অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഗർഭകാല അടിസ്ഥാന വിവരങ്ങൾ

ഗർഭിണികൾ സോപ്പ് ഉപയോഗിക്കാമോ?

നമ്മൾ പതിവായി ഉപയോഗിക്കുന്ന സോപ്പിലും ഷാമ്പുവിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ അബോർഷന് കാരണമാകുമെന്ന് പുതിയ കണ്ടെത്തൽ. ചൈനയിലെ പെക്കിങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ഗർഭിണികളായ മുന്നൂറോളം സ്ത്രീകളിൽ ന‌ടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

നിത്യോപയോഗ സാധനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന താലെയ്റ്റ് എന്ന രാസവസ്തുവാണ് അബോർഷനു കാരണം. 5നും 15നും ഇടയിലുള്ള ആഴ്ചകളിലാണ് ഇതു മൂലം ഗർഭമലസൽ കൂടുതലായും സംഭവിച്ചിരിക്കുന്നത്. ഇത്തരം ഉൽപന്നങ്ങൾ

നിർമിക്കുന്ന ഫാക്ടറികളിൽ ജോലി ചെയ്യുന്നവർക്കു മാത്രമല്ല ഉപയോഗിക്കുന്ന സാധാരണക്കാരെയും ഇവ ദോഷകരമായി ബാധിക്കുന്നു.

ഗർഭമലസിയ 132 യുവതികളുടെയും ആരോഗ്യവതികളായ 152 ഗർഭിണികളുടെയും യൂറിൻ പരിശോധിച്ചപ്പോൾ താലെയ്റ്റിന്റെ അളവ് ഗർഭമലസിയവരിൽ കൂടുതലായിരുന്നുവെന്ന് ഗവേഷകൻ ജിയാൻ യിൻ ഹു പറഞ്ഞു.

പെയ്ൻറ്, സോപ്പ്, ഷാംമ്പു എന്നിവയിലാണ് താലെയ്റ്റ് കൂടുതലായും അടങ്ങിയിരിക്കുന്നത്. ഗർഭിണികൾ ഇത്തരം വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നത് നന്നായിരിക്കും.

എൻവയോൺമെന്റൽ സ്റ്റഡീസ് ആൻഡ് ടെക്നോളജി എന്ന ജേർണലിലാണ് ഇതു സംബന്ധിച്ച പഠനവിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഗർഭാവസ്ഥയിൽ ഈ രോഗങ്ങളെ സൂക്ഷിക്കാം

പലരും ഗർഭത്തിന്റെ ആദ്യലക്ഷണം ഛർദ്ദിയിലൂടെയാണു തിരിച്ചറിയുക. ഈ ഛർദി (മോണിങ് സിക്നസ്) മിക്കവാറും ഒന്നാം ഘട്ടത്തോടെ (12 ആഴ്ച) മാറുമെങ്കിലും ചില സ്ത്രീകളിൽ അത് 24 ആഴ്ചവരെയും മറ്റു ചിലർക്കു പ്രസവം വരെയും നീണ്ടു നിൽക്കാറുണ്ട്. ഒന്നാമത്തെ പ്രസവത്തിലാണു ഛർദ്ദിയുൾപ്പെടെയുള്ള പ്രഭാത അസ്വസ്ഥതകൾ കൂടുതൽ കാണാറ്. ആഹാരം തീരെ കഴിക്കാനാവാത്ത വിധം പ്രശ്നമുള്ളവർ ഡോക്ടറുടെ സേവനം തേടണം.

ഭയം, ഗർഭഛിദ്രത്തെ

ഗർഭിണിയാണെന്നറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഗ്രഭഛിദ്രമുണ്ടാകുമോ എന്ന ഭയത്തിലാണ് മിക്ക സ്ത്രീകളും. ഗർഭഛിദ്രം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഒന്നും രണ്ടും ഘട്ടങ്ങളിലാണ്. അതുകഴിഞ്ഞാൽ ഗർഭമലസാനുള്ള സാധ്യത വളരെ വിരളമാണ്. 12 ആഴ്ചയ്ക്കകം ഗർഭഛിദ്രമുണ്ടാകുന്നതിന്റെ പ്രധാന കാരണം പാരമ്പര്യ ഘടകങ്ങളാണ്.

രണ്ടാം ഘട്ടത്തിൽ പാരമ്പര്യകാരണങ്ങൾ കൊണ്ടോ, ഗർഭപാത്രത്തിന്റെ അസ്വാഭാവികത്വം കൊണ്ടോ ഗർഭമലസാം. ഗർഭപാത്രം ശരിയായനിലയിലല്ലെങ്കിലും മൂന്നുനാലു മാസം വരെ ഗർഭസ്ഥശിശു വളരുമെങ്കിലും പിന്നീടു വളരുവാൻ ഗർഭപാത്രം അനുവദിക്കാത്തതിനാൽ ഗർഭമലസൽ നടക്കും. കൂടാതെ, വൈറൽ പനികൾ, യൂറിനറി ഇൻഫെക്ഷൻ എന്നിവ മൂലവും ഗർഭഛിദ്രം നടക്കാം. ഇതിൽ യൂറിനറി ഇൻഫക്ഷൻ തന്നെയാണു വലിയ വില്ലൻ.

മൂത്രത്തിൽ അണുബാധ ഉണ്ടായാൽ

വന്ധ്യത, ഗർഭഛിദ്രം, കുഞ്ഞിന്റെ വളർച്ച കുറയൽ, കുട്ടിക്ക് വളർച്ചയെത്തും മുമ്പുള്ള പ്രസവം തുടങ്ങി വിവിധ പ്രശ്നങ്ങൾക്കു യൂറിനറി ഇൻഫക്ഷൻ കാരണമാകുന്നു. മൂത്രസഞ്ചിയും വൃക്കകളും ഉൾപ്പെടെ മൂത്രനാളിയുമായി ബന്ധപ്പെട്ട ഏതുഭാഗത്തുണ്ടാകുന്ന അണുബാധയും ഗൗരവമർഹിക്കുന്നു.

അടിക്കടി മൂത്രമൊഴിക്കാൻ തോന്നൽ, മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ, അടിവയറ്റിൽ നേരിയ വേദന, എന്നിവയിൽ തുടങ്ങി മൂത്രത്തിൽ രക്തം കാണുക, പനി മുതലായവ വരെയുള്ള ലക്ഷണങ്ങൾ മൂത്രത്തിലെ അണുബാധമൂലം ഉണ്ടാകാം. എന്നാൽ മിക്കവരിലും അണുബാധ രൂക്ഷമായ ശേഷമായിരിക്കും ലക്ഷണങ്ങൾ പ്രകടമാവുക.

ഗർഭിണിയെ സംബന്ധിച്ച് അപകടകരമായ അവസ്ഥയാണിത്. അതിനാൽ തുടർച്ചയായ മൂത്രപരിശോധന (മാസത്തിലൊരിക്കൽ) നടത്തുകയും ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്നു കഴിക്കേണ്ടത് അനിവാര്യമാണ്.

ധാരാളം വെള്ളം കുടിക്കുന്നതും മൂത്രം കെട്ടിനിർത്താതെ അടിക്കടി മൂത്രമൊഴിക്കുന്നതും അണുബാധകുറയാൻ സഹായിക്കും. ലൈംഗികബന്ധത്തിലേർപ്പെട്ടശേഷം മൂത്രമൊഴിക്കുന്നത് ഇതുമൂലമുണ്ടാകാനിടയുള്ള അണുബാധ ഒഴിവാക്കാൻ സഹായിക്കും.

മഞ്ഞപ്പിത്തം സൂക്ഷിക്കാം

മഞ്ഞപ്പിത്തം പലതരമുണ്ട്. ഇതിൽ വെള്ളത്തിലൂടെയും മറ്റും പകരുന്ന എ വിഭാഗത്തിലുള്ള മഞ്ഞപ്പിത്തമാണു ഗർഭിണികളിൽ കൂടുതലായി കാണാറുള്ളത്. നല്ല ചികിത്സയും വിശ്രമവും നൽകാമെങ്കിൽ രോഗത്തെ അതിജീവിക്കാനാകും. ഭയപ്പെടേണ്ട ആവശ്യവുമില്ല. താഴ്ന്ന ജീവിത സാഹചര്യമുള്ളവരിൽ ശുചിത്വക്കുറവുമൂലവും മറ്റും പലപ്പോഴും ചികിത്സ വേണ്ടത്ര ഫലപ്രദമാകാറില്ല. ആ സാഹചര്യത്തിൽ രോഗം അപകടകാരിയാകും. ഗർഭസ്ഥ ശിശു മരണപ്പെടാൻ വരെ സാധ്യതയുണ്ട്.

അഞ്ചാം പനി അപകടം

അപകടകരമായ അവസ്ഥയാണ് അഞ്ചാം പനി അഥവാ മീസിൽസ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ചും ജർമൻ മീസിൽസ്. കുഞ്ഞിന് അംഗവൈകല്യങ്ങളോ ബുദ്ധിമാന്ദ്യമോ ജീവഹാനിയോവരെ സംഭവിക്കാം. എന്നാൽ ഈ രോഗം വരാതിരിക്കാൻ എം എം ആർ വാക്സിൻ (മീസിൽസ്, മംസ്, റൂബല്ല വാക്സിനേഷൻ) എടുത്താൽ മതി. പെൺകുട്ടികൾക്കു തീർച്ചയായും ഇത് എടുത്തിരിക്കണം.

അതുപോലെ വാക്സിനിലൂടെ തടയാവുന്ന രോഗമാണു ചിക്കൻ പോക്സ്. ഗർഭകാലത്തു ചിക്കൻ പോക്സിനൊപ്പം ന്യൂമോണിയ കൂടി വരാറുണ്ട്. ഈ ഘട്ടത്തിൽ കൂടുതൽ ശ്രദ്ധയോടെയുള്ള ചികിത്സ വേണ്ടിവരും. ഗർഭകാലത്തു മലേറിയ, ടൈഫോയിഡ് എന്നിവ വരാതെ സൂക്ഷിക്കണം. ഇതു പലപ്പോഴും ഗർഭഛിദ്രത്തിനു കാരണമാകാറുണ്ട്.

ബി പിയും എക്ലാംസിയയും

ഗർഭകാലത്തെ മറ്റൊരു വില്ലനാണു ബ്ലഡ് പ്രഷർ. ബി പി കൂടി, കാലിലും സന്ധികളിലും നീരും മൂത്രത്തിന്റെ അളവു കുറയുന്നതും ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. മൂത്രത്തിൽ പ്രോട്ടീൻ വർദ്ധിക്കുക, തലവേദന മുതലായ പ്രശ്നങ്ങളും ഒരുമിച്ചു വരാം. ഗർഭകാലത്തു മാത്രം കാണുന്ന പ്രശ്നങ്ങളെ പ്രീ എക്ലാംസിയ എന്നാണ് പറയുന്നത്. ഇതു ഗർഭസ്ഥശിശുവിന്റെ വളർച്ചയെ ബാധിക്കും. ഗർഭപാത്രത്തിൽ വച്ചു കുഞ്ഞു മരിക്കാനോ, സമയത്തിനു മുമ്പു പ്രസവിക്കാനോ ഇതു കാരണമാവാം. അതിനാൽ ബി പി യോ പ്രീ എക്ലാംസിയയുടെ ലക്ഷണങ്ങളോ കണ്ടാൽ ചികിത്സിക്കാൻ മടിക്കേണ്ട. ബി പി ഉള്ള പക്ഷം 15 ദിവസത്തിലൊരിക്കൽ ടെസ്റ്റു ചെയ്യുകയും ഉപ്പിന്റെ ആധിക്യമുള്ള ഭക്ഷണങ്ങൾ (അച്ചാർ, പപ്പടം തുടങ്ങിയവ) ഒഴിവാക്കുകയും ആവശ്യമെങ്കിൽ മരുന്നു കഴിക്കുകയും വേണം.

ഉയർന്ന ബിപി പരിധി കവിഞ്ഞാൽ അമ്മയുടെ തലയിലുള്ള ചെറിയ രക്തക്കുഴലുകൾ പൊട്ടുന്നതിനും തൻമൂലം രക്തസ്രാവം മൂലം ഫിറ്റ്നസ് വന്നു കുഞ്ഞു വയറ്റിൽവച്ചു മരിക്കുന്നതിനും കാരണമാകും. ഈ അവസ്ഥയ്ക്ക് എക്ലാംസിയ എന്നു പറയുന്നു. അതിനാൽ ഇത്തരമൊരു അപകടാവസ്ഥ ഉണ്ടായാൽ ഉടൻ മരുന്നിലൂടെ പ്രസവിപ്പിച്ചു കുട്ടിയെ പുറത്തെടുത്ത് അമ്മയെ രക്ഷപ്പെടുത്താൻ ശ്രമിക്കും.

പ്രമേഹം വന്നാൽ

13 ശതമാനത്തോളം ഗർഭിണികളും പ്രമേഹ രോഗികളാണത്രേ. പ്രമേഹം മൂലം ഒന്നാം ഘട്ടത്തിലോ രണ്ടാം ഘട്ടത്തിലോ ഗർഭഛിദ്രമുണ്ടാകാൻ സാധ്യതയുണ്ട്. പ്രമേഹമില്ലെങ്കിലും 28—ാം ആഴ്ചയിൽ ഗ്ലൂക്കോസ് ചലഞ്ച് ടെസ്റ്റ് നടത്തി പ്രമേഹത്തിന്റെ സാധ്യത അറിയാൻ കഴിയും. അച്ഛനും അമ്മയ്ക്കും പ്രമേഹമുള്ളവരാണെങ്കിൽ ഈ ടെസ്റ്റ് നേരത്തെ തന്നെ നടത്തണം. 28 ആഴ്ചയ്ക്കുശേഷം പ്രമേഹമുണ്ടായാൽ ഗർഭസ്ഥശിശു വേഗത്തിൽ വളർന്നു വലുതായി സമയത്തിനു മുമ്പു പ്രസവിക്കാനും പ്രസവത്തിൽ പ്രശ്നങ്ങളുണ്ടാകാനും ചിലപ്പോൾ കുഞ്ഞിന്റെ ജീവഹാനിക്കു തന്നെ കാരണമായേക്കാം.

വേരിക്കോസും പൈൽസും

ഗർഭസ്ഥശിശു വളരും തോറും ഇടുപ്പിലെ രക്തക്കുഴലുകളിൽ സമ്മർദ്ദവും കൂടും. ഇതുമൂലം കാലുകളിൽ നിന്നുള്ള അശുദ്ധരക്തം അവിടെ തങ്ങിനിൽക്കുന്നതാണു വെരിക്കോസ് വെയിന് കാരണമാകുന്നത്. പൈൽസിന്റെ അസുഖമുള്ള സ്ത്രീകൾ ഗർഭിണിയാകുന്നതോടെ ആ രോഗത്തിന്റെ തീവ്രത വർധിക്കുന്നതായി കാണാറുണ്ട്.

ബെഡ് റെസ്റ്റ് എപ്പോൾ?

ചിലരിൽ കണ്ടുവരുന്ന ഒരവസ്ഥയാണു ഗർഭപാത്രം താഴേക്കു തള്ളിവരൽ. ആദ്യ മൂന്നുമാസം കാലുകൾ ഉയർത്തിവച്ചു ബഡ്റെസ്റ്റ് എടുക്കുന്നതു നല്ലതാണ്. ഗർഭപാത്രം പിന്നീടു വലുതാകുമ്പോൾ ഇതു താനെ മാറിക്കോളും. അതുപോലെ 2—3 പ്രാവശ്യം അബോർഷനായിപ്പോയ ശേഷം വീണ്ടും ഗർഭിണിയായവർ കൂടുതൽ ശ്രദ്ധിക്കണം. പൂർണ വിശ്രമം നൽകുന്നതായിരിക്കും ഉത്തമം. ഗർഭിണിയായിരിക്കുമ്പോൾ രക്തത്തുള്ളികൾ പോകുന്നതു കണ്ടാൽ വിശ്രമിക്കാൻ മടിക്കരുത്. ബെഡ്റെസ്റ്റ് തന്നെയാണ് ഇവിടെയും അഭികാമ്യം. കുഞ്ഞിനു വളർച്ച കുറവാണെങ്കിലും വിശ്രമത്തിലൂടെ അതു നികത്താൻ കഴിയും.

ഗർഭിണികളിൽ സിങ്കിനുള്ള പങ്ക്

ഗർഭിണികളുടെ ഭക്ഷണത്തിൽ ഇരുമ്പും ഫോളിക് ആസിഡും അത്യാവശ്യമാണെന്ന് അറിയാമല്ലോ. അപ്പോൾ സിങ്കിന്റെ കാര്യം? അതു പലരും മറന്നു പോകുന്നതുകൊണ്ടാണോ എന്നറിയില്ല, ഒട്ടേറെ ഗർഭിണികൾ സിങ്കിന്റെ അഭാവമുള്ളവരാണ്. ജനനവൈകല്യങ്ങൾ ഇല്ലാതാക്കുന്നതിൽ സിങ്കിനു സുപ്രധാന പങ്കാണുള്ളത്. ഭ്രൂണത്തിന്റെയും ഗർഭസ്ഥശിശുവിന്റെയും വളർച്ചയ്ക്കു സിങ്ക് അത്യാവശ്യമാണ്. ഗർഭസ്ഥശിശുവിന്റെ അസ്ഥികളുടെ വളർച്ചയെ സിങ്ക് സഹായിക്കുന്നുണ്ട്. ഗർഭസ്ഥശിശുവിന്റെ കോശവളർച്ച, ഡി എൻ എയുടെ ഉൽപാദനം, പ്രവർത്തനം എന്നിവയ്ക്കും സിങ്ക് വേണം. ദിവസവും ഗർഭിണികൾക്കു 11 മില്ലിഗ്രാമും മുലയൂട്ടുന്ന അമ്മമാർക്കു 12 മില്ലിഗ്രാമും സിങ്ക് ആവശ്യമാണ്.

ആവശ്യത്തിനു സിങ്ക് ഭക്ഷണത്തിൽ നിന്നു ലഭിക്കുന്നില്ലെങ്കിൽ ഗർഭകാലത്തു സിങ്ക് അടങ്ങിയ ഗുളികകൾ കഴിക്കണം. നമ്മുടെ നാട്ടിൽ ലഭ്യമായ സസ്യാഹാരത്തിൽ ശരീരം ആഗിരണം ചെയ്യുന്ന സിങ്കിന്റെ തോത് വളരെ കുറവായതിനാൽ സസ്യാഹാരികളായ ഗർഭിണികൾ സിങ്ക് സപ്ലിമെന്റുകൾ നിശ്ചയമായും കഴിക്കണം. ചുവന്ന മാംസം, കോഴിയിറച്ചി, പാലുൽപന്നങ്ങൾ, ബീൻസ്, മുഴുധാന്യങ്ങൾ, അണ്ടിപ്പരിപ്പുകൾ എന്നിവയിൽനിന്നു ലിങ്ക് ലഭിക്കും.

35 വയസ്സിനുശേഷം ഗര്‍ഭിണിയായാല്‍

പ്രായം കൂടും തോറും ശരീരത്തിനും മനസ്സിനും പക്വത വരുമെന്നാണ് പറയാറ്. എന്നാല്‍ പ്രായം ഉയരുമ്പോള്‍ സങ്കീര്‍ണത കൂടുന്ന പ്രക്രിയകളാണ് ഗര്‍ഭവും പ്രസവവും. ഈ വിഷയങ്ങളില്‍ ഏറുന്ന പ്രായത്തില്‍ മനസ്സും ശരീരവും ഒരു പോലെ പിണക്കങ്ങള്‍ പ്രകടിപ്പിക്കും.

ആദ്യ ഗര്‍ഭം 30 വയസ്സിനു മുകളിലായാലും 35 വയസ്സിനു മുകളിലായാലും അത് എല്‍ഡേര്‍ലി പ്രെഗ്നന്‍സി അല്ലെങ്കില്‍ ഹൈ റിസ്ക് പ്രെഗ്നന്‍സി ആയി കണക്കാക്കുന്നു. പലതരത്തിലുള്ള ശാരീരിക -മാനസിക പ്രശ്നങ്ങള്‍ 35 വയസ്സു കഴിഞ്ഞ ഗര്‍ഭിണികളില്‍ ഉണ്ടാവാം

ഗര്‍ഭം താമസിക്കുന്നതിന് കാരണം

35 വയസ്സിനു മുകളിലുള്ള ഗര്‍ഭിണികള്‍ പലതരത്തിലുണ്ട്. ചിലര്‍ നേരത്തെ കല്യാണം കഴിഞ്ഞാലും സാഹചര്യങ്ങള്‍ കൊണ്ടും പല കാരണങ്ങള്‍ കൊണ്ടും ഗര്‍ഭധാരണം നീണ്ടു പോയവർ, വന്ധ്യതാ ചികിത്സയ്ക്കു ശേഷം ഗർഭിണി ആയവർ, 35 നോടടുത്തു താമസിച്ചു വിവാഹിതരായാലും ഉടനെ തന്നെ ഗർഭിണിയായവർ . ഇവരിൽ അവസാനത്തെ കൂട്ടർക്ക്സങ്കീര്‍ണതകൾ താരതമ്യേന കുറച്ചു കുറവായിരിക്കും .

സങ്കീര്‍ണതകൾക്കു പിന്നിൽ

35 വയസ്സു മുതൽ സ്ത്രീകൾക്കു ഗർഭധാരണശക്തി കുറഞ്ഞുവരുന്നു. ഇതിന് ഒരു കാരണം അണ്ഡത്തിന്റെ പ്രായക്കൂടുതലാവാം . ഒരു സ്ത്രീ ജനിക്കുമ്പോൾ ജീവിതകാലം മുഴുവനുമുള്ള അണ്ഡം അണ്ഡാശയത്തിൽ ഉണ്ടായിരിക്കും . മാസം തോറും ഓരോ അണ്ഡം പാകമായി ഗർഭ പാത്രത്തിലെത്തുന്നു.. ഗർഭധാരണം നടന്നില്ലെങ്കിൽ അതു മാസമുറയായി പോകുന്നു. അതു കൊണ്ടു പ്രായം കൂടും തോറും അണ്ഡത്തിന്റെ എണ്ണവും ശക്തിയും കുറയുന്നു. മാത്രമല്ല ഈ കാലയളവിൽ ഉപയോഗിക്കാനിടയായ മരുന്നുകൾ, അണുബാധകൾ, പ്രായം തോറും ഗർഭപാത്രത്തിലുണ്ടാകു ന്ന മുഴകൾ, അണ്ഡാശയത്തിലുണ്ടാകുന്ന സിസ്റ്റുകൾ, ഹോർമോൺ വ്യതിയാനങ്ങൾ എല്ലാം ഗർഭധാരണത്തെ ബാധിക്കും.

അമിതവണ്ണം കൊണ്ടുണ്ടാകുന്ന രോഗങ്ങൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ, പ്രമേഹം, ബിപി, കരൾ-വൃക്ക രോഗങ്ങൾ, അലർജി, ജന്നി, ഗർഭാശയത്തിൽ ഉണ്ടായേക്കാവുന്ന രോഗങ്ങൾ, മൂത്രനാളിയിലും യോനിയിലുമുള്ള രോഗബാധ എല്ലാം കാരണങ്ങളില്‍ ഉള്‍പ്പെടുന്നു.

ഗര്‍ഭമലസാൻ സാധ്യത

35 വയസ്സു കഴിഞ്ഞ സ്ത്രീകളിൽ ഗർഭിണിയായി കഴിഞ്ഞും പ്രസവസമയത്തും പല പ്രശ്നങ്ങള്‍ ഉണ്ടാവാം. ഗര്‍ഭമലസാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ മാസം തികയാതെയുള്ള പ്രസവം, ഗർഭകാലത്തുണ്ടാകുന്ന രക്തസ്രാവം (Abruption Placenta), കുഞ്ഞിന് വളര്‍ച്ചക്കുറവ്, തൂക്കക്കുറവ്, ഗർഭകാലത്തുണ്ടാകാവുന്ന പ്രമേഹം (െജസ്റ്റേഷനൽ ഡയബറ്റിസ്), പ്രീ എക്ലാംപ്സിയ (Pre-eclampsia) എന്ന അവസ്ഥയും കൂടുതലാണ്. ഗര്‍ഭകാലത്തു ഹോർമോൺ വ്യതിയാനം കൊണ്ടു മോണ രോഗങ്ങളും പല്ലിന്റെ കേടും ഉണ്ടാകാം

പ്രായം കൂടുന്തോറും പേശികൾക്കു വേണ്ടത്ര വികസിക്കാനുള്ള കഴിവ് കുറയുന്നത് കാരണം പ്രസവസമയത്ത് ഉപകരണങ്ങളുടെ സഹായം (വാക്വം ഡെലിവറി, ഫോർസെപ്സ്), സിസേറിയൻ എന്നിവ കൂടുതലാണ്. പ്രസവശേഷമാകട്ടെ ഗർഭപാത്രം ചുരുങ്ങാൻ താമസിക്കുന്നതുകൊണ്ടു ചിലർക്കു രക്തസ്രാവവും കൂടുതലാകും

അതുപാലെ പാൽക്കുറവും മുലയൂട്ടൽ പ്രശ്നങ്ങളും ഇവര്‍ക്കു കൂടുതലാണ്. ജനിക്കുന്ന കുട്ടികൾക്ക് അംഗവൈകല്യങ്ങളോ ജനിതക തകരാറുകളോ ഉണ്ടാകാനും സാധ്യത കൂടുതലാണ്. ചിലർക്ക് പ്രസവതീയതി കഴിഞ്ഞും പ്രസവം നടക്കാതെ വരും. ഗർഭപാത്രത്തിൽ മുഴയോ മറ്റോ ഉണ്ടെങ്കിൽ പ്രസവസമയത്ത് അമിത രക്തസ്രാവമുണ്ടാകാൻ സാധ്യത കൂടുതലാണ്. ചിലപ്പോൾ പ്രസവാനന്തര രക്തസ്രാവവും ഉണ്ടാകാം.

പരിശോധനകളും പ്രതിരോധവും

35 വയസ്സ് കഴിഞ്ഞവർ ഗർഭിണിയാകുന്നതിനു മുമ്പ് തന്നെ ചില പരിശോധനകൾ ചെയ്യുന്നത് നല്ലതാണ്. രക്തത്തിലെ എച്ച്ബി അളവ്, ഗ്രൂപ്പ് ആർ.എച്ച് ( Group Rhനിങ്ങൾ നെഗറ്റീവ് ആയാൽ ഭർത്താവിന്റെ ഗ്രൂപ്പ് നെഗറ്റീവോ പോസിറ്റീവോ എന്ന് പരിശോധിക്കണം) എന്നിവ നോക്കണം. റൂബെല്ല കുത്തിവയ്പ്പ് എടുത്തില്ലെങ്കിൽ എടുക്കണം. ഈ കുത്തിവയ്പ്പ് കഴിഞ്ഞ് ഒരുമാസം കഴിഞ്ഞ് ഗർഭിണി ആകാം.(റൂബെല്ല, ചിക്കൻ പോക്സ് വാക്സിനുകൾ ഗർഭിണികൾക്ക് എടുക്കാൻ പാടുള്ളതല്ല.) യോനിയില്‍ അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ സൈറ്റോമെഗാലോ വൈറസിന്റെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കണം. പരിശോധനഫലം പോസിറ്റീവാണെങ്കിൽ ആറുമാസം കഴിഞ്ഞു ഗർഭിണിയാകുന്നതാണ് നല്ലത്. മാസമുറ കൃത്യമല്ലാത്തവർ അതിനു ചികിത്സ തേടണം.

ഗർഭാവസ്ഥയിൽ തൈറോയ്ഡ് ഹോർമോണിന്റെ ഏറ്റക്കുറച്ചിൽ കാരണം ഗർഭമലസാൻ സാധ്യത ഉണ്ട്. അതുകൊണ്ട് തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റ് നിർബന്ധമായും ചെയ്തിരിക്കണം. പിന്നെ സാധാരണ ചെയ്യാറുള്ള വി.ഡി.ആർ. എൽ., എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി, പരിശോധനകളും നേരത്തെ നടത്താവുന്നതാണ്. ആദ്യ മാസങ്ങളിൽ തന്നെ സ്കാൻ ചെയ്ത് കുഞ്ഞിന് വൈകല്യങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തണം. കൊളസ്ട്രോൾ, പ്രമേഹം, ബിപി തുടങ്ങിയവ പരിശോധിച്ച് നിയന്ത്രിക്കണം.

മോണ രോഗങ്ങൾ ഡെന്റിസ്റ്റിനെ കൊണ്ടു പരിഹരിക്കണം. 35 വയസ്സിനു മുകളിലുള്ളവരും കുടുംബത്തിൽ ബുദ്ധിവളർച്ച ഇല്ലാത്ത കുട്ടികളുള്ളവരും ഗർഭിണിയായി കഴിഞ്ഞാൽ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ തന്നെ രക്തത്തിലെ പ്രത്യേക സ്ക്രീനിങ്ങ് ടെസ്റ്റുകൾ (ട്രിപ്പിൾ ടെസ്റ്റ്, ക്വാട്രിപ്പിൾ ടെസ്റ്റ്) എന്നിവ ചെയ്യണം.

വിശ്രമം വേണം

പ്രായമേറിയവർ ഗർഭിണിയായി കഴിഞ്ഞാൽ ആദ്യ മൂന്ന് മാസം വിശ്രമിക്കുന്നതാണ് നല്ലത്. ബ്ലീഡിങ്ങ് ഇല്ലാത്തവർ പൂർണമായി ബെഡ് റെസ്റ്റ് എടുക്കണമെന്നില്ല. ഗര്‍ഭിണികൾ പടികൾ കയറുന്നത് ഒഴിവാക്കണം. ബൈക്ക്, ഓട്ടോറിക്ഷ യാത്രയും കുറയ്ക്കണം.

മറുപിള്ള ഗർഭപാത്രത്തിനു താഴെയാണെങ്കിൽ ആ പ്രശ്നം മാറിയതിനു ശേഷം മാത്രം ജോലിക്കു പോവുക. കൂടുതൽ കുലുക്കമുള്ള യാത്രയും ഭാരമേറിയ ജോലികളും ചെയ്യരുത്. ഇരുന്ന് ജോലി ചെയ്യുന്നവർ കാലിൽ നീരു വരാതിരിക്കാൻ കാൽ ചെറുതായി ഉയർത്തി വച്ചാൽ മതി. ഒരുപാട് നേരം ഇരിക്കുകയും ഒരേ പോലെ നിൽക്കുകയും ചെയ്യരുത്.

ഭക്ഷണത്തിലും ശ്രദ്ധ

35 വയസ്സിനു മുകളിലുള്ള അമിതവണ്ണമുള്ളവർക്ക് പിസിഒഡി, ഗര്‍ഭാശയ മുഴകൾ, എൻഡോമെട്രിയോസിസ് തുടങ്ങിയ പ്രശ്നങ്ങൾക്കു സാധ്യത കൂടുതലായിരിക്കും. അതു കൃത്യമായി കണ്ടെത്തി പരിഹരിക്കണം . ശരീരഭാരം കുറയ്ക്കാൻ ഡയറ്റും വ്യായാമവും ശീലിക്കണം. പൊക്കത്തിന് അനുസരിച്ചുള്ള ശരീരഭാരം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കുക. നല്ല പോഷകാഹാരം കഴിക്കണം. ഫാസ്റ്റ് ഫൂഡുകൾ ഒഴിവാക്കി പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കുക.

ഡോ. പരിമള കാർത്തികേയൻ

കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്

ഇന്ദിരാഗാന്ധി കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ കൊച്ചി

സ്വപ്നത്തിലെ കണ്‍മണിക്കായി

ആദ്യത്തെ കണ്‍മണി ആണോ പെണ്ണോ, മുഖച്ഛായ ആരുടേത്, നിറം, തലമുടി.... അങ്ങനെ എത്രയെത്ര പ്രതീക്ഷകളാണ് കുഞ്ഞുങ്ങളെക്കുറിച്ച് ദമ്പതിമാര്‍ക്കുള്ളത്. എന്നാല്‍ ആരോഗ്യവും അഴകും ബുദ്ധിയും ഒത്തിണങ്ങിയൊരു ഓമനക്കുഞ്ഞിന് ഏറെ മുന്നൊരുക്കങ്ങള്‍ വേണമെന്നു ചിന്തിക്കുന്നവരും അറിയുന്നവരും വിരളം. അതുകൊണ്ടു തന്നെ കുഞ്ഞ് വൈകല്യങ്ങളോടെയും അനാരോഗ്യത്തോടെയും ജനിക്കുമ്പോള്‍ മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ പൊട്ടിത്തകരുന്നു.

മുന്‍കരുതലിനൊപ്പം നൂതന ചികിത്സയും

ആരോഗ്യമുള്ള അമ്മയില്‍ നിന്നു മാത്രമേ ആരോഗ്യമുള്ള കുഞ്ഞ് ജനിക്കൂ. ഗര്‍ഭവതിയാകും മുമ്പു വേണ്ട മുന്‍കരുതലുകളെടുത്താല്‍ നല്ല കുഞ്ഞ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാം. ഗര്‍ഭകാലത്തും ഏറെ കരുതലുകളെടുക്കണം. മുന്‍ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി പെരിനേറ്റോളജി പോലുള്ള നൂതനചികിത്സാ സേവനം കൂടി ലഭ്യമാകുന്ന കാലമാണിത്. സങ്കീര്‍ണതയുള്ള ഗര്‍ഭകാലപരിചരണവും പ്രസവവുമെല്ലാം പെരിനേറ്റോളജിയില്‍ ഉള്‍പ്പെടുന്നു. ഗര്‍ഭസ്ഥശിശുവിന് ഉണ്ടാകാവുന്ന ജനിതകവൈകല്യങ്ങള്‍, അംഗവൈകല്യങ്ങള്‍ എന്നിവയെല്ലാം സവിശേഷപരിശോധനകളിലൂടെ കണ്ടെത്താനാകുന്നു. അങ്ങനെ ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന് ഫലപ്രദമായ ചികിത്സ നല്‍കാനാകും.

എല്ലാവര്‍ക്കും മാതൃത്വം

വൃക്ക മാറ്റി വച്ചവര്‍, അപസ്മാരം ബാധിച്ചവര്‍... എന്നിങ്ങനെ ചില രോഗങ്ങള്‍ ബാധിച്ച യുവതികളെ മുന്‍ കാലങ്ങളില്‍ വിവാഹം കഴിപ്പിച്ചിരുന്നില്ല. രോഗിണികള്‍ എന്നു മുദ്ര കുത്തി അവരെ ദാമ്പത്യജീവിതത്തില്‍ നിന്നകറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന് കൃത്യമായ ചികിത്സയിലൂടെ രോഗത്തെ നന്നായി നിയന്ത്രിച്ച് അവര്‍ക്കും അമ്മമാരാകാം. അതിനായി മരുന്നുകളുടെ ഡോസ് കുറച്ച് അവ ഏറെ സൂക്ഷ്മതയോടെ ക്രമീകരിക്കേണ്ടതുണ്ട്. ഗര്‍ഭിണിയായതിനു ശേഷമാണ് തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് അറിയുന്നതെങ്കില്‍ ഒട്ടും മടിക്കാതെ വിദഗ്ധചികിത്സ തേടണം.

അമ്മയാകേണ്ട പ്രായം

അമ്മയുടെ പ്രായവും കുഞ്ഞിന്റെ ആരോഗ്യവും തമ്മില്‍ ശ്രദ്ധേയമായ ചില ബന്ധങ്ങളുണ്ടത്രേ. 20 വയസ്സിനും 27 വയസ്സിനുമിടയില്‍ ആദ്യഗര്‍ഭം ധരിക്കുന്നതാണു നല്ലതെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ പഠനം കഴിഞ്ഞ് ജോലി ലഭിച്ചശേഷമാണ് പുതിയ തലമുറയിലെ മിക്ക പെണ്‍കുട്ടികളും വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നതു തന്നെ. അപ്പോഴേക്കും മുപ്പതുകളിലെത്തും പ്രായം.

മുപ്പതാം വയസ്സില്‍ വിവാഹം നടന്നാലും പലരും ഗര്‍ഭധാരണം സൗകര്യപൂര്‍വം മാറ്റിവയ്ക്കും. എന്നാല്‍ 35 വയസ്സിലേറെ പ്രായമുള്ള യുവതികള്‍ ഗര്‍ഭവതികളാകുമ്പോള്‍ അവരുടെ കുഞ്ഞുങ്ങള്‍ക്ക്, മുമ്പേ വിവാഹിതരാകുന്നവരുടെ കുഞ്ഞുങ്ങളേക്കാള്‍ ക്രോമസോം വൈകല്യങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. അതു കൊണ്ട് വൈകി വിവാഹിതരാകുന്നവര്‍ ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാന്‍ ഉടന്‍ ഗര്‍ഭം ധരിക്കാന്‍ ശ്രദ്ധിക്കണം.

പ്രീ പ്രഗ്നന്‍സി കൗണ്‍സലിങ്

അമ്മയുടെ മാനസികാരോഗ്യം ആരോഗ്യമൂള്ള കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അവിഭാജ്യ ഘടകമാണ്. ഗര്‍ഭകാലത്തു വിഷാദവും മറ്റുമുള്ള യുവതികള്‍ കൗണ്‍സലിങ്ങിന് വിധേയരാകണം. മാനസികപിരിമുറുക്കം കൂടുതലുള്ള സമയത്തു ഗര്‍ഭധാരണത്തിന് ഒരുങ്ങാതിരിക്കുന്നതാണു നല്ലത്. അമ്മയുടെ മാനസിക സംഘര്‍ഷം കുഞ്ഞിന്റെ പൊതുവായ ശരീര സ്ഥിതിയെത്തന്നെ ബാധിക്കും. ഗര്‍ഭകാലത്ത് യോഗ പരിശീലിക്കാം. സംഗീതം, വായന തുടങ്ങി മനസ്സിനെ ശാന്തമാക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതും ഗുണം ചെയ്യും.

നിയന്ത്രിക്കാം പ്രമേഹവും ബിപിയും

രക്തത്തില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലുള്ളതും അതിന് മരുന്നു കഴിക്കുന്നതുമായ യുവതി ഗര്‍ഭവതിയാകും മുമ്പ് പഞ്ചസാരയുടെ നില പരിശോധിക്കണം. പഞ്ചസാര നിയന്ത്രണവിധേയമായി എന്നുറപ്പു വരുത്തിയിട്ടു മാത്രമേ ഗര്‍ഭം ധരിക്കാന്‍ പാടുള്ളൂ. അല്ലാത്തപക്ഷം ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ ഹൃദയത്തിനും നട്ടെല്ലിനും തകരാറുണ്ടാകാം.

പ്രമേഹം നിയന്ത്രണവിധേയമാക്കാതെ ഗര്‍ഭിണിയായാല്‍ അബോര്‍ഷന്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. മാസം തികയാതെ കുഞ്ഞു ജനിക്കുക, വലുപ്പം കൂടുതലുളള കുഞ്ഞ് ജനിക്കുക എന്നിവയ്ക്കും സാധ്യതയുണ്ട്. മാതാപിതാക്കള്‍ പ്രമേഹരോഗികളായിട്ടുള്ള യുവതികള്‍ ഗര്‍ഭധാരണത്തിനു മുമ്പ് പ്രമേഹപരിശോധന നടത്തണം. പ്രഗ്നന്‍സി ഇന്‍ഡ്യൂസ്ഡ് ഹൈപ്പര്‍ടെന്‍ഷന്‍ എന്ന ഗര്‍ഭസമയത്തെ ബിപി മുമ്പേ നിയന്ത്രിച്ചില്ലെങ്കില്‍ അതുമൂലം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച കുറയാനിടയാക്കും.

തൈറോയ്ഡും വിളര്‍ച്ചയും

ഗര്‍ഭത്തിനൊരുങ്ങും മുമ്പ് തൈറോയ്ഡ് പരിശോധന നടത്തണം. രക്തപരിശോധനയില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനത്തില്‍ വ്യതിയാനം കണ്ടാല്‍ ചികിത്സിച്ചു ഭേദമാക്കിയിട്ട് ഗര്‍ഭം ധരിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയെയും പൊതു ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാം.

വിളര്‍ച്ച അഥവാ അനീമിയ ഉള്ളവര്‍ അതു പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കിയശേഷം ഗര്‍ഭം ധരിക്കുക. വിളര്‍ച്ചയുള്ള അമ്മയ്ക്ക് തൂക്കം കുറഞ്ഞ കുഞ്ഞു ജനിക്കാം. മാസം തികയാതെ കുഞ്ഞു ജനിക്കാനുമിടയുണ്ട്. വിളര്‍ച്ച മൂലം ഗര്‍ഭമലസാനുള്ള സാധ്യതയും ഏറെയാണ്.

ഒരുങ്ങാം നല്ല കുഞ്ഞിനായ്

ഗര്‍ഭത്തിനൊരുങ്ങുകയാണെങ്കില്‍ മൂന്നു മാസം മുമ്പേ ഫോളിക് ആസിഡ് കഴിക്കാം. ഫോളിക് ആസിഡ് ഗര്‍ഭസ്ഥശിശുവിന് രോഗപ്രതിരോധശേഷി നല്‍കും. അംഗവൈകല്യങ്ങളെ തടയാനും ഇതിനു കഴിയും.

അടുത്ത ബന്ധുവിനെ വിവാഹം കഴിക്കുന്നത് ഒഴിവാക്കുക. ഇത്തരം ബന്ധങ്ങളിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കു ജനിതക വൈകല്യങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.

ഗര്‍ഭിണിയാകും മുമ്പ് ഗര്‍ഭാശയത്തിന്റെയും അണ്ഡാശയങ്ങളുടെയും പ്രവര്‍ത്തനം സുഗമമായി നടക്കുന്നുണ്ടോ എന്നറിയുന്നതു നല്ലതാണ്. ആര്‍ത്തവം ക്രമം തെറ്റുക, പെട്ടെന്നു തൂക്കം വര്‍ധിക്കുക, മുഖത്തും ശരീരത്തിലും നിറയെ രോമങ്ങള്‍... എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ആണോയെന്നു പരിശോധിച്ചറിയുകയും കൃത്യമായ ചികിത്സ തേടുകയും വേണം. ഈ രോഗം ചികിത്സിച്ച ശേഷം ഗര്‍ഭിണിയാകുന്നതാണു നല്ലത്. അല്ലെങ്കില്‍ ഗര്‍ഭമലസാന്‍ പോലുമിടായാകാം.

ഗര്‍ഭകാലത്ത് യൂറിനറി അണുബാധ ഉണ്ടാകാതെ ശ്രദ്ധിക്കണം. അതിന് ഗര്‍ഭിണി ധാരാളം വെള്ളം കുടിക്കണം. മൂത്രത്തിലെ അണുബാധ മൂലം ഗര്‍ഭമലസാം. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച കുറയാനുമിടയുണ്ട്.

അമിതവണ്ണമുള്ളവര്‍ ഗര്‍ഭം ധരിക്കുന്നതിനു മുമ്പ് വണ്ണം കുറയ്ക്കണം. പ്രത്യേകിച്ച് 70 കി. ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ളവര്‍. അടിവയറില്‍ അമിതമായടിയുന്ന കൊഴുപ്പ് ഹോര്‍മോണ്‍ വ്യതിയാനത്തിലൂടെ അണ്ഡോത്പാദനത്തെ പ്രതികൂലമായി ബാധിക്കും. ആഹാരക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും വണ്ണം കുറച്ചശേഷം ഗര്‍ഭം ധരിക്കാം. തൂക്കം തീരെ കുറയുന്നതും നല്ലതല്ല. അതായത് 40 കി. ഗ്രാമില്‍ താഴെ. ബി എം ഐ (ഉയരതൂക്ക അനുപാതം) 20-നും 26-നും ഇടയിലാണ് ഉത്തമം. തൂക്കം കൂടുന്നതും കുറയുന്നതും കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും.

പാരമ്പര്യരോഗങ്ങളായ ഹീമോഫീലിയ, ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം എന്നിവ കുടുംബത്തിലുണ്ടായിട്ടുണ്ടെങ്കില്‍ ഗര്‍ഭം ധരിക്കും മുമ്പ് ശ്രദ്ധിക്കണം. ജനിറ്റിക് കൗണ്‍സലിങും ക്രോമസോം പരിശോധനയും ചെയ്യുന്നതും ഗുണം ചെയ്യും.

പുകവലിക്കുന്ന സ്ത്രീയാണെങ്കില്‍ ഗര്‍ഭധാരണത്തിനു മുമ്പ് പുകവലി നിര്‍ത്തണം. മദ്യപാനവും നല്ലതല്ല. പുകവലിക്കുന്ന ഭര്‍ത്താവിന്റെ സാന്നിധ്യവും ദോഷകരമാണ്. തന്‍മൂലം ആരോഗ്യവും തൂക്കവും കുറഞ്ഞ കുഞ്ഞ് ജനിക്കാന്‍ സാധ്യതയുണ്ട്.

ഗര്‍ഭിണി കുറഞ്ഞത് ഏഴുമണിക്കൂറെങ്കിലും നന്നായി ഉറങ്ങണം. പ്രോട്ടീന്‍ സമൃദ്ധമായ ആഹാരം കഴിക്കുകയും വേണം.

റുബല്ലാ പാര്‍ട്ടി

വിദേശരാജ്യങ്ങളില്‍ റുബല്ലാ പാര്‍ട്ടി എന്നൊരു ചടങ്ങു തന്നെയുണ്ട്. അതായത് 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കെല്ലാം ആഘോഷപൂര്‍വം റുബല്ലാ വാക്സിനേഷന്‍ നല്‍കുന്ന ചടങ്ങാണിത്. റുബല്ലാ വാക്സിനേഷന്റെ പ്രാധാന്യം വളരെ നിര്‍ണായകമാണ്. ഭാവിയില്‍ ജര്‍മന്‍ മീസിൽസ് വരുന്നതിനെ പ്രതിരോധിക്കാന്‍ ഇതു സഹായിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ ജര്‍മന്‍ മീസില്‍സ് വന്നാല്‍ കുഞ്ഞിന് ഗുരുതരമായ വൈകല്യങ്ങള്‍ വരാം. കൗമാരപ്രായത്തില്‍ തന്നെ പെണ്‍കുട്ടികള്‍ റുബല്ലാ കുത്തിവയ്പ് എടുക്കുന്നതാണു നല്ലത്. സ്കൂള്‍-കോളജ് തലങ്ങളില്‍ ഇതേക്കുറിച്ച് നല്ല അവബോധം നല്‍കുകയും വേണം.

പ്രസവത്തിനു വേണോ ശസ്ത്രക്രിയ?

ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന പ്രസവ ശസ്ത്രക്രിയാ നിരക്ക് 15 മുതൽ 20 ശതമാനം വരെ മാത്രമാണ്. എന്നാൽ കേരളത്തിലെ പല ജില്ലകളിലും പ്രസവ ശസ്ത്രക്രിയാ നിരക്ക് 50 ശതമാനത്തിനു മുകളിലാണ്. അതായത് നൂറ് സ്ത്രീകൾ പ്രസവിക്കുമ്പോൾ അതിൽ അൻപതു പേർക്കും ശസ്ത്രക്രിയ വേണ്ടി വരുന്നു എന്നു ചുരുക്കം. തെക്കൻ കേരളത്തിലെ പ്രസവ ശസ്ത്രക്രിയാ നിരക്ക് ഞെട്ടിപ്പിക്കുന്നതാണെങ്കിൽ മലബാറും ഒട്ടും പുറകിലല്ല. മലബാറിൽ ഏറ്റവും കൂടുതൽ നിരക്ക് കണ്ണൂർ ജില്ലയിലാണ്. 43 ശതമാനം. തൊട്ടടുത്ത ജില്ലകളായ കാസർകോഡും വയനാട്ടിലും വേണ്ടത്ര വിദഗ്ധ ആശുപത്രികൾ ഇല്ലാത്തതിനാൽ ഈ ജില്ലക്കാർ കൂടി കണ്ണൂരിലെത്തുന്നതു കൊണ്ടാകാം ജില്ലയിലെ ശസ്ത്രക്രിയാ നിരക്കിൽ വർധനയെന്നാണു ഡോക്ടർമാരുടെ നിഗമനം. എന്തുതന്നെയായാലും ഈ നിലയ്ക്കു ശസ്ത്രക്രിയാ നിരക്ക് വർധിക്കുന്നത് ആശ്വാസ്യമല്ല.

സ്വകാര്യ ആശുപത്രികളുടെ കടന്നു വരവോടെയാണ് ശസ്ത്രക്രിയാ നിരക്ക് വർധിച്ചതെന്ന ആരോപണം ജനങ്ങളുടെ ഭാഗത്തു നിന്നു ശക്തിപ്പെടുന്നു. ഡോക്ടർമാർ മാത്രം വിചാരിച്ചാൽ ശസ്ത്രക്രിയാ നിരക്ക് കുറയ്ക്കാനാകില്ലെന്നും ഇക്കാര്യത്തിൽ ഗർഭിണിയുടെയും ബന്ധുക്കളുടെയും പങ്ക് നിർമായകമാണെന്നും ഡോക്ടർമാരും പറയുന്നു. കണ്ണൂർ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി നടത്തിയ ചർച്ചയിൽ ഉയർന്നുവന്ന പ്രധാന നിരീക്ഷണങ്ങളും നിർദേശങ്ങളും ഇവയാണ്.

സമ്മർദമുനയിൽ ഡോക്ടർമാർ

കാത്തിരിക്കാനോ റിസ്കെടുക്കാനോ തയ്യാറല്ലാത്ത ഗർഭിണിയുടെയും രക്ഷിതാക്കളുടെയും സമ്മർദത്തിനു വഴങ്ങി ശസ്ത്രക്രിയ നടത്തേണ്ടി വരാറുണ്ടെന്ന് ഡോക്ടർമാർ സമ്മതിക്കുന്നു.

കേരളത്തിൽ സാക്ഷരതാനിരക്ക് വർധിച്ചതോടെ പ്രസവസമയത്തുണ്ടാകുന്ന എന്തുതരം പ്രശ്നത്തിനും ഡോക്ടർക്കെതിരെ കേസിനു പോകുന്ന സ്വഭാവമുണ്ടായി. പ്രസവിച്ചു വർഷങ്ങൾക്കു ശേഷം കുട്ടിക്ക് ബുദ്ധിവൈഭവം കുറവാണെന്ന പേരിൽ ഡോക്ടർക്കെതിരെ കേസു കൊടുത്ത സംഭവവും കേരളത്തിലുണ്ട്.

ഓരോ ഘട്ടത്തിലും ഗർഭസ്ഥ ശിശുവിനെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ മെച്ചപ്പെട്ടതോടെ അടിയന്തര ഘട്ടങ്ങൾ നേരത്തേ തിരിച്ചറിയാൻ തുടങ്ങി. ഇതു പ്രസവ ശസ്ത്രക്രിയാ നിരക്ക് വർധിക്കാൻ കാരണമായി.

ആദ്യപ്രസവത്തിലെ ശസ്ത്രക്രിയയും തുടർന്നുള്ള ശസ്ത്രക്രിയകളും വ്യത്യാസമുണ്ട്. ആദ്യപ്രസവത്തിൽ ശസ്ത്രക്രിയയാണെങ്കിൽ തുടർപ്രസവത്തിൽ ശസ്ത്രക്രിയയ്ക്കുള്ള സാധ്യത കൂടുതലാണ്. എന്നാൽ കേരളത്തിൽ ഇതു രണ്ടും വ്യത്യസ്ത കണക്കുകളായി സൂക്ഷിക്കുന്നില്ല. സ്വാഭാവികമായും ശസ്തക്രിയാനിരക്ക് ഉയർന്നു നിൽക്കുന്നതായി തോന്നാം.

ശസ്ത്രക്രിയ വേണ്ട സാഹചര്യം

അടിയന്തരഘട്ടത്തിലൊഴിച്ച് മറ്റൊരിക്കൽ പോലും ഒരു സ്ത്രീക്കു പ്രസവിക്കാൻ ശസ്ത്രക്രിയ ആവശ്യമില്ല. ക്ഷമയോടുള്ള കാത്തിരിപ്പു മാത്രമാണ് ആവശ്യം. എങ്കിലും സുഖപ്രസവമാണെന്നു പറഞ്ഞ ഗർഭിണിയെ ചിലപ്പോൾ ശസ്ത്രക്രിയ നടത്തേണ്ടി വന്നേക്കാം. പ്രസവത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവങ്ങളെ തുടർന്നാണിത്. ഇതു മനസിലാക്കാതെ ഡോക്ടർ അനാവശ്യമായി ശസ്ത്രക്രിയ നടത്തിയെന്നു കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല.

ശസ്ത്രക്രിയ അനിവാര്യമായ ചില ഘട്ടങ്ങൾ

പ്രസവത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന് ആപത്തുണ്ടാകുന്ന അവസ്ഥ.

മറുപിള്ള ഗർഭപാത്രത്തിൽ ഒട്ടിപ്പിടിക്കുന്ന സ്ഥിതി.

മുൻപ് സിസേറിയൻ നടത്തിയ സ്ത്രീകൾ

കുഞ്ഞിന്റെ തലഭാഗം താഴോട്ടു വരാത്ത സ്ഥിതി.

അമ്മയുടെ ഇടുപ്പെല്ലിന് വികാസക്കുറവ്

അമ്മയുടെ പ്രഷർ, ഷുഗർ, ബ്ലീഡിങ് എന്നിവയിൽ അപകടകരമായ സ്ഥിതിയുണ്ടാകുക

പ്രസവതീയതി കഴിഞ്ഞിട്ടും കുഞ്ഞ് പുറത്തേക്ക് വരാതിരിക്കുക

ജീവിതരീതി മാറി, ശസ്ത്രക്രിയ കൂടി

വിവാഹപ്രായവും ആദ്യപ്രസവത്തിനുള്ള പ്രായവും ഒരുപാടു വർധിച്ചു. നേരത്തേ 20കളിൽ നടന്നിരുന്ന പ്രസവങ്ങൾ 30 വയസിലാണ് ഇപ്പോൾ നടക്കുന്നത്.

പെൺകുട്ടികളിലുണ്ടാകുന്ന അമിതവണ്ണം. ചെറുപ്രായത്തിൽ തന്നെ അമിതവണ്ണം കേരളത്തിലെ പെൺകുട്ടികളിൽ കൂടിവരുന്നു.

വന്ധ്യതാനിരക്കിലും വർധനയുണ്ട്. ഏറെക്കാലത്തെ വന്ധ്യതാചികിത്സയ്ക്കു ശേഷം ഉണ്ടാകുന്ന കുഞ്ഞുങ്ങളെ സിസേറിയനിലൂടെയാണ് മിക്കപ്പോഴും പുറത്തെടുക്കുന്നത്.

ഒരിക്കൽ പ്രസവ ശസ്ത്രക്രിയ നടത്തിയ സ്ത്രീകളുടെ ഗർഭപാത്രത്തിന്റെ മസിലുകൾക്ക് ബലക്കുറവ് ഉണ്ടാകാം. അതുകൊണ്ടുതന്നെ രണ്ടാം പ്രസവത്തിൽ കൂടുതൽ റിസ്ക് ഒഴിവാക്കാൻ ശസ്ത്രക്രിയ നടത്തേണ്ടി വരുന്നു.

ശസ്ത്രക്രിയ ഒഴിവാക്കുന്നതിൽ ഡോക്ടർമാരുടെ പങ്ക്

ഗർഭിണികൾക്കു കൃത്യമായ നിർദേശം നൽകുക

ഗർഭിണിയുടെ അവസ്ഥയെക്കുറിച്ച് രക്ഷിതാക്കൾക്കു കൃത്യമായ വിശദീകരണം നൽകുക. എന്താണു പ്രശ്നമെന്ന് അറിയാത്ത ആശങ്കയിൽ നിന്നാണു രക്ഷിതാക്കൾ ഡോക്ടർമാരുടെ മേൽ സമ്മർദം ചെലുത്തുന്നത്.

ഗർഭിണികളെ വ്യായാമം ചെയ്യാൻ പ്രോത്സാഹിപ്പിക്കുക. നേരത്തേ ചെയ്തിരുന്ന ജോലികൾ തുടർന്നു ചെയ്യാനും നിർദേശിക്കുക.

ആധുനിക ശാസ്ത്രസാങ്കേതിക വിദ്യ നൽകുന്ന വേദനരഹിത പ്രസവം, മരുന്നുകൾ എന്നിവയുടെ ഫലപ്രാപ്തി അന്വേഷിച്ച് ഉപയോഗപ്പെടുത്തുക

സാധാരണ പ്രസവത്തെ പരമാവധി പ്രോത്സാഹിപ്പിക്കുക

ഗർഭിണികളുടെയും ബന്ധുക്കളുടെയും പങ്ക് നിർണായകം

പ്രസവത്തെക്കുറിച്ചും പ്രസവത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചും പൊതുജനങ്ങൾക്ക് അറിവ് ഉണ്ടായിരിക്കണം. ഒരേ ഒരു മകൾക്ക് വേദന സഹിക്കാനുള്ള കഴിവില്ലെന്നു പറഞ്ഞ് ശസ്ത്രക്രിയ നടത്തണമെന്നു പറഞ്ഞ് ഡോക്ടർമാരിൽ സമ്മർദം ചെലുത്തരുത്.

ഗർഭിണികൾ ഗർഭകാലം വിശ്രമകാലമാക്കി മാറ്റരുത്. അമിതഭക്ഷണം കുഞ്ഞിന്റെ തൂക്കം വർധിപ്പിക്കുകയും സ്വാഭാവികപ്രസവം അസാധ്യമാക്കുകയും ചെയ്യും.

മറ്റെല്ലാ ശസ്ത്രക്രിയയും പോലെ പ്രസവ ശസ്ത്രക്രിയയിലും റിസ്ക് കൂടുതലാണ്. തുടർന്നുള്ള ജീവിതത്തിലും പ്രസവ ശസ്ത്രക്രിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.

പ്രസവതീയതി കഴിഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ട് ശസ്ത്രക്രിയ വേണമെന്നു വാശിപിടിക്കരുത്. അമ്മയ്ക്കും കുഞ്ഞിനും കുഴപ്പമില്ലെങ്കിൽ നാലുദിവസം വരെ കാക്കുന്നതിൽ തെറ്റില്ല.

കുഞ്ഞ് ചില പ്രത്യേക നക്ഷത്രത്തിൽത്തന്നെ ജനിക്കണമെന്നു വാശിപിടിച്ച് ശസ്ത്രക്രിയയ്ക്കു നിർബന്ധിക്കുന്നവരുടെ എണ്ണം കൂടിവരുന്നു.

പ്രസവസമയത്തെ ഏതാനും മണിക്കൂറുകളുടെ വേദന അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ സ്വാഭാവികപ്രസവത്തിൽ ഉണ്ടാകില്ല. എന്നാൽ പ്രസവ ശസ്ത്രക്രിയയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാണ്.

പ്രസവത്തിനു വേണ്ടി എന്തും സഹിക്കാൻ മുൻപുള്ളവർ തയാറായിരുന്നെങ്കിൽ പ്രസവവേദന പോലും സഹിക്കാൻ ഇന്ന് ഗർഭിണിക്കു താൽപര്യമില്ല. ശസ്ത്രക്രിയ കുറയ്ക്കുന്ന കാര്യത്തിൽ ഡോക്ടർമാരുടെ അത്രതന്നെ പങ്കാളിത്തം ഗർഭിണിക്കും വീട്ടുകാർക്കും ഉണ്ട്.

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate