অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുട്ടികളുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍

കുട്ടികളുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍

കുട്ടികളിലെ ദന്ത കാന്‍സര്‍

ഒരു വ്യക്തിയുടെ മുഖസൗന്ദര്യത്തിന് മാറ്റ് വര്‍ധിപ്പിക്കുന്ന ശരീരാവയവമാണ് പല്ലുകള്‍. പല്ലുകളെ നോക്കി വ്യക്തിത്വ നിര്‍ണയം നടത്തുന്ന കാലമാണിത്. മാത്രവുമല്ല, ഒരാളുടെ ശാരീരിക വൃത്തി അയാളുടെ പല്ലുകളില്‍ പ്രകടവുമാണ്. ചിരിക്ക് മാറ്റു കൂട്ടുന്നതും സൗന്ദര്യത്തിന്റെ അടയാളങ്ങളില്‍ പ്രധാനവുമാണ് വൃത്തിയുള്ളതും നിരപ്പുള്ളതുമായ പല്ലുകള്‍. അതുകൊണ്ടുതന്നെ ദന്തശുദ്ധീകരണം മനുഷ്യജീവിതത്തിലെ സുപ്രധാന ഘടകങ്ങളില്‍ ഒന്നാണ്. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരാളില്‍ നല്ല പല്ലുകള്‍ ഉണ്ടായിരിക്കണമെങ്കില്‍ ചെറുപ്രായത്തില്‍ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് രക്ഷിതാക്കളാണ് മുന്‍കൈ എടുക്കേണ്ടത്. കുട്ടികളുടെ പല്ലുകളുടെ അശ്രദ്ധയോടെയുള്ള പരിചരണം അവരെ പല രോഗങ്ങളിലേക്കും നയിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

പല കാരണങ്ങളാല്‍ കുട്ടികളുടെ പല്ലുകള്‍ക്ക് രോഗങ്ങള്‍ വരാം. ജന്മനാ സംഭവിക്കുന്ന ചില രോഗങ്ങള്‍ക്കു പുറമെ, പല്ലിന് മഞ്ഞനിറം ബാധിക്കല്‍, പല്ലുകളുടെ കേട്ബാധ, ക്രമം തെറ്റിയുള്ള വളര്‍ച്ച, പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടല്‍ എന്നിങ്ങനെ രോഗങ്ങളുടെ നീണ്ട നിരതന്നെയുണ്ട്. അമിതമായ മധുരം കഴിക്കല്‍, പല്ല് വൃത്തിയാക്കുന്നതിലെ ശ്രദ്ധക്കുറവ്, ഭക്ഷണ അവശിഷ്ടങ്ങള്‍ പല്ലിന്റെ ഇടയില്‍ കെട്ടിക്കിടക്കുന്നത് എന്നിവകൊണ്ട് കുട്ടികളുടെ പല്ലുകള്‍ക്ക് വേഗത്തില്‍ കേടുകള്‍ സംഭവിക്കാറുണ്ട്. പല്ലുകളില്‍ നിന്ന് രക്തം സ്രവിക്കുകയോ, അകാരണമായി വേദന അനുഭവപ്പെടുകയോ, മധുരമോ മറ്റോ കഴിക്കുമ്പോഴുണ്ടാവുന്ന പുളിരസമോ പല്ലുകളുടെ രോഗലക്ഷണമാണ്. ഇവ കണ്ടുതുടങ്ങി ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ നല്ലൊരു ദന്തഡോക്ടറെ കാണിക്കാതിരിക്കാന്‍ മറക്കരുത്.

പലപ്പോഴും ചെറിയ കുട്ടികള്‍ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയാല്‍ തന്നെ അത് പുറത്ത് പറയണമെന്നില്ല. അതിനാല്‍ ചെറിയ കുട്ടികളുടെ പല്ലുകളെ നിരീക്ഷിക്കല്‍ അത്യാവശ്യമാണ്. അസ്വഭാവികമായി കുട്ടികള്‍ കാണിക്കുന്ന ചില അസാധാരണതകള്‍ ഒരുപക്ഷേ, പല്ലുകള്‍ക്കുണ്ടാവുന്ന വേദനയോ മറ്റോ കൊണ്ടായിരിക്കും. തിരക്കുകള്‍ക്കിടയില്‍ രക്ഷിതാക്കള്‍ ഇത് തിരിച്ചറിയണമെന്നില്ല.

പല്ലുകള്‍ക്കുണ്ടാവുന്ന രോഗങ്ങള്‍ പ്രത്യക്ഷ നിരീക്ഷണംകൊണ്ട് മാത്രം കണ്ടെത്തണമെന്നില്ല. പരിശോധനയ്ക്കൊപ്പം ചിലപ്പോള്‍ എക്സറേ വേണ്ടിവരും. പല്ലുകളുടെ ദ്രവിക്കലും മറ്റും ഈ രീതിയിലൂടെയേ കണ്ടെത്താന്‍ കഴിയൂ. പല്ലുകള്‍ക്കുള്ളില്‍ ഉണ്ടാവുന്ന പുഴുക്കുത്തുകള്‍, അകാരണമായ ദ്രവിക്കല്‍ എന്നിവയാണ് പില്‍കാലത്ത് പല്ലുകളെ ബാധിക്കുന്ന കാന്‍സറായി പരിണമിക്കുന്നത്. പല്ലുകളെ ‘ക്ലീന്‍’ ചെയ്യലാണ് ഇതിന്റെ ആദ്യപടി.

ചിലയിനം ബ്രഷുകള്‍ കുട്ടികളുടെ പല്ലിന്റെ പല ഭാഗങ്ങളിലും എത്തിച്ചേരണമെന്നില്ല. പല്ലു തേക്കലിന്റെ അശ്രദ്ധയും പരിചയക്കുറവും മൂലം ഇങ്ങനെ സംഭവിക്കാം. ബ്രഷ് കടന്നുചെല്ലാത്ത ഭാഗങ്ങളില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ചിരിക്കും. ഇത് അവിടെക്കിടന്ന് അഴുകുകയും ശ്വാസത്തിന് ദുര്‍ഗന്ധം ഉണ്ടാവാന്‍ കാരണമാകുകയും ചെയ്യുന്നു. മോണകളിലെ പഴുപ്പിന് ഇടയാക്കുന്നത് ഈ അവശിഷ്ടങ്ങളാണ്. നല്ല ‘ഫ്ളൂറൈഡ്’ അടങ്ങിയ പേസ്റ്റ് ഉപയോഗിച്ചാല്‍ ഒരു പരിധിവരെ ഇതിനെ തടയാം. ഫ്ളൂറൈഡുകളാണ് പല്ലിന്റെ മോണകളെ സംരക്ഷിക്കുന്നതും, ഭാവിയിലുണ്ടാവുന്ന കേടുപാടുകളെ തടഞ്ഞുനിര്‍ത്തുന്നതും.

ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ബാക്ടീരിയ ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴാണ് പല്ലുകള്‍ക്ക് പൊതുവായി രോഗങ്ങള്‍ വരുന്നത്. പല്ലുകളിലെ ‘ഇനാമല്‍’ നഷ്ടം ഇങ്ങനെ സംഭവിക്കുന്നു. ഇനാമലിന്റെ അഭാവം പല്ലുകളുടെ പെട്ടെന്നുള്ള ദ്രവിക്കലിനും കാരണമായി തീരാറുണ്ട്. ചിലപ്പോള്‍ വര്‍ഷങ്ങളോളം ഇങ്ങനെ സംഭവിക്കാം. ദന്തഡോക്ടറുടെ പരിചരണം ആവശ്യമായി വരുന്ന കാലയളവാണിത്. പല്ലുകള്‍ക്ക് ദ്രവിക്കല്‍ സംഭവിച്ച് ദ്വാരങ്ങള്‍ ഉണ്ടാവുന്നതും തടയേണ്ടതുണ്ട്. അത്തരം പല്ലുകള്‍ നീക്കം ചെയ്യാവുന്നതാണ്. കുട്ടികളാവുമ്പോള്‍ പുതിയ പല്ലുകള്‍ യഥാസ്ഥാനത്ത് മുളച്ചുവരികയും ചെയ്യും. 6 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളുടെ പല്ലിന്റെ ദ്വാരങ്ങള്‍ വിജയകരമായി അടയ്ക്കാനിന്ന് കഴിയും. കുട്ടികളിലെ ദന്തപരിചരണം കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ വരുന്നത് തടയാന്‍ ഒരു മുന്‍കരുതലാണ്.

ഡോ: കെ. അരുണ്‍കുമാര്‍

(ദന്തവിദഗ്ധന്‍, കോട്ടയം മെഡിക്കല്‍ കോളേജ്)

വേനല്‍ക്കാല രോഗങ്ങള്‍ കുട്ടികളില്‍

ഓരോ വര്‍ഷം കഴിയുംതോറും കേരളത്തിലെ ചൂട് കൂടിവരികയാണ്. ആഗോള താപനം എന്നത് കേട്ടുകേള്‍വി മാത്രമായിരുന്ന നമുക്ക് ഇന്നതനുഭവവേദ്യമായിരിക്കുന്നു. ചൂടുകാലം വരാന്‍ മീനമാസം വരെ കാത്തിരിക്കേണ്ടതില്ല. മകരത്തിലും കുംഭത്തിലുമൊക്കെ പൊള്ളുന്ന ചൂടാണ്.

വേനല്‍ക്കാല രോഗങ്ങള്‍ ഏറ്റവും ബാധിക്കുന്നത് കുഞ്ഞുങ്ങളെയാണ്. അതിനാല്‍തന്നെ മാതാപിതാക്കള്‍ക്കൊക്കെ ആധിയാണ്. കുട്ടികള്‍ക്കാവട്ടെ പരീക്ഷാ തിരക്ക് കഴിഞ്ഞാല്‍ പിന്നെ കളിയുടെയും വിരുന്നുപോക്കിന്‍റെയുമൊക്കെ കാലം. വളരെ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുക വഴി കുഞ്ഞുങ്ങളെ വേനല്‍ക്കാല രോഗങ്ങളില്‍ നിന്നു തടയാം.

സാധാരണ വേനല്‍ക്കാല രോഗങ്ങള്‍

– വയറിളക്കം, ഛര്‍ദ്ദ്യതിസാരം, മലബന്ധം.

– മഞ്ഞപ്പിത്തം.

– ടൈഫോയ്ഡ്, കോളറ.

– മൂത്രാശയ രോഗങ്ങള്‍.

– ചൂടുകുരു, പരു, ചിരങ്ങ്, കരപ്പന്‍.

– സൂര്യാഘാതം.

– കണ്‍കുരു, ചെങ്കണ്ണ്.

– വൈറല്‍ രോഗങ്ങളായ ചിക്കന്‍പോക്സ്, അഞ്ചാംപനി, മുണ്ടിവീക്കം.

കാരണങ്ങള്‍

ചൂടു കൂടുന്നതോടെ കുട്ടികളില്‍ വിയര്‍പ്പ് കൂടും. അമിത വിയര്‍പ്പുമൂലം ശരീരത്തിലെ ജലാംശം കുറഞ്ഞ് കുഞ്ഞുങ്ങളില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കാം. അതുപോലെത്തന്നെ ധാരാളം വിയര്‍ക്കുകയും വെള്ളം കുടിക്കുന്നത് കുറയുകയും ചെയ്യുന്ന കുട്ടികള്‍ക്ക് മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകാനും മൂത്രാശയക്കല്ല് വരാനുമുള്ള സാധ്യത കൂടും. ചൂടുകാലത്ത് ഭക്ഷ്യവസ്തുക്കള്‍ പെട്ടെന്ന് കേടുവരും.

അതുപോലെത്തന്നെ വെള്ളം അണുക്കളുള്ളതുമായിരിക്കും. ഇത് കുഞ്ഞുങ്ങള്‍ക്ക് നല്‍കുക വഴി വയറിളക്കം, ഛര്‍ദ്ദ്യതിസാരം, മഞ്ഞപ്പിത്തം എന്നിവ ഉണ്ടാകും. കൂടാതെ ചൂടും വിയര്‍പ്പും കുട്ടികള്‍ക്ക് തൊലിരോഗങ്ങള്‍ വര്‍ധിപ്പിക്കും. വിയര്‍പ്പ് കെട്ടിക്കിടക്കുക വഴി ചൂടുകുരു, പരു എന്നിവ ഉണ്ടാകാം. നട്ടുച്ച നേരത്ത് കുട്ടികളെ പുറത്തു കളിക്കാന്‍ വിടുക വഴി സൂര്യതാപമേല്‍ക്കാനും ഇടവെക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

– ധാരാളം വെള്ളം കുടിപ്പിക്കുക. തിളപ്പിച്ചാറിയ ശുദ്ധജലം നല്‍കാന്‍ ശ്രദ്ധിക്കുക.

– ഗുണനിലവാരമുള്ള പഴങ്ങളും, പച്ചക്കറികളും ധാരാളമായി നല്‍കാം.

– ദിവസവും രണ്ടു പ്രാവശ്യമെങ്കിലും കുളിപ്പിക്കുക. തല നന്നായി തോര്‍ത്തണം.

– പുറത്തുനിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക. വീട്ടില്‍ പാചകം ചെയ്ത ഭക്ഷണങ്ങള്‍ നല്‍കുക.

– ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഫ്രിഡ്ജില്‍ വെച്ച് ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കുക.

– കൈ കഴുകിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

– അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കുക.

– നട്ടുച്ച സമയത്ത് പുറത്ത് കളിക്കാന്‍ വിടാതിരിക്കുക.

– എണ്ണയില്‍ വറുത്തതും, മസാലക്കൂട്ടുകളുമുള്ള ഭക്ഷണത്തിന് പകരം ശരീരത്തിന് തണുപ്പേകുന്ന ക്യാരറ്റ്, തണ്ണിമത്തന്‍, കക്കരി എന്നിവ നല്‍കുക.

– ആറ് മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങളാണെങ്കില്‍ മാതാക്കള്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

– കുപ്പിയില്‍ ഭക്ഷണം കൊടുക്കുന്ന കുഞ്ഞുങ്ങളുടെ മാതാക്കള്‍ പാത്രങ്ങള്‍ ചൂടുവെള്ളമൊഴിച്ച് കഴുകാന്‍ ശ്രദ്ധിക്കുക.

ഡോ: ശിഹാബ് എം.ടി, കല്‍പകഞ്ചേരി

കുട്ടികളിലെ വിഷാദം

ഡിപ്രഷന്‍; ദിവസവും നമ്മുടെ മനസ്സില്‍ കടന്നുവരുന്ന സങ്കടവും വിഷാദവുമാണ്. എന്നാല്‍ സൈക്കോളജിക്കല്‍ പരിശോധനയില്‍ ഡിപ്രഷന്‍ എന്ന് ഉദ്ദേശിക്കുന്നത് മനസ്സിന്‍റെ രോഗാതുരമായ അവസ്ഥയാണ്. നിത്യജീവിതത്തില്‍ അനുഭവപ്പെടുന്ന സങ്കടത്തെ നോര്‍മല്‍ സാഡ്നെസ്സ് എന്ന് പറയുന്നു. എല്ലാ പ്രായക്കാരെയും പിടികൂടുന്നതാണ് വിഷാദം. ഒരു കുഞ്ഞിന് പോലും വിഷാദം വരാം. മാതൃലാളനയിലും പരിചരണത്തിലും ഈ വിഷാദം കുട്ടിയെ കാര്യമായി ബാധിക്കില്ല. എന്നാല്‍ ഇന്നത്തെ അണുകുടുംബങ്ങളും, മാതാവോ പിതാവോ മാത്രമുള്ള കുഞ്ഞുങ്ങള്‍, പുതിയ വിദ്യാഭ്യാസലക്ഷ്യം, മാറിവരുന്ന സാമൂഹ്യ വ്യവസ്ഥികള്‍, സാമ്പത്തിക നില, ജീവിതത്തോടുള്ള പുത്തന്‍ കാഴ്ചപ്പാട് തുടങ്ങിയവ കൂടുതല്‍ വിഷാദരോഗികളെ സൃഷ്ടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

ഭീമമായ മുതല്‍ മുടക്ക് തന്നെ ഒരു കുട്ടിയുടെ പഠനത്തിന് ആവശ്യമായി വരുന്നു. പ്രതീക്ഷയ്ക്കനുസരിച്ച് റിസള്‍ട്ട് ലഭിക്കാതെ വരുമ്പോള്‍ മാതാപിതാക്കള്‍ കുട്ടിയെ കുറ്റപ്പെടുത്തുന്നു. ഇത് അവരുടെ മനസ്സില്‍ നിരാശ നിറയ്ക്കുകയും വിഷാദത്തിന് കാരണമാകുകയും ചെയ്യുന്നു.

അണുകുടുംബവ്യവസ്ഥിതിയും കുട്ടികളുടെ വിഷാദരോഗത്തിന് കാരണമാകാറുണ്ട്. അണുകുടുംബത്തില്‍ കുട്ടിക്ക് മാതാപിതാക്കളില്‍ നിന്നും അമിത വാത്സല്യവും ശ്രദ്ധയും ലഭിക്കുന്നു. മക്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നു. സൈക്കിളില്‍ നിന്ന് ഇരുചക്രവാഹനത്തിലേക്കും അവിടെ നിന്നും കാറിലേക്കും ആഗ്രഹം വ്യാപിക്കുന്നു. ഏതെങ്കിലും ഒരാഗ്രഹത്തിന് നേരെ മാതാപിതാക്കള്‍ മുഖം തിരിക്കുമ്പോള്‍ ഉണ്ടാകുന്ന നിരാശയെ തരണം ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇത് വിഷാദരോഗത്തിലേക്ക് നയിക്കും.കുട്ടികള്‍ക്കും വിഷാദരോഗം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങള്‍ കിട്ടാതെ വളരുന്നവര്‍ക്കും ബാല്യകാലത്ത് മാതാപിതാക്കളുടെ കര്‍ശനനിയന്ത്രണം, കടുത്ത ശിക്ഷ എന്നിവയേല്‍ക്കുന്ന കുട്ടികള്‍ക്കും വിഷാദരോഗമുണ്ടാകാം. ബാല്യകാലരോഗങ്ങള്‍, പീഡാനുഭവങ്ങള്‍, മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍, പിതാവിന്‍റെ മദ്യപാനം, സ്കൂള്‍മാറ്റം, പരീക്ഷയിലെ പരാജയം എന്നിവയൊക്കെ കുട്ടികള്‍ക്ക് വിഷാദമുണ്ടാക്കുന്ന സാഹചര്യമാണ്.

കുടുംബത്തിലെ അരക്ഷിതത്വമാണ് വഴിതെറ്റിയ ബന്ധത്തിന് കാരണമാകുന്നത്.ജോലിത്തിരിക്കിനിടയില്‍ കുട്ടിയെ ശ്രദ്ധിക്കാന്‍ ഇവര്‍ക്ക് സമയം ലഭിക്കുന്നില്ല. ക്രമേണ മാതാപിതാക്കള്‍ കുട്ടിക്ക് അന്യരാകുന്നു. അവരോട് തങ്ങളുടെ ആവശ്യങ്ങളും മാനസിക സംഘര്‍ഷങ്ങളും തുറന്നു പറയാന്‍ കുട്ടിക്ക് കഴിയുന്നില്ല.പരസ്പരം കലഹിക്കുന്ന മാതാപിതാക്കളാണെങ്കില്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ഇതു കാരണം പ്രണയബന്ധങ്ങള്‍, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍, ലഹരിവസ്തുക്കളുടെ ഉപയോഗം, ലൈംഗിക കുറ്റകൃത്യങ്ങള്‍, ലൈംഗിക ചൂഷണം എന്നിവയിലേക്ക് കുട്ടികള്‍ ചെന്നെത്തുന്നു. വിഷാദരോഗമാണ് ഇതിന്‍റെ പര്യവസാനം.

പത്തുവയസ്സുവരെയുള്ള കുട്ടികളുടെ പെരുമാറ്റ രീതികളില്‍ നിന്നും ഭാവിയില്‍ ഉണ്ടായേക്കാവുന്ന വിഷാദ പ്രശ്നങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുമെന്ന് അമേരിക്കയിലെ പുതിയ പഠനങ്ങള്‍. കുട്ടികളില്‍ ഉത്കണ്ഠ, മ്ലാനത ഇവ വളരെ ഉയര്‍ന്ന നിരയില്‍ കാണുകയാണെങ്കില്‍ അത് ഭാവിയില്‍ വിഷാദമായി മാറും. അമിതമായ അക്രമ വാസന, മോഷണ താല്‍പര്യം എന്നിവ ഉള്ളവരില്‍ ഇവ ഇല്ലാത്തവരെക്കാള്‍ വിഷാദം ഉണ്ടാകാനുള്ള സാധ്യത നാലു മടങ്ങ് കൂടുതലാണ്.

കുട്ടികളില്‍ കാണാവുന്ന അത്യധികമായ ലജ്ജയും ഭാവിയില്‍ സാമൂഹ്യ ജീവിതത്തില്‍ നിന്ന് ഉള്‍വലിയാനും അതുവഴി വിഷാദരോഗത്തിലേയ്ക്കും നയിച്ചേക്കാം. കുട്ടിക്കാലത്തെ വൈകാരികപ്രശ്നങ്ങള്‍ എന്തുകൊണ്ടാണ് വിഷാദം പോലെയുള്ള ഗുരുതരമായ മാനസിക പ്രശ്നങ്ങളിലേക്ക് നീങ്ങുന്നത് എന്നതിനെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ നടന്നു വരുന്നു. കുട്ടിക്കാലത്ത് സാമൂഹ്യമായ ബന്ധത്തിനേറ്റ പരാജയങ്ങളാവാം ഭാവിയില്‍ വിഷാദമായി മാറുന്നതിന് കാരണം.ദേഷ്യവും, വിശദീകരിക്കാനാവാത്ത രോഗലക്ഷണങ്ങളും അതായത് തലവേദന, വയറുവേദന എന്നിവയുണ്ടെന്ന് പറയുക, പഠനത്തിലുള്ള താത്പര്യം കുറയുക, സ്കൂളില്‍ പോകാന്‍ വിസമ്മതിക്കുക തുടങ്ങിയവ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളാണ്.

മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തിയാല്‍ കുട്ടികളിലെ വിഷാദരോഗത്തെ തടയാന്‍ സാധിക്കും.കുട്ടിയെ ഒരു വ്യക്തിയായി അംഗീകരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യുക. ഒരു മണിക്കൂറെങ്കിലും കുട്ടിയുമായി അടുത്തിടപഴകാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.കുട്ടിയുടെ കൂട്ടുകാര്‍, ശീലങ്ങള്‍ എന്നിവയെക്കുറിച്ച് ശ്രദ്ധിക്കണം. ക്രിയാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കണം.താത്പര്യമനുസരിച്ചുള്ള പഠനമേഖല തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം.മാതാപിതാക്കളുടെ വിശ്വാസം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്. അനാവശ്യമായ നിയന്ത്രണമരുത്.

കുട്ടികള്‍ക്ക് മാതൃകയാകുന്ന ജീവിതശൈലി മാതാപിതാക്കള്‍ സ്വീകരിക്കണം. ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷവും മാതാപിതാക്കള്‍ നല്‍കുന്ന സുരക്ഷിതത്വബോധവും കുട്ടികളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തി അവരെ നാളെയുടെ നിലവിളക്കുകളാക്കുക.

ഡോ. സലാം സഖാഫി ഓമശ്ശേരി

കുട്ടികള്‍ മണ്ണില്‍ കളിച്ചു വളരട്ടെ

പ്രകൃതിയെ കണ്ടും തൊട്ടും അറിഞ്ഞും അനുഭവിച്ചുമാണ് കുട്ടികള്‍ വളരേണ്ടത്. മൊട്ടിട്ടു നില്‍ക്കുന്ന നാട്ടു പൂക്കളുടെ നറുമണം ആസ്വദിച്ചും തുമ്പികളോട് കൂട്ടു കൂടിയും ശലഭങ്ങളോട് കിന്നാരം പറഞ്ഞും വിശാലമായ നീലാകാശത്തിന്‍റെ സൗന്ദര്യത്തില്‍ ആകൃഷ്ടരായും  പ്രപഞ്ചത്തിന്‍റെ മനോഹാരിതയെ നെഞ്ചോട് ചേര്‍ത്തുപിടിച്ചും വളരേണ്ടവരാണ് കുട്ടികള്‍. മണ്ണിന്‍റെ നനവും മണവും അവര്‍ അറിഞ്ഞിരിക്കണം. ഭൂമിയുടെ സര്‍വ്വ അവകാശികളെയും  പരിചയപ്പെടുന്നതിനും തിരിച്ചറിയുന്നതിനും അത് അനിവാര്യവുമാണ്.

കുട്ടീംകോലും, കള്ളനും പോലീസും തുടങ്ങിയ കളികള്‍ കളിച്ചും ‘ടിപ്പര്‍ലോറി’യും  ‘ട്രാന്‍സ്പോര്‍ട്ട് ബസു’മൊക്കെയായ ‘മടല്‍’ വാഹനം ഓടിച്ചും കുട്ടിക്കാലം ആസ്വദിച്ചവരാണല്ലോ പഴയകാല കുട്ടികള്‍ (സമ്പന്നത അനുഗ്രഹിച്ചിട്ടില്ലാത്ത നാട്ടിന്‍ പുറത്തെ കുട്ടികള്‍ കണ്ണന്‍ ചിരട്ടയില്‍ മണ്ണു നിറച്ച് പുട്ടുണ്ടാക്കുന്നതും ഓലപ്പാമ്പും ഓലപ്പന്തും നിര്‍മ്മിക്കുന്നതും വാഴപ്പോളകള്‍ കൊണ്ട് വാദ്യോപകരണങ്ങള്‍ നിര്‍മ്മിക്കുന്നതും മറ്റു പഴയകാല കളികളിലേര്‍പ്പെടുന്നതും ഇപ്പോഴും കാണാവുന്നതാണ്). പ്രകൃതിയുമായി ഇഴചേര്‍ന്നുള്ള ഇത്തരം കുഞ്ഞനുഭവങ്ങളുടെ ചക്രവാളം വികസിക്കുമ്പോഴാണ് സാമൂഹിക ജീവിതത്തിന്‍റെ  ബാലപാഠവും പരസ്പര സഹവര്‍ത്തിത്വ ചിന്തയും സാമൂഹിക പരിസ്ഥിതി ബോധവും കുട്ടികളില്‍ വളര്‍ന്നുവരുന്നത്. കൊണ്ടും കൊടുത്തുമുള്ള ഈ ജീവിതം പരസ്പര സൗഹൃദത്തിന്‍റെ വിശാലമായ കവാടങ്ങളാണ് അവര്‍ക്കു മുന്നില്‍ തുറന്നിടുന്നത്.

നല്ല ഭക്ഷണവും മുന്തിയ ഇനം വസ്ത്രങ്ങളും മറ്റു ഗാര്‍ഹിക സുഖ സൗകര്യങ്ങളും മാത്രം പോരാ കുട്ടികള്‍ക്ക്.  അവരുടെ കഴിവുകള്‍ക്കും അഭിരുചികള്‍ക്കുമനുസൃതമായി ഇഷ്ടാനുസാരം കളിച്ചു വളരാനുള്ള അവകാശം കൂടി നല്‍കണം. വിദ്യാഭ്യാസ വിഷയങ്ങളില്‍ കുട്ടികളുടെ ഇംഗിതങ്ങള്‍ക്കെതിരായി, മാതാപിതാക്കളുടെ താല്‍പര്യം മാത്രം സംരക്ഷിക്കപ്പെടുന്ന വീടുകളില്‍ കുട്ടികള്‍ ഒരിക്കലും അവര്‍ ഉദ്ദേശിക്കുന്നതു പോലെയാവില്ലെന്നു മാത്രമല്ല, വ്യക്തിത്വവും ജീവിതവും തളര്‍ന്ന് മുരടിച്ച് പോവുകയാണുണ്ടാവുക. കാല്‍ വെള്ളയില്‍ മണ്ണിന്‍റെ തരിമ്പു പോലും പതിയാതെ, തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന വിധത്തില്‍ വിദ്യാഭ്യാസം  നല്‍കി കുട്ടികളെ വളര്‍ത്തുന്നതാണ് പലര്‍ക്കും അഭിമാനമായിത്തോന്നുന്നത്. കുട്ടികളെ വീട്ടി(കൂട്ടി)ലിട്ടു പൂട്ടുന്നതിനു പകരം സ്വാഭാവികമായി വളരാന്‍  അനുവദിക്കുകയാണ് വേണ്ടത്. മണ്ണില്‍ കളിച്ചു വളരാനുള്ള അവസരങ്ങളില്ലാത്ത വീടുകള്‍ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസങ്ങള്‍ക്കു തടസ്സമായാണ് മാറുന്നത്. പൊടിയോടും  മണ്ണിനോടും  ചൂടിനോടും അലര്‍ജിയുള്ള മക്കളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരുന്നതിന്‍റെ കാരണവും മറ്റൊന്നല്ല.

മുതിര്‍ന്നവരുടെ മത്സരച്ചന്തയിലെ കരുക്കളാണ് ഇക്കാലത്തെ കുഞ്ഞുങ്ങള്‍. തങ്ങള്‍ക്കു നേടാന്‍ കഴിയാത്തത് മക്കളിലൂടെ നേടാനാണ് പല രക്ഷിതാക്കളും ശ്രമിക്കുന്നത്. അതിനുവേണ്ടി  കുട്ടിക്കാലത്തുള്ള അവരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും കണ്ടില്ലെന്ന് നടിക്കുമ്പോള്‍ വാര്‍ധക്യത്തില്‍ മാതാപിതാക്കളെ തിരിച്ചും  അവര്‍ കണ്ടില്ലെന്നു നടിക്കുന്നതു സ്വാഭാവികമാണ്. തങ്ങള്‍ പറയുന്നതില്‍ നിന്ന് അണുകിട വ്യതിചലിക്കാതെ മക്കള്‍ അനുസരിക്കണമെന്ന് വാശിപിടിക്കുന്ന രക്ഷിതാക്കളാണ് മക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശത്രുക്കള്‍. കുട്ടികള്‍ പഠിച്ചാല്‍ മാത്രം മതിയെന്ന നിലപാടുമായി അവരെ കോണ്‍ക്രീറ്റ് തടവറകളില്‍ തളച്ചിടുന്ന രക്ഷിതാക്കള്‍  പ്രകൃതിയില്‍ വിരിയേണ്ട  കുരുന്നുകളുടെ  ഭാവനകളുടെ ചിറകരിയുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. അല്ലെങ്കിലും പ്രകൃതിയോടും പ്രകൃതി വിഭവങ്ങളോടും ഒരു പുച്ഛ മനോഭാവം ഉപഭോഗ സംസ്കാരത്തിന്‍റെ ഭാഗമായി ആധുനിക ലോകത്ത് ഉടലെടുത്തിട്ടുമുണ്ട്. നട്ടു വളര്‍ത്തിയ പൂക്കള്‍ വിരിഞ്ഞു നില്‍ക്കേണ്ട വീട്ടുമുറ്റം ടൈല്‍ വിരിച്ചും കോണ്‍ക്രീറ്റ് ചെയ്തും ഭംഗിയാക്കുന്നതും പകരം ആരോഗ്യത്തിനേറെ ഹാനികരമായ പ്ലാസ്റ്റിക് പൂക്കളും ചെടികളും കൊണ്ട് വീട്ടിനുള്ളിലെ ഷോക്കേസ് നിറക്കുന്നതും ഒരുദാഹരണം മാത്രം.

കാലുകൊണ്ട് മണ്ണു തെറുപ്പിച്ചു കളിച്ചും പച്ചമണ്ണ് വാരിക്കളിച്ചും പച്ചമാങ്ങയുടെ ചുന കൈകളില്‍ കറപിടിപ്പിച്ചും  ഇളം കരിക്കുകള്‍ മൊത്തിക്കുടിച്ചും മാവിലും പ്ലാവിലും വലിഞ്ഞു കയറിയും “അക്കുത്തിക്കുത്താന വരമ്പില്‍ കല്ലേല്‍ കുത്ത് കരിങ്കുത്ത്”, “അത്തള പിത്തള തവളാച്ചി ചൂക്കുമലിരിക്കുന്ന ചൂളാച്ചി” തുടങ്ങിയ പാട്ടുകള്‍ പാടി നടന്നും ചെറുപ്രായം നമുക്ക് സമ്മാനിച്ച ഓര്‍മ്മകള്‍ നമ്മുടെ മക്കള്‍ക്ക് നിഷേധിക്കുന്നത് ശരിയല്ല. ബാല്യം നഷ്ടപ്പെടുത്തി, യൗവനവും വാര്‍ധക്യവും പുഷ്ടിപ്പെടുത്താനാവില്ലെന്ന ബോധവും നമുക്ക് വേണം. ഓടിക്കളിക്കാനുള്ള പറമ്പും ചാടിക്കളിക്കാനുള്ള മരവുമൊന്നും കിട്ടാന്‍ സാധ്യതയില്ലാത്ത നവ ലോകത്തെ കുരുന്നുകള്‍ മുറ്റത്തെ മണ്ണിലെങ്കിലും നടക്കട്ടെ. അതിനുള്ള  അവകാശമെങ്കിലും രക്ഷിതാക്കള്‍ മക്കള്‍ക്ക് നിഷേധിക്കാതിരിക്കുക.

പ്രപഞ്ചത്തിന്‍റെ പ്രവിശാലമായ വാതായനങ്ങള്‍ കുട്ടികള്‍ക്കു തുറന്നിട്ടു കൊടുക്കേണ്ടതിനു പകരം അവരെ മണ്ണില്‍ നിന്നും വേരോടെ പിഴുതുമാറ്റുന്ന ശൈലി സ്വീകരിക്കുന്നവര്‍ മണ്ണിണ്ടനെയോ മഴയെയോ വെയിലിനെയോ മഞ്ഞിനെയോ കുട്ടികള്‍ അറിയേണ്ട എന്ന് ചിന്തിക്കുന്നവരാണ്. ഇങ്ങനെ മറ്റൊരു ലോകത്തേക്കു  പറിച്ചു നടപ്പെടുന്ന കുട്ടികളുടെ മനസ്സില്‍  മണ്ണപ്പത്തിനും  കണ്ണുപൊത്തിക്കളിക്കും പകരം ടെലിവിഷനും കമ്പ്യൂട്ടര്‍ ഗെയ്മുകളുമാണ് സ്ഥാനം പിടിക്കുന്നത്. കൊലയും കൊള്ളയും പിടിച്ചുപറിയും പീഡനവുമടക്കം സകല കുറ്റ കൃത്യങ്ങളുടെയും പാഠശാലയായ അത്തരം  ഗെയിമുകള്‍ കുട്ടികളില്‍ ആക്രമണോത്സുകത വളര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

കഴുത്തില്‍ കുരുക്കിയ ടൈകള്‍ ശ്വാസം മുട്ടിക്കുന്ന നവ ലോകം കുട്ടികള്‍ക്കു സമ്മാനിക്കുന്നതും അതു തന്നെയാണ്. ഭാവനകളോ ചിന്തകളോ സ്വപ്നങ്ങളോ സര്‍ഗ്ഗാത്മകതകളോ കായികാഭ്യാസങ്ങളോ ഇല്ലാത്ത ലോകം കുട്ടികളെ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. കുട്ടികളുടെ ബുദ്ധിപരമായ വളര്‍ച്ചയില്‍ കളിക്ക് നിര്‍ണ്ണായകമായ പങ്കുണ്ടെന്ന യാഥാര്‍ത്ഥ്യത്തെ ബോധപൂര്‍വ്വം വിസ്മരിക്കുന്ന രക്ഷിതാക്കള്‍ക്ക്  വീര്‍ത്ത  തലയും സങ്കുചിത മനസ്സുമുള്ള  വ്യക്തിത്വങ്ങളെ സൃഷ്ടിക്കാന്‍ മാത്രമേ സാധിക്കുകയുമുള്ളു. കുട്ടികളില്‍ നല്ലൊരു ശതമാനവും കടുത്ത മാനസിക സംഘര്‍ഷ ങ്ങള്‍ക്കടിമപ്പെട്ടവരാണെന്നും ഓടുക, ചാടുക, മണ്ണില്‍ കളിക്കുക, പൂന്തോട്ടമുണ്ടാക്കുക, പച്ചക്കറിത്തോട്ടം നട്ടു പിടിപ്പിക്കുക തുടങ്ങിയവ അവരുടെ മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ സഹായകമാണെന്നുമുള്ള പുതിയ പഠനത്തെ ഏറെ ഗൗരവതരമായി തന്നെ കാണേണ്ടതാണ്.

കുട്ടികളുടെ ഏറ്റവും സ്വാഭാവികമായ പ്രവര്‍ത്തനമാണ് കളി. ഏതൊരു പ്രവൃത്തിയും ആസ്വദിച്ചും രസിച്ചും ലയിച്ചും ചെയ്യാനുള്ള പരിശീലനം കൂടിയാണത്. കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന കളിഭാവത്തെ ഉണര്‍ത്തുന്നതും വളര്‍ത്തുന്നതും അവരുടെ ജിജ്ഞാസ, ഉത്സാഹം, പ്രവര്‍ത്തന ശേഷി, ആസ്വാദന കഴിവ്, അന്വേഷണ തൃഷ്ണ, സമര്‍പ്പണ ബോധം, പരീക്ഷണ നിരീക്ഷണ തൃഷ്ണ, അറിവ് നേടാനുള്ള താല്പര്യം തുടങ്ങിയ ഒട്ടനവധി ഗുണങ്ങള്‍ രസകരമായി വളര്‍ത്താനുള്ള വഴിയാണ്. എല്ലാ പ്രവൃത്തികളും ആത്മാര്‍ത്ഥമായും രസകരമായും ചെയ്യുന്ന ശീലമാകട്ടെ കുട്ടിയില്‍ പഠനവും ആനന്ദകരമാക്കാന്‍ സഹായിക്കുന്നു.

സ്വയം മനസ്സിലാക്കാനും മനക്കരുത്ത് ആര്‍ജ്ജിക്കാനും ആത്മധൈര്യം കൈവരിക്കാനും കളികള്‍ സഹായകമാണ്. മാനസികാസ്വാസ്ഥ്യം ബാധിച്ച കുട്ടികളെ ചികിത്സിക്കുന്നതിനു വേണ്ടി കളിചികിത്സ (ുഹമ്യ വേലൃമു്യ) പോലും മനഃശാസ്ത്രജ്ഞന്മാര്‍ പ്രയോഗിച്ചു വരുന്നു. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇതിനു പ്രമുഖ സ്ഥാനവുമുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള കുട്ടികളെ ദേഷ്യം, സന്തോഷം, നൈരാശ്യം തുടങ്ങിയ വികാരങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ അനുവദിക്കുകയാണത്രെ മനഃശാസ്ത്രജ്ഞര്‍ ചെയ്യുന്നത്. കളിയുടെ സ്വഭാവത്തില്‍ നിന്നാണ് കുട്ടിയുടെ സ്വഭാവ വൈകല്യങ്ങള്‍ മനസ്സിലാക്കുന്നത്.മണ്ണ്, വെള്ളം, കളിമണ്ണ്, ചായങ്ങള്‍, പാവകള്‍ തുടങ്ങിയവ കൊണ്ട് കളിക്കുന്ന കുട്ടിക്ക് രക്ഷിതാക്കളോടുള്ള വികാരവും അവരില്‍ നിന്നും കുട്ടി പ്രതീക്ഷിക്കുന്ന പെരുമാറ്റങ്ങളും കളിയിലൂടെ അനാവൃതമാവുകയും അതനുസരിച്ച് കുട്ടിയെ അലട്ടുന്ന മാനസിക പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാരം നിര്‍ദ്ദേശിക്കുകയുമാണ് മനഃശാസ്ത്രജ്ഞര്‍ ചെയ്യുന്നത്.ആരോഗ്യമുള്ള ശരീരം പ്രദാനം ചെയ്യുന്നതില്‍ കുട്ടികളുടെ ചെറുപ്രായത്തിലേ  കളികള്‍ക്ക് പ്രധാന പങ്കുണ്ടെന്നു തന്നെ ചുരുക്കം. കുഞ്ഞുണ്ണി മാഷ് തന്നെ പറയട്ടെ: “കുട്ടികള്‍ക്ക് കളികള്‍ വളരെ പ്രധാനപ്പെട്ടതാണ്. ബൗദ്ധികവും വൈകാരികവും സാമൂഹികവുമായ വളര്‍ച്ചക്ക് കളികള്‍ ആവശ്യമാണ്. അവര്‍ പുറത്ത് മണ്ണില്‍ കളിക്കണം. കുട്ടികള്‍ കളിച്ച് ചിരിച്ച് മണ്ണില്‍ നടക്കണം. മണ്ണില്‍ തൊടാതെ വളരുന്നതാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം”.

സാധാരണ ഗതിയില്‍ പ്രായമേറിയവര്‍ ചെറിയ രീതിയില്‍ വീഴുമ്പോഴേക്കും അവരുടെ എല്ലുകള്‍ പൊട്ടാറുണ്ടെങ്കിലും ചെറുപ്രായത്തില്‍ ഓടിയും ചാടിയും കായികാധ്വാനം ചെയ്ത് ശീലിച്ചവരില്‍ ഇതു സംഭവിക്കാറില്ല. കുട്ടിക്കാലത്തെ വ്യായാമ മുറകള്‍ വാര്‍ധക്യത്തിലും എല്ലുകളുടെ ശക്തിയും ഭാരവും നിലനിര്‍ത്തുമെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പഠനശേഷം നല്ല കളികള്‍ കളിക്കുന്നതിനു വേണ്ടി കുട്ടികള്‍ക്ക് സമ്മതം നല്‍കേണ്ടതാണ്. പഠനത്തിന്‍റെ പിരിമുറുക്കത്തില്‍ നിന്നും അതവര്‍ക്ക് ആശ്വാസം നല്‍കും. എന്നാല്‍ കളി അവരെ അമിതമായി ക്ഷീണിപ്പിക്കുന്നതുമാവരുത്. കാരണം കുട്ടികളെ കളിയില്‍ നിന്ന് വിലക്കുന്നതും നിരന്തരം   പഠിക്കാന്‍ നിര്‍ബന്ധിക്കുന്നതും അവരുടെ മനസ്സിനെ തളര്‍ത്തുകയും മസ്തിഷ്ക്കത്തെ മരവിപ്പിക്കുകയും ചെയ്യും. ജീവിതം തന്നെ ദുഷ്കരമാവുന്ന ഇത്തരം കുട്ടികള്‍ പഠനത്തില്‍ നിന്ന് പൂര്‍ണ്ണമായും രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരിക്കും”

കുട്ടികളെ പഴിക്കരുത്; കാരണം…

95 മുതല്‍ ഞാനിവിടെയുണ്ട്. നീണ്ട 19 വര്‍ഷങ്ങളായി ഈ മരുഭൂമിയില്‍ പൊരിയുന്നത് ഭാര്യക്കും മക്കള്‍ക്കും കുടുംബത്തിനും വേണ്ടിയാണ്. എന്നിട്ടിപ്പോ പ്ലസ്ടു പരീക്ഷയില്‍ അവന്‍ പരാജയപ്പെട്ടിരിക്കുന്നു. എന്ത് പറഞ്ഞാലും അവന്‍ ഉമ്മയോട് തട്ടിക്കയറും, എപ്പോഴും ദ്യേം തന്നെ. തോന്നുന്ന സമയത്ത് ഇറങ്ങിപ്പോകും, തോന്നുമ്പോള്‍ വരും. കൃത്യമായി നിസ്കാരം പോലുമില്ല അവന്. ഒരു കുറവും ഞാനെന്‍റെ മക്കള്‍ക്ക് വരുത്തിയിട്ടില്ല, പണത്തിന് പണം, സൗകര്യത്തിന് സൗകര്യം എല്ലാം… എന്നിട്ടും എന്തേ ഇങ്ങനെ. നിങ്ങള്‍ക്ക് അവനെ ഒന്നേറ്റെടുത്ത് നന്നാക്കാന്‍ പറ്റുമോ? എന്ത് വേണമെങ്കിലും ഞാന്‍ ചെയ്തുതരാം..?’’
ഈയിടെ യു.എ.ഇയില്‍ ചെന്നപ്പോള്‍ ഒരു പിതാവിന്‍റെ വിങ്ങിപ്പൊട്ടലുകളാണിതെല്ലാം. നിറയുന്ന കണ്ണുനീരിനെ സാക്ഷിനിര്‍ത്തി അദ്ദേഹം ചോദിച്ച ചോദ്യങ്ങളെല്ലാം പലരുടേതും കൂടിയായിരുന്നു.
എന്തുകൊണ്ടാണിങ്ങനെയൊക്കെ സംഭവിക്കുന്നത്? മക്കള്‍ വഴിതെറ്റാന്‍, സ്വഭാവം മോശമാവാന്‍ കാരണം എന്താണ്? രക്ഷിതാക്കളെയാണോ കുറ്റപ്പെടുത്തേണ്ടത്..? സമൂഹത്തെയാണോ പഴിചാരേണ്ടത്..? അല്ലെങ്കില്‍ അവനെത്തന്നെയോ..?
ഏതൊരു കുടുംബ നാഥന്‍റെയും ആഗ്രഹമാണ് സന്തോഷവും സമാധാനവും സഹകരണവും നിറഞ്ഞ കുടുംബജീവിതം. മക്കള്‍ നന്നായി പഠിച്ച് വളര്‍ന്ന് ഒരു സ്ഥാനത്തെത്തിക്കാണുന്നത് അവരുടെ സ്വപ്നമാണ്. ഈ സ്വപ്നങ്ങളുടെ ചിറകുകള്‍ ഒടിഞ്ഞുപോകുന്നത് എന്തുകൊണ്ടാണ്? മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് പ്രതീക്ഷ അസ്തമിച്ചുപോകാന്‍ കാരണമെന്ത്? കുടുംബം ഒരു ഭാരമായി ഭാര്യക്കോ ഭര്‍ത്താവിനോ ചിന്തിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? മക്കളുടെ വളര്‍ച്ചയില്‍, പുരോഗതിയില്‍ രക്ഷിതാക്കളുടെ പങ്കെന്താണ്? സമൂഹത്തിന് എന്ത് ചെയ്യാന്‍ കഴിയും? ഇത്തരത്തിലുള്ള ഗൗരവതരമായ ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള അന്വേഷണമാണിവിടെ ആരംഭിക്കുന്നത്.
ഒരു വ്യക്തിയുടെ വളര്‍ച്ചയെ, സ്വഭാവ രൂപീകരണത്തെ, സംസ്കാരത്തെ സ്വാധീനിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമായ സമയം എപ്പോഴാണ്..? അതായത് ഒരു വ്യക്തിയെ തീരുമാനിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട സമയം ഏതാണ്?
കുട്ടിക്കാലം, കൗമാരം, സ്കൂള്‍ കാലം എന്നിങ്ങനെ പോകുന്നു പലരുടെയും മറുപടികള്‍. യഥാര്‍ത്ഥത്തില്‍ ഗര്‍ഭധാരണം  മുതല്‍ തന്നെ വ്യക്തിത്വം രൂപപ്പെടാന്‍ തുടങ്ങുന്നു എന്നതാണ് സത്യം.
ഗര്‍ഭധാരണം ആദ്യം മനസില്‍
ആദ്യം കുഞ്ഞിനെ ഗര്‍ഭം ധരിക്കേണ്ടത് മനസിലാണ്. അതിന് ശേഷമേ ഗര്‍ഭപാത്രത്തില്‍ ഗര്‍ഭം ഉണ്ടാകാവൂ എന്നാണ് മനഃശാസ്ത്ര വിദഗ്ധര്‍ പഠിപ്പിക്കുന്നത്. എങ്ങനെയാണ് മനസില്‍ ഗര്‍ഭം ധരിക്കുക?
കുഞ്ഞു വേണമെന്ന് ആദ്യം മനസില്‍ ആഗ്രഹം വേണം. ഇപ്പോള്‍ കുഞ്ഞു വേണ്ട, അല്‍പം കഴിഞ്ഞിട്ടാകാം എന്ന മാനസികാവസ്ഥയില്‍ പിറക്കുന്ന കുഞ്ഞും പൂര്‍ണ താല്‍പര്യത്തോടെ പിറക്കുന്ന കുഞ്ഞും തമ്മില്‍ മാനസികാരോഗ്യത്തില്‍ വ്യത്യാസമുണ്ടാകും. അതവരുടെ ശാരീരിക ആരോഗ്യത്തെയും കരിയറിനെ തന്നെയും ബാധിക്കും.
മനഃശാസ്ത്രജ്ഞരുടെ അടുക്കല്‍ കൗണ്‍സിലിംഗിന് കുട്ടികളെ കൊണ്ടുവരുമ്പോള്‍ പ്രഥമ ഘട്ടത്തില്‍ ചോദിക്കുന്നത്, ‘‘ഈ കുഞ്ഞ് നിങ്ങള്‍ പ്രതീക്ഷിച്ചതായിരുന്നോ അല്ലയോ’’ എന്നാണ്. പ്രതീക്ഷിക്കാത്ത സമയത്ത് പിറന്ന കുട്ടിയാണെങ്കില്‍ ആ കുട്ടിയുടെ ചില വൈകല്യങ്ങള്‍ക്ക് കാരണം കണ്ടുപിടിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടതില്ല. ചില രക്ഷിതാക്കള്‍ പറയാറുണ്ട്, ‘‘ഇവന് സ്വന്തം വീട്ടില്‍ നില്‍ക്കാന്‍ മടിയാണ്, മൂത്താപ്പയുടെയോ അമ്മായിയുടെയോ ഒക്കെ വീട്ടില്‍ താമസിക്കാനാണ് കൂടുതല്‍ താല്‍പര്യം.’’ ഇതിന്‍റെ കാരണങ്ങളില്‍ ഒന്ന് ഈ ‘അപ്രതീക്ഷിത ജനനം’ തന്നെയാണ്. സ്വന്തം വീട്ടില്‍ നിന്ന് പിന്‍വലിഞ്ഞ് നില്‍ക്കുന്ന ലക്ഷണങ്ങള്‍ ഇത്തരം കുട്ടികള്‍ കാണിക്കും. ഓരോ തവണയും ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും കുഞ്ഞിനെ പ്രതീക്ഷിച്ച് കൊണ്ടായിരിക്കണമെന്ന് പണ്ഡിതര്‍ പറയുന്നത് അതുകൊണ്ടാണ്. ഗര്‍ഭം ധരിക്കുകയും അത് ഒഴിവാക്കാന്‍ ശ്രമിച്ചിട്ട് നടക്കാതിരിക്കുകയും ചെയ്ത് വളര്‍ന്ന് വരുന്ന കുട്ടി രക്ഷിതാക്കളുമായി മാനസിക അടുപ്പം ഉണ്ടായിരിക്കില്ല എന്ന് മാത്രമല്ല അവരുമായി പലപ്പോഴും കലഹത്തിലായിരിക്കുകയും ചെയ്യും. കാരണം, തന്നെ കൊന്നുകളയാന്‍ ശ്രമിച്ച രക്ഷിതാക്കളെ അവന്‍ തിരിച്ചറിയുന്നു.
അണ്ഡ ബീജ സങ്കലനം മുതല്‍ ഒരു വ്യക്തിയുടെ വളര്‍ച്ച ആരംഭിക്കുന്നു. ഗര്‍ഭ സമയത്തെ ഉമ്മയുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും കുഞ്ഞിനെ സ്വാധീനിക്കും. ഏകദേശം എല്ലാ ദിവസവും 7 മണി മുതല്‍ 8 മണി വരെ കരയുന്ന ഏതാനും മാസം പ്രായമുള്ള കുട്ടിയെയും കൊണ്ട് മാതാപിതാക്കള്‍ ഒരു കൗണ്‍സിലറുടെ അടുത്തെത്തി. കുട്ടി ഓട്ടോമാറ്റിക്കായി 7 മണിക്ക് കരച്ചില്‍ തുടങ്ങി 8 മണിയാകുമ്പോഴേക്ക് കരച്ചില്‍ നിര്‍ത്തുന്നു. ആദ്യമൊന്നും മനസിലായില്ലെങ്കിലും വിശദമായ നിരീക്ഷണത്തില്‍ ഒരു കാര്യം വ്യക്തമായി. കുഞ്ഞിനെ ഗര്‍ഭമുള്ളപ്പോള്‍ ഉമ്മ സ്ഥിരമായി ഈ സമയത്ത് സീരിയലിന്‍റെ മുമ്പിലിരുന്ന് കരയാറുണ്ടായിരുന്നുവത്രെ. ആ സ്വഭാവമാണ് ജനിച്ച ശേഷവും കുട്ടി പ്രകടിപ്പിക്കുന്നത്.
മറ്റൊരു സംഭവം അല്‍പം കൂടി രസകരമായിരുന്നു. സാധാരണ ഉപ്പയെടുത്ത് താലോലിച്ചിട്ടും കരച്ചില്‍ നിര്‍ത്താത്ത കുട്ടികള്‍ ഉമ്മയുടെ തലോടലേറ്റാല്‍ കരച്ചില്‍ നിര്‍ത്തുന്നു. ചില കുട്ടികള്‍ ഉമ്മയെടുത്തിട്ടും കരച്ചില്‍ നിര്‍ത്തുന്നില്ലെങ്കില്‍ ഉപ്പയെടുത്ത് പാട്ടു പാടിയാല്‍ മതി, ചില പ്രത്യേക പാട്ടുകള്‍, കുട്ടി ഉടനെ കരച്ചില്‍ മതിയാക്കും. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഈ കുഞ്ഞിനെ ഗര്‍ഭമുള്ളപ്പോള്‍ പാട്ടു കമ്പക്കാരനായ ഭര്‍ത്താവ് ഭാര്യയെ തനിക്കിഷ്ടപ്പെട്ട പാട്ടുകള്‍ പാടി കേള്‍പ്പിക്കാറുണ്ടായിരുന്നു. അതേ പാട്ടുകളോ അതേ ഈണത്തിലുള്ള പാട്ടുകളോ കുട്ടി ജനന ശേഷവും തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്നു.
ഗര്‍ഭിണികളെ യാതൊരു കാരണവശാലും മാനസികമായി പ്രയാസപ്പെടുത്താന്‍ പാടില്ല. അവര്‍ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങള്‍ കുഞ്ഞിനെയും ബാധിക്കാന്‍ സാധ്യതയുണ്ട്. നിരന്തരമായി മനഃപ്രയാസങ്ങളും, ടെന്‍ഷനും, സങ്കടവും അനുഭവിക്കുന്ന ഗര്‍ഭിണികളുടെ കുട്ടികള്‍ക്ക് വൈകാരിക ആരോഗ്യം കുറവായിരിക്കുമെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ പറയുന്നു. ഡോ. പെന്‍വീല്‍ഡിനെപ്പോലെയുള്ള മെഡിക്കല്‍ ഡോക്ടര്‍മാരും അത് അംഗീകരിച്ചിട്ടുണ്ട്.
ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിയെ മാതാപിതാക്കള്‍ കൊണ്ടുവന്നത് എപ്പോഴുമുള്ള ഒറ്റക്കിരുത്തത്തിന്‍റെയും സന്തോഷമില്ലായ്മയുടെയും പേരിലാണ്. കൂടുതല്‍ ഇറങ്ങിച്ചെന്നപ്പോഴാണ് മനസിലായത്, ആ കുട്ടി മനസിനുള്ളില്‍ സങ്കടത്തിന്‍റെ വലിയ ഭാണ്ഡങ്ങള്‍ സൂക്ഷിക്കുന്നുവെന്ന്. ഇടത്തരം കുടുംബത്തില്‍ പെട്ട ആ കുട്ടിയുടെ കല്യാണം കഴിഞ്ഞിട്ട് അധികം നാളായിട്ടില്ല. അല്‍പം സ്വര്‍ണത്തിന് അവധി വെച്ചാണ് വിവാഹം നടന്നത്. വൈകാതെ തന്നെ ഗര്‍ഭിണിയായ സഹോദരിയോട് ഭര്‍ത്താവിന്‍റെ ഉമ്മയും ഉപ്പയും ചിലപ്പോള്‍ ഭര്‍ത്താവ് തന്നെയും പറയും ‘ബാക്കി സ്വര്‍ണം എത്രയും പെട്ടെന്ന് വേണം. കുട്ടി പിറന്നുകഴിഞ്ഞാല്‍ കിട്ടാനുള്ളതൊന്നും കിട്ടൂല’ എന്ന്. സ്വന്തം പിതാവിന്‍റെ സാമ്പത്തിക പരാധീനതകളറിയുന്ന ഈ പാവം കുട്ടിക്ക് ഇതാരോടും പറയാന്‍ കഴിഞ്ഞില്ല. ആ സങ്കടങ്ങളാണ് അവളെ തളര്‍ത്തിയത്. ഗര്‍ഭിണിയായ മകളെ, സഹോദരിയെ, ഭാര്യയെ പ്രയാസപ്പെടുത്തുന്ന ഉപ്പമാര്‍, ഉമ്മമാര്‍, ഭര്‍ത്താക്കന്മാര്‍ മനസിലാക്കുക; നിങ്ങള്‍ ഉപദ്രവമേല്‍പ്പിക്കുന്നത് പിറക്കാനിരിക്കുന്ന നിങ്ങളുടെ കുട്ടിയുടെ/പേരക്കുട്ടിയുടെ ആരോഗ്യത്തെക്കൂടിയാണ്.
മാനസികശാരീരിക ആരോഗ്യമുള്ള കുഞ്ഞിനെ ആഗ്രഹിക്കുന്നവര്‍ നല്ല ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും മുഴുകുകയും പോഷകാഹാരങ്ങള്‍ കഴിക്കുകയും ചെയ്യേണ്ടതാണ്.  സിനിമാ ഗാനങ്ങളും മറ്റു വികല സന്ദേശങ്ങളും കേട്ട് വളരുന്ന കുട്ടികള്‍ക്ക് അത്തരം സംസ്കാരങ്ങളോടായിരിക്കും താല്‍പര്യം.
ഗര്‍ഭം ഒരു രോഗമല്ല
സഹോദരിമാരില്‍ പലരും തിരുത്തേണ്ട ഒരു ധാരണയാണിത്. ഗര്‍ഭം എന്ന് കേള്‍ക്കുമ്പോഴേക്കും ഹോസ്പിറ്റലില്‍ ക്യൂ നില്‍ക്കുന്നതും, ക്ഷീണിച്ച് കിടക്കുന്നതും, കാല്‍ പൊക്കിവെച്ച് ബെഡ്റെസ്റ്റ് എടുക്കുന്നതും സ്കാനിംഗുകള്‍ക്ക് വേണ്ടി കയറി ഇറങ്ങുന്നതുമെല്ലാം ചിന്തിക്കുന്നവര്‍ ഗര്‍ഭത്തെ ഒരു രോഗമായിക്കാണുന്നു. ചില സഹോദരിമാര്‍ക്ക് കുറേയേറെ മരുന്നുകളും ടെസ്റ്റുകളും നടത്തിയാലേ സമാധാനമാകൂ. ഇത്തരത്തിലുള്ള ടെസ്റ്റുകളും മെഡിസിനുകളുമെല്ലാം പ്രത്യക്ഷത്തില്‍ ആശ്വാസം നല്‍കുമെങ്കിലും പരോക്ഷമായി ശരീരത്തിനും കുഞ്ഞിനും ദോഷം തന്നെയാണ്. സ്കാനിംഗുകളും അലമാര നിറയെ മരുന്നുകളും മള്‍ട്ടി സ്പ്യൊലിറ്റി ഹോസ്പിറ്റലിലെ ശീതീകരിച്ച റൂമുകളുമില്ലാതെയാണ് കാലമിതുവരെയും സഹോദരികള്‍ വീട്ടില്‍ വെച്ച് പ്രസവിച്ചിരുന്നത്. എന്‍റെ ഒരു സുഹൃത്തിന്‍റെ ഭാര്യയുടെ ആദ്യത്തെ പ്രസവം ഈയിടെ നടന്നത് വീട്ടില്‍ വെച്ചാണ്. അങ്ങനെയുള്ള പല വാര്‍ത്തകള്‍ നാം കേള്‍ക്കാറുമുണ്ട്. തീരെ ഹോസ്പിറ്റലില്‍ പോകേണ്ട എന്നല്ല പറയുന്നത്. പലതരം പരിശോധനകളെയും മരുന്നുകളെയും നാം ഒഴിവാക്കിയേ തീരൂ…
എന്തുകൊണ്ടാണ് ഇന്ന് സഹോദരിമാര്‍ ഇങ്ങനെയുള്ള ഭൗതിക സംവിധാനങ്ങളില്‍ കൂടുതല്‍ ആശ്വാസം കണ്ടെത്തുന്നത്. 
ഓപ്പറേഷനുകള്‍ക്ക് സഹോദരിമാര്‍ കൂടുതല്‍ താല്‍പര്യം കാണിക്കുകയും പല ഹോസ്പിറ്റലുകളും ഡോക്ടര്‍മാരും അതിന് പച്ചക്കൊടി കാണിക്കുകയും ചെയ്യുന്നു. ഗര്‍ഭിണികള്‍ക്ക് പ്രസവ വേദനയില്‍ നിന്ന് രക്ഷയും ഹോസ്പിറ്റലുകള്‍ക്ക് അമിത ലാഭവും ഇതിലൂടെ കൈവരുന്നു. ഓപ്പറേഷന്‍ വര്‍ധിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്, ശരീരമിളകി ജോലി ചെയ്യാനുള്ള സാഹചര്യങ്ങള്‍ സഹോദരിമാര്‍ക്ക് കുറഞ്ഞുവരുന്നു. താഴെ നിലത്തുണ്ടായിരുന്ന സാധാരണ അടുപ്പില്‍ നിന്നും സ്റ്റൗവിലേക്കും ഗ്യാസ് അടുപ്പിലേക്കും ഈസി കുക്കിലേക്കും നാം മുന്നേറിയപ്പോള്‍ സഹോദരിമാര്‍ക്ക് നഷ്ടപ്പെട്ടത് ശരീരത്തിന്‍റെ ആയാസം നിലനിര്‍ത്താനുള്ള അവസരമാണ്. ഡോക്ടര്‍മാര്‍ നിര്‍ബന്ധിത വിശ്രമം നിര്‍ദേശിച്ചാല്‍ മാത്രം റെസ്റ്റ് എടുക്കുകയും അല്ലാത്തപക്ഷം ശരീരമിളകി പണിയെടുക്കുകയും ചെയ്യുന്നത് പ്രസവം എളുപ്പമാക്കുകയും പ്രസവ വേദന കുറക്കുകയും ചെയ്യും.

കുട്ടികളിലെ അപസ്മാരം

എന്താണ് അപസ്മാരം?
തലച്ചോറില്‍ നിന്ന് അസ്വാഭാവിക വ്യൈുത സ്പന്ദനം ഉണ്ടാകുന്ന അവസ്ഥയാണ് സന്നി അഥവാ സീഷര്‍. ഒരു തവണ മാത്രമുണ്ടാകുന്ന സന്നി പലപ്പോഴും കാര്യമായ പ്രശ്നമുണ്ടാക്കാറില്ല. ഒന്നിലധികം തവണ സന്നി ഉണ്ടാകുന്ന അവസ്ഥയ്ക്കാണ് അപസ്മാരം എന്നു പറയുന്നത്. സന്നിയുണ്ടാകാനുള്ള പ്രവണത യെന്നാണ് ‘അപസ്മാരം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
? സന്നി എന്നാല്‍ എന്താണ്?
തലച്ചോറിലെ നാഡീകോശങ്ങളില്‍ നിന്നു പൊടുന്നനെയുണ്ടാകുന്ന പ്രത്യേക വ്യൈുത സ്പന്ദനങ്ങളെയാണ് സന്നി അഥവാ സീഷര്‍ എന്നു പറയുന്നത്. ഈ വ്യൈുത സ്പന്ദനം ചിലപ്പോള്‍ തലച്ചോറിലെ ഏതാനും ഭാഗങ്ങളില്‍ ഒതുങ്ങിനില്‍ക്കും. ചിലപ്പോള്‍ ഇത് തലച്ചോറിനെ മൊത്തം ബാധിക്കാം.
തലച്ചോറില്‍ ഇങ്ങനെയൊരു വ്യൈുത സ്പന്ദനം ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും അത് ശരീരത്തില്‍ അനുഭവപ്പെടും. അവയവങ്ങള്‍ വെട്ടുകയോ വിറയ്ക്കുകയോ കോച്ചിപ്പിടിക്കുകയോ ഒക്കെയാണ് സാധാരണ ഉണ്ടാവാറ്. തലച്ചോറിന്റെ ഒരു ഭാഗത്തെ മാത്രം ബാധിക്കുന്ന സന്നിയില്‍, ചില ശരീരാവയവങ്ങളെ മാത്രമാണ് വെട്ടലും വിറയലുമൊക്കെ ബാധിക്കുക. തലച്ചോറിനെ മൊത്തത്തില്‍ ബാധിക്കുന്ന സന്നിയില്‍ വെട്ടലും വിറയലും ഉള്‍പ്പെടടെയുള്ള ചേഷ്ടകള്‍ ശരീരത്തെ മൊത്തത്തില്‍ ബാധിക്കും. പലപ്പോഴും ബോധക്കേടുണ്ടാകാറുണ്ട്. സന്നിയുണ്ടാകുമ്പോള്‍ വീണുപോകുന്നതും സാധാരണം.
? എത്ര ശതമാനം പേര്‍ക്കാണ് അപസ്മാരം ബാധിക്കാനിടയുള്ളത്?
അപസ്മാര ബാധയെക്കുറിച്ച് ഇന്ത്യയല്‍ കൃത്യമായ ഗവേഷണങ്ങളോ സര്‍വെകളോ നടന്നിട്ടില്ല. ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ ചില വിപുലമായ ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതുപ്രകാരം ആയിരത്തില്‍ അഞ്ചു പേര്‍ക്ക് അപസ്മാരം ഉണ്ട് എന്നാണ് നിഗമനം. അപസ്മാര ബാധിതരില്‍ മൂന്നിലൊന്നു പേരും കുട്ടികളാണ്.
? കുട്ടികളില്‍ എന്നു മുതലാണ് അപസ്മാരം കണ്ടുതുടങ്ങുന്നത്?
ജനിച്ച അന്നു മുതല്‍ എപ്പോള്‍ വേണമെങ്കിലും കുഞ്ഞുങ്ങളില്‍ അപസ്മാരം കണ്ടുതുടങ്ങാം. സന്നിയുടെ രൂപത്തിലാണ് ഇത് അനുഭവപ്പെടുന്നത്. ഇത്തരം സന്നികളില്‍ 80 ശതമാനവും വലിയ പ്രശ്നങ്ങളുണ്ടാക്കാത്തവയാണ്. രണ്ടുമൂന്നു വര്‍ഷത്തെ ചികിത്സകൊണ്ട് ഇവ പൂര്‍ണമായും ഭേദമാക്കാനാവും. ലഘുവായ ഇത്തരം സന്നികളില്‍ യഥാസമയം കൃത്യമായ ചികിത്സ ചെയ്യണം. അല്ലെങ്കില്‍ ചിലപ്പോള്‍ ക്രമേണ ഗൗരവമുള്ള അപസ്മാരമായി മാറി എന്നുവരാം.
? കുട്ടിക്കാലത്ത് മാത്രം കാണുന്ന അപസ്മാരങ്ങളുണ്ടോ?
കുട്ടിക്കാലത്ത് മാത്രം കാണുന്ന ചില അപസ്മാരങ്ങളുണ്ട്. വെസ്റ്റ് സിന്‍ഡ്രോം (), ആബ്സന്‍സ് എപ്പിലെപ്സി () തുടങ്ങിയവ ഉദാഹരണം. 12 വയസ്സിനു മുമ്പ് ആയിരിക്കും ഇത്തരം അപസ്മാരങ്ങള്‍ ആരംഭിക്കുന്നത്. യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ ഇത് ക്രമേണ മറ്റുതരം അപസ്മാരങ്ങളായി മാറാനിടയുണ്ട്.
? ഇവ എങ്ങനെ തിരിച്ചറിയാം?
കുട്ടിയുടെ ചലനങ്ങളൊക്കെ പൊടുന്നനെ നിന്ന് സ്തംഭിച്ചതുപോലെ ആയിപ്പോവുക, കണ്ണ് മറിഞ്ഞ് മുകളിലേക്ക് പോവുക, കൈകാലുകള്‍ വല്ലാതെ ബലം പിടിക്കുക തുടങ്ങി പലതരം ചേഷ്ടകള്‍ ഉണ്ടാകും. ചിലപ്പോള്‍ തുടര്‍ച്ചയായി കണ്ണ് ഇമവെട്ടിക്കൊണ്ടിരിക്കും. ഒരു കൈ മാത്രമോ രണ്ട് കൈകളുമോ ചുരുട്ടി ബലം പിടിച്ചിരിക്കും. ചിലരില്‍ വല്ലാത്ത വിറയലും വെട്ടലുമൊക്കെ ഉണ്ടാകും. സ്വാഭാവിക പെരുമാറ്റ രീതികളില്‍ നിന്ന് പൊടുന്നനെയുണ്ടാകുന്ന മാറ്റങ്ങളില്‍ നിന്നാണ് ഇവ തിരിച്ചറിയുന്നത്.
അത്ര പ്രകടമല്ലാത്ത ചില ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ചില കുട്ടികള്‍ വെറുതെ തുറിച്ച് നോക്കിയിരുന്ന് വായ് തുറന്നു ചവച്ചുകൊണ്ടിരിക്കും. ചിലപ്പോള്‍ ഒരു കൈയോ കാലോ മാത്രം വെറുതെ പ്രത്യേക തരത്തില്‍ ഇളക്കിക്കൊണ്ടിരിക്കും. ഇത്തരം ലക്ഷണങ്ങള്‍ ഏതെങ്കിലും തരത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്നതായി തോന്നുന്നുവെങ്കില്‍ വിശദ പരിശോധന നടത്തണം.
? കുട്ടികളിലെ അപസ്മാരം എത്രവിധമുണ്ട്?
കുട്ടികളില്‍ കാണുന്ന അപസ്മാരങ്ങളെ പ്രധാനമായും മൂന്നായി തരംതിരിക്കാം. (1) ജന്മനാ ഉണ്ടാകുന്നത്. (2) മറ്റ് കാരണങ്ങള്‍ കൊണ്ട് പിന്നീട് ഉണ്ടാകുന്നത്. (3) കാരണങ്ങളൊന്നും ഇല്ലാത്തത്.
? ജന്മനാ അപസ്മാരം ഉണ്ടാകാനുള്ള കാരണമെന്താണ്?
വളരെ ചെറിയൊരു വിഭാഗം ആളുകളില്‍ മാത്രം കാണുന്ന ഒരു അപൂര്‍വ രോഗമാണിത്. തലച്ചോറില്‍ ഏതെങ്കിലും തരത്തിലുള്ള ജന്മവൈകല്യം ഉണ്ടായിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ അനുഭവപ്പെടുന്നത്. മസ്തിഷ്കത്തിലെ രക്തക്കുഴലുകളില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നം ഉണ്ടാവുക, പ്രസവ സമയത്ത് കുഞ്ഞിന് ഏതെങ്കിലും തരത്തില്‍ മസ്തിഷ്കത്തിന് ക്ഷതം സംഭവിക്കുക തുടങ്ങിയ കാരണങ്ങള്‍കൊണ്ട് ഇതുണ്ടാവാം. ജന്മനാ തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്തിന് വളര്‍ച്ച കുറവായിരിക്കുക തുടങ്ങി പല കാരണങ്ങള്‍ വേറെയും ഉണ്ട്.
ജന്മനാ ഉള്ള അപസ്മാരങ്ങളില്‍ നല്ലൊരു പങ്കും ചികിത്സകൊണ്ട് ഭേദമാക്കാന്‍ പറ്റാറുണ്ട്. ശിശുവായിരിക്കുമ്പോള്‍ തന്നെ ഇത് ചികിത്സിച്ചു ഭേദമാക്കണം. അല്ലെങ്കില്‍ കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയെ ഇത് പ്രതികൂലമായി ബാധിക്കും. കാലക്രമേണ കൂടുതല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും. ഗര്‍ഭസ്ഥ ശിശുവിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നത് രക്തത്തിലൂടെ എത്തുന്ന ഗ്ലൂക്കോസില്‍ നിന്നാണ്. നവജാത ശിശുക്കളില്‍ ഈ രക്ത ഗ്ലൂക്കോസിന്റെ നില കുറയുന്നത് നിയോനാറ്റല്‍ ഹൈപ്പോ ഗ്ലൈസീമിയ എന്ന രോഗാവസ്ഥയുണ്ടാക്കും. ഇതു പലപ്പോഴും നവജാത ശിശുക്കളില്‍ അപസ്മാരമുണ്ടാക്കാറുണ്ട്.
? മറ്റ് കാരണങ്ങള്‍കൊണ്ട് അപസ്മാരം ഉണ്ടാകാം എന്നു പറയുന്നതെന്തുകൊണ്ട്?
മെനിഞ്ചൈറ്റീസ്, എന്‍സഫലൈറ്റീസ് തുടങ്ങി ഏതെങ്കിലും മസ്തിഷ്ക രോഗങ്ങള്‍ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധ ഒരു വിഭാഗം പേരില്‍ അപസ്മാരമുണ്ടാക്കാറുണ്ട്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവു കുറയുന്ന ഹൈപ്പോ ഗ്ലൈസീമിയ, കാത്സ്യത്തിന്റെ അളവു കുറയുന്ന ഹൈപ്പോ കാത്സീമിയ തുടങ്ങിയ അസുഖങ്ങള്‍ മൂലം വളരെ ചെറിയ പ്രായത്തില്‍ തന്നെ അപസ്മാരമുണ്ടാവാം. പിരീഡോക്സിന്‍ പോലെ ചില വിറ്റാമിനുകളുടെ കുറവും അപൂര്‍വമായി ചിലരില്‍ അപസ്മാരമുണ്ടാക്കാറുണ്ട്.
കളികള്‍ക്കിടയിലും മറ്റും വീണ് തലയ്ക്ക് പരിക്കേല്‍ക്കുന്നത് കുട്ടികളുടെ തലച്ചോറില്‍ ക്ഷതം ഉണ്ടാക്കാറുണ്ട്. ചെറിയൊരു വിഭാഗം പേരിലെങ്കിലും ഇത്തരം ക്ഷതങ്ങള്‍ അപസ്മാരത്തിന് കാരണമാകും. അതുപോലെത്തന്നെ തലച്ചോറില്‍ ചെറിയ മുഴകള്‍ ഉണ്ടായിരിക്കുന്ന അവസ്ഥയും അപസ്മാരത്തിന് കാരണമാകാം. ഇത് ശസ്ത്രക്രിയയിലൂടെ ഭേദമാക്കാന്‍ സാധിച്ചേക്കാം.
? കാരണമില്ലാത്ത അപസ്മാരം എന്താണ്?
കുട്ടികളിലുണ്ടാകുന്ന അപസ്മാരങ്ങളില്‍ 70 ശതമാനവും കാരണമൊന്നും കണ്ടെത്താന്‍ കഴിയാത്തവയാണ്. സാധാരണയായി കാണുന്ന അഭാവ സന്നി ഇത്തരമൊന്നാണ്.
? എന്താണ് അഭാവ സന്നി?
കുട്ടികളില്‍ കാണുന്ന ഒരു പ്രധാന പ്രശ്നമാണ് അഭാവ സന്നി. പലപ്പോഴും അധ്യാപകര്‍ക്കാണ് ഈ രോഗം കണ്ടെത്താന്‍ കഴിയുക. ക്ലാസിലിരിക്കുന്ന കുട്ടികള്‍ പൊടുന്നനെ ഏതാനും നിമിഷത്തേക്ക് എല്ലാം മറന്ന്, അന്തംവിട്ട് മിഴിച്ചിരുന്നുപോവും. നോട്ട് എഴുതാതെയോ, വരികള്‍ വിട്ടുപോയോ സ്തംഭിച്ചിരിക്കും. ചോദ്യങ്ങള്‍ പലപ്പോഴും കേള്‍ക്കാതെ പോവും. ഏതാനും നിമിഷം കഴിഞ്ഞ് ഈ സന്നി വിട്ടുമാറുമ്പോള്‍ പൊടുന്നനെ സ്ഥലകാലബോധം തിരിച്ചുകിട്ടും. ഭക്ഷണം കഴിക്കുമ്പോഴും മറ്റും ഈ സ്തംഭനവും മറവിയും സംഭവിക്കാം. ഏതാനും നിമിഷം കഴിയുമ്പോള്‍ പെട്ടെന്ന് ഓര്‍മ വന്നതുപോലെ എല്ലാം പഴയ പടിയാകും.
ഇത് ഒരുതരം സന്നിയാണെന്നും അപസ്മാര ലക്ഷണമാണ് എന്നും തിരിച്ചറിയാന്‍ പലര്‍ക്കും കഴിയാറില്ല. പലപ്പോഴും ഇതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല എന്നതാണ് അതിനു പ്രധാന കാരണം. എങ്കിലും ഇതിന് പരിശോധന നടത്തി ചികിത്സ ചെയ്ത് രോഗം ഭേദമാക്കണം. കുട്ടികളുടെ ബുദ്ധിശക്തി, ഓര്‍മ, ആശയവിനിമയ ശേഷി, സാമൂഹിക ബന്ധങ്ങള്‍ എന്നിവയെയൊക്കെ ഇതു ബാധിച്ചെന്നുവരാം. ചിലരില്‍ ഇത് മറ്റുതരം അപസ്മാരങ്ങളായി മാറാനും ഇടയുണ്ട്. സാധാരണഗതിയില്‍ ഒന്നുരണ്ടു കൊല്ലം മരുന്നു കഴിച്ചാല്‍ ഈ രോഗം ഭേദമാകും.
? കുഞ്ഞുങ്ങളില്‍ ഒറ്റ സന്നി ഉണ്ടായാല്‍ ചികിത്സ വേണോ?
ആദ്യത്തെ സന്നി ഉണ്ടാകുമ്പോള്‍ തന്നെ വിശദ പരിശോധന നടത്തുന്നതാണ് നല്ലത്. ഇ.ഇ.ജി. ഉള്‍പ്പെടെയുള്ള പരിശോധനകളാണ് വേണ്ടത്. ഇതില്‍ എന്തെങ്കിലും പ്രശ്നം കണ്ടാല്‍ ആദ്യസന്നിയില്‍ തന്നെ ചികിത്സ തുടങ്ങാവുന്നതാണ്.
? അപസ്മാരം കുട്ടികളെ ഏതൊക്കെ തരത്തിലാണ് ബാധിക്കുക?
കുട്ടികളുടെ വ്യക്തിത്വ വികാസത്തെ അപസ്മാരം പല തരത്തില്‍ ബാധിക്കും. ഗൗരവമുള്ള അപസ്മാരമാണെങ്കില്‍ കുട്ടികളുടെ ബൗദ്ധിക നിലവാരത്തെത്തന്നെ അതു ബാധിച്ചേക്കാം. ചലന വൈദഗ്ധ്യങ്ങളില്‍ കുറവുണ്ടാകാനും അപസ്മാരം വഴിവെക്കാറുണ്ട്. എല്ലാ ശേഷികളുടെയും ആസ്ഥാനം തലച്ചോറാണല്ലോ. തലച്ചോറിലുണ്ടാകുന്ന അസ്വാഭാവിക വ്യൈുത സ്പന്ദനങ്ങള്‍ കുട്ടികളുടെ ഭാഷാ ശേഷിയെയും സംസാര ശേഷിയെയും ബാധിച്ചേക്കാം. ഇത്തരം പ്രശ്നങ്ങള്‍ മൂലം കുട്ടികള്‍ക്ക് സാമൂഹിക ഇടപെടലുകളില്‍ ചിലപ്പോള്‍ വൈഷമ്യങ്ങള്‍ ഉണ്ടാകാറുണ്ട്.
കുട്ടിക്ക് എന്തോ പ്രത്യേക കുഴപ്പമുണ്ട് എന്ന വിധത്തില്‍ മാതാപിതാക്കളോ അധ്യാപകരോ കൂട്ടുകാരോ ഒക്കെ പെരുമാറാറുണ്ട്. ഇതു ശരിയല്ല. പനിയോ ചുമയോ ഒക്കെപ്പോലെ ഒരു അസുഖം മാത്രമാണിത് എന്ന് എല്ലാവരും മനസ്സിലാക്കണം. അതനുസരിച്ച് വേണം പെരുമാറാന്‍. ഇത് ലഘുവായൊരു പ്രശ്നമാണെന്നും പേടിക്കാനോ നാണിക്കാനോ ഒന്നുമില്ലെന്നും കുട്ടിയെ പറഞ്ഞു ബോധ്യപ്പെടുത്തണം. കുട്ടികളുടെ അപസ്മാരത്തെക്കുറിച്ച് അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ബോധമുണ്ടാകുന്നതും ഗുണം ചെയ്യും.
കാര്യമായ ഉപദ്രവമൊന്നും ചെയ്യാത്ത സന്നിയെ പലരും അവഗണിക്കുകയാണ് പതിവ്. ഇതിനെ ഗുരുതരമായി കാണേണ്ട കാര്യമില്ലെന്നതു ശരി. എങ്കിലും വിശദമായ പരിശോധനകള്‍ നടത്തുകയും ഭാവിയില്‍ മറ്റുതരം അപസ്മാരങ്ങളായി മാറുകയില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.

ഡോ. ആര്‍. ആശാലത
(
കണ്‍സള്‍ട്ടന്‍റ്, തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍റ് ടെക്നോളജി)

മക്കളോട് മാതാപിതാക്കളുടെ ബാധ്യതകള്‍

നമ്മുടെ സമൂഹത്തില്‍ പൊതുവെ രണ്ടുതരത്തിലുള്ള കുടുംബങ്ങളാണുള്ളത്. ഒന്ന്: സജീവ കുടുംബം  രണ്ട്: ശിഥില കുടുംബം ഓരോന്നിനും അതിന്‍റേതായ പ്രത്യേകതകളുണ്ട്. എന്നാല്‍ ശിഥില കുടുംബങ്ങളില്‍ നിന്നാണ് കൂടുതല്‍ കുറ്റവാളികളും സാമൂഹ്യവിരുദ്ധരും ഉണ്ടാകുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാരണം, കുട്ടികളുടെ വ്യക്തിത്വസ്വഭാവ രൂപവല്‍കരണത്തില്‍ മാതാപിതാക്കളുടെ സ്വഭാവത്തിനും ശിക്ഷണത്തിനും സ്വാധീനമുണ്ട്. ഉത്തരവാദിത്വപൂര്‍ണമായ രക്ഷാകര്‍തൃത്വത്തിലൂടെ മാത്രമേ കുട്ടികളെ ഉത്തമ പൗരന്മാരാക്കിത്തീര്‍ക്കാന്‍ കഴിയുകയുള്ളൂ.
എന്താണ് ഉത്തരവാദിത്വമുള്ള രക്ഷാകര്‍തൃത്വം എന്നു പറഞ്ഞാല്‍? ഇന്ന് സര്‍വസാധാരണമായി ഉപയോഗിക്കുന്ന പദമാണ് രക്ഷാകര്‍തൃത്വം അഥവാ “പേരെന്‍റിങ്”  കുട്ടികളെ സംരക്ഷിക്കുന്നവരെല്ലാം രക്ഷാകര്‍ത്താക്കളാണെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ അതില്‍ എന്തോ പോരായ്മയുണ്ടെന്ന് തോന്നുന്നു. ഒരാള്‍ മാതാവോ പിതാവോ ആയതുകൊണ്ട് മാത്രം രക്ഷിതാവാകുന്നില്ല; ഹോസ്റ്റല്‍ വാര്‍ഡനും രക്ഷിതാവല്ല. പിന്നെ ആരാണ് യഥാര്‍ത്ഥ രക്ഷിതാവ്? പ്രതിഫലം പ്രതീക്ഷിക്കാതെ അല്ലെങ്കില്‍ സാമ്പത്തിക നേട്ടം ലക്ഷ്യമാക്കാതെ, വളര്‍ന്നുവരുന്ന കുട്ടികളെ അവരുടെ ജീവിതത്തിലെ ഒരു നിശ്ചിത പ്രായംവരെ ശാരീരികവും വൈകാരികവും സാമൂഹികവും ബൗദ്ധികവുമായ വികാസത്തില്‍ ശ്രദ്ധയും പ്രോത്സാഹനവും നല്‍കി സംരക്ഷിക്കുന്നതാവണം അയാളുടെ കര്‍ത്തവ്യം. അത് കുട്ടിയെ സ്ഥിരമായി സംരക്ഷിക്കുന്ന മാതാവ്, പിതാവ്, മുത്തച്ഛന്‍, മുത്തശ്ശി, മറ്റു ബന്ധുക്കള്‍, ദത്തെടുത്തു വളര്‍ത്തുന്ന മാതാപിതാക്കള്‍ എന്നിങ്ങനെയുള്ള ആരുമാകാം. ഇങ്ങനെ രക്ഷാകര്‍ത്താവ് ചെയ്യുന്ന കാര്യങ്ങളെയാണ് രക്ഷാകര്‍തൃത്വം എന്ന പദംകൊണ്ടര്‍ത്ഥമാക്കുന്നത്.
പേരന്‍റിങ് വളരെ ശ്രേഷ്ഠമായ ഒരു പദവിയാണ്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതും ക്ലേശപൂര്‍ണമായ ജോലിയുമാണത്. എന്നാല്‍ വളരെയധികം സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുന്ന കര്‍ത്തവ്യം കൂടിയാണ് രക്ഷാകര്‍തൃത്വം എന്ന് ഏവരും സമ്മതിക്കുന്ന കാര്യവുമാണ്. എന്തു കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ചും മക്കളെ പോറ്റിവളര്‍ത്തി വലുതാക്കുന്നതിലൂടെ ആനന്ദവും സംതൃപ്തിയും ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്നവരാണല്ലോ മാതാപിതാക്കള്‍. പക്ഷെ, നിര്‍ഭാഗ്യമെന്നു പറയട്ടെ, പേരെന്‍റിങില്‍ വേണ്ടത്ര അറിവും അനുഭവസമ്പത്തും പലരെ സംബന്ധിച്ചും ഇല്ലാതെപോകുന്നത് വലിയ പോരായ്മ തന്നെയാണ്. ഇക്കാരണംകൊണ്ടുതന്നെയാണ് കുട്ടികള്‍ പ്രശ്നക്കാരായിത്തീരുന്നതും വഴിപിഴച്ചുപോകുന്നതും.
രക്ഷാകര്‍തൃത്വം എന്ന ഉത്തരവാദിത്വപൂര്‍ണമായ കര്‍മത്തിലൂടെ നല്‍കപ്പെടുന്ന മൂല്യങ്ങള്‍, പദവികള്‍, അവമൂലം സമൂഹത്തിലുണ്ടാകുന്ന പ്രതിഫലനങ്ങള്‍ അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ എന്നിവയെല്ലാം വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഇതിന്റെ മഹത്വവും ഇതിലെ കടമകളും മനസ്സിലാക്കിക്കൊണ്ട് യഥാവിധി ഇത് ഏറ്റെടുക്കാന്‍ പ്രാപ്തരാകുകയാണു വേണ്ടത്. മാതാപിതാക്കളാകുന്ന എല്ലാവരും, കുട്ടികളെ വളര്‍ത്താനുള്ള ദൗത്യം ഏറ്റെടുക്കുന്ന ഏവരും ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതായുണ്ട്.
അതെ, നാം മാതാപിതാക്കള്‍ ഉത്തരവാദിത്വമുള്ള രക്ഷാകര്‍ത്താക്കളാകാന്‍ ശ്രമിക്കാം. പലര്‍ക്കുമതിനു കഴിയാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഓരോരുത്തരും അവരവരുടെ സ്വഭാവം കണ്ടും കേട്ടും അനുഭവിച്ചും കിട്ടിയ അറിവുകളും വച്ചുകൊണ്ടാണ് പേരെന്‍റിങ്ങ് ഏറ്റെടുക്കുന്നത്. സാധാരണഗതിയില്‍ നമുക്കിടയിലെ മാതാപിതാക്കള്‍ രക്ഷാകര്‍തൃത്വത്തില്‍ വിവിധതരം ശൈലികള്‍ കൈക്കൊള്ളുന്നതായി കാണാം. പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനായ ബൗമിറിന്‍സിന്റെ അഭിപ്രായത്തില്‍, പ്രധാനമായും നാലുതരത്തിലുള്ള പേരെന്‍റിങ്ങ് ശൈലികള്‍ ഉണ്ട്. അവ ഏതെല്ലാമെന്ന് അറിഞ്ഞിരിക്കുന്നത് നന്ന്.
1. സ്വേച്ഛാധിപത്യ രക്ഷാകര്‍തൃത്വം
തങ്ങള്‍ നിര്‍ദേശിക്കുന്ന നിയമങ്ങള്‍ കുട്ടികള്‍ അതേപടി പിന്തുടരണമെന്ന് വാശിപിടിക്കുന്ന ചില മാതാപിതാക്കളുണ്ട്. അനുസരണശീലം വളര്‍ത്തുന്നതിന് കുട്ടികളില്‍ അച്ചടക്കം അടിച്ചേല്‍പിക്കുന്നവരാകുമിവര്‍. ഇവര്‍ കുട്ടികള്‍ക്കുവേണ്ടി തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. തങ്ങളുടെ കല്‍പനകള്‍ മക്കള്‍ അനുസരിക്കണമെന്ന് വാശിപിടിക്കുന്നു. അനുസരിക്കാതെ വന്നാല്‍ കഠിന ശിക്ഷകള്‍ നല്‍കുകയും ചെയ്യും. ഇത്തരം രക്ഷിതാക്കള്‍ അനുസരണശീലമുള്ളവരും പദവി കേന്ദ്രീകൃതമായി ചിന്തിക്കുന്നവരുമാകയാല്‍ തങ്ങളുടെ കുട്ടികളും അതുപോലെത്തന്നെയാകണമെന്നും ശഠിക്കുന്നവരാണ്. ഇത്തരം ശിക്ഷണത്തില്‍ വളര്‍ന്നുവരുന്ന കുട്ടികളില്‍ അനുസരണശീലമുണ്ടായിരിക്കുമെങ്കിലും ഇവരില്‍ ആത്മവിശ്വാസവും ആത്മാഭിമാനവും സംതൃപ്തിയും കാണില്ല. തന്നെയുമല്ല ഭാവിയില്‍ ഇവരും ഇത്തരം പ്രകൃതക്കാരാകുകതന്നെ ചെയ്യും.
2. പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന രക്ഷാകര്‍തൃത്വം
ശരിയായ അച്ചടക്ക ശീലത്തെക്കുറിച്ച് കാര്യമായ അറിവൊന്നുമില്ലാത്ത ഇവര്‍ കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് വഴങ്ങിക്കൊടുക്കുന്നവരായിരിക്കാം. വളരെ കുറഞ്ഞ കാര്യങ്ങള്‍ മാത്രമേ ഇവര്‍ക്ക് മക്കളോട് ആവശ്യപ്പെടാനുള്ളൂ. അതുപോലെ കുറഞ്ഞ പ്രതീക്ഷകളേ കാണൂ. പലപ്പോഴുമിവര്‍ എല്ലാ കാര്യങ്ങളും സൗമ്യതയോടെ കാണുന്നവരാകും. ഉദാഹരണമായി കൗമാര പ്രായത്തിലുള്ള മക്കള്‍ക്ക് ആവശ്യത്തിനുവേണ്ട പരിശീലനമോ മാര്‍ഗനിര്‍ദേശമോ നല്‍കാന്‍ അപ്രാപ്തരായിരിക്കും. മക്കളുടെ പല ആവശ്യങ്ങളും അവര്‍ ആവശ്യപ്പെടുന്നതിനു മുമ്പുതന്നെ സാധിച്ചുകൊടുക്കും. കുട്ടി ഒരു സാധനം വേണമെന്നു പറഞ്ഞാലുടനെ പണംകൊടുത്തുവിടും; വാഹനം വാങ്ങിയാലുടന്‍ താക്കോല്‍ കയ്യില്‍ കൊടുത്തെന്നിരിക്കും; പല കാര്യങ്ങള്‍ക്കും അമിത സ്വാതന്ത്ര്യം വകവച്ചു നല്‍കും. വേണ്ടത്ര മേല്‍നോട്ടമോ നിയന്ത്രണമോ ഒന്നും ഇല്ലാത്തതുകൊണ്ട് കുട്ടികള്‍ തന്നിഷ്ടക്കാരാകും. എന്തു കിട്ടിയാലും തൃപ്തരാകാത്ത ഒരുതരം മനോവൈകല്യത്തിനുടമകളാകുന്നു ഇവര്‍. ഇത്തരക്കാര്‍ പഠനത്തില്‍ വേണ്ടത്ര പ്രകടനം കാഴ്ചവക്കുന്നതില്‍ പരാജയപ്പെടുന്നു. തന്നെയുമല്ല, സാമൂഹ്യ നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നതിലും പരാജയപ്പെടാനിടയുണ്ട്.
3. ഉള്‍പ്പെടുത്താത്ത പ്രകൃതം
മക്കളെ ജനിപ്പിച്ചുപോയി എന്നതില്‍ കവിഞ്ഞ് മക്കളുടെ കാര്യത്തില്‍ വേണ്ടത്ര ഉത്തരവാദിത്വം കാണിക്കാത്ത ഇക്കൂട്ടര്‍ മക്കളുടെ ചോദ്യങ്ങളോട് കുറഞ്ഞ പ്രതികരണം കാണിക്കുന്നവരായിരിക്കും. മക്കളുമായി വേണ്ടത്ര ആശയവിനിമയവും ഉണ്ടാകില്ല. കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ ചിലതൊക്കെ നിര്‍വഹിച്ചുകൊടുക്കുമെങ്കിലും മക്കളുമായി മാനസികമായി ഒരടുപ്പം കാണില്ല. അതുകൊണ്ടുതന്നെ മക്കളുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ചിലത് കണ്ടില്ലെന്നു നടിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതായി കാണാം. മക്കളുടെ ജീവിതത്തില്‍ വേണ്ടത്ര പരിഗണനയും ശ്രദ്ധയും നല്‍കാന്‍ ഇവര്‍ക്ക് കഴിയാറില്ല. എന്നാല്‍ മക്കള്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കുന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ തെറ്റായ വഴികളിലൂടെ സഞ്ചരിക്കാന്‍ പ്രേരിതരാകുന്നു. പല മേഖലകളിലും കഴിവു കുറഞ്ഞവരാകുമിവര്‍. ഇങ്ങനെ വളരുന്ന കുട്ടികളില്‍ ആത്മസംയമനം, ആത്മാഭിമാനം എന്നിവ കുറവായിരിക്കും. അതിനാല്‍ തെറ്റായ കൂട്ടുകെട്ടില്‍ പെടാനും ജീവിതലക്ഷ്യം പിഴച്ചുപോകാനുമിടയാകുന്നു.
4. ആധികാരിക രക്ഷാകര്‍തൃത്വം
ചില നിയമങ്ങളും മാര്‍ഗരേഖകളും കുട്ടികള്‍ക്കായി നിര്‍ദേശിക്കപ്പെട്ടുന്നു ഇതില്‍. ഇത്തരം മാതാപിതാക്കള്‍ കുട്ടികള്‍ പറയുന്നതു കേള്‍ക്കാന്‍ താല്‍പര്യം കാണിക്കും. കുട്ടികളുടെ ചോദ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യും. തങ്ങള്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ മക്കള്‍ പരാജയപ്പെട്ടാല്‍ ശിക്ഷകള്‍ക്കു പകരം കുട്ടികളോട് ക്ഷമിക്കാനും തിരുത്താനും ശ്രമിക്കും. അവര്‍ക്ക് പ്രോത്സാഹനം നല്‍കാനുമിവര്‍ തയ്യാറാകും.
ആധികാരിക രക്ഷാകര്‍ത്താക്കള്‍ മക്കള്‍ക്ക് അമിത നിയന്ത്രണം ഏല്‍പിക്കുകയോ ആവശ്യമില്ലാതെ ശിക്ഷിക്കുകയോ ചെയ്യില്ല. ശരിയായ ശിക്ഷണത്തില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നതുകൊണ്ട് കുട്ടികള്‍ കഴിവും കാര്യക്ഷമതയും അച്ചടക്കവും ഉള്ളവരായിത്തീരുന്നു. അവരില്‍ സാമൂഹ്യബോധവും ജീവിതത്തില്‍ സംതൃപ്തിയും വളര്‍ന്നുവരികയും ചെയ്യുന്നതായി കാണാം.
ഉപസംഹാരം:
കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അവന്റെ/അവളുടെ മാതാപിതാക്കള്‍ക്ക് ഉള്ളിടത്തോളം ഉത്തരവാദിത്വം ലോകത്തില്‍ മറ്റാര്‍ക്കുമില്ലെന്നോര്‍ക്കുക. കാരണം, മാതാപിതാക്കള്‍ക്ക് മക്കളോടും സമൂഹത്തോടും ചില കടമകളുണ്ടെന്നതുതന്നെ. കുട്ടികള്‍ക്ക് മനുഷ്യോചിതമായി വളര്‍ന്നുവരാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കാനുള്ള ചുമതല മാതാപിതാക്കള്‍ക്കു തന്നെയാണ്. തങ്ങള്‍ ജന്മമേകുന്ന മക്കളുടെ നാനാതരത്തിലുള്ള ആവശ്യങ്ങള്‍ ആരോഗ്യകരമായി സാധിച്ചുകൊടുക്കാന്‍ കഴിയേണ്ടതാണ് എന്നും ഓര്‍ത്തിരിക്കണം.
മക്കള്‍ വളര്‍ന്നുവരുമ്പോള്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതിനാവശ്യമായ സംരക്ഷണവും പരിചരണവും ശ്രദ്ധയും ശരിയായ ശിക്ഷണവും പകര്‍ന്നുനല്‍കേണ്ടതുണ്ട്. ഇത് പെട്ടെന്നവസാനിപ്പിക്കേണ്ട ഒന്നല്ല. കുഞ്ഞ് വളര്‍ന്നു വലുതായി സ്വതന്ത്രമായി ജീവിക്കാനും സ്വന്തമായ ജീവിതം കെട്ടിപ്പടുക്കാനും പ്രായമാകുന്നതുവരെ മാതാപിതാക്കള്‍ മക്കളുടെ കാര്യത്തില്‍ ശ്രദ്ധിക്കണം. അതായത്, തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ആത്മാര്‍ത്ഥമായി യഥോചിതം നിര്‍വഹിക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയേണ്ടതാണ്. അതുതന്നെയാണ് പേരന്‍റിങ്ങ് എന്നതുകൊണ്ടുദ്ദേശിക്കുന്നതും.

മുരളീധരന്‍ മുല്ലമറ്റം

കുട്ടികള്‍ക്ക് അല്‍പം ശിക്ഷയാവാം, പക്ഷേ…

 

അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ ഇടപെടലുകളാണ് കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ മുഖ്യമായ പങ്ക് വഹിക്കുന്നത്. അതിനാല്‍ സൂക്ഷിച്ചും ശ്രദ്ധിച്ചും അവധാനതയോടെ മാത്രമേ അവര്‍ കുട്ടികളെ സമീപിക്കാവൂ. വളരുന്ന തലമുറയുടെ ഭാവി രൂപപ്പെട്ടുവരേണ്ടത് ഏത് രീതിയിലാവണം എന്ന് തീരുമാനിക്കാനുള്ള ബാധ്യതയും അതിനുള്ള കഴിവും ഈ ഇരുവിഭാഗത്തിന് തന്നെ. കുട്ടിയുടെ പ്രഥമ പാഠശാല വീടാണ്. അതിനാല്‍ രക്ഷിതാക്കള്‍ക്കാണ് കുട്ടിയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുക.
“കുശവന്റെ കയ്യിലെ കളിമണ്ണ് പോലെയാണ് രക്ഷിതാക്കളുടെ കയ്യിലെ കുട്ടികള്‍.” അവരെ ഏത് രൂപത്തിലും പരിവര്‍ത്തിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയും. നല്ല സ്വഭാവത്തിനുടമയായിത്തീരണമെങ്കില്‍ നല്ല പരിചരണവും സൂക്ഷ്മതയും പുലര്‍ത്തണമെന്ന് മാത്രം. കൈപ്പിഴ പറ്റുന്നത് നന്നായി ശ്രദ്ധിക്കുകയും ചെയ്യണം. അതിന് രക്ഷിതാവിന് സന്താന ശിക്ഷണത്തെക്കുറിച്ച് തികഞ്ഞ അവധാനതയുണ്ടാവണം. വേണ്ടപ്പോള്‍ വേണ്ടത് ചെയ്യാനുള്ള കഴിവ് ആര്‍ജ്ജിച്ചെടുക്കണം. കുട്ടിയോട് എങ്ങനെ പെരുമാറണം? ശിക്ഷാമുറകള്‍ സ്വീകരിക്കേണ്ടിവരുമ്പോള്‍ അത് ഏത് രീതിയിലാവണം? തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. നിസ്സാരമെന്ന് നാം കരുതുന്ന ഒരു കാര്യംമതി കുട്ടികളുടെ ഭാവി അവതാളത്തിലാവാന്‍; ശിക്ഷയുടെ കാര്യമാവുമ്പോള്‍ പ്രത്യേകിച്ചും.
ശിക്ഷകള്‍ നല്‍കുമ്പോള്‍ പല രക്ഷിതാക്കള്‍ക്കും യാതൊരു ദാക്ഷിണ്യവും കാണിക്കാറില്ല. വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ ചിലര്‍ കുട്ടികളെ നോവിക്കുന്നു. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്. സന്താന ശിക്ഷണത്തില്‍ മുഖ്യമായും അറിഞ്ഞിരിക്കേണ്ടതുമാണ്. യഥാര്‍ത്ഥത്തില്‍ സ്നേഹമാണ് ഏറ്റവും നല്ല ആയുധം. ഭയപ്പെടുത്തിയും കണ്ണുരുട്ടിയുമുള്ള ശിക്ഷാമുറകള്‍ കുട്ടികളെ ദോഷകരമായാണ് ബാധിക്കുക. അവരുടെ ഇളം മനസ്സില്‍ ശിക്ഷിക്കുന്നവരോട് വെറുപ്പും വിദ്വേഷവും ഉടലെടുക്കാനേ അത് ഉപകരിക്കൂ. അത് ദുര്‍വാശിക്കും കുശുമ്പിനും അനുസരണക്കേടിനുമൊക്കെ വഴിയൊരുക്കും. സ്വന്തം ഉപ്പയെ, അല്ലെങ്കില്‍ ഉമ്മയെക്കുറിച്ച് തെറ്റായ ഒരു ചിത്രം കുട്ടിയുടെ മനസ്സില്‍ രൂപപ്പെട്ടുവരാന്‍ അത് ഇടയാക്കും. രക്ഷിതാവിനെതിരെ ഒരു പ്രതികാര മനസ്സ് സൂക്ഷിക്കാനും ഭാവിയില്‍ അതൊരു ആയുധമാക്കി തിരിഞ്ഞുകുത്താനും നിമിത്തമാകും. സ്നേഹിച്ചു കീഴടക്കുകയാണ് അഭികാമ്യം. ഏറെ പണിപ്പെടാതെതന്നെ കാര്യങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്താന്‍ അതുവഴി സാധിക്കുമെന്നത് തീര്‍ച്ചയാണ്.
കുട്ടികള്‍ക്ക് ആവശ്യമായ സ്നേഹം പകര്‍ന്നുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കുന്ന എത്രയോ രക്ഷിതാക്കളുണ്ട്. അവരുടെ മനസ്സില്‍ കുട്ടികളോട് വലിയ സ്നേഹം ഒളിഞ്ഞിരിപ്പുണ്ടാവാം. എന്നാല്‍ അതുകൊണ്ട് യാതൊരു ഫലവുമില്ല. തങ്ങളുടെ സ്നേഹം കുട്ടികളെ ബോധ്യപ്പെടുത്തണം. അത് ഒളിച്ചുവെക്കാനുള്ളതല്ല. സ്നേഹത്തിന്റെ കാര്യത്തില്‍ പിശുക്ക് കാട്ടുന്നവര്‍ സത്യത്തില്‍ കുട്ടികളെ നശിപ്പിക്കുകയാണ്. ആവശ്യമായ സ്നേഹം പകര്‍ന്ന് നല്‍കിയാല്‍ വടിയുടെ യാതൊരാവശ്യവുമുണ്ടാവുകയില്ല. ഏത് അനുസരണക്കേട് കാണിക്കുന്ന കുട്ടിയും അനുസരണശീലമുള്ളവനായി മാറും. സ്നേഹത്തിന് അത്രമാത്രം അത്ഭുതശക്തിയുണ്ട്. ആത്മാര്‍ത്ഥമായും നിര്‍ലോഭവും അത് കുട്ടികളിലേക്ക് ഒഴുക്കിവിടാനുള്ള സന്മനസ്സും സന്നദ്ധതയും വേണമെന്ന് മാത്രം. അനുസരണയുടെ ഒന്നാം പാഠം പഠിച്ചുകഴിഞ്ഞ ഒരു കുട്ടിയെ സദ്ഗുണ സമ്പന്നനും സല്‍സ്വഭാവിയുമാക്കിത്തീര്‍ക്കാന്‍ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവരില്ല.
എന്നാല്‍ ശിക്ഷാനടപടികള്‍ പാടേ ഉപേക്ഷിക്കുന്നത് കരണീയമല്ല. തീരെ അനുസരണശീലമില്ലാത്തവനെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ ചിലപ്പോള്‍ ശിക്ഷണം അത്യാവശ്യമായിവരാം. വേറെ മാര്‍ഗങ്ങളൊന്നുമില്ലാത്തപ്പോഴായിരിക്കണം അത്. അനിവാര്യ ഘട്ടത്തില്‍ ശിക്ഷിക്കേണ്ടിവന്നാല്‍ തന്നെ പരിധി ആവശ്യമാണ്. ആവശ്യമായ സമയത്ത് ആവശ്യമായ അളവില്‍ മാത്രമായിരിക്കണം ശിക്ഷകള്‍ നല്‍കേണ്ടത്. രക്ഷിതാവ് കോപിഷ്ടഠനായിരിക്കുമ്പോഴോ, വികാരവിക്ഷോഭമുണ്ടാകുമ്പോഴോ ശിക്ഷാനടപടികള്‍ സ്വീകരിക്കരുത്. അത്തരം അവസരങ്ങളില്‍ കഴിയുന്നതും ശിക്ഷ ഉപേക്ഷിക്കുന്നതായിരിക്കും ഉചിതം. അല്ലായെങ്കില്‍ ഒരുപക്ഷേ, തന്റെ കോപവും വികാരവും തീര്‍ക്കാനുള്ള ഒരു ഉപകരണമായി കുട്ടി മാറാന്‍ സാധ്യതയേറെയാണ്.
തൊട്ടതിനും പിടിച്ചതിനുമൊക്കെ കുട്ടികളെ ശിക്ഷിക്കുന്ന ദുഃസ്വഭാവം വര്‍ജ്ജിക്കണം; അതെത്ര ചെറിയ ശിക്ഷയാണെങ്കിലും. എപ്പോഴുമുള്ള ശിക്ഷാമുറകള്‍ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുക. ശിക്ഷകള്‍ പലപ്പോഴും കുട്ടികളുടെ മനസ്സിനെ വ്രണപ്പെടുത്തും. സദാസമയവും അതാകുമ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ. “അവനെ എത്ര തല്ലിയിട്ടും കാര്യമില്ല” എന്ന് ചില രക്ഷിതാക്കള്‍ പറയാറുണ്ടല്ലോ. അതിന്റെ കാരണം തേടി എങ്ങും പോകേണ്ടതില്ല. അപ്രായോഗികമായ ശിക്ഷകള്‍ തന്നെ അതിന് ഹേതു. അതുപോലെ ശിക്ഷിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് ശിക്ഷയുടെ കാരണം കുട്ടിയെ ബോധ്യപ്പെടുത്തുക എന്നത്. “താന്‍ എന്തിന് ശിക്ഷിക്കപ്പെടുന്നു” എന്ന ബോധം കുട്ടിക്കുണ്ടാവണം. എങ്കിലല്ലേ, താന്‍ ചെയ്തത് തെറ്റാണെന്ന് അവന്‍ മനസ്സിലാക്കുകയും ഭാവിയില്‍ അത് ഉപേക്ഷിക്കുകയും ചെയ്യുകയുള്ളൂ. മാന്യതയും അന്തസ്സും കൈവിട്ടുകൊണ്ടുള്ള പ്രാകൃത ശിക്ഷാമുറകളും അരുത്. ശിക്ഷകളും തെറിയഭിഷേകങ്ങളും കുറ്റപ്പെടുത്തലുകളുമായ് പരിണമിക്കരുത്. ആന്തരികവും ബാഹ്യവുമായ ക്ഷതങ്ങള്‍ക്കോ പൊട്ടലുകള്‍ക്കോ കാരണമാകുന്ന രീതിയിലും അസ്ഥാനത്തും ശിക്ഷിയരുത്. ശിക്ഷിക്കുമ്പോള്‍ പരമാവധി വീട്ടില്‍ വെച്ചായിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
“ശിക്ഷണം ശിക്ഷയിലൂടെ” എന്ന നയം നമുക്കിനി ഉപേക്ഷിക്കാം. സ്നേഹത്തിന്റെ തലോടലേറ്റ് കുട്ടികള്‍ വളരട്ടെ. പുതിയ കാലത്ത് ഏറ്റവും അനുയോജ്യവും ഈ രീതിശാസ്ത്രം തന്നെ. ചിന്തകളാണ് പെരുമാറ്റങ്ങളുടെ കാതലായി വര്‍ത്തിക്കുന്നത്. അതിനെ നല്ല പരിചരണത്തിലൂടെ ചെത്തിമിനുക്കിയെടുക്കാന്‍ സാധിക്കണം. ഇടയനില്ലാത്ത ആട്ടിമ്പറ്റംപോലെ നമ്മുടെ കുട്ടികള്‍ ആയിത്തീരരുത്. ശിക്ഷണമില്ലാതെ വളര്‍ന്നാല്‍ അവര്‍ തീര്‍ച്ചയായും വഴിതെറ്റും. “ശരിയായ ബോധനവും പരിശീലനവും ലഭിക്കാത്ത കുട്ടി കര്‍മവിമുഖനും മൂകനും ശരിയായ അഭിപ്രായം ഇല്ലാത്തവനും ആയിത്തീരും. ജീവിതത്തിന്റെ നിലനില്‍പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ അവന്‍ പരാജയപ്പെടും.

വീടും വികൃതിക്കുട്ടികളും

പലപ്പോഴും കുട്ടികളെ കുരുത്തം കെട്ടവന്‍, മരം കേറി, അധിക പ്രസംഗി, താന്തോന്നി തുടങ്ങിയ ഇഷ്ടമില്ലാത്ത പേരുകള്‍ വിളിക്കേണ്ടി വന്നവരായിരിക്കും പല രക്ഷിതാക്കളും. തങ്ങളുടെ മക്കളുടെ “വികൃതി’’ കാണുമ്പോള്‍ ഇതൊക്കെയല്ലാതെ മറ്റെന്താണ് വിളിക്കുകയെന്ന് ചിന്തിക്കുന്നുണ്ടാവും. കുട്ടികളില്‍ കാണുന്ന ചില പെരുമാറ്റ വൈകല്യങ്ങള്‍ അസഹ്യമാണ്. സ്കൂളിലെ കൂട്ടുകാരനുമായുള്ള വഴക്കില്‍ തല അടിച്ചു പൊട്ടിക്കുക, മേശ വലിപ്പിലുള്ള സാധനങ്ങള്‍ വാരി നിലത്തിടുക, ചില്ലു പാത്രങ്ങള്‍ തട്ടിമറിച്ചിട്ടു പൊട്ടിക്കുക, സദാ സംസാരിച്ചു കൊണ്ടിരിക്കുക, വാശി പിടിച്ച് കരയുക, മറ്റുള്ളവരെ കയ്യില്‍ കിട്ടുന്നത് കൊണ്ട് അക്രമിക്കുക, ക്ലാസ് റൂമില്‍ അടങ്ങിയിരിക്കാതിരിക്കുക, മുന്നിലിരിക്കുന്ന കുട്ടിയെ തോണ്ടിയിട്ട് പുറത്തേക്ക് നോക്കുക, അടുത്തിരിക്കുന്നവന്റെ നിക്കറില്‍ വാല് ഫിറ്റ് ചെയ്യുക, ടീച്ചര്‍ ബോര്‍ഡിലെഴുതുമ്പോള്‍ പുറകില്‍ പോയി നിന്ന് കൊഞ്ഞനം കാട്ടുക, കൂട്ടുകാരന്റെ പെന്‍സിലും റബ്ബറും അടിച്ചുമാറ്റുക തുടങ്ങിയ വികൃതികള്‍ കാട്ടുന്ന കുട്ടികളെക്കുറിച്ച് മന:ശാസ്ത്രം പഠനം നടത്തിവരുന്നുണ്ട്.
ചെറിയ വികൃതികള്‍ ഏവരെയും രസിപ്പിക്കുമെങ്കിലും അവ പക്ഷേ അമിത വികൃതിയിലേക്കും കുറ്റകൃത്യങ്ങളിലേക്കും എത്തുകയും ചെയ്താല്‍ പ്രശ്നം ഗുരുതരമാവുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ ഇടയില്‍ പെരുമാറ്റ വൈകല്യങ്ങള്‍ പ്രത്യേകിച്ച് അമിത വികൃതികള്‍ കൂടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രായത്തിന് അനുയോജ്യമല്ലാത്തതും വിനാശകരവുമായ രീതിയില്‍ മാറുകയും ചെയ്യുമ്പോഴാണ് അത് അമിത വികൃതിയും രോഗാവസ്ഥയുമായി തീരുന്നത്. കുട്ടികളില്‍ 5% പേര്‍ക്ക് എഡി.എച്ച്.ഡി എന്ന അമിത വികൃതിയും ശ്രദ്ധക്കുറവും ചേര്‍ന്ന പെരുമാറ്റ പ്രശ്നങ്ങള്‍ കാണാം. 5 മുതല്‍ 15 വരെ പ്രായത്തിലുള്ള സ്കൂള്‍ കുട്ടികളിലാണ് ഇത് കൂടുതല്‍ പ്രകടമായി കാണുന്നത്. ലോകമൊട്ടാകെ 470 ലക്ഷം കുട്ടികളില്‍ എഡി.എച്ച്.ഡി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആണ്‍കുട്ടികളില്‍ പെണ്‍കുട്ടികളേക്കാള്‍ 34 ഇരട്ടി എഡി.എച്ച്.ഡി. കൂടുതലാണ്. ഇതിന് പല കാരണങ്ങളുമുണ്ട്.കൂട്ടുകുടുംബ സന്പ്രദായത്തിന് പകരം വന്ന അണുകുടുംബങ്ങള്‍, രക്ഷിതാക്കളുടെ വര്‍ദ്ധിച്ച മദ്യപാന ശീലം, കുടുംബ ബന്ധങ്ങളിലെ ശൈഥില്യം, മാതാപിതാക്കള്‍ തമ്മില്‍ പൊരുത്തമില്ലായ്മ…
അമിത വികൃതിയുടെ ലക്ഷണങ്ങള്‍ എത്രയും നേരത്തെ ചികിത്സിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. വലുതാകുമ്പോള്‍ മാറുമെന്ന് കരുതിയിരിക്കരുത്. ചികിത്സ നല്‍കിയില്ലെങ്കില്‍ അതു മറ്റു പ്രശ്നങ്ങളിലേക്ക് എത്തും. ശ്രദ്ധക്കുറവും എടുത്തുചാട്ടവും നിലനില്‍ക്കും. ഇത് കുട്ടിയുടെ പഠനം, സാമൂഹിക ബന്ധം, ആത്മവിശ്വാസം എന്നിവയെ ബാധിക്കും. പഠന വൈകല്യങ്ങളുണ്ടാവാന്‍ സാധ്യത കൂടുതലാണ്. പെരുമാറ്റ വൈകല്യവും വിഷാദം, ഉത്കണ്ഠ പോലുള്ള മാനസിക രോഗങ്ങളും വരാം. വാഹനാപകടം, ലൈംഗിക ചൂഷണം, കൗമാര ഗര്‍ഭധാരണം, പുകവലി ശീലം, മദ്യപാനം എന്നിവ കൗമാരക്കാരില്‍ അമിത വികൃതികളാല്‍ അപകടപ്പെടുത്താന്‍ സാധ്യതയുണ്ട്.സാമൂഹിക വിരുദ്ധ സ്വഭാവമുള്ള വ്യക്തികളാക്കി മാറ്റും. ജീവിത വിജയത്തെയും ഭാവിയെയും പ്രതികൂലമായി ബാധിക്കും(തൊഴില്‍ പ്രശ്നങ്ങള്‍, അപകര്‍ഷത, ലഹരിക്കടിമപ്പെടല്‍, ആത്മഹത്യ, വ്യക്തിബന്ധങ്ങള്‍ തകറാറിലാവുക).
സ്ഥിരമായി ഹോം വര്‍ക്ക് ചെയ്യാതെ വരുന്നവര്‍, മറ്റു കുട്ടികളെ ഉപദ്രവിക്കുന്നവര്‍, പുറത്തേക്ക് നോക്കിയിരിക്കുന്നവര്‍, ക്ലാസിലിരുന്ന് ദിവാ സ്വപ്നം കാണുന്നവര്‍ തുടങ്ങിയ സവിശേഷതയോടെ ക്ലാസ് മുറിയില്‍ ഇരിക്കുന്ന കുട്ടികളെക്കുറിച്ച് അധ്യാപകരുടെ നിലപാട് എന്തായിരിക്കും? എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങള്‍ സ്കൂളില്‍ പോകുന്ന കാലത്താണ് പ്രധാനമായും പ്രകടമാകുന്നത്. അധ്യാപകര്‍ അവ തിരിച്ചറിഞ്ഞ് പരിഹാരം കാണാന്‍ ശ്രമിക്കണം. ക്ലാസില്‍ നിന്ന് പുറത്തിറക്കുകയോ ശല്യക്കാരനായി കാണുകയോ പിന്‍ ബെഞ്ചിലേക്ക് സ്ഥാനം മാറ്റുകയോ ചെയ്യരുത്. ശകാര വാക്കുകളും ചൂരല്‍ പ്രയോഗവും അവര്‍ക്കെതിരില്‍ നടത്തുമ്പോള്‍ ആത്മ വിശ്വാസം നഷ്ടപ്പെട്ട് സ്കൂള്‍ വിദ്യാഭ്യാസം മതിയാക്കി പടിയിറങ്ങും. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലെത്തിപ്പെടും. ഇവരെ പരിഗണനയോടെ കാണുകയും പ്രത്യേക ശ്രദ്ധയോടെയും കരുണയോടെയും പെരുമാറുകയും ചെയ്താല്‍ മെച്ചപ്പെട്ടു വരുന്നതാണ്.
അമിത വികൃതി, ശ്രദ്ധക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ മാതാപിതാക്കളെ അറിയിക്കുക. കുട്ടിയുടെ കണ്ണില്‍ നോക്കി സംസാരിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക, പരിഹാസം, താരതമ്യം ചെയ്യല്‍, കുറ്റപ്പെടുത്തല്‍ തുടങ്ങിയവ ഒഴിവാക്കുക, പഠിപ്പിക്കുമ്പോള്‍ കുട്ടികളുടെ അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുക, ക്ലാസില്‍ ഏറ്റവും അധികം ശ്രദ്ധിച്ചിരിക്കാന്‍ പറ്റുന്ന സ്ഥലത്ത് ഇരുത്തുക, വാതില്‍, ജനല്‍, റോഡ് എന്നിവയ്ക്ക് സമീപമുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുക, നോട്ടുകള്‍ പൂര്‍ത്തിയാക്കാനും പഠനത്തില്‍ സഹായിക്കാനും മറ്റും സഹപാഠികളെ പ്രേരിപ്പിക്കുക, കുട്ടിയുടെ പഠന നിലവാരം, പെരുമാറ്റം എന്നിവയെക്കുറിച്ച് ഇടയ്ക്കിടെ രക്ഷിതാക്കളുമായി സംസാരിക്കുക എന്നിവയോടൊപ്പം മറ്റു ചിലതുകൂടി ശ്രദ്ധിക്കണം. എ.ഡി.എച്ച്.ഡിക്കാരോട് അസുഖക്കാരനെന്ന നിലയില്‍ പെരുമാറാതിരിക്കുക, ആ വിവരം മറ്റു കുട്ടികളുടെ മുന്നില്‍ വെച്ച് പരാമര്‍ശിക്കാതിരിക്കുക എന്നിവ…
രക്ഷിതാക്കള്‍ ബോധവാന്മാരാവണം. അധ്യാപകരുമായി വിവരങ്ങള്‍ പങ്കുവെക്കുക, വീട്ടില്‍ പഠനത്തിന് ശാന്തമായ അന്തരീക്ഷം ഒരുക്കുക, ഗൃഹപാഠങ്ങള്‍ ചെയ്യാന്‍ സഹായിക്കുക. അനുസരണക്കേട്, വികൃതി തുടങ്ങിയവയില്‍ നിരാശരാകരുത്. ഇത്തരക്കാരെ എപ്പോഴും കുറ്റപ്പെടുത്തല്‍ ഒഴിവാക്കുക.കുട്ടികളുമായി കളിക്കാന്‍ സമയം കണ്ടെത്തുക. എ.ഡി.എച്ച്.ഡിയുള്ള കുട്ടികളുടെ പ്രശ്നം പരിഹരിക്കാന്‍ ചികിത്സ വേണ്ടി വരും. ഔഷധ ചികിത്സയും പെരുമാറ്റ ചികിത്സയും ഒരുമിച്ച് നല്‍കുന്നതാണ് ഫലപ്രദം. 10ല്‍ 9 കുട്ടികളിലും ഇതു ഫലം നല്‍കുന്നതായി കണ്ടുവത്രെ. രോഗത്തിന്റെ തീവ്രതയനുസരിച്ചാണ് ഇതില്‍ ഏത് ചികിത്സയാണ് ആദ്യം തുടങ്ങേണ്ടത് എന്ന് തീരുമാനിക്കുന്നത്. രോഗം അല്‍പം നിയന്ത്രണത്തിലായ ശേഷം പെരുമാറ്റ ചികിത്സ നല്‍കുന്നതാണ് ഫലപ്രദമാവുക. കുട്ടികളെ മികച്ച സാമൂഹിക ഇടപെടലുകളിലേക്ക് നയിക്കുന്ന ലളിതവും ഉചിതവുമായ പരിശീലനങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നടപ്പാക്കുകയാണ് പെരുമാറ്റ നവീകരണ ചികിത്സയുടെ അടിസ്ഥാനം. പെരുമാറ്റ ചികിത്സയിലൂടെ നല്ല പെരുമാറ്റം വര്‍ദ്ധിപ്പിച്ചു കൊണ്ടുവരാനും മോശം ശീലങ്ങള്‍ കുറച്ച് വരാനുമുള്ള വഴികളാണ് സ്വീകരിക്കുന്നത്. ഒരു ദിവസം കുട്ടി ചെയ്യുന്ന പ്രവൃത്തികളിലെ നല്ല കാര്യങ്ങളെ ഒന്നു രണ്ട് തവണയെങ്കിലും മാതാപിതാക്കള്‍ കണ്ടെത്തി അഭിനന്ദിക്കാന്‍ ശ്രമിക്കുക. കടയില്‍ പോകുമ്പോള്‍ പതിവായി ബഹളം വെക്കുന്ന കുട്ടി ഒരു ദിവസം അങ്ങനെ ചെയ്യാതിരിക്കുമ്പോള്‍ അവനെ തോളില്‍ തട്ടിയോ കൊള്ളാം ഇങ്ങനെ വേണമെന്ന് പറഞ്ഞോ ഒക്കെ അഭിനന്ദിക്കാം. ഇതാണ് എന്റെ മാതാപിതാക്കള്‍ക്കിഷ്ടം എന്ന് അവന് മനസിലാകും. അവരെ സന്തോഷിപ്പിക്കാന്‍ ഈ വഴി സ്വീകരിക്കും. ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ വടി ഉപയോഗിക്കണ്ട. അടിയുടെ വേദന നൈമിഷികമാണ്. സാധാരണ കുട്ടികള്‍ക്ക് തന്നെ അടിയുടെ വേദന കുറച്ച് കഴിയുമ്പോള്‍ മാറും. ശ്രദ്ധക്കുറവുള്ള കുട്ടികളില്‍ അടി അത്രപോലും ഫലവത്തല്ല. ടൈംടേബ്ള്‍ ഉണ്ടാക്കുന്നത് നല്ലതാണ്. ഓരോ കാര്യവും സമയം വെച്ച് ചെയ്യാന്‍ ഒരു ചാര്‍ട്ട് നിര്‍മ്മിക്കുക. ചെയ്തതനുസരിച്ച് ടിക് ഇടുക. പ്രശ്നങ്ങളെ നേരിടാന്‍ പഠിപ്പിക്കണം. ഒരാള്‍ ചീത്ത വിളിച്ചാല്‍ അതിന് എങ്ങനെ നേരിടുമെന്ന് പരിശീലനത്തിലൂടെ വികസിപ്പിച്ചെടുക്കണം. കുട്ടികളോട് സംസാരിക്കുമ്പോള്‍ വ്യക്തമായ വാക്കുകള്‍ ഉപയോഗിക്കുക. എഡി.എച്ച്.ഡി. ഉള്ള കുട്ടികള്‍ ചില അക്ഷരങ്ങളും വാക്കുകളും ഉച്ചരിക്കാന്‍ പ്രയാസം അനുഭവപ്പെടും. അതിന് പരിശീലനം നല്‍കേണ്ടതുണ്ട്. കുട്ടികളോട് വേഗത്തില്‍ സംസാരിക്കരുത്. വാക്കുകള്‍ പെറുക്കിവെച്ച് ആവശ്യമായ ഇടവേളകളും ഊന്നലും നല്‍കി വേണം സംസാരിക്കാന്‍. എഡി.എച്ച്.ഡി. ഉള്ള കുട്ടികള്‍ക്ക് കണ്ണില്‍ നോക്കി സംസാരിക്കുക കുറവാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ കണ്ണില്‍ നോക്കി സംസാരിപ്പിക്കണം. സാമൂഹിക ഇടപെടലുകള്‍ കുറവുള്ള ഇത്തരം കുട്ടികള്‍ക്ക് മറ്റുള്ളവരുമായി ഇടപഴകാനും സൗഹൃദ ബന്ധങ്ങള്‍ സ്ഥാപിക്കാനുമുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിന് സോഷ്യല്‍ സ്കില്‍ ട്രെയിനിംഗില്‍ പങ്കെടുപ്പിക്കുക.

ഡോ. സലാം സഖാഫി ഓമശ്ശേരി

തൊണ്ടരോഗങ്ങള്‍; കാരണം, പരിഹാരം

തൊണ്ടയില്‍ കിച്ച് കിച്ച് അനുഭവപ്പെടുന്നതെന്തുകൊണ്ട്?
തൊണ്ടയില്‍ കിച്ച് കിച്ച് അനുഭവപ്പെടാത്തവര്‍ ആരുമില്ല. ഇതിനു കാരണങ്ങള്‍ പലതാണ്. അതില്‍ ഒന്ന് അലര്‍ജിയാണ്. പലതരത്തിലുള്ള അലര്‍ജിയും കിച്ച് കിച്ചിനു കാരണമാകും. മറ്റൊരു കാരണം, തൊണ്ടയിലെ അണുബാധയാണ്. മൂന്നാമത്തെ കാരണം, ആസിഡ് റിഫ്ളക്സ് എന്ന അവസ്ഥയാണ്. ദഹനരസത്തിലുള്ള ആസിഡിന്റെ അളവ് കൂടി തൊണ്ടയിലെത്തുന്ന അവസ്ഥയാണ് ആസിഡ് റിഫ്ളക്സ്. തൊണ്ടയിലെ കിച്ച് കിച്ച് ഒഴിവാക്കാന്‍ മരുന്നുകളുണ്ട്.
? തൊണ്ട പുകച്ചിലിന് കാരണമെന്ത്? ഇതൊരു രോഗമാണോ?
തൊണ്ട പുകച്ചിലിന് പ്രധാന കാരണം അസിഡിറ്റിയാണ്. അസിഡിറ്റി കൂടുമ്പോള്‍ തൊണ്ടയില്‍ വരള്‍ച്ചയും പുകച്ചിലും അനുഭവപ്പെടാനിടയുണ്ട്. ഇത് നിത്യജീവിതത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കില്‍ ചികിത്സിച്ചു മാറ്റാവുന്നതാണ്. എന്നാല്‍ തൊണ്ടയിലെ പുകച്ചില്‍ വലിയൊരു ശാരീരിക പ്രശ്നമായി കാണേണ്ടതില്ല.
? തൊണ്ടവീക്കത്തിന് കാരണങ്ങള്‍ എന്തെല്ലാമാണ്? ഗോയിറ്റര്‍ പോലുള്ള രോഗത്തിന്റെ ലക്ഷണമാണോ തൊണ്ടയിലുണ്ടാകുന്ന മുഴ?
തൊണ്ടവീക്കം അഥവാ ഗോയിറ്ററിന് മിക്ക അവസരങ്ങളിലും വ്യക്തമായ കാരണം കണ്ടെത്താന്‍ കഴിയാറില്ല. അയഡിന്റെ കുറവ് ഒരു കാരണം മാത്രമാണ്. അയഡിന്‍ ചേര്‍ന്ന ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി ഒരു പരിധിവരെ ഗോയിറ്ററില്‍ നിന്നും രക്ഷനേടാവുന്നതാണ്. തൊണ്ടയില്‍ മുഴ കണ്ടുതുടങ്ങിയാല്‍ ഉടന്‍ ഡോക്ടറെ കാണിക്കണം. പരിശോധിച്ച് ഗോയിറ്റര്‍ തന്നെയാണെന്ന് ഉറപ്പു വരുത്തണം.
? തൊണ്ടവേദനയ്ക്ക് ഉപ്പു ചേര്‍ത്ത ചൂടുവെള്ളം കവിള്‍ കൊള്ളുന്നത് ശാസ്ത്രീയമായി ശരിയാണോ?
നിത്യജീവിതത്തില്‍ തൊണ്ടവേദന അനുഭവപ്പെടാത്തവര്‍ ആരുമില്ല. ജലദോഷത്തിന് മുന്നോടിയായി തൊണ്ടവേദന സ്വാഭാവികമാണ്. തൊണ്ടവേദന അസഹ്യമാകുന്ന അവസരങ്ങളില്‍ വീടുകളില്‍ ചെയ്യാവുന്ന പോംവഴിയാണ് ഉപ്പു ചേര്‍ത്ത ചൂടുവെള്ളം കവിള്‍ കൊള്ളുന്നത്. രാവിലെയും വൈകിട്ടും ഇങ്ങനെ ചെയ്യുന്നത് നന്നായിരിക്കും. ചെറുചൂടുവെള്ളമാവണം. കൂടിയ ചൂട് തൊണ്ടയ്ക്ക് പൊള്ളലേല്‍ക്കാനിടയാകും. ഉപ്പ് നല്ലൊരു അണുനാശിനിയാണ്. ഉപ്പു ചേര്‍ത്ത വെള്ളം അണുബാധ കുറച്ച് വേദന ശമിപ്പിക്കാന്‍ സഹായിക്കുന്നു.
? ജലദോഷത്തെത്തുടര്‍ന്ന് തൊണ്ടയില്‍ ശക്തമായ വേദന അനുഭവപ്പെടുന്നത് എന്തുകൊണ്ട്?
ജലദോഷത്തെത്തുടര്‍ന്ന് തൊണ്ടവേദന സാധാരണ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. ഇതിന് പ്രധാന കാരണം ടോണ്‍സിലൈറ്റീസാണ്. വളരെ സാധാരണമായി കണ്ടുവരുന്ന രോഗമാണിത്. തൊണ്ടയില്‍ നാവിനു പുറകിലായി ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന ലിംഫോയ്ഡ് ഗ്രന്ഥികളാണ് ടോണ്‍സിലുകള്‍. ജലദോഷമുണ്ടാകുമ്പോള്‍ അണുബാധയും ഉണ്ടാകും. ഈ അണുബാധമൂലം ടോണ്‍സിലുകള്‍ക്ക് നീര്‍ക്കെട്ടുണ്ടാകുന്നു. ഇതിനെയാണ് ടോണ്‍സിലൈറ്റീസ് എന്നു പറയുന്നത്.
? ജലദോഷ സയത്ത് ചിലപ്പോള്‍ ശബ്ദം നഷ്ടമാകുന്നതിന് കാരണമെന്താണ്?
ജലദോഷം മൂലം ശബ്ദം നഷ്ടമാകുന്നത് ഗൗരവമേറിയ പ്രശ്നമല്ല. പ്രത്യേക ചികിത്സയുടെ ആവശ്യവുമില്ല. അധികം സംസാരിക്കാന്‍ ശ്രമിക്കാതെ തൊണ്ടയ്ക്ക് പരിപൂര്‍ണ വിശ്രമം നല്‍കുക. ജലേദോഷത്തിന് കാരണമായ രോഗാണുക്കള്‍ സ്വനപേടകത്തെക്കൂടി ബാധിക്കുമ്പോഴാണ് താല്‍ക്കാലികമായി ശബ്ദം നഷ്ടമാകുന്നത്. തൊണ്ടയിലെ അണുബാധ മാറുന്നതോടെ ശബ്ദം തിരികെ ലഭിക്കുകയും ചെയ്യും. സംസാരിക്കാന്‍ ശ്രമിച്ചാല്‍ ശബ്ദം തിരികെ ലഭിക്കാന്‍ തടസമെടുത്തെന്നുവരാം.
? റുമാറ്റിക് ഫീവറും ടോണ്‍സിലൈറ്റീസുമായി ബന്ധമുണ്ടോ?
കുട്ടികളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ടോണ്‍സിലൈറ്റിസിനെ തുടര്‍ന്ന് നടക്കുന്ന വികലമായ പ്രതിരോധ പ്രവര്‍ത്തനഫലമായാണ് റൂമാറ്റിക് ഫീവര്‍ ഉണ്ടാകുന്നത്. അതിനാല്‍ ടോണ്‍സിലൈറ്റീസിന് ആരംഭത്തില്‍ തന്നെ ആന്‍റിബയോട്ടിക്കുകള്‍ നല്‍കണം. ഉപ്പുവെള്ളം ചൂടാക്കി വായിലും തൊണ്ടയിലും കൊള്ളുന്നതും നീര്‍ക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും.
? ടോണ്‍സില്‍ ശസ്ത്രക്രിയ വഴി നീക്കം ചെയ്യാനാവുമോ? ടോണ്‍സില്‍ നീക്കം ചെയ്തതിനു ശേഷം ടോണ്‍സിലൈറ്റീസ് ഉണ്ടാകാനിടയുണ്ടോ?
ടോണ്‍സിലൈറ്റീസ് ശസ്ത്രക്രിയ വഴി നീക്കം ചെയ്യാവുന്നതാണ്. ആവര്‍ത്തിച്ചു ടോണ്‍സിലൈറ്റീസ് വരുന്നവര്‍ക്കാണ് ശസ്ത്രക്രിയ ആവശ്യമായി വരുന്നത്. ശരിയായ രീതിയില്‍ നീക്കം ചെയ്താല്‍ പിന്നീട് വരില്ല. ഇങ്ങനെ നീക്കം ചെയ്യുന്നതിനെ ടോണ്‍സിലെക്ടമി എന്നാണു പറയുന്നത്. ശസ്ത്രക്രിയക്കു ശേഷം വിശ്രമം നിര്‍ബന്ധമാണ്.
? ഭക്ഷണം കഴിക്കുമ്പോള്‍ തൊണ്ടയില്‍ എന്തോ തടയുന്നതായി ചിലപ്പോള്‍ തോന്നുന്നതെന്തുകൊണ്ട്? ദശ വളര്‍ച്ചയാണോ?
ചിലര്‍ക്ക് ഇത് ഉണ്ടാകാറുണ്ട്. ദശവളര്‍ച്ച മൂലമല്ല ഇത് അനുഭവപ്പെടുന്നത്. ഗ്യാസ്ട്രോ ഈസോഫേഗസ് റിഫ്ളക്സ് ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലാണ് ഇങ്ങനെയുണ്ടാകുന്നത്. ദഹനരസത്തിലെ ആസിഡിന്റെ അളവു കൂടി തൊണ്ടയിലെത്തുന്ന അവസ്ഥയാണിത്. അതല്ലാതെ തൊണ്ടയില്‍ ഒന്നുംതന്നെയിരിക്കുന്നതല്ല. തോന്നല്‍ മാത്രമാണ്. ഗ്യാസ്ട്രബിള്‍ ഒഴിവാക്കാനുള്ള മരുന്നു കഴിക്കുന്നത് രോഗശമനത്തിനു സഹായിക്കും.
? ചെറുനാക്കിന് ചികിത്സയുണ്ടോ? എന്തുകൊണ്ടാണ് ചെറുനാക്ക് ഉണ്ടാകുന്നത്?
ചിലരില്‍ ചെറുനാക്ക് നീണ്ടുവരുന്നതായി കാണാറുണ്ട്. ഇതുമൂലം തൊണ്ടവീക്കവും ചെറുനാക്കിന് വീക്കവും ഉണ്ടാകാം. ദുര്‍ഗന്ധത്തോടുകൂടിയ ഉമിനീര്‍ സ്രവം ഈ പ്രശ്നമുള്ളവരില്‍ അമിതമായി വരാറുണ്ട്. ചെറുനാക്കിന് കൂടുതല്‍ നീര്‍വീക്കമോ വ്രണമോ കാണുന്നുവെങ്കില്‍ വിദഗ്ധനായ ഡോക്ടറുടെ ചികിത്സ തേടേണ്ടതാണ്.
? എന്താണ് അഡിനോയ്ഡിറ്റീസ്?
കുട്ടികളില്‍ മാത്രം കാണുന്ന രോഗമാണ് അഡിനോയ്സിറ്റീസ്. തൊണ്ടവേദനയാണ് പ്രധാന ലക്ഷണം. ആഹാരം ഇറക്കാന്‍ വിഷമമുണ്ടാകും. പനി, തലവേദന മുതലായവയും വരാം. കഴുത്തിന് ഇരുവശവുമുള്ള കുഴലുകള്‍ക്ക് വീക്കമുണ്ടാകാം. വേദന കാരണം കുട്ടികള്‍ ആഹാരം കഴിക്കാതിരിക്കും. ചികിത്സ വൈകിയാല്‍ ടോണ്‍സിലിനുള്ളില്‍ പഴുപ്പ് കെട്ടിനില്‍ക്കും. ഇതുമൂലം ടോണ്‍സിലര്‍ ആബ്സസ് എന്ന രോഗമുണ്ടാകാന്‍ സാധ്യതയുണ്ട്.
? തൊണ്ടയില്‍ കാന്‍സര്‍ ഉണ്ടാകാന്‍ കാരണം?
തൊണ്ടയില്‍ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് ഇതിനു പ്രധാന കാരണം. ഒച്ചയടപ്പ്, ശ്വാസതടസ്സം, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് തൊണ്ടയില്‍ ബാധിക്കുന്ന കാന്‍സര്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. എന്നു കരുതി ഇതെല്ലാം കാന്‍സര്‍ രോഗത്തിന്റെ ലക്ഷണമാണെന്നു കരുതരുത്. സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍ മാത്രമാണിത്. രോഗം നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ രക്ഷപ്പെടാനാവും.

ഡോ. എ. രവി
ഇ.എന്‍.ടി. വിഭാഗം മേധാവി, മിംസ് ഹോസ്പിറ്റല്‍, കോഴിക്കോട്
തയ്യാ: ശശികുമാര്‍ ചേളന്നൂര്‍

 

അവസാനം പരിഷ്കരിച്ചത് : 3/18/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate