Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കുട്ടികള്‍ക്ക് പ്രകൃതി ചികിത്സ

കൂടുതല്‍ വിവരങ്ങള്‍

കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും വികാസത്തിനും അനുയോജ്യമായ സാഹചര്യം രൂപപ്പെടുത്തിയെടുക്കുകയും ആരോഗ്യകരമായ ഒരു ഭക്ഷണരീതി തിരഞ്ഞെടുക്കുകയും ചെയ്താല്‍ ബാലരോഗങ്ങള്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരു ഭാരമായി മാറില്ല - പ്രകൃതിജീവനത്തിന്റെ കാഴ്ചപ്പാടിതാണ്.

മാതാപിതാക്കള്‍ ആദ്യം സാത്വിക ഭക്ഷണരീതി സ്വീകരിക്കണം. മുതിര്‍ന്നവരാണ് കുട്ടികളുടെ ഭക്ഷണക്രമത്തെ കൂടുതല്‍ സ്വാധീനിക്കുന്നത്. കുട്ടികള്‍ക്ക് അതാണല്ലോ മാതൃക.

ആരോഗ്യസംരക്ഷണം

ഭാഷപോലെ തന്നെ ഭക്ഷണവും ഓരോ ജനതയുടെയും സ്വത്വത്തിന്റെ ഭാഗമാണ്. പക്ഷേ, നമ്മള്‍ ചുറ്റുപാടുമുള്ള ഭക്ഷണവിഭവങ്ങള്‍ ശരിയായി ഉപയോഗിക്കാതെ പാശ്ചാത്യരെ അനുകരിച്ചുകൊണ്ട് ഭക്ഷണരീതിയില്‍ മാറ്റം വരുത്തുന്നത് വളരെ ദോഷം ചെയ്യുന്നു. മുതിര്‍ന്നവരുടെ ഈ രീതിമാറ്റം കുട്ടികളെ സാരമായിതന്നെ ബാധിക്കുന്നുണ്ട്.
കട്ടി കൂടിയതും എണ്ണകളും കളറുകളും ചേര്‍ത്തതുമായ കൃത്രിമ ഭക്ഷ്യവസ്തുക്കളും രുചിക്ക് പ്രാധാന്യമാര്‍ന്ന വിഭവങ്ങളുമാണ് ഇന്നു നമ്മള്‍ കുട്ടികളെ ശീലിപ്പിക്കുന്നത്. ഇത് രക്തത്തെ ദുഷിപ്പിക്കുകയും ദഹനപ്രക്രിയ അവതാളത്തിലാക്കുകയും ചെയ്യും.
കുട്ടികളുടെ രോഗപ്രതിരോധ ശേഷി വളര്‍ത്താന്‍ സമീകൃതാഹാരം 
തന്നെ വേണം. വ്യത്യസ്തമായ ആഹാരസാധനങ്ങള്‍ മിതമായ തോതില്‍ ശീലിക്കുകയാണ് പോഷകങ്ങള്‍ കൃത്യമായി ലഭിക്കാനുള്ള വഴി. അമിതാഹാരത്തെ പ്രകൃതി ചികിത്സകര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. അത് വളര്‍ച്ചയുടെ പേരിലായാലും!

മൈദ വേണ്ട; റവയും

മൈദ, റവ എന്നിവ കുട്ടികള്‍ക്കു കൊടുക്കരുത്. മൈടയില്‍ തയാമിന്റെ അളവ് കുറവാണ്. തവിട് പൂര്‍ണമായും കളഞ്ഞ് വെളുപ്പിച്ച അരി, ധാന്യങ്ങള്‍ ഉപേക്ഷിക്കുക. അരി വെളുപ്പിച്ചു കുത്തുമ്പോഴും ഗോതമ്പുപൊടി അരിക്കുമ്പോഴും ജീവകങ്ങളും നാരുകളും നഷ്ടം വരുന്നു. ദഹനേന്ദ്രിയ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ അവശ്യം വേണ്ടുന്ന ഒന്നാണ് ഈ നാരുകള്‍.
പയറുവര്‍ഗങ്ങള്‍ മുളപ്പിച്ച് പച്ചയായി തന്നെ കുട്ടികള്‍ക്ക് കൊടുക്കുക. മുളപ്പിച്ച് ഉപയോഗിക്കുമ്പോള്‍ അവയിലുള്ള പോഷകാംശം പതിന്മടങ്ങു വര്‍ധിക്കുകയും കുട്ടികളുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുകയും ചെയ്യും. പയറുവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ വായുകോപം പരാതിപ്പെടുന്ന മുതിര്‍ന്നവര്‍ പോലും മുളപ്പിച്ചു കഴിക്കുമ്പോള്‍ ആ പ്രശ്‌നം ഒഴിവാകുന്നു എന്ന് സമ്മതിക്കുന്നുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവയെല്ലാം പോഷകസമ്പുഷ്ടമാണ്. ജീവകസമൃദ്ധമാണവ. ഒരു നേരത്തെ ഭക്ഷണം ഇവ മാത്രമാകട്ടെ.

പച്ചക്കറി വീട്ടില്‍ വളര്‍ത്താം

അമിതമായ കീടനാശിനി പ്രയോഗവും മറ്റും കഴിഞ്ഞ ഇന്നത്തെ പച്ചക്കറികളും പഴങ്ങളും രണ്ടോ മൂന്നോ മണിക്കൂര്‍ വെള്ളത്തിലിട്ടു മാത്രം ഉപയോഗിക്കുക. വീട്ടില്‍തന്നെ ജൈവകൃഷിയിലൂടെ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഉണ്ടാക്കാന്‍ കഴിയുകയാണെങ്കില്‍ നല്ലത്. അല്ലെങ്കില്‍ ജൈവകൃഷി പ്രവര്‍ത്തകരുടെ ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. കീടനാശിനിയും വളങ്ങളും മാരകരോഗങ്ങളുടെ ഭയാനക ലോകത്തിലേക്കാണ് നമ്മുടെ കുട്ടികളെ കൊണ്ടുപോകുക. വീട്ടില്‍ തനിയെ ഉണ്ടാകുന്ന ഇലക്കറികള്‍ കഴിയുന്നത്ര (ഉദാ: മുരിങ്ങ, ശുക്രമാണി ചീര, തഴുതാമ, മുള്ളന്‍ ചീര) കുട്ടികള്‍ക്കു കൊടുക്കുക. പച്ചക്കറികള്‍ അരിഞ്ഞ ശേഷം കഴുകിയാല്‍ പോഷകനഷ്ടം ഉണ്ടാകും.

പഞ്ചസാര വേണ്ട

കുട്ടികളെ പഞ്ചസാര ശീലിപ്പിക്കരുത്. പഞ്ചസാരയില്‍ ജീവകങ്ങളോ മൂലകങ്ങളോ ഇല്ല. പല്ലിന്റെയും എല്ലിന്റെയും ആരോഗ്യം നശിപ്പിക്കാന്‍ അതിനു കഴിയുകയും ചെയ്യും. കേക്ക്, ഐസ്‌ക്രീം, കുക്കീസ്, ശീതളപാനീയങ്ങള്‍, ജാം, ജെല്ലി, ചോക്ലേറ്റ്, പേസ്ട്രി എന്നിവ കുട്ടികള്‍ക്ക് കൊടുത്തു ശീലിപ്പിക്കരുത്. നഗരവല്‍ക്കരണത്തിന്റെ അതിപ്രസരത്തില്‍ ഉപയോഗം കൂടിയിട്ടുള്ള സംസ്‌കരിച്ച ഭക്ഷണവും 

കുട്ടികളുടെ ആരോഗ്യം തകര്‍ക്കും. ശര്‍ക്കര, പനംചക്കര, കരിപ്പെട്ടി, പഴങ്ങള്‍, പച്ചക്കറികള്‍, തേന്‍ എന്നിവയിലടങ്ങിയിരിക്കുന്ന പഞ്ചസാര മാത്രമേ ഗുണം ചെയ്യുകയുള്ളൂ. കുട്ടികള്‍ക്ക് ഇടക്കിടെ പഴങ്ങള്‍ കൊടുക്കാം. കൊഴുപ്പും മധുരവും ചേര്‍ന്ന ബേക്കറിസാധനങ്ങളും മറ്റും ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ സ്‌നാക്കുകള്‍ക്കു പകരം പഴങ്ങള്‍, കാരറ്റ്, കക്കരിക്ക എന്നിവ കൊടുക്കുക. വളര്‍ച്ചയ്ക്കാവശ്യമായ കാത്സ്യം ലഭിക്കാനായി കമ്പം, റാഗി എന്നിവകൊണ്ടുണ്ടാക്കിയ ആഹാരസാധനങ്ങള്‍ ഉപയോഗിക്കാം. പാല്‍ സ്ഥിരമായി ഉപയോഗിക്കുന്ന കുട്ടികളില്‍ കഫപ്രശ്‌നങ്ങളും അലര്‍ജി രോഗങ്ങളും വളരെ കൂടുതലാണ്. കുട്ടികളില്‍ കാണുന്ന പ്രമേഹവും പാല്‍ പ്രേമികളില്‍ കൂടുതലാണെന്നു പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇലക്കറികളിലും റാഗിയിലും ഉള്ള കാത്സ്യം ഉപയോഗപ്പെടുത്തുന്നതാണ് കൂടുതല്‍ നല്ലത്.

ഉപ്പ് കുറയ്ക്കുക

കുഞ്ഞുങ്ങള്‍ക്ക് അധികമായി ഉപ്പ് കൊടുത്തു പഠിപ്പിക്കരുത്. ഒരു ദിവസം 10 ഗ്രാം വരെ ഉപ്പ് കുട്ടികളെ തീറ്റിക്കുന്നുണ്ട്. ഇത് നാലില്‍ ഒരു ഭാഗമാക്കുക. അച്ചാറുകള്‍, പപ്പടം, സോസുകള്‍, ബട്ടര്‍, ബ്രെഡ്, കേക്ക്, ബിസ്‌കറ്റ് എന്നിവയെല്ലാം ഉപ്പിന്റെ ഭണ്ഡാരങ്ങളാണ്. രണ്ടു പപ്പടത്തില്‍ ഒന്നര ഗ്രാം ഉപ്പാണ് ചേര്‍ന്നിരിക്കുന്നത് എന്നോര്‍ക്കുക. രക്തസമ്മര്‍ദ്ദം, വൃക്കരോഗങ്ങള്‍, ആമാശയ അര്‍ബുദം, എല്ലുകളുടെ ബലക്കുറവ് 
എന്നിവയെല്ലാം ഉപ്പിന്റെ അമിത ഉപയോഗം കൊണ്ടുണ്ടാകാം. സ്‌കൂളിലേക്കു കുട്ടികള്‍ക്കു ആപ്പിള്‍, ഓറഞ്ച്, പപ്പായ എന്നിവ കൊടുത്തയയ്ക്കുക. കോണ്‍ഫേ്‌ളക്‌സ്, പീസ്, സമോസ എന്നിവ ഉപേക്ഷിക്കുക. പാകം ചെയ്യുമ്പോള്‍ കുരുമുളക്, ഉലുവ, നാരങ്ങനീര്, പച്ചമാങ്ങ, നെല്ലിക്ക, തൈര് എന്നിവ ഏതെങ്കിലും ചേര്‍ത്താല്‍ ഉപ്പ് വേണ്ടിവരില്ല.

സ്‌കൂള്‍ ബാഗും പാന്‍മസാലയും

സ്‌കൂള്‍ ബാഗിന് അമിതഭാരം ഉണ്ടാകുന്നത് കുട്ടികളില്‍ നടുവേദന, തലവേദന, കൈവേദന എന്നിവ ഉണ്ടാക്കും. കുട്ടികളുടെ നട്ടെല്ലിന്റെ 30 ശതമാനം തരുണാസ്ഥി ആയതുകൊണ്ട് നട്ടെല്ലിന്നു വേഗത്തില്‍ വൈകല്യമുണ്ടാകാം. കുട്ടിയുടെ തൂക്കത്തിന്റെ 15 ശതമാനം മാത്രമേ സ്‌കൂള്‍ ബാഗിന് ഉണ്ടാകാന്‍ പാടുള്ളൂ എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 20 കിലോ ഭാരമുള്ള കുട്ടി മൂന്നു കിലോ ഭാരംവരെ ചുമക്കാം. പക്ഷേ, സ്‌കൂള്‍ബാഗിനു 10 കിലോ വരെ ഭാരമുണ്ട് എന്നതാണ് സത്യം.
വായില്‍ കാന്‍സറും മറ്റനവധി ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന പാന്‍മസാലകളുടെ ഉപയോഗത്തില്‍ നിന്നും കുട്ടികളെ അമ്മമാര്‍ മാറ്റിനിര്‍ത്തണം. 10-12 വയസ്സുള്ള കുട്ടികള്‍പോലും പാന്‍മസാല പതിവായി ഉപയോഗിക്കുന്നുണ്ടെന്നുള്ള സര്‍വെ ഫലം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ടിവിയുടെ മുമ്പില്‍ കൂടുതല്‍ സമയം ചടഞ്ഞിരിക്കാനും കുട്ടികളെ അനുവദിക്കരുത്. ചെറിയ പ്രായത്തില്‍ ടിവി കാണുന്നത് മന്ദബുദ്ധിക്കുവരെ കാരണമാകാമെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.

രോഗങ്ങളും പ്രതിവിധിയും

വയറുവേദന


വയറുവേദന പലപ്പോഴും ഒരു രോഗലക്ഷണം മാത്രമാണ്. ദഹനക്കേട്, ഗ്യാസ് എന്നു തുടങ്ങി വയറ്റിലെ കാന്‍സര്‍ വരെ ഈ രോഗലക്ഷണത്തില്‍ ഉണ്ടാകാം. മൂന്നു മിനിട്ട് വയര്‍ ചൂടു പിടിക്കുകയും അതിന്നുശേഷം തോര്‍ത്ത് നനച്ചു പിഴിഞ്ഞ് മടക്കി വയറ്റത്ത് ചുറ്റുകയും ചെയ്യുക (16 മിനുട്ട്). ഇഞ്ചിനീരു കൊടുക്കുന്നതും ജാതിക്ക അരച്ച് ശര്‍ക്കരനീരില്‍ കൊടുക്കുന്നതും ദഹനം വര്‍ദ്ധിപ്പിക്കുകയും ഗ്യാസ് കുറയ്ക്കുകയും ചെയ്യും. ഉദരസ്‌നാനം കൊടുക്കുന്നതും നല്ലതാണ്.

ഛര്‍ദ്ദി


ശരീരത്തിനാവശ്യമില്ലാത്ത എന്തോ പുറത്തു കളയാന്‍ ശ്രമിക്കുന്നതാണ് ഛര്‍ദ്ദിക്കു കാരണം. കരിക്കിന്‍ വെള്ളം മാത്രം കൊടുത്ത് വിശ്രമിപ്പിക്കുക. മലര്‍ ചൂടുവെള്ളത്തില്‍ ഇട്ട് പിഴിഞ്ഞ വെള്ളം അല്‍പാല്‍പമായി കുട്ടികള്‍ക്കു കൊടുക്കാം. തേന്‍ കൊടുക്കുന്നതും നല്ലതാണ്.

പനി


പലപ്പോഴും പനിയെ ഒരു അനുകൂല സംഗതിയായി പ്രകൃതിചികിത്സകര്‍ കാണുന്നു. ശരീരത്തിലെ അഴുക്കിനെ ഒരു പരിധിവരെ കത്തിച്ചുകളയാന്‍ പ്രാണശക്തി ശ്രമിക്കുന്നതാണ് പനിക്കു കാരണം. ആധുനിക വൈദ്യശാസ്ത്രം പനിക്ക് അണുജീവികളെ പ്രധാന കാരണമായി കാണുമ്പോള്‍ പ്രകൃതിചികിത്സകര്‍ ശരീരത്തിലെ അഴുക്കിനെ പ്രധാന കാരണമായി കാണുന്നു. അഴുക്കുള്ളിടത്ത് അണുജീവികളുടെ സാന്നിധ്യമുണ്ടാകും. ശരീരം മുഴുവന്‍ ഇടക്കിടെ നനച്ചു തുടയ്ക്കുകയും വയറ്റത്തും നെറ്റിയിലും തോര്‍ത്തു നനച്ചിടുകയും (20 മിനിട്ട്) വേണം. പനി കൂടാതെ നോക്കാനും ശരീരോഷ്മാവ് കുറയ്ക്കാനും ഇതുകൊണ്ടു സാധിക്കും. പഴച്ചാറുകള്‍, കരിക്ക്, തേന്‍വെള്ളം മാത്രം കുടിച്ച് ധാരാളം വെളിച്ചവും വായു സഞ്ചാരവുമുള്ള മുറിയില്‍ കുട്ടികളെ വിശ്രമിപ്പിക്കണം. എനിമ നല്‍കുന്നതും ഗുണപ്രദമായി കണ്ടിട്ടുണ്ട്.

ജലദോഷം


ജലദോഷം, മൂക്കടപ്പ്, കഫക്കെട്ട്, തലവേദന എന്നിങ്ങനെ പലവിധത്തില്‍ കുട്ടികളെ ശല്യപ്പെടുത്തുന്നതാണ് ഈ രോഗം. ദിവസവും മൂന്നു സ്​പൂണ്‍ ചെറുപയര്‍ മുളപ്പിച്ചു കഴിക്കുകയും ഒരു സ്​പൂണ്‍ ചെറുനാരങ്ങ നീരും ഒരു സ്​പൂണ്‍ തേനും നാലു സ്​പൂണ്‍ തുളസിനീരും ചേര്‍ത്തു കുടിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്ക് ജലദോഷം, കഫക്കെട്ട് അപൂര്‍വമായേ വരികയുള്ളു. വന്നാല്‍ മൂന്നു ദിവസം പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുക. ദിവസവും 10 മിനിട്ട് ഇളംവെയില്‍ കൊള്ളുക.

വയറിളക്കം


ധാരാളം വെള്ളം മാത്രം കുടിച്ച് വിശ്രമിക്കുക. തേന്‍ ഇടക്കിടെ കഴിക്കുന്നത് ഗുണകരമാണ്. കരിക്ക് നല്‍കാവുന്നതാണ്. മാതളത്തിന്റെ തോല്‍ മോരില്‍ അരച്ചു കൊടുക്കുന്നതും ഗുണപ്രദമായി കണ്ടിട്ടുണ്ട്. വയറിന്നു തോര്‍ത്തു നനച്ചു ചുറ്റണം, മൂന്നു വട്ടം.

മലബന്ധം


മലബന്ധം മറ്റു പല രോഗങ്ങളുടെയും തുടക്കമാകാം. നയിക്കുകയുമാവാം. ധാരാളം ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുക. മുളപ്പിച്ച ചെറുപയറും തവിടു കളയാത്ത അരിയും ഗുണം ചെയ്യും. ആവശ്യത്തിനനുസരിച്ച് വെള്ളവും കുടിക്കുക. ആവശ്യമെങ്കില്‍ ശുദ്ധജല എനിമ എടുക്കുക.

ത്വഗ്രോഗങ്ങള്‍


ത്വഗ്രോഗങ്ങള്‍ പലവിധത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പഴവര്‍ഗങ്ങള്‍ ധാരാളം കൊടുക്കുകയും പഞ്ചസാര പൂര്‍ണമായി ഒഴിവാക്കുകയും ചെയ്യുക. നാളികേരപാല്‍ വെന്ത വെളിച്ചെണ്ണ തേച്ചു കുളിക്കുകയും വെയില്‍ കൊള്ളുന്നതും ശീലമാക്കുക. സോപ്പ്, ഷാമ്പു എന്നിവ ഉപയോഗിക്കരുത്. പ്ലാവിലയും മഞ്ഞളും തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിക്കുന്നത് ഗുണപ്രദമായി കണ്ടിട്ടുണ്ട്.

 

കടപ്പാട് :

കല്യാണ്‍ ഉല്‍പലാക്ഷന്‍
ഗാന്ധിജി നാച്ചുറോപ്പതി ഹോസ്​പിറ്റല്‍
കണിമംഗലം, തൃശ്ശൂര്‍

2.97916666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top