অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുട്ടികളുടെ വളർച്ച

കുഞ്ഞിന്റെ വൈകാരിക വളര്‍ച്ച

രണ്ടു മാസം മുന്‍പ് വരെ കുഞ്ഞിന് ആരെ കണ്ടാലും എന്തൊരു കളിയും ചിരിയുമായിരുന്നു. ഇപ്പോളിതാ മനുഷ്യരെ കണ്ടിട്ടില്ലാത്ത പോലെ. ആരു വന്നാലും കരച്ചിലും ബഹളവും. ഏഴുമാസക്കാരന്റെ പരാക്രമങ്ങള്‍ പറഞ്ഞ് നെടുവീര്‍പ്പിടുകയാണ് ഒരമ്മ.വളരുന്തോറും കുഞ്ഞുങ്ങളുടെ വൈകാരിക അവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാകുക സാധാരണം. അഞ്ചാം മാസത്തില്‍ എല്ലാവരോടും കളിച്ചു ചിരിച്ചു നിന്ന കുഞ്ഞ് ഏഴാം മാസമാകുമ്പോള്‍ അപരിചിതരോട് അകല്‍ച്ച കാട്ടിത്തുടങ്ങും. ഒരു വയസ് ആകുന്നതോടെ ഈ സ്വഭാവത്തില്‍ മാറ്റം വരും.ശാരീരിക വളര്‍ച്ചയിലെപ്പോലെ കുഞ്ഞിന്റെ മാനസിക വളര്‍ച്ചയിലും പല ഘട്ടങ്ങളുണ്ട്. മാതാപിതാക്കള്‍ അതു മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ മതി.

വൈകാരിക വളര്‍ച്ച എന്നു മുതല്‍?

കുഞ്ഞിന്റെ വൈകാരിക വളര്‍ച്ച ഗര്‍ഭാവസ്ഥയില്‍ തുടങ്ങും. അമ്മയുടെ മാനസികാവസ്ഥ കുഞ്ഞിന്റെ വൈകാരിക വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തുമെന്നു പഠനങ്ങള്‍. ഗര്‍ഭകാലത്ത് മാനസികസംഘര്‍ഷം അനുഭവിച്ച അമ്മ മാരുടെ കുട്ടികള്‍ക്ക് മറ്റു കുട്ടികളെ അപേക്ഷിച്ചു മാനസികാസ്വസ്ഥത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. അതു കൊണ്ടാണ് മുത്തശിമാര്‍ ഗര്‍ഭിണികള്‍ പോഷകാഹരവും കഴിച്ച് നല്ല കാര്യങ്ങള്‍ ചിന്തിച്ച് ശാന്തമായി ഇരിക്കണം എന്നു പറയുന്നത്.വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കുഞ്ഞ് വൈകാരിക വികാസം പ്രകടമാക്കും. മനുഷ്യമുഖങ്ങളോട് താല്‍പര്യം കാണിക്കുക, സ്ത്രീ ശബ്ദങ്ങളോടു ഇഷ്ടം പ്രകടിപ്പിക്കുക ഇങ്ങനെ. ഈ സമയം കുഞ്ഞ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുകയാണ് ആദ്യം ചെയ്യുക. താന്‍ എന്നും കരയും പോലെ കരഞ്ഞിട്ടും അമ്മ വന്നില്ലെങ്കില്‍ കുറേക്കൂടി ഉച്ചത്തില്‍ കരയുന്നു. അങ്ങനെ അവര്‍ മറ്റുള്ളവരുടെ ശ്രദ്ധ “ക്ഷണിച്ച് കാര്യം നേടുന്നു.

നാലുതരം സ്വഭാവ രീതി

ശൈശവകാലത്തെ സ്വഭാവരീതി നാലായി തിരിക്കാം.

1. ആദ്യമായി കാണുമ്പോള്‍ പോലും ചിരിച്ചുകൊണ്ട് കൈയില്‍ വരുന്ന കുഞ്ഞുങ്ങളില്ലേ. ഇവര്‍ ആരുമായും വേഗത്തില്‍ അടുക്കുന്ന സ്വഭാവക്കാരാണ്. ബഹളം കൂട്ടിയാലും പെട്ടെന്നു തന്നെ സമാധാനിപ്പിക്കാന്‍ കഴിയും. മുപ്പത്തിയഞ്ചു ശതമാനം കുട്ടികളും ഈ ഗ്രൂപ്പില്‍ പെടും.

2 ഒന്നെടുക്കാന്‍ ശ്രമിച്ചാല്‍ കരച്ചിലും ബഹളവും. ആരുമായും അടുക്കാത്ത കുഞ്ഞുങ്ങളാണ് രണ്ടാമത്തെ വിഭാഗത്തിലുള്ളത്. കൈമാറി എടുത്താലും സ്ഥിരമായി പരിചരിക്കുന്ന ആളെ കണ്ടില്ലെങ്കിലും ഇവര്‍ ബഹളം കൂട്ടും. എളുപ്പത്തില്‍ ആശ്വസിപ്പിക്കാനും കഴിയില്ല. പത്തുശതമാനം കുഞ്ഞുങ്ങള്‍ ഈ ഗ്രൂപ്പുകാരാണ്.

3 അടുത്ത വിഭാഗക്കാര്‍ ആരുമായും പെട്ടെന്ന് അടുക്കാത്തവരാണ്. എന്നാല്‍, പതുക്കെ ഇവര്‍ ചങ്ങാത്തത്തിലാകും. പതിനഞ്ചു ശതമാനം കുഞ്ഞുങ്ങള്‍ ഇത്തരക്കാരാണ്.

4 ബാക്കിയുള്ളവര്‍ ഏതു ഗ്രൂപ്പില്‍പ്പെടുമെന്ന് പറയാന്‍ കഴിയില്ല. അവരുടെ പ്രകൃതത്തില്‍ കൃത്യതയുണ്ടാവില്ല.

കുട്ടിയുടെ സ്വഭാവം മൂന്നു വയസിനുള്ളില്‍ സ്ഥിരമാകും. ആദ്യ മൂന്നു വര്‍ഷത്തെ അനൂഭവങ്ങളാണ് കുട്ടിയുടെ മാനസികവും ബൌദ്ധികവുമായ വികാസങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുക

വൈകാരിക വികാസത്തിനായി

. ജനിച്ച് ആദ്യനാളുകളില്‍ കുഞ്ഞിനെ പ്രധാനമായും അമ്മ പരിചരിക്കുന്നതാണു നല്ലത് (പ്രൈമറി കെയര്‍ ഗിവര്‍). ആളുകള്‍ മാറി മാറി നോക്കുമ്പോള്‍ കുഞ്ഞിന് ആരുമായും വൈകാരികബന്ധം ഉണ്ടാകില്ല. അമ്മയുമായുള്ള കൊടുക്കല്‍ വാങ്ങലിലൂടെയാണ് കുട്ടിക്ക് വൈകാരികവും ബൌദ്ധികവുമായ വികാസം ഉണ്ടാകുന്നത്. ഈ സമയം കുഞ്ഞ് അമ്മയെ നോക്കി ചിരിക്കാനും തുടങ്ങും.

. ആദ്യകാലങ്ങളില്‍ തന്നെ കുട്ടിക്ക് അമ്മയുമായി ആത്മബന്ധം ഉണ്ടാകുന്നു. ഭാവിയില്‍ കുട്ടിക്കുള്ള ആത്മവിശ്വാസം ഈ വൈകാരിക ബന്ധത്തിലൂടെയാണ് നേടുന്നത്. ശ്രദ്ധിക്കാന്‍ ഒരാള്‍ ഉണ്ടെന്ന തോന്നല്‍ കുഞ്ഞിന്റെ ആത്മവിശ്വാസം വളര്‍ത്തും. അമ്മയുടെയോ അല്ലെങ്കില്‍ സ്ഥിരമായി ഒരാളുടെ സംരക്ഷണയില്‍ വളരുന്നതോ ആയ കുട്ടി ഏറെ ആക്ടീവായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

. അമ്മയിലൂടെയാണ് കുഞ്ഞ് വ്യക്തികളുമായി ബന്ധം സ്ഥാപിക്കുന്നത്. അമ്മയോട് അടുത്തു പെരുമാറുന്ന ആളുകളോട് കുഞ്ഞിനും വൈകാരികമായ അടുപ്പമുണ്ടാകും. ഈ സമയം അമ്മയ്ക്കും കുഞ്ഞിനുമൊപ്പം അച്ഛന്‍ ഉണ്ടാകുന്നത് കുഞ്ഞിന് അച്ഛനോടുള്ള ആത്മബന്ധം വളര്‍ത്തും.

. ആദ്യ മൂന്നു വര്‍ഷങ്ങളിലെ അനുഭവമാണ് കുട്ടിയുടെ എല്ലാത്തരം വികാസങ്ങളിലും സ്വാധീനം ചെലുത്തുക (കീഡെവല്മെന്‍റല്‍ പിരീഡ്). കുഞ്ഞിന്റെ വൈകാരിക വികാസത്തില്‍ കുടുംബാന്തരീക്ഷത്തിനും പങ്കുണ്ട്. കുടുംബാംഗങ്ങളുമായുള്ള ബന്ധവും ഏറെ പ്രധാനമാണ്. ഇത് കുഞ്ഞിന്റെ സാമൂഹികപരമായ ബന്ധത്തിലും സ്വാധീനം ചെലുത്തുന്നു. കുഞ്ഞ് വീട്ടില്‍ നിന്നും പഠിക്കുന്ന സംഭാഷണ രീതിയും പെരുമാറ്റവും ആയിരിക്കും സമൂഹത്തില്‍ കാഴ്ച വയ്ക്കുക. വൈകാരിക വികാസത്തില്‍ അന്‍പതുശതമാനം ജനിതകമായ പാരമ്പര്യത്തില്‍ നിന്നു കിട്ടുമ്പോള്‍ ശേഷിച്ചത് അവര്‍ വളരുന്ന പരിതസ്ഥിയില്‍ നിന്നാണ് നേടുക. അതുകൊണ്ട് തികച്ചും സുഖകരമായ കുടുംബാന്തരീക്ഷം കുഞ്ഞിനു നല്‍കുക.

വൈകാരിക അവസ്ഥയെ രൂപപ്പെടുത്താം

മൂന്നു വയസു കഴിയുന്നതോടെ കുഞ്ഞിനു വീടിനുള്ളിലെ താല്‍പര്യം കുറയുകയും പുറത്തിറങ്ങാന്‍ ഇഷ്ടം കൂടുകയും ചെയ്യും. ഈ അവസരത്തില്‍ നഴ്സറിയില്‍ പോകാന്‍ കുഞ്ഞ് മാനസികമായി തയാറെടുത്തു കഴിഞ്ഞിരിക്കും. പുതിയ വാക്കുകള്‍ പുതിയ രീതികള്‍ ഇവ പഠിക്കുകയായി. കുഞ്ഞിന്റെ വൈകാരികാവസ്ഥയെ ശരിയായ രീതിയില്‍ രൂപപ്പെടുത്താന്‍ ഇൌ സമയം മാതാപിതാക്കള്‍ക്കു കഴിയും.

. കുഞ്ഞ് തെറ്റുകാണിക്കുമ്പോള്‍ ചീത്തക്കുട്ടിയെന്നു വിളിച്ചു കളിയാക്കുന്നതിനു പകരം ചെയ്തത് തെറ്റായ കാര്യമാണെന്നു പറഞ്ഞുകൊടുക്കാം. കുഞ്ഞ് ചീത്ത വാക്കുകള്‍ പറയുമ്പോള്‍ ചിരിച്ച് പ്രോത്സാഹിപ്പിച്ചാല്‍ വീണ്ടും അതാവര്‍ത്തിക്കുന്നതിനു പ്രേരണയാകും.

. മാതാപിതാക്കള്‍ കുഞ്ഞിനൊപ്പം അല്‍പസമയം ചെലവഴിക്കുക. നഴ്സറി പ്രായത്തിലുള്ള കുട്ടികള്‍ക്കു ചിത്രകഥകള്‍ വായിച്ചു കൊടുത്തും പടംവരച്ചും നിറം കൊടുത്തുമുള്ള ആക്റ്റിവിറ്റികള്‍ ചെയ്യിച്ചും കൂട്ടിരിക്കാം. ഇത് കുട്ടിയുടെ ശ്രദ്ധ, അടങ്ങിയിരിക്കാനുള്ള ശേഷി ഇവ കൂട്ടുന്നു.

. കുട്ടി എന്തെങ്കിലും കാര്യങ്ങള്‍ക്കായി വാശി പിടിക്കുമ്പോള്‍ അത് സാധിച്ചു കൊടുത്താല്‍ വാശിപ്രകടനങ്ങളിലൂടെ കാര്യം സാധിക്കുന്ന സ്വഭാവരീതി ആര്‍ജിക്കുകയും തുടരുകയും ചെയ്യും. അതിനാല്‍ വാശി പ്രകടനങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ അതു സാധിച്ചു കൊടുക്കാതിരിക്കാന്‍ നോക്കുകയും കുട്ടിയുടെ ശ്രദ്ധ ഇഷ്ടമുള്ള കാര്യങ്ങളിലേക്കു തിരിച്ചു വിടാന്‍ ശ്രമിക്കുകയും ചെയ്യുക.

. കുഞ്ഞിന്റെ വൈകാരിക വളര്‍ച്ചയില്‍ കുടുംബത്തിനുള്ളിലെ വൈകാരിക അന്തരീക്ഷം ഏറെ സ്വാധീനം ചെലുത്തുന്നു. മോശമായ വൈകാരിക അന്തരീക്ഷം (അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക്, കുടുംബത്തിലെ സംഘര്‍ഷാവസ്ഥ, മദ്യപാനം) കുഞ്ഞിന് ഉത്കണ്ഠാകുലത, ആത്മവിശ്വാസക്കുറവ്, പഠനത്തില്‍ പിന്നോട്ടു പോകുക, ഉറക്കക്കുറവ് ഇവയ്ക്കു കാരണമാകും. അതിനാല്‍ കുടുംബപ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കുക.

. ഏകദേശം രണ്ടു മുതല്‍ അഞ്ചുവരെയുള്ള പ്രായത്തില്‍ കുട്ടിക്കു സ്വാതന്ത്യ്രബോധം ഉണ്ടാകുന്നു. നെഗറ്റീവ് സ്വഭാവരീതികള്‍ ഈ പ്രായത്തിലാണ് പുറത്തു വരിക. കാര്യങ്ങള്‍ എതിര്‍ക്കാനുള്ള പ്രവണത കുട്ടി കാട്ടും. ഇത് മൂന്നാം വയസില്‍ കൂടി നാലു വയസ് ആകുമ്പോള്‍ കുറഞ്ഞു തുടങ്ങി അഞ്ചാം വയസില്‍ സാധാരണ നിലയിലെത്തും. ഈ കാലയളവില്‍ കുഞ്ഞിനെ വഴക്കു പറഞ്ഞും അടിച്ചും അനുസരിപ്പിക്കരുത്. കുഞ്ഞിനു കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ അവര്‍ ആദ്യം അനുസരിക്കണമെന്നില്ല. ഇത് വ്യക്തിത്വവികാസത്തിന്റെ സാധാരണ അവസ്ഥയാണ്. കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊടുത്ത് ശരി തെറ്റുകളെക്കുറിച്ച് ബോധമുണ്ടാക്കുകയാണു വേണ്ടത്.

. അഞ്ചു വയസിനു ശേഷവും കുഞ്ഞിന്റെ ഇത്തരം വാശികള്‍ തുടരുന്നുവെങ്കില്‍ ഹൈപ്പര്‍ ആക്റ്റിവിറ്റിയാണോ എന്നു ശ്രദ്ധിക്കണം. ഹൈപ്പര്‍ ആക്റ്റിവിറ്റിയാണെന്നു കണ്ടെത്തിയാല്‍ കുഞ്ഞിന് ശിശുമാനസികാരോഗ്യ വിദഗ്ധന്റെ ചികിത്സ തേടണം.

ലാളന അമിതമായാല്‍...

രണ്ടു വയസാകുമ്പോഴേക്കും കുട്ടി അടുത്ത മുറികളിലേക്കു പോകാനും പുതിയ കാര്യങ്ങള്‍ കണ്ടെത്താനുമുള്ള നിരന്തര പ്രവൃത്തികളില്‍ ഏര്‍പ്പെടും (സപ്പറേഷന്‍ ഇന്‍ഡിവിജ്വേഷന്‍ പ്രോസസ്). ഇത്തരം കാര്യങ്ങളില്‍ കുഞ്ഞ് ഏര്‍പ്പെടണമെങ്കില്‍ അമ്മയുമായുള്ള ആദ്യകാല ആത്മബന്ധം വിജയകരമായി പൂര്‍ത്തിയാക്കണം. അങ്ങനെ കുഞ്ഞ് ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ തുടങ്ങുകയും അമ്മയില്‍ നിന്നു വേര്‍പെട്ട് സ്വതന്ത്ര വ്യക്തിയാകാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യും.എന്നാല്‍, ഇത് ആത്മബന്ധം വിജയകരമായി രൂപപ്പെടാത്ത കുട്ടികളാണ് സാധാരണയായി നഴ്സറികളില്‍ പോകാന്‍ മടി കാട്ടുകയും അമ്മയ്ക്കു പിന്നാലെ കരഞ്ഞുകൊണ്ട് ഓടുകയും ചെയ്യുക. ഇത്തരത്തില്‍ അമ്മയില്‍ നിന്നകലാനുള്ള കുട്ടികളുടെ വൈമുഖ്യമാണ് സപ്പറേഷന്‍ ആങ്സൈറ്റി. സ്കൂളില്‍ ചേര്‍ന്ന് രണ്ടു മാസങ്ങള്‍ക്കു ശേഷവും കുട്ടിപോകാന്‍ മടികാട്ടിയാല്‍ സപ്പറേഷന്‍ ആങ്സൈറ്റി ഉണ്ടെന്നു കരുതണം. ചില കുട്ടികളില്‍ കൌമാരകാലത്തും ഈ പ്രശ്നം കാണാറുണ്ട്. കുട്ടിക്കു കിട്ടുന്ന അമിതലാളനയും സപ്പറേഷന്‍ ആങ്സൈറ്റിക്ക് കാരണമാണ്.

ശില്പ

വിവരങ്ങള്‍ക്കു കടപ്പാട്

ഡോ. ജയപ്രകാശ് ആര്‍,യൂണിറ്റി ചീഫ് ബിഹേവിയറല്‍ പീഡിയാട്രിക്സ് യൂണിറ്റ്,എസ്എടി, മെഡിക്കല്‍ കോളജ്, തിരുവനന്തപുരം.

കുഞ്ഞിന്റെ ഭാഷ വളരാന്‍

കുഞ്ഞുങ്ങളില്‍ ആശയവിനിമയ പാടവം വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ അല്‍ പം ശ്രദ്ധിച്ചാല്‍ മതി. ചെറിയ കുഞ്ഞാണെങ്കിലും അവരെ എടുക്കുമ്പോഴും താലോലിക്കുമ്പോഴുമെല്ലാം സംസാരിക്കണം. വാത്സല്യം തുളുമ്പുന്ന വാക്കുകളില്‍ വളരെ സന്തോഷത്തോടെ വേണം സംസാരിക്കാന്‍. കുഞ്ഞിനോട് ഒരേ കാര്യം തന്നെ കുറേ തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയണം. ഇതു കുഞ്ഞിനു പദങ്ങള്‍ പരിചിതമാകാന്‍ സഹായിക്കും.

കുഞ്ഞു സംസാരിക്കാന്‍ പഠിക്കുന്നതിനു മുന്‍പായി മറ്റുള്ളവരുടെ സംസാരം മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇതു നിരന്തരമായ കേള്‍വിയിലൂടെയാണു സാധിക്കുന്നത്. കുഞ്ഞിനെ ലളിതമായ പാട്ടുകളും കേള്‍പ്പിക്കാം. ഇത് ആവര്‍ത്തിച്ചാവര്‍ത്തിച്ചു കേള്‍പ്പിക്കുന്നതു കുഞ്ഞിനു പാട്ടുകള്‍

പരിചിതമാകാന്‍ സഹായിക്കും.

കുഞ്ഞിനോട് അടുത്തിരുന്നു വര്‍ത്തമാനം പറയണം. തലനേരെ വയ്ക്കാറായ കുഞ്ഞിനെ എടുത്തു പുറത്തു കൂടിയും മുറിയിലൂടെയും നടക്കാം. ഓരോ സാധനവും കാണിച്ചു കൊടുത്തു വര്‍ത്തമാനം പറയണം. കുഞ്ഞിനു സാവധാനം അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ഓരോന്നും കാണിച്ചു പേരുകള്‍ ആവര്‍ത്തിച്ചു പറയണം.

കുഞ്ഞിനോടു കൊഞ്ചി സംസാരിക്കുന്നതു നല്ലതാണെങ്കിലും വലുതാകുന്തോറും നല്ല ഭാഷയില്‍ അവരോടു സംസാരിക്കാന്‍ ശ്രദ്ധിക്കുക. ഇതു നിലവാരമുള്ള ഭാഷാപ്രയോഗത്തിനു കുഞ്ഞിനെ സഹായിക്കും. കുഞ്ഞു സംസാരിക്കാനുള്ള ശ്രമം തുടങ്ങും. സംസാരിക്കാനുള്ള കുഞ്ഞിന്റെ ശ്രമത്തെ പ്രോത്സാഹിപ്പിക്കണം.

മുതിര്‍ന്നവര്‍ തന്റെ സംസാരം ശ്രദ്ധിക്കുന്നുണ്ടെന്നറിയുമ്പോള്‍ കുഞ്ഞിനു സംസാരിക്കാനുള്ള ആവേശം കൂടും. ഈ ഘട്ടത്തില്‍ കുഞ്ഞുമായി കൂടുതല്‍ നിലവാരമുള്ള സംഭാഷണം നടത്തണം. നാലോ അഞ്ചോ വാചകങ്ങളില്‍ ഒതുങ്ങുന്ന കഥകള്‍ പറഞ്ഞു കൊടുക്കാം. കഥകള്‍ പറയുമ്പോള്‍ യോജിച്ച ഭാവങ്ങളും വേണം.

കുഞ്ഞിന്റെ ഭക്ഷണം

ഭക്ഷണസമയമാകുമ്പോള്‍ മിക്കവാറും വീടുകളില്‍ ഇത്തരം നിലവിളികള്‍ ഉയര്‍ന്നു കേള്‍ക്കാം. അമ്മ ഏറെ ശ്രദ്ധ യോടെ പോഷകപ്രദമായും രുചിയോടെയും പാകം ചെയ്തെടുത്ത ഭക്ഷണം സ്നേഹത്തോടെ വച്ചു നീട്ടുമ്പോഴാകും കുഞ്ഞ് ഒരു കവിള്‍ ഭക്ഷണം പോലും കഴിക്കാന്‍ കൂട്ടാക്കാതെ വാശിപിടിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എത്ര സ്നേഹമയിയായ അമ്മയും ദേഷ്യം പിടിച്ചു പോകും.

കുഞ്ഞിനെ ഭക്ഷണം നിര്‍ബന്ധിച്ചു കഴിപ്പിക്കേണ്ട എന്നതു തന്നെയാണ് ഇതിനുള്ള പ്രതിവിധി. കുഞ്ഞിനു ഭക്ഷണം വേണ്ടതെപ്പോഴെന്നു നിശ്ചയിക്കുന്നത് അമ്മയല്ല, കുഞ്ഞു തന്നെയാണ്. വിശക്കുമ്പോള്‍ അവര്‍ നിങ്ങളെ തേടിയെ ത്തും. മാത്രമല്ല, ഇടയ്ക്കിടെ എന്തെങ്കിലും കൊറിക്കാന്‍ നല്‍കുകയോ, ഇടനേരങ്ങളില്‍  ജ്യൂസോ, പഴങ്ങളോ കഴിപ്പിക്കുകയോ ചെയ്താല്‍ കുഞ്ഞ് തൊട്ടടുത്ത നേരം കാര്യമായി ഭക്ഷണം കഴിക്കണമെന്നില്ല. കഴിവതും ഇടനേരങ്ങളില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കൊടുത്തു ശീലിപ്പിക്കരുത്.

ജ്യൂസോ, പഴങ്ങളോ കഴിച്ചാല്‍ അടുത്തനേരം ഭക്ഷണം കഴിച്ചില്ലെങ്കിലും കുഞ്ഞിനു പ്രശ്നമൊന്നുമുണ്ടാകില്ല. കുട്ടികള്‍ക്കു വേണ്ടി പാകം ചെയ്യുന്ന ഭക്ഷണം രുചികരം മാത്രമല്ല, കാഴ്ചയ്ക്കും സുന്ദരമായിരിക്കണം. നിറമുള്ള കാപ്സിക്കമോ, ചെറിപ്പഴമോ, അണ്ടിപ്പരിപ്പോ ഒക്കെ ചേര്‍ത്ത് ഭംഗിയായി തയാറാക്കിയ ഭക്ഷണം വിളമ്പുന്നതും സുന്ദരമായി വേണം. കാഴ്ചയ്ക്കു കൌതുകമുള്ള പാത്രങ്ങളും കപ്പുകളും കുഞ്ഞിനു വേണ്ടി മാത്രമായി കരുതുക.

കുടുംബത്തില്‍ എല്ലാവരും ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നതിനൊപ്പം കുഞ്ഞിനെയും ഇരുത്തി ശീലിപ്പിക്കുക. അതവര്‍ക്കു സന്തോഷം നല്‍കും. ആഹാരമേശയിലെ മര്യാദകള്‍ കണ്ടുപഠിക്കാനും ഇതു സഹായിക്കും.കുഞ്ഞ് ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്ന കാര്യവും അതില്‍ തനിക്കുള്ള ആശങ്കയും അമ്മമാര്‍ മറ്റുള്ളവരോടു പങ്കുവയ്ക്കുന്നത് ഒരിക്കലും കുട്ടികളുടെ മുന്‍പില്‍ വച്ചാകരുത്. അമ്മയുടെ ശ്രദ്ധ തനിക്കു കൂടുതല്‍ കിട്ടുമെന്നു കരുതി കുട്ടി ഭക്ഷണത്തോടുള്ള വിരോധം തുടര്‍ന്നും കാണിക്കും.

കുഞ്ഞുങ്ങള്‍ക്ക് ഒരു ദിവസം എത്ര ഗാസ് വെള്ളം കൊടുക്കണം?പലര്‍ക്കും സംശയമാണ്. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. കുഞ്ഞുങ്ങളെ നിര്‍ബന്ധിച്ച് വെള്ളം കുടിപ്പിക്കുകയും വേണ്ട. അവര്‍ ആവശ്യാനുസരണം പല തവണകളായി വെള്ളം കുടിച്ചുകൊള്ളും. കണക്കനുസരിച്ച് ദിവസം അഞ്ച് ഗാസ് വെള്ളമെങ്കിലും കുഞ്ഞുങ്ങള്‍ കുടിക്കണം. പാലും മറ്റു പാനീയങ്ങളും എല്ലാം ഉള്‍പ്പെടെയാണിത്.മുലപ്പാല്‍ കൊടുക്കുന്നത് നിര്‍ത്തിയശേഷം അഞ്ചുവയസ്സുവരെയുള്ള കുഞ്ഞിന് ദിവസം മൂന്നു ഗാസ് പാല്‍വരെ നല്‍കാം. പോഷകാഹാരമെന്നു കരുതി പാല്‍ കൂടുതല്‍ കൊടുക്കുന്നതു കൊണ്ട് പ്രയോജനമില്ല. മറ്റ് ആഹാരം ഒഴിവാക്കി പാല്‍ മാത്രം കുഞ്ഞുങ്ങള്‍ക്ക് കൊടുത്തുശീലിപ്പിക്കരുത്. ഇത് കുഞ്ഞുങ്ങളില്‍ മലബന്ധവും വിളര്‍ച്ചയുമുണ്ടാക്കും. ധാരാളം പഴങ്ങളും നാരടങ്ങിയ ഭക്ഷണവും കൊടുത്തുശീലിപ്പിക്കണം.

വിശക്കുമ്പോള്‍ മാത്രം കുഞ്ഞിന് ആഹാരം നല്‍കാന്‍ ശ്രദ്ധിക്കണം. നേരം നോക്കാതെ തോന്നുമ്പോഴൊക്കെ ബേക്കറി പലഹാരങ്ങളും ബിസ്കറ്റുമൊക്കെ കൊടുക്കുന്നത് കുഞ്ഞിന്റെ വിശപ്പ് കെടുത്തും. ഒരുദിവസം ദോശ രുചിയോടെ കുഞ്ഞു കഴിച്ചെന്നു കരുതി ആഴ്ച മുഴുവന്‍ ഇനി ദോശയാക്കിയേക്കാം എന്നു തീരുമാനിക്കരുത്. പലയിനം വിഭവങ്ങള്‍ മാറിമാറിക്കൊടുക്കുന്നതാണ് നല്ലത്. ഭക്ഷണത്തോട് പുതുമയും താല്‍പര്യവും നശിക്കാതിരിക്കാന്‍ ഇത് സഹായിക്കും.രാവിലത്തെ ആഹാരം തന്നെ ഉച്ചയ്ക്ക് ടിഫിനായി കൊടുത്തുവിടുന്നത് കുഞ്ഞുങ്ങള്‍ ഇഷ്ടപ്പെട്ടില്ല. ടിഫിന്‍ കഴിക്കാതെ തിരിച്ചുകൊണ്ടുവരുന്നതിന് പലപ്പോഴും കാരണം ഇതാവും. അഞ്ചുവയസ്സ് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് വീട്ടിലുള്ളവരോടൊപ്പം ഇരുത്തി ഭക്ഷണം നല്‍കുന്നതാണ് നല്ലത്. മറ്റുള്ളവര്‍ രുചിയോടെ കഴിക്കുന്നതു കാണുമ്പോള്‍ കുഞ്ഞിനും തല്‍പര്യമുണ്ടാകും. കുട്ടികള്‍ക്കിഷ്ടം മറ്റു കുട്ടികളോടൊപ്പമിരുന്ന് ആസ്വദിച്ച് ആഹാരം കഴിക്കുന്നതാണ്. അതിനാല്‍ സ്കൂളില്‍ കുട്ടികളെ ഒറ്റയ്ക്കിരുത്തി ഭക്ഷണം കൊടുത്തു ശീലിപ്പിക്കരുത്.

ആഹാരം പിറകെ കൊണ്ടുനടന്നു കഴിപ്പിക്കുന്ന രീതി മതിയാക്കണം. മറ്റുള്ളവര്‍ക്കെന്നപോലെ പ്രത്യേക പാത്രത്തില്‍ കുഞ്ഞിനു വിളമ്പാനും ശ്രദ്ധിക്കണം. തീന്‍മേശയില്‍ വീഴുകയും വൃത്തികേടാക്കുകയും ചെയ്യുമെന്നു കരുതി അവരെ മാറ്റിനിര്‍ത്തരുത്. മേശ വൃത്തികേടാക്കിയതിന്റെ പേരില്‍ ശകാരവുമരുത്. നന്നായി ആഹാരം കഴിച്ചാലേ വളരൂ, വലിയ ആളാകൂ, പഠിച്ചുമിടുക്കാനാകൂ എന്നൊക്കെ പറഞ്ഞ് പ്രോല്‍സാഹിപ്പിക്കുന്നത് നല്ലത്. ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ കുട്ടിയെ അഭിനന്ദിക്കാനും മടിക്കരുത്.

എസ് രമ്യ

കുറുമ്പുകള്‍ക്ക് കണ്‍ട്രോള്‍

രണ്ടര വയസ്സു കഴിഞ്ഞാല്‍ കുഞ്ഞിന്റെ വരയുടെ ലോകം വിശാലമായി. കളര്‍ പെന്‍സിലുമായി അവന്‍ ഭിത്തികളെയും ആക്രമിച്ചു തുടങ്ങും. ബുദ്ധിവികാസത്തിന്റെ ഭാഗമാണ് ആ വര. എന്നാല്‍ വീടു വൃത്തികേടാക്കാന്‍ അനുവദിക്കുകയുമരുത്.കുട്ടിക്കു വരയ്ക്കാനായി അടുക്കളവശത്തോ മറ്റോ പ്രത്യേകം സ്ഥലം നല്‍കാം. കുട്ടി വരച്ച ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുകയും വേണം.'ഇനി നമുക്കു കുളിക്കാന്‍ പോകാം. കുട്ടന്റെ തോര്‍ത്ത് എന്ത്യേ? കുളി കഴിഞ്ഞ് ഏതുടുപ്പാ മോനിടുന്നത്!കുഞ്ഞിന്റെ പക്ഷത്തുനിന്നു മറുപടിയൊന്നും കിട്ടിയില്ലെങ്കിലും അമ്മയിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. കുട്ടി വര്‍ത്തമാനം പറഞ്ഞുതുടങ്ങിയശേഷം മറുപടി പറഞ്ഞാല്‍ പോരേ എന്നു ചിന്തിക്കുന്ന അമ്മമാരുമുണ്ട്. എന്നാല്‍ അമ്മയുടെ വര്‍ത്തമാനം കേട്ടു വളരുന്ന കുട്ടി സംസാരത്തില്‍ മാത്രമല്ല, വായനയിലും മുന്‍പിലായിരിക്കുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.

കളിപ്പാട്ടം, പിന്നെ പടവും പെന്‍സിലും

ഒരു വയസ്സുവരെ നിറവും ശബ്ദവുമുള്ള കളിപ്പാട്ടങ്ങളോടാണു കുഞ്ഞുങ്ങള്‍ക്കിഷ്ടം. ഒന്നര വയസ്സായാല്‍ പുസ്തകങ്ങളിലെ പടങ്ങള്‍ കാണിച്ചുകൊടുക്കാം. രണ്ടര വയസ്സായാല്‍ ചെറിയ ചെറിയ വസ്തുക്കള്‍ ചേര്‍ത്തുവച്ചു രൂപങ്ങള്‍ ഉണ്ടാക്കുന്നതു കാണിച്ചുകൊടുക്കാം. കുട്ടിയുടെ ഭാവനയ്ക്കനുസരിച്ചു രൂപങ്ങള്‍ പണിയട്ടെ. കുത്തിവരയ്ക്കാന്‍ കളര്‍ പെന്‍സിലും പേപ്പറും ഈ പ്രായത്തില്‍ നല്‍കാം. തലങ്ങും വിലങ്ങും വരച്ചു കളിക്കുന്ന കുട്ടി , റ്റ എന്നീ ചിഹ്നങ്ങള്‍ വരയ്ക്കും. മൂന്നാം വയസ്സില്‍ വൃത്തം, നാലാം വയസ്സില്‍ ചതുരം അഞ്ചാം വയസ്സില്‍  ത്രികോണം എന്നിങ്ങനെയായി രിക്കും കുഞ്ഞിന്റെ ബുദ്ധിയുടെ വളര്‍ച്ചയും വിരലുകളുടെ വഴക്കവും പ്രകടിപ്പിക്കുന്നത്. മൂന്നാം വയസ്സില്‍ വരയ്ക്കുന്ന വൃത്തത്തില്‍നിന്നാണ് അക്ഷരങ്ങള്‍ പിറക്കുന്നത്.

കുഞ്ഞുതുടയില്‍ കുഞ്ഞടി വേണ്ട

മൂന്നുമുതല്‍ അഞ്ചു വയസ്സുവരെയുള്ള കാലം നെഗറ്റിവിസം പീരിയഡ് എന്നാണറിയപ്പെടുന്നത്. ഇങ്ങോട്ടു വിളിക്കുമ്പോള്‍ അങ്ങോട്ട് ഓട്ടം. കുളിപ്പിക്കാന്‍ എണ്ണയെടുക്കുമ്പോള്‍ അടുത്ത ഓട്ടം. ആ കളിയില്‍ മാതാപിതാക്കളും കുറെയൊക്കെ പങ്കുചേരേണ്ടിയിരിക്കുന്നു. കുട്ടികളുടെ ശ്രദ്ധ മാറ്റിവിടുന്നതു ശിക്ഷയെക്കാള്‍ പത്തിരട്ടി ഫലം ചെയ്യും. വികൃതി ഏറിയാല്‍ ചെറിയ അടി കൊടുക്കാം. പക്ഷേ, അധികം വേദനിപ്പിക്കരുത്. തെറ്റുചെയ്യുന്ന സമയത്തുതന്നെ വേണം ശിക്ഷയും. രണ്ടാഴ്ച കഴിഞ്ഞു വീട്ടില്‍ വരുന്ന അച്ഛന്റെ പേരു പറഞ്ഞു പേടിപ്പിച്ചു നിര്‍ത്തുകയുമരുത്. അച്ഛന്‍ ശിക്ഷിച്ചാല്‍ അമ്മ പിന്നാലെ ചെന്ന് ആശ്വസിപ്പിക്കുന്നതും തെറ്റായ രീതിയാണ്.

വഴക്കാളി.. കുസൃതി...!

ഒരു കുട്ടിയും വാശിക്കാരനും അനുസരണയില്ലാത്തവനുമായി പിറക്കുന്നില്ല. കുട്ടിയുടെ ഏതു ശീലത്തിനും ഉത്തര വാദി മാതാപിതാക്കളും ഒപ്പം കഴിയുന്നവരുമാണ്. ’ഇവന് എന്തൊരു വാശിയാണെന്നറിയാമോ. ഐസ്ക്രീം കിട്ടിയി ലെ ങ്കില്‍ അവന്‍ അന്നത്തെ ദിവസം ഒന്നും കഴിക്കില്ല. കുട്ടിയെ മുന്‍പിലിരുത്തി അതിഥിയോട് ഇങ്ങനെ വിവരിക്കുന്നവരുണ്ട്. ഇതിനു രണ്ടാണു ദോഷം. ഐസ്ക്രീമിനായി കുട്ടി കൂടുതല്‍ വാശി പിടിക്കും. താന്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ അതു മാതാപിതാക്കള്‍ക്കു കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതായി മനസ്സിലാക്കുന്നു. ഭക്ഷണം കഴിക്കാതിരിക്കാനുള്ള അടവായി മാറ്റാനേ ഇതുപകരിക്കൂ.

കടപ്പാട്: ഡോ. സവിത ഹരിദാസ്, പ്രഫസര്‍ ഓഫ് പീഡിയാട്രിക്സ്, മെഡിക്കല്‍ കോളജ്, തൃശൂര്‍

സന്ധ്യ ഗ്രെയ്സ്

കുഞ്ഞുമനസുകളിലെ പിരിമുറുക്കങ്ങള്‍

മാനസിക സമ്മര്‍ദ്ദങ്ങളെ ജീവിതത്തില്‍ നിന്നും പൂര്‍ണമായി തുടച്ചുമാറ്റാന്‍ കഴിയി ല്ല. വിവിധ പ്രായത്തില്‍. വിവിധ രൂപത്തില്‍ സമ്മര്‍ദ്ദങ്ങള്‍ സ്ത്രീ ജീവിതത്തെ അലോസ രപ്പെടുത്തി ക്കൊണ്ടിരിക്കും. ബാല്യത്തില്‍, കൌമാരത്തില്‍, യൌവ്വനത്തില്‍ എന്നുവേണ്ട ഏതു കര്‍മമണ്ഡലത്തിലായാലും സമ്മര്‍ദ്ദ ങ്ങള്‍ നമ്മുടെ സഹചാരിയായിരിക്കും. സമ്മര്‍ദ്ദങ്ങളെ ഒരുപരിധിവരെ ഒഴിവാക്കാനും സമാധാനപൂര്‍ണമായ ജീവിതം കൈവരിക്കാനും സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.തൊട്ടിലില്‍ ആടിയുറങ്ങുന്ന കുരുന്ന് ഇടയ്ക്കു ചിരിച്ച് ഇടയ്ക്കു കരഞ്ഞും അമ്മയുടെ മുഖംനോക്കി ദൈവികമായ ഭാഷയില്‍ സംസാരിച്ചും......ഇതുപോലെ എന്നുമായിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു ചിന്തിച്ചുപോവാറില്ലേ? ജീവിതത്തിന്റെ സംഘര്‍ഷങ്ങളൊന്നുമറിയാതെ....പക്ഷേ, തൊട്ടിലിലുറങ്ങുന്ന കൊച്ചു കുഞ്ഞിനും മാനസിക സംഘര്‍ഷങ്ങളും ടെന്‍ഷനുമുണ്ടാവാമെന്നാണ് പുതിയ കണ്ടെത്തല്‍. ചുറ്റുപാടുകളാണത്രേ കുട്ടികളുടെ മനസ്സില്‍ കൊച്ചുകൊച്ചു പിരിമുറക്കങ്ങളുണ്ടാക്കുക. സമയത്ത് ഭക്ഷണം കിട്ടാതിരിക്കുക, അപരിചിത രുടെ നടുവില്‍ ഒറ്റപ്പെട്ടുപോവുക, അമ്മ അകന്നുപോവുക...ഇതെല്ലാം കുഞ്ഞുങ്ങളുടെ മനസിനെ അസ്വസ്ഥമാക്കു ന്നുണ്ട്.ജോലിക്കാരായ അമ്മമാര്‍ക്കു കുഞ്ഞുങ്ങളെ വിട്ടുപോകുന്നത് ഒഴിവാക്കാന്‍ കഴിയില്ല. പെട്ടെന്നുള്ള ഈ വിട്ടുപിരിയല്‍ കുഞ്ഞുങ്ങളുടെ മനസില്‍ അകാരണമായ ഭയങ്ങള്‍ നിറയ്ക്കാം. അമ്മ നല്‍കിയ സുരക്ഷിതത്വത്തിന്റെ തണല്‍ പെട്ടെന്ന് ഇല്ലാതാവുമ്പോള്‍ പരിഭ്രമവും ടെന്‍ഷനും കുട്ടികള്‍ക്കുണ്ടാവാം.കുറച്ചുകൂടി മുതിരുമ്പോള്‍ സ്കൂളും സ്കൂളിലെ സാഹചര്യവുമാവാം ഇവരെ വിഷമിപ്പിക്കുന്നത്. കൂട്ടുകാരുടെ പിണക്കം, ടീച്ചറുടെ നിഷ്കരുണമായ പെരുമാറ്റം, സ്കൂളിലേയ്ക്കു തിരിച്ചുമുള്ള യാത്രയിലുണ്ടാവുന്ന ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍ ഇതെല്ലാം കുഞ്ഞിന്റെ കളിചിരികളെ മായ്ക്കുന്നു.

വീടും പ്രശ്നങ്ങളും

വീട്ടിലെ അന്തരീക്ഷം കലുഷിതമെങ്കിലും കുഞ്ഞുങ്ങളുടെ മനസു സമ്മര്‍ദ്ദത്തിന് അടിമപ്പെടാം. മദ്യപിച്ചു ലക്കുകെട്ട് അച്ന്‍ അമ്മയെ ഉപദ്രവിക്കന്നതു ദിവസവും കാണേണ്ടിവരുന്ന ഒരു കുഞ്ഞിന്റെ മനസു വേദനിക്കുന്നതു സ്വാഭാ വികം. അച്ന്‍ അമ്മയെ കൊല്ലുമോ? അമ്മയില്ലാതായാല്‍ എന്തു ചെയ്യും? ഇത്തരം ചിന്തകള്‍ കുഞ്ഞിന്റെ മനസില്‍ പുകഞ്ഞു കൊണ്ടിരിക്കും.സംശയരോഗിയായ അമ്മ അച്നോടുനിരന്തരം വഴക്കുണ്ടാക്കുന്നതു കാണുമ്പോള്‍ കുഞ്ഞിന്റെ മനസ് അച്നോടു ചേര്‍ന്നു നിന്നു ചിന്തിക്കുന്നു. ലോകത്തോടുമുഴുവന്‍ ഭയവും അതൃപ്തിയുമുള്ള കുഞ്ഞുങ്ങളുണ്ടാവുന്നതു വീട്ടിലെ അശാന്തമായ ചുറ്റുപാടുകളില്‍നിന്നാണ്.

അമ്മമാര്‍ ശ്രദ്ധിക്കേണ്ടത്

സ്കൂളില്‍ പോയിത്തുടങ്ങുമ്പോള്‍ കുഞ്ഞു മടികാണിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ യഥാര്‍ത്ഥ കാരണം ചോദിച്ച് മനസിലാക്കുന്നതില്‍ വീഴ്ച വരുത്തരുത്. ഡിസ്ലെക്സിയ പോലുള്ള പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ ശരിയായി എഴുതാന്‍ കഴിയാതെവരാം. പഠനവൈകല്യങ്ങളുള്ള കുട്ടികള്‍ക്കു പഠനത്തില്‍ മറ്റുള്ളവരുടെ ഒപ്പമെത്താന്‍ കഴിയാത്തതു പിരിമുറുക്കം ഉണ്ടാക്കാം. സ്കൂളില്‍ബസില്‍വച്ചും സ്കൂളിലെ വിശ്രമസമയത്തുമെല്ലാം ചിലപ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ ചെറിയ കുട്ടികളെ ഉപദ്രവിച്ചെന്നിരിക്കാം. ഭയംമൂലം ഇതവര്‍ക്ക് പുറത്തുപറയാനും കഴിഞ്ഞെന്നു വരില്ല. നാളെയും ചേട്ടന്മാര്‍ ഇടിക്കുമോ? അമ്മയോടു പറഞ്ഞാല്‍ അമ്മയേയും ഇവര്‍ ഉപദ്രവിക്കുമോ? എന്നെല്ലാം ഇവരുടെ മനസ് വിഷമിക്കാം. അപൂര്‍വമായെങ്കിലും ലൈംഗികപീഡനങ്ങളും കുഞ്ഞുങ്ങളുടെ മനസിനെ ഏറെ മുറിപ്പെടുത്തുന്നു. സ്കൂളില്‍വച്ചോ വീട്ടില്‍വച്ചോ മുതിര്‍ന്നവര്‍ ഇവരെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയാല്‍ കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന അവ്യക്തതയും അത്തരം സാഹചര്യം ഒഴിവാക്കാനുള്ള ത്വരയുമുണ്ടാവാം. ഇതുകഴിയാതെ വന്നാല്‍ ടെന്‍ഷനും പിരിമുറുക്കവും അവരെ അസ്വസ്ഥതപ്പെടുത്താം.

സങ്കടങ്ങള്‍ തിരിച്ചറിയാന്‍

ഒരു നിമിഷംപോലും അടങ്ങിയിരിക്കാതെ കളിചിരികളില്‍ മുഴുകുന്നതാണ് കുഞ്ഞുങ്ങളുടെ രീതി. ഈ സ്വഭാവത്തിന് പെട്ടെന്നൊരു മാറ്റമുണ്ടായാല്‍ കുഞ്ഞിന്റെ മനസ് കലുഷിതമാണെന്ന് മനസിലാക്കാം. കുഞ്ഞിന്റെ മനസറിയാന്‍ ഏറ്റവും നല്ലമാര്‍ഗം ഈ 'മൂഡ് മാറ്റങ്ങളെ ശ്രദ്ധിക്കുകയാണ്. എപ്പോഴും എന്തോ ചിന്തിച്ചിരിക്കും പോലെ തോന്നുക. അനാവശ്യമായി വാശിപിടിക്കുക, ഒറ്റയ്ക്കിരിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുക, സകൂളില്‍ പോകാന്‍ പെട്ടെന്നാരു ദിവ സം മടികാണിക്കുക... ഇതെല്ലാം മാനസിക സംഘര്‍ഷങ്ങളെ കാണിക്കുന്നു. ടെന്‍ഷനുകള്‍ വേഗത്തില്‍ കുട്ടികളുടെ മനസിനെ ഗ്രസിക്കുകയും അതുപോലെതന്നെ മാഞ്ഞുപോവുകയും ചെയ്യാം. കുട്ടിയുടെ മനസിന്റെ ചാലകമായിത്തീരാന്‍ അമ്മയ്ക്ക് കഴിയണം. കുട്ടി പുറത്തുപോയിവന്നാല്‍ വിശേഷങ്ങളെല്ലാം ചോദിച്ചറിയണം. ഈ ശീലം ചെറു പ്രായത്തിലെ തുടങ്ങിവച്ചാല്‍ സ്കൂളില്‍പ്പോയി വന്നാല്‍ അമ്മ ചോദിക്കാതെതന്നെ കുഞ്ഞ് അമ്മയോട് മനസു തുറക്കും.കുഞ്ഞ് ഏറെ സമയം ഇടപെടേണ്ടിവരുന്നത് ജോലിക്കാരോടാണെങ്കില്‍ കുഞ്ഞിന്റെ ഭാവമാറ്റങ്ങള്‍ ശ്രദ്ധിക്കുക. ജോലിക്കാരോട് ഇണങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ശാന്തനായ കുട്ടി 'മോശം കുട്ടിയായി മാറുന്നതു കാണാം. സ്കൂളില്‍ പോകുംമുമ്പ് ചില കുട്ടികള്‍ക്ക് ഛര്‍ദ്ദി, തലവേദന, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ കാണാം. ഇത് മടിയായിക്കരുതി അവരെ ശിക്ഷിക്കാന്‍ മുതിരരുത്. ഇത്തരം സൈക്കോസൊമാറ്റിക് അസുഖങ്ങളെ സഹാനുഭൂതിയോടെ കാണുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും വേണം.

കുഞ്ഞിന്റെ ബുദ്ധിശേഷി കൂട്ടാം

കുഞ്ഞിന്റെ ബുദ്ധിപരമായ ശേഷി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ എത്രയും നേരത്തെ തുടങ്ങുന്നുവോ അത് അവരുടെ ജീവിത ത്തോടുള്ള ബുദ്ധിപരമായ കാഴ്ചപ്പാടിനെ കൂടുതല്‍ വിശാലമാക്കും. വായനയിലൂടെ കുഞ്ഞിനെ അറിവിന്റെ ലോകത്തേയ്ക്കു കടക്കാന്‍ സഹായിക്കുക.

കുഞ്ഞിനെക്കൊണ്ടു സംസാരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായ ശ്രവണശേഷി അവരെ ക്കൊണ്ട് ഉപയോഗിപ്പിക്കുകയാണു ചെയ്യുന്നത്. ഇതിനു മറുപടിയായി കുട്ടി താന്‍ കേള്‍ക്കുന്നതിനു സംഭാഷണരൂപം നല്‍കുന്നു.

കൂടുതല്‍ കാര്യങ്ങള്‍ കുഞ്ഞിനു പറഞ്ഞു കൊടുത്ത് അറിവിന്റെ ലോകം വിശാലമാക്കുക. കുഞ്ഞിനെ സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, വാക്കുകള്‍ മനസിലാക്കിക്കുന്നതിലൂടെ പഠിക്കാനുള്ള താല്‍പര്യം

കുഞ്ഞില്‍ നിറയ്ക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയും.

ധാരാളം ചിത്രങ്ങളും നിറങ്ങളുമുള്ള പുസ്തകങ്ങള്‍ കുഞ്ഞിനു നല്‍കുക. പുസ്തകങ്ങളിലെ കഥകളും പാട്ടുകളും ദിവസവും അല്‍പനേരം ഉറക്കെ വായിക്കുക. കിടക്കാന്‍ പോകുന്ന സമയത്തും കുഞ്ഞിന് കഥ പറഞ്ഞു കൊടുക്കാം. പുതിയ കഥകള്‍ വേണം പറഞ്ഞു കൊടുക്കാന്‍.

കുഞ്ഞിനെ ഇടയ്ക്കിടെ പുറത്തേയ്ക്കു കൊണ്ടുപോകാം. പുതിയ കാഴ്ചകള്‍ കുഞ്ഞിന്റെ അനുഭവസമ്പത്തു വളര്‍ത്തുന്നു. വീട്ടിലെത്തിയ ശേഷം പോയ സ്ഥലങ്ങളുമായി ബന്ധപ്പെട്ട കുഞ്ഞിന്റെ അനുഭവങ്ങള്‍ പറയിക്കുക. കുഞ്ഞിന് എന്തൊക്കെ ഇഷ്ടപ്പെട്ടെന്നും ഇഷ്ടമാകാത്തത് എന്താണെന്നും ചോദിക്കാം.

കുഞ്ഞിനെ മറ്റു കുട്ടികളുമായി കളിക്കാന്‍ അനുവദിക്കുക. മാതാപിതാക്കളും കുട്ടികളോടൊപ്പം കളിക്കുകയും ഇടയ്ക്കിടെ തോറ്റു കൊടുക്കുകയും വേണം. കളിയില്‍ തോല്‍ക്കുന്നതു സ്വാഭാവികമാണെന്നു കുഞ്ഞു മസിലാക്കട്ടെ. നല്ല സൌഹൃദങ്ങള്‍ ഉണ്ടാക്കാന്‍ പ്രോത്സാഹിപ്പിക്കാം. ഇതു സാമൂഹികപരമായ കഴിവുകള്‍ കുഞ്ഞില്‍ വളര്‍ത്താന്‍ സഹായിക്കും.

കുഞ്ഞിനുണ്ടോ സംസാര വൈകല്യം

കൂയിങ്, ലാഫിങ്, ബാബ്ളിങ്. ഒന്നും മനസിലായില്ല അല്ലേ. കുഞ്ഞുങ്ങള്‍ സംസാര ത്തിന്റെ ലോകത്തു പിച്ചവയ്ക്കുന്നത് ഇങ്ങനെ മൂന്നു ഘട്ടങ്ങളിലൂടെയാണ്.കുഞ്ഞിന് ഏതാണ്ട് ഒരു മാസം പ്രായമാകുമ്പോഴാണു ശബ്ദത്തോടു പ്രതികരിച്ചു തുടങ്ങു ന്നത്. മൂന്നു മാസം പ്രായമാകുമ്പോള്‍ കുഞ്ഞ് ഗ്,ങ് എന്നീ ശബ്ദങ്ങള്‍ ഉണ്ടാക്കും. ഇതിനെയാ ണു മെഡിക്കല്‍ ഭാഷയില്‍ കൂയിങ് എന്നു പറയുന്നത്. നാലാം മാസം ഉറക്കെ ചിരിക്കും (ലാഫിങ്). ആറു മാസമാ കുമ്പോള്‍ സ്വരവും വ്യഞ്ജനവും ഇടകലര്‍ ത്തി അര്‍ഥരഹിതമായ ശബ്ദം ഉണ്ടാക്കും. ഇതു ബാബ്ളിങ്. ഒന്‍പതു മാസമാകുമ്പോഴേക്കു കുഞ്ഞ് രണ്ടക്ഷരം ചേര്‍ത്തു കാക്ക, മാമ തുടങ്ങിയ വാക്കുകള്‍ പറഞ്ഞു തുടങ്ങിയിരിക്കും.

ചിലകുട്ടികള്‍ സാവധാനമേ സംസാരിച്ചു തുടങ്ങൂ. എങ്കിലും കുഞ്ഞു സംസാരിക്കാന്‍ ഏറെ വൈകുന്നുവെങ്കില്‍ കേഴ്വിശക്തി, ബുദ്ധിവളര്‍ച്ച എന്നിവ തീര്‍ച്ചയായും പരിശോധിക്കണം.കുഞ്ഞിന്റെ ബുദ്ധി, കേഴ്വിശക്തി, വളരുന്ന സാഹചര്യം, ശാരീരിക വൈകല്യങ്ങള്‍ ഇവയും സംസാരശേഷിയും തമ്മില്‍ ബന്ധമുണ്ട്. സംസാരത്തില്‍ സ്ഫുടതയില്ലായ്മ, വിക്ക്, സംസാരം വൈകുന്നത്, സംസാരിക്കാത്ത അവസ്ഥ ഇങ്ങനെ ഭാഷാവൈകല്യങ്ങള്‍ പലതരത്തിലു ണ്ട്.

ഒരു വയസാകുമ്പോഴാണ് അര്‍ഥമുള്ള ഒന്നോ രണ്ടോ വാക്കുകള്‍ കുഞ്ഞു പറയുന്നത്. ഒന്നര വയസാകുമ്പോഴേ ക്കും കുഞ്ഞ് അര്‍ഥമുള്ള ഏകദേശം പത്തു മുതല്‍ പതിനഞ്ചു വാക്കുകള്‍ പറയും. രണ്ടാം വയസില്‍ രണ്ടു വാക്കു ചേര്‍ത്തുള്ള വാചകങ്ങള്‍, ഞാന്‍, നീ ഇവ പറയും. രണ്ടര വയസാകുമ്പോള്‍ മൂന്നു വാക്കുള്ള വാക്യങ്ങള്‍ പറഞ്ഞു തുടങ്ങും. ഒപ്പം സ്വന്തം പേരു പറയാനും ചോദ്യങ്ങള്‍ക്കുത്തരം നല്‍കാനും പഠിക്കും. മൂന്നാം വയസില്‍ നഴ്സറിപ്പാട്ടു കള്‍ പാടും. കഥകള്‍ പറഞ്ഞുതുടങ്ങുന്നതു നാലു വയസ് ആകുമ്പോഴാണ്. അഞ്ചാം വയസില്‍ കുഞ്ഞ് സംശയ ങ്ങള്‍ ചോദിക്കും. ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാ കുട്ടികളിലും ഒരുപോലെ ആകണമെന്നില്ല. ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ഐന്‍സ്റ്റീന്‍ നാലാമത്തെ വയസിലാണു സംസാരിച്ചു തുടങ്ങിയത്. ആണ്‍കുട്ടികളെ അപേക്ഷി ച്ചു പെണ്‍കുട്ടികള്‍ നേരത്തെ തന്നെ സംസാരിക്കുന്നതായി കണ്ടുവരാറുണ്ട്.അമ്മയുടെ ലാളനയും കുഞ്ഞിന്റെ സംസാരശേഷിയും തമ്മില്‍ നല്ല ബന്ധമുണ്ട്. അമ്മയുടെ ലാളന കിട്ടാത്ത കുഞ്ഞുങ്ങളില്‍ സംസാരശേഷി വികസി ക്കുവാന്‍ വൈകുമെന്നു പഠനങ്ങള്‍ കാണിക്കുന്നു. മുതിര്‍ന്നവരും കുട്ടികളുമായി ഇടപഴകാനുള്ള അവസരങ്ങളും കുഞ്ഞിന്റെ സംസാരശേഷി വികസിപ്പിക്കും.

ഭാഷാവൈകല്യം കണ്ടുപിടിക്കാം

. ഒരു വയസായിട്ടും കുഞ്ഞ് അക്ഷരം പറയാതിരിക്കുക, ഒന്നര വയസായ കുട്ടി ഒരു വാക്കു പോലും പറയുന്നില്ല, രണ്ടു വയസായിട്ടും വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു പറയുന്നില്ല, മൂന്നു വയസായിട്ടും കുഞ്ഞു പറയുന്നതു തിരിയുന്നില്ല, വാചകങ്ങള്‍ പറഞ്ഞു തുടങ്ങുന്നില്ല ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുഞ്ഞിന്റെ കേഴ്വിപരിശോധന നടത്തണം.

. മൂന്നു വയസുള്ള കുട്ടി ക, പ എന്നീ അക്ഷരങ്ങള്‍ ഉച്ചരിക്കുന്നില്ല.

. കുട്ടി ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നതിനു പകരം ചോദ്യം തിരിച്ചു ചോദിക്കുക, (ഓട്ടിസമുള്ള കുട്ടികളില്‍ കാണുന്ന ഈ അവസ്ഥയ്ക്ക് എക്കോലാലിയ എന്നു പറയുന്നു), തനിയെ ഇരുന്നു സംസാരിക്കുക.

. തലച്ചോറിലെ തകരാറുകളുടെ ലക്ഷണങ്ങളായി കുട്ടി പറഞ്ഞ വാക്കുകള്‍ പിന്നീടു പറയാതിരിക്കുക, നന്നായി സംസാരിച്ചു തുടങ്ങിയ കുട്ടി സംസാരം നിര്‍ത്തുക,

. ആംഗ്യങ്ങളിലൂടെ ആശയം പ്രകടിപ്പിക്കുകയും ഒപ്പം സംസാരിക്കാതിരിക്കുകയും ചെയ്യുക.

പരിഹാരങ്ങള്‍

കുഞ്ഞിനു സംസാരവൈകല്യമുണ്ടെന്നു കണ്ടാല്‍ വൈകാതെ സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറപ്പി നല്‍കണം. എത്രയും നേരത്തെ ഇതു നല്‍കുന്നോ അത്രയും ഫലപ്രദമാണെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കുഞ്ഞിന്റെ ബുദ്ധിയുടെ വളര്‍ച്ച, പ്രായം, തകരാറ് ഇവ അനുസരിച്ചാണു സ്പീച്ച് തെറപ്പി നല്‍കേണ്ടത്. ഡൌണ്‍സ് സിന്‍ഡ്രോം ഉള്ള കുട്ടികള്‍ക്കും സ്പീച്ച് തെറപ്പി പ്രയോജനം ചെയ്യുന്നു.ചുണ്ടുകളുടെ ചലനം നോക്കി പറയിക്കുക, പടം കാണി ച്ചു വാക്കു പറയിക്കുക ഇവ നല്ലതാണ്. സമപ്രായക്കാരുമായി കളിക്കാന്‍ വിടുന്നതു കുഞ്ഞിന്റെ ഭാഷ വികസിക്കാന്‍ സഹായിക്കും. സംസാരവൈകല്യങ്ങള്‍ക്ക് അഞ്ചു വയസിനു മുന്‍പു തന്നെ ചികിത്സതുടങ്ങണം.

കുട്ടികളുടെ പേടി മാറ്റാം

രാത്രിയായാല്‍ തനിച്ചിരിക്കാന്‍ പേടി. ഒരു മുറിയില്‍ നിന്ന് അടുത്ത മുറിയിലേക്കു പോകാന്‍ പേടി. ഉറക്കത്തില്‍ പേടിച്ചു കരയുക. ചില കുട്ടികള്‍ ഇങ്ങനെയാണ്. കുട്ടികളുടെ പേടിയുടെ കാരണം കണ്ടുപിടി ച്ച് അതു മാറ്റുകയാ ണു വേണ്ടത്. കുട്ടിയുടെ പേടി മാറ്റാന്‍ ഇതാ ചില വഴികള്‍.

. മിക്ക കുട്ടികള്‍ക്കും പേടി കഥകളിലൂടെ കേട്ടറിഞ്ഞ ഭൂത പ്രേതങ്ങളെ ആയിരിക്കും. ശരിക്കും ഭൂതവും പ്രേതവു മൊന്നുമില്ല എന്നു കുട്ടിക്കു പറഞ്ഞു കൊടുക്കുക. ആദ്യമൊക്കെ ഇതു വിശ്വസിക്കാന്‍ കുട്ടിക്കു കഴിഞ്ഞെന്നു വരില്ല. എന്നാല്‍, ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നതിലൂടെ കുട്ടിയുടെ പേടി അകറ്റാം.

. കുട്ടി ഉറങ്ങാന്‍ പോകുമ്പോള്‍ മനസില്‍ നെഗറ്റീവ് ചിന്തകള്‍ പാടില്ല. ഉറക്കാന്‍ കിടത്തുമ്പോള്‍ രസകരങ്ങളായ കഥകള്‍ പറഞ്ഞു കൊടുക്കണം. ഇതു ശാന്തമായ മനസോടെ ഉറങ്ങാന്‍ കുട്ടിയെ സഹായിക്കും. ദുസ്വപ്നങ്ങളും കാണില്ല.

. മുറിയില്‍ പ്രകാശം കുറഞ്ഞ ബള്‍ബിടുന്നതു കുട്ടിയുടെ പേടി കുറയ്ക്കും. മുറിയില്‍ വലിയ നിഴലുകള്‍ വീഴ്ത്തുന്ന സാധനങ്ങള്‍ ഒഴിവാക്കുക. ഇടയ്ക്ക് ഇവ കണ്ടു കുട്ടി പേടിക്കാനിടയുണ്ട്. മുറിയുടെ മുക്കും മൂലയും ഒരു ടോര്‍ച്ചു പയോഗിച്ചു പരിശോധിക്കാന്‍ കുട്ടിയെ അനുവദിക്കുക. ഇതു മുറിയില്‍ മറ്റാരുമില്ലെന്ന ബോധം ഉറപ്പിക്കാന്‍ കുട്ടിയെ സഹായിക്കും.

. അച്ഛനോ അമ്മയോ കുട്ടിയുടെ സാന്നിദ്ധ്യത്തില്‍ മുറി പരിശോധിക്കുന്നതും ഗുണം ചെയ്യും. ഇവിടെയൊന്നുമില്ലെന്ന് അവര്‍ പറഞ്ഞാല്‍ തന്നെ കുട്ടിയുടെ പേടി കുറയും.

. കുഞ്ഞിന്റെ കിടക്കയില്‍ ഒരു പാവയെയോ അവര്‍ക്കിഷ്ടമുള്ള കളിപ്പാട്ടമോ വയ്ക്കുന്നതു കുട്ടിക്കു സുരക്ഷിതത്വ ബോധം നല്‍കും.

. കുഞ്ഞ് ദുഃസ്വപ്നം കണ്ടു ഞെട്ടിയുണരുകയാണെങ്കില്‍ സമാധാനിപ്പിക്കണം. സ്വപ്നം സത്യമല്ലെന്നും ഓര്‍മപ്പെടുത്തണം.

കുട്ടിയെ പ്ളേസ്കൂളില്‍ വിടണോ?

കുട്ടിയെ എപ്പോള്‍ പ്ളേ സ്കൂളില്‍ വിടണമെന്നു സംശയിക്കുന്നവരാണു മിക്ക അമ്മമാരും. ആത്മവിശ്വാസം വളര്‍ത്താനും നല്ല പെരുമാറ്റത്തിന് അടിസ്ഥാനമിടാനും ജീവി തപാഠങ്ങള്‍  സ്വായത്തമാക്കാനും പ്ളേസ്കൂളിലെ കളികള്‍ സഹായകമാകും.അടുക്കളയില്‍ അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചു നടക്കുന്ന വാശിക്കുടുക്കയെ സ്കൂളില്‍ വിടുന്നതെങ്ങനെയെന്നു പരിഭവിക്കുന്നവ രാണു മിക്ക അമ്മമാരും. മോന്/മോള്‍ക്ക് അതിനുള്ള പ്രായമായോ മറ്റു കുട്ടികളുടെ അത്ര വലിപ്പമില്ലല്ലോ ഒരുരുള ചോറും പോലും സ്വയം കഴിക്കില്ല. അങ്ങനെ അമ്മ

മാര്‍ക്ക് കുഞ്ഞിനെക്കുറിച്ച് ആകുലതകളാണ്. കുട്ടിയെ രണ്ടര വയസില്‍ പ്ളേസ്കൂളില്‍ വിടുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു.

ജനിക്കുമ്പോള്‍ മുതല്‍

കാണുന്നതും കേള്‍ക്കുന്നതുമെല്ലാം കുട്ടി പഠിക്കുന്നുണ്ട്. കുട്ടിക്ക് ഇന്ദ്രിയാനുഭവങ്ങളുടെയും പേശീചലനങ്ങളുടെയും അടിസ്ഥാന വളര്‍ച്ചയുടെ ഘട്ടമാണിത്. അതിനാല്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ മനസ്സില്‍ ക്രമീകരിക്കാന്‍ “””കുട്ടിക്കു അവസരം കിട്ടണം. അവ ശരിയായ രീതിയില്‍ ഗ്രഹിക്കാന്‍ കളികളിലൂടെ കുട്ടിയെ സഹായിക്കുന്നതിലാണ് പ്ളേസ്കൂളുകളുടെ വിജയം.നാലു വിധത്തിലാണു പ്ളേസ്കൂള്‍ പഠനം കുട്ടിയെ സഹായിക്കുക.

1. സ്വയം കരുതലിന്

2. ചുറ്റുപാടുകളുമായി പൊരുത്തപ്പെടുന്നതിന്

3. ശാരീരികമായ ചലനങ്ങളുടെ നിയന്ത്രണത്തിന്

4. സമൂഹത്തില്‍ നല്ല പെരുമാറ്റത്തിന്

ജീവിത പാഠങ്ങള്‍

വീട്ടില്‍ കുട്ടി സാധാരണ കാണുന്ന സാധനങ്ങളാണ് പ്ളേസ്കൂളുകളിലും പഠനത്തിനായി ഉപയോഗിക്കുക. കാരറ്റോ ബീറ്റ് റൂട്ടോ അരിയാന്‍ അവസരം കിട്ടുമ്പോള്‍ രണ്ട് അനുഭവങ്ങളാണു കുട്ടിക്കു കിട്ടുക. അമ്മ വളരെ ക്ഷമയോടെ ഒട്ടേറെ നേരം അധ്വാനിച്ചാണ് കറി പാകപ്പെടുത്തുക. ഒരു കറിയില്‍ ഇത്രയധികം ചേരുവകളുണ്ട് എന്നുള്ളതും പുതിയ അറിവാകും.മാവുരുട്ടി ചെറിയ ചപ്പാത്തി റോളില്‍ പരത്തുമ്പോള്‍ കുട്ടി അത് അങ്ങേയറ്റം രസിക്കുന്നു. പെന്‍സില്‍ പിടിച്ചെഴുതാനുള്ള ബാലന്‍സ് കിട്ടുന്നതിനും ഇതു കുട്ടിയെ സഹായിക്കും. വെള്ളത്തില്‍ കിടക്കുന്നബോള്‍ പ്ളക്കര്‍ ഉപയോഗിച്ച് എടുത്ത് വേറൊരു പാത്രത്തിലേക്ക് ഇടുമ്പോഴും ഇതു തന്നെ സംഭവിക്കുന്നു.മുത്തുകള്‍ കോര്‍ക്കുന്നതും അല്‍പം കൂടി മുതിര്‍ന്നു കഴിയുമ്പോള്‍ ബട്ടന്‍സ് തുന്നാന്‍ അനുവദിക്കുന്നതും കുട്ടിയില്‍ ഉത്തരവാദിത്തത്തിന്റെ പാഠങ്ങള്‍ അനുഭവമാക്കും. ശരിയായി നടക്കാന്‍ പോലുമുള്ള ബാലന്‍സ് ചില കുട്ടികള്‍ക്ക് ഉണ്ടാവില്ല. അല്‍പം ഉയരത്തിലൂടെ കുട്ടിയെ നടക്കാന്‍ പഠിപ്പിക്കും. പിന്നീട് പുസ്തകം തലയില്‍ വച്ചു ബാലന്‍സ് ചെയ്തു നടക്കാനും പരിശീലിപ്പിക്കും.

അതിഥിക്കു ചായ കൊടുക്കുമ്പോള്‍ ചിരിച്ചു കൊണ്ടു കൊടുക്കണമെന്നു കുട്ടി പ്ളേ സ്കൂളില്‍ നിന്നു തന്നെ മനസിലാക്കുകയാണ്. കനം കുറഞ്ഞ ചെറിയ അലൂമിനിയം ഗാസുകളും ട്രേയുമാണ് ഇതിനുപയോഗിക്കുന്നത്. ചായകപ്പിന്റെ പിടി അതിഥിയുടെ വലത്തുവശത്തു വരണമെന്ന അറിവ് ചെറുപ്പത്തിലെ കുട്ടി മനസിലാക്കുന്നു. ആളുകളെ അഭിവാദ്യം ചെയ്യേണ്ടതെങ്ങനെ, സംഭാഷണത്തില്‍ പാലിക്കേണ്ട മര്യാദകള്‍, സംഭാഷണം നടത്തുന്നയാളെ ബഹുമാനിച്ചു കൊണ്ട് സംഭാഷണത്തിനു തടസമാകാതെ സംസാരിക്കണ്ടതെങ്ങനെയെന്നുള്ളവ വളരെ എളുപ്പം കുട്ടി ശീലമാക്കും.

ഭാഷയും ഭവനയും

ആത്മവിശ്വാസം വളരാന്‍ കുട്ടിക്ക് നല്ല ആശയവിനിമയ പാടവം വേണം. നന്നായി ആശയ വിനിമയം ചെയ്യുന്ന കുട്ടി വായനയും എഴുത്തും ഭംഗിയായി നടത്തുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.സാന്‍ഡ് പേപ്പര്‍ ലെറ്റേഴ്സ് എന്നറിയ പ്പെടുന്ന അക്ഷരങ്ങളിലൂടെയാണു പ്ളേസ്കൂളില്‍ കുട്ടി ഭാഷയെ പരിചയപ്പെടുന്നത്. ഹാന്‍ഡ് ബോഡില്‍ ഒട്ടിച്ച അക്ഷരങ്ങളുടെ പരുപരുപ്പിലൂടെ വിരലോടിച്ചു അത് ഉച്ചരിക്കുമ്പോള്‍ ഭാഷയുടെ രൂപവും ഭാവവും അതിവേഗം കുട്ടിക്ക് ഹൃദിസ്ഥമാകുകയാണ്.

മൂന്നു വയസിനുള്ളില്‍ തന്നെ കുട്ടിയില്‍ ഭാഷയുടെ അടിസ്ഥാനമിടും. ആറുവയ സിനുള്ളില്‍ പദസഞ്ചയം കുട്ടി സ്വായത്തമാക്കിയിരിക്കും. കുട്ടിക്ക് പറയാനുള്ളതെന്തെന്നു കേള്‍ക്കുന്നതും പ്രധാനമാണ്. കുട്ടിയുടെ ആത്മവിശ്വാസം കൂടും. മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കാനും ശ്രമിക്കും.ശബ്ദത്തിന്റെ വ്യത്യാസ ങ്ങള്‍ എളുപ്പം മനസിലാക്കാന്‍ നോയ്സ് ബോക്സ് സഹായകമാകും. സീല്‍ ചെയ്ത ചെപ്പുകളില്‍ അരി, കടുക്, അങ്ങനെ പല സാധനങ്ങള്‍ അടങ്ങിയ ചെപ്പുകളാണിവ. ഒരേ ശബ്ദമുള്ള ചെപ്പുകള്‍ തിരഞ്ഞെടുക്കാനാണ് കുട്ടിയെ ശീലിപ്പിക്കുക.

സ്വയം കണക്കു മനസിലാക്കാന്‍

കണക്കിന്റെ ബാലപാഠങ്ങള്‍ സ്വയം മനസിലാക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കുകയാണു ചെയ്യുക. രണ്ടു നിറങ്ങളിലുള്ള 10 കോലുകള്‍ കുട്ടിക്കും നല്‍കും. ഇതില്‍ ഒരു കോല്‍ മാറ്റിവച്ചിട്ട് ഒന്‍പതു കോലുകള്‍ നിരത്തി വയ്ക്കും. ഒരു കോലിന്റെ വിടവ് കുട്ടിക്ക് പെട്ടെന്നു ബോധ്യപ്പെടും. ഒന്‍പതു കോലിന്റെ കൂടെ ഒരു കോല്‍ കൂടി വയ്ക്കുമ്പോള്‍ 9+1= 10 ആകുന്നതെന്നു കുട്ടി സ്വയം എളുപ്പം പഠിക്കുകയാണ്. നമ്പര്‍ രേഖപ്പെടുത്തിയ കാര്‍ഡുകള്‍ കൂടി നല്‍കുമ്പോള്‍ കുട്ടിയുടെ മനസില്‍ എണ്ണം മായാതെ പതിയുകയായി.

പൂക്കളെയും പഴങ്ങളെയും കുറിച്ചെല്ലാം കുട്ടിക്ക് അറിവ് രസകരമായി നല്‍കാം. മാസത്തില്‍ ഒരു ദിവസം “””””’’’’’’’’"പൈനാപ്പിള്‍ഡേ" ആയി ആഘോഷിക്കുന്നു. അന്ന് ടീച്ചറും കുട്ടികളും മഞ്ഞ നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നു. പൈനാപ്പിള്‍ ക്ളാസില്‍ കൊണ്ടു വന്ന് ചെത്തി കഴിച്ച് പിരിയുമ്പോള്‍ പൈനാപ്പിളിനെക്കുറിച്ച് വ്യക്തമായ ചിത്രം കുട്ടിയുടെ മനസില്‍ പതിഞ്ഞു കഴിഞ്ഞു. കുട്ടി ആഹാരം കഴിക്കാന്‍ പഠിക്കുമെന്നതു ചെറിയ കാര്യമല്ല. പ്ളേസ്കൂളുകളില്‍ കുട്ടിക്ക് പോഷകപ്രദമായ ആഹാരം കൊടുത്തുവിടുന്നതിനു മിക്ക പ്ളേസ്കൂളധികൃതരും മാതാപിതാക്കള്‍ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

അജിത് ഏബ്രഹാം

വിവരങ്ങള്‍ക്കു കടപ്പാട്

ഉഷാ ബിനോയ് ഫിലിപ്പ്, ഗുഡ്ഷെപ്പേര്‍ഡ് മോണ്ടിസോറി ഹൌസ് ഓഫ് ചില്‍ഡ്രന്‍,തെങ്ങണ,ചങ്ങനാശ്ശേരി

ഡോ. ഡാഫ്നി ഗോമസ്, ചെമ്പക കിന്‍റര്‍ ഗാര്‍ഡന്‍, തിരുവനന്തപുരം

കുട്ടികളും കാര്‍ട്ടൂണ്‍ ചാനലും

മക്കള്‍ എപ്പോഴും ടെലിവിഷനില്‍ കാര്‍ട്ടൂണ്‍ ചാനലുകളും കണ്ടിരിക്കു കയാണോ ? കുഞ്ഞിനെ കുറ്റപ്പെടുത്താന്‍ വരട്ടെ.... നിങ്ങളും ഇതില്‍ കുറ്റക്കാരാണ്..... കുട്ടികള്‍ ടെലിവിഷനു മുന്നിലിരുന്ന് കാര്‍ട്ടൂണ്‍ പരിപാടികള്‍ കാണുന്ന തിനെച്ചൊല്ലി, ഇപ്പോള്‍ മിക്ക വീടുകളിലും മാതാപിതാക്കളും മക്കളും തമ്മില്‍ പൊരിഞ്ഞ 'യുദ്ധമാണ്. സ്കൂളില്‍ നിന്നെത്തുന്ന കുട്ടി യൂണിഫോം പോലും മാറാതെ ടിവിയുടെ മുന്നിലേക്ക്. മിസ്റ്റര്‍ ബീനിന്റെ 'മര്യാദയി ല്ലായ്മകള്‍ കണ്ടു സ്വയം മറന്നു ചിരിക്കുന്നു. കുളിക്കെടാ, കഴിക്കെടാ, പഠിക്കെടാ... എന്നുള്ള അമ്മയുടെ ആക്രോശങ്ങളെ മിസ്റ്റര്‍ ബീനിന്റെ ഗോഷ്ടികള്‍ കാണിച്ചു നേരിടുന്നു വികൃതി.അമ്മ കുട്ടിയുടെ കൈയില്‍ നിന്നു റിമോട്ട് തട്ടിപ്പറിച്ചു ടിവിയുടെ പ്ളഗ് വലിച്ചൂരുന്നു. രസച്ചരടുപൊട്ടിയ ദേഷ്യത്തിലും സങ്കടത്തിലും കുട്ടി മധുരമായി പ്രതികാരം ചെയ്യുന്നു. പഠിക്കുന്ന പ്രശ്നമേയില്ല. മക്കളെയും കൊണ്ട് മനോരോഗവിദഗ്ദ്ധരുടെയടുത്തെത്തുന്ന മിക്ക സംഭവങ്ങളുടെ പിന്നിലും കാര്‍ട്ടൂണ്‍ ചാനലുകളിലെ കഥാപാത്രങ്ങളാണു പ്രധാനവില്ലന്മമാര്‍. മാതാപിതാക്കളോടു രണ്ടു ചോദ്യം

കുട്ടികളെക്കുറിച്ചു പരാതിയുമായെ ത്തുന്ന അച്ഛനോടും അമ്മയോടും മാനസികരോഗവിദ്ഗദ്ധര്‍ രണ്ടു ചോദ്യം ചോദിക്കാറുണ്ട്.

1. മക്കളോടൊപ്പം നിങ്ങള്‍ കളിക്കാറുണ്ടോ ?

2. മക്കള്‍ക്കു നിങ്ങള്‍ കഥ പറഞ്ഞുകൊടുക്കാറുണ്ടോ ?

ഇല്ലെന്നോ ? വല്ലപ്പോഴുമെന്നുമാണ് ഉത്തരമെങ്കില്‍ കുട്ടി സ്ഥിരം കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ലോകത്താണെന്നു പരാതി പറയാന്‍ മാതാപിതാക്കള്‍ക്കു ധാര്‍മിക അവകാശമില്ല. പാവയ്ക്കു കീ കൊടുത്ത രീതിയില്‍ വലിഞ്ഞുമുറുകി സ്കൂളില്‍ നിന്നെത്തുന്ന കുട്ടിക്കു മനസിന്റെയും ശരീരത്തിന്റെയും കെട്ട് ഒന്നഴിച്ചു വിടണം. അതിനു കുട്ടി ടിവിക്കു മുമ്പിലിരിക്കുന്നതില്‍ ഒരു തെറ്റുമില്ല.

എന്തുകൊണ്ടു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ?

കുട്ടിയുടെ മനസും ശരീരവും ശ്രദ്ധയും സമയവുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിത വേഗത്തില്‍ നീങ്ങുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളുമാണ് കുട്ടികള്‍ ഇഷ്ടപ്പെടുക. ഇഴഞ്ഞുനീങ്ങുന്ന സീരിയല്‍ കഥാപാത്രങ്ങളെ ആസ്വദിക്കാനുള്ള ക്ഷമ കുട്ടിക്കില്ല. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുള്ള (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹയ്പ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍)കുട്ടികളില്‍ ഈ ക്ഷമ വളരെ കുറവായിരിക്കും.ഭാവനയുടെ ലോകത്തു പറക്കാനാണു (മാജിക്കല്‍ തിങ്കിങ്) പൊതുവെ കുട്ടിക്കിഷ്ടം. മൃഗങ്ങള്‍ സംസാരിക്കുന്നതും അവ ജയിക്കുന്നതും തോല്‍ക്കുന്നതുമെല്ലാം കുട്ടിക്കു രസിക്കും. പെന്‍സില്‍ താഴെ വീണാല്‍ അതിനു വേദനിക്കുമല്ലോയെന്നാവും കുട്ടി ചിന്തിക്കുക.

മാനസികവും ശാരീരികവും

ടെലിവിഷനു മുന്നില്‍ ഏറെ നേരം ചെലവിടുന്നതു മാനസികവും ശാരീരികവും ആയി കുട്ടികളെ ബാധിക്കും. കനേഡിയന്‍ ടോയി ടെസ്റ്റിങ് കൌണ്‍സില്‍ നാലുമുതല്‍ 12 വയസുവരെയുള്ള കുട്ടികളെ പഠനവിധേയരാക്കി. നാലു മുതല്‍ ആറുവയസുവരെയുള്ള കുട്ടികളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ പോലെയുള്ളവയും പരസ്യങ്ങളും ഏറെ സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തി. എട്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കു പരസ്യങ്ങളും കാര്‍ട്ടൂണുകളും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയുവാന്‍ കഴിയുമായിരുന്നില്ല. 'ഇതു യഥാര്‍ത്ഥ പ്രകടനമല്ല , അല്ലെങ്കില്‍ 'പരിശീലനം സിദ്ധിച്ചവര്‍ മാത്രം ചെയ്യുന്ന പ്രകടനം എന്നിങ്ങനെയുള്ള നിയമപരമായ മുന്നറിയിപ്പുകള്‍ കുട്ടികള്‍ കണ്ടതാ യിപ്പോലും ഓര്‍ക്കുന്നുണ്ടായിരുന്നില്ല.തിന്മ ചെയ്യുന്നവരെ നശിപ്പിക്കാം അല്ലെങ്കില്‍ നിര്‍ദാക്ഷിണ്യം വധിക്കാം എന്ന സന്ദേശം കാര്‍ട്ടൂണ്‍ കഥാ പാത്രങ്ങള്‍ പലതും കുട്ടികള്‍ക്കു നല്‍കുന്നുണ്ട്. 'ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരു ചിത്രം എന്നു ചൊല്ല്. അതിലും അതിശക്തമാണു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എന്നൊരു ഭേദഗതി കൂടി അതിനോടു ചേര്‍ക്കാം. പെനിസില്‍ വാനിയ സ്കൂള്‍ ഓഫ് മെഡിസിനിലെ പീഡിയാട്രിക് സൈക്കോള ജിസ്റ്റ് സ്റ്റീഫന്‍ എസ്. ലെഫ് കുട്ടികളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്വാധീനത്തെ ക്കുറിച്ചു പഠനം നടത്തി

ഫിലാഡല്‍ഫിയയിലെ ഗ്രാമങ്ങളിലെ വിദ്യാര്‍ഥിനികളിലായിരുന്നു ഈ പഠനം. കാര്‍ട്ടൂണ്‍ ഭ്രമമുള്ള പെണ്‍കുട്ടികള്‍ കൂടുതല്‍ ദേഷ്യം പ്രകടിപ്പിക്കുന്നതായി തെളിഞ്ഞു. ഗോസിപ്പ്, സൌഹൃദം പിന്‍വലിക്കല്‍ എന്നിവയും ഇവരില്‍ കൂടുതലായിരുന്നു.ടെലിവിഷനു മുന്നിലുള്ള ഈ ഇരിപ്പ് ശാരീരികമായും പ്രതികൂലമായി ബാധിക്കും. കുട്ടികളില്‍ വ്യായാമം കുറയുന്നതുമൂലം അമിതവണ്ണം ഉണ്ടാകും. കാനഡ ഹാര്‍ട്ട് ആന്‍ഡ് സ്ട്രോക് ഫൌണ്ടേഷന്റെ ഒരു പഠനത്തിനിടയില്‍ ഏഴുവയസിനും 12 വയസിനുമിടയിലുള്ള നാലു കുട്ടികളില്‍ ഒരാള്‍ക്കു  അമിതവണ്ണമുണ്ടെന്നു കണ്ടെത്തി.

മാതാപിതാക്കള്‍ ചെയ്യേണ്ടത്

ടിവി പരിപാടികള്‍ കാണാന്‍ കൃത്യ സമയം അനുവദിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ദിവസവും ഒരു മണിക്കൂര്‍ ടിവി കണ്ടോളൂ എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞിട്ടുകാര്യമില്ല. അഞ്ചുമുതല്‍ ആറുവരെയാണു സമയം തീരുമാനിച്ചതെങ്കില്‍ കൃത്യം ആറുമണിക്കു കുട്ടി ടിവി കാണല്‍ നിര്‍ത്തണം.

വേറൊരു പ്രോഗ്രാമിന്റെ തുടക്കം കാണാന്‍ അഞ്ചു മിനിട്ടുകൂടി അല്ലെങ്കില്‍ കൂടുതല്‍ സമയം പഠിച്ചോളാം അതിനു പകരമായി 15 മിനിറ്റു കൂടി കാര്‍ട്ടൂണ്‍ കണ്ടോട്ടെ എന്ന രീതിയില്‍ സൌജന്യം അനുവദിച്ചു കൊടുക്കരുത്.ഏതു പരിപാടികള്‍ കാണണമെന്നതിനും സമയക്രമം തീരുമാനിക്കുന്നതിനും കുട്ടികളുമായി തുറന്ന ചര്‍ച്ചയാകാം. പക്ഷേ, ചിട്ട പാലിക്കുന്നതില്‍ ഇളവുകള്‍ പാടില്ല.

ഈ കുറുക്കു വഴി തെറ്റ്

ടിവി തുറന്ന് ഇഷ്ടപ്പെട്ട പരിപാടി കാണുന്നതിനിടയില്‍ ഒരുരുള ചോറു സൂത്രത്തില്‍ കുട്ടിയുടെ വായിലേക്ക്. കുട്ടികളെ ആഹാരം കഴിപ്പിക്കാന്‍ മിക്ക അമ്മമാരുടെയും എളുപ്പമാര്‍ഗം. ഈ കുറുക്കുവഴി തെറ്റ്, തെറ്റ്, തെറ്റ്.ടിവി പരിപാടി കാണിച്ചു ഭക്ഷണം കഴിപ്പിക്കുന്ന അമ്മമാര്‍ക്കു പറയാന്‍ ഒട്ടേറെ കാര്യങ്ങളുണ്ടാകും.

ആഹാരവുമായി കുട്ടിയുടെ പുറകേ ഓടി മടുത്തു. എന്നാലു കഴിക്കുകയില്ല. മാത്രമല്ല, സോഫയും മുറിയുമെല്ലാം വൃത്തികേടാക്കും. ടിവിയുടെ മുന്നിലാകുമ്പോള്‍ ഒരു സ്ഥലം മാത്രം വൃത്തിയാക്കിയാല്‍ മതി. മനഃശാസ്ത്രജ്ഞര്‍ പറയുന്നതു കേട്ടോളൂ. ആഹാരം അതിന്റെ നിറം കണ്ട് മണവും രുചിയും ആസ്വദിച്ചു കഴിക്കേണ്ടതാണ്. ടിവി പരിപാടിയുടെ ആവേശത്തില്‍ ആഹാരം വിഴുങ്ങുമ്പോള്‍ ഈ രസങ്ങളൊന്നും കുട്ടിക്കു കിട്ടില്ല.

ടിവി പരിപാടിയൊന്നും കാണാതെ ആഹാരം കഴിക്കുമ്പോള്‍ മധുരവും എരിവുമെല്ലാം കുട്ടി നന്നായി ആസ്വദിക്കും. മാതാപിതാക്കള്‍ അല്‍പം ബുദ്ധിമുട്ടിയാലും ടിവി പ്രോഗ്രാമും ആഹാരം കഴിക്കുന്നതുമായി ഒരിക്കലും ബന്ധപ്പെടുത്തരുത്.കാര്‍ട്ടൂണ്‍ ചാനല്‍ കാണരുത് എന്നു കുട്ടികളെ വിലക്കിയാല്‍ മാത്രം പോര.

അവര്‍ക്കു പകരം "സമാശ്വാസ വിനോദം" അനുവദിക്കണം. ഔട്ടഡോര്‍ ഗെയിംസ് കളിക്കാന്‍ മാതാപിതാക്കള്‍ ഒപ്പം കൂടണം. അങ്ങനെ മാതാപിതാ ക്കള്‍കുട്ടികളുമായി അവരുടെ ഒപ്പം കൂടി കളിക്കുമ്പോള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങ ളോടുള്ള ആരാധന കുറയുമെന്നു മാത്രമല്ല ജീവിതത്തില്‍ മാതാപിതാക്കളെ പോലെയുള്ള വര്‍ക്കും തോല്‍വി പറ്റാമെന്ന പാഠവും കുട്ടി പഠിക്കും.

അപകടം ക്ഷണിക്കും അനുകരണം

ചാനലുകളിലെ കാര്‍ട്ടൂണ്‍കഥാപാത്രങ്ങളെ അനുകരിച്ചു കുട്ടികള്‍ അപകടത്തില്‍പ്പെട്ടു മരിക്കുന്നതും പരുക്കു പറ്റുന്നതും ഓരോ വര്‍ഷം കഴിയും തോറും കൂടിയിട്ടുണ്ട്. മധ്യവേനല്‍ അവധിക്കാലത്ത് ഇത്തരം അപകടങ്ങള്‍ കൂടും.എയ്ഡഡ് സ്കൂളുകളിലെ കുട്ടികള്‍ക്ക് അപകടമരണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഷുറന്‍സു നല്‍കാന്‍ കണക്ക് എടുത്തപ്പോഴാണു കാര്‍ട്ടൂണ്‍ കഥാപാത്ര അനുകരണം കൊണ്ടുള്ള അപകടങ്ങളും കൂടിയതായി മനസിലായത്.

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate