കണ്ണില്‍ കണ്ടെതെല്ലാം അകത്താക്കുന്ന കുട്ടിപ്രായത്തില്‍ ഭക്ഷണ നിയന്ത്രണം കുട്ടികളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്.
കൃത്യമായൊരു ഭക്ഷണചിട്ട രൂപപ്പെടുത്തുകയോ, കൊഴുപ്പ് അധികം അടങ്ങിയ ആഹാര സാധനങ്ങള്‍ കുട്ടികള്‍ കഴിക്കുന്നതിനെ സനേഹപൂര്‍വം തടയുകയും ചെയ്യുക.
കുട്ടിക്കുസൃതികളെ പൊണ്ണത്തടി പിടികൂടുകയാണ്. ഇതൊരു രോഗാവസ്ഥയാണെന്ന് തിരിച്ചറിയാതെ മാതാപിതാക്കള്‍ വീണ്ടും വീണ്ടും അവരെ ബര്‍ഗറിന്റെയും സമോസയുടെയും രുചിലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.
പിന്നീട് അവന് പലവിധ ശാരീരിക പ്രശ്നങ്ങള്‍ക്കും രോഗങ്ങള്‍ക്കും കീഴ്പ്പെട്ടെന്ന് വരാം. ഇവിടെ കുട്ടിയുടെ ആഹാരരീതിക്ക് പുല്ലുവില കല്പിക്കാത്ത രക്ഷിതാക്കള്‍ തന്നെയാണ് ഉത്തരവാദികള്‍.
കുട്ടികളിലെ അമിതവണ്ണം നേരത്തേ കണ്ടെത്തി നിയന്ത്രിക്കേണ്ട ചുമതല മാതാപിതാക്കള്‍ക്കാണ്. കണ്ണില്‍ കണ്ടെതെല്ലാം അകത്താക്കുന്ന കുട്ടിപ്രായത്തില്‍ ഭക്ഷണനിയന്ത്രണം കുട്ടികളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്.
കൃത്യമായൊരു ഭക്ഷണചിട്ട രൂപപ്പെടുത്തുകയും, കൊഴുപ്പ് അധികം അടങ്ങിയ ആഹാര സാധനങ്ങള്‍ കുട്ടികള്‍ കഴിക്കുന്നതിനെ സനേഹപൂര്‍വം തടയുകയും ചെയ്യുക.
ശരീരത്തില്‍ ആവശ്യത്തിലധികം കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന അവസ്ഥയാണു പൊണ്ണത്തടി. ചില മാതാപിതാക്കള്‍ കുട്ടികളെ നിര്‍ബന്ധിച്ച് ആഹാരം കഴിപ്പിക്കാറുണ്ട്.
എത്ര ആഹാരം കൊടുത്താലും കുഞ്ഞുവയര്‍ എത്ര നിറഞ്ഞാലും വീണ്ടും കോരി വായില്‍ വച്ചുകൊടുത്ത് തീറ്റിക്കുന്നവര്‍. അവര്‍ ഒന്നു മനസിലാക്കേണ്ടതുണ്ട്. വണ്ണമല്ല ആരോഗ്യം.
മതിയായ ശാരീരിക മാനസിക പ്രവര്‍ത്തനങ്ങളിലുള്ള കുട്ടികളെ, അതവരുടെ സാധാരണ അവസ്ഥയായി വേണം കരുതാന്‍. അല്ലാതെ അവരെ തല്ലി തീറ്റി ഭാവിയിലെ പൊണ്ണത്തടിയന്മാരാക്കുകയല്ല ചെയ്യേണ്ടത്.
ആഹാരത്തിലൂടെ നമുക്ക് ലഭിക്കുന്ന ഊര്‍ജവും നാം ഉപയോഗിക്കുന്ന ഊര്‍ജവും തമ്മിലുള്ള അസന്തുലിതാവസ്ഥയാണു പ്രധാനമായും ഈ പ്രശ്നത്തിനു കാരണം.
ആവശ്യത്തിലേറെ ആഹാരം കഴിക്കുകയും വ്യായാമത്തിന് അവസരമില്ലാതിരിക്കുകയും അതുമല്ലെങ്കില്‍ ഇതു രണ്ടും ഒന്നിച്ചു സംഭവിച്ചാലും അമിത വണ്ണത്തിനു കാരണമാകാം.
അമിത വണ്ണമുണ്ടാകുന്ന അവസ്ഥയില്‍ ശരീരത്തില്‍ ധാരാളം കൊഴുപ്പ് അടിഞ്ഞുകൂടുന്നു. ഇങ്ങനെയുണ്ടാകുന്ന കൊഴുപ്പ് രക്തക്കുഴലുകളില്‍ ശേഖരിക്കപ്പെടുകയും കുട്ടി വളരുമ്പോള്‍ ഭാവിയില്‍ ഹൃദ്രോഗം ഉണ്ടാകാന്‍ കാരണമായി തീരുകയും ചെയ്യുന്നു.
രക്തസമ്മര്‍ദം കൂടുന്നതുകൊണ്ടു ഹൃദയം, കിഡ് നി എന്നിവയുടെ പ്രവര്‍ത്തനക്ഷമത കുറഞ്ഞു രോഗങ്ങള്‍ ഉണ്ടാകും. അമിത വണ്ണമുള്ള കുട്ടികളില്‍ പ്രമേഹ സാധ്യതയും ഉണ്ട്.
കൂടാതെ ഗുരുതരമായ മെറ്റബോളിക് സിന്‍ഡ്രോം എന്ന രോഗാവസ്ഥയും വരാം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകും.
ജീവിത ശൈലിയില്‍ മാറ്റം വരുത്തുകയാണ് അമിതവണ്ണം തടയാനും അമിത വണ്ണം ഉണ്ടാകാതിരിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗം. പക്ഷേ, അതു നടപ്പില്‍ വരുത്താന്‍ വളരെ ബുദ്ധിമുട്ടാണ്.
ജീവിച്ചുവന്ന ജീവിത സാഹചര്യവും രീതിയും മാറ്റിയെടുക്കാന്‍ നല്ല ഇച്ഛാശക്തി വേണം.വളരുന്ന പ്രായത്തില്‍ ആഹാരം അത്യാവശ്യം തന്നെ. അതുകൊണ്ട് ആഹാര നിയന്ത്രണം ബുദ്ധിമുട്ടാണ്.
എന്നാല്‍ വണ്ണം കുറയണമെങ്കില്‍ ആഹാരരീതി മാറ്റിയെടുത്തേ മതിയാവൂ. മാറ്റം വരുത്തിയ ആഹാരരീതിയും കൃത്യമായ വ്യായാമവും കൊണ്ടു മാത്രമേ വണ്ണം കുറയുകയുള്ളൂ.
പൊണ്ണത്തടിയുള്ള കുട്ടികളില്‍ ശാരീരിക പ്രശ്നങ്ങള്‍ കൂടാതെ മാനസിക പ്രശ്നങ്ങളും കണ്ടുവരുന്നു. അപകര്‍ഷതാ മനോഭാവം, മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ മടി, കൂട്ടുകാരുടെ പരിഹാസം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങി നിരവധി പ്രശ്നങ്ങളും അവരെ അലട്ടുന്നു. ചികിത്സയില്‍ അതിനും പ്രാധാന്യം നല്‍കേണ്ടിവരും.
കുട്ടികളില്‍ അമിത വണ്ണമുണ്ടാകാതിരിക്കാന് ജനനം മുതല്‍ മാതാപിതാക്കളുടെ ശ്രദ്ധ ആവശ്യമാണ്.
കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ ആറുമാസം മുലപ്പാല്‍ മാത്രം കൊടുക്കുക. പിന്നെ മുലപ്പാലിനോടൊപ്പം അര്‍ഥ ഖരവസ്തുക്കള്‍ (കുറുക്കുകള്) തുടര്‍ന്നു മയമുള്ള ആഹാരസാധനങ്ങള്‍ ഇഡ്ഡലി, ദോശ, നല്ലവണ്ണം വെന്ത ചോറ്, മുതലായവ നല്‍കാം.
അങ്ങനെ ഒരു വയസാകുമ്പോള്‍ വീട്ടിലുള്ളവര്‍ കഴിക്കുന്ന ആഹാരം കുഞ്ഞിന് കൊടുക്കാം. അതോടൊപ്പം മുലപ്പാല്‍ തുടരുകയും വേണം. രണ്ടു വയസു വരെ കുഞ്ഞിന്റെ പാല് മുലപ്പാല്‍ മാത്രമായിരിക്കുന്നതാണ് ഉത്തമം.
ഏറ്റവും കുറഞ്ഞത് ഒരു വയസു വരെയെങ്കിലും കുഞ്ഞിനു മുലപ്പാല്‍ അല്ലാതെ മറ്റു പാലുകള്‍ കൊടുക്കരുത്. ഇങ്ങനെ അമ്മയുടെ പാല് കുടിച്ചു വളരുന്ന കുട്ടികളില്‍ അമിതവണ്ണ സാധ്യത കുറവാണ്.
കുഞ്ഞുങ്ങള്‍ ആഹാരം കഴിച്ചു തുടങ്ങുമ്പോള്‍ അവര്‍ക്കു സമീകൃത ആഹാരം കൊടുക്കാന്‍ ശ്രദ്ധിക്കണം. സമീകൃത ആഹാരത്തില്‍ 60 ശതമാനം കാര്‍ബോ ഹൈഡ്രേറ്റ് അഥവാ അന്നജം ഉണ്ടാവണം (ചോറ്, കപ്പ, കിഴങ്ങുവര്‍ഗങ്ങള്‍, ഗോതമ്പ്) എന്നിവ. 20-25 ശതമാനം വരെ പ്രോട്ടീന്‍ (മാംസ്യം) ഉണ്ടായിരിക്കണം.
15-20 ശതമാനം വരെ കൊഴുപ്പ്, എണ്ണ, വെണ്ണ, ഡാല്‍ഡ തുടങ്ങിയവയും ഉള്‍പ്പെടുത്താം. പഴങ്ങളും പച്ചക്കറികളും പ്രത്യേകിച്ച് ഇലവര്‍ഗത്തില്‍ പെട്ടവ എന്നും കഴിക്കേണ്ടതാണ്.
കളറുള്ള പച്ചക്കറികളും ഉള്‍പ്പെടുത്തണം (കാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി) തുടങ്ങിയവ. ഇവയൊക്കെ വെന്തു മാത്രമല്ല വേകാതെയും കഴിക്കണം. പഴങ്ങള്‍ പഴച്ചാറാക്കാതെ കഴിക്കുന്നതാണ് ഉത്തമം.
കുട്ടികള്‍ക്ക് വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ പ്രിയങ്കരമാണ്. എന്നാല്‍ കുട്ടിയുടെ ആരോഗ്യകരമായ ഭാവിയെ കരുതി ഇത്തരം ആഹാരസാധാനങ്ങള്‍ കഴിവതും ഒഴിവാക്കണം.
എന്നാല്‍ വല്ലപ്പോഴും കഴിക്കുന്നതുകൊണ്ട് തെറ്റില്ല. അതും വീട്ടിലുണ്ടാക്കിയതാണ് ഉത്തമം. ഫാന്‍സി ആഹാരങ്ങളും കൃത്രിമമായ പാനീയങ്ങളും ഒഴിവാക്കേണ്ടതാണ്.
അത്തരം ആഹാരസാധനങ്ങള്‍ക്കായി കുഞ്ഞ് ബഹളം വയ്ക്കുമ്പോള്‍ കഴിക്കാന്‍ പഴങ്ങളോ വീട്ടിലുണ്ടാക്കുന്ന എണ്ണകുറഞ്ഞ പലഹാരങ്ങളോ നല്കാന് ശ്രമിക്കുക.
വിശക്കുമ്പോഴല്ലാതെ ആഹാരം കഴിക്കുന്ന പ്രവണത ഒഴിവാക്കണം. ഒന്നു മുതല്‍ മൂന്നു വയസു വരെയുള്ള പ്രായത്തില്‍ ഇഷ്ടഭക്ഷണമൊക്കെക്കൂടി ആറു തവണ വരെ ആഹാരമാകാം.
അതു കഴിഞ്ഞാല്‍ അഞ്ചു തവണ. സ്കൂള്‍ പ്രായത്തില്‍ അതു നാലു തവണയായി ചുരുക്കുകയും വേണം. ഭക്ഷണം കഴിക്കുമ്പോള്‍ വയറുനിറയെ കഴിക്കാം. പിന്നെ വിശക്കുമ്പോള്‍ മതി.
അതിനിടയില്‍ ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ടി.വി. കാണുമ്പോഴും വായിക്കുമ്പോഴും ഒക്കെ എന്തെങ്കിലും കഴിക്കുന്ന ശീലം ഉപേക്ഷിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം.
കുട്ടികളില്‍ പ്രത്യേകമായ വ്യായാമമുറകള്‍ നിര്‍ദേശിക്കേണ്ട ആവശ്യം ഇല്ല. കൂട്ടുകൂടി കളിക്കാന്‍ അനുവദിച്ചാല്‍ മതിയാകും. അതിനുമുണ്ടു പല തടസങ്ങള്‍. കൂട്ടുകൂടാന്‍ ആളില്ല, കളിസ്ഥലത്തിന്റെ കുറവ്, കൂട്ടുകൂടി കളിച്ചാല്‍ കുട്ടികള്‍ തമ്മില്‍ വഴക്കുണ്ടാകുമോ അപകടം പറ്റുമോ എന്ന മാതാപിതാക്കളുടെ ആശങ്ക വേറെയും.
ദിവസവും മുക്കാല്‍ മണിക്കൂറെങ്കിലും കുട്ടികള്‍ക്കു വ്യായാമം വേണം. മാറിയ പരിതസ്ഥിതിയില്‍ സൈക്ലിംഗ്, നീന്തല്‍, നടത്തം തുടങ്ങി എന്തെങ്കിലും ചെയ്യേണ്ടതാണ്. കുറഞ്ഞത് ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും വ്യായാമം വേണം.
ടി.വി.യും കമ്പ്യൂട്ടറുമൊന്നും ദിവസവും അര മണിക്കൂറില്‍ കൂടുതല്‍ അനുവദിക്കാതിരിക്കുകയാണു നല്ലത്. അവധി ദിവസങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം 3 മണിക്കൂര്‍ പരമാവധി ആകാം.
ഇന്ന് അണുകുടുംബവും ഉയര്‍ന്ന ജീവിതശൈലിയും ആയതുകൊണ്ട് അവര്‍ക്കു വ്യായാമത്തിനു സമയവും അവസരവും ഒരുക്കി കൊടുക്കേണ്ടതു മാതാപിതാക്കളുടേയും മറ്റു മുതിര്‍ന്നവരുടേയും കര്‍ത്തവ്യമാണ്.
കുട്ടികള്‍ക്ക് എന്തെങ്കിലും ഭക്ഷണം വാങ്ങി നല്കണമെങ്കില് വറുത്തതും പൊരിച്ചതുമായ ബേക്കറി സാധനങ്ങള്‍ക്കു പകരം പഴവര്‍ഗങ്ങള്‍ വാങ്ങി നല്കുന്നതു നന്നായിരിക്കും. കുഞ്ഞുങ്ങളെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കാനും അവരെ സന്തോഷിപ്പിക്കാനും ചോക്ലേറ്റ് വാങ്ങി നല്കുന്ന ശീലം ഒഴിവാക്കണം.
കടപ്പാട്: ഡോ. എസ്. ലത,
കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷന്‍
അവസാനം പരിഷ്കരിച്ചത് : 3/12/2020
കൂടുതല്‍ വിവരങ്ങള്‍
കുഞ്ഞുങ്ങളുടെ വളർച്ചാഘട്ടങ്ങളെ സംബന്ധിക്കുന്ന വിവര...
കൂടുതല്‍ വിവരങ്ങള്‍
കുഞ്ഞുങ്ങളുടെ വളർച്ചയും ജീവിത രീതികളും ആയി ബന്ധപ്പ...