Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഗർഭകാലം ആനന്ദകരമാക്കാം

ഗർഭകാലത്തുണ്ടാകുന്ന വിവിധ പ്രശ്നനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ

വ്യായാമം, ധ്യാനം

ഗര്‍ഭിണികളെ വീടിന് പുറത്ത് വിടാന്‍ പലര്‍ക്കും ഭയമാണ്. സത്യത്തില്‍ എന്നും പ്രഭാതത്തില്‍ കുറച്ച് ദൂരം നടക്കുന്നത് വളരെ നല്ലതാണ്. രാവിലത്തെ ഇളംചൂടുള്ള സൂര്യപ്രകാശം ഗര്‍ഭിണിയുടെ വയറില്‍ പതിക്കുന്നത് ആരോഗ്യകരംതന്നെ. ശരീരത്തിനാവശ്യമായ പല ധാതുക്കളും സൂര്യപ്രകാശത്തിലുണ്ട്. വൈകീട്ടോ രാവിലെയോ കുറച്ച് സമയം ധ്യാനം (മെഡിറ്റേഷന്‍) ശീലിക്കുന്നതും വളരെ ഗുണം ചെയ്യും. സ്വസ്ഥമായ ഒരു മുറിയില്‍, നല്ല വെളിച്ചവും ശുദ്ധവായുവുമുള്ള അന്തരീക്ഷത്തില്‍ കുറച്ച് നേരം ഏകാഗ്രമായിരിക്കുക. പോസിറ്റീവായി ചിന്തിക്കുക. ഗര്‍ഭത്തിലെ കുഞ്ഞിനോട് സംസാരിക്കുന്നത് പോലെയിരിക്കും ഈ അനുഭവം. നല്ല ശാന്തമായ സംഗീതം കേട്ടിരിക്കുന്നതും നല്ലത്. 

ഗര്‍ഭിണി അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം കഴിക്കണം എന്ന് പഴമക്കാര്‍ പറയും. സത്യമാണ്. രുചി തോന്നുന്നതുതന്നെ കഴിക്കാം. പക്ഷേ, വലിയ അളവില്‍ വാരി വലിച്ച് കഴിച്ചാല്‍ തടി കൂടും. ഷുഗര്‍, ബി.പി., കൊളസ്‌ട്രോള്‍പോലുള്ള അനുബന്ധരോഗങ്ങളും പിടിപെടും. ചിലര്‍ക്ക് മത്സ്യം തീരെ കഴിക്കാന്‍ സാധിക്കില്ല. അപ്പോള്‍ ആ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ഇഷ്ടമുള്ളത് കഴിക്കാം എന്ന് കരുതി മധുരപലഹാരങ്ങള്‍ അമിതമായി കഴിക്കേണ്ട. പ്രമേഹസാധ്യതതന്നെ പ്രശ്‌നം. ഒരു കലോറിചാര്‍ട്ട് ഉണ്ടാക്കി നിത്യഭക്ഷണം ക്രമീകരിക്കുകയാണ് നല്ല വഴി.

നാടന്‍ഭക്ഷണം, വീട്ടില്‍തന്നെ ഉണ്ടാക്കുന്ന വിഭവങ്ങള്‍തന്നെ കഴിക്കുക. ചൈനീസ് ഫുഡ് തീര്‍ത്തും ഒഴിവാക്കണം. വെള്ളം ധാരാളം കുടിക്കണം. ദിവസം 8-12 ഗ്ലാസ് എന്ന തോതില്‍. വെള്ളം ശരിക്ക് ശരീരത്തിലെത്താത്തതിനാലാണ് ചിലര്‍ക്ക് എപ്പോഴും തലവേദന വരുന്നത്. 
വീട്ടില്‍ വെറുതെ കിടന്ന് കഴിച്ചുകൂട്ടുന്നത് തടി കൂട്ടും, അലസത വര്‍ധിപ്പിക്കും. എന്തിലെങ്കിലും മുഴുകുന്നതാണ് ഗര്‍ഭിണികളുടെ മാനസികാരോഗ്യത്തിനും നല്ലത്. ''ഒരിക്കല്‍ ഒരു ഗര്‍ഭിണി പറഞ്ഞു; 'ഞാന്‍ നല്ലോണം പഠിക്കുമായിരുന്നു' എന്ന്. ഏതെങ്കിലും ഒരു പുതിയ ഭാഷ പഠിക്കാന്‍ ഞാനവരോട് നിര്‍ദേശിച്ചു. ഗര്‍ഭകാലത്ത് അവര്‍ ജര്‍മന്‍ഭാഷ പഠിച്ചുതുടങ്ങി. പിന്നീട് കാണുമ്പോഴെല്ലാം ഉത്സാഹഭരിതയായിരുന്നു അവര്‍. തലച്ചോറ് ചടുലമായി പ്രവര്‍ത്തിച്ചതിന്റെ ഫലം. പഠിക്കുമ്പോള്‍ തലച്ചോറ് സജീവമാവുകയാണല്ലോ''- പ്രിയങ്ക ചൂണ്ടിക്കാട്ടി. ഇഷ്ടമുള്ള ഏതെങ്കിലും ഹോബി തെരഞ്ഞെടുക്കുക. വരയ്ക്കാനാണ് ഇഷ്ടമെങ്കില്‍ പെയിന്റിങ്ങോ ഡ്രോയിങ്ങോ ചെയ്യുക. തുന്നല്‍, കൗതുകവസ്തുനിര്‍മാണം, എഴുത്ത് എന്നിങ്ങനെ.

പേടി വേണ്ടേ വേണ്ട

ഗര്‍ഭിണിയായാല്‍ പിന്നെ പ്രസവത്തെക്കുറിച്ചാണ് പേടി മുഴുവനും. പ്രസവവേദനയെക്കുറിച്ചും മറ്റും. ഭയത്തെ ഇല്ലാതാക്കാനുള്ള നല്ല വഴിഭയപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കുകയാണ്. പ്രസവത്തിന്റെ വിവിധ വശങ്ങള്‍, ശസ്ത്രക്രിയ ഉണ്ടെങ്കില്‍ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍, ലേബര്‍ റൂമിലെ ഉപകരണങ്ങളുടെ ഉപയോഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

പ്രസവവേദന വരുന്നതും കാത്തിരിക്കരുത്. പലരും ഉത്കണ്ഠാകുലരായി കിടക്കുകയാണ് പതിവ്. മറ്റുള്ളവരോട് സംസാരിക്കുകയും മുറിയില്‍ നടക്കുകയും ചെയ്യണം. ഇത് പ്രസവവേദന എളുപ്പം വരാന്‍ സഹായിക്കും. ലേബര്‍ റൂമില്‍ ഭര്‍ത്താവും ഉണ്ടാവുന്നത് ഇപ്പോള്‍ സാധാരണമാണ്. അത് സ്ത്രീക്ക് മാനസികപിന്തുണ നല്‍കും.

ഗര്‍ഭകാലത്ത് സ്ത്രീക്ക് സന്തോഷം നല്‍കാന്‍ കുടുംബാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭര്‍ത്താവിന്റെ ശ്രദ്ധയും പരിചരണവും അവര്‍ പ്രത്യേകം ആഗ്രഹിക്കുന്ന സമയമാണിത്.

പ്രഗ്‌നന്‍സി ഫാഷന്‍

സ്റ്റൈലിഷ് ആയ വസ്ത്രധാരണം ഗര്‍ഭകാലത്തും സാധിക്കും. നല്ല ഷെയ്പ്പുള്ള കുര്‍ത്തകളും ടോപ്പുകളും ട്യൂണിക്കുകളും ഗര്‍ഭിണികള്‍ക്ക് ഉപയോഗിക്കാം. വയറില്‍ മുറുകാതെ നില്‍ക്കുന്ന സ്‌ട്രെച്ച് ജീന്‍സ് നല്ലത്. ഒഴുകിക്കിടക്കുന്ന ജോര്‍ജറ്റ്, ഷിഫോണ്‍ തുണിത്തരങ്ങള്‍ ഭംഗി നല്‍കും. ശരീരത്തിന് സുഖകരം കോട്ടണ്‍, ബനിയന്‍ തുണിത്തരങ്ങളാണ്. പലതരം ഫ്രോക്കുകള്‍ പ്രെഗ്‌നന്‍സി ഫാഷനില്‍ വരുന്നു. ടോപ്പും ലെഗ്ഗിന്‍സും നല്ലത്.

വാട്ടര്‍ ബര്‍ത്ത് കേരളത്തിലും

കേരളത്തില്‍ പിറന്ന ആദ്യത്തെ 'വാട്ടര്‍ ബേബി' ആണ് ജാന്‍വി. മാവേലിക്കര സ്വദേശികളായ ഹണി-സോണി ദമ്പതികളുടെ കുഞ്ഞ്. കഴിഞ്ഞ ജനവരി എട്ടിന് എറണാകുളം പി.വി.എസ് ആശുപത്രിയില്‍ വാട്ടര്‍ബര്‍ത്തിലൂടെയാണ് ജാന്‍വി ജനിച്ചത്. 

പലതരം പ്രസവ രീതികളില്‍ ഒന്നാണ് വാട്ടര്‍ ബര്‍ത്ത്. ശരീരോഷ്മാവിന് തുല്യമായ ചൂടില്‍ ശുദ്ധീകരിച്ച ജലം നിറച്ച ഒരു മിനി സ്വിമ്മിങ് പൂളിലാണ് പ്രസവം നടക്കുന്നത്. വെള്ളത്തില്‍ ഗര്‍ഭിണിയ്ക്ക് ഇഷ്ടംപോലെ ചലിയ്ക്കാന്‍ സാധിക്കുന്നു. തീരെ സ്ട്രസ്സ് ഇല്ലാതെ വരുന്നതിനാല്‍ പ്രസവം എളുപ്പമാവുന്നു. ഗര്‍ഭാവസ്ഥയില്‍ ഫ്ലയിഡിനകത്ത് കഴിയുന്നതിനാല്‍ ശിശുവിനും ജലത്തിലേക്കുള്ള പിറവി സുഖകരമാവുന്നു. ജനിച്ച ഉടന്‍ കുഞ്ഞിനെ വെള്ളത്തില്‍ നിന്ന് മാറ്റുന്നു. വാട്ടര്‍ബര്‍ത്തിന് തയ്യാറെടുക്കുന്ന ഗര്‍ഭിണി ആരോഗ്യവതിയായിരിക്കണം എന്നത് പ്രധാനം. കൂടാതെ ഈ രീതിയില്‍ താത്പര്യവും വേണം, ഗൈനക്കോളജിസ്റ്റ് ഡോ. അഗത മോണിസ് പറയുന്നു. വിദഗ്ധരുടെ സഹായത്തോടെ നടക്കുന്ന വാട്ടര്‍ബര്‍ത്തിന് ചെലവ് 35,000 രൂപയ്ക്ക് മുകളിലാണ്.

അമ്മയാകാന്‍ തയ്യാറെടുക്കുകയാണോ നിങ്ങള്‍? എങ്കില്‍ സംശയങ്ങളും വേവലാതികളും അനേകമുണ്ടാകും. ആരോഗ്യമുള്ള കുഞ്ഞിനു വേണ്ടി എന്ത് ചെയ്യണം? എന്ത് കഴിക്കണം? എങ്ങിനെ കിടക്കണം? ഇതൊക്കെയാവും നിങ്ങളുടെ മനസ്സില്‍. എന്നാല്‍, ഗര്‍ഭകാലത്തെ ദന്തസംരക്ഷണത്തെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍, അറിഞ്ഞോളൂ, ഗര്‍ഭകാലത്തെ ദന്തസംരക്ഷണം ആരോഗ്യകരവും സന്തോഷകരവുമായ ഗര്‍ഭകാലത്തിനു അത്യന്താപേക്ഷിതമാണ്. 

നാഡികളും സിരകളും ധമനികളും അടങ്ങുന്ന ഒരു ശരീരഭാഗം തന്നെയാണ് പല്ലുകള്‍. അതുകൊണ്ട് തന്നെ മറ്റേതു ശരീരഭാഗത്തിനും കൊടുക്കുന്ന അതേ പ്രാധാന്യവും കരുതലും ഇവയ്ക്കും ആവശ്യമാണ്.

നിങ്ങളുടെ ആരോഗ്യത്തിനു മാത്രമല്ല നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനും ദന്തരോഗങ്ങള്‍ ഭീഷണിയാണ്. ഗുരുതരമായ മോണരോഗങ്ങള്‍ ഉള്ളവരുടെ കുഞ്ഞുങ്ങള്‍ക്ക് പ്രിമച്വര്‍ ബര്‍ത്ത് അഥവാ അകാല പിറവി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മാത്രമല്ല, കുഞ്ഞുങ്ങളുടെ തൂക്കക്കുറവിനും മോണരോഗങ്ങള്‍ കാരണമാകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. 

രോഗാണുക്കള്‍ രക്തത്തില്‍ കലരുകയും അവ പുറപ്പെടുവിക്കുന്ന എന്‌ടോ ടോക്‌സിനുകള്‍ ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുകയും ചെയ്യും. മോണവീക്കവും മോണരോഗങ്ങളും ചികിത്സിക്കതെയിരുന്നാല്‍ ക്രമേണ അവ ഗുരുതരമായി ഹൃദയം, ശ്വാസകോശം, പാന്‍ക്രിയാസ്, അസ്ഥികള്‍ തുടങ്ങിയവയെ ബാധിച്ചേക്കാം.

ഗര്‍ഭകാലത്ത് സാധാരണയായി കാണുന്ന ദന്തരോഗങ്ങള്‍

ദന്തക്ഷയം

പല്ലിലും മോണയിലും പറ്റിപ്പിടിക്കുന്ന ഭക്ഷണസാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, സുക്ക്രോസ് തുടങ്ങിയ അന്നജങ്ങള്‍ രോഗാണുക്കളുടെ പ്രവര്‍ത്തനഫലമായി വിഘടിച്ച് ബ്യൂട്ടറിക്, ലാക്റ്റിക്, ഫോര്‍മിക് തുടങ്ങിയ അമ്ലങ്ങള്‍ രൂപപ്പെടുന്നു. അവ പല്ലിന്റെ കടുപ്പം കൂടിയ ഭാഗങ്ങളില്‍ അടങ്ങിയിരിക്കുന്ന ലവണങ്ങളെ നിര്‍ലവണീകരണത്തിനു വിധേയമാക്കുന്നു. അന്നജത്തിന്റെ ഘടകങ്ങളും അണുക്കളും ചേര്‍ന്നുണ്ടാകുന്ന പ്ലാക്കിനടിയില്‍ ഉണ്ടാകുന്ന അമ്ലങ്ങള്‍ക്ക് ഉമിനീരുമായി കലര്‍ന്ന് സാന്ദ്രത കുറയാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ ഇവ പല്ലുകളെ ക്രമേണ ദ്രവിപ്പിക്കുന്നു. ഇതിനെയാണ് ദന്തക്ഷയം എന്ന് നാം വിളിക്കുന്നത്.
കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ ക്രമേണ അണുക്കള്‍ പല്ലിന്റെ മജ്ജയിലേക്ക് കടക്കുകയും കടുത്ത വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇത്തരത്തില്‍ വേദന ആരംഭിച്ച പല്ലുകളെ നിലനിര്‍ത്തുന്നതിന് താരതമ്യേന ചിലവുകൂടിയ ചികിത്സകള്‍ക്കു (ഉദാഹരണത്തിന്, റൂട്ട് കനാല്‍ ചികിത്സ) വിധേയമാകേണ്ടി വരും. ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും ദന്തക്ഷയത്തില്‍ പ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. ഗര്‍ഭകാലത്ത് ചര്‍ദ്ദി ഉണ്ടാവുക സ്വാഭാവികമാണ്. ചര്‍ദ്ദിയിലൂടെ വായിലെത്തുന്ന ആസിഡ് പല്ലുകളില്‍ പ്രവര്‍ത്തിക്കുന്നതും ദന്തക്ഷയത്തിനു കാരണമാകാറുണ്ട്.

മോണരോഗങ്ങള്‍

ഗര്‍ഭകാലത്ത് പ്രോജെസ്‌റ്റെറോണ്‍ ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ കൂടുതലായിരിക്കും. ഇത് മോണയെ കൂടുതല്‍ മൃദുലമാക്കുകയും മോണയിലേക്കുള്ള രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.ആരോഗ്യവും ശുചിത്വവും ഉള്ള മോണകളില്‍ നിന്ന് രക്തസ്രാവം ഉണ്ടാകാറില്ലെങ്കിലും ജിന്ജിവൈറ്റിസ് അഥവാ മോണ വീക്കം ഉള്ള ഗര്‍ഭിണികളില്‍ മോണയില്‍ നിന്നുള്ള അമിത രക്തസ്രാവത്തിന് ഇത് കാരണമാകും. പല്ലുകളില്‍ ഉണ്ടാകുന്ന പ്ലേക്ക് സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്യും.

ഇതിനു പുറമേ, ഗര്‍ഭകാലം പൊതുവേ രോഗപ്രതിരോധ ശേഷി കുറഞ്ഞ സമയമായതിനാല്‍ അണുബാധയ്ക്കും മോണരോഗങ്ങള്‍ക്കും ഉള്ള സാധ്യത വളരെ കൂടുതലാണ്. ചികിത്സിക്കതെയിരുന്നാല്‍ ജിന്‍ജിവൈറ്റിസ് ക്രമേണ കൂടുതല്‍ ഗുരുതരമായ പെരിയോഡോന്റൈറ്റിസ് എന്ന അവസ്ഥയിലെത്തുന്നു. പല്ലിനെ ഉറപ്പിച്ചു നിര്‍ത്തുന്ന സ്‌നായുക്കള്‍ പഴുത്ത് പല്ലിനും മോണയ്ക്കും ഇടയില്‍ ചെറു അറകള്‍ രൂപപ്പെടും. ഇത് പല്ല് കൊഴിഞ്ഞു പോകുന്നതിനു പോലും കാരണമാകാറുണ്ട്.

ചുവന്നതും മൃദുലവുമായ മോണകള്‍,വായ്‌നാറ്റം, പല്ല് തേക്കുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവം തുടങ്ങിയവയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍.

ജിന്‍ജിവല്‍ ഹൈപര്‍പ്ലാസിയ

ചുരുക്കം ചില ഗര്‍ഭിണികളില്‍ കാണപ്പെടുന്ന ഒരു വായ രോഗമാണ് ജിന്‍ജിവല്‍ ഹൈപര്‍പ്ലാസിയ. മോണയിലെ കോശങ്ങള്‍ സാധാരണയിലും കൂടുതലായി വിഭജിക്കുന്നതാണ് ഇതിനു കാരണം. ഗര്‍ഭകാല ട്യൂമര്‍ എന്നറിയപ്പെടുന്ന ഇവ അര്‍ബുദമല്ലാത്ത ചെറു മുഴകള്‍ പോലെ കാണപ്പെടുന്നു. പ്ലേക്കും, ഉമിനീരിലെ മിനറലുകള്‍ പ്ലേക്കില്‍ ഒട്ടിപിടിച്ചുണ്ടാകുന്ന കാല്ക്കുലസും തന്നെയാണ് ഇതിനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതോടൊപ്പം ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും രോഗത്തെ സ്വാധീനിക്കുന്നു. വായ വൃത്തിയായി സൂക്ഷിക്കുക എന്നത് തന്നെയാണ് ഇതിനുള്ള പ്രതിവിധി. പലപ്പോഴും പ്രസവാനന്തരം മോണ പൂര്‍വ്വസ്ഥിതിയില്‍ എത്താറുണ്ട്.

ഗര്‍ഭകാല എപുലിസ്

ഗര്‍ഭകാലത്ത് വായില്‍ ഉണ്ടാകുന്ന അര്‍ബുദജന്യമല്ലാത്ത മുഴകളാണ് ഇത്. നാവിലോ വായുടെ മറ്റു ഭാഗങ്ങളിലോ വളര്‍ന്നുവരുന്ന മൃദുലമായ മുഴയാണ് എപുലിസ്. പ്രഗ്‌നന്‌സി ഗ്രാനുലോമ എന്ന പേരിലും ഇതറിയപ്പെടുന്നു. രക്തസ്രാവമുള്ള, എന്നാല്‍ വേദനയില്ലാത്ത ചുമന്ന മുഴകളായാണ് ഇവ കാണപ്പെടുന്നത്. അധികം പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ സാധാരണ ഇവ പ്രസവശേഷം ചുരുങ്ങി ഇല്ലാതെയാകും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത് ചികിത്സിക്കേണ്ടി വരും.

പല്ലുകളുടെ സൂക്ഷ്മസംവേദനക്ഷമത

ഗര്‍ഭകാലത്ത് പല്ലുകള്‍ കൂടുതല്‍ സെന്‌സിറ്റീവ് ആകാന്‍ സാധ്യതയുണ്ട്. ഗര്‍ഭകാലത്തെ ചര്‍ദ്ദി മൂലം വായിലെത്തുന്ന ആസിഡും വായ വൃത്തിയായി സൂക്ഷിക്കാത്തത് മൂലം അണുക്കള്‍ ഉണ്ടാക്കുന്ന ആസിഡും ആണ് ഇതിനു പ്രധാന കാരണം. ഭക്ഷണശേഷം പല്ല് ബ്രഷ് ചെയ്യതെയിരുന്നാല്‍ പല്ലിലെ ഡെന്റല്‍ പ്ലാക്കിലുള്ള അണുക്കള്‍ ഭക്ഷണപദാര്‍ഥങ്ങളുമായി പ്രവര്‍ത്തിക്കുന്നു. ഇതുമൂലമുണ്ടാകുന്ന ആസിഡിന്റെ പ്രവര്‍ത്തനം മൂലം ഇനാമല്‍ നശിച്ചു ഡെന്റിനുകള്‍ പുറത്തു വരുന്നതിനാലാണ് പല്ലുകള്‍ കൂടുതല്‍ സെന്‌സിറ്റീവ് ആകുന്നത്.

മുന്‍കരുതലുകള്‍ ഗര്‍ഭിണിയാകുന്നതിനു മുന്‍പേ

ഗര്‍ഭിണിയാകുന്നതിനു മുന്‍പ് തന്നെ ദന്ത സംരക്ഷണം ജീവിതചര്യയുടെ ഭാഗമാക്കുന്നതാണ് ഉത്തമം. അതോടൊപ്പം തന്നെ, ദന്ത രോഗങ്ങളോ മോണരോഗങ്ങളോ ഇല്ലെന്നു ഒരു ദന്തരോഗ വിദഗ്ധനെ കണ്ടു ഉറപ്പു വരുത്തുകയും വേണം. ഈ അവസരത്തില്‍ പല്ലുകള്‍ ഡോക്ടറുടെ സഹായത്തോടെ വൃത്തിയാക്കേണ്ടതാണ്. രോഗങ്ങള്‍ ഉണ്ടെങ്കില്‍ നേരത്തെ തന്നെ അവ ചികിത്സിച്ചു ഭേദമാക്കണം.

ഗര്‍ഭകാലത്തെ ദന്ത സംരക്ഷണം

ഭക്ഷണത്തിന് ശേഷം എല്ലായ്‌പ്പോഴും പല്ല് ബ്രഷ് ചെയ്യുവാന്‍ ശ്രദ്ധിക്കുക. അണുബാധ തടയുവാനും മോണരോഗങ്ങള്‍ ഒഴിവാക്കുവാനും ഇത് സഹായിക്കും. പല്ലുതേയ്ക്കുന്നത് ഗര്‍ഭകാലത്ത് പ്രഭാത അസ്വസ്ഥതകള്‍ക്ക് കാരണമാകുമെങ്കില്‍ രുചിയില്ലാത്ത പേസ്റ്റുകള്‍ ഉപയോഗിക്കുക.

ദന്ത സംരക്ഷണത്തില്‍ ഫ്ലോസ്സിങ് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പല്ലുകളുടെ ഇട വൃത്തായാക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ ശരിയായ രീതിയില്‍ ഇത് ചെയ്യേണ്ടത് അത്യാവശ്യമാണ്. പല്ലുകളുടെ ഇടയില്‍ ഫ്ലോസ്സിങ് ചെയ്യുമ്പോള്‍ പല്ലിടകളുടെ മുകള്‍ ഭാഗവും വശങ്ങളും ഉള്‍പ്പടെ വൃത്തിയാക്കുക.

പല്ലുകള്‍ മാത്രം വൃത്തിയാക്കിയാല്‍ പോര. വായ സംരക്ഷണത്തില്‍ പല്ലുകളും, മോണയും, നാക്കും ഒക്കെ ഉള്‍പ്പെടും. നാക്കു വൃത്തിയാക്കലും പ്രധാനം തന്നെയാണ്. ടങ് ക്ലീനറുകള്‍ ഉപയോഗിക്കുമ്പോള്‍ നാക്ക് പൊട്ടാനും ചോര വരാനും സാധ്യത ഉണ്ട്. മാത്രമല്ല രുചിയറിയുവാനുള്ള സൂക്ഷ്മ മുകളങ്ങള്‍ക്ക് നാശം സംഭവിക്കുകയും രുചിയറിയാനുള്ള കഴിവ് ക്രമേണ നശിക്കുകയും ചെയ്യും. അതിനാല്‍ ടൂത്ത് ബ്രഷ് കൊണ്ടു തന്നെ നാക്കും വൃത്തിയാക്കാം.

ഭക്ഷണകാര്യങ്ങളിലും ശ്രദ്ധിക്കുക. ഗര്‍ഭ കാലത്ത് ശരീരത്തിന് ധാരാളം കാത്സ്യം ആവശ്യമുള്ളതിനാല്‍ കാത്സ്യം അടങ്ങിയ ആഹാരം കഴിക്കുക. ഇത് പല്ലുകള്‍ ബലമുള്ളതാക്കുവാന്‍ സഹായിക്കും.പാലും പാലുത്പന്നങ്ങളായ വെണ്ണ, തൈര് എന്നിവയും കഴിക്കുന്നത് വളരെ നല്ലതാണ്. ഡോക്ടറുടെ നിര്‌ദേശ പ്രകാരം കാത്സ്യം സപ്ലിമെന്റുകളും കഴിക്കേണ്ടതാണ്. കാത്സ്യം, പ്രോട്ടീന്‍, ഫോസ്ഫറസ്, വൈറ്റമിന്‍ അ , ഇ , ഉ തുടങ്ങിയവ അടങ്ങിയ ഭക്ഷണം നിങ്ങളുടെ മാത്രമല്ല ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ദന്താരോഗ്യത്തിനും സഹായകമാണ്. 

ഗര്‍ഭിണികള്‍ക്ക് മധുര പലഹാരങ്ങള്‍ കഴിക്കാനുള്ള അവസരങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍, ഗര്‍ഭ കാലത്ത് കഴിവതും മധുര പലഹാരങ്ങള്‍ കുറയ്ക്കുക. വായിലെ ബാക്ടീരിയ പഞ്ചസാരയെ വിഘടിപ്പിപ്പിച്ച് ആസിഡ് ആക്കുകയും ഇത് പല്ലുകളെ നശിപ്പിക്കുകയും ചെയ്യും. മധുര പലഹാരങ്ങള്‍ കഴിക്കുകയാണെങ്കില്‍ ഭക്ഷണശേഷം പല്ല് തേയ്ക്കുവാന്‍ മറക്കരുത്.

ഗര്‍ഭിണികളിലെ ദന്ത ചികിത്സ

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ദന്തഡോക്ടറെ സന്ദര്‍ശിക്കുകയാണെങ്കില്‍ നിങ്ങള്‍ ഗര്‍ഭിണിയാണെന്ന കാര്യം അറിയിക്കുക. കാരണം കുഞ്ഞിന്റെ അവയവങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ആദ്യ മാസങ്ങളില്‍ കുഞ്ഞിനെ ദോഷകരമായി ബാധിച്ചേക്കാവുന്ന മരുന്നുകളോ ചികിത്സാരീതികളോ ഒഴിവാക്കുന്നതാണ് നല്ലത്.

ഗര്‍ഭകാലത്തെ ആദ്യത്തെ ഒന്നര മാസവും അവസാനത്തെ ഒന്നര മാസവും അത്യാവശ്യ ഘട്ടങ്ങളിലൊഴികെ പല്ല് പറിക്കുന്നത് പോലെയുള്ള ചികിത്സാരീതികള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. എന്നിരുന്നാലും മറ്റു അസ്വസ്ഥതകള്‍ ഒന്നുമില്ലെങ്കില്‍ റുട്ടീന്‍ ആയി ചെയ്യുന്ന ദോഷകരമല്ലാത്ത ദന്തസംരക്ഷണ മാര്‍ഗങ്ങളും ചികിത്സകളും ചെയ്യുന്നതിന് വിമുഖത കാണിക്കേണ്ട ആവശ്യമില്ല .

കേടു വന്ന പല്ലുകള്‍ ഗര്‍ഭകാലത്ത് അടയ്‌ക്കേണ്ടി വന്നാല്‍ വെള്ളി ഉപയോഗിച്ചുള്ള അടയ്ക്കല്‍ രീതി ഒഴിവാക്കേണ്ടതാണ്. പകരം താരതമ്യേന സുരക്ഷിതമായ കോമ്പസിറ്റ് ഫില്ലിങ്ങുകള്‍ ഉപയോഗിക്കുന്നതില്‍ തകരാറില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ എക്‌സ് റേ പരിശോധനയോ മറ്റോ ആവശ്യം വന്നാല്‍ ആധുനിക സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഗര്‍ഭിണിക്ക് വേണ്ട സംരക്ഷണം ഉറപ്പാക്കി ചെയ്യാവുന്നതാണ്. 

വായ്ക്കുള്ളിലെ ഏതു തരം അണുബാധയും തുടക്കത്തില്‍ തന്നെ ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കില്‍ അവ രക്തത്തില്‍ കലര്‍ന്ന് സ്ഥിതി കൂടുതല്‍ വഷളാക്കും. എന്നാല്‍ അടിയന്തിര സ്വഭാവമില്ലാത്തതും ദന്തല്‍ ചെയറില്‍ ഏറെ നേരം തുടര്‍ച്ചയായി ചിലവഴിക്കേണ്ടി വരുന്നതുമായ സൌന്ദര്യവര്‍ദ്ധക ചികിത്സകള്‍ പോലെയുള്ളവ പ്രസവ ശേഷം മാത്രം ചെയ്യുന്നതാണ് ഉത്തമം. 

ടെട്രാസൈക്ലിന്‍ പോലെയുള്ള ആന്റിബയോട്ടിക്കുകളും മറ്റു ചിലതരം മരുന്നുകളും ഗര്‍ഭകാലത്ത് പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ ഗര്‍ഭിണിയാണെങ്കിലോ ഗര്‍ഭിണിയാകാന്‍ സാധ്യത ഉണ്ടെങ്കിലോ അത് ദന്തഡോക്ടറെ അറിയിക്കേണ്ടതാണ്. 

ഗര്‍ഭകാലത്തെ ചെറിയ ചെറിയ മുന്‍കരുതലുകള്‍ ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. വൃത്തിയുള്ള വായും നല്ല പല്ലുകളും സൌന്ദര്യത്തിന്റെ മാത്രമല്ല, ആരോഗ്യത്തിന്റെയും ലക്ഷണമാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. വി. എന്‍ മനോജ് കുമാര്‍

കണ്‍സല്‍ട്ടന്റ് ദന്തല്‍ സര്‍ജന്‍
ഡോ. മനോജ്‌സ് ദന്തല്‍ ക്ലിനിക് 
ഗുരുവായൂര്‍ റോഡ്, പട്ടാമ്പി

ഗര്‍ഭിണികള്‍ വീട്ടിലും ചുറ്റുപാടും ജോലിസ്ഥലത്തുമൊക്കെ പല പദാര്‍ഥങ്ങളുമായി സ്ഥിരം സമ്പര്‍ക്കത്തിലാവാറുണ്ട്. ഇതില്‍ ചിലത് ചര്‍മം, ശ്വാസകോശം, അന്നനാളം എന്നിവയിലൂടെ ഉള്ളിലെത്തി അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. റേഡിയേഷന്‍, പുകവലി, മദ്യപാനം, കീടനാശിനികള്‍, രാസപദാര്‍ഥങ്ങള്‍, രോഗാണുക്കള്‍ തുടങ്ങിയവയെല്ലാം ഇതില്‍പെടും.

റേഡിയേഷന്‍

അക്‌സ്‌റേയും സിടി സ്‌കാനും അയേണൈസിങ് റേഡിയേഷന്‍ പുറത്തുവിടുന്നു, ഉയര്‍ന്ന അളവില്‍ അയേണൈസിങ് റേഡിയേഷന്‍ ഉപയോഗിച്ചാല്‍ കുഞ്ഞിന് അംഗവൈകല്യം, വളര്‍ച്ചക്കുറവ,് ഭാവിയില്‍ ലുക്കിമിയ സാധ്യത തുടങ്ങിയവയ്ക്ക് വഴിവെക്കും. സാധാരണ എക്‌സ്‌റേയിലും സിടി സ്‌കാനിലും പരിശോധനയ്ക്ക് നിശ്ചയിച്ച അളവില്‍ (diagnostic dose) മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അതുകൊണ്ട് ഗര്‍ഭാവസ്ഥയില്‍ ഒറ്റതവണ ചെയ്യുന്ന എക്‌സ്‌റേയോ സിടി സ്‌കാനോ സുരക്ഷിതമാണ്.

മദ്യപാനവും പുകവലിയും

മദ്യം എത്ര ചെറിയ തോതിലായാലും കുഞ്ഞിനെ ദോഷകരമായി ബാധിക്കും. മദ്യപാനമുള്ള അമ്മയുടെ രക്തത്തില്‍ നിന്നും പ്ലാസന്റ വഴി മദ്യം കുഞ്ഞിന്റെ രക്തത്തിലെത്തുന്നു. മദ്യത്തിലെ ചില രാസവസ്തുക്കള്‍ fetal alcohol syndrome എന്ന പ്രത്യേക തരം രോഗം കുഞ്ഞിനുണ്ടാക്കുന്നു. വളര്‍ച്ചക്കുറവ്, ബുദ്ധിമാന്ദ്യം, ലേണിങ് പ്രശ്‌നങ്ങള്‍, ഹൃദയ വാല്‍വ് തകരാറ്, നാഡീ വൈകല്യങ്ങള്‍ തുടങ്ങിയവയും കാണുന്നു.

ഗര്‍ഭിണിക്ക് പുകവലി ശീലമില്ലെങ്കിലും ഭര്‍ത്താവിന്റെ പുകവലി തത്തുല്യമായ ദോഷം ചെയ്യും. പുകവലിക്കുന്നവരുടെ സാമീപ്യം അപകടകരം തന്നെ. മറുപിള്ള നേരത്തെ വിട്ടു പോകുക, മാസം തികയാതെ പ്രസവിക്കുക, തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍ ജനിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടാകാം. പ്ലാസ്റ്റിക്കും റബ്ബറും കത്തുന്ന പുക ശ്വസിക്കുന്നത് ഗര്‍ഭിണികള്‍ക്ക് ദോഷകരമാണ്. കഴിയുന്നതും വീട്ടിനടുത്ത് വെച്ച് ഇവ കത്തിക്കരുത്. അത്തരം സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ അവിടെനിന്നും മാറി നില്‍ക്കുക.

അണുബാധകള്‍

ഗര്‍ഭിണികള്‍ക്ക് പിടിപെടുന്ന അണുബാധയുടെ തീവ്രത വളരെ കൂടുതലുമായിരിക്കും. ചില അണുബാധ അമ്മയെ വലുതായി ബാധിച്ചില്ലെങ്കിലും കുഞ്ഞിന് വളരെ ഹാനികരമാകും. ഉദാഹരണത്തിന് ടോക്‌സോപ്ലാസ്‌മോസിസ് (toxoplasmosis). ഇത് അണുബാധയേറ്റ വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജന വസ്തുക്കളില്‍ നിന്നോ, മാംസഭക്ഷണത്തില്‍ നിന്നോ പകരുന്നു. ഇത് ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളില്‍ വന്നാല്‍ കുഞ്ഞിനെ കണ്‍ജനിറ്റല്‍ ടോക്‌സോപ്ലാസ്‌മോസിസ് (congenital toxoplasmosis) എന്ന രോഗം ബാധിക്കുന്നു. കുഞ്ഞിന്റെ തലയില്‍ വെള്ളം കെട്ടിക്കിടക്കുക, അന്ധത, ജന്നി, കുഞ്ഞിന് തൂക്കക്കുറവ്, തുടങ്ങിയവ കാണുന്നു. വ്യക്തി ശുചിത്വം പാലിക്കുകയാണ് പ്രധാന പ്രതിരോധമാര്‍ഗം, ആഹാരത്തിനു മുമ്പ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ നന്നായി കഴുകുക, നന്നായി പാകം ചെയ്ത മാംസം മാത്രം ഭക്ഷിക്കുക. ഗര്‍ഭിണികള്‍ വളര്‍ത്തു മൃഗങ്ങളുമായി അടുത്തിടപഴകാതിരിക്കാന്‍ ശ്രദ്ധിക്കണം.

കീടനാശിനികള്‍

കീടനാശിനിയുടെ അംശം ശരീരത്തിലെത്തുന്നത്, ഗര്‍ഭമലസല്‍, കുഞ്ഞിന് വളര്‍ച്ചകുറവ് , നേരത്തേയുള്ള പ്രസവം, വൈകല്യങ്ങള്‍ തുടങ്ങിയവയ്ക്ക് വഴിവെക്കുന്നു, ജൈവ വളമിട്ട് ഉണ്ടാക്കുന്ന പച്ചക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക, നാടന്‍ കപ്പയും പയറും മുരിങ്ങയിലയും ഭക്ഷണത്തിലുള്‍പ്പെടുത്തുക.

രക്തസമ്മര്‍ദം

പ്രായപൂര്‍ത്തിയായ ഒരാളുടെ ബി.പി. 120/80 ആണ്. ഗര്‍ഭകാലത്ത് സാധാരണയായി ബി.പി. കുറയുകയും ഗര്‍ഭാവസാനം നോര്‍മല്‍ ആവുകയും ചെയ്യും. എന്നാല്‍ എപ്പോഴെങ്കിലും ബി.പി. 140/90 ഓ അതിലധികമോ ആയാല്‍ അമിത രക്തസമ്മര്‍ദമായി കണക്കാക്കാം. 

ഗര്‍ഭിണികളില്‍ പ്രധാനമായും മൂന്നു തരത്തിലാണ് അമിതരക്തസമ്മര്‍ദം കാണാറ്. ക്രോണിക് ഹൈപ്പര്‍ടെന്‍ഷന്‍, പ്രഗ്നന്‍സി ഇന്‍ഡ്യൂസ്ഡ് ഹൈപ്പര്‍ടെന്‍ഷന്‍, പ്രീ എക്ലാംസിയ. 

ക്രോണിക് ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവരില്‍ ഗര്‍ഭിണിയാകുന്നതിനു മുമ്പുതന്നെ ബി.പി. കൂടുതലായിരിക്കും. ഗര്‍ഭകാലത്തുണ്ടാവുന്ന ഹൈപ്പര്‍ടെന്‍ഷന്‍ ആണ് പ്രഗ്‌നന്‍സി ഇന്‍ഡ്യൂസ്ഡ് ഹൈപ്പര്‍ ടെന്‍ഷന്‍. 

ഇതില്‍ ഗര്‍ഭകാലത്തിന്റെ 5-ാം മാസം (20 ആഴ്ച) മുതല്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാവും. മറ്റു ലക്ഷണങ്ങള്‍ ഒന്നും കാണുകയുമില്ല. പ്രസവം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളില്‍ രക്തസമ്മര്‍ദം പൂര്‍വസ്ഥിതിയിലാകുകയും ചെയ്യും. ചിലപ്പോള്‍ പ്രഗ്‌നന്‍സി ഇന്‍ഡ്യൂസ്ഡ് ഹൈപ്പര്‍ടെന്‍ഷന്‍ കൂടുതല്‍ ഗുരുതരമായ പ്രീ എക്ലാംസിയ എന്ന സ്ഥിതിയിലേക്ക് നീങ്ങുകയും ചെയ്യും.

രക്തസമ്മര്‍ദം 160/110 ല്‍ താഴെയുള്ളത് മൈല്‍ഡ് എക്ലാംസിയയും 160/110 ഓ അതില്‍ കൂടുതലോ ഉള്ളത് സിവിയര്‍ എക്ലാംസിയയും. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ജീവനുതന്നെ ഭീഷണിയാകുന്ന എക്ലാംസിയ എന്ന രോഗത്തിന്റെ മുന്നോടിയാണ്. എക്ലാംസിയയില്‍ അമ്മയ്ക്ക് പനി വരികയും മറ്റ് പല അവയവങ്ങളുടെയും പ്രവര്‍ത്തനം അവതാളത്തിലാവുകയും ചെയ്യും.

സാധ്യത ആര്‍ക്കൊക്കെ

ആദ്യമായി ഗര്‍ഭം ധരിക്കുന്നവര്‍, അമ്മയ്‌ക്കോ സഹോദരിക്കോ ഗര്‍ഭാവസ്ഥയില്‍ രക്തസമ്മര്‍ദം കൂടുതലുണ്ടായിരുന്നവര്‍, കൗമാരഗര്‍ഭം, 35 വയസ്സിനു ശേഷമുള്ള ഗര്‍ഭം, ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുന്നവര്‍, മുമ്പ് ഗര്‍ഭാവസ്ഥയില്‍ പ്രീഎക്ലാംസിയ വന്നിട്ടുള്ളവര്‍, പ്രമേഹമുള്ളവര്‍, പോളിസിസ്റ്റിക് ഓവേറിയന്‍ ഉള്ളവര്‍, അമിതഭാരം, ഗര്‍ഭിണിയാവുന്നതിനു മുമ്പുതന്നെ ഹൈപ്പര്‍ ടെന്‍ഷന്‍ അല്ലെങ്കില്‍ കിഡ്‌നിക്ക് അസുഖമുള്ളവര്‍ ഇവര്‍ക്കൊക്കെ പ്രീ എക്ലാംസിയ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
അമിത രക്തസമ്മര്‍ദ്ദം (160 /110), ശരീരത്തില്‍ നീര് - പ്രധാനമായും മുഖം, കഴുത്ത്, കൈ എന്നിവിടങ്ങളില്‍, മൂത്രത്തില്‍ പ്രോട്ടീന്‍ നഷ്ടപ്പെടല്‍, മൂത്രം പോകുന്നതിന്റെ അളവ് കുറയുക, രക്തത്തില്‍ പ്ലേറ്റ്‌ലറ്റ് അണുക്കളുടെ എണ്ണം കുറയുക, കരള്‍ ഉല്‍പാദിപ്പിക്കുന്ന എന്‍സൈമുകള്‍ കൂടുക, കാഴ്ച മങ്ങല്‍, തലവേദന, വയറിന്റെ മുകളിലായി വേദന, ഓക്കാനം, ഛര്‍ദി, ക്രിയാറ്റിനിന്റെ അളവു കൂടുക, ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് തുടങ്ങിയവ സിവിയര്‍ എക്ലാംസിയയുടെ ലക്ഷണങ്ങളാണ്.

ഇതില്‍ തലവേദന, കാഴ്ച മങ്ങല്‍, വയറിന്റെ മുകളിലായി വേദന, ഓക്കാനം, ഛര്‍ദി എന്നിവ എക്ലാംസിയ ഗുരുതരാവസ്ഥയിലേക്കു പോകുന്നതിന്റെ ലക്ഷണമാണ്.

പ്രീ എക്ലാംസിയ ഉള്ളവരില്‍ ശരീരമാസകലമുള്ള രക്തക്കുഴലുകള്‍ ചുരുങ്ങുകയും തലച്ചോര്‍, കിഡ്‌നി, കരള്‍, കണ്ണ് തുടങ്ങിയവയിലേക്കുള്ള രക്തചംക്രമണം കുറയുകയും ചെയ്യും. അതിന്റെ ഫലമായി തലച്ചോറില്‍ രക്തസ്രാവം, കാഴ്ച നഷ്ടപ്പെടുക, ശ്വാസകോശത്തില്‍ നീര്‍ക്കെട്ട്, പെട്ടെന്നുള്ള ശ്വാസതടസ്സം, രക്തക്കുഴലില്‍ ക്ലോട്ട് ഉണ്ടാകുക, വൃക്കയുടെ പ്രവര്‍ത്തനം നശിക്കുക, കരള്‍ പൊട്ടിപ്പോകുക, പ്രസവത്തിനു മുമ്പുതന്നെ പ്ലാസന്റ ഗര്‍ഭപാത്രത്തില്‍നിന്നും വിട്ടുപോരുക, പ്രസവം കഴിഞ്ഞ് രക്തസ്രാവം, പെട്ടെന്ന് അബോധാവസ്ഥയിലേക്കു പോവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

പ്രീ എക്ലാംസിയ ഉണ്ടാകുമ്പോള്‍ പ്ലാസന്റയിലേയും ഗര്‍ഭപാത്രത്തിലേയും രക്തചംക്രമണത്തെ ബാധിക്കുന്നു. ഇതുമൂലം കുഞ്ഞിന് ആവശ്യമുള്ള ഓക്‌സിജനും പോഷകങ്ങളും കിട്ടാതെ വരുന്നു. ഇതിന്റെ ഫലമായി കുഞ്ഞിന് തൂക്കക്കുറവ്, വളര്‍ച്ച മുരടിക്കല്‍, അമ്‌നിയോട്ടിക് ദ്രവത്തിന്റെ കുറവ്, ഗര്‍ഭാശയത്തിനുള്ളില്‍ വെച്ചുതന്നെ മരണം തുടങ്ങിയവ സംഭവിക്കാം.

ചികിത്സ

അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം കൃത്യമായി നിരീക്ഷിക്കുകയും ബി.പി. പരിശോധിക്കുകയും വേണം. വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം കണ്ടുപിടിക്കുന്ന ടെസ്റ്റുകള്‍ വേണ്ടിവരും. മൂത്രത്തിന്റെ അളവ്, മൂത്രത്തിലെ പ്രോട്ടീന്‍, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍, ലിവര്‍ എന്‍സൈം, പ്ലേറ്റ്‌ലറ്റ്, ബ്ലഡ് ക്ലോട്ടിങ്, കണ്ണിന്റെ രക്തക്കുഴലിലുള്ള വ്യത്യാസം തുടങ്ങിയവ പരിശോധിക്ക ണം.
ചില പ്രത്യേക മരുന്നുകള്‍, കാല്‍സ്യം സപ്ലിമെന്റുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ നല്‍കിയാല്‍ അസുഖം ഒരു പരിധി വരെ തടയാനാകും.
നേരത്തെ രക്തസമ്മര്‍ദമുള്ളവര്‍ ഗര്‍ഭിണിയാകുന്നതിനു മുമ്പുതന്നെ ആഹാരനിയന്ത്രണവും വ്യായാമവും വഴി അമിതഭാരം കുറയ്ക്കണം.

ഇരട്ടകളാവുമ്പോള്‍

ഭൂരിഭാഗം ഗര്‍ഭധാരണവും ഏകഭ്രൂണമായി മാറി ഏകശിശുവായി വളരുന്നു. എന്നാല്‍ 80 ഗര്‍ഭിണികളില്‍ ഒരാള്‍ എന്ന കണക്കില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നു. ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നത് രണ്ടുവിധത്തിലാണ്. ഭൂരിഭാഗം ഇരട്ടകളും രണ്ടു വ്യത്യസ്ത അണ്ഡങ്ങള്‍ രണ്ടു വ്യത്യസ്ത ബീജങ്ങളുമായി ചേര്‍ന്ന് ഉണ്ടാവുന്നവയാണ്. എന്നാല്‍ നാല്‍പതു ശതമാനത്തോളം ഇരട്ടകള്‍ ഏക അണ്ഡവും ഏക ബീജവും ചേര്‍ന്നുണ്ടാവുന്ന ഏകഭ്രൂണം സ്വയം പിളര്‍ന്ന് രണ്ടായി മാറി ഇരട്ടകളാവുന്നു. 

രണ്ടു വ്യത്യസ്ത ഭ്രൂണങ്ങളായി വളര്‍ച്ച പ്രാപിക്കുന്ന ഇരട്ടകള്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ വെവ്വേറെ അറകളിലായി സ്ഥിതി ചെയ്യുന്നു. ഇവര്‍ക്ക് ഓക്‌സിജന്‍, വളരാന്‍ ആവശ്യമായ പോഷകം എന്നിവ എത്തിക്കാനായി സ്വന്തമായി വ്യത്യസ്ത മറുപിള്ളയും ഉണ്ടാവും. അതുകൊണ്ടുതന്നെ പ്രശ്‌നങ്ങളും താരതമ്യേന കുറവാണ്. ഏകഭ്രൂണം പിളര്‍ന്നുണ്ടാവുന്ന ഇരട്ടകളിലാണ് പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. 

ഏകഭ്രൂണം പിളര്‍ന്നു ഇരട്ടയാവുന്ന പ്രക്രിയ അതിസങ്കീര്‍ണമാണ്. മാത്രമല്ല ഗര്‍ഭകാലത്തു ഇരട്ടകളുടെ ഘടന, വളര്‍ച്ച, മറ്റുപ്രശ്‌നങ്ങള്‍ എന്നിവ നിര്‍ണയിക്കപ്പെടുന്നത് ഭ്രൂണം പിളരുന്ന സമയം അനുസരിച്ചാണ്. ഗര്‍ഭധാരണം നടന്ന് മൂന്നു ദിവസത്തിനുള്ളിലാണ് പിളരുന്നതെങ്കില്‍ രണ്ടു വ്യത്യസ്തശിശുക്കളായി വളരുന്നു. എന്നാല്‍ നാല് ദിവസത്തിനുശേഷമാണ് പിളരുന്നതെങ്കില്‍ പ്രശ്‌നങ്ങള്‍ ധാരാളമാണ്. കാരണം രണ്ടുപേര്‍ക്കും കൂടി ഒരു മറുപിള്ള മാത്രമേയുള്ളൂ. പങ്കുവെക്കപ്പെടുന്ന ഒറ്റ മറുപിള്ള മൂലമാണ് ഇത്തരം ഗര്‍ഭസ്ഥശിശുക്കളില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതും. 

ഏകഭ്രൂണം പിളര്‍ന്നുണ്ടാവുന്ന ശിശുക്കളില്‍ മറുപിള്ളയുടെ ഓരോഭാഗം, ഓരോ ഇരട്ടകള്‍ക്കും വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. ചില ഗര്‍ഭധാരണത്തില്‍ ഇവയിലെ രക്തക്കുഴലുകള്‍ ഒരേ ദിശയില്‍ ശിശുക്കളിലേക്ക് ഒഴുകുന്നതിനുപകരം, ഇവ തമ്മില്‍ ബന്ധം ഉണ്ടാവുന്നു. ഇതുമൂലം രക്തം വേണ്ട അളവില്‍ രണ്ടാള്‍ക്കും ലഭിക്കാതെ വരുന്നു. ഓക്‌സിജന്‍, പോഷകം എന്നിവ വേണ്ട അളവില്‍ ലഭിക്കാതെ വരുമ്പോള്‍ ശിശുക്കളുടെ വളര്‍ച്ചയേയും ജീവനെയും പ്രതികൂലമായി ബാധിക്കുന്നു. രക്തക്കുഴലുകള്‍ പരസ്പരം ഒന്നിക്കുന്നതുമൂലം ഒരാള്‍ക്കു ലഭിക്കേണ്ട രക്തം കൂടി മറ്റേ ഇരട്ടയിലേക്ക് ഒഴുകുന്നു. 

ദാതാവായ ശിശുവിന്റെ വളര്‍ച്ച കുറയുകയും അതിനു ചുറ്റുമുള്ള ദ്രാവകം കുറയുകയും ചെയ്യുന്നു. ഇതുമൂലം ആവശ്യപോഷണം, ഓക്‌സിജന്‍ ഇവ ലഭിക്കാതെ ദാതാവായ ശിശുവിന്റെ വളര്‍ച്ച മുരടിക്കുന്നു. പതിയെ മരണം സംഭവിക്കുകയും ചെയ്യുന്നു. അധികം രക്തം സ്വീകരിക്കേണ്ടിവരുന്ന ശിശു, അതു കൈകാര്യം ചെയ്യാനാവാതെ ക്രമേണ മരണത്തിലേക്ക് അടുക്കുന്നു. കൃത്യസമയത്ത് ഈ പ്രശ്‌നങ്ങള്‍ കണ്ടുപിടിച്ച് പരിഹരിക്കാനായാല്‍ ഇരട്ടകളെ രക്ഷപ്പെടുത്താനാവും.

പ്രശ്‌നങ്ങള്‍ കണ്ടെത്താം

ഗര്‍ഭം അഞ്ചു ആഴ്ചയാവുമ്പോള്‍ അതായത് മാസമുറ തെറ്റി ഒരാഴ്ച കഴിയുമ്പോള്‍ സ്‌കാന്‍ വഴി ഗര്‍ഭസ്ഥശിശുക്കളുടെ എണ്ണം നിര്‍ണയിക്കാനാവും. ആറാഴ്ച ആവുമ്പോഴേക്കും ഹൃദയമിടിപ്പും കാണാനാവും. ഇരട്ടകളാണെന്നു കണ്ടാല്‍ അവ ഏതുതരം ഇരട്ടകളാണെന്നും മൂന്നുമാസം ആവുന്നതിനുമുമ്പേ തിരിച്ചറിയേണ്ടതുണ്ട്. വിദഗ്ദ്ധനായ സോണോളജിസ്റ്റിന് ഇത് എളുപ്പം കണ്ടുപിടിക്കാനാവും. ഏകഭ്രൂണം പിളര്‍ന്നുണ്ടായ ഇരട്ടകളാണെന്നു മനസ്സിലാക്കിയാല്‍ നാല് മാസം തികയന്നതു മുതല്‍ ആഴ്ചയിലൊരിക്കല്‍ സ്‌കാന്‍ ചെയ്ത് ഇവയുടെ വളര്‍ച്ച, ഫ്ലായിഡി ന്റെ അളവ് എന്നിവ കൃത്യമായി മനസ്സിലാക്കണം. സംശയം തോന്നിയാല്‍ രക്തത്തിന്റെ ഒഴുക്ക് മനസ്സിലാക്കാനായി ഡോപഌ പരിശോധന വേണ്ടിവരും.

ആദ്യത്തെ മൂന്നുമാസം....ശ്രദ്ധിക്കുക

ഗര്‍ഭസ്ഥ ശിശുവിന്റെ അവയവ വളര്‍ച്ചയും രൂപപ്പെടലുകളും നടക്കുന്നത് ആദ്യത്തെ മൂന്നുമാസങ്ങളിലാണ്. ഈ സമയത്ത് യാത്ര, പ്രത്യേകിച്ച് ബസ്സിലും റോഡ് മാര്‍ഗമുള്ള യാത്ര കഴിവതും കുറയ്ക്കണം. ശരീരത്തിന് ആയാസമുണ്ടാകുംവിധമുള്ള യാത്രകള്‍ ഗര്‍ഭത്തിന്റെ സുരക്ഷയേയും വളര്‍ച്ചയേയും ബാധിക്കാനിടയുണ്ട്. 

ഈ ഘട്ടത്തില്‍ വൈറല്‍, ബാക്ടീരിയല്‍ അണുബാധകളൊന്നും വരാതെ നോക്കണം. വള്ളത്തിലൂടെയുണ്ടാകുന്ന അണുബാധകളും റൂബെല്ല പോലുള്ള വൈറസ് രോഗങ്ങളും ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ അസുഖങ്ങള്‍ എന്തെങ്കിലും വന്നാല്‍, ഗൈനക്കോളജിസ്റ്റിനെകണ്ട് ഗര്‍ഭസ്ഥശിശുവിന് ഒരു തരത്തിലും ഹാനികരമല്ലാത്ത പ്രത്യേക ഔഷധങ്ങള്‍ മാത്രം കഴിക്കണം. കഴിയുന്നതും മരുന്നുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. 

ഗര്‍ഭത്തിന്റെ തുടക്കത്തില്‍, ഗര്‍ഭത്തെ സംരക്ഷിച്ചു നിര്‍ത്തുകയും ഉറപ്പിക്കുകയും ചെയ്യുന്നതിന് പ്രത്യേകിച്ച് ഔഷധങ്ങളൊന്നും നല്‍കേണ്ടതില്ല. മിക്കവാറും ഗര്‍ഭിണികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഫോളിക് ആസിഡ് ഗുളികകള്‍ മാത്രം മതിയാകും ആദ്യഘട്ടത്തില്‍.

കുഞ്ഞിന്റെ പിറവിക്കായി നിങ്ങള്‍ കാത്തിരിക്കുകയാണ്. പ്രസവിക്കാനിരിക്കുന്ന കുഞ്ഞിനെ നമുക്ക് 'അച്ചു'വെന്ന് വിളിക്കാം....

കുഞ്ഞിന്റെ പിറവിക്കായി നിങ്ങള്‍ കാത്തിരിക്കുകയാണ്. പ്രസവിക്കാനിരിക്കുന്ന കുഞ്ഞിനെ നമുക്ക് 'അച്ചു' വെന്ന് വിളിക്കാം. പുറംലോകം സ്വപ്‌നംകണ്ട് ഗര്‍ഭപാത്രത്തിനകത്ത് കഴിയുകയാണ് അവനിപ്പോള്‍.... പ്രസവത്തിന്റെ ഒരോ ഘട്ടത്തിലും അച്ചു നേരിടുന്ന നിമിഷങ്ങള്‍ എങ്ങനെയാണെന്ന് അനുഭവിച്ചറിയാം. പ്രസവിക്കാനിരിക്കുന്ന ഓരോ അമ്മമാരും ഈ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടത് അനിവാര്യതയാണ്.....

ഒമ്പത് മാസവും ഏഴുദിവസവും, അതായത് 280 ദിവസങ്ങള്‍, അല്ലെങ്കില്‍ 40 ആഴ്ചയാണ് ഒരു കുഞ്ഞിന്റെ ഗര്‍ഭാശയ വാസക്കാലം. കണക്കുകൂട്ടിയ തിയതികളില്‍ത്തന്നെ ഭൂജാതരാകുന്നവര്‍ ചുരുക്കം. അച്ചുവിന്റെ കാര്യം തന്നെയെടുക്കാം. കണക്കുകൂട്ടിയ തിയതിയുടെ പത്തുനാള്‍ മുമ്പായിരുന്നു അവന്റെ ജനനം. വാസ്തവത്തില്‍ 38 ആഴ്ചയായപ്പോഴേക്കും അച്ചു പുറം ലോകത്തെത്താന്‍ റെഡിയായിരുന്നു. അവന്‍ മാത്രമല്ല, ആരോഗ്യമുള്ള ഏത് ഗര്‍ഭസ്ഥശിശുവും 38 ആഴ്ചയാകുമ്പോഴേക്കും ഗര്‍ഭസ്ഥവാസവും പുറംലോക വാസവും ഒരുപോലെ നേരിടാന്‍ പ്രാപ്തരാകുന്നുണ്ട്. അവരുടെ ശ്വാസകോശങ്ങള്‍ ശ്വാസോച്ഛ്വാസത്തിനും പ്രാണവായു സ്വീകരണത്തിനും പ്രാപ്തമായിക്കഴിഞ്ഞിരിക്കും. കരള്‍, വൃക്കകള്‍ തുടങ്ങിയ മറ്റവയവങ്ങളും പുറംലോക വാസത്തിനു റെഡി.

പുറത്തിറങ്ങാന്‍ തയ്യാര്‍

പ്രസവവേദന തുടങ്ങി. ഇനി അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തിറങ്ങിയാല്‍മാത്രം മതി. അതെങ്ങനെയാണ് തുടങ്ങുകയെന്ന് അച്ചുവിനറിയില്ലായിരുന്നു അന്ന്. പ്രസവ വേദന തുടങ്ങി, ഗര്‍ഭപാത്രത്തില്‍നിന്ന് തലകീഴായി പുറത്തുവരുന്നതുവരെയുള്ള ആ മണിക്കൂറുകള്‍ തനിക്ക് വളരെ നിര്‍ണായകമായ, എപ്പോള്‍ വേണമെങ്കിലും അപകടം വന്നുപെടാവുന്ന മണിക്കൂറുകളാണെന്നും അച്ചുവിനറിയില്ലായിരുന്നു.

പ്രസവത്തോടനുബന്ധിച്ച് മറുപിള്ളയും (placenta) അനുബന്ധാവയവങ്ങളും കൂടുതലായി ഉല്പാദിപ്പിച്ച ഈസ്ട്രജന്‍ (estrogen), പ്രോസ്റ്റാഗ്ലാന്റിന്‍ (prostaglandin) എന്നീ ഹോര്‍മോണുകളും അമ്മയുടെ പിറ്റിയൂറ്ററി ഗ്രന്ഥി പുറപ്പെടുവിച്ച ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണുമാണ് പ്രസവ സമയത്തെ മാംസപേശികളുടെ വേദനയോടുകൂടിയ സങ്കോച വികാസങ്ങള്‍ക്കു കാരണമായത്. അച്ചുവിന്റെ തന്നെ അഡ്രിനല്‍ഗ്രന്ഥി ഉല്പാദിപ്പിച്ച സ്റ്റിറോയ്ഡ് ഹോര്‍മോണും ഇതിനെ ത്വരിതപ്പെടുത്തി എന്നത് അച്ചുവിന് അഭിമാനമേകി. തന്റെ ജനനത്തിന് താന്‍തന്നെ കാരണക്കാരനാകുന്നു എന്ന അഭിമാനം.

ഗര്‍ഭപാത്രത്തില്‍ അച്ചുവിന്റെ വളര്‍ച്ച പൂര്‍ണ്ണതയോടടുത്തപ്പോള്‍ത്തന്നെ അച്ചുവിനൊന്നു മനസ്സിലായി. ഗര്‍ഭപാത്രത്തിനകത്ത് സൈ്വരവിഹാരത്തിനിനി ഇടംപോരാ. അതുകൊണ്ടുതന്നെ, പരിമിതമായ സ്ഥലത്തെ പൂര്‍ണമായി ഉപയോഗപ്പെടുത്തുന്ന രീതിയില്‍ ഗര്‍ഭപാത്രത്തിന്റെ വീതികുറഞ്ഞ കീഴ്ഭാഗത്ത് തലയും വീതികൂടി മുകള്‍ ഭാഗത്ത് മറ്റ് ശരീരഭാഗങ്ങളും ഒതുക്കിവെച്ചാണ് അച്ചു പ്രസവം കാത്തു കിടന്നത്. 95 ശതമാനം കുഞ്ഞുങ്ങളും ഇങ്ങനെ തന്നെയാണ് ഭൂമിലേയ്ക്ക് ആനയിക്കപ്പെടാറ്. അമ്മയുടെ ഇടുപ്പെല്ലുകള്‍ക്കകത്ത് കുഞ്ഞിന് താഴ്ന്നുവരാനുള്ള വിസ്താരം ആവശ്യത്തിനുണ്ടായിരിക്കുകയും കുഞ്ഞ് താഴോട്ടിറങ്ങുന്നതിനനുസരിച്ച് ഗര്‍ഭാശയ മുഖം വികസിക്കുകയും ചെയ്താല്‍ കുഞ്ഞിന്റെ പ്രയാണം സുഗമമാകും. അച്ചു ഇക്കാര്യത്തില്‍ ഭാഗ്യവാനായിരുന്നു.

പ്രയാണം തുടങ്ങുന്നു

എങ്ങനെയാണ് അമ്മയ്ക്കു പ്രസവവേദന തുടങ്ങിയപ്പോള്‍ തന്റെ താഴോട്ടുള്ള പ്രയാണം ആരംഭിച്ചതെന്ന് അച്ചുവിന്റെ അനുഭവങ്ങളില്‍ത്തന്നെ തിരയട്ടെ. ഗര്‍ഭപാത്രത്തിന്റെ ആവരണ മാംസപേശികളുടെ വേദനയോടുകൂടിയ സങ്കോച വികാസങ്ങളാണ് പ്രസവ വേദനയായി അച്ചുവിന്റെ അമ്മയ്ക്കനുഭവപ്പെട്ടത് എന്നുപറഞ്ഞുവല്ലോ. ഗര്‍ഭപാത്രത്തിന്റെ മാംസപേശികള്‍ ശരീരത്തിലെ മറ്റു മാംസപേശികളെപ്പോലെയല്ലാതെ, ഓരോ സങ്കോച (contraction) ശേഷവും വികാസത്തിന് (relaxation) പകരം ചുരുങ്ങല്‍ (retraction) എന്ന പരിണാമത്തിന് വിധേയമാകുന്നത്. അതായത് സങ്കോചത്തിനു മുമ്പുള്ളതിനേക്കാള്‍ നീളക്കുറവ്, ഒരോ സങ്കോചശേഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ഒരോ സങ്കോച ശേഷവും ഗര്‍ഭപാത്രത്തിന്റെ മുകള്‍ഭാഗത്ത് അച്ചുവിനെ ഉള്‍ക്കൊള്ളാനുള്ള വിസ്താരം കുറഞ്ഞുവരികയും അങ്ങനെ അവന്‍ താഴേയ്ക്കിറങ്ങിവരാന്‍ നിര്‍ബന്ധിതനാകുകയും ചെയ്തു. ഗര്‍ഭപാത്രത്തിന്റെ താഴപ്പാതി ഈ സമയത്ത് വളരെയധികം വികസിച്ച് വിസ്താരമുള്ളതായിത്തീരുകയും ചെയ്തത് അച്ചുവിന്റെ പ്രയാണം സുഗമമാക്കി. അങ്ങനെ ഒരോ സങ്കോചവികാസങ്ങള്‍ക്കു ശേഷവും അച്ചു ഇടുപ്പെല്ലിനകത്തേക്കും അങ്ങനെ അവസാനം യോനീമാര്‍ഗം പുറത്തേക്കും ആനയിക്കപ്പെടുകയാണുണ്ടായത്.

പ്രസവ വേദന തുടങ്ങി, ഗര്‍ഭാശയമുഖം പൂര്‍ണമായി തുറന്ന്, അച്ചു പുറത്തേയ്ക്കുവരാന്‍ തുടങ്ങുന്നതുവരെയുള്ള ഘട്ടത്തെ പ്രസവത്തിന്റെ ആദ്യഘട്ടം എന്ന് പ്രസവരോഗ വിദഗ്ദര്‍ വിളിക്കുന്നു.

അച്ചുവിന്റെ തല മുതല്‍ പൂര്‍ണ ശരീരഭാഗങ്ങളും ഘട്ടംഘട്ടമായി വളരെ ആസുത്രിതമായ ചലനങ്ങളോടെ പുറത്തുവന്നു കഴിയുന്നതുവരെയുള്ള ഘട്ടത്തെയാണ് പ്രസവത്തിന്റെ രണ്ടാംഘട്ടം എന്നു വിളിക്കുന്നത്. ഒരു ഡോക്ടറുടെ, അല്ലെങ്കില്‍ പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവര്‍ത്തകയുടെ സാന്നിധ്യവും കൂടുതല്‍ ആവശ്യമുള്ള ഘട്ടമാണിതെന്നു പറയാം. കുഞ്ഞിനും അമ്മയ്ക്കും പ്രസവസമത്തുണ്ടായേക്കാവുന്ന അപകടങ്ങളും മുറിവുകളും വളരെയേറെ കുറയ്ക്കാന്‍ അനുഭവ സമ്പന്നരായ ഇവരുടെ സാന്നിധ്യം സഹായിക്കും. അച്ചു അക്കാര്യത്തിലും ഭാഗ്യവാന്‍ തന്നെയായിരുന്നു.


ആദ്യത്തെ കരച്ചില്‍

പുറത്തുവന്നയുടനെ അച്ചു ശ്വാസം നീട്ടിയെടുക്കുകയും പിന്നെ ഉച്ചത്തില്‍ കരയുകയും ചെയ്തല്ലോ. ആരോഗ്യമുള്ള, പ്രസവസമയത്ത് അപകടങ്ങളൊന്നും സംഭവിക്കാത്ത ഏതു കുഞ്ഞും ഇങ്ങനെത്തന്നെ ചെയ്യും. പക്ഷേ ചുരുക്കം ചിലര്‍ ഇക്കാര്യത്തില്‍ നിര്‍ഭാഗ്യവാന്മാരായിരിക്കും. മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളും വളരെയധികം വളര്‍ച്ചക്കുറവുള്ളവരും പ്രമേഹ ബാധിതരായ അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളും ജന്മവൈകല്യങ്ങളുള്ള ഹതഭാഗ്യരും പിറന്ന ഉടനെ ശരിയായി ശ്വാസോച്ഛ്വാസം തുടങ്ങിയില്ലെന്നുവരാം. പൊക്കിള്‍ക്കൊടി വേര്‍പ്പെട്ട് അമ്മയില്‍നിന്നുള്ള പ്രാണവായു ലഭ്യതയും നിലച്ചുപോയ കുഞ്ഞിന് തന്റെ ശ്വാസകോശത്തിന്റെ ഈ അമാന്തം അപകടത്തിലേയ്ക്ക്, മരണത്തിലേയ്ക്കുതന്നെയുള്ള ചവിട്ടുപടിയാകാം.

മറുപിള്ളയും പുറത്തേക്ക്

അച്ചു പിറന്നു കഴിഞ്ഞു. എന്നിട്ടും അവന്റെ അമ്മയെ സംബന്ധിച്ച് പ്രസവം പൂര്‍ണമായിട്ടില്ല. പ്രസവത്തിന്റെ മുന്നാംഘട്ടം, ഒരു പക്ഷേ കൂടുതല്‍ അപകടമുണ്ടാക്കാവുന്ന ഘട്ടം കഴിയാനിരിക്കുന്നതേയുള്ളൂ. അച്ചുവിന് അമ്മയില്‍നിന്ന് പ്രാണവായുവും പോഷകങ്ങളും ഇത്രകാലം നല്‍കിക്കൊണ്ടിരുന്ന മറുപിള്ള (placenta) തന്റെ കലാപരിപാടികള്‍ അവസാനിപ്പിച്ച് കര്‍ട്ടനഴിച്ച് പുറപ്പെടാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. അതിന് മുന്നോടിയായി പ്ലാസന്റ ഗര്‍ഭപാത്രഭിത്തിയില്‍നിന്ന് പതുക്കെ അടര്‍ന്നുപോരുന്ന അമ്‌നിയോട്ടിക് സ്തരം (amniotic membrane) എന്ന ലോലമായ കര്‍ട്ടന്‍പോലെയുള്ള പാളിയുമായി അത് താഴോട്ടിറങ്ങുകയായി. അച്ചുവന്ന വഴിയേതന്നെ. പ്രശ്‌നം അവിടെയല്ല. അമ്മയില്‍നിന്ന് ഒട്ടനവധി രക്തക്കുഴലുകള്‍ പ്ലാസന്റയിലേയ്ക്ക് രക്തവാഹിനികളായി ഉണ്ടായിരുന്നു. പ്ലാസന്റയില്‍വെച്ചാണ് അമ്മയുടേയും കുഞ്ഞിന്റേയും രക്തം ഒരു ലോലഭിത്തിയുടെ അപ്പുറവും ഇപ്പുറവുമായിനിന്ന് കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയിരുന്നത്. ഈ രക്തക്കുഴലുകള്‍, പ്ലാസന്റ അടര്‍ന്നുപോരുന്നതോടെ ഗര്‍ഭപാത്രത്തിലേയ്ക്ക് നേരിട്ട് തുറക്കുന്ന രൂപത്തിലായിപ്പോകുന്നു. പ്ലാസന്റ അടര്‍ന്നുപോന്ന ഉടനെയുള്ള രക്തസ്രാവത്തിന് ഇതാണ് കാരണം. 

അവയെ വളരെ വേഗം തന്നെ അടച്ചുകളഞ്ഞില്ലെങ്കില്‍ അമ്മയുടെ ശരീരത്തില്‍നിന്ന് നഷ്ടപ്പെടുക ജീവന്റെ തുള്ളികളാണ്. കൈയിലോ കാലിലോ ചെറിയ മുറിവുണ്ടായാല്‍ രക്തസ്രാവം നിലക്കുന്നത് ചെറിയ രക്തക്കുഴലുകള്‍ക്കകത്ത് രക്തം കട്ടപിടിക്കുന്ന പ്രകൃതിയുടെ രക്ഷാമാര്‍ഗം മുലമാണെന്നറിയാമല്ലോ. പക്ഷേ, ഇവിടെ രക്തക്കുഴലുകള്‍ സമാന്യം വലിയവതന്നെയാണ്. രക്തംകട്ടപിടിച്ച് അവ അടഞ്ഞുപോകാന്‍ സമയമേറെയെടുക്കും. പിന്നെയെന്താണ് വഴി ?

ചിന്തിച്ച് തലപുണ്ണാക്കേണ്ട. നിങ്ങള്‍ ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും ആ രക്തക്കുഴലുകള്‍ അതാ, വലിച്ചുകെട്ടിയപോലെ അടഞ്ഞുപോയിരിക്കുന്നു! ജീവനുള്ള കെട്ടുകള്‍(Living ligatuers) ആ തുറന്ന രക്തക്കുഴലുകള്‍ക്കുമേല്‍ വിണുകഴിഞ്ഞിരിക്കുന്നു. ഗര്‍ഭപാത്രത്തില്‍ തലങ്ങും വിലങ്ങുമായി സംവിധാനംചെയ്തിരിക്കുന്ന മാംസപേശികളുടെ ശക്തമായ സങ്കോചം മൂലം അവയ്ക്കിടയില്‍ക്കൂടി പ്ലാസന്റയിലേയ്ക്കു ഗമിപ്പിക്കുന്ന രക്തക്കുഴലുകളെല്ലാം കെട്ടപ്പെട്ടുപോയിരിക്കുന്നു! അങ്ങനെ അച്ചുവിന്റെ അമ്മയ്ക്ക് പ്രസവത്തോടനുബന്ധിച്ചുണ്ടായ രക്തസ്രാവവും പരിമിതമായിരുന്നു. പ്രസവ സമയത്ത് യോനിയുടെ വിസ്താരം വര്‍ധിപ്പിച്ച് അച്ചുവിന്റെ നിര്‍ഗമനം സുഗമമാക്കാന്‍ ഡോക്ടര്‍മാര്‍ ഉണ്ടാക്കയി മുറിവ് (episiotomy) കൂടി തുന്നിക്കഴിഞ്ഞതോടെ അച്ചുവിന്റെ അമ്മയ്ക്ക് വിശ്രമിക്കാനും അച്ചുവിനെ മുലയൂട്ടാനുമുള്ള സമയമായി. ഇനി അച്ചുവിനും അമ്മയ്ക്കും കൂട്ടുകൂടാനുള്ള സമയമായി.

കടപ്പാട് :മലയാള മനോരമ

2.97619047619
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top