Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കുട്ടികളുടെ ചര്‍മ പരിചരണം

കുട്ടികളുടെ ചര്‍മ പരിചരണം: അമ്മമാരുടെ 10 ചോദ്യങ്ങള്‍

ഡോക്ടര്‍മാരോട് ചോദിക്കാന്‍ അമ്മമാര്‍ സദാ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങളുണ്ട്. പക്ഷേ, ഡോക്ടര്‍മാരുടെ തിരക്ക് കാരണം പലപ്പോഴും അവര്‍ക്ക് ചോദിക്കാന്‍ പേടിയാണ്. നവജാതശിശുക്കളുടെയും കുട്ടികളുടെയും ചര്‍മ പരിചരണവുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങളില്‍ ധാരാളം ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഇന്നും നിലനില്‍ക്കുന്നുണ്ട്്. ഇത്തരം ആധികള്‍ പരിഹരിക്കാന്‍ നിങ്ങളുടെ ത്വഗ്രോഗ വിദഗ്ധന് കഴിയും. അത്തരം പത്ത് ചോദ്യങ്ങളും അവക്കുള്ള മറുപടിയും ഇതാ..

ഏതുതരം ചര്‍മപരിചരണ, സൗന്ദര്യ വര്‍ധക വസ്തുക്കളാണ് കുട്ടിക്ക് വേണ്ടത്


നവജാതശിശുക്കള്‍ക്കും കുട്ടികള്‍ക്കും സോപ്പും ഡിറ്റര്‍ജന്‍റും അടങ്ങാത്ത, പി.എച്ച് മൂല്യം 5.5 ഉള്ള ദ്രവരൂപത്തിലുള്ള ക്ലീന്‍സറുകളാണ് നല്ലത്. പ്രത്യേകിച്ച് കുഞ്ഞിന്‍റേത് വരണ്ട ചര്‍മമോ എക്സിമ ഉള്ള ചര്‍മമോ ആണെങ്കില്‍. അധിക ചര്‍മരോഗ വിദഗ്ധരും സെറ്റഫില്‍ ഉല്‍പന്നങ്ങളാണ് നിര്‍ദേശിക്കാറ്. കുളിപ്പിക്കുന്ന വെള്ളത്തില്‍ സുഗന്ധമില്ലാത്ത കുളിയെണ്ണകള്‍ ചേര്‍ക്കാവുന്നതാണ്. സീസെയിം ഓയില്‍, അവീനോ ബാത്ത് ഓയില്‍ എന്നിവ മികച്ച കുളിയെണ്ണകളാണ്. പതപ്പിച്ചുള്ള കുളിയാണെങ്കില്‍ (ബബ്ബ്ള്‍ ബാത്ത്) അതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളും സുഗന്ധദ്രവ്യങ്ങളും ചെറിയ കുട്ടികളുടെ ജനനേന്ദ്രിയ ഭാഗങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കാമെന്നതിനാല്‍ പതിവാക്കാതിരിക്കുന്നതാണ് നല്ലത്. എസ്.എല്‍.എസ് അടങ്ങാത്ത ബേബി ഷാംപുകള്‍ കണ്ണില്‍ എരിച്ചിലും വെള്ളമൊഴുക്കലും ഉണ്ടാക്കില്ല. അതിനാല്‍ ദിവസവും ഉപയോഗിക്കാന്‍ സുരക്ഷിതവുമാണ്. സസ്യ എണ്ണയോ ലാനോലിനോ അടങ്ങിയ മോയിസ്ചറൈസറുകള്‍ ഗന്ധമില്ലാത്തതായിരിക്കണം. വേനല്‍ക്കാലത്ത് ലോഷനുകളും തണുപ്പുകാലത്ത് ക്രീമുകളും ഉപയോഗിക്കുക. ബ്ലാന്‍ഡ് പെട്രോളിയം ജെല്ലി അല്ലെങ്കില്‍ കൊക്കോ ബട്ടര്‍ എന്നിവ വിഷമുക്തവും സംരക്ഷകങ്ങള്‍ ചേര്‍ക്കാത്തതുമാണ്. അതുകൊണ്ട് തന്നെ ഇവ സെന്‍സിറ്റീവായ ചര്‍മക്കാര്‍ക്കും യോജിച്ചതാണ്.

ആറുമാസത്തില്‍ കുറഞ്ഞ പ്രായമുള്ള കുട്ടികള്‍ക്ക് സാധാരണ ഡോക്ടര്‍മാര്‍ സണ്‍സ്ക്രീന്‍ ശിപാര്‍ശ ചെയ്യാറില്ല. രണ്ട് വയസ്സുവരെ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. പുറത്തുപോകുമ്പോള്‍ കുട്ടിയെ തൊപ്പി അണിയിക്കുകയോ കുട ചൂടിക്കുകയോ ചെയ്യാം. സുഖകരമായ, ഭാരം കുറഞ്ഞ, വായുസഞ്ചാരം നല്‍കുന്ന ഫുള്‍ സ്ലീവ് വസ്ത്രങ്ങളാണ് അനുയോജ്യം. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കലാമിന്‍ അല്ലെങ്കില്‍ സിങ്ക് അടിസ്ഥാനമായ സണ്‍സ്ക്രീന്‍ ഉപയോഗിക്കാം. രണ്ട് വയസ്സിന് ശേഷം കുട്ടികള്‍ക്ക് അനുയോജ്യമായ സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കാം. ഡയപ്പര്‍ ധരിക്കുന്ന ഭാഗത്തെ ഈര്‍പ്പം വലിച്ചെടുക്കാന്‍ ടാല്‍ക്കം പൗഡര്‍ സഹായിക്കും. ചര്‍മമടക്കുകള്‍ അഴുകുന്നത് പ്രതിരോധിക്കാന്‍ ഇത് സഹായിക്കും. ടാല്‍ക്കം പൗഡറുകളില്‍ അടങ്ങിയിരിക്കുന്ന ബോറിക് ആസിഡ് കുട്ടികളില്‍ ഛര്‍ദ്ദി, വയറിളക്കം, ശ്വാസകോശത്തില്‍ നീര്‍വീക്കം, അപസ്മാരം  എന്നിവയുണ്ടാക്കും. ടാല്‍ക്കം പൗഡര്‍ കുട്ടികള്‍ ശ്വസിക്കാനിടയാകുന്നത് അപകടമുണ്ടാക്കുമെന്നതിനാല്‍ പൗഡര്‍ പഫ് ഉപയോഗിക്കരുത്. കഴുത്തിലും കക്ഷത്തും പൗഡര്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ കൈവിരല്‍ കൊണ്ട് പുരട്ടുക.

കുട്ടിയെ എണ്ണ തേപ്പിക്കണോ


തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടുവരുന്ന ഒരു രീതിയാണ് കുട്ടികളെ എണ്ണ തേച്ച് മസാജ് ചെയ്യല്‍. മാതാവും കുട്ടിയും തമ്മിലെ വൈകാരിക ബന്ധം മെച്ചപ്പെടുന്നതിന് സഹായിക്കുന്ന മികച്ച രീതിയാണിത്. മാത്രമല്ല, ഇതിന് പലവിധ ആരോഗ്യ ഗുണങ്ങളുമുണ്ട്. കുട്ടിയുടെ പേശികള്‍, സന്ധികള്‍ എന്നിവ ശക്തിപ്പെടുക, ദഹനം മെച്ചപ്പെടുക, വയറുവേദന, പല്ലുവേദന എന്നിവയില്‍നിന്ന് ആശ്വാസം ലഭിക്കുക, ഉറക്കം മെച്ചപ്പെടുക, രക്തപ്രവാഹം മെച്ചപ്പെടുക, അണുബാധകള്‍ക്കെതിരായ പ്രതിരോധശേഷി രൂപപ്പെടുക തുടങ്ങിയവ അവയില്‍ ചിലതാണ്. ശിശുക്കളെ എണ്ണ തേപ്പിക്കുന്ന രീതി കുടുംബത്തിലെ മുതിര്‍ന്ന അംഗത്തില്‍നിന്ന് പഠിച്ചെടുക്കാം. അല്ലെങ്കില്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമായ നിരവധി വിഡിയോകള്‍ നോക്കി പഠിക്കുകയും ചെയ്യാം. സാധാരണ ചര്‍മമാണ് കുട്ടിയുടേതെങ്കില്‍ മിനറല്‍ ഓയില്‍ ഉപയോഗിക്കുക. വരണ്ട ചര്‍മമാണെങ്കില്‍ ഒലീവ് എണ്ണയോ ബദാം എണ്ണയോ ഉപയോഗിക്കാം. കുട്ടിയുടെ ചെവിയില്‍ എണ്ണ കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എണ്ണതേപ്പിച്ചശേഷം കുട്ടിയെ കുളിപ്പിച്ച് അധികമുള്ള എണ്ണമയം നീക്കണം.

എന്‍െറ കുട്ടിക്ക് ജനിച്ചപ്പോള്‍ തന്നെ ശരീരം മുഴുവന്‍ രോമമുണ്ട്. ഇത് മാറ്റാന്‍ എന്താണ് ചെയ്യേണ്ടത്


എല്ലാ കുട്ടികളും ജനിക്കുന്നത് നേര്‍ത്ത ലാനുഗോ എന്ന രോമത്തോടുകൂടിയാണ്. ചൂടുള്ള അംനിയോട്ടിക് ദ്രവത്തില്‍ കിടക്കുന്ന ഭ്രൂണത്തിന്‍െറ ചര്‍മം ചുക്കിച്ചുളിയുന്നതില്‍നിന്ന് ഇതാണ് സംരക്ഷണം നല്‍കുന്നത്. ഈ രോമം കുട്ടി ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍തന്നെ താനേ പൊഴിഞ്ഞുപോവും. എന്നാല്‍, ചില കുട്ടികളില്‍ ഇത് രണ്ടോ മൂന്നോ വയസ്സുവരെ നിലനില്‍ക്കും. പ്രത്യേകിച്ച് അമിതമായ ശരീരരോമങ്ങളുള്ളവരുടെ കുടുംബങ്ങളിലെ കുട്ടികളില്‍. ചില ഏഷ്യന്‍ രാജ്യങ്ങളിലെ അമ്മമാര്‍ പൊടിയും പാലും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ബദാം എണ്ണയും യോജിപ്പിച്ച് കുട്ടിയുടെ ചര്‍മത്തില്‍ പുരട്ടി ഈ രോമം നീക്കുന്നതായി കണ്ടിട്ടുണ്ട്. ഇതൊരു താല്‍ക്കാലിക മാര്‍ഗം മാത്രമാണ്. ഇങ്ങനെ ഓരോതവണ നീക്കിക്കഴിഞ്ഞാലും രോമം വീണ്ടും വരും. മാത്രമല്ല, ഇത് കുട്ടിയുടെ സെന്‍സിറ്റീവായ ചര്‍മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യാം. അതുകൊണ്ടു തന്നെ ത്വഗ്രോഗ വിദഗ്ധര്‍ ഈ രീതി പ്രോത്സാഹിപ്പിക്കാറില്ല.

ഡയപ്പര്‍ ഉപയോഗിക്കുന്ന ശരിയായ രീതി എങ്ങനെയാണ്


ജലാംശം വലിച്ചെടുക്കാത്ത ഡയപ്പര്‍ ഉപയോഗിക്കുക, ദീര്‍ഘനേരം ഒരേ ഡയപ്പര്‍ തന്നെ ഉപയോഗിക്കുക, ഡയപ്പര്‍ ധരിക്കുന്ന ഭാഗം വൃത്തിയായും ഉണക്കിയും സൂക്ഷിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഡയപ്പര്‍ റാഷ് ഉണ്ടാകുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഡിസ്പോസബിള്‍ ഡയപ്പറുകളിലും ബേബി വെറ്റ് വൈപ്പുകളിലും സുഗന്ധത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും തുണി ഡയപ്പര്‍ കഴുകാന്‍ ഉപയോഗിക്കുന്ന ഡിറ്റര്‍ജന്‍റുകളും കുട്ടിയില്‍ അലര്‍ജിയുണ്ടാക്കാം. കൃത്യമായ ഇടവേളകളില്‍ ഡയപ്പര്‍ മാറ്റുക, ഡയപ്പര്‍ ധരിക്കുന്ന ഭാഗം വൃത്തിയായും ഉണക്കിയും സൂക്ഷിക്കുക എന്നിവയാണ് നല്ല പ്രതിരോധമാര്‍ഗം. കുട്ടിക്ക് ഡയപ്പര്‍ റാഷ് ഉണ്ടെങ്കില്‍ മരുന്ന് കടയില്‍നിന്ന് ഡെസിറ്റിന്‍ ഡയപ്പര്‍ റാഷ് ക്രീം (ഉദാ: റാഷ് ഫ്രീ ക്രീം) വാങ്ങി പ്ലെയിന്‍ സിങ്ക് പേസ്റ്റിനൊപ്പം  ഉപയോഗിക്കുക. അല്‍പം വലുപ്പം കൂടുതലുള്ള ഡയപ്പര്‍ ഉപയോഗിക്കുക. അതുപോലെ എല്ലാ ദിവസവും കുറച്ച് മണിക്കൂര്‍ കുട്ടിയുടെ പൃഷ്ടഭാഗത്ത് വായുസഞ്ചാരം ലഭ്യമാക്കുക. അണുബാധയുണ്ടെങ്കില്‍ ത്വഗ് രോഗ വിദഗ്ധനെ സമീപിക്കുക. കുറച്ചുദിവസം ആന്‍റി ഫംഗല്‍ ക്രീമുകള്‍ ഉപയോഗിച്ചാല്‍ ഭേദമാക്കാവുന്നതേയുള്ളൂ ഇത്.

കുഞ്ഞിന്‍റെ പല്ലിനും മോണക്കും എങ്ങനെയാണ് സംരക്ഷണം നല്‍കേണ്ടത്


കുട്ടികളെ ചെറിയ പ്രായത്തില്‍തന്നെ ആരോഗ്യകരമായ വായ ശുചിത്വ ശീലങ്ങള്‍ പഠിപ്പിക്കണം. ആറ് മാസത്തില്‍ കുറഞ്ഞ പ്രായമുള്ള കുഞ്ഞിന്‍റെ നാവും മോണയും നിങ്ങളുടെ ചൂണ്ടുവിരലില്‍ വൃത്തിയുള്ള നനഞ്ഞ തുണി ചുറ്റിവേണം വൃത്തിയാക്കാന്‍. ദന്തവലയങ്ങളും പതിവായി വൃത്തിയാക്കണം. ആദ്യമായി പല്ല് മുളച്ചു തുടങ്ങുമ്പോള്‍ പേസ്റ്റില്ലാതെ മൃദുവായ നാരുകളുള്ള ബ്രഷ് ഉപയോഗിച്ച് തേച്ച് കൊടുക്കുക. അതോടൊപ്പം വൃത്തിയുള്ള നനഞ്ഞ തുണികൊണ്ട് മോണയും പല്ലും മസാജ് ചെയ്യുന്നത് തുടരുകയും ചെയ്യുക. ഒരു വയസ്സാകുമ്പോള്‍ ദന്തഡോക്ടറെ കാണിക്കണം. പല്ലിന്മേലുള്ള വെളുത്തതോ തവിട്ട് നിറത്തിലുള്ളതോ ആയ പാടുകള്‍ ദന്തക്ഷയത്തിന്‍െറ സൂചനയാണ്. ഇങ്ങനെ കണ്ടാല്‍ ഉടന്‍ ചികിത്സ തേടേണ്ടതുണ്ട്. ഇല്ലെങ്കില്‍ അത് സ്ഥിരദന്തങ്ങളെപ്പോലും കേടുവരുത്തും. ദന്തഡോക്ടറുടെ നിര്‍ദേശപ്രകാരം ഒന്നരവയസ്സു മുതല്‍ ഫ്ലൂറൈഡ് അടങ്ങിയതോ അല്ലാത്തതോ ആയ ബേബി ടൂത്ത് പേസ്റ്റുകള്‍ ഉപയോഗിച്ച് തുടങ്ങാം. വായില്‍ കുപ്പിപ്പാലോ പാനീയങ്ങളോ വെച്ച് കുട്ടിയെ ഉറങ്ങാന്‍ അനുവദിക്കരുത്. മൂന്ന് വയസ്സോടുകൂടി കുട്ടിയുടെ കുപ്പിപ്പാല്‍ കുടിക്കല്‍, വിരല്‍ വായിലിടല്‍ തുടങ്ങിയ ശീലങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണം. ദിവസവും രണ്ടുപ്രാവശ്യം പല്ല് തേപ്പിക്കണം. അതേസമയംതന്നെ കുട്ടി പേസ്റ്റ് വിഴുങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. 6-7 വയസ്സോടെ കുട്ടിക്ക് സ്വയം പല്ല് തേക്കാനാവും.

എന്‍െറ മോളുടെ മുടി ധാരാളം കൊഴിയുന്നുണ്ട്. ഇതിന് എന്താണ് പരിഹാരം


ദിവസത്തില്‍ 100 മുടിയിഴകള്‍ പൊഴിയുക എന്നത് കുട്ടികളുടെ കാര്യത്തില്‍ സ്വാഭാവികമാണ്. മാത്രമല്ല അധികമായി മുടി കൊഴിയുന്നു എന്ന മാതാപിതാക്കളുടെ ഭയപ്പാടില്‍ പത്തില്‍ ഒമ്പതും പെരുപ്പിച്ച് കാണിക്കുന്നതുമാണ്. എന്നാല്‍, അസുഖങ്ങള്‍ക്ക് ശേഷമുള്ള കാലത്തും മാനസിക പിരിമുറുക്കമുള്ളപ്പോഴും കുട്ടികളില്‍ താല്‍ക്കാലികമായ മുടി കൊഴിച്ചില്‍ കാണാറുണ്ട്. വിളര്‍ച്ച, പോഷകാഹാരക്കുറവ്, തൈറോയ്ഡ് പ്രശ്നങ്ങള്‍ തുടങ്ങിയവ കുട്ടികളില്‍ മുടികൊഴിച്ചിലിന് ഇടയാക്കാം. തലയോട്ടിയിലെ ഫംഗല്‍ അണുബാധ, ഡിഫ്യൂസ് അലോപേഷ്യ എരിയേറ്റ എന്ന രോഗാവസ്ഥ എന്നിവയും മുടികൊഴിച്ചിലിന് കാരണമാകാം. ഒരു ത്വഗ്രോഗ വിദഗ്ധനേ ഈ രണ്ട് അവസ്ഥയും കണ്ടെത്തി പരിഹരിക്കാന്‍ കഴിയൂ. കാന്‍സര്‍, ട്രൈക്കോട്ടില്ലോമാനിയ (മുടി വലിക്കുന്നത് നിയന്ത്രിക്കാനാവാത്ത അവസ്ഥ) എന്നിവയും അപൂര്‍വമായി കുട്ടികളില്‍ മുടി കൊഴിയാന്‍ ഇടയാക്കാം. ക്ലിപ്പുകള്‍, റബര്‍ ബാന്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പോണിടെയില്‍ പോലെയും മറ്റും മുടി മുറുക്കിക്കെട്ടുന്നതിന്‍െറ ഫലമാണ് ചെറിയ കുട്ടികളിലെ ഒട്ടുമിക്ക മുടി കൊഴിയില്‍ പ്രശ്നങ്ങളും.

പ്രാണികളെ അകറ്റുന്നതിനുള്ള ക്രീമുകളില്‍ ഏത് തരത്തിലുള്ളവയാണ് കുട്ടികള്‍ക്ക് ഉപയോഗിക്കാനാവുന്നത്


പ്രാണികളെ അകറ്റുന്നതിനുള്ള ക്രീമുകളില്‍ ഡി.ഇ.ഇ.റ്റി  എന്ന കീടനാശിനി അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളില്‍ ദൈനംദിന ഉപയോഗത്തിന് സുരക്ഷിതമല്ല. അതുകൊണ്ട് ഇത്തരം ക്രീമുകള്‍ക്ക് പകരം ജൈവ ബദലുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ കുട്ടികള്‍ക്കായി പ്രാണികളെ അകറ്റുന്ന ബ്രെയ്സ്ലെറ്റ് വാങ്ങാം. ഇനി വീട്ടില്‍ ഇത്തരം ലോഷന്‍ ഉണ്ടാക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുകയുമാവാം. നാരങ്ങ നീര്, ആപ്പിള്‍ സിഡെര്‍ വിനാഗിരി അല്ലെങ്കില്‍ തിളച്ച വെള്ളത്തില്‍ വിച്ച് ഹെയ്സല്‍ 1:1 എന്ന അനുപാതത്തില്‍ ലയിപ്പിച്ചത് എന്നിവ ഇത്തരം ഹോംമേയ്ഡ് ലോഷന് അടിസ്ഥാന വസ്തുവായി ഉപയോഗിക്കാം. ഇതിലേക്ക് 15 തുള്ളി വീതം യൂക്കാലിപ്റ്റസ് എണ്ണ (മൂന്ന് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക്), കര്‍പ്പൂര എണ്ണ, സിട്രോണെല്ല, പുല്‍ത്തൈലം, പെപ്പര്‍മിന്‍റ് എണ്ണ, ആര്യവേപ്പ് എണ്ണ എന്നിവ ചേര്‍ക്കുക. ഈ ഹോംമെയ്ഡ് ലോഷന്‍ ഒരു സ്പ്രേ കുപ്പിയില്‍ സൂക്ഷിച്ചുവെച്ചാല്‍ ഉപയോഗിക്കാനും എളുപ്പമാണ്.

കുട്ടിയുടെ കാത് കുത്തേണ്ടത് എപ്പോഴാണ്


എത്ര നേരത്തേ ചെയ്യാമോ അത്ര നല്ലത്. 4-8 മാസത്തില്‍ കാത് കുത്തുകയാണെങ്കില്‍ കുട്ടികള്‍ക്ക് അത് വലിയ പ്രയാസമുണ്ടാക്കില്ല. മാത്രമല്ല, അപകടം കൂടാതെ എളുപ്പത്തില്‍ കാത് കുത്താനുമാവും. കാത് കുത്തുന്നത് വഴി ചര്‍മത്തില്‍ ഉണ്ടാകുന്ന മുറിവ് നവജാതശിശുക്കളില്‍ വേഗത്തില്‍ സുഖപ്പെടുകയും ചെയ്യും. കുട്ടിക്ക് രണ്ട് ടെറ്റനസ് കുത്തിവെപ്പുകള്‍ ലഭിക്കേണ്ടതുകൊണ്ട് കുറഞ്ഞത് നാല് മാസം വരെ കാത് കുത്താന്‍ കാത്തിരിക്കുക. കാതില്‍ കുത്തേണ്ട ഭാഗവും രൂപവുമൊക്കെ ആദ്യം അടയാളപ്പെടുത്തിയശേഷം പൂര്‍ണ തൃപ്തിയുണ്ടെങ്കില്‍ മാത്രമേ കാത് തുളക്കാവൂ. സ്വര്‍ണം, ടൈറ്റാനിയം, നിക്കല്‍ അടങ്ങാത്ത സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയാല്‍ നിര്‍മിക്കപ്പെട്ട കമ്മലുകളാണ് കൂടുതല്‍ സുരക്ഷിതം. കാത് കുത്തിയശേഷമുള്ള ഒരാഴ്ച മുറിവുള്ള ഭാഗം ആല്‍ക്കഹോള്‍ അടങ്ങിയ പഞ്ഞികൊണ്ട് വൃത്തിയാക്കി ആന്‍റിബയോട്ടിക് ക്രീം പുരട്ടണം. തുടക്കത്തിലിട്ട കമ്മല്‍ കുറഞ്ഞത് രണ്ടുമാസമെങ്കിലും ഉപയോഗിക്കണം. കാരണം കാത് കുത്തിയ ഭാഗത്തെ ചര്‍മം സുഖപ്പെടുമ്പോള്‍ ചുരുങ്ങാനിടയുണ്ട്. തണ്ടിന് കനമുള്ളതിനാല്‍ മൊട്ടുപോലുള്ളതോ വളയം പോലുള്ളതോ ആയ കമ്മലുകളാണ് ദ്വാരം ചുരുങ്ങാതിരിക്കാനും അടയാതിരിക്കാനും നല്ലത്. കാത് കുത്തി രണ്ട് ദിവസത്തിനുശേഷവും നീര്, ചുവപ്പ്, വേദന, പഴുപ്പ് എന്നിവ  കണ്ടാല്‍ ത്വഗ്രോഗ വിദഗ്ധനെ സമീപിക്കുക.

എല്ലാ വേനല്‍ക്കാലത്തും കുട്ടിയുടെ ശരീരത്തില്‍ ചൂടുകുരു ഉണ്ടാകുന്നു


വേനല്‍ക്കാലത്ത് കുട്ടിയുടെ ചര്‍മത്തില്‍ അമിതമായി ചൂട് അനുഭവപ്പെടുമ്പോള്‍ ചര്‍മത്തിന്‍െറ മടക്കുകള്‍, പുറം എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ, ചുവന്ന, ചൊറിച്ചിലുണ്ടാക്കുന്ന കുരുക്കളാണ് ചൂട് കുരു എന്ന് അറിയപ്പെടുന്നത്. വേനല്‍ക്കാലത്ത് കുട്ടി ഒന്നിലധികം വസ്ത്രങ്ങള്‍ മേല്‍ക്കുമേല്‍ അണിയുന്നത് ഒഴിവാക്കണം. വേനലില്‍ കുട്ടിയുടെ ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ക്രീമിനുപകരം ലോഷനുകള്‍ ഉപയോഗിക്കുക. വേപ്പറൈസിങ് കഫ് റബുകള്‍ ശരീരത്തില്‍ പുരട്ടുന്നതും ഒഴിവാക്കണം. ഇത് ചൂടുകുരു വര്‍ധിപ്പിക്കും. കുട്ടിയുടെ ശരീരം അമിതമായി ചൂടാകുന്നുണ്ട് എന്നതിന്‍െറ ലക്ഷണമാണ് ചൂടുകുരു. അതുകൊണ്ട് കുട്ടിയെ തണുപ്പുള്ള അന്തരീക്ഷത്തില്‍ കഴിയാന്‍ അനുവദിക്കുക. സൂര്യാതപം ഒഴിവാക്കാന്‍ ധാരാളം ജ്യൂസും വെള്ളവുമൊക്കെ കുട്ടിയെ കുടിപ്പിക്കുക. ഒരു സ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ത്ത തണുത്ത വെള്ളത്തില്‍ വേണം കുട്ടിയെ കുളിപ്പിക്കാന്‍. ചര്‍മത്തില്‍ മുറിവും പോറലും ഒഴിവാക്കാന്‍ വിരല്‍ നഖങ്ങള്‍ വെട്ടിനിര്‍ത്തണം. ചൂടുകുരു ഉള്ള ഭാഗത്ത് അസ്വസ്ഥത കുറയ്ക്കാന്‍ കലാമിന്‍ ലേഷന്‍ ഉപയോഗിക്കാം.

എന്‍െറ മകളുടെ ശരീരത്തിലുള്ള മറുക് അവളെ വല്ലാതെ അസ്വസ്ഥയാക്കുന്നു


ശാരീരിക ന്യൂനതകളെക്കുറിച്ച് കുട്ടികള്‍ അസ്വസ്ഥരാകുന്നത് പലപ്പോഴും മാതാപിതാക്കള്‍ അതേക്കുറിച്ച് ആധിപിടിക്കുമ്പോഴാണ്. ആവശ്യമെങ്കില്‍ ഒരു പ്ലാസ്റ്റിക് സര്‍ജന്‍െറ ഉപദേശം തേടാം. എന്നാല്‍, ഒട്ടുമിക്ക മറുകുകളും ജന്മനാലുള്ള അടയാളങ്ങളും നിരുപദ്രവകരങ്ങളാണെന്നോര്‍ക്കുക. അപൂര്‍വമായേ ഡോക്ടര്‍മാര്‍ മറുകുകള്‍ നീക്കാന്‍ ശിപാര്‍ശ ചെയ്യാറുള്ളൂ. മറുക് ഏത് തരത്തിലുള്ളതാണ് എന്നതിനനുസരിച്ച് ഡോക്ടര്‍ ലേസര്‍ ചികിത്സയോ ശസ്ത്രക്രിയയോ നിര്‍ദേശിക്കാം. ഇത് രണ്ടിലും താല്‍പര്യമില്ലെങ്കില്‍ മറുക് മറച്ച് കളയുന്നരീതിയില്‍ മേക്കപ് ചെയ്യുകയുമാവാം. മറുകിനെ ചര്‍മത്തിന്‍റെ അതേ നിരപ്പിലാക്കുന്ന ഇത്തരം മേക്കപ് 16 മണിക്കൂറോളം നിലനില്‍ക്കുന്നതും വെള്ളത്തെ പ്രതിരോധിക്കുന്നതുമാണ്.

 

കടപ്പാട് : ഡോ. സുനൈന ഹമീദ്

(ബംഗളൂരുവിലെ കണ്‍സല്‍ട്ടന്‍റ് ഡെര്‍മറ്റോളജിസ്റ്റ് ആൻഡ് എയ്സ്തെറ്റിക് ഫിസിഷ്യന്‍ ആണ് ലേഖിക)

2.95
പ്രിയ Jul 24, 2018 01:20 PM

വയമ്പ് ��് എപ്പോൾ മുതൽ കൊടുത്താം

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top