സ്തനത്തിലെ ഡക്റ്റുകളിൽ (പാൽ പുറത്തേക്ക് എത്തിക്കുന്ന നാളികൾ) ഉണ്ടാകുന്ന ചെറിയതരം വളർച്ചകളാണ് ഇൻട്രാ ഡക്റ്റൽ പാപ്പിലോമ. ഇതു നിപ്പിൾ ഡിസ്ചാർജിന് ഇടയാക്കുന്നു. സാധാരണയായി 30നും 55നും ഇടയിൽ പ്രായമുള്ളവരിലാണ് ഇൻട്രാ ഡക്റ്റൽ പാപ്പിലോമ ഉണ്ടാകുന്നത്. എന്നാൽ, ക്രോണിക് ഫൈബ്രോസിസ്റ്റിക് മാസ് സ്റ്റൈറ്റിസ് ഉള്ളവർക്ക് ചെറിയ പ്രായത്തിലേ (ഏതാണ്ട് 25 വയസ് മുതൽ)ഇൻട്രാ ഡക്റ്റൽ പാപ്പിലോമയ്ക്കു സാധ്യത കൂടുതലാണ്. ഇതു സർജറിയിലൂടെ നീക്കം ചെയ്യാം. പക്ഷേ, തുടർ ചികിത്സ ആവശ്യമില്ലെങ്കിലും ഇവർ വിദഗ്ധ ചികിത്സകന്റെ തുടർ നിരീക്ഷണങ്ങളിലായിരിക്കണം.
ഇൻട്രാ ഡക്റ്റൽ പാപ്പിലോമ സാധാരണയായി സ്തനാർബുദസാധ്യത വർധിപ്പിക്കില്ല. എന്നാൽ, ഇൻട്രാ ഡക്റ്റൽ പാപ്പിലോമയിൽ അസാധാരണ പ്രത്യേകതകളുള്ള കോശങ്ങളുണ്ടെങ്കിലോ സമീപമുള്ള കോശങ്ങളിൽ ഡക്റ്റൽ കാൻസിനോമ കൂടി ഉണ്ടെങ്കിലോ ഇൻവേസീവ് ടൈപ്പിലുള്ള (സമീപകോശങ്ങളിലേക്കു വ്യാപിക്കുന്ന തരം) സ്തതനാർബുദത്തിനു സാധ്യത കൂടുന്നു. സാധാരണയായി ഡക്റ്റൽ കാൻസിനോമയിൽ മിൽക്ക് ഡക്റ്റിൽ വളരുന്ന കാൻസർ കോശങ്ങൾ അതിനുപുറത്തു കടന്ന് സമീപകോശങ്ങളിലേക്കോ മറ്റ് അവയവങ്ങളിലേക്കോ വ്യാപിക്കുന്നില്ല (Early brest cancer).
കാൻസർ അല്ലാത്ത (benign) കട്ടിയേറിയ ട്യൂമറുകളാണ് ഫൈബ്രോ അഡിനോമ. മാർദവമുള്ളതോ റബ്ബർ പോലെയുളളതോ കട്ടിയേറിയേറിയതോ ആയ മുഴ. സ്തന കോശങ്ങൾക്കിടയിൽ അനായാസം ചലിക്കാൻ ഇവയ്ക്കു കഴിയും. കൗമാരക്കാരിലും യുവതികളിലുമാണ് ഫൈബ്രോഅഡിനോമ സാധാരണയായി കാണപ്പെടുന്നത്.
15നും 35നും ഇടയിൽ പ്രായമുളളവരിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. മിക്ക ഫൈബ്രോഅഡിനോമകളും സ്തനാർബുദസാധ്യത കൂട്ടുന്നില്ല. വേദന ഉളവാക്കുന്നില്ലെങ്കിൽ സർജറി നടത്തി നീക്കേണ്ട ആവശ്യമില്ല. എന്നിരുന്നാലും ഫൈബ്രോഅഡിനോമ വലുതാവുകയോ ശാരീരിക അസ്വസ്‌ഥതകൾക്ക് ഇടയാക്കുകയോ ആണെങ്കിൽ അതു സർജറിയിലൂടെ നീക്കുകയാണ് ഉത്തമം. ഭാവിയിലെ മുലയൂട്ടലിനു വിഘാതമായി നിപ്പിളിനു കീഴെയാണു ഫൈബ്രോ അഡിനോമ സ്‌ഥിതിചെയ്യുന്നതെങ്കിൽ അതു മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. (തുടരും)
ഡോ.തോമസ് വർഗീസ് MS FICS(Oncology)FACS സീനിയർ കൺസൾട്ടന്റ്
തയാറാക്കിയത്: ടി.ജി.ബൈജുനാഥ്
കടപ്പാട്: ദീപിക
അവസാനം പരിഷ്കരിച്ചത് : 5/27/2020
കൂടുതല്‍ വിവരങ്ങള്‍
ആർത്തവം കൂടുതൽ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
വിവിധ ഗർഭകാല ആരോഗ്യ വിവരങ്ങൾ