অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രസവരക്ഷ

പ്രസവരക്ഷ

ആരോഗ്യമുള്ള കുഞ്ഞിന്റെ ജനനത്തിന് പോഷകാഹാരം, വ്യായാമം എന്നിവ വളരെപ്രധാന്യം അര്‍ഹിക്കുന്നു.

പ്രകൃതിയുടെ പ്രത്യുത്പാദന പ്രക്രിയയില്‍ സ്ത്രീക്കുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. അമ്മയാകുമ്പോഴാണ് സ്ത്രീക്ക് പൂര്‍ണതയുണ്ടാകുന്നത്.

ഭാരതത്തിന്റെ തനത് ചികിത്സാരീതിയായ ആയുര്‍വേദത്തില്‍ സ്ത്രീ പ്രസവാനന്തര ചികിത്സയ്ക്ക് സവിശേഷ പ്രാധാന്യം നല്‍കുന്നുണ്ട്. ഇത് ദേശം, കാലം, പ്രകൃതി എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രസവാനന്തരം അമ്മയ്ക്ക് ചികിത്സ നല്‍കുന്നു.

പ്രസവരക്ഷയിലൂടെ ആരോഗ്യമുള്ള അമ്മയെയും ആരോഗ്യമുളള കുഞ്ഞിനെയും ലഭ്യമാകുന്നു. ആരോഗ്യമുള്ള അമ്മയ്ക്ക് മാത്രമേ ആരോഗ്യമുള്ള കുഞ്ഞിനെ നല്‍കാനാകൂ.

ആരോഗ്യമുള്ള കുഞ്ഞിന്റെ ജനനത്തിന് പോഷകാഹാരം, വ്യായാമം എന്നിവ വളരെ പ്രധാന്യം അര്‍ഹിക്കുന്നു. പ്രകൃതിയുടെ പ്രത്യുത്പാദന പ്രക്രിയയില്‍ സ്ത്രീക്കുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. അമ്മയാകുമ്പോഴാണ് സ്ത്രീക്ക് പൂര്‍ണതയുണ്ടാകുന്നത്.

അതുകൊണ്ട് തന്നെ ആയുര്‍വേദശാസ്ത്രം സ്ത്രീരോഗങ്ങള്‍ക്ക് പ്രത്യേകിച്ച് ഗര്‍ഭിണി പരിചരണം, സൂതിക പരിചരണം എന്നിവക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

വിവിധ ആചാര്യന്മാര്‍ സൂതിക എന്ന വാക്കിന് വ്യത്യസ്തമായ അര്‍ഥതലങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഏതൊരു സ്ത്രീക്കും പ്രസവം കഴിഞ്ഞ് അടുത്ത ആര്‍ത്തവമുണ്ടാകുന്നത് വരെയുള്ള സമയത്തെയാണ് സൂതിക എന്നു പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഗര്‍ഭകാലവും പ്രസവാനന്തരവും സ്ത്രീയുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധനല്‍കേണ്ട സമയമായി കണക്കാക്കുന്നതും.

ഗര്‍ഭിണിയാകുന്ന കാലം മുതല്‍ സ്ത്രീകളുടെ പരിചരണം ആരംഭിക്കണം. പ്രസവമടുക്കുന്ന സമയമാണ് ഇതില്‍ പ്രധാനം. പ്രസവസമയത്ത് ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം.

പ്രസവമടുത്ത സ്ത്രീയുടെ ലക്ഷണങ്ങള്‍


1. യോനിയിലുടെ കൊഴുത്ത സ്രാവം
2. രക്തം കലര്‍ന്ന കൊഴുത്ത സ്രാവം
3. ഉദരത്തില്‍ ഇടയ്ക്കിടെ കടുത്ത വേദന

 

4. തുടകളിലും നടുവിലും ഇടവിട്ട് വേദന ഉണ്ടാകുക. ക്രമേണ വേദന അധികരിച്ച് പതിനഞ്ച് മിനിറ്റ് ഇടവിട്ട് വെള്ളം പോലെ യോനിസ്രാവം ഉണ്ടാകുക. 
ഇവയൊക്കെയാണ് പ്രസവമടുത്ത സ്ത്രീയില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും വേഗം ഗര്‍ഭിണിയായ സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കണം.

പ്രസവാനന്തര ശുശ്രൂഷ


പ്രസവശേഷം 45 ദിവസം വരെ സ്ത്രീക്ക് പ്രത്യേക പരിചരണം നല്‍കണം. അവരുടെ ആരോഗ്യം പൂര്‍വസ്ഥിതിയില്‍ എത്തിക്കുവാനും പ്രസവക്ലേശമകറ്റുവാനും ഉതകുന്ന രീതിയില്‍ പ്രത്യേകതരം ആഹാരവും, ജീവിതരീതിയും ഉള്‍ക്കൊള്ളുന്നതാണ് ശുശ്രൂഷ രീതികള്‍.

 

പ്രസവാനന്തര ശുശ്രൂഷകളിലൂടെ ഗര്‍ഭാശയം ചുരുങ്ങി പൂര്‍വസ്ഥിതിലെത്തുന്നതിനു സഹായിക്കുന്നു. ഇതു കൂടാതെ രോഗാണുബാധയുണ്ടാകാതിരിക്കുന്നതിനും അമിതരക്തസ്രാവം ഒഴിവാക്കുന്നതിനും സഹായിക്കും.

സാധാരണ സൂതികാവസ്ഥ എന്നത് പ്രസവം കഴിഞ്ഞ് ശരീരത്തിലെ പേശികള്‍ പൂര്‍വ സ്ഥിതിയില്‍ എത്തുന്നതാണ്. ശാരീരികമായ ചില മാറ്റങ്ങളാണ് പ്രധാനം.

അതായത് പ്രസവത്തിന് മുന്‍പ് ശരീരം എങ്ങനെയായിരുന്നോ അതേ അവസ്ഥയിലേക്ക് സ്വയമേ എത്തിച്ചേരണം. ശരീരം പൂര്‍വാവസ്ഥയില്‍ എത്തുന്നതിന് എടുക്കുന്ന സമയത്തെയാണ് സാധാരണ സൂതികയായി ആയുര്‍വേദത്തില്‍ അനുശാസിക്കുന്നത്.

ഇതിനെ മൂന്നായി തരംതിരിച്ചിക്കുന്നു:- 
1. ആദ്യ 24 മണിക്കൂര്‍ ചെയ്യേണ്ടവ 
2. ആദ്യ ഏഴ് ദിവസങ്ങളില്‍ ചെയ്യേണ്ടവ 
3. ആറ് ആഴ്ച വരെ ചെയ്യേണ്ടവ

പ്രസവാനന്തര ശുശ്രൂഷ നല്‍കേണ്ട വിധം

ആദ്യ മൂന്ന് ദിവസം :


1. യവക്ഷാരാ, നെയ്യോ വെള്ളമോ ചേര്‍ത്ത് നല്‍കുന്നത് വേദന അകറ്റുവാനും രക്തം കട്ടപിടിക്കാതിരിക്കാനും സഹായിക്കും.
2. പഞ്ചതോലചൂര്‍ണം ചൂടു കഞ്ഞിയില്‍ അല്‍പം നെയ്യ് ചേര്‍ത്ത് കുടിക്കുക.
3. ഇഞ്ചി നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം. ലഘുവായ ആഹാരം കഴിക്കുക.
4. ജീരകം, വെളുത്തുള്ളി, ചുവന്നുള്ളി, മഞ്ഞള്‍, കുരുമുളക് വറുത്ത് നെയ്യില്‍ ചേര്‍ത്ത് ആഹാരത്തിന് ശേഷം കഴിക്കുക.
5. ദേഹത്ത് പ്രത്യേകിച്ച് വയറില്‍ കുഴമ്പ് പുരട്ടിയതിനുശേഷം കട്ടിയുള്ള കോട്ടണ്‍ തുണികൊണ്ട് വയര്‍ ചുറ്റിക്കെട്ടുക.
6. നാല്‍പാമരപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുക.

നാല് മുതല്‍ ഏഴ് വരെയുള്ള ദിവസം


1. ശരീരം മുഴുവന്‍ തൈലം കൊണ്ട് തടവിയ ശേഷം നാല്‍പാമരപ്പട്ടയിട്ട് തിളപ്പിച്ച ചൂടുവെള്ളത്തില്‍ കുളിക്കുക.
2. ധന്വന്തരം കഷായം ഒരാഴ്ച കഴിക്കുക.
3. ഔഷധസിദ്ധ പാല്‍ക്കഞ്ഞി, തൊട്ടാവാടി, മുക്കുറ്റി, മുറികൂടി, കായം, കാരയില തേങ്ങയിട്ട കഞ്ഞി മൂന്ന് ദിവസം
4. ജീരകകഞ്ഞി മൂന്ന് ദിവസം
5. ഉലുവകഞ്ഞി - നടുവേദന കുറയ്ക്കുന്നതിനും ശരീരം പുര്‍വസ്ഥിതിയിലാകുന്നതിനും സഹായിക്കുന്നു. വഴുതിന, അയമോദകം, മല്ലി, തുമ്പ, എന്നിവ ചേര്‍ത്തുള്ള കഞ്ഞി.

ഏഴാം ദിവസം


1. ജീരകാരിഷ്ടം, ദശമൂലാരിഷ്ടം ഇവ നല്‍കാം.
2. പഞ്ചജീരകഗുഡമോ തെങ്ങിന്‍ പൂക്കുലാദിലേഹ്യമോ നല്‍കാം
3. നാല്‍പത്തിയഞ്ചാം ദിവസം വരെ ലേഹ്യം നല്‍കാവുന്നതാണ്.
4. 12 ദിവസം കഴിഞ്ഞ് മാംസാഹാരം കഴിക്കാം.

ഒരു മാസത്തിന് ശേഷം


മല്ലി, ജീരകദ്വയം, ജലവര്‍ഗം, ജാതിക്ക, ഗ്രാമ്പു, ഏലയ്ക്ക, ഇട്ട് ആഹാരം നല്‍കാം.
വേതുകുളി : - എണ്ണതേച്ച് ചൂടുവെള്ളത്തില്‍ കുളിക്കുന്നതിനു വേതുകുളി എന്നാണ് പറയുന്നത്. 15 മുതല്‍ 28 ദിവസം വരെ വേതുകുളി തുടരാവുന്നതാണ്. മുരിങ്ങ, കുറുംതോട്ടി, എരിക്ക്, ആവണക്ക്, പുളിയില തുടങ്ങിയവയും, ദശമൂലം, നാല്‍പാമരപ്പട്ട, കുന്തിരിക്കം എന്നിവയും ഉപയോഗിക്കാം.

ഗുണം : - വാതാനുലോമനം, ഗര്‍ഭാശയശുദ്ധി, ശോദനശമനം, അഗനിദിപതി, ദേഹശുദ്ധി എന്നിവ നല്‍കുന്നു. മുറിവുകള്‍, പനി, വിളര്‍ച്ച, വെള്ളപോക്ക്, രക്തസ്രാവം, ഗര്‍ഭാശയ സ്ഥാനഭ്രംശം എന്നിവ പ്രസവാനന്തരം ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റ് ഉപദ്രവങ്ങളാണ്.

ഔഷധങ്ങള്‍


പ്രസവശേഷം വിശപ്പ് കുറവാണെങ്കില്‍ പഞ്ചകോലാസവം, പഞ്ചകോലം കഷായം അളവനുസരിച്ച് മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളില്‍ നല്‍കാവുന്നതാണ്. വിശപ്പ് സാധാരണ രീതിയില്‍ ആണെങ്കില്‍ പഞ്ചകോലചൂര്‍ണ്ണം, നെയ്യും ചേര്‍ത്ത് ഭക്ഷണത്തിന് മുന്‍പ് നല്‍കാവുന്നതാണ്.

ഉള്ളി നെയ്യില്‍ മൂപ്പിച്ച് ഇഞ്ചി, ജീരകം, മഞ്ഞള്‍, കുരുമുളക് എന്നിവ ചേര്‍ത്ത് കഴിക്കുക. അമിതമായി ഭാരമുള്ളവര്‍ക്ക് ഉള്ളിക്കുഴമ്പ്, ഉലുവക്കുഴമ്പ്, ജീരക്കുഴമ്പ് എന്നിവ ഓരോന്നു വീതം മൂന്ന് ദിവസം ഉപയോഗിക്കാവുന്നതാണ്.

അമിതഭാരം ഉണ്ടാകാതെയും എന്നാല്‍ മുലപ്പാല്‍ കൂടുതല്‍ ഉണ്ടാകാനിടയുള്ള രീതികളാണ് ആയുര്‍വേദപ്രകാരം നല്‍കുന്നത്. ലേഹ്യം, നെയ്യ് എന്നിവയോരോന്നും ദേശം, കാലം, അഗ്നിബലം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നല്‍കുക.

അരിഷ്ടങ്ങള്‍ :


ദശമൂലാരിഷ്ടം, ജീരകാരിഷ്ടം, ധന്വന്തരാരിഷ്ടം, ധന്വന്തരഗുളിക.

കുഴമ്പ് :


ഒറുഞ്ഞി കുഴമ്പ്, പുളിക്കുഴമ്പ്, ഉള്ളിക്കുഴമ്പ്, ഉലുവക്കുഴമ്പ്, ജീരകക്കുഴമ്പ്.

കഷായം:


വലിയ വേറ്റിര്യാദി, ചെറിയ വേറ്റിര്യാദി, മഹാധന്വന്തരം, ധന്വന്തരംമര്‍മ്മകഷായം.
നെയ്യ്: വിദാര്യാദി, ഇന്ദുകാന്തം, ബൃഹദ്മരാലാദി. ഇവയൊക്കെ ഒരു ആയുര്‍വേദ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ടതാണ്.

ലക്ഷ്യം


അമ്മയുടെ ആരോഗ്യം പൂര്‍വാവസ്ഥയില്‍ എത്തിക്കുകയും പ്രസവക്ലേശമകറ്റുകയുമാണ് പ്രസവരക്ഷയുടെ ലക്ഷ്യം. സ്ത്രീകള്‍ക്ക് പ്രസവരക്ഷ നല്‍കുന്നതിലൂടെ അവരുടെ ആരോഗ്യം പൂര്‍വ്വസ്ഥിതിയില്‍ എത്തുന്നു.

കൂടാതെ ഗര്‍ഭാശയം പൂര്‍വാവസ്ഥയില്‍ എത്തുന്നതിനും രോഗാണുബാധ ഒഴിവാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ മുലപ്പാല്‍ ഉണ്ടാകുന്നതിനും പ്രസവരക്ഷയിലൂടെ കഴിയും. ആരോഗ്യമുള്ള അമ്മയിലൂടെ കുഞ്ഞിന്റെ ആരോഗ്യവും സുരക്ഷിതമാകുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ശരിയായ മേല്‍നോട്ടം :
രക്തസ്രാവം ഉണ്ടാകുന്നത്, അണുബാധ ഉണ്ടാകാതെ ശ്രദ്ധിക്കുക, മുലപ്പാലിന്റെ അളവ് വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ശരിയായ മേല്‍നോട്ടത്തിലൂടെ ഉപകരിക്കുക.

ശരീരോഷ്മാവ് അളക്കുക :


പ്രസവശേഷം ശരീരോഷ്മാവ് അളന്ന് നോക്കുക. പനിയുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

രക്തസമ്മര്‍ദം :


രക്തസമ്മര്‍ദം കൂടുന്നതോ കുറയുന്നതോ അമ്മയുടെ ആരോഗ്യത്തിന് ദോഷം ചെയ്യും.

ഗര്‍ഭാശയസങ്കോചം :


ഗര്‍ഭാശയം പൂര്‍വസ്ഥിതിയില്‍ എത്തുന്നതിന് മരുന്നുകളിലൂടെയും വയര്‍ കെട്ടിവയ്ക്കുന്നതിലൂടെയും, വേതു കുളിയും ഏറെ ഗുണം ചെയ്യും.

പ്രസവാനന്തര രക്തസ്രാവം :


പ്രസവശേഷം അമിതമായ രക്തസ്രാവമുണ്ടായാല്‍ അത് അമ്മയുടെ ഗര്‍ഭാശയം നീക്കം ചെയ്യുന്ന അവസ്ഥയിലേക്കും ചിലപ്പോള്‍ മരണത്തിനുമിടയാക്കാം. അതുകൊണ്ട് പ്രസവത്തിനു ശേഷം സ്ത്രീകളില്‍ ഉണ്ടാകുന്ന അമിത രക്തസ്രാവം ഗൗരവമായി കാണേണ്ടതുണ്ട്.

മൂത്രത്തിന്റെ അളവ്:


ശരീരത്തില്‍ നിന്ന് പുറത്തുപോകുന്ന ജലാംശം കുറഞ്ഞാല്‍ അത് അണുബാധ ഉണ്ടാകുന്നതിനും മൂത്രത്തില്‍ പഴുപ്പ്, നീറ്റല്‍ എന്നിവ ഉണ്ടാകാം.

മലശോധന:


പ്രസവം കഴിഞ്ഞ് മലശോധന പൂര്‍വസ്ഥിതിയില്‍ ആകുന്നതിന് ഇലക്കറികളും മറ്റും ധാരാളം കഴിക്കുന്നത് നന്നായിരിക്കും.

ശരിയായ വിശ്രമം :


പ്രസവശേഷം സ്ത്രീകള്‍ക്ക് വിശ്രമം ആവശ്യമാണ്. മതിയായ വിശ്രമമില്ലെങ്കില്‍ ഭാവിയില്‍ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമിത് കാരണമാകും. നടുവുവേദന, കാല്‍മുട്ട് വേദന തുടങ്ങിയ ശാരീരികപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

വ്യായാമം :


പ്രസവാനന്തരം മിതമായ രീതിയില്‍ വ്യായാമം ചെയ്യുന്നത് നന്നായിരിക്കും. യോഗയിലെ ആയാസരഹിതമായ വ്യായാമങ്ങള്‍ ശീലിക്കാവുന്നതാണ്. ശരീരം പൂര്‍വാവസ്ഥയിലെത്തുന്നതിനും, കൂടുതല്‍ ബലമാകുന്നതിനും വ്യായാമങ്ങള്‍ ഉത്തമമാണ്.

പോഷകാഹാരം :


അമ്മയ്ക്ക് നല്‍കുന്ന ആഹാരമാണ് കുഞ്ഞിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യുക. മുലപ്പാലിന്റെ അളവ് വര്‍ധിക്കുന്നതിന് അമ്മയ്ക്ക് പോഷകാഹാരങ്ങള്‍ നല്‍കണം. അതിനാല്‍ പോഷകസമൃദ്ധമായ ആഹാരം അമ്മയ്ക്ക് വളരെ ആവശ്യമാണ്. അത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഡോ. വഹീദ റഹ്മാന്‍ 
മെഡിക്കല്‍ ഓഫീസര്‍ 
ആയുര്‍വേദ ഡിസ്‌പെന്‍സറി 
ചെന്നീര്‍ക്കര, പത്തനംതിട്ട

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate