অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുഞ്ഞുങ്ങളെ-കൂടുതല്‍ കരുതലോടെ

കുഞ്ഞുങ്ങളെ-കൂടുതല്‍ കരുതലോടെ

  1. ഉറക്കത്തിലെ പല്ലുകടി
  2. കൈകളെന്തിന് കാലുള്ളപ്പോള്‍
    1. മൂന്നാം മാസം കുട്ടി കമിഴുകയോ ?
    2. കാല്‍വിരല്‍ കൊണ്ടൊരു ഹരിശ്രീ
    3. മേഴ്സി ഹോം
    4. അസഹനീയം സഹതാപം
    5. പഠനവും കലയും
    6. കരിമണ്ണൂര്‍ക്കൊരു യാത്ര
    7. ദ പെയിന്റര്‍
    8. പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റ്‌
    9. ഭാഗം രണ്ട് ജൂനിയര്‍ സൊപ്പു
    10. മേഴ്സിഹോമിലെ ജൂനിയര്‍ സ്വപ്ന
    11. വരയിലേക്കുള്ള വഴി
    12. കമ്പ്യൂട്ടര്‍ പ്രണയം
    13. തളര്‍ത്താനും ആള്‍ക്കാര്‍
    14. ഭാഗം മൂന്ന്
    15. സ്വപ്നയും ജിലുവും തമ്മില്‍
    16. സുമന്‍
  3. ചേലാകര്‍മ്മം കുട്ടികളില്‍
  4. എസ്കലേറ്റര്‍ വിപത്തുകള്‍
  5. നാവിനെയെങ്ങനെ മെരുക്കാം
  6. കണ്ണന്‍റെ വിഷമം
    1. ആകര്‍ഷകമാക്കാം
    2. പഠനത്തിനും മറ്റാവശ്യങ്ങള്‍ക്കും
    3. ആഡംബരം ഒഴിവാക്കാം
  7. ഡാ തടിയാ വിളി കേള്‍ക്കാതിരിക്കാന്‍
  8. കുട്ടികളുടെ ആരോഗ്യം നന്നാക്കാനുള്ള ഭക്ഷണങ്ങള്‍

ഉറക്കത്തിലെ പല്ലുകടി

രാത്രി സമയത്ത് ഉറങ്ങുമ്പോള്‍ പല്ല് കടിക്കുന്നത് മിക കുട്ടികളിലും കണ്ടുവരുന്ന ഒരു പ്രവണതയാണ്. സാധാരണ നിലയില്‍ പത്ത് വയസ്സുവരെയുള്ള കുട്ടികളിലാണ് ഈ സ്വഭാവം കാണപ്പെടാറുള്ളത്. അവരുടെ പാല്‍പല്ലുകള്‍ പോയി പകരം സ്ഥിര ദന്തങ്ങള്‍ വരുന്നതോടെ പല്ലുകടി നിര്‍ത്തുകയും ചെയ്യുന്നു. ചെറിയ കുട്ടികള്‍ മാത്രമല്ല ചിലപ്പോഴൊക്കെ മുതിര്‍ന്നവരും പല്ല് കടിക്കാറുണ്ട്.

എന്തുകൊണ്ട് പല്ലുകടി ?

കുട്ടികളില്‍ വരുന്ന ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങളും പല്ലുകടിക്ക് കാരണമാകാറുണ്ട്.

ശാരീരികമായ കാരണങ്ങള്‍

  • ·ചില കുട്ടികള്‍ക്ക് നിര തെറ്റിയ പല്ലുകളാണ് ഉണ്ടാവാറുള്ളത്.
  • ·ഇങ്ങനെയുണ്ടാമ്പോഴുണ്ടാകുന്ന അസ്വസ്ഥത മൂലം പല്ല് കടിക്കാറുണ്ട്.
  • ·ഉറക്കത്തിലെ വേദനങ്ങള്‍ ഉദാഹരണത്തിന് ചെവി വേദനയോ പല്ല് വേദനയോ ഉണ്ടെങ്കില്‍ പല്ലമര്‍ത്തി കടിക്കുന്നു.
  • ·കുട്ടികളിലെ വിരശല്യം, പ്രധാനമായും രാത്രി കാലങ്ങളിലാണ് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്.
  • ·പോഷകാഹാരക്കുറവ്, നിര്‍ജ്ജലീകരണം, അലര്‍ജി തുടങ്ങിയ ശാരീരിക പ്രശ്നങ്ങള്‍ കൊണ്ട് കുട്ടികള്‍ പല്ലുകടിക്കുന്നു.

മാനസികമായ കാരണങ്ങള്‍

അമിതമായ ഉത്ക്കണ്ഠ, മാനസിക സമ്മര്‍ദ്ദം ഇവയൊക്കെ കുട്ടികളില്‍ മാനസില പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. പുതിയ വീട്ടിലേക്കുള്ള മാറ്റം, ദിനചര്യ തെറ്റല്‍, താഴെ കുട്ടികളുണ്ടാകുന്നത് ഒക്കെ അവര്‍ക്ക് മാനസികമായി പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

സാധാരണ ചെറിയ തോതിലുള്ള പല്ലുകടി കാര്യമാക്കേണ്ടതില്ല. എന്നാല്‍ സ്ഥിരമായി ഇത്തരത്തില്‍ പല്ല് കടിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. മേല്‍ പറഞ്ഞ ശാരീരികമായ പ്രശ്നങ്ങളില്ല എന്ന് ഉറപ്പ് വരുത്തണം. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ചൂടു വെള്ളത്തില്‍ കുളിപ്പിക്കുകയോ, നല്ല കഥകളും പാട്ടുകളുമെല്ലാം കേള്‍പ്പിക്കുകയോ ചെയ്ത് രാവിലെ അവരിലെ മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കാം. കുട്ടികളോട് അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് മനസ്സിലാക്കി അവ പരിഹരിക്കുക. സ്ഥിരമായി പല്ല് കടിക്കുന്നത് മൂലം കുട്ടികള്‍ക്ക് തലവേദനയോ താടിയെല്ലിന് വേദനയോ ഉണ്ടാകുന്നു. കൂടാതെ പല്ല് വേദനയും പല്ലിന്റെ സ്വാഭാവിക വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ചിലപ്പോള്‍ പല്ലിന്റെ ഇനാമല്‍ വരെ പോകുന്നതിന് ഇത് കാരണമാകുന്നു. മാത്രമല്ല കുട്ടികള്‍ക്ക് ഉറക്കം നഷ്ടപ്പെടുകയും തുപ്പലൊലിപ്പിക്കുകയും ഉറക്കത്തില്‍ സംസാരിക്കുകയും ഉറക്കത്തില്‍ മൂത്രമൊഴിക്കുകയുമൊക്കെ ചെയ്യുന്നു. രാവിലെയാണ് പല്ല് കടിക്കുന്നതെങ്കില്‍ അവരുടെ ശ്രദ്ധ തിരിച്ച് വിടുന്ന കാര്യങ്ങള്‍ ചെയ്യുക.

കൈകളെന്തിന് കാലുള്ളപ്പോള്‍

ഭാഗം ഒന്ന് സീനിയര്‍ ജിലു

ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് കരിമണ്ണൂരില്‍ ഒരിക്കലൊരു കുഞ്ഞു പിറന്നു. മാലാഖയെപ്പോലെ വിടര്‍ന്ന കണ്ണുകളും ചുണ്ടില്‍ സ്നേഹം നിറച്ച പുഞ്ചിരിയുമുള്ളവര്‍. കണ്മഷിയും കരിവളയും കുഞ്ഞുടുപ്പുകളുമായി അവളെക്കാണാന്‍ ബന്ധുക്കളും അയല്‍ക്കാരുമെത്തി. പക്ഷെ, സമ്മാനപ്പൊതികള്‍ വാങ്ങി അവരെയൊക്കെ സ്വീകരിച്ചിരുത്തുമ്പോഴും അവളുടെ പപ്പയുടേയും മമ്മിയുടേയും കണ്‍കോണില്‍ സങ്കടത്തിന്റെ ഒരിറ്റ് കണ്ണീരുണ്ടായിരുന്നു. തിരുരൂപത്തിന് മുന്നില്‍ അവര്‍ മുട്ടുകുത്തി: ‘ദൈവമേ ഞങ്ങളെയൊന്നു തൊടാന്‍ ഞങ്ങള്‍ക്ക്‌ ചേര്‍ത്തൊന്നു പിടിക്കാന്‍ എന്തേ എന്റെ കുഞ്ഞിന് നീ കൈകള്‍ നല്‍കീലാ ?’

പ്രാര്‍ത്ഥനയും പാല്‍പുഞ്ചിരിയുമായി ആ വീടുണര്‍ന്നു. ഒന്നാം പിറന്നാലും കഴിഞ്ഞു രണ്ടാം പിറന്നാളിനോടടുത്ത ഒരു ദിവസം അവളെക്കാണാന്‍ ഒരു വിശിഷ്ടാതിഥി വന്നെത്തി. പത്തുനാല്‍പത് കിലോമീറ്റര്‍ അപ്പുറത്തുള്ള പോത്താനിക്കാടുനിന്നും ഒരതിഥി. സ്വപ്ന അഗസ്ത്യന്‍. കണ്ണെഴുതി പൊട്ടും തൊട്ട് കുട്ടിയുടുപ്പിട്ടവള്‍. നിലത്തിരുന്ന് കാലുകൊണ്ടൊരു കളിപ്പാട്ടം തള്ളുന്നു. ആരുകണ്ടാലും വാരിയെടുത്ത് ഉമ്മവച്ചു പോകുന്ന ആ കുഞ്ഞിളം കവിളുകള്‍ ആ അതിഥി വെറുതേ നോക്കി നിന്നതേ ഉള്ളൂ. ആ കുഞ്ഞുവാവയെ നെഞ്ചോട്‌ ചേര്‍ക്കാനോ മടിയിലിരുത്തി ലാളിക്കാനോ സ്വപ്നക്കും കഴിയുമായിരുന്നില്ല. കാരണം, അന്നത്തെ ആ അതിഥിക്കും കൈകളുണ്ടായിരുന്നില്ല. പിന്നീടുള്ള ഇരുപത് വര്‍ഷങ്ങളില്‍ ഇവര്‍ തമ്മില്‍ പരസ്പരം കണ്ടുമുട്ടിയത് വിരളം. പക്ഷേ ആ കൂടിച്ചേരല്‍ അസാധാരണമായ സൗഹൃദത്തിന്റേയും സഹോദര ബന്ധത്തിന്റെയും കഥയായി ഇന്ന് രൂപാന്തരപ്പെടുകയാണ്. അംഗവൈകല്യം ഒരാളെ ശാരീരികമായും മാനസികമായും ഒറ്റപ്പെടുത്തുന്നു എന്ന ധാരണയെ തകര്‍ത്ത്‌ തങ്ങള്‍ക്കും പരാശ്രയമില്ലാതെ ജീവിക്കാനാകുമെന്ന് തെളിയിക്കുന്ന ഉത്തമ ജീവിത മാതൃക. സ്വപ്നയില്‍ നിന്ന് കേരളത്തില്‍ അറിയപ്പെടുന്ന ഫൂട്ട് പെയിന്‍ററും ജിലു വളര്‍ന്നു വരുന്ന ഗ്രാഫിക് ഡിസൈനറുമാണ്.

മൂന്നാം മാസം കുട്ടി കമിഴുകയോ ?

മലര്‍ന്നു കിടന്നു കൈകാലിട്ടടിച്ച് കളിക്കേണ്ട പ്രായത്തില്‍ ജിലു കമഴ്ന്നു. അഞ്ചാം മാസത്തിലോ ആറിലോ മാത്രം കുട്ടികള്‍ കമരുന്നത് കണ്ടുശീലിച്ച ജിലുവിന്റെ അച്ചാച്ചനും അമ്മച്ചിക്കും അത് അത്ഭുതമായി. ഇതിപ്പൊ ആരോട് ചോദിക്കും. സംഗതി കുട്മ്ബത്തിലും ചര്‍ച്ചയായത്തോടെ ജിലുവിന്റെ സിസ്റ്ററാന്റി വിഷയം ഏറ്റെടുത്തു. അവര്‍ ജോലി ചെയ്യുന്ന ആശുപത്രിയിലും സംഭവമെത്തി. സഹപ്രവര്‍ത്തകയായ സിസ്റ്റര്‍മാരാണ് അപ്പോള്‍ പ്രഖ്യാപിച്ചത്‌ ‘എന്റെ കുടുംബത്തിലുമുണ്ട് ഇതുപോലൊരു കുട്ടി. സ്വപ്നാന്നാ പേര്. അവളിവിടെയില്ല എങ്കിലും നമുക്ക്‌ വീട്ടുകാരോട് ഒന്ന് ചോദിക്കാം’.അങ്ങനെ രണ്ടു സിസ്റ്റര്‍മാരും കൂടി പോത്താനിക്കാടേക്ക് വണ്ടി കയറി. വീട്ടിലെത്തി കാര്യം അവതരിപ്പിച്ചപ്പോള്‍ അമ്മ പറഞ്ഞു. ‘സംഗതി സ്വപ്നയും അങ്ങനെത്തന്നെയായിരുന്നു’. ആശ്വാസമായ സിസ്റ്റര്‍മാര്‍ കര്‍ത്താവിനെ സ്തുതിച്ച് കുരിശുമുത്തി. അന്നുമുതല്‍ ജിലുവിന്റെ പാഠപുസ്തകമാണ് സ്വപ്ന.

മമ്മി മൂന്നാമതും ഗര്‍ഭിണിയാണ്. ഒമ്പതാം മാസത്തില്‍ ഒരു ദിവസം ഉറക്കമുണര്‍ന്ന പപ്പയുടെ മുഖത്ത് എന്തോ സങ്കടം നിഴലിച്ചിരുന്നു. ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ല. ഏയ്‌ ഒന്നുമില്ലെന്ന് പറഞ്ഞു തലയുമാട്ടി പോയി. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് മമ്മിയോട് അന്നത്തെ മൂഡ്‌ ഓഫ് കഥ പപ്പാ പറഞ്ഞത്. തലേന്ന് രാത്രി കണ്ട ഒരു സ്വപ്നത്തിന്റെ കഥ. ഒരു കുഞ്ഞുവാവ പിറക്കുന്നതായിരുന്നു ആ സ്വപ്നം. പക്ഷേ ആ കുഞ്ഞുവാവയ്ക്ക് കൈകള്‍ ഉണ്ടായിരുന്നില്ല.

സ്വപ്നം അച്ചട്ടായിരുന്നു എന്നറിഞ്ഞ പപ്പാ പക്ഷേ തളര്‍ന്നില്ല. പിറക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് ദൈവം സ്വപ്നത്തില്‍ അടയാളം തന്നെന്കില്‍ അവള്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹത്തിന്‍റെ മനസ്സ് പറഞ്ഞു. അതേ സ്വപ്നത്തിന്റെ ഓര്‍മയില്‍ കുഞ്ഞിന് സ്വപ്നയെന്ന് പേരുവിളിച്ചു. പിടിച്ചു നടത്താന്‍ കൈകള്‍ ഇല്ലായിരുന്നെങ്കിലും ജീവിതത്തിന്റെ വര്‍ണ്ണങ്ങളിലേക്ക് അവളെ വഴി നടത്തിച്ചു. പക്ഷേ, മൂന്നുകൊല്ലം മുമ്പ്‌ കര്‍ത്താവില്‍ നിദ്ര പ്രാപിച്ച പപ്പാ ഇന്ന് സ്വപ്നക്ക്‌ ഒരോര്‍മ മാത്രമാണ്. ‘ദൈവം ചിലതൊക്കെ തരാതിരിക്കുന്നത് മറ്റെന്തൊക്കെയോ നമുക്ക്‌ കൂടുതല്‍ തന്നത് കൊണ്ടാണ്’ എന്ന പപ്പയുടെ ജീവിതപാഠം മാത്രം മതിയിന്ന് നിറങ്ങള്‍ കൊണ്ട് അത്ഭുതങ്ങള്‍ വരയ്ക്കുന്ന ഈ ചിത്രകാരിക്ക്‌.

കാല്‍വിരല്‍ കൊണ്ടൊരു ഹരിശ്രീ

സ്വപ്നയെപ്പോലൊരു കുട്ടി കുടുംബത്തിലെന്നല്ല കേട്ടറിവില്‍ പോലും ഉണ്ടായിരുന്നില്ല. അതായത് ഒരു സ്പെഷ്യല്‍ കുഞ്ഞിനെ എങ്ങനെ വളര്‍ത്തും എന്ന മാതൃകയില്ലാത്ത അവസ്ഥ. പക്ഷേ അഗസ്റ്റിന്‍ ചേട്ടനും ചേച്ചിക്കും ധൈര്യവും ക്ഷമയുമുണ്ടായിരുനു. കടലോളം സ്നേഹവും. പപ്പയും അമ്മയും തന്നെയാണ് ആദ്യ പരിശീലനങ്ങളുടെ ചുക്കാന്‍ പിടിച്ചത്‌. അക്ഷരങ്ങള്‍ പരിചയപ്പെടുത്തി കൂട്ടിവായിപ്പിച്ചു. ഭക്ഷണം കഴിക്കാനും പല്ലുതേയ്ക്കാനും ആ പ്രായത്തില്‍ മറ്റു കുട്ടികള്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്യാനും പപ്പയും അമ്മയും സ്വപ്നയെ പരിശീലിപ്പിച്ചു. പക്ഷേ വീട്ടിലിരുത്തി പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭവിഷ്യത്ത്‌ അവര്‍ ഊഹിച്ചിരുന്നു. അങ്ങനെയാണ് ആദ്യാക്ഷരം പടിപ്പിക്കാണ്ണ്‍ അയ്യപ്പനാശാന്റെ കളരിയിലേക്ക്‌ സ്വപ്ന പോയത്‌. മറ്റെല്ലാവരും ചൂണ്ടുവിരല്‍ കൊണ്ട് ആദ്യാക്ഷരം കുറിച്ചപ്പോള്‍ സ്വപ്ന തന്റെ കുട്ടിപ്പാവാട തെല്ലൊന്നുയര്‍ത്തി വലത് കാല്‍പാദം മണലിനോട് ചേര്‍ത്തുവച്ചു. അയ്യപ്പനാശാന്‍ ആ വിരലുകളില്‍ പിടിച്ച് തള്ളവിരല്‍ കൊണ്ട് നേര്‍ത്ത മണലില്‍ എഴുതിച്ചു ‘ഹരിശ്രീ ഗണപതയേ നമ’

മേഴ്സി ഹോം

മേഴ്സി ഹോം ഭിന്നശേഷിയുള്ള ആയിരക്കണക്കിന് കുട്ടികള്‍ക്ക്‌ തണലേകിയ ഇടമാണ്. ഇവിടെയാണ്‌ അയ്യപ്പനാശാന്റെ കളരിയില്‍ നിന്നിറങ്ങി സ്വപ്ന സ്കൂള്‍ പഠനത്തിനായി ചെന്നുകയറിയത്. ചെല്ലുമ്പോള്‍ സിസ്റ്റേഴ്സ് അടക്കം എല്ലാവരുടേയും മുഖത്ത് അത്ഭുതം. കാരണം ആദ്യമായിട്ടാണ് ഇരുകയ്യും ഇല്ലാത്ത ഒരു കുട്ടിയെ അവര്‍ കാണുന്നത്. ‘ഈ കുട്ടി എങ്ങനെ പല്ലുതേക്കും, എങ്ങനെ കഴിക്കും, എങ്ങനെ എഴുതും?’ എന്നൊക്കെ നൂറുകൂട്ടം സംശയങ്ങളായി അവര്‍ക്ക്‌. ഒരു മടിയും കൂടാതെ സ്വോണ ഇതെല്ലാം അവരുടെ മുമ്പില്‍ ചെയ്തു കാണിച്ചു. തൊലി പൊളിച്ച് പഴം കഴിക്കുന്നതൊക്കെ കണ്ട് അന്തം വിട്ടവര്‍ നിന്നു. എന്തിനധികം പറയുന്നു, കുഞ്ഞു സ്വപ്ന തന്റെ അരങ്ങേറ്റം ഒരു സംഭവമാക്കി.

കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ സഹോദരങ്ങള്‍ക്കൊപ്പമാണ് സ്വപ്നയ്ക്കും അമ്മ ഭക്ഷണം വിളമ്പിയിരുന്നത്. ബാക്കിയുള്ളവര്‍ കൈകൊണ്ട് വാരിക്കഴിക്കുമ്പോള്‍ സ്വപ്ന എന്തു ചെയ്യുമെന്നറിയാന്‍ വാതില്‍ പാളിക്കപ്പുറം നിന്നവര്‍ നോക്കി. തന്റെ കാല്‍പത്തി കൊണ്ട് ചോറില്‍ ചെറു പിടുത്തമിട്ട് വാരിക്കഴിക്കാന്‍ ശ്രമിക്കുന്ന മോള്‍ക്ക്‌ ഓടിച്ചെന്ന് ഉരുളകള്‍ വരിക്കൊടുക്കാന്‍ ആ അമ്മമനസ്സ് കൊതിച്ചെങ്കിലും അവര്‍ അനങ്ങിയില്ല. എടുത്തതിന്റെ മുക്കാല്‍ പങ്കും താഴെ വീണിട്ടും ആ അമ്മ അവള്‍ക്ക് വാരിക്കൊടുത്തില്ല. സ്നേഹമില്ലാഞ്ഞിട്ടല്ല സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ പ്രാപ്തി നേടണം എന്നുള്ളതുകൊണ്ട്.

മേഴ്സി ഹോമില്‍ കൂടെയുണ്ടായിരുന്നവരെ കാണുമ്പോള്‍ സ്വപ്ന തന്റെ കുറവുകള്‍ മറന്നിരുന്നു. പക്ഷേ വീട്ടിലെത്തിയാല്‍ ഭാവം മാരും. തനി ദേഷ്യക്കാരി. ദൈവത്തോടായിരുന്നു അടങ്ങാത്ത ദേഷ്യം. ഞായറാഴ്ച കുര്‍ബാനയിലും സന്ധ്യക്ക് കുരിശുവരയ്ക്കുമ്പോഴുമൊക്കെ കര്‍ത്താവിന്റെ മുഖത്ത് നോക്കി അവള്‍ പ്രതിഷേധിച്ചു. ‘എന്തിനാ എന്നെ ഇങ്ങനെ സൃഷ്ടിച്ചത് ? എനിക്ക് ഒരു കൈയ്യെങ്കിലും തരാമായിരുന്നില്ലേ ? ഞാനൊരു കാര്യം പറയാം. നാളെ ഈ നേരമാകുമ്പോഴേക്കും എനിക്കൊരു കൈയ്യെങ്കിലും തന്നിരിക്കണം. ഇല്ലെങ്കില്‍ അപ്പൊ കാണാം.’ ദേഷ്യം വഴിമാറി കര്‍ത്താവിനോടുള്ള ഭീഷിണി വരെയായി. ഇതൊക്കെ കണ്ട് അമ്മ സിസ്റ്ററിനോട് പരാതി പറയും. അവരാണ് സാരമില്ലെന്ന് പറഞ്ഞ് അമ്മയെ സമാധാനിപ്പിക്കുക.

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക്‌ കിട്ടുന്ന പരിഗണന പലപ്പോഴും രണ്ടാംതരമാണ്. പക്ഷേ മേഴ്സിഹോം അതില്‍ നിന്നും വിഭിന്നമായിരുന്നു. സ്വന്തം വീടുകളില്‍ അമ്മമാര്‍ കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെ സിസ്റ്റര്‍മാര്‍ അവിടെ കുട്ടികളെ പരിപാലിച്ചു. അമ്മയും അച്ഛനും അവര്‍ക്ക്‌ ചെയ്തു കൊടുക്കുന്നതൊക്കെ അവരും ചെയ്തുകൊടുത്തു. ഭാവിയില്‍ പരസഹായം കൂടാതെ ജീവിക്കാനുള്ള കരുത്തും പരിശീലനവും നല്‍കി. അതേസമയം കുട്ടികള്‍ സ്വന്തം ചെയ്യേണ്ട കാര്യങ്ങളൊന്നും അവര്‍ ചെയ്തു കൊടുത്തതുമില്ല. വീട് നല്‍കുന്ന വൈകാരിക സുരക്ഷ മേഴ്സിഹോമിലും ഉണ്ടായിരുന്നു. അവിടുത്തെ ജോണ്‍മേരി സിസ്റ്ററും സിസ്റ്റര്‍ മരിയെല്ലയും സിസ്റ്റര്‍ റോസുമൊക്കെ കുരുന്നുകളെ അവരുടെ കൈവെള്ളയില്‍ വച്ച് പരിപാലിച്ചു.

അസഹനീയം സഹതാപം

കൈകള്‍ ഇല്ലാത്തതോ അതുണ്ടാക്കിയ ബുദ്ധിമുട്ടോ ഒന്നുമല്ല യഥാര്‍ത്ഥത്തില്‍ സ്വപ്നയെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചത്. അമിതാനുകമ്പയും സഹതാപവുമാണ്. അവധിക്ക് മാത്രം വീട്ടിലെത്തുന്ന സ്വപ്ന നാട്ടുകാരുടെ അയ്യോ പറച്ചില്‍ കേള്‍ക്കാന്‍ വയ്യാത്തതുകൊണ്ട് വീട്ടില്‍ത്തന്നെയിരുന്നു. ഞായറാഴ്ച മാത്രം പള്ളിയില്‍ പോകാന്‍ പുറത്തിറങ്ങി. പക്ഷേ പള്ളിമുറ്റത്ത് ചിലരുടെ സഹതാപം കവിഞ്ഞൊഴുകും. ദേ നോക്ക് പാവം കുട്ടി എന്നാലും എന്റെ ദൈവമേ ഈ കുട്ടിക്ക്‌ ഇങ്ങനെയൊരു കഷ്ടകാലം വരുത്തിയല്ലോ എന്നൊക്കെയുള്ള കമന്റുകള്‍ കേള്‍ക്കാമപ്പോള്‍. ചില അമ്മച്ചിമാര്‍ ഒരുപടി കൂടി കടന്നു. അയ്യോ എന്റെ കുഞ്ഞിന്റെ ജീവിതം എന്നും പറഞ്ഞ് അടുത്തു വന്നു. മോളുടെ കൈ അവിടെയുണ്ടോ എന്ന ചോദ്യത്തോടെ ഉടുപ്പ് മാറ്റിനോക്കും. അപ്പോഴൊക്കെ സ്വപ്ന പറയും ഈ തള്ളച്ചിക്ക് എന്നാത്തിന്റെ സൂക്കേടാ എന്ന് പറയും. തനിക്കെന്തോ കുറവുകളുണ്ടെന്ന് നിരന്തരം ഓര്‍മ്മപെടുത്തിയ നാട്ടുകാരുടെ പരിധിവിട സഹതാപത്തില്‍ അവള്‍ കൂടുതല്‍ ഉള്‍വലിഞ്ഞ് സ്വകാര്യതയുടെ തടവറ തീര്‍ത്തു.

പഠനവും കലയും

പുറത്തിറങ്ങി ഓടാനും ചാടാനും മരത്തില്‍ കേറാനും കഴിഞ്ഞില്ലെങ്കിലും അകത്തുള്ള ചിത്രകാരി അടങ്ങിയിരുന്നില്ല. അയ്യപ്പനാശാന്‍ പിടിച്ചെഴുതിച്ച തള്ളവിരലിനിടയില്‍ ആദ്യം കല്ലുപെന്‍സിലും പിന്നീട് സ്കെച്ച് പേനയും സ്വപ്ന മുറുകെപ്പിടിച്ചിരുന്നു. അവളുടെ സ്ലേറ്റില്‍ ആദ്യമൊക്കെ പൂവുകളാണ് കൂടുതല്‍ വിരിഞ്ഞത്. അതില്‍ വീട്ടുമുറ്റത്തെ ചെമ്പരത്തിയും റോസും കോളാമ്പിപ്പൂവുമൊക്കെ ഉണ്ടായിരുന്നു. പുറകെ ചിത്രശലഭങ്ങളും പക്ഷികളുമെത്തി. സ്ലേറ്റ് കടലാസായി. ക്രയോണ്‍സും സ്കെച്ച് പേനയും ചിത്രങ്ങള്‍ക്ക് ജീവനും നിറവുമേകി. കഴിവ്‌ കണ്ടറിഞ്ഞ സിസ്റ്റര്‍മാര്‍ സ്വപ്നയെ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചു. പ്രത്യേകിച്ച് ഹാന്‍ഡ്‌ റൈറ്റിംഗ് മത്സരവും ചിത്രരചനയും. കൈയ്യെഴുത്ത് മത്സരത്തില്‍ കൈകൊണ്ടെഴുതിയവരെ മുഴുവന്‍ കാലുകൊണ്ടെഴുതി തറപറ്റിച്ചു നിരവധി തവണ സ്വപ്ന തന്നെ ഫസ്റ്റടിച്ചു. ചിത്രകാരിയെ മടിപിടിപ്പിക്കാന്‍ സമ്മതിക്കാതിരുന്ന സിസ്റ്റര്‍ മരിയെല്ലയായിരുന്നു വലിയ പ്രോത്സാഹനം. കൂടാതെ ആരേയും അത്ഭുതപ്പെടുത്തും വിധം നൃത്തത്തിലും സ്പോര്‍ട്സിലുമൊക്കെ തിളങ്ങി നിന്നു സ്വപ്ന. നാരങ്ങവച്ച സ്പൂണ്‍ കടിച്ചുപിടിച്ച് ഓടുകയും കാലുകള്‍ കൊണ്ട് കൂടുതല്‍ മെഴുക് തിരികള്‍ കത്തിച്ചും മേഴ്സിഹോമില്‍ സ്വപ്ന സ്റ്റാറായി.

അങ്ങനെ എല്ലാത്തിലും ആക്ടീവായി നില്‍ക്കുമ്പോഴായിരുന്നു ഇടുത്തീ പോലൊരു പുറം വേദന. മാത്രമല്ല വലതു തോളിന്റെ ഭാഗത്തൊരു ചെറു വളര്‍ച്ചയും. ഉടന്‍ തന്നെ ഡോക്ടറെ പോയിക്കണ്ടു. ഡോക്ടര്‍ പറഞ്ഞത് ഇരുപ്പിന്റെ കുഴപ്പമാണെന്നാണ്. കാര്യം ശരിയായിരുന്നു. പണ്ടുമുതലേ നിലത്തിരുന്ന് നടുവളച്ച് മുന്നോട്ടാഞ്ഞാണ് സ്വപ്ന ഭക്ഷണം കഴിച്ചതും ചിത്രം വരച്ചിരുന്നതുമൊക്കെ. സ്വാഭാവികമായി ഒരു വശത്തേക്ക് കൂടുതല്‍ പ്രഷറും വന്നു. വീട്ടിലും സ്കൂളിലും മേഴ്സി ഭവനിലുമൊക്കെ സ്വപ്നയെ ഇരുത്തിക്കൊടുത്തവര്‍ക്കൊന്നും ഭാവിയില്‍ അത്തരമൊരു പ്രശ്നം ഊഹിക്കാനാകുമായിരുന്നില്ല. പിന്നീട് നേരെയിരുന്നാല്‍ വേദന ഇരട്ടിയാകും. ഒരേ പൊസിഷനില്‍ ഇരുന്നിരുന്ന്‍ ശ്വാസകോശത്തിന് ചെറിയൊരു ചുരുക്കവും വന്നു. സര്‍ജറി ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും വിജയസാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ തന്നെ അഭിപ്രായപ്പെട്ടതോടെ ആ ശ്രമം വേണ്ടെന്നു വച്ചു. എന്തായാലും നേരിടാനുള്ള കരുത്തുമായി സ്വപ്ന ഹൈസ്കൂളിലേക്ക് കടന്നു.

കരിമണ്ണൂര്‍ക്കൊരു യാത്ര

ഒരു വെക്കേഷന് വീട്ടിലെത്തുമ്പോള്‍ സ്വപ്നയോട് പറയാന്‍ അമ്മ ഒരു വിശേഷം കാത്തുവച്ചിരുന്നു. തന്നെപ്പോലെ നേരത്തെ കമഴ്ന്ന, ഇരുകൈകളുമില്ലാത്ത ജിലുവെന്ന കുട്ടിയെക്കുറിച്ചുള്ള വിശേഷം. നമുക്കാ കുട്ടിയെ കാണാന്‍ പോയാലോ ? അമ്മ ചോദിച്ചു. സ്വപ്നയ്ക്ക് വിയോജിപ്പൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ അമ്മയും സ്വപ്നയും ഒരു കസിനും കൂടി ജിലുവിനെ കാണാന്‍ ചെന്നു. അന്ന് എടുത്ത്‌ ഉമ്മവയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും സ്വപ്നയുടെ മനസ്സ് വാചാലമായി. എന്തിനാ എന്നെപ്പോലെ ഒരാളെയും കൂടെ നീ സൃഷ്ടിച്ചത് ദൈവമേ എന്ന് ഉള്ളില്‍ ദേഷ്യപ്പെട്ടെങ്കിലും തനിക്ക്‌ ഒരു കുഞ്ഞനുജത്തിയേയും കൂട്ടുകാരിയേയും ദൈവം തന്നു എന്ന് സ്വയം പറഞ്ഞ് സമാധാനിപ്പിച്ചു. പത്താംക്ലാസ് ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായി മേഴ്സിഹോമില്‍ നിന്നു പടിയിറങ്ങുമ്പോള്‍ പടികയറാന്‍ മറ്റൊരാള്‍ തയ്യാറെടുക്കുന്നുണ്ടായിരുന്നു. മൂന്നര വയസ്സുകാരി ജിലുമോള്‍. അവളെ അവിടെത്തന്നെ ചേര്‍ത്താല്‍ മതീന്ന് പറഞ്ഞത് മറ്റാരുമല്ല ജിലൂന്റെ സ്വന്തം സൊപ്പു.

സ്കൂള്‍ പഠനം കഴിഞ്ഞ് സ്വപ്ന പ്രീഡിഗ്രീക്ക് ചേര്‍ന്നത്‌ ആലപ്പുഴ സെന്റ്‌ ജോസഫ്‌ ഗേള്‍സ്‌ കോളേജില്‍. സിസ്റ്റര്‍മാരുടെ സ്നേഹപരിചരണങ്ങളുടെ തണലില്‍ നിന്ന് ഹോസ്റ്റല്‍ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ എങ്ങനെ ഒറ്റയ്ക്ക് ജീവിക്കും എന്നൊരു ആശങ്കയുണ്ടായിരുന്നു. എന്നാല്‍ എന്തിനും തയ്യാറായി ഒരു വിളിപ്പാടകലെ സഹപാഠികളും സീനിയര്‍ കുട്ടികളും സിസ്റ്റര്‍മാരും ഉണ്ടായിരുന്നു. ഭക്ഷണം എടുത്തുകൊടുക്കാനും വസ്ത്രം മാറ്റാനും അധികമുള്ള നോട്ട്സ് എഴുതികൊടുക്കാന്‍ പോലും അവര്‍ സഹായിച്ചു. അപ്പോഴും എല്ലാം മറന്ന് വേദിയില്‍ നൃത്തം ചെയ്യുകയും പെയിന്റിംഗ് അടക്കമുള്ള മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. ഡിഗ്രീ അവിടുന്ന് തന്നെ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നതുവരെ ഒരു കുട്ടിയും സ്വപ്നയെ അമിത സഹതാപത്തോടെ നോക്കിയിട്ടില്ല അതായിരുന്നു കോളേജ്‌ ജീവിതത്തിലെ സ്വപ്നയുടെ ഏറ്റവും വലിയ സന്തോഷം.

ദ പെയിന്റര്‍

എഴുതാന്‍ ഒരു സഹായിയെ പോലും വയ്ക്കാതെയാണ് പ്രീഡിഗ്രിക്കും ഡിഗ്രിക്കും സ്വപ്ന എണ്‍പത്‌ ശതമാനത്തിന് മുകളില്‍ മാര്‍ക്ക്‌ വാങ്ങിയത്‌. പക്ഷെ എല്ലാവരെയും പോലെ ഇനിയെന്ത്‌ എന്ന ചോദ്യമായിരുന്നു തിരികെ വീട്ടിലെത്തുമ്പോള്‍. പുറത്തിറങ്ങിയാല്‍ അയ്യോ പാവം പറയുന്നവരില്‍ നിന്നും ഉടുപ്പ് മാറ്റിനോക്കുന്നവരില്‍ നിന്നും രക്ഷപ്പെടാന്‍ സ്വപ്ന സ്വന്തം മുറിക്കുള്ളില്‍ മറ്റൊരുപാട് മുറികള്‍ പണിതു. എന്നാല്‍ ജീവിതം വിരസമായിക്കൊണ്ടിരിക്കുന്നു എന്ന് തോന്നുമ്പോഴൊക്കെ പപ്പയും അമ്മയും പ്രേരിപ്പിച്ചു. എല്ലാവരും നിന്നെയാണ് നോക്കുന്നതെന്ന അപകര്‍ഷതാബോധം ആദ്യം മാറ്റാന്‍ പപ്പ ഉപദേശിച്ചു. സത്യത്തില്‍ പപ്പയുടെ ഇത്തരത്തിലുള്ള പ്രോത്സാഹന വാക്കുകളാണ് സ്വപ്നയെന്ന ഉള്ളിലുറങ്ങിക്കിടന്നിരുന്ന ചിത്രകാരിയെ വീണ്ടും ഉണര്‍ത്തുന്നത്.

മുറിയുടെ ഏതോ മൂലയില്‍ മറന്നിട്ടിരുന്ന കാമലീന്‍ വാട്ടര്‍കളര്‍ ബോക്സും പാലറ്റും ബ്രഷും ഒരു ദിവസം അവള്‍ തപ്പിയെടുത്തു. കാല്‍വിരലുകളില്‍ ബ്രഷുറപ്പിച്ചു. കളറോരോന്നെടുത്ത് പാലറ്റില്‍ പകര്‍ത്തി. അങ്ങനെ ആയാസപ്പെട്ടുതന്നെ ആ ചിത്രം പൂര്‍ത്തിയായി. വിശ്രമം വഴക്കം കളഞ്ഞ ശരീരത്തെ വീണ്ടും അവള്‍ക്ക് ട്യൂണ്‍ ചെയ്യേണ്ടിയിരുന്നു. എന്നാല്‍ ആ രചനയുടെ ആത്മനിര്‍വൃതി മാത്രം മതിയായിരുന്നു അവള്‍ക്ക്. നിറങ്ങളെ വീണ്ടും പ്രണയിക്കാന്‍. ചുറ്റുപാടുകളില്‍ നിന്നും തന്നിലേക്ക് നീളുന്ന കണ്ണുകളെ നിസ്സാരമായി വകഞ്ഞുമാറ്റി അവള്‍ മുന്നോട്ട് നടക്കാന്‍ പഠിച്ചു. പപ്പയുടെ കൂടെയും ഒറ്റയ്ക്കും പുറത്തേക്ക് യാത്ര ചെയ്ത് തുടങ്ങി. പുതിയ സ്വപ്നങ്ങളും കാഴ്ചകളും ക്യാന്‍വാസില്‍ ഇടംപിടിച്ചു.

സഹായിക്കാന്‍ ഒരുപാട് പേരുണ്ടെങ്കിലും സ്വന്തം വരുമാനം എന്ന ആഗ്രഹം ഉള്ളില്‍ കിടന്നു പിടച്ചു. അപ്പോഴാണ്‌ ഒരു വഴിത്തിരിവ്‌. ടെലിഫോണ്‍ എക്സേഞ്ചില്‍ ജോലി ചെയ്യുന്ന ജോസേട്ടന്‍ ഒരു ദിവസം കാനഡയിലെ അദ്ദേഹത്തിന്‍റെ സുഹൃത്തായ സജിയെ വിളിച്ചു. വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ സ്വപ്നയെന്ന അത്ഭുത ചിത്രകാരിയും ഒരു വിഷയമായി. ജോസേട്ടന്‍ ചോദിച്ചു നമുക്ക്‌ എങ്ങനെയെങ്കിലും അവളെ സഹായിക്കാനാകുമോ എന്ന്. ഏതെന്കിലും സംഘടനയിലോ മറ്റോ അവര്‍ വര്‍ക്ക്‌ ചെയ്യുന്നതായി അറിവുണ്ടോ എന്ന് സജി തിരിച്ച് ചോദിച്ചു. ഇല്ല എന്ന് സ്വപ്നയുടെ മറുപടി. അങ്ങനെയാണെങ്കില്‍ ഒരു മികച്ച അവസരമുണ്ട് എന്നുപറഞ്ഞ് ഒരു സംഘടനയെ പരിചയപ്പെടുത്തിക്കൊടുത്തു. മൗത്ത് ആന്‍ഡ്‌ ഫൂട്ട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റ്‌ അസോസിയേഷന്‍ (MFPA).

പോളിയോ ബാധിച്ച് ഇരുകൈകളും തളര്‍ന്നുപോയ എറിക് സ്റ്റേഗ്മാന്‍ എന്ന ജര്‍മ്മന്‍ പെയിന്ററിലൂടെ 1956 കാലത്ത്‌ തുടക്കം കുറിച്ച സംഘടനയാണിത്. പെയിന്റുങ്ങുകളും ഗ്രീറ്റിംഗ് കാര്‍ഡുകളും ചിത്ര പുസ്തകങ്ങളും കലണ്ടറുകളും ഒക്കെ നിര്‍മ്മിച്ച് വില്‍ക്കുന്നതിലൂടെ ഭിന്നശേഷിയുള്ള കലാകാരന്മാര്‍ക്ക്‌ സ്വന്തം കാലില്‍ നില്‍ക്കാന്‍ ഈ സംഘടന കരുത്തുനല്‍കി. എഴുപത്തിനാല് രാജ്യങ്ങളിലായി പരന്നുകിടക്കുന്ന എംഎഫ്പിഎയില്‍ ലോകത്താകമാനം എണ്ണൂറോളം ആര്‍ട്ടിസ്റ്റുകളാണ് ഇന്നുള്ളത്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുപത് അംഗങ്ങള്‍. കേരളത്തില്‍ നിന്ന് ആറുപേര്‍.

അങ്ങനെയാണെങ്കില്‍ ഒരു കാര്യം ചെയ്യ്. നാളെത്തന്നെ സ്വപ്ന വരയ്ക്കുന്നതിന്റെ ഒരു ഫോട്ടോയും വരച്ച കുറച്ച് ചിത്രങ്ങളുടെ സ്കാന്‍ ചെയ്ത കോപ്പികളും എനിക്ക് അയച്ചുതരണം കാനഡയില്‍ നിന്ന് സജിയിട്ട ഉത്തരവ്‌ സ്വപ്ന ഒരു ദിവസം കൊണ്ടുതന്നെ നടപ്പിലാക്കി. ചിത്രങ്ങള്‍ അവിടെ എത്തേണ്ട താമസം ഒരു അപേക്ഷാഫോം ഇവിടേയുമെത്തി. നോക്കുമ്പോള്‍ ഏതോ ഒരു ഭാഷ. സംഭവം സ്വിറ്റ്സര്‍ലാന്‍ഡ്‌ റൊമാന്‍ഷ് ആണ്. ഫോം ഫില്‍ ചെയ്യാന്‍ സഹായിച്ചത് ഒരു ടീച്ചര്‍. പൂരിപ്പിച്ച അപേക്ഷയും അയച്ച് കാത്തിരിപ്പ്‌ തുടങ്ങി. വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം ഒരു വിളി വന്നു. സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നൊരു ടീം സ്വപ്നയെ കാണാന്‍ വരുന്നുവെന്ന്. ചിത്രകാരിക്ക്‌ കൈകളില്ലെന്നും അത്ഭുത ചിത്രങ്ങള്‍ വരച്ചത് അവരാണെന്നും നേരിട്ടുകണ്ട് ബോധ്യപ്പെടണമല്ലോ. നിറങ്ങള്‍ ഒരുക്കി നിലത്തിരുന്നു ബ്രഷ് കാല്‍വിരലുകളില്‍ പിടിച്ച് ഒരൊറ്റ വര. ജ്യൂറി ഫ്ലാറ്റ്‌…ശേഷം സംഘടനയില്‍ മെമ്പര്‍ഷിപ്പ് അനുവദിച്ചതായുള്ള അറിയിപ്പ്‌ നേരില്‍ തന്ന് അവര്‍ യാത്രയായി. പപ്പയും അമ്മയും അവളുടെ നെറുകയില്‍ ഒരുമ്മ തൊട്ടുകൊടുത്തു.

പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റ്‌

ചിത്രരചനാ ക്ലാസ്സില്‍ അന്നേവരെ പോയിട്ടില്ലാത്ത സ്വപ്നയോടു സ്വിറ്റ്സര്‍ലാന്‍ഡ്‌ ടീം വീട്ടില്‍ നിന്ന് ഇറങ്ങാന്‍ നേരം ഒരു കാര്യം സൂചിപ്പിച്ചിരുന്നു. കുറച്ച് ട്രെയിനിംഗ് വേണം. ശാസ്ത്രീയമായ കാര്യങ്ങള്‍ പെയിന്റിങ്ങിന് അനിവാര്യമാണെന്ന് തോന്നി തുടങ്ങിയതോടെ പത്തുകിലോമീറ്റര്‍ ബെന്നി മാത്യു മാഷ്‌ പഠിപ്പിക്കുന്ന കലാഗ്രാമത്തിലേക്ക് പോകാന്‍ തീരുമാനിച്ചു. ക്രമേണ യാത്ര ബുദ്ധിമുട്ടായത്തോടെ മാഷ്‌ വീട്ടിലേക്ക്‌ വരാമെന്നേറ്റൂ. അങ്ങനെ അനാട്ടമിയും ചിത്രരചനയിലെ പുതിയ ട്രെണ്ടുകളും സ്വപ്ന പഠിച്ചു. വാട്ടര്‍ കളര്‍ മാറി അക്രലിക്കും ഓയില്‍ പെയിന്റും ഒക്കെയായി. കൂടുതല്‍ സൂക്ഷ്മതയോടെ പുതിയ നിറങ്ങളും ആശയങ്ങളും രൂപപ്പെട്ടു. പോര്‍ട്രെയിറ്റുകളും ലാന്‍ഡ്‌സ്കേപ്പുകളും മ്യൂറലുകളും ഒരേതാളത്തില്‍ ആരെയും അതിശയിപ്പിക്കുന്ന ചിത്രങ്ങളായി ആ പാദസരമിട്ട കാലുകളില്‍ നിന്നും ജന്മമെടുത്തു.

ഇന്ന് സ്വപ്നയുടെ ചിത്രങ്ങള്‍ക്കും പൊന്നുവിലയാണ്. വിദേശയാത്രകളും എക്സിബിഷനുകളും ഉത്ഘാടന വേദികളും ഒക്കെയായി സ്വപ്ന തിരക്കിലാണ്. പണ്ട് ആളുകളുടെ തലവെട്ടം കണ്ടാല്‍ ഒളിച്ചുനടന്ന സ്വപ്ന എവിടെയും കൂളായി ഒറ്റയ്ക്കുതന്നെ നടക്കും. തന്റെ നേരെ നീളുന്ന കണ്ണുകളില്‍ പക്ഷേ പഴയ സഹതാപം മാത്രമല്ല ഇപ്പോഴുള്ളത് എന്ന് സ്വപ്നക്ക്‌ നന്നായറിയാം. തന്നോടുള്ള ആദരവും ആ പഴയ ഒളിഞ്ഞുനോട്ടക്കകണ്ണുകളില്‍ അവള്‍ കാണാതെ കാണുന്നുണ്ട്.

എല്ലാ ധൈര്യവും തന്ന് ജീവിതത്തിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ കാല്‍പിടിച്ചു നടത്തിയ പപ്പാ ഇപ്പൊ കൂടെയില്ല എന്ന ഒറ്റ വേദനയേ ഇന്ന് സ്വപ്നയ്ക്കുള്ളൂ. പക്ഷേ, അതിനെ മറികടക്കാന്‍ പപ്പയുടെ സ്നേഹവും കരുതലും ഇരട്ടിയായി ചൊരിയുന്ന അമ്മയും സഹോദരങ്ങളും മതി സ്വപ്നയ്ക്ക്.

ഭാഗം രണ്ട് ജൂനിയര്‍ സൊപ്പു
മേഴ്സിഹോമിലെ ജൂനിയര്‍ സ്വപ്ന

തൊടുപുഴക്കടുത്തുള്ള കരിമണ്ണൂര്‍ നെല്ലാനിക്കാട് വീട്ടില്‍ തോമസിന്റെയും അന്നക്കുട്ടിയുടെയും രണ്ടാമത്തെ മകളാണ് ജില് തോമസ്‌. തന്നെ മാറോട് ചേര്‍ത്ത്‌ സ്നേഹം ചുരത്തിയ അമ്മയുടെ മുഖം പക്ഷേ ജിലുവിന് ഓര്‍മയില്ല. രണ്ടുവയസ്സുള്ളപ്പോള്‍ പപ്പയുടേയും വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും കൈകളില്‍ ആ കുരുന്നിനെ ഏല്‍പ്പിച്ച് സ്നേഹിച്ച് കൊതി തീരത്തെ അവളുടെ മമ്മി കണ്ണടച്ചു. മമ്മിയുടെ മുഴുവന്‍ സ്നേഹവും കരുതലും ഒരിറ്റ് കുറയാതെയാണ് പിന്നീടവര്‍ ജിലുവിനെ സംരക്ഷിച്ചത്‌. പ്രത്യേകിച്ച് പപ്പാ. അതുകൊണ്ടാണല്ലോ പപ്പക്ക് ചങ്ങനാശ്ശേരിയില്‍ ലോഡ്ജില്‍ താമസിക്കേണ്ടി വന്നത്. ഇതെന്താ ഈ ലോഡ്ജ് സംഭവമെന്ന് വിചാരിക്കുന്നുണ്ടാവും അല്ലെ ?

പണ്ടൊരിക്കല്‍ സ്വപ്ന മേഴ്സിഹോമില്‍ കയറിച്ചെന്നപ്പോഴുള്ളത്ര അത്ഭുതം ജിലു കയറിച്ചെന്നപ്പോള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് എല്ലാവരും അവളെ സ്വപ്നയുടെ പിന്ഗാമിയെന്നും ജൂനിയര്‍ സ്വപ്ന എന്നുമൊക്കെ പേരിട്ട് വിളിച്ചത്‌. പക്ഷേ അവിടെ ഒറ്റയ്ക്ക് നില്‍ക്കുന്ന കാര്യത്തില്‍ സ്വപ്നയോളം ധൈര്യം ജിലുവിന് ഉണ്ടായിരുന്നില്ല എന്നാണ് പപ്പയുടെ തന്നെ സാക്ഷ്യം. എന്തായാലും മോളെ കൊണ്ടെവിട്ടു തിരിച്ചിറങ്ങുമ്പോള്‍ അലറിവിളിച്ചവള്‍ കരഞ്ഞു. ആകെ സീനായപ്പോള്‍ പപ്പാ ഒരു തീരുമാനമെടുത്തു. ഇവിടെയെങ്ങാനും ഒരു ലോഡ്ജില്‍ മുറിയെടുത്ത് കൂടുകതന്നെ. പപ്പ ലോഡ്ജിലും മകള്‍ മേഴ്സിഹോമിലുമായി. ദിവസങ്ങള്‍ കഴിഞ്ഞുപോയി. കരച്ചിലും ബഹളവും അതിന്റെ ഉച്ചസ്ഥായിയിലും. എപ്പൊ വിളിച്ചു നോക്കിയാലും ഒരേ പല്ലവി തന്നെ ആള് വയലന്റാണ് ! ആലോചിച്ചിട്ട് കര്‍ത്താവിനോട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയല്ലാതെ വേറൊരു വഴിയും കണ്ടില്ല. എന്നിട്ടും രക്ഷയില്ലാതായപ്പോള്‍ ഒടുവില്‍ ആര്‍ത്തുങ്കല്‍ പള്ളിയില്‍ ഒരു നേര്‍ച്ച നേര്‍ന്നു. കര്‍ത്താവേ എന്റെ ജിലുമോള്‍ പഠിപ്പ് മുഴുമിക്കുന്നവരെ അവിടെ നിന്നാല്‍ നൂറ്റൊന്ന് മെഴുകുതിരി കത്തിച്ചോളാമേ. നേര്‍ച്ച എറ്റൂന്ന് പ്രത്യേകം പറയണ്ടല്ലോ. സൊപ്പുവിനെ കവച്ചുവച്ച് പത്തും പ്ലസ്ടുവും ഡിഗ്രിയുമൊക്കെയടക്കം പതിനഞ്ച് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ജിലു മേഴ്സിഹോം വിട്ടത്.

വരയിലേക്കുള്ള വഴി

മറ്റനേകം കുട്ടികളെപ്പോലെ ജിലുവും ആത്മവിശ്വാസത്തെ കുറിച്ച് പഠിച്ചത്‌ മേഴ്സിഹോമില്‍ നിന്ന് തന്നെയാണ്. കൂടെ സെന്റ്‌ തെരേസാസ്‌ സ്കൂളും സെന്റ്‌ ജോസഫ്‌ കോളേജും മൂന്നര വയസ്സുള്ളൊരു പെണ്‍കുഞ്ഞിനെ മറ്റൊരിടത്ത് വളര്‍ത്താന്‍ ഏല്‍പ്പിച്ച ഭാരവുമായി പപ്പ തൊട്ടപ്പുറത്ത് വാടകക്ക് താമസിക്കുന്നതിന്റെ വേദന മേഴ്സിഹോമിലെ സിസ്റ്റര്‍മാര്‍ക്കറിയാമായിരുന്നു. അമ്മയില്ലാത്തൊരു കുഞ്ഞിന് എല്ലാവരും അമ്മയായി. സിസ്റ്റര്‍ മരിയെല്ലയും സിസ്റ്റര്‍ ഇലക്റ്റയുമൊക്കെ മമൂട്ടിയും കുളിപ്പിച്ചും ആനകളിച്ചും മുട്ടിലിഴയാന്‍ കൂടയും അവളുടെ കൂട്ടുകാരായി. സങ്കടം കണ്ണീര്‍പ്പമായി പൊട്ടിമുളക്കുമ്പോള്‍ മടിയില്‍ കിടത്തിയവര്‍ ഇളംമുടികളില്‍ തഴുകി. ഏകാന്തത കാണാം വച്ചു കയറുന്ന സന്ധ്യയില്‍ സ്തുതി ഗീതങ്ങളുടെ താരാട്ട് പാടി അവളെയുറക്കി. ഉണരുമ്പോള്‍ കാല്‍വിരലില്‍ കല്ലുപെന്‍സില്‍ വച്ചുകൊടുത്ത് ആദ്യാക്ഷരങ്ങളുടെ മധുരം നല്‍കി. തറയും പറയും കാക്കയും പൂച്ചയുമൊക്കെ നിറഞ്ഞ വര്‍ണ്ണപേജുകളില്‍ വിരല്‍ തൊടുവിച്ച് പ്രകൃതിയുടെ ശബ്ദവും രൂപവും നല്‍കി. കിട്ടിയതെന്താണെന്ന് അന്നവള്‍ക്ക് അറിയില്ലായിരുന്നെങ്കിലും എല്ലാവര്‍ക്കുമവള്‍ ഉമ്മകള്‍ നല്‍കി.

ചെറുപ്പം മുതലേ ജിലു വരച്ചു തുടങ്ങിയിരുന്നു. വര്‍ക്ക്‌ ബുക്കിലും കഥാ പുസ്തകത്തിന്റെ മാര്‍ജിനിലും പ്രത്യക്ഷപ്പെട്ട കുഞ്ഞിവരകളില്‍ ഒരു ചിത്രകാരിയെ കണ്ടെത്തിയത് അവിടുത്തെ സിസ്റ്റര്‍മാരാണ്. അവള്‍ക്കും സ്കെച്ച് പേനയും ക്രയോണ്‍സും അവര്‍ സമ്മാനിച്ചു. ആരും കാണാതെ ചിലപ്പോള്‍ നോട്ടുബുക്കില്‍ നിന്ന് പേജുകള്‍ കീറി അതിലവള്‍ തന്റെതന്നെ അകം വരച്ചു. വാട്ടര്‍ കളറിലായിരുന്നു ആദ്യ പരീക്ഷണങ്ങള്‍. പിന്നീടത് പെന്‍സില്‍ ഡ്രോയിംഗിലേക്കും വഴിമാറി.

ക്ലാസിനെയും സ്കൂളിനെയും പ്രതിനിധീകരിച്ച് പലതവണ മത്സരങ്ങളില്‍ മാറ്റുരച്ചു. കൂടെ മത്സരിക്കുന്നവര്‍ ജിലുവിന്റെ വര കാണാന്‍ നേരത്തെ മത്സരം അവസാനിപ്പിച്ച് അവളുടെയരികില്‍ പോയിനിന്നു. മറ്റുള്ളവര്‍ക്ക് കയ്യിലൊതുങ്ങാത്ത ഇമേജുകള്‍ അവള്‍ കാലുകൊണ്ടൊതുക്കി. ഭിന്നശേഷിയുള്ളവരുടെയും അല്ലാത്തവരുടെയും മത്സങ്ങളില്‍ ഒരുപോലെ അവള്‍ വിജയിയായി. വര മാത്രമായിരുന്നില്ല, എകാഭിനായ വേദികളില്‍ കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം ചെയ്യുമ്പോള്‍ കൈകളില്ലാത്ത കഥാപാത്രങ്ങളെക്കുറിച്ച് ആരുമാരും ഓര്‍ത്തില്ല. അത്രയും പെര്‍ഫെക്റ്റായിരുന്നു വരകളില്‍ ജീവിതം പോലെ അഭിനയത്തിന്റെ ആഴവും.

പത്താംക്ലാസ് ഡിസ്റ്റിങ്ങ്ഷനടുത്ത് മാര്‍ക്കുവാങ്ങി സെന്റ്‌ തെരേസാസില്‍ തന്നെ പ്ലസ്‌ടു ഹ്യൂമാനിട്ടീസിന് ചേര്‍ന്നു. പ്ലസ്‌ടു ചെയ്യുമ്പോള്‍ തന്നെ അതിനുശേഷം എന്ത് എന്നതിന് ജിലുവിന് കൃത്യമായ തീരുമാനം ഉണ്ടായിരുന്നു. ചങ്ങനാശ്ശേരി സെന്റ്‌ ജോസഫ്സ് കോളേജ്‌ ഓഫ് കമ്മ്യൂണിക്കേഷനില്‍ ബിഎ അനിമേഷന്‍ ആന്‍ഡ്‌ ഗ്രാഫിക് ഡിസൈനിംഗ് കോഴ്സിന് ചെറുക. കോഴ്സ്‌ കണ്ടെത്താനും കോളേജിലെ മറ്റുകാര്യങ്ങള്‍ ചെയ്യാനുമെല്ലാം പ്രിയപ്പെട്ട സിസ്റ്റര്‍മാരായിരുന്നു സഹായം.

കമ്പ്യൂട്ടര്‍ പ്രണയം

കൈകളില്ലെങ്കില്‍ ചിത്രം വരയ്ക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് സ്വപ്നയാണ് ആദ്യം കാലുകൊണ്ട് വരച്ച് മറുപടി കൊടുത്തതെങ്കില്‍ കൈകളില്ലാതെ എങ്ങനെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവും എന്ന ചോദ്യത്തിന് ജിലുവാണ് ഒരായിരം മൌസ് ക്ലിക്കിലൂടെ മേഴ്സി ഹോമിലും കോളേജിലും മറുപടി പറഞ്ഞത്. എഞ്ചിനീയറാകാനായിരുന്നു ചെറുപ്പം മുതലേയുള്ള ആഗ്രഹമെങ്കിലും സയന്‍സ് ഗ്രൂപ്പും ലാബ് വര്‍ക്കുകളും തനിക്കൊരു തടസ്സമായേക്കുമെന്ന ഉപദേശം കിട്ടിയപ്പോഴാണ് അത് വേണ്ടെന്നു വച്ചത്. ആ സമയത്തൊക്കെ ഉള്ളിന്റെയുള്ളിലെ ചിത്രകാരി ഒരു ഗ്രാഫിക് ഡിസൈനര്‍ ആകണമെന്നും പ്രേരിപ്പിച്ചുകൊണ്ടിരുന്നു. കമ്പ്യൂട്ടര്‍ ഉപയോഗം എങ്ങനെ എന്ന സ്വാഭാവിക ചോദ്യം അപ്പോഴും ഉയര്‍ന്നു. അങ്ങനെ നോക്കിയാല്‍ പിന്നെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാവില്ലേ എന്ന് തിരിച്ചൊരു ചോദ്യം ചോദിച്ച് സിസ്റ്റം ഓണ്‍ ചെയ്തു. പാസ്‌വേഡ് എന്റര്‍ ചെയ്ത് അണ്‍ലോക്ക് ചെയ്യാനുള്ള കമാണ്ടിനെ മൌസിലൊന്ന് കാലമര്‍ത്തി തള്ളവിരല്‍ കൊണ്ട് കര്‍സര്‍ പാസ്‌വേഡ് സ്പേസില്‍ ഉറപ്പിച്ച് ആദ്യത്തെ ക്ലിക്ക്‌. ജീവിതത്തിന്റെ ലോക്ക് അഴിച്ചതിന്റെ ആനന്ദം കൊണ്ട് കര്‍സര്‍ പിന്നെയും ഏതിലെയൊക്കെയോ പാഞ്ഞു. ഒരു മൗസ് ക്ലിക്കില്‍ ഹരിശ്രീ കുറിച്ച ജില് ചെന്നെത്തിയ കോളേജിലും അതേ ചോദ്യമുയര്‍ന്നു. കൈയ്യില്ലെങ്കില്‍ പിന്നെങ്ങനെ ?

അഡ്മിഷന് മുന്‍പ്‌ ഇന്റര്‍വ്യൂവിലും ഇതേ ചോദ്യമാണ് അധ്യാപകര്‍ ചോദിച്ചത്. ദിവസവും അമ്പത്‌ പടം വരയ്ക്കണം ആറു വിഷയങ്ങളുടെ പ്രോജക്റ്റ്‌ വര്‍ക്കുകള്‍ അങ്ങനെ പണികള്‍ എമ്പാടും ചെയ്യാനുണ്ട്. ഇതെല്ലാം ജിലുവിനെക്കൊണ്ട് കഴിയുമോ ? അന്നുവരെ ആലോചിച്ചിട്ടില്ലാത്ത കാര്യമാണത്‌. അതുകൊണ്ട് പറ്റുമെന്നോ പറ്റില്ലെന്നോ ഒറ്റയടിക്ക്‌ ജില് മറുപടി പറഞ്ഞില്ല. എല്ലാ കാര്യങ്ങളും പലവട്ടം ആലോചിച്ചു തീരുമാനമെടുക്കുന്ന ജിലുവിന് ഇക്കാര്യത്തിലും ആ സമയം മനസ്സിലൊരു മറുചോദ്യം ഉയര്‍ന്നു. എന്തുകൊണ്ട് പറ്റില്ല ? അഞ്ചുമിനിട്ടിന്റെ ആലോചനയ്ക്കൊടുവില്‍ പറ്റുമെന്ന് ഉത്തരം കൊടുത്തു. പറ്റില്ലെന്ന് പറഞ്ഞ് തിരികെ പോകുമെന്ന് കരുതിയ അധ്യാപകരുടെ കണ്ണുകളില്‍ അപ്പോഴുണ്ടായ തിളക്കം നമുക്ക്‌ ഊഹിക്കാമല്ലോ.

തളര്‍ത്താനും ആള്‍ക്കാര്‍

ഒരു കാര്യം ചെയ്യാന്‍ പറ്റുമെന്ന് പറഞ്ഞാല്‍ പിന്നെ അത് ചെയ്തിരിക്കണം. അതുകൊണ്ട് എന്തുവില കൊടുത്തും എത്ര സമയം ചിലവഴിച്ചും ചെയ്തുതീര്‍ക്കുക എന്നതായിരുന്നു ജിലുവിന്റെ രീതി. ശാരീരിക അവശതകളുള്ള ഒരുപാട് ആളുകള്‍ക്ക് തീരുമാനം എടുക്കാന്‍ പേടിയാണ്. സത്യത്തില്‍ അതുകൊണ്ടാണവര്‍ ഒറ്റപ്പെടുന്നത്. മറിച്ച് നമുക്ക്‌ ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ നമുക്ക്‌ സഹായവുമായി ഒരുപാട് പേരെത്തും. ജിലു പറയുന്നു. പക്ഷേ പ്രോത്സാഹിപ്പിക്കുന്നവരെപ്പോലെ തന്നെ നിരുത്സാഹപ്പെടുത്താനും ആളുകളുണ്ടാവും. പത്താംക്ലാസിലെ ഐടി പരീക്ഷയുടെ പ്രാക്ടിക്കല്‍ എക്സാം നടക്കുന്നു. എക്സാം എക്സ്റ്റേണല്‍ ഒരു ടീച്ചറാണ്. എല്ലാവര്‍ക്കും ചെയ്യാനുള്ള ടോപിക്‌ കൊടുത്തു. ജിലുവിന്റെ അവസരമെത്തിയപ്പോള്‍ അടുത്ത് വിളിച്ചു. ആദ്യം അറ്റന്റന്‍സ് ബുക്കില്‍ ഒപ്പിടണം. ഒപ്പിടാന്‍ കാലുകൊണ്ട് പേനയെടുത്തപ്പോഴേക്കും വന്നു ആദ്യ കമന്റ്. ദേ ആ പേന ഒടിച്ചേക്കല്ലേട്ടോ. ഇതെന്താ ടീച്ചറിങ്ങനെ പറയുന്നതെന്ന് ആലോചിച്ച് നില്‍ക്കുമ്പോഴേക്കും അവര്‍ ചോദിച്ചു വേര്‍ഡ്‌ ചെയ്യാനറിയാമോ എന്ന് ? ജിലു പറഞ്ഞു ചെയ്യാനറിയാമെന്ന്. ഉടന്‍ എക്സല്‍ ചെയ്യാനറിയാമോന്നായി. ജിലു അതും ചെയ്യാമെന്നും. നാലഞ്ചു വിഷയങ്ങള്‍ തന്നിട്ട് അതൊക്കെ ചെയ്യാനറിയാമോ എന്ന് ചോദിക്കുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള ടോപിക്‌ കൊടുക്കാനാണെന്ന് അവള്‍ അറിഞ്ഞില്ല. ഒടുവില്‍ കിട്ടിയ വിഷയം പത്ത്‌ മിനിറ്റിനുള്ളില്‍ ചെയ്ത് തീര്‍ത്തവള്‍ പകരം ചോദിച്ചു. പക്ഷേ പരീക്ഷ കഴിഞ്ഞപ്പോഴേക്കും അതുവരെ അടക്കി നിര്‍ത്തിയ സങ്കടം അണപൊട്ടിയൊഴുകി. പൊട്ടിക്കരഞ്ഞാണ് അവളന്ന് ഹാളില്‍ നിന്നിറങ്ങിയത്. കൈകളില്ലാത്ത കുട്ടിയുടെ കമ്പ്യൂട്ടര്‍ പരീക്ഷ കവര്‍ ചെയ്യാനെത്തിയ പത്രക്കാര്‍ പുറത്തുണ്ടായിരുന്നു. അന്നവര്‍ പകര്‍ത്തിയ ചിത്രങ്ങളിലൊക്കെയും അവള്‍ക്ക് കലങ്ങിയ കണ്ണുകളായിരുന്നു.

അതുപോലെ ഡിഗ്രിക്കും സമാനരായ ആളുകള്‍ ചുറ്റുമുണ്ടായിരുന്നു. ജിലു കോഴ്സ്‌ കമ്പ്ലീറ്റ്‌ ചെയ്യില്ല എന്നുപറഞ്ഞ് ആനന്ദിക്കുന്നവര്‍. ആ സമയത്ത്‌ നടുവേദനയും കൂടി വന്നതോടെ ചില മുഖത്ത് നോക്കി പറയാനും തുടങ്ങി. നീ കോഴ്സ്‌ കമ്പ്ലീറ്റ്‌ ചെയ്യില്ല മോളെ. ചിലര്‍ തമാശക്ക് പറഞ്ഞതെങ്കില്‍ ചിലര്‍ സീരിയസ്സായിരുന്നു. ചിലര്‍ ജീവിതത്തെ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചിലര്‍ നമ്മളെ തള്ളിമാറ്റുന്നു. പക്ഷേ ഇപ്പോള്‍ ഇതൊന്നും എനിക്ക് പ്രശ്നമല്ല. എന്തും നേരിടാനുള്ള ചങ്കൂറ്റം എനിക്കുണ്ട്. ജിലു പറഞ്ഞത് സത്യമാണ്. പപ്പ പോയി കാവലിരുന്ന തൊട്ടാവാടി കുട്ടിയല്ല ഇത്. ഒറ്റയ്ക്ക് ആരുടേയും സഹായമില്ലാതെ ഏതിലേയും യാത്ര ചെയ്യുന്ന, ആരോടും എന്തും തുറന്നുപറയാന്‍ ചങ്കൂറ്റമുള്ളവള്‍. രണ്ടുമാസം മുമ്പ്‌ പപ്പക്ക് സൈലന്റ് അറ്റാക്കുണ്ടായി. തൊട്ടു നോക്കുമ്പോള്‍ ഒരനക്കവും ഇല്ല. ആര്‍ക്കും എന്താണ് ചെയ്യേണ്ടതെന്ന് ഒരെത്തും പിടിയുമില്ല. എത്രയും പെട്ടെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് വിടാന്‍ ഞാന്‍ തന്നെ തീരുമാനിച്ചു. വണ്ടിയെത്തിച്ചു പപ്പയെ ആശുപത്രിയിലാക്കി. ഡോക്ടര്‍മാര്‍ പറഞ്ഞു അങ്ങേയറ്റം ക്രിട്ടിക്കല്‍ ആണ് പ്രതീക്ഷ വേണ്ട എന്ന്. സര്‍ജറിക്കുള്ള സമ്മത പത്രത്തിലും ഒപ്പിട്ടു. ദൈവകൃപ പപ്പ രക്ഷപ്പെട്ടു. കേട്ടിരിക്കുന്ന എനിക്ക് ഒരു സല്യൂട്ട് കൊടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

ഭാഗം മൂന്ന്
സ്വപ്നയും ജിലുവും തമ്മില്‍

ആദ്യമായി ഇവരെ കൂട്ടിചേര്‍ത്തത് കമഴ്ന്ന്‍ വീണതിലെ സംശയമായിരുന്നെങ്കില്‍ പിന്നീട് പല ഘട്ടങ്ങളിലും സ്വപ്ന ജിലുവിനൊരു മാര്‍ഗമായി തീര്‍ന്നിട്ടുണ്ട്. സ്വപ്നയെ പരിപാലിച്ച മേഴ്സിഹോമിലെ കന്യാസ്ത്രീകള്‍ക്ക് അതൊരു ആദ്യാനുഭവമായിരുന്നു. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ശരീരത്തെ എങ്ങനെയാണ് പ്രത്യേകം ട്രെയിന്‍ ചെയ്യേണ്ടത് എന്ന് സ്വപ്നയിലൂടെ അവര്‍ പഠിച്ചു. പുറകെ ജിലു മേഴ്സിഹോമില്‍ എത്തുമ്പോള്‍ സ്വപ്നയുടെ കാര്യത്തിലുണ്ടായ പാളിച്ചകള്‍ പരിഹരിച്ചാണ് മുന്നോട്ട് പോയത്‌. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുമ്പോഴും വരയ്ക്കുമ്പോഴുമൊക്കെ നട്ടെല്ല് വളയാതിരിക്കാനും പിന്നീടുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ജിലുവിന് കഴിഞ്ഞു. സമാനമായ പ്രശ്നമുള്ള ഒരു കുട്ടി വീണ്ടും അവിടെ വരുന്നുവെങ്കില്‍ മറ്റൊറു അറിവ്‌ നല്‍കിയിട്ടാണ് ജിലുവും പോകുന്നത്. അതായത് നടു വളയാതിരിക്കണം എന്നതുപോലെ കാലുകള്‍ ഉപയോഗിക്കുമ്പോള്‍ രണ്ടുകാലുകളും ഒരേപോലെ ഉപയോഗിക്കണം എന്ന അറിവ്‌.

എങ്കിലും സന്തോഷവും സങ്കടവും പരിഭവവുമെല്ലാം പങ്കുവയ്ക്കാനുണ്ടെങ്കില്‍ അത് മറ്റാരേക്കാളും തന്റെ ആത്മമിത്രത്തിന് മനസ്സിലാക്കാന്‍ കഴിയുമെന്ന് ഇവര്‍ക്കറിയാം എക്സിബിഷനുകളും പരിപാടികളുടെ ഉത്ഘാടകരും ഒക്കെയായി പങ്കെടുക്കുമ്പോള്‍ രണ്ടിലൊരാളോട് മറ്റെയാള്‍ ആരാണെന്ന് ചോദിച്ചാല്‍ പറയുക അതെന്റെ സഹോദരിയാണെന്നാണ്. അപ്പോള്‍ ചോദിച്ചയാളുടെ കമന്റ് മിക്കപ്പോഴും ഉറക്കെയായിരിക്കും. ഒരു വീട്ടില്‍ രണ്ടുപെര്‍ക്കം കൈയ്യില്ലാന്നോ ? കര്‍ത്താവേ പെറ്റ തള്ളയും തന്തയും ഇതെങ്ങനെ സഹിക്കുന്നോ? കൂടുതല്‍ ചോദ്യങ്ങള്‍ക്ക്‌ കാത്തുനില്‍ക്കാതെ രണ്ടുപേരും മെല്ലെയവിടുന്ന്‍ മാറും.

പരസ്പരം പ്രോത്സാഹിപ്പിച്ചും ശാസിച്ചും തന്നെയാണ് അവര്‍ മികച്ച സുഹൃത്തുക്കളാവുന്നത്. ജിലുവിന് മൗത്ത് ആന്‍ഡ്‌ ഫൂട്ട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റ്‌ അസോസിയേഷന്‍ പരിചയപ്പെടുത്തിയതും അപേക്ഷ അയപ്പിച്ചതും സ്വപ്നയാണ്. ഇത് പ്രസിദ്ധീകരിക്കുമ്പോള്‍ ജിലു കേരളത്തില്‍ നിന്നുള്ള ഏഴാമത്തെ അംഗമായി മാറിയിരിക്കും. ഇപ്പോള്‍ രണ്ടുപേരും രണ്ടു സ്വപ്‌നങ്ങള്‍ സാധിക്കാനുള്ള ശ്രമത്തിലാണ്. ഒന്ന്, കേരളത്തില്‍ മൗത്ത് ആന്‍ഡ്‌ ഫൂട്ട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റുകളുടെ ഒരു സംയുക്ത ചിത്രപ്രദര്‍ശനം നടത്തുക. മറ്റൊന്ന് രണ്ടു കൈയും ഇല്ലാതെ ജനിച്ച്ചവരുടെ ഒരു സംഘടന രൂപീകരിച്ച് അവരേയും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുക.

ഈ സ്വപ്നത്തിലെ പങ്കാളികളാണ് ഇവരുടെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍. ഭിന്നശേഷിയുള്ളവരുടെ കൂട്ടായ്മയായ തണലും നട്ടെല്ലിന് പരിക്ക് പറ്റി ഭിന്നശേഷിയുള്ളവരുടെ കൂട്ടായ്മ തണലും നട്ടെല്ലിന് പരിക്ക് പറ്റി ശരീരം തളര്‍ന്നവരും (Paraplegic patients) ഉള്‍പ്പടെ അഭ്യുദയകാംക്ഷികളുടെ ഒരു വലിയ കൂട്ടായ്മയാണ് ആരേയും തളരാനനുവദിക്കാതെ പരസ്പരം കൈത്താങ്ങാവുന്നത്. രാത്രി എട്ടുമണിയായാല്‍ മിക്കവരും ഓണ്‍ലൈന്‍ (!) എത്തും. കൂത്താട്ടുകുളത്തുനിന്നും ഉണ്ണിമാഷും പാറുവും പത്തനംതിട്ടയില്‍ നിന്ന് രാജീവ്‌ രാജന്‍, മൂവാറ്റുപുഴയില്‍ നിന്ന് അഞ്ജു റാണി, ഷെറിന്‍, മേഴ്സി ചേച്ചി, കിഷോര്‍, ജസ്ഫര്‍, രവിയേട്ടന്‍..എല്ലാവരും കളിയും തമാശയും വിശേഷമൊക്കെ പങ്കുവയ്ക്കും. വെറും നേരമ്പോക്ക് മാത്രമല്ല. അന്ന് എല്ലാരും ചെയ്ത വര്‍ക്കുകളുടെ ചിത്രങ്ങള്‍ വാട്സാപ്പ്‌ ചെയ്യുകയും ചെയ്യും. പരിമിതികളെ കുറിച്ച് വ്യസിനിച്ചിട്ടല്ല ആരും ഉറങ്ങാന്‍ കിടക്കുക, മറിച്ച് അതിനെ മറികടന്ന് യാത്ര ചെയ്യാനുള്ള അനന്തമായ വഴികളെ കുറിച്ച് വാചാലരായിട്ടാണ്. പുതിയ ഓരോ പ്രഭാതവും മിഴിതുറക്കുന്നത് അത്തരമൊരു വെളിച്ചത്തിന്റെ ലോകത്തേക്കുമാണ്.

സുമന്‍

ചേലാകര്‍മ്മം കുട്ടികളില്‍

എന്റെ സുഹൃത്തും സഹപാഠിയുമായ നാസര്‍ ഇപ്പോളോ വണ്ടൂറിലെ പ്രശസ്തനായ ശിശുരോഗ വിദഗ്ദ്ധനാണ്. ഒരിക്കല്‍ പുള്ളിക്കാരന്റെ ഫോണിലേക്ക് ഒരു വിളി വന്നു. വിവാഹം കഴിഞ്ഞ് ഏറെയായിട്ടില്ലത്ത സമയമാണ്. നാസര്‍ ബാത്ത്റൂമിലായതിനാല്‍ ഭാര്യ സബ്നയാണ്‌ ഫോണ്‍ എടുത്തത്. ഒരു കളനാദമാണ് അങ്ങേതലയ്ക്കല്‍.. ‘നാസര്‍ ഡോക്ടര്‍ കല്യാണം കഴിച്ച കുട്ടിക്ക് ഇത്തിരി ബ്ലീഡിംഗ് ണ്ട് എന്താ വേണ്ടേ’ ? ആദ്യമൊന്നമ്പരന്ന സബ്നക്ക് ശ്വാസം നേരെ വീണത് പിന്നീട് നാസര്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ്. മാര്‍ക്കക്കല്യാനം, സുന്നത്ത് കല്ല്യാണം എന്നൊക്കെ അറിയപ്പെടുന്ന ചേലാകര്‍മ്മത്തെ ഒന്ന് ലഘൂകരിച്ചതാണ് ഇവിടെ വില്ലനായത്.

ലോകത്ത് ഏറ്റവും കൂടുതല്‍ നടക്കുന്ന ശസ്ത്രക്രിയകളിലൊന്നാണ് ചേലാകര്‍മ്മം ആചാരാനുഷ്ഠാനങ്ങളില്‍പ്പെടുന്നു. അത്യന്തം അപരിഷ്കൃതവും ക്രൂരവുമായ രീതിയില്‍ സ്ത്രീകളുടെ ജനനേന്ദ്രിയം മുറിച്ച് മാറ്റുന്ന സ്ത്രീകളിലെ ചേലാകര്‍മ്മവും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ചില ആഫ്രിക്കന്‍ അറബ് രാജ്യങ്ങളില്‍ നിലനില്‍ക്കുന്നുവെന്നത് വളരെ പരിതാപകരമാണ്. ചരിത്രം പരിശോധിക്കുമ്പോള്‍ പുരാതനകാലം മുതലേ ചേലാകര്‍മ്മം നിലനിന്നിരുന്നുവെന്ന് മനസ്സിലാക്കാം. ബിസി 2400-3000 കാലഘട്ടത്തിലേതെന്ന് നിര്‍ണ്ണയിക്കപ്പെട്ട ഈജിപ്തിലെ മമ്മിയില്‍ ചേലാകര്‍മ്മം ചെയ്യപെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

ലിംഗാഗ്രചര്‍മ്മം പൂര്‍ണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുകയാണ് ചേലാകര്‍മ്മം അഥവാ സര്‍ക്കുംസിഷന്‍ എന്ന ശസ്ത്രക്രിയ വഴി ചെയുന്നത്. ഒരു ലഘു ശാസ്ത്രക്രിയയായ ഇത് നേരിയ തോതില്‍ മയക്കം നല്‍കിയോ ലിംഗാഗ്രചര്‍മ്മം മാത്രം മരവിപ്പിച്ചോ ചെയ്യാവുന്നതാണ്. നവജാത ശിശുക്കള്‍ മുതല്‍ വൃദ്ധര്‍ വരെ പ്രായഭേദമന്യേ ചെയ്തുവരുന്ന ഒന്നാണിത്.

ചേലാകര്‍മ്മം ചെയ്യാനുള്ള വൈദ്യശാസ്ത്രപരമായ കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്

  • ·ലിംഗാഗ്രചര്‍മ്മം പുറകോട്ട് വിട്ടുമാറാത്ത അവസ്ഥ.
  • ·ലിംഗാഗ്രചര്‍മ്മത്തിലെ ഒട്ടലുകള്‍ മൂലം ഉണ്ടാകുന്ന പഴുപ്പ്
  • ·വിട്ടുമാറാത്ത മൂത്രത്തില്‍ പഴുപ്പ് ഉണ്ടാക്കുന്ന ചില കേസുകള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലിംഗാഗ്രചര്‍മ്മം പൂര്‍ണ്ണമായും പുറകോട്ട് മാറുന്നില്ല എന്നുള്ളത് കൊണ്ട് മാത്രം ചേലാകര്‍മ്മം ചെയ്യേണ്ടതില്ല. 80 ശതമാനം കുട്ടികളില്‍ ലിംഗാഗ്രചര്‍മ്മം പുറകിലോട്ട് മാറാന്‍ 3 വയസ്സ് ആവേണ്ടി വരാറുണ്ട്. കുട്ടി മൂത്രമൊഴിക്കുമ്പോഴുള്ള ഒഴുക്ക് സാധാരണ ഗതിയിലാണെങ്കില്‍ ഈ പ്രായത്തില്‍ ചേലാകര്‍മ്മത്തിന്റെ ആവശ്യമില്ല. രണ്ടുവയസ്സിന് ശേഷം ആവശ്യമെങ്കില്‍ സ്റ്റീറോയ്ഡ്സ് അടങ്ങിയ ലേപനങ്ങള്‍ ലിംഗാഗ്രചര്‍മ്മത്തിന്റെ ഒട്ടലുകള്‍ നീക്കാനായി നിര്‍ദ്ദേശിക്കാറുണ്ട്. മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട രു പ്രധാന കാര്യം ആണ്‍കുട്ടികളുടെ മൂത്രനാളിയുടെ സുഷിരം കാണത്തക്ക രീതിയില്‍ ലിംഗാഗ്രചര്‍മ്മം നീക്കാന്‍ കഴിയുന്നു എന്ന് ഉറപ്പ് വരുത്തുകയാണ്.

ഗുണഫലങ്ങള്‍

സ്ത്രീപുരുഷ ലൈംഗിക ബന്ധത്തിലൂടെയുള്ള എച്ച്ഐവി രോഗത്തിന്റെ വ്യാപനം ചേലാകര്‍മ്മം ചെയ്യപ്പെട്ടവരില്‍ കുറഞ്ഞിരിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഹ്യൂമന്‍ പാപ്പില്ലോമ വൈറസ് അണുബാധ, ലിംഗത്തിലുണ്ടാകുന്ന ക്യാന്‍സര്‍, സിഫിലിസ് പോലുള്ള ലൈംഗിക രോഗങ്ങള്‍ എന്നിവയും ചേലാകര്‍മ്മം ചെയ്യപ്പെട്ടവരില്‍ കുറഞ്ഞിരിക്കുന്നു. പാപ്പിലോമ വൈറസിന്റെ വ്യാപനം തടയുന്നത് വഴി ജീവിത പങ്കാളിക്ക് ഗര്‍ഭാശയമുഖ അര്‍ബുദം വരുന്നതിനുള്ള സാധ്യതയും കുറയ്ക്കുന്നു.

സങ്കീര്‍ണ്ണതകള്‍

താരതമ്യേനെ വളരെ സുരക്ഷിതമായ ഒന്നാണ് ചേലാകര്‍മ്മ ശസ്ത്രക്രിയ എങ്കിലും രക്തസ്രാവം, അണുബാധ എന്നിവ ഇതിനെതുടര്‍ന്ന് ഉണ്ടാകാം. അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച അനാരോഗ്യകരമായ അന്തരീക്ഷത്തില്‍ വിദഗ്ദ്ധരല്ലാത്ത ആളുകള്‍ (ഒസ്സാന്മാര്‍ തുടങ്ങിയവര്‍) ഈ ശസ്ത്രക്രിയ നടത്തുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഏറുന്നു. ഇത്തരത്തില്‍ ചേലാകര്‍മ്മം നടത്തുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന വേദന ഭാവിയില്‍ വേദനയോടു തീവ്രമായി പ്രതികരിക്കുന്ന സ്വഭാവ വിശേഷം കുട്ടികളില്‍ സൃഷ്ടിക്കാന്‍ ഇടയാക്കാം.

ചേലകര്‍മ്മത്തിന് മുമ്പ് ലിംഗ പരിശോധന നിര്‍ബന്ധമാണ്‌. ലിംഗത്തിന്റെ ഘടനാവൈജാത്യം, മൂത്രനാളിയുടെ സ്ഥാനവ്യതിയാനം, ലിംഗത്തിന് വളവ് തുടങ്ങിയവ ഇല്ലെന്നു ഉറപ്പുവരുത്തണം. മൂത്രനാളിയുടെ സ്ഥാന വ്യതിയാനം നേരെയാക്കുന്നതിനായി ചെയ്യുന്ന ശസ്ത്രക്രിയക്ക് ലിംഗാഗ്ര ചര്‍മ്മം ആവശ്യമായി വരുന്നതിനാല്‍ ഇത്തരം കേസുകളില്‍ ചേലാകര്‍മ്മം ചെയ്യാന്‍ പാടുള്ളതല്ല. അതുകൊണ്ട് തന്നെ മതരപമായതുള്‍പ്പടെയുള്ള എല്ലാ ചേലാകര്‍മ്മവും വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ തന്നെ നടത്തുന്നതാണ് അഭികാമ്യം.

ചേലാകര്‍മ്മം കഴിഞ്ഞാല്‍

സുന്നത്ത് കല്ല്യാണം ഒരാഘോഷമാണ്. പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍. സുന്നത്ത് കഴിഞ്ഞ കുട്ടിയെ കാണാന്‍ നിരവധി ബന്ധുമിത്രാദികള്‍ വരുന്നു. സമ്മാനങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും പെരുമഴ. കഴിഞ്ഞില്ല..വിശിഷ്ട വിഭവങ്ങള്‍ തീറ്റിക്കാനുള്ള മത്സരമാണ് പിന്നെ. നാലുനേരവും പരസ്യത്തില്‍ പറയുന്ന പോഷകപ്പൊടികള്‍, മുട്ട, നെയ്യ്, എണ്ണപ്പലഹാരങ്ങള്‍ മുതലായവ നിര്‍ബന്ധം. ശരീരപുഷ്ടി വരുത്താന്‍ ഉദ്ദേശിച്ച് നല്‍കുന്ന ഇത്തരം ആഹാരം ആരോഗ്യത്തിന് നന്നല്ല എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.

ചേലാകര്‍മ്മം കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍

  • ·ചേലാകര്‍മ്മം കഴിഞ്ഞ കുട്ടി ആവശ്യാനുസരണം വേളം കുടിക്കണം. വേദന ഒഴിവാക്കാനായി മടി കാണിച്ചേക്കാമെങ്കിലും സമയാസമയങ്ങളില്‍ മൂത്രമൊഴിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കണം.
  • ·മൂത്രമൊഴിച്ചതിന് ശേഷം ലിംഗാഗ്രം വെള്ളമൊഴിച്ച് വൃത്തിയാക്കുകയും വായു തട്ടി ഉണങ്ങാന്‍ അനുവദിക്കുകയും വേണം.
  • ·അനാവശ്യമായി ചേലാകര്‍മ്മം കഴിഞ്ഞ ഭാഗത്ത് തൊടരുത്.
  • ·നേരിയ തോതില്‍ സ്രവമോ പൊറ്റ പിടിച്ചത് പോലെയോ ശസ്ത്രക്രിയ കഴിഞ്ഞ ഭാഗത്ത് കണ്ടാല്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍ രക്തസ്രാവമോ പഴുപ്പോ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണേണ്ടതാണ്.
  • ·നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ യഥാസമയം കഴിക്കുവാനും ലേപനങ്ങള്‍ പുരട്ടുവാനും ശ്രദ്ധിക്കുക.

ലിംഗപരിപാലനം

സത്യത്തില്‍ ലിംഗവിവേചനം ഒരു കുഞ്ഞ് ജനിച്ച് വീഴുമ്പോള്‍ തന്നെ ആരംഭിക്കുന്നുണ്ട്. ജനനേന്ദ്രിയത്തിന്റെ വിളിപ്പേരുകളിലും ഇത് പ്രകടമാണ്. അപ്പിച്ചി, ഇച്ചി എന്നെല്ലാം പേരിട്ട് ഒരു പെണ്‍കുഞ്ഞിന് ഓര്‍മ വയ്ക്കുമ്പോഴേ തന്റെ ലിംഗം ഒരു ചീത്ത വസ്തുവാണ് എന്ന തോന്നല്‍ മനസ്സില്‍ വേരുറപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ട്. എന്നാല്‍ ആണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ ഭാഗ്യവാന്മാരാണ്. സുനാമണി, സുനാപ്പി, ഉണ്ണിപ്പൂവ് തുടങ്ങിയ ഓമനത്തമുള്ള പേരുകളാണ് ആണ്‍ ലിംഗങ്ങള്‍ക്ക് ചാര്‍ത്തിക്കിട്ടാറുള്ളത്. ഒരു ദിവസം ഒപിയില്‍ മോന്റെ സുനാമിക്ക് വേദന എന്നു പറഞ്ഞ് ഒരു സ്ത്രീ എന്നേ ഞെട്ടിച്ചുകളഞ്ഞു. എന്നാല്‍ ഇതൊന്നും തന്നെ കൃത്യമായ് പരിപാലനം ജനനേന്ദ്രിയങ്ങള്‍ക്ക് ലഭിക്കുന്നതില്‍ ആണ്‍കുട്ടികള്‍ക്ക് സഹായകമാകുന്നില്ല.

  • ·കുളിക്കുമ്പോഴും മൂത്രമൊഴിച്ച് കഴിഞ്ഞും ലിംഗാഗ്ര ചര്‍മ്മം പുറകോട്ട് നീക്കി വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കണം എന്ന പാഠം നാം ആണ്‍കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കണം. ലിമ്ഗഗ്ര ചര്‍മ്മം പുറകോട്ട് നീക്കിയതിന് ശേഷം മൂത്രമൊഴിക്കുന്നതും ഒരു നല്ല ആരോഗ്യശീലമാണ്.
  • ·സിപ്പുള്ള ട്രൗസറും പാന്‍റ്സും ധരിപ്പിക്കുന്നതിന് മുമ്പ് അടിവസ്ത്രം ധരിപ്പിക്കുന്നത് ശീലമാക്കുന്നത് സിപ്പില്‍ ലിംഗാഗ്രം കുടുങ്ങി വേദന തിന്നുന്നതില്‍ നിന്നും കുട്ടികളെ രക്ഷിക്കും.
  • ·ഏറ്റവും പ്രധാനം വ്യക്തി ശുചിത്വം പാലിക്കുന്നത് വഴി ചേലാകര്‍മ്മം നടത്തേണ്ടതായി വരുന്ന പല കാരണങ്ങളും ഒഴിവാക്കാം എന്നതാണ്.

ലൈംഗികതയും ചേലാകര്‍മ്മവും

ലിംഗത്തിന്റെ മൃദുത്വവും സംവേദനക്ഷമതയും കാത്തുവയ്ക്കാന്‍ സഹായിക്കുന്ന ലിംഗാഗ്രചര്‍മ്മം നീക്കം ചെയ്യുന്നത് ലൈംഗികാസ്വാദനം കുറയ്ക്കും എന്ന് ഒരു വാദഗതിയുണ്ടെങ്കിലും നിലവിലെ പഠനങ്ങള്‍ ഒന്നും തന്നെ ചേലാകര്‍മ്മം ഏതെങ്കിലും തരത്തില്‍ ലൈംഗികതയെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടില്ല.

അടിക്കുറിപ്പ് : ഇതിന്റെ ഗുണഫലങ്ങള്‍ കണ്ടു എന്നാലിത് എല്ലാ പുരുഷന്മാരും നിര്‍ബന്ധമായും ചെയ്യേണ്ട ഒന്നായി ശുപാര്‍ശ ചെയ്തു കൂടെ എന്ന ചോദ്യത്തിന് ലോകാരോഗ്യ സംഘടന നല്‍കിയ ഉത്തരം ഗുണഫലങ്ങളുണ്ടെങ്കിലും അത്തരത്തില്‍ ശുപാര്‍ശ ചെയ്യാന്‍ മാത്രമില്ല എന്ന രീതിയിലാണ്. തളത്തില്‍ ദിനേശന്റെ പ്രശസ്തമായ ഡയലോഗ് ‘എനിക്ക് അത്രയ്ക്ക് കാറ്റ് വേണ്ട’ എന്ന പോലെ…

ഡോ.സുനില്‍ പി.കെ

പീഡിയാട്രീഷന്‍

താലൂക്ക് ആശുപത്രി

നോര്‍ത്ത് പറവൂര്‍

എസ്കലേറ്റര്‍ വിപത്തുകള്‍

നാടോടുമ്പോള്‍ നടുവേ ഓടണം എന്നാണല്ലോ ചൊല്ല്. ഷോപ്പിങ്ങിന്റെ കാര്യത്തില്‍ ഈ ഓട്ടം ഒരുമുഴം മുമ്പേയാണെന്ന് മാത്രം. തുണിസഞ്ചിയും തൂക്കി വല്ലപ്പോഴും കടകളില്‍ പോയിരുന്ന മലയാളി ജീവിത നിലവാരം വര്‍ദ്ധിച്ചപ്പോള്‍ പഴയ രീതികളും ഉപേക്ഷിച്ചു. പീടികയില്‍ പോകുന്നതിന് പകരം ഇന്ന് ഷോപ്പിംഗ്‌ മാളുകളിലേക്കാണ് യാത്ര. വേണ്ടതും വേണ്ടാത്തതുമായ എല്ലാം ഒരു കൂരക്ക് കീഴില്‍ കിട്ടുമെന്നതാണ് അവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. പല കടകളില്‍ കയറി സമയനഷ്ടം ഉണ്ടാകുന്നതും മറ്റു ബുദ്ധിമുട്ടുകളും ഒഴിവാക്കാമെങ്കിലും ഷോപ്പിംഗ്‌ മാളുകളില്‍ ചില്ലറ അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ട് ഇത്തരം തിരക്കുള്ള സ്ഥലങ്ങളില്‍ സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.

കൂട്ടം തെറ്റാം

ദിവസേന ആയിരക്കണക്കിന് ആളുകള്‍ വരികയും പോവുകയും ചെയ്യുന്ന സ്ഥലമാണിത്. അവരുടെ കൂട്ടത്തില്‍ നിരവധി കുട്ടികളുമുണ്ടാകും. നമ്മളേക്കാള്‍ കൗതുക കാഴ്ചകള്‍ക്ക് പിന്നാലെ ഓടുന്നവരാണല്ലോ നമ്മുടെ കുട്ടികള്‍. കണ്ണൊന്നു തെറ്റിയാല്‍ കൈ വിട്ടു പോകാം എന്നര്‍ത്ഥം. ഇങ്ങനെ കുട്ടികളെ കുറച്ച് നേരത്തേക്കെങ്കിലും കാണാതാകുന്നത് മാളുകളില്‍ നിത്യ സംഭവമാണ്. വഴി തെറ്റിപ്പോകുന്ന കുട്ടികള്‍ മറ്റുപല അപകടങ്ങളില്‍ ചെന്ന് ചാടുന്നതും നിത്യസംഭവം തന്നെ.

എസ്കലേറ്റര്‍ സൂക്ഷിക്കണം

എസ്കലേറ്ററുകളുടെ മുകളില്‍ താഴേക്ക് നോക്കി ചിരിച്ച് നില്‍ക്കുന്ന ചെറുപ്പക്കാര്‍ മാളുകളിലെ ഒരു നിത്യ കാഴ്ചയാണ്. സംഭവം വായ്നോട്ടമൊന്നുമല്ല. എസ്കലേറ്റര്‍ ഉപയോഗിക്കാനറിയാത്തവരെ കണ്ടു രസിക്കുന്നതാണ് ബിസിനസ്. ഒരു ചുമട് സാധനങ്ങളും കുട്ടികളുമായി എസ്കലേറ്ററില്‍ കയറി ബാലന്‍സ് ചെയ്യാന്‍ പറ്റാത്തവരെ കാണാന്‍ ബഹുരസമാണല്ലോ.

എസ്കലേറ്റര്‍ എങ്ങനെ ഉപയോഗിക്കാം

  • ·ഒന്നില്‍ കൂടുതല്‍ കുട്ടികളും സാധനങ്ങളുമായി പരമാവധി കയറാതിരിക്കുക.
  • ·സ്ട്രോളറുകളില്‍ കുട്ടികളെ ഇരുത്താതിരിക്കുക.
  • ·ഹാന്‍ഡ്റെയിലില്‍ നിര്‍ബന്ധമായും കുട്ടികളുടെ കൈ പിടിപ്പിക്കുക.
  • ·ചെറിയ കുട്ടികളെ ഒറ്റയ്ക്ക് നിര്‍ത്താതെ അവരുടെ കൈ പിടിക്കുകയോ അല്ലെങ്കില്‍ അവരെ എടുക്കയോ ചെയ്യണം.
  • ·മറുള്ളവരുമായി ഒരു നിശ്ചിത അകലം പാലിച്ച് നില്‍ക്കാന്‍ ശ്രദ്ധിക്കുക.
  • ·കുടികള്‍ ഉപയോഗിക്കുന്ന ചെരുപ്പുകളും ഷൂസുമെല്ലാം എളുപ്പം തെന്നി വീഴാന്‍ സാധ്യതയുള്ളവയാണ്. മിനുസമുള്ള ഇത്തരം പ്രതലങ്ങളില്‍ ഇവ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
  • ·നല്ല തിരക്ക് തോന്നുന്നുവെങ്കില്‍ കുട്ടികള്‍ക്ക് മേല്‍ രക്ഷിതാക്കളുടെ ഒരു കണ്ണ്‍ വേണം. കാരണം പിന്നില്‍ ഇറങ്ങാനായി ആളുകള്‍ നില്‍ക്കുന്നുണ്ട് എന്നത് ഒരു അപകട സാധ്യതയാണ്.

ഇതൊന്നും ഉപയോഗിച്ച് വലിയ ശീലമില്ലെങ്കില്‍ സാഹസത്തിന് മുതിരാതിരിക്കുക. ഒരു രസത്തിന് വേണ്ടിയോ കൂടുതല്‍ സൗകര്യത്തിന് വേണ്ടിയോ ഇതില്‍ കയറുന്നതിന് പകരം ലിഫ്റ്റിനേയും ഗോവണിയേയും ആശ്രയിക്കുക. ഇത് നല്‍കുന്നത് സുരക്ഷ മാത്രമല്ല ഒരു നല്ല വ്യായാമവും അതുവഴി ആരോഗ്യവുമാണ്.

നാവിനെയെങ്ങനെ മെരുക്കാം

മനുഷ്യജീവിതത്തിലുണ്ടാകുന്ന 90 ശതമാനം പരാജയങ്ങള്‍ക്കും കാരണം സംഭാഷണത്തിലെ വൈകല്യമാണ്; നാവിന്റെ പ്രയോഗശൈലികളാണ്. മറ്റുള്ളവരെ മുറിപ്പെടുത്താത്ത സംഭാഷണ ചാതുര്യമാണ്; നയസമീപനമാണ് ജീവിത വിജയം നേടിത്തരുന്നത്. ദാബോറാ സ്മിത്ത് പെഗ്യൂസ് എന്ന എഴുത്തുകാരി നാവിന്റെ പ്രയോഗങ്ങളെ 30 ആയി തരം തിരിക്കുന്നു. നുണ പറയുന്ന നാവ്, പൊങ്ങച്ചം പറയുന്ന നാവ്, കൗശലം പ്രയോഗിക്കുന്ന നാവ്, അക്ഷമമായ നാവ്, ഭിന്നിപ്പിക്കുന്ന നാവ്, തര്‍ക്കിക്കുന്ന നാവ്, സ്വയം പുകഴ്ത്തുന്ന നാവ്, അപകര്‍ഷത പ്രകാശിപ്പിക്കുന്ന നാവ്, ദൂഷണം പറയുന്ന നാവ്, ഊഹാപോഹം പറയുന്ന നാവ്, ഇടയ്ക്ക് കയറി പറയുന്ന നാവ്, ഒറ്റിക്കൊടുക്കുന്ന നാവ്, മറ്റുള്ളവരെ കൊച്ചാക്കുന്ന നാവ്, നിന്ദിക്കുന്ന നാവ്, പരുഷമായ നാവ്, നയം ഇല്ലാത്ത നാവ്, മറ്റുള്ളവരെ ഭീഷിണിപ്പെടുത്തുന്ന നാവ്, പ്രാകൃത നാവ്, എന്തിനും വിധി പ്രസ്താവിക്കുന്ന നാവ്, സ്വാര്‍ത്ഥത്തില്‍ മുഴുകിയ നാവ്, ശപിക്കുന്ന നാവ്, എന്തിനും സംശയിക്കുന്ന നാവ്, വായാടിയായ നാവ്, വിവേകശൂന്യമായ നാവ്, പരാതിമാത്രം പറയുന്ന നാവ്, നിശബ്ദമായ നാവ് (Speech is silver, silence is golden. സംസാരം വെള്ളിയാണ്, മൌനമോ സ്വര്‍ണ്ണവും). ഒരു ദിവസം ഒരിനം എന്ന വിധം മുപ്പത് ദിവസം കൊണ്ട് നാവിനെ മെരുക്കിയെടുക്കാം.

മനസ്സെന്ന കടിഞ്ഞാണ്‍ ഒരു നിമിഷത്തേക്ക് ഒന്നുമാറിയാല്‍ നാക്ക് വലിയ ഭൂകമ്പം ഉണ്ടാക്കും. മേല്‍ സൂചിപ്പിച്ച മുപ്പത് തരാം പ്രയോഗങ്ങളും നെഗറ്റീവായ ഫലം പുറപ്പെടുവിക്കുന്നതാണ്. അവയുടെ പോസറ്റീവായ വശം കണ്ടെത്തി അപ്രകാരം സംഭാഷണം നടത്തിയാല്‍ ജീവിതത്തില്‍ വിജയം കൈവരിക്കാം. സത്യം പറയുന്ന, പൊങ്ങച്ചം പറയാത്ത, കാപട്യമില്ലാത്ത, ക്ഷമയുള്ള, ഭിന്നിപ്പിക്കാത്ത, തര്‍ക്കിക്കാതെ അഭിപ്രായം / നിലപാട് അറിയിക്കുന്ന, സ്വയം പുകഴ്ത്താത്ത, അപകര്‍ഷ മനോഭാവമില്ലാത്ത, പരദൂഷണം പറയാത്ത, കേട്ടുകേള്‍വി പ്രചരിപ്പിക്കാത്ത, ഇടയ്ക്ക് കയറി പറയാത്ത, ഒറ്റുകൊടുക്കാത്ത, മറ്റുള്ളവരെ ആദരിക്കുന്ന, ബഹുമാനിക്കുന്ന, എളിമയുള്ള, സൗമ്യമായ, നയമുള്ള, ഭീഷിണിപ്പെടുത്താത്ത, സംസ്കാരമുള്ള, വിധിക്കാത്ത, നിസ്വാര്‍ത്ഥമായ, അനുഗ്രഹിക്കുന്ന, പ്രതികാരമില്ലാത്ത, കുറ്റപ്പെടുത്താത്ത, പ്രോത്സാഹിപ്പിക്കുന്ന, സംശയിക്കാത്ത, മിതത്വം പാലിക്കുന്ന, വിവേകമുള്ള, പരാതിയില്ലാത്ത, ക്രിയാത്മകമായി പ്രതികരിക്കുന്ന നാവിനെയാണ് രൂപപ്പെടുത്തേണ്ടത്.

‘നാവ് നന്നായാല്‍ മതി നാട് നന്നാവും’, ‘നാവ് തന്നെ അനരകവും നാവ് തന്നെ സ്വര്‍ഗ്ഗവും’, ‘നാക്കുള്ളവന് നാട്ടില്‍ പാതി’, ‘നാക്കുള്ളവന്‍ തൂക്കുകയില്ല’ തുടങ്ങിയ ചൊല്ലുകളെല്ലാം സംഭാഷണം എങ്ങനെയായിരിക്കണമെന്ന് നമ്മെ ചിന്തിപ്പിക്കുന്നു. ശത്രുവിനെ മിത്രമാക്കുന്നതും മിത്രത്തെ ശത്രുവാക്കുന്നതും നാവാണ്. മാന്യത സ്പര്‍ശിക്കുന്ന ശബ്ദം, സൗഹാര്‍ദ്ദ സമീപനം, സംഭാഷണത്തില്‍ ആദരവ്, ക്ഷമ, ലളിതമായ ഭാഷ എന്നിവയാണ് സംഭാഷണത്തിലെ മുഖ്യ ഘടകങ്ങള്‍. ഇവ പരിശീലിച്ചാല്‍ സംഭാസഹണം ഹൃദ്യമാകും. ഈശ്വരന്‍ മനുഷ്യന് നല്‍കിയിട്ടുള്ള വരദാനമാണ് സംഭാഷണത്തിനുള്ള കഴിവ്, വ്യക്തിബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനും ശിഥിലമാക്കുന്നതിനും സംഭാഷണം വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരാളുടെ സംഭാഷണം അയാളുടെ വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുന്നത്. ധാര്‍മ്മികബോധം, ജീവിത ദര്‍ശനം(philosophy of life) എന്നിവ അയാളുടെ സംഭാഷണത്തില്‍ പ്രതിഫലിക്കും.

സംഭാഷണങ്ങളെ മൂന്നായി തരാം തിരിക്കാം. (a) സമാന്തരം സംഭാഷണം (ഒത്തുപറച്ചില്‍) (b) വിരുദ്ധ സംഭാഷണം (എതിര്‍ത്ത് പറച്ചില്‍ (c) ഒളിച്ച് വച്ചുള്ള സംഭാഷണം (വച്ചു പറച്ചില്‍). സൗഹാര്‍ദ്ദപരമായ സംഭാഷണത്തെയാണ് ഒത്തുപറച്ചില്‍ അഥവാ സമാന്തര സംഭാഷണം എന്ന് പറയുക. ഒരാള്‍ പറയുന്നത് ശ്രവിച്ച ശേഷം തക്കതായ മറുപടി പറയുന്നു. അങ്ങനെ പ്രതീക്ഷിച്ചതും ഉചിതവുമായ മറുപടി പറഞ്ഞ് സൗഹാര്‍ദ്ദപരമായി, ഹൃദയകാരിയായി സംഭാഷണം തുടര്‍ന്നാല്‍ വ്യക്തിബന്ധങ്ങള്‍ ദൃഡമാകും.

നമ്മുടെ സംഭാഷണത്തിനുള്ള പ്രതികരണം അപ്രതീക്ഷിതവും അനുചിതമാവുമ്പോള്‍ വിരുദ്ധസംഭാഷണമാകുന്നു. ഈ എതിര്‍ത്ത് പറച്ചില്‍ മൂലം വ്യക്തി വൈരാഗ്യങ്ങള്‍, കുടുംബലഹളകള്‍ എന്നിവ തൊട്ട് വര്‍ഗ്ഗീയ കലാപങ്ങളും യുദ്ധങ്ങളും വരെയുണ്ടാകുന്നു. ഒളിച്ച് വച്ചുള്ള സംഭാഷണങ്ങള്‍ക്ക് ഗൂഡമായ അര്‍ത്ഥതലം കൂടി ഉണ്ടാക്കും. ഇത്തരം സംഭാഷണം സൗഹാര്‍ദ്ദപരമാകണമെന്നില്ല. ഗൂഡ സംഭാഷണം വൈരാഗ്യത്തിന് വഴി തെളിച്ചെക്കാം. നല്ല കേള്‍വിക്കാരനേ നല്ല സംഭാഷണ ചാതുരനാകാന്‍ കഴിയൂ. കേള്‍ക്കുന്നതില്‍ താത്പര്യം വ്യക്തമാകുന്ന മുഖഭാവം വേണം.സംസാരിക്കുമ്പോള്‍ അപരന്റെ നെറ്റിക്കും മൂക്കിനിടയില്‍ കേന്ദ്രീകരിക്കുന്നതാണ് പ്രഫോഷനാല്‍ സമീപനം. കാര്യങ്ങള്‍ മനസ്സിലായ കാര്യം മുഖഭാവം കൊണ്ടോ തലയാട്ടിയോ ബോധ്യപ്പെടുത്താം.

സുസ്മേരവദനരായി ശാന്തതയോടെ, ബഹുമാനം നല്‍കി സംസാരിക്കുക. ക്ഷമയോടെ കേള്‍ക്കുക. കേള്‍ക്കുന്നയാള്‍ തന്റെ ഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും സംഭാഷണത്തില്‍ താല്‍പര്യം പ്രകടിപ്പിക്കണം. യുക്തവും പ്രസക്തവുമായ ചെറു ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും സംഭാഷണ പുരോഗതിയെ സഹായിക്കും. കോമാളിത്തമില്ലാത്ത ഹൃദയത, കൃത്രിമത്വം ഇല്ലാത്ത നര്‍മ്മം, മര്യാദ പുലര്‍ത്തുന്ന സ്വാതന്ത്ര്യം, പാണ്ഡിത്യ പ്രകടനമില്ലാത്ത അറിവ്, കലവില്ലാത്ത പുതുമ എന്നിവ സംഭാഷണത്തെ ആകര്‍ഷകമാക്കുമെന്ന് ഷേക്സ്പിയര്‍ പറയുന്നു.

പൊങ്ങച്ചത്തിന്റെ ആലവട്ടങ്ങളും വെഞ്ചാമരങ്ങളും ഇല്ലാതെ സാധാരണ മനുഷ്യരെപ്പോലെ, ദുരഭിമാനം വെടിഞ്ഞ് സംസാരിക്കുന്നവരെയാണ് ജനങ്ങള്‍ ഇഷ്ടപ്പെടുക. ഞാനെന്ന ഭാവം അസഹ്യതയാണ് ഉളവാക്കുക. അംഗവിക്ഷേപങ്ങളിലും പൊടിപ്പും തൊങ്ങലും ഒഴിവാക്കുക. ആധിപത്യ പ്രവണത സംഭാഷണത്തില്‍ ഒഴിവാക്കണം. വാദപ്രതിവാദത്തില്‍ കഴിവതും ഇടപെടരുത്. തര്‍ക്കിക്കുകയുമരുത്. തര്‍ക്കിച്ച്ചാല്‍ ഒരാള്‍ പരാജയപ്പെടും. പരാജിതനില്‍ കോപം, അരിശം, വിദ്വേഷം, പക, പ്രതികാരചിന്ത എന്നിവ ഉടലെടുക്കും. നാശമാകും ഫലം. കേള്‍വിക്കാരന്‍ മതി നിര്‍ത്ത് എന്ന് പറയാനിടവരരുത്. അഭിനന്ദിക്കുന്ന, നന്മകള്‍ പറയുന്ന സംഭാഷണശൈലിയുടെ ഉടമയാകുക. സൌമ്യത കൈവെടിയാതെയിരിക്കുക.

‘ A gentleman is the one who never inflicts pain on others’ കാര്‍ഡിനല്‍ ന്യൂമാന്റെ വരികളാണിവ. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മറ്റുള്ളവരെ വേദനിപ്പിക്കാത്തവരാണ് മാന്യര്‍. വാക്കുകൊണ്ടുള്ള മുറിവുകള്‍ നാവിനെ നിയന്തിച്ച്ചാല്‍ ഒഴിവാക്കുവാന്‍ സാധിക്കും.

ഓര്‍ക്കുക; നയചാതുര്യമാണ് കഴിവിനേക്കാള്‍ പ്രധാനം. നയമെന്നത് ഒരു ലൈഫ് ബെല്‍റ്റാണ്. നിങ്ങള്‍ ആഗ്രഹിക്കുന്നത് ചെയ്യുന്നതിന് മറ്റുള്ളവരെ സമ്മതിപ്പിക്കുവാന്‍ നയം നിങ്ങളെ സഹായിക്കുന്നു. അത് വിജയത്തിലേക്കുള്ള കുതിപ്പാണ്. നാവിനെ അനുദിനം മെരുക്കിയെടുത്താല്‍ നിങ്ങള്‍ക്കും വിജയിയാകാം.

അഡ്വ ചാര്‍ളിപോള്‍

MA, LLB,DSS

കണ്ണന്‍റെ വിഷമം

 

കഴിഞ്ഞ രണ്ടു ദിവസമായി കണ്ണന്‍ ഭയങ്കര വിഷമത്തിലാണ്. പൊതുവേ കുസൃതിയായ കണ്ണനിപ്പോള്‍ ആരോടും മിണ്ടാട്ടമില്ല. കളിചിരിയില്ല. എപ്പോഴും എന്തോ ആലോചിച്ച് ഒരിടത്ത് ഇരിക്കുകയാണ്. പതിവില്ലാത്ത ഈ പെരുമാറ്റം തിരിച്ചറിഞ്ഞ അമ്മ, അവന് ഏറ്റവും ഇഷ്ടമുള്ള പാല്‍പ്പായസം ഉണ്ടാക്കി കൊടുത്ത്. ആ പായസം കുടിച്ചെങ്കിലും പഴയ ഉത്സാഹമില്ല. അപ്പോഴാണ്‌ സംഗതി കുറച്ച് ഗൗരവമുള്ളതാണെന്ന് അമ്മക്ക് മനസ്സിലാകുനന്ത്. അടുത്തിരുത്തി കുറേ നേരം പഞ്ചാര വാക്കുകള്‍ പറഞ്ഞപ്പോഴാണ് കണ്ണന്‍ മനസ്സ് തുറന്നത്.

അവന്‍ ചോദിച്ചു.. ‘അമ്മയ്ക്ക് ഇപ്പോള്‍ ടുട്ടുവിനോടാണ് കൂടുതല്‍ ഇഷ്ടം അല്ലെ ?’ കണ്ണന്‍റെ അനിയനാണ് ടുട്ടു. അഞ്ച് വയസ്സിന് പ്രായവ്യത്യാസം ഉണ്ട് ഇരുവരും തമ്മില്‍. കണ്ണന്‍റെ ചോദ്യം കേട്ട് ആദ്യമൊന്ന് പകച്ചെങ്കിലും ബുദ്ധിമതിയായ അമ്മ തിരിച്ചു ചോദിച്ചു.

‘കണ്ണന്‍റെ മുഖത്ത് രണ്ടു കണ്ണുകള്‍ ഉണ്ടല്ലോ അതില്‍ എതിനോടാ കൂടുതല്‍ ഇഷ്ടം ?”

എപ്പോഴും തര്‍ക്കുത്തരം പറയുന്ന കണ്ണന് ഈ ചോദ്യത്തിന് മാത്രം മറുപടിയില്ല.

അമ്മ തുടര്‍ന്നു. ‘എന്റെ രണ്ടു കണ്ണുകളെയും പോലെയാണ് മക്കളായ കണ്ണനും ടുട്ടുവും. ചെറിയ കുഞ്ഞായതിനാലല്ലേ അവനെ എപ്പോഴും എടുത്ത് നടക്കുന്നത്’. ആ മറുപടിയില്‍ ത്രുപ്തിയായതിനാലാവണം കണ്ണന്‍ തന്റെ പരാതിയുടേയും പരിഭവത്തിന്റെയും കെട്ടഴിച്ചു.

‘അതൊക്കെ ശരി തന്നെ എന്നിട്ടും എന്തിനാ എന്നെ അച്ഛന്റേയും അമ്മയുടേയും അടുത്ത് നിനും മാറ്റിക്കിടത്തിയത്?’

ഇന്നലെ വരെ അച്ഛനും അമ്മക്കുമൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പെട്ടെന്ന് ഒരു രാത്രി മാറ്റിക്കിടത്താനായി ശ്രമിക്കുന്നതെങ്ങനെയാകും അവര്‍ മനസ്സിലാക്കുക. അതേ സന്ദര്‍ഭമാണ് കണ്ണന്‍റെ കാര്യത്തിലും സംഭവിച്ചത്. ഈ കുട്ടിക്ക് താഴെയായി കൈക്കുഞ്ഞായ സഹോദരനോ, സഹോദരിയോ ഉണ്ടെങ്കില്‍ പറയുകയേ വേണ്ട. കണ്ണന്‍റെ മോനെപ്പോലെ മാതാപിതാക്കള്‍ക്ക് തങ്ങളോടു സ്നേഹമില്ലെന്ന് പറഞ്ഞ് പരിഭവിക്കുന്ന കുട്ടികള്‍ ധാരാളം. ഈ ഒരു അവസ്ഥ ഒഴിവാക്കുക കൂടിയാണ് വീട്ടില്‍ കുഞ്ഞുമുറി ഒരുക്കുന്നതിന്റെ പ്രാധാന്യം.

ആകര്‍ഷകമാക്കാം

വീട്ടിലെ മുറികള്‍ പൊതുവേ നല്ല വെളിച്ചവും, വായു സഞ്ചാരവുമുള്ളതാവണമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂട്ടുകുടുംബത്തില്‍ നിന്ന് മാറി താമസിക്കുന്നവര്‍ക്ക് പ്രയാസമായേക്കാം. പ്രത്യേകിച്ചും രണ്ടോ മൂന്നോ മുറികളിലായി വീടുകള്‍ ചുരുങ്ങിയപ്പോള്‍. എന്നാല്‍ വിദഗ്ദ്ധ ആര്‍ക്കിട്ടെക്റ്റിന്റെ സഹായത്തോടെ ഈ മുറികള്‍ മനോഹരമാക്കാം. കുഞ്ഞുങ്ങളുടെ മുറികള്‍ അവരുടെ അഭിരുചി പ്രകാരമാണ് രൂപമാറ്റം വരുത്തേണ്ടത്. അവരെ ആകര്‍ഷിക്കുന്നതുമാകണം. ഇതിനായി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ആലേഖനം ചെയ്ത ഭിത്തികളും, കിടക്കയും, തലയിണയുമെല്ലാം ഒരുക്കാം. ഈ കഥാപാത്രങ്ങളോടുള്ള താല്‍പര്യമാണ് അവരെ മുറിയിലേക്ക് അടുപ്പിക്കാന്‍ ഉപയോഗിക്കേണ്ടത്.

പഠനത്തിനും മറ്റാവശ്യങ്ങള്‍ക്കും

ചിത്രങ്ങള്‍ വരയ്ക്കാനും പഠിക്കാനും പുസ്തകങ്ങള്‍ സൂക്ഷിച്ച് വയ്ക്കാനും പ്രത്യേകം സ്ഥലം കുട്ടികള്‍ക്കായുള്ള മുറിയില്‍ മാറ്റി വയ്ക്കേണ്ടതാണ്. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പ്രമാണം. അതിനാല്‍ ചിട്ടയോടിത് സൂക്ഷിച്ച് വയ്ക്കാന്‍ പഠിപ്പിക്കണം. ഇങ്ങനെ കിടപ്പുമുറി ചീത്തയാക്കുന്ന സ്വഭാവവും ഒഴിവാക്കാം. മുറിയില്‍ ആവശ്യത്തിന് മാത്രം കുഞ്ഞുടുപ്പുകളും കരുതി വയ്ക്കാം.

തറ തെന്നിവീഴുന്നതാവരുത്

കുട്ടികള്‍ എപ്പോഴും ഓടിക്കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഒന്നിലധികം കുട്ടികളുണ്ടെങ്കില്‍ പറയുകയും വേണ്ട. ആകപ്പാടെ കലപിലയായിരിക്കും. ഈ സാഹചര്യത്തില്‍ തറ മിനുസമാര്‍ന്നതാണെങ്കില്‍ കുട്ടികള്‍ക്ക് അപകടം സംഭവിക്കുക സ്വാഭാവികം. അപകടം ക്ഷണിച്ച് വരുത്തുന്ന ടൈലുകള്‍, മാര്‍ബിള്‍ എന്നിവ ഉപയോഗിച്ച് മിനുസമാര്‍ന്ന തറ നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഒരിറ്റ് വെള്ളത്തില്‍ ചവിട്ടിയായിരിക്കും ചിലപ്പോള്‍ കുട്ടികള്‍ തെന്നി വീഴുക. ഈ സാഹചര്യം ഒഴിവാക്കേണ്ടതാണ്. നിലത്ത് എന്തെങ്കിലും വീണാല്‍ കഴുകി കളയാന്‍ പാകത്തിലുമാകണം. എളുപ്പം കറ പിടിക്കുന്നതും ആകരുത്. വെളിച്ചം, ഫാനുകള്‍ എന്നുവയുടെ സ്വിച്ചുകള്‍ കയ്യെത്തും ദൂരത്ത് സുരക്ഷിതമായി ഘടിപ്പിച്ചതാകണം. ഭിത്തിയില്‍ കടും നിറങ്ങള്‍ ഉപയോഗിച്ച് ചായമടിക്കരുത്. കണ്ണുകള്‍ക്കെപ്പോഴും ഇമ്പമാര്‍ന്ന നിറങ്ങളാണ് നല്ലത്.

ആഡംബരം ഒഴിവാക്കാം

കുട്ടികള്‍ എന്നും വളരുകയാണ്. ഈ പ്രായത്തില്‍ അവര്‍ ആവശ്യപ്പെടുന്ന എന്ത് ആഗ്രഹവും മിക്ക രക്ഷിതാക്കളും സാധിച്ച് കൊടുക്കാറുണ്ട്. ഉദാഹരണമായി വിലയേറിയ കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കുന്നത്. മൂന്നോ നാലോ ദിവസം മാത്രമാവും ഇ കളിപ്പാട്ടങ്ങളുടെ ആയുസ്സ്. പിന്നീടവര്‍ ഈ കളിപ്പാട്ടത്തെ ഉപേക്ഷിക്കുന്നു. ഇതിനാല്‍ കുട്ടികളുടെ മുറിയൊരുക്കുമ്പോഴും ആഡംബരം വേണ്ട. കുട്ടികളുടെ ഇന്നത്തെ സാഹചര്യം വച്ച് കുറച്ച് കാലങ്ങള്‍ക്ക് ശേഷം താല്‍പര്യം മാരും. അപ്പോള്‍ കുഞ്ഞുമുറിയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ കെട്ടിപ്പിടിച്ചവര്‍ ഉറങ്ങില്ല. എപ്പോഴും മാറ്റങ്ങള്‍ വരുത്താവുന്നതായിരിക്കണം കുട്ടികളുടെ മുറികള്‍. സ്വന്തം താല്പര്യത്തോടെ സ്വന്തമായുള്ള മുറിയില്‍ കയറിയിറങ്ങാന്‍ കുട്ടികള്‍ തയ്യാറാവണം. അതിനാവശ്യമായ നുറുങ്ങുവിദ്യകളും, മായാക്കാഴ്ചകളും ഒരുക്കിവയ്ക്കണം. പ്രത്യേകിച്ചും അവര്‍ക്ക് ആകാംക്ഷ ജനിപ്പിക്കുന്ന കാഴ്ചകള്‍. അത് അറിവിന്റെ ജാലകം തുറക്കുന്നതുമാകണം.

ഡാ തടിയാ വിളി കേള്‍ക്കാതിരിക്കാന്‍

 

പൊണ്ണത്തടിയില്‍ കേരളം ഒന്നാംസ്ഥാനം പങ്കിടുന്നത് അമേരിക്കയോടൊപ്പമാണ്. തിന്നു തിന്ന് പൊണ്ണത്തടി വന്നു മരിക്കാന്‍ വിധിക്കപ്പെട്ടവരുടെ എണ്ണത്തിന്റെ കാര്യത്തിലാണ് ഈ സ്ഥാനം. ഇതില്‍ തീറ്റപ്രാന്തന്മാരും പൊണ്ണത്തടിക്കാരും മുതിര്‍ന്നവര്‍ മാത്രമാണ് എന്ന് കരുതിയാല്‍ തെറ്റി. അമിത ഭക്ഷണവും അനാരോഗ്യകരമായ ശീലങ്ങളും കൊണ്ട് ചെറുപ്രായത്തില്‍ തന്നെ രോഗികളാകുന്നവരുടെ എണ്ണം കേരളത്തിലും ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്ന് ഡോക്ടര്‍മാരും മറ്റു കണക്കുകളും സൂചിപ്പിക്കുന്നു.

കാര്യം നിസ്സാരമല്ല ഗുരുതരം തന്നെ

ലോകമെമ്പാടും ഒഴിവാക്കാന്‍ കഴിയുന്ന മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനം പുകവലിക്കാണ്. രണ്ടാം സ്ഥാനത്താണ് പൊണ്ണത്തടിയും അനുബന്ധ രോഗങ്ങളും. ഇതേ പൊണ്ണത്തടിയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പഞ്ചാബിനെ പിന്തള്ളി മുപ്പത്‌ ശതമാനത്തിലധികം പൊണ്ണത്തടിയുമായി കേരളം ഒന്നാം സ്ഥാനത്താണ്. കുട്ടിക്ക്‌ അല്പം തടിയില്ലെങ്കില്‍ കാണാനെന്തിന് കൊള്ളാം എന്ന് വിശ്വസിക്കുന്ന കേരളത്തില്‍ കുട്ടികളിലെ വണ്ണക്കൂടുതലുള്ള തടിയന്മാരേയും തടിച്ചികളെയും കൂട്ടിയാല്‍ ഇരുപത്തിരണ്ട് ശതമാനം വരും. അതില്‍ തന്നെ ഏഴ് ശതമാനം പേര്‍ അമിതവണ്ണമുള്ളവരാണ്. മാത്രമല്ല, എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നുവെന്നും വ്യക്തമാകുന്നു.

കുട്ടിത്തടിയുടെ കാരണങ്ങള്‍

പൊണ്ണത്തടി വരാന്‍ മുഖ്യകാരണം കുട്ടികള്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ തന്നെയാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളും പുതിയ സൗന്ദര്യ സങ്കല്‍പ്പങ്ങളും പഠിക്കുന്നത് ഇതേ ചുറ്റുപാടുകളില്‍ നിന്നുതന്നെയാണ്. അതില്‍ മുഖ്യപങ്ക് ടെലിവിഷനാണ്. ജങ്ക്ഫുഡ്‌സിന്റെയും സോഫ്റ്റ്‌ഡ്രിങ്ക്സിന്റെയും രസകരമായ പരസ്യങ്ങളിലൂടെ കുട്ടികള്‍ തെറ്റായ ഭക്ഷണശീലങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അനിവാര്യമായ വ്യായാമാത്തോടും കളികളോടുമൊക്കെ വൈമുഖ്യമുള്ളവരായി രക്ഷിതാക്കള്‍ മാറുന്നതും അവരെ അമിത വണ്ണത്തിലേക്ക് നയിക്കുന്ന ചുറ്റുപാടുകള്‍ തന്നെ. കഴിഞ്ഞ കുറച്ചുകാലങ്ങള്‍ക്കുള്ളില്‍ നമ്മുടെ ഭക്ഷണരീതികള്‍ ഒരുപാട് മാറിയിട്ടുണ്ട്. അപകടകരമായ മാറ്റമാണിത്. പരമ്പരാഗതമായ ഭക്ഷണരീതിയെ പാടെ അവഗണിക്കുകയും പരസ്യങ്ങളില്‍ കാണുകയും പറഞ്ഞു കേള്‍ക്കുകയും ചെയ്യുന്ന ഒരു പുതിയ ഭക്ഷണരീതിയെ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.

ഒരുകാലത്ത്‌ പോഷകസമ്പുഷ്ടമായ ഭക്ഷണം നമ്മുടെ നാട്ടില്‍ കുറവായിരുന്നു. പലര്‍ക്കും അപ്രാപ്യമായ ഒന്ന്. അങ്ങനെ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാവുകയും ക്രമേണ അതിനോട് താദാത്മ്യം പ്രാപിക്കുകയും ചെയ്ത ഒരു സമൂഹമാണ് ഒറ്റയടിക്ക് ആവശ്യത്തിലധികം ഭക്ഷണം കിട്ടിയപ്പോള്‍ മതിമറന്ന് കഴിക്കാന്‍ തുടങ്ങിയത്.

ഇന്ന് പുറത്ത്‌ നിന്നായാലോ ?

പണ്ടൊക്കെ വല്ലപ്പോഴും ചായക്കടയില്‍ കയറി ചായ കുടിച്ചാലായി. അല്ലെങ്കില്‍ ഹോട്ടലില്‍ നിന്നൊരു ഊണ്. ഇതിനപ്പുറം വീട്ടിലൊരു അടുക്കളയിരിക്കെ ഭക്ഷണം തേടി മലയാളി പുറത്തേക്ക് പോകാന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല. കുട്ടികളും ഭാര്യയുമൊക്കെ ഇങ്ങനൊരാഗ്രഹം പറഞ്ഞാല്‍ പോകാതിരിക്കുന്ന ആരുണ്ട്‌. പുറത്ത്‌ പോകുന്നതിന്റെ എണ്ണവും കൂടിയിരിക്കുന്നു. കഴിക്കുന്നതില്‍ വിറ്റാമിനുണ്ടോ, ഫൈബറുണ്ടോ എന്നൊന്നും നോക്കിയല്ല രുചിക്കാണ് പ്രാധാന്യം. ഉയര്‍ന്ന കൊഴുപ്പും മറ്റ് രുചിവര്‍ദ്ധക വര്സ്തുക്കളും അതിലുള്ളതുകൊണ്ട് രുചിക്കൊട്ടും കുറവുമുണ്ടാകില്ല. മൂക്കുമുട്ടെ കഴിക്കുന്നതിനൊപ്പം അതിമധുരമുള്ള ഐസ്ക്രീമും മറ്റ് ഡെസേര്‍ട്ടുകളും കൂടിയാകുമ്പോള്‍ പൂര്‍ത്തിയായി. പൊണ്ണത്തടിക്ക് ഇനിയെന്തുവേണം ?

സോഫ്റ്റ്‌ ഡ്രിങ്ക്സ് എന്ന ഹാര്‍ഡ്‌ ശീലം

കഴിഞ്ഞ ഇരുപത് കൊല്ലത്തിനിടെ കോള കുടിക്കുന്ന കുട്ടികളുടെ എണ്ണം മുന്നൂറ് ശതമാനമാണ് വര്‍ദ്ധിച്ചത്‌. ദിവസവും ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് അമിതവണ്ണം വരാനുള്ള സാധ്യതയെ അറുപത് ശതമാനം വച്ച് വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. പൊണ്ണത്തടി ബാധിച്ച കുട്ടികളില്‍ ഇരുപത് ശതമാനം ആളുകള്‍ക്കും അത് വരാനുള്ള കാരണം ഇത്തരം സോഫ്റ്റ്‌ ഡ്രിങ്ക്സ് ആണത്രേ. ബേക്കറി ഉപയോഗത്തിന്റെ കാര്യത്തിലും മലയാളി മുമ്പില്‍ തന്നെ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ചില്ലിട്ട കൂട്ടില്‍ അടുക്കിവച്ച ബഹുവര്‍ണ്ണ പലഹാരക്കൂട്ടത്തിന് മുമ്പില്‍ ക്യൂ നില്‍ക്കുന്ന മലയാളിയെ കണ്ടാലറിയാം ബേക്കറിയോടുള്ള ആര്‍ത്തി. വിശേഷ ദിവസങ്ങളില്‍ മാത്രം കൊറിക്കാനോ അല്ലെങ്കില്‍ അതിഥിയെ സ്വീകരിക്കാനോ മേടിക്കുന്നവയായിരുന്നു ബേക്കറി. ഇപ്പോഴത്‌ ഇടവേളകളില്‍ കൊറിക്കാനായി വാങ്ങിച്ച് കൂട്ടുന്ന ഒരു പലഹാരമായി മാറിയിരിക്കുന്നു. ഹൃദ്രോഗത്തിനും ഉയര്‍ന്ന കൊളസ്ട്രോളിനുമൊക്കെ കാരണമാകുന്ന ട്രാന്‍സ്‌ ഫാറ്റ്‌സിന്റെ അളവ് കൂടുതലുള്ളവ. കഴിക്കാന്‍ താല്പര്യമില്ലാത്ത കുട്ടികളെ പോലും അവ കഴിക്കാന്‍ നിര്‍ബന്ധിക്കുകയും എതിര്‍ത്താല്‍ വല്ലപ്പോഴുമല്ലേ എന്ന് പറയുകയും ചെയ്യുന്നവരാണ് രക്ഷിതാക്കളും. ഇത്തരം ദുശ്ശീലങ്ങള്‍ വളര്‍ത്താന്‍ കൂട്ട് നില്‍ക്കുന്നത്‌ നമ്മള്‍ തന്നെയാണ്.

കളിയില്ലാതായിഅത് കാര്യമായി

ചെറുപ്രായത്തില്‍ നേരം കിട്ടുമ്പോഴൊക്കെ വീട്ടില്‍ നിന്നും പുറത്ത്‌ ചാടി നാടായ നാടൊക്കെ കറങ്ങിത്തിരിഞ്ഞവരാണ് ഇന്നത്തെ മിക്ക രക്ഷിതാക്കളും. എന്നാല്‍ അവരുടെ കുട്ടികളുടെ സ്ഥിതി അതല്ല. മിക്കപ്പോഴും വീട്ടില്‍ തന്നെ. കാരണം രക്ഷിതാക്കളുടെ കളികളോടുള്ള സമീപനം മാറിയതും കളിച്ചു നടക്കാതെ പോയി വല്ലതും പഠിക്കടാ എന്നായിരിക്കും ഒരു കുട്ടി ദിവസവും ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാചകം. പിന്നൊന്ന് രക്ഷിതാക്കളുടെ മത്സര ബുദ്ധിയാണ്. ഇത് കുട്ടികളില്‍ ഉണ്ടായതല്ല. രക്ഷിതാക്കളായിട്ട് ഉണ്ടാക്കിയതാണ്. അമിത ലാളന, അമിത ശ്രദ്ധ തുടങ്ങിയവയും അവരെ കളിക്കാന്‍ വിടാത്തതിന് കാരണമായി.

പാരമ്പര്യം

അമിതവണ്ണമുള്ള മാതാപിതാക്കളുടെ കുട്ടിയും വണ്ണക്കൂടുതലുള്ളവരാകാനുള്ള സാധ്യത ഏറെയാണ്. ഇതിന് അഞ്ചു മുതല്‍ ഇരുപത്തഞ്ച് ശതമാനം വരെയാണ് സാധ്യത. ഇതില്‍ ജീവിനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. മറിച്ച് രക്ഷിതാക്കളില്‍ നിന്ന് കുട്ടികള്‍ പഠിച്ചെടുക്കുന്ന ജീവിത രീതികളാണ് മുഖ്യകാരണം. രക്ഷിതാക്കളുടെ ഭക്ഷണശീലങ്ങളും മറ്റും അനുകരിക്കുന്നത് പൊണ്ണത്തടിയിലേക്ക്‌ നയിക്കുമെന്നുറപ്പ്.

ഭവിഷ്യത്തുകള്‍

  • ·തടി കൂടുന്നതിനെ അങ്ങനെ നിസ്സാരമായി തള്ളിക്കളയാനാകില്ല. അച്ചടക്കമില്ലാത്ത ഭക്ഷണശീലവും ഫലമായുണ്ടാകുന്ന അമിത വണ്ണവും മറ്റ് നിരവധി പ്രശ്നങ്ങളിലേക്ക് കുട്ടിയെ നയിച്ചേക്കാം.
  • ·പ്രായമുള്ളവരില്‍ മാത്രം കണ്ടുവരുന്ന ടൈപ്പ്‌ 2 ഡയബറ്റിസ് ഇപ്പോള്‍ കുട്ടികളിലും കണ്ടു തുടങ്ങിയിരിക്കുന്നു. ഇരുപത വയസ്സ് കഴിയുമ്പോഴേക്കും ഇവരെ പ്രമേഹം പിടികൂടിയിരിക്കും.
  • ·അമിത കൊഴുപ്പ് അടിഞ്ഞുകൂടി ഹൃദ്രോഗത്തിന് കാരണമാകുന്നു. അമിത ഭക്ഷണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുമെന്നുറപ്പ്.
  • ·മാനസിക വളര്‍ച്ച എത്തുന്നതിന് മുന്‍പ്‌ തന്നെ ശരീരം വളരുകയും മാസമുറ ആരംഭിക്കുകയും ചെയ്യുന്നു. താളം തെറ്റിയ മാസമുറക്കും ഗര്‍ഭാശയ രോഗങ്ങള്‍ക്കും സാധ്യത.
  • ·അമിതവണ്ണം ശ്വസന തകരാറിനും ക്രമേണ ഹൃദയസ്തംഭനത്തിനും കാരണമാകുന്നു. കൂര്‍ക്കം വലി അതിന്റെ ലക്ഷണമാകാം.
  • ·മെറ്റബോളിക് സിന്‍ഡ്രോം വരാനുള്ള സാധ്യത വളരെ അധികം കൂടുന്നു.
  • ·അമിത വണ്ണം ശ്വസന തകരാറിനും ക്രമേണ ഹൃദയ സ്തംഭനത്തിനും കാരണമാകുന്നു. കൂര്‍ക്കം വലി അതിന്റെ ലക്ഷണമാകാം.
  • ·മെറ്റബോളിക് സിന്‍ഡ്രോം വരാനുള്ള സാധ്യത വളരെയധികം കൂടുന്നു.
  • ·അമിതവണ്ണമുള്ള കുട്ടികള്‍ക്ക്‌ ആസ്ത്മ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

മാനസികം

അമിതവണ്ണമുള്ള കുട്ടികള്‍ മാനസികമായ പ്രശ്നങ്ങള്‍ കൂടി അനുഭവിക്കുന്നവരാണെന്ന് പലര്‍ക്കുമറിയില്ല. വീട്ടുകാരില്‍ നിന്നും സ്കൂളില്‍ നിന്നും മറ്റു ചുറ്റുപാടുകളില്‍ നിന്നുമൊക്കെ ഡാ തടിയാ എന്ന വിളി കേള്‍ക്കേണ്ടി വരുന്നു. സ്വാഭാവികമായി ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നിലേക്ക് തന്നെ ഉള്‍വലിയുന്നു. പിന്നെ സൗഹൃദമില്ല, വര്‍ത്തമാനം പറച്ചിലില്ല, സന്തോഷമില്ല, പുറത്ത്‌ കളിക്കാന്‍ പോലും ഇറങ്ങില്ല. ഫലം രണ്ടാണ്. ഒന്ന് അത് ഡിപ്രഷനിലേക്ക് കുട്ടിയെ എത്തിക്കും. രണ്ട് തടി വീണ്ടും കൂടും. ആണ്‍കുട്ടിയാണെങ്കിലും പെണ്‍കുട്ടിയാണെങ്കിലും ആത്മാഭിമാനം നഷ്ടപ്പെട്ട് തന്നെ ആര്‍ക്കും വേണ്ട എന്ന തോന്നലുമായിട്ടായിരിക്കും ഇവരുടെ ജീവിതം. പിന്നീട് ഇതേ മട്ടില്‍ ഒന്നിനും കൊള്ളാത്തവരായി ഭാവിയില്‍ വളര്‍ന്നു വന്നേക്കാം. ശരീരവലിപ്പം പോലും വ്യക്തിത്വത്തിന്റെ മാനദണ്ഡമായി വിശ്വസിച്ച് പോരുന്ന ഒരു സമൂഹത്തില്‍ ആത്മവിശ്വാസത്തോടെ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാനാവാതെ അവര്‍ നിസ്സഹായരായേക്കാം. എറണാകുളത്തെ ഇരു ഡോക്ടറുടെ മകന്‍ ഇങ്ങനെയൊരു അവസ്ഥയില്‍ ചെയ്തത് പോലുള്ള കാര്യങ്ങള്‍ വളരെ വിരളമാണെങ്കിലും അത്തരം സംഭവങ്ങള്‍ ഒരു മുന്നറിയിപ്പാണ്. ഡോക്ടറുടെ എട്ടാം ക്ലാസ്സുകാരനായ മകന്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.

 

എന്തുചെയ്യണം

ഗൗരവത്തോടെ നേരിടേണ്ട ഒരു ചോദ്യമാണിത്. കാരണം അമിതവണ്ണമുള്ള കുട്ടികളെ അതില്‍ നിന്ന് രക്ഷിക്കാനും മറ്റുള്ളവര്‍ക്ക് വരാതിരിക്കാനും നമ്മള്‍ ശ്രദ്ധിക്കണം. അതിന് കാലങ്ങളായി നമ്മള്‍ പുലര്‍ത്തുന്ന വ്ഹില ധാരണകളെ മാറ്റി വക്കേണ്ടി വരും. പല തലങ്ങളിലുള്ള ഒരു പ്രശ്നമായതിനാല്‍ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും കുട്ടികളുടെയും സഹകരണം ആവശ്യമാണ്‌. ആദ്യത്തെ രണ്ടുപേരാണ് അതില്‍ അനിവാര്യം.

  • ·ആദ്യം തന്നെ വിഷയത്തിന്റെ ഗൗരവം രക്ഷിതാക്കള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക.
  • ·വണ്ണമുള്ളവര്‍ക്ക്‌ മാത്രമാണ് ആരോഗ്യവും സൗന്ദര്യവുമെന്ന ധാരണ തിരുത്തുക.
  • ·തൂക്കക്കുറവ്, തൂക്കക്കൂടുതല്‍ ഇതല്ലാതെ സാധാരണ തൂക്കം എന്ന അവസ്ഥയാണ് ശരി എന്ന് തിരിച്ചറിയുക.
  • ·കൂടുതല്‍ കഴിച്ചത് കൊണ്ട് ആരോഗ്യമുണ്ടാകുകയല്ല മറിച്ച് അത് ക്ഷയിക്കുകയാണെന്ന് അറിയുക.

മുതിര്‍ന്നവരെ കൈകാര്യം ചെയ്യുന്നത് പോലെ ഒരിക്കലും കുട്ടികളെ കൈകാര്യം ചെയ്യാന്‍ കഴിയില്ല. കാരണം ഇനിയും വേണം എന്ന് കുട്ടി പറയുമ്പോള്‍ അറിയാതെ വിളമ്പിപ്പോകാത്ത ഏത്‌ അമ്മയാണുള്ളത്. ലോജിക്കലായി സംസാരിക്കുന്നതില്‍ ഒരു കാര്യവുമില്ല പകരം ഉറച്ച ചില തീരുമാനങ്ങളാണ് വേണ്ടത്. അമിതവണ്ണത്തിന് കാരണമാകുന്ന ഭക്ഷണം കുറയ്ക്കുക എന്നതാണ് വഴി. അതേസമയം അമിത വണ്ണത്തിന്റേയും ഭക്ഷണം കുറയ്ക്കുന്നതിന്റെയും കാരണം അവരെ കുറച്ചൊക്കെ ബോധ്യപ്പെടുത്താനായില്ലെങ്കില്‍ അവര്‍ക്കത്‌ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും മനസ്സിലാക്കുക.

മാറ്റാം ഭക്ഷണശീലങ്ങള്‍

  • ·വിദഗ്ദ്ധനായ ഡോക്ടറെ സമീപിക്കുക്കയും കുട്ടികളടക്കം പിന്തുടരേണ്ട ഭക്ഷണശീലം എന്താവണമെന്ന് നിശ്ചയിക്കുകയും ചെയ്യുക.
  • ·ഷോപ്പിംഗ്‌ സൂക്ഷിച്ച് മാത്രം. മേടിക്കില്ല എന്ന് തീരുമാനിച്ച ബേക്കറിയടക്കമുള്ള ഭക്ഷണസാധനങ്ങള്‍ വീട്ടില്‍ കേറ്റാനോ ഫ്രിഡ്ജില്‍ സൂക്ഷിക്കാനോ മുതിരണ്ട.
  • ·കൊഴുപ്പും ഷുഗറും അടങ്ങിയ പ്രഭാതഭക്ഷണം ഒഴിവാക്കി ധാന്യങ്ങളും പഴങ്ങളും ഉള്‍പ്പെടുത്തിയ ഭക്ഷണം ശീലിക്കുക.
  • ·കുട്ടികളുടെ ആഹാരക്രമത്തില്‍ നിന്ന് സ്നാക്സ്‌ പൂര്‍ണ്ണമായി ഒഴിവാക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് പഴങ്ങളും പച്ചക്കറികളും കൊണ്ട് വീട്ടില്‍ തന്നെ ഉണ്ടാക്കിയവയെ പ്രോത്സാഹിപ്പിക്കുക.
  • ·സോഫ്റ്റ്‌ ഡ്രിങ്ക്സ് കഴിക്കുന്ന ശീലം നിര്‍ബന്ധമായും ഒഴിവാക്കണം.
  • ·നാരുകളടങ്ങിയ ഭക്ഷണം പ്രതേകിച്ച് പച്ചക്കറികള്‍ കൂടുതല്‍ കഴിക്കുക.
  • ·അധികം വിളമ്പാതെ ആവശ്യത്തിന് മാത്രം വിളമ്പുക.
  • ·പുറത്തുപോയി കഴിക്കുന്നതിന്റെ എണ്ണം ചുരുക്കുകയോ അല്ലെങ്കില്‍ നിര്‍ത്തുകയോ ചെയ്യുക.
  • ·നല്ല ഭക്ഷണം തയ്യാറാക്കി എല്ലാവരും കൂടിയിരുന്ന് സന്തോഷത്തോടെ കഴിക്കാന്‍ ശ്രമിക്കുക.

വ്യായാമം നിര്‍ബന്ധം

  • ·ഒരു സ്ഥലത്തും തുടര്‍ച്ചയായി മുപ്പത്‌ മിനിറ്റിലധികം ഇരിക്കാന്‍ കുട്ടികളെ അനുവദിക്കരുത്‌.
  • ·ദിവസവും ഒരു മണിക്കൂര്‍ എങ്കിലും ശാരീരികാധ്വാനമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുക. വെറും നടത്തമെങ്കിലും വേണം.
  • ·ടെലിവിഷന്‍ കമ്പ്യൂട്ടര്‍, വീഡിയോ ഗെയിമുകള്‍ തുടങ്ങി കുട്ടികളെ മടിയരാക്കുന്നവയുടെ ഉപയോഗം കുറയ്ക്കുക.
  • ·പരമാവധി സമയം പുറത്ത്‌ ചിലവഴിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക.
  • ·കരാട്ടെ, കളരിപ്പയറ്റ്, നീന്തല്‍, ഷട്ടില്‍, ഡാന്‍സ്‌ തുടങ്ങി കുട്ടികള്‍ക്ക്‌ അനുയോജ്യമായവ അവരുടെ താല്പര്യത്തിന് അനുസരിച്ച് അഭ്യസിക്കുക.

ചെറിയ വലിയ കാര്യങ്ങള്‍

  • ·രാവിലെയോ വൈകുന്നേരമോ കുട്ടികളെയും കൂട്ടി നടക്കാനിറങ്ങുക.
  • ·നടക്കാനിറങ്ങുമ്പോള്‍ രക്ഷിതാക്കളും കൂടെ കൂടണം. പോയി ഒരു മണിക്കൂര്‍ കളിച്ചിട്ട് വാ എന്ന് പറഞ്ഞ് അവരെ ഒഴിവാക്കാനാണ് ഉദ്ദേശമെങ്കില്‍ ഒരു കാര്യവുമില്ല.
  • ·പലപ്പോഴും കുട്ടികളെ ശല്യമായി കാണുകയും ഒഴിവാക്കാനായി ടിവിയും കമ്പ്യൂട്ടര്‍ ഗെയിമും ഓണാക്കി കൊടുക്കുകയും ചെയ്‌താല്‍ കാര്യം വീണ്ടും വഷളാകും.
  • ·ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ കുട്ടികളെ ലിഫ്റ്റും എലിവേറ്ററും ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക. അവര്‍ പടികള്‍ നടന്നു കയറട്ടെ.
  • ·വളര്‍ത്തു മൃഗങ്ങളെ കുളിപ്പിക്കുക, വീട്ടിലെ വാഹനങ്ങള്‍ കഴുകുക, വീട് അടിച്ചുവാരുക, കഴുകി വൃത്തിയാക്കുക തുടങ്ങിയ വീട്ടുജോലികള്‍ ഒക്കെ അവരെ എല്പ്പിക്കുകയോ അതില്‍ പങ്കാളിയാക്കുകയോ ചെയ്യാം.
  • ·സ്കൂളിലേക്ക് നടന്നു പോകാനുള്ള ദൂരമേ ഉള്ളൂ എങ്കില്‍ അതിന് പ്രേരിപ്പിക്കുക.
  • ·സ്കൂളില്‍ വിവിധ കളികളില്‍ പങ്കുചേരാനും മത്സരിക്കാനും പറയുക.

ഡോ.വിനോദ് ബി നായര്‍

കുട്ടികളുടെ ആരോഗ്യം നന്നാക്കാനുള്ള ഭക്ഷണങ്ങള്‍

 

എത്ര ഭക്ഷണം കഴിച്ചിട്ടും കുട്ടിക്കൊരു ഉണര്‍വില്ലെന്നു പരാതി പറയുന്നു മാതാപിതാക്കളുണ്ട്. അത്യാവശ്യം വേണ്ട പോഷണങ്ങള്‍ ഭക്ഷണത്തിലൂടെ കുട്ടികള്‍ക്ക് ലഭിക്കാത്തിന്റെ കുറവാണിത്. വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മക്കള്‍ക്ക് നല്‍കണം. ശരീരത്തിലെ വിഷാംശങ്ങള്‍ നശിപ്പിക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും ഫൈബര്‍ അടങ്ങിയ ഭക്ഷണത്തിന് കഴിയും. ഫൈബര്‍ ധാരാളമായി അടങ്ങിയ ചില ഭക്ഷണങ്ങളക്കുറിച്ച് മനസിലാക്കൂ.

1. പയര്‍

പോഷകങ്ങളുടെയും ഫൈബറിന്റെയും കലവറയാണ് പയര്‍ വര്‍ഗങ്ങള്‍. പയര്‍ വര്‍ഗങ്ങള്‍ ധാരാളമായി കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. നേരിട്ടോ സാലഡുകളില്‍ ചേര്‍ത്തോ പയര്‍വര്‍ഗങ്ങള്‍ കഴിക്കാം.

2. ഓട്ട്‌സ്

ഫൈബര്‍ സമ്പുഷ്ടമായ മറ്റൊരു ആഹാരമാണ് ഓട്ട്‌സ്. ഫൈബറിന് പുറമെ കാര്‍ബോഹൈഡ്രേറ്റുകള്‍, അയണ്‍, പ്രോട്ടീന്‍, സിങ്ക്, സെലനിയം തുടങ്ങിയവരും ഓട്ട്മീലില്‍ അടങ്ങിയിട്ടുണ്ട്. പ്രാതലിന് ഓട്ട്‌സ് ചേര്‍ത്ത പലഹാരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതാണ്.

3. ഗ്രീന്‍പീസ്

പട്ടാണി കടല അഥവാ ഗ്രീന്‍പീസ് നമ്മുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കുട്ടികള്‍ക്ക് ഇടയ്ക്ക് നല്‍കുന്നത് നല്ലതാണെന്ന് ഡോക്റ്റര്‍മാര്‍ പറയുന്നു. ഒരു കപ്പ് ഗ്രീന്‍ പീസില്‍ നാലു ഗ്രാം ഫൈബര്‍ അടങ്ങിയിരിക്കുന്നു.

4. അവൊക്കാഡോ

വിദേശിയായ പഴമാണെങ്കിലും അവൊക്കാഡോ ഇപ്പോള്‍ നമ്മുടെ നാട്ടിലും ലഭിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഈ പഴം ബുദ്ധിവികാസത്തിന് നല്ലതാണ്. ഓര്‍മശക്തി വര്‍ധിപ്പിക്കാനും രോഗപ്രതിരോധ ശേഷി നല്‍കാനും അവൊക്കാഡോ കഴിക്കുന്നതു നല്ലതാണെന്നു പറയുന്നു ഡോക്റ്റര്‍മാര്‍.

5. ഇലക്കറികള്‍

ചീര, മുരിങ്ങ തുടങ്ങി നിരവധി ഇലക്കറികള്‍ നിങ്ങള്‍ കുട്ടിക്കാലത്ത് കഴിച്ചിട്ടുണ്ടാകും. എന്നാല്‍ മക്കള്‍ക്ക് ഇവ തയാറാക്കി നല്‍കാറുണ്ടോ…? കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഇല്ലക്കറികള്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും കുട്ടികള്‍ക്ക് ഇലക്കറികള്‍ നല്‍കണം.

കടപ്പാട്- www.ourkidsindia.com

അവസാനം പരിഷ്കരിച്ചത് : 7/9/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate