ആര്‍ത്രൈറ്റിസ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ത്തന്നെ ഈ രോഗം പ്രായ മായവരില്‍ മാത്രം കാണപ്പെടുന്ന ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്്. എന്നാല്‍, കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്ന ആര്‍ത്രൈറ്റിസിനെക്കുറിച്ചും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞവര്‍ഷത്തെ ലോക ആര്‍ത്രൈറ്റിസ് ദിനം കുട്ടികളില്‍ കണ്ടുവരുന്ന ആര്‍ത്രൈറ്റിസിനെക്കുറിച്ചായിരുന്നു.
കുട്ടികളില്‍ സന്ധികളിലും, മറ്റ് ശരീരഭാഗങ്ങളിലും ഉള്ള വേദന വളരെ സാധാരണമാണ്. ഈ വേദനകളുടെ കാരണങ്ങള്‍ മിക്കപ്പോഴും വളരെ ലളിതവും മരുന്നുകള്‍ നല്‍കാതെത്തന്നെ പെട്ടെന്ന് ശമിക്കുന്നതുമാണ്. എന്നാല്‍, ചിലപ്പോഴെല്ലാം ഇത്തരം വേദനകളുടെ കാരണങ്ങള്‍ അല്‍പ്പം ശ്രദ്ധ നല്‍കേണ്ടവതന്നെയാണ്. കുട്ടികള്‍ ഇത്തരം വേദനകള്‍ (സന്ധി, മസില്‍ വേദനകള്‍) പറയുന്നുവെങ്കില്‍ ഒരു ശിശുരോഗ വിദഗ്ധനെ കാണിക്കേണ്ടത് അത്യാവശ്യമാണ്.
കുട്ടികളില്‍ ഇത്തരത്തിലുള്ള വേദനയ്ക്ക് കാരണങ്ങള്‍ പലതാണ്.സന്ധികളുടെ അമിത വഴക്കം, ചെറിയ പരിക്കുകള്‍, മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ എന്നിങ്ങനെ പലപല കാരണങ്ങളുണ്ട് ഇത്തരം വേദനകള്‍ക്ക്. ബാല്യത്തിലെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും ആയി ബന്ധപ്പെട്ട കാരണങ്ങളും, ഒട്ടും ദൃഢമല്ലാത്ത പേശികളും ഈ വേദനയുടെ മറ്റു ചില കാരണങ്ങളാണ്. കുട്ടികളിലെ ആര്‍ത്രൈറ്റിസ് (വാതം) അത്ര സാധാരണമായി കണക്കാക്കപ്പെടുന്നില്ല. ഇത് തീര്‍ത്തും തെറ്റായ ഒരു ധാരണയാണ്. ആഴ്ചകളോളം സന്ധികളിലെ വേദനയും, ലക്ഷണങ്ങളും തുടരുന്നു എങ്കില്‍ അത് തീര്‍ച്ചയായും കുട്ടിക്കാലത്തെ ആര്‍ത്രൈറ്റിസ് (വാതം) ആയി ഇതിനെ കണക്കാക്കേണ്ടിയിരിക്കുന്നു.വളരെ അപൂര്‍വമായിമാത്രം സന്ധിവേദന പ്രത്യേകതരം അര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണവും ആകാം.
എത്രത്തോളം സാധാരണമാണ് കുട്ടികളില്‍ ഈ രോഗം
കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന പനിയും അനുബന്ധ രോഗങ്ങളും പോലെ അത്രത്തോളം സാധാരണമല്ല ആര്‍ത്രൈറ്റിസ് (വാതം) എങ്കിലും ലോകത്താകമാനം ആയിരത്തിലൊരാള്‍ എന്ന കണക്കില്‍ ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ് (ജെഐഎ) എന്ന രോഗം ബാധിച്ചിരിക്കുന്നു എന്നത് നാം ഓര്‍മിക്കേണ്ട വസ്തുതയാണ്.
ബാല്യത്തിലെ ആര്‍ത്രൈറ്റിസ് (വാതം) ബാധയ്ക്ക് നല്‍കിയിരിക്കുന്ന പേരാണ് ജുവനൈല്‍ ഇടിയോപതിക് ആര്‍ത്രൈറ്റിസ് എന്നത്. ഏതു പ്രായത്തിലും ഈ രോഗബാധ ഉണ്ടാകും എന്നതും കുട്ടികളില്‍ ഇത് സാധാരണമാണ് എന്നതും ഏറെ പ്രാധാന്യത്തോടെ നാം ഓര്‍ക്കേണ്ടതാണ്. കൃത്യമായി രോഗലക്ഷണങ്ങള്‍ ഉണ്ടായില്ലെന്നും വരാം. ബാല്യകാലത്ത് കണ്ടുവരുന്ന റുമറ്റോയ്ഡ്, ആര്‍ത്രൈറ്റിസ് (ഒരുതരം സന്ധിവാതം) ആയി കണക്കാക്കപ്പെടുന്നില്ല. കുട്ടികള്‍ ചെറിയ പ്രായപൂര്‍ത്തിയായവര്‍ അല്ല എന്നു പറയുംപോലെ കുട്ടികളുടെ സന്ധികളിലെ പ്രശ്നങ്ങളുടെ ആകെ തുകയാണ് ജുവനൈല്‍ ഇടിയോപതിക് ആര്‍ത്രൈറ്റിസ് എന്ന ഈ രോഗം. ഈ രോഗബാധ ഉണ്ടെങ്കിലും സാധാരണ രക്തപരിശോധനയില്‍ റുമറ്റോയ്ഡ് ഫാക്ടറൊന്നും മനസ്സിലാക്കാന്‍ കഴിയുകയും ഇല്ല.
ശരീരത്തിലെ രോഗപ്രതിരോധ ശേഷിയില്‍ ഉണ്ടാകുന്ന തകരാറുമൂലം ശരീരത്തിനുള്ളിലെത്തന്നെ ആന്റിബോഡി (ദോഷവസ്തുക്കള്‍) ഉല്‍പ്പാദിപ്പിക്കപ്പെടുന്നതാണ് ഈ രോഗത്തിന്റെ കാരണം. ഇത് ഏതെങ്കിലും വിധമുള്ള ഭക്ഷണരീതിയോ ജീവിതരീതിയോ, മറ്റേതെങ്കിലും കാരണങ്ങളുമായോ ബന്ധപ്പെട്ടതല്ല എന്നതും പ്രത്യേകം ഓര്‍ക്കുക. എങ്ങനെ കണ്ടുപിടിക്കാംകൃത്യമായ വൈദ്യപരിശോധനയിലൂടെ വിദഗ്ധ ഡോക്ടര്‍ക്ക് ഈ രോഗം പ്രാരംഭത്തില്‍ത്തന്നെ കണ്ടുപിടിക്കാം. കഴിയുമെങ്കില്‍ ഇത്തരം രോഗികള്‍ ശിശുരോഗവിദഗ്ധനായ റുമറ്റോളജിസ്റ്റിനെ കാണണം.
എല്ലാ കുട്ടികളിലും കാണുന്നത് ഒരേ ലക്ഷണങ്ങളാണോ?
പലതരത്തിലുള്ള ജുവനൈല്‍ ഇടിയോപതിക് ആര്‍ത്രൈറ്റിസ് ഉണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ ലക്ഷണങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമാകും.
എന്തുകൊണ്ട് പ്രാരംഭഘട്ടത്തിലുള്ള രോഗനിര്‍ണയം പ്രാധാന്യമര്‍ഹിക്കുന്നു
വളര്‍ച്ചയുടെ ദശയിലുണ്ടാകുന്ന ആര്‍ത്രൈറ്റിസ് കുട്ടികളുടെ അവയവങ്ങളെ ബാധിക്കുകയും അവരുടെ ശരീരവളര്‍ച്ചയെ ബാധിക്കുംവിധമുള്ള രൂപവൈകൃതത്തിനുവരെ കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പ്രാരംഭദശയിലുള്ള രോഗനിര്‍ണയവും പ്രതിവിധിയും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
ഇന്ന് ഏറ്റവും ഫലപ്രദമായ ചികിത്സാവിധികള്‍ ഈ രോഗത്തിന് ലഭ്യമാണ്. ആര്‍ത്രൈറ്റിസ് ഗുരുതരാവസ്ഥയിലാണെങ്കില്‍ സന്ധികളില്‍ നല്‍കുന്ന കുത്തിവയ്പ് രോഗത്തിന്റെ കാഠിന്യവും, വൈകല്യ സാധ്യതയും കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനുശേഷം ആഴ്ചകളില്‍ എടുക്കുന്ന കുതിവയ്പുകളായോ, ഗുളികകളായോ രോഗത്തിന് അനുയോജ്യമായ ചികിത്സ നല്‍കാവുന്നതാണ്. ഇത് പതുക്കെപ്പതുക്കെ ആര്‍ത്രൈറ്റിസിനെ നിയന്ത്രണവിധേയമാക്കും. രോഗം നേരത്തെത്തന്നെ നിര്‍ണയിക്കപ്പെട്ട മിക്കവാറും കുട്ടികള്‍ക്ക് ഒന്നോ, രണ്ടോ തവണ നല്‍കുന്ന ചികിത്സ ഫലം നല്‍കാറുണ്ട്. മിക്കവാറും രോഗികള്‍ക്ക് ചികിത്സക്കുവേണ്ടി ആശുപത്രികളില്‍ താമസിക്കേണ്ട ആവശ്യം ഉണ്ടാകാറില്ല. ഈ ചികിത്സയിലൂടെ, ലക്ഷം കുട്ടികള്‍ക്ക് ആര്‍ത്രൈറ്റിസ് നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.രൂപവൈകല്യം ഉണ്ടാകാതെ ശ്രദ്ധിച്ച് അവരെ മാനസികമായും, ശാരീരികമായും ആരോഗ്യമുള്ളവരാക്കി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ്.
സാധാരണയായി മാതാപിതാക്കള്‍ക്ക് കണ്ടുവരുന്ന ഉല്‍ക്കണ്ഠയാണ് മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്നുള്ളത്. രോഗബാധിതമായ ശരീരഭാഗത്തിന് ആവശ്യമായ മരുന്നുകള്‍ കഴിക്കുമ്പോള്‍ അത് രോഗബാധ ഇല്ലാത്ത ശരീരഭാഗങ്ങളെയും ബാധിക്കാനുള്ള സാധ്യതയാണ് പാര്‍ശ്വഫലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഏതാണ്ട് എല്ലാ മരുന്നുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. എന്നാല്‍, എല്ലാവരിലും അത് പ്രത്യക്ഷപ്പെടുന്നില്ല എന്നു മാത്രം.
മിക്കവാറും കുട്ടികള്‍ കൃത്യമായി നല്‍കുന്ന ആര്‍ത്രൈറ്റിസ് മരുന്നുകളുമായി നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട്. പ്രശ്നങ്ങള്‍ പ്രാരംഭത്തില്‍ത്തന്നെ കണ്ടുപിടിക്കുന്നതിനും അവ പരിഹരിക്കുന്നതിനും കൃത്യമായ മേല്‍നോട്ടം അത്യാവശ്യമാണ്.
ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ് (ജെഐഎ) ബാധിച്ച ചില കുട്ടികളില്‍ ഈ രോഗം കണ്ണിനെ ബാധിക്കാറുണ്ട്. കൃത്യമായ നേത്രപരിശോധനയിലൂടെ ഈ അവസ്ഥ ആദ്യഘട്ടത്തില്‍ത്തന്നെ തിരിച്ചറിയാന്‍കഴിയും. കാഴ്ചയെ ബാധിക്കാത്തവിധം ചികിത്സിച്ചു മാറ്റാനുമാകും.
ജെഐഎ യുടെ അനന്തരഫലം എന്താണ്?
50-60 ശതമാനംവരെ രോഗികള്‍ കൃത്യമായ ചികിത്സകൊണ്ട് ഈ രോഗാവസ്ഥയെ മറികടക്കാറുണ്ട്. ചിലര്‍ക്ക് ദീര്‍ഘകാലത്തെ പരിചരണം ആവശ്യമായും വരാറുണ്ട്. പ്രായപൂര്‍ത്തിയായവരില്‍ ഒരു ചെറിയവിഭാഗത്തിന് അവരുടെ ബാല്യത്തില്‍ത്തന്നെ റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് കണ്ടുവരുന്നുണ്ട്. എങ്കിലും ചികിത്സയും ജീവിതരീതിയില്‍ വരുത്തുന്ന മാറ്റങ്ങളുംകൊണ്ട് ഒരു പ്രമേഹരോഗി സാധാരണ ജീവിതം നയിക്കുംപോലെ കൃത്യമായ ചികിത്സയും, രീതികളുംകൊണ്ട് ആര്‍ത്രൈറ്റിസ് രോഗവും നിയന്ത്രണവിധേയമാക്കാം.
പൂര്‍ണമായ രോഗശമനം സാധ്യമോ?
ശാസ്ത്രീയമല്ലാത്തതും ചിട്ടിയില്ലാത്തതുമായ മരുന്നുകള്‍ പൂര്‍ണമായ രോഗത്തിനു വിലങ്ങുതടിയാണ്. എന്തുതന്നെയായാലും ഈ രോഗാവസ്ഥയെ നിയന്ത്രിക്കാന്‍ കഴിയുകയും, ഒരിക്കല്‍ നിയന്ത്രണവിധേയമായാല്‍ അത് നിലനിര്‍ത്തുകയും, ആവശ്യത്തിനുള്ള മരുന്നുകള്‍ മാത്രം കഴിക്കുകയും ചെയ്യുക എന്നത് പരമപ്രധാനം. രോഗം നിയന്ത്രിക്കാനായാല്‍, രോഗബാധിതനായ കുട്ടിക്ക് സാധാരണ രീതിക്കുള്ള ജീവിതം നയിക്കാനാകും, ജീവിതത്തില്‍ ഉന്നതനിലകളില്‍ എത്താനും കഴിയും.
ബാല്യത്തിലെ ആര്‍ത്രൈറ്റിസ് വിരളമല്ല. കുട്ടികളിലെ ആര്‍ത്രൈറ്റിസ്, പ്രായപൂര്‍ത്തിയായവരില്‍ കണ്ടുവരുന്ന രോഗാവസ്ഥയുടെ വകഭേദമായി കണക്കാക്കപ്പെടുന്നില്ല. ഇതിന് പല വകഭേദങ്ങളുണ്ട്.ഏറ്റവും ഫലപ്രദമായ ചികിത്സാരീതികള്‍ ഇന്ന് കുട്ടികളിലെ ആര്‍ത്രൈറ്റിസിന് ലഭ്യമാണ്. പ്രാരംഭദശയില്‍ത്തന്നെയുള്ള രോഗനിര്‍ണയവും, കൃത്യമായ മേല്‍നോട്ടത്തോടെയുള്ള ചികിത്സയും ആര്‍ത്രൈറ്റിസ്മൂലം ഉണ്ടാകുന്ന രൂപവൈകൃത്യങ്ങളെ തടയുന്നതിനു സഹായിക്കും. രോഗബാധിതരായ കുട്ടികളുടെ വളര്‍ച്ചയും, വികാസവും കൃത്യമായി നിരീക്ഷിക്കേണ്ടതാണ്.
കടപ്പാട് : ഡോ. സുമ ബാലന്‍,അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്
അവസാനം പരിഷ്കരിച്ചത് : 5/30/2020
കൂടുതല്‍ വിവരങ്ങള്‍
ഇന്ത്യയിലെ സംസ്ഥാനങ്ങളും അതിന്റെ തലസ്ഥാനങ്ങളും
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍