অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രതിരോധ കുത്തിവയ്പ്പുകൾ

പ്രതിരോധ കുത്തിവയ്പ്പുകൾ

ഓരോ ജനസമൂഹവും പിന്തുടരുന്ന ശാസ്ത്രീയതത്വങ്ങൾ ഒട്ടേറെ ആളുകളുടെ, ഒട്ടേറെ നാളത്തെ ശ്രമഫലമായി ഉണ്ടായതാണ്. അതേസമയം ചില തത്ത്വശാസ്ത്ര കടുംപിടിത്തങ്ങളിലൂന്നിനിന്നു കൊണ്ട് ഇത്തരം മുന്നേറ്റങ്ങളെ തടയാൻ ശ്രമിക്കുന്നവരും വിരളമല്ല. ഭൂമി സൂര്യനെയല്ല മറിച്ച് സൂര്യൻ ഭൂമിയെയാണ് ചുറ്റുന്നതെന്നും ഭൂമി ഒരു ഗോളമല്ല മറിച്ച് ദോശപോലെ പരന്ന ഒരു വസ്തുവാണെന്നും ഇന്നും വിശ്വസിക്കുന്നവരുണ്ട്. ഒരു പന്തും മെഴുകുതിരിയും ഉപയോഗിച്ച് ഭൂമി ഉരുണ്ടതാണെന്നും അത് സൂര്യനെ ചുറ്റുകയാണെന്നും തെളിയിക്കാൻ ശ്രമിക്കുന്ന ഒരു മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയുടെ യുക്തിപോലും ഇവരാരും പ്രയോഗിക്കാറില്ല. അതുകൊണ്ടുതന്നെ ഇത്തരക്കാരെ ഒരു പ്രത്യേക വിശ്വാസവിഭാഗമായി പരിഗണിച്ച് മാറ്റിനിർത്താൻ മാത്രമേ നിർവ്വാഹമുള്ളു. ജീവശാസ്ത്രവും അതിൽ ഏറ്റവും വികാസം പ്രാപിച്ച മെഡിക്കൽ ശാസ്ത്രവും അതിന്റെ തന്നെ പ്രധാന ഉപവിഭാഗങ്ങളിലൊന്നായ ഇമ്മ്യുണോളജിയും ഇത്ര കണ്ട് വികസിച്ചിരിക്കുന്ന ഇന്നത്തെ കാലത്തും വാക്‌സിനേഷൻ എന്ന സങ്കേതം ശുദ്ധഅസംബന്ധമാണെന്ന് വാദിക്കുന്നവരെപ്പറ്റി മറ്റെന്തു പറയാൻ. പക്ഷേ വിശ്വാസപ്രമാണങ്ങളെ ശാസ്ത്രത്തിന്റെ മുഖംമൂടി ചാർത്തി ജനസമൂഹത്തിൽ അവതരിപ്പിക്കുന്നത് അപകടകരമാണ്.  കാരണം സാധാരണക്കാർ ഇതിൽ വീണുപോകാനും അശാസ്ത്രീയമായ കാഴ്ചപ്പാടിൽ എത്തിപ്പെടാനും ഇടയാക്കും.  ചെറിയ അളവിലെങ്കിലും സമൂഹത്തിന്റെ പൊതുവായ ശാസ്ത്രബോധത്തിന് ഇത്തരത്തിലുണ്ടാകുന്ന കോട്ടങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം.

വാക്‌സിന്റെ ചരിത്രത്തിന് മനുഷ്യനോളം പഴക്കമുണ്ട്. 1796 ൽ ഇംഗ്ലണ്ടിലെ ബർനിലി എന്ന ഗ്രാമത്തിൽ ജീവിച്ചിരുന്ന എഡ്വേർഡ് ജന്നർ എന്ന ഡോക്ടർ ഒരു കറവക്കാരിയുടെ കൈയ്യിലെ കന്നുകാലി പോക്‌സിൽ നിന്നുള്ള പഴുപ്പ്, ജയിംസ് ഫിപ്പ് എന്ന് എട്ടുവയുകാരൻ പയ്യനിൽ കുത്തിവച്ചതാണ് ആദ്യത്തെ വാക്‌സിനേഷൻ എന്നാണ് പുസ്തകങ്ങൾ പറയുന്നത്.  എന്നാൽ ഇതിനും നൂറുക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ചൈനയിലും മറ്റും കന്നുകാലി പോക്‌സിൽ നിന്നുള്ള പഴുപ്പ് വസൂരിക്കെതിരെയുള്ള പ്രതിരോധ മരുന്നായി ഉപയോഗിച്ചിരുന്നു.  എന്തിനേറെ ജന്നറുടെ രാജ്യമായ ഇംഗ്ലണ്ടിലെ കാർഷിക കുടുംബങ്ങൾക്കുമറിയാമായിരുന്നു, വസൂരിയിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു പ്രധാന മാർഗ്ഗം കന്നുകാലി പോക്‌സിനുപിടികൊടുക്കുക എന്നതാണെന്ന്. വാക്‌സിനേഷൻ എന്ന ചിന്തക്ക് ശാസ്ത്രീയ അടിത്തറ നൽകിയ ഒരു പരീക്ഷണം നടത്തുക മാത്രമാണ് ജന്നർ ചെയ്തത്.

ജന്നറുടെ കണ്ടെത്തലിനെ തുടർന്നുള്ള ദശകങ്ങൾക്കുള്ളിൽ വാക്‌സിനേഷൻ എന്ന തന്ത്രം പ്രത്യേകിച്ച് വസൂരിക്കെതിരെയുള്ള വാക്‌സിനേഷൻ യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി.  ജന്നർ വാക്‌സിനേഷന്റെ  ഗുണഫലം കണ്ടെത്തി വെറും ഇരുപതു വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ ജനങ്ങളെ മുഴുവൻ വാക്‌സിൻ എടുക്കുന്നതിന് പ്രേരിപ്പിക്കുകയും കുടുംബസമേതം വാക്‌സിനേഷന് വിധേയരാവുകയും ചെയ്തുകൊണ്ട് തിരുവിതാംകൂർ രാജ്ഞി കാട്ടിയ മാതൃകയും ചരിത്രമാണ്. സാമ്യമുള്ള ഒരു രോഗമുണ്ടാക്കുന്ന പഴുപ്പിനെ മറ്റൊരു രോഗം തടയുന്നതിനുള്ള വിദ്യയാക്കുന്നതിനപ്പുറത്ത് മനുഷ്യന്റെ രോഗപ്രതിരോധ ശക്തിയെ സ്വാധീനിച്ച് രോഗങ്ങൾ വരുന്നതു തടയുക എന്ന തന്ത്രത്തിന് അല്ലെങ്കിൽ സയൻസിന് അടിത്തറയായത് 1885 ൽ ലൂയിപാസ്റ്റർ പേപ്പട്ടി വിഷത്തിന് കണ്ടെത്തിയ വാക്‌സിനാണ്. എന്നാൽ രോഗപ്രതിരോധ കുത്തിവയ്പ്പുകളുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടേണ്ടത് 1960 നും 1970 നും മധ്യേ ലോകാരോഗ്യ സംഘടന വസൂരിക്കെതിരെ സംഘടിപ്പിച്ച പ്രചരണവും അതേ തുടർന്ന് 1978-ാംമാണ്ടോടുകൂടി വസൂരി ലോകത്തു നിന്നും വിടപറഞ്ഞതുമാണ്. അതോടുകൂടി മാരക രോഗങ്ങളെ നിർമ്മാർജ്ജനം ചെയ്യുന്നതിന് ഈ മാന്ത്രിക കുത്തിവയ്പ്പുകൾക്ക് കഴിയും എന്ന തോന്നലിന് മനുഷ്യഹൃദയങ്ങളിൽ വേരൂന്നാൻ കഴിഞ്ഞു. തുടർന്ന് കുട്ടികളുടെ കുത്തിവയ്പിന് കൂടുതൽ പ്രാധാന്യം നൽകിയാൽ അതിലൂടെ കുറെ ഏറെ പകർച്ചവ്യാധികളെ കാലക്രമത്തിൽ നിർമ്മാർജ്ജനം ചെയ്യുന്നതിനും കഴിയും എന്ന് ലോകാരോഗ്യ സംഘടനയ്ക്കും കുട്ടികൾക്കായുള്ള സംഘടനയായ യൂണിസെഫിനും ബോധ്യപ്പെട്ടു.  അങ്ങനെ 1974 ഓടു കൂടി എക്‌സ്പാന്റഡ് പ്രോഗ്രാം ഫോർ ഇമ്മ്യൂണൈസേഷൻ (ഇ. പി. ഐ) എന്ന മാർഗ്ഗരേഖ രൂപപ്പെട്ടുവന്നു.

ഇതേ  തുടർന്നാണ് യൂണിവേഴ്‌സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം എന്ന പേരിൽ കുഞ്ഞുങ്ങൾക്ക്, പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങൾക്കെതിരെ കുത്തിവയ്പിനായുള്ള ദേശീയ പരിപാടി (യു. ഐ. പി.) നമ്മുടെ നാട്ടിൽ നടപ്പിലാക്കിയത്. ക്ഷയരോഗത്തിനുള്ള കുത്തിവയ്പായ ബി. സി. ജി., പിള്ളവാതത്തിനുള്ള പോളിയോ തുള്ളിമരുന്ന്, ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് ബി, ഹീമോഫിലസ് ഇൻഫ്‌ളൂവൻസാ ന്യൂമോണിയ എന്നിവയ്‌ക്കെതിരെയുള്ള വാക്‌സിനുകൾ (ഒന്നിച്ചോ, അല്ലാതെയോ), അഞ്ചാംപനിക്കെതിരെയുള്ള കുത്തിവയ്പ് എന്നിവയാണ് യു. ഐ. പി. യിലൂടെ ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്. ഈ രോഗങ്ങൾക്കെതിരെയുള്ള എല്ലാ വാക്‌സിനുകളുടെയും പ്രാഥമിക കുത്തിവയ്പുകൾ, ജനിച്ച് ഒരു വർഷത്തിനകം നൽകുക എന്നതാണ് നാം അനുവർത്തിക്കുന്ന തന്ത്രം, എന്തെന്നാൽ ഈ രോഗങ്ങളെല്ലാം തന്നെ ഒരു വർഷത്തിൽ താഴെ പ്രായമുള്ള കുട്ടികളെ മാരകമായി ബാധിക്കാം.  മാത്രമല്ല ഭാരതം പോലെ ഒരു രാജ്യത്ത് തീരെ ചെറിയ കുട്ടികൾക്ക് പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
പ്രതിരോധ കുത്തിവയ്പുകളുടെ പ്രകടനം സംസ്ഥാനത്ത് പ്രതിരോധ മരുന്നുകൾകൊണ്ട് തടയാവുന്ന രോഗങ്ങൾ ഇല്ലാതാക്കണമെങ്കിൽ, അല്ലെങ്കിൽ അവയുടെ നിരക്ക് വളരെ താഴ്ത്തികൊണ്ടുവരണമെങ്കിൽ രോഗപ്രതിരോധ വാക്‌സിനുകൾ 85 ശതമാനം മുതൽ 95 ശതമാനം വരെ കുട്ടികളെങ്കിലും എടുത്തിരിക്കണമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. യൂണിവേഴ്‌സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം എന്ന ബൃഹത്പദ്ധതി തുടങ്ങി കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്ത് വാക്‌സിനേഷൻ എടുക്കുന്ന കുട്ടികളുടെ എണ്ണം ആശാവഹമായ കണക്കുകളിൽ നിന്നും വളരെയധികം പിന്നിലാണ്. അതു മാത്രമല്ല കഴിഞ്ഞ കുറെ വർഷങ്ങളായി ഇതിലുണ്ടായ പുരോഗതിയും ആശാവഹമല്ല. നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേയുടെ കണക്കുകൾ പട്ടിക 1 ൽ നൽകിയിരിക്കുന്നു. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം (എൻ. ആർ.എച്ച്. എം.) നടപ്പിൽ വന്നതിനുശേഷം കഴിഞ്ഞ അഞ്ച് മുതൽ ഏഴു വർഷങ്ങളിൽ വാക്‌സിനേഷൻ നിരക്കിൽ കാര്യമായ പുരോഗതി ഉണ്ടായതായി പറയപ്പെടുന്നു. എന്നാൽ ഇതിന്റെ കണക്കുകൾ പൂർണ്ണമായി ലഭ്യമല്ല.

പട്ടിക 1

പ്രതിരോധ കുത്തിവയ്പുകളുടെ നിരക്ക് (രാജ്യത്ത്) (Ref. 1)

കുത്തിവയ്പ്

N-F-H-S 1

N-F-H-S 2

N-F-H-S 3

(92-93) ശതമാനം

(98-99) ശതമാനം

(05-06) ശതമാനം

1. ബി. സി. ജി.

62.2

71.6

78.1

2. പോളിയോ

53.6

62.8

78.2

3. ഡി. പി. റ്റി.

51.7

55.1

55.3

4. അഞ്ചാംപനി

42.2

50.7

58.8

5.കുത്തിവയ്പുകൾ മൊത്തത്തിൽ

35.5

42.0

43.5

നേരിയതെങ്കിലും      ഒരു വർദ്ധനവ് രാജ്യത്താകമാനം ഉണ്ടായതായി പട്ടിക 1 ൽ നിന്നും മനസ്സിലാക്കാം. അതേസമയം ഇതേ കാലയളവിൽ കേരളത്തിന്റെ കണക്കുകൾ, ഇതേ സർവ്വേ പ്രകാരമുള്ള ഡാറ്റ പട്ടിക 2 ൽ നൽകിയിരിക്കുന്നു.

പട്ടിക 2

പ്രതിരോധ കുത്തിവയ്പുകളുടെ നിരക്ക് (സംസ്ഥാനത്ത്) (Ref. 2)

കുത്തിവയ്പ്

N-F-H-S 1

N-F-H-S 2

N-F-H-S 3

(92-93) ശതമാനം

(98-99) ശതമാനം

(05-06) ശതമാനം

1. ബി. സി. ജി.

86.1

96.2

96.3

2. പോളിയോ

75.2

88.4

83.1

3. ഡി. പി. റ്റി.

73.7

88.0

84.0

4. അഞ്ചാംപനി

60.5

84.6

82.1

5.കുത്തിവയ്പുകൾ മൊത്തത്തിൽ

54.4

79.7

75.3

ഈ കണക്കുകൾ വിശ്വസിക്കാമെങ്കിൽ സംസ്ഥാനത്തെ ജനങ്ങളുടെ ഇടയിൽ വാക്‌സിനേഷന്റെ വിശ്വാസ്യതക്ക് കോട്ടം സംഭവിച്ചിരിക്കുന്നു. ബി. സി. ജി.യുടെ നിലനിൽക്കുന്ന ഉയർന്ന വാക്‌സിനേഷൻ റേറ്റിനുള്ള കാരണങ്ങൾ അത് ഒരു ഡോസ് മാത്രമേ ഉള്ളൂ എന്നതും ജനിക്കുന്ന ആശുപത്രിയിൽ വച്ചു തന്നെ അത് നൽകപ്പെടുന്നുവെന്നതുമാണ്. അതായത് ജനിച്ചു കഴിഞ്ഞ് കുഞ്ഞുമായി ആശുപത്രിയിൽ നിന്നിറങ്ങുന്ന അമ്മ കുത്തിവയ്പിനു മാത്രമായി ആശുപത്രിയുടെ അല്ലെങ്കിൽ ആരോഗ്യകേന്ദ്രത്തിന്റെ പടികയറുന്നതിനുള്ള സാധ്യതകൾ കുറഞ്ഞു വരുന്നുവെന്ന് അർത്ഥം.  അതേ സമയം ആരോഗ്യരക്ഷയുമായി ബന്ധപ്പെട്ട മറ്റു സൂചകങ്ങളിൽ ചെറുതെങ്കിലും ആശാവഹമായ പുരോഗതിയുണ്ട്. സംസ്ഥാനത്തിന്റെ നിരക്ക് താഴേക്കു പോയ മറ്റ് ഒരേ ഒരു സൂചകം പുരുഷൻമാരുടെ ഇടയിലുള്ള വന്ധ്യകരണം മാത്രമാണ്. മറ്റ് സൂചകങ്ങൾ പട്ടിക 3 ൽ നൽകിയിരിക്കുന്നു.

പട്ടിക 3

നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ പ്രകാരമുള്ള മറ്റ് സുചകങ്ങൾ(സംസ്ഥാനത്ത്) (Ref. 2)

സൂചകം

N-F-H-S 1

N-F-H-S 2

N-F-H-S 3

1. 18 വയിൽ താഴെയുള്ള

വിവാഹം പെൺകുട്ടികളിൽ

19.3%

17.0%

15.4%

2.കുടുംബാസൂത്രണം(ഏതെങ്കിലും മാർഗ്ഗം)

63.3%

63.7%

68.6%

3. സ്ത്രീ വന്ധ്യകരണം

41.8%

48.5%

48.7%

4. പുരുഷവന്ധ്യകരണം

6.5%

2.5%

1%

5. ആശുപത്രി പ്രസവം

88.9%

92.9%

99.5%

6. പ്രസവിച്ച് ഒരു മണി ക്കൂറിനുള്ളിൽ മുലപ്പാൽ ലഭിക്കുന്ന കുട്ടികൾ

14.2%

42.9%

55.4%

സർക്കാരോ സമൂഹമോ നൽകുന്ന ആരോഗ്യ രക്ഷാസേവനങ്ങളിൽ രോഗ പ്രതിരോധ കുത്തിവയ്പിൽ നിന്നു മാത്രം എന്തേ പൊതുജനങ്ങൾ അകന്നുപോകുന്നു എന്നത് അലോസരപ്പെടുത്തുന്ന, എന്നാൽ ഉയർത്തപ്പെടേണ്ട ഒരു പ്രശ്‌നമാണ്. ശിശുമരണനിരക്കിലും ആയൂർദൈർഘ്യത്തിലും കേരളത്തോട് കിടപിടിക്കുന്ന മറ്റു രാജ്യങ്ങളിലെല്ലാം തന്നെ ഇമ്മ്യുണൈസേഷന്റെ പ്രചാരം 95 ശതമാനമോ അതിനു മുകളിലോ ആണ്.  എന്നാൽ കേരളത്തിൽ ഇത് 75 ശതമാനം മാത്രമാണ്.  മാത്രമല്ല, ജനങ്ങൾക്ക് കുത്തിവെയ്പ്പുകളിലുള്ള വിശ്വാസം ദിനംപ്രതി നഷ്ടപ്പെടുന്നതായി പൊതുജനാരോഗ്യരംഗത്തുള്ളവർ ഭയപ്പെടുന്നു. അതിനിടയിൽതന്നെ സംസ്ഥാനത്ത് പലയിടത്തും വാക്‌സിൻ കാരണം നിയന്ത്രിക്കാൻ കഴിയുന്ന ഡിഫ്തീരിയ, മീസിൽസ് തുടങ്ങിയ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നുണ്ട്.
ഈ അവസരത്തിൽ ചില ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ട്.  സർക്കാർ ജനങ്ങൾക്കായി നൽകുന്ന പ്രതിരോധ മരുന്നുകളിൽ ജനങ്ങൾക്ക് എത്രത്തോളം വിശ്വാസമുണ്ട്? ഈ വിശ്വാസത്തിന് കാലം ചെല്ലുന്തോറും മങ്ങലേൽക്കുന്നുണ്ടോ? സത്യത്തിൽ ജനതക്ക് ആവശ്യമുള്ളതു തന്നെയാണോ സർക്കാർ നൽകുന്നത് ? പ്രതിരോധ കുത്തിവയ്പുകളുടെ സാമ്പത്തിക ശാസ്ത്രത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ എത്രത്തോളമുണ്ട്? തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങൾ നമ്മൾ ചോദിക്കുകയും അതിനൊക്കെ മറുപടി കണ്ടെത്തുകയും വേണം.   ഓരോ കുത്തിവയ്പ്പുകൾ പുതുതായി കൊണ്ടുവരുമ്പോഴും, അത്തരം ഒരു തീരുമാനത്തിലേക്ക് നയിക്കുന്നതിനുണ്ടായ കാരണങ്ങൾ, പുതിയ തന്ത്രത്തിലൂടെ സമൂഹം കൈവരിക്കാൻ ശ്രമിക്കുന്ന ലക്ഷ്യങ്ങൾ, പുതിയ സങ്കേതം ഉപയോഗിച്ച നാടുകളിൽ ഉണ്ടായ പാർശ്വഫലങ്ങളും അവയുടെ നിരക്കുകളും, പാർശ്വഫലങ്ങളെ അപേക്ഷിച്ച് എത്ര ഇരട്ടിയാണ് പ്രതീക്ഷിതഗുണഫലങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും സർക്കാർ പൊതുജനസമക്ഷം അവതരിപ്പിച്ച് ജനവിശ്വാസം ആർജ്ജിക്കേണ്ടതാണ് എന്നതിലും തർക്കമില്ല.  പുത്തൻ പരീക്ഷണങ്ങളും അതിനെതുടർന്ന് ഉയർന്നുവരുന്ന വാദങ്ങളും കുത്തിവയ്പ്പുകളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയാൽ അത് വീണ്ടും ആർജ്ജിക്കാൻ തലമുറകൾ വേണ്ടി വന്നേക്കാം. അതുകൊണ്ടുതന്നെ വളരെ കരുതലോടെ വേണം കുത്തിവെയ്പ്പുകളിൽമേലുള്ള വാദമുഖങ്ങളെ സമീപിക്കാൻ.
ഈ പശ്ചാത്തലത്തിൽ വേണം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കഴിഞ്ഞ കുറച്ചു ആഴ്ചകളായി വന്നുകൊണ്ടിരിക്കുന്ന ലേഖനങ്ങളെ വിലയിരുത്തേണ്ടത്. ഇത് എഴുതുന്ന ആൾ ഉൾപ്പെടുന്ന ആധുനിക വൈദ്യശാസ്ത്രസമൂഹവും ഒട്ടേറെ ശാസ്ത്രവിശ്വാസികളും കരുതുന്നതുപോലെ വാക്‌സിനുകൾ ഒരു വലിയ അളവിൽ ഗുണഫലങ്ങളാണ് നല്കുന്നത് എങ്കിൽ ഇത്തരം ലേഖനങ്ങൾ ഋണാത്മകവും കുറ്റകരവും ആണ് എന്നു പറയാതെ നിവൃത്തിയില്ല.  മാതൃഭൂമി ആഴ്ചപതിപ്പിൽ വന്ന ആദ്യലേഖനം പെന്റാവാലന്റ് കുത്തിവയ്പ്പ് എന്ന പ്രത്യേക വാക്‌സിനെപറ്റിയുള്ള ആക്ഷേപമായിരുന്നുവെങ്കിൽ രണ്ടാമത്തേത് കുത്തിവയ്പ്പുകൾ എന്ന തത്വശാസ്ത്രത്തെ തന്നെ നിരാകരിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇത് ഒരു ‘വസ്തുതാന്വേഷണ’മാണ് എന്നു വാരികയുടെ മുൻപേജിൽ സൂചിപ്പിക്കുന്നുവെങ്കിലും വാസ്തവത്തിൽ കുത്തിവയ്പ്പുകളെ സാധൂകരിക്കുന്ന പതിനായിരക്കണക്കിന് പ്രബന്ധങ്ങളുടെ ഇടയിൽ നിന്നും എണ്ണത്തിൽ പരിമിതമായ നെഗറ്റീവ് റിസൽട്ട് പഠനങ്ങൾ മാത്രം തെരഞ്ഞെടുത്ത്, ശാസ്ത്രത്തിന്റെ ഒരു മുഖംമൂടി നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ലേഖകൻ ശ്രമിച്ചിരിക്കുന്നത്.
വാക്‌സിനേഷൻ എന്ന സങ്കേതം തന്നെ ലോകത്തിന് മുന്നിൽ പുനരവതരിപ്പിച്ച എഡ്വേർഡ് ജന്നറും പോളിയോയ്‌ക്കെതിരെയുള്ള കുത്തിവയ്പ്പ് കണ്ടെത്തിയ ജോനാസ് സാൽക്കും ആത്യന്തികമായി ഹീറോകളാണോ വില്ലൻമാരാണോ എന്ന ചർച്ചയിലാണ് ലേഖനം ആരംഭിക്കുന്നത്. ആൾക്കൂട്ടത്തിന്റെ സൃഷ്ടികളായ, അത്രയൊന്നും ഹീറോയിക് അല്ലാത്ത ഇടങ്ങളിലാണ് അവരുടെ സ്ഥാനം എന്ന് ലേഖനത്തിന്റെ അവസാനം പറഞ്ഞുവയ്ക്കുന്നു. സ്വന്തം പരീക്ഷണശാലയിൽ പേപ്പട്ടികളെ കൂട്ടിലിട്ട് വളർത്തി അവയുടെ ഉമിനീർ സ്വയം പിപ്പറ്റ്‌ചെയ്ത് എടുത്ത് വാക്‌സിനുണ്ടാക്കി ആയിരങ്ങളെ അതിദാരുണമായ പേവിഷബാധയിൽ നിന്നും മരണത്തിൽ നിന്നും രക്ഷിച്ച, ഇന്നും രക്ഷിച്ചുകൊണ്ടിരിക്കുന്ന ലൂയിപാസ്റ്റർ ആയിരിക്കും ഈ ഗണത്തിലെ മൂന്നാമത്തെ വില്ലൻ എന്നു തോന്നുന്നു.
ഇന്ന് വാക്‌സിൻ ഇൻഡസ്ട്രിയെ നിയന്ത്രിക്കുന്നത് കുത്തകകളാണ് എന്നതും, ആവശ്യമില്ലാത്ത പല വാക്‌സിനുകളും പ്രൊമോട്ട് ചെയ്യപ്പെടുന്നുണ്ട് എന്നതും, വാക്‌സിൻ ഒരു വലിയ കമ്പോളമാണ് എന്നതുമെല്ലാം സത്യമാണ്.  എന്നാൽ അത് വാക്‌സിനേഷൻ എന്ന ശാസ്ത്രീയ തത്വശാസ്ത്രത്തിന്റെ പാളിച്ചയല്ല മറിച്ച് അതിന്റെ ദുരുപയോഗം മാത്രമാണ്.  വാക്‌സിനേഷൻ കാരണം ഉണ്ടാകുന്ന പാർശ്വഫലങ്ങളെപ്പറ്റി നൂറുക്കണക്കിന് പഠനങ്ങൾ ഇന്നു ഇന്റർനെറ്റിൽ ലഭിക്കും. പക്ഷേ ഈ സങ്കേതത്തിന്റെ ഗുണഫലങ്ങൾ വെളിച്ചത്തുകൊണ്ടുവന്നിട്ടുള്ള പഠനങ്ങൾ ഇതിന്റെ നൂറുകണക്കിന് ഇരട്ടിവരും. അതുകൊണ്ടുതന്നെ ‘വസ്തുതാന്വേഷണം’ നടത്തുമ്പോൾ, അത് ഏതെങ്കിലും ഒരു വിശ്വാസപ്രമാണത്തിലൂന്നി, ആ പ്രമാണത്തെ സാധൂകരിക്കാൻ മാത്രമുള്ള വിവരശേഖരണം ആകരുത് എന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ. ഉദാഹരണത്തിന് എം. എം. ആർ. കുത്തിവയ്പ്പ് കുട്ടികളിൽ ഓട്ടിസം ഉണ്ടാക്കുന്നു എന്നാണ് മേൽപ്പറഞ്ഞ ലേഖനം ഉയർത്തുന്ന ഒരു വാദഗതി.  എന്നാൽ ചില ചെറിയ പഠനങ്ങൾ ഉയർത്തിയ ഇത്തരത്തിലുള്ള ഒരു വാദഗതി തെളിയിക്കാൻ ഒരു വലിയ പഠനത്തിനും കഴിഞ്ഞിട്ടില്ല. (Ref.35). എം. എം. ആർ. കുത്തിവയ്പ്പ് ഓട്ടിസം ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്ന പേരിൽ ലാൻസെറ്റ് മാസികയിൽ വന്ന ആദ്യപഠനം വാക്‌സിൻ കമ്പനികൾക്ക് എതിരെ നിയമയുദ്ധം നടത്തിയിരുന്ന വക്കീലൻമാരുടെ സംഘടനയായിരുന്നു സ്‌പോൺസർ ചെയ്തിരുന്നത്.  (Ref. 6) പ്രസ്തുത പഠനം ശാസ്ത്രീയമല്ലായിരുന്നു എന്ന് പിന്നീട് വിലയിരുത്തപ്പെടുകയും ഇതുപ്രസിദ്ധീകരിച്ച ലാൻസെറ്റ് മെഡിക്കൽ ജേർണൽ ക്ഷമചോദിക്കുകയും ചെയ്തിട്ടുണ്ട്. (Ref. 7, 8) മേൽപ്പറഞ്ഞ പഠനത്തിൽ പങ്കെടുത്ത പ്രധാന ശാസ്ത്രജ്ഞനായ വേക്ക്ഫീൽഡ് ശാസ്ത്രലോകത്തെ കബളിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പിന്നീട് വിലിരുത്തപ്പെട്ടു (Ref. 9). ഈ പഠനങ്ങൾ കൊണ്ടുണ്ടായ പ്രധാന ദോഷം അമേരിക്കയിലെയും കാനഡയിലെയും ധാരാളം ആളുകൾ എം. എം. ആർ. കുത്തിവയ്പ്പ് നിരാകരിക്കുകയും തന്മൂലം പ്രസ്തുത രാജ്യങ്ങളിൽ മീസിൽസ് പടർന്നുപിടിക്കുന്നതിന് ഇടയാകുകയും ചെയ്തു എന്നതാണ്.    ഇത്തരത്തിലുള്ള കഥകൾ മെനഞ്ഞ് ജനങ്ങളുടെ മനസ്സിൽ ഭീതിപരത്തി അവരെ പ്രതിരോധ സംവിധാനത്തിൽ നിന്നും അകലേക്കുമാറ്റുന്നത് ഒരു ആഗോള പ്രവണതയാണ് (Ref. 10). എട്ട് വർഷത്തെ നിയമയുദ്ധത്തിന് അവസാനം, ഈ കുത്തിവയ്പ്പ് വർദ്ധിച്ചതോതിൽ ഓട്ടിസം ഉണ്ടാക്കുന്നില്ല എന്ന് അമേരിക്കൻ കോടതിയും നിരീക്ഷിച്ചിരുന്നു (Ref. 11). ഇവിടെ നാം മറന്നുപോകുന്ന സംഗതി ഇന്ത്യ ഉൾപ്പടെയുള്ള മൂന്നാം ലോകരാജ്യങ്ങളിൽ കുഞ്ഞുങ്ങളെ കൊന്നടുക്കുന്ന നാലുപ്രധാനരോഗങ്ങളിലൊന്ന് മീസിൽസ് ആണ് എന്നതാണ്.  എം.എം.ആർ. വാക്‌സിനുമുകളിൽ ആരോപിക്കുന്നത് കള്ളക്കഥകളാണെങ്കിൽ അത് ആരോപിക്കുന്നവർ ആത്യന്തികമായി നമ്മുടെ കുഞ്ഞുങ്ങളെ രോഗത്തിലേക്കും മരണത്തിലേക്കും തള്ളിവിടുകയാണ് ചെയ്യുന്നത്. കുത്തിവയ്പ്പ്‌കൊണ്ട് തടയാൻ കഴിയുന്ന രോഗങ്ങളിൽ കേരളത്തിൽപോലും വ്യാപകമായ ഒന്നാണ് മീസിൽസ് (Ref. 12). ജനിച്ച് ഒൻപതാംമാസം നൽകിവരുന്ന മീസിൽസ് കുത്തിവയ്പ്പ് കൊണ്ടുമാത്രം ഈ രോഗത്തെ തടയാൻ കഴിയണമെന്നില്ല. അതു കൊണ്ടാണ് ആറുമാസത്തിനുശേഷം ഒരു എം.എം.ആർ. വാക്‌സിൻ കൂടി നൽകുന്നത്. ഭാവിയിൽ വന്ധ്യതയ്ക്ക്‌പോലും കാരണമാകാറുള്ള മുണ്ടിനീര്, ഗർഭസ്ഥശിശുക്കളിൽ അംഗവൈകല്യം ഉണ്ടാക്കാൻ കഴിയുന്ന റുബെല്ല തുടങ്ങിയ രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കുന്ന കുത്തിവയ്പ്പാണ് എം.എം.ആർ.
ഓറൽപോളിയോ വാക്‌സിനും അക്യൂട്ട് ഫ്‌ളാസിഡ് പരാലിസിസും (AFP) തമ്മിലുള്ള ബന്ധമാണ് ലേഖകൻ ഉയർത്തുന്ന മറ്റൊരു വാദഗതി. സത്യത്തിൽ മിക്കരാജ്യങ്ങളിലും (ഇന്ത്യ ഉൾപ്പടെ) AFP കളുടെ എണ്ണം തിട്ടപ്പെടുത്താൻ തുടങ്ങിയതുതന്നെ പോളിയോ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ്. പോളിയോ കണ്ടെത്തുന്നതിനായി എല്ലാത്തരം പരാലിസിസുകളെയും പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയപ്പോൾ അതുവരെ കണക്കിൽ പെടാതെ പോയിരുന്ന പല AFP കളും വെളിച്ചത്തു വന്നു. പോളിയോ കൂടുൽ ബാധിക്കുന്ന സ്ഥലങ്ങളിൽ ഇത്തരം സർവ്വേകൾ കൂടുതൽ ശക്തമായതിനാൽ സ്വാഭാവികമായും അവിടങ്ങളിൽ കൂടുതൽ AFP കണ്ടെത്തുന്നു എന്നതാണ് യാഥാർത്ഥ്യം. ഇനി പോളിയോ വാക്‌സിൻ നൽകുന്നത് അനുസരിച്ച് പോളിയോ കുറയുന്നുണ്ടെങ്കിലും AFP കൂടുന്നു എന്ന് വാദത്തിന് വേണ്ടി അംഗീകരിച്ചാൽ പോലും രണ്ടുമാസത്തിൽ കൂടുതൽ ശരീരത്തിന് തളർത്താത്ത AFP കളല്ലേ ജീവിതകാലം മുഴുവൻ കൈകാലുകൾ തളർത്തിക്കളയുന്ന പോളിയോയേക്കാൾ ഭേദം ?
ഈ ലേഖനത്തിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്ന ഗ്രാഫുകൾ തെറ്റിദ്ധാരണപരത്തുന്നവയാണ്.  സാമൂഹ്യസൂചകങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിൽ നില്ക്കുന്ന ബ്രിട്ടൺ, അമേരിക്ക, വെയിൽസ് തുടങ്ങിയ രാജ്യങ്ങളിലെ വിവരങ്ങളാണ് ഗ്രാഫുകളിൽ കാണിച്ചിട്ടുള്ളത്. വാക്‌സിൻ കാരണമുള്ള ഗുണഫലങ്ങൾ പകർച്ചവ്യാധികൾ കുടുതലുള്ള മൂന്നാംലോകരാജ്യങ്ങളിലാണ് പ്രകടമാകുക എന്ന് ആർക്കാണ് അറിയാത്തത്. ഇന്ത്യയിൽ നിന്നുള്ള ഡാറ്റ തന്നെയുള്ളപ്പോൽ (ചിത്രം 1) എന്തിനാണ് ലേഖകൻ ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും പോകുന്നത്.
ഇന്ത്യയിൽ പോളിയോവാക്‌സിൻ സാർവത്രികമാകാൻ തുടങ്ങിയ ആയിരത്തിതൊള്ളായിരത്തി എൺപതുകൾ മുതലാണ് പോളിയോകേസുകൾ വൻതോതിൽ കുറഞ്ഞു വന്നത് എന്നത് ചിത്രത്തിൽ വളരെ വ്യക്തമാണ്.  മറ്റ് വികസ്വര രാജ്യങ്ങളിലും ഇതുതന്നെയാണ് സ്ഥിതി (ബ്രസീലിലെ ഡാറ്റാ ചിത്രം 2 ൽ കാണിച്ചിരിക്കുന്നു).

കേരളത്തിൽ പോലും അനേകം കുട്ടികളെ ബാധിച്ചിരുന്ന രോഗമാണ് പോളിയോ എന്ന് സംസ്ഥാനത്ത് ജീവിക്കുന്ന മിക്കവർക്കും ബോധ്യമുള്ളകാര്യമാണ്. നൂറ്റാണ്ടുകൾകൊണ്ട് നമ്മുടെ ജനത ഇതിനെതിരെ നേടിയ പ്രതിരോധ ശക്തിയെക്കാൾ 1980 മുതൽ 2000 മാണ്ടുവരെയുള്ള 20 വർഷങ്ങളിൽ സംസ്ഥാനത്തെ പോളിയോ കേസുകളുടെ തോത് വളരെ വേഗത്തിൽ കുറഞ്ഞ് 2000 മാണ്ടിൽ അവസാനിക്കുകയുയായിരുന്നു എന്ന് കാണാൻ കഴിയും. നമ്മുടെ നാട്ടിൽ ഇപ്പോൾ പോലും കുട്ടികാലത്ത് പോളിയോ ബാധിച്ച ധാരാളം ആളുകളെ കണ്ടെത്താൻ കഴിയും. എന്നാൽ അവരുടെ പ്രായം ഏറ്റവും കുറഞ്ഞത് 15 വയസ്സിന് മുകളിലെങ്കിലും ആയിരിക്കുമെന്ന് മാത്രം (മിക്കവർക്കും 30 വയിന് മുകളിൽ). വാരികയിൽ പോളിയോബാധിതരായ രണ്ട് കുട്ടികൾ സ്‌കൂൾ യൂണിഫോമിൽ നിൽക്കുന്ന ചിത്രം കാണിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ചിത്രം നമ്മുടെ സ്‌കൂളുകളിൽ നിന്നും പ്രത്യക്ഷമായത് പോളിയോ പ്രതിരോധ പ്രവർത്തനങ്ങൾ സാർവത്രികമായ ചുരുങ്ങിയ കാലയളവിലാണ്.
മിക്ക ആളുകൾക്കും രോഗങ്ങളോട് സ്വാഭാവിക രോഗപ്രതിരോധ ശക്തി ഉണ്ടാകും. അതിനാൽ കുത്തിവയ്പ്പുകൾ ആവശ്യമില്ല എന്നാണ് ലേഖകൻ സമർത്ഥിക്കാൻ ശ്രമിക്കുന്നത്. നമുക്കുചുറ്റുമുള്ള അണുജീവികൾ നമ്മെ തുടർച്ചയായി ആക്രമിക്കുന്നതുമൂലമാണ് ഈ സ്വാഭാവിക രോഗപ്രതിരോധശക്തി കൈവരുന്നത്.  അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളിൽ ഇത് തീരെ കുറവായിരിക്കും മുതിരുന്നതനുസരിച്ച് വർദ്ധിച്ചുവരാനാണ് സാദ്ധ്യത. മരണങ്ങളും അവശതകളും കൂടുതൽ ഉണ്ടാക്കാൻ കഴിയുന്ന പകർച്ചവ്യാധികൾക്കെതിരെ ഓരോ സമൂഹവും ഇത്തരത്തിൽ പ്രതിരോധശക്തി നേടുന്നതിനിടയിൽ ഒട്ടേറെ കുഞ്ഞുങ്ങളെ കുരുതികൊടുക്കേണ്ടിവരുന്നു. ഇത് തടയാൻ കുത്തിവയ്പ്പുകൾക്കാകും. ഉദാഹരണത്തിന് മീസിൽസ് എന്ന രോഗത്തിനെതിരെ ഒരു കുഞ്ഞിന് സ്വാഭാവിക പ്രതിരോധ ശക്തി ലഭിക്കുന്നതിന് ക്ലിനിക്കൽ ആയോ സബ്ക്ലിനിക്കൽ ആയോ  ഒരു മീസിൽസ് അണുബാധ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.  ഈ അണുബാധയെ അതിജീവിക്കുന്നപക്ഷം അയാൾക്ക് സ്വാഭാവിക രോഗപ്രതിരോധ ശക്തി ലഭിക്കും. എന്നാൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് പലപ്പോഴും ഈ അതിജീവനശേഷി ഇല്ലാ എന്നതുകൊണ്ടാണ് മരണമുണ്ടാക്കുന്ന രോഗങ്ങളുടെ പട്ടികയിൽ മീസിൽസ് ഇപ്പോഴും മുൻപന്തിയിൽ നിൽക്കുന്നത്.
മിക്ക പകർച്ചവ്യാധികളും കുറയുന്നത് മനുഷ്യന്റെ ശീലങ്ങളിലും (വ്യക്തിശുചിത്വം, സാമൂഹ്യശുചിത്വം, ഭക്ഷണശീലങ്ങൾ തുടങ്ങിയവ) ജീവിതസാഹചര്യങ്ങളിലും ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ മൂലമാണ് എന്നത് തർക്കമറ്റ വസ്തുതയാണ്. അതേസമയം കുത്തിവയ്പ്പുകളും അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ട്. ഭൂമുഖത്തുനിന്ന് തന്നെ അപ്രത്യക്ഷമായ വസൂരിയുടെയും, ഒരു തുടച്ചുനീക്കലിന്റെ വക്കത്തു നിൽക്കുന്ന പോളിയോയുടെയും ചരിത്രം സത്യസന്ധമായി വിലയിരുത്തിയാൽ തന്നെ ഇതു മനസ്സിലാകും. അതേസമയം ഇപ്പോഴും നിലവാരമുള്ള വാക്‌സിൻ കണ്ടെത്താൻ കഴിയാത്ത മലേറിയ എന്ന രോഗം നൂറ്റാണ്ടുകളായി അവശതകളും മരണങ്ങളും വിതച്ചുകൊണ്ടിരിക്കുന്നു.  കേരളത്തിന്റെ കാര്യമെടുത്താൽ ആയിരക്കണക്കിന് ആളുകൾക്ക് ഓരോവർഷവും ഡെങ്കിപ്പനി ബാധിക്കുകയും നൂറുകണക്കിനാളുകൾ മരണപ്പെടുകയും ചെയ്യുന്നുണ്ട്.  ഡെങ്കിപ്പനിക്കെതിരെ ഒരു കുത്തിവയ്പ്പ് ഉണ്ടായിരുന്നുവെങ്കിൽ കുഞ്ഞുങ്ങളുൾപ്പടെ ഒട്ടേറെ ആളുകളുടെ ജീവൻ രക്ഷിക്കാൻ നമുക്കു കഴിയുമായിരുന്നു. ഡെങ്കിപ്പനിക്കെതിരെ ഒരു വാക്‌സിൻ കണ്ടെത്താൻ ശ്രമിക്കുകയാണോ അതോ ഈ രോഗത്തിനെതിരെ സ്വാഭാവിക പ്രതിരോധശക്തി കൈവരുന്നതും കാത്തിരിക്കുകയാണോ ശാസ്ത്രലോകം ചെയ്യേണ്ടത്? മനുഷ്യന് ഒട്ടും തന്നെ സ്വാഭാവിക പ്രതിരോധശക്തി അവകാശപ്പടാൻ കഴിയാത്ത പുത്തൻരോഗങ്ങൾ ദിനംപ്രതി എന്നോണം കണ്ടെത്തിക്കൊണ്ടിരിക്കുന്നു. 40 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഹെപ്പറ്റൈറ്റിസ് ബി എന്ന അണുബാധയാണ് ഇന്ന് കരളിന്റെ അർബുദബാധയുടെ പ്രധാനകാരണം. ഇതിനെ തടയാൻ കുട്ടികാലത്തുതന്നെ നൽകുന്ന കുത്തിവയ്പ്പുകൾക്കു കഴിയും എന്നതിന് അർത്ഥം നാളത്തെ കാൻസറുകളിൽ നിന്നും ഒരു പരിധിവരെ നമ്മുടെ കുഞ്ഞുങ്ങളെ പ്രതിരോധിക്കാൻ നമുക്കുകഴിയും എന്നാണ്. അതിനെ നിരാകരിക്കുകയാണ് കുഞ്ഞുങ്ങൾക്ക് കുത്തിവയ്പ്പ് നൽകാത്തതിലൂടെ ചില രക്ഷിതാക്കൾ ചെയ്യുന്നത്.  അടുത്തകാലത്തായി പടർന്നുപന്തലിച്ച എച്ച് 1 എൻ 1 എന്ന രോഗത്തെ പ്രതിരോധിക്കുന്നതിൽ അതിനെതിരെയുള്ള കുത്തിവയ്പ്പ് വഹിച്ചപങ്ക് വിലയിരുത്തുന്നതും നന്നായിരിക്കും. നാളെ HIV- AIDSന് ഒരു പ്രതിരോധകുത്തിവയ്പ്പ് കണ്ടെത്തിയാൽ, ഈ രോഗം ഇപ്പോൾ തന്നെ കുറഞ്ഞുവരുന്നു എന്ന കാരണം പറഞ്ഞ് അതിനെ നിരാകരിക്കുവാൻ നമുക്ക് കഴിയുമോ ?
ലേഖനത്തിൽ പറയുന്ന രണ്ട് കാര്യങ്ങളോട് ഇത് എഴുതുന്ന ആൾക്ക്  ഭാഗികമായി യോജിപ്പുണ്ട്. കേരളത്തിൽ ഇപ്പോൾ നൽകിവരുന്ന പോളിയോ തുള്ളിമരുന്നുകൾ (പ്രത്യേകിച്ചും പൾസ് പോളിയോ പരിപാടി) ആവശ്യമാണോ എന്നത് ഉയർത്തേണ്ട ഒരു ചോദ്യമാണ്.  കാരണം 2000 മാണ്ടിനുശേഷം നമ്മുടെ സംസ്ഥാനത്ത് ഒരു കുട്ടിയ്ക്കും പോളിയോ ഉണ്ടായിട്ടില്ല.  ഇത്തരത്തിൽ പോളിയോബാധ ഇല്ലാത്ത മറ്റിടങ്ങളിൽ നൽകുന്നതുപോലെ നമ്മുടെ കുഞ്ഞുങ്ങൾക്കും തുള്ളിമരുന്നിന് പകരം കുത്തിവയ്പ്പ് നൽകേണ്ടതാണ്.  പോളിയോ കുത്തിവയ്പ്പുകൾ വാക്‌സിൻ ഇൻഡ്യൂസ്ഡ് പോളിയോ ഉണ്ടാക്കുകയില്ല.  രണ്ടാമത്തെ ഭാഗിക യോജിപ്പ് പെന്റാവാലന്റ് വാക്‌സിൻ വിവാദത്തെ സംബന്ധിച്ചാണ്.  പെന്റാവാലന്റ് വാക്‌സിൻ ലക്ഷ്യം വയ്ക്കുന്ന രോഗങ്ങൾക്കെല്ലാം തന്നെ കുത്തിവയ്പ്പുകൾ ആവശ്യമാണ് എന്ന് വിശ്വസിക്കുമ്പോൾ തന്നെ, ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന കുത്തിവയ്പ്പ് ഉണ്ടാക്കിയതായി പറയപ്പെടുന്ന മരണങ്ങൾ സമഗ്രമായ ഒരു അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മിക്കവിദഗ്ധരുടെയും നിലപാട് നിക്ഷേധാത്മകമായിരുന്നു എന്ന് പറയാൻ ഇത് എഴുതുന്ന ആൾക്ക് യാതൊരു മടിയുമില്ല.
പെന്റാവാലന്റ് വാക്‌സിൻ
ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ് എന്നീ രോഗങ്ങൾക്കു പുറമേ ഹെപ്പറ്റൈറ്റിസ് ബി, ഹിമോഫിലസ് ഇൻഫ്‌ളുവൻസ അണുബാധ എന്നീ രോഗങ്ങൾക്കും പ്രതിരോധശക്തി നൽകുന്ന വാക്‌സിനുകളാണ് പെന്റാവാലന്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  ഈ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധശക്തി നമ്മുടെ കുഞ്ഞുങ്ങൾക്ക് ആവശ്യമുണ്ടോ എന്നുള്ളതാണ് ഉയർന്നുവരുന്ന ഒരു ചോദ്യം.  ഇതിൽ ഹെപ്പറ്റൈറ്റിസ് ബി അണുബാധയെക്കുറിച്ചുള്ള ചില വിവരങ്ങൾ താഴെ കൊടുക്കുന്നു.
1. ഭാരതമുൾപ്പെടുന്ന ദക്ഷിണ പൂർവ്വ ഏഷ്യൻ പ്രദേശത്ത് ഹെപ്പറ്റൈറ്റിസ് ബി അണുബാധ വളരെ കൂടുതലായി കാണപ്പെടുന്നു.
2. ഇതിനെ പ്രതിരോധിക്കാൻ കഴിയുന്ന ഫലപ്രദമായ വാക്‌സിൻ നിലവിലുണ്ട്.
3. കുട്ടികളിലുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബി അണുബാധയ്ക്ക് മുതിർന്നവരിലുള്ളതിനെ അപേക്ഷിച്ച് ഗുരുതരമായ കരൾ രോഗങ്ങളുണ്ടാക്കാൻ കഴിയും. അതിനാൽ പ്രതിരോധ കുത്തിവയ്പ്പുകൾ കുട്ടിക്കാലത്തു തന്നെ നൽകുന്നതാണ് നല്ലത്.
4. ഹെപ്പറ്റൈറ്റിസ് ബി വൈറസ് സൂചികളിലും മറ്റും മാസങ്ങളോളം നിലനിൽക്കുമെന്നുള്ളതും സൂര്യപ്രകാശം, വീര്യം കുറഞ്ഞ അണുനാശിനികൾ തുടങ്ങിയവ അവയെ നശിപ്പിക്കാൻ പര്യാപ്തമല്ല എന്നുമുള്ള വസ്തുത. അതുകൊണ്ട് നമ്മുടെ കുട്ടികൾക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത ഏറുന്നു.
ഹീമോഫിലസ് ഇൻഫ്‌ളുവൻസ എന്ന രോഗകാരിക്കെതിരെയുള്ള കുത്തിവയ്പാണ് പുതുതായി ചേർത്തിരിക്കുന്ന മറ്റൊരു വാക്‌സിൻ.  ഈ രോഗാണുവാകട്ടെ ലോകമെമ്പാടുമുണ്ടാകുന്ന ന്യുമോണിയയുടെയും മസ്തിഷ്‌കജ്വരത്തിന്റെയും പ്രധാന കാരണങ്ങളിലൊന്നാണു താനും. ഈ രോഗങ്ങൾ ലോകത്തിൽ തന്നെ ഏറ്റവും അധികം കാണപ്പെടുന്നത് ഭാരതത്തിലെ കുട്ടികളിലാണ്.
ചെവി പഴുപ്പുമുതൽ മസ്തിഷ്‌കജ്വരം വരെയുള്ള അണുബാധകളെ കുറച്ചൊക്കെ പ്രതിരോധിക്കുന്നതിന്  പുതിയ കുത്തിവയ്പിനു കഴിയുമെന്ന വസ്തുതയും മറ്റുചിലരാജ്യങ്ങളിലും നമ്മുടെ സ്വകാര്യ മേഖലയിലും  വർഷങ്ങളായി ഈ കുത്തിവയ്പ് നൽകിവരുന്നുണ്ട് എന്ന വസ്തുതയുമാണ് ദേശീയ രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പെന്റാവാലന്റ് വാക്‌സിൻ നൽകുന്നതിനെ സ്വാഗതം ചെയ്യുന്നതിന് മെഡിക്കൽ സമൂഹത്തെ പ്രേരിപ്പിച്ച ഘടകങ്ങൾ. അതുമാത്രമല്ല ഇത്രയും മരുന്നുകൾ ഒറ്റകുത്തിവയ്പിൽ നൽകുന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. വേദനയും മറ്റ് ബുദ്ധിമുട്ടുകളും അത്രയും കുറവ്. കുത്തിവയ്പിനുള്ള മരുന്നുകൾ ശേഖരിച്ച് സൂക്ഷിക്കുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ചും ഇത്തരത്തിലുള്ള കുത്തിവയ്പുകൾ എളുപ്പമാണ് എന്നു കാണാവുന്നതാണ്.
പെന്റാവാലന്റ് വാക്‌സിനെ തുടർന്നുണ്ടായതായി പറയപ്പെടുന്ന മരണങ്ങൾ
കുഞ്ഞുങ്ങളിലുണ്ടാകുന്ന പകർച്ചവ്യാധികളും തദ്വാര ഉണ്ടാകുന്ന മരണങ്ങളും തടയുന്നതിൽ കുത്തിവയ്പ്പുകൾ എത്രത്തോളം വിജയിച്ചിട്ടുണ്ട് എന്നത് ഈ മേഖലയിൽ മുന്നേറിയിട്ടുള്ള ഏതൊരു രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാലും മനിലാക്കാവുന്നതേയുള്ളു. വസൂരി എന്ന മാരകരോഗത്തെ ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കുന്നതിന് ഇത് നമ്മെ സഹായിച്ചു. പോളിയോ പോലെയുള്ള മറ്റ് പലരോഗങ്ങളും സമീപഭാവിയിൽത്തന്നെ നിർമ്മാർജ്ജനം ചെയ്യുപ്പെടുമെന്ന് നാം പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ കുത്തിവയ്പ്പുകളുമായി ബന്ധപ്പെട്ട ശാസ്ത്രസത്യങ്ങളെ നിരാകരിക്കുന്നതിലേക്കും ജനങ്ങളുടെ മനസ്സിലുള്ള കുത്തിവയ്പ്പുകളുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന രീതിയിലോ പെന്റാവാലന്റ് വാക്‌സിനുകളെപറ്റിയുള്ള ഈ ചർച്ച വഴിതെറ്റിപോകാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ആദ്യമേ പറയട്ടെ.  അതേസമയം തന്നെ, നൽകുന്ന കുത്തിവയ്പ്പുകൾ സുരക്ഷിതമായിരിക്കേണ്ടത് അത്യാവശ്യമാണ്.  പെന്റാവാലന്റ് വാക്‌സിൻ നൽകിയതിനെതുടർന്ന് 16 മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതായി നാം ഇപ്പോൾ അറിയുന്നു.  ഇത്തരത്തിലുള്ള സംശയങ്ങൾ ഉണ്ടാകുമ്പോൾ തന്നെ അതിനെ കുത്തിവയ്പുകൾ എന്ന സങ്കേതത്തിന് എതിരെയുള്ള യുദ്ധമായി കാണുകയും, ഈ സംശയങ്ങളെ ഒന്നും തന്നെ മുഖവിലയ്‌ക്കെടുക്കാതിരിക്കുകയും ചെയ്യുന്ന സമീപനമാണ്  ആരോഗ്യരംഗത്തുള്ളവർ ചെയ്യുന്നത് എന്ന് പറയാതെ നിവൃത്തിയില്ല.  കുത്തിവയ്പ്പുകൾമൂലം ഉണ്ടാകുന്ന പനി, ചൊറിച്ചിൽ തുടങ്ങിയ പാർശ്വഫലങ്ങളെ കുറിച്ചല്ല മറിച്ച് മരണങ്ങളെകുറിച്ചാണ് നാം ചർച്ചചെയ്യുന്നത് എന്ന് ഓർക്കുന്നത് നന്നായിരിക്കും.  ഇത്തരത്തിലുണ്ടായ മരണങ്ങൾ എല്ലാം ഓഡിറ്റുചെയ്യുകയും മറ്റ് വ്യക്തമായ കാരണങ്ങൾ ഒന്നും ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വാക്‌സിൻ കാരണം തന്നെ ഉണ്ടായതായി വിലയിരുത്തുകയും വേണം എന്ന അഭിപ്രായമാണ് ഈ ലേഖകനുള്ളത്.
അതോടൊപ്പം ആരോഗ്യവകുപ്പ് ചെയ്യേണ്ടതായ ഒട്ടനവധി കാര്യങ്ങൾ ഉണ്ട്.  അവയിൽ ഏറ്റവും പ്രധാനം പോളിയോ തുള്ളിമരുന്നുകളെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ കുറഞ്ഞ പോളിയോ കുത്തിവയ്പുകൾ സാർവ്വത്രികമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയും തീവ്രമാക്കുകയും ചെയ്യുക എന്നതാണ്. അല്ലെങ്കിൽ നാളെ ഇത് ഒരു പുതിയ പൊതുജനാരോഗ്യപ്രശ്‌നമായി ഉയർന്നുവരികയും നമ്മുടെ കുത്തിവയ്പ് നിരക്കുകളെ പൊതുവിൽ പിന്നോട്ടുവലിക്കുന്നതിന് കാരണമാവുകയും ചെയ്യും. ആരോഗ്യവകുപ്പ് അടിയന്തിരമായി ഇടപെടേണ്ട ചില മേഖലകൾകൂടി ചൂണ്ടിക്കാണിച്ചു കൊണ്ട് ഈ ഉപന്യാസം അവസാനിപ്പിക്കുന്നു.
1) സംസ്ഥാനത്ത് ഉണ്ടാകുന്ന എല്ലാ ശിശുമരണങ്ങളും (ഒരു വയിൽ താഴെ ഉണ്ടാകുന്ന മരണങ്ങൾ) മെഡിക്കൽ ഓഡിറ്റിങ്ങിന് വിധേയമാക്കുക.
2) വാക്‌സിനേഷൻ നിരക്കുകൾ താഴെ പോകുന്നതെന്തുകൊണ്ട് എന്ന്     കണ്ടെത്തി അവ പരിഹരിക്കുക.
3) പുതുതായി കൊണ്ടുവരാൻ പോകുന്ന വാക്‌സിനേഷൻ സങ്കേതങ്ങളുടെ പ്രസക്തി, ആവശ്യകത തുടങ്ങിയവ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് കൂടുതൽ പ്രാധാന്യം നൽകുകയും ജനവിശ്വാസം ആർജ്ജിച്ചതിനുശേഷം മാത്രം ഇവ നടപ്പിൽ വരുത്തുകയും ചെയ്യുക.
4) പുതുതായി കൊണ്ട് വന്ന വാക്‌സിനേഷൻ വിദ്യകളുടെ ഗുണ-ദോഷവിചിന്തനം കൃത്യമായ ഡാറ്റാ ഉപയോഗിച്ചുതന്നെ നടത്തുകയും (വിദഗ്ദ്ധഭിപ്രായമല്ല) അത് പൊതുജനസമക്ഷം അവതരിപ്പിക്കുകയും ചെയ്യുക.  ഫലപ്രാപ്തികുറവാണെന്നോ പാർശ്വഫലങ്ങൾ കൂടുതലാണെന്നോ കാണുന്ന പക്ഷം ഇത്തരം മാറ്റങ്ങൾ പൂർണ്ണമായും തള്ളിക്കളയേണ്ടതാണ്.
5) കുത്തിവെയ്പ്പ് കാരണം ഉണ്ടാകുന്ന മരണങ്ങൾ ഉൾപ്പടെയുള്ള പാർശ്വഫലങ്ങളെ ഒരു ഇൻഷുറൻസ് പദ്ധതിയ്ക്കുള്ളിൽ കൊണ്ടുവരികയും ഇതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയും ചെയ്യുക.
6) പൊതുമേഖലയിൽ നിൽക്കുന്ന (ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജി, തുടങ്ങിയവ) സാങ്കേതിക സ്ഥാപനങ്ങളുടെ സഹായത്തോടെ നമ്മുടെ നാട്ടിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങൾക്ക് (ചിക്കൻഗുനിയ, ഡെങ്കി, എലിപ്പനി തുടങ്ങിയവ) വാക്‌സിനേഷൻ സങ്കേതങ്ങൾ കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ആരായുക.
7) വാക്‌സിൻ കൊണ്ട് പ്രതിരോധിക്കാൻ ശ്രമിക്കുന്ന എല്ലാ രോഗങ്ങളെയും അടുത്ത 10-15 വർഷങ്ങൾക്കുള്ളിൽ നിർമ്മാർജ്ജനം ചെയ്യാനുതകുന്ന ഒരു ക്രിയാത്മക പദ്ധതി സംസ്ഥാനത്ത് ആവിഷ്ക്കരിച്ച് നടപ്പിലാക്കുക.

കടപ്പാട് : ഡോ. അനീഷ് റ്റി. എസ്. (അസിസ്റ്റന്റ് പ്രൊഫസർ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം, ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം)

കുഞ്ഞുങ്ങളുടെ പ്രതിരോധ ശക്തി

എല്ലാ മാതാപിതാക്കളും കുഞ്ഞുങ്ങളെ അസുഖങ്ങളില്‍ നിന്നു സംരക്ഷിക്കാന്‍ കഴിയുന്നതും ശ്രമിക്കാറുണ്ട്. ഇതിനു വേണ്ടി പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്താറുമുണ്ട്. ഓരോ കുഞ്ഞും ജനിക്കുമ്പോള്‍ത്തന്നെ അവരുടെ പ്രതിരോധശക്തി വേണ്ടത്ര പുരോഗമിച്ചിട്ടുണ്ടാവില്ല. അവര്‍ വളര്‍ന്നു വലുതാവുന്നതോടെ പ്രതിരോധശക്തിയും കൂടുന്നു. കുഞ്ഞുങ്ങളുടെ ഡോക്റ്റര്‍ പറയുന്നത് ഒരു വര്‍ഷത്തില്‍ ആറ് മുതല്‍ എട്ടു പ്രാവശ്യം വരെ കുഞ്ഞുങ്ങള്‍ക്കു ജലദോഷം, പനി, ചെവിവേദന എന്നിവ വരുന്നതു സാധാരണമാണെന്നാണ്. എങ്കിലും നല്ല രീതിയിലുള്ള ആരോഗ്യപരിചരണം വഴി ഇത്തരം അസുഖങ്ങളില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയും.

ശ്രദ്ധിക്കുക:

പഴങ്ങളും പച്ചക്കറികളും ധാരാളം നല്‍കുക.

പ്രതിരോധശക്തി വര്‍ധിപ്പിക്കാനുള്ള പൈട്ടോന്യൂട്രിയന്റ്‌സ് ഇതില്‍ അടങ്ങിയിട്ടുണ്ട്. അതായതു വിറ്റാമിന്‍ സി, കരോട്ടിനോയിന്‍സ് എന്നീ സത്തുക്കള്‍ ഇതിലുണ്ട്. നമ്മുടെ ശരീരത്തിലുണ്ടാവുന്ന വെള്ള അണുക്കളെ വര്‍ധിപ്പിക്കാന്‍ പൈട്ടോന്യൂട്രിയന്റ്‌സിനു കഴിയും. ഇതിനാല്‍ അസുഖത്തില്‍ നിന്നു രക്ഷനേടാനും സാധിക്കുന്നു. ഓറഞ്ച്, ക്യാരറ്റ്, ബീന്‍സ് എന്നിവ കുഞ്ഞുങ്ങള്‍ക്കു കൊടുക്കുന്നതു നല്ലതാണ്.

നല്ല ഉറക്കം

ഉറക്കം കുറവായാല്‍ പ്രതിരോധശക്തി കുറയുകയും കൂടുതല്‍ അസുഖങ്ങളുണ്ടാവുകയും ചെയ്യും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതു കുഞ്ഞുങ്ങള്‍ക്കു ബാധകമാണ്. നവജാത ശിശുക്കള്‍ പതിനെട്ട് മണിക്കൂറും 34 വയസുള്ള കുഞ്ഞുങ്ങള്‍ 1213 മണിക്കൂറും നാല് വയസുള്ള കുട്ടി പത്ത് മണിക്കൂറും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. പകല്‍ ഉറങ്ങാത്ത കുട്ടികളെ രാത്രി നേരത്തേ കിടത്തി ഉറക്കേണ്ടതാണ്.

മുലയൂട്ടല്‍

കുഞ്ഞുങ്ങളുടെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ അമ്മയുടെ മുലപ്പാല്‍ ആവശ്യമാണ്. ഇതു വഴി, കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാവുന്ന ചെവി, പഴുപ്പ്, അലര്‍ജി, വയറിളക്കം, ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, മൂത്രത്തില്‍ പഴുപ്പ് എന്നീ അസുഖങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയും. മാത്രമല്ല കുഞ്ഞുങ്ങളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കാനും മുന്നോട്ടുള്ള ജീവിതത്തില്‍ കാന്‍സര്‍, പ്രമേഹം എന്നീ രോഗങ്ങളില്‍ നിന്ന് ഒരു പരിധിവരെ മോചനം നേടാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആദ്യത്തെ കുറച്ചു ദിവസങ്ങളിലുണ്ടാവുന്ന പാലാണ് കോളോസ്ട്രി എന്നു പറയുന്നത്. ഇതില്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കാനുള്ള സത്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അമേരിക്കന്‍ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് ഉപദേശിക്കുന്നത്, അമ്മമാര്‍ കുറഞ്ഞത് ഒരു വര്‍ഷം വരെയെങ്കിലും പാലൂട്ടണം ഇതു സാധ്യമല്ലെങ്കില്‍ ആറു മാസം വരെയെങ്കിലും മുടക്കാതിരിക്കാന്‍ ശ്രമിക്കുക.

ദ്രവരൂപത്തിലുള്ള ആഹാരം

ദ്രവരൂപത്തിലുള്ള ആഹാരം അത്യാവശ്യമാണ്. പാല്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ ജ്യൂസുകള്‍ ദിവസേന ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പുറത്തു നിന്നു കിട്ടുന്ന പാനീയങ്ങള്‍ കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നതു കുറയ്ക്കണം.

മധുരപലഹാരങ്ങള്‍ കുറയ്ക്കുക.

മധുരം പ്രതിരോധശക്തി കുറയ്ക്കുമെന്നു തെളിയിച്ചിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ മധുരമുള്ള ആഹാരം കൊടുക്കാതിരിക്കുക.

നല്ല കൊഴുപ്പുള്ള ആഹാരങ്ങള്‍

ശാരീരികാരോഗ്യത്തിന് നല്ല രീതിയിലുള്ള കൊഴുപ്പുകള്‍ അത്യാവശ്യമാണ്. ഒമേഗാ 3 ഫാറ്റി ആസിഡ് എന്ന കൊഴുപ്പ് മത്സ്യത്തില്‍ അടങ്ങിയിട്ടുണ്ട്. അതു പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ഏറെ സഹായിക്കുന്നു..

നല്ല ചുറ്റുപാട്

കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുന്ന ചുറ്റുപാട് നല്ലരീതിയിലാണോ എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍ ഇരിക്കുന്ന പരിസരത്ത് പുകവലി ഒഴിവാക്കുക.

നല്ല വ്യായാമം

വ്യായാമം ആരോഗ്യത്തിന് അത്യാവശ്യമാണ്. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്.

പ്രതിരോധ കുത്തിവയ്പ്പുകള്‍ കൊണ്ടു മാത്രമല്ല, ചെറിയ കാര്യങ്ങള്‍ കൂടി അറിഞ്ഞിരുന്നാല്‍ മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളുടെ പ്രതിരോധശക്തി വര്‍ധിപ്പിക്കാനും അസുഖങ്ങളില്‍ നിന്നും സംരക്ഷിക്കാനും കഴിയും.

അവസാനം പരിഷ്കരിച്ചത് : 5/26/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate