ഗര്‍ഭിണിയാണെന്ന് സ്വയം ഉറപ്പുണ്ടെങ്കില്‍ പിന്നെ ഡോക്ടറെ കാണേണ്ട ആവശ്യമുണ്ടോ?
ഗര്‍ഭിണിയാണെന്ന് ഉറപ്പായിക്കഴിഞ്ഞാലും ഡോക്ടറെ കാണേണ്ടത് ആവശ്യമാണ്. ട്യൂബുലര്‍ പ്രഗ്നന്സിയാണോ എന്ന് ആദ്യമേ പരിശോധിക്കണം. അണ്ഡാശയക്കുഴലുകളില് ഭ്രൂണം വളരുന്നതാണ് ട്യൂബുലര്‍ പ്രഗ്നന്‍സി. തുടക്കത്തില്‍ തന്നെ കണ്ടെത്തിയില്ലെങ്കില്‍ അണ്ഡവാഹിനിക്കുഴല്‍ പൊട്ടി ആന്തരിക രക്തസ്രാവമുണ്ടായി ചിലപ്പോള്‍ മരണം വരെ സംഭവിക്കാം. അള്‍ട്രാ സൗണ്ട് പരിശോധനയിലൂടെ അതു മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കും. പ്രമേഹം, റുബെല്ല പോലുള്ള വൈറസ് രോഗങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, എച്ച്.ഐ.വി. ബാധ തുടങ്ങിയവയും നേരത്തെ മനസ്സിലാക്കേണ്ടതാണ്.
മറ്റു രോഗങ്ങള്‍ക്കു കഴിക്കുന്ന മരുന്നുകള്‍ ചിലപ്പോള്‍ കുഞ്ഞിനു ദോഷകരമായേക്കാം. എന്തു രോഗത്തിനു ഡോക്ടറെക്കണ്ടാലും ഗര്‍ഭിണിയാണെന്ന വിവരം ആദ്യം പറയണം. ഏഴാം മാസം വരെ മാസത്തിലൊരിക്കല്‍ ഡോക്ടറെക്കാണണം. അതിനു ശേഷം ഡോക്ടറെ സന്ദര്‍ശിക്കുന്ന തവണകള്‍ കൂട്ടുക.
? ചില ഭക്ഷണങ്ങള്‍ (പപ്പായ, കൈതച്ചക്ക മുതലായവ) ഗര്‍ഭിണികള്‍ കഴിക്കരുതെന്ന് പറയാറുണ്ട്. ഇത് ശരിയാണോ?
പപ്പായ, കൈതച്ചക്ക എന്നിവ കഴിക്കുന്നതില്‍ കുഴപ്പമില്ല. പച്ചപ്പപ്പായ കറിവച്ചു കഴിക്കാം. പപ്പായയുടെ കറയില്‍ അടങ്ങിയിരിക്കുന്ന പപെയ്ന്‍ എന്ന രാസവസ്തു കൂടിയ അളവില്‍ എത്തിയാല്‍ ഗര്‍ഭിണികളില്‍ ഗര്‍ഭഛിദ്രത്തിനു കാരണമാകുമെന്ന് പറയപ്പെടുന്നു.
സാലഡും പച്ചക്കറികളും ധാരാളം കഴിക്കണം. രാവിലെയും വൈകുന്നേരവും പാല് കുടിക്കണം. ദിവസം ഒരു മുട്ട കഴിക്കുന്നതും നല്ലതാണ്. ഇരുമ്പ് അടങ്ങിയ ചീരയും മുരിങ്ങയിലയും കാല്‍സ്യം അടങ്ങിയ പാല്, മുട്ട, തൈര് എന്നിവയും കൂടുതല്‍ ഉള്‍പ്പെടുത്തണം.
? കൂടുതല്‍ വെള്ളം കുടിച്ചാല്‍ കുഴപ്പമുണ്ടോ?
മൂത്രനാളിയില്‍ മാറ്റങ്ങള്‍ വരുന്ന സമയമാണ്. അതുകൊണ്ട് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ധാരാളം വെള്ളം കുടിക്കുകയാണ് പ്രതിവിധി. ദിവസം 1015 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
? ഗര്‍ഭകാലത്ത് ജോലികള്‍ ചെയ്യാമോ?
ഗര്‍ഭകാലത്തിന്റെ ആദ്യത്തെ മൂന്നു മാസം പ്രത്യേക ശ്രദ്ധ വേണം. പ്രത്യേകിച്ച് ആദ്യം ഗര്‍ഭഛിദ്രം സംഭവിച്ചിട്ടുള്ളവര്‍. കഠിനമായ ജോലികള്‍ ഒഴിവാക്കണം.
? ഗര്‍ഭകാലത്ത് യാത്ര ചെയ്യുന്നതുകൊണ്ട് കുഴപ്പമുണ്ടോ?
ഗര്‍ഭകാലത്ത് ഇരുചക്ര വാഹനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്തവര്‍ക്ക് ബസിലോ ട്രെയിനിലോ യാത്ര ചെയ്യാം.
? ഗര്‍ഭകാലത്ത് എന്തുതരം വസ്ത്രങ്ങളാണ് നല്ലത്?
കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. വയറിന്റെ ഭാഗത്ത് വസ്ത്രം മുറുക്കിക്കെട്ടാന്‍ പാടില്ല. അതുപോലെ ഹൈഹീല്‍ഡ് ചെരുപ്പും ഒഴിവാക്കണം.
? ഗര്‍ഭകാല ഛര്‍ദ്ദി രോഗലക്ഷണമാണോ?
രാത്രി മുതല്‍ വയറു ശൂന്യമായി കിടക്കുന്നതുകൊണ്ടാണ് ഛര്‍ദ്ദിയുണ്ടാകുന്നത്. കഴിവതും മരുന്നു കഴിക്കാതെത്തന്നെ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. രാവിലെ എഴുന്നേറ്റ ഉടന്‍തന്നെ ഒരു ഗ്ലാസ് പാല് കുടിക്കുകയോ ബിസ്കറ്റ് കഴിക്കുകയോ ആവാം. എരിവുള്ള ഭക്ഷണം ഒഴിവാക്കണം. അമിത ഛര്‍ദ്ദിയുള്ളവര്‍ പെട്ടെന്ന് ഛര്ദ്ദിക്കാതായാലും ശ്രദ്ധിക്കണം.
? നെഞ്ചെരിച്ചില്‍ ഒഴിവാക്കാന്‍ എന്തു ചെയ്യാം?
ആദ്യമാസങ്ങളില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകാം. ഇതൊഴിവാക്കാനായി ഇടയ്ക്കിടെ ചെറിയ അളവില്‍ ഭക്ഷണം കഴിക്കാം. രാവിലെ എട്ടുമണി, പത്ത് മണി, ഒരുമണി, വൈകിട്ട് നാലുമണി, എട്ടുമണി എന്നിങ്ങനെ രണ്ടോ മൂന്നോ മണിക്കൂര്‍ ഇടവിട്ട് കഴിക്കുക. കിടക്കാന്‍ നേരത്ത് ഒരു ഗ്ലാസ് പാല് കുടിക്കാം. ഗര്‍ഭകാലത്തെ മറ്റൊരു പ്രശ്നമാണ് മലബന്ധം. പച്ചക്കറിയും ഇലക്കറികളും ധാരാളമായി കഴിക്കുകയും വെള്ളം കുടിക്കുകയുമാണ് ഇതിനുള്ള പ്രതിവിധി.
? മൂത്രതടസ്സം സാധാരണമാണോ?
ചിലര്‍ക്ക് മൂത്ര തടസ്സം ഉണ്ടാകാം. യൂട്രസ് അല്പം തിരിഞ്ഞോ മറിഞ്ഞോ ഇരിക്കുന്നതുകൊണ്ടാകാമിത്. പേടിക്കേണ്ട കാര്യമില്ല. വേദന തോന്നുന്നുവെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുക.
? ഗര്‍ഭസ്ഥ ശിശുവിന് സ്കാനിങ് ഹാനികരമാണോ?
ഗര്‍ഭസ്ഥ ശിശുവിന് കുഴപ്പങ്ങളുണ്ടോ എന്നറിയാന്‍ സ്കാനിങ് നടത്തുന്നത് നല്ലതാണ്. ഗര്‍ഭിണിക്ക് മറ്റു കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ 20 ആഴ്ച കഴിയുമ്പോള്‍ ഒരു സ്കാനിങ് മതി.
? അമിതമായി വണ്ണം വയ്ക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയാം?
ഗര്‍ഭിണിയുടെ തൂക്കം സ്വാഭാവികമായും കൂടേണ്ടതാണ്. ഓരോ ആഴ്ചയും അരക്കിലോ വീതം കൂടണം എന്നാണ് കണക്ക്. അമിത വണ്ണമുള്ളവര്‍ക്ക് ഇതു ബാധകമല്ല. അമിതമായി വണ്ണം കൂടിയാല്‍ നീരാണോ എന്നു ശ്രദ്ധിക്കണം. പ്രമേഹം, രക്താതി സമ്മര്‍ദ്ദം എന്നിവയുടെ ലക്ഷണമായും നീരുവരാം.
? ഗര്‍ഭിണി ഏതുതരം ഗുളികകളാണ് കഴിക്കേണ്ടത്?
ആദ്യത്തെ മൂന്നു മാസം ഫോളിക് ആസിഡ് ഗുളികകള്‍ കഴിക്കണം. ചുവന്ന രക്താണുക്കളുടെയും ശരീര കോശങ്ങളുടെയും രൂപപ്പെടലിനാവശ്യമായ ഈ വിറ്റാമിന്റെ അഭാവം ഗര്‍ഭസ്ഥ ശിശുവിന്റെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരമായ വൈകല്യങ്ങള്‍ക്ക് കാരണമാകും. 90 ദിവസം കഴിഞ്ഞാല്‍ അയണ്‍ ടാബ്ലറ്റ്സ് കഴിച്ചു തുടങ്ങാം. കാല്‍സ്യം ഗുളികകളും കഴിക്കാം.
? പ്രതിരോധ കുത്തിവയ്പുകള്‍ എന്തെങ്കിലും എടുക്കണോ?
ടെറ്റനസ് പ്രതിരോധത്തിനായുള്ള ടെറ്റനസ് ടോക്സോയിസ് ഇന്ജക്ഷന് രണ്ടു ഡോസ് ആറാഴ്ച ഇടവേളയില്‍ എടുക്കണം. കാരണം, പ്രസവത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന അണുബാധയില്‍ മാരകമായ ഒന്നാണ് ടെറ്റനസ്. മറ്റു പ്രതിരോധ കുത്തിവയ്പ്പുകള്‍ ആവശ്യമെങ്കില്‍ മാത്രം എടുത്താല്‍ മതി.
? ഗര്‍ഭിണി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതുകൊണ്ട് കുഴപ്പമുണ്ടോ?
ആദ്യത്തെ മൂന്നു മാസങ്ങളിലും അവസാന മാസങ്ങളിലും ലൈംഗിക ബന്ധം ഒഴിവാക്കുന്നതാണ് നല്ലത്.
? ഡോക്ടര്‍ പറയുന്ന തിയ്യതിക്കു തന്നെ പ്രസവം നടക്കുമോ?
കൃത്യമായ തിയ്യതിയില്‍ പ്രസവം നടക്കുന്നത് വിരളമാണ്. ഒന്നോ രണ്ടോ ആഴ്ച നേരത്തെയോ താമസിച്ചോ ആണ് സാധാരണ പ്രസവം നടക്കുക. 40 ആഴ്ച കഴിഞ്ഞാല്‍ കൂടുതല്‍ ശ്രദ്ധ വേണം. കുഞ്ഞിന്റെ ചലനങ്ങള്‍ സ്വയം ശ്രദ്ധിക്കണം. രാവിലെയും ഉച്ചയ്ക്കും സന്ധ്യ കഴിഞ്ഞും ഭക്ഷണം കഴിഞ്ഞ് ഇടതു വശം ചരിഞ്ഞ് കിടന്ന് കുഞ്ഞിന്റെ ചലനങ്ങള്‍ ശ്രദ്ധിക്കുക. ചലനം അറിയാന്‍ പറ്റുന്നില്ലെങ്കില്‍ ഡോക്ടറെ കാണണം.
ഡോ. വത്സലകുമാരി
(ഗൈനക്കോളജിസ്റ്റ്, കൊച്ചി)
‘മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ട് വര്‍ഷം മുല കൊടുക്കണം, പൂര്‍ണ്ണമായി മുലകൊടുക്കണമെന്ന് ഉദ്ദേശിക്കുന്നവര്‍ക്കാണിത്.”
നവജാത ശിശുവിന് ഏറ്റവും നല്ല സമീകൃതാഹരമാണ് മുലപ്പാല്‍. നൂറിലധികം പോഷകഘടകങ്ങള്‍ മുലപ്പാലിലുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രകൃതിയുടെ വരദാനവും മാതൃത്വത്തിന്റെ അമൃത വര്‍ഷവുമായ മുലപ്പാലിനെ വെല്ലുന്ന ഒരു പോഷകാഹാരവും ലോകത്തില്ല. ശിശുവിന്റെ ദഹനേന്ദ്രിയത്തിനാവശ്യമായ ലാക്ടോസ്, മാംസ്യം, ലവണങ്ങള്‍, കൊഴുപ്പ് തുടങ്ങിയ ഘടകങ്ങളെല്ലാം ആവശ്യമായ തോതില്‍ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. രക്തമുല്പാദിപ്പിക്കുന്നതിനു വേണ്ട ജീവകം സി, ജീവകം ഇ, ചെമ്പിന്റെ അംശം മുതലായവ പശുവിന് പാലിലുള്ളതിനേക്കാള്‍ കൂടുതല്‍ മുലപ്പാലിലാണുള്ളത്. വളരെ എളുപ്പത്തില്‍ ദഹിക്കുന്ന പോഷകാഹാരമായതുകൊണ്ടു തന്നെ കുഞ്ഞുങ്ങള്‍ക്കു ദഹനത്തിനു വേണ്ടി കൂടുത ല്‍ ഊര്‍ജം ചിലവഴിക്കേണ്ടി വരുന്നുമില്ല. തന്മൂലം ഊര്‍ജത്തിന്റെ സിംഹഭാഗവും അവയവങ്ങളുടെ വളര്‍ച്ചക്കും മറ്റു ശാരീരികാവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു. നിരവധി എന്‍സൈമുകളും ഫാറ്റി ആസിഡുകളും പ്രോട്ടീനും യഥേഷ്ടം അടങ്ങിയിരിക്കുന്ന മുലപ്പാല്‍ മറ്റേത് ഭക്ഷണത്തേക്കാളും മികച്ചു നില്‍ക്കുന്നതാണ്. എല്ലാ ജീവികളുടേയും പാല് ഒരുപോലെയല്ല. ഓരോ വര്‍ഗത്തില്‍ പെട്ട ജീവികള്‍ക്കും അതാതിന്റെ നിലനില്‍പ്പിനു വേണ്ട പോഷകങ്ങളാണ് പാലില്‍ അടങ്ങിയിട്ടുള്ളത്. ഏറെ പോഷക സമൃദ്ധവും പരിശുദ്ധവുമായ പാലിനെ അല്ലാഹു സൃഷ്ടികള്‍ക്ക് നല്കുന്ന അതിവിശിഷ്ടമായ അനുഗ്രഹമായാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് ‘‘കാലികളില്‍ നിങ്ങള്‍ക്ക് മഹത്തായ പാഠമുണ്ട്. അവയുടെ വയറ്റിലുള്ളതില്‍ നിന്ന് മലത്തിനും രക്തത്തിനും ഇടയിലൂടെ ശുദ്ധവും കുടിക്കുന്നവര്‍ക്ക് ഹൃദ്യവുമായ പാല് നിങ്ങളെ നാം കുടിപ്പിക്കുന്നു
കുഞ്ഞുങ്ങളുടെ അടിസ്ഥാനപരമായ പോഷകാഹരമാണ് മുലപ്പാല്‍. ആറുമാസത്തെ വളര്‍ച്ചക്ക് വേണ്ട സര്‍വ്വ വൈറ്റമിനുകളും പോഷകഘടകങ്ങളും രോഗ പ്രതിരോധ ശേഷി നല്കുന്ന ഘടകങ്ങളും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. പ്രസവിച്ചയുടന്‍ പുറപ്പെടുന്ന കൊളസ്ട്രം(ഇളം മഞ്ഞ നിറത്തിലുള്ള ആദ്യ മുലപ്പാല്‍) കുഞ്ഞിനു ലഭിക്കുന്ന ആദ്യ പ്രതിരോധ വാക്സിനാണ്. കൊളസ്ട്രത്തില്‍ അടങ്ങിയിട്ടുള്ള ഇമ്യൂണോ ഗ്ലോബുലിനുകള്‍ നവജാത ശിശുവിന് മാരകമായ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്കുന്നു. ആദ്യത്തെ കുറേ ആഴ്ചകളില്‍ കുഞ്ഞിനെ ശ്വാസകോശ സംബന്ധമായ അണുബാധകളില്‍ നിന്നും വയറിളക്കത്തില്‍ നിന്നും സംരക്ഷിക്കാന്‍ ഇതിന് കഴിയും. അതേസമയം ഏറെ രോഗപ്രതിരോധ ശേഷിയുള്ള കൊളസ്ട്രമെന്ന ഈ ദിവ്യാമൃതത്തെ പലരും പല അന്ധവിശ്വാസങ്ങളുടെയും പേരില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാറില്ലെന്നതാണ് ഖേദകരം. എന്നാല്‍ ലൈസോസൈം, ലാക്ടോഫെറിന്‍, ലാക്ടോ പെറോക്സിഡൈസ് തുടങ്ങിയ പദാര്‍ത്ഥങ്ങളെല്ലാം അടങ്ങിയിട്ടുള്ള കൊളസ്ട്രം കുഞ്ഞിനു നല്കല് മാതാവിനു നിര്‍ബന്ധമാണെന്നാണ്
ദ്രുതഗതിയില്‍ വളരുന്ന തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ പ്രത്യേക തരം കൊഴുപ്പും മുലപ്പാലില്‍ ധാരാളമുണ്ട്. മുലപ്പാല്‍ കുടിച്ച് വളരുന്ന കുഞ്ഞുങ്ങളുടെ പല്ലുകള്‍ക്കും എല്ലുകള്‍ക്കും ബലക്കൂടുതലുമുണ്ട്. പ്രസവിച്ച ആദ്യമണിക്കൂറിലെ മുലയൂട്ടല്‍ നവജാത ശിശുവിന്റെ ജീവാപായ സാധ്യത 22 ശതമാനം കുറക്കുമെന്നാണ് യൂനിസെഫ് നടത്തിയ പഠനം. കുഞ്ഞ് ജനിച്ചയുടനെയുള്ള മുലയൂട്ടല്‍ ന്യൂമോണിയ, സെപ്സിസ്, ഹൈപ്പോതെര്‍മിയ, വയറിളക്കം തുടങ്ങിയ രോഗാണുക്കളുടെ സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.
ആദ്യ ആറുമാസത്തില്‍ കൃത്യമായി മുലകുടിച്ച കുട്ടികള്‍ക്ക് മുലപ്പാല്‍ കിട്ടാത്തവരേക്കാള്‍ പതിനാല് മടങ്ങ് അതിജീവന ശേഷി കൂടുതലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ശൈശവത്തിലെ പോഷകക്കുറവ് കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുകൊണ്ടാണ് പോഷകാഹാരക്കുറവു മൂലം ബുദ്ധിമുട്ടുന്ന നവജാത ശിശുക്കള്‍ക്കു വേണ്ടി മുലപ്പാല്‍ ബാങ്കുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പലയിടങ്ങളിലും നടക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടു കൂടെ ഇന്ത്യയിലെ ആദ്യ പൊതുമേഖലാ മുലപ്പാല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ സ്ഥാപിക്കുകയുണ്ടായി.
മാതാവിനെയും കുഞ്ഞിനെയും വൈകാരികമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് മുലപ്പാല്‍. മാതാവ് മുലയൂട്ടുമ്പോള്‍ തലച്ചോറില്‍ ചില ഉദ്ദീപനങ്ങള്‍ ഉണ്ടാവുകയും അവ സ്തനത്തിലെത്തുകയും പ്രത്യേകമായ ഒരനുഭൂതി മാതാവിനു വരികയും ചെയ്യുന്നത് കുഞ്ഞുമായുള്ള ഗാഢ ബന്ധത്തിനും പരിചരണത്തിനും നിമിത്തമാകുന്നു. അതുമൂലം കുഞ്ഞിന് മാതാവിനോടും കൂടുതല്‍ മമത തോന്നുന്നു. മുലയുട്ടുമ്പോഴുണ്ടാകുന്ന ഈ വൈകാരിക വളര്‍ച്ചയാണ് കുഞ്ഞിനു ശരിയായ സാമൂഹികാരോഗ്യം പ്രദാനം ചെയ്യുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത്.
ഉറങ്ങുന്ന കുഞ്ഞിനെ പാലു കുടിക്കാന്‍ നിര്‍ബന്ധിക്കാതിരിക്കുക, മുലയൂട്ടുന്നതിനു മുമ്പ് മുലഞെട്ടും മാതാവിന്റെ കൈകളും നന്നായി വൃത്തിയാക്കുക, മുലയൂട്ടുമ്പോള്‍ കുഞ്ഞിന് ശ്വാസ തടസമുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക, സ്തനങ്ങള്‍ മാറി മാറി കുടിപ്പിക്കുക, മാതാവിന്റെ ആഹാരത്തില്‍ ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, പച്ചിലക്കറികള്‍ എന്നിവ കൂടുതലായുള്പ്പെടുത്തുക, നിറ മനസ്സോടെയാവുക, സൗകര്യപ്രദമായി ഇരുന്നാവുക, കുഞ്ഞിന്റെ തലഭാഗം ഉയര്ത്തിപ്പിടിച്ചാവുക, സ്തനാഗ്രം നല്ലപോലെ ശിശുവിന്റെ വായില്‍ പ്രവേശിപ്പിച്ചു കൊണ്ടാവുക, മുലയൂട്ടിയതിനു ശേഷം കുഞ്ഞിനെ തോളില്‍ കമിഴ്ത്തിക്കിടത്തി മുതുകില്‍ മൃദുവായി തടവുക, കുഞ്ഞ് മുല കുടിച്ച് കഴിഞ്ഞാലും സ്തനങ്ങള്‍ വൃത്തിയാക്കുക തുടങ്ങിയവയെല്ലാം ആരോഗ്യപരമായ പാലൂട്ടലിന് അവശ്യം വേണ്ട കാര്യങ്ങളാണ്. ഇരുന്നുകൊണ്ട് മുലയൂട്ടുക,.
മുലയൂട്ടുന്ന കാലത്ത് മാതാവ് കഴിക്കുന്ന ഭക്ഷണം ഏറെ പ്രധാനപ്പെട്ടതാണ്. മാതാവിന്റെ ഭക്ഷണമാണല്ലോ കുഞ്ഞിനും ഭക്ഷണമായെത്തുന്നത്. മുലപ്പാല്‍ കുടിച്ച കുഞ്ഞ് മരിച്ചതിനു കാലി ഫോര്‍ണിയയിലെ കോടതി 39 കാരിയായ ഒരമ്മയ്ക്ക് 20 വര്‍ഷം തടവ് ശിക്ഷയായി വിധിച്ചിരുന്നു. വേദനാ സംഹാരിയും മയക്കു മരുന്നുമായ മോര്‍ഫിന്‍ കഴിച്ച യുവതിയുടെ മുലപ്പാലിലൂടെ കുഞ്ഞിന്റെ വയറ്റിലും മോര്‍ഫിന്‍ എത്തിയതായിരുന്നു മരണ കാരണം.
കുട്ടിയുടെ ആവശ്യമനുസരിച്ച് മുലയൂട്ടാനാണ് മാതാവ് ശ്രദ്ധിക്കേണ്ടത്. മുലപ്പാല്‍ കുറവാണെന്നു കരുതി മുലയൂട്ടാന്‍ മടിക്കരുത്. കുഞ്ഞിന്റെ ചുണ്ട് തട്ടിയുള്ള ഉത്തേജനമാണ് മുലപ്പാല്‍ വര്‍ദ്ധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. മുലയൂട്ടുമ്പോള്‍ മാതാവിന്റെ പിറ്റ്യൂട്ടറി ഗ്രന്ഥിയില്‍ നിന്ന് പ്രെലാക്ടിനെന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കപ്പെടുകയും അതിന്റെ പ്രവര്‍ത്തന ഫലമായി അടുത്ത തവണ മുലയൂട്ടുന്നതിനുള്ള പാലുല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ സമയം മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് മുലപ്പാലിന്റെ അളവും കൂടുതലായിരിക്കും.
മുലപ്പാലിന്റെ പ്രാധാന്യം സ്ത്രീ സമൂഹത്തെബോധ്യപ്പെടുത്തുന്നതിനു രണ്ടു വയസ്സുവരെയെങ്കിലും കുട്ടികള്‍ക്ക് നിര്‍ബന്ധമായും മുലയൂട്ടണമെന്നുള്ള സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും വേണ്ടിയാണ് ഇന്ത്യയുള്‍പ്പെടെയുള്ള 120 രാജ്യങ്ങളിലും ലോകാരോഗ്യ സംഘടനയും യുനിസെഫും ചേര്‍ന്ന് എല്ലാ വര്‍ഷവും ആഗസ്റ്റ് 1 മുതല്‍ 7 വരെ മുലയൂട്ടല്‍ വാരമായി ആചരിച്ചു വരുന്നത്. കുഞ്ഞിന്റെ ശാരീരകവും ബുദ്ധിപരവും മാനസികവുമായ വളര്‍ച്ചക്ക് വേണ്ടി രണ്ട് വര്‍ഷമെങ്കിലും പാലൂട്ടണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്.
രണ്ടു വയസ്സായാല്‍ മുലയൂട്ടല്‍ നിര്‍ത്തുന്നതാണ് അഭികാമ്യം. മുലപ്പാലിലുള്ളതിനേക്കാള് കൂടുതല്‍ പോഷകങ്ങള്‍ കുഞ്ഞിന് ആവശ്യമായി വരുന്ന സമയമാണത്. കുട്ടിക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ രണ്ടു വയസ്സിന് മുന്‍പും മുലകുടി നിര്‍ത്താമെന്നത് പോലെ രണ്ടു വര്‍ഷത്തിലേറെയും മുലയൂട്ടാമെന്നതാണ് എന്നാല്‍ ആവശ്യമില്ലാതെ രണ്ടു വയസ്സിലേറെ മുലയൂട്ടാതിരിക്കലാണ് നല്ലത്
മുലകുടി നിര്‍ത്തുന്നത് ഒറ്റയടിക്കാവാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഗര്‍ഭപാത്രത്തിന്റെ ഇരുട്ടറയില്‍ നിന്ന് പ്രവിശാലമായ ബാഹ്യലോകത്തേക്ക് പിറന്നു വീണതു മുതല്‍ ലഭിച്ച ഭക്ഷണത്തെ പെട്ടെന്നൊഴിവാക്കാനുള്ള മാനസിക പ്രവണത കുഞ്ഞുങ്ങള്‍ക്കുണ്ടാവില്ല. മാത്രമല്ല, മുലയൂട്ടലിനെ ഭക്ഷണ മെന്നതിലുപരി മാതൃത്വത്തിന്റെ സ്നേഹ വലയമായി കണക്കാക്കുന്ന കുട്ടികളുടെ മനസ്സില്‍ പെട്ടെന്നുള്ള ഈ മാറ്റം അരക്ഷിതബോധം വളര്‍ത്തുകയും ചെയ്യും.
അവസാനം പരിഷ്കരിച്ചത് : 6/13/2020
ഗർഭ കാല ആരോഗ്യത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം
കൗമാരത്തെ ലോകാരോഗ്യസംഘടന പ്രായത്തിന്റെയും (പത്തിന...
വിവിധ ഗർഭകാല ആരോഗ്യ വിവരങ്ങൾ
ആർത്തവം കൂടുതൽ വിവരങ്ങൾ