Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കുട്ടികളിലെ സ്വഭാവ വൈകല്യങ്ങള്‍

കുട്ടികളിലെ സ്വഭാവ,പഠന വൈകല്യങ്ങള്‍

കുട്ടികളിലെ സ്വഭാവ വൈകല്യങ്ങള്‍

 

കുട്ടി കുസൃതിയാണ്‌ അല്ലെങ്കില്‍ ഭയങ്കര വാശിയാണ്‌, അനുസരണയില്ല എന്നെല്ലാം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു വിടുകയാണ്‌ സാധാരണ മാതാപിതാക്കള്‍ ചെയ്യാറുള്ളത്‌.

എന്നാല്‍ ഇത്തരം കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന സ്വഭാവ വൈകല്യങ്ങള്‍ ചികിത്സ ലഭിക്കാതെ പോയാല്‍ ഭാവിയില്‍ ഇവര്‍ കൂടുതല്‍ പ്രശ്‌നക്കാര്‍ ആകും.

അര്‍ധരാത്രി കഴിഞ്ഞ നേരം. ഉറക്കത്തിനിടയില്‍ മൂത്രമൊഴിക്കാന്‍ ഉണര്‍ന്നതാണ്‌ ആറു വയസുകാരി മകള്‍. അപ്പോഴും അവള്‍ കരയുകയാണ്‌ 'നാളെ എന്നെ സ്‌കൂളില്‍ വിടുമോ?.' ആ അമ്മ ഏറെ സങ്കടത്തോടെയാണ്‌ മകളുമായി ഡോക്‌ടറുടെ അടുത്തെത്തിയത്‌.

''അവള്‍ക്ക്‌ സ്‌കൂളില്‍ പോകാന്‍ മടിയാണ്‌. എങ്ങനെയെങ്കിലും അവളുടെ ഈ സ്വഭാവം മാറ്റിത്തരണം.'' ഇതുപോലെ നിരവധി കേസുകളാണ്‌ എത്തുന്നത്‌. കുട്ടികള്‍ വ്യത്യസ്‌തരാണ്‌.

ഓരോ കുട്ടിയുടെയും ചുറ്റുപാടുകളും വിഭിന്നമാണ്‌. അതുകൊണ്ട്‌ തന്നെ അവരുടെ പ്രശ്‌നങ്ങളും അതിന്റെ കാരണങ്ങളും പരിഹാരങ്ങളും എല്ലാം വ്യത്യസ്‌തമാണ്‌.

കുട്ടി കുസൃതിയാണ്‌ അല്ലെങ്കില്‍ ഭയങ്കര വാശിയാണ്‌, അനുസരണയില്ല എന്നെല്ലാം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു വിടുകയാണ്‌ സാധാരണ മാതാപിതാക്കള്‍ ചെയ്യാറുള്ളത്‌. എന്നാല്‍ ഇത്തരം കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന സ്വഭാവ വൈകല്യങ്ങള്‍ ചികിത്സ ലഭിക്കാതെ പോയാല്‍ ഭാവിയില്‍ ഇവര്‍ കൂടുതല്‍ പ്രശ്‌നക്കാര്‍ ആകും.

ആരോഗ്യപ്രശ്‌നങ്ങള്‍ പോലെ തന്നെയാണ്‌ കുട്ടികളിലെ സ്വഭാവ വൈകല്യങ്ങള്‍. കാര്യകാരണങ്ങള്‍ കണ്ടെത്തി വേണ്ട സമയത്ത്‌ ശരിയായ ചികിത്സ ലഭ്യമാക്കിയാല്‍ മാറാവുന്നതേ ഉള്ളൂ. സ്വഭാവവൈകല്യങ്ങള്‍ തിരിച്ചറിയുക എന്നതാണ്‌ പ്രധാനം.

മോഷണം

മോഷണം ഒരു സ്വഭാവവൈകല്യമാണെന്ന്‌് പലപ്പോഴും തിരിച്ചറിയാറില്ല. ഇത്തരം സ്വഭാവമുള്ള കുട്ടികള്‍ അവരറിയാതെ തന്നെ പല സാധനങ്ങളും സ്വന്തമാക്കിയിരിക്കും. പല കാരണങ്ങള്‍ കൊണ്ട്‌ കുട്ടികളില്‍ ഇത്തരം വൈകല്യമുണ്ടാകാം.

മാതാപിതാക്കളില്‍ നിന്ന്‌് വേണ്ടത്ര സുരക്ഷിതത്വം ലഭിക്കാത്ത കുട്ടികള്‍, എല്ലാത്തിനും അകാരണമായ ശിക്ഷകള്‍ ലഭിച്ചിട്ടുള്ള കുട്ടികള്‍, മാതാപിതാക്കളില്‍ നിന്ന്‌ സ്‌നേഹവും വാത്സല്യവും ലഭിക്കാത്തവര്‍, കഠിനമായ ചിട്ടകളില്‍ വളര്‍ന്ന കുട്ടികള്‍ എന്നിവരില്‍ ഇത്‌ കൂടുതലായി കണ്ടു വരുന്നു.

മറ്റ്‌ കാരണങ്ങള്‍ കൊണ്ടും ഇത്തരം വൈകല്യം ഉണ്ടാകാം. അത്‌ കുട്ടിയെ ശരിക്ക്‌ പഠിക്കുന്ന ഒരു സൈക്കോളജിസ്‌റ്റിന്‌ കണ്ടെത്താവുന്നതേ ഉള്ളൂ. കുട്ടികളിലെ ഇത്തരം മോഷണവാസനയെ 'ക്ലെപ്‌റ്റോമാനിയ' എന്നു പറയാം.

ദേഷ്യമനോഭാവം

എന്തെങ്കിലും ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പൊട്ടിത്തെറിക്കുക, വളരെ ഉച്ചത്തില്‍ കരയുക, ഉപദ്രവിക്കുക, തറയില്‍ ആഞ്ഞു ചവിട്ടുക, തൊഴിക്കുക എന്നിവ ദേഷ്യമനോഭാവക്കാരില്‍ കാണപ്പെടുന്നു.

സദാ സമയവും വഴക്കും ഒച്ചപ്പാടുകളും നിറഞ്ഞ അന്തരീക്ഷത്തില്‍ വളരുന്ന കുട്ടി ഇത്തരത്തില്‍ പെരുമാറാം. കുട്ടികളോടു മാതാപിതാക്കളും മറ്റ്‌ കുടുംബാംഗങ്ങളും എങ്ങനെ പെരുമാറുന്നുവോ അങ്ങനെയായി തീരും കുട്ടികളുടെ സ്വഭാവവും.

ആക്രമണവാസന

സ്‌നേഹവും ശ്രദ്ധയും ആവശ്യത്തിന്‌ കിട്ടാതെ വളരുന്ന കുട്ടികളും, പ്രകൃതി വിരുദ്ധ ചൂഷണത്തിന്‌ ഇരയാകുന്ന കുട്ടികള്‍, അമിതമായി ശിക്ഷിച്ചു വളര്‍ത്തുന്ന കുട്ടികള്‍ എല്ലാം ആക്രമണ സ്വഭാവം കാണിക്കാം. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയും ആക്രമണ സ്വഭാവം കാണിക്കുന്നവരുണ്ട്‌.

മാതാപിതാക്കളെ പേടിച്ചു വളരുന്ന കുട്ടികളിലാണ്‌ സാധാരണയായി ഇത്തരം പെരുമാറ്റരീതി ഉണ്ടാകുന്നത്‌. ദേഷ്യമനോഭാവവും ആക്രമണ സ്വഭാവവുമെല്ലാം കുട്ടികള്‍ അവര്‍ക്കു കിട്ടുന്നതെല്ലാം സൂക്ഷിച്ച്‌ വച്ച്‌ പുറത്തേയ്‌ക്ക് എടുക്കുന്നതാണ്‌.

ഈ രണ്ട്‌ സ്വഭാവവൈകല്യങ്ങളും ചെറുപ്പത്തിലെ തന്നെ ചികിത്സിച്ചില്ലെങ്കില്‍ ഇവരുടെ നല്ല ഭാവി ഇല്ലാതാകും. ഇവര്‍ വളര്‍ന്ന്‌ ക്രിമിനല്‍ സ്വഭാവമുള്ളവരാകും.

പിന്‍വാങ്ങല്‍

ജീവിത സാഹചര്യങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നതിനെയാണ്‌ പിന്‍വാങ്ങല്‍ എന്നു പറയുന്നത്‌. സമൂഹത്തില്‍ നിന്ന്‌ എന്നതിനേക്കാള്‍ അവനവനില്‍ നിന്നു തന്നെ ഒളിച്ചോടാന്‍ ശ്രമിക്കുകയാണ്‌ ഇക്കൂട്ടര്‍. ഒരുതരം അന്തര്‍മുഖത്വം ആണ്‌ ഇവരില്‍ പ്രകടമാകുന്നത്‌. മറ്റുള്ളവരെ കുറിച്ചോ സമൂഹത്തെ കുറിച്ചോ യാതൊരു ചിന്തയും ഇല്ലാത്തവര്‍.

നാണിച്ച്‌ മുഖം കുനിച്ച്‌

സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ നാണം വളരെ സാധാരണയാണ്‌. ഒരു പരിധിവരെ നാണം കുട്ടികളില്‍ സ്വാഭാവികമാണ്‌. എന്നാല്‍ ഇത്‌ അമിതമാകുമ്പോഴാണ്‌ ശ്രദ്ധിക്കേണ്ടത്‌. അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി കിടക്കുന്ന കുട്ടികളെന്ന്‌ ഇവരെകുറിച്ച്‌ പറയും.

സാധാരണഗതിയില്‍ കുട്ടി വളരുന്നതിനനുസരിച്ച്‌ ഈ സ്വഭാവത്തിന്‌ മാറ്റം വരും. എന്നാല്‍ നാണം ഒരു മാനസിക പ്രശ്‌നമായി മാറിയവരില്‍ കുട്ടി വളര്‍ന്നാലും ലജ്‌ഞാശീലവും ഭീരുത്വവും അധികരിച്ച്‌ നില്‍ക്കുന്നു. നല്ലൊരു സൈക്കോളജിസ്‌റ്റിനെ കണ്ടാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂ.

മടിയാണ്‌ പ്രശ്‌നം

യാതൊരു അസുഖവുമില്ലാതെ തക്കതായ മറ്റ്‌ കാരണങ്ങളില്ലാതെ കുട്ടി സ്‌കൂളില്‍ പോകാന്‍ തയ്യാറാകാതിരിക്കുന്ന അവസ്‌ഥ. ഇതിന്‌ സ്‌കൂള്‍ ഹോബിയ എന്നു പറയുന്നു. സ്‌കൂളിലെ അന്തരീക്ഷം കുട്ടികള്‍ ഇഷ്‌ടപ്പെടുന്ന രീതിയില്‍ ആക്കുക എന്നതാണ്‌ ഇതിന്‌ പരിഹാരം.

കുട്ടികള്‍ക്ക്‌ മാനസിക ഉല്ലാസം നല്‍കുന്ന കളികളും മറ്റും സ്‌കൂളില്‍ സംഘടിപ്പിക്കുക. തീരെ ചെറിയ കുട്ടികള്‍ക്കാണെങ്കില്‍ പാട്ടു പാടി കൊടുക്കാം കഥ പറഞ്ഞു കൊടുക്കാം.

അല്‌പം മുതിര്‍ന്ന കുട്ടികളാണെങ്കില്‍ ഒരുപക്ഷേ ഏതെങ്കിലും വിഷയം പഠിക്കാനുള്ള ബുദ്ധിമുട്ടാകാം അല്ലെങ്കില്‍ അടിക്കുന്നതോ മറ്റ്‌ ശിക്ഷകളോ ഭയന്നിട്ടാകാം. കുട്ടികള്‍ക്ക്‌ സ്‌കൂളില്‍ പോവാതിരിക്കാന്‍ കാരണങ്ങള്‍ നിരവധിയാണ്‌. അത്‌ കണ്ടെത്തി പരിഹരിക്കുകയാണ്‌ വേണ്ടത്‌.

ഈ പറഞ്ഞവയെല്ലാം വളര്‍ച്ചയുടെ വിവിധ തലങ്ങളില്‍ കുട്ടികളില്‍ കണ്ടു വരുന്ന സ്വഭാവങ്ങളാണ്‌. എന്നാല്‍ ഇവ മാറ്റമില്ലാതെ തുടര്‍ച്ചയായി കാണപ്പെടുമ്പോഴാണ്‌ വൈകല്യമാണോ എന്ന്‌ സംശയിക്കേണ്ടത്‌.

മറ്റ്‌ കുട്ടികളെ അകാരണമായി ഉപദ്രവിക്കുക, നിലത്തു കിടന്നു ഉരുളുക, തീ വയ്‌ക്കുക, പൈപ്പ്‌ തുറന്നു വയ്‌ക്കുക, കളിക്കോപ്പുകള്‍ നശിപ്പിക്കുക തുടങ്ങിയവയും സ്വഭാവ വൈകല്യങ്ങളില്‍ പെടുന്നു. ഇവ തിരിച്ചറിഞ്ഞ്‌ യഥാ സമയം വേണ്ട ചികിത്സ ലഭ്യമാക്കുകയാണ്‌ പ്രധാനം.

ഓട്ടിസം പോലുള്ള ജനിതകമായ കാരണങ്ങള്‍ കൊണ്ടും കുട്ടികള്‍ക്ക്‌ സകൂളില്‍ പോകാനുള്ള മടിയും പെരുമാറ്റ വൈകല്യങ്ങളും ഉണ്ടാകാം. ഇതിന്‌ ചികിത്സ ഉണ്ട്‌. വിദേശത്തും ഫ്‌ലാറ്റിലും ഒക്കെയായി താമസമാക്കിയവര്‍ക്കിടയിലാണ്‌ ജനിതകമായ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടു വരുന്നത്‌.

ഒരുതരം അന്തര്‍മുഖത്വം ബാധിച്ച കുട്ടികളെയും കാണാന്‍ കഴിയും. മറ്റ്‌ കുട്ടികളുടെ കളിപ്പാട്ടങ്ങളൊക്കെ എടുത്ത്‌ വച്ച്‌ ഇത്‌ എനിക്ക്‌ വേണം എന്റെയാ എന്ന്‌ വാശിപിടിക്കുന്ന കുട്ടികള്‍.

അവര്‍ക്ക്‌ അതിനെക്കുറിച്ചുള്ള തിരിച്ചറിവ്‌ ഇല്ല എന്നതാണ്‌ സത്യം. അത്‌ മനസിലാക്കാതെ അടിക്കുകയും ശകാരിക്കുകയും ചെയ്യുമ്പോള്‍ രംഗം കൂടുതല്‍ വഷളാകുന്നു.

കടപ്പാട്‌:ഡോ. സുഷുമ

 

പഠനവൈകല്യം തിരിച്ചറിയാം

 

സാധാരണകുട്ടികള്‍ക്ക്‌ മനസിലാക്കാനും പഠിക്കാനും കഴിയുന്ന പാഠഭാഗങ്ങള്‍ സാമാന്യബുദ്ധിയോ അതില്‍ കൂടുതലോ ഉള്ള ചില കുട്ടികള്‍ക്ക്‌ പഠിക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്‌ പഠനവൈകല്യം.

ഇത്‌ തിരിച്ചറിയാന്‍ കുട്ടിയോട്‌ അടുത്തുനില്‍ക്കുന്ന മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം . പഠനത്തില്‍ മറ്റ്‌ കുട്ടികളുടെ അതേ നിലവാരം പുലര്‍ത്താനാകാത്ത ചില കുട്ടികളുണ്ട്‌. എന്നാല്‍ പാഠ്യേതര വിഷയങ്ങളില്‍ ഇവരായിരിക്കും മുന്നില്‍.

പഠനത്തിലെ പിന്നോക്കാവസ്‌ഥ കുട്ടികളില്‍ ഒരുതരം അന്തര്‍മുഖത്വം സൃഷ്‌ടിക്കും. പഠനവൈകല്യമായിരിക്കാം പ്രശ്‌നം.
സാധാരണകുട്ടികള്‍ക്ക്‌ മനസിലാക്കാനും പഠിക്കാനും കഴിയുന്ന പാഠഭാഗങ്ങള്‍ സാമാന്യബുദ്ധിയോ അതില്‍ കൂടുതലോ ഉള്ള ചില കുട്ടികള്‍ക്ക്‌ പഠിക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്‌ പഠനവൈകല്യം.

ഇത്‌ തിരിച്ചറിയാന്‍ കുട്ടിയോട്‌ അടുത്തുനില്‍ക്കുന്ന മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം.

ശ്രദ്ധക്കുറവ്‌

പഠനവൈകല്യമുള്ള കുട്ടികളുടെ പെരുമാറ്റം ചില അവസരത്തില്‍ അതിശയം സൃഷ്‌ടിച്ചേക്കാം. അശ്രദ്ധയോടെയുള്ള നടത്തം പലപ്പോഴും തട്ടി വീഴുന്നതിന്‌ ഇടയാക്കും. പടികള്‍ പോലും ശ്രദ്ധയോടെ കയറാന്‍ കഴിഞ്ഞില്ലെന്നിരിക്കും.

എന്നാല്‍ നീന്തല്‍ മത്സരത്തില്‍ ഒന്നാമതെത്താന്‍ ഇവര്‍ക്കു കഴിഞ്ഞെന്നു വരും. ക്ലാസില്‍ അധ്യാപിക പറയുന്ന കാര്യങ്ങളോ കഥകളോ തമാശകളോ ഇവര്‍ ശ്രദ്ധിക്കില്ലായിരിക്കും.

എങ്കിലും നന്നായി സംഗീതം ആസ്വദിക്കും. ഇങ്ങനെ എല്ലാ കാര്യത്തിലും വ്യത്യസ്‌തത കാണിക്കുന്ന ഇക്കൂട്ടര്‍ക്ക്‌ വീട്ടിലെ ഫോണ്‍ നമ്പര്‍, അംഗങ്ങളുടെ പേര്‌, സ്‌ഥലം എന്നിവയൊന്നും ഓര്‍മിക്കാന്‍ കഴിഞ്ഞെന്നു വരില്ല.

ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഓര്‍ത്തുവയ്‌ക്കുകയും ചെയ്യും. ഇവര്‍ ഗൃഹപാഠം ചെയ്യാറേ ഇല്ല. മറവിയാണ്‌ കാരണം. ചെറിയ മെഷീനുകള്‍, മോട്ടോറുകള്‍ എന്നിവയുടെ മെക്കാനിസത്തില്‍ സമര്‍ത്ഥരാണ്‌.

ചെരിപ്പിടുമ്പോള്‍ കാലുകള്‍ പരസ്‌പരം മാറിപ്പോവുക. ഷൂലേസ്‌ കെട്ടുന്നത്‌ ശരിയാകാതിരിക്കുക, ഷര്‍ട്ടിന്റെ ബട്ടന്‍സ്‌ നേരെ ഇടാതിരിക്കുക എന്നിവയൊക്കെ പഠനവൈകല്യമുള്ള കുട്ടികളില്‍ കണ്ടുവരാറുണ്ട്‌.

അമ്മ വിളിച്ചാല്‍ കേള്‍ക്കില്ല

ഫോണ്‍ റിങ്‌ ചെയ്യുന്നതും സഹോദരങ്ങള്‍ കരയുന്നതും ഇവര്‍ എളുപ്പത്തില്‍ തിരിച്ചറിയും. എന്നാല്‍ അമ്മയുടെ വിളി ഇവരുടെ കാതുകളില്‍ എത്താന്‍ പ്രയാസമാണ്‌. അമ്മ വിളിക്കുന്നത്‌ അത്ര പെട്ടെന്നൊന്നും ഇത്തരം കുട്ടികള്‍ കേള്‍ക്കാറില്ല. ക്ലോക്കില്‍ നോക്കി സമയം പറയാന്‍ കഴിയില്ല.

ഭൂപടം ഉപയോഗിക്കാന്‍ അറിയില്ല. ആഴ്‌ചയിലെ ദിവസങ്ങള്‍, ഇന്നലെ, നാളെ ഇതെല്ലാം പഠനവൈകല്യമുള്ള കുട്ടികള്‍ക്ക്‌ നിശ്‌ചയമുള്ള കാര്യങ്ങളായിരിക്കില്ല. പലപ്പോഴും വ്യക്‌തികളുടെ പേര്‌ പോലും ഇവര്‍ക്ക്‌ ഓര്‍ത്തുവയ്‌ക്കാന്‍ കഴിയാറില്ല.

എഴുത്തും വായനയും

എഴുതാന്‍ പെന്‍സില്‍ അല്ലെങ്കില്‍ പേന പിടിക്കുന്ന രീതി തന്നെ വിചിത്രമായിരിക്കും. എഴുത്തെന്ന്‌ കേള്‍ക്കുമ്പോഴെ കുട്ടിയില്‍ ഭയം തിങ്ങിനിറയും. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക്‌ എഴുതാന്‍ പൊതുവെ മടിയായിരിക്കും.

ഇനി എഴുതിയാല്‍ തന്നെ കൈയക്ഷരം വളരെ മോശം. വാക്കുകള്‍ക്കിടയില്‍ കൊടുക്കേണ്ട അകലം പാലിക്കാറില്ല. കേട്ടെഴുതാന്‍ സാധിക്കാറില്ല. വളരെ സാവധാനത്തിലായിരിക്കും ഇത്തരം കുട്ടികള്‍ എഴുതുന്നത്‌. അതുപോലെ ബോര്‍ഡില്‍ നോക്കി എഴുതിയെടുക്കാനും സാധിക്കാറില്ല.

അതുകൊണ്ട്‌ നോട്ടുകളൊന്നും പൂര്‍ണ്ണമായിരിക്കില്ല. സ്‌പെല്ലിങും വ്യാകരണവും വാക്യഘടനയും തെറ്റായിരിക്കും. ഒരുവാക്ക്‌ തന്നെ ആവര്‍ത്തിച്ചു വന്നാല്‍ രണ്ടുതരത്തില്‍ തെറ്റു സംഭവിക്കാം. ഒരു വാചകം തീര്‍ന്നു കഴിഞ്ഞാല്‍ അവിടെ വിരാമചിഹ്നമിടാന്‍ മറക്കുന്നു.

എഴുതുന്നത്‌ ആവര്‍ത്തിച്ച്‌ മായ്‌ക്കുക, വീണ്ടും എഴുതുക, ഇതിനിടയില്‍ അക്ഷരങ്ങളും വാക്കുകളും മാറിപ്പോവുക. പല കുട്ടികളും ഇടതു കൈകൊണ്ടായിരിക്കും എഴുതുന്നത്‌. ഇത്തരം കുട്ടികള്‍ ദൈനംദിന കാര്യങ്ങള്‍ക്ക്‌ ഏതു കൈ ആണ്‌ ഉപയോഗിക്കേണ്ടത്‌ എന്ന കാര്യത്തിലും കാലതാമസം കാണിക്കാറുണ്ട്‌.

പഠനവൈകല്യമുള്ള ചില കുട്ടികള്‍ക്ക്‌ ചില അക്ഷരങ്ങള്‍ എഴുതുവാനോ അതിന്‌ ശരിയായ ശബ്‌ദം നല്‍കുവാനോ പ്രയാസമായിരിക്കും. അക്ഷരമാലയിലെ അക്ഷരങ്ങളുടെ ക്രമവും ഓര്‍ത്തിരിക്കാന്‍ പ്രയാസമായിരിക്കും.

പ്രാദേശിക ഭാഷകളില്‍ ഉച്ചാരണം സാമ്യവും ദൃശ്യസാമ്യവും ഉള്ളതിനാല്‍ ഇത്തരം കുട്ടികള്‍ക്ക്‌ പ്രാദേശിക ഭാഷ പഠിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ച്‌ മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ടായിരിക്കും. എട്ട്‌ വയസിനു ശേഷവും ചെറിയ കണക്കുകള്‍ കൂട്ടാന്‍ കൈവിരലുകള്‍ ഉപയോഗിക്കാറുണ്ട്‌.

പഠന വൈകല്യമുള്ള കുട്ടിയുടെ വായന ചൂണ്ടുവിരല്‍ കൊണ്ട്‌ ഓരോ അക്ഷരങ്ങളും പെറുക്കിപ്പെറുക്കി എടുത്തായിരിക്കും. വളരെ പതുക്കെയും സംശയത്തോടെയും ആയിരിക്കും കുട്ടി വായിക്കുന്നത്‌. ഇല്ലാത്ത അക്ഷരങ്ങള്‍ ചേര്‍ക്കുകയും ഉള്ളവ വിട്ടുകളയുകയും ചെയ്യാറുണ്ട്‌.

വിരാമ ചിഹ്നങ്ങള്‍ ഇവര്‍ കാണാറെ ഇല്ല. വാക്കുകള്‍ സൂക്ഷ്‌മമായി ശ്രദ്ധിക്കാതെ ആദ്യത്തെ അക്ഷരം മാത്രം നോക്കി ഊഹിച്ചു വായിക്കുന്ന പ്രവണതയും കണ്ടുവരാറുണ്ട്‌. പഠന വൈകല്യമുള്ള കുട്ടികള്‍ക്ക്‌ വായന വളരെ പ്രയാസമേറിയ ഒന്നാണ്‌.

ഇത്തരം പ്രശ്‌നങ്ങള്‍ കുട്ടിയില്‍ നിന്നുണ്ടാകുമ്പോള്‍, കുട്ടിയെ വഴക്ക്‌ പറയുന്നതിന്‌ പകരം കൂടെനിന്ന്‌ സമാധാനിപ്പിക്കുകയാണ്‌ വേണ്ടത്‌. കുട്ടിക്ക്‌ കരുത്തുപകരാന്‍ മാതാപിതാക്കള്‍ സദാ ഒപ്പമുണ്ടാകണം.

അധ്യാപകരും കുട്ടിയുടെ പ്രശ്‌നം മനസിലാക്കി പഠനത്തില്‍ മികവ്‌ പുലര്‍ത്താന്‍ സഹായിക്കണം. കുട്ടികള്‍ മണ്ടന്‍മാരല്ലെന്ന്‌ മനസിലാക്കി അവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ വൈകാരിക പിന്‍തുണ നല്‍കുക.

പഠനവൈകല്യം

 

പഠനവൈകല്യം ഇന്ന്‌ ഒരു സാമൂഹിക പ്രശ്‌നം കൂടിയാണ്‌. ആയിരക്കണക്കിന്‌ കുട്ടികളാണ്‌ പഠനവൈകല്യം അനുഭവിക്കുന്നത്‌. എന്നാല്‍ ഇത്‌ പലപ്പോഴും മാതാപിതാക്കളോ, അധ്യാപകരോ തിരിച്ചറിയുന്നില്ല. സമൂഹത്തില്‍ നിന്നും ഇവര്‍ പിന്തള്ളപ്പെട്ടു പോകാതെ തിരികെ വിളിക്കേണ്ടത്‌ നമ്മുടെ കടമയാണ്‌

ട്രീന്‍ മിഠായിയുടെ പരസ്യത്തിലെ മുയലിനെപ്പോലെ പല്ലുകള്‍ കാട്ടി ചിരിക്കുന്ന ഇഷാന്‍ എന്ന കുസൃതിപ്പയ്യന്റെ കളിചിരികളുമായി പ്രേക്ഷകരുടെ ഇഷ്‌ടം പിടിച്ചുപറ്റിയ 'താരേ സമീന്‍ പര്‍' എന്ന അമീര്‍ഖാന്‍സിനിമ വര്‍ഷങ്ങള്‍ കഴിഞ്ഞും ഓര്‍മ്മകളില്‍ തെളിമയോടെയുണ്ട്‌. നാം എവിടെയൊക്കെയോ കണ്ടുപരിചയമുള്ള ഒരു കൊച്ചുമിടുക്കന്‍.

പഠനവൈകല്യം എന്ന അവസ്‌ഥ തുറന്നു കാട്ടുന്ന, ഇത്ര ഹൃദയസ്‌പര്‍ശിയായ ഒരു സിനിമ ഹിന്ദിയിലോ മറ്റേതെങ്കിലും ഭാഷയിലോ പിന്നീടുണ്ടായതായി ഓര്‍മ്മയില്ല. പതിനായിരക്കണക്കിന്‌ കുട്ടികള്‍ ഇന്നു നേരിടുന്ന പഠനവൈകല്യം എന്ന അവസ്‌ഥയ്‌ക്കു നേരെ പിടിച്ച കണ്ണാടിയാണ്‌ 'താരേ സമീന്‍ പര്‍' എന്ന ഹിന്ദി ചിത്രം.

പ്രശ്‌നത്തിന്റെ വ്യാപ്‌തി

നമ്മുടെ രാജ്യത്ത്‌ 18 വയസിനു താഴെ പ്രായമുള്ള 400 മില്യണ്‍ കുട്ടികള്‍ ഉണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. ഇതില്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക്‌ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശം നിയമപരമായിത്തന്നെ ഉണ്ട്‌. ഇന്നത്തെ മത്സരാധിഷ്‌ഠിതമായ സമൂഹത്തില്‍ അതിജീവിനം നടത്തണമെങ്കില്‍ കേവലം പാഠ്യപദ്ധതിയുടെ പൂര്‍ത്തീകരണത്തിനപ്പുറം ഭാഷാപരവും ഗണിതശാസ്‌ത്രപരവും ശാസ്‌ത്രപരവുമായ ധാരാളം കഴിവുകള്‍ കുട്ടിക്കുണ്ടായിരിക്കേണ്ടതുണ്ട്‌.

അടിസ്‌ഥാന വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്‌തത ഇല്ലായിരുന്നിട്ടുകൂടി ഒരു ചെറിയ ശതമാനം കുട്ടികള്‍ക്ക്‌ ഇന്നതിനു കഴിയാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന്‌ പഠനവൈകല്യമാണ്‌. രാജ്യത്ത്‌ പത്തുശതമാനം പേര്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള പഠനവൈകല്യങ്ങള്‍ ഉള്ളതായി കണക്കാക്കുന്നു. അതില്‍ത്തന്നെ 5 ശതമാനം പേര്‍ക്ക്‌ പ്രത്യേക പഠനവൈകല്യങ്ങള്‍ (സ്‌പെസിഫിക്‌ ലേര്‍ണിംഗ്‌ ഡിസെബിലിറ്റി - എസ്‌. എല്‍. ഡി) ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്‌.

ആണ്‍കുട്ടികളിലാണ്‌ ഈ അവസ്‌ഥ കൂടുതലായി കണ്ടുവരുന്നത്‌. വിദ്യാഭ്യാസപരമായും സാമൂഹ്യമായും സാമ്പത്തികമായും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നുണ്ട്‌. നിര്‍ഭാഗ്യവശാല്‍ മിക്ക സ്‌കൂള്‍ അധികൃതര്‍ക്കും ഈ അവസ്‌ഥ യഥാസമയം കണ്ടുപിടിക്കാനും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും കഴിയാറില്ല.

ഇത്തരം കുട്ടികളെ മടിയന്മാരായും ശ്രദ്ധയില്ലാത്തവരായും വികൃതികളായും മുദ്രകുത്താറാണ്‌ പതിവ്‌. തന്റെ ക്ലാസില്‍ നിന്നും ശല്യം ഒഴിവാക്കാനായി മുകളിലെ ക്ലാസുകളിലേക്ക്‌ 'ജയിപ്പിച്ചയക്കുന്ന' പ്രവണതയും കാണുന്നുണ്ട്‌. എന്നാല്‍ കൂടുതല്‍ മുതിര്‍ന്ന ക്ലാസുകളില്‍ എത്തും തോറും കുട്ടിക്ക്‌ പഠനകാര്യങ്ങളില്‍ ശരാശരി നിലവാരം പോലും പുലര്‍ത്താന്‍ കഴിയാതെ വരികയും ചിലരെങ്കിലും സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. സ്വമേധയാ കൊഴിഞ്ഞുപോകുന്നവരും ധാരാളം.

മുംബൈ സയണിലെ ഒരാശുപത്രി പൊതുവേ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ എന്ന്‌ മുദ്രകുത്തപ്പെട്ട 2,225 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ 640 പേര്‍ക്ക്‌ സ്‌പെസഫിക്‌ ലേണിംഗ്‌ ഡിസബിലിറ്റി ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ചണ്ഡീഗഡില്‍ ഏഴു മുതല്‍ പ്ലസ്‌ ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന 2,510 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ രണ്ടു ശതമാനത്തോളം കുട്ടികളില്‍ ഡസ്ലക്‌സിയ കണ്ടെത്തിയിരുന്നു. കേരളത്തിലെ സ്‌കൂള്‍ കുട്ടികളില്‍ നടത്തിയ മറ്റൊരു പഠനത്തില്‍ പത്തു ശതമാനത്തോളം കുട്ടികളില്‍ എന്തെങ്കിലും തരത്തിലുള്ള പഠനവൈകല്യം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്‌.

കര്‍ണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്‌ഥാനങ്ങില്‍ നിന്നും ഈ വിഷയത്തില്‍ നടത്തിയ ഒന്‍പത്‌ വ്യത്യസ്‌തങ്ങളായ ഗവേഷണ പ്രബന്ധങ്ങള്‍ സമഗ്രമായി അപഗ്രഥിച്ചതില്‍ നിന്നും അഞ്ചര ശതമാനത്തോളം കുട്ടികളില്‍ 'ഡിസ്‌കാക്കുലിയ' (കണക്കു കൂട്ടാനുള്ള ബുദ്ധിമുട്ട്‌) എന്ന പഠനവൈകല്യം ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.

നിര്‍വചനങ്ങള്‍ പലത്‌

അമേരിക്കയില്‍ സൈക്യാട്രിക്‌ അസോസിയേഷന്‍ ഡി.എസ്‌.എം - 5 ക്ലാസിഫിക്കേഷന്‍ പ്രകാരം പഠനവൈകല്യങ്ങള്‍ എന്നുള്ള പൊതു പേരിനു പകരം സ്‌പെസഫിക്‌ ലേണിംഗ്‌ ഡിസബിലിറ്റി (എസ്‌.എല്‍.ഡി) എന്നാണ്‌ ഈ അവസ്‌ഥയെ വിളിക്കുന്നത്‌.

സംസാരം, വായന, കേട്ടുമനസിലാക്കല്‍, എഴുത്ത്‌, കാര്യകാരണ സഹിതമുള്ള അപഗ്രഥനം, കണക്കുകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്‌ ഇവയില്‍ ചിലതിലോ അഥവാ മൊത്തമായോ ഉള്ള, സ്‌ഥായിയായ പിന്നോക്കാവസ്‌ഥയാണ്‌ എസ്‌.എല്‍.ഡി. എന്നതുകൊണ്ട്‌ അര്‍ഥമാക്കുന്നത്‌. ഇവ വ്യക്‌തികളില്‍ അധിഷ്‌ഠിതവും കേന്ദ്രനാഡീ വ്യവസ്‌ഥയിലെ ചില തകരാറുകള്‍ കൊണ്ട്‌ ഉണ്ടാവുന്നതും ആണെന്നു കരുതപ്പെടുന്നു. നല്ലയളവു വരെ പരിശീലനം കൊണ്ട്‌ മെച്ചപ്പെടുത്താവുന്നവയാണെങ്കിലും പലപ്പോഴും ചെറിയതോതിലാണെങ്കിലും ഇത്‌ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നവയാണ്‌.

ശരാശരി ബുദ്ധിശക്‌തി, നല്ല കാഴ്‌ചശക്‌തി, നല്ല കേള്‍വി, നല്ല വസ്‌ത്രങ്ങള്‍, അന്തരീക്ഷം എന്നിവയൊക്കെ ഉണ്ടായിരിന്നിട്ടുകൂടി ഇത്തരം കുട്ടികളില്‍ പഠനവൈകല്യങ്ങള്‍ കണ്ടുവരുന്നു. ഈ വൈകല്യങ്ങള്‍ പലപ്പോഴും പാരമ്പര്യത്തില്‍ അധിഷ്‌ഠിതവുമാണ്‌. സ്‌പെഷല്‍ എഡ്യുക്കേഷന്‍ സേവനങ്ങള്‍ വേണ്ടിവരുന്ന കുട്ടികളില്‍ നല്ല ഒരു വിഭാഗം പഠനവൈകല്യങ്ങള്‍ ഉള്ള കുട്ടികളാണ്‌.

ആത്മനിയന്ത്രണത്തിലുള്ള പ്രശ്‌നങ്ങള്‍, സാമൂഹികാവബോധം, സാമൂഹികമായ ഇടപെടലുകള്‍ എന്നിവയിലും ഈ കുട്ടികള്‍ക്ക്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വായിക്കാനുള്ള പ്രശ്‌നങ്ങള്‍, എഴുതാനുള്ള ബുദ്ധിമുട്ടുകള്‍, കണക്കുകള്‍ ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയൊക്കെ പഠനവൈകല്യങ്ങളുടെ വകേഭദങ്ങളാണെങ്കിലും ഡിസ്‌ലെക്‌സിയക്കാരാണ്‌ ഇവരില്‍ ഭൂരിഭാഗവും.

തിരിച്ചറിയാന്‍ മാര്‍ഗമുണ്ട്‌

കുട്ടിക്ക്‌ എവിടെയോ എന്തോ പ്രശ്‌നമുണ്ട്‌ എന്ന തോന്നലിനപ്പുറം വിദഗ്‌ധതലത്തിലുള്ള പരിശോധനകള്‍കൊണ്ടു മാത്രമേ രോഗനിര്‍ണയം നടത്താനാവൂ. പീഡിയാട്രിഷന്‍, ചൈല്‍ഡ്‌ സൈക്കോളജിസ്‌റ്റ്, ചൈല്‍ഡ്‌ ന്യൂറോളജിസ്‌റ്റ്, പീഡിയാട്രിക്‌ നഴ്‌സ് എന്നിവരുടെ സംയുക്‌തമായ ഇടപെടല്‍ ഇതിനാവശ്യമാണ്‌.

സ്‌കൂള്‍ അധ്യപകരോ, മാതാപിതാക്കളോ സംശയനിവാരണത്തിനായി കൊണ്ടുവരുന്ന കുട്ടികളുടെ ബുദ്ധിപരമായും ഭാഷാപരമായും പഠനപരമായുമുള്ള കഴിവുകളും സാമൂഹികാവബോധവും പെരുമാറ്റവുമൊക്കെ വിശദമായി വിശകലനം ചെയ്‌തു മാത്രമേ ഒരു തീരുമാനത്തിലെത്താന്‍ സാധിക്കുകയുള്ളൂ. പഠന വൈകല്യങ്ങളുള്ള കുട്ടികളില്‍ പൊതുവായി കാണപ്പെടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്‌.

സ്‌കൂളില്‍ ചേര്‍ക്കുന്നതിനു മുമ്പ്‌

1. താമസിച്ചുമാത്രം സംസാരിക്കാന്‍ തുടങ്ങുക
2. പുതിയ വാക്കുകള്‍ പഠിപ്പിച്ചെടുക്കാനുള്ള താമസം
3. വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത്‌ ഈണത്തില്‍ ചൊല്ലാന്‍ പൊതുവേ കുട്ടികള്‍ക്ക്‌ ഉള്ള കഴിവ്‌ ഇല്ലാതിരിക്കുക

സ്‌കൂള്‍ കാലഘട്ടത്തില്‍

സ്‌കൂളില്‍ ചേര്‍ന്നു കഴിയുമ്പോള്‍ പഠന വൈകല്യത്തിന്റെ ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാകാന്‍ തുടങ്ങുന്നു.

1. തന്റെ പ്രായത്തിലുള്ള മറ്റു കുട്ടികളെ അപേക്ഷിച്ച്‌ വായിക്കാനുള്ള കഴിവു കുറയുക.
2. കേള്‍ക്കുന്ന കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാനുള്ള ബുദ്ധിമുട്ട്‌.
3. വേഗത്തിലുള്ള നിര്‍ദേശങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധിമുട്ട്‌.
4. ഒരേസമയം ഒന്നില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ മനസിലാക്കിയെടുക്കാനുള്ള ബുദ്ധിമുട്ട്‌.
5. വസ്‌തുതകളുടെ തുടര്‍ച്ച മനസിലാക്കാനുള്ള ബുദ്ധിമുട്ട്‌.
6. വസ്‌തുതകള്‍ തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും കണ്ടു പിടിക്കാനുള്ള ബുദ്ധിമുട്ട്‌.
7. ചില അക്ഷരങ്ങള്‍ തിരിഞ്ഞുപോകുന്ന (ഉദാഹരണത്തിന്‌ ്വ യും ്രയും. അല്ലെങ്കില്‍ ക്കല്‍ എന്ന വാക്ക്‌ ല്‍ക്ക ആയി മാറിപ്പോവുക.
8. സ്‌പെല്ലിംഗ്‌ പഠിക്കാനുള്ള ബുദ്ധിമുട്ട്‌.
9. കണക്കിലെ അക്കങ്ങള്‍ തിരിച്ചെഴുതുക.
10. പുതിയ ഭാഷകള്‍ പഠിച്ചെടുക്കാനുള്ള കഴിവുകുറവ്‌.

കൗമാരക്കാരിലും മുതിര്‍ന്നവരിലും

സ്‌കൂള്‍ക്കുട്ടികളിലെ ലക്ഷണങ്ങള്‍ തന്നെയാണ്‌ കൗമാരക്കാരിലും മുതിര്‍ന്നവരിലുമുള്ള പഠനവൈകല്യത്തിന്റെ ലക്ഷണങ്ങള്‍.

1. വായിക്കാനുള്ള ബുദ്ധിമുട്ട്‌.
2. തമാശകളും പഴഞ്ചൊല്ലുകളും മനസിലാക്കിയെടുക്കാനുള്ള ബുദ്ധിമുട്ട്‌.
3. ഉറക്കെ മാത്രം വായിക്കുക.
4. സമയം കൈകാര്യം ചെയ്യാന്‍ അറിയാതിരിക്കുക.
5. ഓര്‍മ്മശക്‌തിയിലെ കുറവ്‌.
6. കഥകളും മറ്റും ചുരുക്കിപ്പറയുവാനുള്ള കഴിവില്ലായ്‌മ.

പഠനവൈകല്യം മാതാപിതാക്കളേക്കാള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നത്‌ അധ്യാപകര്‍ക്കുമാത്രമാണ്‌. വിദഗ്‌ധ പരിശോധനകളില്‍ ഒരുപാടു കാര്യങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട്‌. വിദഗ്‌ധമായ മെഡിക്കല്‍ ഹിസ്‌റ്ററി, ജനനസമയത്തെ പ്രശ്‌നങ്ങള്‍, കുടുംബപാരമ്പര്യം, ജനിതക രോഗാണുക്കളുടെ സാന്നിധ്യം, ചുഴലിരോഗത്തിന്റെ സാന്നിധ്യം, കാഴ്‌ചശക്‌തി, കേള്‍വിശക്‌തി, വളര്‍ച്ചയുടെ വിവിധ പടവുകള്‍, വിശദമായ ന്യൂറോളജി പരിശോധന എന്നിവയൊക്കെ ഇവയില്‍ പെടും.

പരിഹാര മാര്‍ഗങ്ങള്‍

പ്രത്യേക പഠനവൈകല്യങ്ങള്‍ (എസ്‌.എല്‍.ഡി) എന്നത്‌ ഒരു രോഗമായിട്ടല്ല, മറിച്ച്‌ നാഡീവ്യവസ്‌ഥയുടെ ചില തകരാറുകള്‍ മൂലമുള്ള ചില ബാഹ്യലക്ഷണങ്ങള്‍ എന്നിവയില്‍ വേണം കാണാന്‍. അതുകൊണ്ടുതന്നെ ഒരു പ്രത്യേക മരുന്നോ, ഇന്‍ജക്‌ക്ഷനോ, ശസ്‌ത്രക്രിയയോ കൊണ്ടു മാറ്റിയെടുക്കാവുന്ന ഒന്നല്ല ഇത്‌. എസ്‌.എല്‍.ഡിക്കാരായ കുട്ടികള്‍ പലരും മറ്റുകുട്ടികളെ അപേക്ഷിച്ച്‌ ബുദ്ധിപരമായും സര്‍ഗാത്മ പരമായും കഴിവുകള്‍ കൂടുതല്‍ ഉള്ളവരാണ്‌.

ശ്രദ്ധാപൂര്‍വമുള്ള പരിചരണവും കൗണ്‍സലിംഗും സ്‌പെഷല്‍ എഡ്യൂക്കേഷന്‍ ട്രെയിനിങ്ങും കൊണ്ടും ഇവരെ നല്ലയൊരളവുവരെ മെച്ചപ്പെടുത്തി എടുക്കാവുന്നതാണ്‌. ശിശുരോഗവിദഗ്‌ധന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റ്, എഡ്യുക്കേഷണല്‍ തെറാപ്പിസ്‌റ്റ്, പീഡിയാട്രിക്‌ നഴ്‌സ്, സ്‌പീച്ച്‌ തെറാപ്പിസ്‌റ്റ്, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍, സ്‌പെഷല്‍ എഡ്യുക്കേറ്റര്‍ എന്നിവരുള്‍പ്പെടുന്ന ഒരു ടീം അപ്രോച്ച്‌ ആണ്‌ ഇതിനാവശ്യം.

സംഗീതം, ചിത്രരചന, സ്‌പോട്‌സ് മറ്റു സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേക്ക്‌ അവരുടെ താല്‍പര്യമനുസരിച്ച്‌ ഇത്തരം കുട്ടികളെ തിരിച്ചുവിടാവുന്നതും അങ്ങനെ ചെയ്‌താല്‍ അവര്‍ക്ക്‌ കൂടുതല്‍ ശോഭിക്കാവുന്നതുമാണ്‌. വികാരങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയാതെ ക്ഷിപ്രകോപികളാവുന്നതും നശീകരണ പ്രവണതകള്‍ കാണിക്കുന്നതും വിഷാദത്തിലേക്ക്‌ മടങ്ങുന്നതും ഇവരുടെ പ്രത്യേകതകള്‍ ആണ്‌.

ആത്മവിശ്വാസക്കുറവാണ്‌ ഇവരുടെ മറ്റൊരു പ്രശ്‌നം. വീട്ടിലുള്ള രണ്ടു കുട്ടികളെ തമ്മില്‍ താരതമ്യം ചെയ്യുകയോ, ക്ലാസിലെ മറ്റു കുട്ടികുമായി താരതമ്യം ചെയ്യുകയോ പാടില്ല. സ്‌കൂളിലെ പതിവ്‌ ശിക്ഷ, വിവിധങ്ങളായ അടി, ഇംപോസിഷന്‍, പുറത്താക്കല്‍ എന്നിവയൊക്കെ പ്രശ്‌നപരിഹാരത്തിന്‌ ഉതകുകയില്ല.

വീട്ടിലും സ്‌കൂളിലും ശ്രദ്ധിക്കാന്‍

പഠനവൈകല്യമുള്ള കുട്ടികളെ സഹായിക്കാനായി അധ്യാപകര്‍ക്കും വീട്ടില്‍വച്ച്‌ മാതാപിതാക്കള്‍ക്കും നിരവധി കാര്യങ്ങള്‍ ചെയ്യാനാവും.

1. കുട്ടിയുടെ പഠന നിലവാരം മനസിലാക്കി അതിനനുസരിച്ച്‌ പഠനം തുടങ്ങുക. തുമ്പിയെക്കൊണ്ട്‌ കല്ലെടുപ്പിക്കുന്ന പണി വേണ്ട. അങ്ങനെയായാല്‍ തന്നെക്കൊണ്ട്‌ ഇതൊക്കെ സാധിക്കും എന്ന തോന്നല്‍ കുട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കുട്ടിയും അധ്യാപകരും തമ്മില്‍ ഒര നല്ല ബന്ധം ഇതിനോടൊപ്പം പ്രധാനമാണ്‌.
2. പഠനം കൂടുതല്‍ ലളിതവും രസകരവും ആയിരിക്കണം.
3. കൂടുതല്‍ സങ്കീര്‍ണമായ കാര്യങ്ങള്‍ ലളിതമായ പല സ്‌റ്റേജുകളിലൂടെ പഠിപ്പിക്കാന്‍ ശ്രമിക്കുക.
4. ഗണിതപ്രശ്‌നങ്ങള്‍ക്കും മറ്റും ഉടനടി ഉത്തരം പറഞ്ഞുകൊടുക്കാതെ കൂട്ടിയെക്കൊണ്ട്‌ പതിയെ ചിന്തിപ്പിച്ച്‌ ഉയരത്തിലേക്ക്‌ കൊണ്ടുവരിക.
5. കുട്ടിയുടെ പഠനനേട്ടങ്ങളെ മനസറിഞ്ഞ്‌ അഭിനന്ദിക്കുക.
6. കുട്ടിയുടെ ആത്മവിശ്വാസ കെടുത്തുന്ന രീതിയിലുള്ള ചിട്ടകള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക.
7. പഠിപ്പിക്കാന്‍ തുടങ്ങുന്നതിനു മുമ്പ്‌ എല്ലാ സാമഗ്രികളും അടുത്തുതന്നെ എടുത്തുവയ്‌ക്കുക. പേന, പെന്‍സില്‍, റബര്‍, സ്‌കെയില്‍ എന്നിവയൊക്കെ അടുത്തുതന്നെ വയ്‌ക്കാന്‍ ശ്രദ്ധിച്ചാല്‍ ഇവ എടുക്കാനെന്ന വ്യാജേന കുട്ടിയുടെ ശ്രദ്ധതിരിക്കുന്നത്‌ ഒഴിവാക്കാം.
8. നന്നായി പഠിക്കുന്ന സഹപാഠികളെ 'കുട്ടി ടീച്ചര്‍' ആക്കി വയ്‌ക്കുന്നത്‌ ഗുണം ചെയ്യും. കുട്ടിയുടെ നേട്ടങ്ങള്‍ക്ക്‌ പഠിതാവിനെയും 'ടീച്ചറെയും' അഭിനന്ദിക്കുക.

ക്ലാസില്‍ കുട്ടിയുടെ ശ്രദ്ധ മാറാതിരിക്കാന്‍

1. കുട്ടിയുടെ ഇരിപ്പിടം ജനാലക്കരികിലാക്കരുത്‌. പുറത്തേക്കു നോക്കിയിരിക്കുന്നത്‌ ഒഴിവാക്കണം.
2. കുട്ടിയുടെ കണ്ണിലേക്കു നോക്കി പഠിപ്പിക്കുക.
3. ചെറിയ വാചകങ്ങളില്‍ നിര്‍ദേശങ്ങള്‍ കൊടുക്കാന്‍ ശ്രദ്ധിക്കുക. നീണ്ട വാചകങ്ങളിലെ നിര്‍ദേശങ്ങള്‍ മനസിലാക്കിയെടുക്കാന്‍ പ്രായാസമാണ്‌.
4. ആദ്യഭാഗം കുട്ടിക്ക്‌ താല്‍പര്യമുള്ള വിഷയങ്ങളില്‍ നിന്നും പാഠഭാഗങ്ങളില്‍ നിന്നും പഠനം ആരംഭിക്കുക.
സ്‌പെഷല്‍ എഡ്യുക്കേഷന്‍ സ്‌കൂളുകളില്‍ ഇപ്പോള്‍ വ്യക്‌ത്യാധിഷ്‌ഠിത വിദ്യാഭ്യാസ പരിപാടി (ഐ.ഇ.പി) നിലവിലുണ്ട്‌. ഓരോ കുട്ടിയുടെയും വ്യക്‌തിപരമായ പ്രശ്‌നങ്ങള്‍ വിശദമായി പഠിപ്പിച്ചതിനുശേഷം ആ കുട്ടിക്ക്‌ വേണ്ടി മാത്രമായി രൂപകല്‍പ്പന ചെയ്യുന്നതാണ്‌ ഈ വ്യക്‌ത്യാധിഷ്‌ഠിത പാഠ്യപദ്ധതി.

പ്രശ്‌നപരിഹാരത്തിലെ സാമൂഹിക പങ്കാളിത്തം

തന്റെ കുഞ്ഞിന്‌ പഠനവൈകല്യമുണ്ടെന്ന വസ്‌തുത മാതാപിതാക്കള്‍ക്ക്‌ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്‌. രണ്ടുപേരും ജോലിക്കുപോകുന്നവരാണെങ്കില്‍ ഇത്‌ കൂടുതല്‍ സമ്മര്‍ദത്തിനിടയാക്കും. കാരണം ഇടയ്‌ക്കിടെ ലീവെടുത്ത്‌ തന്റെ കുട്ടിയുടെ പഠനത്തിലെ പിന്നോക്കാവസ്‌ഥ മൂലമുള്ള പ്രശ്‌നങ്ങളുടെ ചര്‍ച്ചയ്‌ക്കായി അധ്യാപകരെ കാണേണ്ട ബാധ്യത ഇവര്‍ക്കുണ്ട്‌.

പഠനവൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു കൂട്ടായ്‌മ ഇന്ന്‌ പലയിടത്തും ഉണ്ട്‌. സാമൂഹിക തലത്തില്‍ ഈ പ്രശ്‌നത്തെക്കുറിച്ച്‌ കൂടുതല്‍ അവബോധം സൃഷ്‌ടിക്കാന്‍ ഇതുമൂലം കഴിയും.

രക്ഷിതാക്കള്‍ മുന്‍കൈ എടുത്ത്‌ തുടങ്ങിയ ഒരുപാട്‌ സര്‍ക്കാന്‍ ഇതര സംഘടനകള്‍ (എന്‍.ജി.ഓ) ഇന്ന്‌ പലയിടത്തും ഉണ്ട്‌. പരസ്‌പര സഹായസഹകരണ സംഘം എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇവ ഇത്തരം കുട്ടികളുടെ പരിശീലനത്തിനും ചികിത്സയ്‌ക്കും മുന്‍കൈയയെടുത്തുവരുന്നു.

1991 ല്‍ രൂപീകരിച്ച മദ്രാസ്‌ ഡിസ്‌ലെക്‌സിയ അസോസിയേഷന്‍, 1996-ല്‍ രൂപീകൃതമായ മഹാരാഷ്‌ട്ര ഡിസ്‌ലെക്‌സിയ അസോസിയേഷന്‍ 1997 ല്‍ രൂപീകരിച്ച ആക്‌ക്ഷന്‍ ഡിസ്‌ലെക്‌സിയ ഡല്‍ഹി എന്നിവ ഉദാഹരണം.

1999 മുതല്‍ ഇന്ത്യന്‍ സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ സെക്കന്‍ഡറി എഡ്യുക്കേഷനും (ഐ.സി.എസ്‌. ഇ) സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ സെക്കന്‍ഡറി എഡ്യുക്കേഷനും (സി.ബി.എസ്‌.ഇ) പഠന വൈകല്യമുള്ളവര്‍ക്കായി ചില ഇളവുകള്‍ അനുവദിച്ചു നല്‍കുന്നു. കര്‍ണാടക, തമിഴ്‌നാട്‌ എന്നീ സംസ്‌ഥാന സര്‍ക്കാരുകളും ഈ ഇളവുകള്‍ നല്‍കിവരുന്നു. രാജ്യവ്യാപകമായി പഠനവൈകല്യമുള്ള കുട്ടികള്‍ക്കായി സി.ബി.എസ്‌.ഇ നല്‍കിവരുന്ന ഇളവുകള്‍ താഴെപ്പറയുന്നവയാണ്‌.

1. ഡിസ്‌ലെക്‌സിയ കുട്ടികള്‍ക്ക്‌ പരീക്ഷയ്‌ക്ക് കേട്ടെഴുതാന്‍ സ്‌ക്രൈബിനെ ഉപയോഗിക്കാവുന്നതാണ്‌. കുട്ടി പഠിക്കുന്ന ക്ലാസിനെക്കാളും താഴ്‌ന്ന ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരിക്കണം എന്നുമാത്രം.
2. പബ്ലിക്‌ പരീക്ഷയ്‌ക്ക് മറ്റ്‌ കുട്ടികളേക്കാള്‍ ഒരു മണിക്കൂര്‍ അധിക സമയം അനുവദിക്കും.
3. മൂന്നാം ഭാഷയില്‍ പരീക്ഷ, ഇളവ്‌ അനുവദനീയം.

ഐ.സി.എസ്‌.ഇ സിലബസുകള്‍ക്ക്‌

ഇളവുകള്‍ ഇവയാണ്‌
1.പതിനഞ്ചു മിനിട്ട്‌ അധികസമയം ഓരോ പരീക്ഷയ്‌ക്കും.
2. രണ്ടാം ഭാഷയില്‍നിന്നും ഇളവ്‌.
3. ഗണിതശാസ്‌ത്രത്തിന്‌ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാം.
4. സ്‌ക്രൈബിനെ ഉപയോഗിക്കാം.
5. ചോദ്യപേപ്പര്‍ വായിച്ചുകൊടുക്കാവുന്നതാണ്‌.
ഓര്‍മ്മിക്കുക, പഠനവൈകല്യം ഒരു മാറാരോഗമല്ല. മറിച്ച്‌ ക്ഷമയോടെയും നിരന്തരമായ ശ്രമങ്ങള്‍ ഇവരെ മറ്റു കുട്ടികളെപ്പോലെയോ ചിലപ്പോള്‍ അവരിലും നന്നായിട്ടോ മാറ്റിയെടുക്കാന്‍ സാധിക്കും

കടപ്പാട്‌: പ്രൊഫ.സുനില്‍ മൂത്തേടത്ത്‌

ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ചൈല്‍ഡ്‌ ഹെല്‍ത്ത്‌ നഴ്‌സിംഗ്‌
അമൃത ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍
സയന്‍സസ്‌, കൊച്ചി

വീട്ടിലും വേണം പ്രത്യേകം ശ്രദ്ധ

 

പഠനവൈകല്യം വിദ്യാര്‍ഥികളില്‍ സൃഷ്‌ടിക്കുന്ന മാനസികപിരിമുറുക്കം പലപ്പോഴും മാതാപിതാക്കള്‍ക്ക്‌ മനസിലാകാറില്ല

ക്ലാസില്‍ പിന്‍ബഞ്ചിലായിരുന്നു അവന്‌ എപ്പോഴും സ്‌ഥാനം. നിശബ്‌ദനായിരുന്നു മിക്കപ്പോഴും. പരീക്ഷകളില്‍ മാര്‍ക്ക്‌ രണ്ടക്കം കടക്കാറില്ല. പലവട്ടം മാതാപിതാക്കളെ വിളിപ്പിച്ചു. അവര്‍ പക്ഷേ, കൈമലര്‍ത്തി. നല്ല ശിക്ഷകൊടുക്കണം എന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. പഠിക്കാത്ത കുട്ടി എന്നു മുദ്രകുത്തപ്പെട്ട അവനെ മറ്റു കുട്ടികളും അകറ്റിനിര്‍ത്തി. പക്ഷേ, ടോര്‍ച്ചില്‍ ഉപയോഗിക്കുന്ന ബാറ്ററിയും പഴയ ടേപ്പ്‌ റിക്കോര്‍ഡറിലെ ചെറിയ മോട്ടറും ഉപയോഗിച്ച്‌ ഏഴാം ക്ലാസ്‌ എ ഡിവിഷനില്‍ നിന്നും ഒരിക്കല്‍ ഒരു കൊച്ചു ഹെലിക്കോപ്‌ടര്‍ മെല്ലെ പറന്നു.

അവന്‍ പറത്തിയ ഹെലിക്കോപ്‌ടര്‍ കണ്ട്‌ 'മരമണ്ടന്‍' എന്നു വിളിച്ചു കളിയാക്കിയ അധ്യാപകരില്‍ ചിലരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പഠനവൈകല്യമായിരുന്നു അവനെ പഠനത്തില്‍ പിന്നോട്ട്‌ നടത്തിയിരുന്നതെന്ന യാഥാര്‍ഥ്യം അധ്യാപകരും രക്ഷിതാക്കളും തിരിച്ചറിയാന്‍ ആ ഒറ്റ സംഭവം മാത്രം മതിയായിരുന്നു. ശാസ്‌ത്ര സാങ്കേതികരംഗത്ത്‌ ഉന്നത സ്‌ഥാനങ്ങളിലെത്തിയിട്ടുള്ള നിരവധി പ്രമുഖര്‍ക്ക്‌ സ്‌കൂള്‍ പഠനകാലത്ത്‌ പഠനവൈകല്യമുണ്ടായിരുന്നു. അതു തിരിച്ചറിഞ്ഞും പ്രതിസന്ധികളോട്‌ പടവെട്ടിയുമാണ്‌ അവര്‍ ജീവിതവിജയം കരസ്‌ഥമാക്കിയത്‌.

ആരോരുമറിയാതെ

പഠനവൈകല്യം വിദ്യാര്‍ഥികളില്‍ സൃഷ്‌ടിക്കുന്ന മാനസികപിരിമുറുക്കം പലപ്പോഴും മാതാപിതാക്കള്‍ക്ക്‌ മനസിലാകാറില്ല. കുട്ടി അനുഭവിക്കുന്ന മാനസിക വ്യഥയ്‌ക്കും സഹതാപപൂര്‍വമായ പരിഗണനയ്‌ക്കും പകരം ശകാരമാണ്‌ മിക്കപ്പോഴും ലഭിക്കാറുള്ളത്‌. പഠനവൈകല്യത്തിന്റെ അടിസ്‌ഥാന കാരണം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പാരമ്പര്യം, ഗര്‍ഭാവസ്‌ഥയിലും, പ്രസവ സമയത്തുമുണ്ടകുന്ന പ്രശ്‌നങ്ങള്‍, ജനനശേഷമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ പഠനവൈകല്യത്തിനുള്ള കാരണങ്ങളാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

പഠനവൈകല്യമുള്ള വിദ്യാര്‍ഥികളുടെ മസ്‌തിഷ്‌കത്തിന്‌ വൈകല്യമില്ലാത്തവരുടെ മസ്‌തിഷ്‌കവുമായി ഗണ്യമായ വ്യത്യാസങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. മസ്‌തിഷ്‌കത്തിലെ ചെറിയ വ്യതിയാനങ്ങള്‍ പോലുംവസ്‌തുക്കള്‍ വിലയിരുത്തുന്നതിനും വേര്‍തിരിക്കുന്നതിനും സാരമായി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. വളര്‍ച്ചാ ഘട്ടത്തിലുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളെ മരുന്നുകൊണ്ടോ, ശസ്‌ത്രക്രിയകൊണ്ടോ പരിഹരിക്കാവുന്നതല്ല. എന്നാല്‍ പ്രാരംഭദിശയില്‍ തന്നെ കണ്ടുപിടിച്ച്‌ ആവശ്യമായ പരിശീലനം നല്‍കിയാല്‍ പഠനവൈകല്യത്തിന്റെ തീവ്രത കുറയ്‌ക്കാന്‍ സാധിക്കും.

നേരത്തേ തിരിച്ചറിയാം

ശിശുക്കളുടെ വളര്‍ച്ചാഘട്ടത്തിലെ നാഴികകല്ലുകള്‍ നിരീക്ഷിക്കുമ്പോള്‍ ആവ ആര്‍ജ്‌ജിക്കുന്നത്‌ സാധാരണയിലും വൈകിയാണെങ്കില്‍ ആ ശിശുവിന്‌ ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നു ഊഹിക്കാവുന്നതാണ്‌. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു ശിശുരോഗ വിദഗ്‌ധന്റെയോ, ശിശുമനഃശാസ്‌ത്രജ്‌ഞന്റെയോ മാര്‍ഗനിര്‍ദേശങ്ങള്‍ തേടുന്നത്‌ സഹായകരമായിരിക്കും. ഇതിനായി കുട്ടികളുടെ വളര്‍ച്ചയുടെ ഓരോഘട്ടത്തിലും മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌.

1. പഠനവൈകല്യത്തെപ്പറ്റി പരമാവധി ലഭിക്കാവുന്ന വിവരങ്ങള്‍ ശേഖരിക്കുക. പഠനവൈകല്യത്തെ മനസ്സിലാക്കുന്നവര്‍ തങ്ങളുടെ വൈകല്യമുള്ള കുട്ടിയേയും അവന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളേയുമാണ്‌ മനസിലാക്കുന്നത്‌.
2. വൈകല്യമുള്ള കുട്ടികള്‍ പ്രകടിപ്പിക്കുന്ന കഴിവുകളേയും ചെയ്യുന്ന നല്ലകാര്യങ്ങളേയും അഭിനന്ദിക്കുക. അവര്‍ പഠിക്കാന്‍ പിന്നോട്ടാണെങ്കിലും മറ്റു പലകാര്യങ്ങളിലും സമര്‍ഥരായിരിക്കും.
3. കുട്ടിക്ക്‌ അനുയോജ്യമായ പഠനരീതി കണ്ടെത്തുക. ഗൃഹപാഠമാണോ, കണ്ടു പഠിക്കലാണോ, കേട്ടു പഠിക്കലാണോ യോജിച്ചതെന്ന്‌ മാതാപിതാക്കള്‍ നിരീക്ഷിച്ചു പഠിക്കുക.
4. വീട്ടിലെ ദൈനദിന ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചുകൊടുക്കുക. ഇത്‌ അവരില്‍ ആത്മവിശ്വാസവും ജീവിതനൈപുണ്യവും വളര്‍ത്തിയെടുക്കാന്‍ സഹായകമാകും.
5. ദിനചര്യകള്‍ക്ക്‌ സമയക്രമം നിശ്‌ചയിച്ച്‌ അത്‌ പിന്‍തുടരാന്‍ കുട്ടികളെ പ്രേരിപ്പിക്കണം.
6. കുട്ടിയുടെ മാനസികാരോഗ്യത്തിന്‌ ഊന്നല്‍ കൊടുക്കുക അവരോട്‌ തുറന്ന്‌ ആത്മാര്‍ഥതയോടെ സംസാരിക്കുക. അവരുടെ കുറവുകള്‍ അംഗീകരിക്കാന്‍ പ്രേരിപ്പിക്കുകയും കഴിവുകള്‍ ചൂണ്ടികാട്ടി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
7. പഠനവൈകല്യമുള്ള മറ്റു വിദ്യാര്‍ഥികളുടെ മാതാപിതാക്കളുമായി സൗഹൃദത്തിലാവുകയും പ്രശ്‌നങ്ങള്‍ പങ്കുവെയ്‌ക്കുകയും ചെയ്യുക. ഇതിലൂടെ കുട്ടികളുടെ താരതമ്യ കഴിവുകളും കഴിവുകേടുകളും തിരിച്ചറിയാന്‍ സാധിക്കും.
8. സ്‌കൂള്‍ അധികൃതരുമായും പ്രത്യേകിച്ചും ക്ലാസ്‌ ടീച്ചറുമായി നിരന്തരം ബന്ധപ്പെട്ട്‌ കുട്ടിയെ സംബന്ധിക്കുന്ന അനുദിന വിവരങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കുക.

വീട്ടില്‍ കൊടുക്കേണ്ട പരിശീലനങ്ങള്‍

1. പഠനത്തിന്‌ സ്‌ഥിരമായി ഒരിടം നല്‍കുകയും. അവിടെതന്നെയിരുന്ന്‌ പഠിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക.
2. ഓരോ ദിവസവും ചെയ്യേണ്ടകാര്യങ്ങളുടെ ഒരു പട്ടിക തയാറാക്കി കുട്ടിക്ക്‌ കാണാവുന്നവിധം പ്രദര്‍ശിപ്പിക്കുകയും അത്‌ അനുവര്‍ത്തിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക.
3. അധികം ദൈര്‍ഘ്യമില്ലാത്തതും യാഥാര്‍ഥ്യ ബോധത്തോടു കൂടിയതുമായ പ്രവൃത്തികള്‍ മാത്രം പ്രട്ടികയില്‍ ഉള്‍പ്പെടുത്തുക. (പഠനത്തിന്‌ അര മണിക്കൂര്‍ നിശ്‌ചയിക്കുകയും പിന്നീട്‌ അഞ്ചോ, പത്തോ മിനിറ്റ്‌ ഇടവേളകള്‍ നല്‍കുകയും ചെയ്യുക).
4. ഏല്‍പിച്ച ജോലികള്‍ പ്രതീക്ഷിച്ച സമയത്ത്‌ കുട്ടിക്ക്‌ ചെയ്‌തു തീര്‍ക്കാന്‍ സാധിക്കാതെ വന്നാല്‍ അസ്വസ്‌ഥരാകാതെ സംയമനം പാലിക്കുക.
5. എല്ലാം എഴുതി പഠിക്കാന്‍ പറയുന്നതിനു പകരം ചോദ്യങ്ങളിലൂടെ ദൈനംദിന ജീവിതത്തില്‍ കാണുന്ന അനുഭവ പാഠങ്ങളില്‍നിന്നും കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ പരിശീലിപ്പിക്കുക.
6. ചില കുട്ടികള്‍ക്ക്‌ സമയത്തെക്കുറിച്ചുള്ള ധാരണ കുറവായിരിക്കും. അവരെ സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്‌തു തീര്‍ക്കുവാന്‍ പരിശീലിപ്പിക്കുക. ഇത്‌ അവര്‍ക്ക്‌ മിനിറ്റും മണിക്കൂറും മനസിലാകുന്നതിനും അവയ്‌ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നയിനും സാധിക്കും.
7. കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ പ്രയാസമുള്ള കുട്ടികള്‍ക്ക്‌ അവരുടെ മറ്റ്‌ ഇന്ദ്രീയങ്ങളെകൂടി ഉദ്ദീപിപ്പിക്കുന്ന തരത്തില്‍ പഠിപ്പിക്കുവാന്‍ ശ്രമിക്കുക. ഇതിനായി ഫ്‌ളാഷ്‌ കാര്‍ഡുകളോ, വീഡിയോ ടേപ്പുകളോ ഉപയോഗിക്കാവുന്നതാണ്‌.
8. ഗ്രഹണശക്‌തി മനസിലാക്കുന്നതിന്‌ കുട്ടിക്കു കൊടുക്കുന്ന ഉപദേശങ്ങള്‍ ഉരുവിടുവാന്‍ ആവശ്യപ്പെടാവുന്നതാണ്‌.
9. പഠനവൈകല്യകാര്‍ക്ക്‌ ഏകാഗ്രത കുറവായതിനാല്‍ അവര്‍ ചെയ്‌തുകൊണ്ടിരിക്കുന്ന ജോലിക്കിടയില്‍ മറ്റ്‌ ജോലികളില്‍ വ്യാപൃതരാവരുത്‌. അതിനാല്‍ ഏല്‍പ്പിച്ച ജോലിയുടെ ഇടക്കാല പുരോഗതി വിലയിരുത്തുന്നത്‌ ഉചിതമായിരിക്കും.
10. ഒരേ സമയം മൂന്നില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ കുട്ടിക്ക്‌ നല്‍കാതിരിക്കുക. ചെറുതും ലളിതവുമായ നിര്‍ദേശങ്ങള്‍ നല്‍കുക.
11. കുട്ടികളുടെ മാനസികാവസ്‌ഥ കണക്കിലെടുത്ത്‌ മാത്രം പഠിപ്പിക്കാന്‍ ശ്രമിക്കുക. പൊതുവേ വൈകാരിക ഏറ്റക്കുറച്ചില്‍ അനുഭവിക്കുന്നവരാകയാല്‍ തീരെ താല്‍പര്യമില്ലാത്ത ദിവസങ്ങളില്‍ അവര്‍ക്ക്‌ താല്‍പര്യമുള്ള കാര്യങ്ങളിലൂടെ പഠനത്തിലേക്കു കടക്കുക.
12. ഒരു കാരണവശാലും മറ്റുകുട്ടികളുടെ മുമ്പില്‍ വച്ചോ അവരോടുതന്നെയോ താരതമ്യം ചെയ്‌ത് സംസാരിക്കാതിരിക്കുക. അങ്ങനെ െചയ്യുന്നപക്ഷം അത്‌ വൈകല്യമുള്ളകുട്ടികളില്‍ അസ്വസ്‌ഥതയുണ്ടാക്കുകയും അവരുടെ ആത്മവിശ്വാസം തല്ലിക്കെടുത്തുകയും ചെയ്യും.
13. കുട്ടിയുടെ താത്‌പര്യങ്ങളും അഭിരുചികളും അനുഭവങ്ങളും അവരുടെ പഠനത്തില്‍ ഉള്‍പ്പെടുത്തുക.
14. അസാധ്യമായ കാര്യത്തിനു പ്രാധാന്യം കൊടുക്കുന്നതിനു പകരം സാധ്യമായകാര്യത്തിനു ഊന്നല്‍ നല്‍കി ഘട്ടംഘട്ടമായി അവരുടെ ദൗര്‍ബല്യത്തെ അതിജീവിക്കാന്‍ ശ്രമിക്കുക.
15. തെറ്റുകളും, പരാജയങ്ങളും പഠനത്തിന്റെ ഭാഗമാമെണെന്നു കുട്ടിയെ ബോധ്യപ്പെടുത്തുക.

പഠനവൈകല്യം ആരുടേയും ഉപേക്ഷകൊണ്ടോ കര്‍മ്മഫലം കൊണ്ടോ ഉണ്ടാകുന്നതല്ല. മാതാപിതാക്കള്‍ തമ്മില്‍ പഴിപറഞ്ഞ്‌ പഠനവൈകല്യമുള്ള കുട്ടികളെ നിസ്സഹായതയുടെ നടുക്കടലില്‍ തള്ളാതെ ഉള്ള കഴിവുകള്‍ കണ്ടറിഞ്ഞ്‌ അതിലൂടെ ആത്മവിശ്വായം ഉയര്‍ത്തികൊണ്ടുവരണം. അല്ലാത്തപക്ഷം ഭാവിയില്‍ അവര്‍ പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക്‌ അടിമപ്പെട്ടേക്കാം.

ഉത്‌കണ്‌ഠ, വിഷാദം, ആത്മവിശ്വാസമില്ലായ്‌മ, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം, സ്വഭാവവൈകല്യങ്ങള്‍ മുതലായവ ചെറുതും വലുതുമായ മാസിക രോഗങ്ങള്‍ തുടങ്ങിയവ പഠനവൈകല്യമുണ്ടാക്കുന്ന വ്യക്‌തികളില്‍ ധാരാളമായി കണ്ടുവരുന്നതായി പഠനങ്ങള്‍ വ്യക്‌തമാക്കുന്നു. പഠനവൈകല്യത്തെ നേരത്തെ കണ്ടുപിടിക്കുകയും ആവശ്യമായ പരിഹാരങ്ങള്‍ക്ക്‌ ശ്രമിക്കുകയും ചെയ്‌താല്‍ വലിയ പരിധിവരെ അതിനെ മറികടക്കാനും വൈകല്യമുള്ളവരെ ഉയര്‍ത്തികൊണ്ട്‌ വരുവാനും സാധിക്കും. അത്‌ സമൂഹത്തിന്റെ ബാധ്യതയും ചുമതലയുമാണ്‌.

കടപ്പാട്‌: അമല്‍ തോമസ്‌

കണ്‍സള്‍ട്ടന്റ്‌ ക്ലിനിക്കല്‍ -ഫിസിയോളജിസ്‌റ്റ്
മാതാ ഹോസ്‌പ്പിറ്റല്‍ തെല്ലകം, കോട്ടയം

കടപ്പാട് :മംഗളം

കുട്ടിക്കുറ്റവാളികള്‍ പെരുകുന്നതിനു പിന്നില്‍

ദാരിദ്ര്യം അല്ല ഈ കുട്ടികളെകൊണ്ട്‌ ഇതെല്ലാം ചെയ്യിക്കുന്നത്‌. കുട്ടിക്കുറ്റവാളികള്‍ക്ക്‌ പിന്നിലെ കാരണം തേടിയുള്ള യാത്ര എത്തിനില്‍ക്കുന്നത്‌ അവരുടെ കുടുംബത്തിലാണ്‌. അവരിലെ കുറ്റവാളിയുടെ തുടക്കവും ഇതേ കുടുംബത്തില്‍ നിന്നാണ്‌ .

പതിനെട്ട്‌ വയസില്‍ താഴെ പ്രായമുള്ള കുറ്റവാളികളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണ്‌. സമീപ കാലത്ത്‌ നടന്ന പല മോഷണ കേസുകളിലും കഞ്ചാവ്‌ മയക്കുമരുന്ന്‌ കടത്തു കേസുകളിലും കുട്ടികളാണ്‌ പിടിയിലായത്‌.

കേരളത്തില്‍ അങ്ങോളം ഇങ്ങോളം റജിസ്‌റ്റര്‍ ചെയ്യപ്പെട്ടതും പെടാത്തതുമായ നിരവധി കേസുകളില്‍ പിടിയിലായിരിക്കുന്നത്‌ 10 - 18 വയസിന്‌ ഇടയില്‍ പ്രായമുള്ള കുട്ടികളാണ്‌. ഇവരില്‍ ഭൂരിഭാഗവും സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ്‌.

പലരുടെയും മാതാപിതാക്കള്‍ സമൂഹത്തില്‍ ഉന്നത പദവി അലങ്കരിക്കുന്നവരുമാണ്‌. ദാരിദ്ര്യം അല്ല ഈ കുട്ടികളെകൊണ്ട്‌ ഇതെല്ലാം ചെയ്യിക്കുന്നത്‌.

കുട്ടിക്കുറ്റവാളികള്‍ക്ക്‌ പിന്നിലെ കാരണം തേടിയുള്ള യാത്ര എത്തിനില്‍ക്കുന്നത്‌ അവരുടെ കുടുംബത്തിലാണ്‌. അവരിലെ കുറ്റവാളിയുടെ തുടക്കവും ഇതേ കുടുംബത്തില്‍ നിന്നാണ്‌.

വളര്‍ത്തുദോഷം

മക്കളെ നല്ലകുട്ടികളായി വളര്‍ത്താന്‍ ഇന്ന്‌ പല മാതാപിതാക്കള്‍ക്കും കഴിയാതെ വരുന്നു. അമിത സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ്‌ ഇന്ന്‌ കുട്ടികള്‍. അതിന്റെ ഫലമായി അവര്‍ അവര്‍ക്കിഷ്‌ടമുള്ള വഴിയില്‍ സഞ്ചരിക്കുന്നു. കുടുംബാന്തരീക്ഷത്തിലും മാറ്റംവന്നു.

കൂട്ടുകുടുംബങ്ങളില്‍ നിന്ന്‌ അണുകുടുംബങ്ങളിലേയ്‌ക്കുള്ള മാറ്റം കുട്ടികളുടെ സ്വഭാവരൂപീകരണത്തെ സാരമായി ബാധിച്ചിരിക്കുന്നത്‌. മാതാപിതാക്കള്‍ ജോലിക്ക്‌ പോയാല്‍ സ്‌കൂള്‍ അവധി ദിവസങ്ങളിലും നേരത്തെ എത്തുന്ന ദിവസങ്ങളിലും കുട്ടികള്‍ തനിച്ചാണ്‌ വീട്ടില്‍. ഇത്‌ ഇവരെ ഒട്ടപ്പെടലിന്റെ ഇരുണ്ട ലോകത്തേക്ക്‌ തള്ളിവിടുന്നു.

ഒറ്റയ്‌ക്കായി എന്ന തോന്നലിനെ അതിജീവിക്കാന്‍ കുട്ടികള്‍ ഇന്റര്‍നെറ്റിനെ കൂട്ടുപിടിക്കുന്നു. ഒപ്പം കൂട്ടുകാരെയും ചേര്‍ക്കുന്നു. ഇത്തരം രഹസ്യകൂട്ടുകൂടല്‍ ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും ദുരുപയോഗത്തിലേക്കും ലഹരിവസ്‌തുക്കളുടെ ഉപയോഗത്തിലേയ്‌ക്കും കുട്ടികളെ നയിക്കുന്നു. ടെലിവിഷനും കംപ്യൂട്ടറും മൊബൈല്‍ ഫോണും പകര്‍ന്നു നല്‍കുന്ന വിവരങ്ങളാണ്‌ ശരിയെന്ന്‌ കുട്ടികള്‍ തെറ്റിദ്ധരിക്കുന്നു.

കുട്ടികളെ കുറ്റവാളികളാക്കി മാറ്റുന്ന മാനസിക വ്യതിയാനങ്ങള്‍ കുടുംബത്തില്‍ നിന്നാണ്‌ കുഞ്ഞുമനസുകളില്‍ കയറികൂടുന്നത്‌. അവയില്‍ ചിലതാണ്‌ വിഷാദം, ആര്‍ക്കും വേണ്ടെ എന്ന ചിന്ത തുടങ്ങിയവ.

'ആര്‍ക്കും എന്നെ വേണ്ട' എന്ന ചിന്ത കുഞ്ഞുങ്ങളില്‍ കടന്നു കൂടുന്നത്‌ അവരില്‍ കടുന്ന മാനസിക പിരിമുറുക്കത്തിനും വിഷാദ രോഗത്തിനും കാരണമാകും.

വഴികാട്ടാന്‍ ആരുമില്ലാതെ

കുട്ടികളുടെ വിദ്യാരംഭം കുടുംബങ്ങളില്‍ നിന്നാണ്‌. ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടെ ആരംഭിക്കേണ്ടതും വീട്ടില്‍ നിന്നു തന്നെയാണ്‌. എന്നാല്‍ ഇന്നത്തെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വന്തം ഭവനത്തില്‍ നിന്ന്‌ ഇത്തരം അറിവുകള്‍ ലഭിക്കുന്നില്ല.

ഇന്റര്‍നെറ്റില്‍ നിന്നും കൂട്ടുകാരില്‍ നിന്നുമൊക്കെയാണ്‌ കുട്ടികള്‍ ലൈംഗികതയെക്കുറിച്ചുള്ള അറിവ്‌ നേടുന്നത്‌. ആ അറിവുകള്‍ മുഴുവനായും ശരിയാകണമെന്നില്ല.

പത്ത്‌ വയസുകാരന്‍ മകന്‍ അമ്മ വസ്‌ത്രം മാറുന്നത്‌ മൊബൈല്‍ കാമറയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്‌ ഈ അടുത്ത കാലത്താണ്‌.

ദൃശ്യമാധ്യമങ്ങളില്‍ നിന്നും അശ്ലീലപ്രസിദ്ധീകരണങ്ങളില്‍ നിന്നും ലഭിക്കുന്ന തെറ്റായ സന്ദേശങ്ങളാണ്‌ പലപ്പോഴും കുട്ടികളെ ഇത്തരത്തില്‍ വഴിതെറ്റിക്കുന്നത.്‌ അനാരോഗ്യകരമായ പല പ്രവണതകളും കുട്ടികളില്‍ എത്തിചേരുന്നത്‌ ഇത്തരം തെറ്റായ സാഹചര്യങ്ങളിലൂടെയാണ്‌.

എന്തുകൊണ്ട്‌ ക്രിമിനല്‍ മനസ്‌

കുട്ടികളില്‍ ക്രിമിനല്‍ സ്വഭാവം രൂപപ്പെടുന്നതിന്‌ ചെറുതും വലുതുമായ നിരവധി കാരണങ്ങളുണ്ട്‌. മാതാപിതാക്കളുടെ ജോലിത്തിരക്ക്‌ പ്രധാന കാരണമായി പറയാം. മാതാപിതാക്കള്‍ ജോലിക്കാരാണോ അല്ലയോ എന്നതല്ല പ്രശ്‌നം.

ഓരോ മാതാവും പിതാവും തന്റെ കുഞ്ഞിനെ എങ്ങനെ പരിപാലിക്കുന്നു എന്നതിലാണ്‌ കാര്യം. രാവിലെ സ്‌കൂളിലേയ്‌ക്ക് പറഞ്ഞയയ്‌ക്കും. സ്‌കൂള്‍ വിട്ട്‌ വീട്ടിലെത്തിയാല്‍ ട്യൂഷന്‍ ക്ലാസിലേയ്‌ക്ക്.

ട്യൂഷനും കഴിഞ്ഞ്‌ വീട്ടില്‍ എത്തുന്ന കുട്ടി, അമ്മയോട്‌ സ്‌കൂളിലെ വിശേഷങ്ങള്‍ പങ്കു വയ്‌ക്കുവാന്‍ ശ്രമിക്കും. എന്നാല്‍ അമ്മയ്‌ക്ക് ്‌അപ്പോഴേക്കും സീരിയല്‍ കാണാനുള്ള തിരക്കായിരിക്കും.

അതുകൊണ്ട്‌ തന്നെ അമ്മമാര്‍ തന്ത്രപൂര്‍വ്വം കുട്ടികളെ പഠിക്കാനായി പറഞ്ഞയയ്‌ക്കും. കുട്ടി പഠിക്കാനായി മുറിയില്‍ കയറും. എന്നാല്‍ വാസ്‌തവത്തില്‍ പാതി അടഞ്ഞ ആ മുറിക്കുള്ളില്‍ പഠനം നടക്കുന്നുണ്ടാവില്ല. മൊബൈലിലും ഇന്റര്‍നെറ്റിലും അശ്ലീലം നിറഞ്ഞ ചിത്രങ്ങള്‍ പരതുകയാകും അവര്‍.

നിരന്തരം ഇത്‌ ആവര്‍ത്തിക്കപ്പെടുമ്പോള്‍ പഠിക്കാനുള്ള താല്‍പര്യം തന്നെ കുട്ടികളില്‍ ഇല്ലാതാകുന്നു. കൗമാരത്തിലേയ്‌ക്ക് കടക്കുന്ന കുട്ടികള്‍ അവരുടെ പ്രായത്തിന്റെ പ്രത്യേകത കൊണ്ട്‌ മനസില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരീക്ഷിക്കാനാവും പിന്നീടുള്ള ശ്രമം. അതിന്‌ അവരുടെ മുന്നില്‍ കിട്ടുന്നത്‌ ചിലപ്പോള്‍ സഹപാഠിയോ, അല്‍വീട്ടിലെ കുട്ടിയോ, ബന്ധുവോ ആകാം.

പണത്തോടുള്ള അമിത ആഗ്രഹം

സ്‌കൂളിലും കോളജിലും പല സാമ്പത്തിക സ്‌ഥിതിയില്‍ നിന്ന്‌ വരുന്ന കുട്ടികളുണ്ട്‌. വിലകൂടിയ വസ്‌ത്രം ധരിച്ച്‌, വിലകൂടിയ ബൈക്കില്‍ വരുന്ന കൂട്ടുകാരനോട്‌ അസൂയ തോന്നുന്ന പ്രായം. അസൂയ വളര്‍ന്ന്‌ അതുപോലൊന്ന്‌ സ്വന്തമാക്കണമെന്ന മോഹമാകും. മോഹം ആദ്യം വീട്ടില്‍ അവതരിപ്പിക്കും.

നടക്കില്ലെന്നു ഉറപ്പാകുന്നതോടെ കുട്ടികള്‍ കണ്ടെത്തുന്ന മാര്‍ഗമാണ്‌ മോഷണം. ഈ അടുത്ത കാലത്ത്‌ നടന്ന ബൈക്ക്‌ മോഷണക്കേസുകളിലെല്ലാം തന്നെ പതിനെട്ട്‌ അല്ലെങ്കില്‍ ഇരുപത്‌ വയസിന്‌ താഴെയുള്ള വിദ്യാര്‍ഥികളാണ്‌ പിടിയിലായത്‌.

ചിലര്‍ക്ക്‌ പലതരം ബൈക്കുകള്‍ മാറി മാറി ഓടിക്കാനുള്ള താല്‍പര്യമാണ്‌ മോഷണത്തിന്‌ പിന്നിലെങ്കില്‍, മറ്റ്‌ ചിലരില്‍ പെട്ടെന്ന്‌ കോടീശ്വരനാകാനുള്ള ആഗ്രഹമാണ്‌ കാരണം. മോഷ്‌ടിക്കുന്ന ബൈക്കുകള്‍ മറിച്ച്‌ വില്‍പ്പന നടത്തിയാണ്‌ ഇവര്‍ കാശുണ്ടാക്കുന്നത്‌.

മറ്റു ചിലരാകട്ടെ മോഷ്‌ടിക്കുന്ന ബൈക്കുകള്‍ കഞ്ചാവ്‌ കടത്തിനും വിലപ്പനയ്‌ക്കുമായി ഉപയോഗിക്കുന്നു. മോഷ്‌ടിക്കുന്ന ബൈക്കില്‍ ആകുമ്പോള്‍ പേലീസ്‌ പിടിച്ചാലും ബൈക്ക്‌ ഉപേക്ഷിച്ചു കടന്നു കളയാമല്ലോ.

സൈബര്‍ കുറ്റകൃത്യങ്ങള്‍

മാതാവിന്റെ നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തി നെറ്റില്‍ പ്രദര്‍ശിപ്പിച്ച്‌ പണം സമ്പാദിച്ച പതിനാലു വയസുകാരനെ കേരളം മറന്നിരിക്കില്ല. സഹപാഠിയുടെയും കാമുകിയുടെയും ഒക്കെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത്‌ ഇന്ന്‌ പുതുമയുള്ള വാര്‍ത്തയല്ല.

സ്‌കൂള്‍ വിദ്യാര്‍ഥിനി കാമുകന്‌ വേണ്ടി കുട്ടുകാരിയുടെ ചിത്രം കുളിമുറിയില്‍ നിന്ന്‌ പകര്‍ത്തി നല്‍കിയതും ഇതേ കേരളത്തില്‍ തന്നെ. അധ്യാപിക വഴക്ക്‌ പറഞ്ഞതിന്‌ അവരുടെ ചിത്രം മോര്‍ഫ്‌ ചെയ്‌ത് ഭര്‍ത്താവിന്‌ കൈമാറിയതും വിദ്യാര്‍ഥി.

ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന്‌ കുട്ടികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം അവര്‍ വളര്‍ന്നു വരുന്ന സാഹചര്യങ്ങളാണ്‌. ഇന്നത്തെ ന്യൂ ജെനറേഷന്‍ സിനിമകളും കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ പങ്ക്‌ വഹിക്കുന്നു. പ്രേമം എന്ന സിനിമയുടെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതും വിദ്യാര്‍ഥിയാണ്‌.

സൈക്കോളജിക്കല്‍ കാരണങ്ങള്‍

കൊച്ചുകുട്ടികളില്‍ ആറ്‌ വയസ്‌ മുതല്‍ അക്രമസ്വഭാവം കാണാന്‍ സാധിക്കും. അതായത്‌ മറ്റ്‌ കുട്ടികളുമായി വഴക്ക്‌ കൂടുക, അനുസരണയില്ലായ്‌മ എന്നിവയൊക്കെ.

കുട്ടികള്‍ വളരുന്നതനുസരിച്ച്‌ ഇതില്‍ മാറ്റം വരുന്നുണ്ടെങ്കിലും ഇരുപത്തിനാല്‌ വയസ്സ്‌ ആകുന്നതോടെയേ ഇത്‌ പുര്‍ണമായി വെളിപ്പെട്ടു വരുന്നു. ചെറുപ്പകാലത്ത്‌ കുട്ടികള്‍ക്ക്‌ അനുഭവപ്പെടുന്ന മോശം സംഭവങ്ങളാണ്‌ അവരെ ക്രിമിനല്‍ സ്വഭാവത്തിലേക്ക്‌ നയിക്കുന്നത്‌.

ഇന്നത്തെ ആഢംബര ജീവിതവും അതിന്‌ കാരണമാകുന്നു. ആക്രമണങ്ങള്‍, മദ്യവും മയക്കുമരുന്നിന്റെയും ഉപയോഗവും വിപണനവും, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മോഷണങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ ഇവയെല്ലാം വിവിധ ജീവിത സാഹചര്യങ്ങള്‍ കൊണ്ടാണ്‌ കുട്ടികളില്‍ ഉണ്ടാകുന്നത്‌.

തകര്‍ന്ന കുടുംബം, മാതാപിതാക്കള്‍ തമ്മിലുള്ള നിരന്തര വഴക്ക്‌, വിവാഹമോചനം, ദമ്പതികള്‍ക്കിടയിലുള്ള സംശയങ്ങള്‍ ഇതെല്ലാം വളര്‍ന്നു വരുന്ന കുട്ടിയെ സംബന്ധിച്ചിടത്തോളം അവന്റെ വ്യക്‌തിത്വത്തെ തകിടം മറിക്കുന്നതാണ്‌.

കൂടാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍, ചെറുപ്പത്തിലെ ജോലി ചെയ്യ്‌ത് കുടുംബം നോക്കേണ്ട അവസ്‌ഥയിലുള്ളവര്‍, ആണ്‍ പെണ്‍ വേര്‍തിരിവ്‌ പ്രകടിപ്പിക്കുക, കുട്ടിയോട്‌ സദാ ദേഷ്യത്തോടെ പെരുമാറുക എന്നിവയെല്ലാം കുട്ടികളുടെ മനസിന്‌ ആഴത്തില്‍ മുറിവ്‌ സമ്മാനിക്കുന്നു. ഇത്‌ അവരെ കുറ്റകൃത്യങ്ങ ള്‍ ചെയ്യുന്നതിനുള്ള മാനസികാവസ്‌ഥയിലെത്തിക്കുന്നു.

മയക്കുമരുന്നിന്‌ വേണ്ടി

സ്‌കൂള്‍, കോളേജ്‌ തലത്തിലുള്ള ആണ്‍ക്കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഇടയില്‍ മയക്കുമരുന്നു ഉപയോഗം ഇന്ന്‌ വ്യാപകമാണ്‌. ആര്‍ക്കും വേണ്ടെന്ന വിചാരത്തില്‍ നിന്നും സ്വയം നശിക്കാനായി മയക്കുമരുന്നിനെ കൂട്ടുപിടിക്കുന്നവര്‍.

കൂട്ടുകാരുടെ ഒപ്പം തമാശയ്‌ക്ക് കൂടി 'ഇല്ലാതെ വയ്യ' എന്ന അവസ്‌ഥയില്‍ എത്തി നില്‍ക്കുന്നവര്‍. ഉപയോഗത്തേടൊപ്പം മയക്കുമരുന്നിന്റെ വിപണനവും കുട്ടികള്‍ തന്നെ ഏറ്റെടുത്തിരിക്കുകയാണ്‌.

കുട്ടികള്‍ രാത്രിയില്‍ വൈകി വീട്ടില്‍ എത്തുമ്പോഴും ആളൊഴിഞ്ഞ കോണുകള്‍ തേടിപ്പോകുമ്പോഴും മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കാതെ പോകുന്നതിന്റെ ഫലം. കുട്ടികളെ കുട്ടികളായി കാണാനും വളര്‍ത്താനും മാതാപിതാക്കള്‍ക്ക്‌ കഴിയാതെ വരുന്നതാണ്‌ ഇവിടെ സംഭവിക്കുന്ന തെറ്റ്‌.

ഇന്നത്തെ മാതാപിതാക്കള്‍ക്ക്‌ കുട്ടികളെ ഭയക്കുന്നു. പണ്ടൊക്കെ കുട്ടികള്‍ മാതാപിതാക്കളെ പേടി കലര്‍ന്ന ബഹുമാനത്തോടെയാണ്‌ കണ്ടിരുന്നത്‌. ഇന്ന്‌ മകള്‍ അല്ലെങ്കില്‍ മകന്‍ സൂക്ഷിച്ചൊന്നു നോക്കിയാല്‍ പല മാതാപിതാക്കളും മക്കളുടെ തെറ്റുകളെ ശരിവച്ച്‌ കണ്ണടയ്‌ക്കും.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:

ഡോ. പുരുഷോത്തമന്‍
സൈക്യാട്രിസ്‌റ്റ്, കൊട്ടാരക്കര

 

കുട്ടികളെ ശ്രദ്ധിക്കുക അപകടങ്ങള്‍ പതിയിരിക്കുന്നു

 

അപകടങ്ങള്‍ക്കുള്ള സാഹചര്യം ഒഴിവാക്കുകയാണ്‌ ആദ്യം വേണ്ടത്‌. അതായത്‌ അപകരമല്ലെന്ന്‌ ഉറപ്പുള്ള സ്‌ഥലങ്ങളില്‍ മാത്രം കുട്ടികളെ കളിക്കാന്‍ അനുവദിക്കുക .

കണ്ണില്‍ കാണുന്നതെല്ലാം കാഴ്‌ചയുടെ കൗതുകങ്ങളാണ്‌ കൊച്ചു കുഞ്ഞുങ്ങള്‍ക്ക്‌. കണ്ണൊന്നു പിഴച്ചാല്‍ കൗതുകങ്ങള്‍ക്ക്‌ മറവിലെ അപകടങ്ങളിലേക്ക്‌ അവര്‍ നടന്നടുത്തേക്കാം.

വീട്ടിലായാലും പുറത്തായാലും കൊച്ചു കുട്ടികള്‍ക്കു ചുറ്റും പതിയിരിക്കുന്ന അപകടങ്ങള്‍ നിരവധിയാണ്‌. കൈയില്‍ കിട്ടുന്നതെന്തും തൊട്ടറിയാനും രുചിച്ചറിയാനും വെമ്പല്‍ കൊള്ളുന്നതാണ്‌ കുഞ്ഞുമനസ്‌. അതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്‌.

സാഹചര്യങ്ങള്‍ ഒഴിവാക്കുക

അപകടങ്ങള്‍ക്കുള്ള സാഹചര്യം ഒഴിവാക്കുകയാണ്‌ ആദ്യം വേണ്ടത്‌. അതായത്‌ അപകരമല്ലെന്ന്‌ ഉറപ്പുള്ള സ്‌ഥലങ്ങളില്‍ മാത്രം കുട്ടികളെ കളിക്കാന്‍ അനുവദിക്കുക. അവിടെയും അപകടകരമായ യാതൊരു സാഹചര്യവും ഇല്ലെന്ന്‌ ഉറപ്പുവരുത്തണം.

എങ്കിലും കൊച്ചുകുട്ടികള്‍ കളിക്കുമ്പോള്‍ മുതിര്‍ന്ന ഒരാളുടെ മേല്‍നോട്ടം ഉണ്ടാകണം. കാരണം പതിയിരിക്കുന്ന അപകടങ്ങള്‍ ഒറ്റനോട്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല. കുട്ടികള്‍ക്ക്‌ കളിപ്പാട്ടങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. വിഴുങ്ങാനോ, വീഴാനോ സാധ്യതയുള്ള കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക്‌ നല്‍കരുത്‌.

കുഞ്ഞിന്റെ പ്രായത്തിനും പക്വതയ്‌ക്കും അനുസരിച്ചുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കണം. മൂര്‍ച്ചയുള്ള ആയുധങ്ങള്‍, ചുറ്റിക, ആണി, പിന്‍ തുടങ്ങിയ സാധനങ്ങള്‍ കുട്ടികളുടെ കളിയിടങ്ങളിലോ സമീപത്തോ ഇല്ലെന്ന്‌ ഉറപ്പുവരുത്തണം. വീടിനുള്ളിലെ സ്വിച്ച്‌ ബോര്‍ഡുകളും പ്ലഗ്‌ ബോര്‍ഡുകളും കുട്ടികള്‍ കൈയെത്തിപ്പിടിക്കരുത്‌.

തുറന്നിരിക്കുന്ന വൈദ്യുതിയുടെ അപകടം കുട്ടികളെ പ്രായത്തിനനുസരിച്ച്‌ മനസിലാകുന്ന വിധം പറഞ്ഞുകൊടുക്കാം. വീടിനു സമീപമുള്ള കുളങ്ങള്‍ക്കും കിണറുകള്‍ക്കും ഉയരമുള്ള സംരക്ഷണ ഭിത്തി കെട്ടുക.

കിണറുകള്‍ ഇരുമ്പു വലകൊണ്ടു മൂടുന്നതാണ്‌ നല്ലത്‌. തോടുകളും പുഴകളും ചെറിയ അരുവികളും വീടിന്റെ തൊട്ടടുത്തുണ്ടെങ്കില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഒറ്റയ്‌ക്ക് ഈ പ്രദേശങ്ങളില്‍ പോകരുതെന്ന്‌ കര്‍ശന നിര്‍ദേശം നല്‍കണം. കത്തി, ബ്ലേഡ്‌ പോലുള്ളവ കുട്ടികള്‍ക്ക്‌ കളിക്കാനായി നല്‍കരുത്‌. കുട്ടികളുള്ള വീട്ടില്‍ സൂചി, സേഫ്‌ടിപിന്‍ മുതലായവ വീട്ടില്‍ അലക്ഷ്യമായി ഉപേക്ഷിക്കരുത്‌.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികളെ ഒരു കാരണവശാലും റോഡിലോ റോഡിന്‌ സമീപത്തോ കളിക്കാന്‍ അനുവദിക്കരുത്‌. വിഷു, ദീപാവലി, ക്രിസ്‌മസ്‌ തുടങ്ങിയ ആഘോഷങ്ങളില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ കുട്ടികളെ അനുവദിക്കരുത്‌. വീടിന്റെ ടെറസില്‍ കുഞ്ഞുങ്ങളെ തനിയെ കളിക്കാന്‍ വിടരുത്‌.

പാചകം ചെയ്യുന്ന അടുപ്പിന്റെ അരികില്‍ നിന്ന്‌ കുട്ടികളെ മാറ്റിനിര്‍ത്തണം. ചൂടു വസ്‌തുക്കള്‍ പാത്രങ്ങളിലേക്ക്‌ പകര്‍ത്തുമ്പോഴും പകര്‍ത്തി സൂക്ഷിക്കുമ്പോള്‍ കുട്ടികള്‍ക്ക്‌ എത്തിപ്പിടിക്കാന്‍ ഉയരത്തിലാവരുത്‌.

ഗുളികകള്‍, മരുന്നുകള്‍, തീപ്പെട്ടി, ലൈറ്റര്‍ ഇവയും കുട്ടികള്‍ക്ക്‌ കൈയെത്താത്ത തരത്തില്‍ സൂക്ഷിക്കണം. കീടനാശിനികളോ അവയുടെ കവറോ ശ്രദ്ധയില്ലാതെ കുട്ടികള്‍ എടുക്കാന്‍ ഇടയുള്ളിടത്ത്‌ ഒരു കാരണവശാലും വയ്‌ക്കരുത്‌.

മണ്ണെണ്ണ വെള്ളമെന്നു കരുതി കുട്ടികള്‍ കുടിച്ച്‌ അപകടമുണ്ടാവുന്നത്‌ അപൂര്‍വമല്ല. അതിനാല്‍ മണ്ണെണ്ണക്കുപ്പി, ആസിഡ്‌ പോലുള്ള ദ്രവകങ്ങളും കുട്ടികള്‍ കാണുന്നവിധം സൂക്ഷിക്കരുത്‌. ചെറിയ മുത്തുകള്‍, വിത്തുകള്‍, കല്ലുകള്‍, ബട്ടണുകള്‍ ഇവ കൊണ്ട്‌ കുഞ്ഞുങ്ങള്‍ കളിക്കാതെ നോക്കണം.

മൂക്കിലും ചെവിയിലും ഇവ തിരുകിക്കയറ്റാം. വിഴുങ്ങാനും സാധ്യതയുണ്ട്‌. ഡൈനിംഗ്‌ ടേബിളിനു മുകളില്‍ കൊച്ചു കുഞ്ഞുങ്ങളെ തനിയെ ഇരുത്തരുത്‌. നിരങ്ങി കുഞ്ഞ്‌ താഴെ വീഴാനിടയുണ്ട്‌.

ഉയരത്തില്‍നിന്ന്‌ കുഞ്ഞ്‌ തലയിടിച്ച്‌ വീണാല്‍ മയക്കമോ, ഛര്‍ദിയോ ഉണ്ടെങ്കില്‍ ഉടനടി ഡോക്‌ടറെ കാണണം. കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കരുത്‌.

പ്രഥമ ശുശ്രൂഷ പ്രധാനം

കുട്ടികള്‍ അപകടത്തില്‍പ്പെട്ടാല്‍ മനഃസാന്നിധ്യം നഷ്‌ടമാകാതെ അവസരോചിതമായ ഇടപെടലാണ്‌ വേണ്ടത്‌. ശരിയായ പ്രഥമ ശുശ്രൂഷ നല്‍കിയാല്‍ വലിയ അപകടങ്ങള്‍ ഒഴിവാക്കാനാവും.

പ്രഥമ ശുശ്രൂഷയ്‌ക്കു ശേഷം കുഞ്ഞിനെ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലെത്തിക്കണം. പരിക്ക്‌ ചെറുതായാലും വലുതായാലും ആശുപത്രിയിലെത്തിക്കാന്‍ മടിക്കരുത്‌. സ്വയം ചികിത്സയ്‌ക്ക് മുതിരരുത്‌. മുറിവില്‍ നാടന്‍ മരുന്നുപ്രയോഗം വേണ്ട.

ചെറിയ കുട്ടികള്‍ വിഷവസ്‌തുക്കള്‍ അറിയാതെ കുടിക്കാനും തിന്നാനും ചിലപ്പോള്‍ ഇടയാകും. വെള്ളമെന്നു ധരിച്ച്‌ മണ്ണെണ്ണ എടുത്ത്‌ കുടിക്കുക. ഉറക്ക ഗുളികകള്‍ അറിയാതെ കഴിക്കുക. കീടനാശിനികള്‍, പാറ്റാഗുളികകള്‍ എന്നിവ ഉള്ളില്‍ പോവുക. ചില വിഷക്കായ്‌കള്‍ തിന്നുക ഇവയെല്ലാം സംഭവിക്കാം.

കഴിച്ച വിഷവസ്‌തു എന്താണെന്ന്‌ ആദ്യമെ തെരഞ്ഞു കണ്ടുപിടിക്കണം. കഴിച്ച അളവ്‌ കൃത്യമായി അറിയേണ്ടി വരും. ഉപ്പുവെള്ളം കൊടുത്ത്‌ ഛര്‍ദിപ്പിക്കുവാന്‍ ശ്രമിക്കരുത്‌. ഇത്‌ സമയനഷ്‌ടം വരുത്തും. ഏറ്റവും അടുത്ത്‌ ചികിത്സാ സൗകര്യമുള്ള ആശുപത്രിയില്‍ കുട്ടിയെ എത്രയും വേഗമെത്തിക്കണം.

അന്യവസ്‌തുക്കള്‍ വിഴുങ്ങിയാല്‍

നാണയങ്ങള്‍, ബട്ടണുകള്‍ മുതലായ ചെറിയ വസ്‌തുക്കള്‍ കുട്ടികള്‍ വിഴുങ്ങാന്‍ സധ്യതയുണ്ട്‌. വസ്‌തു സ്വാഭാവികമായി 48 മണിക്കൂറിനുള്ളില്‍ മലത്തിലൂടെ പുറത്തുപോകും.

എന്നാല്‍ മൊട്ടുസൂചി, കുപ്പിച്ചില്ല്‌, തുറന്നു വച്ച സേഫ്‌റ്റിപിന്‍ എന്നിവ വിഴുങ്ങിയതായി കണ്ടാല്‍ ഉടന്‍ തന്നെ ഡോക്‌ടറെ കാണിക്കണം. എന്തു വസ്‌തുവാണ്‌ വിഴുങ്ങിയതെന്ന്‌ കുട്ടിയോടുതന്നെ ചോദിച്ച്‌ അറിയാന്‍ ശ്രമിക്കണം.

വൈദ്യുതാഘാതമേറ്റാല്‍

കുഞ്ഞിന്‌ ഇലക്‌ട്രിക്‌ ഷോക്ക്‌ അടിക്കാനുള്ള സാധ്യത ഉണ്ടാകാതെ നോക്കുകയാണ്‌ പ്രധാനം. യാദൃച്‌ഛികമായി ഷോക്കേറ്റാല്‍ ഉടനടി മെയിന്‍ സ്വിച്ച്‌ ഓഫ്‌ ചെയ്യുക. കുഞ്ഞിനെ ഉണങ്ങിയ കമ്പോ, തടിക്കഷണമോ ഉപയോഗിച്ച്‌ ഷോക്ക്‌ തള്ളിമാറ്റുക.

ശ്വാസഗതി ശരിയല്ലെങ്കില്‍ കൃത്രിമ ശ്വാസോച്‌ഛ്വാസം കൊടുക്കണം. സമയം ഒട്ടും വൈകാതെ ആശുപത്രിയിലെത്തിക്കുക.

തീപ്പൊള്ളല്‍

തിളച്ച വെള്ളം, തീ, തിളച്ച്‌ പഴുത്ത ലോഹം, ഇലക്‌ട്രിക്‌ ഷോക്ക്‌, പടക്കം കത്തിക്കല്‍ ഇവയില്‍ നിന്നെല്ലാം തീപ്പൊള്ളലുണ്ടാകാം. വസ്‌ത്രങ്ങള്‍ക്ക്‌ തീ പിടിച്ചിട്ടുണ്ടെങ്കില്‍ കുട്ടിയെ നിലത്ത്‌ കിടത്തി തീയ്‌ക്കുമേല്‍ വെള്ളം കോരി ഒഴിക്കുക.

കൈയോ, കാലോ ആണ്‌ പൊള്ളുന്നതെങ്കില്‍ പൊള്ളിയ ഭാഗം തണുത്ത വെള്ളത്തില്‍ താഴ്‌ത്തിവയ്‌ക്കണം. ഇതിന്‌ ഐസ്‌വാട്ടര്‍ വേണ്ട പച്ചവെള്ളം മതി.

പൊള്ളിയ ശരീരത്തില്‍നിന്ന്‌ വസ്‌ത്രങ്ങള്‍ വലിച്ചെടുക്കരുത്‌. പൊള്ളലേറ്റ ഭാഗത്തിന്‌ മുകളില്‍ വൃത്തിയുള്ള തുണി കൊണ്ട്‌ പൊതിയുക. ഇതിനായി പഞ്ഞി ഉപയോഗിക്കരുത്‌. പൊള്ളി നില്‍ക്കുന്ന കുമിളകള്‍ പൊട്ടിക്കരുത്‌. ശരീരോപരിതലത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ക്ക്‌ പൊള്ളലേറ്റിട്ടുണ്ടെങ്കില്‍ ഉടനെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കണം.

റോഡ്‌ സുരക്ഷ

കുഞ്ഞുങ്ങള്‍ വളരുന്നതനുസരിച്ച്‌ അവരെ റോഡ്‌ നിയമങ്ങളും പഠിപ്പിക്കണം. റോഡ്‌ മുറിച്ചു കടക്കുന്ന രീതി, നടപ്പാതയിലൂടെ നടക്കേണ്ടതിന്റെ ആവശ്യം. വാഹനങ്ങളില്‍നിന്ന്‌ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട കരുതലുകള്‍ ഇവയെല്ലാം പറഞ്ഞു കൊടുക്കണം.

ട്രാഫിക്‌ സിഗ്നല്‍ ലൈറ്റുകളുടെ പ്രവര്‍ത്തനം, ട്രാഫിക്‌ പോലീസിന്റെ നിര്‍ദേശങ്ങള്‍, വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കൈയും തലയും പുറത്തിടാതിരിക്കുക, പുറത്തേയ്‌ക്ക് തുപ്പാതിരിക്കുക തുടങ്ങിയവയും പറഞ്ഞു കൊടുക്കുക.

കുട്ടികള്‍ക്ക്‌ വളരാന്‍ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കേണ്ടത്‌ മാതാപിതാക്കളുടെ കടമായണ്‌. പിരിപിരിപ്പുള്ള (ഏ.ഡി.എച്ച്‌.ഡി) ഉള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം

വൃത്തിയുടെ ബാലപാഠങ്ങള്‍

 

കുട്ടികളെ സംബന്ധിച്ചിടത്തോളം വിയര്‍പ്പ്‌ കൂടുതലായിരിക്കും. അത്‌ സ്വാഭാവികവും ആരോഗ്യകരവുമാണ്‌. ദീര്‍ഘദൂര നടത്തം, കളികള്‍, ഓട്ടം, ചാട്ടം, ഉഷ്‌ണം എന്നിവയെല്ലാം വിയര്‍പ്പിന്‌ കാരണമാകുന്നു.

ശുചിത്വ ശീലം കുട്ടികളില്‍ ചെറുപ്പം മുതല്‍ വളര്‍ത്തിയെടുക്കണം. ഇതിന്‌ മാതാപിതാക്കളും അധ്യാപകരും പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. ശരീരം വൃത്തിയായി സൂക്ഷിക്കാനും വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിക്കാനും കുട്ടിളെ പഠിപ്പിക്കണം. അതിന്റെ പ്രധാന്യവും ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്തണം.

ത്വക്ക്‌ വൃത്തിയുള്ളതല്ലെങ്കില്‍ ശരീരത്തിന്‌ സൗന്ദര്യം ഉണ്ടായിരിക്കില്ല. കുട്ടികളിലും കൗമാരപ്രായക്കാരിലും ശരീര ദുര്‍ഗന്ധം ഒരു പ്രധാന പ്രശ്‌നമാണ്‌.

പലരും കരുതുന്നതു പോലെ ശരീര ദുര്‍ഗന്ധം എന്നു പറയുന്നത്‌ വിയര്‍പ്പിന്റെ ഗന്ധമല്ല. തൊലിക്കടിയിലെ സ്വേദ ഗ്രന്ഥികളില്‍ നിന്ന്‌ പുറപ്പെടുന്ന വിയര്‍പ്പില്‍ 99 ശതമാനവും ജലമാണ്‌.

സാധാരണ ഗതിയില്‍ വിയര്‍പ്പ്‌ അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ആവിയായി പോകും. എന്നാല്‍ അന്തരീക്ഷ ഊഷ്‌മാവ്‌ കുറയുന്നതു മൂലമോ ഇറുകിയ വസ്‌ത്രധാരണം മൂലമോ വിയര്‍പ്പ്‌ ആവി ആകാതെ വരും.

ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ത്വക്കിലുള്ള ചില ബാക്‌ടീരിയകളും അന്തരീക്ഷത്തിലെ ചില അണുക്കളും വിയര്‍പ്പുമായി പ്രവര്‍ത്തിക്കാനിടവരുന്നു. അപ്പോഴാണതിന്‌ ദുര്‍ഗന്ധമുണ്ടാകുന്നത്‌.

കുട്ടികളെ സംബന്ധിച്ചിടത്തോളം വിയര്‍പ്പ്‌ കൂടുതലായിരിക്കും. അത്‌ സ്വാഭാവികവും ആരോഗ്യകരവുമാണ്‌. ദീര്‍ഘദൂര നടത്തം, കളികള്‍, ഓട്ടം, ചാട്ടം, ഉഷ്‌ണം എന്നിവയെല്ലാം വിയര്‍പ്പിന്‌ കാരണമാകുന്നു.

മുതിര്‍ന്നവരെ മാതൃകയാക്കി കുട്ടികളും പെര്‍ഫ്യൂം പൗഡര്‍ തുടങ്ങി പലവിധ സുഗന്ധലേപനങ്ങളും വിയര്‍പ്പിനെതിരായി ഉപയോഗിക്കുന്നു.

ഇവയുടെ അമിത ഉപയോഗം ആരോഗ്യത്തിന്‌ ഹാനികരമാണ്‌. ഇവ സ്‌ഥിരമായി ഉപയോഗിക്കുമ്പോള്‍ വിയര്‍പ്പു ഗ്രന്ഥികള്‍ അടയുന്നു. കൂടാതെ ശരീര പ്രതലത്തിലുള്ള ഗുണകരമായവ ഉള്‍പ്പെടെയുള്ള ബാക്‌ടീരിയകള്‍ നശിക്കുന്നു.

കുളിക്കാന്‍ മടിക്കരുതേ

വിയര്‍പ്പുനാറ്റം നിയന്ത്രിക്കാന്‍ പ്രായോഗികമായി ചെയ്യാവുന്ന കാര്യം നിത്യവും രണ്ടു നേരം കുളിക്കുകയാണ്‌. ഇതിന്‌ വില കൂടിയ സോപ്പ്‌ വേണമെന്നു നിര്‍ബന്ധമില്ല. പയറുപൊടിയായാലും മതി. കുളി കഴിഞ്ഞ്‌ ശരീരത്തിന്റെ എല്ലാ ഭാഗവും വൃത്തിയുള്ള തുണി കൊണ്ട്‌ തുടയ്‌ക്കുകയും വേണം.

കുളിക്കുമ്പോള്‍ എല്ലാ ഭാഗവും നന്നായി വൃത്തിയാക്കണം. കക്ഷം, ഗുഹ്യഭാഗം എന്നിവ പ്രത്യേകിച്ചും. ഇവിടങ്ങളില്‍ അഴുക്ക്‌ കൂടുതല്‍ പറ്റിപ്പിടിച്ചിരിക്കാന്‍ ഇടയുണ്ട്‌.

പെണ്‍കുട്ടികള്‍ ഗുഹ്യഭാഗം കഴുകാന്‍ ചെറിയ ചൂടു വെള്ളം ഉപയോഗിക്കാം. കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഗുഹ്യഭാഗങ്ങളിലെ രോമം നീക്കം ചെയ്യാം.

രോമങ്ങള്‍ കൂടുതല്‍ വളരുന്നിടത്തൊക്കെ വിയര്‍പ്പും അഴുക്കും അടിഞ്ഞു കൂടി ചൊറിച്ചിലും ദുര്‍ഗന്ധവും ഉണ്ടാകും. തലമുടിയില്‍ അഴുക്കും വിയര്‍പ്പും തങ്ങാതെ കഴുകി ഉണക്കി സൂക്ഷിക്കണം.

നിത്യവും കുളിക്കുമ്പോള്‍ തല നനച്ചു കുളിക്കുക. ഷാംപൂ ഉപയോഗിച്ച്‌ തല കഴുകുന്നതിനേക്കാള്‍ ഉത്തമം താളി അല്ലെങ്കില്‍ ഉലുവ ആണ്‌.

ചെവിയും മൂക്കും

കണ്ണ്‌, മൂക്ക്‌, ചെവി എന്നീ അവയവങ്ങളും വൃത്തിയായി സൂക്ഷിക്കണം. കണ്ണില്‍ പീള കെട്ടാതെ നോക്കണം. കണ്ണ്‌ വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം ആരോഗ്യകരമായി പരിരക്ഷിക്കുകയും വേണം. മൂക്കിനകത്ത്‌ മൂക്കിളയുടെ അംശം പറ്റിപ്പിടിച്ച്‌ ഉണങ്ങി നില്‍പ്പുണ്ടെങ്കില്‍ അത്‌ നീക്കം ചെയ്യണം.

മൂക്കൊലിപ്പുണ്ടെങ്കില്‍ അത്‌ തടയാനുള്ള മാര്‍ഗം സ്വീകരിക്കുക. ചെവിയും ശ്രദ്ധിക്കണം. ചെവിക്കായം അടിഞ്ഞു കൂടാനുള്ള സാധ്യത ഉണ്ട്‌. ചെവിയുടെ മടുക്കുകളില്‍ ചെളിയും അഴുക്കും പറ്റിപ്പിടിച്ച്‌ ഇരിക്കാതെ ശ്രദ്ധിക്കണം. കുളിക്കുമ്പോള്‍ ചെവി നന്നായി കഴുകാനും വൃത്തിയായി തുടയ്‌ക്കാനും മറക്കരുത്‌.

കൈയും നഖവും വൃത്തിയാക്കണം

നഖങ്ങള്‍ വൃത്തയായി വെട്ടിസൂക്ഷിക്കുക. നഖങ്ങള്‍ക്കിടയില്‍ അഴുക്ക്‌ അടിഞ്ഞു കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. ആഹാരത്തിന്‌ മുന്‍പും പിന്‍പും കൈകള്‍ കഴുകണം. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ നിര്‍ബന്ധമായും ഉപയോഗിക്കുക. വീടിനകത്തും പുറത്തും പ്രത്യേകം ചെരുപ്പുകള്‍ ധരിക്കുക.

ശരീരത്തിന്റെ ബാഹ്യസൗന്ദര്യം മാത്രം വര്‍ധിപ്പിച്ചാല്‍ പോരാ. ശരീരം വൃത്തിയാക്കി നല്ല വസ്‌ത്രം ധരിച്ചാലും വായ്‌ നാറ്റം ഉണ്ടെങ്കില്‍ തീര്‍ന്നില്ലേ. പല്ലിനിടയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരാവശിഷ്‌ടങ്ങളാണ്‌ വായ്‌ നാറ്റത്തിന്റെ പ്രധാന കാരണം.

അതിനാല്‍ രാവിലെയും വൈകിട്ടും പല്ല്‌ വൃത്തിയാക്കുന്നത്‌ ശീലമാക്കുക. പല്ല്‌തേക്കുമ്പോഴൊക്കെ നാവും വൃത്തിയാക്കാം. ബ്രഷ്‌ ചെയ്‌ത ശേഷവും വായ്‌ നാറ്റം അനുഭവപ്പെട്ടാല്‍ മൗത്ത്‌ വാഷ്‌ ഉപയോഗിക്കാം. വായ വരളുന്നതും ഒഴിവാക്കുക.

ചെറുചൂടുവെള്ളത്തില്‍ ഉപ്പിട്ട്‌ രാവിലെയും വൈകിട്ടും ഗാര്‍ഗില്‍ കൊള്ളുക. തുളസിയില ഇട്ട്‌ തിളപ്പിച്ച വെള്ളം ഇടയ്‌ക്കിടയ്‌ക്ക് വായില്‍ കൊള്ളുന്നതും വായിനാറ്റത്തിന്‌ ശമനം നല്‍കും. എന്നിട്ടും കടുത്ത വായ്‌നാറ്റം ഉണ്ടെങ്കില്‍ ഡോക്‌ടറുടെ ഉപദേശം നേടാവുന്നതാണ്‌. മോണരോഗം, ശ്വാസകോശ രോഗം തുടങ്ങി പലവിധ കാരണങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ടാകാം.

ശരീരശുദ്ധിയുടെ കാര്യത്തില്‍ ആണെങ്കില്‍ ശുദ്ധി പുറമെ മാത്രം ഉണ്ടായാല്‍ പോരാ. അകവും വൃത്തിയായി സൂക്ഷിക്കാന്‍ സാധിക്കണം. വയറില്‍ അജീര്‍ണ്ണം ഉണ്ടാകാതെ നോക്കണം. ആഹാരത്തിലെ പാളിച്ചകള്‍ കൊണ്ട്‌ മലബന്ധം, ഗ്യാസ്‌ട്രബിള്‍, അജീര്‍ണ്ണം എന്നിവ ഉണ്ടാകാം.

ആഹാരം മിതമായി കഴിക്കണം. വലിച്ചുവാരി വയററിയാതെ കഴിക്കരുത്‌. രാത്രി ഭക്ഷണമാണ്‌ ഏറ്റവും കുറവ്‌ കഴിക്കേണ്ടത്‌. മാസത്തിലൊന്ന്‌ ഉപവസിക്കുന്നതും നല്ലതാണ്‌. വര്‍ഷത്തിലൊന്നെങ്കിലും വയറിളക്കണം.

മൂത്രം പിടിച്ചു നിര്‍ത്തരുത്‌

സൗകര്യങ്ങളും സാങ്കേതികവിദ്യയുമെല്ലാം വളരെയധികം വര്‍ധിച്ചു. ഈ സാഹചര്യത്തിലും അത്യാവശ്യം വേണ്ടുന്ന ജീവിതസാഹചര്യങ്ങള്‍ പലയിടത്തിലും ലഭ്യമല്ല. പൊതു സ്‌ഥലവും സ്‌കൂളുകളും എല്ലാം ഇതില്‍ പെടും. ഇവിടെ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നത്‌ പെണ്‍കുട്ടികളും സ്‌ത്രീകളുമാണ്‌.

രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ വൈകിട്ട്‌ തിരിച്ച്‌ വീട്ടില്‍ എത്തുന്നതുവരെ മൂത്രം പിടിച്ചുവയ്‌ക്കുന്നവരാണ്‌ മിക്കവാറും സ്‌ത്രീകളും കുട്ടികളും. ഇതിന്റെ ദൂഷ്യവശങ്ങള്‍ അറിയാഞ്ഞിട്ടാണെങ്കില്‍ ഇന്നുതന്നെ ഈ ശീലം തിരുത്തുന്നതാകും നല്ലത്‌.

മൂത്ര വിസര്‍ജനത്തിന്‌ സൗകര്യം ഇല്ലാത്തതുകൊണ്ട്‌ വേണ്ടത്ര വെള്ളവും കുടിക്കുന്നുണ്ടാവില്ല. ഇത്‌ ആമാശയ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, രക്‌തദൂഷ്യം എന്നീ രോഗങ്ങള്‍ക്ക്‌ കാരണമാകുന്നു. സാധാരണഗതിയില്‍ നാലു മണിക്കൂര്‍ കൂടുമ്പോള്‍ മൂത്രം ഒഴിക്കണം എന്നതാണ്‌ ആരോഗ്യകരം.

കൂടുതല്‍ സമയം മൂത്രം പിടിച്ചു നിര്‍ത്തുന്നത്‌ മൂലം മൂത്രനാളിയിലെ സ്‌ഫിങ്‌റ്റര്‍ പേശികള്‍ ദുര്‍ബലമാകാന്‍ തുടങ്ങും. ക്രമേണ അറിയാതെ മൂത്രം പോവുക, ചിരിക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം ഇറ്റുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌.

അതുകൊണ്ട്‌ കൂടുതല്‍ സമയം മൂത്രം പിടിച്ചു നിര്‍ത്താതിരിക്കാന്‍ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കണം. മൂന്നോ നാലോ മണിക്കൂര്‍ കൂടുമ്പോള്‍ മൂത്രമൊഴിക്കാനും ഒഴിച്ചു കഴിഞ്ഞാലുടന്‍ ജനനേന്ദ്രിയം ശരിയായി കഴുകാനും ശ്രദ്ധിക്കുക. ഒപ്പം ധാരാളം വെള്ളം കുടിക്കുക.

വൃത്തിയുള്ള വസ്‌ത്രങ്ങള്‍ അണിയാം

ശരീരം മാത്രം വൃത്തിയാക്കിയിട്ട്‌ കാര്യമില്ല. വ്യക്‌തിശുചിത്വം പൂര്‍ണ്ണമാകണമെങ്കില്‍ വസ്‌ത്രങ്ങളും വൃത്തിയുള്ളതായിരിക്കണം. വസ്‌ത്രം വില കൂടിയതോ കുറഞ്ഞതോ, പഴയതോ പുതിയതോ ആകട്ടെ അത്‌ വൃത്തിയുള്ളതാകണം എന്നുമാത്രം.

വസ്‌ത്രങ്ങള്‍ ദിവസവും മാറണം. വൃത്തിയായി അലക്കി ഉണങ്ങണം. ഇല്ലെങ്കില്‍ ഫംഗസും ചൊറിച്ചിലും ഉണ്ടാകാനിടയുണ്ട്‌. ശുചിത്വമുള്ള ശരീരത്തില്‍ വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിക്കുന്നത്‌ പുതിയ അനുഭൂതി പകരും.

രാത്രിയില്‍ ധരിക്കാന്‍ പ്രത്യേകം വസ്‌ത്രങ്ങള്‍ ഉണ്ടെങ്കില്‍ നല്ലത്‌. യാത്രയ്‌ക്ക് കൊണ്ടുപോയ വസ്‌ത്രങ്ങള്‍ കഴുകിയതിനു ശേഷമേ വീണ്ടും ഉപയോഗിക്കാവൂ. മുഷിഞ്ഞ വസ്‌ത്രങ്ങളും നല്ല വസ്‌ത്രങ്ങളും കൂട്ടി കലര്‍ത്തി ഇടരുത്‌.

വസ്‌ത്രം പോലെ കുടുംബത്തിലെ ഓരോ അംഗത്തിനും പ്രത്യേകം ടൗവ്വല്‍, തോര്‍ത്ത്‌, ബെഡ്‌ഷീറ്റ്‌, പുതപ്പ്‌ തുടങ്ങിയവ ഉണ്ടെങ്കില്‍ നല്ലത്‌. ഇത്തരം കാര്യങ്ങള്‍ കുട്ടികള്‍ ചെറുപ്പത്തിലെ തന്നെ മനസിലാക്കുകയും അത്‌ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും വേണം. വ്യക്‌തിശുചിത്വം ജീവിതത്തിന്റെ ഭാഗമാകട്ടെ.

കുട്ടികളിലെ സ്വഭാവ വൈകല്യങ്ങള്‍

 

കുട്ടി കുസൃതിയാണ്‌ അല്ലെങ്കില്‍ ഭയങ്കര വാശിയാണ്‌, അനുസരണയില്ല എന്നെല്ലാം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു വിടുകയാണ്‌ സാധാരണ മാതാപിതാക്കള്‍ ചെയ്യാറുള്ളത്‌.

എന്നാല്‍ ഇത്തരം കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന സ്വഭാവ വൈകല്യങ്ങള്‍ ചികിത്സ ലഭിക്കാതെ പോയാല്‍ ഭാവിയില്‍ ഇവര്‍ കൂടുതല്‍ പ്രശ്‌നക്കാര്‍ ആകും.

അര്‍ധരാത്രി കഴിഞ്ഞ നേരം. ഉറക്കത്തിനിടയില്‍ മൂത്രമൊഴിക്കാന്‍ ഉണര്‍ന്നതാണ്‌ ആറു വയസുകാരി മകള്‍. അപ്പോഴും അവള്‍ കരയുകയാണ്‌ 'നാളെ എന്നെ സ്‌കൂളില്‍ വിടുമോ?.' ആ അമ്മ ഏറെ സങ്കടത്തോടെയാണ്‌ മകളുമായി ഡോക്‌ടറുടെ അടുത്തെത്തിയത്‌.

''അവള്‍ക്ക്‌ സ്‌കൂളില്‍ പോകാന്‍ മടിയാണ്‌. എങ്ങനെയെങ്കിലും അവളുടെ ഈ സ്വഭാവം മാറ്റിത്തരണം.'' ഇതുപോലെ നിരവധി കേസുകളാണ്‌ എത്തുന്നത്‌. കുട്ടികള്‍ വ്യത്യസ്‌തരാണ്‌.

ഓരോ കുട്ടിയുടെയും ചുറ്റുപാടുകളും വിഭിന്നമാണ്‌. അതുകൊണ്ട്‌ തന്നെ അവരുടെ പ്രശ്‌നങ്ങളും അതിന്റെ കാരണങ്ങളും പരിഹാരങ്ങളും എല്ലാം വ്യത്യസ്‌തമാണ്‌.

കുട്ടി കുസൃതിയാണ്‌ അല്ലെങ്കില്‍ ഭയങ്കര വാശിയാണ്‌, അനുസരണയില്ല എന്നെല്ലാം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു വിടുകയാണ്‌ സാധാരണ മാതാപിതാക്കള്‍ ചെയ്യാറുള്ളത്‌. എന്നാല്‍ ഇത്തരം കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന സ്വഭാവ വൈകല്യങ്ങള്‍ ചികിത്സ ലഭിക്കാതെ പോയാല്‍ ഭാവിയില്‍ ഇവര്‍ കൂടുതല്‍ പ്രശ്‌നക്കാര്‍ ആകും.

ആരോഗ്യപ്രശ്‌നങ്ങള്‍ പോലെ തന്നെയാണ്‌ കുട്ടികളിലെ സ്വഭാവ വൈകല്യങ്ങള്‍. കാര്യകാരണങ്ങള്‍ കണ്ടെത്തി വേണ്ട സമയത്ത്‌ ശരിയായ ചികിത്സ ലഭ്യമാക്കിയാല്‍ മാറാവുന്നതേ ഉള്ളൂ. സ്വഭാവവൈകല്യങ്ങള്‍ തിരിച്ചറിയുക എന്നതാണ്‌ പ്രധാനം.

മോഷണം

മോഷണം ഒരു സ്വഭാവവൈകല്യമാണെന്ന്‌് പലപ്പോഴും തിരിച്ചറിയാറില്ല. ഇത്തരം സ്വഭാവമുള്ള കുട്ടികള്‍ അവരറിയാതെ തന്നെ പല സാധനങ്ങളും സ്വന്തമാക്കിയിരിക്കും. പല കാരണങ്ങള്‍ കൊണ്ട്‌ കുട്ടികളില്‍ ഇത്തരം വൈകല്യമുണ്ടാകാം.

മാതാപിതാക്കളില്‍ നിന്ന്‌് വേണ്ടത്ര സുരക്ഷിതത്വം ലഭിക്കാത്ത കുട്ടികള്‍, എല്ലാത്തിനും അകാരണമായ ശിക്ഷകള്‍ ലഭിച്ചിട്ടുള്ള കുട്ടികള്‍, മാതാപിതാക്കളില്‍ നിന്ന്‌ സ്‌നേഹവും വാത്സല്യവും ലഭിക്കാത്തവര്‍, കഠിനമായ ചിട്ടകളില്‍ വളര്‍ന്ന കുട്ടികള്‍ എന്നിവരില്‍ ഇത്‌ കൂടുതലായി കണ്ടു വരുന്നു.

മറ്റ്‌ കാരണങ്ങള്‍ കൊണ്ടും ഇത്തരം വൈകല്യം ഉണ്ടാകാം. അത്‌ കുട്ടിയെ ശരിക്ക്‌ പഠിക്കുന്ന ഒരു സൈക്കോളജിസ്‌റ്റിന്‌ കണ്ടെത്താവുന്നതേ ഉള്ളൂ. കുട്ടികളിലെ ഇത്തരം മോഷണവാസനയെ 'ക്ലെപ്‌റ്റോമാനിയ' എന്നു പറയാം.

ദേഷ്യമനോഭാവം

എന്തെങ്കിലും ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പൊട്ടിത്തെറിക്കുക, വളരെ ഉച്ചത്തില്‍ കരയുക, ഉപദ്രവിക്കുക, തറയില്‍ ആഞ്ഞു ചവിട്ടുക, തൊഴിക്കുക എന്നിവ ദേഷ്യമനോഭാവക്കാരില്‍ കാണപ്പെടുന്നു.

സദാ സമയവും വഴക്കും ഒച്ചപ്പാടുകളും നിറഞ്ഞ അന്തരീക്ഷത്തില്‍ വളരുന്ന കുട്ടി ഇത്തരത്തില്‍ പെരുമാറാം. കുട്ടികളോടു മാതാപിതാക്കളും മറ്റ്‌ കുടുംബാംഗങ്ങളും എങ്ങനെ പെരുമാറുന്നുവോ അങ്ങനെയായി തീരും കുട്ടികളുടെ സ്വഭാവവും.

ആക്രമണവാസന

സ്‌നേഹവും ശ്രദ്ധയും ആവശ്യത്തിന്‌ കിട്ടാതെ വളരുന്ന കുട്ടികളും, പ്രകൃതി വിരുദ്ധ ചൂഷണത്തിന്‌ ഇരയാകുന്ന കുട്ടികള്‍, അമിതമായി ശിക്ഷിച്ചു വളര്‍ത്തുന്ന കുട്ടികള്‍ എല്ലാം ആക്രമണ സ്വഭാവം കാണിക്കാം. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയും ആക്രമണ സ്വഭാവം കാണിക്കുന്നവരുണ്ട്‌.

മാതാപിതാക്കളെ പേടിച്ചു വളരുന്ന കുട്ടികളിലാണ്‌ സാധാരണയായി ഇത്തരം പെരുമാറ്റരീതി ഉണ്ടാകുന്നത്‌. ദേഷ്യമനോഭാവവും ആക്രമണ സ്വഭാവവുമെല്ലാം കുട്ടികള്‍ അവര്‍ക്കു കിട്ടുന്നതെല്ലാം സൂക്ഷിച്ച്‌ വച്ച്‌ പുറത്തേയ്‌ക്ക് എടുക്കുന്നതാണ്‌.

ഈ രണ്ട്‌ സ്വഭാവവൈകല്യങ്ങളും ചെറുപ്പത്തിലെ തന്നെ ചികിത്സിച്ചില്ലെങ്കില്‍ ഇവരുടെ നല്ല ഭാവി ഇല്ലാതാകും. ഇവര്‍ വളര്‍ന്ന്‌ ക്രിമിനല്‍ സ്വഭാവമുള്ളവരാകും.

പിന്‍വാങ്ങല്‍

ജീവിത സാഹചര്യങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നതിനെയാണ്‌ പിന്‍വാങ്ങല്‍ എന്നു പറയുന്നത്‌. സമൂഹത്തില്‍ നിന്ന്‌ എന്നതിനേക്കാള്‍ അവനവനില്‍ നിന്നു തന്നെ ഒളിച്ചോടാന്‍ ശ്രമിക്കുകയാണ്‌ ഇക്കൂട്ടര്‍. ഒരുതരം അന്തര്‍മുഖത്വം ആണ്‌ ഇവരില്‍ പ്രകടമാകുന്നത്‌. മറ്റുള്ളവരെ കുറിച്ചോ സമൂഹത്തെ കുറിച്ചോ യാതൊരു ചിന്തയും ഇല്ലാത്തവര്‍.

നാണിച്ച്‌ മുഖം കുനിച്ച്‌

സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ നാണം വളരെ സാധാരണയാണ്‌. ഒരു പരിധിവരെ നാണം കുട്ടികളില്‍ സ്വാഭാവികമാണ്‌. എന്നാല്‍ ഇത്‌ അമിതമാകുമ്പോഴാണ്‌ ശ്രദ്ധിക്കേണ്ടത്‌. അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങി കിടക്കുന്ന കുട്ടികളെന്ന്‌ ഇവരെകുറിച്ച്‌ പറയും.

സാധാരണഗതിയില്‍ കുട്ടി വളരുന്നതിനനുസരിച്ച്‌ ഈ സ്വഭാവത്തിന്‌ മാറ്റം വരും. എന്നാല്‍ നാണം ഒരു മാനസിക പ്രശ്‌നമായി മാറിയവരില്‍ കുട്ടി വളര്‍ന്നാലും ലജ്‌ഞാശീലവും ഭീരുത്വവും അധികരിച്ച്‌ നില്‍ക്കുന്നു. നല്ലൊരു സൈക്കോളജിസ്‌റ്റിനെ കണ്ടാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂ.

മടിയാണ്‌ പ്രശ്‌നം

യാതൊരു അസുഖവുമില്ലാതെ തക്കതായ മറ്റ്‌ കാരണങ്ങളില്ലാതെ കുട്ടി സ്‌കൂളില്‍ പോകാന്‍ തയ്യാറാകാതിരിക്കുന്ന അവസ്‌ഥ. ഇതിന്‌ സ്‌കൂള്‍ ഹോബിയ എന്നു പറയുന്നു. സ്‌കൂളിലെ അന്തരീക്ഷം കുട്ടികള്‍ ഇഷ്‌ടപ്പെടുന്ന രീതിയില്‍ ആക്കുക എന്നതാണ്‌ ഇതിന്‌ പരിഹാരം.

കുട്ടികള്‍ക്ക്‌ മാനസിക ഉല്ലാസം നല്‍കുന്ന കളികളും മറ്റും സ്‌കൂളില്‍ സംഘടിപ്പിക്കുക. തീരെ ചെറിയ കുട്ടികള്‍ക്കാണെങ്കില്‍ പാട്ടു പാടി കൊടുക്കാം കഥ പറഞ്ഞു കൊടുക്കാം.

അല്‌പം മുതിര്‍ന്ന കുട്ടികളാണെങ്കില്‍ ഒരുപക്ഷേ ഏതെങ്കിലും വിഷയം പഠിക്കാനുള്ള ബുദ്ധിമുട്ടാകാം അല്ലെങ്കില്‍ അടിക്കുന്നതോ മറ്റ്‌ ശിക്ഷകളോ ഭയന്നിട്ടാകാം. കുട്ടികള്‍ക്ക്‌ സ്‌കൂളില്‍ പോവാതിരിക്കാന്‍ കാരണങ്ങള്‍ നിരവധിയാണ്‌. അത്‌ കണ്ടെത്തി പരിഹരിക്കുകയാണ്‌ വേണ്ടത്‌.

ഈ പറഞ്ഞവയെല്ലാം വളര്‍ച്ചയുടെ വിവിധ തലങ്ങളില്‍ കുട്ടികളില്‍ കണ്ടു വരുന്ന സ്വഭാവങ്ങളാണ്‌. എന്നാല്‍ ഇവ മാറ്റമില്ലാതെ തുടര്‍ച്ചയായി കാണപ്പെടുമ്പോഴാണ്‌ വൈകല്യമാണോ എന്ന്‌ സംശയിക്കേണ്ടത്‌.

മറ്റ്‌ കുട്ടികളെ അകാരണമായി ഉപദ്രവിക്കുക, നിലത്തു കിടന്നു ഉരുളുക, തീ വയ്‌ക്കുക, പൈപ്പ്‌ തുറന്നു വയ്‌ക്കുക, കളിക്കോപ്പുകള്‍ നശിപ്പിക്കുക തുടങ്ങിയവയും സ്വഭാവ വൈകല്യങ്ങളില്‍ പെടുന്നു. ഇവ തിരിച്ചറിഞ്ഞ്‌ യഥാ സമയം വേണ്ട ചികിത്സ ലഭ്യമാക്കുകയാണ്‌ പ്രധാനം.

ഓട്ടിസം പോലുള്ള ജനിതകമായ കാരണങ്ങള്‍ കൊണ്ടും കുട്ടികള്‍ക്ക്‌ സകൂളില്‍ പോകാനുള്ള മടിയും പെരുമാറ്റ വൈകല്യങ്ങളും ഉണ്ടാകാം. ഇതിന്‌ ചികിത്സ ഉണ്ട്‌. വിദേശത്തും ഫ്‌ലാറ്റിലും ഒക്കെയായി താമസമാക്കിയവര്‍ക്കിടയിലാണ്‌ ജനിതകമായ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടു വരുന്നത്‌.

ഒരുതരം അന്തര്‍മുഖത്വം ബാധിച്ച കുട്ടികളെയും കാണാന്‍ കഴിയും. മറ്റ്‌ കുട്ടികളുടെ കളിപ്പാട്ടങ്ങളൊക്കെ എടുത്ത്‌ വച്ച്‌ ഇത്‌ എനിക്ക്‌ വേണം എന്റെയാ എന്ന്‌ വാശിപിടിക്കുന്ന കുട്ടികള്‍.

അവര്‍ക്ക്‌ അതിനെക്കുറിച്ചുള്ള തിരിച്ചറിവ്‌ ഇല്ല എന്നതാണ്‌ സത്യം. അത്‌ മനസിലാക്കാതെ അടിക്കുകയും ശകാരിക്കുകയും ചെയ്യുമ്പോള്‍ രംഗം കൂടുതല്‍ വഷളാകുന്നു.

കടപ്പാട്‌:

ഡോ. സുഷുമ

ബാഗും ഷൂസും ഉപയോഗം ശ്രദ്ധയോടെ

 

പല കുട്ടികളും വെള്ളം പോലും ആവശ്യത്തിന്‌ കുടിക്കാതെയാണ്‌ രാവിലെ ഇറങ്ങുന്നത്‌. കുടിക്കാനുള്ള വെള്ളവും ഒരു ലിറ്റര്‍ ബാഗില്‍ ഉണ്ടാകും.

ഇതും താങ്ങി ബസുകളുടെ പുറകെ ഓടിയും നടന്നും, ബസില്‍ തൂങ്ങി നിന്നുമൊക്കെയാണ്‌ സ്‌കൂള്‍ ജീവിതം കഴിച്ചുകൂട്ടുന്നത്‌.

ശക്‌തമായ തോള്‍വേദനയും നടുവേദനയുമായാണ്‌ ആ പത്താം ക്ലാസുകാരി അമ്മയോടൊപ്പം ഡോക്‌ടറെ കാണാനെത്തിയത്‌. അവളുടെ ദിനചര്യ കേട്ട്‌ ഡോക്‌ടര്‍ ആദ്യമൊന്ന്‌ അമ്പരന്നു.

രാവിലെ ആറുമണിക്ക്‌ വീട്ടില്‍ നിന്ന്‌ ഇറങ്ങും. രാവിലെയും വൈകിട്ടും ട്യൂഷനുള്ള ബുക്കും പുസ്‌തകങ്ങളും, ബ്രേക്ക്‌ ഫാസ്‌റ്റ്, സ്‌കൂളിലേക്കുള്ള ബുക്കും പുസ്‌തകങ്ങളും, ഉച്ചയ്‌ക്കത്തെ ടിഫിനും ഇവയെല്ലാം ബാഗില്‍ കുത്തിനിറച്ച്‌ തോളിലിട്ടാണ്‌ യാത്ര.

പല കുട്ടികളും വെള്ളം പോലും ആവശ്യത്തിന്‌ കുടിക്കാതെയാണ്‌ രാവിലെ ഇറങ്ങുന്നത്‌. കുടിക്കാനുള്ള വെള്ളവും ഒരു ലിറ്റര്‍ ബാഗില്‍ ഉണ്ടാകും. ഇതും താങ്ങി ബസുകളുടെ പുറകെ ഓടിയും നടന്നും, ബസില്‍ തൂങ്ങി നിന്നുമൊക്കെയാണ്‌ സ്‌കൂള്‍ ജീവിതം കഴിച്ചുകൂട്ടുന്നത്‌.

ഓട്ടപ്പാച്ചിലിനിടയില്‍ ബാഗ്‌ ചിലപ്പോള്‍ കൈതണ്ടയില്‍ തൂക്കിയിടാം. കൈവെള്ളയില്‍ തൂക്കിപ്പിടിക്കാം. കുട്ടികളുടെ കൈയുടെ ജോയിന്റിന്‌ ഈ സ്‌ട്രെയിന്‍ താങ്ങാന്‍ പറ്റിയെന്നു വരില്ല. ഇത്‌ കുട്ടിയുടെ പഠനത്തെയും ആരോഗ്യത്തെയും ബാധിക്കുന്നു.

ഭാരമാകുന്ന സ്‌കൂള്‍ ബാഗുകള്‍

പഠനങ്ങള്‍ പറയുന്നത്‌ വിദ്യാര്‍ഥിയുടെ തൂക്കത്തിന്റെ പത്ത്‌ ശതമാനം മാത്രമെ സ്‌കൂള്‍ ബാഗിന്റെ തൂക്കമാകാവൂ എന്നാണ്‌. എന്നാല്‍ കുട്ടികളുടെ ബാഗിന്റെ ഭാരം പലപ്പോഴും അവരുടെ ഭാരത്തിന്റെ പതിനഞ്ച്‌, ഇരുപത്‌ ശതമാനമാണ്‌.

ദിവസവും ഇങ്ങനെ ഭാരവും താങ്ങി പോകുന്നത്‌ കുട്ടികളില്‍ പലവിധ ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്‌ടിക്കുന്നു. ശക്‌തമായ നടുവേദനയും കൈവേദനയും ആണ്‌ ചിലരെ അലട്ടുന്നത്‌. ചിലരില്‍ ഇത്‌ കൂനിന്‌ കാരണമാകുന്നു.

ചെറു പ്രായത്തിലുണ്ടാകുന്ന നടുവേദന ജീവിതകാലം മുഴുവന്‍ ഒപ്പമുണ്ടാകും. ചില മുന്‍കരുതലുകള്‍ എടുത്താല്‍ ഒരു പരിധിവരെ ഈ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാം.

1. ഒരു ദിവസം ആവശ്യമുള്ള ബുക്കുകള്‍ മാത്രം എടുക്കുക.
2. ടൈംടേബിള്‍ അനുസരിച്ച്‌ പുസ്‌തകങ്ങളും ബുക്കുകളും എടുക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
3. കൂടുതല്‍ ഭാരമുള്ള വസ്‌തുക്കള്‍ ശരീരത്തോട്‌ ചേര്‍ന്നു കിടക്കുന്ന രീതിയില്‍ ബാഗില്‍ വയ്‌ക്കുക. ഭാരമുള്ള വസ്‌തുക്കള്‍ ശരീരത്തില്‍ നിന്ന്‌ അകന്ന്‌ കിടന്നാല്‍ ഭാരം കൂടുതല്‍ തോന്നും.

4. ബാഗ്‌ രണ്ട്‌ തോളിലുമായി തൂക്കിയിടുന്ന രീതിയാണ്‌ നല്ലത്‌.
5. ശരീരത്തോട്‌ ചേര്‍ന്നുകിടക്കുന്ന ഭാഗത്ത്‌ പാഡിങ്‌ ഉള്ള ബാഗാണ്‌ ഉത്തമം. സ്‌ട്രാപ്പിനും പാഡിങ്‌ ഉണ്ടായിരിക്കണം.
6. ബാഗ്‌ കൈയില്‍ തൂക്കിപ്പിടിക്കുന്ന ശീലം ഒഴിവാക്കാം.
7. എക്‌സ്ട്രാ കരിക്കുലര്‍ ആക്‌റ്റിവിറ്റീസിനുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ സ്‌കൂളില്‍ തന്നെ പ്രത്യേക സൗകര്യം ഒരുക്കുന്നതാണ്‌ നല്ലത്‌.

ഷൂസ്‌ ഉപയോഗിക്കുമ്പോള്‍

 

 

ഇന്ന്‌ എല്ലാ സ്‌കൂളുകളിലും തന്നെ ഷൂസ്‌ നിര്‍ബന്ധമാണ്‌. പാദസംരക്ഷണത്തിന്‌ ഷൂസുകള്‍ നല്ലതു തന്നെ. ഷൂസ്‌ തിരഞ്ഞെടുക്കുമ്പോള്‍ അല്‌പമൊന്നു ശ്രദ്ധിച്ചാല്‍ ഷൂസ്‌ മൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

കുട്ടികളുടെ പാദങ്ങളുടെ അളവ്‌ അര ഫൂട്ട്‌ സൈസ്‌ വീതം എങ്കിലും ആറുമാസത്തിലൊരിക്കല്‍ കൂടാറുണ്ട്‌. എട്ട്‌ ആഴ്‌ച കൂടുമ്പോള്‍ കുട്ടികളുടെ ഫൂട്ട്‌ സൈസ്‌ അളക്കുന്നത്‌ ഗുണം ചെയ്യും. കാലിലെ ഉപ്പൂറ്റി മുതല്‍ തള്ളവിരലിന്റെ അറ്റം വരെയാണ്‌ നീളം അളക്കുന്നത്‌.

ഷൂസിന്റെ ഹീല്‍ വളരെ പ്രധാനമാണ്‌. ഹീല്‍ ആണ്‌ പാദങ്ങള്‍ക്ക്‌ ആവശ്യമായ സപ്പോര്‍ട്ട്‌ നല്‍കുന്നത്‌. ഷൂസ്‌ വാങ്ങുമ്പോള്‍ ഹീലിന്റെ വശങ്ങളില്‍ പിടിച്ച്‌ രണ്ടു കൈയും കൊണ്ട്‌ അമര്‍ത്തണം.

ഉള്ളിലേക്ക്‌ അമര്‍ന്നു പോകുന്നുവെങ്കില്‍ ഷൂസ്‌ ഉപയോഗപ്രദമല്ല. ഷൂസിന്റെ മുന്‍ഭാഗത്തിന്‌ ആവശ്യത്തിന്‌ വീതി ഉണ്ടായിരിക്കണം. ഷൂസിന്റെ മുന്‍ഭാഗം മുതല്‍ തള്ളവിരല്‍ വരെ, കാലിലെ തള്ളവിരല്‍ നഖത്തിന്റെ അത്രയും അകലം ഉണ്ടായിരിക്കണം.

മുന്‍ ഭാഗത്തിന്‌ വീതിയില്ലാത്ത ഷൂകള്‍ കാലിന്റെ വിരലുകളെ ബാധിക്കും. ആവശ്യത്തിന്‌ വായു സഞ്ചാരമുള്ള ഷൂ വേണം തിരഞ്ഞെടുക്കാന്‍. വായൂ സഞ്ചാരമില്ലാത്ത ഷൂ ഉപയോഗിച്ചാല്‍ പൂപ്പല്‍ ബാധയുണ്ടാവാന്‍ സാധ്യത ഉണ്ട്‌.

തൂവാല ഉപയോഗിക്കാം

കുട്ടികള്‍ക്ക്‌ രോഗപ്രതിരോധശേഷി പൊതുവെ കുറവാണ്‌. അതിനാല്‍ തന്നെ പനിയും ജലദോഷവും ചുമയും എല്ലാം സാധാരണയായി കുട്ടികളെ അലട്ടാറുണ്ട്‌. വൈറസുകളാണ്‌ ഇവയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌.

പനി അല്ലെങ്കില്‍ ജലദോഷം ഉള്ള കുട്ടി തുമ്മുകയും ചുമയ്‌ക്കുകയും ചെയ്യുമ്പോള്‍ വായുവില്‍ കൂടെ മറ്റ്‌ കുട്ടികള്‍ക്കും ഇത്‌ പകരാം. മൂക്കിലെ സ്രവം കൈയില്‍ പറ്റുകയും കൈയില്‍ നിന്ന്‌ മറ്റ്‌ വസ്‌തുക്കളിലേയ്‌ക്ക് വ്യാപിക്കുകയും ചെയ്യുന്നു.

ആരോഗ്യമുള്ള ഒരാള്‍ അവിടെ സ്‌പര്‍ശിക്കുന്നതു മൂലം അയാളിലേയ്‌ക്കും വൈറസ്‌ പരക്കുന്നു. ഇവിടെയാണ്‌ ഹാന്‍ഡ്‌ കര്‍ചീഫിന്റെ പ്രാധാന്യം. ഹാന്‍ഡ്‌ കര്‍ചീഫ്‌ കൊണ്ടോ ടിഷ്യു പേപ്പര്‍ കൊണ്ടോ മൂക്കും വായും പൊത്തിപിടിച്ച്‌ തുമ്മുകയും ചുമയ്‌ക്കുകയും ചെയ്യണം.

ടിഷ്യു പേപ്പര്‍ ആകുമ്പോള്‍ ഉപയോഗിച്ചിട്ട്‌ വേഗം കളയാം. കര്‍ചീഫ്‌ തിരിച്ച്‌ പോക്കറ്റിലും ബാഗിലും ഒക്കെ ഇടുമ്പോള്‍ ഈ സ്രവങ്ങളില്‍ അടങ്ങിയ വൈറസുകള്‍ ഇവയിലും പറ്റിപ്പിടിച്ചിരിക്കുകയും അസുഖങ്ങള്‍ പരത്തുകയും ചെയ്യും. കര്‍ചീഫ്‌ എല്ലാ ദിവസവും കഴുകി ഉണക്കി ഉപയോഗിക്കണം.

ഡോ. റോജ ജോസഫ്‌

കണ്‍സള്‍ട്ടന്റ്‌ ഫിസിഷന്‍
ലിസി ഹോസ്‌പിറ്റല്‍, എറണാകുളം

സ്‌കൂള്‍ യാത്ര സുരക്ഷിതമാക്കാം

 

സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍മാരുടെ അശ്രദ്ധകൊണ്ട്‌ സംസ്‌ഥാനത്ത്‌ ചെറുതും വലുതുമായ അപകടങ്ങള്‍ പതിവാണ്‌. വാഹനങ്ങളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്‌ കര്‍ശന നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.

കുട്ടികളെ സ്‌കൂളിലേക്ക്‌ പറഞ്ഞയച്ചു കഴിഞ്ഞാല്‍ അമ്മമാരുടെ ഉള്ളില്‍ ആധിയാണ്‌. സ്‌കൂള്‍ വിട്ട്‌ കുട്ടി മടങ്ങിയെത്തും വരെയുള്ള ആധിയുടെ കാരണം വാഹനങ്ങളുടെ മരണപ്പാച്ചില്‍ തന്നെ.

അമിത വേഗവും ഡ്രൈവര്‍മാരുടെ അശ്രദ്ധയും ലഹരി ഉപയോഗവും തല്ലിക്കെടുത്തുന്നത്‌ കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ്‌. സ്‌കൂള്‍ വാഹനങ്ങളുടെ സ്‌ഥിതിയും മറ്റൊന്നല്ല.

സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍മാരുടെ അശ്രദ്ധകൊണ്ട്‌ ചെറുതും വലുതുമായ അപകടങ്ങള്‍ പതിവാണ്‌. വാഹനങ്ങളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്‌ കര്‍ശന നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. അതേസമയം സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും കുട്ടികളുടെ സുരക്ഷിത യാത്രയ്‌ക്ക് പ്രത്യേക ശ്രദ്ധയും നല്‍കേണ്ടതുണ്ട്‌.

കുടുംബത്തിന്റെയും സ്‌കൂളിന്റെയും നിലവാരം ഇന്ന്‌ വളരെയധികം ഉയര്‍ന്നിരിക്കുന്നു. കുട്ടികളെ സുരക്ഷിതരായി ക്ലാസുകളില്‍ കൊണ്ടുവരികയും തിരികെ വീട്ടില്‍ എത്തിക്കുകയും ചെയ്യുന്ന ഉത്തരവാദിത്വം സ്‌കൂളുകള്‍ ഏറ്റെടുത്തിരിക്കുന്നു.

ഇതിനായി സ്‌കൂള്‍ ബസ്‌ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. എന്നാല്‍ ഇതിലെ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല കേവലം ഒരു വ്യക്‌തിയില്‍ മാത്രം ഒതുങ്ങുന്നതല്ല. സ്‌കൂള്‍ അധികൃതരും ഡ്രൈവറും മാതാപിതാക്കളും കുട്ടികളും ഇതില്‍ പങ്കാളികളാവേണ്ടതുണ്ട്‌.

ആദ്യ ദിനങ്ങള്‍ കരുതലോടെ

സ്‌കൂള്‍ തുറപ്പ്‌ അക്ഷരാര്‍ഥത്തില്‍ ഉത്സവകാലമാണ്‌. എവിടെയും തിക്കും തിരക്കും. സ്‌കൂള്‍ പരിസരത്തും റോഡുകളിലും വാഹനങ്ങള്‍ നിറയും. അതോടൊപ്പം മഴയും ചെളിയും. റോഡിലൂടെയുള്ള യാത്ര മുതിര്‍ന്നവര്‍ക്കുപോലും ദുഃസഹമാകും.

സ്‌കൂള്‍ തുറന്നുവരുന്ന ആദ്യ ദിവസങ്ങള്‍ രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ യാത്രാ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. മിക്ക കുട്ടികള്‍ക്കും സ്‌കൂള്‍ പുതിയ അന്തരീക്ഷമായിരിക്കും.

ഇവിടുത്തെ റോഡുകളും അവിടെ ഓടുന്ന വാഹനങ്ങളുടെ ബാഹുല്യമൊന്നും അവര്‍ അറിഞ്ഞെന്നു വരില്ല. അതുകൊണ്ടുതന്നെ അപകടങ്ങള്‍ക്കുള്ള സാധ്യതയും വളരെയേറെയാണ്‌.

കുട്ടികളെ വരി നിര്‍ത്തി സ്‌കൂള്‍ വാഹനങ്ങളില്‍ നിന്നും ഇറക്കാനും കയറ്റാനും അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. രാവിലെ സ്‌കൂള്‍ ആരംഭിക്കുന്ന സമയത്തും വൈകിട്ട്‌ സ്‌കൂള്‍ പിരിയുന്ന സമയത്തും സ്‌കൂള്‍ പരിസരങ്ങളിലും റോഡുകളിലും അധ്യാപകരുടെയും ബന്ധപ്പെട്ട അധികൃതരുടെയും സൂക്ഷ്‌മമായ നിരീക്ഷണം ഉണ്ടാകണം.

പഴുതടച്ച സുരക്ഷ

ഡ്രൈവറെ തിരഞ്ഞെടുക്കുന്നതു മുതല്‍ തയ്യാറെടുപ്പുകള്‍ തുടങ്ങുന്നു. സ്‌കൂള്‍ ബസ്‌ ഡ്രൈവറായി തിരഞ്ഞെടുക്കുന്ന ആള്‍ക്ക്‌ കുറഞ്ഞത്‌ പത്തുവര്‍ഷമെങ്കിലും മുന്‍പരിചയം ഉണ്ടായിരിക്കണം എന്നത്‌ നിര്‍ബന്ധമാണ്‌. മുമ്പ്‌ യാതൊരുവിധ വാഹനാപകടവും വരുത്താത്ത ആളായിരിക്കണം.

സ്‌കൂള്‍ ബസില്‍ ഡ്രൈവറെ കൂടാതെ ഒരു ടീച്ചര്‍, അറ്റെന്‍ഡര്‍ എന്നിവര്‍ നിര്‍ബന്ധമാണ്‌. കൂടാതെ ഒരു ക്ലാസ്‌ ടീച്ചറും ഉണ്ടായിരിക്കണം. ക്ലാസ്‌ ടീച്ചര്‍ ബസില്‍ വരുന്ന കുട്ടികളുടെ പേരും അത്യാവശ്യം വേണ്ട ഫോണ്‍ നമ്പരുകളും രജിസ്‌റ്ററില്‍ രേഖപ്പെടുത്തി കൈവശം സൂക്ഷിക്കേണ്ടതാണ്‌.

അപകടങ്ങള്‍ ഒഴിവാക്കാനായി സകൂള്‍ പരിസരത്ത്‌ വാഹനങ്ങള്‍ പിന്നോട്ട്‌ എടുക്കുന്നതും നിരോധിച്ചിട്ടുണ്ട്‌. സ്വകാര്യ വാഹനങ്ങളും സ്‌കൂള്‍ വാനായി ഓടുന്നുണ്ട്‌. ഇവയിലെല്ലാം സ്‌പീഡ്‌ ഗവര്‍ണര്‍ നിര്‍ബന്ധമാണ്‌.

കൂടാതെ സുരക്ഷയുടെ ഭാഗമായി സ്‌കൂള്‍ ബസുകള്‍ക്കെല്ലാം ഒരേ നിറം നല്‍കിവരുന്നു. സ്‌കൂള്‍ ബസ്‌ എളുപ്പത്തില്‍ തിരിച്ചറിയാനാണിത്‌. സ്‌കൂളുകള്‍ക്കുവേണ്ടി ഓടുന്ന സ്വകാര്യ വാഹനങ്ങളുടെ മുന്നില്‍ 'ഓണ്‍ സ്‌കൂള്‍ ട്രിപ്പ്‌' എന്ന ബോര്‍ഡ്‌ വയ്‌ക്കണം. ഓവര്‍ ലോഡിങും കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

കര്‍ശന പരിശോധനകള്‍

പുതിയ സ്‌കൂള്‍ ബസുകള്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തണം. സാധാരണയായി എല്ലാ വര്‍ഷവും സ്‌കൂള്‍ തുറക്കുന്നതിന്‌ മുമ്പ്‌ വാഹന പരിശോധന നടത്താറുണ്ട്‌.

കാലാവധി തീര്‍ന്ന വാഹനങ്ങള്‍ യാതൊരു കാരണവശാലും സ്‌കൂള്‍ കുട്ടികള്‍ക്കായി സര്‍വീസ്‌ നടത്തരുതെന്ന്‌ കര്‍ശന നിര്‍ദേശം മോട്ടോര്‍ വാഹന വകുപ്പ്‌ നല്‍കിയിട്ടുണ്ട്‌.

കൂടാതെ സ്‌കൂള്‍ യാത്രയില്‍ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും പരിഹരിക്കാനും അവയെക്കുറിച്ച്‌ ചര്‍ച്ച നടത്താനും എല്ലാ വര്‍ഷവും ജൂണില്‍ സ്‌റ്റുഡന്‍സ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഫെസിലിറ്റി കമ്മിറ്റി കൂടാറുണ്ട്‌.

ഇതില്‍ കലക്‌ടര്‍, ആര്‍ ഡി ഒ, ആര്‍ ടി ഒ, വിദ്യാര്‍ഥി പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ബസ്‌ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കമ്മിറ്റിയില്‍ വിദ്യാര്‍ഥികളുടെ യാത്രാ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും പങ്കുവയ്‌ക്കാം.

വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരിക്കുക, കണ്‍സഷന്‍ നല്‍കാതിരിക്കുക, അസഭ്യം പറയുക തുടങ്ങി കുട്ടികളുടെ പരാതി എന്തുതന്നെയായാലും വേണ്ട നടപടി സ്വീകരിക്കുന്നതായിരിക്കും.

നടന്നുള്ള യാത്രയിലും ശ്രദ്ധവേണം

സംസ്‌ഥാനത്തെ ഒട്ടുമിക്ക റോഡുകളും ഇടുങ്ങിയതാണ്‌. നടപ്പാതകളുമില്ല. ഇനി ഉണ്ടെങ്കില്‍ത്തന്നെ പൊട്ടിപ്പൊളിഞ്ഞ നടപ്പാതയിലൂടെയുള്ള യാത്ര വാഹനാപകടങ്ങളെക്കാള്‍ അപകടകരമാണ്‌. മൂടിയില്ലാത്ത ഓടകള്‍ അപകടം ക്ഷണിച്ചുവരുത്തുന്നു. മഴക്കാലത്തും മറ്റും കുട്ടികള്‍ ഓടയില്‍ അകപ്പെട്ട്‌ അപകടമുണ്ടാകാറുണ്ട്‌.

വീതികുറഞ്ഞ വഴിയും വാഹനങ്ങളുടെ മത്സര ഓട്ടവും കാല്‍ നടയാത്രക്കാര്‍ അപകടത്തില്‍ പെടാനുള്ള സാധ്യത കൂട്ടുന്നു. അല്‌പം ശ്രദ്ധയോടെയും കരുതലോടെയും കുട്ടികളുമായി സ്‌കൂളില്‍ പോകാം.

റോഡിന്റ ഇരുവശവും നോക്കി വാഹനങ്ങള്‍ വരുന്നില്ലാന്ന്‌ ഉറപ്പിച്ച ശേഷം മാത്രം റോഡ്‌ മുറിച്ചു കടക്കുക. കുട്ടികള്‍ക്ക്‌ ഇതിനുള്ള പരിശീലനം വീട്ടിലും സ്‌കൂളിലും നല്‍കണം. മുതിര്‍ന്നവര്‍ കൂടെയുണ്ടെങ്കില്‍ കുട്ടിയുടെ കൈപിടിച്ച്‌ റോഡ്‌ മുറിച്ചു കടക്കാന്‍ സാഹായിക്കുക.

ചില കുട്ടികള്‍ മാതാപിതാക്കളുടെ കൈ വിടുവിച്ച്‌ റോഡില്‍ അലക്ഷ്യമായി ഓടാറുണ്ട്‌. ഇത്‌ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്‌. ഇത്‌ അപകടങ്ങള്‍ക്ക്‌ ഇടയാക്കുമെന്ന്‌ കുട്ടികളെ പറഞ്ഞ്‌ മനസിലാക്കുക.

റോഡിന്റെ വശം ചേര്‍ന്നു നടക്കാന്‍ പഠിപ്പിക്കാം. തിരക്കേറിയ നഗരങ്ങളിലൂടെയാണ്‌ യാത്രയെങ്കില്‍ ട്രാഫിക്‌ സിഗ്നലുകള്‍ വിദ്യാര്‍ഥികള്‍ക്ക്‌ മനസിലാക്കി കൊടുക്കേണ്ടത്‌ മാതാപിതാക്കളുടെയും അധ്യാപകരുടെയും കടമയാണ്‌.

സൈക്കില്‍ യാത്രക്കാര്‍ അറിയാന്‍

സൈക്കിളില്‍ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കണം. വാഹനം നിറഞ്ഞൊഴുകുന്ന റോഡുകളില്‍ സൈക്കില്‍ യാത്ര പലപ്പോഴും സുരക്ഷിതമല്ല. അതിനാല്‍ തിരക്കൊഴിഞ്ഞ വഴികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

എപ്പോഴും റോഡിന്റെ ഇടതുവശം ചേര്‍ന്നു വേണം സൈക്കിള്‍ ഓടിക്കാന്‍. പഴകിയതും തുരുമ്പിച്ചതുമായ സൈക്കില്‍ കുട്ടികള്‍ക്ക്‌ സ്‌കൂള്‍ യാത്രയ്‌ക്ക് നല്‍കരുത്‌.

റോഡ്‌ കളിക്കളമല്ലെന്ന്‌ കുട്ടികള്‍ക്ക്‌ ബോധ്യപ്പെടുത്തി കൊടുക്കുക. റോഡിലൂടെയുള്ള യാത്രയും ഡ്രൈവിംങും എല്ലാം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന്‌ കുട്ടികള്‍ തിരിച്ചറിയട്ടെ.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:

ബി ജെ ആന്റണി

റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍, കോട്ടയം

സ്‌കൂള്‍ പേടി അകറ്റാം

മാതാപിതാക്കള്‍ കൈവിട്ടുപോകുമോ എന്നുള്ള കുട്ടികളുടെ ഭയമാണ്‌ കുട്ടികളുടെ സ്‌കൂള്‍ പേടിക്ക്‌ പിന്നില്‍. മൂന്ന്‌ വയസു മുതല്‍ ആറു വയസു വരെയുള്ള കുട്ടികളില്‍ സ്‌കൂളില്‍ പോകാനുള്ള പേടി അല്ലെങ്കില്‍ മടി സാധാരണമാണ്‌.

കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയുടെ ഭാഗമാണ്‌ സ്‌കൂളില്‍ പോകാനുള്ള പേടി. മാതാപിതാക്കള്‍ കൈവിട്ടുപോകുമോ എന്നുള്ള കുട്ടികളുടെ ഭയമാണ്‌ ഇതിന്‌ പിന്നില്‍. മൂന്ന്‌ വയസു മുതല്‍ ആറു വയസു വരെയുള്ള കുട്ടികളില്‍ സ്‌കൂളില്‍ പോകാനുള്ള പേടി അല്ലെങ്കില്‍ മടി സാധാരണമാണ്‌.

കാലക്രമേണ ഇത്‌ മാറും. മാറ്റമില്ലാതിരിക്കുന്നതിനെയാണ്‌ ശ്രദ്ധിക്കേണ്ടത്‌. ഇതിനെ സ്‌കൂള്‍ ഫോബിയ എന്നു പറയാം. ഇതിന്‌ പിന്നിലെ കാരണങ്ങള്‍ പലതാണ്‌. കുടുംബം, കുട്ടി വളര്‍ന്നുവരുന്ന ചുറ്റുപാട്‌, ആദ്യത്തെ കുട്ടി, ഒറ്റ കുട്ടി, കുട്ടിയുടെ ബുദ്ധി പരമായ കഴിവ്‌ ഇങ്ങനെ പലവിധ കാരണങ്ങളുണ്ടാകും.

ഓരോ കുട്ടിയും കാണിക്കുന്ന മടിക്കും പേടിക്കും പിന്നിലെ കാരണങ്ങള്‍ വ്യത്യസ്‌തമാണ്‌. ഇത്‌ തിരിച്ചറിഞ്ഞ്‌ കുട്ടിയോട്‌ പെരുമാറാന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കഴിയണം. ചൈല്‍ഡ്‌ സൈക്കോളജിസ്‌റ്റിന്റെ സഹായം തേടുകയുമാകാം.

ന്യൂക്ലിയര്‍ ഫാമിലി

ഇന്നത്തെ കുടുംബങ്ങളില്‍ അച്‌ഛനും അമ്മയും ഒരു കുട്ടിയുമാകും ഉണ്ടാവുക. ഒറ്റ കുട്ടിയെയും ആദ്യത്തെ കുട്ടിയെയുമാണ്‌ സ്‌കൂള്‍ പേടി കൂടുതലായി കടന്നുപിടിക്കുന്നത്‌. കാരണം നിസാരമാണ്‌.

മാതാപിതാക്കളുടെ സ്‌നേഹലാളനകള്‍ക്കിടയില്‍ നിന്ന്‌ പെട്ടെന്നൊരു ദിവസം മറ്റൊരു സ്‌ഥലത്തേക്ക്‌ പറിച്ചുനടേണ്ടി വരുമ്പോഴുണ്ടാകുന്ന ഒറ്റപ്പെടല്‍. അമ്മയെയും അച്‌ഛനെയും തനിക്കു നഷ്‌ടമാകുമോ എന്ന ചിന്ത. കുട്ടിയുടെ കൂടെ മാതാപിതാക്കള്‍ ആരെങ്കിലും കുറച്ചു ദിവസം സ്‌കൂളില്‍ പോയി ഇരിക്കുക.

അധ്യാപകരും കൂട്ടുകാരും എല്ലാം വേണ്ടപ്പെട്ടവരാണെന്ന്‌ ബോധ്യപ്പെടുത്തി കൊടുക്കുക. പതിയെ പതിയെ കുട്ടി സ്‌കൂളുമായി ഇണങ്ങും. അധ്യാപകരുടെ പെരുമാറ്റവും ഇത്തരത്തില്‍ കുട്ടിക്ക്‌ ആശ്വാസം പകരുന്നതായിരിക്കണം.

മറ്റ്‌ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത്‌ കാണിച്ചു കൊടുക്കുക. അമ്മ പോയിട്ട്‌ ഇന്ന സമയത്ത്‌ വരാമെന്നു പറയുക. കൃത്യമായി പറഞ്ഞ സമയത്ത്‌ തന്നെ അമ്മ എത്തുക. ഇപ്രകാരം കുട്ടികളില്‍ സുരക്ഷിതത്വ മനോഭാവം സൃഷ്‌ടിക്കണം.

അടച്ചിട്ട ക്ലാസ്‌ മുറിയും വടിയും

കുഞ്ഞുമനസിനെ പേടിപ്പെടുത്താന്‍ വെറുതെ മേശപ്പുറത്തിരിക്കുന്ന ഒരു വടി മതിയാകും. വടി കാണുന്നത്‌ തന്നെ ചില കുട്ടികള്‍ക്ക്‌ ഭയമാണ്‌. അടിക്കുമോ എന്ന വിചാരമാണ്‌ മനസില്‍. വീട്ടില്‍ വടികൊണ്ടുള്ള അടി ഒരുപാട്‌ കിട്ടിയതുകൊണ്ടാകാം.

അടി കിട്ടിയില്ലെങ്കില്‍ കൂടി ചിലര്‍ അങ്ങനെയാണ്‌ അടിക്കും എന്നു പറഞ്ഞ്‌ സ്‌കൂളില്‍ പോകാതിരിക്കും. അതുപോലെ അടച്ചിട്ട ക്ലാസ്‌ മുറികള്‍ ഇഷ്‌ടപ്പൊടാത്ത കൂട്ടരുണ്ട്‌. ഇവര്‍ക്ക്‌ ഇടയ്‌ക്കിടയ്‌ക്ക് ക്ലാസിന്‌ വെളിയില്‍ ഇറങ്ങണം. അതിനായി ഓരോ കാരണങ്ങള്‍ കണ്ടു പിടിക്കുകയും ചെയ്യും.

ഇടയ്‌ക്കിടയ്‌ക്ക് മൂത്രശങ്ക പ്രകടിപ്പിക്കുന്ന കുട്ടി. അന്വേഷിച്ചപ്പോള്‍ സ്‌കൂളിലും ഇത്‌ തന്നെ അവസ്‌ഥ. മൂത്രം തുള്ളിതുള്ളിയായി മാത്രമാണ്‌ പോകുന്നത്‌. പരിശോധനയില്‍ കുട്ടിക്ക്‌ യാതൊരു കുഴപ്പവുമില്ല.

ക്ലാസില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ കുട്ടിയുടെ കുഞ്ഞ്‌ മനസ്‌ കണ്ടു പിടിച്ച ഉപാധി മാത്രമായിരുന്നു അത്‌. അടച്ചിട്ട ക്ലാസു മുറികള്‍ക്ക്‌ പകരം വിശാലമായ എവിടെയെങ്കിലും പഠനം നടത്താം. വിനോദത്തിനും കളിക്കാനും എല്ലാം അവസരമൊരുക്കി കൊടുക്കാം. സ്‌കൂളില്‍ പോകേണ്ടതിന്റെ ആവശ്യകത പറഞ്ഞു മനസിലാക്കി കൊടുക്കുക.

രോഗങ്ങള്‍ തിരിച്ചറിയുക

ഓട്ടിസം പോലുള്ള ജനിതകമായ കാരണങ്ങള്‍ കൊണ്ടും കുട്ടികള്‍ക്ക്‌ സകൂളില്‍ പോകാനുള്ള മടി ഉണ്ടാകാം. ഇതിന്‌ ചികിത്സ ലഭ്യമാക്കുകയാണ്‌ വേണ്ടത്‌. വിദേശത്തും ഫ്‌ലാറ്റിലും ഒക്കെയായി താമസമാക്കിയവര്‍ക്കിടയിലാണ്‌ ജനിതകമായ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടു വരുന്നത്‌.

ഒരുതരം അന്തര്‍മുഖത്വം ബാധിച്ച കുട്ടികളെയും കാണാന്‍ കഴിയും. സാധാരണ ഗതിയില്‍ സ്‌കൂളില്‍ പോകാനുള്ള പേടി കുട്ടിയുടെ ബുദ്ധിവളര്‍ച്ചയുടെ ഭാഗമാണ്‌. പതിയെ ആ ഭയം ഇല്ലാതാവും. കൊച്ചുകുട്ടികളെ പ്ലേസ്‌കൂളിലും മറ്റും അയയ്‌ക്കുമ്പോള്‍ അവിടുത്തെ അന്തരീക്ഷവും സൗകര്യങ്ങളുമെല്ലം വിലയിരുത്തണം.

കുട്ടിക്ക്‌ ഇവിടം ഇഷ്‌ടമാകുമോ എന്ന്‌ ഉറപ്പാക്കണം. നാപ്‌കിന്‍ മാറ്റി കൊടുക്കുന്നുണ്ടോ, ശുചിമുറികള്‍ എങ്ങനെയാണ്‌, ഭക്ഷണം നല്ലതാണോ, കാറ്റും വെളിച്ചവും കടക്കുന്ന ക്ലാസ്‌ മുറികള്‍ ആണോ തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കണം.

കടപ്പാട്‌:

ഡോ. സുഷമ ഭായ്‌

കുട്ടികളുടെ വിഭാഗം മേധാവി
പുഷ്‌പഗിരി മെഡിക്കല്‍ കോളജ്‌, തിരുവല്ല

കുട്ടികളിലെ വയറുവേദന നിസാരമാക്കരുത്‌

 

വയറു വേദനയ്‌ക്ക് ചില വകഭേദങ്ങളുണ്ട്‌. പെട്ടെന്ന്‌ വരുന്ന വയറു വേദന, സ്‌ഥിരമായിട്ടുള്ള വയറുവേദന അതികഠിനമായ വയറുവേദന ഇങ്ങനെയെല്ലാം വയറുവേദന വ്യത്യാസപ്പെട്ടിരിക്കുന്നു .

കുട്ടികളില്‍ പല കാരണങ്ങള്‍ കൊണ്ട്‌ വയറു വേദന ഉണ്ടാകാം. പ്രായത്തിനനുസരിച്ചും വയറു വേദനയുടെ സ്വഭാവമനുസരിച്ചും കാരണങ്ങള്‍ വ്യത്യാസപ്പെടുന്നു. മഞ്ഞപ്പിത്തം മുതല്‍ ഡെങ്കിപ്പനി വരെ വയറു വേദനയോടെ ആരംഭിക്കാം.

അതുകൊണ്ട്‌ വയറു വേദനയെ അത്ര നിസാരമായി തള്ളിക്കളയാനാവില്ല. വയറു വേദനയ്‌ക്ക് ചില വകഭേദങ്ങളുണ്ട്‌. പെട്ടെന്ന്‌ വരുന്ന വയറു വേദന, സ്‌ഥിരമായിട്ടുള്ള വയറുവേദന അതികഠിനമായ വയറുവേദന ഇങ്ങനെയെല്ലാം വയറുവേദന വ്യത്യാസപ്പെട്ടിരിക്കുന്നു.

ദഹനക്കേട്‌, വയറിളക്കം, ഛര്‍ദി, അതിസാരം, ബികോംപ്ലസിന്റെ കുറവ്‌ എന്നിവയെല്ലാം സാധാരണയായി കണ്ടുവരുന്ന വയറു വേദനയുടെ കാരണങ്ങളാണ്‌. നവജാതശിശുക്കളിലും വയറു വേദന സാധാരണമാണ്‌. എന്നാല്‍ എല്ലാ വയറു വേദനയെയും നിസാരമായി കരുതരുത്‌.

പ്രത്യേകിച്ച്‌ കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന വയറുവേദന. തീരെ ചെറിയ കുഞ്ഞുങ്ങളില്‍ മുലപ്പാല്‍ കുടിച്ചതിനു ശേഷം ഗ്യാസ്‌ തട്ടി കളയാതിരുന്നാല്‍ വയറുവേദനയും ഛര്‍ദിയും ഉണ്ടാകാം. എന്നാല്‍ പരിശോധന കൂടാതെ രോഗനിര്‍ണയം നടത്തരുത്‌.

കുടല്‍ മറിച്ചില്‍ ഒരു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ കുടലു കുരുക്കം അല്ലെങ്കില്‍ കുടലു മറിച്ചില്‍ ഉണ്ടാകാം. കുടലു മറിച്ചില്‍ ഉണ്ടാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക്‌ അസഹ്യമായ വേദന അനുഭവപ്പെടുന്നു. ചില കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുന്നതും കാണാം.

കുഞ്ഞുങ്ങള്‍ ഭയന്നുകരയുന്നതു പോലെ ഉച്ചത്തില്‍ കരയുന്നത്‌ കുടലു കുരുക്കം മൂലമാകാം. ഈ ഭാഗത്തെ രക്‌തയോട്ടം നിലയ്‌ക്കുന്നതാണ്‌ ഇതിലെ അപകടാവസ്‌ഥ. സ്‌കാനിങ്ങിലൂടെ ഇത്‌ കണ്ടെത്താം. ചില കേസില്‍ സര്‍ജറി വേണ്ടി വരുന്നു. മറ്റു ചികിത്സകളും കുടല്‍ കുരുക്കത്തിനുണ്ട്‌.

ഫങ്‌ഷണല്‍ ഡയറിയ

മൂന്നും നാലും വയസുള്ള കുട്ടികളിലാണ്‌ ഫങ്‌ഷണല്‍ ഡയറിയ സാധാരണ കണ്ടുവരുന്നത്‌. ഭക്ഷണം കഴിച്ചാല്‍ ഉടനെ വയറു വേദന വരുന്നു എന്നതാണ്‌ ഇതിന്റെ പ്രത്യേകത. പെട്ടെന്ന്‌ ഉണ്ടാകുന്നതും സഹിക്കാന്‍ കഴിയാത്തതുമായ വയറു വേദന നിസാരമാക്കരുത്‌.

ഫങ്‌ഷണല്‍ പെയിന്‍ സ്‌കൂള്‍ കുട്ടികളിലും ഉണ്ടാകാറുണ്ട്‌. ആറു വയസു മുതല്‍ എട്ട്‌, ഒന്‍പത്‌ വയസു വരെ സാധാരണ കുട്ടികളില്‍ ഫങ്‌ഷണല്‍ അബ്‌ഡോമിനല്‍ പെയിന്‍ കണ്ടു വരാറുണ്ട്‌.

അസിഡിറ്റി

ആമാശയത്തില്‍ അമിതമായി അമ്ലാംശം നിറയുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നമാണ്‌ അസിഡിറ്റി. ഗ്യാസ്‌ ട്രബിള്‍, വായുകോപം എന്നിങ്ങനെ പല പേരുകളില്‍ ഈ അവസ്‌ഥ അറിയപ്പെടുന്നു.

ദഹനത്തെ സഹായിക്കുവാനായി ആമാശയം ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ എന്ന അമ്ലം സ്രവിപ്പിക്കുന്നു. അമ്ലം പൊതുവെ ശരീരകോശങ്ങള്‍ക്ക്‌ അപകടകാരിയാണെങ്കിലും ആമാശയത്തിന്റെ ഉള്‍വശം ഇതിനെ ചെറുക്കാന്‍ പൊതുവേ സജ്‌ജമാണ്‌.

അമ്ലത്തിന്റെ അളവ്‌ കൂടുമ്പോഴോ അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ക്ക്‌ പോരായ്‌മ ഉണ്ടാകുമ്പോഴോ അസിഡിറ്റി പ്രത്യക്ഷപ്പെടുന്നു. ശരിയായ ചികിത്സ ലഭിക്കാതിരുന്നാല്‍ വ്രണങ്ങളുണ്ടാകുവാനും രക്‌തസ്രാവമുണ്ടാകുവാനും സാധ്യത ഉണ്ട്‌.

ഇതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്‌ വയറു വേദന. ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതചര്യകളും കൊണ്ടുതന്നെ അസിഡിറ്റിയെ ഇല്ലാതാക്കാനാകും.

കുട്ടികള്‍ ചെറുപ്പം മുതലെ കൃത്യസമയത്ത്‌ ഭക്ഷണം കഴിച്ച്‌ ശീലിക്കണം. ഒന്നിച്ച്‌ വയര്‍ നിറച്ച്‌ കഴിക്കുന്നതിനു പകരം മൂന്നോ നാലോ മണിക്കൂര്‍ ഇടവിട്ട്‌ അല്‌പാല്‍പമായി കഴിക്കുക. കാപ്പി, ചായ, ചോക്‌ലേറ്റ്‌, കൊഴുപ്പു കൂടുതലുള്ളതും വറുത്തതും പൊരിച്ചതുമായ ഭക്ഷണം.

ഉള്ളി, തക്കാളി, എരിവ്‌, പുളി, മസാലകള്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കുക. പയര്‍, കിഴങ്ങ്‌, പരിപ്പ്‌ മുതലായവയും ദഹിക്കാന്‍ പ്രയാസമുള്ളവയായതിനാല്‍ മിതമായി മാത്രം കഴിക്കുക. ആഹാരം കഴിച്ച ഉടനെ കിടക്കരുത്‌.

പിത്താശയക്കല്ല്‌

പിത്താശയത്തില്‍ കല്ലുകള്‍ വയറുവേദനയ്‌ക്ക് കാരണമാകാറുണ്ട്‌. കരളില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന പിത്തരസം കൊഴുപ്പുകള്‍, കൊളസ്‌ട്രോള്‍, ലവണങ്ങള്‍ എന്നിവയാല്‍ സമൃദ്ധമാണ്‌. പിത്തരസത്തിന്റെ ഘടനയില്‍ വരുന്ന ചില മാറ്റങ്ങളാണ്‌ കല്ലുകള്‍ ഉണ്ടാകാന്‍ കാരണം.

കൊളസ്‌ട്രോളും മറ്റ്‌ ലവണങ്ങളും ചേര്‍ന്നാണ്‌ ഈ കല്ലുകള്‍ ഉണ്ടാകുന്നത്‌. കൊഴുപ്പു അധികമുള്ള ഭക്ഷണശീലം ഈ രോഗം ക്ഷണിച്ചു വരുത്തുന്നു. പിത്താശയനാളികളില്‍ എന്തെങ്കിലും തടസം നേരിട്ട്‌ പിത്താശയത്തിലെ പിത്തരസം കൂടുതല്‍ സമയം കെട്ടിക്കിടക്കുന്നതും ഇതിന്‌ കാരണമാകാം.

പിത്താശയത്തില്‍ രൂപപ്പെടുന്ന ചെറിയ കല്ലുകള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്‌. പ്രകടമായ ലക്ഷണങ്ങളൊന്നും എല്ലാവരിലും കണ്ടെന്നു വരില്ല. എന്നാല്‍ ഈ കല്ലുകള്‍ വളരെ വലുതാകുമ്പോഴോ, ചെറിയ കല്ലുകള്‍ക്ക്‌ സ്‌ഥാനഭ്രംശം വന്ന്‌ പിത്തനാളികളില്‍ കടന്ന്‌ തടസം സൃഷ്‌ടിക്കപ്പെടുയോ ചെയ്‌താല്‍ ഉദരത്തിന്റെ മുകള്‍ ഭാഗത്തായി വേദന അനുഭവപ്പെടാം.

കൂടാതെ ഛര്‍ദി, ദഹനക്കേട്‌, ഓക്കാനം എന്നിവയും ഉണ്ടാകാം. പിത്താശയക്കല്ലുകള്‍ മൂലം ഇടയ്‌ക്കിടെ വരുന്ന കടുത്ത വയറുവേദനയെ ബിലിയറി കോളിക്‌ എന്നു പറയുന്നു. കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചാലുടനെയാണ്‌ സാധാരണ ഈ വേദന അനുഭവപ്പെടുന്നത്‌.

പാന്‍ക്രിയാറ്റൈറ്റിസ്‌

ശക്‌തമായ വയറു വേദനയാണ്‌ ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ഉദരത്തിന്‌ മുകള്‍വശത്തായാണ്‌ വേദന തുടങ്ങുന്നത്‌. പിന്നീട്‌ പുറക്‌ വശത്തേക്ക്‌ പടരും. ഒപ്പം ഓക്കാനം, ഛര്‍ദി, പനി എന്നിവയും കാണും. വളരെ ശക്‌തമായ എന്‍സൈമുകളുടെ കലവറയാണ്‌ പാന്‍ക്രിയാസ്‌.

ആഹാരത്തെ മാത്രമല്ല ശരീരത്തിലെ കോശങ്ങളെയും ദഹിപ്പിക്കുവാന്‍ ഇവയ്‌ക്കു കഴിയും. ഈ ഗ്രന്ഥിക്ക്‌ നീര്‍ക്കെട്ടും വീക്കവും ഉണ്ടാകുമ്പോള്‍ ഇത്തരം എന്‍സൈമുകള്‍ ഗ്രന്ഥിക്ക്‌ പുറത്ത്‌ കടക്കുകയും വളരെ ഗുരുതരമായ അക്യൂട്ട്‌ പാന്‍ക്രിയാറ്റൈറ്റിസ്‌ ഉണ്ടാകുകയും ചെയ്യുന്നു.

രക്‌തത്തിലെ പാന്‍ക്രിയാറ്റിക്‌ എന്‍സൈമുകളുടെ അളവ്‌ നിര്‍ണ്ണയിക്കുക. സി. റ്റി . സ്‌കാന്‍, എം. ആര്‍. ഐ സ്‌കാന്‍ എന്നീ പരിശോധനകളാല്‍ രോഗം സ്‌ഥിരീകരിക്കാം.

സീലിയാക്‌ രോഗം

ഗോതമ്പ്‌, ബാര്‍ലി, വരക്‌, ഓട്‌സ് എന്നീ ധാന്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഗ്ലൂട്ടന്‍ എന്ന മാംസ്യത്തോടുള്ള അമിതമായ പ്രതികരണം ചെറുകുടലിനുള്ളില്‍ കേടു വരുന്നതാണ്‌ സീലിയാക്‌ രോഗത്തിന്റെ പ്രത്യേകത.

തുടര്‍ന്ന്‌ ആഹാരസാധനങ്ങളുടെ ശരിയായ ദഹനവും ആഗീരണവും നടക്കാതാവുകയും ദഹനക്കേട്‌, വയറു വേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെടുകയും ചെയ്യാം.

സാധാരണയായി ഒരു വയസില്‍ താഴെയുള്ള കുട്ടികളിലാണ്‌ രോഗാരംഭം. ഗ്ലൂട്ടന്‍ ഒഴിവാക്കിയുള്ള ഭക്ഷണക്രമമാണ്‌ ചികിത്സ. എന്‍ഡോസ്‌കോപ്പി വഴി ചെറുകുടലിലെ ബയോപ്‌സിയെടുക്കുകയാണ്‌ രോഗനിര്‍ണ്ണയ മാര്‍ഗ്ഗം.

സാധാരണയായി ചെറുകുടലില്‍ ധാരാളമായി കാണപ്പെടുന്ന വില്ലൈകളുടെ അഭാവം ഈ രോഗത്തിന്റെ പ്രത്യേകതയാണ്‌. പലപ്പോഴും ഈ രോഗം പാരമ്പര്യമായി കാണപ്പെടുന്നു.

അപ്പന്റിസൈറ്റിസ്‌

വന്‍കുടലിന്റെ ആരംഭസ്‌ഥലത്തായി സ്‌ഥിതി ചെയ്യുന്ന പ്രത്യേകിച്ച്‌ ഉപകാരമൊന്നുമില്ലാത്ത ചെറിയ ഒരു പാര്‍ശ്വനാളിയാണ്‌ അപ്പന്റിക്‌സ്. ദഹിക്കാത്ത ആഹാര സാധനങ്ങളോ മറ്റോ കേറി ഈ നാളിയുടെ ഉള്‍വശം അടയുകയും തുടര്‍ന്ന്‌ നീര്‍ക്കെട്ടും അണുബാധയും ഉണ്ടാകുമ്പോഴാണ്‌ അപ്പന്റിസൈറ്റിസ്‌ ഉണ്ടാകുന്നത്‌.

അതിശക്‌തമായ വയറു വേദന, പനി, ഛര്‍ദില്‍, വയറിളക്കം തുടങ്ങിയവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്‌. തുടക്കത്തില്‍ വേദന മറ്റേതെങ്കിലും ഭാഗത്തായിരിക്കുമെങ്കിലും പിന്നീട്‌ മേല്‍ പറഞ്ഞ ഭാഗത്തായി കേന്ദ്രീകരിക്കുകയാണ്‌ പതിവ്‌.

പലപ്പോഴും അടിയന്തിര ശസ്‌ത്രക്രിയ ആവശ്യമായി വരുന്ന ഈ രോഗം ശ്രദ്ധിക്കപ്പെടാതെ പോയാല്‍ അപ്പന്റിക്‌സ് പിളരുകയും പെരിറ്റോണൈറ്റിസ്‌ എന്ന സങ്കീര്‍ണ്ണതയ്‌ക്ക് കാരണമാവുകയും ചെയ്യും.

ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച്‌ അണുബാധ നിയന്ത്രിക്കേണ്ടതായി വരും. വയറിന്റെ താഴെ വലതു വശത്തായി അനുഭവപ്പെടുന്ന വയറു വേദനയാണ്‌ അപ്പന്റിസൈറ്റിസിന്റെ പ്രധാന ലക്ഷണം.

വയറുവേദനയോടെ ആരംഭിക്കുന്ന ചെറുതും വലുതുമായ രോഗങ്ങള്‍ നിരവധിയാണ്‌. യാഥാസമയം വയറുവേദനയുടെ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ്‌ വേണ്ടത്‌.

ദഹനക്കേട്‌

കുട്ടികളിലെ വയറുവേദനയ്‌ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്‌ ദഹനക്കേടാണ്‌. വിശപ്പില്ലാഴ്‌മ, വയര്‍ വീര്‍ക്കുക, പുളിച്ചു തികട്ടല്‍ തുടങ്ങിയ പല ലക്ഷണങ്ങളോടൊപ്പം വയറു വേദനയും ഉണ്ടാകുന്നു.

കുട്ടിക്ക്‌ തുടര്‍ച്ചയായ ദഹനക്കേട്‌ കാണപ്പെടുന്നുണ്ടെങ്കില്‍ മറ്റെന്തെങ്കിലും ഗുരുതരമായ അസുഖമുണ്ടോ എന്ന്‌ പരിശോധിച്ചു നോക്കണം. അതായത്‌ പെപ്‌റ്റിക്‌ അള്‍സര്‍, ആമാശയ കാന്‍സര്‍, പിത്താശയ കല്ല്‌ തുടങ്ങിയവ ഉണ്ടോ എന്ന്‌ കണ്ടെത്തണം.

ഡോ. മേരി പ്രവീണ്‍

പീഡിയാട്രീഷ്യന്‍
വണ്ടാനം മെഡിക്കല്‍ കോളജ്‌, ആലപ്പുഴ

കുട്ടികള്‍ക്ക്‌ ഭക്ഷണം കൊടുക്കുമ്പോള്‍ അമ്മമാര്‍ ഓര്‍മിക്കാന്‍

കുട്ടികള്‍ ശരിയായ ഭക്ഷണം ശരിയായ സമയത്താണ്‌ കഴിക്കുന്നത്‌ എന്ന്‌ ഉറപ്പുവരുത്തുവാന്‍ അമ്മമാര്‍ക്ക്‌ കഴിയണം

കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കണം. ഭക്ഷണം തയാറാക്കുമ്പോഴും ഭക്ഷണവിഭവങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ആ ശ്രദ്ധയും പരിഗണനയും ഉണ്ടാകണം. കുട്ടികള്‍ ശരിയായ ഭക്ഷണം ശരിയായ സമയത്താണ്‌ കഴിക്കുന്നത്‌ എന്ന്‌ ഉറപ്പുവരുത്തുവാന്‍ അമ്മമാര്‍ക്ക്‌ കഴിയണം.

1. ഭക്ഷണകാര്യത്തില്‍ റോള്‍മോഡല്‍ ആവുക. എല്ലാത്തരം ഭക്ഷണവും കഴിക്കുകയും അവ കഴിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുക.
2. ഭക്ഷണകാര്യത്തിലെ കുട്ടികളുടെ ദുര്‍വാശിക്കു ചെറുപ്പം മുതലേ കൂട്ടുനില്‍ക്കാതിരിക്കുക. (കുട്ടികളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ അവ ആരോഗ്യപരമാണെങ്കില്‍ പരിഗണിക്കുന്നതു നല്ലതാണ്‌).
3. കഴിവതും കുടുംബാംഗങ്ങള്‍ എല്ലാവരുംകൂടി ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുക.
4. കുട്ടികളുടെ ഭക്ഷണം കഴിക്കാനുള്ള കപ്പാസിറ്റിയെക്കുറിച്ചു മാതാപിതാക്കള്‍ക്ക്‌ ഒരു ധാരണ ഉണ്ടായിരിക്കണം. അതില്‍ കൂടുതല്‍ ഭക്ഷണം അവരെക്കൊണ്ടു നിര്‍ബന്ധിച്ചു കഴിപ്പിക്കരുത്‌.

5. ഒരുപാടു ഭക്ഷണം ഒറ്റയടിക്കു കഴിച്ചെന്നു കരുതി അവര്‍ സ്‌പോര്‍ട്‌സ് താരങ്ങളൊന്നും ആവില്ലെന്നു മാത്രമല്ല ഇതു വിപരീത ഫലമാണു ചെയ്യുക എന്നും ഓര്‍മിക്കുക.
6. ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന കുട്ടിയെ ഒരിക്കലും തല്ലിയും ഭീഷണിപ്പെടുത്തിയും ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിക്കരുത്‌. അനുനയത്തിന്റെ ഭാഷയാണ്‌ എപ്പോഴും അഭികാമ്യം. ഭക്ഷണത്തോടുള്ള വിരക്‌തിയുടെ കാരണമാണ്‌ ആദ്യം കണ്ടുപിടിക്കേണ്ടത്‌.
7. കുട്ടികള്‍ക്കുവേണ്ടി തയാറാക്കുന്ന ഭക്ഷണം അളവിലും ഗുണത്തിലും വേണ്ടത്ര നിലവാരം പുലര്‍ത്തുന്നുണ്ടെന്ന്‌ ഉറപ്പു വരുത്തണം.
8. ഭക്ഷണത്തില്‍ എല്ലായ്‌പ്പോഴും വൈവിധ്യം വരുത്താന്‍ ശ്രദ്ധിക്കുക.
9. എന്നും കൃത്യസമയത്തു ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുക. അതുപോലെ ഭക്ഷണം ശരിയായി ചവച്ചരച്ചു കഴിക്കാനാവശ്യമായ സമയം ഉണ്ടെന്ന്‌ ഉറപ്പാക്കണം (പ്രത്യേകിച്ചും പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തില്‍).
10. സ്‌കൂള്‍ ബസ്‌ വരുന്നതിനു തൊട്ടുമുമ്പു നിന്നും നടന്നും ഭക്ഷണം വെട്ടിവിഴുങ്ങുന്ന രീതി ഉപേക്ഷിക്കണം.

11. ഭക്ഷണം കൂടുതല്‍ ആസ്വാദ്യകരവും ആകര്‍ഷകവുമാക്കാന്‍ ശ്രദ്ധിക്കുക.
12. ചപ്പാത്തിയും മറ്റും ഉണ്ടാക്കുമ്പോള്‍ വ്യത്യസ്‌തമായ ആകൃതിയിലും അളവിലും ഉണ്ടാക്കി നോക്കുക. പുട്ടുണ്ടാക്കുമ്പോള്‍ തേങ്ങാ ചിരവിയിട്ടതിന്റെ കൂടെയോ പകരമോ കാരറ്റ്‌ കൊത്തിയരിഞ്ഞതോ ചീര കൊത്തിയരിഞ്ഞതോ ഒക്കെ ചേര്‍ക്കാവുന്നതാണ്‌. രുചിയും ഗുണവും വര്‍ണവൈവിധ്യവും ഒക്കെയുണ്ടാവും.
13. പഴങ്ങളിലെയും പച്ചക്കറികളിലെയും നിറങ്ങളിലെ വൈവിധ്യം ഉപയോഗപ്പെടുത്തുക.
14. പാലിന്റെ രുചിയോടും മണത്തോടും ചില കുട്ടികള്‍ക്കെങ്കിലും ഉള്ള മടുപ്പു മാറ്റാന്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന കൊക്കോയും മാള്‍ട്ടുമൊക്കെ ചേര്‍ന്ന ഏതെങ്കിലും നല്ല ഹെല്‍ത്ത്‌ ഡ്രിങ്കിന്റെ പൊടി അല്‍പം ചേര്‍ത്തു മണവും രുചിയും മെച്ചപ്പെടുത്തുന്നതില്‍ തെറ്റില്ല.
15. പരസ്യങ്ങളുടെയും ഇത്തരം കമ്പനികളുടെ അവകാശവാദങ്ങളുടെയും സ്വാധീനവലയത്തില്‍പ്പെട്ട്‌ ഉയര്‍ന്ന വില കൊടുത്ത്‌ ഇവയൊന്നും വാങ്ങി കഴിക്കുന്നതുകൊണ്ടു നല്ല സമീകൃതാഹാരം കഴിക്കുന്നതില്‍ കൂടുതല്‍ മെച്ചമൊന്നും കിട്ടാനില്ലെന്നും മനസിലാക്കുക.

16. കുട്ടികള്‍ക്കു ഭക്ഷണം കൊടുക്കുന്ന ആള്‍ക്ക്‌ ഏതെങ്കിലും ഭക്ഷണത്തോടു മടുപ്പുണ്ടെങ്കില്‍ അതു കുട്ടിയുടെ മുന്നില്‍വച്ചു കാണിക്കരുത്‌.
17. വ്യത്യസ്‌തങ്ങളായ പാചകരീതികള്‍ ഭക്ഷണത്തിനു വൈവിധ്യം നല്‍കുമെന്നോര്‍ക്കുക.
18. ചൂട്‌ നിലനിര്‍ത്താന്‍ കഴിവുള്ളതരം ലഞ്ച്‌ ബോക്‌സുകളില്‍ ഭക്ഷണം കൊടുത്തയയ്‌ക്കാന്‍ ശ്രദ്ധിക്കുക. തണുത്തു മരവിച്ച ഉച്ചഭക്ഷണം കുട്ടികളില്‍ വിരക്‌തി ഉണ്ടാക്കും.
19. ചായ, കാപ്പി എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
20. ഭക്ഷണത്തോടൊപ്പം തിളപ്പിച്ചാറ്റിയ വെള്ളം, ചുക്കുവെള്ളം, ജീരകവെള്ളം, പതിമുകം ചേര്‍ത്ത ദാഹശമനി ഇവയിലേതെങ്കിലും വൃത്തിയായി കഴുകിയ കുപ്പിയില്‍ കൊടുത്തയയ്‌ക്കുക. മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്, വയറിളക്കം മുതലായ രോഗങ്ങളുടെ പ്രധാന കാരണം മലിനജലമാണെന്നറിയുക.

21. രാവിലെ കഴിച്ച അതേ ബ്രേക്ക്‌ ഫാസ്‌റ്റ് തന്നെ ഉച്ചയ്‌ക്കും കൊടുത്തയയ്‌ക്കുന്നതു കുട്ടിയില്‍ ഭക്ഷണത്തോടു മടുപ്പുണ്ടാക്കും.
22. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പാല്‍ എന്നിവ ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
23 കഴിവതും പുതിയ ഭക്ഷണസാധനങ്ങള്‍ മാത്രം കൊടുക്കുക. ഫ്രിഡ്‌ജില്‍ വച്ചു പഴകിയതും വീണ്ടും വീണ്ടും ചൂടാക്കിയെടുക്കുന്നതുമായ ഭക്ഷ്യവസ്‌തുക്കള്‍ മുതിര്‍ന്നവര്‍ക്കു പോലും നല്ലതല്ല.
24. പപ്പടം, അച്ചാറുകള്‍, കൊണ്ടാട്ടങ്ങള്‍ എന്നിവയുടെയൊക്കെ ഉപയോഗം വളരെയധികം പരിമിതപ്പെടുത്തുക.
25. കുട്ടികള്‍ക്കു ഭക്ഷണത്തോടുള്ള താല്‍പര്യം വര്‍ധിപ്പിക്കാന്‍ ഏതൊരു ഭക്ഷ്യവസ്‌തുവിന്റെയും കൂടെ പഞ്ചസാര, ജാം, സോസ്‌, കൊച്ച്‌ അപ്പ്‌ മുതലായവ കൊടുക്കുന്ന ശീലം ചില അമ്മമാര്‍ക്കെങ്കിലും ഉണ്ട്‌. ഇതു പ്രോത്സാഹിപ്പിക്കാവുന്നതല്ല.

26. നാലുമണിപ്പലഹാരമായി ബേക്കറി സാധനങ്ങള്‍ കൊടുക്കുന്നതു പരമാവധി ഒഴിവാക്കുക. ബിസ്‌ക്കറ്റ്‌, വറവുപലഹാരങ്ങള്‍ എന്നിവയിലൊക്കെ എണ്ണ, കൊഴുപ്പ്‌, പഞ്ചസാര, നിറവും മണവും നല്‍കാനുള്ള കൃതിമ വസ്‌തുക്കള്‍, ഉയര്‍ന്ന കലോറി എന്നിവ അടങ്ങിയിരിക്കുന്നു.
27. ഭക്ഷണകാര്യങ്ങളിലെ അനാരോഗ്യകരമായ പ്രവണതകളെക്കുറിച്ച്‌ അല്‍പം മുതിര്‍ന്ന കുട്ടികളില്‍ ശരിയായ രീതിയിലുള്ള ബോധവത്‌കരണം നടത്തേണ്ടതു മാതാപിതാക്കളുടെയും സ്‌കൂള്‍ അധികൃതരുടെയും കടമയാണ്‌.


കുട്ടികളിലെ ചുമ തടയാം ശ്വാസകോശ രോഗങ്ങളും

പനിയോടൊപ്പം കുട്ടികളില്‍ പലപ്പോഴും കണ്ടുവരുന്ന മറ്റൊരു പ്രശ്‌നമാണ്‌ ചുമയും കഫക്കെട്ടും. ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിച്ച്‌ മരണംവരെ സംഭവിക്കാന്‍ ഈ ചുമ കാരണമാകുന്നു.

അമ്മമാര്‍ക്കുള്ള ഏറ്റവും വലിയ ആകുലതയാണ്‌ കുഞ്ഞുമക്കള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍. കാലാവസ്‌ഥ മാറുമ്പോള്‍, ആഹാര കാര്യങ്ങളില്‍ വ്യത്യാസമുണ്ടാകുമ്പോള്‍, കാറ്റു തട്ടുമ്പോള്‍, വെയിലടിക്കുമ്പോള്‍ അങ്ങനെ മുതിര്‍ന്നവരേക്കാള്‍ വേഗം കുഞ്ഞുങ്ങള്‍ അസുഖത്തിന്റെ പിടിയിലാകുന്നു.

പനിയോടൊപ്പം കുട്ടികളില്‍ പലപ്പോഴും കണ്ടുവരുന്ന മറ്റൊരു പ്രശ്‌നമാണ്‌ ചുമയും കഫക്കെട്ടും. ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിച്ച്‌ മരണംവരെ സംഭവിക്കാന്‍ ഈ ചുമ കാരണമാകുന്നു.

കുഞ്ഞുങ്ങള്‍ക്ക്‌ ശ്രദ്ധവേണം

ശ്വാസകോശ രോഗങ്ങള്‍ സാധാരണയായി സൂക്ഷ്‌മാണുക്കളില്‍ നിന്ന്‌ അതായത്‌ റാസ്‌പിറേറ്ററി, സിന്‍സിറ്റല്‍ വൈറസ്‌, മെറ്റാ ന്യൂമോണോ വൈറസ്‌, ഇന്‍ഫ്‌ളൂവന്‍സി വൈറസില്‍ നിന്നാണ്‌ ഉണ്ടാകുന്നത്‌.

ജനിച്ച്‌ രണ്ടോ മൂന്നോ മാസം വരെ പ്രായമായ ചെറിയ കുഞ്ഞുങ്ങള്‍ക്ക്‌ അമ്മയുടെ ശരീരത്തില്‍ നിന്ന്‌ രക്‌തത്തിലൂടെയും മുലപ്പാലിലൂടെയും ലഭിച്ച ആന്റിബോഡികളുടെ സഹായംകൊണ്ട്‌ സാധാരണയായുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന്‌ രക്ഷപെടാന്‍ സാധിക്കും. എന്നാല്‍ ആ കാലഘട്ടത്തിന്‌ ശേഷം രോഗാണുക്കളെ നിര്‍വീര്യമാക്കാന്‍ മരുന്നുകള്‍ നല്‍കേണ്ടിവരും.

ജലദോഷപ്പനികളോടൊപ്പമാണ്‌ സാധാരണയായി ചുമ കാണപ്പെടാറ്‌. സാധാരണഗതിയില്‍ അസുഖം വരുമ്പോള്‍ രണ്ടുമൂന്നു ദിവസംകൊണ്ട്‌ തനിയെ കുറയും.

എന്നാല്‍ പനി കുറയാതെ കഠിനമായ പനി, ശ്വാസംമുട്ടല്‍, ചുമ, ഛര്‍ദി, പാല്‌ കുടിക്കാന്‍ മടി, മയക്കം, ഉന്മേഷക്കുറവ്‌ എന്നിവ കണ്ടാല്‍ അത്‌ ന്യൂമോണിയയുടെ ലക്ഷണമായി കണ്ട്‌ എത്രയുംവേഗം ഡോക്‌ടറെ കാണിക്കേണ്ടതാണ്‌.

കുട്ടികളെ അപകടകരമാംവിധം ബാധിക്കുന്ന മറ്റൊരു രോഗമാണ്‌ വില്ലന്‍ചുമ. കൃത്യമായി വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്കാണ്‌ വില്ലന്‍ചുമ വരാന്‍ സാധ്യത കൂടുതല്‍. ജലദോഷത്തോടൊപ്പമുണ്ടാകുന്ന ചുമ ക്രമേണ കൂടി ചുമച്ചുചുമച്ച്‌ ശ്വാസം നിന്നുപോകുന്ന അവസ്‌ഥയാണ്‌ വില്ലന്‍ചുമയുടെ ലക്ഷണം.

ശ്വാസകോശരോഗങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു

1. ജനനസമയത്തുള്ള തൂക്കക്കുറവ്‌
2. പ്രസവസമയത്തെ അരക്ഷിതാവസ്‌ഥ (പ്രസവസമയത്ത്‌ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍മൂലം കുട്ടിയെ വെന്റിലേറ്ററിലോ മറ്റോ കിടത്തേണ്ടതുപോലുള്ള അവസ്‌ഥകള്‍).

3. മാസം തികയാതെയുള്ള പ്രസവിക്കല്‍
4. മുലപ്പാല്‍ നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ (കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം മുലപ്പാലാണ്‌ ആദ്യത്തെ പ്രതിരോധമരുന്ന്‌. മുലപ്പാലില്‍ രോഗങ്ങളെ ചെറുക്കാന്‍ കഴിയുന്ന ധാരാളം ആന്റിബോഡികള്‍ അടങ്ങിയിട്ടുണ്ട്‌. ഈ പ്രതിരോധം ലഭിക്കാതെ വരുമ്പോള്‍ പലവിധത്തിലുള്ള രോഗാവസ്‌ഥകളും കുട്ടികളില്‍ പ്രത്യക്ഷപ്പെടാം).

5. കുടുംബത്തിലെ വൃത്തിഹീനമായ അന്തരീക്ഷം (വീടും പരിസരവും വൃത്തിയും വെടിപ്പുമായി സൂക്ഷിക്കാതിരുന്നാല്‍ പൊടിയും മാലിന്യങ്ങളും കൊണ്ട്‌ കുട്ടികള്‍ക്ക്‌ നിരന്തരമായി ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാം).

6. വീടുകള്‍ വെളിച്ചവും വായൂസഞ്ചാരവുമില്ലാതെയിടുമ്പോള്‍ ഈര്‍പ്പം തങ്ങിനിന്ന്‌ അണുക്കള്‍ വ്യാപിക്കുന്നു.
7. പുകവലിക്കാന്‍ ഉള്ള വീടുകളില്‍ കുഞ്ഞുങ്ങള്‍ക്ക്‌ എപ്പോഴും ചുമയും ശ്വാസകോശസംബന്ധമായ രോഗങ്ങളുമുണ്ടാകുന്നു. മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികളില്‍ ഇതുമൂലം ധാരാളം അസ്വസ്‌ഥതകള്‍ വരാന്‍ സാധ്യതയുണ്ട്‌. അടുക്കളയില്‍ നിന്നുള്ള പുകയും കുട്ടികളില്‍ ചുമയും ശ്വാസകോശ തകരാറും ഉണ്ടാക്കുന്നു.

8. വലിയ കുട്ടികളില്‍ നിന്നും ചെറിയ കുട്ടികളിലേക്കുള്ള രോഗം പകരല്‍ (സ്‌കൂളുകളിലും ഡേ കെയറിലും മറ്റും പോകുന്ന മുതിര്‍ന്ന കുട്ടികള്‍ക്ക്‌ രോഗം ബാധിക്കുമ്പോള്‍ അത്‌ വീട്ടിലെ മറ്റ്‌ കുട്ടികളിലേക്കും പകരാം).

9. ധാരാളം ആളുകള്‍ ഒന്നിച്ച്‌ താമസിക്കുന്ന തിങ്ങിനിറഞ്ഞ അന്തരീക്ഷത്തില്‍ രോഗാണുക്കള്‍ പകരാന്‍ സാധ്യത ഏറെയാണ്‌.
10. തുമ്മുകയും ചമയ്‌ക്കുകയും ചെയ്യുമ്പോള്‍

ചുമ വരാതിരിക്കാന്‍

1. രോഗം വന്ന രോഗിയെ പ്രത്യേകം പരിരക്ഷിക്കേണ്ടതാണ്‌. തുമ്മുകയും ചുമയ്‌ക്കുകയും ചെയ്യുമ്പോള്‍ മൂക്കും വായും പൊത്തുന്ന ശീലത്തെക്കുറിച്ച്‌ കുട്ടികളെ ബോധവാന്മാരേക്കണ്ടതാണ്‌.

2. പനിയോ ചുമയോ ഉള്ളവര്‍ അത്‌ കുറയുന്നത്‌ വരെ കുഞ്ഞുങ്ങളുമായി കഴിയുന്നതും അടുത്തിടപഴകാതിരിക്കുക.
3. കൈകള്‍ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകാനും ടൗവ്വലുകള്‍ അതാത്‌ സമയത്ത്‌ മാറ്റി കഴുകി ഉപയോഗിക്കാനും കുട്ടികളെ ശീലിപ്പിക്കുക.
4. വായൂസഞ്ചാരമുള്ളതും സൂര്യപ്രകാശം കയറുന്ന തരത്തിലുള്ളതുമായ രീതിയില്‍ വീടുകള്‍ ഒരുക്കുക, അപ്പോള്‍ രോഗാണുക്കള്‍ പെരുകുന്നത്‌ തടയാന്‍ കഴിയും.
5. കുട്ടികളെ എപ്പോഴും വീട്ടില്‍ അടച്ചുപൂട്ടിയിടാതെ സ്വതന്ത്രരായി വിടാന്‍ ശ്രദ്ധിക്കുക.

6. ശ്വസനേന്ദ്രയത്തിലെ കോശങ്ങള്‍ക്ക്‌ തകരാറ്‌ സംഭവിച്ചാല്‍ പുതിയ കോശങ്ങള്‍ ഉണ്ടായിവരാന്‍ താമസിക്കും. ആ കാലയളവില്‍ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്‌. അപ്പോഴാണ്‌ രോഗിക്ക്‌ പരിചരണം ഏറെ ആവശ്യം.

7. പുകവലിക്കാര്‍ ഉള്ള വീടുകളിലെ കുട്ടികള്‍ക്ക്‌ ശ്വാസകോശരോഗങ്ങള്‍ വരാന്‍ സാധ്യത ഉള്ളതിനാല്‍ വീടിനുള്ളിലെ പുകവലി ഒഴിവാക്കണം. പുകവലിക്കുന്നവരേപ്പോലെ തന്നെ ആ പുക ശ്വസിക്കുന്നവരേയും അത്‌ ദോഷകരമായി ബാധിക്കും.

8. കൃത്യമായി കുഞ്ഞുങ്ങള്‍ക്ക്‌ വാക്‌സിനുകള്‍ എടുക്കാന്‍ ശ്രദ്ധിക്കുക. ശ്വാസകോശരോഗങ്ങള്‍ക്ക്‌ പ്രത്യേകതരം വാക്‌സിനുകള്‍ ലഭ്യമാണ്‌. നിലവിലുള്ള വാക്‌സിനുകള്‍ കൂടാതെ ചിലവ്‌ കൂടുതലാണെങ്കിലും ഡോക്‌ടറോട്‌ ചോദിച്ച്‌ അനുയോജ്യമായ മറ്റ്‌ വാക്‌സിനുകള്‍ എടുക്കുന്നത്‌ രോഗത്തെ തടയും. (ഹിബ്‌ വാക്‌സിന്‍, ന്യൂമോകൊകൈ വാക്‌സിന്‍, ഇന്‍ഫ്‌ളുവന്‍സാ വൈറസ്‌ വാക്‌സിന്‍ ഇവ ഫലപ്രദമാണ്‌).

9. സ്‌കൂളുകളിലും ഡേകെയറുകളിലൂടെയും മറ്റും രോഗം പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. അതിനുവേണ്ടി പ്രത്യേകം ഡോക്‌ടറെ ഏര്‍പ്പെടുത്തുകയോ, സ്‌കൂളുകളോടനുബന്ധിച്ച്‌ രോഗമുള്ള കുട്ടികളെ പരിചരിക്കാന്‍ 'സിക്ക്‌ റൂം' പോലെയുള്ള സംവിധാനങ്ങളോ ഏര്‍പ്പെടുത്താം.

10. നല്ല പോഷകാഹാരം നല്‍കുകയും ധാരാളം വെള്ളം കുടിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

ഡോ. ഷാജഹാന്‍

മെഡിക്കല്‍ കോളജ്‌, ആലപ്പുഴ

കുട്ടിക്കളി അല്ലാതാകുന്ന വീഡിയോ ഗെയിമുകള്‍

വീഡിയോ ഗെയിമിന്‌ അടിമയായ കുട്ടിയില്‍ ക്രമേണ മാറ്റങ്ങള്‍ കണ്ടുവരും. സ്വഭാവത്തില്‍ ഈ മാറ്റങ്ങള്‍ പ്രകടമാവും. മറ്റുകുട്ടികളുമായി വഴക്കുണ്ടാക്കുക, ഉപദ്രവിക്കുക, വീഡിയോ ഗെയിമിലെ നായക കഥാപാത്രത്തോട്‌ കടുത്ത ആരാധന പ്രകടിപ്പിക്കുക, ആ കഥാപാത്രത്തെപ്പോലെ പെരുമാറുക, കൂട്ടുകാര്‍ക്കിടയില്‍ ആ കഥാപാത്രമാവുക തുടങ്ങിയവയൊക്കെ ഗെയിം അഡിക്ഷന്റെ ലക്ഷണങ്ങളാണ്‌.

മാതാപിതാക്കള്‍ ജോലിത്തിരക്കില്‍ പരക്കം പായുന്നു. ഇതിനിടയില്‍ കുഞ്ഞിനെ ശ്രദ്ധിക്കാന്‍ കഴിയാതെ വരുമ്പോള്‍, സ്വാഭാവികമായും കുട്ടികളെ അവരുടെ താല്‍പര്യത്തിന്‌ വിടും.

പുതിയ തലമുറയില്‍പ്പെട്ട മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ അടങ്ങിയിരിക്കാനും അവരുടെ വഴക്കും പിടിവാശിയും കുറയ്‌ക്കാനുമായി കുട്ടികളെ വീഡിയോ ഗെയിമിന്‌ അനുവദിക്കുന്നു.

അരമണിക്കൂര്‍ കൊണ്ട്‌ ഒരു കുട്ടി പോലും കളി അവസാനിപ്പിക്കുന്നില്ല എന്നതാണ്‌ വാസ്‌തവം. ഇങ്ങനെ കളിയുടെ സമയം നീണ്ടു പോകുന്നു. ഒരു ദിവസം മൂന്ന്‌, നാലു മണിക്കൂറോ അതില്‍ കൂടുതലോ സമയം നിങ്ങളുടെ കുട്ടി വീഡിയോ ഗെയിം കളിക്കുന്നുവെങ്കില്‍ അവന്‍ അല്ലെങ്കില്‍ അവള്‍ അതിന്‌ അടിമയാണ്‌.

അവന്‍ അവിടെ മര്യാദയ്‌ക്ക് ഇരിക്കുവല്ലേ

വീഡിയോ ഗെയിം കളിക്കുന്ന കുട്ടി അവിടെ മര്യാദയ്‌ക്ക് തന്നെയാണ്‌ ഇരിക്കുന്നത്‌. ആ ഇരിപ്പില്‍ മാത്രമേ മര്യാദ കാണൂ എന്നേ ഉള്ളൂ. നിങ്ങളുടെ മകന്റെ ഇളം മനസിനെ ക്രൂരതയുടെ കാഠിന്യത്തിലേയ്‌ക്ക് എത്തിക്കാന്‍ ആ ഒരു ഇരിപ്പും കളിയും മാത്രം മതി.

വളര്‍ച്ചയുടെ പാതയില്‍ കുഞ്ഞുങ്ങളുടെ മനസില്‍ പതിയുന്നതെന്തോ അതായിത്തീരും ഭാവിയില്‍ അവര്‍. കുരുന്നു മനസുകള്‍ വീഡിയോ ഗെയിമിനു മുന്നില്‍ സ്വയം മറന്ന്‌ മണിക്കൂറുകള്‍ ചെലവഴിക്കുമ്പോള്‍ അവര്‍ ഭാവിയിലെ കുറ്റവാളികള്‍ ആയിക്കൊണ്ടിരിക്കുകയാണ്‌.

അതിനുള്ള ട്രെയിനിങ്‌ ആണ്‌ അവര്‍ക്കവിടെ കിട്ടിക്കൊണ്ടിരിക്കുന്നത്‌. മര്യാദ ഇല്ലാത്ത കുട്ടിക്രിമിനലുകളായി അവര്‍ അവരറിയാതെ മാറുകയാണ്‌.

കത്തിക്കുത്തും, ഷൂട്ടും, ഇന്‍ജുറീസും എല്ലാം കണ്ടു വളരുന്ന കുഞ്ഞിന്റെ മനസില്‍ മനുഷ്യജീവന്‍ ഒരു കത്തി മുനയില്‍ തീരാനുള്ളതാണെന്ന തെറ്റായ ചിന്ത ഉടലെടുക്കുന്നു. കൊലപാതകികളും പിടിച്ചു പറിക്കാരുമായി അവര്‍ മാറുന്നു.

കുട്ടികളെക്കൊണ്ടുള്ള ശല്യം ഒഴിവായി എന്ന ചിന്തയില്‍ മതാപിതാക്കള്‍ പലപ്പോഴും അവരെ വീഡിയോ ഗെയിം കളിയില്‍ നിന്നു ബോധപൂര്‍വ്വം പിന്തിരിപ്പിക്കാറില്ല. ഇങ്ങനെ കുട്ടികളെ മനഃപൂര്‍വം എന്‍ഗേജ്‌ഡ് ആക്കുമ്പോള്‍ ഒരുകാര്യം ഓര്‍ക്കുക നിങ്ങള്‍ക്ക്‌ ഒരത്യാവശ്യ ഘട്ടം വരുമ്പോഴും അവര്‍ എന്‍ഗേജ്‌ഡ് ആയിരിക്കും.

അപ്പോള്‍ കുട്ടികളെ കുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ല. കുഞ്ഞുനാളില്‍ അച്‌ഛനും അമ്മയും കാണിച്ചു കൊടുത്ത വഴിയിലൂടെയാണ്‌ അവര്‍ സഞ്ചരിക്കുന്നത്‌.

ചില വീഡിയോ ഗെയിമുകളില്‍ സ്‌ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്നു. സ്‌ത്രീ സെക്‌സിനുള്ള ഒരു ഉപാധി മാത്രമാണെന്ന തെറ്റായ അറിവാണ്‌ അതിലൂടെ കുഞ്ഞുങ്ങള്‍ക്ക്‌ ലഭിക്കുക.

ഉറങ്ങിയ വീടും കളിചിരികള്‍ നിറഞ്ഞ വീടും

രാവെന്നും പകലെന്നും വിത്യാസമില്ലാതെ വീഡിയോ ഗെയിം കളിച്ചുക്കൊണ്ടിരിക്കുന്ന കുട്ടികളുള്ള വീട്‌ ഉറങ്ങിയ വീടാകും. ഇത്തരം കുട്ടികളില്‍ പഠനത്തിനുള്ള താത്‌പര്യകുറവ്‌, മടി, അലസത, ഏകാഗ്രത കുറവ്‌, വിഷാദം, അമിത വണ്ണം, കണ്ണിനു പ്രശ്‌നങ്ങള്‍, തലവേദന എന്നിവ കണ്ടു വരുന്നു.

കൂടാതെ ഇവര്‍ക്ക്‌ ഹൈ ബ്ലഡ്‌ പ്രഷര്‍, പ്രമേഹം എന്നിവ വരാനുള്ള സാധ്യതയും ഇരട്ടിയാണ്‌. കുട്ടികള്‍ ഓടിക്കളിച്ച്‌ തന്നെ വളരണം. ഒരേ സ്‌ഥലത്ത്‌ മണിക്കൂറുകള്‍ ഇരിക്കുന്നത്‌ മുതിര്‍ന്നവര്‍ക്ക്‌ മാത്രമല്ല കുട്ടികള്‍ക്കും ദോഷം ചെയ്യും.

കുട്ടികള്‍ ഓടിക്കളിച്ച്‌ വളരുന്ന ഭവനങ്ങള്‍ കളിചിരികള്‍ നിറഞ്ഞതായിരിക്കും. കുട്ടികള്‍ നല്ല വഴിയില്‍ സഞ്ചരിക്കാന്‍ മാതാപിതാക്കള്‍ എറെ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു. വീഡിയോ ഗെയിമിനു പരിധി നിശ്‌ചയിക്കുക.

ആഴ്‌ചയില്‍ ഒരു ദിവസമോ, അല്ലെങ്കില്‍ വല്ലപ്പോഴുമൊരിക്കലോ ആയി വീഡിയോ ഗെയിം കളിക്കുന്നത്‌ കുറയ്‌ക്കുക. അവരെ മറ്റ്‌ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ അനുവദിക്കുക.

ചെറുപ്പകാലത്തെ ശീലം

ലഹരിവസ്‌തുക്കള്‍ക്ക്‌ അടിമപ്പെട്ടവരുടെ തലേേച്ചാറിലുണ്ടാകുന്നപോലുള്ള രാസവ്യതിയാനം ഗെയിം അഡിക്‌ട് ഉള്ളവരിലും കണ്ടുവരുന്നു. നല്ല ശീലങ്ങള്‍ കുട്ടികളില്‍ ചെറുപ്പത്തില്‍ തന്നെ വളര്‍ത്തുക.

അവരോട്‌ സൗഹൃദ മനോഭാവത്തില്‍, ബോറടിപ്പിക്കാതെ സംസാരിക്കാനും പെരുമാറാനും മാതാപിതാക്കള്‍ക്ക്‌ സാധിക്കണം. അതിനു സാധിച്ചാല്‍ കുട്ടികള്‍ വീഡിയോ ഗെയിമിന്റെയോ മറ്റൊന്നിന്റെയും പുറകേ പോവില്ല.

കുഞ്ഞുങ്ങള്‍ക്ക്‌ ആവോളം സ്‌നേഹം പകര്‍ന്നു നല്‍കാന്‍ കഴിയണം. ജോലിക്കു പോകുന്നവര്‍ പോകേണ്ടാ എന്ന്‌ പറയാന്‍ കഴിയില്ലല്ലോ. വീട്ടില്‍ ഉള്ളപ്പോള്‍ കുട്ടികള്‍ക്ക്‌ വേണ്ടി സമയം കണ്ടെത്തുക എന്നതാണ്‌ പ്രധാനം.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:

ഡോ. സിന്ധു അജിത്‌

ചൈല്‍ഡ്‌ സൈക്കോളജിസ്‌റ്റ്, കൊച്ചി


കുട്ടികളിലെ തലവേദന നിസാരമാക്കരുത്‌

വേദന അറിയാനുള്ള ഞരമ്പുകള്‍ ഇല്ലാത്തതിനാല്‍ തലച്ചോറിനു വേദന അനുഭവപ്പെടാറില്ല. തലച്ചോറിനെ പൊതിയുന്ന പാടകള്‍-മെനിന്‍ജെസ്‌ തുടങ്ങി തൊലി വരെയുള്ള എല്ലാ ഭാഗത്തിനും വേദന അറിയാന്‍ കഴിവുണ്ട്‌. തലച്ചോറിനുള്ളില്‍ വളരുന്ന മുഴകള്‍, രക്‌തവാതം എന്നിവ കൊണ്ടു വേദനയുണ്ടാകുന്നതു തലയോട്ടിക്കുള്ളിലെ മര്‍ദം കൂടുന്നതുകൊണ്ടും ഞരമ്പുകള്‍ വലിയുന്നതുകൊണ്ടുമാണ്‌. കുട്ടികളില്‍ സാധാരണ കാണുന്ന തലവേദനകള്‍ ഇവയാണ്‌.കുട്ടികളിലെ തലവേദനയ്‌ക്ക് കാരണങ്ങള്‍ പലതാണ്‌. ലക്ഷണങ്ങള്‍ നിസാരമാക്കാതെ പരിശോധനയിലൂടെ യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാം

മുതിര്‍ന്നവരില്‍ ഉണ്ടാകുന്നത്ര സാധാരണമല്ലെങ്കിലും കുട്ടികളിലും തലവേദന വരാറുണ്ട്‌. രണ്ടുവയസില്‍ താഴയുള്ള കുട്ടികളാണെങ്കില്‍ പലപ്പോഴും അവര്‍ക്കതു പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാറില്ല. അസ്വസ്‌ഥതയും കരച്ചിലുമാണു കാണപ്പെടുക. തലവേദന പ്രധാനമായും രണ്ടുതരമാണ്‌. ഒന്ന്‌ പെട്ടന്നുണ്ടാകുന്ന തലവേദന, രണ്ടു നീണ്ടകാലമായുള്ള തലവേദന. ഇതു ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്‌ചകള്‍ നീണ്ടുനില്‍ക്കുന്നതാവാം. അല്ലെങ്കില്‍ വരികയും പോവുകയും ചെയ്യുന്നതാവാം.

പനിയും തലവേദനയും

ഏതു പനിയും പ്രത്യേകിച്ചു നിസാരമായ വൈറല്‍ പനികളില്‍ പോലും തലവേദന വരാം. കൈകാല്‍ വേദന, ശരീരവേദന എന്നതുപോലെ തലയ്‌ക്കു മൊത്തമായോ നെറ്റിയിലോ ആകാം വേദന. പാരസെറ്റമോള്‍ ഗുളികകൊണ്ട്‌ ഇതു കുറയുകയും ചെയ്യും. പനി കുറഞ്ഞിരിക്കുമ്പോള്‍ തലവേദന ഉണ്ടാവുകയുമില്ല. ഇത്തരം വേദന പനി മാറുന്നതോടൊപ്പം മാറുന്നു. സാധാരണ മൂന്നുനാലു ദിവസത്തില്‍ കൂടുതല്‍ ഇവ നീണ്ടുനില്‍ക്കാറില്ല.

തലച്ചോറിലെ അണുബാധ

മെനിഞ്‌ജൈറ്റിസ്‌ (തലച്ചോറിനെ പൊതിയുന്ന പാടയായ മെനിഞ്‌ജസിനുണ്ടാകുന്ന രോഗാണുബാധ) രോഗത്തിന്റെ ഒരു പ്രധാന ഘടകമാണു തലവേദന. പനി, തലവേദന, ഛര്‍ദി ഈ രോഗലക്ഷണങ്ങള്‍ ഒന്നിച്ചുണ്ടായാല്‍ മെനിഞ്‌ജൈറ്റിസ്‌ ആണെന്നു സംശയിക്കാം. സാധാരണ വൈറല്‍ പനിയും ഇതേ രോഗലക്ഷണങ്ങളാല്‍ ഉണ്ടായിക്കൂടന്നില്ല. എന്നാല്‍, അതിനു തീവ്രത കുറവായിരിക്കും.

തലച്ചോറിനു രോഗാണുക്കളുടെ ആക്രമണം ഉണ്ടാകുമ്പോഴും (എന്‍സഫലൈറ്റിസ്‌) ഇതേ രോഗലക്ഷണങ്ങള്‍ വരാം. മയക്കം, കോടല്‍ തുടങ്ങിയ രോഗലക്ഷണങ്ങളും ഈ രോഗങ്ങള്‍ക്കുണ്ടാകാം. ഈ രണ്ടു രോഗങ്ങളും കുട്ടികള്‍ക്കു വരുന്ന ഗുരുതരമായ രോഗങ്ങളില്‍ പെടുന്നവയാണ്‌. ബാക്‌ടീരിയ, വൈറസ്‌, പ്രോട്ടോസോവ തുടങ്ങി പലവിധ രോഗാണുക്കളാല്‍ ഈ രോഗങ്ങള്‍ വരാം. അതില്‍ ബാക്‌ടീരിയ ഉണ്ടാക്കുന്ന മെനിഞ്‌ജൈറ്റിസും വൈറസുകള്‍ ഉണ്ടാക്കുന്ന എന്‍സഫലൈറ്റിസുമാണു ഗുരുതരമാകാറുള്ളത്‌. ഇവയില്‍ പല രോഗങ്ങളേയും വാക്‌സിനുകള്‍ കൊണ്ടു പ്രതിരോധിക്കാനാകും.

കാഴ്‌ചക്കുറവ്‌

ഹ്രസ്വദൃഷ്‌ടി തുടങ്ങിയ കാഴ്‌ചയ്‌ക്ക് പ്രശ്‌നമുണ്ടാക്കുന്ന രോഗങ്ങളില്‍ തലവേദന വരാവുന്നതാണ്‌. കൂടുതല്‍ ബുദ്ധിമുട്ടി കാഴ്‌ച ശരിയാക്കാന്‍ ശ്രമിക്കുന്നത്‌ കൊണ്ടാണ്‌ തലവേദന ഉണ്ടാകുന്നത്‌ (കണ്ണിന്‌ ഉണ്ടാകുന്ന ആയാസം) അധികസമയം ടി.വി. കാണുക, കംപ്യൂട്ടറിനു മുന്നില്‍ ചിലവഴിക്കുക ഇവയൊക്കെ തലവേദനയ്‌ക്ക് കാരണമാണ്‌.

വൈകുന്നേരം വീട്ടില്‍ വരുമ്പോള്‍ തലവേദനയാണെന്ന്‌ പറയുന്ന കുട്ടി വിശ്രമിക്കുമ്പോള്‍ വേദന മാറുന്നു. പിറ്റേദിവസം സ്‌കൂളില്‍ പോയി വരുമ്പോള്‍ ഇതേ വേദന ആവര്‍ത്തിക്കുന്നു. കാഴ്‌ചയിലുണ്ടാകുന്ന ബുദ്ധിമുട്ടാണിത്‌. പുസ്‌തകങ്ങള്‍ സാധാരണയിലും അടുപ്പിച്ച്‌ വായിക്കുക, ടി.വി. അടുത്ത്‌ പോയിരുന്നു കാണുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ കണ്ണ്‌ പരിശോധന അത്യാവശ്യമാണ്‌.

തലച്ചോറിലെ ട്യൂമര്‍

തലച്ചോറിന്റെ സ്‌ഥലം അപഹരിക്കുന്ന വിധത്തിലുള്ള മുഴകള്‍ ഉണ്ടായാല്‍ വേദന വരുന്നത്‌ പ്രത്യേക തരത്തിലാണ്‌. വെളുപ്പിനെയാണ്‌ വേദന തോന്നാറ്‌. ഉറങ്ങുന്ന കുട്ടി വെളുപ്പിനു നാലുമണിക്കുശേഷം തലവേദനയോടെ ഉണരുന്നു, ഛര്‍ദ്ദിക്കുന്നു, തലവേദന കുറഞ്ഞ്‌ വീണ്ടും ഉറങ്ങുന്നു. പിന്നീടുള്ള ദിവസങ്ങളിലും ഇത്‌ ആവര്‍ത്തിച്ചാല്‍ സി.റ്റി., എം.ആര്‍.ഐ. തുടങ്ങിയ പരിശോധനകളിലൂടെ രോഗം സ്‌ഥിരീകരിക്കാം.


രക്‌തസമ്മര്‍ദം

കുട്ടികളില്‍ സാധാരണവരാവുന്ന രോഗമാണിത്‌. തലവേദന ചില അവസരങ്ങളില്‍ രോഗലക്ഷണമായി തീരാറുണ്ട്‌.

പരിശോധനകള്‍

ശരിയായ രോഗവിവരങ്ങള്‍ ചോദിച്ചറിയുന്നതിലൂടെ നല്ലൊരളവുവരെ രോഗനിര്‍ണയം സാധ്യമാണ്‌. ദേഹപരിശോധനയും പലപ്പോഴും രോഗനിര്‍ണയത്തെ സഹായിക്കും. കണ്ണിന്‌ താഴെ തകരാറുണ്ടെന്നുള്ള സംശയം ഉണ്ടായാല്‍ നേത്രരോഗ വിദഗ്‌ദ്ധന്റെ സഹായം ആവശ്യമായി വരാം. ചെറിയൊരു ഛര്‍ദ്ദിയോ ഒരുദിവസം തലവേദനയോ ഉണ്ടായാല്‍ ഉടനെ പരിശോധനകളുടെ ആവശ്യമില്ല.

എന്നാല്‍ തലച്ചോറിന്‌ രോഗാണുബാധയുണ്ടെന്ന്‌ സംശയം തോന്നിയാല്‍ നട്ടെല്ല്‌ കുത്തി വെള്ളമെടുത്തുള്ള പരിശോധന അത്യാവശ്യമായി വരും. പലര്‍ക്കും നട്ടെല്ല്‌ കുത്തുന്നതിലുള്ള ഭയംകൊണ്ട്‌ താമസം വരുത്തുന്നത്‌ അഭികാമ്യമല്ല. നട്ടെല്ല്‌ കുത്തുന്നതിന്‌ ചില ദോഷങ്ങള്‍ ഉണ്ടാകാവുന്നതാണെങ്കിലും രോഗത്തിന്റെ ഗുരുതരാവസ്‌ഥ കണക്കിലെടുക്കുമ്പോള്‍ പരിശോധന ആവശ്യവും വേഗത്തില്‍ നടത്തേണ്ടതുമാണ്‌.

ചികിത്സകള്‍

രോഗത്തിന്‌ അനുസരിച്ചാണ്‌ ചികിത്സ. ഭൂരിഭാഗം പേര്‍ക്കും വല്ലപ്പോഴും പനിയോടൊപ്പം വന്നുപോകുന്ന തലവേദനയാണുണ്ടാകുക. ഒന്നുരണ്ട്‌ ദിവസം പാരസെറ്റമോള്‍ കഴിച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളൂ. മൈഗ്രേന്‍ ആണ്‌ രോഗമെങ്കില്‍ മാസങ്ങളോളം ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്ന്‌ കഴിക്കേണ്ടി വരും. മരുന്ന്‌് കഴിച്ചാലും ഇല്ലെങ്കിലും കുറേ കാലങ്ങള്‍ കഴിയുമ്പോള്‍ കുറഞ്ഞുകുറഞ്ഞു വന്ന്‌ തനിയെ മാറിപ്പോകും എന്നതാണീ രോഗത്തിന്റെ പ്രത്യേകത.

40 വയസിനുശേഷം അപൂര്‍വമായേ വരാറുള്ളൂ. അടുപ്പിച്ചടുപ്പിച്ച്‌ വരുന്നവര്‍ക്ക്‌ മരുന്ന്‌ കഴിച്ചാല്‍ തലവദനയുടെ കടുപ്പം കുറയ്‌ക്കാം. വേദനയും ഛര്‍ദ്ദിയുമുള്ളപ്പോള്‍ രണ്ടിനും മരുന്ന്‌ ആവശ്യമാണ്‌.

മെനിഞ്‌ജൈറ്റിസ്‌, എന്‍സഫലൈറ്റിസ്‌, തലച്ചോറിലെ ട്യൂമര്‍, രക്‌താദി സമ്മര്‍ദ്ദം, അതിനോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇവയ്‌ക്കെല്ലാം യോജിച്ച വിധത്തിലുള്ള മരുന്നുകളും ശസ്‌ത്രക്രിയ വേണ്ടിടത്ത്‌ അതും ആവശ്യമാണ്‌.

രോഗവിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെയും ശരിയായ ദേഹപരിശോധനയിലൂടെയും തലവേദനയുടെ കാരണവും ഗുരുതരാവസ്‌ഥയും മനസിലാക്കാന്‍ ഡോക്‌ടര്‍ക്ക്‌ കഴിയും.

കടപ്പാട്‌:

ഡോ. എസ്‌. ലത

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top