অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മനം പോലെ മാതൃത്വം

.

മാതൃത്വം

വന്ധ്യതാ ചികിത്സാരംഗത്തെ പുതിയ കണ്ടെത്തലുകള്‍ പ്രമുഖ ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ഒപ്പം ലൈംഗികതയെക്കുറിച്ചുള്ള ഡോ.പ്രകാശ് കോത്താരിയുടെ നിരീക്ഷണങ്ങളും ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ വന്ധ്യത നിവാരണ പാക്കേജ്...

ലഭ്യമായ നൂതന സാങ്കേതിക വിദ്യകളെല്ലാം ഉപയോഗിച്ചശേഷം ഗര്‍ഭിണിയായതായിരുന്നു യുവതി. പക്ഷേ, തുടക്കത്തില്‍തന്നെ അബോര്‍ഷനായി. രണ്ടാമത് ഗര്‍ഭിണിയായതും അബോര്‍ഷനില്‍ കലാശിച്ചു. മൂന്നാമതും അവര്‍ ഗര്‍ഭം ധരിച്ചു. ഗര്‍ഭാവസ്ഥ നാലുമാസം പിന്നിട്ടപ്പോള്‍ ഡോക്ടറും ബന്ധുക്കളുമെല്ലാം സമാശ്വസിച്ചു; ഇനി കുഴപ്പമൊന്നുമുണ്ടാവില്ലെന്ന്. പെട്ടെന്ന് ഒരു ദിവസം ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് കൂടി. വീണ്ടും അബോര്‍ഷന്‍. പേഷ്യന്റിന് രക്തസ്രാവംകൂടിയതിനാല്‍ അടിയന്തിരപരിചരണം നല്‍കേണ്ടിവന്നു. തുടര്‍ന്ന് ഡോക്ടര്‍ അവര്‍ക്കായി നടത്തിയ പല ടെസ്റ്റുകളിലൊന്ന് ക്ഷയരോഗത്തിനുള്ളതായിരുന്നു. ടെസ്റ്റ് പോസിറ്റീവ്. ആറുമാസം ടിബിക്കുള്ള ചികിത്സ ചെയ്തു. ശേഷം അവര്‍ ഒരു തവണകൂടി ഗര്‍ഭം ധരിച്ചു. ഇത്തവണ നല്ല ആരോഗ്യമുള്ള ഒരോമനക്കുഞ്ഞിന് ജന്മം നല്‍കാന്‍ അവര്‍ക്ക് സാധിച്ചു.
ചികിത്സാരംഗത്തെ പുതിയ സാങ്കേതിക വിദ്യകളും ഗവേഷണഫലങ്ങളും ചേര്‍ന്ന് വന്ധ്യതാപ്രശ്‌നങ്ങളെ കൂടുതല്‍ ഫലവത്തായി പരിഹരിച്ചുകൊണ്ടിരിക്കയാണ്. സ്ത്രീക്കും പുരുഷനും പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാത്ത അവസ്ഥയിലും ഗര്‍ഭധാരണം തടസ്സപ്പെടാറുണ്ട്. പ്രത്യക്ഷത്തില്‍ തിരിച്ചറിയാനാവാത്ത ചില കാരണങ്ങളാണ് ഇതിനു പിന്നില്‍. 'Unexplained reasons' എന്ന് ഇവ അറിയപ്പെടുന്നു. വന്ധ്യതാഗവേഷണങ്ങള്‍ ഇപ്പോള്‍ ഇത്തരം കാരണങ്ങളിലേക്കുകൂടി നീളുന്നു. 'പ്രത്യേകിച്ച് കാരണങ്ങളില്ലാതെ വന്ധ്യതാപ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകളില്‍ ടിബി ഉണ്ടോ എന്ന് പരിശോധിക്കാന്‍ 'എന്‍ഡോമെട്രിയല്‍ ടിബി പിസിആര്‍' നടത്താറുണ്ട്. പലപ്പോഴും ഈ ടെസ്റ്റ് 70% പോസിറ്റീവ് ആണ്. അതായത് ഗര്‍ഭപാത്രത്തില്‍ രോഗാണുക്കളുടെ സാന്നിധ്യം ഉണ്ടെന്ന് അര്‍ത്ഥം. ഇത്തരക്കാരില്‍ ടിബി അറിയാനുള്ള മാന്‍ഡോ ടെസ്റ്റ് നടത്തിയപ്പോഴും ഫലം പോസിറ്റീവ് ആണ്.ആറുമാസത്തെ ചികിത്സയിലൂടെ ടിബി ഭേദമാക്കിയപ്പോള്‍ ഗര്‍ഭധാരണവും എളുപ്പമായി. ഗര്‍ഭപാത്രത്തിലെ നേരിയ ക്ഷയരോഗബാധ വന്ധ്യതയ്ക്ക് ഇടയാക്കുന്നു എന്നാണ് ഈ പഠനം കാണിക്കുന്നത്'', ഡോ.ജോളിതോംസണ്‍ വിശദീകരിക്കുന്നു.
അമിതവണ്ണം കുറച്ചാല്‍ സ്ത്രീയുടെ വന്ധ്യതാപ്രശ്‌നങ്ങള്‍ പകുതി കുറയും എന്ന് ചികിത്സകര്‍ പറയുന്നു. ഇന്നത്തെ ജീവിതരീതിയുടെ ചില പോരായ്മകളിലേക്കാണ് ഇത് ശ്രദ്ധ ക്ഷണിക്കുന്നത്. ഇന്ന് മിക്കവരും ഭക്ഷണം, ലൈംഗികത, നിദ്ര എന്നിവ സ്വാഭാവികതയോടെ അനുഭവിക്കുന്നില്ല. ജീവിതശൈലിയെ പുതുക്കിപ്പണിത് ധാതുപുഷ്ടി കൈവരുത്തിയുള്ള പ്രശ്‌നപരിഹാരത്തിനാണ് ആയുര്‍വ്വേദത്തിലെ വന്ധ്യതാനിവാരണമാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിക്കുന്നത്. 
വന്ധ്യതാ പ്രശ്‌നങ്ങളില്‍ മൂന്നിലൊന്ന് ഭര്‍ത്താവിന്റെ പ്രശ്‌നംകൊണ്ടും മൂന്നിലൊന്ന് ഭാര്യയുടെ പ്രശ്‌നംകൊണ്ടും ശേഷമുള്ള മൂന്നിലൊന്ന് തിരിച്ചറിയപ്പെടാത്തതോ രണ്ടുപേരുടേതുമോ ആയ പ്രശ്‌നങ്ങള്‍ കൊണ്ടോ ആണ്.സ്വാഭാവികമായി ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയില്ലാത്തവര്‍ക്ക് ഫലവത്തായ ധാരാളം ചികിത്സാമാര്‍ഗങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. അലോപ്പതിയില്‍ ഇവ അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്‌നോളജീസ് (ART) എന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്. ചികിത്സ തുടങ്ങിയാലും ശ്രദ്ധിക്കേണ്ട അനവധി കാര്യങ്ങളുണ്ട്. ഇക്‌സി, ഐവിഎഫ് തുടങ്ങിയ ചെലവേറിയ ചികിത്സാരീതികള്‍ തുടക്കത്തില്‍ തന്നെ പരീക്ഷിക്കുന്നത് ഒരിക്കലും ഉചിതമല്ലെന്ന് ഡോക്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

പ്രായം പ്രധാനം

വന്ധ്യതാ ചികിത്സയില്‍ ദമ്പതികളുടെ പ്രായം നിര്‍ണായകഘടകമാണ്. ഇരുപത്തിയേഴ് വയസ്സിനുള്ളിലാണ് സ്ത്രീക്ക് ഗര്‍ഭധാരണത്തിന് അനുയോജ്യമായ പ്രായം. 30 വയസ്സിനു ശേഷമുള്ള ഗര്‍ഭധാരണത്തിന് കൂടുതല്‍ ശ്രദ്ധ വേണം. 35-നു ശേഷം സ്ത്രീയുടെ ഗര്‍ഭധാരണശേഷി കുറയുന്നു. വിവാഹശേഷം കുറച്ചുകാലം കഴിഞ്ഞിട്ടുമതി ഗര്‍ഭധാരണം എന്നു ചിന്തിക്കുന്നവര്‍ ധാരാളം. 20-22 വയസ്സ് പ്രായമുള്ളവര്‍ക്ക് ഒരു വര്‍ഷംവരെ ഗര്‍ഭധാരണം നീട്ടിവെക്കാം. എന്നാല്‍, 25 വയസ്സ് കഴിഞ്ഞ പെണ്‍കുട്ടിയാണെങ്കില്‍, ഗര്‍ഭധാരണം നീട്ടിവെക്കുമ്പോള്‍ തങ്ങളുടെ ഗര്‍ഭധാരണശേഷി ഒന്നു പരിശോധിക്കുന്നത് ഉചിതമാണ്. ഇതിന് ഏറ്റവും ലളിതമായ ടെസ്റ്റുകള്‍ ഗര്‍ഭപാത്ര സ്‌കാനിങ്ങും ഓവുലേഷന്‍ സ്റ്റഡിയുമാണ്. അണ്ഡാശയത്തിലും ഗര്‍ഭപാത്രത്തിലും പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്താന്‍ ഈ പരിശോധനകള്‍ സഹായിക്കും. പുരുഷനില്‍ ബീജത്തിന്റെ കൗണ്ടും മോട്ടിലിറ്റിയും ശുക്ലപരിശോധനയിലൂടെ അറിയാന്‍ കഴിയും. പ്രായം മുപ്പതു കഴിഞ്ഞ ദമ്പതികളിലായാലും പ്രത്യുത്പാദന നില തൃപ്തികരമാണെങ്കില്‍ 5-6 മാസങ്ങള്‍ ഗര്‍ഭധാരണം നീട്ടിവെക്കുന്നതില്‍ കുഴപ്പമില്ല.

സ്ത്രീകളില്‍ ചികിത്സ കൂടുതല്‍ ഫലപ്രദം

ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ചു താമസിക്കുന്ന ദിവസങ്ങളുടെ (meating days) എണ്ണം താരതമ്യേന കുറവാണിന്ന്. ഒരു മാസത്തില്‍ അഞ്ചു ദിവസങ്ങളാണ് (fertility days) സ്ത്രീ ഗര്‍ഭധാരണസജ്ജയാവുന്നത്. ആര്‍ത്തവചക്രത്തില്‍ 14-ാം ദിവസമാവും 'ഫെര്‍ട്ടിലിറ്റി ഡേ' വരുന്നതെന്ന് ചിന്തിച്ച് പല ദമ്പതിമാരും ഈയൊരു ദിവസംമാത്രം ഒന്നിച്ചുകഴിയുന്നു. ആര്‍ത്തവം കൃത്യമായി നടക്കുന്നവരില്‍ 14-ാം ദിവസം ബന്ധപ്പെട്ടാല്‍ അണ്ഡ-ബീജ സങ്കലനം വിജയിക്കുന്നു. പക്ഷെ ചിലരില്‍ ഇത് 16-ാം ദിവസമോ 18-ാം ദിവസമോ ആവാം. അപ്പോള്‍ തീയതി നോക്കി മാത്രം ബന്ധപ്പെടുന്നത് വിഫലമാവുന്നു. അതിനാല്‍ 18-ാം ദിവസംവരെയെങ്കിലും ഒരുമിച്ചു കഴിയണം. 'ഫെര്‍ടൈല്‍ ഡേ' കൃത്യമായി മനസ്സിലാക്കാന്‍ ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടുക. കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നതാണ് എപ്പോഴും നല്ലത്.

അണ്ഡോല്പാദനവും അണ്ഡത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണുന്നത്. ശരീരഭാരം കുറയുമ്പോള്‍തന്നെ പലപ്പോഴും ആര്‍ത്തവം കൃത്യമായി വരുന്നത് കാണാറുണ്ട്. അണ്ഡോല്പാദനം കൃത്യമായി വന്നില്ലെങ്കിലും ചികിത്സയിലൂടെ ഗര്‍ഭധാരണം സാധ്യമാകും. തലച്ചോറില്‍ ഉല്പാദിപ്പിക്കപ്പെടുന്ന എടഒഘഒ ഹോര്‍മോണ്‍ സജീവമല്ലാത്തതാണ് ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതിന് ഫലപ്രദമായ ചികിത്സ ഉണ്ട്. മരുന്നും ഇഞ്ചെക്ഷനും വഴി ഹോര്‍മോണ്‍ നില ക്രമീകരിക്കാന്‍ സാധിക്കും. പ്രായം, ഫലോപിയന്‍ നാളിയുടെ കുഴപ്പങ്ങല്‍, ഗര്‍ഭപാത്രത്തിലെ സിസ്റ്റ്, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ഗര്‍ഭപാത്രത്തകരാറുകള്‍ തുടങ്ങിയവയാണ് സ്ത്രീവന്ധ്യതയുടെ മറ്റു കാരണങ്ങള്‍.

വണ്ണം കുറയ്ക്കാം

പോളിസിസ്റ്റിക്് ഒാേവറിയന്‍ പ്രശ്‌നമുള്ളവരും ആര്‍ത്തവക്കുഴപ്പങ്ങളുള്ളവരും ആദ്യം ചെയ്യേണ്ടത് വണ്ണം കുറയ്ക്കുകയാണ്. പോളിസിസ്റ്റ് ഓവറി ഉള്ളവര്‍ ശരീരഭാരത്തിന്റെ പത്തു ശതമാനം കുറച്ചാല്‍ത്തന്നെ വന്ധ്യതാ ചികിത്സ വേഗം വിജയിക്കും. നോര്‍മല്‍ വെയിറ്റിലേക്ക് എത്തണമെന്നുപോലുമില്ല. സ്ത്രീ ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് പോളിസിസ്റ്റ് ഓവറി രോഗത്തിന് ഇടയാക്കുന്നത്. ഈ രോഗാവസ്ഥയുള്ളവരില്‍ ആര്‍ത്തവചക്രം മുറതെറ്റുന്നു. ചില മാസങ്ങളില്‍ ആര്‍ത്തവം മുടങ്ങുന്നു. രക്തസ്രാവം ഏറുകയോ കുറയുകയോ ചെയ്യാം. മരുന്നുകളും വണ്ണം കുറയ്ക്കലും ഫലപ്രദമാവുന്നില്ലെങ്കില്‍ ലാപ്രോസ്‌കോപ്പി ചെയ്യേണ്ടിവരും. അണ്ഡാശയത്തില്‍ ഇലക്ട്രിക് സൂചി ഉപയോഗിച്ച് പൊട്ടലുണ്ടാക്കിയാണ് ഈ പരിശോധന നടത്തുന്നത്. പൊട്ടലുകള്‍ സ്വയം പൂര്‍വസ്ഥിതി പ്രാപിച്ചുകൊള്ളും. ഇതോടൊപ്പം അണ്ഡവിസര്‍ജനം നടക്കാനുള്ള മരുന്നും നല്‍കുന്നു. ഈ ദിവസം ബന്ധപ്പെടുമ്പോള്‍ പലപ്പോഴും ബീജസംയോജനം വിജയിക്കുന്നു.

മറ്റ് പ്രശ്‌നങ്ങള്‍

വന്ധ്യതയ്ക്ക് ഇടയാക്കുന്ന മറ്റൊരു രോഗമാണ് എന്‍ഡോമെട്രിയോസിസ് . അണ്ഡാശയത്തിന്റെ പ്രവര്‍ത്തനവൈകല്യം മൂലമാണ് രോഗം വരുന്നത്. മരുന്നുകൊണ്ട് ഭേദമാക്കാനായില്ലെങ്കില്‍ ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയയിലൂടെ രോഗം ചികിത്സിച്ചു സുഖപ്പെടുത്താം.

സ്ത്രീകളില്‍ വന്ധ്യതയ്ക്ക് ഇടയാക്കുന്ന രോഗാവസ്ഥയാണ് അണ്ഡവാഹിനിക്കുഴലിലെ (ഫാലോപിയന്‍ ട്യൂബ്) തടസ്സം. അണ്ഡം ഗര്‍ഭപാത്രത്തിലേക്ക് എത്തുന്നത് അണ്ഡവാഹിനിക്കുഴലിലൂടെയാണ്. എന്‍ഡോമെട്രീയോസിസ്, ജന്മനാലുള്ള തകരാറുകള്‍, അണുബാധ എന്നിവയാണ് ബ്ലോക്കിനുള്ള പ്രധാന കാരണങ്ങള്‍. ഗര്‍ഭപാത്രത്തിലെ നേരിയ ക്ഷയരോഗബാധ ട്യൂബല്‍ ബ്ലോക്കിന് കാരണമായി കാണാറുണ്ട്. അള്‍ട്രാ സോണോഗ്രഫി, ഫാലോസ്‌കോപ്പി, ലാപ്രോ സ്‌കോപ്പി എന്നീ പരിശോധനകളിലൂടെ രോഗാവസ്ഥ മനസ്സിലാക്കുന്നു. ട്യൂബല്‍ ബ്ലോക്കിന് ഐ.വി.എഫാണ് പ്രധാന പരിഹാരമാര്‍ഗം. ഈ ചികിത്സാരീതിക്ക് ഏകദേശം 1-1.5 ലക്ഷം രൂപ ചെലവുണ്ട്.

ചികിത്സയ്ക്ക് ഒരുങ്ങാം

ആദ്യം തന്നെ 'ഐവിഎഫ്' (ടെസ്റ്റ് ട്യൂബ് ശിശു) അല്ലെങ്കില്‍ 'ഇക്‌സി' എന്നു ചിന്തിച്ചാണ് പലരും വന്ധ്യതാ ചികിത്സയ്ക്ക് എത്തുന്നത്. ഈ ധാരണ ശരിയില്ല. ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ പ്രത്യുത്പാദന ശേഷി പരമാവധി കൂട്ടാനുള്ള നടപടികളാണ് ചെയ്യുന്നത്.

താരതമ്യേന ചെലവ് കുറഞ്ഞ ചികിത്സാ മാര്‍ഗമാണ് 'ഐ.യു.ഐ. അഥവാ ഇന്‍ട്രാ യൂട്ടറൈന്‍ ഇന്‍സെമിനേഷന്‍. ബീജം കുറവുള്ളവരില്‍ ഇത് ഫലപ്രദമാണ്. ബീജത്തെ കഴുകി ഗര്‍ഭാപാത്രത്തിലേക്ക് നിക്ഷേപിക്കുന്ന രീതിയാണിത്. 2000-2500-നു ഇടയ്ക്കാണ് കഡക യുടെ 
ചെലവ്.
വന്ധ്യതാ ചികിത്സയില്‍ ഒടുവില്‍ പരീക്ഷിക്കാറുള്ള സാങ്കേതി വിദ്യയാണ് ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (I-V-F) അഥവാ ടെസ്റ്റ് ട്യൂബ് ഗര്‍ഭധാരണം. ഭാര്യാഭര്‍ത്താക്കന്മാരുടെ അണ്ഡവും ബീജവും ടെസ്റ്റ് ട്യൂബില്‍ യോജിപ്പിച്ച് ഭ്രൂണമായി വളര്‍ത്തി ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു.

ഭാര്യയില്‍നിന്ന് ശേഖരിക്കുന്ന അണ്ഡത്തിലേക്ക് ഭര്‍ത്താവിന്റെ ബീജം കുത്തിവെച്ച് ഭ്രൂണമാക്കുന്നതാണ് ഇക്‌സി (ഇന്‍ട്രാ സൈറ്റോ പ്ലാസ്മാറ്റിക് സ്‌പേം ഇഞ്ചക്ഷന്‍) ട്രീറ്റ്‌മെന്റ്. ഇതും ഒരു അവസാന ഘട്ടചികിത്സയാണ്. ചെലവേറിയതിനാല്‍ എപ്പോഴും രണ്ടുമൂന്ന് ഡോക്ടര്‍മാരുടെ വിദഗ്ദ്ധാഭിപ്രായങ്ങള്‍ ആരാഞ്ഞശേഷമേ ഇക്‌സി, ഐവിഎഫ് എന്നീ മാര്‍ഗങ്ങള്‍ സ്വീകരിക്കാവൂ. ഇക്‌സിക്കും ഏതാണ്ട് ഒന്നര ലക്ഷം രൂപയോളം ചെലവ് വരും.

''സ്ത്രീയുടെ പ്രായം മുപ്പതുവയസ്സില്‍ താഴെയാണെങ്കില്‍ ഇന്‍ട്രാ യൂട്ടറൈന്‍ ഇന്‍സെമിനേഷന്‍ ചെയ്യുന്നതില്‍ 15 % ആണ് വിജയസാധ്യത. പ്രായം 30-35 ആണെങ്കില്‍ ഐയുഎഫ് പറയില്ല.പകരം ഇക്‌സി നിര്‍ദ്ദേശിക്കും.'' ഡോ. കെ.യു. കുഞ്ഞുമൊയ്തീന്‍ പറയുന്നു.

പുരുഷന്‍മാരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം

സ്ത്രീകളിലെ വന്ധ്യത പരിഹരിക്കാന്‍ താരതമ്യേന എളുപ്പമാണെന്നാണ് ചികിത്സകര്‍ പറയുന്നത്. എന്നാല്‍ പുരുഷന്മാരിലെ വന്ധ്യതാപ്രശ്‌നങ്ങള്‍ പലപ്പോഴും കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ഇതു കാരണം ചികിത്സിക്കാനും പ്രയാസം നേരിടുന്നു.

പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കാണുന്ന പ്രശ്‌നം ബീജത്തിന്റെ എണ്ണത്തിലും ഗുണത്തിലും ചലനശേഷിയിലുമുള്ള കുറവാണ്. ബീജാണുക്കളുടെ എണ്ണവും ഗുണനിലവാരവും നിര്‍ണ്ണയിക്കാന്‍ ശുകഌപരിശോധന നടത്തുന്നു. അംഗീകൃത വന്ധ്യതാചികിത്സാകേന്ദ്രങ്ങളില്‍ത്തന്നെ ശുകഌപരിശോധന നടത്തണം. മാനസികസമ്മര്‍ദ്ദം,ചെറിയ അസുഖങ്ങള്‍, യാത്രാക്ഷീണം എന്നിവപോലും ബീജസംഖ്യയേയും ഗുണനിലവാരത്തേയും സ്വാധീനിക്കാറുണ്ട്. അപ്പോള്‍ അതെല്ലാം കണക്കിലെടുത്തിട്ടാവണം ശുക്ലപരിശോധന ചെയ്യേണ്ടത്. പുരുഷന്മാരിലെ വന്ധ്യതാചികിത്സയിലും പ്രായം പ്രധാനമാണ്.55 വയസ്സിന് ശേഷം ബീജങ്ങളുടെ എണ്ണവും ഗുണവും മുന്‍പത്തേതുപോലെയാവില്ല.

മദ്യപാനം, പുകവലി

മദ്യപാനവും പുകവലിയും ബീജാണുക്കളുടെ എണ്ണവും ഗുണവും കുറയ്ക്കും. പതിവായി കൂടുതല്‍ സമയം ബൈക്ക് ഓടിക്കുന്നത് വൃഷണങ്ങളിലെ ഊഷ്മാവ് കൂടാനിടയാക്കുന്നു.ഇതും ബീജങ്ങളുടെ ഗുണത്തെ ബാധിക്കും.പുരുഷന്മാര്‍ മിക്കവരും പാന്‍റ്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാറുണ്ട്. ഇത് വന്ധ്യത ഉണ്ടാക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

''ചികിത്സയ്ക്കിടയില്‍ മദ്യപാനവും പുകവലിയും പൂര്‍ണ്ണമായും ഒഴിവാക്കണം. ഭക്ഷണത്തിലും ചിലത് ശ്രദ്ധിക്കാനുണ്ട്. ഉയര്‍ന്ന കലോറി അടങ്ങിയ കൊഴുപ്പേറിയ ഭക്ഷണം ഒഴിവാക്കുക. മള്‍ട്ടിവിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ കറുത്ത മുന്തിരി പോലുള്ള പഴങ്ങളും പച്ച ഇലക്കറികളും ഉപയോഗിക്കുക,'' ഡോ.സി.മുഹമ്മദ് അഷ്‌റഫ് പറയുന്നു.

ചികിത്സാമാര്‍ഗങ്ങള്‍

പുരുഷന്മാരിലെ വന്ധ്യതയ്ക്കുള്ള ഒരു കാരണമാണ് വൃഷണങ്ങളിലെ വെരിക്കോസില്‍. അശുദ്ദരക്തമുള്ള സിരകള്‍ വൃഷണങ്ങളില്‍ തടിച്ചുകിടക്കുന്ന അവസ്ഥയാണിത്. സര്‍ജറിയിലൂടെ വെരിക്കോസില്‍ പരിഹരിക്കാന്‍ കഴിയും. അസൂസ്‌പേമിയ അഥവാ ശുകഌത്തില്‍ ബീജങ്ങളില്ലാത്ത അവസ്ഥയാണ് ചിലരില്‍ കാണുന്നത്. തൈറോയിഡ് പ്രശ്‌നങ്ങള്‍,പ്രൊലക്ടിന്‍, ഈസ്ട്രജന്‍ എന്നീ ഹോര്‍മോണുകളുടെ ആധിക്യം,ആന്‍ഡ്രോജന്റെ അളവിലുള്ള കുറവ് എന്നിവയാണ് ഇതിന് കാരണം.
ജനിതക വൈകല്യങ്ങളും പ്രതിരോധസംവിധാനത്തിലെ ചില തകരാറുകളും വന്ധ്യതയ്ക്ക് ഇടയാക്കുന്നു. തൈറോയിഡ്,പ്രൊലാക്ടിന്‍ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ മരുന്നുകള്‍ വഴി പരിഹരിക്കാം.ആന്‍ഡ്രോജന്റെ അപര്യാപ്തതയ്ക്ക് ഹോര്‍മോണ്‍ ചികിത്സയാണ് നല്‍കുന്നത്.
ചിലരില്‍ ഉദ്്്ധാരണശേഷിക്കുറവാണ് വന്ധ്യതയ്ക്ക് കാരണമാവുന്നത്. ഇതിന് മരുന്നുകള്‍ ഫലപ്രദമാണ്. മൂത്രക്കുഴലിലെ തടസ്സങ്ങള്‍ ബീജങ്ങളുടെ സുഗമമായ ചലനം തടസ്സപ്പെടുത്തുന്നു. ഐവിഎഫ്-ഇക്‌സി ചികിത്സകളിലേതെങ്കിലും വഴി ഈ പ്രശ്‌നം പരിഹരിക്കാം.

കരുതല്‍ കൗമാരത്തില്‍

ഗര്‍ഭധാരണത്തിനുള്ള തടസ്സങ്ങളെ മുന്‍കൂട്ടി തിരിച്ചറിയണം. പ്രീ മാരിറ്റല്‍ ചെക്കപ്പ് (വിവാഹത്തിനു മുന്‍പുള്ള പരിശോധന) ആവശ്യമെങ്കില്‍ നടത്തിയിരിക്കണം. പെണ്‍കുട്ടികള്‍ക്ക് കൃത്യമായി ആര്‍ത്തവം വരാതിരിക്കുകയോ ഇടയ്ക്ക് മുടങ്ങുകയോ ചെയ്യുന്നുണ്ടെങ്കില്‍ നല്ലൊരു ഗൈനക്കൊളജിസ്റ്റിന്റെ ഉപദേശം തേടണം. തീരേ മെലിഞ്ഞവര്‍, അമിതവണ്ണമുള്ളവര്‍, മുഖത്ത് അമിതമായി രോമവളര്‍ച്ചയും മുഖക്കുരുവും ഉള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശാരീരികസ്ഥിതി സ്വാഭാവികമാകാന്‍ വേണ്ട ചികിത്സ തേടാന്‍ മടിക്കരുത്. അതുപോലെ അമിതരക്തസ്രാവവും കൂടിയ വേദനയും നിസ്സാരമായി കാണരുത്.
തൊഴില്‍സ്ഥലത്തെ പിരിമുറുക്കം: ഐടി, കാള്‍സെന്റര്‍ തുടങ്ങിയ തൊഴില്‍മേഖലകളില്‍ ജോലിചെയ്യുന്നവരില്‍ അമിതമാനസികസമ്മര്‍ദം കാണാറുണ്ട്. ഒരുമിച്ച് സൗഖ്യമായി കഴിയാനുള്ള സമയം ദമ്പതികള്‍ക്ക് കിട്ടുന്നില്ല. തിരക്ക് പിടിച്ച ജീവിതമുള്ളവര്‍, കുഞ്ഞ് ഉണ്ടാവാന്‍ ആഗ്രഹിക്കുമ്പോള്‍ അതിന്നാവശ്യമായ സാവകാശം ലഭ്യമാക്കാനും ശ്രമിക്കണം. ജീവിതത്തില്‍ എന്തിനാണ് മുന്‍ഗണന എന്നു ചിന്തിക്കാന്‍ തയ്യാറാകണം. ഇടയ്ക്ക് ഒരു നീണ്ട അവധി എടുത്ത് ഭാര്യാഭര്‍ത്താക്കന്മാര്‍ മാത്രമായി കഴിയേണ്ടത് ഗര്‍ഭധാരണത്തിന് അത്യാവശ്യമാണ്.

മൊബൈല്‍ ഉപയോഗം കരുതലോടെ

പുകവലി,മദ്യപാനം എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുക.
ദേഹത്ത് ഇറുകി നില്‍ക്കുന്ന അടിവസ്ത്രങ്ങള്‍ ധരിക്കരുത്.
ശരീരോഷ്മാവ് വര്‍ദ്ധിക്കുന്ന തരം തൊഴില്‍ സാഹചര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക.
ചൂടുവെള്ളം കുളിക്കാന്‍ ഉപയോഗിക്കരുത്.
ഒരു ദിവസം നാലു മണിക്കൂറിലധികം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്.
ബ്രോയിലര്‍ ചിക്കന്‍ കഴിക്കുന്നത് അപകടകരമാണ്. കോഴിക്കുഞ്ഞ് വേഗം വലുതാവാന്‍ അവയില്‍ സ്ത്രീഹോര്‍മോണ്‍ കുത്തിവെക്കാറുണ്ട്. സ്ഥിരമായി ബ്രോയിലര്‍ ചിക്കന്‍ കഴിക്കുന്നത് പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് കാരണമാവുന്നുണ്ട്.

ജീവിതത്തിന് ഇനി പുതിയ താളം

ജീവിതചര്യകള്‍ ചിട്ടപ്പെടുത്തുന്നതിലൂടെ വന്ധ്യത പരിഹരിക്കാനാകും. ആഹാരം, ഉറക്കം, ലൈംഗികത എന്നിവ ക്രമീകരിക്കുന്നത് ഏറെ നല്ലതാണ്. ആയുര്‍വേദത്തിലെ പരിഹാര വഴികള്‍ നിര്‍ദേശിക്കുകയാണ് ഡോ.ടി.പി.ഉദയകുമാരി, (വുമണ്‍സ് ഹെല്‍ത്ത് ക്ലിനിക്ക്, കോട്ടക്കല്‍ ആര്യവൈദ്യശാല)...

വന്ധ്യതയുടെ കാരണങ്ങള്‍ സ്ത്രീയില്‍ ആര്‍ത്തവദോഷമായും (ആര്‍ത്തവ ദുഷ്ടി ) പുരുഷനില്‍ ശുകഌദോഷമായും (ശുകഌദുഷ്ടി ) വരുന്നുവെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. വന്ധ്യതയുടെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിനൊപ്പം ആയുര്‍വേദത്തിന്റേതായ പ്രത്യേക ജീവിതശൈലികൂടി അനുവര്‍ത്തിക്കേണ്ടതുണ്ട്.

പോളിസിസ്റ്റിക്ക് ഒവേറിയന്‍ സിന്‍ഡ്രോം ഇന്ന് ഏകദേശം 60% സ്ത്രീകളിലും കാണുന്ന ഒരു രോഗാവസ്ഥയാണ്. ഇത്തരം രോഗങ്ങള്‍ക്ക് വഴിവെക്കുന്നത് ഇന്നത്തെ ജീവിതശൈലിയാണ്. ഭക്ഷണരീതി,ഭക്ഷണസമയം, തൊഴിലിന്റെ സ്വഭാവം എന്നിവയൊക്കെ ഇന്ന് മാറിക്കഴിഞ്ഞു. രാത്രി ഷിഫ്ടില്‍ ജോലിചെയ്യുന്നവര്‍ ഉറങ്ങുന്നത് പകലായിരിക്കും.ജോലിയുടെ തിരക്കുകളില്‍ പെട്ട് കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ മറക്കുന്നവരും ധാരാളം.
അതുപോലെ തിരക്കേറിയ ജീവിതത്തില്‍ കുഞ്ഞ് തല്‍ക്കാലം വേണ്ടെന്ന് തീരുമാനിക്കുന്നവരുമുണ്ട്. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുശേഷമായിരിക്കും പിന്നെ ഗര്‍ഭധാരണത്തിന് ഒരുങ്ങുക. അപ്പോഴേക്കും ശാരീരികമായ മറ്റു കുഴപ്പങ്ങള്‍ രൂപപ്പെട്ടിരിക്കും. കാലം വൈകുംതോറും ചികിത്സിക്കാനും പാടാണ്.

തുടക്കം മുതലേ ശ്രദ്ധിക്കാം

ആര്‍ത്തവം തുടങ്ങുമ്പോള്‍ത്തന്നെ ആരോഗ്യകാര്യങ്ങളില്‍ കരുതല്‍ വേണം. ആദ്യമായി ആര്‍ത്തവമുണ്ടാകുന്ന പെണ്‍കുട്ടിക്ക് മഞ്ഞള്‍,ഉലുവ,എള്ള് എന്നിവ വറുത്ത് പൊടിച്ച് കഴിക്കാന്‍ നല്‍കുന്ന പതിവ് പണ്ടുണ്ട്. എള്ളും ഉലുവയും മഞ്ഞളും സ്ത്രീകളില്‍ പ്രത്യുത്പാദനക്ഷമത കൂട്ടാന്‍ സഹായിക്കുന്നവയാണ്. ആര്‍ത്തവത്തോടനുബന്ധിച്ച് ക്ഷീണമുള്ള പെണ്‍കുട്ടികള്‍ക്ക് രക്തം ഉണ്ടാവാന്‍ ദ്രാക്ഷാരിഷ്ടം നല്ലതാണ്.തീരേ മെലിഞ്ഞ ശരീര പ്രകൃതി ഉള്ളവര്‍ക്ക് ദേഹം വണ്ണം വെയ്ക്കാന്‍ അശ്വഗന്ധാദിലേഹ്യം കഴിക്കാം. സാധാരണയായി ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിന് സുകുമാരം എന്ന മരുന്നാണ് നല്‍കുന്നത്.ഈ മരുന്ന് ലേഹ്യമായും കഷായമായും നെയ്യായും നല്‍കാം.

മന:ശാന്തി പ്രധാനം

കുഞ്ഞുണ്ടാകാന്‍ തയ്യാറെടുക്കുമ്പോള്‍ കുറേ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.നല്ല ഭക്ഷണം, നല്ല സംസാരം എന്നിവയ്ക്ക് ദാമ്പത്യത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്.മനസ്സിന്റേയും ശരീരത്തിന്റേയും ആരോഗ്യം വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു. പങ്കാളികള്‍ക്ക് ഒന്നിച്ചുകഴിയാനുള്ള സ്വകാര്യത തീര്‍ച്ചയായും ലഭിക്കണം. കുടുംബജീവിതം സമാധാനപൂര്‍ണ്ണമാവാനും ഇണകള്‍ക്കിടയില്‍ ആഹഌദമുണ്ടാവാനും ശ്രമമുണ്ടാവണം.ജോലിത്തിരക്കുള്ള ദമ്പതികളാണെങ്കില്‍ അവധിയെടുത്ത് രണ്ടുപേരും മാത്രമായി യാത്രപോവുന്നത് നന്നായിരിക്കും.

എള്ള്, ഉലുവ, ഉഴുന്ന് എന്നിവ ഔഷധങ്ങളായോ ആഹാരരൂപത്തിലോ കഴിക്കുന്നത് സ്ത്രീകള്‍ക്ക് നന്നായിരിക്കും. പുരുഷനാണെങ്കില്‍ അമുക്കുരം, നായ്ക്കുരണപരിപ്പ് എന്നിവ പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് ബീജോത്പാദനത്തെ പോഷിപ്പിക്കും.

വിവാഹശേഷം

സ്ത്രീക്ക് ആര്‍ത്തവം കൃത്യമാവണം.അതുപോലെ ആര്‍ത്തവസമയത്ത് ചില ചിട്ടകള്‍ പാലിക്കുന്നതും നല്ലതാണ്. പൊതുവെ വിശ്രമം വേണം.ഇക്കാലത്ത് ലൈംഗികബന്ധം ഒഴിവാക്കുക.ഭക്ഷണക്കാര്യത്തിലാണെങ്കില്‍ ദഹിക്കാന്‍ എളുപ്പമുള്ള വിഭവങ്ങള്‍ കഴിക്കാം. തിരുതാളികൊണ്ടുള്ള പാല്‍ക്കഷായം, ധാന്യം, പച്ചക്കറി, പാല്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ബേക്കറി പലഹാരങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. പുരുഷന് സന്താനലബ്ദിക്ക് ദുഷ്ടി ഇല്ലാത്ത ബീജം വേണം.ഭക്ഷണക്കാര്യത്തില്‍ വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കണം. 
കുളിക്കുന്നതിന് മുന്‍പ് ദേഹത്ത് കുഴമ്പ് തേച്ച് കുറച്ച് നേരം പിടിപ്പിക്കുക.സോപ്പിന് പകരം ചെറുപയര്‍പ്പൊടി,കടലപ്പൊടി ഇവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കാം. പൊടികളാവുമ്പോള്‍ നന്നായി ഉരച്ച് കഴുകണമല്ലോ.അപ്പോള്‍ മസാജിങ്ങിന്റെ ഫലവും കിട്ടും. ഇപ്പറഞ്ഞതൊക്കെ പൊതുവായ ആരോഗ്യപരിചരണത്തിന്റെ ഭാഗമാണ്. ഇവ കൂടാതെ നടത്തം,യോഗ എന്നീ വ്യായാമങ്ങള്‍ കൂടി ശീലിക്കണം.

ചികിത്സാമാര്‍ഗങ്ങള്‍

ആയുര്‍വ്വേദശാസ്ത്ര പ്രകാരം 'വാതാധികമായി ദോഷങ്ങള്‍ കോപിച്ചാ'ണ് വന്ധ്യത ഉണ്ടാവുന്നത്. സ്ത്രീകളില്‍ ഗര്‍ഭാശയത്തിന് വേണ്ടത്ര ശുദ്ധികൊടുക്കുന്ന ചികിത്സയാണ് ചെയ്യുന്നത്. സ്‌നേഹപാനമാണ് ശുദ്ധീകരണത്തിന്റെ തുടക്കം. ഔഷധങ്ങള്‍ ചേര്‍ത്ത് സംസ്‌കരിച്ച നെയ്യോ എണ്ണയോ ഉപയോഗിച്ചാണ് സ്‌നേഹപാനം.

ആര്‍ത്തവപ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന ഹോര്‍മോണുകളുടെ നിയന്ത്രണം ശിരസ്സിലാണ്. ശിരോധാര എന്ന ചികിത്സ ഇതിനുള്ളതാണ്.കൂടാതെ മറ്റു ശുദ്ധീകരണ ചികിത്സകളായ നസ്യം,വിരേചനം,വമനം, വസ്തി എന്നിവ ചെയ്യുന്നു.തുടര്‍ന്ന് ഔചിത്യമനുസരിച്ച് മറ്റു ചികിത്സകളും ചെയ്യുന്നു. യോനീമുഖത്ത് ഔഷധശക്തിയുള്ള എണ്ണ നിര്‍ത്തുന്ന ഉത്തരവസ്തി ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.
ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്ക് എള്ള് അടങ്ങിയ ഔഷധങ്ങള്‍ കൊടുക്കുന്ന പതിവുണ്ട്. ചികിത്സാകാലത്ത് രാവിലെ വെറുംവയറ്റില്‍ 4-5 സ്പൂണ്‍ എള്ളെണ്ണ (നല്ലെണ്ണ) കുടിക്കുന്നത് ഫലം ചെയ്യും. ഒരു മണിക്കൂര്‍ സമയം കഴിഞ്ഞ് ലഘുവായി പാലോ കഞ്ഞിയോ കഴിക്കണം. പിന്നെ ഉച്ചഭക്ഷണം മാത്രം കഴിക്കുക.
വന്ധ്യതാചികിത്സയില്‍ നല്‍കുന്ന ഒരു ഔഷധമാണ് ഫലസര്‍പ്പിസ് എന്ന നെയ്യ്.ഒരു കാരണവുമില്ലാതെ വന്ധ്യത അനുഭവിക്കുന്നവര്‍ക്ക് ദാദിമാദിഘൃതം കൊടുക്കാറുണ്ട്. ഔഷധസേവയുടെ കാലത്ത് പ്രഭാതഭക്ഷണം ഒഴിവാക്കണം. ഉച്ചക്കും രാത്രി ഏഴുമണിക്ക് മുന്‍പുമേ ഭക്ഷണം പാടുള്ളൂ.

മുന്നൊരുക്കം നല്ലത്

രോഗാവസ്ഥകള്‍ വരാതിരിക്കാനുള്ള മുന്‍കരുതലാണ് ഏറ്റവും പ്രധാനം. രാസവളങ്ങളും വളര്‍ച്ചാഹോര്‍മോണുകളും നല്‍കി കൃഷി ചെയ്ത പച്ചക്കറികളും പഴങ്ങളുമാണ് കമ്പോളത്തില്‍ വാങ്ങാന്‍ കിട്ടുന്നത്. ഇത് മനുഷ്യന്റെ ശാരീരിക സുസ്ഥിതിയെ അപകടകരമായി ബാധിക്കുന്നുണ്ട്. 

ജൈവികമായ രീതീയില്‍ ഉണ്ടാക്കിയ ഇലക്കറികളും പച്ചക്കറികളും ഫലങ്ങളുമാണ് നമ്മുടെ ആരോഗ്യത്തെ നിലനിര്‍ത്തുന്നത്.ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.പ്രകൃതിയുടെ വഴിയില്‍ നിന്നും മാറിനടക്കുന്നതാണ് ഇന്നത്തെ ഒട്ടുമിക്ക രോഗങ്ങള്‍ക്കും കാരണം.പ്രകൃതിയോടിണങ്ങി ജീവിച്ചാല്‍ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ കഴിയും.
ചിട്ടയായ ജീവിതവും മിതമായ ഭക്ഷണരീതിയും ശീലിക്കേണ്ടിയിരിക്കുന്നു.ആയുര്‍വ്വേദപ്രകാരം രണ്ടുനേരമേ ഭക്ഷണം പറയുന്നുള്ളൂ.രാവിലെ പത്ത് മണിക്ക് പ്രഭാതഭക്ഷണവും വൈകീട്ട് അഞ്ചുമണിയോടെ അടുത്ത ഭക്ഷണവും എന്നതാണത്. 

വയര്‍ നിറയെ ഭക്ഷിക്കുന്നത് നല്ലതല്ല.വയറിന്റെ പാതിഭാഗം നിറയുന്ന വിധം കഴിക്കാം.ബാക്കി ഭാഗം വായുവിനും ജലത്തിനും ഉള്ളതാണ്. ഒരു നേരത്തെ ആഹാരത്തിന് ശേഷം ഭക്ഷണം നന്നായി ദഹിച്ചശേഷമേ അടുത്ത ഭക്ഷണം കഴിക്കാവൂ. സാധാരണഗതിയില്‍ ദഹനത്തിന് നാല് മണിക്കൂര്‍ സമയം വേണം. ഇടയ്ക്കിടെ വല്ലതും കൊറിക്കുന്ന ശീലം അനാരോഗ്യകരമാണ്. വിശപ്പുള്ളപ്പോള്‍ മാത്രം ഭക്ഷിക്കുന്നതാണ് നല്ലത്.

പിറവിയുടെ മുറിപ്പാട്‌

'പത്തുമാസം ചുമന്ന്, നൊന്തു പെറ്റതാ നിന്നെ ഞാന്‍'' - ഒട്ടൊരു അധികാരത്തോടെയും അതിലേറെ സന്തോഷത്തോടെയും പഴയ തലമുറയിലെ അമ്മമാര്‍ മക്കളോട് ഇങ്ങനെ പറഞ്ഞുകേള്‍ക്കാറുണ്ട്. നോവിന്റെ നീണ്ട മണിക്കൂറുകള്‍ക്കൊടുവില്‍ മുന്നിലെത്തുന്ന ഓമനമുഖം നല്‍കുന്ന നിര്‍വൃതിയെക്കുറിച്ച് വാചാലരാവാന്‍ പക്ഷേ, പുതിയ തലമുറയില്‍ ഏറെ അമ്മമാരുണ്ടാവില്ല. കാരണം കേരളത്തില്‍ സിസേറിയനുകളുടെ എണ്ണം ആശങ്കയുയര്‍ത്തുന്ന നിലയില്‍ വര്‍ധിച്ചുവരികയാണ്. 

ചേര്‍ത്തല താലൂക്ക് ആസ്പത്രിയില്‍നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. രണ്ടു ദിവസത്തിനുള്ളില്‍ 22 സിസേറിയനാണ് ഈ ആസ്പത്രിയില്‍ നടന്നത്. പണക്കൊതി മാത്രമല്ല, അവധിദിവസങ്ങളില്‍ ഈ പ്രസവങ്ങള്‍ ശല്യമാവരുതെന്നതുകൂടിക്കൊണ്ടാണ് ഡോക്ടര്‍മാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. പാവപ്പെട്ട സ്ത്രീകളുടെയോ അവരുടെ പ്രതീക്ഷകളായ പിഞ്ചോമനകളുടെയോ ഭാവി ഒട്ടും പരിഗണിക്കപ്പെടാതെ നടത്തിയ കൂട്ട സിസേറിയന്‍ വൈദ്യശാസ്ത്രത്തിന്റെ ധാര്‍മികതയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ നാലു മാസത്തിനകം ഈ ആസ്പത്രിയില്‍ നടന്ന 671 പ്രസവങ്ങളില്‍ 400ഉം സിസേറിയനുകളാണ്. മാനന്തവാടി ജില്ലാ ആസ്പത്രിയില്‍നിന്നും ഇത്തരമൊരു കൂട്ടശസ്ത്രക്രിയയുടെ വാര്‍ത്ത പുറത്തുവരികയുണ്ടായി. ഹൈദരാബാദില്‍ നടന്ന ഒരു സമ്മേളനത്തില്‍ ഡോക്ടര്‍മാര്‍ക്ക് പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നാണ് ആരോപണം.

സര്‍ക്കാര്‍ ആസ്പത്രികളിലെ സ്ഥിതി ഇതായിരിക്കേ ഒരു സിസേറിയന് 10,000 രൂപ മുതല്‍ ലക്ഷം രൂപ വരെ ഈടാക്കുന്ന സ്വകാര്യ ആസ്പത്രികളുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ. സ്വകാര്യ ആസ്പത്രികളുടെ വ്യാപനമാണ് കേരളത്തില്‍ സിസേറിയനുകളുടെ എണ്ണം വര്‍ധിക്കുന്നതിനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രസവവേദന ഭയന്ന് ഗര്‍ഭിണികള്‍ സിസേറിയന്‍ ചോദിച്ചുവാങ്ങുന്നതും കുറവല്ല. നല്ല നാളില്‍ കുഞ്ഞു ജനിക്കാന്‍ സിസേറിയനു വേണ്ടി ഡോക്ടര്‍മാരെ നിര്‍ബന്ധിക്കുന്ന ബന്ധുക്കളുമുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം മാത്രം മുന്‍നിര്‍ത്തി മുമ്പു നടത്തിയിരുന്ന സിസേറിയന്‍ ഇപ്പോള്‍ പല തരത്തിലുമുള്ള ബാഹ്യഘടകങ്ങളെയും ആശ്രയിച്ചാണു നടക്കുന്നത്. കൊച്ചിയിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് എന്‍വയണ്‍മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തില്‍ കേരളത്തില്‍ നടക്കുന്ന പ്രസവങ്ങളില്‍ 30.1 ശതമാനവും സിസേറിയന്‍ വഴിയാണെന്നു കണ്ടെത്തിയിട്ടുണ്ട്. ദേശീയ തലത്തില്‍ ഇത് ഒന്‍പത് ശതമാനം മാത്രമാണ്. ലോകാരോഗ്യസംഘടന നിര്‍ദേശിച്ച സിസേറിയന്‍ നിരക്ക് 15 ശതമാനമാണെന്നതും ശ്രദ്ധേയമാണ്.

സമൂഹത്തിലെ ഉന്നതവിഭാഗങ്ങളിലാണ് സിസേറിയന്‍ കൂടുതല്‍ നടക്കുന്നത്. ഈ വിഭാഗത്തില്‍ 62.6 ശതമാനം സാധാരണ പ്രസവം നടക്കുമ്പോള്‍ 37.4 ശതമാനം സിസേറിയനാണ്. ഇടത്തട്ടുകാരില്‍ 74.8 ശതമാനം സാധാരണ പ്രസവവും 25.2 ശതമാനം സിസേറിയനുമാണ്. പാവപ്പെട്ട കുടുംബങ്ങളില്‍ 24.9 ശതമാനം മാത്രമാണ് സിസേറിയന്‍. സാമ്പത്തികശേഷിയുള്ളവര്‍ക്കിടയില്‍ നിര്‍ബന്ധിത സിസേറിയന്‍ നടക്കുന്നുവെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.

സിസേറിയനാവുമ്പോള്‍ അപകടസാധ്യത കുറവാണെന്ന ധാരണ കൂടുതല്‍ പേരെ ഈ മാര്‍ഗം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ സാധാരണ പ്രസവത്തെക്കാള്‍ 2.5 ഇരട്ടിയാണ് സിസേറിയനിലെ അപകടനിരക്ക്. അമിതമായ രക്തസ്രാവം, അണുബാധ, മൂത്രസഞ്ചി, കുടല്‍, മൂത്രനാളി തുടങ്ങിയ ആന്തരികാവയവങ്ങള്‍ക്കുള്ള മുറിവ്, കുഞ്ഞിനു മുറിവ്, എല്ലിന് ഒടിവ്, മുറിവിലെ തുന്നല്‍ വിട്ടുപോവുക, മുറിപ്പാടിന്റെ ഭാഗത്ത് ഹെര്‍ണിയ, മൂത്രസഞ്ചിയില്‍ മുറിവുണ്ടായി ഫിസ്റ്റുല, അടുത്ത ഗര്‍ഭത്തില്‍ പ്രസവത്തിനു മുമ്പേ മുറിവു വിട്ടുപോവുക, അടുത്ത പ്രസവത്തില്‍ മറുപിള്ള മുറിവില്‍ ഒട്ടിപ്പിടിക്കുക തുടങ്ങിയ സങ്കീര്‍ണതകള്‍ ഈ ശസ്ത്രക്രിയ മൂലമുണ്ടാവാം. ഓപ്പറേഷന് സമ്മതപത്രം എഴുതി വാങ്ങുന്നതിനു മുന്‍പായി സര്‍ജറിയുടെ ദീര്‍ഘകാല പ്രശ്‌നങ്ങളെക്കുറിച്ച് ഗര്‍ഭിണിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ അപൂര്‍വം ഡോക്ടര്‍മാര്‍ മാത്രമേ ഇങ്ങനെ ചെയ്യാറുള്ളൂ. സിസേറിയന്‍ അനാവശ്യമായി ചെയ്തതാണെന്നു തെളിയിക്കാന്‍ കഴിഞ്ഞാല്‍ സ്ത്രീക്ക് കോടതി മുഖാന്തരം നിയമസംരക്ഷണം തേടാം. എന്നാല്‍ പലപ്പോഴും മതിയായ തെളിവുകള്‍ കിട്ടാന്‍ എളുപ്പമല്ല.

അടിയന്തരസാഹചര്യങ്ങളിലൊഴികെ സിസേറിയന്‍ നിരുത്സാഹപ്പെടുത്താന്‍ മുന്‍കൈയെടുക്കേണ്ടത് ഡോക്ടര്‍മാര്‍ തന്നെയാണ്. നല്ല നക്ഷത്രം, അവധി തുടങ്ങിയ ചെറിയ സൗകര്യങ്ങളുടെ പേരില്‍ ഈ മാര്‍ഗം തിരഞ്ഞെടുക്കണ്ടതുണ്ടോ എന്ന് രോഗികളും ബന്ധുക്കളും ആലോചിക്കണം. ലാഭേച്ഛ മാത്രം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന ആസ്പത്രികളെ നിയന്ത്രിക്കാന്‍ സര്‍ക്കാറിനും ഉത്തരവാദിത്വമുണ്ട്. ഓപ്പറേഷന്‍ ഫീസ് നിരക്കുകള്‍ നിശ്ചയിക്കാനും ആസ്പത്രികള്‍ക്ക് ഇതു വഴി ലഭിക്കുന്ന വരുമാനം ഓഡിറ്റ് ചെയ്യാനും ആരോഗ്യമന്ത്രാലയം സംവിധാനമുണ്ടാക്കണം. എല്ലാ താത്പര്യങ്ങള്‍ക്കും മീതെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കണമെന്ന സാമൂഹികബോധം ശക്തിപ്പെടണം.

ഗര്‍ഭകാലം കരുതലോടെ

ഗര്‍ഭകാലം സുരക്ഷിതമാക്കാനുള്ള വഴികള്‍ വിശദീകരിക്കുകയാണ് ഡോ.ആര്‍.വിദ്യാലക്ഷ്മി (പെരിനെറ്റോളജി വിഭാഗം മേധാവി,കിംസ്,തിരുവനന്തപുരം)..

ഗര്‍ഭിണിയാണെന്നറിയുമ്പോഴുള്ള സന്തോഷനിമിഷങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ടെന്‍ഷനുകളുടെ കാലമാണ്.ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം,ഗര്‍ഭകാലത്ത് എന്തൊക്കെ പരിശോധനകള്‍ നടത്തണം എന്നിങ്ങനെ സംശയങ്ങള്‍ തുടങ്ങുകയായി.

ഒരുകാര്യം പ്രത്യേകം ഓര്‍ക്കണം. ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യം അമ്മയുടെ ഗര്‍ഭകാലത്തുള്ള ശാരീരികവും മാനസികവുമായ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗര്‍ഭിണിക്കുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ വൈകുന്നത് പലപ്പോഴും ദുരന്തത്തിനിടയാക്കാം. ഗര്‍ഭസ്ഥശിശുവിനുണ്ടാകാവുന്ന വൈകല്യങ്ങള്‍ നേരത്തേ കണ്ടെത്താനും ചികിത്സിക്കാനുമുള്ള സൗകര്യങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഗര്‍ഭസ്ഥശിശുവിന്റെ പരിചരണത്തിനുവേണ്ടിമാത്രം പ്രവര്‍ത്തിക്കുന്ന പെരിനെറ്റോളജി വിഭാഗം ഇതിന് സഹായിക്കുന്നു.
ഗര്‍ഭസ്ഥശിശുവിനുണ്ടാവുന്ന ജനിതകവൈകല്യങ്ങള്‍,അംഗവൈകല്യങ്ങള്‍ എന്നിവയൊക്കെ നേരത്തെ കണ്ടെത്താന്‍ കഴിയും. വ്യക്കയ്ക്ക് വീക്കം,തലച്ചോറില്‍ ഫ്ലായിഡ് കെട്ടിനില്‍ക്കുന്ന അവസ്ഥ,കുഞ്ഞിന്റെ നെഞ്ചിനും വയറിനുമിടയിലെ പാളിയിലുണ്ടാവുന്ന തകരാറുകള്‍ എന്നിവയും നേരത്തെയുള്ള പരിശോധനയിലൂടെ നിര്‍ണയിക്കാനാവും.കുഞ്ഞിന് അനീമിയ ഉണ്ടാവുന്ന അവസ്ഥയും നേരത്തെ കണ്ടെത്തി ചികിത്സിക്കാം. ഇതിനൊപ്പം ഡൗണ്‍സിന്‍ഡ്രോം സാധ്യത തിരിച്ചറിയാനുള്ള പരിശോധനകളും ഇപ്പോള്‍ ലഭ്യമാണ്.

ഡൗണ്‍ സിന്‍ഡ്രോം

പ്രതിവര്‍ഷം ധാരാളം കുഞ്ഞുങ്ങള്‍ ഈ ജനിതകവൈകല്യവുമായി ജനിക്കുന്നുണ്ട്.ചികിത്സ സാധ്യമല്ലാത്ത ഈ അസുഖത്തിന് മുന്‍കൂട്ടി സ്‌ക്രീനിങ്ങ് നടത്തി പ്രശ്‌നമുണ്ടോയെന്ന് കണ്ടെത്തുകയേ രക്ഷയുള്ളൂ.

എല്ലാ ഗര്‍ഭിണികളെയും തുടക്കത്തിലേ പരിശോധനയ്ക്ക് വിധേയരാക്കണം. ഗര്‍ഭിണിയായി 11-14 ആഴ്ചകള്‍ക്കിടയില്‍ നടത്തുന്ന സ്‌കാനിങ്ങും രക്തപരിശോധനയും വഴി 95 ശതമാനം പേരിലും ഡൗണ്‍സിന്‍ഡ്രാം റിസ്‌ക് കണ്ടെത്താനാവും.റിസ്‌ക് അധികമുണ്ടെന്നാണ് പരിശോധനാഫലമെങ്കില്‍ മറുപിള്ളയില്‍ നിന്നോ കുഞ്ഞിനുചുറ്റുമുള്ള ദ്രാവകത്തില്‍നിന്നോ കോശങ്ങള്‍ വേര്‍തിരിച്ചുള്ള പരിശോധന നടത്തണം. ഈ ടെസ്റ്റുകള്‍ക്കെല്ലാം ഇന്ന് കേരളത്തില്‍ സൗകര്യമുണ്ട്.

വൈകല്യമറിയാന്‍ സ്‌കാനിങ്

ഗര്‍ഭസ്ഥശിശുവിനുണ്ടാവുന്ന വൈകല്യങ്ങള്‍ ഒരുപരിധി വരെ മനസ്സിലാക്കാനും തുടര്‍ന്നുള്ള പരിശോധനകള്‍ നിര്‍ണയിക്കാനും 14 ആഴ്ചമുതല്‍ സാധിക്കും.വൈകല്യനിര്‍ണയത്തിനുള്ള സ്‌കാനിങ്ങ് നടത്തേണ്ടത് 18-20 ആഴ്ചകളിലാണ്.കുഞ്ഞിന്റെ തലച്ചോറ്,വയറ്,നട്ടെല്ല്,ഹൃദയം തുടങ്ങിയ എല്ലാ അവയവങ്ങളും ഈ കാലത്ത് വിശദമായി അവലോകനം ചെയ്യാനാവും.ശാരീരികവൈകല്യമോ ഹൃദയത്തിന് തകരാറോ ഉള്ള കുഞ്ഞുങ്ങള്‍ ജനിച്ചവര്‍ വീണ്ടും അമ്മയാവാനൊരുങ്ങുമ്പോള്‍ തീര്‍ച്ചയായും സ്‌കാനിങ്ങ് നടത്തേണ്ടതുണ്ട്.ഹൃദയത്തിന്റെ തകരാറുകള്‍ കണ്ടെത്താന്‍ 22 ആഴ്ചയിലുള്ള പരിശോധനയും ലഭ്യമാണ്.തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍ക്കും പരിചരണം നല്‍കാനാവും. പൊക്കിള്‍കൊടിയില്‍നിന്നും രക്തം എടുത്തുപരിശോധിച്ച ശേഷം കുഞ്ഞിന് ഗര്‍ഭാവസ്ഥയില്‍തന്നെ രക്തം നല്‍കാനുള്ള സംവിധാനം ഇപ്പോള്‍ ലഭ്യമാണ്.18 ആഴ്ചയിലെ വിശദമായ ടാര്‍ജെറ്റഡ് അനോമലി സ്‌കാന്‍,23 ആഴ്ചയില്‍ തലച്ചോറിന്റെ പരിശോധന,ഫീറ്റല്‍ എക്കോ തുടങ്ങിയവയും ആവശ്യഘട്ടങ്ങളില്‍ നടത്തേണ്ടതുണ്ട്.

തയ്യാറെടുക്കാം നേരത്തെ

ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാനുള്ള തയ്യാറെടുപ്പ് നേരത്തെ തുടങ്ങണം.രോഗങ്ങളുളള സ്ത്രീകള്‍ ഗര്‍ഭിണിയാവാന്‍ ഒരുങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.കാലില്‍ രക്തം കട്ടപിടിച്ച് മരുന്ന് കഴിച്ചിട്ടുളളവര്‍,പ്രമേഹം,രക്തസമ്മര്‍ദം,വൃക്കതകരാര്‍,ഗര്‍ഭപാത്രത്തില്‍ മുഴയുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഗര്‍ഭാവസ്ഥയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാം.ഡോക്ടറെ കണ്ട് ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷം ഗര്‍ഭം ധരിക്കുന്നതാവും നല്ലത്.
മുമ്പ് ഗര്‍ഭിണിയായപ്പോള്‍ പ്രമേഹമുണ്ടായവര്‍,ഒന്നില്‍ക്കൂടുതല്‍ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചവര്‍,ഗര്‍ഭാവസ്ഥയിലോ ജനിച്ച ഉടനെയോ കുഞ്ഞ് മരിച്ചവര്‍,വൈകല്യങ്ങളുള്ള കുഞ്ഞിനെ പ്രസവിച്ചവര്‍ തുടങ്ങിയവരും കരുതലോടെ വേണം അടുത്തവട്ടം ഗര്‍ഭിണിയാവാന്‍. ഒരുവട്ടം ഗര്‍ഭമലസിപ്പോയവര്‍ വീണ്ടും ഗര്‍ഭിണിയാവുമ്പോള്‍ അത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് ഡോക്ടറോട് ചോദിക്കണം.,മൂന്നോ നാലോ അബോര്‍ഷനുണ്ടായവര്‍,നാല്‍പതില്‍ കൂടുതല്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കും കൂടുതല്‍ കരുതല്‍ ആവശ്യമുണ്ട്.

ശരീരഭാരം ക്രമീകരിക്കാം

ഗര്‍ഭിണിയാവുംമുമ്പ് ശരീരത്തിന്റെ ഭാരം ക്രമീകരിക്കണം.പൊക്കത്തിനനുസരിച്ചുള്ള തൂക്കം ക്രമീകരിക്കുന്നതുവഴി പല ഗര്‍ഭകാലപ്രശ്‌നങ്ങളും ഒഴിവാക്കാം.തൈറോയ്ഡ് തകരാറുകളും രക്തത്തിലെ ഷുഗറിന്റെ അളവും ഗര്‍ഭിണിയാവും മുമ്പ് കണ്ടെത്തണം. പ്രമേഹമുളളവര്‍ ഷുഗര്‍ നിയന്ത്രണത്തിലായശേഷം മാത്രം ഗര്‍ഭം ധരിക്കുന്നതാണ് ഉചിതം. നല്ല ആഹാരശീലങ്ങള്‍,മിതമായ വ്യായാമം എന്നീ ചിട്ടകള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം.ആവശ്യത്തിന് വെള്ളം കുടിക്കുന്നത് സുഖകരമായ ഗര്‍ഭകാലമുണ്ടാവാന്‍ സഹായിക്കും.

ഫോളിക് ആസിഡ് ഗുളിക കഴിക്കുന്നത് ഗര്‍ഭസ്ഥശിശുവിനുണ്ടാകാവുന്ന വൈകല്യങ്ങളെ ഒരുപരിധി വരെ കുറയ്ക്കാന്‍ സഹായിക്കും.

എന്തിന് വെറുതെ സിസേറിയന്‍
ശര്‍മിള

കേരളത്തിലെ പ്രസവങ്ങളില്‍ സിസേറിയന്‍ ശസ്ത്രക്രിയാ നിരക്ക് കുത്തനെ കൂടുകയാണ്. 80 ശതമാനമെന്ന് കണക്കുകള്‍. സിസേറിയനാണെങ്കില്‍ കാര്യം എളുപ്പമായെന്ന പൊതുധാരണ ശരിയല്ലെന്ന് വിദഗ്ധര്‍. അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഒരന്വേഷണം...

സാധാരണ പ്രസവം അല്ലെങ്കില്‍ ശാരീരികമായ മറ്റു സങ്കീര്‍ണ്ണതകള്‍, അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന് ഭീഷണിയാവുന്ന സാഹചര്യത്തില്‍ നോര്‍മല്‍ പ്രസവത്തിന് പകരം സ്വീകരിക്കാവുന്ന മാര്‍ഗ്ഗം ആയാണ് സിസേറിയന്‍ ഓപ്പറേഷന്‍ വികസിച്ചത്. പക്ഷെ ഇന്ന് നമ്മുടെ നാട്ടില്‍ 'പ്രസവത്തിന് സിസേറിയന്‍ മതി' എന്നാണ് നിലപാട്. ആവശ്യമില്ലാതെ സിസേറിയന് വിധേയമാവുന്നത് സ്ത്രീകളുടെ ആരോഗ്യനിലയെ അത്യന്തം മോശമായി ബാധിക്കുന്നുണ്ട്. വിവിധ ആരോഗ്യ പ്രശ്‌നങ്ങളായി സ്ത്രീയുടെ പില്‍ക്കാല ജീവിതത്തിലും അത് ഇരുള്‍ വീഴ്ത്തുന്നു.
കേരളത്തില്‍ സിസേറിയന്‍ നിരക്ക് അപകടകരമായി (80 ശതമാനമായി) വര്‍ദ്ധിച്ചുവെന്ന് ഡോക്ടര്‍മാരുടെ സമൂഹം തന്നെ സമ്മതിക്കുന്നു. പൊതുജനാരോഗ്യത്തിന്റെ കാര്യത്തില്‍ ശുഷ്‌കാന്തി സൂക്ഷിക്കുന്ന സംസ്ഥാനത്ത് എന്തുകൊണ്ട് ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്നു? വിഷയം അതീവ ഗൗരവം അര്‍ഹിക്കുന്നു. ആരോഗ്യ വൃത്തങ്ങളിലും സര്‍ക്കാര്‍ തലത്തിലും ഇതേച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

പ്രസവവേദനയെ ഭയന്ന്

സിസേറിയന്‍ മതിയെന്ന് പലപ്പോഴും ഗര്‍ഭിണികള്‍ തന്നെയാണ് പറയുന്നത്. 'ഏയ്, എനിക്ക് വയ്യേ ഈ വേദനയൊന്നും സഹിക്കാന്‍...', തിരുവനന്തപുരം മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചെക്കപ്പിന് വന്നതാണ് മൂന്ന് മാസം ഗര്‍ഭിണിയായ റജുല. മുഖത്ത് ഇപ്പോഴേ ഉണ്ട് ടെന്‍ഷന്‍. മിക്ക സ ്ത്രീകളും പ്രസവവേദനയെ ഭയന്നാണ് സിസേറിയന്‍ മതിയെന്ന തീരുമാനം ആദ്യമേ എടുക്കുന്നത്. ഗര്‍ഭധാരണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നേയുള്ളൂ അടുത്തിടെ വിവാഹിതയായ സല്‍മ എന്ന പെണ്‍കുട്ടി. പക്ഷെ അവളുടെ ആലോചന നോക്കൂ, ' സിസേറിയനാവുമ്പോള്‍ പ്രസവം നടക്കുന്നതുപോലും അറിയില്ല. മയക്കിക്കിടത്തിയിരിക്കുമല്ലോ. നമ്മളൊന്നുമറിയേണ്ടല്ലോ.' സിസേറിയന്‍ ഓപ്പറേഷനെക്കുറിച്ചുള്ള പൊതുവായ അറിവില്ലായ്മയാണ് ഇത്തരം തെറ്റുദ്ധാരണകള്‍ക്ക് ഇടയാക്കുന്നത്. സിസേറിയനാവുമ്പോള്‍ അപകടസാധ്യത കുറയും എന്നൊരു ധാരണയും വ്യാപകമാണ്്.

സിസേറിയനിലൂടെ പ്രസവിച്ച സ്ത്രീകളുടെ അഭിപ്രായങ്ങള്‍ നോക്കാം, 'നല്ല പാടായിരുന്നു.മുറിവ് ഉണങ്ങുന്നതുവരെ ഇരിക്കാനോ നടക്കാനോ സുഖമില്ലായിരുന്നു. കുഞ്ഞിന് നല്‍കാന്‍ പാല് തികഞ്ഞില്ല, 'സ്മിത എന്ന അമ്മ പറഞ്ഞു. അവരുടെ ആദ്യ പ്രസവം സിസേറിയനായിരുന്നു. അടുത്ത തവണ ഗര്‍ഭിണിയായാല്‍ സിസേറിയന്‍ തന്നെ സ്വീകരിക്കുമോ ? ' ഈശ്വരാ, അടുത്തത് സിസേറിയന്‍ ആവരുതേ എന്നേ എനിക്ക് പ്രാര്‍ത്ഥനയുള്ളൂ...', സ്മിതയ്ക്ക് സംശയമേയില്ല.

രണ്ട് സിസേറിയന്‍ കഴിഞ്ഞ് ഭാവിയില്‍ ഗര്‍ഭപാത്രത്തിന് ഓപ്പറേഷന്‍ വേണ്ടിവന്നാല്‍ മൂത്രസഞ്ചിക്ക് ക്ഷതം വരുന്ന അവസ്ഥ കാണാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സിസേറിയന്റെ മുറിവില്‍ മൂത്രസഞ്ചി ഒട്ടുന്നതാണ് ഇതിനു കാരണം. സര്‍ജറിക്കിടയില്‍ അണ്ഡാശയങ്ങളില്‍ രക്തം കെട്ടിക്കിടക്കാന്‍ സാധ്യതയുണ്ട്. ഇത് കാലക്രമേണ അണ്ഡാശയങ്ങളിലെ സിസ്റ്റ് ആയി മാറാന്‍ ഇടയാക്കുന്നു. 

സിസേറിയന്‍ ഒഴിവാക്കാനാവാത്ത മറ്റൊരു കൂട്ടര്‍, വൈകി പ്രസവിക്കുന്നവരാണ്. പ്രായം 35 കഴിഞ്ഞ സ്ത്രീകളില്‍ സിസേറിയന്‍ ആവശ്യമാവുന്നു. പഠനം കഴിഞ്ഞ്, ജോലി നേടി, കുടുംബജീവിതം വൈകി തുടങ്ങുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നത് സിസേറിയന്റെ എണ്ണവും കൂട്ടുന്നുണ്ട്. വന്ധ്യതയ്ക്ക് ചികിത്സിച്ച് ഗര്‍ഭിണികളായവര്‍ക്കും സിസേറിയന്‍ വേണ്ടിവരുന്നു. 

സിസേറിയന് ഇടയില്‍ പലപ്പോഴും ഗര്‍ഭിണിക്ക് രക്തമാവശ്യമായി വരുന്നു. ബ്ലഡ് ബാങ്കില്‍ നിന്നോ പുറത്തുനിന്നുള്ള രക്തദാതാക്കളില്‍നിന്നോ രക്തം സ്വീകരിക്കുന്നത് അത്ര ആരോഗ്യകരമല്ല. പലതരം അണുബാധകള്‍ക്ക് ഇത് അവസരമൊരുക്കുന്നു എന്നതാണ് കാരണം.

നാളെ നോക്കി പ്രസവം

ജാതകത്തില്‍ വിശ്വാസമുള്ളവര്‍ നല്ല നാള് നോക്കി അന്ന് സിസേറിയന്‍ ചെയ്യണം എന്ന് ആവശ്യപ്പെടുന്നതും വിരളമല്ല. ' എന്റെ മോന്‍ പൂരം നാളിലാ പിറന്നത്. നമുക്ക് വേണ്ട നാളില്‍ ഡോക്ടര്‍ സിസേറിയന്‍ ചെയ്തുതന്നു.അച്ഛന്‍ ആദ്യമേ നല്ല നക്ഷത്രം നോക്കിവെച്ചിരുന്നു, 'ഒരു സ്ത്രീ ചാരിതാര്‍ത്ഥ്യത്തോടെ പറഞ്ഞു. ഇത്തരം ചെറിയ സൗകര്യങ്ങളുടെ പേരില്‍, പ്രസവം പോലെ ഏറ്റവും നൈസര്‍ഗ്ഗികമായ ഒരു കാര്യത്തില്‍ നീക്ക്‌പോക്കുകള്‍ ചെയ്യുന്നത് എത്ര അനാരോഗ്യകരമാണെന്ന് ഇവരാരും ഓര്‍ക്കുന്നില്ല.

ജോലിയുടെ സൗകര്യത്തിനും ഭര്‍ത്താവ്് സ്ഥലത്തെത്താനുമൊക്കെ വേണ്ടി സമയം നിശ്ചയിച്ച് സിസേറിയന്‍ മതി എന്ന് ഗര്‍ഭിണിയോ ബന്ധുക്കളോ ഡോക്ടറോട് ആവശ്യപ്പെടുന്നു.പ്രസവത്തിന്റെ പ്രതീക്ഷിക്കുന്ന തീയ്യതിക്ക് ശേഷം ഒരു ആഴ്ച എങ്കിലും ലേബറിന്നായി കാത്തുനില്‍ക്കാം എന്നാണ് മെഡിക്കല്‍ മാര്‍ഗ്ഗനിര്‍്േദ്ദശം. പക്ഷെ ഇന്ന് ഗര്‍ഭിണിയ്‌ക്കോ ബന്ധുക്കള്‍ക്കോ ഡോക്ടര്‍ക്കോ കാത്ത് നില്‍ക്കാന്‍ സമയമില്ല എന്നതാണ് സ്ഥിതി. സാങ്കേതികത മുന്നിലിരിക്കെ വെറുതെ സമയം കളയണോ എന്ന് ഡോക്ടര്‍മാര്‍ ചിന്തിക്കുന്നു.

തീരുമാനം ഡോക്ടറുടേത്

മതിയായ കഌനിക്കല്‍ കാരണങ്ങളില്ലാതെ സിസേറിയന്‍ തീരുമാനിക്കുമ്പോള്‍, ആ തീരുമാനത്തിന് ശാസ്ത്രീയമായ അടിത്തറ നഷ്ടപ്പെടുന്നു. ഡോക്ടറുടെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളും കണ്ടേക്കാം.വൈകീട്ട് കുടുംബത്തോടൊപ്പം സിനിമക്ക് പോവുന്നതിന്നായി ' ഇന്ന് രണ്ട് മണിക്ക് സിസേറിയന്‍ 'എന്ന് തീരുമാനിക്കുന്നവര്‍ ഈ വിഭാഗത്തില്‍പ്പെടും. പ്രസവത്തിന്നിടെ സ്വാഭാവികമായി ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പോലും ഗര്‍ഭിണിയുടെ ബന്ധുക്കള്‍ ഡോക്ടറെ കോടതി കയറ്റുന്ന സംഭവങ്ങള്‍ സാധാരണമാണ് . ഇതും സിസേറിയന്‍ തെരഞ്ഞെടുക്കാന്‍ ഡോക്ടറെ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്.
കേരളത്തിലെ ഉയരുന്ന സിസേറിയന്‍ നിരക്കിനെ സ്വാധീനിക്കുന്ന ചില ഘടകങ്ങളെകുറിച്ച് 2003-ല്‍, ംവീ കണ്‍സള്‍ട്ടന്റായ ഡോക്ടര്‍ കെ ഹേമചന്ദ്രന്‍ നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്.ശാസ്ത്രീയമായ കാരണങ്ങളേക്കാള്‍ (medically valid reasons) ബാഹ്യമായ ചില കാരണങ്ങളാണ് (nonclinical factors) സിസേറിയന്‍ നിരക്ക് കൂട്ടുന്നതത്രെ. പ്രസ്തുത പഠനം ചില കൗതുകകരമായ വസ്തുതകളും വെളിപ്പെടുത്തിയിരുന്നു.40 ശതമാനം നോര്‍മല്‍ പ്രസവങ്ങളും വൈകീട്ട് അഞ്ച് തൊട്ട് പുലര്‍ച്ചെ അഞ്ച് വരെയുള്ള സമയത്തിന്നിടയ്ക്കാണ് നടക്കുന്നതത്രെ. ഇതേ സമയത്ത് നടക്കുന്ന സിസേറിയന്‍ പക്ഷെ 20 ശതമാനം മാത്രമാണ്. 80 ശതമാനം സിസേറിയനും നടക്കുന്നത് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പാണ്. വീക്കെന്‍ഡിന് തൊട്ട് മുന്‍പ് സിസേറിയന്‍ നിരക്ക് കുത്തനെ കൂടുന്നതായും പഠനം പറയുന്നു.

എന്തിനറിയണം

ഓപ്പറേഷന്‍ ചെയ്യാനുള്ള സമ്മതിപത്രം എഴുതി വാങ്ങുന്നതിന് മുന്‍പായി സര്‍ജറിയുടെ ദീര്‍ഘകാല പ്രശ്‌നങ്ങളെക്കുറിച്ച് ഗര്‍ഭിണിയെ ബോധവതിയാക്കേണ്ടതുണ്ട് . പക്ഷെ അപൂര്‍വ്വം ഡോക്ടര്‍മാര്‍ മാത്രമേ കാര്യങ്ങള്‍ വിശദമാക്കാന്‍ ശ്രമിക്കാറുള്ളൂ. നോര്‍മല്‍ പ്രസവത്തേക്കാള്‍ ലളിതവും സുരക്ഷിതവും ആണ് സിസേറിയനെന്നുവരെ പറയുന്ന ഡോക്ടര്‍മാര്‍ ഉണ്ടത്രെ. ഡോക്ടര്‍ സിസേറിയന്‍ വേണം എന്ന് പറയുമ്പോള്‍, 'കാത്തിരുന്നാല്‍ പ്രശ്‌നമുണ്ടോ' എന്നൊന്നും ആരും തിരിച്ച് ചോദിക്കുന്നുമില്ല. 

'ഓ, അതൊക്കെ എന്തിനറിയണം ' എന്ന് സ്ത്രീകളും ചിന്തിക്കുന്നു.' ഡോക്ടര്‍ പറയുന്നത് നമുക്ക് പെട്ടെന്ന് മനസ്സിലാവില്ല. ടെന്‍ഷന്‍ പിടിച്ച ആ സമയത്ത് എന്തെങ്കിലും ചോദിച്ച് മനസ്സിലാക്കാനും തോന്നില്ല, 'ഒരു സ്ത്രീ പറഞ്ഞു. 25 കാരി സൈനയുടെ ആദ്യ പ്രസവം സിസേറിയനായിരുന്നു.' പ്രസവം വരെ എനിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് സിസേറിയനാണെന്ന് ഡോക്ടര്‍ പറഞ്ഞത്. ഡലിവറിയുടെ അന്ന് ഞാന്‍ ബാക്കിയുണ്ടാവുമോ എന്ന് വരെ എല്ലാവരും ഭയന്നു. ഭയങ്കര ബഌഡിങ്ങ്. വളരെയധികം രക്തം കയറ്റേണ്ടി വന്നു,'സൈന പറയുന്നു. എന്തുകൊണ്ട് പ്രസവത്തിന്നിടെ കുഴപ്പമുണ്ടായി എന്ന് സൈനയ്ക്ക് ഇപ്പോഴും അറിയില്ല. വിദ്യാസമ്പന്നരായിട്ടും സൈനയോ ഭര്‍ത്താവോ അതേക്കുറിച്ച് അറിയാന്‍ മെനക്കെട്ടുമില്ല...

ലാഭക്കൊതിയുടെ കണ്ണ്

ഭാര്യയുടെ പ്രസവം അടുക്കുമ്പോള്‍ സാമ്പത്തികച്ചെലവോര്‍ത്ത് ടെന്‍ഷനടിക്കുന്നവര്‍ ധാരാളം. കൂടിവരുന്ന പ്രസവച്ചെലവ് കുടുംബങ്ങളുടെ നട്ടെല്ല് ഒടിക്കുന്നതാണ്. 2005ല്‍ അച്യുത മേനോന്‍ സെന്‍ന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് (മാരവ)ൈ, കേരളത്തിലെ അഞ്ച് ജില്ലകളിലായി നടത്തിയ പഠനത്തില്‍ ഉയരുന്ന പ്രസവസംബന്ധിയായ ചെലവുകളെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. 

സര്‍ക്കാര്‍ ആശുപത്രിയില്‍ നോര്‍മല്‍,സിസേറിയന്‍ ഓപ്പറേഷനുകള്‍ സൗജന്യമാണ്. മരുന്നിന്റെ ഇനത്തില്‍ 1000 രൂപയോളം ചെലവ് വന്നേക്കാമെന്ന് മാത്രം. വന്‍കിട സ്വകാര്യ ആശുപത്രികളില്‍ നോര്‍മല്‍ പ്രസവത്തിന്റെ ചെലവ് 5000ത്തിനും 50000ത്തിനും ഇടയ്ക്കാണ്. സിസേറിയനാവുമ്പോള്‍ പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയില്‍ വരുന്നു. 
സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷാലിറ്റി, കോര്‍പ്പറേറ്റ് എന്നിങ്ങനെ ആശുപത്രികളുടെ സ്റ്റാറ്റസ് കൂടുന്നതിനനുസരിച്ച് ചെലവ് വ്യത്യാസപ്പെടുന്നു. മെഡിക്കല്‍ രംഗത്തെ ആശുപത്രികള്‍ അടക്കമുള്ള വന്‍ ബിസിനസ്സ് സ്ഥാപനങ്ങള്‍ ലാഭകരമായ സാമ്പത്തിക ശ്രോതസ്സായി പ്രസവത്തെ കാണുന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. ഈ ലാഭേച്ഛ തന്നെയാണ് സിസേറിയന്‍ നിരക്ക് കുതിച്ചുയരുന്നതിന്റെ പിന്നിലെ പ്രധാന കാരണമായി എടുത്തുപറയപ്പെടുന്നത്. ഡോക്ടറെ വിളിച്ച് വരുത്തി, 'അവര്‍ 25 സിസേറിയന്‍ ചെയ്തു. നിങ്ങള്‍ ഒന്‍പതേ ചെയ്തുള്ളൂ ' എന്ന് അപമാനിക്കുന്ന മാനേജ്‌മെന്റും മാറുന്ന കാലത്തിന്റെ കാഴ്ചകളില്‍ പെടുന്നു. 
സര്‍ക്കാര്‍ ആശുപത്രിയിലും സിസേറിയന്‍ നിരക്ക് കൂടുകയാണ്.ഓപ്പറേഷന്‍ നിശ്ചയിച്ചാല്‍ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് വീട്ടില്‍ പോയി 'കൈമടക്ക് ' നല്‍കുന്നതും കാലങ്ങളായി നമ്മുടെ ശീലമാണല്ലോ.

നിയമസംരക്ഷണം


സിസേറിയന്‍ അനാവശ്യമായി ചെയ്തതാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ സ്ത്രീക്ക് കോടതി മുഖാന്തരം നിയമസംരക്ഷണം തേടാം. ''ഇത്തരം കേസുകളില്‍ മതിയായ തെളിവുകള്‍ കിട്ടാന്‍ എളുപ്പമല്ല. ഈ മേഖലയെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. എമര്‍ജന്‍സി ലൈഫ് സേവിങ്ങ് ഡിസിഷന്‍ എന്ന നിലയിലാണ് ഇത്തരം കേസുകളില്‍ ഡോക്ടര്‍ക്ക് അനുകൂലമായി വിധി വരുന്നത്'', കണ്ണൂരിലെ അഡ്വ. ജഗദാഭായ് പറയുന്നു.

''ഓപ്പറേഷന് മുന്‍പ് സമ്മതിപത്രം ഒപ്പിട്ട് വാങ്ങുമ്പോള്‍, ഗര്‍ഭിണി, ഉറ്റ ബന്ധുക്കള്‍ എന്നിവരെ ഓപ്പറേഷന്റെ വിശദവിവരങ്ങള്‍ അറിയിച്ചിരിക്കണം എന്നുണ്ട്. അങ്ങനെ അറിയാനുള്ള അവകാശം നിയമപ്രകാരം ലഭ്യമാണ്. ഈ അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്നുമാത്രം.''

പ്രസവവേദന നിയന്ത്രിക്കാം

പ്രസവം അടുക്കുമ്പോള്‍ 10-12 മണിക്കൂര്‍ വേദന സഹിക്കുന്നതിന് സ്ത്രീകള്‍ തയ്യാറല്ല. താരതമ്യേന ചെലവ് കുറഞ്ഞ എപ്പിഡ്യൂറല്‍ അനസ്‌തേഷ്യ വഴി വേദന നന്നായി കുറയ്ക്കാനുള്ള സംവിധാനം ഇന്നുണ്ട്. ഇത് വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട ഒന്നാണെന്ന് മാത്രം. ഗര്‍ഭിണിയ്ക്ക് സാന്ത്വനം നല്‍കാന്‍ അടുത്ത ബന്ധുക്കളെയാരെയെങ്കിലും പ്രസവസമയത്ത് കൂടെ നിര്‍ത്തുന്നതും ഇപ്പോള്‍ വ്യാപകമാണ്. കൂടാതെ ഗര്‍ഭകാലത്ത് 'ബ്രീത്തിങ്ങ്' പോലുള്ള വ്യായാമങ്ങള്‍ ശീലിക്കുന്നതും വേദന ലഘൂകരിക്കാന്‍ സഹായിക്കും. ഗര്‍ഭിണികള്‍ തറയില്‍ ചമ്രം പടിഞ്ഞ് ഇരിക്കുന്നത് യോനിഭാഗത്തെ പേശികളെ ദൃഢമാക്കാന്‍ സഹായിക്കും.

സിസേറിയന്‍ നിരക്ക് 15 ശതമാനത്തില്‍ അധികമാവുന്നത് ഒരു നാടിനെ സംബന്ധിച്ചും നീതീകരിക്കാവുന്നതല്ലെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിക്കുന്നുണ്ട്. ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് ഈ കണക്ക് 30 ശതമാനം വരെ ഉയര്‍ന്നാലും സാരമാക്കേണ്ടതില്ല. പക്ഷെ കേരളത്തില്‍ ഇപ്പോഴത്തെ സിസേറിയന്‍ നിരക്ക് 80 സതമാനം വരെ ഉയര്‍ന്നിരിക്കുന്നു. ഇത് അസാധാരണമാണ്.

ആദ്യപ്രസവത്തിന് സിസേറിയന്‍ വേണ്ടിവന്നവര്‍ക്ക് രണ്ടാമതും സിസേറിയന്‍ ആവശ്യമാവുമ്പോള്‍ അതില്‍ കുറേ അപകടങ്ങളുണ്ട്. ആദ്യ സിസേറിയന്റെ ആന്തരികമായ മുറിവി (ഗര്‍ഭപാത്രത്തിനുള്ളിലെ) ലേക്ക് മറുപിള്ള (പ്ലാസന്റ) ഒട്ടാനിടയുണ്ട്. ശിശുവിനെ മാറ്റിയശേഷം മറുപിള്ള നീക്കാന്‍ ഇതുമൂലം പ്രയാസം നേരിടുന്നു. ഗര്‍ഭപാത്രത്തിനുള്ളിലെ രക്തപ്രവാഹത്തിന്റെ തോത് മിനിട്ടില്‍ 500 മില്ലി എന്ന കണക്കിലാണ്. അതിനാല്‍ ഓപ്പറേഷന്റെ സമയത്ത് രക്തസ്രാവം വല്ലാതെ കൂടുന്നു. ഇതു തടയാന്‍ കഴിയാത്തത് പലപ്പോഴും മരണകാരണമാവുന്നു. മറുപിള്ള മുറിവിലേക്ക് വളര്‍ന്നുകയറി ഗര്‍ഭസ്ഥശിശുവിന് ആവശ്യത്തിന് പോഷകം കിട്ടാതെ വരുന്നതാണ് മറ്റൊരു അപകടാവസ്ഥ. 
സിസേറിയന്‍ കഴിഞ്ഞ് അഞ്ച് മണിക്കൂറിന് ശേഷം മാത്രമേ കുഞ്ഞിന് മുലയൂട്ടാന്‍ പറ്റൂ. ചിലപ്പോള്‍ ഇത് മുലപ്പാല്‍ വറ്റിപ്പോവാന്‍ ഇടയാക്കാറുണ്ട്.

ഉത്തരവാദിത്തം എല്ലാവരുടേതും

ഗര്‍ഭകാലത്ത് സ്ത്രീയ്ക്ക് പ്രസവത്തെക്കുറിച്ചുള്ള അറിവ് കിട്ടുന്നുണ്ടോ? എന്താണ് അതിന് തടസ്സം? ഭയങ്കര ലാഭം ഉണ്ടാക്കുന്ന മേഖലയാണിത്. ഇവിടെ നടക്കുന്ന സിസേറിയന്റെ എണ്ണവും ഈടാക്കുന്ന തുകയും എല്ലാം ഓഡിറ്റ് ചെയ്യപ്പെടണം.ഇപ്പോള്‍ ഒരു ആശുപത്രിയിലും കഌനിക്കല്‍ ഓഡിറ്റിങ്ങ് നടക്കുന്നില്ല. എന്ത് കാരണത്താലാണ് സിസേറിയന്‍ ചെയ്യുന്നത് എന്ന് വിശദവിവരങ്ങളോടെ പൊതുജനത്തിന് ലഭ്യമാക്കണം.

സ്ത്രീകളും ഇതേക്കുറിച്ച് നന്നായി ആലോചിക്കാന്‍ തയ്യാറാവണം. 'എനിക്ക് ചിന്തിക്കാന്‍ വയ്യ' എന്ന നിലപാട് മാറ്റിവെക്കണം.പ്രസവത്തില്‍ മരണം സംഭവിച്ചാല്‍ ഡോക്ടറെ കൈയ്യേറ്റം ചെയ്യുന്നത് ഒഴിവാക്കുകയും വേണം. ആളുകളുടെ ഭാഗത്തും ഉത്തരവാദിത്തമുണ്ട്. സിസേറിയന്‍ വര്‍ദ്ധിക്കാന്‍ കാരണം ലാഭചിന്ത മാത്രമല്ല. ഡോക്ടര്‍, ഗര്‍ഭിണി എന്നിവരുടെ സൗകര്യങ്ങള്‍ നോക്കുന്നതുകൊണ്ടുകൂടിയാണ്.

സിസേറിയന്‍ ശ്രദ്ധയോടെ

ഉയരുന്ന സിസേറിയന്‍ നിരക്കിന് പിന്നില്‍ യാതൊരു മെഡിക്കല്‍ മൂല്യങ്ങളും ഇല്ലെന്ന് വിമര്‍ശനം ഉയരുന്നു. സിസേറിയനില്‍ ഗര്‍ഭിണിയുടെ റിസ്‌ക് നോര്‍മല്‍ ഡെലിവറിയേക്കാള്‍ ഏറെയാണ്. ജീവാപായമോ രക്തസ്രാവം, അണുബാധ, രക്തം കട്ട പിടിച്ച് ശ്വാസകോശത്തില്‍ കയറുക തുടങ്ങിയ അപകടാവസ്ഥകള്‍ അപൂര്‍വ്വമല്ല.

ശസ്ത്രക്രിയയ്ക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ അമ്മയ്ക്ക് ആറ് ആഴ്ച വേണ്ടിവരും. സാധാരണ പ്രസവങ്ങളില്‍ ഇത് രണ്ട് ആഴ്ച മാത്രമാണ്. ആശുപത്രി വിട്ടശേഷം, വീണ്ടും അഡ്മിറ്റാവാനുള്ള സാധ്യത സിസേറിയനില്‍ ഇരട്ടിയാണ്.

അപകടങ്ങള്‍ തുറന്നുപറയണം

സിസേറിയന്റെ അപകടങ്ങളെക്കുറിച്ച് തുറന്ന് പറയാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കണം.സാധാരണ പ്രസവത്തേക്കാള്‍ 2.5 ഇരട്ടിയാണ് സിസേറിയനിലെ അപകട നിരക്ക്. ആരും ഇതേക്കുറിച്ച് കാര്യഗൗരവത്തോടെ ചിന്തിക്കുന്നില്ല. പ്രകൃതിയിലെ സൗമ്യമായ അനുഭവമാണ് പ്രസവം. പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ ഗര്‍ഭധാരണം ഒരു രോഗം ആയാണ് കണക്കാക്കുന്നത്. 

ഈ മേഖലയില്‍ സാമ്പത്തികനേട്ടം തന്നെയാണ് പ്രധാന വില്ലന്‍.എല്ലാ ആസ്​പത്രികളും സിസേറിയന്‍ സംബന്ധിച്ച വിവരങ്ങളും പ്രസവത്തിന്നിടയിലെ മരണങ്ങളുടെ കണക്കും സുതാര്യമാക്കണം. ഇതേക്കുറിച്ച് സര്‍ക്കാര്‍ തലത്തിലും ആസ്​പത്രിയുടേതായും ഓഡിറ്റിങ്ങ് നടക്കണം. സിസേറിയന്‍ കൂടുന്നത് തടയാന്‍ ഇതൊക്കെയും ആവശ്യമാണ്. കുത്തിവെപ്പിലൂടെ പ്രസവവേദന ഉണ്ടാക്കുന്ന രീതി (induced labour) അനാവശ്യമായി സ്വീകരിക്കുന്നത് ഒഴിവാക്കണം.ആദ്യ പ്രസവം സിസേറിയന്‍ ആയവരെ രണ്ടാമത്തേത് നോര്‍മല്‍ ആക്കാന്‍ പ്രേരിപ്പിക്കണം.

അമ്മയെന്ന നിര്‍വൃതി
സി.എം.ബിജു

കേരളത്തിലെ ഭര്‍ത്താക്കന്‍മാരും ഇപ്പോള്‍ പ്രസവമുറിയില്‍ കയറിത്തുടങ്ങുകയാണ്. എറണാകുളത്തെ പത്രപ്രവര്‍ത്തക ജാന്‍മേരിക്ക് പ്രസവത്തിനു കൂട്ടുപോയ മാത്യു ടി.ജോര്‍ജിനെപ്പോലെ. ''ഞങ്ങള്‍ പുലര്‍ച്ചെ അഞ്ചുമണിക്കാണ് പ്രസവമുറിയിലെത്തിയത്. വേദന കുറയ്ക്കാന്‍ അവള്‍ പല വ്യായാമങ്ങളും ചെയ്തു. അതിനെല്ലാം ഞാനും ഒപ്പംകൂടി. വൈകീട്ട് അഞ്ചിനായിരുന്നു പ്രസവം. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചത് ഞാനാണ്'' മാത്യുവിന്റെ വാക്കുകളില്‍ ആഹ്ലാദം നിറയുന്നു. പ്രസവരംഗത്തെ ഈയൊരു മാറ്റത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു കേരളത്തിലെ ഗൈനക്കോളജിസ്റ്റുകളും. ''താത്പര്യമുള്ള ഭര്‍ത്താക്കന്‍മാരെ ഞാനും പ്രസവമുറിയില്‍ കയറ്റാറുണ്ട്. ഇത് കൊണ്ട് ഗുണങ്ങളേറെയാണ്. ഭര്‍ത്താവിന്റെ സാന്നിധ്യം പ്രസവവേദന നേരിടാന്‍ സ്ത്രീക്ക് മാനസികകരുത്ത് നല്‍കും.അത് സ്വാഭാവികപ്രസവത്തിനുള്ള സാധ്യതകൂട്ടും. ഏറെ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടായിരുന്ന പ്രസവങ്ങള്‍പോലും ഭര്‍ത്താവിന്റെ സാന്നിധ്യമുള്ളതിനാല്‍ കുഴപ്പങ്ങളില്ലാതെ പോയിട്ടുണ്ട്.'' തൃശ്ശൂര്‍ ജില്ലാ സഹകരണ ആസ്​പത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. നിജി ജസ്റ്റിന്‍ പറയുന്നു.

ഇപ്പറഞ്ഞത് പ്രസവരംഗത്ത് കേരളത്തിലെ പുതിയ വര്‍ത്തമാനം. വെള്ളത്തിലും സ്റ്റൂളിലിരുന്നുമൊക്കെ പ്രസവിക്കാന്‍ ഇപ്പോള്‍ മലയാളി സ്ത്രീകള്‍ തയ്യാറാവുന്നു. സ്വാഭാവികപ്രസവത്തിനുവേണ്ടി വാദിക്കുന്ന വലിയൊരുസംഘവും ഉയര്‍ന്നുവരുന്നു. മറുഭാഗത്താവട്ടെ ഗര്‍ഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട് പുതിയപുതിയ പ്രശ്‌നങ്ങളും കേരളത്തെ അലട്ടിത്തുടങ്ങുന്നുണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കുഞ്ഞുങ്ങള്‍ക്ക് തൂക്കം കുറയുമ്പോള്‍

'കേരളത്തില്‍ ജനിക്കുന്ന നാലിലൊന്ന് കുട്ടികള്‍ക്ക് തൂക്കക്കുറവുണ്ട്.' ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന രണ്ട് പഠനങ്ങള്‍ കണ്ടെത്തിയതാണിത്. ഗ്രാമീണമേഖലയില്‍ ജനിക്കുന്ന കുട്ടികളില്‍ 19 ശതമാനവും ഭാരംകുറഞ്ഞവരാണെന്ന്് നാഷണല്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഹെല്‍ത്ത് സര്‍വേയില്‍ തെളിഞ്ഞിരുന്നു. കേരളത്തിലാകമാനം ജനിക്കുന്നതില്‍ 13.3 ശതമാനം കുട്ടികളും തൂക്കംകുറഞ്ഞവരാണെന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പഠനവും ചൂണ്ടിക്കാട്ടുന്നു. ഈ കണ്ടെത്തലുകള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് ഈ വിഷയത്തില്‍ സി.ഡി.എസിനുവേണ്ടി പഠനം നടത്തിയ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ ചെയര്‍മാന്‍ ഡോ. വി.രാമന്‍കുട്ടി പറയുന്നു.'' അന്ന് രണ്ടുകാരണങ്ങളാണ് കുഞ്ഞുങ്ങളുടെ തൂക്കക്കുറവിനിടയാക്കുന്നതായി കണ്ടെത്തിയത്. ഒന്ന് അമ്മമാരുടെ ഭാരക്കുറവ്, മറ്റൊന്ന് മാസം തികയാതെയുള്ള പ്രസവവും. ഇപ്പോഴും കേരളത്തിന്റെ ആരോഗ്യമേഖലയില്‍ ഇതൊരു പ്രശ്‌നമായി നിലനില്‍ക്കുന്നുണ്ട്'', അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
രണ്ടരക്കിലോയിലും താഴെയുള്ള കുഞ്ഞുങ്ങളാണ്് തൂക്കംകുറഞ്ഞവരുടെ പട്ടികയില്‍ വരുന്നത്. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മനാവൈകല്യങ്ങള്‍, തലച്ചോറില്‍ തകരാറുകള്‍ എന്നിവയ്ക്ക് സാധ്യതയേറെയാണ്.
''25 വര്‍ഷം മുന്‍പൊക്കെ മെഡിക്കല്‍കോളേജുകളില്‍ പ്രസവിക്കുന്നതില്‍ 28-30 ശതമാനം കുഞ്ഞുങ്ങളും തൂക്കം കുറഞ്ഞവരായിരുന്നു. ഇപ്പോള്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ 26 ശതമാനത്തിനും ആവശ്യത്തിന്് ഭാരമില്ല'', കോട്ടയം മെഡിക്കല്‍ കോളേജിലെ ശിശുരോഗവിഭാഗം പ്രൊഫസര്‍ ഡോ.പി. സവിത പറയുന്നു. ആരോഗ്യമേഖലയില്‍ കേരളം വന്‍പുരോഗതി നേടിയിട്ടും തൂക്കംകുറഞ്ഞ കുട്ടികള്‍ ജനിക്കുന്നുവെന്നത് കൗതുകമുണ്ടാക്കും. 
''അമ്മമാരുടെ തൂക്കക്കുറവാണ് കുഞ്ഞിന്റെ തൂക്കം കുറയാന്‍ ഒരു കാരണം. ഗര്‍ഭിണിയാവാന്‍ തയ്യാറെടുക്കുമ്പോള്‍ ചുരുങ്ങിയത് 45 കിലോയെങ്കിലും തൂക്കംവേണം. അതേപോലെ അമ്മയുടെ അനീമിയയും കുഞ്ഞിന്റെ ഭാരത്തെ ബാധിക്കും. ഈ അസുഖമുള്ളവര്‍ അതുഭേദമാക്കിയിട്ടേ ഗര്‍ഭിണിയാകാവൂ'', ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. റേച്ചല്‍ അലക്‌സാണ്ടര്‍ ഓര്‍മിപ്പിക്കുന്നു. രക്തക്കുറവ്, രക്തസമ്മര്‍ദം, മാസംതികയാതെയുള്ള പ്രസവം, അമ്മയുടെ മാനസികസമ്മര്‍ദം തുടങ്ങിയവയാണ് കുഞ്ഞിന്റെ തൂക്കം കുറയ്ക്കുന്ന മറ്റ് വില്ലന്‍മാര്‍. 'രക്തത്തില്‍ എന്തെങ്കിലും അസുഖം ഉണ്ടായിരുന്നവരും ശ്രദ്ധിക്കണം. ഇവര്‍ക്ക് ഗര്‍ഭകാലത്ത് വിളര്‍ച്ച വരാം. അതുവഴി തൂക്കമില്ലാത്ത കുഞ്ഞുങ്ങളുണ്ടാവും. തൂക്കംകുറഞ്ഞ് ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഭാവിയിലുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്കും തൂക്കം കുറയാനിടയുണ്ട് '' ഡോ. റേച്ചല്‍ അലക്‌സാണ്ടര്‍ പറയുന്നു.
ഭാരം കുറഞ്ഞ കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ അവര്‍ക്ക് ആദ്യംനല്‍കുന്ന പരിചരണം പ്രധാനമാണ്. ''തൂക്കമില്ലാത്ത കുട്ടികളെ പ്രസവിച്ച് അരമണിക്കൂറാവുമ്പോഴേക്കും മുലയൂട്ടിത്തുടങ്ങണം. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയാതിരിക്കാനാണിത്'', ഡോ. പി. സവിത പറയുന്നു. ''പുറത്തെ താപനിലക്കനുസരിച്ച് പ്രതികരിക്കാന്‍ ഇവരുടെ ശരീരത്തിന് ശേഷിയുണ്ടാവില്ല. അതുകൊണ്ട് താപനില ക്രമീകരിക്കാന്‍ നന്നായി പുതപ്പിച്ചുകൊടുക്കണം. ഇവരുടെ ശരീരത്തില്‍ അയണിന്റെ കുറവുണ്ടാകും. അത് പരിഹരിക്കാന്‍ ഒരുമാസം മുതല്‍ അയണ്‍ഗുളികയും വേണ്ടി വരും. രണ്ടുവയസ്സുവരെ ഇത് തുടര്‍ച്ചയായി കൊടുക്കണം. അണുബാധ സാധ്യതയും ഈ കുട്ടികള്‍ക്ക് കൂടുതലുണ്ട്. അതൊഴിവാക്കാന്‍ കുഞ്ഞിനെ അധികമാളുകള്‍ സ്​പര്‍ശിക്കാന്‍ പാടില്ല'', ഡോക്ടര്‍ നിര്‍ദേശിക്കുന്നു.

ഒഴിവാക്കാം തൂക്കകുറവ്

കുഞ്ഞിന്റെ തൂക്കക്കുറവ് ഒഴിവാക്കാന്‍ അമ്മയാവാന്‍ ഒരുങ്ങുമ്പോള്‍ തന്നെ ആവശ്യമായ കരുതലെടുക്കണം. ഗര്‍ഭകാലത്ത് അമ്മയ്ക്ക് 10-12 കിലോ തൂക്കം കൂടണമെന്നാണ് കണക്ക്. ''കുഞ്ഞിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഗര്‍ഭധാരണത്തിനുമുമ്പും ശേഷവും പോഷകമുള്ള ഭക്ഷണം കഴിക്കണം. അയണ്‍, പ്രോട്ടീനുകള്‍, കാല്‍സ്യം എന്നിവയടങ്ങിയ ഭക്ഷണം പതിവാക്കണം'', കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ ഷീലാമണി നിര്‍ദേശിക്കുന്നു. മുട്ട, മീന്‍, ബീന്‍സ് എന്നിവയിലൊക്കെ പ്രോട്ടീനുണ്ട്. പാല്‍, പുളിക്കാത്ത തൈര്, കൂവരക്, കരുപ്പട്ടി എന്നിവ കാല്‍സ്യത്തിന്റെ കലവറയാണ്. നത്തൊലി, മത്തി തുടങ്ങിയ ചെറുമീനുകളില്‍ പ്രോട്ടീനും കാല്‍സ്യവുമുണ്ട്.
''അനീമിയ ഒഴിവാക്കാന്‍ അയണിന്റെ അംശം കൂടുതല്‍ ശരീരത്തിലെത്തണം. രക്തത്തില്‍ ഹീമോഗ്ലോബിന്‍ ഉണ്ടാവണമെങ്കിലും അയണ്‍വേണം. അമ്മയുടെയും കുഞ്ഞിന്റെയും ശരീരത്തിനാവശ്യമായ ഓക്‌സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്നത്് ഹീമോഗ്ലോബിനാണ്. ഇതിന്റെ അളവുകുറയുമ്പോള്‍ കുഞ്ഞിന്റെ വളര്‍ച്ച കുറയും. റാഗി, ഈത്തപ്പഴം, പാല്‍, പാവയ്ക്ക, ചീര എന്നിവയിലെല്ലാം ഗര്‍ഭിണിക്ക് ആവശ്യമുള്ള പോഷകങ്ങളെല്ലാമുണ്ട്്.'', ഡോ.ഷീലാമണി പറയുന്നു. ഗര്‍ഭകാലത്ത് കുറഞ്ഞ അളവില്‍ കൂടുതല്‍ തവണ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. മൂന്നുനേരം പ്രധാന ആഹാരം, മൂന്നുനേരം എണ്ണ അധികമില്ലാത്ത സ്‌നാക്‌സുകള്‍ എന്നിങ്ങനെ ഭക്ഷണം ക്രമീകരിക്കാം. 
''ഗര്‍ഭധാരണംമുതല്‍ പ്രസവംവരെയുള്ള സ്ത്രീകളുടെ ജീവിതചര്യ കുഞ്ഞിന്റെ വളര്‍ച്ചയില്‍ പ്രധാനമാണ്'', ആയുര്‍വേദ വഴികള്‍ നിര്‍ദേശിക്കുന്നു കോട്ടക്കല്‍ ആര്യവൈദ്യശാല വുമണ്‍സ് ഹെല്‍ത്ത് ക്ലിനിക്കിലെ ഡോ.ടി. പി. ഉദയകുമാരി. ''ഗര്‍ഭത്തിന്റെ തുടക്കംതൊട്ടേ പോഷകങ്ങളുള്ള ഭക്ഷണം കഴിക്കണം. പച്ചനെല്ലിക്ക നല്ലതാണ്. തവിടുകളയാത്ത അരിയുടെ ചോറ്, ഉമികളയാത്ത ഗോതമ്പ് എന്നിവ ശീലിക്കണം. ആദ്യമാസം മുതലേ കുറുന്തോട്ടിവേര് പാല്‍ക്കഷായംവെച്ചുകഴിക്കാം. മൂന്നാംമാസംതൊട്ടേ ഭദ്രാദി ഗുളികയും ഗര്‍ഭരക്ഷാകഷായവുംപതിവാക്കണം. ഗര്‍ഭിണിയാവുമ്പോഴേക്കും പലരും ഛര്‍ദിയെന്നും പറഞ്ഞ് ഭക്ഷണം ഒഴിവാക്കും. ഛര്‍ദിയുണ്ടെങ്കില്‍ മഹാധാന്വന്തരം ഗുളിക കഴിച്ചാല്‍മതി. അതേപോലെ മലര് തിളപ്പിച്ച് അതില്‍ പഞ്ചസാരയിട്ട് കഴിക്കുന്നതും ഛര്‍ദിക്ക് നല്ലതാണ്. കൊത്തമല്ലിയിട്ട് തിളപ്പിച്ച വെള്ളം കൂടെക്കൂടെ കുടിക്കുന്നതും ഛര്‍ദിയെ അകറ്റിനിര്‍ത്തും. നല്ല ജീരകം വറുത്ത് വെള്ളത്തിലിട്ട് അതില്‍ മഹാധാന്വന്തരം ഗുളികയിട്ടുംകഴിക്കാം'', ഡോക്ടര്‍ നിര്‍ദേശിക്കുന്നു.

പ്രസവം മുപ്പതിന് ശേഷം

'എന്റെയൊക്കെ പഠനകാലത്ത് 24 വയസ്സൊക്കെയാവുമ്പോഴേക്കും സ്ത്രീകള്‍ ഒന്നും രണ്ടും പ്രസവിച്ചിരിക്കും. ഇപ്പോള്‍ 80-90 ശതമാനം പെണ്‍കുട്ടികളും അതേപ്പറ്റി ആലോചിച്ചുതുടങ്ങുന്നതുതന്നെ 28-30 വയസ്സാവുമ്പോഴാണ്'', കോഴിക്കോട് മെഡിക്കല്‍കോളേജ് ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബീന ഗുഹന്‍ പറയുന്നു. പുതിയ പെണ്‍കുട്ടികള്‍ പഠിപ്പിനും കരിയറിനുമാണ് ആദ്യപ്രാധാന്യം കൊടുക്കുന്നത്. അതെല്ലാം കഴിഞ്ഞിട്ടേ വിവാഹത്തെപ്പറ്റി ചിന്തിക്കു. കല്യാണം കഴിഞ്ഞാലോ ഒന്നുസെറ്റിലായിട്ടുമതി കുഞ്ഞെന്നു ചിന്തിക്കും. പ്രസവത്തെപ്പറ്റി ആലോചിച്ചുതുടങ്ങുമ്പോഴേക്കും പ്രായം അതിന്റെ വഴിക്കുപോയിട്ടുണ്ടാവും'', ഡോക്ടര്‍ അഭിപ്രായപ്പെടുന്നു.
22-25 വയസ്സ്. പ്രസവിക്കാന്‍ ഏറ്റവും നല്ല പ്രായം ഏതെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസമൊന്നുമില്ല. പ്രായം കൂടുന്നതിനനുസരിച്ച് ഗര്‍ഭിണിക്ക് ശാരീരികപ്രശ്‌നങ്ങള്‍ കൂടാം. അതിനനുസരിച്ച് റിസ്‌കും. ''ഗര്‍ഭമലസല്‍, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഈ പ്രായത്തിലെത്തുമ്പോള്‍ സാധ്യതയേറെയാണ്. രക്തസമ്മര്‍ദമുണ്ടെങ്കില്‍ അത് കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കാം.'', ഡോ.ഷീലാമണി ഓര്‍മിപ്പിക്കുന്നു. പ്രായംകൂടിയ സ്ത്രീകളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളിലാണ് ബുദ്ധിമാന്ദ്യം, ഡൗണ്‍സിന്‍ഡ്രോം തുടങ്ങിയ പ്രശ്‌നങ്ങളും കൂടുതല്‍ കാണുന്നത്. 35 വയസ്സിനുശേഷം ഗര്‍ഭിണികളാവുന്ന 30 ശതമാനം പേരെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇരയാവുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 
''മുപ്പതു കടക്കുമ്പോള്‍ പെണ്ണുങ്ങള്‍ക്ക് ഗര്‍ഭധാരണസാധ്യത കുറയാം. അതേപോലെ ഇടുപ്പെല്ലുകളുടെ വഴക്കവും അയവും കുറഞ്ഞുവരും. ഇത് സുഖപ്രസവത്തിനുള്ള സാധ്യത ഇല്ലാതാക്കും'', ഡോ.ബീന ഗുഹന്‍ പറയുന്നു. പക്ഷേ പ്രശ്‌നങ്ങളോര്‍ത്ത്് അമ്മയാവാനുള്ള ആഗ്രഹം മാറ്റിവെക്കാനാവുമോ? അതുകൊണ്ട് അല്‍പം കരുതലുണ്ടെങ്കില്‍ ഗര്‍ഭധാരണത്തിനിടയിലുള്ള മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

തയ്യാറെടുപ്പ് പ്രധാനം

'മുപ്പതിനുശേഷം വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയാവാന്‍ തയ്യാറെടുക്കുന്നവര്‍ ഒരു പ്രീ പ്രഗ്നന്‍സി കൗണ്‍സലിങ്ങ് നടത്തണം. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവയൊക്കെ പരിശോധിക്കണം. ഒരു ഗര്‍ഭം താങ്ങാനുള്ള ശേഷി ശരീരത്തിനുണ്ടോയെന്ന് ഉറപ്പാക്കലാണ് ഏറ്റവും പ്രധാനം'', തളിപ്പറമ്പ് സഹകരണ ആസ്​പത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എ. ശ്രീകൃഷ്ണകിരണ്‍ പറയുന്നു.
''ശരീരത്തിലെ എല്ലാസംവിധാനങ്ങളും നോര്‍മലാണെന്ന് ആദ്യമേ ഉറപ്പാക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെങ്കില്‍ അതും നിയന്ത്രിക്കണം. അമിതമായ വണ്ണമുള്ളവര്‍ അത് കുറയ്ക്കണം. പൊണ്ണത്തടി പ്രഷറിനും പ്രമേഹത്തിനും പുറമെ പ്രസവസമയത്ത് രക്തം കട്ട പിടിക്കാനും കാരണമാവാം. ഇത് അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ അപകടമുണ്ടാക്കാം'', ഡോ.ബീന ഗുഹന്‍ പറയുന്നു.
പൊണ്ണത്തടിക്ക് മറ്റൊരു അപകടസാധ്യതയുമുണ്ട്. കേരളത്തിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ വ്യാപകമാവുന്ന പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം എന്ന രോഗത്തിനുള്ള പ്രധാനകാരണവും പൊണ്ണത്തടി തന്നെ. ഈരോഗവുമായി വരുന്ന 60 ശതമാനംപേരും അമിത വണ്ണമുള്ളവരാണെന്നും ഡോക്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു.

ഫോളിക് ആസിഡ് ഗുളികകള്‍

ഗര്‍ഭം ധരിക്കാനൊരുങ്ങുമ്പോള്‍ ദിവ്യ ഔഷധമായ ഫോളിക് ആസിഡ് ഗുളികകളെ മറക്കരുതെന്ന് ഡോ. ബീന ഗുഹന്‍ ഓര്‍മിപ്പിക്കുന്നു. ''കുഞ്ഞിന്് അംഗവെകല്യമുണ്ടാകാതിരിക്കാനും സ്‌പൈന്‍ വികാസത്തിനുമെല്ലാം ഇത് അത്യാവശ്യമാണ്. ഗര്‍ഭിണിയാവാന്‍ തയ്യാറെടുക്കുന്ന സമയത്തുതന്നെ ഗുളിക കഴിച്ചുതുടങ്ങാം, ചുരുങ്ങിയത് മൂന്നുമാസം മുന്‍പെങ്കിലും. അതായത് ഗര്‍ഭധാരണം നടക്കുന്ന സമയത്ത് ശരീരത്തില്‍ ആവശ്യത്തിന് ഫോളിക് ആസിഡുണ്ടാവണം. ചീര പോലുള്ള ഇലക്കറികളില്‍ ഫോളിക് ആസിഡുണ്ട്. പക്ഷേ പച്ചയായി സാലഡുകളുണ്ടാക്കി കഴിച്ചാലേ ഗുണമുള്ളൂ. 
പഴങ്ങള്‍ ജ്യൂസടിച്ച് കഴിക്കാനാണ് മിക്കവര്‍ക്കും താത്പര്യം. പക്ഷേ അതേപടി കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്്. ഗര്‍ഭിണിക്ക് മലശോധനയ്ക്കും ദഹനത്തിനും സഹായിക്കുന്ന നാരുകള്‍ കൂടുതല്‍ ലഭിക്കുകയും ചെയ്യും. അടുത്തകാലത്ത് ഡി.എച്ച്.എ. അടങ്ങിയ ഗുളികകളും ഗര്‍ഭിണികള്‍ക്ക് നിര്‍ദേശിക്കാറുണ്ട്. ഇതില്‍ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിനുവേണ്ട ചേരുവകള്‍ അടങ്ങിയിട്ടുണ്ട്. മീനെണ്ണ,ആള്‍ഗെയ്ന്‍, ഒമേഗത്രീ തുടങ്ങിയ നിരവധിഘടകങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ഡി.എച്ച്.എ. 
'മുപ്പതുകഴിഞ്ഞ് ഗര്‍ഭിണിയാകുന്നവര്‍ക്കിടയില്‍ ഗര്‍ഭമലസലിനുള്ള സാധ്യത അല്‍പം കൂടുതലുണ്ട്. ചെറിയൊരു ബ്ലീഡിങ്ങോ വയറുവേദനയോ വന്നാല്‍പ്പോലും പെട്ടെന്ന് ചികിത്സ തേടണം. '', ഡോ.എ.ശ്രീകൃഷ്ണകിരണ്‍ ഓര്‍മിപ്പിക്കുന്നു.

വൈകല്യം കണ്ടെത്താം

'മുപ്പത്തിയഞ്ച് കഴിഞ്ഞ്് പ്രസവിക്കുന്നവരുടെ കുഞ്ഞുങ്ങള്‍ക്ക് പലപ്പോഴും വൈകല്യങ്ങളുണ്ടാവാം. കുഞ്ഞിന് ആറുമാസമെത്തുമ്പോഴൊക്കെ വൈകല്യങ്ങള്‍ കണ്ടെത്തിയാല്‍ ഗര്‍ഭപാത്രത്തിനകത്തുവെച്ചുതന്നെ ശസ്ത്രക്രിയ നടത്താം. കരള്‍ വികസിക്കാത്ത ഗര്‍ഭസ്ഥശിശുവിന് തിരുവനന്തപുരത്തുവെച്ച്് ഈയിടെ ശസ്ത്രക്രിയ നടത്തിയിരുന്നു'', തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിലെ ഡോ. നിര്‍മല സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു. ''ഹൃദയവാല്‍വിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍, ശ്വാസനാളവും അന്നനാളവും കൂടിച്ചേര്‍ന്നിരിക്കുന്ന അവസ്ഥ, തലയ്ക്കുണ്ടാവുന്ന അമിതവലിപ്പം എന്നിവക്കെല്ലാം ഇപ്പോള്‍ ഗര്‍ഭപാത്രത്തിനകത്തുവെച്ച് സര്‍ജറിചെയ്യാം. പൊക്കിള്‍ക്കൊടിയിലെ രക്തം കുത്തിയെടുത്ത് ക്രോമസോം പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കാനും സംവിധാനമുണ്ട്്'', ഡോ.ഷീലാമണി പറയുന്നു.

പ്രസവവും റിസ്‌കാവുന്നു

കേരളത്തില്‍ ഹൈറിസ്‌ക് പ്രഗ്നന്‍സി കേസുകള്‍ കൂടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ ഒന്നടങ്കം പറയുന്നു. 'ജീവിതശൈലിയില്‍വന്ന മാറ്റങ്ങളാണ് ഇതിനുപ്രധാന കാരണം. അനങ്ങാതെ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നു. ബി.പി.കൂടി, പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും പതിവായി. പിന്നെങ്ങനെ പ്രസവവും റിസ്‌കാവാതെ പോവും' ഡോ. റേച്ചല്‍ അലക്‌സാണ്ടര്‍ ചോദിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതഭാരം, ഹൈപ്പര്‍ടെന്‍ഷന്‍, തുടര്‍ച്ചയായുള്ള ഗര്‍ഭമലസല്‍, ഹൃദ്രോഗം പോലുള്ള അസുഖങ്ങള്‍ തുടങ്ങി പ്രസവം ഹെറിസ്‌കാവാന്‍ കാരണങ്ങള്‍ ഒരുപാടുണ്ട്. ആദ്യപ്രസവം 35 വയസ്സിനുശേഷമുണ്ടാവുന്നവരും ദീര്‍ഘനാളത്തെ ചികിത്സക്കുശേഷം കുട്ടികളുണ്ടാവുന്നവരും ഹൈറിസ്‌ക് പട്ടികയിലുള്‍പ്പെടുന്നു. 

ഗര്‍ഭകാലം കലുഷിതമാക്കുന്ന പ്രധാനവില്ലനാണ് ബ്ലഡ്പ്രഷര്‍. ഉയര്‍ന്ന രക്തസമ്മര്‍ദം അമ്മയുടെ തലയിലെ ചെറിയ രക്തക്കുഴലുകള്‍ പൊട്ടുന്നതിനും അതുവഴി രക്തസ്രാവമുണ്ടായി ഫിറ്റ്‌സ് വന്ന് കുഞ്ഞ് വയറ്റില്‍വെച്ചുതന്നെ മരിക്കാനും കാരണമാവാം. ബി.പി. ഉണ്ടെങ്കില്‍ 15 ദിവസത്തിലൊരിക്കല്‍ ടെസ്റ്റ് ചെയ്യണം. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ തീര്‍ത്തും വേണ്ടെന്നുവെക്കണം. കേരളത്തിലെ ഗര്‍ഭിണികളെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന മറ്റൊരുപ്രധാനരോഗം പ്രമേഹമാണ്.

ഭക്ഷണക്രമീകരണം

ചെറിയരീതിയില്‍ ഷുഗര്‍ ഉണ്ടെങ്കില്‍ ഭക്ഷണക്രമീകരണംകൊണ്ടുതന്നെ ശരിയാക്കിയെടുക്കാം. കൂടിപ്പോയാലേ ഇന്‍സുലിന്‍വേണ്ടി വരൂ. പ്രമേഹബാധിതരായ ഗര്‍ഭിണികള്‍ ശരീരത്തിലെ അന്നജത്തിന്റെ അളവ് ക്രമീകരിക്കണം. 'അരിഭക്ഷണം തീരെ കഴിക്കരുതെന്ന് നിര്‍ദേശിക്കാനാവില്ല. കാരണം കുഞ്ഞിന്റെ വളര്‍ച്ചയ്ക്കുള്ള ഊര്‍ജം ലഭിക്കാന്‍ അന്നജം കൂടിയേതീരൂ'', ഡോ.ബീന ഗുഹന്‍ പറയുന്നു.

'പ്രഭാതഭക്ഷണത്തില്‍ രണ്ട് ഇഡ്ഡലി, അല്ലെങ്കില്‍ രണ്ടുദോശ, അതല്ലെങ്കില്‍ ഒരു പുട്ട് എന്നിങ്ങനെ കഴിക്കാം. ചെറിയ അളവില്‍ ചായയോ കാപ്പിയോ ആവാം. പക്ഷേ മധുരം വേണ്ടേവേണ്ട. പാല്‍ കുടിക്കാം. പാട മാറ്റാന്‍ മറക്കേണ്ട. അതിലാണ് കൊഴുപ്പ് കൂടുതലുള്ളത്. കിഴങ്ങുവര്‍ഗങ്ങളും അധികംവേണ്ട. രാവിലെ 11 മണിയാവുമ്പോള്‍ ഗര്‍ഭിണിക്ക് കഞ്ഞിയില്‍ നെയ്യൊഴിച്ച് നല്‍കുന്ന പതിവുണ്ട്. ഷുഗര്‍ കൂടാന്‍ ഇതിലും എളുപ്പവഴി വേറെയില്ല. ഈ ശീലം ഒഴിവാക്കിയേ പറ്റൂ. ഉച്ചയ്ക്ക് ഒരു കപ്പ് ചോറാവാം. കൂടെ പച്ചക്കറികള്‍ എണ്ണ കുറച്ച് പാചകം ചെയ്തുപയോഗിക്കാം. രാത്രി ഒരു നേരം ഗോതമ്പുമതി'', ഡോ. ബീന ഗുഹന്‍ നിര്‍ദേശിക്കുന്നു. പ്രമേഹമുള്ള ഗര്‍ഭിണിക്ക് പഴങ്ങളില്‍ മുസംബി, ആപ്പിള്‍, വത്തക്ക തുടങ്ങിയവ കഴിക്കാം. മുന്തിരി, കൈതച്ചക്ക, നേന്ത്രപ്പഴം എന്നിവ പാടെ ഒഴിവാക്കണം.

പ്രസവമുറിയില്‍ ഞാനും കൂട്ടിരുന്നു

ഭാര്യയുടെ പ്രസവത്തിന് ലേബര്‍റൂമില്‍ കൂട്ടിരുന്ന കഥപറയുമ്പോള്‍ മാത്യു ടി. ജോര്‍ജിനെ നോക്കുകയായിരുന്നു കുഞ്ഞുമോള്‍ ഒലീവ്. മൂന്നുമാസക്കാരിയുടെ കൗതുകത്തോടെ അവള്‍ അമ്മ ജാനിന്റെ മടിയിലിരുന്ന് അച്ഛന് കാതോര്‍ത്തു.

'ഞങ്ങള്‍ ആദ്യമേ തീരുമാനിച്ചിരുന്നു. പ്രസവസമയത്തും ഒരുമിച്ചുനില്‍ക്കണമെന്ന്' ജാന്‍ പറഞ്ഞുതുടങ്ങി. ഇക്കാര്യം ഡോ. ജോര്‍ജി ജോയ് ഈരാളിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും സമ്മതം. 'ഭര്‍ത്താവ് അടുത്തുണ്ടാവുന്നത് ഭാര്യയുടെ പ്രസവവേദന കുറയ്ക്കും. മാനസികമായൊരു പിന്തുണ കിട്ടുമ്പോള്‍ പ്രസവം കുറേക്കൂടി ലളിതമാവും' അദ്ദേഹം ഞങ്ങളുടെ തീരുമാനത്തെ അഭിനന്ദിച്ചു. ഒറ്റ കണ്ടീഷനേ ഡോക്ടര്‍ മുന്നോട്ടുവെച്ചുള്ളൂ, പ്രസവസമയത്ത് പെട്ടെന്നെന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടാല്‍ സിസേറിയന്‍ വേണ്ടിവരും. ആ സമയത്ത് എന്തിന് സിസേറിയന്‍ ചെയ്യുന്നു എന്നൊന്നും വിശദീകരിക്കാന്‍ നേരമുണ്ടാവില്ല. അതൊന്നും ചോദിക്കുകയുമരുത്. ഞങ്ങള്‍ക്കത് സമ്മതമായിരുന്നു.

പ്രസവമുറിയില്‍ ഭര്‍ത്താവ് അടുത്തുണ്ടായാലുള്ള ഗുണങ്ങളെപ്പറ്റിയൊക്കെ ഒരുപാട് വായിച്ചിരുന്നു. അങ്ങനെയാണ് മാത്യുവിന് ഈ ആഗ്രഹം വരുന്നത്. ''ഗര്‍ഭിണിയായപ്പോഴേ ഞങ്ങള്‍ ഗര്‍ഭകാലപരിചരണവും പ്രസവവുമായി ബന്ധപ്പെട്ട ക്ലാസുകള്‍ക്കൊക്കെ പോവുമായിരുന്നു. അതില്‍ എല്ലാം ഒരുമിച്ചുചെയ്യണമെന്ന് നിര്‍ബന്ധമായിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഞങ്ങള്‍ കുറേദൂരം നടക്കും. ദിവസം മൂന്നുലിറ്റര്‍ വെള്ളം കുടിക്കും. ഇതൊക്കെ ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിച്ചു. 

ജൂലായ് 29 ന് രാത്രി 10 മണിക്കാണ് ഞങ്ങള്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നത്. പുലര്‍ച്ചെ മൂന്നുമണിയായപ്പോള്‍ അവള്‍ക്ക് വേദന തുടങ്ങി. അഞ്ചുമണിയായപ്പോള്‍ ആസ്​പത്രിയിലെത്തി. പിന്നെ 12 മണിക്കൂര്‍ ലേബര്‍റൂമിലായിരുന്നു. ഇടയ്ക്ക് വേദന കുറയ്ക്കാന്‍ ചില വ്യായാമങ്ങളൊക്കെ ചെയ്തു. നമ്മളിങ്ങനെ ഇന്ത്യന്‍ ടോയ്‌ലറ്റിലിരിക്കില്ലേ. അതുപോലെ ഇരിക്കുകയും എണീക്കുകയും ചെയ്യും. ഇടുപ്പിലെ പേശികള്‍ക്കൊക്കെ അയവുകിട്ടാനാണിത്. ഇങ്ങനെ ചെയ്യുമ്പോള്‍ പെല്‍വിസ് അയവുള്ളതാവും. അരയുടെ ഭാഗം വികസിക്കും. അങ്ങനെ പ്രസവം കുറെക്കൂടി എളുപ്പമാവും. ജാന്‍ ഇങ്ങനെ വ്യായാമം ചെയ്യുമ്പോള്‍ കൂടെ ഞാനും അതുതന്നെ ചെയ്യും.

വേദനയൊന്ന് കുറഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ട് ഐസ്‌ക്രീം കഴിച്ചു. ഇടയ്‌ക്കൊരു നാരങ്ങവെള്ളം കുടിച്ചു. വീണ്ടും വേദന വന്നപ്പോള്‍ വ്യായാമം തുടര്‍ന്നു. അവസാനം ഞങ്ങള്‍ കാത്തിരുന്ന ആ നിമിഷമെത്തി. കുഞ്ഞ് പുറത്തുവന്നപ്പോള്‍ പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാന്‍ ഡോക്ടര്‍ എന്നെ ക്ഷണിച്ചു. എനിക്കപ്പോള്‍ പേടിയൊന്നുമുണ്ടായിരുന്നില്ല. സിസ്റ്ററും അതിന് സഹായിച്ചു.

ഇതൊരു ഭാഗ്യമായിട്ടാ ഞങ്ങള്‍ക്ക് തോന്നുന്നത്. കുഞ്ഞിനെ ആദ്യം തൊട്ടത് അവളുടെ അച്ഛനാണെന്നത് എപ്പോഴും സന്തോഷം തന്നെയല്ലേ...''

ആ ടെന്‍ഷന്‍ ഞാന്‍ മറക്കില്ല

ദാ ഇവനന്ന് ഇത്തിരിപ്പോന്ന കുഞ്ഞായിരുന്നു.എന്റെ ഉള്ളംകൈയിലൊതുക്കാവുന്ന വലിപ്പം'', മകന്‍ ഗോവിന്ദിനെപ്പറ്റി പറയുമ്പോള്‍ രജനിക്കിപ്പോഴും അത്ഭുതമാണ്. വെറും ഒന്നരക്കിലോ തൂക്കവുമായിട്ടായിരുന്നു ഗോവിന്ദിന്റെ ജനനം.

''ഗര്‍ഭിണിയായിരുന്ന കാലത്ത് എനിക്ക് പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഷുഗറോ ബി.പി.യോ ഒന്നും. ഒരിക്കല്‍ സ്‌കാന്‍ ചെയ്തുകഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു. കുഞ്ഞിന് അല്‍പം തൂക്കം കുറവാണെന്ന്. അതോടെ ചെറുതായി പേടി തുടങ്ങി. ഡോക്ടര്‍ എന്നോട് നെയ്യ് കഴിക്കണമെന്നു പറഞ്ഞു. നെയ്യ് ഉള്ളിലെത്തിയാല്‍ പെട്ടെന്ന് തടിവെക്കുമത്രേ. സാധാരണ ഗര്‍ഭിണികളോട് നെയ്യ് അടുത്തുപോലും കൊണ്ടുവെക്കരുതെന്നാണ്് നിര്‍ദേശിക്കുക. ഞാന്‍ നെയ്യ് കഴിച്ചുതുടങ്ങി.അതിനൊപ്പം തക്കാളിയില്‍ പഞ്ചസാരയിട്ടതും പയറുമുളപ്പിച്ചതും കഴിക്കും. അതിന്റെയൊക്കെ ഫലമാവാം ഗര്‍ഭകാലത്ത് എനിക്ക് ഒമ്പതുകിലോയോളം തൂക്കം കൂടി. ഇനി കുഞ്ഞിന് പ്രശ്‌നമൊന്നുമുണ്ടാവില്ലെന്ന് ഞാന്‍ ആശ്വസിച്ചു.

ഒരുദിവസം പെട്ടെന്നൊരു വേദന വന്നു. 2002 ഏപ്രില്‍ 18നാണത്. തൃശ്ശൂര്‍ മദര്‍ ഹോസ്​പിറ്റലില്‍പ്രവേശിപ്പിച്ചു. മാസം തികയാതെയാണ് മോന്‍ പിറന്നത്. ഒന്നരക്കിലോയായിരുന്നു അവന്റെ തൂക്കം. ശരിക്കും അണ്ണാന്‍ കുഞ്ഞിന്റെ വലിപ്പമേയുള്ളൂ. എനിക്കാകെ സങ്കടമായി. പക്ഷേ ദൈവം കുടെത്തന്നെയുണ്ടായിരുന്നു. ജനിച്ചതിന്റെ തൊട്ടടുത്തനിമിഷംതന്നെ അവന്‍ കരഞ്ഞു. ജനിക്കുമ്പോള്‍തന്നെ കുഞ്ഞ് കരഞ്ഞാല്‍ പിന്നെ അധികം പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്നാണ് കേട്ടിട്ടുള്ളത്. ഇനി ആകെ പേടിക്കേണ്ടത് ജന്മനായുള്ള വൈകല്യങ്ങളെ മാത്രമാണ്. ഈശ്വരാധീനംകൊണ്ട് അങ്ങനെയൊന്നുമുണ്ടായില്ല.

ജനിക്കുന്ന സമയത്ത് കുഞ്ഞിന്റെ ആരോഗ്യംനോക്കി ഡോക്ടര്‍ ഒരു സ്‌കോറിടും. ജനിച്ച് ആദ്യമിനിറ്റിലെ ഹൃദയമിടിപ്പ്, തൊലിയുടെ നിറം, മസില്‍ടോണ്‍ തുടങ്ങിയ കുറെകാര്യങ്ങള്‍ വെച്ചാണ് ആ സ്‌കോറിടുക. 10ല്‍ ഒമ്പത് മാര്‍ക്കുണ്ടായിരുന്നു എന്റെ മോന്. അത് കൂടെ അറിഞ്ഞപ്പോള്‍ ആശ്വാസമായി. തൂക്കംകുറഞ്ഞതൊക്കെ ശരിയാക്കിയെടുക്കാമെന്ന് ഞാനുറപ്പിച്ചു.
ശരീരത്തിന് ചൂടുകൊടുക്കാന്‍ കുഞ്ഞിനെ ഏഴുദിവസം ഇന്‍ക്യുബേറ്ററില്‍ കിടത്തി. ആ സമയത്ത് ഞാനവനരികില്‍ കാവലിരുന്നു. അവന്റെ കുഞ്ഞിക്കൈ എനിക്കുനേരെ ഉയരുന്നതും കണ്ടുകൊണ്ട്. പിന്നെ ഏഴുദിവസം ആസ്​പത്രിയില്‍. എന്റെ ചൂടുപറ്റി അവന്‍ ഇടയ്ക്കിടെ കരഞ്ഞു.
ആദ്യമൂന്നുമാസം അവന് മുലപ്പാല്‍ പിഴിഞ്ഞുകോരിക്കൊടുക്കുകയായിരുന്നു. സ്വന്തമായി പാല്‍ വലിച്ചുകുടിക്കാന്‍ കുഞ്ഞിന്റെ ശരീരത്തില്‍നിന്ന് കുറെ ഊര്‍ജം ചെലവാക്കണം. അതൊഴിവാക്കാനാണ് മുലപ്പാല്‍ പിഴിഞ്ഞുനല്‍കിയത.് പെട്ടെന്ന് തൂക്കം വെക്കാന്‍ വീട്ടിലുണ്ടാക്കിയ വെളിച്ചെണ്ണ മുലപ്പാലിനൊപ്പം ചേര്‍ത്തുകൊടുത്താല്‍ മതിയെന്ന് ഡോക്ടര്‍ പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ ആ ചികിത്സയും തുടങ്ങി. തേങ്ങ പിഴിഞ്ഞെടുത്തു. അത് അടുപ്പത്തുവെച്ച് കുറുക്കിയെടുത്ത് മുലപ്പാലിലൊഴിച്ചു നല്‍കി. അവനത് വലിയ ഇഷ്ടമായിരുന്നു. കൂടെ വിറ്റാമിന്‍ ഡ്രോപ്‌സും നല്‍കും. അതുകൊണ്ടെല്ലാം പെട്ടെന്ന് ഫലമുണ്ടായി. ഒരുമാസം കൊണ്ട് രണ്ടരക്കിലോയായി തൂക്കം.

കുറെ ടെന്‍ഷനടിച്ച കാലമായിരുന്നു അത്. മൂന്നുമാസം ഞാന്‍ ശരിക്കുറങ്ങിയിട്ടേയില്ല. രാത്രി ഓരോ മണിക്കൂറിലും അലാറം വെച്ചെണീക്കും. അവന് പാല് കോരിക്കൊടുക്കാന്‍. മൂന്നുമാസം ഞാനല്ലാതെ മറ്റാരും അവനെ തൊട്ടിട്ടേയില്ല. കൂടുതല്‍പേര്‍ സ്​പര്‍ശിച്ചാല്‍ അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അന്നൊന്നും അവനെ കുളിപ്പിക്കാറില്ലായിരുന്നു. രണ്ടുമൂന്നു ദിവസം കൂടുമ്പോള്‍ ചൂട് വെള്ളത്തില്‍ തുണിമുക്കി തുടയ്ക്കും. അതേപോലെ എപ്പോഴും കമ്പിളിക്കുള്ളില്‍ പുതപ്പിച്ചുകിടത്താനും ശ്രദ്ധിക്കുമായിരുന്നു. 

ഗോവിന്ദിനിപ്പോള്‍ പ്രായത്തിനനുസരിച്ചുള്ള ഭാരം ഉണ്ട്. മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂളില്‍ നാലാംക്ലാസില്‍ പഠിക്കുന്നു. സുല്‍ത്താന്‍ ഖബ്ബൂസ് യൂണിവേഴ്‌സിറ്റിയില്‍ നഴ്‌സാണ് ഞാന്‍. ദിലീപേട്ടന്‍ അവിടെത്തന്നെ ഇറിഗേഷന്‍ ആന്‍ഡ് ലാന്‍ഡ് സ്‌കേപ്പിങ് ഡിപ്പാര്‍ട്ട് മെന്റില്‍ കോ-ഓര്‍ഡിനേറ്റര്‍ ആണ്.

ഗര്‍ഭകാല പ്രമേഹം; ഏറെ ശ്രദ്ധിക്കണം

'നമ്മുടെ ഇടയില്‍ 20 ശതമാനംപേര്‍ പ്രമേഹബാധിതരാണെന്നാണ് കണക്ക്. അത് ഗര്‍ഭിണികളുടെ കാര്യത്തിലാകുമ്പോള്‍ 30-40 ശതമാനമായി ഇരട്ടിക്കുന്നു', കൊച്ചി മെഡിക്കല്‍ട്രസ്റ്റ് ആസ്​പത്രിയിലെ കണ്‍സള്‍ട്ടന്റ് എന്‍ഡോക്രിനോളജിസ്റ്റ് ഡോ. പി. ജയപ്രകാശ്് പറയുന്നു. നമ്മുടെ നാടന്‍ ഭക്ഷണസമ്പ്രദായം പാടെമാറി. ജീവിതശൈലി മെച്ചപ്പെടുന്നതിനുസരിച്ച് കഴിക്കുന്നതിന്റെ അളവ് കൂടി. വ്യായാമവും കുറഞ്ഞു. ഇതെല്ലാം പ്രമേഹമുണ്ടാക്കുന്ന ഘടകങ്ങളാണ്.സാധാരണ ഗര്‍ഭകാലത്തിന്റെ മധ്യഘട്ടത്തിലാണ് പ്രമേഹം വരാറ്. നാല്-ആറ് മാസത്തിനിടെ. ഗര്‍ഭകാലത്ത് ശരീരത്തിലുണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ കൊഴുപ്പിന്റെ അളവ് കൂട്ടും. ഇതാണ് ഇക്കാലത്ത് പ്രമേഹമുണ്ടാവാനുളള മറ്റൊരു കാരണം. 
പാരമ്പര്യമായി പ്രമേഹമുള്ളവര്‍ അതായത് അമ്മയ്‌ക്കോ അമ്മയുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലുമോ രോഗം ഉണ്ടായിരുന്നെങ്കില്‍ ഗര്‍ഭിണിക്കും പ്രമേഹം വരാം. പ്രമേഹം ബാധിച്ചാല്‍ കുഞ്ഞിന് തൂക്കം കൂടുകയോ കുറയുകയോ ചെയ്യാം. സാധാരണ ഭാരം കൂടുകയാണ് പതിവ്. നാല് കിലോയിലേറെ തൂക്കമുള്ള കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ. ഇവരുടെ അമ്മയ്ക്ക് പ്രമേഹം ഉണ്ടായിരുന്നെന്ന് ഉറപ്പിക്കാം. ഇത്തരം കുഞ്ഞുങ്ങള്‍ പൊക്കിള്‍ക്കൊടി മുറിക്കുമ്പോള്‍ തന്നെ പ്രമേഹബാധിതരാവുകയാണ്. പ്രമേഹവുമായി ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ശരീരത്തില്‍ കാല്‍സ്യം കുറയാം. അത് അപകടകരമാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ നട്ടെല്ലിന്റെ അടിയിലെ എല്ലുകള്‍ ശരിയായി വളരണമെന്നില്ല. സ്‌പൈനല്‍കോഡ് വളരാതിരിക്കാം. ഇതിന്റെയെല്ലാം ഫലമായി കുഞ്ഞിന് ശരീരം തളരുന്നതുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളുണ്ടാവാം. ഹൃദയത്തിന്റെ ഭിത്തിയില്‍ ദ്വാരമുണ്ടാവുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കും പ്രമേഹം ഇടയാക്കാം'.ഡോക്ടര്‍ പറയുന്നു.
'ഗര്‍ഭകാലത്തെ പ്രമേഹത്തിന് ലക്ഷണങ്ങള്‍ കുറവാണ്. സാധാരണ പ്രമേഹം വന്നാലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ അതായത് അമിതമായി വെളളം കുടിക്കാന്‍ തോന്നുക, ഇടയ്ക്കിടെ മൂത്രമൊഴിക്കുക, അകാരണമായി തൂക്കം കുറയുക തുടങ്ങിയവയൊന്നും ഇക്കാലത്ത് കണ്ടെന്നുവരില്ല. നിര്‍ബന്ധമായും രക്തപരിശോധന നടത്തുക. അതേ രോഗം കണ്ടുപിടിക്കാന്‍ വഴിയുള്ളൂ', ഡോ.ജയപ്രകാശ് നിര്‍ദേശിക്കുന്നു

ടെന്‍ഷനില്ലാതെ അമ്മയാകാം

ഗര്‍ഭിണികളുടെ പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വിദഗ്ധര്‍ നല്‍കുന്ന മറുപടി...

ഗര്‍ഭിണി ചരിഞ്ഞുകിടക്കുന്നത് നല്ലതാണോ?

ഗര്‍ഭിണി ഇടതുവശം ചരിഞ്ഞുകിടക്കുന്നതാണ് നല്ലത്. മലര്‍ന്നുകിടക്കുമ്പോള്‍ രക്തക്കുഴലുകള്‍ അമര്‍ന്നിരിക്കാം. അത് കുഞ്ഞിലേക്കുള്ള രക്തയോട്ടത്തിന്റെ അളവുകുറയ്ക്കാം. കൂടുതല്‍ സമയം ഒരേരീതിയില്‍ നില്‍ക്കാതെയും ശ്രദ്ധിക്കണം. കാലില്‍ രക്തംകെട്ടിനിന്ന് കുഞ്ഞിലേക്കുളള രക്തപ്രവാഹം കുറയാനിടയാകും.

ഗര്‍ഭിണിയായ ഉടന്‍ എന്തെങ്കിലും പ്രതിരോധ കുത്തിവെപ്പെടുക്കണോ?

അമ്മയ്ക്കും കുഞ്ഞിനും പ്രതിരോധശേഷി നല്‍കാനുള്ള ടെറ്റനസ് ടോക്‌സോയ്ഡ്(ടി.ടി.) കുത്തിവെപ്പിന്റെ ആദ്യമാത്ര ഗര്‍ഭിണിയായ ഉടനെയെടുക്കണം. ഇതിന്റെ അടുത്ത ഡോസ് നാല്-ആറ് ആഴ്ചകള്‍ക്കിടെ നല്‍കണം.

ഗര്‍ഭകാലത്ത് എന്തൊക്കെ പരിശോധനകളാണ് നടത്തേണ്ടത്?

രക്തപരിശോധന-പ്രമേഹമുണ്ടോയെന്നറിയാന്‍ രക്തത്തിലെ ഷുഗറിന്റെയും വിളര്‍ച്ചയുണ്ടോയെന്നറിയാന്‍ ഹീമോഗ്ലോബിന്റെയും അളവ് പരിശോധിക്കും. ആര്‍.എച്ച്.ഗ്രൂപ്പ് കണ്ടുപിടിക്കാനുള്ള പരിശോധനയും നടത്തണം. ആര്‍.എച്ച്. നെഗറ്റീവാണെങ്കില്‍ കുഞ്ഞിന് പിറന്നുവീഴുമ്പോഴേ രോഗബാധയുണ്ടാവാം. ഇത് തടയാന്‍ ആന്റി-ആര്‍.എച്ച്.ഡി.ഗ്ലോബുലിന്‍ കുത്തിവെപ്പെടുക്കണം. ലൈംഗികരോഗ നിര്‍ണയത്തിനുള്ള സിറോളജി ടെസ്റ്റും നടത്താറുണ്ട്. ഹെപ്പിറ്റൈറ്റിസ് ബി ഉണ്ടോയെന്നറിയാനും രക്തം പരിശോധിക്കണം. എച്ച്.ഐ.വി.ടെസ്റ്റും ഇപ്പോള്‍ നടത്താറുണ്ട്.

മൂത്രപരിശോധന-ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടോയെന്നറിയാന്‍ പ്രോട്ടീന്‍/ആല്‍ബുമിന്‍ ടെസ്റ്റ് നടത്താറുണ്ട്. മൂത്രത്തില്‍ പഴുപ്പുള്ള രോഗികളില്‍ ആല്‍ബുമിന്‍ കാണാറുണ്ട്. മൂത്രത്തില്‍ അണുബാധയുണ്ടോയെന്നറിയാനും ടെസ്റ്റുകളുണ്ട്.

ഗര്‍ഭിണിക്ക് കാല്‍വണ്ണയിലുണ്ടാവുന്ന തടിപ്പും നീരും അപകടസൂചനയാണോ?

പലപ്പോഴും ഇത് സാധാരണപ്രശ്‌നം മാത്രമാവാം. ആവശ്യത്തിന് വിശ്രമമെടുത്താല്‍ തനിയെ മാറിക്കോളും. പക്ഷേ, ബി.പി., ഹൃദ്രോഗം, പോഷകാഹാരക്കുറവ് തുടങ്ങിയവ ഉള്ള ഗര്‍ഭിണികള്‍ നീര് വന്നാല്‍ ശ്രദ്ധിക്കണം.

ഗര്‍ഭകാലത്ത് സെക്‌സ് പാടുണ്ടോ?

തീര്‍ച്ചയായും. ഇതുകൊണ്ട് ഗര്‍ഭസ്ഥശിശുവിന് യാതൊരു കുഴപ്പവുമുണ്ടാവില്ല. നേരത്തെ ഗര്‍ഭം അലസിപ്പോയവര്‍ ആദ്യമാസങ്ങളിലെ ലൈംഗികബന്ധം ഒഴിവാക്കണം. ആദ്യത്തെ മൂന്നുമാസവും അവസാനത്തെ ആറാഴ്ചയും ലൈംഗികകാര്യങ്ങളില്‍ മിതത്വം പാലിക്കുന്നത് നല്ലതാണ്. അതേപോലെ വയര്‍ നന്നായി വീര്‍ത്തിരിക്കുന്ന അവസാനമാസങ്ങളില്‍ പുരുഷന്‍ മുകളിലായുള്ള പൊസിഷന്‍ ബുദ്ധിമുട്ടായിരിക്കും. ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ മറ്റു പൊസിഷനുകള്‍ തിരഞ്ഞെടുക്കാം


പ്രസവം കഴിഞ്ഞ് സെക്‌സില്‍ പ്രത്യേകിച്ച് എന്തെങ്കിലും ശ്രദ്ധിക്കാനുണ്ടോ?

പ്രസവം കഴിഞ്ഞ് ആറാഴ്ച കഴിയുമ്പോഴേക്കും ഉത്പാദനാവയവങ്ങള്‍ സാധാരണ നിലയിലെത്തും. ഈ സമയം കഴിഞ്ഞാല്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല. യോനീഭാഗത്തെ തുന്നലില്‍ പഴുപ്പോ മറ്റ് അസുഖങ്ങളോ ഉണ്ടെങ്കില്‍ അത് കഴിയുന്നതുവരെ കാത്തിരിക്കണമെന്നുമാത്രം.

പ്രസവം കഴിഞ്ഞവര്‍ വെള്ളം അധികം കുടിക്കരുതെന്ന് പറയുന്നത് ശരിയാണോ?

പ്രസവം കഴിഞ്ഞവര്‍ ധാരാളം വെള്ളം കുടിച്ചാല്‍ വയറുചാടുമെന്ന് പറയുന്നത് തെറ്റാണ്. മുലപ്പാല്‍ ധാരാളമുണ്ടാകാനും മൂത്രത്തില്‍ അണുബാധ വരാതിരിക്കാനും വെള്ളംധാരാളം കുടിക്കുന്നതും നല്ലതാണ്. ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള വിഷവസ്തുക്കള്‍ മൂത്രത്തിലൂടെ പുറന്തള്ളുന്നതും വെള്ളം തന്നെ.

പ്രസവശേഷം രക്തസ്രാവമുണ്ടാവുന്നത് അപകടകരമാണോ?

പ്രസവം കഴിഞ്ഞുള്ള ഏതാനും ദിവസങ്ങളില്‍ പലരിലും രക്തസ്രാവം കണ്ടെന്നുവരും. ഇതിലത്ര പേടിക്കാനൊന്നുമില്ല. ചില സ്ത്രീകളില്‍ ആറാഴ്ചവരെ ഇത് തുടരാം. ദിവസങ്ങള്‍ കഴിയുന്നതോടെ അത് നേര്‍ത്തില്ലാതാവും. കടുംചുവപ്പിലോ കട്ടയായോ കഷ്ണങ്ങളായോ ഉള്ള രക്തസ്രാവം തുടരുന്നുവെങ്കില്‍ ചികിത്സ തേടണം. ഗര്‍ഭപാത്രത്തില്‍ അണുബാധയുണ്ടായാല്‍ ഇങ്ങനെ വരാം.

പ്രസവം കഴിഞ്ഞാലും അയണ്‍,കാല്‍സ്യം ഗുളികകള്‍ കഴിക്കണോ?

മുലയൂട്ടുന്ന സ്ത്രീകള്‍ അയണ്‍, കാല്‍സ്യം ഗുളികകള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. പ്രസവത്തോടനുബന്ധിച്ച് അമിതരക്തസ്രാവമുണ്ടായവരും അതേത്തുടര്‍ന്ന് വിളര്‍ച്ച വന്നവരും നിര്‍ബന്ധമായും ഈ ഗുളികകള്‍ കഴിക്കണം.


കടപ്പാട്: ഡോ.ഷീലാമണി, ഡോ.എ.ശ്രീകൃഷ്ണകിരണ്‍

http:channelkeralalzone.blogspot.in

അവസാനം പരിഷ്കരിച്ചത് : 12/14/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate