অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശിശു സംരക്ഷണം - വിവിധ അറിവുകൾ

ശിശു സംരക്ഷണം - വിവിധ അറിവുകൾ

ആദ്യ രുചി അമൃതം

കൊഴുത്തു തുടുത്ത് ഒാമനത്തമുള്ള കുഞ്ഞ്. എല്ലാ അമ്മമാരുടെയും സ്വപ്നമാണത്. കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ മിക്കവരും ഇൌ സ്വപ്നസാക്ഷാത്കാരത്തിനായുള്ള ശ്രമം തുടങ്ങും. മുലപ്പാലു കഴിച്ചിട്ടൊന്നും കുഞ്ഞിനു പ്രതീക്ഷി ച്ച പോലെ വണ്ണം വയ്ക്കുന്നില്ല. അതിനാല്‍ കുഞ്ഞിന് മൂന്നുമാസം ആകുമ്പോഴേക്കും കുപ്പിപ്പാnല്‍, വിപണിയില്‍ കിട്ടുന്ന ടിന്‍ഫുഡുകള്‍, ബിസ്ക്കറ്റുകളും മറ്റു പലഹാരങ്ങളും തുടങ്ങിയ ഒരു നീളന്‍ മെനു ഉണ്ടാക്കിയെടുക്കും. ഇതെല്ലാം കഴിച്ച് കുഞ്ഞ് ഒരു കൊച്ചുതടിയന്‍ ആകുകയും ചെയ്യും. അതിനു ശേഷമോ? കുഞ്ഞിനെപ്പോഴും അസുഖം തന്നെ. പനി, കഫക്കെട്ട്, ശ്വാസംമുട്ടല്‍, ചെവിവേദന തുടങ്ങി എന്നും ഒാരോരോ അസുഖങ്ങള്‍. ഇതു പലപ്പോഴും മാരകരോഗങ്ങളില്‍ വരെ എത്തിച്ചേരാം. അപ്പോഴും ഇതിനു കാരണം കുഞ്ഞിനെ ശീലിപ്പിച്ച തെറ്റായ ആഹാരരീതി യാണെന്ന് അമ്മമാര്‍ തിരിച്ചറിഞ്ഞെന്നുവരില്ല.

കൊടുക്കുന്തോറും ഏറിടും

കുഞ്ഞോമനയുടെ ആരോഗ്യത്തിനു പ്രകൃതി പകര്‍ന്നു നല്‍കിയ അമൃതാണു മുലപ്പാല്‍. ഇതു വേണ്ടവിധം ലഭിക്കാ തിരുന്നാല്‍ കുഞ്ഞിനു പലതരം അസുഖങ്ങളുണ്ടാകുകയും ചിലപ്പോള്‍ ശിശുമരണത്തില്‍പോലും കലാശിക്കുകയും ചെയ്യും. ജനിച്ചയുടന്‍ ഒരു മണിക്കൂറിനകം (സിസേറിയന്‍ പ്രസവമെങ്കില്‍ നാലുമണിക്കൂര്‍ വരെയാകാം) കുഞ്ഞിനു മുലപ്പാല്‍ നല്‍കണം. നവജാതശിശുവിനു തേനും വയമ്പും ഇളംചൂടുവെള്ളവും സ്വര്‍ണം ഉരച്ചതും മറ്റും നല്‍കുന്ന രീതി പലരും അനുവര്‍ത്തിക്കാറുണ്ട്. ഇത് ശിശുവിനു ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നാണു വിദഗ്ധമതം. പ്രസവശേഷം ആദ്യത്തെ ദിവസങ്ങളില്‍ അമ്മയ്ക്കു കുറച്ചു മുലപ്പാലേ ഉണ്ടാകൂ. കുഞ്ഞിന് ഇതു മതിയാകുമോ യെന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ആദ്യത്തെ രണ്ടു മൂന്നു ദിവസങ്ങളില്‍ കുഞ്ഞിനു കുറച്ചു പാല്‍ മതിയാകും. ഇൌ സമയത്ത് മുലപ്പാലിനു പകരമായി പൊടിപ്പാലോ പശുവിന്‍പാലോ കൊടുക്കരുത്. ആരോഗ്യവതി യായ അമ്മയുടെ ശരീരത്തില്‍ കുഞ്ഞിന് ആവശ്യമുള്ളതിലധികം മുലപ്പാല്‍ സാധാരണഗതിയില്‍ ഉത്പാദിപ്പിക്ക പ്പെടും. മാത്രമല്ല കുഞ്ഞു കുടിക്കുന്തോറും പാല്‍ ഏറിവരികയും ചെയ്യും.

ആറു മാസം മുലപ്പാല്‍ മാത്രം

കുഞ്ഞിന് ആറുമാസമാകുംവരെ മുലപ്പാല്‍ മാത്രമേ നല്‍കാവൂ. ആ സമയത്ത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ ഘടകങ്ങളും മുലപ്പാലില്‍ ഉണ്ട്. പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍സ്, ഫാറ്റി ആസിഡ്സ് എന്നിവ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. ശിശുവിന്റെ ദഹനസംവിധാനത്തിനു കട്ടിയാഹാരങ്ങളെ ദഹിപ്പിക്കാന്‍ കഴിവുണ്ടായിരിക്കി ല്ല. മുലപ്പാലാകട്ടെ ദഹിക്കാന്‍ എളുപ്പവുമാണ്. മാത്രമല്ല, മറ്റു ഭക്ഷണങ്ങള്‍ കഴിച്ചുതുടങ്ങുമ്പോള്‍ കുഞ്ഞിന് അസു ഖങ്ങളും അലര്‍ജികളും ഉണ്ടാകാനിടയുണ്ട്. ഇത്തരത്തിലും ഏറ്റവും സുരക്ഷിതമായ ആഹാരമാണ് മുലപ്പാല്‍.

ആറു മാസം വരെ മുലപ്പാല്‍ മാത്രം കുടിച്ചുവളരുന്ന കുഞ്ഞുങ്ങള്‍ക്കു തലച്ചോറിന്റെ വളര്‍ച്ചയും വികസനവും അതു വഴി, ബുദ്ധിവികാസവും ആശയഗ്രഹണശക്തിയും കൂടുതലായിരിക്കും. മറ്റു കുട്ടികളെ അപേക്ഷിച്ചു രോഗപ്രതി രോധശക്തിയും കൂടുതലാണ്. ഇവര്‍ക്കു ന്യൂമോണിയ, വയറിളക്കം, ചെവിപഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനും സാധ്യത കുറവാണ്. ആസ്മ പോലുള്ള അലര്‍ജിരോഗങ്ങള്‍ ഇവരില്‍ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ. മാത്രമല്ല മൃഗങ്ങളുടെ പാല്‍, പൊടിപ്പാല്‍ എന്നിവ കഴിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ക്കു ഭാവിയില്‍ അര്‍ബുദ സാധ്യത കൂടുതലാണ്. കുപ്പിപ്പാല്‍ കുടിക്കുമ്പോള്‍ കുഞ്ഞിന്റെ വയറ്റില്‍ കൂടുതല്‍ വായു കടക്കാന്‍ സാധ്യതയുണ്ട്. കുപ്പിപ്പാ ല്‍ കുടിക്കുന്ന കുട്ടിക്ക് മലബന്ധം ഉണ്ടാകുകയും ഗ്യാസ് കുടലില്‍ ഉരുണ്ടുകയറുകയും ചെയ്തേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വയറുവേദന ഉണ്ടാകുകയും ചിലപ്പോള്‍ കുഞ്ഞ് ഛര്‍ദിക്കുകയും ചെയ്യും. ഇത്തരം അസ്വസ്ഥതകള്‍ ഒഴിവാക്കാനും മുലപ്പാല്‍ മാത്രം കുടിപ്പിക്കുന്നതാണു നല്ലത്.

എസ്. രമ്യ

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. കുര്യന്‍ തോമസ്, പ്രഫസര്‍ ഒാഫ് പീഡിയാട്രിക്സ്, പുഷ്പഗിരി മെഡിക്കല്‍ കോളജ്, തിരുവല്ല , സ്റ്റേറ്റ് കോ ഒാര്‍ഡിനേറ്റര്‍ ,ബി. പി. എന്‍. ഐ.

കുഞ്ഞു വൃത്തിക്കാര്യങ്ങള്‍

കുഞ്ഞിന്റെ ശുചിത്വ കാര്യത്തില്‍ അമ്മമാര്‍ ക്കെപ്പോഴും ആധിയാണ്. ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ ഇക്കാര്യത്തില്‍ തെല്ലും പേടി വേണ്ട.പിറന്നു വീഴുമ്പോള്‍ മുതല്‍ കുഞ്ഞിന്റെ ശുചിത്വത്തിന്റെ കാര്യ ത്തില്‍ പ്രത്യേക കരുതല്‍ വേണം. ജനനസമയത്ത് കുഞ്ഞിന്റെ ശരീര ത്തില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുള്ള അമ്നിയോട്ടിക് ദ്രവം പറ്റിപ്പി ടിച്ചിട്ടുണ്ടാവും. 24 മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞിനെ കുളി പ്പിച്ച് ഈ ദ്രവത്തിന്റെ അംശങ്ങളെല്ലാം നീക്കം ചെയ്യണം. അല്ലെങ്കില്‍ ചര്‍മത്തിന്റെ മടക്കുകളില്‍ ഈ ദ്രവത്തിന്റെ അംശങ്ങളിരുന്ന് അവിടെ  ബാക്ടീരിയ വളര്‍ന്ന് അണുബാധയുണ്ടാകും. സാധാരണ ആശുപ ത്രികളില്‍ കുഞ്ഞിനെ കുളിപ്പിച്ചിട്ടാണു വീട്ടുകാരുടെ കയ്യില്‍ കൊടുക്കുക. എന്നാല്‍, ചിലയിടങ്ങളില്‍ ദേഹം തുടയ്ക്കുക മാത്രമേ ചെയ്യാറുള്ളൂ. അങ്ങനെയാണെങ്കില്‍ കുഞ്ഞി നെ വൈകാതെ തന്നെ കുളിപ്പിച്ചു വൃത്തിയാക്കണം.

കുഞ്ഞിനെ നിത്യവും കുളിപ്പിക്കുന്നതാണു നല്ലത്. കുളിപ്പിക്കാന്‍ ബേബി സോപ്പ് ഉപയോഗിക്കാം. നവജാതശിശു വിനെ കുളിപ്പിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുന്നതാണു സുരക്ഷിതം. പെട്ടെന്നു കുളിപ്പിച്ചു തുവര്‍ത്തി യെടുക്കണം. ഒരുപാടു നേരം ദേഹത്തിനു തണുപ്പടിക്കരുത്. മുഖം, പിന്‍ഭാഗം, നാപ്പി കെട്ടുന്ന ഭാഗം, കഴുത്ത്, ചര്‍മത്തിന്റെ മടക്കുകള്‍ ഈ ഭാഗങ്ങളിലാണ് അഴുക്കുണ്ടാകുന്നത്. കുളിപ്പിച്ച് തുവ ര്‍ത്തിയെടുത്തശേഷം, ബേബി മോയ്സ്ചറൈസര്‍ , ബേബി ലോഷന്‍, ബേബി ഓയില്‍ ഇവയിലേതെങ്കിലുമൊന്നു ദേഹത്തു  പുരട്ടുക. പെണ്‍ കുഞ്ഞുങ്ങളില്‍ മൂത്രമൊഴിക്കുന്ന ഭാഗത്തുനിന്നു പുറകിലേയ ് ക്കു വേണം വൃത്തിയാക്കാന്‍. അല്ലെങ്കില്‍ വിസര്‍ജ്യ ത്തിന്റെ അംശങ്ങളും അവയിലെ അണുക്കളും മൂത്രനാളിയിലേക്കു കടന്ന് അണുബാധ യുണ്ടാകാനിടയുണ്ട്. ആണ്‍കുഞ്ഞുങ്ങള്‍ മൂത്രമൊഴിക്കുന്ന ഭാഗത്തെ ചര്‍മം പുറകോട്ടാക്കി കുളിപ്പിക്കുന്ന സമയത്തു വൃത്തിയാക്കണം.

തലമുടി, മൂക്ക്, ചെവി

കുളിപ്പിക്കുന്നതിനിടെ കുഞ്ഞിന്റെ തലമുടി വൃത്തിയായി കഴുകണം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും തലമുടി കഴുകാന്‍ ബേബി ഷാംപൂ ഉപയോഗിക്കുക. ഷാംപൂ തേച്ച് 15 സെക്കന്‍ഡ് കഴിഞ്ഞ് കഴുകിക്കളയ ണം. ഷാംപൂവിന്റെ അംശം മുഴുവനും പോകണം. കണ്ണിലേക്കു ഷാംപൂ തെറിക്കാതെ ഒരു ടവ്വല്‍ നെറ്റിയില്‍ മടക്കി വയ്ക്കാം. കുഞ്ഞി ന്റെ ചീപ്പ്, ടവ്വലുകള്‍ തുടങ്ങിയവ മറ്റാരും ഉപയോഗിക്കരുത്.ഒരു ചെറിയ പഞ്ഞിക്കഷണം നനച്ച് കൊച്ചുകുഞ്ഞിന്റെ ചെവിയുടെ മടക്കുകളും കണ്‍പോളകളും തുടയ്ക്കുക. കണ്ണിന്റെ ഭാഗങ്ങള്‍ വൃത്തിയാ ക്കുമ്പോള്‍ ഓരോ കണ്ണിനും പ്രത്യേകം പഞ്ഞി ഉപയോഗിക്കണം. ഒരു കണ്ണില്‍ എന്തെങ്കിലും ആണുബാധ യുണ്ടായാല്‍ മറ്റേ കണ്ണിലേക്കു പട രാതിരിക്കാനാണിത്. മൂക്കിന്റെയും ചെവിയുടെയും പുറം മാത്രം വൃത്തി യാക്കിയാല്‍ മതി. അകത്തേയ്ക്ക് തുണിയോ ബഡ്സോ കടത്തി വൃത്തിയാക്കേണ്ടതില്ല. കാരണം, സ്വയം വൃത്തിയാക്കുന്ന അവ യവങ്ങളാണിവ. കുഞ്ഞിന്റെ ചെവിയില്‍ വാക്സ് കണ്ടാല്‍ അതു പുറത്തെടുക്കാന്‍ ശ്രമിക്കേണ്ട. ബാഹ്യകര്‍ണത്തിന്റെ കനാലില്‍ സ്വാഭാവിക മായി ഉല്‍ പാദിപ്പിക്കപ്പെടുന്നതാണ് വാക്സ്. ഇതു കര്‍ണപുടത്തിനെ അഴുക്കില്‍ നിന്നു സംരക്ഷിക്കു ന്നു. വാക്സ് നീക്കം ചെയ്താല്‍ കൂടുതല്‍ ഉല്‍പാ ദിപ്പിക്കപ്പെടാനാണു സാധ്യത. ചെവിയില്‍ വാക്സ് അടിഞ്ഞ് കുഞ്ഞിന് എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയാല്‍ സ്വയം നീക്കം ചെയ്യാന്‍ ശ്രമിക്കാതെ ഡോക്ടറെ കാണിക്കുക.

പൊക്കിള്‍ക്കൊടി

ജനിച്ചു രണ്ടാഴ്ചയ്ക്കുള്ളില്‍ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടിയുടെ ഭാഗം ഉണങ്ങി പൊഴിഞ്ഞുപോകുകയാണു പതിവ്. കുളിപ്പിച്ചു കഴിഞ്ഞ് ഈ ഭാഗത്തെ നനവ് പൂര്‍ണമായും തുടച്ചുണക്കണം. ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ മാത്രം ആന്റിയോട്ടിക് പൌഡര്‍ ഇട്ടാല്‍ മതി. എപ്പോഴും വായു സമ്പര്‍ക്കമുണ്ടാകും വിധം തുറന്നു വയ്ക്കുന്നതാണ്  പൊക്കി ള്‍ക്കൊടിയുടെ ഭാഗം എത്രയും പെട്ടെന്നു കരിഞ്ഞു കൊഴിഞ്ഞു പോകാന്‍ നല്ലത്.

നാപ്പി റാഷ് വരാതെ

നാപ്പി രണ്ടുതരത്തിലുണ്ട്. ഡിസ്പോസബിള്‍ നാപ്പിയും ക്ളോത്ത്ഡ് നാപ്പിയും. വീട്ടില്‍ ക്ളോത്ത്ഡ് നാപ്പിയാണു നല്ല ത്. ദൂരയാത്രകളില്‍ ഡിസ്പോസബിള്‍ നാപ്പിയും. ഡിസ്പോസബിള്‍ നാപ്പി കെട്ടിയാല്‍ നനഞ്ഞാലും ഉടന്‍ അറിയാനാവില്ല. അതുകൊണ്ട് യാത്രയ്ക്കിടെ മണി ക്കൂറുകളോളം നാപ്പി തുടര്‍ച്ചയായി ഉപയോഗിക്കാതെ 3- 4 മണിക്കൂര്‍ കഴിയുമ്പോള്‍ മാറ്റണം. മൂത്രത്തിന്റെയും വിസര്‍ജ്യത്തിന്റെയും അംശ വുമായി ഏറെ നേരം ചര്‍മത്തിനു സമ്പര്‍ക്കം വന്നാല്‍ നാപ്പി റാഷ് വരാം.നനവു തട്ടിയാലുടനെ നാപ്പി മാറ്റുക. വീണ്ടും ഉപയോഗിക്കുന്ന കോട്ട ണ്‍ നാപ്പി കഴുകി സൂര്യപ്രകാശത്തിലുണക്കി അയണ്‍ ചെയ്തെടുക്കുക. മൃദൃുവായ കോട്ടണ്‍ തുണി ബേബി ലോഷനില്‍ മുക്കി, നാപ്പി കെട്ടുന്ന ഭാഗം തുടച്ചു വൃത്തിയാക്കുക. ടവ്വല്‍ കൊണ്ടു തുടച്ച് ഈര്‍പ്പം മാറ്റുക. നഖങ്ങള്‍ ആഴ്ചയിലൊരിക്കല്‍ വൃത്തിയായി വെട്ടണം. എല്ലാ ഞായറാഴ്ചയും നഖം വെട്ടുന്നതു ശീലമാക്കിയാല്‍ ഇക്കാര്യം മറക്കാതെയിരിക്കും.കുളി കഴിഞ്ഞ ഉടനെ നഖം വെട്ടുന്നതാണു നന്ന്. ഈ സമയത്ത് നഖങ്ങള്‍ മൃദുവായിരിക്കും

നഖങ്ങള്‍ ആഴ്ചയിലൊരിക്കല്‍ വൃത്തിയായി വെട്ടണം. എല്ലാ ഞായറാഴ്ചയും നഖം വെട്ടുന്നതു ശീലമാക്കിയാല്‍ ഇക്കാര്യം മറക്കാതെയിരിക്കും.കുളി കഴിഞ്ഞ ഉടനെ നഖം വെട്ടുന്നതാണു നന്ന്. ഈ സമയത്ത് നഖങ്ങള്‍ മൃദുവായിരിക്കും.

ഭക്ഷണക്കാര്യത്തില്‍

കുഞ്ഞിന്റെ ഭക്ഷണക്കാര്യത്തിലെ ശുചിത്വം പ്രത്യേകം ശ്രദ്ധിക്കുക. മുലയൂട്ടുന്ന അമ്മമാര്‍ രാവിലെയും വൈകിട്ടും കുളിക്കണം. പാലൂട്ടിക്കഴിഞ്ഞ് സ്തനങ്ങള്‍ വൃത്തിയുള്ള കോട്ടണ്‍ തുണി നനച്ചതുകൊണ്ടു തുടച്ചു വൃത്തിയാക്കുക. സ്തനങ്ങളില്‍ പാലിന്റെ അംശമിരുന്നാല്‍ അവിടെ ബാക്ടീരിയ വളരും. പിന്നീട് കുഞ്ഞു പാല്‍ കുടിക്കുമ്പോള്‍ ബാക്ടീരിയ ഉള്ളില്‍ ചെന്ന് അണുബാധയുണ്ടാകാം.കുപ്പിപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പാല്‍ക്കുപ്പി അതീവവൃത്തിയോടെ ഉപയോഗിക്കുക. ദിവസവും പാല്‍ക്കുപ്പിയും അതിന്റെ എല്ലാ ഭാഗങ്ങളും സോപ്പും ബോട്ടില്‍ ബ്രഷും ഉപയോഗിച്ചു വൃത്തിയായി കഴുകണം. അല്‍പം ഉപ്പിട്ട് ഇവ കഴുകുന്ന ത് അണുക്കള്‍ നശിക്കാന്‍ നല്ലതാണ്. ബോട്ടില്‍ ബ്രഷ് ദിവസവും അല്‍പനേരം സോപ്പുവെള്ളത്തില്‍ മുക്കി വയ്ക്കുക.

കഴുകി വൃത്തിയാക്കിയ കുപ്പി 5- 10 മിനിറ്റ് വെള്ളത്തിലിട്ടു തിളപ്പിക്ക ണം. ഒരു പ്രാവശ്യം എടുത്തിട്ട് കുഞ്ഞ് കുടിച്ചതിന്റെ ബാക്കി പാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ പിന്നെ കൊടുക്കരുത്. കുഞ്ഞിന്റെ കുറുക്കുകള്‍, മറ്റ് ആഹാരങ്ങള്‍ എന്നിവ തയാറാക്കുന്ന പാത്രങ്ങളും എപ്പോഴും വൃത്തിയോടെ സൂക്ഷിക്കുക. ആഹാരം കൊടുത്തു കഴിഞ്ഞാല്‍ കുഞ്ഞിന്റെ മുഖം തുടച്ചു വൃത്തിയാക്കണം. ആഹാരാവശിഷ്ടങ്ങളുണ്ടെങ്കില്‍ ഈച്ച വന്നിരിക്കാം. കുഞ്ഞ് പാല്‍ കുടിക്കുമ്പോള്‍ കഴുത്തിലൂടെ ഒലിച്ചിറങ്ങാറുണ്ട്. കുഞ്ഞിന്റെ കഴുത്ത് മുകളിലേക്കുയര്‍ത്തി കഴുത്തി ലെ ചര്‍മത്തിന്റെ മടക്കുകളെല്ലാം വൃത്തിയാക്കണം. കുഞ്ഞിന്റെ ചര്‍മത്തിലെവിടെയെങ്കിലും എന്തെങ്കിലും കുരുക്കള്‍ കണ്ടാല്‍ ഡോക്ടറെ കാണിക്കണം.

കുഞ്ഞ് വളരുമ്പോള്‍

കുഞ്ഞ് വളരുമ്പോള്‍ ശുചിത്വശീലങ്ങള്‍ അവരെ പഠിപ്പിച്ചെടുക്കണം. പല കുഞ്ഞുങ്ങളും അച്ഛനോ അമ്മയോ പറഞ്ഞാല്‍ അത്ര കൂട്ടാക്കാറില്ല. ഇക്കൂട്ടരെ അനുസരിപ്പിക്കാനൊരു എളുപ്പവഴിയുണ്ട്. 'ഡോക്ടര്‍ പറഞ്ഞു എന്നു പറഞ്ഞാല്‍ മതി. മിക്ക കുട്ടികളും ഗൌരവത്തോടെയെടുക്കും.കുട്ടികളോടു മണ്ണില്‍ കളിക്കാനേ പാടില്ല മുറ്റത്തേ യ്ക്കിറങ്ങേണ്ട എന്നൊന്നും പറയുന്നതില്‍ കാര്യമില്ല. കുട്ടികളായാല്‍ തീര്‍ച്ചയായും മണ്ണുവാരിക്കളിക്കും. പക്ഷേ, മണ്ണിലും മണലിലും കളിച്ചു കഴിഞ്ഞ് ശരീരം വൃത്തിയാക്കാന്‍ അവരെ ശീലിപ്പിക്കണം. ദിവസം രണ്ടുനേരം കുളിപ്പിക്കുന്നതാണ് നന്ന്. കളിച്ചു വന്നാല്‍ ഉടനെ കൈകള്‍ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകിക്കണം. പ്രത്യേക മെഡിസിന്‍ സോപ്പൊന്നും ഇതിനാവശ്യമില്ല. സാധാരണ സോപ്പു മതി. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം 'ഡിവേം ചെയ്യാനുള്ള (വിരശല്യം അകറ്റാന്‍) മരുന്നുകള്‍ കുഞ്ഞിന് കൃത്യമായ തവണകളില്‍ നല്‍കണം.

പല്ലുകളുടെ ശുചിത്വം

ഏഴെട്ടു മാസമാകുമ്പോഴാണു പല്ലുകള്‍ മുളച്ചുതുടങ്ങുക. പല്ലുകള്‍ മുളയ്ക്കുന്ന പ്രായം തൊട്ട് ഒന്നരവയസാകും വരെ അമ്മ തന്നെ കുഞ്ഞിന്റ പല്ല് വിരലുകള്‍ കൊണ്ട് വൃത്തിയാക്കിയാല്‍ മതി. ഒന്നര വയസാകുമ്പോള്‍ തൊട്ട് ബ്രഷ് പിടിക്കാന്‍ ശീലിപ്പിക്കാം. മൃുവായ ബ്രസിലുകള്‍ ഉള്ള 'ബേബി ബ്രഷ് കുഞ്ഞിനുവേണ്ടി വാങ്ങണം.കുപ്പിപ്പാല്‍ കുടിക്കുന്ന കുട്ടിയെ വായില്‍ പാലക്കുപ്പി വച്ച് ഉറങ്ങാന്‍ അനുവദിക്കരുത്. ഇതു കുട്ടിക്കു ശീലമായിട്ടുണ്ടെങ്കില്‍ അതിനു പകരം വെള്ളം നിറച്ച കുപ്പി കൊടുത്തു ശീലിപ്പിക്കുക.രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു പേസ്റ്റില്ലാതെ വെള്ളം നനച്ച ബ്രഷ് കൊണ്ടു പല്ലു തേച്ചാല്‍ മതിയാകും. രണ്ടു വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് ഒരു പയര്‍മണിയുടെയത്ര വലിപ്പത്തില്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. 7 - 8 വയസാകുമ്പോഴേ കുട്ടിക്ക് തനിയെ പല്ലുക ള്‍ ശരിയായി വൃത്തിയാക്കാനുള്ള പ്രാപ്തിയുണ്ടാകൂ.അത്രയും പ്രായം വരെ കുട്ടി പല്ലുതേയ്ക്കുമ്പോള്‍ മുതുര്‍ന്നവരുടെ മേല്‍നോട്ടം വേണം.രാവിലെയും രാത്രി കിടക്കും മുമ്പും കുട്ടിയുടെ പല്ലുകള്‍ വൃത്തിയാക്കണം. ഓരോ തവണയും ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകളും വായും വൃത്തിയായി കഴുകുക.

അമിതശ്രദ്ധ വേണ്ട

കുഞ്ഞുങ്ങളുടെ ശുചിത്വത്തിന്റെ കാര്യത്തില്‍ അമിത ഉത്ക്കണ്ഠ വേണ്ട. നിലത്തു വീണ എന്തെങ്കിലുമൊന്നെടുത്ത് കുഞ്ഞു വായില്‍ വെയ്ക്കുമ്പോഴേയ്ക്കും ആധി പിടിക്കേണ്ട. പനിയുള്ള കൂട്ടുകാരനൊ പ്പം ഒന്നു കളിച്ചെന്നു വച്ച് പേടിക്കേണ്ട. കുഞ്ഞിന്റെ പ്രതിരോധശക്തി ഉണരാനും ശരീരം ആന്റി ബോഡികളെ ഉല്‍പാദിപ്പിക്കുവാനുള്ള കഴിവു നേടാനും അവന്‍ - അവള്‍ മണ്ണില്‍ കളിക്കുകയും അസുഖമുള്ള കൂട്ടു കാര്‍ക്കൊപ്പം നടക്കുകയുമൊക്കെ വേണം. നല്ല സൂര്യപ്രകാശവും വായു സഞ്ചാരവുമുള്ള വീടാണു വൃത്തിയുടെ ഏറ്റവും നല്ല ഉറവിടം. അതുകൊണ്ട് കുഞ്ഞി ന്റെ ശുചിത്വത്തിന് വീടും പരിസരങ്ങളും എപ്പോഴും നല്ല വൃത്തിയായി കാത്തുസൂക്ഷിക്കുക.

വിവരങ്ങള്‍ക്കു കടപ്പാട് :

ഡോ, ആലീസ് ചെറിയാന്‍, കണ്‍സല്‍ട്ടന്റ് പീഡിയാട്രീഷന്‍ ലേക്ഷോര്‍ ഹോസ്പിറ്റല്‍, കൊച്ചി.

ഡോ. സിജു. കെ. ഈപ്പന്‍, ചൈല്‍ഡ് ഡവലപ്മെന്റ് സെന്റര്‍, മെഡിക്കല്‍ കോളേജ് , തിരുവനന്തപുരം.

കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍...

ജനിച്ച ദിവസം കുഞ്ഞിനെ കുളിപ്പിക്കേണ്ട ആവശ്യമില്ല. ജനനസമയത്തു കുഞ്ഞിന്റെ ശരീരമാകെ മെഴുകുപോലുള്ള വെര്‍ണിക്സ് കേസിയോസ എന്ന വസ്തുവുണ്ടാകും. ഇത് കുഞ്ഞിന് ആദ്യദിവസം സംര ക്ഷണ കവചമായി വര്‍ത്തി ക്കുന്നു. ഇതു കഴുകികളയേണ്ട ആവശ്യമില്ല.

വീട്ടില്‍ കുളിപ്പിക്കുമ്പോള്‍

പണ്ടുകാലത്തു പാളയിലും നീട്ടിവച്ച കാലുകളിലും കിടത്തി കുഞ്ഞിനെ കുളിപ്പിച്ചിരുന്നു. അന്നൊക്കെ മുത്തശ്ശിമാര്‍ പരമ്പരാഗതരീതി കുളിപ്പിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കു നന്നായി മസാജിങ് ലഭിച്ചിരുന്നു. അത്തരം സ്പര്‍ശങ്ങള്‍ കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഏറെ അനിവാര്യമാണു താനും.

ഇന്ന് കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍ പ്ളാസ്റ്റിക് ടബ്ബുകളും വിപണിയില്‍ ലഭ്യമാണ്.തണുപ്പു മാറ്റിയ ഇളം ചൂടുവെള്ളം കൊണ്ടാണു കുഞ്ഞുങ്ങളെ കുളിപ്പിക്കേണ്ടത്. അമിതചൂട് ആണ്‍കുഞ്ഞുങ്ങളുടെ അഗ്രചര്‍മത്തിനു ക്ഷതം വരുത്താനിടയാകും.

തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ കുഞ്ഞുനെ കമിഴ്ത്തികിടത്തണം. ചെവിയിലും മൂക്കിലും വെള്ളം കയറാതിരി ക്കാനാണിത്. വെള്ളം കയറിയാല്‍ പഞ്ഞികൊണ്ടോ വൃത്തിയുളള തുണികൊണ്ടോ അപ്പോള്‍ തന്നെ തുടക്കണം. ചെവിയിലെയും മൂക്കിലെയും വെള്ളം കളയുന്നതിന് ഊതുന്നതുനല്ല പ്രവണതയല്ല.

അണുനാശിനികള്‍ കലര്‍ത്താമോ?

ഡെറ്റോളും മറ്റ് അണുനാശിനികളും യൂഡികൊളോണ്‍ പോലെ സുഗന്ധദ്രവ്യങ്ങള്‍ കലര്‍ന്ന വസ്തുക്കളൊന്നും നവജാതശിശുവിനെ കുളിപ്പിക്കുന്ന വെള്ളത്തില്‍ കലര്‍ത്തേണ്ട ആവശ്യമില്ല.

പതിവായി സോപ്പു തേപ്പിക്കണോ?

കുഞ്ഞിനെ സോപ്പ് തേപ്പിക്കുന്നതില്‍ അപാകതയില്ല, ബേബി സോപ്പ് മാത്രം ഉപയോഗിക്കുക. ബേബിസോപ്പില്‍ ആല്‍ക്കലിയുടെ അംശം കുറവാണ്. എന്നാല്‍ അധികം വരണ്ട ചര്‍മമാണു കുഞ്ഞിന്റേതെങ്കില്‍ എല്ലാദിവസവും സോപ്പു തേയ്ക്കേണ്ട ആവശ്യമില്ല.

തല തുവര്‍ത്തുമ്പോള്‍

നന്നായി വെള്ളം പോകാന്‍ ചിലര്‍ കുഞ്ഞുങ്ങളുടെ തലയില്‍ ദീര്‍ഘ നേരം അമര്‍ത്തി തുവര്‍ത്താറുണ്ട്. എന്നാല്‍ അധികം ബലം പ്രയോഗിക്കാതെ മൃതുവായി വേണം നവജാതശിശുക്കളുടെ തല തുവര്‍ത്താന്‍. വെള്ളം ആഗീരണം ചെയ്യുന്നതരം വൃത്തിയുള്ള തുണിയോ തോര്‍ത്തോ ഉപയോഗിക്കാം.

കുഞ്ഞിന്റെ വളര്‍ച്ചാഘട്ടങ്ങള്‍

1. എട്ടാഴ്ചയ്ക്കുള്ളില്‍ കുഞ്ഞ് അമ്മയെ നോക്കി ചിരിക്കണം.

2. മൂന്നാം മാസം തല ബാലന്‍സ് ചെയ്യണം.

3. നാലു മുതല്‍ അഞ്ചുമാസത്തിനുള്ളില്‍ കമിഴ്ന്നു വീഴണം

4. എട്ടു മുതല്‍ ഒന്‍പതു മാസത്തില്‍ പിടിച്ച് ഒരിടത്തു നില്‍ക്കണം.

5. എട്ടു മുതല്‍ ഒന്‍പതു മാസത്തില്‍ തനിയെ ഇരിക്കുന്നു. കൈയില്‍ സാധനങ്ങള്‍ പിടിക്കുന്നു.

6. പത്തുമാസം മുതല്‍ ഒരു വയസുവരെയുള്ള കാലത്തിനുള്ളില്‍ പിടിച്ചെഴുന്നേല്‍ക്കും.

ഒന്നാം മാസം മുതല്‍ ഒരു വയസു വരെ

1. ഒന്നാം മാസം-ആദ്യത്തെ മൂന്നു മാസം 600 മുതല്‍ 900 ഗ്രാം തൂക്കം വര്‍ദ്ധിക്കുന്നു. ആറുമാസം പ്രായമാകുമ്പോള്‍ തൂക്കം ഇരട്ടിയാകും.

12 മാസമാകുമ്പോള്‍ തൂക്കം മൂന്നിരട്ടിയാകും. ഉദാഹരണമായി മൂന്നു കിലോ തൂക്കത്തോടെ ജനിക്കുന്ന കുഞ്ഞിന് ഒരു വയസാകുമ്പോള്‍ 9 കിലോ തൂക്കമുണ്ടാ കും. കുഞ്ഞ് അമ്മയുടെ മുഖത്തുനോക്കും.

2. രണ്ടാം മാസം-കുഞ്ഞ് അമ്മയുടെ മുഖത്തുനോക്കി ചിരിക്കാന്‍ തുടങ്ങുന്നു.

3. മൂന്നുമാസം- മൂന്നു മാസം പൂര്‍ത്തിയാകുമ്പോള്‍ കുഞ്ഞിന്റെ തല ഉറയ്ക്കാന്‍ തുടങ്ങുന്നു. ശബ്ദം കേട്ട ഭാഗത്തേ യ്ക്ക് കുഞ്ഞ് തല തിരിക്കുന്നു. കുഞ്ഞ് ബാലന്‍സോടെ തല ഉയര്‍ത്തുന്നു.

4. നാലാം മാസം- കുഞ്ഞ് കമിഴ്ന്നു വീഴാന്‍ തുടങ്ങുന്നു. കമിഴ്ന്നു വീഴുന്ന കാലഘട്ടത്തില്‍ കുഞ്ഞിനു വയറിളക്ക മുണ്ടാകുമെന്നു പറയുന്നതില്‍ ശാസ്ത്രീയ അടിസ്ഥാനമില്ല. അമ്മയ്ക്കു ജോലിക്കു പോകേണ്ടി വന്നാല്‍ നാലാം മാസത്തില്‍ കുറുക്കു നല്‍കാം. കുഞ്ഞ് അര്‍ത്ഥരഹിതമായ ശബ്ദങ്ങള്‍ ഈ സമയത്തു പുറപ്പെടുവിക്കുന്നു.

5. അഞ്ചാം മാസം- നാലു മുതല്‍ അഞ്ചു മാസം പ്രായമാകുമ്പോള്‍ കമിഴ്ന്നു വീഴും. കുഞ്ഞ് ശബ്ദത്തിന്റെ ഉറവിട ത്തിലേക്കു നോക്കാ നാരംഭിക്കുന്നതും ഈ സമയത്താണ്.

6. ആറാം മാസം- കുഞ്ഞ് വസ്തുക്കള്‍ക്കു നേരെ കൈനീട്ടുന്നു. രണ്ടു കണ്ണുകളും ഒരു വസ്തുവിലേയ്ക്കു കേന്ദ്രീ കരിച്ചുള്ള കാഴ്ച കുഞ്ഞ് സ്വായത്വമാക്കുന്നത് ഈ സമയത്താണ്. കുഞ്ഞിന് കോങ്കണ്ണ് ഉണ്ടെ ന്ന് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഈ സമയത്തു വിദഗ്ധ പരിശോധന ചെയ്യണം. കുഞ്ഞ് വസ്തുക്കളെ കൃത്യമായി മനസിലാക്കു ന്നത് അഞ്ചുമുതല്‍ ആറുമാസത്തിലാണ്.

7. ഏഴാം മാസം- പല്ലു മുളക്കുന്ന സമയമാണിത്. കാണുന്നതെല്ലാം കുഞ്ഞ് വായില്‍ വച്ചു തുടങ്ങുന്നു. ഈ സമയ ത്ത് ചെറിയ പനി, വയറിളക്കം, അസ്വസ്ഥതകള്‍ എന്നിവ ഉണ്ടാകും. വേവിച്ചുടച്ച പച്ചക്കറികളും മറ്റും നല്‍കാം. പല്ലുമുളക്കുന്ന സമയത്തു കുഞ്ഞുങ്ങളെ കടിപ്പിക്കുന്നതില്‍ പ്ളാസ്റ്റിക്, റബര്‍, പോളി എഥിലിന്‍ എന്നിവയിലുണ്ടാ ക്കിയ ചില വസ്തുക്കള്‍ ചിലര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവയുടെ ഉപയോഗം അധികം പ്രോത്സാഹിപ്പിക്കേ ണ്ടതില്ല. അപരിചിതരെ തിരിച്ചറിയുന്നു. പേരു വിളിക്കുമ്പോള്‍ കുഞ്ഞ് തിരിഞ്ഞു നോക്കുന്നു.

8. എട്ടാം മാസം- ആരുടേയും സഹായമില്ലാതെ കുഞ്ഞ് ഇരിക്കാന്‍ തുടങ്ങും.

9. ഒമ്പതാം മാസം- ആരുടെയും സഹായം കൂടാതെ കുഞ്ഞിനു പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നു. എട്ടു മുതല്‍ ഒമ്പ തുമാസമാകുമ്പോള്‍ കുഞ്ഞ് നീന്തിത്തുടങ്ങും. രണ്ടു വിരലുകള്‍ കൊണ്ട് ഒരു വസ്തുവിനെ ഉയര്‍ത്താനും കഴിയും. ഈ സമയത്തു വാക്കറിലൂടെ നടത്തണമെന്നു നിര്‍ബന്ധമില്ല. ഉടച്ച പഴങ്ങള്‍,വേവിച്ച പച്ചക്കറികള്‍,മത്സ്യം,മാംസം എന്നിവ കുഞ്ഞിനു നല്‍കാവുന്ന സമയമാണിത്.

10. പത്താം മാസം- എന്തെങ്കിലും വസ്തുവില്‍ കസേരയിലും മറ്റും പിടിച്ചു നിന്ന് ചുറ്റും ചുവടു വയ്ക്കുന്നു.

11. പതിനൊന്നാം മാസം- വാക്കുകള്‍ പറഞ്ഞു തുടങ്ങുന്നു. മുട്ടില്‍ നീന്തുന്നു.

12. ഒരു വയസ്- മുതിര്‍ന്നവര്‍ കഴിക്കുന്നതെല്ലാം കഴിച്ചു തുടങ്ങുന്നു. തനിയെ നടന്നു തുടങ്ങുന്നു. പാട്ട് ആസ്വദിക്കു ന്നു, അര്‍ത്ഥം മനസി ലാക്കി രണ്ടോ മൂന്നോ വാക്കുകള്‍ പറയുന്നു. ലഘു നിര്‍ദ്ദേശങ്ങള്‍ മനസിലാക്കി അനുസരിക്കു ന്നു.

ഉണ്ണീ, നിന്നെ ആദ്യം കണ്ടപ്പോള്‍..

അമ്മയുടെ ടെന്‍ഷന്‍ കാണുമ്പോള്‍ കുഞ്ഞുപോലും ചിലപ്പോള്‍ സംശയിച്ചേക്കാം. ഈ അമ്മയെന്താ കാര്യങ്ങള്‍ നോരത്തെ മനസിലാക്കി വയ്ക്കാതിരുന്നതെ ന്ന്.ബേബിസോപ്പിന്റെ പരസ്യത്തിലെപ്പേലെ ചുവന്ന് തുടുത്ത് എപ്പോഴും ചിരിചുകൊണ്ടിരിക്കുന്ന കുഞ്ഞിനെയും സ്വപ്നംകണ്ടാണ് പ്രസവമുറിയില്‍ കയറുന്നതെങ്കില്‍ ഇറങ്ങി വരുമ്പോള്‍ ഒന്നു ഞെട്ടും. ഉറപ്പ്. അടുത്തു കിടക്കുന്ന കക്ഷി നിങ്ങള്‍ സ്വപ്നം കണ്ടതുപോലെയേ ആയിരിക്കില്ല. കുമ്പളങ്ങ പോലുളള തല, കൈ ചുരുട്ടി ഇടിക്കാനോങ്ങുന്ന ജാക്കിച്ചാന്റെ ഭാവം, എപ്പോഴും 'റ ഷേയ്പ്പിലിരിക്കുന്ന കാലുകള്‍. മൊത്തം അരച്ചാണ്‍ മാത്രം നീളം. എന്തൊരു രൂപമാണിതെന്ന് അമ്പരന്നുപോകും.ഈ തല എന്നുമിങ്ങനെ നീണ്ടിരിക്കുമോ എന്നോര്‍ത്താവും പിന്നെ വിഷമം.

അമ്മയുടെ ഇടുപ്പെല്ലിന്റെ ഇടയിലൂടെ പുറത്തുവരുന്ന തിനുളള തയാറെടുപ്പിന്റെ ഭാഗമായി പ്രകൃതിതന്നെ വരുത്തുന്ന മാറ്റമാണിത്. കുളിപ്പിക്കുമ്പോള്‍ ഉഴിയുകയും മറ്റും ചെയ്യാതെതന്നെ ഇതു ശരിയാവും. കുഞ്ഞിന്റെ തലയില്‍ പലയിടത്തും തൊടുമ്പോള്‍ തോന്നുന്ന പതുപതുപ്പും വലുതാവുന്നതിനൊപ്പം തന്നിയെ മാറിപ്പൊയ്ക്കൊളളും. കുഞ്ഞിന്റ ചര്‍മത്തിലെ ചുവപ്പും നീലയും നിറങ്ങളില്‍ കാണുന്ന മറുകുകളെക്കുറിച്ചാവും അടുത്ത ടെന്‍ഷന്‍. അതും താനെ മാഞ്ഞു കൊളളും. ചുവന്ന നിറമുളള ചില പാടുകള്‍ കുഞ്ഞു വളരുമ്പോള്‍ കുമിളയായി വളരുന്നുണ്ടെങ്കില്‍ മാത്രം ഡോക്ടറെ കാണിക്കണം.

അമ്മേ, എനിക്കമ്മേ കാണാം

കുഞ്ഞിനെ എടുത്ത് ഒന്നു നെഞ്ചോടുചേര്‍ക്കൂ. കുഞ്ഞിക്കണ്ണുകള്‍ വിഷമിച്ചു തുറന്ന് അവിടെയുമിവിടെയും പരതി നോക്കുന്നുണ്ടോ? ജനിച്ചു മുപ്പത്താറു മണിക്കൂറിനുളളില്‍ കുഞ്ഞ് അമ്മയെ തിരിച്ചറിയുമെ ന്നാണു ഗവേഷകര്‍ പറയുന്നത്. ഇരുപത്തിയഞ്ച് സെന്റീമീറ്റര്‍ അകല ത്തിലുളളതു കുഞ്ഞിനു കാണാം. കുഞ്ഞിന്റെ കണ്ണുകളില്‍ നിന്ന് അമ്മയുടെ മുഖം വരെയുളള ദൂരത്താണത്രെ നവജാത ശിശുവിന്റെ കാഴ്ച ഫോക്കസ് ചെയ്തിരിക്കുന്നത്.ഉദരത്തിലായിരുന്നപ്പോഴേ അമ്മയുടെ ശബ്ദം കുഞ്ഞ് കേട്ടു കൊണ്ടാണിരുന്നത്. ജനിച്ചു മൂന്നാം ദിവസം മുതല്‍ മറ്റുളള ശബ്ദങ്ങളില്‍ നിന്ന് അമ്മയുടെ ശബ്ദം കുഞ്ഞ് തിരിച്ചറിയുന്നുണ്ട്.

മുലപ്പാലിന്റെ ഗന്ധവും അമ്മയുടെ ശരീരഗന്ധവും വാവയ്ക്ക് അറിയാന്‍ കഴിയും. മറ്റൊരുസ്ത്രീ മുലപ്പാല്‍ നല്‍കിയാല്‍ കൊച്ചുകുഞ്ഞുങ്ങള്‍ കുടിക്കാത്തത് അതുകൊണ്ടാണ്. അമ്മ പെര്‍ഫ്യൂം ഉപയോഗിക്കരുതെന്നു പറയുന്നതും അതുകൊണ്ടുതന്നെ. പല മണങ്ങള്‍ കൂടിക്കുഴഞ്ഞു കുഞ്ഞിനു കണ്‍ഫ്യൂഷനുണ്ടാകരുതല്ലോ. എപ്പോഴും പാലു കൊടുത്തുറക്കാതെ ഇടയ്ക്കിടെ കുഞ്ഞിനോടു കൊഞ്ചി സംസാരിക്കണം. ശരീരം മെല്ലെ ഉഴിഞ്ഞുകൊടുക്കണം. അമ്മ പറയാനാഗ്രഹിക്കുന്നതൊക്കെയും പറയാതെപറയും ആദ്യ ദിനങ്ങളിലെ സ്നേഹസ്പര്‍ശങ്ങള്‍.

ധൈര്യമായി എന്നെ എടുക്കമ്മേ

കുഞ്ഞുണ്ടായാല്‍ പിന്നെ കുറേ നാളേയ്ക്ക് അമ്മ ഒരു 'സംശയരോഗി യായിരിക്കും. കുഞ്ഞിനെ എങ്ങനെ എടുക്ക ണമെന്നതുപോലും അമ്മയ് ക്കു സംശയം. അമ്മയുടെ കൈമുട്ടില്‍ മുഞ്ഞിന്റെ തല വരുംപോലെ എടുത്താല്‍ കുഞ്ഞിനു നല്ല സപ്പോര്‍ട്ട് കിട്ടും. അമ്മയുടെ തോളില്‍ ചാഞ്ഞുകിടക്കാന്‍ ഇഷ്ടമുണ്ടാവും കുഞ്ഞിന്. കുഞ്ഞിന്റെ തല ഉറയ്ക്കാത്തതു കൊണ്ടു കിടത്തുമ്പോഴും എടുക്കുമ്പോഴുമെല്ലാം കുഞ്ഞിന്റെ തല ഒരു കൈ കൊണ്ടു താങ്ങിക്കൊടുക്കണം.പാലുകൊടുക്കുമ്പോള്‍ അമ്മയോടു ചേര്‍ന്നു പൂച്ചക്കുട്ടിയെപോലെ പതിങ്ങിയിരിക്കും കുഞ്ഞ്.

അമ്മയുടെ ശരീരത്തിന്റെ ചൂടും ഹൃദയമിടിപ്പിന്റെ താളവും എല്ലാം അതിനാശ്വാസമാണ്. ഇരുന്നുകൊണ്ടു കുഞ്ഞിനു മുലപ്പാല്‍ നല്‍കുമ്പോള്‍ കുഞ്ഞിന്റെ വയര്‍ അമ്മയുടെ വയറിനോടു ചേര്‍ന്നിരിക്കണം. കൈകള്‍ക്കു താങ്ങുനല്‍കാന്‍ ഒരു തലയിണ മടിയില്‍ വയ്ക്കാം. സിസേറിയനുശേഷമാണെങ്കിലും ഇരുന്നുകൊണ്ടു തന്നെ പാല്‍ നല്‍ക ണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പാല്‍ വലിച്ചുകുടിക്കുമ്പോള്‍ അധികം വായു കുഞ്ഞിന്റെ ഉളളില്‍ പോവാ തിരിക്കാനാണിത്.പാല്‍ കുടിക്കുമ്പോള്‍ മുലഞെട്ടുമാത്രമല്ല ചുറ്റുമുളള ഏരിയോളയും മുഴുവനായും കുഞ്ഞിന്റെ വായ്ക്കുളളിലായിട്ടുണ്ടോയെന്ന് അമ്മ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ മുലഞെട്ടു വീണ്ടുകീറും. കുഞ്ഞി നു ഗ്യാസുമുണ്ടാവും.

കുഞ്ഞു കരയുന്നത് എന്തിനാണെന്നറിയാതെ വിഷമിച്ചു പോവാം ചില പ്പോള്‍. എല്ലായ്പ്പോഴും കുഞ്ഞു കരയുന്നതു പാലുകുടിക്കാന്‍വേണ്ടി യാവണമെന്നില്ല. തുണി നനയുമ്പോലും ചൂടോ തണുപ്പോ അധികമാ വുമ്പോഴോയെല്ലാം കുഞ്ഞുകരയാം. പാല്‍ കൊടുത്ത ശേഷമാണു കരച്ചിലെങ്കില്‍ ഗ്യാസ്മൂലമായിരിക്കും.

ഇതുമാറാന്‍ കുഞ്ഞിനെ തോളില്‍ കിടത്തി പുറത്തുതട്ടണം.ചിലപ്പോള്‍ ജനിച്ച് ഏതാനും ദിവസങ്ങളാവുമ്പോഴേ യ്ക്കും കുഞ്ഞിന്റെ മുലകളി ല്‍ നിന്ന് ഏതാനും തുളളി പാല്‍ പോകാം. പെണ്‍കുട്ടിയാണെങ്കില്‍ മാസമുറപോലെ അല്‍പം രക്തസ്രാവമുണ്ടാവാം. അമ്മയുടെ ശരീരത്തിലെ ഹോര്‍മോണുകള്‍ പിന്മാറുന്നതാണത്.

പേടിക്കേണ്ട ആവശ്യമേയില്ല. തനിയെ മാറിക്കൊളളും. ആണ്‍കുട്ടിക്കു ചിലപ്പോള്‍ മൂത്രം തുളളിതുളളിയായി പോവാം. മറ്റ് അസ്വസ്ഥകളില്ലെങ്കില്‍ ഒരു വയസാവും വരെ ഭയപ്പെടേണ്ട.ഈ അമ്മ ഒന്നുറങ്ങാനും സമ്മതിക്കില്ല ദിവസം കറഞ്ഞത് ഇരുപതുമണിക്കൂറെങ്കിലും കുട്ടികള്‍ ഉറങ്ങണമെന്നാണു ഡോക്ടര്‍മാര്‍ പറയുക.

പക്ഷേ, ചില കുട്ടികള്‍ ഏറെ ഉറങ്ങുന്നവരും മറ്റു ചിലര്‍ ഉറക്കം കുറവാ യവരുമാകാം. ഏറെയുറങ്ങുന്നെങ്കില്‍ ജനിച്ച് ഒരാഴ്ചവരെ നാലുമണി ക്കൂര്‍ ഇടവിട്ടു കുഞ്ഞിനെ ഉണര്‍ത്തി പാലു കൊടുക്കണം. പിന്നീടു കുട്ടി തനിയെ ഉണര്‍ന്നു കരയുമ്പോള്‍ മാത്രം പാലുകൊടുത്താല്‍ മതി.

കുട്ടി വേഗം ഉണരുന്നുണ്ടെങ്കില്‍ കാരണം നിരീക്ഷിച്ചു കണ്ടുപിടിക്കാന്‍ അമ്മയ്ക്കു കഴിയണം. കുഞ്ഞിനെ രണ്ടുടുപ്പ് ഇടുവിക്കാം. ഒന്നിന്റെ തുറപ്പ് മുന്നോട്ടും രണ്ടാമത്തേതിന്റെ പിറകോട്ടും. കാറ്റും കയറും. തണുക്കുകയുമുല്ല. പതിയെ പ്പതിയെ കുഞ്ഞിന്റെ ഉറക്കവും കൈയ്യിലെ ടുക്കാന്‍ അമ്മയ്ക്കാവും.

പകല്‍ സമയം ഇത്തിരി നേരം ഉറക്കാതെ കളിപ്പിച്ചുകൊണ്ടിരുന്നാല്‍ രാത്രി ഏറെനേരം ഉറങ്ങും.ആദ്യം കുഞ്ഞിന്റെ രൂപം കണ്ട് അമ്പരന്നുപോയ ആളേയല്ല ഇപ്പോ ള്‍ നിങ്ങള്‍. കുട്ടിയുടെ ദേഹത്ത് ഒരു കൊതുകു കുത്തിയാല്‍പോലും ഇനി വേദനക്കുന്നത് അമ്മയ്ക്കാവും. അമ്മയും കുഞ്ഞുമായി ആത്മബന്ധം തുടങ്ങിക്കഴിഞ്ഞു.

വളര്‍ന്നല്ലോ വാവ

ഇരിക്കുന്നു, നില്‍ക്കുന്നു, സംസാരിക്കുന്നു, നടക്കുന്നു... വളര്‍ച്ചയുടെ ഓരോ നാഴികക്കല്ലും പിന്നിടുമ്പോള്‍ അമ്മ കുഞ്ഞിന്റെ കൈപിടിച്ച് കൂടെവേണം.നാലുമാസം വരെ മുലപ്പാല്‍ മാത്രം കുടിച്ചു വളര്‍ന്ന കുഞ്ഞ്. പക്ഷേ, ഇപ്പോള്‍ ഒരു സംശയം. കുഞ്ഞിനു വിശപ്പുമാറുന്നില്ലേ? എത്ര പാലുകുടിച്ചാലും ഒരു സംതൃപ്തി ഇല്ലാത്തതുപോലെ. പോരെങ്കില്‍ ഉറക്കം പൂര്‍ത്തിയാവാതെ ഇടയ്ക്ക് ഉണര്‍ന്നു കരയുന്നുമുണ്ട്. ശരിയാണ്. മുലപ്പാല്‍കൊണ്ടുമാത്രം വിശപ്പു മാറുന്നില്ല കുട്ടിക്ക്. കട്ടിയാഹാരം കൊടുക്കാന്‍ സമയമായെന്നു തന്നെയാണു സൂചനകള്‍.'മാര്‍ക്കറ്റില്‍ കിട്ടുന്ന സമ്പൂര്‍ണ പോഷകാഹാരം കിറ്റ്വാങ്ങി കുറുക്കികൊടുക്കാം. അപ്പോള്‍പ്പിന്നെ കുഞ്ഞിനു പോഷകങ്ങള്‍ കുറഞ്ഞു പോവില്ലല്ലോ എന്നു ചിന്തിക്കരുത്. എട്ടോ പത്തോ ധാന്യങ്ങള്‍ ഒരുമിച്ച് ഒരു പായ്ക്കറ്റിലാക്കി മാര്‍ക്കറ്റിലെത്തിക്കുന്നതാണ് ഇത്. ഈ മിശ്രതം ആദ്യം തന്നെ കുരുക്കി നല്‍കിയാല്‍ കുഞ്ഞുങ്ങള്‍ക്കു ദഹനക്കേടുണ്ടാകാം. കുഞ്ഞിനു പതിയപ്പതിയെ ഓരോ ഭക്ഷണങ്ങള്‍ കൊടുത്തു നാവിനെയും വയറിനെയും പരിചയിപ്പിച്ചെടുക്കുകയാണു വേണ്ടത്.

ഓറഞ്ച് ജൂസ് തരാമോ?

ആദ്യം പഴച്ചാറുകള്‍ കൊടുത്തുതുടങ്ങാം. പിന്നെ കുറുക്കുകള്‍. റാഗി, ഏത്തയ്ക്കാപ്പൊടി ഇവ ഓരോ ആഴ്ചവീതം മാറിമാറി നല്‍കാം. ഒരു രുചിയുമുല്ലാത്ത ഈ വസ്തുവാണല്ലോ പാവം കുട്ടി കഴിക്കുന്നത് എന്നുകരുതി ചില അമ്മമാര്‍ കുറുക്ക് പശുവിന്‍ പാല്‍ ചേര്‍ത്ത് ഉണ്ടാ കും. ഇത് ഒഴിവാക്കണം. ആറുമാസത്തിനു ശേഷം മാത്രം മറ്റു പാലും പാലുല്‍പനങ്ങളും കൊടുക്കുനതാണു നല്ലത്.കുറുക്കിനു രുചി കൂട്ടാന്‍ അല്‍പം തേണ്ടാപ്പാല്‍ ചേര്‍ക്കാം. പക്ഷേ, ഇതു ചേര്‍ത്തശേഷം തിളപ്പിക്കരുത്. കുറുക്കു തയാറാക്കിക്കഴിഞ്ഞശേഷം തേങ്ങാപ്പാല്‍ ചേര്‍ ത്താല്‍ മതി. തേങ്ങാപ്പാലില്‍ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തെ സഹായിക്കും. ഏഴുമാസതിനു ശേഷം പരിപ്പു വര്‍ഗങ്ങളും പഴവര്‍ഗങ്ങളും പച്ചക്കറികളും എന്നിങ്ങനെ വീട്ടിലുണ്ടാകുന്ന ഓരോ ആഹാരവും കുഞ്ഞിനെ ഒന്നൊന്നായി പരിചയിപ്പിച്ചെടുക്കാം.കുഞ്ഞ് അതുവരെ കഴിക്കാത്ത ആഹാരം പരിചയപ്പെടത്തുമ്പോള്‍ എപ്പോഴും അതു മാത്രമായി രാവിലെ നല്‍കണം. കുട്ടിക്ക് ഏതെങ്കിലും ഭക്ഷണത്തോട് അലര്‍ജിയു ണ്ടോയെന്നു കണ്ടുപിടിക്കാന്‍ ഇങ്ങനെ ചെയ്താലേ പറ്റൂ. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണമാവും മിക്കവാറും അലര്‍ജിയുണ്ടാക്കുന്നത്. പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട, ഗോതമ്പ്, ഓട്ടസ് ഇവ അലര്‍ജിക്കു കാരണമാകാം. മാംസ്യാഹാരം, പ്രത്യേകിച്ചു മുട്ട ഒമ്പതുമാസത്തിനു ശേഷം, കൊടുത്തു തുടങ്ങുന്നതാണ് നല്ലത്.

ഞാന്‍ വലുതായി കേട്ടോ

മൂന്നുമാസമായാല്‍ കുഞ്ഞ് ബാലന്‍സോടെ തല ഉയര്‍ത്തിപ്പിടിച്ച് 'ഞാന്‍ വലുതായതു നിങ്ങള്‍ അറിഞ്ഞില്ലേയെന്ന മട്ടില്‍ നോക്കും. അമ്മയ്ക്കു മാത്രം മനസിസാകുന്ന ദൈവീകഭാഷയില്‍ എന്തെല്ലാമോ പറയും. അഞ്ചുമാസം വരെ അങ്ങനെ കളിച്ചിരുന്ന കുഞ്ഞ് പെട്ടെന്നൊരു ദിനം കമഴ്ന്നുവീഴുന്നു. കേള്‍ക്കുന്ന ശബ്ദങ്ങള്‍ ശ്രദ്ധിക്കുന്നു. ദിവസം പല പ്രാവശ്യം കുഞ്ഞിനോടു സംസാരിക്കുന്നതു നല്ലതാണ്. കുളിപ്പിക്കുമ്പോഴും കട്ടിലില്‍ കിടത്തുമ്പോഴുമെല്ലാം അതു പറഞ്ഞു കൊണ്ടു ചെയ്യാം. സംസാരം കേട്ടാല്‍ മാത്രമേ കുഞ്ഞിനു സ്വയം സംസാരിക്കാന്‍ പ്രചോദനം കിട്ടൂ.

എന്നെ തനിച്ചാക്കി പോയതെന്തിനാ

കുഞ്ഞ് വിരല്‍ വായില്‍ വയ്ക്കാന്‍ തുടങ്ങിയാല്‍ നിര്‍ബന്ധിച്ച് അതു മാറ്റാന്‍ ശ്രമിക്കരുത്. മിക്കവാറും അമ്മ ജോലിക്കു പോയിത്തുടങ്ങുമ്പോള്‍ ഉണ്ടാവുന്ന 'സെപറേഷന്‍ ആങ്സൈറ്റിയാവും ഇതിനുകാരണം. വിരലില്‍ പ്ളാസ്റ്റര്‍ ഒട്ടിക്കുക. ചെന്നി നായകം തേയ്ക്കുക ഇതൊന്നും ഒരു കാരണവശാലും ചെയ്യരുത്. കുഞ്ഞിനു താല്‍പര്യമുളള മറ്റെന്തെങ്കിലും കാണിച്ചു ശ്രദ്ധ തിരിക്കുകയാണ് നല്ലത്.

നീന്താനും മുട്ടിലിഴയാനും തുടങ്ങിയാല്‍ കൈയില്‍ക്കിട്ടുന്നതെന്തും തപ്പിയെടുത്തു വായിലിട്ടു തുടങ്ങും. പരിസര ശുചിത്വം പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണിത്. അഴുക്കുകള്‍ ഉളളില്‍ ചെന്നാല്‍ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാവാം. കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതു മൃദുവായതാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അപരിചിതര്‍ വിളിച്ചാല്‍ പിറകോട്ടു വലിയുകയും ചിലപ്പോള്‍ കരയുകയും ചെയ്യാന്‍ തുടങ്ങുന്നതും ഈ സമയത്താണ്.

എഴാം മാസത്തില്‍ സന്തോഷവും ദേഷ്യവുമെല്ലാം കുട്ടി ശബ്ദമുണ്ടാക്കി പ്രകടിപ്പിക്കും. പാട്ടിനൊപ്പം ആടാനിഷ്ടപ്പെടും. കുട്ടിക്കു പല്ലുമുളയ്ക്കാന്‍ തുടങ്ങുമ്പോള്‍ പല അസ്വസ്ഥതയും ഉണ്ടാവാം. കയ്യില്‍ കിട്ടുന്നതെന്തും കടിക്കും. വായില്‍ വെളളം കൂടുതലായി വരാം. കവിളില്‍ നീരുമുണ്ടാവാം.

മോണയില്‍ പതിയെ മസാജ് ചെയ്തുകൊടുക്കു ന്നതും കുഞ്ഞിന് ആശ്വാസം നല്‍കും. എട്ടാം മാസം മുതല്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു തുടങ്ങുന്നു. നിന്നാലും ചിലപ്പോള്‍ പിടിവിട്ടു വീഴാം. വീട്ടിലെ അംഗങ്ങളുടെ പേരുകള്‍ പറഞ്ഞു പരിചയപ്പെടുത്തിക്കൊടുക്കേണ്ട സമയ മാണിത്. പേരുകേട്ടാല്‍ അവരെ നോക്കാന്‍ പഠിക്കുന്നത് ഇപ്പോഴാണ്.

അമ്മേ, എനിക്കു നടക്കാറായില്ലലോ

വാക്കറുപയോഗിച്ചു കുഞ്ഞിനെ നടക്കാന്‍ പരിശീലിപ്പിക്കുന്നത് ആരോഗ്യപരമല്ല. ശരീരം പാകമാകും മുമ്പുതന്നെ നടന്നു തുടങ്ങുന്നതു കാലിലെ എല്ലുകള്‍ക്കു വളവുണ്ടാക്കാം.ഒമ്പതാംമാസം മുതല്‍ കുഞ്ഞ് ബാലന്‍സോടെ പിടിച്ചു നില്‍ക്കും. പരിചയമില്ലാത്ത ഇടങ്ങളിലെത്തിയാല്‍ പരിസരം നിരീക്ഷിച്ചുകൊണ്ടേയിരിക്കും.

പത്തുമാസമായാല്‍ അടങ്ങിയിരിക്കുക കുഞ്ഞിനു സാദ്ധ്യമല്ലാതാവും. വാതിലുകള്‍ തനിയെ തുറക്കുന്ന ഈ പ്രായത്തില്‍ വെളളം കണ്ടാല്‍ വേഗത്തിലടുത്തെത്തും. ഓര്‍ത്തുനോക്കൂ, കുളിക്കാന്‍ ഉടുപ്പുകള്‍ അഴിക്കുമ്പോഴേ കുഞ്ഞ് തുളളിച്ചാടാന്‍ തുടങ്ങില്ലേ? ഇനി കുട്ടിക്കു കൈയെത്തും ദൂരത്തു വെളളം പിടിച്ചു വയ്ക്കുന്നത് ഒട്ടും സുരക്ഷിതമല്ല.

പതിനൊന്നു മാസമായാല്‍ സാധനങ്ങള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കും. എവിടെയും പിടിച്ചുകയറുന്ന പ്രായമായതു കൊണ്ട് ഉയരത്തില്‍ നിന്നും വീഴചയുണ്ടാപിടിരിക്കാന്‍ പ്രത്യേകശ്രദ്ധയുണ്ടാവണം. ആദ്യ പിറന്നാള്‍ ആഘോഷിക്കുന്നതോടെ ചുവടുകള്‍ വച്ചുതുടങ്ങും.

വീഴുമോയെന്ന ഭയം മാറിയാല്‍ പിന്നെന്നെ ആരും സഹായിക്കേണ്ട ആവശ്യമില്ല എന്ന മട്ടില്‍ എണീറ്റു നടന്നു കളയും കക്ഷി. പ്രതിരോധകുത്തിവയ്പ്പുകള്‍ കൃത്യമയി എടുക്കേണ്ടത് ആവശ്യമാണ്. ചെറിയ അസുഖങ്ങള്‍ ഒന്നും ഇതിനു തടസമാവരുത്. കുഞ്ഞിനു വയറിളക്കമോ പനിയോ ഉണ്ടെങ്കില്‍ ഡേക്ടറെ കണ്ട ശേഷം പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതാണ് നല്ലത്ത്.

കുഞ്ഞിനെ എങ്ങനെ എടുക്കണം?

കുഞ്ഞിനെ സുരക്ഷിതമായി എടുക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. നവജാതശിശുക്കളെ എടുക്കും പോലെയല്ല, ആറുമാസം പ്രായമായ കുഞ്ഞുങ്ങളെ എടുക്കേണ്ടത്. കുഞ്ഞു ങ്ങളെ തലയ്ക്കു മുകളില്‍ പൊക്കുന്നതും വായുവിലേക്ക് ഉയര്‍ത്തിയിടുന്നതും ഏറെ അപകടമാണ്. കുഞ്ഞോമനയെ എടുക്കുമ്പോള്‍ തലയ്ക്കു പിന്നില്‍ കൈകൊണ്ടു താങ്ങണം... കുഞ്ഞിനെ എടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ഇങ്ങനെ എന്തെല്ലാം കാര്യങ്ങള്‍. കുഞ്ഞിന്റെ സുഖവും സുരക്ഷയുമാണ് ഇവയുടെയെല്ലാം അടിസ്ഥാനം. ടെന്‍ഷനില്ലാ തെ കുഞ്ഞിനെ എടുക്കാനുള്ള ഉപദേശങ്ങളാണു ചുവടെ.

നവജാതശിശുവാണ് ഏറെ സൂക്ഷിക്കണേ

. എടുക്കുന്ന ആളുടെ ഇടതുകൈപ്പത്തി കുഞ്ഞിന്റെ തലയുടെയും കഴുത്തിന്റെയും അടിയിലും വലതു കൈപ്പത്തി

കുഞ്ഞിന്റെ പൃഷ്ഠഭാഗത്തും വച്ചു വേണം നവജാതശിശുക്കളെ എടുക്കാന്‍. ഇടംകൈ ആണു വശമെങ്കില്‍ ഇതിനു വിപരീതമായി പിടിക്കാം.

. കുഞ്ഞുങ്ങളുടെ കൈകളും കാല്‍മുട്ടുകളുടെ ഭാഗവും അവരുടെ ശരീരത്തിന്റെ മധ്യഭാഗത്തു വരുന്ന രീതിയില്‍ (മിഡ്ലൈന്‍ ഓറിയന്റേഷന്‍)എടുക്കുക.

. ഇങ്ങനെ എടുക്കുമ്പോള്‍ കുഞ്ഞിനു കൈകൊണ്ടു സ്വന്തം മുഖത്തും വായിലും സ്പര്‍ശിക്കാന്‍ കഴിയണം. ഇവ നാഡീവ്യൂഹത്തിന്റെ വളര്‍ച്ചയെ സഹായിക്കും.

. കുഞ്ഞിനെ ശരീരത്തോട് അടുപ്പിച്ചു പിടിക്കുക. കുഞ്ഞിന്റെ തല എടുക്കുന്ന ആളുടെ നെഞ്ചിനു നേരെ വരണം.

. വലതുകൈ കൊണ്ടു കുഞ്ഞിനെ പൊതിഞ്ഞു പിടിക്കുന്നതു കുഞ്ഞിനു കൂടുതല്‍ സുഖവും താങ്ങും നല്‍കും. കുഞ്ഞിന്റെ ശരീരതാപം നിലനിര്‍ത്താന്‍ ഒരു പരിധി വരെ ഇതു നല്ലതാണ്.

. കുഞ്ഞിനെ തുണിയില്‍ കിടത്തി എടുക്കുമ്പോഴും കഴുത്തിനും തലയ്ക്കും താങ്ങുകൊടുക്കണം.

. നവജാതശിശുക്കളെ കൈമാറി എടുക്കാതിരിക്കുന്നതാണു നല്ലത്.

. രണ്ടു കിലോയില്‍ താഴെ തൂക്കമുള്ളതും മാസം തികയാതെ പ്രസവിച്ചതുമായ കുഞ്ഞുങ്ങളെ അമ്മയുടെ നഗ്നമായ മാറോടു ചേര്‍ത്തു പിടിച്ച് എടുക്കുന്നതു നല്ലതാണ്. (കങ്കാരു കെയര്‍) കുഞ്ഞുങ്ങള്‍ക്കു ശരീരതാപം നിലനിര്‍ത്താന്‍ ഇതു സഹായിക്കും.

നെഞ്ചോടു ചേര്‍ത്തു പാലൂട്ടാം

. കുഞ്ഞിനു മുലപ്പാലോ കുപ്പിപ്പാലോ കിടത്തിക്കൊടുക്കരുത്. പാല്‍ ശിരസില്‍ കയറി ചുമയും ശ്വാസതടസവും ഉണ്ടാക്കും. ന്യൂമോണിയയ്ക്കും കാരണമാകാം.

. മുലപ്പാല്‍ കൊടുക്കുമ്പോള്‍ കുട്ടിയുടെ ശിരസ് അമ്മയുടെ കൈമുട്ടിന്റെ ഉള്‍ഭാഗത്തായി വരണം. കഴുത്തും പുറംഭാഗവും കൈത്തണ്ടയിലും പൃഷ്ഠഭാഗം കൈയിലും ആയിരിക്കണം. ഇങ്ങനെ എടുക്കുമ്പോള്‍ കുഞ്ഞിന്റെ വയറും അമ്മയുടെ വയറും ചേര്‍ന്നിരിക്കും.

. കുട്ടിയുടെ നെഞ്ച് അമ്മയുടെ നെഞ്ചിനോടു ചേര്‍ന്നിരിക്കണം. ഇത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കും.

. അമ്മ എടുത്തിരിക്കുമ്പോള്‍ കുഞ്ഞിന്റെ ചുണ്ട് അമ്മയുടെ സ്തനങ്ങളില്‍ സ്പര്‍ശിക്കണം. ഇതാണ് റൂട്ടിങ് റിഫ്ളക്സ്. മുലപ്പാല്‍ ഉണ്ടാകുന്നതു കൂടുന്നതിന് ഈ രീതി സഹായകമാണ്

ഇടുപ്പില്‍ വയ്ക്കാം വൈകല്യമകറ്റാം

. കഴുത്തും തലയും ഉറച്ച കുഞ്ഞിനെ മാത്രമേ ഇടുപ്പില്‍ വയ്ക്കാവൂ. കുഞ്ഞിനെ ഇടുപ്പില്‍ വച്ച് ആ വശത്തുള്ള കൈ കൊണ്ടു ചുറ്റിപ്പിടിക്കണം. ഇതു കുഞ്ഞിനെ സ്വസ്ഥമായിരിക്കാന്‍ സഹായിക്കും.

. കുഞ്ഞിനെ ഇടുപ്പില്‍ വച്ച് പാചകം ചെയ്യുകയോ ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്തുകയോ അരുത്.

. കുഞ്ഞിന്റെ വളര്‍ച്ചയുടെ സമയത്ത് ഇടുപ്പെല്ലില്‍ ഉണ്ടാകാവുന്ന വൈകല്യം (ഡവലപ്മെന്റല്‍ ഡിസ്പ്ളേസിയ ഓഫ് ഹിപ്പ്) കുഞ്ഞിനെ ഇടുപ്പില്‍ വയ്ക്കുന്നതിലൂടെ ഒരു പരിധി വരെ തടയാം. ഇടുപ്പില്‍ വച്ച് എടുക്കുന്നതിനാല്‍ ഇന്ത്യന്‍ കുട്ടികള്‍ക്കും ആഫ്രിക്കന്‍ കുട്ടികള്‍ക്കും ഈ വൈകല്യം തീരെ കുറവാണ്.

ശരീരതാപം കാക്കാന്‍ സ്ളിങ്

. ആറു മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞിനെ സ്ളിങില്‍ ഇടരുത്. കുഞ്ഞിനെ നെഞ്ചിനോടു ചേര്‍ത്തു ധരിച്ചിരിക്കുന്ന സ്ളിങില്‍ എടുക്കുന്നതാണു കൂടുതല്‍ സുരക്ഷിതം.

. കുഞ്ഞിന്റെ മൂക്കടഞ്ഞു ശ്വാസംതടസം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

. സ്ളിങില്‍ എടുക്കുമ്പോള്‍ കുഞ്ഞിനു കൈയും കാലും സ്വതന്ത്രമായി അനക്കാന്‍ കഴിയണം.

. കുഞ്ഞിനെ സ്ളിങിലിട്ടു കൊണ്ടു പാചകം പോലുള്ള ജോലികള്‍ ചെയ്യരുത്.

. സ്ളിങ് ഉപയോഗിച്ച് എടുക്കുമ്പോള്‍ കുഞ്ഞിന്റെ ശരീരതാപം നഷ്ടപ്പെടുന്നില്ല.

. സ്ളിങ് വാങ്ങുമ്പോള്‍ കഴുകി ഉപയോഗിക്കാവുന്ന വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ചവ വാങ്ങുക.

. സ്ളിങ് എളുപ്പത്തില്‍ ധരിക്കാവുന്നതും സുരക്ഷിതവുമാണെന്ന് ഉറപ്പു വരുത്തുക. വാങ്ങുന്നതിനു മുന്‍പ് അതില്‍ കുഞ്ഞിനെ ഇരുത്തി നോക്കുക.

. സ്ളിങ് കുഞ്ഞിന്റെ കഴുത്തിനും തലയ്ക്കും താങ്ങു നല്‍കുന്നതാണോ എന്നു ശ്രദ്ധിക്കുക. കുഞ്ഞ് സ്ളിങിന്റെ വശങ്ങളിലൂടെ വീണു പോകുമോ എന്നും നോക്കണം.

മെല്ലെപ്പോകാം ചേര്‍ത്തുപിടിക്കാം

. ഇരുചക്രവാഹനങ്ങളില്‍ കുഞ്ഞുമായി യാത്ര ചെയ്യുമ്പോള്‍ ഏറെ സൂക്ഷിക്കണം. വണ്ടി വേഗത കുറച്ച് ഓടിക്കണം. കുഞ്ഞിനെ എടുത്തിരിക്കുന്ന ആള്‍, ശരീരത്തോടു ചേര്‍ത്തു പിടിക്കുക.

. കുഞ്ഞുമായി യാത്ര ചെയ്യുമ്പോള്‍ പിന്നിലിരിക്കുന്നയാള്‍ ഇരുവശങ്ങളിലായി കാലിട്ട് ഇരിക്കുക. കുഞ്ഞിനെ വാഹനം ഓടിക്കുന്നയാളിനും പിന്നിലിരിക്കുന്നയാളിനും ഇടയിലായി സീറ്റില്‍ ഇരുത്തി പിടിക്കുക. ഇതാണ് ഏറെ സുരക്ഷിതം.

. കുഞ്ഞിനെ എടുത്തിരിക്കുന്ന ആള്‍ വശം തിരിഞ്ഞാണ് ഇരിക്കുന്നതെങ്കില്‍ കുഞ്ഞിന്റെ കാലുകള്‍ അവരുടെ കാലിനുള്ളില്‍ വരത്തക്കവണ്ണം ഇരുത്തുക.

. ഇരുചക്രവാഹനങ്ങളില്‍ പോകുമ്പോള്‍ കുഞ്ഞിനെ കഴിവതും സ്ളിങിലിടരുത്. നിവൃത്തിയില്ലെങ്കില്‍ പിന്നിലിരിക്കുന്ന ആള്‍ കുഞ്ഞിനെ മുന്നിലേക്കുള്ള സ്ളിങില്‍ ഇടുക.

കൂടുതല്‍ സൂക്ഷിക്കേണ്ടത്

അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളെ കൈയില്‍ പിടിച്ചുയര്‍ത്തി എടുക്കരുത്. റേഡിയസ് എന്ന അസ്ഥിയുടെ അഗ്രഭാഗത്തിനു സ്ഥാനമാറ്റം സംഭവിക്കാം. ഈ അവസ്ഥയ്ക്കു പുള്‍ഡ് എല്‍ബോ എന്നു പറയുന്നു. ഇതിന്റെ ഫലമായി കുഞ്ഞിനു കൈ ചലിപ്പിക്കാന്‍ പ്രയാസം വരും. കുഞ്ഞിന്റെ കക്ഷത്തില്‍ കൈവച്ച് എടുക്കുന്നതാണു നല്ലത്.കുഞ്ഞിനെ തലയ്ക്കു മുകളില്‍ എടുത്തുയര്‍ത്തുകയോ കുലുക്കി കളിപ്പിക്കുകയോ അരുത്. പ്രത്യേകിച്ചും മാസം തികയാതെ ഉണ്ടായ കുഞ്ഞിനെ. പെട്ടെന്നുണ്ടാകുന്ന സ്ഥാനചലനം കുഞ്ഞിന്റെ രക്തസമ്മര്‍ദ്ദത്തെ ബാധിക്കും. ഇതു കുഞ്ഞിന്റെ തലയില്‍ രക്തസ്രാവം ഉണ്ടാക്കാം.

പൊടിക്കുഞ്ഞിനെ ആദ്യമായി എടുക്കുമ്പോള്‍

1 പൊടിക്കുഞ്ഞിനെ ആദ്യമായെടുക്കുന്നവര്‍ ഇരുന്നിട്ട് കുഞ്ഞിനെ കൈയിലേക്കു വയ്പ്പിക്കുന്നതാണു നല്ലത്. കുഞ്ഞുവീഴുമെന്ന ടെന്‍ഷന്‍ വേണ്ട.

2 നിങ്ങള്‍ക്കു വശമുള്ള കൈയുപയോഗിച്ചു കുഞ്ഞിന്റെ ശിരസില്‍ പിടിക്കണം.

3 ചില കുഞ്ഞുങ്ങള്‍ ഹൃദയമിടിപ്പിന്റെ ശബ്ദത്തോടു പ്രതികരിക്കും. അതിനാല്‍, എടുക്കുന്നയാളിന്റെ ശരീരത്തിന്റെ ഇടതുഭാഗത്തു കുഞ്ഞിന്റെ തല വരും രീതിയില്‍ എടുക്കുന്നതാണു നല്ലത്.

4 കുഞ്ഞിന്റെ ശിരസിന്റെ ഒരുവശം മാത്രം താങ്ങുന്നതിനു പകരം ഇടയ്ക്കിടെ കൈ മാറ്റിപ്പിടിക്കുന്നതു നല്ലതാണ്. ഒരേ ഭാഗത്തു തന്നെ പിടിച്ചാല്‍ അവിടം പരന്നു പോകാന്‍ സാധ്യതയുണ്ട്.

തൊട്ടിലിലും കിടക്കയിലും കിടത്തുമ്പോള്‍ സ്ഥാനം മാറ്റി കിടത്തുന്നതും കൊള്ളാം. ഇതു തലയ്ക്കു നല്ല ആകൃതിയുണ്ടാകാന്‍ സഹായിക്കും.

വിവരങ്ങള്‍ക്കു കടപ്പാട് :

ഡോ. ഷീല ടി എ, സീനിയര്‍ ലക്ചറര്‍, ശിശുരോഗ വിഭാഗം, ഗവ. മെഡിക്കല്‍ കോളജ്, തൃശൂര്‍.

കുപ്പിപ്പാല്‍ നല്‍കുമ്പോള്‍..

അമ്മയുടെ പാലിനു പകരം കുഞ്ഞിനു കുപ്പിപ്പാല്‍ നല്‍കുന്നതുകൊണ്ടു ദോഷമുണ്ടോ? ആറുമാസം വരെ കുഞ്ഞിനു മുലപ്പാല്‍ അല്ലാതെ വെള്ളം പോലും കൊടുക്കരുതെന്നാണു ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ കുഞ്ഞിനു കുപ്പിപ്പാല്‍ നല്‍കേണ്ടി വരാറുണ്ട്. അമ്മയുടെ തിരക്ക്, അമ്മയ്ക്കുണ്ടാകുന്ന ചില അസുഖങ്ങള്‍, അമ്മമാര്‍ ചില പ്രത്യേക മരുന്നുകള്‍ കഴിക്കുന്നത്, പാല്‍ ഇല്ലാതെ വരുന്നത്, ഇരട്ടക്കുട്ടികള്‍ ഉള്ള തിനാല്‍ പാല്‍ തിക യാതെ വരുന്നത് തുടങ്ങിയവയാണവ.കുപ്പിയില്‍ കുടിക്കുമ്പോള്‍ കുഞ്ഞിന് എളുപ്പത്തില്‍ പാല്‍ കിട്ടുന്നു. അതുകൊണ്ടു തന്നെ കുപ്പിപ്പാല്‍ കുടിച്ചു ശീലിക്കുന്ന കുഞ്ഞ് മുലപ്പാല്‍ കുടിക്കാന്‍ മടി കാട്ടി യേക്കാം. മുലപ്പാലും കുപ്പിപ്പാലും മാറി മാറി കൊടുക്കുന്നതു കുഞ്ഞിനു നിപ്പിള്‍ കണ്‍ഫ്യൂഷനുണ്ടാക്കും. കൊടുക്കാനുള്ള സൌകര്യത്തിനായി പലരും പാല്‍കുപ്പിയെ ആശ്രയിക്കുന്നു. എന്നാല്‍, നന്നായി തിളപ്പിച്ച കപ്പില്‍ പാലെടുത്ത് കുഞ്ഞിനു സ്പൂണ്‍ കൊണ്ട് കോരിക്കൊടുക്കുന്നതാണ് ഏറെ ശുചിത്വം.

പാല്‍ക്കുപ്പി ഉപയോഗിക്കുന്നവര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക.

. കുപ്പിയുടെ ഗുണമേന്മ ഉറപ്പു വരുത്തുക. കഴിവതും ഐഎസ്ഐ മാര്‍ക്കുള്ള കുപ്പി തിരഞ്ഞെടുക്കുക.

. കുപ്പിയുടെ അടപ്പ് നല്ല മുറുക്കമുള്ളതാണോ എന്നു നോക്കുക.

. അളവ് മില്ലിലിറ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള പാല്‍കുപ്പി വാങ്ങുക. ഇത് പാല്‍ കൃത്യ അളവില്‍ തയാറാക്കാന്‍ സഹായിക്കും.

. നിപ്പിളിലെ ദ്വാരം തീരെച്ചെറുതോ അധികം വലുതോ അല്ലാത്ത പാല്‍ക്കുപ്പി വാങ്ങുക. ആയാസം കൂടാതെ പാല്‍കുടിക്കാന്‍ കുഞ്ഞിനെ ഇതു ഏറെ സഹായിക്കും.

കുപ്പിപ്പാല്‍ കുടിക്കുന്ന കുട്ടിക്ക് മുലപ്പാല്‍ കുടിക്കുന്ന കുട്ടികളെ അപേക്ഷിച്ചു വയറിളക്കത്തിനുള്ള സാധ്യത പതിനാലിരട്ടിയാണ്. ന്യൂമോണിയയ്ക്കു സാധ്യത നാലു മടങ്ങ് കൂടുതലാണ്. അതിനാല്‍ കുപ്പിപ്പാല്‍ നല്‍കുമ്പോള്‍ ഏറ്റവും വേണ്ടത് ശുചിത്വമാണ്. ഇതിനു ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.

. പാല്‍ക്കുപ്പിയിലും നിപ്പിളിലും അഴുക്ക് അടിഞ്ഞു കൂടാനുള്ള സാധ്യത ഏറെയാണ്. ബ്രഷുപയോഗിച്ചു കഴുകിയാലും ഇവ പോകണമെന്നില്ല. കുപ്പി വെള്ളത്തിലിട്ടു പതിനഞ്ചു മിനിട്ടു തിളപ്പിക്കുന്നത് അണുക്കള്‍ നശിക്കാന്‍ സഹായിക്കും. ചൂടുവെള്ളം ഉപയോഗിച്ചു കഴുകിയെടുക്കുക മാത്രം ചെയ്താല്‍ അണുക്കള്‍ നശിക്കില്ല.

. കുഞ്ഞിനുള്ള പാല്‍ തയാറാക്കുന്നതിനും നല്‍കുന്നതിനും മുമ്പായി കൈകള്‍ വൃത്തിയായി കഴുകുക.

. തയാറാക്കിയ പാല്‍ ഏറെ സമയം വച്ച് കുഞ്ഞിനു കൊടുക്കരുത്. പാല്‍ കൊടുക്കേണ്ടപ്പോള്‍ തന്നെ ഉണ്ടാക്കുന്നതാണു നല്ലത്.

. കുപ്പിയില്‍ അധികം വരുന്ന പാല്‍ കുഞ്ഞിനു വീണ്ടും കൊടുക്കരുത്.

. പാല്‍ക്കുപ്പി അടച്ചു സൂക്ഷിക്കുക. ഇത് നിപ്പിളിന്റെ അറ്റത്ത് ഈച്ചയും മറ്റും വന്നിരുന്നു രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

. പാല്‍കുപ്പി അതു കഴുകാനുള്ള ബ്രഷുപയോഗിച്ചു തന്നെ വേണം വൃത്തിയാക്കുവാന്‍.

. കുപ്പിയില്‍ സോപ്പിന്റെ അംശം അല്‍പം പോലും ഇല്ലെന്ന് ഉറപ്പാകും വരെ ശുദ്ധജലത്തില്‍ കഴുകുക.

പാല്‍ തയാറാക്കുമ്പോള്‍

നന്നായി തിളപ്പിച്ച വെള്ളത്തില്‍ വേണം പാല്‍ തയാറാക്കാന്‍. ഗുണമേന്മയുള്ള പാല്‍പ്പൊടി മാത്രം ഉപയോഗിക്കുക. ടിന്നിലെ അളവു സ്പൂണില്‍ ഒരു നിരപ്പ് പൊടിയെടുത്ത് അത് ഒരൌണ്‍സ് തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കി വേണം തയാറാക്കാന്‍. ഈ അളവിനു വ്യത്യസ്തമായി കൂടുതല്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചാല്‍ ഗുണം കിട്ടില്ല. ഇതു കുഞ്ഞിന്റെ വളര്‍ച്ചയെയും ബാധിക്കും. കുഞ്ഞിനു പൊടിപ്പാല്‍ നല്‍കിത്തുടങ്ങും മുമ്പു ഒരു ശിശുരോഗവിദഗ്ദ്ധന്റെ ഉപദേശം തേടണം.പശുവിന്‍പാല്‍ നല്‍കുമ്പോഴും വെള്ളം ചേര്‍ത്താല്‍ ഗുണം കുറയും. ആവശ്യമെങ്കില്‍ പാല്‍ നല്‍കിയ ശേഷം കുഞ്ഞിനു തിളപ്പിച്ചാറിയ വെള്ളം കൊടുക്കാം. ആട്ടിന്‍പാല്‍ പശുവിന്‍പാലിനെ അപേക്ഷിച്ച് അലര്‍ജിയുണ്ടാക്കാനു ള്ള സാധ്യത കുറവാണ്. എങ്കിലും ആട്ടിന്‍പാലില്‍ ഫോളിക് ആസിഡിന്റെ അളവു കുറവാ ണ്. ഇത് ഒരുതരം വിളര്‍ ച്ചയ്ക്കു കാരണമാകും.

കുപ്പിപ്പാല്‍ കൊടുക്കേണ്ട രീതി

കുഞ്ഞിനെ നിരപ്പായ പ്രതലത്തില്‍ കിടത്തി പാല്‍ കൊടുക്കരുത്. ശ്വാസനാളത്തില്‍ പാല്‍ കയറി ന്യൂമോണിയ, ചെവിപഴുപ്പ്, ശ്വാസംമുട്ടല്‍ തുടങ്ങിയ അസുഖങ്ങള്‍ക്കു കാരണമാകാം. എടുത്തിരിക്കുന്ന ആളിന്റെ കൈമുട്ടിന്റെ ഭാഗത്തു കുഞ്ഞിന്റെ തലയും കൈത്തണ്ടയില്‍ കുഞ്ഞിന്റെ പുറംഭാഗവും വരുന്ന രീതിയില്‍ താങ്ങി അല്‍പം ചരിച്ചു വേണം എടുക്കാന്‍.പാലിന്റെ ചൂട് കുഞ്ഞിനു കുടിക്കാന്‍ പാകത്തിനാണോ എന്നു നോക്കണം. പാല്‍ കൈത്തണ്ട യില്‍ ഒഴിച്ചു ചൂടു മനസിലാക്കാം. പാല്‍ നിപ്പിളിലേക്കു ശരിയായി വരുന്നുണ്ടോയെന്നും ശ്രദ്ധിക്കണം. കുഞ്ഞ് പാല്‍ വലിച്ചുകുടിക്കാന്‍ ബുദ്ധിമുട്ടുന്നതായി തോന്നുന്നുവെങ്കില്‍ കുപ്പി പതുക്കെ പുറത്തെടുക്കുക. കുപ്പിയില്‍ വായു കയറിയതാകാം കാരണം. പാല്‍ക്കുപ്പി ഏറ്റവും അനുയോജ്യമായ കോണില്‍ പിടിച്ചു നല്‍കിയാല്‍ പാലിനൊപ്പം വായുവും ഉള്ളില്‍ പോകുന്നതു തടയാം.കുഞ്ഞിന്റെ വയര്‍ നിറഞ്ഞുവെന്നു മനസിലായാല്‍ കുപ്പി ഉടന്‍ വലിച്ചെടു ക്കരുത്. കുഞ്ഞിന്റെ വായില്‍ വിരല്‍ കടത്തി ചുണ്ടുകള്‍ അകറ്റിയിട്ടു വേണം കുപ്പി പുറത്തെടുക്കാന്‍.അമ്മയുടെ പാല്‍ പിഴിഞ്ഞു പാത്രത്തിലാക്കിയും കുഞ്ഞിനു കൊടുക്കാം. തിളപ്പിച്ച പാത്രത്തില്‍ പാല്‍ ശേഖരിച്ച് അടച്ചു വച്ചാല്‍ പത്തു മണിക്കൂര്‍ വരെ നല്‍കാം.ഫ്രിഡ്ജില്‍ പാല്‍ വച്ചാല്‍ 24 മണിക്കൂര്‍ വരെ കൊടുക്കാം. ഫ്രിഡ്ജില്‍ നിന്നു പുറത്തെടുത്ത ശേഷം തണുപ്പു മാറ്റി കുഞ്ഞിനു നല്‍കിയാല്‍ മതി. ഉദ്യോഗസ്ഥരായ അമ്മമാര്‍ക്ക് ഈ രീതി ഏറെ സഹായകമാണ്.

അറിയേണ്ടത്

. നവജാതശിശുവിനു കഴിവതും മുലപ്പാല്‍ മാത്രം കൊടുക്കുക. മറ്റു പാല്‍ കൊടുക്കുന്നെങ്കില്‍ അതു തിളപ്പിച്ച കപ്പിലെടുത്ത് സ്പൂണില്‍ കോരിക്കൊടുക്കുന്നതാണ് നല്ലത്.

. പശുവിന്‍പാല്‍ കുട്ടിക്ക് അലര്‍ജിയുണ്ടാക്കുന്നുവെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം പൊടിപ്പാല്‍ നല്‍കുക.

. സമയം അടിസ്ഥാനമാക്കി മാത്രമല്ല കുഞ്ഞിനു ആഹാരം നല്‍കേണ്ടത്. കുഞ്ഞിന്റെ വിശപ്പു വ്യത്യാസപ്പെട്ടു വരാം. കരച്ചിലിലൂടെയും മറ്റും വിശപ്പു പ്രകടിപ്പിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക.

. കുഞ്ഞിന്റെ വയര്‍ നിറഞ്ഞശേഷം അവര്‍ പാല്‍കുടിക്കുന്നതു മതിയാക്കുന്നുവെങ്കില്‍ വീണ്ടും പാല്‍കുടിപ്പിക്കാന്‍ ശ്രമിക്കരുത്.

. പാല്‍ കുടിപ്പിച്ച ശേഷം കുഞ്ഞിനെ തോളത്തു കിടത്തി പുറത്തു മൃദുവായി തട്ടുക. ഉള്ളില്‍ കടന്നവായു പുറത്തു പോകാന്‍ സഹായിക്കും.

. അമിതമായി പാലൂട്ടരുത്. ഭാവിയില്‍ കുഞ്ഞിന് അമിത വണ്ണത്തിനു കാരണമാകാം.

. പൊടിപ്പാലില്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കൂടുതലായുണ്ട്. ഇത് കുഞ്ഞിനു ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം.

. ഹെപ്പറ്റൈറ്റിസ് ബി ഇന്‍ഫക്ഷന്‍, ടിബി തുടങ്ങിയ അസുഖങ്ങളുള്ള അമ്മമാര്‍ മുലയൂട്ടുന്നതില്‍ കുഴപ്പമില്ല.

. കുഞ്ഞിനു മഞ്ഞപ്പിത്തം ഉണ്ടെങ്കിലും മുലപ്പാല്‍ നല്‍കാം.

മുലപ്പാലിന്റെ പ്രാധാന്യം

1 മുലപ്പാലിലെ അമിനോ ആസിഡ് തലച്ചോറിന്റെ വളര്‍ച്ചയ്ക്കു സഹായിക്കുന്നു. കുഞ്ഞിനാവശ്യമായ എന്‍സൈമുകള്‍, ഹോര്‍മോണുകള്‍, ഗ്രോത്ത് ഫാക്ടര്‍ ഇവ മുലപ്പാലില്‍ നിന്നു കിട്ടും.

2 മുലപ്പാലില്‍ 1. 1 ഗ്രാം പ്രോട്ടീനാണുള്ളത്. എന്നാല്‍, പശുവിന്‍ പാലില്‍ 3.3 ഗ്രാം പ്രോട്ടീനുണ്ട്. കുഞ്ഞിന്റെ കിഡ്നിക്ക് ഇത്രയും അളവ് പ്രോട്ടീന്‍ കൈകാര്യം ചെയ്യാന്‍ ശേഷിയില്ല.

3. മുലപ്പാലില്‍ വേ പ്രോട്ടീനടങ്ങിയിരിക്കുന്നു. എന്നാല്‍, പശുവിന്‍ പാലില്‍) കെസീന്‍ ആണുള്ളത്. ഇതു കുഞ്ഞിന് അലര്‍ജിയുണ്ടാക്കാം. മാത്രമല്ല, മലബന്ധത്തിനും കാരണമാകും.

4 മുലപ്പാലില്‍ അണുബാധസാധ്യത കുറവാണ്.

5 മുലപ്പാലില്‍ അപൂരിത കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത് എന്ന മെച്ചമുണ്ട്. എന്നാല്‍, പശുവിന്‍പാലില്‍ പൂരിത കൊഴുപ്പാണ് ഉള്ളത്. ഇതു ഭാവിയില്‍ പ്രഷര്‍, പ്രമേഹം ഇവയ്ക്കു കാരണമാകുന്നു.

വിവരങ്ങള്‍ക്കു കടപ്പാട്

ഡോ. പ്രിയ ശ്രീനിവാസന്‍,സീനിയര്‍ ലക്ചറര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പീഡിയാട്രിക്സ്, ഗവ. മെഡിക്കല്‍ കോളജ്, തൃശൂര്‍.

താമരക്കണ്ണന്‍ ഉറങ്ങേണം...

കുഞ്ഞിന്റെ നല്ല ഉറക്കത്തിന് അമ്മമാര്‍ക്കു ചില പാഠങ്ങള്‍. ആറുമാസം പ്രായമുള്ള കുഞ്ഞ് ദിവസം എത്ര നേരം ഉറങ്ങണം? കുഞ്ഞിന്റെ ഉറക്കത്തെ സംബന്ധിച്ച് അമ്മ മാര്‍ക്ക് എപ്പോഴും സംശയങ്ങളാണ്. നവജാ ത ശിശുക്കള്‍ ദിവസവും ഇരുപതുമണിക്കൂര്‍ ഉറങ്ങും. ആദ്യത്തെ മൂന്നു മാസങ്ങളില്‍ പകല്‍ ഉറങ്ങി രാത്രി ഉണര്‍ന്നുകളിക്കുക യാവും പതിവ്. പിന്നീട് കുഞ്ഞിന്റെ ഉറക്ക ത്തിന്റെ ദൈര്‍ഘ്യം പതിനെട്ടു മണിക്കൂറായി ചുരുങ്ങും. ഒരു വയസ് ആകുമ്പോഴേക്കും എട്ടു മുതല്‍ പത്തുമണിക്കൂര്‍വരെയാകും കുഞ്ഞിന്റെ ഉറക്കം. ഇതാ കുഞ്ഞിന്റെ ഉറക്ക ത്തെ സംബന്ധിച്ച് അമ്മമാര്‍ക്കുള്ള പ്രധാന സംശയങ്ങളും അവയ്ക്കുള്ള മറുപടിയും.

രാത്രിയില്‍ കുഞ്ഞ് കിടക്കുന്ന മുറിയില്‍ ലൈറ്റ് ഇടണോ?

കുഞ്ഞു കിടക്കുന്ന മുറിയില്‍ കുറഞ്ഞ പ്രകാശം തരുന്ന ലൈറ്റുകള്‍ ഇടാം. കുഞ്ഞിനെ എന്തെങ്കിലും അസ്വസ്ഥത യുണ്ടോ എന്നു ശ്രദ്ധിക്കാന്‍ ഇതു സഹായിക്കും. ഇരുട്ടു മുറി യില്‍ ഉറങ്ങി ശീലിച്ച കുഞ്ഞുങ്ങള്‍ക്ക് ഇരുട്ടിനോടുള്ള ഭയം മാറും. കുഞ്ഞിന്റെ ശരീരം ഇരുട്ടില്‍ മെലാറ്റോനിന്‍ എന്ന രാസവസ്തു പുറപ്പെടുവിക്കുന്നു. ഇതു കുഞ്ഞിനെ ഉറങ്ങാന്‍ സഹായിക്കും. കുഞ്ഞ് ഉറങ്ങുന്നതിന് മുന്‍പേ മുറിയിലെ ലൈറ്റ് അണയ്ക്കുന്നതാണു നല്ലത്. ഇടയ്ക്ക് കുഞ്ഞ് ഞെട്ടിയുണര്‍ന്നാല്‍ ഇരുട്ടു കണ്ടു ഭയക്കാതിരിക്കാന്‍ ഇതു സഹായിക്കും.

ഉറങ്ങുമ്പോള്‍ കുഞ്ഞിനു കെട്ടിപ്പിടിക്കാന്‍ ഒരു പാവയെ കൊടുക്കുന്നതു നല്ലതാണോ?

അതേ. പാവകളെ കെട്ടിപിടിച്ചു കിടക്കുന്നതു കുഞ്ഞിനു സുരക്ഷിതത്വബോധം നല്‍കും. എന്നാല്‍ പാവ തിരഞ്ഞെടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. മൂര്‍ച്ചയുള്ള ഭാഗങ്ങളോ ലോഹക്കഷ്ണങ്ങളോ അതില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. അടര്‍ത്തിയെടുക്കാവുന്ന മുത്തുകളും അലങ്കാരങ്ങളും പതിപ്പിച്ച പാവകള്‍ കുഞ്ഞിനു നല്‍കരുത്. കുഞ്ഞ് ഇവ വിഴുങ്ങാന്‍ സാധ്യതയുണ്ട്. രോമങ്ങള്‍ കൊണ്ടുണ്ടാക്കിയ പാവകളും വേണ്ട. തുണി കൊണ്ടുള്ള മൃദുവായ പാവകളാണു നല്ലത്.

കുഞ്ഞിനെ ഏതു പ്രായത്തില്‍ മാറ്റികിടത്താം?

മൂന്നുവയസായ കുഞ്ഞിനെ അമ്മയുടെ അടുത്തു നിന്നും മാറ്റികിടത്താം. സഹോദരങ്ങള്‍ക്കൊപ്പമാണു കിടക്കുന്ന തെങ്കില്‍ അവരുടെ സാന്നിദ്ധ്യം കുഞ്ഞിന് മാനസികമായ പിന്തുണ നല്‍കും. കൂടാതെ അവരുടെ സ്വഭാവികമായ ശ്വാസതാളം പിന്തുടരാനും കുഞ്ഞിനു കഴിയും.

കുഞ്ഞുങ്ങളെ ഉറക്കാന്‍ ഒരു ടൈംടേബിള്‍ വേണോ?

കുഞ്ഞുങ്ങളെ ഒരു ടൈംടേബിളു ശീലിപ്പിക്കുന്നത് അവര്‍ക്ക് ഉറങ്ങേണ്ട സമയത്തെ ക്കുറിച്ച് ധാരണയുണ്ടാക്കും. പകല്‍ സമയത്തെ കളികള്‍ക്കു പകരമായി വിശ്രമിക്കാന്‍ ഒരു സമയമുണ്ടെന്ന് അവര്‍ മനസിലാക്കും.ഇതു രാത്രി യില്‍ ബഹളമുണ്ടാക്കാതെ ഉറങ്ങാനും സഹായിക്കും.ചെയ്യാനുദേശിക്കുന്ന കാര്യങ്ങള്‍ എല്ലാ ദിവസവും ഒരേ സമയ ത്തു നടപ്പാക്കാന്‍ ശ്രദ്ധിക്കണം. ഉദാഹരണമായി വേഷം മാറ്റിയശേഷം ഭക്ഷണം നല്‍കി യിട്ടാണു കുഞ്ഞിനെ ഉറക്കുന്നതെങ്കില്‍ ക്രമം തെറ്റാതെ ഇതു ദിവസവും ചെയ്യണം. കുഞ്ഞ് ഈ രീതിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാല്‍ അല്പം വ്യത്യാസം വരുത്താം. എന്നാല്‍ ഈ ടൈംടേബിള്‍ കുഞ്ഞിന് രസകരമാണോയെന്നു ശ്രദ്ധിക്കേണ്ടതുണ്ട്.

രാത്രിയില്‍ ഉറങ്ങുന്നതിനു മുമ്പ് കുഞ്ഞുങ്ങളെ കുളിപ്പിക്കാമോ?

കുഞ്ഞുങ്ങളെ പകല്‍ സമയത്തു കുളിപ്പിക്കുന്നതാണു നല്ലത്. രാത്രിയില്‍ കുളിപ്പിക്കുമ്പോള്‍ തണുപ്പേറ്റു കുഞ്ഞിനു ജലദോഷമുണ്ടാകാനിടയുണ്ട്. എന്നാല്‍ വേനല്‍ക്കാലത്തു ചെറു ചൂടുവെള്ളത്തില്‍ മുക്കിയ തുണികൊണ്ടു കുഞ്ഞിന്റെ ദേഹം തുടയ്ക്കുന്നത് ഉഷ്ണം മാറ്റുകയും നന്നായി ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യും.

കുഞ്ഞ് പതിവായി രാത്രിയിലുണര്‍ന്നു കളിക്കുന്നു. ഇത്തരം ഉറക്കശീലങ്ങള്‍ മാറ്റാന്‍ പറ്റുമോ?

തീര്‍ച്ചയായും പറ്റും. രാത്രിയില്‍ കുഞ്ഞ് സുഖമായി ഉറങ്ങണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് രാത്രി സമയം ഉറങ്ങാനുള്ളതാണെന്ന് കുഞ്ഞിനെ മനസിലാക്കിക്കുകയാണ്. മറിച്ച് കുഞ്ഞ് രാത്രിയിലുണര്‍ന്നു കളിക്കുമ്പോള്‍ അതു പ്രോത്സാഹിപ്പിച്ചാല്‍ ഇതു തനിക്കു കളിക്കാനുള്ള സമയമാണെന്നു കരുതി അവന്‍ പ്രതീക്ഷയോടെ തുടര്‍ന്നുള്ള ദിവസങ്ങളിലും ഉണരും. പകല്‍ നേരങ്ങളില്‍ അധികനേരം ഉറങ്ങാതിരിക്കാനും രാത്രിയില്‍ കുഞ്ഞ് നന്നായി ഉറങ്ങുന്നതിനു സഹായിക്കും. കുഞ്ഞിനെ ഉറക്കാനും ഉണര്‍ത്താനും കൃത്യസമയം പാലിക്കുന്നത് നല്ലതാണ്.

പാല്‍ നല്‍കി ഉറക്കിയാലും രാത്രിയില്‍ കുഞ്ഞ് ഉണര്‍ന്നു കരയുന്നു. ശരിക്കും വിശന്നിട്ടാണോ കുഞ്ഞുകരയുന്നത്?

വിശക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ രാത്രിയില്‍ ഉണര്‍ന്നു കരയാറുണ്ട്. എന്നാല്‍ മറ്റു ചില കാരണങ്ങളാലും കുഞ്ഞ് കരയാം. ഗ്യാസിന്റെ ശല്യമുണ്ടാകുമ്പോള്‍ കുഞ്ഞ് രാത്രിയില്‍ കരയാറുണ്ട്. ഈ സമയം പാല്‍ കൊടുത്താലും കുടിക്കില്ല. കുഞ്ഞിനെ തോളത്തിട്ടു വയര്‍ അമര്‍ത്തി പുറത്തു തട്ടുമ്പോള്‍ കരച്ചില്‍ നിന്നാല്‍ ഗ്യാസിന്റെ ശല്യം മൂലമാണു കുഞ്ഞ് കരഞ്ഞതെന്ന് മനസിലാക്കാം. കൂടാതെ ജലദോഷത്തിനു മുന്നോടിയായി ദേഹവേദന വരുമ്പോഴും കുഞ്ഞ് കരയും. അമ്മമാര്‍ കിടന്ന് പാലൂട്ടുന്ന കുഞ്ഞുങ്ങളില്‍ ചെവിവേദന ഉണ്ടാകും. മൂത്ര തടസവും കുഞ്ഞുങ്ങള്‍ കരയാന്‍ കാരണമാണ്. ഡോക്ടറെ കണ്ട് ഇവ പരിഹരിക്കണം. പാലൂട്ടുമ്പോള്‍ കുഞ്ഞിന്റെ വയര്‍ നിറഞ്ഞു എന്നു തോന്നിയാല്‍ ഉടന്‍ തന്നെ അവനെ ഉറക്കാന്‍ ശ്രമിക്കണം. കുറച്ച് രാത്രികളില്‍ ഇത് ആവര്‍ത്തിക്കുമ്പോള്‍ കുഞ്ഞ് ഇതുമായി പൊരുത്തപ്പെടും. ഇടയ്ക്കിടെ ഉണര്‍ന്നു പാല്‍ കുടിക്കാനുള്ള പ്രവണത കുറയും.

കുഞ്ഞ് രാത്രിയില്‍ ഇടയ്ക്കിടെ ഉണരുകയും അമ്മയെ മുറുകെപ്പിടിച്ചു കരയുകയും ചെയ്യുന്നു. എങ്ങനെ ഇത് ഒഴിവാക്കാം?

എട്ടു മാസമാകുമ്പോഴേക്കും കുഞ്ഞിനു കാര്യങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുണ്ടാകും. അമ്മയും താനും ഒരാളല്ല. രണ്ടു വ്യക്തികളാണെന്നു മനസിലായിത്തുടങ്ങുമ്പോള്‍ കുഞ്ഞ് ഇത്തരത്തില്‍ പെരുമാറും. സെപ്പറേഷന്‍ ആങ്സൈറ്റി എന്നാണ് ഇതിനു പറയുന്നത്. അമ്മ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന ഭയം കുഞ്ഞിനുണ്ടാകുന്നു. ഈ സ്വഭാവം രണ്ടു മൂന്നു ആഴ്ചകളോളം നീളാം. അമ്മ തന്നെ ഉപേക്ഷിക്കില്ലെന്നു തിരിച്ചറിവുണ്ടാകുന്നതോടെ ഇതിനു മാറ്റം വരും.

വിദേശങ്ങളില്‍ കുഞ്ഞുങ്ങളെ അമ്മമാരില്‍ നിന്നു മാറ്റിക്കിടത്തും എന്നു കേട്ടിട്ടുണ്ട്. കുഞ്ഞ് അമ്മയ്ക്കൊപ്പമാണോ ഉറങ്ങേണ്ടത്?

കുഞ്ഞിനെ മാറ്റികിടത്തുന്നതില്‍ ചില ഗുണങ്ങളുണ്ട്. കുഞ്ഞ് വേഗം സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തി നേടാന്‍ ഇതു സഹായിക്കും. എന്നാല്‍ കുഞ്ഞ് അമ്മയ്ക്കൊപ്പം ഉറങ്ങുന്നതാണ് നല്ലത്. പ്രത്യേകിച്ചും മുലയൂട്ടുന്ന കാലത്ത്. പക്ഷേ ഉറക്കത്തില്‍ അമ്മയുടെ ശരീരഭാഗങ്ങള്‍ കുഞ്ഞിനെ തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. അമ്മയുടെ മുറിയില്‍ മറ്റൊരു കട്ടിലില്‍ കുഞ്ഞിനെ കിടത്തുന്നതാണ് ഏറ്റവും സുരക്ഷിതം. കുഞ്ഞിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകുകയില്ല.

എത്ര നാള്‍ കഴിയുമ്പോള്‍ കുഞ്ഞിനെ തൊട്ടിലില്‍ കിടത്താം?

ജനിച്ച് ഒരുമാസത്തിനു ശേഷം കുഞ്ഞിനെ തൊട്ടിലില്‍ കിടത്തുന്നതാണ് നല്ലത്. തുണി തൊട്ടിലാണ് ഏറെ നല്ലത്. കാരണം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോഴു ള്ള അവസ്ഥയാണ് തുണിത്തൊട്ടിലില്‍ കിടക്കുമ്പോള്‍ കുഞ്ഞിനു കിട്ടുന്നത്.

കുഞ്ഞ് സുഖമായി ഉറങ്ങാന്‍?

കുഞ്ഞിന്റെ ഉറക്കത്തെ തടസപ്പെടുത്തുന്ന കാര്യങ്ങള്‍ ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. പ്രകാശവും ഉച്ചത്തിലു ള്ള ശബ്ദവും കുഞ്ഞുങ്ങളുടെ ഉറക്കത്തെ ബാധിക്കും. അമിതമായി സൂര്യപ്രകാശം കടക്കാതിരിക്കാന്‍ മുറിയില്‍ കര്‍ട്ടനിടാം. കുഞ്ഞുറങ്ങുന്ന സമയത്തു വീട്ടിലുള്ളവര്‍ കഴിവതും ശബ്ദമുണ്ടാക്കാതെ ശ്രദ്ധിക്കണം. പുറത്തു നിന്നുള്ള ശബ്ദങ്ങള്‍ ഉദാഹരണമായി വാഹനങ്ങളുടെ ഇരമ്പല്‍, മൃഗങ്ങളുടെ ശബ്ദം ഇവ കുഞ്ഞിന്റെ മുറിയിലെ ത്തുന്നുവെങ്കില്‍ കുഞ്ഞിനെ മുറി മാറ്റികിടത്തുന്നതാകും നല്ലത്. രാത്രിയില്‍ കുഞ്ഞിനു ഭക്ഷണം നല്‍കുന്നതോ ടൊപ്പം അവന്റെ ഡയപ്പറും മാറണം. മുറിയില്‍ ചെറിയ പ്രകാശം മതി. കുഞ്ഞിനോടു സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മുറിയില്‍ തീരെ പതിഞ്ഞ ശബ്ദമേ പാടുള്ളൂ. ഉറങ്ങാന്‍ കിടക്കുന്ന കുഞ്ഞിന്റെ കണ്ണിലേക്കു നോക്കരുത്. ഉറങ്ങാന്‍ കിടത്തിയശേഷം ഒരിക്കലും അമ്മയുമായിപ്പോലും കളികളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കരുത്. കുഞ്ഞിനെ പകല്‍ നേരങ്ങളില്‍ കഴിവതും കളിപ്പിക്കാന്‍ ശ്രമിക്കുക. ഇതു പകല്‍ സമയം കളിപ്പിക്കുന്നതാണെന്ന ബോധം അവനുണ്ടാകും. മാത്രമല്ല കൂടുതല്‍ സമയം ഉണര്‍ന്നിരിക്കാനും അവ നെ പ്രേരിപ്പിക്കും. ഇതിന്റെ ഫലമായി കുഞ്ഞു വൈകുന്നേരമാകുമ്പോള്‍ ക്ഷീണിത നാകുകയും നന്നായി ഉറങ്ങും. കുഞ്ഞിന്റെ രാത്രിയിലെ ഉറക്കം പകല്‍ സമയത്തെ മയക്കവും വേറിട്ട ഇടങ്ങളിലാക്കണം. കര്‍ട്ടന്‍ രാത്രി നേരങ്ങളില്‍ മാത്രം വലിച്ചിടുക

കരച്ചില്‍ കണ്ടാലറിയാം..

രാത്രി പന്ത്രണ്ടുമണി.സുഖമായി ഉറങ്ങി ക്കിടന്ന കുഞ്ഞ് പതിയെ ഒന്നു കരയുന്നു. മെല്ലെ മെല്ലെ കരച്ചിലിന്റെ സ്വഭാവം മാറി വരികയാണ്. പാലുകൊടുത്താല്‍ കുടിക്കില്ല, തൊട്ടിലാട്ടി യാല്‍ ഉറങ്ങില്ല. മുഖം ചുവന്ന്, ശ്വാസം കിട്ടാതെ പിടഞ്ഞ്.... എന്തു ചെയ്യണമെന്നറിയാതെ അമ്മമാര്‍ പതറി പ്പോയേക്കാം. ഈ സമയത്ത്. കുഞ്ഞിന് അരുതാത്തതെന്തെങ്കിലും സംഭവിക്കുമോ എന്നോര്‍ത്ത് ഡോക്ടറുടെയടുത്തേയ്ക്ക് ഓടിയെത്താറുണ്ട് ചിലര്‍. സത്യത്തില്‍ കുഞ്ഞിന്റെ എല്ലാ കരച്ചിലും അപകടകാരി ആയിരിക്കുകയേയില്ല. വിശക്കുമ്പോള്‍ കുഞ്ഞു കരയുന്നത് അമ്മമാര്‍ക്ക് ഒറ്റനോട്ടത്തില്‍ അറിയാന്‍ കഴിയാറില്ലേ? ഡയപ്പറോ തുണിയോ നനയുമ്പോഴും ചൂടോ തണുപ്പോ അധികമായി അനുഭവപ്പെട്ടാലും കുഞ്ഞ് നിറുത്താതെ കരയാറുണ്ട്. കരച്ചില്‍കേട്ടു വേവലാതിപ്പെടാതെ മറ്റു ലക്ഷണ ങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് അമ്മ ആദ്യം ചെയ്യേണ്ടത്.

വേദനമൂലമുള്ള കരച്ചില്‍

ഓരോ തവണയും പാലിനൊപ്പം ധാരാളം വായുവും കുട്ടി വലിച്ചു വയറ്റിലേക്കെത്തിക്കുന്നുണ്ട്. ശരിയായ രീതിയില്‍ പുറത്തുതട്ടി ഈ വായു പുറത്തുകളഞ്ഞില്ലെങ്കില്‍ കുട്ടിക്ക് കടുത്ത വയറുവേദനയുണ്ടാവാന്‍ സാധ്യതയുണ്ട്. അപ്പോള്‍ കുഞ്ഞു വേദനിച്ചു പുളഞ്ഞുകരയും. വയറ്റത്തുകൊട്ടിനോക്കിയാല്‍ വായുകെട്ടി വീര്‍ത്തുനില്‍ക്കുന്നത് അറിയാന്‍ കഴിയും.പ്രസവശേഷം ആശുപത്രിയില്‍ നിന്നും പോരുംമുമ്പേ കുട്ടിയെ ശരിയായ രീതിയില്‍ തോളില്‍ കിടത്തി വായു കളയുന്നതെങ്ങനെയെന്ന് ചോദിച്ചു മനസിലാക്കണം. വയറ്റില്‍ കെട്ടി നില്‍ക്കുന്ന വായു പുറത്തു പോവുന്നതോടെ കുഞ്ഞിന്റെ കരച്ചില്‍ പിടിച്ചുകെട്ടിയതുപോലെ നില്‍ക്കും.ചെവിക്കുള്ളിലുണ്ടാകുന്ന പഴുപ്പ് മൂലവും കുട്ടികള്‍ നിറുത്താതെ കരയും. മിക്കവാറും രാത്രിയിലായിരിക്കും ഇതു സംഭവിക്കുക.

വേദനയുള്ള ചെവി, കുട്ടി ഇടയ്ക്കിടെ തൊട്ടുകൊണ്ടിരിക്കും. ജലദോഷം പിടിപെടുന്ന സന്ദര്‍ഭത്തിലാണ് സാധാര ണയായി ഇതുണ്ടാവുന്നത്. നാസാദ്വാരങ്ങള്‍ അടയുന്നതുമൂലം കുട്ടി വിമ്മിഷ്ടപ്പെടുന്നതു കാണാം.വളരെ നേര്‍ത്ത ഉപ്പുവെള്ളം ഇടയ്ക്കിടെ ഒന്നോ രണ്ടോ തുള്ളി നാസാദ്വാരങ്ങളിലൊഴിച്ചു കൊടുത്താല്‍ ശ്വാസതടസവും ഒരു പരിധി വരെ ചെവിയുടെ വേദനയും കുറയും. കഴിയുന്നതും വേഗം ഒരു ഡോക്ടറെ കാണിച്ച് ആന്റിബയോട്ടിക് നല്‍കേണ്ടത് ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്. ചെവിയുടെ പാട പൊട്ടി പഴുപ്പു പുറത്തുവന്നാല്‍ വേദന അതോടെ ശമിക്കുമെങ്കി ലും ദീര്‍ഘ നാളത്തെ ചികിത്സ കൊണ്ടു മാത്രമേ പിന്നീട് കര്‍ണപുടം പൂര്‍വസ്ഥിതിയിലാവൂ.

പനിയും രക്തം പോക്കുമുണ്ടായാല്‍

ചിലപ്പോള്‍ കളിച്ചു ചിരിച്ചു കിടന്ന കുട്ടി ഒരു മുന്നറിയിപ്പുമില്ലാതെ കടുത്ത വേദനകൊണ്ടു പുളഞ്ഞു കരയാറുണ്ട്. ചെറിയ പനി, ഛര്‍ദ്ദി, ജെല്ലിപോലെ രക്തം വയറ്റില്‍ നിന്നു പോവുക എന്നീ ലക്ഷണങ്ങള്‍ ഒപ്പം കാണാം. അടിയന്തി രമായ വിദഗ്ധചികിത്സ ലഭിക്കേണ്ട അസുഖമാണ് ഇത്. കുടലിന്റെ ഒരു ഭാഗം കുടലിന്റെ തൊട്ടടുത്ത ഭാഗത്തിന്റെ ഉള്ളിലേക്കു പോവുന്നതുമൂലമാണ് ഇതു സംഭവിക്കുന്നത്. ചിലപ്പോള്‍ ശസ്ത്രക്രിയ ആവശ്യമായേക്കാം. ഇന്റുസസപ്ഷന്‍ എന്നാണ് ഇതറിയപ്പെടുന്നത്. മൂത്രമൊഴിച്ചുകൊണ്ടിരിക്കുന്ന കുട്ടി നിറുത്താതെ കരയുകയാണെ ങ്കില്‍ അതു മൂത്രക്കുഴലിലെ പഴുപ്പുമൂലമാവാം.

ഇതു മനസിലാക്കാന്‍ കുട്ടിയുടെ മൂത്രം പരിശോധിക്കേണ്ടതുണ്ട്. പഴുപ്പുണ്ടെങ്കില്‍ കൃത്യമായ മരുന്നുകളും നല്‍ക ണം.മസ്തിഷ്കജ്വരബാധിതരായ കുട്ടികള്‍ അസാധാരണമായ രീതിയില്‍ നിറുത്താതെ കരയുകയും പനി, ഛര്‍ദ്ദി, അസ്വാസ്ഥ്യം എന്നീ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യും. കുറച്ചു സമയം കഴിയുമ്പോഴേക്കും കുട്ടിയുടെ ഉച്ചിയി ലെ പതുപ്പ് പതുക്കെപ്പതുക്കെ ഉയര്‍ന്നുവരാം. ഈ ലക്ഷണം ഒരു വിപല്‍സൂചനയാണ്. അടിയന്തിരമായി ചികിത്സ ലഭിച്ചില്ലെങ്കില്‍ കുട്ടിക്കു മരണം പോലും സംഭവിക്കാവുന്ന ഒരു അവസ്ഥയാണിത്.

വൈകല്യം തിരിച്ചറിയാന്‍

നവജാത ശിശുവിന്റെ കരച്ചില്‍ ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ ഗുരുതര വൈകല്യങ്ങള്‍ പോലും തിരിച്ചറിയാം. വിദഗ്ദ്ധനായ ഒരു ശിശുചികിത്സാവിദഗ്ധനേ ഇതു പെട്ടെന്നു കഴിയൂ എന്നു മാത്രം. തലച്ചോറുസംബന്ധമായ ചില വൈകല്യങ്ങള്‍ ഉള്ള കുട്ടികളുടെ കരച്ചില്‍ ഉയര്‍ന്ന സ്ഥായിയില്‍ ആയിരിക്കും.

തൈറോയ്ഡ് ഗ്രന്ഥിക്ക് തകരാറുള്ള കുട്ടിയുടെ കരച്ചില്‍ അസാധാരണമായ രീതിയില്‍ പരുപരുത്താതാവാനിട യുണ്ട്. പേശീസംബന്ധമായ അസുഖങ്ങളുള്ള കുട്ടികളും പ്രത്യേക രീതിയില്‍ കരയാറുണ്ട്. ശക്തി കുറഞ്ഞ് ഒച്ചയില്ലാതെ കരയുന്ന കുട്ടി പേശീവൈകല്യമുള്ള കുട്ടിയാവാം. പൂച്ച കരയും പോലെ കരയുന്നത് ക്രോമസോം വൈകല്യം കൊണ്ടുണ്ടാവുന്ന "ക്യാറ്റ് - ക്രൈ - സിന്‍ഡ്രാം" എന്ന അസുഖമുള്ള കുട്ടിയാവാം.

വെറുതേകരയുന്ന കുട്ടികള്‍

ഒരു കാരണവും കൂടാതെ കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയാറുണ്ട്. മൂന്നു മാസം മുതല്‍ ആറു മാസം വരെ പ്രായമുള്ള കുട്ടികള്‍ സന്ധ്യാനേരങ്ങളില്‍ കരയുന്നതു സാധാരണമാണ്. "ത്രീ മന്ത് കോളിക്" എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണ ഗതിയില്‍ ഒരു നവജാതശിശു ആദ്യത്തെ രണ്ടാഴ്ചക്കാലം ദിവസം ശരാശരി രണ്ടു മണിക്കൂറും ആറാഴ്ചവരെ ദിവസേന ശരാശരി മൂന്നുമണിക്കൂറും കരയും.

പന്ത്രണ്ടാഴ്ച പ്രായമാവുമ്പോഴേക്ക് കരച്ചിലിന്റെ ദൈര്‍ഘ്യം കുറഞ്ഞു ദിവസേന ശരാശരി ഒരു മണിക്കൂറാവും. ചിലപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ നിങ്ങളുടെ ലാളനത്തിനു വേണ്ടിയുള്ള ഒരു കുഞ്ഞു കൈനീട്ടലായിട്ടാവാം. അതു തിരിച്ചറിയുകയും കുഞ്ഞിനെ സ്നേഹത്തോടെ താലോലിക്കുകയും ചെയ്യുക. സാധാരമല്ലാത്ത രീതിയില്‍ കുഞ്ഞു കരയുന്നു എന്നു തോന്നിയാല്‍ ഒരു ശിശുചികിത്സാവിദഗ്ധന്റെ സഹായം തേടാന്‍ അമാന്തിക്കുകയുമരുത്.

ഡോ. എം. മുരളിധരന്‍, ശിശുരോഗ വിദഗ്ദ്ധന്‍, താലൂക്ക് ആശുപത്രി, വടകര, കോഴിക്കോട്

കുഞ്ഞിന് കുറുക്ക്...

കുഞ്ഞിനു ആറു മാസം പൂര്‍ത്തിയാകുമ്പോ ള്‍ കുറുക്കു നല്‍കി തുടങ്ങാം.കുഞ്ഞുങ്ങള്‍ക്ക് കട്ടിയാഹാരത്തിലേയ്ക്കു ളള ആദ്യ പടിയാണ് കുറുക്ക്. പോഷക സമ്പുഷ്ടമാ യും വൃത്തിയായും കുറുക്ക് തയാറാക്കണം. വിപണിയിലെ കുറുക്കുകളെ മാത്രം ആശ്ര യിക്കാതെ വീട്ടില്‍ കുറുക്ക് തയാറാക്കുന്ന താണ് നല്ലത്.

കുറുക്ക് തയാറാക്കേണ്ടത്

കുഞ്ഞുങ്ങള്‍ക്ക് ആറുമാസം പൂര്‍ത്തിയാകുമ്പോഴാണ് കുറുക്ക് നല്‍കേണ്ടത്. കട്ടിയാഹാരം വിഴുങ്ങാനുളള കഴിവ് ആറുമാസമാകുമ്പോഴേ ലഭിക്കൂ. മുലപ്പാലിനൊപ്പം കുഞ്ഞിന്റെ വളര്‍ച്ചയ്ക്കാവശ്യമായ മറ്റു പോഷകങ്ങളും കുറുക്കിലൂടെ ലഭിക്കേണ്ടതാണ്.

എന്നും ഒരേ തരം കുറുക്ക് മടുപ്പുണ്ടാക്കും.

ഓരോ ആഴ്ചയിലും വ്യത്യസ്ത രുചിയും പോഷകഗുണവുമുളള കുറുക്കുകള്‍ മാറി നല്‍കാം. റാഗി കുറുക്ക് വളരെ നല്ലതാണ്. റാഗിയില്‍ അന്നജവും പ്രോട്ടീനും ഇരുമ്പും കാല്‍സ്യവും ഉണ്ട്. ഇത് പൊടിച്ച് സൂക്ഷിച്ച് ആവശ്യത്തിന് കുറുക്കി നല്‍കാം. വിലയും കുറവാണ്. ചോറ് മിക്സിയിലരച്ച് നല്‍കാം. അരി ദഹിക്കാന്‍ എളുപ്പമാണ്. ഏത്തയ്ക്കാ പ്പൊടി കുറുക്കിയും പഴുത്ത ഏത്തയ്ക്ക പുഴുങ്ങി അകത്തെ നാര് നീക്കി ഉടച്ചും നല്‍കാം. ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചുനല്‍കണം. ചോറും വെന്ത പരിപ്പും ചേര്‍ത്ത് അരച്ചു നല്‍കാം. ചോറും പുഴുങ്ങിയ ചെറുപയറും ചേര്‍ത്ത് അരച്ചും നല്‍കാവുന്നതാണ്. അധികം നാരില്ലാത്ത ധാന്യങ്ങളും കാരറ്റ്, ബീറ്റ്റൂട്ട് എന്നീ പച്ചക്കറികളും വെന്തുടച്ചത് നല്‍കാം.

നല്‍കേണ്ടത്

കുറുക്ക് അര്‍ദ്ധഖരാവസ്ഥയിലായിരിക്കണം. മൃഗങ്ങളിലെ പ്രോട്ടീന്‍ ഒഴിവാക്കാനായി കുറുക്കില്‍ പാല്‍ ചേര്‍ക്കണ്ട. ഇത് വിളര്‍ച്ച വരാനിടയാക്കും. കുറുക്ക് വിരല്‍ കൊണ്ടോ സ്പൂണ്‍ കൊണ്ടോ നല്‍കാം. രുചിക്കായി പഞ്ചസാര ചേര്‍ക്കാം. പഞ്ചസാരയേക്കാള്‍ നല്ലത് ശര്‍ക്കരയും കരിപ്പെട്ടിയുമാണ്. ഇവയില്‍ അയണും ബികോംപ്ളക്സും ധാരാളമുണ്ട്.

ശ്രദ്ധിക്കൂ

കുറുക്ക് നല്‍കേണ്ട സമയത്ത് തയാറാക്കിയാല്‍ മതി. രാവിലെ തയാറാക്കിയ കുറുക്ക് ദിവസം പലതവണ നല്‍കി യാല്‍ അണുബാധ ഉണ്ടാകാം. കുറുക്ക് ഫ്രിഡ്ജില്‍ വയ്ക്കുന്നത് നല്ലതല്ല, തുറന്നു വയ്ക്കുകയുമരുത്. കുഞ്ഞിന്റെ കൈ വൃത്തിയാക്കിയാല്‍ കുഞ്ഞിനും കുറുക്ക് സ്വയം കഴിക്കാം. ചില കുഞ്ഞുങ്ങള്‍ക്ക് കുറുക്ക് സ്വയം കഴിക്കാനി ഷ്ടമുണ്ടാകും. അവരെ തനിയെ ആഹാരം കഴിക്കാന്‍ അനുവദിക്കുക. ഇത് സ്വ യം പ്രാപ്തമായ ആഹാരശീലത്തി ലേക്ക് കുഞ്ഞുങ്ങളെ നയിക്കുന്നു.കഴിയുന്നതും അമ്മ തന്നെ കുഞ്ഞിന് കുറുക്ക് നല്‍കണം. കൈകള്‍ നന്നായി വൃത്തിയാക്കിയിട്ട് കൈ കൊണ്ടോ, സ്പൂണ്‍ കൊണ്ടോ നല്‍കാ വുന്നതാണ്. വീട്ടിലെ മറ്റംഗങ്ങള്‍ കുഞ്ഞിന് കുഞ്ഞിന് ആഹാ രം നല്‍കുന്ന സാഹചര്യം സാധിക്കുമെങ്കില്‍ ഒഴിവാക്കുക.കുഞ്ഞിനെ മലര്‍ത്തി ക്കിടത്തി കുറുക്ക് നല്‍കരുത്. കുഞ്ഞിന് ശ്വസം മുട്ടലും ഭയപ്പാടും വരാം. ഇതേത്തുടര്‍ന്നു കുഞ്ഞ് ആഹാരത്തോട് അകല്‍ച്ച കാണിക്കാ നിയാകും. പതിയെ ധാരാളം സമയമെടുത്ത് കുറുക്ക് നല്‍കിയാല്‍ മതി. കുഞ്ഞ് ആഹാരം ഇഷ്ടപ്പെട്ട് കഴിക്കുകയാ ണ് പ്രധാനം.

ടിന്‍ഫുഡ് അറിയേണ്ടത്

ടിന്നിലടച്ച് വിപണിയില്‍ ലഭിക്കുന്ന കട്ടിയാഹാരത്തില്‍ പശുവിന്റെ പാലും മറ്റും ചേര്‍ത്തിട്ടു ണ്ടാകും. അതു കൊണ്ടു തന്നെ ഒരു വയസി നു മുന്‍പ് ഇത്തരം കട്ടിയാഹാരം നല്‍കേണ്ട. എന്നാല്‍ മൃഗങ്ങളുടെ പാല്‍ ചേരാത്ത ടിന്‍ഫുഡും ലഭ്യമാണ്. അത്യാവശ്യമെങ്കില്‍ അവ നല്‍ കാം. എളുപ്പത്തില്‍ തയാറാക്കാമെന്നതാണ് ടിന്‍ഫുഡുകളുടെ നേട്ടം. എന്നാല്‍ ചെലവ് വീട്ടില്‍ കുറുക്ക് തയാറാക്കുന്ന തിനേക്കാള്‍ വളരെ കൂടുതലാണ്. ചുരുക്കിപ്പറഞ്ഞാല്‍ സൌകര്യ മാണ് ഇവയുടെ പ്രധാന ആകര്‍ഷണ ഘടകം.വിറ്റമിന്‍, ധാതുക്കള്‍ എന്നിവയെല്ലാ മടങ്ങിയ ടിന്‍ ഫുഡ് പോഷക സമൃദ്ധമാണ്. വൃത്തിയുളള സാഹചര്യ ത്തിലാണ് അത് തയാറാക്കുന്നതും. ചെലവു കൂടുതലായതിനാല്‍ സാമ്പ ത്തിക ശേഷി കുറവുളള അമ്മമാര്‍ ടിന്‍ഫുഡ് അല്‍പാല്‍പമായി നല്‍കും. ഇത് അനാരോഗ്യകരമായ പ്രവണതയാ ണ്.

വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ. എസ്. ലത , സൂപ്രണ്ട്, പ്രൊഫ. ആന്‍ഡ് ഹെഡ്, ഡിപാര്‍ട്ട്മെന്റ് ഓഫ് പീഡിയാട്രിക്സ്, ഇന്‍സിറ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ്ഹെല്‍ത്ത്,മെഡിക്കല്‍ കോളജ്, കോട്ടയം.

വാവയ്ക്കിത്ര വണ്ണംവേണോ?

പൊണ്ണത്തടി കേരളത്തിലെ കുട്ടികളെയും ബാധിച്ചിരിക്കുന്നു. കുട്ടികളിലെ പോഷകാഹാരക്കുറവിനെ എന്നപോലെ തന്നെ ഇന്ന് അമിതപോഷണത്തെയും ഭയപ്പെടേണ്ട അവസ്ഥയിലാണ്.മുമ്പ് ഗള്‍ഫ് ബേബി എന്നൊരു പ്രയോഗമുണ്ടായിരുന്നു. ഗള്‍ഫ് നാടുകളില്‍ ജനിച്ചു വളരുന്ന അമിതവണ്ണമുള്ള കുട്ടികളെ നാട്ടിലുള്ള മലയാളികള്‍ അങ്ങനെ വിശേഷിപ്പി ച്ചിരുന്നു.ഇന്നു ചില കേരള കുട്ടികളെയും ഗള്‍ഫ് കുട്ടികളെയും കണ്ടാല്‍ വ്യത്യാസം അത്ര പ്രകടമല്ല. പൊണ്ണത്തടി കേരളത്തിലെ കുട്ടികളെയും ബാധിച്ചിരിക്കുന്നു. കുട്ടികളിലെ പോഷകാഹാരക്കുറവിനെ എന്നപോലെ തന്നെ ഇന്ന് അമിതപോഷണത്തെയും ഭയപ്പെടേണ്ട അവസ്ഥയിലാണ്.

ജനിക്കുമ്പോള്‍ മുതല്‍ അമിതശ്രദ്ധ ഇന്നത്തെ കുട്ടി നേടുന്നുണ്ട്. പോഷകമൂല്യം കൂടിയ ഭക്ഷ്യവസ്തുക്കള്‍ കുത്തിക്കയറ്റിയാണ് കുട്ടിയെ വളര്‍ത്തുന്നത്. പിന്നീട് മുതിര്‍ന്നവരുടെ അതേ ആഹാര രീതിയും ജീവിതരീതിയും കുട്ടിയും പിന്തുടരുന്നു. മധുരവും കൊഴുപ്പും കൂടുതലുള്ള കലോറിമൂല്യം കൂടിയ ആഹാരപദാര്‍ഥങ്ങളും കോളകളും സിന്തറ്റിക് പാനീയങ്ങളുമെല്ലാമാണ് ഇന്നു കുട്ടികളുടെ ദൌര്‍ബല്യം. പച്ചക്കറി, പയര്‍വര്‍ഗങ്ങള്‍, നാടന്‍ ഫലങ്ങള്‍ എന്നിവയ്ക്ക് അവരുടെ തീന്‍മേശയില്‍ ഇടമില്ല. പഫ്സും കട്ലറ്റും ബര്‍ഗറും മീറ്റ്റോളും സോസുമെല്ലാം ആ സ്ഥാനം നേടി.

ഈ അധിക കലോറി എരിച്ചുകളയാനുള്ള ശാരീരികാധ്വാനം കുട്ടികളുടെ ജീവിതത്തിലും ഇല്ല. കായികാധ്വാനം വേണ്ട കളികള്‍ കുറഞ്ഞു. ആ സമയം പഠനത്തിനു ചെലവഴിക്കാന്‍ അവര്‍ക്കുമേല്‍ സമ്മര്‍ദവുമുണ്ട്. സ്കൂളുകള്‍ പെരുകിയപ്പോള്‍, കിലോമീറ്ററുകളോളം നടന്നുപോകേണ്ട ആവശ്യമില്ലാതായി. ചെറിയ ദൂരങ്ങളാണെങ്കിലും വാഹനത്തിലേ പോകൂ. അങ്ങനെ മേലനങ്ങാതെ അവരും ചീര്‍ത്തുവരുന്നു.

പിന്നാലെ രോഗങ്ങളും.അമിതവണ്ണവും വളര്‍ച്ചയുമുള്ള പെണ്‍കുട്ടികള്‍ താരതമ്യേന കൂടുതല്‍ അപകര്‍ഷതാ ബോധം പേറുന്നതായാണു കാണുന്നത്. ഇത്തരം പെണ്‍കുട്ടികള്‍ വളരെ നേരത്തേ, ഒന്‍പതാംവയസിനകം ,  പ്രായ പൂര്‍ത്തി യാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മാനസികവളര്‍ച്ചയും പക്വതയും നേടുംമുമ്പേ പ്രായപൂര്‍ത്തി യാകുന്നത് അരക്ഷിതബോധത്തിനും മറ്റു മാനസികപ്രശ്നങ്ങള്‍ക്കും വഴിതെളിച്ചേക്കാം. ഇത്തരം കുട്ടികള്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാകാനും സാധ്യത കൂടുതലാണ്.

ജനിക്കുമ്പോള്‍ 4.5 കിലോഗ്രാമില്‍ കൂടുതല്‍ തൂക്കമുള്ള കുട്ടികള്‍ പിന്നീട് അതേപോലെ വളരുകയാണെങ്കില്‍ ഡോക്ടറുടെ സഹായത്തോടെ തൂക്കം നിയന്ത്രിക്കുന്നതായിരിക്കും അഭികാമ്യം. നല്ല ശാരീരിക വളര്‍ച്ചയുള്ള കുട്ടികളുടെ ബോഡി മാസ് ഇന്‍ഡക്സ് നിരീക്ഷിക്കുകയും പരിധി കടക്കുന്ന സൂചനയുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം നേടുകയും വേണം. കുട്ടികളെ സദാസമയവും വീട്ടിനുള്ളിലും സ്കൂളിലും പിടിച്ചിരുത്താതെ, വ്യായാമം കിട്ടുന്ന കളികളില്‍ വ്യാപൃതരാക്കണമെന്നും ചെറിയ ദൂരങ്ങള്‍ നടന്നുപോകാന്‍ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ശീലിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

ഭാരക്കുറവും പ്രശ്നം

യൂനിസെഫിന്റെ സഹകരണത്തോടെ തിരുവനന്തപുരം ചൈല്‍ഡ് ഡവലപ്മെന്റ് സെന്റര്‍ (സി.ഡി.എസ്.) നടത്തിയ പഠനമനുസരിച്ച് കേരളത്തില്‍ 18.4% കുട്ടികള്‍ ആവശ്യത്തിനു ശരീരഭാരം (2.5 കിലോഗ്രാം) ഇല്ലാതെയാണു ജനിക്കുന്നത് (ഇന്ത്യയില്‍ 30.4% ആണ് ഈ നിരക്ക്). ആരോഗ്യരംഗത്തു മുന്‍നിര  സംസ്ഥാനമായ കേരളത്തിലും കൂഞ്ഞുങ്ങളുടെ ഭാരക്കുറവ് (ലോ ബര്‍ത്ത് വെയ്റ്റ് ബേബീസ് അഥവാ എല്‍.ബി.ഡബ്ളു ബേബീസ്) ഗൌരവമേറിയ ഒരു പ്രശ്നമാണെന്ന് ഈ പഠനം വെളിപ്പെടുത്തുന്നു.

തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളെ അടിസ്ഥാനമാക്കിയായിരുന്നു സി.ഡി.എസിന്റെ പഠനം. ഭാരക്കുറവോടെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയായിരുന്നു ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നില്‍ ഇടുക്കി. മലപ്പുറത്ത് 20 % കുഞ്ഞുങ്ങള്‍് 1.52.5 കിലോഗ്രാം ഭാരപരിധിയില്‍ ജനിക്കുന്നു എന്നായിരുന്നു പഠന  നിഗമനം.

ഇടുക്കിയില്‍ ഇത് 19.9%, കോഴിക്കോട് 18.4%, തിരുവനന്തപുരത്ത് 12.3% എന്നിങ്ങനെയും കണ്ടെത്തി. തൂക്കക്കുറ വുള്ള കുഞ്ഞുങ്ങള്‍ പ്രധാനമായും രണ്ടു വിഭാഗത്തില്‍പെടുന്നു. 1. മാസം തികയാതെ ജനിക്കുന്ന കുഞ്ഞ്. 2. ഗര്‍ഭാവസ്ഥയില്‍ വളര്‍ച്ച മുരടിച്ച കുഞ്ഞ്(പ്രസവം മാസം തികഞ്ഞായിരിക്കും, പക്ഷേ കുഞ്ഞിന് 2.5 കിലോഗ്രാം ഭാരം ഉണ്ടാകില്ല).

തൂക്കം കുറയാന്‍  കാരണങ്ങള്‍

1. അമ്മയുടെ വളര്‍ച്ചാമുരടിപ്പ് (40 കിലോയില്‍ കുറഞ്ഞ തൂക്കവും 145 സെന്റീമീറ്ററില്‍ കുറഞ്ഞ ഉയരവും ഉള്ള സ്ത്രീകള്‍).2. ഗര്‍ഭാവസ്ഥയിലെ വിളര്‍ച്ച, പോഷകാഹാരക്കുറവ്, ഉയര്‍ന്ന രക്തസമ്മര്‍ദം, കഠിനാധ്വാനവും വിശ്രമക്കുറവും, അമ്മയ്ക്കുണ്ടാകുന്ന അണുബാധ (റൂബല്ല അഥവാ ജര്‍മന്‍ മീസില്‍സ്, ടോക്സോപ്ളാസ്മോസിസ്, ക്ഷയം, മലേറിയ തുടങ്ങിയ രോഗങ്ങളും എച്ച്. ഐ.വി. ബാധയും )

3. കൌമാരപ്രായത്തിലെ വിവാഹവും ഗര്‍ഭധാരണവും.

4. ഒരേസമയം ഒന്നിലേറെ കുഞ്ഞുങ്ങളെ ഗര്‍ഭംധരിക്കല്‍.

5. മാസം തികയാതെയുള്ള പ്രസവം, അടുപ്പിച്ചുള്ള പ്രസവം.

തൂക്കക്കുറവ് മൂലമുള്ള പ്രശ്നങ്ങള്‍

ഇത്തരം കുഞ്ഞുങ്ങള്‍ സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ചു വളര്‍ ച്ചയിലും ബുദ്ധിവികാസത്തിലും പിന്നിലാവാന്‍ സാധ്യതയുണ്ട്. നവജാത ശിശുക്കളുടെ കാര്യത്തില്‍ പാല്‍ വലിച്ചു കുടിക്കാന്‍ ബുദ്ധിമുട്ട്, അണുബാധയ്ക്കു കൂടുതല്‍ സാധ്യത, ശരീര താപനില നിയന്ത്രിക്കാന്‍ കഴിയാതെ വരിക, ശ്വാസതടസം/ ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണു പ്രധാന പ്രശ്നങ്ങള്‍. ബുദ്ധിക്കുറവ്, ചലനവൈകല്യം, കേള്‍വിസംസാരംകാഴ്ചാ വൈകല്യം, ചലന വൈകല്യം, പെരുമാറ്റ വൈകല്യങ്ങള്‍, പഠനവൈകല്യങ്ങള്‍ എന്നിവയ്ക്ക് പിന്നീട് ഈ കുട്ടികള്‍ക്കു സാധ്യത കൂടുതലാണെന്നും സി.ഡി.എസിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു.

അല്‍പനേരം ഒന്നടങ്ങിയിരുന്നൂടെ?

വികൃതികാണിച്ചാല്‍ അടിച്ചു തുടപൊളിക്കേണ്ട. സ്നേഹം നിരസിച്ചാല്‍ മതി. വാശി അവഗണിക്കാം. വൃത്തിശീല ങ്ങളും ഇപ്പോള്‍ പഠിപ്പിക്കണം.പാത്രത്തില്‍ വിളമ്പിവച്ച ഭക്ഷണം കാണുമ്പോള്‍ തന്നെ 'എനിക്കു വേണ്ടാാാ... എന്നുകരച്ചില്‍. പിന്നെ അമ്മയും കുഞ്ഞുംതമ്മില്‍ ഒരു ടോം ആന്‍ഡ് ജെറി കളിയാണ്. എങ്ങനെയും കഴിപ്പിച്ചേ അടങ്ങൂ എന്നമ്മ. എന്തുവന്നാലും കഴിക്കില്ലെ ന്ന വാശി കുഞ്ഞിനും.മാസ ങ്ങള്‍ക്കു മുമ്പ് എപ്പോഴും പാലുകുടിക്കാന്‍ വാശിപിടിച്ചു കരഞ്ഞ കുഞ്ഞുതന്നെയോ ഇതെന്ന് അമ്മ ഇടയ്ക്കിടെ നെടുവീര്‍പ്പിടും. കുഞ്ഞിന്റെ ലോകം വലു തായപ്പോ ള്‍ പുതിയ ഇഷ്ടങ്ങളും താത്പര്യങ്ങളും ഉണ്ടാവുകയാണ്. മുഴുവന്‍ സമയവും കളിയില്‍ മുഴുകുമ്പോള്‍ പിന്നെ ഭക്ഷണവും ഉറക്കവും എല്ലാം കുറയും.പല കാരണംകൊണ്ടും കുഞ്ഞു ഭക്ഷണത്തോടു മടി കാണിക്കും. ചൂടുകൂടുതലോ കുറവോ ആയിരിക്കുക, ആവശ്യത്തില ധികം ഭക്ഷണം മുന്നിലെത്തുക ഇതെല്ലാം കാരണമാണ്. ഏറെ പോഷകഗുണം കിട്ടട്ടെ എന്നു കരുതി വേവിക്കാതെ പച്ചക്കറികളും മറ്റും കൊടുക്കുതാല്‍ കുട്ടി പിന്നെ ഭക്ഷണത്തിന്റെ ഏഴയലത്തു വരില്ല.

ഹായ്...ഇങ്ങനെ കഴിക്കാന്‍ നല്ല രസം

കുട്ടി ഭക്ഷണം കഴിക്കാന്‍ മടിച്ചാല്‍ അക്ഷയപാത്രം പരീക്ഷിക്കാം. കഴിക്കാത്ത കുഞ്ഞുങ്ങളെ കഴിപ്പിക്കാനുളള ഒരു ടെക്നിക്കാണിത്. ഭംഗിയുളള കൌതുകം തോന്നുന്ന ഒരു ചെറിയ പാത്രം കുട്ടിക്കു വാങ്ങിക്കൊടുക്കാം. ഇടക്കിടെ അതില്‍ ഭക്ഷണം നിറച്ചു കളിക്കുന്നിടന്നുതന്നെ വെച്ചുകൊടുക്കാം. എപ്പോഴും മുതിര്‍ന്നവര്‍ കഴിക്കുന്നതു തന്നെ കഴിക്കാന്‍ നിര്‍ബന്ധിക്കേണ്ട കുട്ടിക്കിഷ്ടമുളള ന്യൂഡില്‍സോ പലഹാരങ്ങളോ ആവാം. പക്ഷേ, എല്ലാ പോഷക ങ്ങളും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. ധാന്യങ്ങളും കിഴങ്ങുവര്‍ഗങ്ങളും പച്ചകറികളും പഴങ്ങളുമെല്ലാം ചേര്‍ത്ത് ഇവ തയാറാക്കാം. പാത്രത്തിലെ ഭക്ഷണം തീരുമ്പോള്‍ വീണ്ടും നിറച്ചുകൊടുക്കാം.

എളുപ്പത്തിനുവേണ്ടി ഭക്ഷണം മിക്സിയിലടിച്ചു ദ്രാവകരൂപത്തില്‍ പാല്‍ക്കുപ്പിയിലൂടെ കൊടുക്കുന്നത് ഒട്ടും നന്നല്ല. ശരിയായ ഭക്ഷണ ശീലം രൂപപ്പെടുത്താന്‍ ഇത് തടസമാവും. ഒരേതരം ഭക്ഷണം മുന്നില്‍ വിളമ്പിവച്ചു നിര്‍ബന്ദിച്ചു കഴിപ്പിക്കുന്നതിനേക്കാ ള്‍ നല്ലതു. പല ഭക്ഷണം കാണിച്ച് അതില്‍ നിന്നു കുട്ടിക്ക് ഇഷ്ടമുളളതു തിരഞ്ഞെടുക്കാന്‍ അവസരം കൊടുക്കുന്നതാണ്. ഭക്ഷണം തയാറാക്കുമ്പോള്‍ കുട്ടിയെക്കൂടി ഒപ്പം കൂട്ടിയാല്‍ അതു കഴിക്കാന്‍ നിര്‍ബന്ധിക്കേണ്ട. പലപ്പോഴായി കുറച്ചു കുറച്ചു ഭക്ഷണം കൊടുക്കാം.

ശ്വാസകോശത്തില്‍ തടയാന്‍ സാദ്ധ്യതയുളള കപ്പലണ്ടി, മിക്സ്ചര്‍, അരിയുളള മുന്തിരി തുടങ്ങിയ ഭക്ഷണസാധ നങ്ങള്‍ രണ്ടുവയസു വരെ കൊടുക്കരുത്. കോഴിയിറച്ചി, മീന്‍ ഇവ നല്‍കുമ്പോള്‍ ചെറിയ എല്ലുകളും മുളളുമെല്ലാം മാറ്റാന്‍ ശ്രദ്ധിക്കുക. വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ മടിക്കുന്ന കുട്ടി ചിലപ്പോള്‍ മറ്റുകുട്ടികളുടെ ഒപ്പം കൂടുമ്പോള്‍ നന്നായി ഭക്ഷണം കഴിക്കും. അതുകൊണ്ടു പ്ളേസ്കൂളില്‍ വിടുമ്പോള്‍ ഭക്ഷണം കൊടുത്തു വിടാം. ഭക്ഷണം കഴി ച്ചാല്‍ പുതിയ പാവക്കുട്ടിയെ വാങ്ങിത രാം എന്ന രീതിയിലുളള സമീപവം ഒരിക്കലും ഉണ്ടാവരുത്.

ടിവി കാണ ിച്ചു കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നതു പൊണ്ണത്തടി ഉണ്ടാക്കും. കുട്ടിക്ക് ഒരുവയസാവുമ്പോള്‍ ജനിച്ചപ്പോഴുണ്ടായ തൂക്കത്തിന്റെ മൂന്നിരട്ടി ശരീരഭാരമുണ്ടെങ്കില്‍ പിന്നെ ഭയക്കേണ്ടതില്ല. പിന്നെ ഓരോ വര്‍ഷവും 2 കിലോഗ്രാം വീതം തൂക്കം കൂടിയാല്‍ മതി.ഒരുവയസാവു മ്പോള്‍ കുഞ്ഞിനു വിരയ്ക്കുളള മരുന്നു കൊടുക്കാം. ആറുമാസം ഇടവിട്ട് ഈ മരുന്നു കൊടുക്കുകയും വേണം. ഒന്നര, രണ്ടുവയസുവരെ നന്നായി മുലപ്പാല്‍ കുടിച്ച കുട്ടിക്കു പിന്നീടു മുലപ്പാല്‍ നല്‍കണമെന്നി ല്ല. കുഞ്ഞിന് അറിവാകും തോറും പാല്‍കുടി നിറുത്തുക ബിദ്ധിമുട്ടാ വും.

ഫ്ളാറ്റിലാണ് താമസമെങ്കില്‍ കുഞ്ഞിനെ വൈകുന്നേരങ്ങളില്‍ കളിസ് ഥലത്തു കൊണ്ടപോയി ഓടാനും ചാടാനും ഇളവെയില്‍ കൊളളാനും അവസരം കൊടുക്കണം. വ്യായാമം മാത്രമല്ല വൈറ്റമിന്‍ ഡിയും യഥേഷ്ടം കിട്ടാനാണി ത്.ശരീരശുചിത്വത്തിന്റെ ആദ്യപാഠങ്ങള്‍ ഇപ്പോള്‍ കൊടുക്കാം. മൃദുവായ ബ്രഷ് വാങ്ങിക്കൊടുത്തു സ്വയം പല്ലു തേയ്ക്കാ ന്‍ ആവശ്യപ്പെടാം. രാവിലെ വീട്ടില്‍ എല്ലാവരും പല്ലുതേയ്ക്കുന്നതി നൊപ്പം കുട്ടിയേയും ബ്രഷ്കൈയ്യില്‍ കൊടുത്തു നിര്‍ത്തിയാല്‍ നോക്ക്, ഞാനും അച്ഛനേപ്പോലായി എന്നു കരുതി പല്ലുതേയ്ക്കന്നതു കാണാം. ചെരിപ്പു പയോഗിച്ചു നടക്കാനും ഇപ്പോള്‍ പഠിക്കാം.ചില കുട്ടികള്‍ മൂന്നുവയസു കഴിഞ്ഞാലും ഉറക്കത്തില്‍ മൂത്രമൊഴിക്കും. പതിനൊന്നുവയസുവരെ ഇതേക്കുറിച്ചു വിഷമിക്കേണ്ടെന്നും അതിനു ശേഷം മാത്രം ചിതിത്സ തുടങ്ങിയാല്‍ മതി യെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കിടക്കുന്നതിന് ഒരു മണിക്കൂര്‍മുമ്പു പാലോ മറ്റു പാനീയ ങ്ങളൊ കൊടുക്കരുത്.

ഇപ്പൊ വേണം, ഇപ്പൊത്തന്നെ താ....

ചെറിയ കാര്യങ്ങള്‍ക്കു വാശിപിടിച്ചു തറയില്‍ കിടന്നുരുണ്ടുകരയുന്ന കുട്ടികളോട് ഒന്നേ ചെയ്യാനുളളൂ. അവഗണി ക്കുക. കരയുന്നതു കേട്ടതായിപ്പോലും നടിക്കരുത്. അവിടെനിന്നു മാറി അല്‍പം അകലെ നിന്നു കുട്ടിയറിയതെ നിരീക്ഷിക്കണം. അല്‍പസമയത്തിനുളളില്‍ കരച്ചില്‍ നിറുത്തി കുട്ടി നിങ്ങളെ തേടിയെത്തും.തെറ്റുകള്‍ കാണിച്ചാല്‍ ശിക്ഷകള്‍ കൊടുത്തുതുടങ്ങാം. അച്ഛനമ്മമാരുടെ കോപം ശമിക്കാ നാവരുതു മറിച്ച്, ചെയ്ത തെറ്റിന്റെ കാഠിന്യ മനുസരിച്ചാണു ശിഷകൊ ടുക്കേണ്ടത്. മറ്റുളവവര്‍ക്കു നഷ്ടങ്ങളുണ്ടാക്കിയാല്‍ സ്വയം നഷ്ടം സഹിച്ച് അതു നികത്താന്‍ പരിശീലിപ്പിക്കാം.

ഉദാഹരണമായി കൂട്ടുക ാരിയുടെ കളിപ്പാട്ടം ചവിട്ടിപ്പൊട്ടിച്ചാല്‍ സ്വന്തം കളിപ്പാട്ടം പകരം സമ്മാ മിക്കാന്‍ കുഞ്ഞിനെ പ്രേരിപ്പിക്കണം.അടിച്ചുംവേദനിപ്പിച്ചും ശിക്ഷിക്കു ന്നതിനേക്കാള്‍ കുഞ്ഞില്‍ കുറ്റബോധം ജനിപ്പിക്കുന്ന ശിക്ഷകളാ ണ് നല്ലത്. സ്നേഹം നിരസിക്കുന്നത് ഈ പ്രായത്തില്‍ കൊടുകാവുന്ന വലിയ ശിക്ഷയാണ്. കുഞ്ഞിനു പറയാനുളള തുകൂടി കേട്ടശേഷമേ ശിക്ഷ കൊടുക്കാവൂ. ശിക്ഷിച്ചുകഴിഞ്ഞാല്‍ അല്‍പസമയത്തിനുളളില്‍ കുഞ്ഞിനോടു സംസാ രിച്ചു രമ്യതയിലെത്തണം. പിന്നെ ആ ശിക്ഷയെ ക്കുറിച്ച് ഓര്‍മിപ്പിക്കുകയേ അരുത്.

ഞാന്‍ വെളളച്ചാട്ടത്തിലാ കുളിക്കുന്നേ....

ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥകള്‍ പറഞ്ഞുകൊടുക്കാം. ഗുണപാഠകഥളാണു കൂടുതല്‍ നല്ലത്. ഇടയിക്കിടെ ചോദ്യ ങ്ങള്‍ ചേദിക്കുന്നത് കൂടുതല്‍ ഗ്രഹിക്കാന്‍ കുട്ടിയെ സഹായിക്കും. കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ ഉടുപ്പിടുവിക്കു മ്പോഴും ഓരോ പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴും സാങ്കല്‍പിക കളികളില്‍ ഏര്‍പ്പെടുന്നതു ബുദ്ധിവികാസത്തെ സഹായിക്കും. ഉദാ: ഷവര്‍ തുറന്നു വെളളച്ചാട്ടമെന്നു കങ്കല്‍പിച്ചു കുളി.സ്വന്തം പേര്, വീട്ടുപേര്, അച്ഛനമ്മമാരു ടെപേര്, സ്ഥലം ഇവയെല്ലാം പഠിപ്പിച്ചു കൊടുക്കേണ്ടത് ഈ പ്രായത്തിലാണ്. സ്വയം നിര്‍മിക്കേണ്ടതരം കളിപ്പാട്ട ങ്ങള്‍, ബില്‍ഡിങ് ബ്ളോക്സ് ഇവ വാങ്ങിക്കൊടുക്കുക. കണ്ണും വിരലും ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കാന്‍ പരിശീലനം കിട്ടും. വലിയ മുത്തുകള്‍ വാങ്ങി കോര്‍ക്കാന്‍ പരിശീലിപ്പിക്കാം. വിവിധ നിറമുളള ക്രയോണുകള്‍കൊണ്ടു വരച്ചു നിറങ്ങള്‍ പഠിപ്പിക്കാം.

കണ്ണിനൊപ്പം വരണം കുഞ്ഞിക്കൈ

മുകളിലേക്കിട്ട പന്ത് താഴ്ന്നു വരുമ്പോള്‍ കുഞ്ഞ് കൈപ്പിടിയില്‍ ഒതുക്കുന്നതു കണ്ടിട്ടില്ലേ? കുഞ്ഞിന്റെ കണ്ണും കൈയും തമ്മിലുള്ള ഏകോപനം (ഐ-ഹാന്‍ഡ് കോര്‍ഡിനേഷന്‍) കൊണ്ടാണ് ഇതു സാധ്യമാകുന്നത്. കാഴ്ചയിലൂടെ അറിയുന്ന വിവരങ്ങള്‍ക്കനുസരിച്ചു കൈകളുടെ പ്രവൃത്തികളെ നിയന്ത്രിക്കാന്‍ കഴിയുന്ന താണു ഐ-ഹാന്‍ഡ് കോര്‍ഡിനേഷന്‍. മൂന്നു വയസായിട്ടും പെന്‍സില്‍ പിടിക്കാന്‍ കഴിയാത്തതും കളിപ്പാട്ടങ്ങള്‍ എടുക്കു മ്പോള്‍ കൈകള്‍ വിറയ്ക്കുന്നതും ഒക്കെ -ഹാന്‍ഡ് കോര്‍ഡിനേഷനിലെ തകരാറുകള്‍ മൂലമാണ്.

കുഞ്ഞുങ്ങളിലെ ഐ ഹാന്‍ഡ് കോര്‍ഡിനേഷന്‍

കുഞ്ഞുങ്ങള്‍ ജനിച്ചു രണ്ടുമാസം വരെ കൈ ചുരുട്ടിയാണു പിടിക്കുന്നത്. സാധാരണ ചൂണ്ടുവിരലിന്റെയും

നടുവിരലിന്റെയും ഇടയില്‍ പെരുവിരല്‍ വച്ചാണു അവര്‍ കൈകള്‍ മടക്കി പിടിക്കുന്നത്. എന്നാല്‍, പെരുവിരല്‍ കൈപ്പത്തിക്കുള്ളില്‍ വച്ചു മടക്കി പിടിക്കുന്നതു തലച്ചോറിനുള്ള തകരാറിന്റെ സൂചനയാണ്.വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കുഞ്ഞ് കൈകള്‍ കൊണ്ട് ഓരോ പ്രവൃത്തികള്‍ ചെയ്യും. ഈ പ്രവൃത്തികള്‍ ശ്രദ്ധിച്ചാല്‍, കുഞ്ഞിന്റെ ഐ-ഹാന്‍ഡ് കോര്‍ഡിനേഷന്‍ ശരിയായി നടക്കുന്നുണ്ടോ എന്നു മനസിലാക്കാം. ചുവടെ പറയുന്നവ ശ്രദ്ധിക്കുക.

. മൂന്നാംമാസം: കൈകള്‍ തുറന്നു വയ്ക്കും, സാധനങ്ങള്‍ എടുക്കാന്‍ നോക്കും, മറ്റുള്ളവരുടെ വിരലുകളില്‍ മുറുകെ പിടിക്കും. ഉടുപ്പില്‍ പിടിക്കാന്‍ ശ്രമിക്കും.

. നാലാം മാസം : കുഞ്ഞിനു നന്നായി പിടിക്കാന്‍ കഴിയും, തുണിപിടിച്ചു മുഖത്തേയ്ക്കു കൊണ്ടുവരും, കിലുക്കു കൈയില്‍ വച്ചു കളിക്കും.

. അഞ്ചാം മാസം : കളിപ്പാട്ടം തനിയെ എടുക്കും. രണ്ടു കൈകളും ഒരുപോലെ ഉപയോഗിക്കും.

ആറാം മാസം : പാല്‍ക്കുപ്പി തനിയെ പിടിച്ചു വായില്‍ വയ്ക്കും, കാല്‍ പിടിച്ചു വായിലേക്കു കൊണ്ടുവരും, ഒരു സാധനം കൊടുത്തിട്ടു വേറൊരു സാധനം കൊടുത്താല്‍ ആദ്യം നല്‍കിയതിനെ താഴെയിട്ട് അടുത്തതു വാങ്ങും. എന്നാല്‍, ആറുമാസം കഴിഞ്ഞാല്‍ സാധനം മറ്റേക്കൈയിലേക്കു മാറ്റിയിട്ട് അടുത്തതു വാങ്ങും.

. ഏഴാം മാസം : ഏഴാം മാസം കഴിഞ്ഞാല്‍ എന്തു കിട്ടിയാലും വായില്‍ വയ്ക്കും.

. എട്ടാം മാസം : തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ചു സാധനങ്ങള്‍ നുള്ളിയെടുക്കാന്‍ ശ്രമിക്കും, കൈവെള്ളയുടെ സഹായത്തോടെ സാധനങ്ങള്‍ നീക്കിയെടുക്കും, ഇരിക്കാന്‍ പഠിച്ചു കഴിഞ്ഞാല്‍ കണ്ണെത്തുന്നിടത്തു നിന്നും സാധനങ്ങള്‍ കൈയെത്തിയും ഇരുന്നും കറങ്ങിയും എടുക്കാന്‍ ശ്രമിക്കും. വിരലുകള്‍ കൊണ്ട് ആഹാരം വായിലാക്കാന്‍ നോക്കും.

. ഒന്‍പതാം മാസം : രണ്ടു സാധനങ്ങള്‍ വച്ച് അടിച്ചു കളിക്കാന്‍ തുടങ്ങുന്നത് ഈ പ്രായത്തിലാണ്.

. പത്താം മാസം : ചെറിയ വസ്തുക്കള്‍ കൃത്യമായി നുള്ളിയെടുക്കും.

. പതിനൊന്നാം മാസം : പന്തുരുട്ടാന്‍ പഠിക്കും.

. ഒരു വയസ് : ഒരു വയസാകുമ്പോള്‍ മുതല്‍ കൊടുത്ത സാധനം തിരികെ തരാനും സ്പൂണ്‍ കൊണ്ടു കോരിക്കുടിക്കാനും കുഞ്ഞിനു സാധിക്കും.

. ഒന്നേകാല്‍ വയസ് : ക്രയോണ്‍ കൊണ്ടു വരയ്ക്കും, പന്തെറിയും, കപ്പും, സ്പൂണും ഉപയോഗിച്ചു ഭക്ഷണം കഴിക്കും, വേണ്ട സാധനങ്ങള്‍ ചൂണ്ടിക്കാട്ടും, കെട്ടിപ്പിടിച്ച് ഉമ്മ തരും.

. ഒന്നര വയസ്: നീളത്തിലുള്ള വരകള്‍ വരയ്ക്കും, സാധനങ്ങള്‍ തട്ടിയിട്ടു തിരിച്ചും മറിച്ചുമിട്ടു കളിക്കും.

. രണ്ടു വയസ് : തിരശ്ചീനമായി വരകള്‍ വരയ്ക്കും, കൈ കഴുകും, ബുക്കിന്റെ പേജ് ഒന്നൊന്നായി മറിക്കും.

. രണ്ടര വയസ് : പെന്‍സില്‍ നന്നായി പിടിക്കും, വൃത്തം വരയ്ക്കും.

. മൂന്നു വയസ് : ക്രോസ് ആയും വൃത്താകൃതിയിലും ചിത്രം വരയ്ക്കും.

. നാലു വയസ് : ചതുരം വരയ്ക്കും, മനുഷ്യരൂപം വരയ്ക്കും. കത്രിക കൊണ്ടു പേപ്പറുകള്‍ മുറിക്കും.

. അഞ്ചു വയസ് : ത്രികോണ രൂപം വരയ്ക്കും.

എങ്ങനെ തിരിച്ചറിയാം?

ഐ ഹാന്‍ഡ് കോര്‍ഡിനേഷന്‍ ശരിയല്ലെങ്കില്‍ കുഞ്ഞ് എഴുതുകയോ ചിത്രങ്ങള്‍ നോക്കി വരയ്ക്കുകയോ ചെയ്യില്ല. കുഞ്ഞിനു മിറര്‍ ഇമേജസും തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കും. ഉദാഹരണമായി,  ,്വ എന്നീ ചിഹ്നങ്ങള്‍ തെറ്റി പ്പോകാം. സാധാരണ നിലയില്‍ കുഞ്ഞുങ്ങള്‍ എട്ടാം മാസമാകുമ്പോള്‍ വിരലുകള്‍ കൊണ്ട് ആഹാരം നുള്ളി കഴിക്കും. എന്നാല്‍, ഐ ഹാന്‍ഡ് കോര്‍ഡിനേഷന്‍ കുറവുള്ള കുട്ടികള്‍ക്ക് ഇതിനു കഴിയാറില്ല. ഏറെ ഏകാഗ്രത യോടെയുള്ള കളികള്‍ ചെയ്യുമ്പോള്‍ കുഞ്ഞിന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടെങ്കില്‍ ഇതും ഐ ഹാന്‍ഡ് കോര്‍ഡിനേ ഷന്റെ കുറവു കൊണ്ടാണ്.

ഐ ഹാന്‍ഡ് കോര്‍ഡിനേഷന്‍ കൂട്ടാന്‍

. ഒരു വയസുള്ള കുഞ്ഞിനോടു അടുത്തുള്ള സാധനങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യങ്ങള്‍ ചോദിക്കാം. ഉദാഹരണമായി പന്തെവിടെ? ഫാനെവിടെ എന്നിങ്ങനെ.

. ആക്ഷന്‍ സോങ്ങുകള്‍ ശരീരഭാഗങ്ങള്‍ തൊട്ടുകാണിച്ചു പഠിപ്പിക്കുക.

. ക്യൂബുകള്‍ കൊണ്ടു ഗോപുരമുണ്ടാക്കി കുഞ്ഞിനെ കാണിക്കുക. പിന്നീട് അതു തട്ടിക്കളയണം. അതേ പോലെ ഗോപുരമുണ്ടാക്കാന്‍ കുഞ്ഞിനെ പ്രോത്സാഹിപ്പിക്കണം.

. ഭക്ഷണ സമയത്തു കുഞ്ഞ് സ്പൂണും മറ്റും എടുത്തു തനിയെ കഴിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിന് അനുവദിക്കുക.

. കൈകള്‍ വിടര്‍ത്തി വിരലുകള്‍ വശങ്ങളിലേക്ക് ആട്ടി കുഞ്ഞിനെ കാണിക്കുക. അതേ പോലെ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക.

. കുഞ്ഞിനെ മുറിയിലുള്ള ഏതെങ്കിലും സാധനം ചൂണ്ടിക്കാട്ടി അങ്ങോട്ടു നോക്കാന്‍ പറയാം. കുഞ്ഞിനോട് ആ റൂമിലെ മറ്റെന്തെങ്കിലും വസ്തുക്കള്‍ ചൂണ്ടി അവയുടെ പേരുകള്‍ പറയിക്കാം.

. കുഞ്ഞിന്റെ കൈയില്‍ പിടിച്ചു ചിത്രം വരപ്പിക്കണം.

. വരച്ച പടം നോക്കി വരപ്പിക്കുക.

. മൂന്നു വയസു കഴിഞ്ഞ കുഞ്ഞിനെ നിറങ്ങള്‍ തിരിച്ചറിയാന്‍ പഠിപ്പിക്കണം.

. കുഞ്ഞിനെ ചിത്രങ്ങളുള്ള പുസ്തകങ്ങള്‍ കാണിക്കുക. പുസ്തകത്തിലെ ചിത്രങ്ങളെക്കുറിച്ചു കുഞ്ഞിനു പറഞ്ഞു കൊടുക്കണം. പുസ്തകത്തിന്റെ പേജു മറിക്കാന്‍ കുഞ്ഞിനോട് ആവശ്യപ്പെടാം.

. കുഞ്ഞിനോടു മുറിയിലുള്ള എന്തെങ്കിലും സാധനങ്ങള്‍ എടുത്തുകൊണ്ടു വരാന്‍ പറയാം.

. നാലു വയസുള്ള കുഞ്ഞിനെക്കൊണ്ട് അവരുടെ മേശപ്പുറം തുടപ്പിക്കുക, പാവകള്‍ വൃത്തിയാക്കിക്കുക തുടങ്ങിയ ചെറിയ പ്രവര്‍ത്തികള്‍ ചെയ്യിക്കാം.

. മറ്റു കുട്ടികളുമായി കളിക്കാന്‍ അനുവദിക്കുക. ഇതു കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ കുട്ടിയെ സഹായിക്കും.

കളിയില്‍ അല്‍പം കാര്യം

ഐ ഹാന്‍ഡ് കോര്‍ഡിനേഷന്‍ ശരിയായി നടക്കാന്‍ ഓരോ പ്രായത്തിലും കുഞ്ഞിനു നല്‍കുന്ന കളിപ്പാട്ടങ്ങളിലും ശ്രദ്ധ വയ്ക്കണം.ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കു ചെറിയ കട്ടകള്‍ കളിക്കാന്‍ നല്‍കാം. ഇതു സാധന ങ്ങള്‍ പെരുവിരലും ചൂണ്ടുവിരലും കൊണ്ട് എടുക്കാനുള്ള കഴിവു വളര്‍ത്തും. കുഞ്ഞ് ഇവ വായില്‍ വയ്ക്കാതിരി ക്കാന്‍ ശ്രദ്ധിക്കുക. വായില്‍ വച്ചാല്‍ മുറിവുണ്ടാക്കുന്ന കൂര്‍ത്ത പ്രതലങ്ങളുള്ള കളിപ്പാട്ടങ്ങള്‍ ഒഴിവാക്കുക. ചരടില്‍ കെട്ടി വലിക്കുന്ന ചക്രങ്ങളുള്ള കളിപ്പാട്ടങ്ങളും ഈ പ്രായക്കാര്‍ക്കു നല്ലതാണ്. കളിപ്പാട്ടം എങ്ങനെ വലിച്ചടുപ്പിക്കാം എന്നു കുഞ്ഞിനു കാണിച്ചു കൊടുക്കണം. ചെറിയ പാത്രങ്ങളില്‍ വടികൊണ്ടു മുട്ടാന്‍ കുഞ്ഞിനെ പഠിപ്പിക്കുക. ഇത് ഐ ഹാന്‍ഡ് കോര്‍ഡിനേഷന്‍ വികസിപ്പിക്കും.

ഒരു വയസു പ്രായമുള്ള കുഞ്ഞിനു ചെറിയ കപ്പുകളും പാത്രങ്ങളും നല്‍കാം. വെള്ളം ഒരു കപ്പില്‍ നിന്നും മറ്റൊ ന്നിലേക്കു മാറ്റാന്‍ കുഞ്ഞിനെ പഠിപ്പിക്കുക. കട്ടിപ്പേജുള്ള പുസ്തകങ്ങള്‍ നല്‍കി കുഞ്ഞിനെക്കൊണ്ടു പേജുകള്‍ മറിപ്പിക്കാം. ഈ പ്രായത്തില്‍ പേജുകള്‍ മറിക്കാന്‍ കുഞ്ഞ് രണ്ടു കൈകളും ഉപയോഗിക്കാറുണ്ട്.രണ്ടിനും രണ്ടര വയസിനുമിടയില്‍ പ്രായമുള്ള കുഞ്ഞിനു ക്രയോണ്‍സും പേപ്പറുകളും നല്‍കാം. മൂന്നു മുതല്‍ മൂന്നര വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കു കളറിങ് ബുക്ക്, മോഡലിങ് ക്ളേ ഇവ കൊടുക്കാം. കളര്‍ നല്‍കുമ്പോള്‍ ഔട്ട് ലൈന് ഉള്ളില്‍ നിന്നു കളര്‍ ചെയ്യാന്‍ പഠിപ്പിക്കാം. ക്ളേ മോഡലുകള്‍ ഉണ്ടാക്കുക വഴി ഐ ഹാന്‍ഡ് കോര്‍ഡിനേഷന്‍ വര്‍ധിക്കും.ഷേപ്പ് സോര്‍ട്ടറുകളില്‍ ഷേപ്പുകള്‍ കൃത്യമായി അടുക്കി വയ്ക്കുക പോലുള്ള കളികള്‍ കുഞ്ഞിന്റെ ചെറിയ വിരലുകള്‍ക്കു നന്നായി ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. കുഞ്ഞിന് എളുപ്പത്തില്‍ വയ്ക്കാവുന്ന ഷേപ്പുകള്‍ നല്‍കുകയാണ് ഉചിതം.

ചില കുഞ്ഞുങ്ങള്‍ക്കു കളിപ്പാട്ടം കൊണ്ടു ശരിയായ രീതിയില്‍ കളിക്കാന്‍ കഴിയാതെ വരാറുണ്ട്. അപ്പോള്‍ അവര്‍ കരഞ്ഞു ബഹളം കൂട്ടിയെന്നു വരാം. ഈയവസരത്തില്‍ കുഞ്ഞിനെ സമാധാനിപ്പിച്ചു  വീണ്ടും പ്രോത്സാഹിപ്പിക്കു കയാണു വേണ്ടത്.കുഞ്ഞിന് എളുപ്പത്തില്‍ കളിക്കാവുന്നതും അല്‍പം പ്രയാസമുള്ള തരം കളിപ്പാട്ടങ്ങളും നല്‍കാം. കുഞ്ഞിനു വലുതും ചെറുതുമായ പന്തുകള്‍ കളിക്കാന്‍ നല്‍കുക. ചെറിയ പന്തുകൊണ്ടു കളിക്കുമ്പോള്‍ കുഞ്ഞിന് ഒരു കൈ കൊണ്ട് അതു മുറുകെ പിടിക്കാന്‍ കഴിയുന്നു. വലിയ പന്തു കൊണ്ടു കളിക്കുമ്പോള്‍ രണ്ടു കൈകളും കൊണ്ടു പന്തു മുറിക്കിപ്പിടിക്കാം.

ചെറിയ കട്ടകളും മുത്തുകളും പെറുക്കിപ്പിക്കുന്നതും മുത്തുകള്‍ കൊണ്ടു മാല കൊരുക്കുന്നതുമെല്ലാം ഐ ഹാന്‍ഡ് കോര്‍ഡിനേഷന്‍ കൂട്ടാറുണ്ട്. എന്നാല്‍, മുത്തുകളും മറ്റും കുഞ്ഞ് വായിലും മൂക്കിലും ചെവിയിലും വയ്ക്കാതെ ശ്രദ്ധിക്കണം.ചില കുട്ടികള്‍ക്കു കളിപ്പാട്ടങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാതെ വരും. ഈ അവസരത്തില്‍ മുതിര്‍ന്നവര്‍ അവ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്നു കാണിച്ചു കൊടുക്കണം. കുഞ്ഞിനു മനസിലാകുന്നതു വരെ ആവര്‍ത്തിച്ചു കാണിക്കാം. കുഞ്ഞിനു നിങ്ങള്‍ സഹായിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക.

മൂന്നു വയസായ കുഞ്ഞിനു ജിഗ്സോ പസില്‍ പോലെയുള്ള കളിപ്പാട്ടങ്ങള്‍ നല്‍കാം.ആദ്യം രണ്ടു പീസുള്ള ജിഗ്സോ പസില്‍ പിന്നീടു മൂന്നു പീസ് നാലു പീസ് ഇങ്ങനെ കൂട്ടിക്കൊണ്ടു വരാം.കുഞ്ഞിനെ ഫിംഗര്‍ പെയിന്റിങ് പഠിപ്പിക്കാം. സാധാരണ ബ്രഷ് ഉപയോഗിച്ചു ചെയ്യുന്നതില്‍ നിന്നു വ്യത്യസ്തമായി വിരലുകള്‍ കുഞ്ഞിനുപയോഗി ക്കാന്‍ കഴിയുന്നു.കുഞ്ഞിന്റെ ഐ ഹാന്‍ഡ് കോര്‍ഡിനേഷന്‍ കൂടുമെന്നു മþത്രമല്ല അവര്‍ക്കിതു രസകരവുമായി രിക്കും.

മാതാപിതാക്കള്‍ ശ്രദ്ധിക്കാന്‍

. കുഞ്ഞിനെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യരുത്. ഓരോരുത്തരിലും ഐ ഹാന്‍ഡ് കോര്‍ഡിനേഷന്‍ ഓരോ തരത്തിലാകും. താരതമ്യം ചെയ്യുന്നതു കുഞ്ഞിന്റെ ആത്മവിശ്വാസം കുറയ്ക്കും.

. കുഞ്ഞിനു സാധിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ സമ്മര്‍ദം ചെലുത്തരുത്. അവരെ പ്രോത്സാഹിപ്പിക്കുകയാണു നല്ലത്.

. കുഞ്ഞിനു കളിക്കാന്‍ മോഡലിങ് ക്ളേ നല്‍കുക. ഇവകൊണ്ട് മോഡലുണ്ടാക്കാന്‍ പഠിപ്പിക്കാം.

. കൈകള്‍ അടച്ചും തുറന്നും വായുവിലിളക്കിയുമുള്ള കളികള്‍ കുഞ്ഞിനെ കാണിച്ചു കൊടുക്കുക. അതേപോലെ ചെയ്യാന്‍ ആവശ്യപ്പെടുക.

. കുഞ്ഞിനെ വീട്ടിലുള്ള സാധനങ്ങളുമായി കളിക്കാനനുവദിക്കുക. ഉദാഹരണമായി മാവു കുഴയ്ക്കുക പോലുള്ള കാര്യങ്ങള്‍ കുഞ്ഞിന്റെ വിരലുകളുടെ പ്രവര്‍ത്തനം നന്നാക്കും.

ഇടംകൈ, വലംകൈ

. രണ്ടു വയസു വരെ കുഞ്ഞുങ്ങള്‍ രണ്ടു കൈകളും ഒരുപോലെ ഉപയോഗിക്കുന്നു. രണ്ടു വയസിനു ശേഷമാണു കുഞ്ഞിന് ഇടംകൈയോ വലംകൈയോ വാക്കായി വരുന്നത്. രണ്ടു വയസില്‍ താഴെയുള്ള കുഞ്ഞ് ഒരു കൈ കൂടുതലായി ഉപയോഗിക്കുകയാണെങ്കില്‍ മറ്റേക്കൈയ്ക്കു സ്വാധീനക്കുറവുണ്ടോ എന്നു നോക്കണം. കുഞ്ഞിന്റെ സ്വാധീനക്കുറവുള്ള കൈയില്‍ ബോള്‍ വച്ചു കൊടുക്കുന്നതു നല്ലതാണ്.

. കുഞ്ഞിന്റെ തലച്ചോറില്‍ എന്തെങ്കിലും പ്രശ്നമുള്ളപ്പോഴാണു പെരുവിരല്‍ കൈപ്പത്തിക്കുള്ളിലാക്കി മടക്കി പിടിക്കുന്നത്. ഇതു നിവര്‍ത്താന്‍ വേണ്ട വ്യായാമങ്ങള്‍ ഡോക്ടറുടെ ഉപദേശാനുസരണം ചെയ്യിക്കണം. മസാജ് ചെയ്യുന്നതു കൈയിലേക്കു രക്തയോട്ടം കൂട്ടാനും കൈ ഏതെങ്കിലും പൊസിഷനില്‍ ചുരുങ്ങിപ്പോകാതിരിക്കാനും സഹായിക്കും.

. കുഞ്ഞിന്റെ കണ്ണുകള്‍ ജനിക്കുമ്പോള്‍ 90 ഡിഗ്രി വരെയുള്ള വസ്തുക്കളെ കാണും. രണ്ടു മാസം ആകുമ്പോഴേക്കും ഇതു 180 ഡിഗ്രിയായി വികസിക്കും. ആറാം മാസത്തില്‍ കാഴ്ച നന്നായി ഉണ്ടാകും.

വിവരങ്ങള്‍ക്കു കടപ്പാട്:

ഡോ. എലിസബത്ത് ജേക്കബ്, പ്രഫ. പീഡിയാട്രിക്സ്, ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്,തിരുവനന്തപുരം.

കുഞ്ഞിനെ ഡയപ്പര്‍ ധരിപ്പിക്കുമ്പോള്‍

കുഞ്ഞുവാവയ്ക്ക് റെഡിമെയ്ഡ് ഡയപ്പര്‍ ഉപയോഗിക്കാമോ എന്ന് ആശങ്കപ്പെടുന്ന വരാണ് അമ്മമാരേറെയും. രാത്രി ഉറക്ക ത്തിലും യാത്രയ്ക്കിടെയും സൌകര്യം നോക്കിയാല്‍ ഡയപ്പര്‍ പ്രയോജനപ്രദമാണ്. എന്നാല്‍, അണുബാധയ് ക്കും മറ്റുമുള്ള സാധ്യത മുന്‍നിര്‍ത്തി ഡയപ്പര്‍ ഒഴിവാക്കണ മെന്ന നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ നല്‍ കാറുള്ളത്. ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

1. മണിക്കൂറുകളോളം തുടര്‍ച്ചയായി ഒരേ ഡയപ്പര്‍ ഉപയോഗിക്കരുത്. ഇടയ്ക്കിടെ മാറ്റണം.

2. ഓരോ തവണ ഡയപ്പര്‍ മാറ്റുമ്പോഴും വെള്ളമുപയോഗിച്ചു തുടച്ചു വൃത്തിയാക്കിയ ശേഷം മാത്രം പുതിയതു ധരിപ്പിക്കുക. തുണി നനച്ചു തുടയ്ക്കുകയാണെങ്കില്‍ ഈര്‍പ്പം പൂര്‍ണമായും നീക്കണം. പക്ഷേ, നനവുള്ള വൈപ്പേ ഴ്സ് ഉപയോഗിച്ചു തുടയ്ക്കരുത്. അതിലെ ആല്‍ക്കഹോള്‍ ഘടകവും സുഗന്ധവും നല്ലതല്ല.

3. ഡയപ്പര്‍ ഇറുകിയ രീതിയില്‍ ധരിപ്പിക്കരുത്. വായുസഞ്ചാരം വേണം.

4. കഴുകി ഉപയോഗിക്കാവുന്ന ഡയപ്പറുകളാണെങ്കില്‍ തിളച്ച വെള്ളത്തില്‍ മുക്കിവച്ചശേഷം രൂക്ഷമല്ലാത്ത സോപ്പു പയോഗിച്ചു കഴുകാം. ഫാബ്രിക് സോഫ്റ്റ്നര്‍ ഉപയോഗിക്കരുത്. ഇത് അലര്‍ജിയുണ്ടാക്കാം.

5. ഡയപ്പര്‍ റാഷ് (ഡയപ്പര്‍ ഉപയോഗിക്കുന്ന ഭാഗത്ത് ചുവന്ന തടിപ്പ്, പരുപരുപ്പ്) ഉണ്ടെങ്കില്‍ ഓയിന്റ്മെന്റ് ഉപയോ ഗിക്കേണ്ടിവരും. കഴുകിയെടുക്കുന്ന ഡയപ്പര്‍ ആണെങ്കില്‍ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം.

പ്രായത്തിനു ചേരുന്ന കളിപ്പാട്ടം

ഓരോ പ്രായത്തിനും ചേരു ന്ന കളിപ്പാട്ടം വേണം കുഞ്ഞിനു വാങ്ങിക്കൊടുക്കാന്‍. കുഞ്ഞിന്റെ കുഞ്ഞു മുഖം വിടരു ന്നതു കാണാനല്ലേ നമ്മള്‍ കളിപ്പാട്ടം വാങ്ങി കൊടുക്കുന്നത്. എന്നാല്‍, അതല്ല കാര്യം. ഓരോ കളിപ്പാട്ടത്തിലൂടെയും ഓരോ കളിയിലൂടെയും കുഞ്ഞുങ്ങള്‍ പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ്.ലോകത്തെ പരിചയപ്പെട്ട് ശാരീരി കവും മാനസികവുമാ യി വളരുകയാണവര്‍. ഓരോ പ്രായത്തിന്റെ യും വികാസത്തിന് അനുയോജ്യമായ കളിപ്പാട്ടം വേണം കുഞ്ഞുങ്ങള്‍ക്കു വാങ്ങി ക്കൊടുക്കാന്‍.

ആദ്യത്തെ മൂന്നുമാസം

ഈ ഘട്ടത്തില്‍ കുഞ്ഞിന്റെ വികാസങ്ങള്‍:

കുഞ്ഞ് നോട്ടം കേന്ദ്രീകരിക്കുന്നു.നിറങ്ങളും ശബ്ദങ്ങളും ശ്രദ്ധിക്കുന്നു.കൈനീട്ടി വസ്തുക്കളെ മെല്ലെ പിടിക്കാന്‍ തുടങ്ങുന്നു; കൈകാലുകളിളക്കുന്നു. സംഗീതം ശ്രദ്ധിക്കുന്നു.

അനുയോജ്യമായ കളിപ്പാട്ടങ്ങള്‍

കിലുക്കം, തൊട്ടിലുമേലെ തൂക്കിയിടാവുന്ന മെലഡി മൊബൈല്‍സ്, കടുംനിറവും മ്യൂസിക്കും ഉള്ള പാവകള്‍, കൈ കൊട്ടുന്ന പാവ, കറങ്ങുന്ന പാവ.

3- 9 മാസം ഈ ഘട്ടത്തിലെ വികാസങ്ങള്‍

വസ്തുക്കളെ ഒരു കൈയ്യില്‍ നിന്നു മാറ്റിപ്പിടിക്കുന്നു; തമ്മില്‍ കൂട്ടി യോജിപ്പിക്കുന്നു. ഇരിക്കുന്നു. വസ്തുക്കളെ കടിക്കുന്നു.

അനുയോജ്യമായ കളിപ്പാട്ടങ്ങള്‍

ടീത്തര്‍, പല ആകൃതിയിലും നിറങ്ങളിലുമുള്ള പ്ളാസ്റ്റിക് കളിപ്പാട്ടങ്ങള്‍, ബട്ടണമര്‍ത്തു മ്പോള്‍ ശബ്ദം വരുന്ന പാവകള്‍, തമ്മില്‍ കൂട്ടി യോ ജിപ്പിക്കാവുന്ന പല നിറങ്ങളിലു ള്ള സ്നാപ് ലോക്ക്, അടുക്കി തട്ടുകളായി വയ്ക്കാനു ള്ള സ്റ്റാക്കിങ് ഡ്രംസ്, റോക്ക് എ സ്റ്റാക്ക്, സ്റ്റാക്ക് ആന്‍ഡ് റോള്‍ കപ്പ്, ഞെക്കുമ്പോള്‍ അനങ്ങുന്ന വണ്ടികള്‍ തുടങ്ങിയവ.

9 മാസം മുതല്‍ ഒരു വയസുവരെ

വികാസങ്ങള്‍: നീന്തുന്നു, താങ്ങില്ലാതെ ഇരിക്കുന്നു. തള്ളവിരലും ചൂണ്ടുവിരലുമുപയോഗിച്ചു വസ്തുക്കളെ പിടിക്കുന്നു. പിടിച്ചുനില്‍ക്കാന്‍ തുടങ്ങുന്നു.

അനുയോജ്യമായ കളിപ്പാട്ടങ്ങള്‍:

ടോയ് ഫോണ്‍, ലളിതമായ ബില്‍ ഡിങ് ബ്ളോക്ക് സ്, ആക്റ്റിവിറ്റി ബട്ടണുകളും മ്യൂസിക്കുമുള്ള പ്ളേ ബോര്‍ഡുകള്‍, പ്ളാസ്റ്റിക് വെജിറ്റ ബിള്‍ കിറ്റ്, ലേണിങ് പോട്ട്സ് ആന്‍ഡ് പാന്‍സ് ലേണിങ് കാര്‍ തുടങ്ങിയവ.

1- 2 വയസ് വികാസങ്ങള്‍

നടക്കാന്‍ തുടങ്ങുന്നു.പാട്ടിന്റെ താളത്തിനൊത്ത് ഡാന്‍സ് കളിക്കാന്‍ തുടങ്ങുന്നു.അനുകരിക്കാനിഷ്ടം കാട്ടുന്നു.

അനുയോജ്യമായ കളിപ്പാട്ടങ്ങള്‍

പിന്നില്‍ നിന്നു തള്ളിനീക്കാവുന്ന വാക്കറുകള്‍, ബട്ടണമര്‍ത്തുമ്പോള്‍ പാട്ടും ശബ്ദങ്ങളും വരുന്ന ആക്ടിവിറ്റി വാ ക്കര്‍, കുട്ടിയുടെ പ്രവൃത്തി ക്കനുസരിച്ചു പ്രതികരിക്കുന്ന പാവകള്‍, കയറിയിരുന്ന് ആടുന്ന വണ്ടികള്‍, ആടുംകുതിര, ചരടുവലിച്ചോടിക്കാവുന്ന പാവകളും വണ്ടികളും, മ്യൂസിക്കല്‍ റോക്കര്‍, പലതരം കളിവണ്ടികള്‍.

2- 3 വയസ് വികാസങ്ങള്‍

മൂന്നു വയസില്‍ വസ്തുക്കള്‍, നിറങ്ങള്‍, വലിപ്പം ഇങ്ങനെ പലതും കൂടുതലായി തിരിച്ചറിയുന്നു.നിറങ്ങള്‍, ചിത്രങ്ങള്‍, വര ഇവയില്‍ താല്‍പര്യം.

കളിപ്പാട്ടങ്ങള്‍

ടൂള്‍ കിറ്റ്, ബില്‍ഡിങ് ബ്ളോക്ക്സ്, ചാറ്റര്‍ഫോണ്‍, മ്യൂസിക്കല്‍ ടീസെറ്റ്, പെയിന്റിങ് ബോക്സ് എന്നിവ.

3-5 വയസ് വികാസങ്ങള്‍

കുട്ടികള്‍ക്കു വീടിനു പുറത്തുള്ള കളികളില്‍ താല്‍പര്യം. കൂട്ടുകൂടിയുള്ള കളികള്‍ക്കും ഒന്നിച്ചു കൂട്ടുചേര്‍ന്നു മുതിര്‍ന്നവരെ അനുകരിച്ചു കളിക്കാനും ഇഷ്ടം; ഡോക്ടറായും പൊലീസായും വേഷം കെട്ടാനു മെല്ലാം താല്‍പര്യം. ചിത്രം വര, പെയിന്റിങ് പോലുള്ള ക്രിയേറ്റിവിറ്റി ആക്ടിവിറ്റികള്‍, ഹോബികള്‍ ഇവയോടിഷ്ടം.

അനുയോജ്യമായ കളിപ്പാട്ടങ്ങള്‍

മെഡിക്കല്‍ കിറ്റ്സ്, കിച്ചണ്‍ കിറ്റ്, പലനിറമുള്ള ക്ളേ, കൂടുതല്‍ സങ്കീര്‍ണമായ ബില്‍ഡിങ് ബോക്സ്, പടം വരയ് ക്കാനും അക്കങ്ങളും അക്ഷരങ്ങളും പഠിക്കാനുമുള്ള ലേണിങ് ബോര്‍ഡ്, ടെന്റ് ഹൌസ്, ഡ്രോയിങ് ബോര്‍ഡ്, സൈ ക്കിള്‍, ഫണ്‍ ടു ലേണ്‍ ക്ളോക്ക്, റിമോട്ട് കണ്‍ട്രോള്‍ ടോയ്സ് തുടങ്ങിയവ.

ബി. ശ്രീരേഖ

ഇൌ കുഞ്ഞിന്റെ ഒരു കാര്യം

വര... തലേവര...! രണ്ടര വയസ്സു കഴിഞ്ഞാല്‍ കുഞ്ഞിന്റെ വരയുടെ ലോകം വിശാലമായി. കളര്‍ പെന്‍സിലുമായി അവന്‍ ഭിത്തികളെയും ആക്രമിച്ചു തുടങ്ങും. ബുദ്ധിവികാസത്തിന്റെ ഭാഗമാണ് ആ വര. എന്നാല്‍ വീടു വൃത്തികേടാ ക്കാന്‍ അനുവദിക്കുകയുമരുത്.കുട്ടിക്കു വരയ്ക്കാനായി അടുക്കളവശത്തോ മറ്റോ പ്രത്യേകം സ്ഥലം നല്‍കാം. കുട്ടി വരച്ച ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുകയും വേണം.'ഇനി നമുക്കു കുളിക്കാന്‍ പോകാം. കുട്ടന്റെ തോര്‍ത്ത് എന്ത്യേ? കുളി കഴിഞ്ഞ് ഏതുടുപ്പാ മോനിടുന്നത്!കുഞ്ഞിന്റെ പക്ഷത്തുനിന്നു മറുപടിയൊന്നും കിട്ടിയി ല്ലെങ്കിലും അമ്മയിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. കുട്ടി വര്‍ത്തമാനം പറഞ്ഞുതുടങ്ങിയശേഷം മറുപടി പറഞ്ഞാല്‍ പോരേ എന്നു ചിന്തിക്കുന്ന അമ്മമാരുമുണ്ട്. എന്നാല്‍ അമ്മയുടെ വര്‍ത്തമാനം കേട്ടു വളരുന്ന കുട്ടി സംസാരത്തില്‍ മാത്രമല്ല, വായനയിലും മുന്‍പിലായിരിക്കുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.ജനിച്ച് മണിക്കൂറുകള്‍ കഴിയുമ്പോള്‍ ത്തന്നെ കുഞ്ഞിന് അമ്മയുടെ മണം തിരിച്ചറിയാന്‍ കഴിയും. കമഴ്ന്നുവീഴുന്നതിനും നീന്തുന്നതിനും മുന്‍പേ ചുറ്റു പാടുകള്‍ പഠിച്ചുതുടങ്ങും. ജനിച്ചു നാലാഴ്ച കഴിയുമ്പോഴേക്കും കുഞ്ഞ് അമ്മയുടെ മുഖത്തു നോക്കി ചിരിച്ചു തുടങ്ങും. കുഞ്ഞ് അമ്മയുടെ മുഖം കാണുമ്പോള്‍ കണ്ണുകള്‍ തലച്ചോറിലേക്കു സന്ദേശം അയയ്ക്കും. ശബ്ദം കേള്‍ ക്കുമ്പോള്‍ ചെവി തലച്ചോറിലേക്കു സന്ദേശം അയയ്ക്കും. അങ്ങനെ ബുദ്ധി ഉപയോഗിച്ചാണ് കുഞ്ഞ് അമ്മയെ നോക്കി ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ ഈ ചിരിയെ 'സോഷ്യല്‍ സ്മൈല്‍ എന്നു പറയും.

മണികിലുക്കം മുതല്‍ ഇടിമുഴക്കം വരെ

പൊടിക്കുഞ്ഞിന്റെ ഇഷ്ടനിറം ചുവപ്പാണ്. ഇഷ്ടമുള്ള ശബ്ദം മണികിലുക്കവും. ജനിച്ച് ആഴ്ചകള്‍ക്കകംതന്നെ കുഞ്ഞിനും നിറമുള്ള 'കിലുക്കി വാങ്ങാം. ശബ്ദം കേള്‍ക്കുന്ന ഭാഗത്തേക്കു കുഞ്ഞു നോക്കും. വലിയ ശബ്ദം കേട്ടു ഞെട്ടുന്നതും നല്ല ലക്ഷണംതന്നെ. പക്ഷേ, തുടര്‍ച്ചയായി കേള്‍ക്കുന്ന വലിയ ശബ്ദങ്ങള്‍ കുഞ്ഞിനെ ഭയപ്പെടു ത്തും. മിക്സി, പടക്കം, ഇടിമുഴക്കം തുടങ്ങിയ വലിയ ശബ്ദങ്ങളില്‍നിന്നു കുഞ്ഞിനെ അകറ്റി നിര്‍ത്തണം. ചെറിയ ശബ്ദങ്ങള്‍ കേട്ടാല്‍പ്പോലും കുഞ്ഞ് ഞെട്ടുന്നെങ്കില്‍ സൂക്ഷിക്കണം. തലച്ചോര്‍ സംബന്ധമായ അസുഖത്തിന്റെ ലക്ഷണമാണ്.

കളിപ്പാട്ടം, പിന്നെ പടവും പെന്‍സിലും

ഒരു വയസ്സുവരെ നിറവും ശബ്ദവുമുള്ള കളിപ്പാട്ടങ്ങളോടാണു കുഞ്ഞുങ്ങള്‍ക്കിഷ്ടം. ഒന്നര വയസ്സായാല്‍ പുസ്ത കങ്ങളിലെ പടങ്ങള്‍ കാണിച്ചുകൊടുക്കാം. രണ്ടര വയസ്സായാല്‍ ചെറിയ ചെറിയ വസ്തുക്കള്‍ ചേര്‍ത്തുവച്ചു രൂപ ങ്ങള്‍ ഉണ്ടാക്കുന്നതു കാണിച്ചുകൊടുക്കാം. കുട്ടിയുടെ ഭാവനയ്ക്കനുസരിച്ചു രൂപങ്ങള്‍ പണിയട്ടെ. കുത്തിവരയ്ക്കാ ന്‍ കളര്‍ പെന്‍സിലും പേപ്പറും ഈ പ്രായത്തില്‍ നല്‍കാം. തലങ്ങും വിലങ്ങും വരച്ചു കളിക്കുന്ന കുട്ടി , റ്റ എന്നീ ചിഹ്നങ്ങള്‍ വരയ്ക്കും. മൂന്നാം വയസ്സില്‍ വൃത്തം, നാലാം വയസ്സില്‍ ചതുരം അഞ്ചാം വയസ്സില്‍ ത്രികോണം എന്നിങ്ങനെയായി രിക്കും കുഞ്ഞിന്റെ ബുദ്ധിയുടെ വളര്‍ച്ചയും വിരലുകളുടെ വഴക്കവും പ്രകടിപ്പിക്കുന്നത്. മൂന്നാം വയസ്സില്‍ വരയ്ക്കുന്ന വൃത്തത്തില്‍നിന്നാണ് അക്ഷരങ്ങള്‍ പിറക്കുന്നത്.

കുഞ്ഞുതുടയില്‍ കുഞ്ഞടി വേണ്ട

മൂന്നുമുതല്‍ അഞ്ചു വയസ്സുവരെയുള്ള കാലം നെഗറ്റിവിസം പീരിയഡ് എന്നാണറിയപ്പെടുന്നത്. ഇങ്ങോട്ടു വിളിക്കു മ്പോള്‍ അങ്ങോട്ട് ഓട്ടം. കുളിപ്പിക്കാന്‍ എണ്ണയെടുക്കുമ്പോള്‍ അടുത്ത ഓട്ടം. ആ കളിയില്‍ മാതാപിതാക്കളും കുറെ യൊക്കെ പങ്കുചേരേണ്ടിയിരിക്കുന്നു. കുട്ടികളുടെ ശ്രദ്ധ മാറ്റിവിടുന്നതു ശിക്ഷയെക്കാള്‍ പത്തിരട്ടി ഫലം ചെയ്യും. വികൃതി ഏറിയാല്‍ ചെറിയ അടി കൊടുക്കാം. പക്ഷേ, അധികം വേദനിപ്പിക്കരുത്. തെറ്റുചെയ്യുന്ന സമയത്തുതന്നെ വേണം ശിക്ഷയും. രണ്ടാഴ്ച കഴിഞ്ഞു വീട്ടില്‍ വരുന്ന അച്ഛന്റെ പേരു പറഞ്ഞു പേടിപ്പിച്ചു നിര്‍ത്തുകയുമരുത്. അച്ഛന്‍ ശിക്ഷിച്ചാല്‍ അമ്മ പിന്നാലെ ചെന്ന് ആശ്വസിപ്പിക്കുന്നതും തെറ്റായ രീതിയാണ്.

വഴക്കാളി.. കുസൃതി...!

ഒരു കുട്ടിയും വാശിക്കാരനും അനുസരണയില്ലാത്തവനുമായി പിറക്കുന്നില്ല. കുട്ടിയുടെ ഏതു ശീലത്തിനും ഉത്തര വാദി മാതാപിതാക്കളും ഒപ്പം കഴിയുന്നവരുമാണ്. ’ഇവന് എന്തൊരു വാശിയാണെന്നറിയാമോ. ഐസ്ക്രീം കിട്ടിയി ല്ലെങ്കില്‍ അവന്‍ അന്നത്തെ ദിവസം ഒന്നും കഴിക്കില്ല. കുട്ടിയെ മുന്‍പിലിരുത്തി അതിഥിയോട് ഇങ്ങനെ വിവരിക്കു ന്നവരുണ്ട്. ഇതിനു രണ്ടാണു ദോഷം. ഐസ്ക്രീമിനായി കുട്ടി കൂടുതല്‍ വാശി പിടിക്കും. താന്‍ ഭക്ഷണം കഴിച്ചി ല്ലെങ്കില്‍ അതു മാതാപിതാക്കള്‍ക്കു കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതായി മനസ്സിലാക്കുന്നു. ഭക്ഷണം കഴിക്കാതിരി ക്കാനുള്ള അടവായി മാറ്റാനേ ഇതുപകരിക്കൂ.

സന്ധ്യ ഗ്രെയ്സ്

കടപ്പാട്: ഡോ. സവിത ഹരിദാസ്, പ്രഫസര്‍ ഓഫ് പീഡിയാട്രിക്സ്, മെഡിക്കല്‍ കോളജ്, തൃശൂര്‍

കുഞ്ഞിന്റെ കാഴ്ച ശക്തി...

ഏറ്റവും പക്വമായ കാഴ്ച ശക്തി വിഷ്വല്‍ അക്യൂട്ടി എന്നാണ് അറിയപ്പെടുന്നത്. നവജാതശിശുക്കള്‍ക്ക് മുതിര്‍ന്നവരുടെയത്രയും കാഴ്ച ശക്തി (വിഷ്വല്‍ അക്യൂട്ടി) ഇല്ല. എന്നാല്‍ ജനിക്കുമ്പോള്‍ തന്നെ കുഞ്ഞിന് വിഷന്‍ പെര്‍സപ്ഷന്‍ ഉണ്ട്. അതായത് കുഞ്ഞിന് അനങ്ങുന്ന വസ്തുവിനെ നോക്കാന്‍ പറ്റും.

വളര്‍ച്ചക്കനുസൃത മായി കുഞ്ഞുങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെട്ടുകൊണ്ടിരിക്കും. ഒരു വയസാകുമ്പോള്‍ കുഞ്ഞുങ്ങളുടെ കാഴ്ചശക്തി ഏകദേശം മുതിര്‍ന്നവരുടേതു പോലെയാകുമെന്നാണു കണക്കാക്കപ്പെട്ടിരിക്കു ന്നത്. എന്നാല്‍ ഒന്നരമാസം പ്രായമാകുമ്പോള്‍ തന്നെ കുഞ്ഞ് അമ്മ യുടെ മുഖത്തു കണ്ണുകള്‍ ഉറപ്പിക്കുകയും ചെയ്യണം.

ആരോഗ്യമുളള കുഞ്ഞുങ്ങള്‍ ഇങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അവര്‍ക്ക് കാഴ്ചശക്തി യ്ക്കും ബുദ്ധിവികാസത്തിനും അപാകകതയുണ്ട് എന്നു പറയാം. എന്നാല്‍ മാസം തികയാതെ ജനിച്ച കുഞ്ഞ് ഉദാഹരണമായി ഒന്നരമാസം മുന്‍പേ ജനിച്ചുവെന്നു കരുതുക. മൂന്നാം മാസത്തിലായി രിക്കും അമ്മയുടെ മുഖത്തു നോക്കുന്നതും ചിരിക്കുന്നതും.

അമ്മയെ തിരിച്ചറിയുന്നത്

രണ്ടുമാസം പ്രായമാകുമ്പോള്‍ കുഞ്ഞിന് പരിചിതശബ്ദങ്ങള്‍ തിരിച്ചറിയാനാകും. നവജാതശിശു ആറാം മാസത്തി ലാണു മാതാ പിതാക്കളെ തിരിച്ചറിയുന്നത്. ആ സമയത്ത് എന്തെങ്കിലും ശബ്ദം കേട്ടാല്‍ കുഞ്ഞ് ഞെട്ടുന്നതായി കാണാം. അമ്മയുടെ ശരീരഗന്ധം കുഞ്ഞിനു തിരിച്ചറിയാം. അതുകൊണ്ടാണ് അമ്മ എടുക്കുമ്പോള്‍ തന്നെ കുഞ്ഞു കരച്ചില്‍ നിര്‍ത്തുന്നത്.

അമ്മയുടെ സ്പര്‍ശം അമ്മ യുടെ മുലപ്പാലിന്റെ ഗന്ധം ഇതെല്ലാം കുഞ്ഞുങ്ങള്‍ക്കറിയാം. കുഞ്ഞിനെ പാലൂട്ടുന്ന കാലയളവുവരെ പെര്‍ഫ്യൂം ഒഴിവാക്കണം. മാത്രമല്ല പെര്‍ഫ്യൂമിന്റെ ഗന്ധം കുഞ്ഞുങ്ങളില്‍ അലര്‍ജി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയിലേയ്ക്കും വഴിതെളിക്കാനുള്ള സാധ്യതയുണ്ട്.

. അമ്മയുടേതല്ലാത്ത മുലപ്പാല്‍ നവജാത ശിശുക്കള്‍ നിരസിക്കു മെന്നു കേട്ടിട്ടുണ്ട് എന്തുകൊണ്ടാണ്?

നവജാതശിശുക്കള്‍ അമ്മയുടേതല്ലാത്ത മുലപ്പാല്‍ നിരസിക്കുമെന്നു പറയുന്നതില്‍ ശാസ്ത്രീയ അടിസ്ഥാനമില്ല. അമ്മ മരിച്ചുപോകുകയോ എന്തെങ്കിലും കാരണവശാല്‍ അമ്മയ്ക്കു പാലൂട്ടാന്‍ കഴിയാതെ വരികയോ ചെയ്താല്‍ മാസം തികഞ്ഞു പിറന്ന കുഞ്ഞ് മറ്റൊരമ്മ യുടെ പാല്‍ കുടിക്കുന്നതില്‍ കുഴപ്പമില്ല.

കുഞ്ഞുങ്ങളാകട്ടെ മറ്റൊരമ്മയുടെ പാല്‍ നിരസിക്കാറുമില്ല. പാലു നല്‍കുന്ന സ്ത്രീകള്‍ നല്ല ആരോഗ്യമുള്ളവരാ യിരിക്കണം. അവര്‍ക്കു സാംക്രമിക രോഗങ്ങളൊന്നും ഉണ്ടാകരുത്. എന്നാല്‍ മാസം തികയാതെ പിറന്ന കുഞ്ഞുങ്ങ ള്‍ അമ്മയുടെ പാല്‍ തന്നെ കുടിക്കുന്നതാണു നല്ലത്. ഈ കുഞ്ഞുങ്ങളുടെ അമ്മമാരുടെ പാല്‍ അവര്‍ക്കു ദഹിക്കാന്‍ പാകത്തിനായിരിക്കും.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate