൈറ്റിസ് അല്ലെങ്കിൽ സെർവിക്കൽ സ്പോണ്ടിലൈറ്റിസ് പോലെയുള്ള രോഗാവസ്ഥകൾ.
നിയന്ത്രണം:
- ഒഴിവാക്കുക: ആർത്തവം ആരംഭിക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ് മുതൽ കഫീൻ (കാപ്പി, ചായ, ചോക്കളേറ്റ്) ഉപേക്ഷിക്കുക.
- കുറയ്ക്കുക: കൊഴുപ്പ് കൂടിയ ഭക്ഷണം.
- കൂട്ടുക: ശാരീക പ്രവർത്തനങ്ങൾ – നടത്തം, വ്യായാമം.
- മരുന്ന്: മരുന്നുകൾ കഴിക്കുന്നത് ഡോക്ടറുടെ മേൽനോട്ടത്തിൽ ആയിരിക്കണം.
ഹോർമോൺ സപ്ലിമെന്റുകളും ഹോർമോൺ ബ്ലോക്കറുകളും സ്തനങ്ങളിലെ വേദനയ്ക്കുള്ള ചികിത്സയ്ക്കായി നിർദേശിക്കാറുണ്ട്. അവയിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;
- ഗർഭനിരോധന ഗുളികകൾ
- ബ്രോമോക്രിപ്റ്റിൻ (ഹൈപ്പോത്തലാമസിൽ വച്ച് പ്രോലാക്റ്റിനെ തടയുന്നു)
- ഡാനസോൾ എന്ന കൃത്രിമ പുരുഷ ഹോർമോൺ
- തൈറോയിഡ് ഹോർമോൺ
- ഈസ്ട്രജൻ ബ്ലോക്കർ ആയ ടമോക്സിഫെൻ
വേദനകുറയ്ക്കാനായി വേദനസംഹാരികൾ കഴിക്കുകയോ സ്തനങ്ങളിൽ ഓയിൻമെന്റു പുരട്ടുകയോ ചെയ്യാവുന്നതാണ്.
മറ്റുള്ളവ:
- അനുയോജ്യമായതും പാകമായതുമായ ബ്രേസിയർ ധരിക്കുക.
- വേദനാ സംഹാരിയായ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഈവനിംഗ് പ്രിംറോസ് എണ്ണ പ്രയോജനപ്രദമാണെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ, അപസ്മാരമുള്ളവർ ഇത് ഉപയോഗിക്കരുതെന്ന് ശുപാർശചെയ്യപ്പെടുന്നു.
- പിരിമുറുക്കത്തിൽ നിന്നുള്ള മോചനത്തിന് റിലാക്സേഷൻ ടെക്നിക്കുകൾ ചെയ്യുക.
- സ്തനങ്ങളിൽ ചൂടുവയ്ക്കുന്നത് അല്ലെങ്കിൽ ഇളം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് സ്തനങ്ങളിലെ വേദന കുറയ്ക്കും.
ഇത് ക്യാൻസറിന്റെ ലക്ഷണമാണോ?
സ്തനങ്ങളിലെ വേദന ക്യാൻസറിന്റെ ലക്ഷണമായേക്കാമെന്ന് കരുതി പല സ്ത്രീകളും വിഷമിക്കാറുണ്ട്. എന്നാൽ, ഇത് ക്യാൻസറിന്റെ ലക്ഷണമല്ല എന്നു മാത്രമല്ല സ്തനത്തിൽ ക്യാൻസർ ഉണ്ടാവുന്നതിനുള്ള അപകടസാധ്യത വർധിപ്പിക്കുന്നുമില്ല. മുഴകളോ തടിപ്പുകളോ ഉണ്ടോ എന്ന് മനസ്സിലാക്കാൻ നിങ്ങൾ സ്തനങ്ങൾ സ്വയം പരിശോധന നടത്തേണ്ടതാണ്.
ഇനി പറയുന്ന തരത്തിൽ സ്തനങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടെന്ന് കണ്ടെത്തിയാൽ നിങ്ങൾ ഉടൻ ഡോക്ടറെ കാണേണ്ടതാണ്;
- സ്തനങ്ങളിൽ മുഴകൾ
- മുലക്കണ്ണിൽ നിന്നുള്ള അസ്വാഭാവിക സ്രവം
- നിങ്ങൾക്ക് 40 വയസ്സിനു മുകളിൽ പ്രായം ഉണ്ടെങ്കിലും ഇതുവരെ മാമ്മോഗ്രാം ചെയ്തിട്ടില്ലെങ്കിലും.
- ലക്ഷണങ്ങൾ ഉറക്കമില്ലാതാക്കുന്നുവെങ്കിലും മരുന്നുകളും ഭക്ഷണക്രമീകരണവും വ്യായാമങ്ങളും സഹായകമാവുന്നില്ല എങ്കിലും.
രോഗചരിത്രത്തിന്റെയും ശാരീരിക പരിശോധനയുടെയും അടിസ്ഥാനത്തിൽ മാമ്മോഗ്രാം ചെയ്യാനോ അൾട്രാസൗണ്ട് സ്കാൻ ചെയ്യാനോ ഡോക്ടർ നിർദേശിച്ചേക്കാം,
ആർത്തവത്തിനു മുന്നോടിയായുള്ള സ്തനങ്ങളിലെ വേദന സ്വാഭാവികമാണ്, അതിനെ കുറിച്ച് കൂടുതൽ ഉത്കണ്ഠാകുലരാവേണ്ട ആവശ്യമില്ല. ലളിതമായ പരിഹാരങ്ങൾ തേടുക. വേദനയിൽ മാറ്റമില്ല എങ്കിൽ ഉടൻ ഡോക്ടറെ കാണുക.
സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥ (Female Reproductive System)
ബാഹ്യവും ആന്തരികവുമായ ജനനേന്ദ്രിയങ്ങൾ ഉൾപ്പെടുന്നതാണ് സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥ.
യോനിയുടെ വെളിയിലുള്ള ഭാഗം – വൾവ (ഭഗം)
സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ പുറമെയുള്ള ഭാഗമാണ് വൾവ (ഭഗം) എന്ന് അറിയപ്പെടുന്നത്. വൾവയുടെ ഉൾഭാഗത്തായി ഇനി പറയുന്ന ഭാഗങ്ങൾ കാണാൻ സാധിക്കും;
- മോൻ പ്യൂബിസ് (മോൻ വെനെറിസ്): വൾവയുടെ മുകൾ ഭാഗത്തായി കാണുന്ന കൊഴുപ്പിന്റെ മൃദുവായ പാളിയാണിത്. ലൈംഗികബന്ധം നടക്കുന്ന അവസരത്തിൽ അടിയിലുള്ള പ്യൂബിക് എല്ലിന് ആഘാതം ഉണ്ടാകാതെ സംരക്ഷണം നൽകുകയാണ് ഈ പാളിയുടെ ധർമ്മം. മുതിർന്ന സ്ത്രീകളിൽ ഈ ഭാഗം പ്യൂബിക് രോമങ്ങളാൽ ആവൃതമായിരിക്കും.
- ലേബിയ മജോര (വൻ യോനീപുടങ്ങൾ): വൾവയുടെ പുറമേയുള്ള ചുണ്ടുകൾ (ഔട്ടർ ലിപ്സ്) ആണ് ലേബിയ മജോര (ലേബിയ – ചുണ്ടുകൾ, മജോര – വലിയ). മോൻസ് പ്യൂബിസ് മുതൽ പെരിനിയം (യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗം) വരെ ഇതു വ്യാപിച്ചുകിടക്കുന്നു. ഇത് സ്ത്രീ ലൈംഗികാവയവത്തിന്റെ ആന്തരിക ഭാഗങ്ങൾ ഭാഗികമായോ മുഴുവനായോ മറയ്ക്കുന്നു. സാധാരണയായി പ്യൂബിക് രോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്ന ഇതിൽ ധാരാളം എണ്ണ ഉത്പാദിപ്പിക്കുന്ന സ്നേഹ ഗ്രന്ഥികളും വിയർപ്പ് ഗ്രന്ഥികളും ഉണ്ടായിരിക്കും.
- ലേബിയ മിനോര (ചെറു യോനീപുടങ്ങൾ): വൾവയുടെ ഉള്ളിലുള്ള ചുണ്ടുകളാണ് (ഇന്നർ ലിപ്സ്) ലേബിയ മിനോര (ലേബിയ-ചുണ്ട്, മിനോര – ചെറുത്). പുറമേയുള്ള ചുണ്ടുകൾ (ലേബിയ മജോര) വിടർത്തിയാൽ ഇത് ദൃശ്യമാവും. ഉള്ളിലുള്ള ഭാഗങ്ങളെ (യോനി, മൂത്രനാളി) പൊതിഞ്ഞു സൂക്ഷിക്കുന്ന ഇവ നിർമ്മിച്ചിരിക്കുന്നത് ചർമ്മ പാളികൾകൊണ്ടാണ്. ചെറുയോനീപുടങ്ങളിൽ രോമങ്ങൾ കാണില്ല, എന്നാൽ സ്നേഹഗ്രന്ഥികൾ ഉണ്ടായിരിക്കും. ഇവയുടെ മുകൾ ഭാഗത്ത് രണ്ട് ചുണ്ടുകളും സംഗമിക്കുന്ന ഭാഗത്ത് ഒരു ചെറിയ കുഴി കാണാം, ഇതാണ് പെർപ്യൂസ്. ഇവിടെയാണ് മൊട്ടിന്റെ ആകൃതിയിലുള്ള ക്ലൈറ്റോറിസ് (കൃസരി അഥവാ യോനീച്ഛദം) എന്ന അവയവം സ്ഥിതിചെയ്യുന്നത്.
- ക്ലൈറ്റോറിസ് (കൃസരി): വൾവയുടെ മുകൾ ഭാഗത്ത് ചെറിയ പിങ്ക് നിറത്തിൽ മൊട്ടുപോലെ ഉയർന്നു നിൽക്കുന്ന ഭാഗമാണ് കൃസരി. ഉദ്ധാരണത്തെ സഹായിക്കുന്ന കോശകലകളാൽ നിർമ്മിച്ചിരിക്കുന്ന കൃസരി കൂടുതൽ ഇന്ദ്രിയാനുഭൂതി നൽകുന്നതും ഉത്തേജിപ്പിക്കുന്നവസരത്തിൽ വികാസം പ്രാപിക്കുന്നതുമാണ്. ഇവിടെ സ്പർശിക്കുന്നത് സ്ത്രീകൾക്ക് ലൈംഗികോത്തേജനം പകരും. രതിമൂർച്ഛയുടെ അവസരത്തിൽ കൃസരിക്ക് ഉദ്ധാരണമുണ്ടാവുകയും അത് പെർപ്യൂസിൽ നിന്ന് പുറത്തേക്ക് ഉന്തി നിൽക്കുകയും ചെയ്യും.
- മൂത്രദ്വാരം: മൂത്രനാളിക്ക് പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധമില്ല. വൾവയിൽ ക്ലൈറ്റോറിസിന് അടിയിലായാണ് മൂത്രനാളി പുറത്തേക്ക് തുറക്കുന്നത്.
- യോനീദ്വാരം: മൂത്രദ്വാരത്തിന് താഴെ സ്ഥിതിചെയ്യുന്ന യോനീദ്വാരം വജിനൽ കനാലിലേക്കാണ് തുറക്കുന്നത്. ലൈംഗികബന്ധത്തിന്റെ സമയത്ത് പുരുഷ ലിംഗം പ്രവേശിപ്പിക്കുന്നത് യോനീദ്വാരത്തിലേക്കാണ്.
ആന്തരികാവയവങ്ങൾ
- യോനി: യോനീദ്വാരം മുതൽ ഗർഭാശയമുഖം വരെ നീളുന്ന, കുഴലിന് സമാനമായ ഘടനയാണിത്. ശരീരശാസ്ത്രപരമായി, ഇത് മലദ്വാരത്തിനു മുന്നിലും മൂത്രസഞ്ചിക്ക് പിന്നിലുമായി സ്ഥിതിചെയ്യുന്നു. യോനീഭിത്തി പേശികൾ കൊണ്ടും കണക്ടീവ് ടിഷ്യൂകൾ കൊണ്ടുമാണ് നിർമ്മിച്ചിരിക്കുന്നത്. പ്രസവ സമയത്ത് യോനിയിൽ കുഞ്ഞിനെ വഹിക്കാൻ കഴിയുന്നത് ഇതിനാലാണ്. യോനിയുടെ അകത്തെ പ്രതലത്തിൽ കാണപ്പെടുന്ന അമ്ലഗുണമുള്ള ശ്ലേഷ്മം വിനാശകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാൻ ശേഷിയുള്ളവയാണ്. ലിംഗയോനീബന്ധം നടക്കുമ്പോൾ ഇവിടെ നിക്ഷേപിക്കപ്പെടുന്ന ബീജങ്ങൾ മുകളിലേക്ക് സഞ്ചരിച്ച് ഗർഭാശയമുഖത്തേക്ക് എത്തും.
- ഗർഭപാത്രം: തലതിരിച്ചുവച്ച ഒരു സബർജൻ പഴത്തിന്റെ ആകൃതിയാണ് ഗർഭപാത്രത്തിന്. വിജയകരമായി ബീജസംയോഗം നടന്നാൽ ഭ്രൂണം വളരുന്നത് ഇവിടെയായിരിക്കും. ഗർഭപാത്രത്തിന്റെ അടിവശമാണ് യോനിയുമായി ചേരുന്നത്. ഇടുങ്ങിയ ഈ ഭാഗത്തെ ഗർഭാശയമുഖമെന്നും ഗർഭാശയഗളമെന്നും വിളിക്കുന്നു. ഗർഭപാത്രത്തിന്റെ ഉൾ പാളിയിൽ കോശങ്ങളാൽ നിർമ്മിതമായ കട്ടിയുള്ള വരകൾ കാണാം. ഇതാണ് എൻഡോമെട്രിയം. എൻഡോമെട്രിയം ചാക്രികമായ മാറ്റങ്ങൾക്ക് വിധേയമാവുന്നു. ആർത്തവസമയത്ത് പൊഴിഞ്ഞു പോകുന്ന ഇത് പുതിയ ആർത്തവചക്രത്തിൽ വീണ്ടും രൂപംകൊള്ളുന്നു. പുറം പാളിയിൽ ഉള്ള പേശികൾക്കും കണക്ടീവ് കോശകലകൾക്കും വികസിക്കാനുള്ള കഴിവ് ഉള്ളതിനാൽ ഗർഭകാലത്ത് ഭ്രൂണത്തെ വഹിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടില്ല.
- അണ്ഡനാളം (ഫലോപ്പിയൻ ട്യൂബ്): ഗർഭാശയത്തിനോട് ബന്ധിപ്പിക്കപ്പെട്ട നിലയിൽ രണ്ട് വശങ്ങളിലായുള്ള കുഴൽ രൂപത്തിലുള്ള ഭാഗങ്ങളാണിത്. ഇതിന്റെ വെളിയിലുള്ള അറ്റങ്ങൾക്ക് ഫണലിന്റെ ആകൃതിയാണുള്ളത്. ഇതിലേക്കാണ് അണ്ഡാശയത്തിൽ നിന്നു വിക്ഷേപിക്കുന്ന അണ്ഡങ്ങളെ സ്വീകരിക്കുന്നത്. ഇത് അണ്ഡനാളത്തിലൂടെ സഞ്ചരിച്ച് ഗർഭാശയത്തിൽ എത്തിച്ചേരുന്നു.
- അണ്ഡാശങ്ങൾ: ഗർഭാശയത്തിന്റെ രണ്ട് വശങ്ങളിലായി സ്ഥിതിചെയ്യുന്ന ഒരു ജോഡി ഗ്രന്ഥികളാണ് അണ്ഡാശങ്ങൾ. അണ്ഡങ്ങളും ലൈംഗിക ഹോർമോണുകളും ഉത്പാദിപ്പിക്കുകയാണ് ഇവയുടെ ധർമ്മം.
മുലക്കണ്ണിൽ നിന്നുള്ള സ്രവം (Nipple Discharge); സ്വാഭാവികവും അല്ലാത്തതും
എന്താണ് മുലക്കണ്ണിൽ നിന്നുള്ള സ്രവം?
സ്തനവുമായി ബന്ധപ്പെട്ട ഒരു സാധാരണ ലക്ഷണമാണ് മുലക്കണ്ണിൽ നിന്നുള്ള സ്രവം. മുലക്കണ്ണുകളിൽ നിന്ന് എന്തെങ്കിലും സ്രവം ഊറിവരുന്നതിനെയാണ് ഇത്തരത്തിൽ പറയുന്നത്. ഒരു മുലക്കണ്ണിൽ നിന്നോ രണ്ടെണ്ണത്തിൽ നിന്നുമോ മർദം ചെലുത്തുമ്പോഴോ സ്വാഭാവികമായോ സ്രവങ്ങൾ ഉണ്ടാകാം.
കാരണങ്ങൾ
ഗർഭിണിയായിരിക്കുമ്പോഴും പാലൂട്ടുന്ന സമയത്തും ഇത് ഒരു സാധാരണ സംഭവമായിരിക്കും. മുലയൂട്ടുന്ന സമയത്ത് സ്ത്രീകളുടെ രണ്ട് മുലക്കണ്ണുകളിൽ നിന്നും പാൽ നിറത്തിലുള്ള സ്രവമുണ്ടാകാം. ചില സ്ത്രീകളിൽ ഗർഭത്തിന്റെ രണ്ടാമത്തെ ട്രൈമസ്റ്ററിൽ തന്നെ പാൽ ഉത്പാദനം നടക്കുകയും മുലയൂട്ടൽ നിർത്തിക്കഴിഞ്ഞ് രണ്ട് വർഷം വരെ ഇത് തുടരുകയും ചെയ്തേക്കാം.
മുലക്കണ്ണിൽ നിന്നുള്ള സ്രവത്തിന് ഗർഭവുമായി ബന്ധമില്ലാത്ത മറ്റു കാരണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;
- ഡക്റ്റ് പാപില്ലോമ – സ്തനങ്ങളിലെ നാളികളിൽ ഉണ്ടാകുന്ന ചെറുതും മിക്കപ്പോഴും അപകടകരമല്ലാത്തതുമായ വളർച്ച. പാൽ ഗ്രന്ഥികളിൽ നിന്ന് മുലക്കണ്ണുകളിലേക്ക് പാൽ വഹിച്ചുകൊണ്ടുവരുന്ന നാളികളാണ് ‘ബ്രസ്റ്റ് ഡക്റ്റുകൾ’. സാധാരണയായി, ഇത്തരം സ്രവങ്ങളിൽ രക്തമയം കാണും.
- ഡക്റ്റ് എക്റ്റേഷ്യ – സ്തനങ്ങളിൽ വരുന്ന അപകടകരമല്ലാത്ത മാറ്റങ്ങളുടെ ഫലമായി ഉണ്ടാകുന്ന നിറമില്ലാത്തതോ പാൽക്കട്ടിയെ പോലെയുള്ളതോ ആയ സ്രവങ്ങൾ.
- സ്തനങ്ങളിലോ മുലക്കണ്ണിലോ ഉണ്ടാകുന്ന കുരുക്കൾ – സ്തനങ്ങളിലെ കോശകലകളിലോ മുലക്കണ്ണിനു ചുറ്റുമോ പഴുപ്പും വേദനയും ഉണ്ടാകുന്ന അവസ്ഥ. മിക്കവാറും അണുബാധയായിരിക്കും കാരണം.
അപകടസാധ്യതാ ഘടകങ്ങൾ
സ്തനങ്ങളിൽ നിന്നുള്ള സ്രവങ്ങൾക്കുള്ള അപകടസാധ്യതാ ഘടകങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;
- ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത്.
- പ്രായപൂർത്തിയാകുന്ന അവസരത്തിലും ആർത്തവ സമയത്തുമുള്ള ഹോർമോൺ വ്യതിയാനങ്ങൾ.
- മുലക്കണ്ണുകൾ ഉത്തേജിപ്പിക്കുന്നത്.
- ചില മരുന്നുകൾ ഉപയോഗിക്കുന്നതു മൂലം പാൽ സ്രവിപ്പിക്കുന്നതിന് സഹായകമാവുന്ന പ്രോലാക്റ്റിൻ ഹോർമോണിന്റെ നില ഉയരുന്നത്.
- തൈറോയിഡ് ഗ്രന്ഥി പ്രവർത്തിക്കാത്തത്.
- സ്തനങ്ങളെ ബാധിക്കുന്ന പാജറ്റ്സ് രോഗം (Paget’s disease).
- ഗലാക്റ്റസീൽ – പാൽ നാളി തടസ്സപ്പെടുന്നത്.
- കാർസിനോമ ഇൻ സൈറ്റു – സ്തനാർബുദത്തിന്റെ പ്രാരംഭ രൂപം.
മുലക്കണ്ണുകളിൽ നിന്നുള്ള സ്രവവും ക്യാൻസറും
കൂടുതൽ കേസുകളിലും മുലക്കണ്ണുകളിൽ നിന്നുള്ള സ്രവം സ്തനങ്ങളിലെ ക്യാൻസറിന്റെ (സ്തനാർബുദം) സൂചനയായിരിക്കില്ല. എന്നിരുന്നാലും, ഇനി പറയുന്ന വിധത്തിലുള്ളതാണെങ്കിൽ അത് ക്യാൻസറിന്റെ സൂചനയായിരിക്കാം;
- സ്തനത്തിൽ മുഴ ഉള്ളതിനൊപ്പം സ്തനത്തിലെ ചർമ്മത്തിൽ അനുബന്ധ മാറ്റങ്ങൾ ഉണ്ടാവുക.
- ഒരു മുലക്കണ്ണിൽ നിന്ന് രക്തത്തോടു കൂടിയ സ്രവം ഉണ്ടാവുക.
- സ്വമേധയാ ഉള്ള സ്രവം.
- 50 വയസ്സിനു മുകളിൽ ഉള്ളവരിൽ മുലക്കണ്ണിൽ നിന്ന് സ്രവം ഉണ്ടാവുകയാണെങ്കിൽ.
ലക്ഷണങ്ങൾ
രണ്ട് മുലക്കണ്ണുകളിൽ നിന്നും സ്രവം ഉണ്ടാവുകയാണെങ്കിൽ, പ്രത്യേകിച്ച് മർദ്ദം ചെലുത്തുമ്പോൾ, അത് സ്വാഭാവികമായിരിക്കാനാണ് കൂടുതൽ സാധ്യത.
ഒരു മുലക്കണ്ണിൽ നിന്ന് മാത്രം സ്വമേധയാ രക്തം കലർന്ന സ്രവം ഉണ്ടാവുകയാണെങ്കിൽ അത് അസ്വാഭാവികമായിരിക്കാനാണ് സാധ്യത കൂടുതൽ. സ്രവത്തിന്റെ നിറത്തെ മാത്രം അടിസ്ഥാനമാക്കി അത് സ്വാഭാവികമാണോ അല്ലയോ എന്ന് ഉറപ്പിക്കാൻ കഴിയില്ല. നിറമില്ലാത്തത്, പാൽ നിറത്തിലുള്ളത്, മഞ്ഞ, പച്ച, രക്തം കലർന്നത്, തവിട്ടു നിറം എന്നിങ്ങനെ മുലക്കണ്ണിൽ നിന്നുള്ള സ്രവത്തിന്റെ നിറം വ്യത്യാസപ്പെടാം. സ്രവം പരിശോധിക്കാനായി നിങ്ങൾ സ്തനങ്ങളിൽ മർദം ചെലുത്തുമ്പോൾ ലക്ഷണങ്ങൾ വഷളായേക്കാം.
രോഗനിർണയം
ഡോക്ടർ നിങ്ങളുടെ ചികിത്സാ ചരിത്രം വിശദമായി പഠിക്കുകയും ലക്ഷണങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്യും. ഇനി പറയുന്ന പരിശോധനകൾക്കായും ഡോക്ടർ ശുപാർശ ചെയ്തേക്കാം;
- പ്രോലാക്റ്റിൻ നില നിർണയിക്കാനുള്ള രക്തപരിശോധന
- തൈറോയിഡ് പ്രവർത്തനം അറിയാനുള്ള രക്തപരിശോധന
- മറ്റ് ഹോർമോണുകളുടെ നില അറിയാനുള്ള പരിശോധനകൾ
- മാമ്മോഗ്രാഫി
- സ്തനങ്ങളിൽ നടത്തുന്ന അൾട്രാസൗണ്ട് പരിശോധന.
- ഡക്റ്റോഗ്രഫി അല്ലെങ്കിൽ ഡക്റ്റോഗ്രാം, പാൽ നാളിയിൽ കോണ്ട്രാസ്റ്റ് ഡൈ കുത്തിവച്ച ശേഷം എടുക്കുന്ന എക്സ്-റേ.
- എന്തെങ്കിലും പ്രത്യേക അവസ്ഥയാണെന്ന സംശയം തോന്നുകയാണെങ്കിൽ ചർമ്മത്തിന്റെ ബയോപ്സി.
- സ്രവത്തിന്റെ പരിശോധന.
ചികിത്സ
മുലക്കണ്ണിൽ നിന്നുണ്ടാവുന്നത് സ്വാഭാവിക സ്രവമാണെങ്കിൽ ചികിത്സ ആവശ്യമില്ല.
കാരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുലക്കണ്ണിൽ നിന്നുള്ള സ്രവത്തിന്റെ ചികിത്സ ആരംഭിക്കുന്നത്;
- ചില മരുന്നുകളാണ് കാരണമെങ്കിൽ അവ മാറ്റാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.
- ചർമ്മത്തിൽ വ്യത്യാസം പ്രകടമാണെങ്കിൽ പുരട്ടാനുള്ള ക്രീമുകൾ നിർദേശിച്ചേക്കാം.
- കുരുക്കൾ മൂലമാണെങ്കിൽ അവ ഉണക്കുകയും അണുബാധ ഒഴിവാക്കാൻ ആന്റിബയോട്ടിക്കുകൾ നിർദേശിക്കുകയും ചെയ്തേക്കാം.
- ഹൈപ്പോതൈറോയിഡ് പ്രശ്നമുള്ളവർക്ക് തൈറോക്സിൻ ഹോർമോൺ പുന:സ്ഥാപന ചികിത്സ നിർദേശിച്ചേക്കാം.
- പിറ്റ്യൂറ്ററി ക്യാൻസർ മൂലം ഉണ്ടാകുന്ന ഹൈപ്പർപ്രോലാക്റ്റിനീമിയയുടെ ചികിത്സിക്കാനായി ഡോപാമിൻ അഗണിസ്റ്റുകൾ (Dopamine agonists) നിർദേശിച്ചേക്കാം.
- മുലക്കണ്ണിൽ നിന്നുള്ള സ്രവത്തിന്റെ മറ്റ് കാരണങ്ങൾക്കുള്ള മരുന്നുകൾ.
പ്രതിരോധം
നിരന്തരമായ നിരീക്ഷണങ്ങൾ ഈ അവസ്ഥ നേരത്തെ തിരിച്ചറിയുന്നതിനും അടിസ്ഥാനപരമായ കാരണത്തിനുള്ള ചികിത്സ തുടങ്ങുന്നതിനും സഹായകമാവും.
സങ്കീർണതകൾ
മുലക്കണ്ണിൽ നിന്നുള്ള സ്രവം പിറ്റ്യൂറ്ററി ട്യൂമർ അല്ലെങ്കിൽ മാറിടത്തിലെ ക്യാൻസറിന്റെ (സ്തനാർബുദം) ലക്ഷണമാകാം. മുലക്കണ്ണിനു വരുന്ന നിറവ്യത്യാസം (ചർമ്മത്തിൽ) പാജറ്റ്സ് രോഗം മൂലമാകാം.
അടുത്ത നടപടികൾ
പരിശോധനാ ഫലങ്ങൾ സ്വാഭാവികമാണെങ്കിൽ, നിങ്ങൾ ഒരു ശാരീരിക പരിശോധന കൂടി നിർബന്ധമായും നടത്തണം. അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു മാമ്മോഗ്രാം കൂടി നടത്തേണ്ടതും അത്യാവശ്യമാണ്.
അപകട സൂചനകൾ
മാറിടത്തിൽ മുഴ ഉണ്ടെങ്കിലും മുലക്കണ്ണിൽ നിന്ന് രക്തം കലർന്ന സ്രവം വരുന്നുണ്ട് എങ്കിലും നിങ്ങൾ ഉടൻ ഒരു ഡോക്ടറെ സന്ദർശിക്കേണ്ടതാണ്.
ജിം ശുചിത്വം, സ്ത്രീകൾ അറിയേണ്ടത് (Gym Hygiene For Women)
ദൈനംദിന ജോലികൾക്ക് ഒപ്പം ആരോഗ്യപരിപാലനത്തിന് സമയം കണ്ടെത്തുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം അൽപ്പം പ്രയാസമുള്ള കാര്യം തന്നെയാണ്. ദിവസവും 45 മിനിറ്റ് നേരം ജിമ്മിൽ ചെലവഴിക്കാനായി മാറ്റിവയ്ക്കുക എന്നത് പലപ്പോഴും അവരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായിരിക്കും.
തടസ്സങ്ങളെയെല്ലാം മറികടന്ന് ജിമ്മിൽ പോകാൻ സമയം കണ്ടെത്തിയെങ്കിൽ തീർച്ചയായും നിങ്ങൾ അഭിനന്ദനാർഹയാണ്! ജിമ്മിൽ പോകുന്ന സമയത്തും ശേഷവും ചേയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ നിങ്ങൾ വായിച്ചു മനസ്സിലാക്കിയിരിക്കും. എന്നാൽ, ജിമ്മിൽ പോകുമ്പോൾ പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ നിങ്ങൾ അവഗണിക്കാൻ സാധ്യതയുണ്ട്. ശുചിത്വകാര്യത്തിൽ ഒരു സ്ത്രീ എന്ന നിലയിൽ നിങ്ങൾ ഊന്നൽ കൊടുക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
മുടിയുടെ സംരക്ഷണം: നിങ്ങൾ കൂടുതൽ വ്യായാമം ചെയ്യുമ്പോൾ കൂടുതൽ വിയർക്കുകയും മുടിയിൽ വിയർപ്പ് തങ്ങി നിന്ന് അത് ഭാരമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായി മാറുകയും ചെയ്തേക്കാം. അതിന് എന്തു ചെയ്യാൻ സാധിക്കും? ജിമ്മിൽ നിന്ന് ഇറങ്ങിയ ശേഷം കഴിവതും വേഗം മുടി കഴുകുകയും കണ്ടീഷൻ ചെയ്യുകയും വേണം. അല്ലെങ്കിൽ, നിങ്ങൾക്ക് ആരോഗ്യമുള്ള ശരീരവും അഴകില്ലാത്ത മുടിയും ആയിരിക്കും ലഭിക്കുക. മുടിയുടെ അവസ്ഥ നിങ്ങൾ അത് കൈകാര്യം ചെയ്യുന്ന രീതിയെ ആശ്രയിച്ചിരിക്കുമെന്ന് ഓർക്കുക.
- ജിമ്മിൽ വ്യായാമം തുടങ്ങുന്നതിനു മുമ്പ് അൽപ്പം ഡ്രൈ ഷാമ്പൂ മുടിവേരുകളിൽ പുരട്ടുന്നത് നന്നായിരിക്കും. ഇത് അധികമായുണ്ടാവുന്ന ഈർപ്പം വലിച്ചെടുക്കുകയും മുടിയെ വിയർപ്പിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
- വ്യായാമത്തിനു ശേഷം മുടി ഇളം ചൂടുവെള്ളത്തിൽ കഴുകുകയും ഒരു ക്ളെൻസിംഗ് കണ്ടിഷനർ ഉപയോഗിക്കുകയും ചെയ്യുക. കൈയിൽ ക്ളെൻസിംഗ് കണ്ടീഷനർ ഇല്ലെങ്കിലും ഡ്രൈ ഷാമ്പൂ പുരട്ടിയിട്ടുണ്ടെങ്കിൽ അത് സഹായകമാവും. തലകഴുകുമ്പോൾ എണ്ണമയവും വിയർപ്പും കുതിർത്തു കളയാൻ ഷാമ്പൂ സഹായിക്കും.
- പോണിടെയിൽ വേണ്ട – അതെ! ജിമ്മിൽ പോകുമ്പോൾ മിക്ക സ്ത്രീകളും തങ്ങളുടെ മുടി പോണിടെയിൽ രീതിയിൽ കെട്ടിവയ്ക്കാനാണ് ആഗ്രഹിക്കുന്നത്, എങ്കിലും അത് വേണ്ട. കാരണം അത് മുടി വേരുകൾക്കും മുടിയുടെ അരികുകൾക്കും സമ്മർദം നൽകും. സാധാരണ ബണ്ണും തുണികൊണ്ടുള്ള ഹെഡ്ബാൻഡും അല്ലെങ്കിൽ ഫിഷ് ടെയിൽ, തുടങ്ങിയവയാവും വ്യായാമത്തിന് അനുസൃതമായിട്ടുള്ളവ.
ആർത്തവ സമയത്ത് വർക്കൗട്ട് നടത്താമോ? : പഴമക്കാർ പറയുന്നത് കേട്ട് വളർന്ന നമുക്ക് ആർത്തവസമയത്ത് വ്യായാമം ചെയ്യുന്നതിനെ കുറിച്ച് പല മിഥ്യാധാരണകളും ഉണ്ടായിരിക്കും. ആർത്തവ സമയത്ത് ഉത്കണ്ഠ, അസ്വസ്ഥത, ഭക്ഷണത്തോടുള്ള അമിത താല്പര്യം, വിഷാദം തുടങ്ങിയ അവസ്ഥകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സമയത്ത് വ്യായാമം ചെയ്യുന്നത് അത്ര സുഖകരമായ കാര്യമല്ലായിരിക്കാം. എന്നാൽ, വ്യായാമം ചെയ്യുന്നത് സ്വാഭാവിക വേദനാസംഹാരിയായ എൻഡോർഫിനുകൾ ഉത്പാദിപ്പിക്കാൻ കാരണമാവുമെന്ന കാര്യം മനസ്സിലാക്കുക. അതിനാൽ, അടുത്ത തവണ ആർത്തവ സമയത്ത് ജിമ്മിൽ നിന്ന് വിട്ടുനിൽക്കാൻ ഉപദേശിക്കുന്നവരോട് ഇനി പറയുന്ന ചോദ്യം ചോദിക്കുക – ആർത്തവം തുടങ്ങിയെന്ന കാരണത്താൽ വനിതാ കായിക താരങ്ങൾ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാറുണ്ടോ?
ആർത്തവ സമയത്ത് അൽപ്പം കരുതൽ: സാനിറ്ററി പാഡുകൾ തുടയിൽ ഉരഞ്ഞ് തടിക്കുന്നത് ആർത്തവ സമയത്ത് മിക്ക സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ്. പാഡുകൾക്ക് പകരം ടാമ്പണുകൾ ഉപയോഗിക്കുന്നത് പ്രശ്നരഹിതമായി രക്ത്രസ്രാവത്തെ നേരിടാനും ജിമ്മിൽ വ്യായാമം ചെയ്യുന്നത് കൂടുതൽ ആസ്വാദ്യകരമാക്കാനും സഹായിക്കും. ടാമ്പണുകൾ ഉപയോഗിക്കുന്നത് സുഖകരമായി തോന്നാത്തവർ തുടയിടുക്കിൽ പെട്രോളിയം ജെല്ലി പുരട്ടുന്നത് ചർമ്മം ഉരഞ്ഞ് തടിക്കാതിരിക്കാൻ സഹായിക്കും.
ജിമ്മും ആഭരണങ്ങളും: ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ വിവാഹ മോതിരവും താലിമാലയും എങ്ങനെ ഊരിവയ്ക്കും എന്ന് ആശങ്കപ്പെടുന്ന സ്ത്രീകളുണ്ട്. ചില ആഭരണങ്ങൾ ഒരിക്കലും ഊരാത്തതോ അല്ലെങ്കിൽ അതിന് അനുവദിക്കാത്തതോ ആയിരിക്കാം. എന്നാൽ, ജിമ്മിൽ പോകുന്ന സമയത്ത് ആഭരണങ്ങൾ ഇടാതിരിക്കുകയാണ് ഏറ്റവും ഉത്തമം. ഇത് വ്യായാമം ചെയ്യുമ്പോൾ അപകടമുണ്ടാക്കിയേക്കാം എന്നതിനെക്കാളുപരി ആഭരണങ്ങൾക്കടിയിൽ വിയർപ്പും അണുക്കളും അടിഞ്ഞ് ഭാവിയിൽ പലതരം ചർമ്മ അണുബാധകൾക്ക് കാരണമായേക്കാം.
നഖ സംരക്ഷണം: നീളമുള്ളതും ചായം പൂശിയതുമായ നഖങ്ങളാണ് സ്ത്രീകൾ ഇഷ്ടപ്പെടുന്നത്. എന്നാൽ അവ പരിപാലിക്കാൻ ബുദ്ധിമുട്ടാണ്. വ്യായാമം ചെയ്യുമ്പോൾ നീണ്ട നഖങ്ങൾക്ക് കേടുപറ്റുമെന്ന് മാത്രമല്ല അവ നെയിൽ ബെഡിൽ പരുക്ക് ഏൽപ്പിക്കുകയും ചെയ്യും. നിങ്ങളുടെ നഖങ്ങൾ വെട്ടി ചെറുതാക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. ഇത് നഖത്തിനടിയിൽ സൂക്ഷ്മ ജീവികൾ വളരുന്നതിനെ പ്രതിരോധിക്കാനും സഹായിക്കും.
ശരിയായ അടിവസ്ത്രം: പാകത്തിലുള്ള ഒരു സ്പോർട്സ് ബ്രാ ധരിക്കുന്നത് ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ നിങ്ങളുടെ മാറിടങ്ങൾക്ക് ശരിയായ സംരക്ഷണം നൽകും.
സ്വന്തം മാറ്റ് ഉപയോഗിക്കുക: നിലത്ത് കിടന്നുകൊണ്ട് ചെയ്യുന്ന വ്യായാമങ്ങളിൽ ഏർപ്പെടുന്നുണ്ട് എങ്കിൽ നിങ്ങൾ സ്വന്തം മാറ്റിൽ വേണം കിടക്കേണ്ടത്. ജിമ്മിൽ ലഭ്യമാകുന്ന മാറ്റുകൾ കഴിവതും ഉപയോഗിക്കാതെയിരിക്കുക.
സ്ത്രീകൾ വ്യായാമം ചെയ്യാൻ തയ്യാറാവുക, എന്നാൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ മറക്കരുത്.
കടപ്പാട്-www.modasta.com