অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുട്ടികളിലെ മൂത്രാശയ അണുബാധ

ആണ്‍കുട്ടികളെ അപേക്ഷിച്ച്‌ മൂത്രാശയ അണുബാധ ഉണ്ടാകുവാനുള്ള സാധ്യത പെണ്‍കുട്ടികളില്‍ 10 മുതല്‍ 30 ശതമാനം വെരയാണ്‌. ഒരിക്കല്‍ സുഖപ്പെട്ടാല്‍ വീണ്ടും വരാനുള്ള സധ്യത പെണ്‍കുട്ടികളെ സംബന്ധിച്ചടത്തോളം 50 ശതമാനം കൂടുതലാണ്‌ .

കുംഭമാസം പകുതിയായതേ ഉള്ളൂ. പക്ഷേ, വേനല്‍ച്ചൂട്‌ ഇപ്പോള്‍ത്തന്നെ അസഹ്യമായിത്തുടങ്ങി. ഇനി അങ്ങോട്ട്‌ വേനല്‍ക്കാല രോഗങ്ങളുടെ ഊഴമാണ്‌. ചൂടും വരള്‍ച്ചയും പൊടിപടലങ്ങളും ജലക്ഷാമവും ശരീരത്തിലെ നിര്‍ജലീകരണവും ഒക്കെക്കൂടി നമുക്ക്‌ സമ്മാനിക്കുന്നത്‌ ഒരുപിടി രോഗങ്ങളാണ്‌. അവയില്‍ ചെറുതല്ലാത്ത സ്‌ഥാനം മൂത്രാശയ രോഗങ്ങള്‍ക്കുണ്ട്‌.

വേണ്ടത്ര കരുതലും ശ്രദ്ധയും കൊടുത്തില്ലെങ്കില്‍ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം മൂത്രാശയത്തിലെ അണുബാധ പ്രശ്‌നക്കാരനാണ്‌. ഏതാണ്ട്‌ 6 മുതല്‍ 8 വരെ ശതമാനത്തോളം പെണ്‍കുട്ടികളെയും 2 മുതല്‍ 3 ശതമാനത്തോളം ആണ്‍കുട്ടികളെയും ബാധിക്കുന്ന രോഗാവസ്‌ഥയാണ്‌ മൂത്രാശയത്തിലെ അണുബാധ. 2 മുതല്‍ 6 വയസുവരെയുള്ള പ്രായക്കാരെയാണ്‌ ഇത്‌ കൂടുതലായി ബാധിക്കുന്നത്‌.

ആണ്‍കുട്ടികളെ അപേക്ഷിച്ച്‌ മൂത്രാശയ അണുബാധ ഉണ്ടാകുവാനുള്ള സാധ്യത പെണ്‍കുട്ടികളില്‍ 10 മുതല്‍ 30 ശതമാനം വെരയാണ്‌. ഒരിക്കല്‍ സുഖപ്പെട്ടാല്‍ വീണ്ടും വരാനുള്ള സധ്യത പെണ്‍കുട്ടികളെ സംബന്ധിച്ചടത്തോളം 50 ശതമാനം കൂടുതലാണ്‌. മൂത്രനാളിയുടെ ജന്മാലുള്ള നീളക്കുറവ്‌ ഇതിന്റെ പ്രധാന കാരണമാണ്‌.

മൂത്രാശയത്തിലെ അണുബാധ

മൂത്രാശയത്തിന്റെ ഏതെങ്കിലും ഭാഗത്ത്‌ ഒരു നിശ്‌ചിത എണ്ണത്തില്‍ കൂടുതലുള്ള രോഗാണുക്കളുടെ സാന്നിധ്യമുണ്ടെങ്കില്‍ അതിനെ മൂത്രാശയ അണുബാധയായി കണക്കാക്കാം. മൂത്രനാളിയുടെ ഏറ്റവും പുറത്തെ മൂന്നിലൊന്നു ഭാഗം ഒഴികെയുള്ള ഭാഗത്തെ അണുബാധകളെല്ലാം ഈ നിര്‍വചനത്തിന്റെ കീഴില്‍ വരും.

അതായത്‌ മൂത്രനാളി, മൂത്രസഞ്ചി, മൂത്രസഞ്ചിയും വൃക്കയുമായി ബന്ധിപ്പിക്കുന്ന കുഴല്‍, വൃക്കകള്‍ എന്നിവടങ്ങളിലെവിടെയെങ്കിലും ഉള്ള അണുബാധകളെല്ലാം ഇതില്‍ പെടുന്നതാണ്‌.

രോഗസാധ്യതയ്‌ക്ക് കാരണങ്ങള്‍

1. വേണ്ടത്ര വെള്ള കുടിക്കാതിരിക്കുക, വേനല്‍ക്കാലത്തെ ജലദൗര്‍ലഭ്യമോ വൃത്തിയുള്ള വെള്ളത്തിന്റെ ലഭ്യതക്കുറവോ ഒക്കെയാണ്‌ കാരണം. ധാരാളം വെള്ളം കുടിക്കുന്നത്‌ ധാരാളം മൂത്രം പോകാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ ഒരു പരിധിവരെ രോഗാണുക്കള്‍ 'ഫ്‌ളഷ്‌' ചെയ്‌തുപോകാന്‍ ഇതു സഹായിക്കും.

2. വ്യക്‌തിശുചിത്വത്തിലെ പോരായ്‌മകള്‍ മറ്റൊരു കാരണമാണ്‌. ഗുഹ്യഭാഗങ്ങള്‍ ശുചിയായി സൂക്ഷിക്കാത്തതും വിയര്‍ത്തൊട്ടി വൃത്തിയില്ലാത്ത അടിവസ്‌ത്രങ്ങള്‍ ധരിക്കുന്നതും മൂത്രാശയ അണുബാധയുടെ സാധ്യത വര്‍ധിപ്പിക്കുന്നു.

3. ഏറെനേരം മൂത്രമൊഴിക്കാതെ പിടിച്ചു വയ്‌ക്കുന്നതും പൂര്‍ണമായും മൂത്രം ഒഴിച്ചുകളയാത്തതും മൂത്രാശയാണുബാധയ്‌ക്ക് കാരണമാണ്‌.
4. തീരെ ചെറിയ കുഞ്ഞുങ്ങളില്‍ ഇറുകിയ ഡയപ്പറുകളും നനഞ്ഞ ഡയപ്പറുകളും തീരെ ഇറുകിയ ഡയപ്പറുകളും യഥാസമയം മാറ്റാത്ത ഡയപ്പറുകളും അണുബാധയുടെ സാധ്യതതകള്‍ വര്‍ധിപ്പിക്കും.

5. ലിംഗാഗ്ര ചര്‍മ്മം ഛേദിക്കാത്ത ആണ്‍കുട്ടികളില്‍ അങ്ങനെ ചെയ്യുന്നവരെ അപേക്ഷിച്ച്‌ മൂത്രാശയ അണുബാധയുടെ സാധ്യത കൂടുതലാണ്‌. ലിംഗാഗ്രചര്‍മ്മത്തിനടിയില്‍ അഴുക്ക്‌ അടിഞ്ഞു കൂടുന്നതുകൊണ്ടാണിത്‌.

6. മൂത്രാശയത്തിലെ ഏതെങ്കിലും ഭാഗത്തിനുള്ള രോഗങ്ങളും മറ്റു തകരാറുകളും ബ്ലാഡര്‍ നെക്കിലെ തടസങ്ങള്‍, പോസ്‌റ്റീവിയന്‍ യൂറിത്രല്‍ വാല്‍വ്‌ എന്ന അവസ്‌ഥ, ന്യൂറോജനിക്‌ ബ്ലാഡര്‍ എന്നിവയൊക്കെ ഇതിനു ഉദാഹരണങ്ങളാണ്‌.

7. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം ശരീരത്തിലെ സംരക്ഷകരായിട്ടുള്ള നോര്‍മല്‍ ബാക്‌ടീരിയകളുടെ കൂട്ടം നശിപ്പിക്കപ്പെടുന്നതാണ്‌ ഇവിടെ കാരണം.

8. ആശുപത്രിയില്‍ മറ്റേതെങ്കിലും രോഗത്തിന്‌ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ മൂത്രം പോകാനായി ട്യൂബ്‌ ഘടിപ്പിക്കുന്നതും അണുബാധാസാധ്യത വര്‍ധിപ്പിക്കുന്നു.
80 ശതമാനത്തോളം വരുന്ന അണുബാധകളും ഇ - കോളി എന്ന രോഗാണു കാരണമാണ്‌ ഉണ്ടാകുന്നത്‌. ക്ലെബ്‌സിയെല്ല, പ്രോട്ടിയസ്‌, സ്യൂഡൊമൊണാസ്‌, സ്‌റ്റഫൈലോ കോക്കസ്‌ ഓറിയസ്‌ എന്നിവയെല്ലാമാണ്‌ അണുബാധയ്‌ക്കു കാരണമാകുന്ന മറ്റ്‌ രോഗാണുക്കള്‍.

രോഗലക്ഷണങ്ങള്‍

കുട്ടികളുടെ പ്രായവും രോഗാവസ്‌ഥയുടെ തീവ്രതയും അനുസരിച്ച്‌ രോഗലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. നവജാത ശിശുക്കളിലാകുമ്പോള്‍ പനി, ഛര്‍ദി, വയറിളക്കം, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍, പാല്‍ കുടിക്കാനുള്ള ബുദ്ധിമുട്ട്‌, ക്ഷീണം, ശരീരഭാരം കൂടാതിരിക്കുക അഥവാ കുറയുക, ഡയപ്പര്‍ കെട്ടുന്ന ഭാഗങ്ങളില്‍ ചുവന്നു തടിക്കുക എന്നിവയൊക്കെയാണ്‌ പ്രധാന ലക്ഷണങ്ങള്‍.

അല്‍പം കൂടി മുതിര്‍ന്ന കുട്ടികളിലാവട്ടെ പനി, ഇടയ്‌ക്കിടെയുള്ള മൂത്രം പോക്ക്‌, മൂത്രമൊഴിക്കുമ്പോഴുള്ള ചുട്ടുനീറ്റല്‍, അടിവയറ്റിലെ വേദന എന്നിങ്ങനെയായിരിക്കും ലക്ഷണങ്ങള്‍. പനിയോടൊപ്പം വിറയലും സാധാരണമാണ്‌. കൂടാതെ മൂത്രത്തിന്‍െ്‌ ഒഴുക്കും ദുര്‍ബലമായ തോതിലായിരിക്കും. മൂത്രമൊഴിക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ വേദനമൂലം കുഞ്ഞുങ്ങള്‍ കരയാറുണ്ട്‌.

രോഗനിര്‍ണയം

രോഗലക്ഷണങ്ങളും പരിശോധനയും കൊണ്ടുതന്നെ രോഗം ഏതാണ്ട്‌ ഉറപ്പാക്കാമെങ്കിലും രോഗനിര്‍ണയം പൂര്‍ണമാകുന്നത്‌ മൂത്രത്തിന്റെ കള്‍ച്ചര്‍ ടെസ്‌റ്റിലൂടെ മാത്രമാണ്‌. മൂത്രത്തിന്റെ സാമ്പിളില്‍ ഏതാനും പസ്‌ സെല്ലുകള്‍ സാധാരണ കാണാമെങ്കിലും ഒരു ക്യുബിക്‌ മില്ലീ മീറ്ററില്‍ പത്തില്‍ കൂടുതല്‍ കൗണ്ട്‌ ഉണ്ടെങ്കില്‍ അത്‌ അണുബാധയായി അണക്കാക്കാം.

അല്‍പം മുതിര്‍ന്ന കുട്ടികളില്‍ നേരിട്ട്‌ മൂത്ര സാമ്പിളുകള്‍ എടുക്കാമെങ്കിലും തീരെ ചെറിയ കുട്ടികളിലും ശിശുക്കളിലും ട്യൂബ്‌ ഇട്ടോ ബ്ലാഡറിനു മുകളില്‍ നിന്ന്‌ സിറിഞ്ച്‌ ഉപയോഗിച്ചോ ആണ്‌ കള്‍ച്ചര്‍ സാമ്പിള്‍ ശേഖരിക്കുന്നത്‌.

ചികിത്സയും പ്രതിരോധവും

കള്‍ച്ചര്‍ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ രോഗാണുവിന്റെ തരം നോക്കിയുള്ള ആന്റിബയോട്ടിക്‌ ചികിത്സയാണ്‌ ഇതിനു നല്‍കുന്നത്‌. കുട്ടികളുടെ കാര്യത്തിലാകുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ ഞരമ്പു വഴിയുള്ള ഇഞ്ചക്ഷനുകളായിട്ടാണ്‌ നല്‍കുന്നത്‌. മരുന്നു കഴിപ്പിക്കാനുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചും പെട്ടെന്നുള്ള ഫലപ്രാപ്‌തിക്കുവേണ്ടിയുമായണ്‌ നല്‍കുന്നത്‌.

അല്‍പം മുതിര്‍ന്നകുട്ടികളാകുമ്പോള്‍ തുടക്കത്തിലെ ചികിത്സക്കുശേഷം കാപ്‌സ്യൂള്‍ അല്ലെങ്കില്‍ ഗുളിക രൂപത്തിലേക്ക്‌ ചികിത്സ മാറ്റാറുണ്ട്‌. ചികിത്സയുടെ ഫലപ്രാപ്‌തി ഉറപ്പാക്കാന്‍ കള്‍ച്ചര്‍ പരിശോധന ആവര്‍ത്തിക്കാറുണ്ട്‌.

ഇടവിട്ടുള്ള അണുബാധകള്‍ വരുന്നുണ്ടെങ്കില്‍ മൂത്രസഞ്ചിക്കോ വൃക്കകള്‍ക്കോ അനുബന്ധ അവയവങ്ങള്‍ക്കോ എന്തെങ്കിലും തകരാറുകള്‍ ഉണ്ടോ എന്ന്‌ പരിശോധിക്കേണ്ടിയിരിക്കുന്നു. അങ്ങനെയുള്ള കുട്ടികളില്‍ അള്‍ട്രസൗണ്ട്‌, മിക്‌ചറീറ്റിങ്ങ്‌ സിസ്‌റ്റോ യൂറിത്രോഗ്രാം എന്നീ പരിശോധനകള്‍ വേണ്ടിവന്നേക്കാം.

മരുന്നു ചികിത്സയ്‌ക്കു പുറമേ ധാരാളം വെള്ളം കുടിക്കുക, കൂടുതല്‍ നേരം മൂത്രമൊഴിക്കാതെ പിടിച്ചു വയ്‌ക്കാതിരിക്കുക, ഇറക്കമുള്ള അടിവസ്‌ത്രങ്ങളും ഡയപ്പറുകളും ഒഴിവാക്കുക, വ്യക്‌തി ശുചിത്വം പാലിക്കുക എന്നീ കാര്യങ്ങള്‍ രോഗവിമുക്‌തിക്കും രോഗപ്രതിരോധത്തിനും ഏറെ ആവശ്യമാണ്‌. ഓര്‍ക്കുക, അടിക്കടിയുള്ള മൂത്രാശയാണുബാധ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.

കടപ്പാട് : പ്രഫ. സുനില്‍ മൂത്തേടത്ത്‌

അമൃത ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍
സയന്‍സസ്‌, കൊച്ചി

അവസാനം പരിഷ്കരിച്ചത് : 1/29/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate