മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും സുഭിക്ഷമായ ഭക്ഷണം ലഭിക്കാന്‍ അവകാശമുണ്ട്. പ്രകൃതിയില്‍ അതിനുള്ള അത്ഭുതകരമായ സംവിധാനമാണുള്ളത്. ലക്ഷോപലക്ഷം ജീവിവര്‍ഗ്ഗങ്ങളോരോന്നിനും നിശ്ചയിക്കപ്പെട്ട പോഷകസമൃദ്ധമായ ഭക്ഷണപാനീയങ്ങളാണ് സമ്പന്നമായ ഭൂമിയിലുള്ളത്. ജീവന് ഹാനികരമായ മാലിന്യവും വിഷാംശങ്ങളും കലരാത്ത ഭക്ഷണപാനീയങ്ങളാണ് പ്രകൃതി സജ്ജീകരിച്ചിട്ടുള്ളത്.
എന്നാല്‍ മനുഷ്യന്‍റെ സ്വാര്‍ഥവും അവിവേകവുമായ ഇടപെടല്‍മൂലം പ്രകൃതിയുടെ ഈ മൗലികസ്വഭാവത്തിന് അപകടകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഭക്ഷണപാനീയങ്ങളില്‍ മാരകമായ വിഷം കലരുന്നുവെന്നത് അനിഷേധ്യമായ സത്യമാണ്. അത്ഭുതപൂര്‍വ്വകമായ സാങ്കേതികനേട്ടവും വികസനവും കൈവരിച്ചിട്ടും സംശുദ്ധവും ആരോഗ്യത്തിന് ഹാനികരവുമല്ലാത്ത ഭക്ഷണപാനീയങ്ങള്‍ ലഭ്യമാക്കാന്‍ നമുക്ക് കഴിയുന്നില്ലെന്നത് ലജ്ജാകരമാണ്.
ഭക്ഷ്യോത്പാദനത്തിന്‍റെ പിന്നിലെ കച്ചവട തത്പ്പര്യങ്ങള്‍ അധാര്‍മ്മികപ്രവര്‍ത്തനനങ്ങളില്‍ ഏര്‍പ്പെടാന്‍ കര്‍ഷകരെയും കച്ചവടക്കാരെയും പ്രേരിപ്പിക്കുന്നു. വിളവ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന രാസവളങ്ങള്‍ മണ്ണിന്‍റെ ജൈവഘടന താറുമാറാക്കുന്നു. മാത്രമല്ല, കൃഷിയുത്പ്പന്നങ്ങളില്‍ അവയുടെ അംശം കടന്നുകൂടുന്നത് മനുഷ്യന്‍റെ ആരോഗ്യത്തിനു ഹാനികരമാകുന്നു. കോഴി, താറാവ്, തുടങ്ങിയവ പെട്ടെന്ന് വളരുന്നതിനും ഇറച്ചിയും മുട്ടയും കൂടുതല്‍ ഉത്പാദിപ്പിക്കുന്നതിനുമായി നല്‍കുന്ന തീറ്റയില്‍ ഹോര്‍മോണുകളും രാസപദാര്‍ഥങ്ങളും ആന്റിബയോട്ടിക്കുകളും ചേര്‍ക്കപ്പെടുന്നുണ്ട്. ഇവ ഏതെല്ലാം തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് മനുഷ്യനുണ്ടാക്കുന്നതെന്ന് ഇനിയും വിലയിരുത്തപ്പെട്ടിട്ടില്ല.
കീടനാശിനികളുടെ ഉപയോഗവും രൂക്ഷമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മത്സ്യം, ഇറച്ചി, പഴങ്ങള്‍, പച്ചക്കറികള്‍, തുടങ്ങിയവ കേടാകാതിരിക്കാന്‍ മാരകമായ വിഷങ്ങള്‍ ഉപയോഗിക്കുന്നുവെന്നതും നഗ്നസത്യമാണ്. ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ കൂടുതല്‍ പാല്‍ ലഭിക്കുന്നതിനായി പശുക്കളില്‍ കുത്തിവെക്കപ്പെടുന്നുവെന്നതിനു തെളിവുകളുണ്ട്. മീന്‍ കേടുകൂടാതിരിക്കാന്‍ ചിലര്‍ അതീവദോഷകരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. കടലില്‍ നിന്ന് മീന്‍ പിടിക്കുന്നിടത്ത് തന്നെ രാസവസ്തുക്കളുടെ പ്രയോഗം തുടങ്ങുന്നുവെന്ന സ്ഥിരീകരിക്കപ്പെട്ട വാര്‍ത്ത ഏറെ ഭീതിജനകമാണ്. സോഡിയം ബെന്‍സോയേറ്റും ഫോര്മാലിനും മറ്റുമാണ് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍. കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ മാരകമായ രോഗങ്ങള്‍ക്ക് ഇത് ഇടയാക്കാം.
ഏറ്റവും കൂടുതല്‍ മായം ചേര്‍ക്കപ്പെടുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ പാല്‍, തേന്‍, കറിമസാലകള്‍, ഐസ്ക്രീം, ധാന്യങ്ങളും അവയുടെ പൊടികളും, തേയില, കാപ്പിപ്പൊടി, സസ്യഎണ്ണകള്‍, നറുനെയ്യ്, സ്വീറ്റ്സ്, എന്നിവയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആപ്പിളും മാങ്ങയും മറ്റും പഴുപ്പിക്കുന്നതിനും കേടുവരാതിരിക്കുന്നതിനും കാര്‍ബൈഡ്, ഫ്യൂറഡാന്‍ തുടങ്ങിയ വിഷദ്രവ്യങ്ങള്‍ ഉപയോഗിക്കപ്പെടുന്നു.
ആരോഗ്യത്തിനു ഹാനികരമായ ഭക്ഷണപാനീയങ്ങളാണ് എവിടെയും ലഭ്യമാകുന്നത്. അടുത്തകാലത്ത് നമ്മുടെയിടയില്‍ വ്യാപകമാകുന്ന ജീവിതശൈലീരോഗങ്ങളായ കാന്‍സര്‍, കിഡ്നി-കരള്‍രോഗങ്ങള്‍ തുടങ്ങിയവ വിഷലിപ്തമായ ഭക്ഷണപാനീയങ്ങളുടെ ഫലമാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. കേരളത്തില്‍ രണ്ടുലക്ഷം കിഡ്നി രോഗികള്‍ കിഡ്നി മാറ്റിവയ്ക്കുന്നതിനായി കാത്തുനില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. 5500 ഡയാലിസിസ് കേന്ദ്രങ്ങള്‍ നടത്തുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് വേണ്ടി ജനം മുറവിളി കൂട്ടുന്നത് നല്‍കുന്ന സൂചന കാന്‍സര്‍ വ്യാപകമാകുന്നുവെന്നാണല്ലോ. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 60% കാന്‍സറും നാം കഴിക്കുന്ന ആഹാരം മൂലമുണ്ടാകുന്നതാണ്. ഷുഗറും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും ഉണ്ടാകുന്നതിന്‍റെ കാരണവും വ്യത്യസ്ഥമല്ല. ഇന്നത്തെ രോഗങ്ങള്‍ക്കു കാരണം ആഹാരക്കുറവോ പോഷകക്കുറവോ അല്ല, മറിച്ച് ആഹാരക്കൂടുതലും അതിലെ വിഷാംശങ്ങളുമാണ്.
ശുദ്ധമായ ഭക്ഷണം
ആരോഗ്യത്തിനു ഹാനികരമായ ഭക്ഷണം വിതരണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഭരണകര്‍ത്താക്കള്‍ക്ക് ഗൗരവമായ കടമയുണ്ട്. ആവശ്യകമായ നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും അവ കര്‍ക്കശമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യണം. ഭക്ഷണപദാര്‍ഥങ്ങളില്‍ മായം ചേര്‍ക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കാന്‍ സംവിധാനമുണ്ടാകണം. പാലില്‍ വ്യാപകമായി മായം ചേര്‍ക്കപ്പെടുന്ന സാഹചര്യത്തില്‍ കുറ്റവാളികളെ ജീവപര്യന്തം ശിക്ഷിക്കേണ്ടതാണെന്നും അതിനു സഹായകമായ നിയമനിര്‍മ്മാണം ഉണ്ടാകണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടത് ശുഭസൂചനയാണ്.
സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കുന്ന കാര്യത്തില്‍ ഭാവാത്മകമായും ഫലപ്രദമായും പ്രതികരിക്കാന്‍ എല്ലാവരും തയ്യാറാകണം. ഈ രംഗത്തെ നിസ്സംഗത അപകടകരവും കുറ്റകരവുമാണ്. കുഞ്ഞുമക്കളുടെ ചോറ്റുപാത്രത്തില്‍ വിഷംകലര്‍ന്ന ഭക്ഷണപദാര്‍ഥങ്ങള്‍ വിളമ്പേണ്ടിവരുന്ന അമ്മമാരുടെ ഹൃദയവേദന സമൂഹം തിരിച്ചറിയണം.ഹോര്‍മോണും രാസപദാര്‍ഥങ്ങളും കലര്‍ത്തിയ തീറ്റ കൊടുത്ത് അതിവേഗം വളര്‍ത്തുന്ന കോഴിമാംസവും മറ്റും മക്കള്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതരാകുന്ന അമ്മമാരുടെ ദയനീയാവസ്ഥയും സമൂഹത്തിന്‍റെ ഗൗരവമേറിയ പരിഗണനാവിഷയമാകണം.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
വൃത്തിയും വെടിപ്പുമുള്ള പരിസരം നമ്മുടെ മനസ്സിന് ഉണര്‍വ്വും സുഖവും നല്‍കുന്നു. നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതുവഴി നമ്മുടെ വ്യക്തിത്വം ആകര്‍ഷകവും സ്വഭാവം നന്മയുള്ളതുമാകും. നമ്മള്‍ ധരിക്കുന്ന വസ്ത്രം, നമ്മുടെ കിടപ്പുമുറി, നമ്മള്‍ പഠിക്കുന്ന / ജോലി ചെയ്യുന്ന സ്ഥലം നമ്മുടെ സ്വഭാവത്തിന്‍റെ പ്രകാശനമാകും എന്നാണ് മനശാസ്ത്രജ്ഞരുടെ നിഗമനം. നിര്‍മ്മലമായ മനസ്സിന്‍റെ, നിഷ്കളങ്കമായ ഹൃദയത്തിന്റെ, അച്ചടക്കമുള്ള ജീവിതശൈലിയുടെ പ്രതിഫലനമാണ് ശുചിത്വമെന്നര്‍ത്ഥം. ഈശ്വരഭക്തിയുടെ കൂടെപ്പോകുന്നതാണ് ശുചിത്വം എന്ന ചൊല്ല് അതാണല്ലോ അര്‍ത്ഥമാക്കുന്നത്.
ചപ്പുചവറുകളുടെ മധ്യേയുള്ള ജീവിതം ദുര്‍വഹവും അനാരോഗ്യപരവും അസുന്ദരവുമാണ്. മൃഗങ്ങള്‍ മാത്രമല്ല, ചെടികള്‍പോലും വൃത്തിയായ പരിസരം ഇഷ്ടപ്പെടുന്നതായി സൂക്ഷ്മനിരീക്ഷണത്തില്‍ വ്യക്തമാകും. കര്‍ഷകര്‍ കൃഷിയിടം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ കാരണം ഈ അറിവായിരിക്കണം. പൂച്ച അതിന്‍റെ ശരീരവും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതില്‍ ശ്രദ്ധിക്കുന്നു. അത് ഉണര്‍ന്നിരിക്കുമ്പോള്‍ പകുതിസമയവും ശരീരത്തിന്‍റെ ഭാഗങ്ങള്‍ നാവുകൊണ്ട് വൃത്തിയാക്കുന്നു. അവ വാസസ്ഥലത്ത് നിന്ന് അകലെപ്പോയി മലവിസര്‍ജ്ജനം നടത്തുന്നതും വിസര്‍ജ്ജ്യവസ്തു മണ്ണുകൊണ്ട് മൂടുന്നതും കൗതുകകരമായ കാഴ്ചയാണ്. പ്രകൃതി നല്‍കുന്ന ശുചിത്വത്തിന്‍റെ പാഠങ്ങളിലൊന്നാണിത്.
പുരാതന സംസ്കാരങ്ങള്‍ ശുചിത്വത്തിന് കൊടുത്തിരുന്ന പ്രാധാന്യം ശ്രദ്ധേയമാണ്. വീട്, ശരീരം, ഭക്ഷ്യവസ്തുക്കള്‍, വസ്ത്രം തുടങ്ങിയവ ശുദ്ധമായിരിക്കുന്നതിനേപ്പറ്റി നാം ശ്രദ്ധാലുവായിരിക്കേണ്ടതാണ്. ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയേപ്പറ്റി വിവിധ മതഗ്രന്ഥങ്ങളിലും നമുക്ക് കാണാം.
എങ്കിലും, ശുചിത്വം പാലിക്കുന്നതില്‍ നാം ഏറെ പരാജയപ്പെടുന്നു. മലിനവസ്തുക്കള്‍ തെരുവുകളിലും നദികളിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്നതില്‍ ഒരുവിധ മനപ്രയാസ്സവുമില്ലാത്ത ഒരു സമൂഹമായി നാം മാറിയിരിക്കുന്നു. തികച്ചും ലജ്ജാകരമായ സ്ഥിതിവിശേഷം സൂചിപ്പിക്കുന്നത് മനസ്സ് വികൃതമായവര്‍ നമ്മുടെയിടയില്‍ ഇനിയുമുണ്ടെന്നാണ്.
വികസനം ടോയ്‌ലറ്റില്‍ (മൂത്രപ്പുരയില്‍/കക്കൂസില്‍) തുടങ്ങണമെന്നു പറയാറുണ്ട്. പലതരത്തിലും നമ്മുടെ രാജ്യം വികസിച്ചെങ്കിലും പൊതുസ്ഥലങ്ങളിലെ ടോയ്‌ലറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതില്‍ നാം പരാജയപ്പെടുന്നു. 57 ശതമാനം ഉദരരോഗങ്ങള്‍ക്കും കാരണം വൃത്തിയില്ലാത്ത ടോയ്‌ലറ്റുകള്‍ ആണെന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇത് ഗൗരവമേറിയ സ്ഥിതിവിശേഷമാണ്. വീടിന്‍റെ പരിസരങ്ങളും തെരുവീഥികളും പൊതുസ്ഥലങ്ങളും വൃത്തിയായും ശുചിയായും സൂക്ഷിക്കാനും നമുക്ക് കഴിയുന്നില്ലെന്നതും ദയനീയമായ അവസ്ഥയാണ്.
ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ടോയ്‌ലറ്റുകള്‍ ഇല്ലെന്നതും വലിയ പ്രശ്നമാണ്. യൂനിസെഫും ലോകാരോഗ്യസംഘടനയും 2015-ല്‍ നടത്തിയ പഠനമനുസരിച്ച് ഇരുപത്തിനാല് ദശലക്ഷം ജനങ്ങള്‍ക്ക് ടോയ്‌ലറ്റുകളില്ല. ഇതിന്‍റെയെല്ലാം ഫലമായാണ് ക്ഷയം, മഞ്ഞപ്പിത്തം, വയറിളക്കം, കോളറ, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടരുന്നത്. ജലമലിനീകരണവും വായുമലിനീകരണവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ശുചിത്വം ഒരു ശീലമായി മാറണം. ഭക്ഷണത്തിനു മുമ്പ് കൈകള്‍ കഴുകുക, പ്രഭാതത്തിലും ഉറങ്ങുന്നതിനു മുമ്പും പല്ല് ബ്രഷ് ചെയ്യുക, പ്രഭാതത്തിലും സായാഹ്നത്തിലും കുളിക്കുക, എന്നും അടിവസ്ത്രങ്ങള്‍ സ്വയം കഴുകി വൃത്തിയാക്കുക, ഇരിപ്പിടവും മറ്റും വൃത്തിയാക്കുക തുടങ്ങിയവ ഒരു ശീലമാക്കുന്നത് വലിയ കാര്യമായിരിക്കും.
വീടിന്‍റെ പരിസരത്തും മറ്റും മലിനജലം കെട്ടിക്കിടക്കുന്നത് കൊതുകുകള്‍ പെരുകുന്നതിന് ഇടവരുത്തും. വര്‍ഷകാലത്ത് ഡെങ്കിപ്പനി പരത്തുന്ന aedes albopictus mosquito കൊതുകുകള്‍ മുട്ടവിരിയിക്കുന്നത് ശുദ്ധജലത്തിലാണ്. അതുകൊണ്ട് വീടിന്‍റെ പരിസരങ്ങളില്‍ പാത്രങ്ങള്‍, ചിരട്ട തുടങ്ങിയവയില്‍ ജലം നില്‍ക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയുണ്ടാകണം. ഒരു പ്രദേശത്തുള്ളവര്‍ സംഘാതമായി ശ്രമം നടത്തിയാല്‍ നിഷ്പ്രയാസം എല്ലാത്തരത്തിലുള്ള കൊതുകുകളും പെരുകുന്നത് നിയന്ത്രിക്കാനാകും.
നിയമനിര്‍മ്മാണം കൊണ്ടുമാത്രം ശുചിത്വം ഉറപ്പുവരുത്താനാകില്ല. ഉത്തരവാദിത്വപൂര്‍ണ്ണമായ പൗരബോധം വളര്‍ത്തുകയാണ് ഇതിനുള്ള പ്രധാന പ്രതിവിധി. വീട്ടിലും വിദ്യാലയത്തിലുമാണ് ഈ ബോധവത്ക്കരണം പ്രധാനമായും നടക്കേണ്ടത്. മക്കളെ ശുചിത്വമുള്ളവരായി വളര്‍ത്തുന്നതില്‍ മാതാപിതാക്കന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വലിയ പങ്കു വഹിക്കാനുണ്ട്. കുട്ടികളുടെ വസ്ത്രം, ഇരിപ്പിടം, മുറി തുടങ്ങിയവ ശുചിയായി സൂക്ഷിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതുവഴി അവരുടെ സ്വഭാവശുദ്ധി വളര്‍ത്തുന്നതിനും ഉപകരിക്കുമെന്നതും മാതാപിതാക്കന്മാര്‍ അറിഞ്ഞിരിക്കണം. ശുചിത്വം നിര്‍മ്മലമായ മനസ്സിന്‍റെ പ്രതിഫലനമാണ്.അതുകൊണ്ടുതന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ നാം അതീവശ്രദ്ധ കാണിക്കണം.
സമ്പന്നര്‍ക്കെന്നപോലെ ദരിദ്രരായവര്‍ക്കും ശുചിത്വവും സൗന്ദര്യവും അവകാശപ്പെട്ടതാണ്. ഭവനരഹിതര്‍ക്ക് വീടുകള്‍ പണിതുകൊടുക്കുമ്പോള്‍ ഭവനങ്ങളും ചുറ്റുപാടുകളും വൃത്തിയായും സുന്ദരമായും സൂക്ഷിക്കുന്നതിനുള്ള പരിശീലനവും സൗകര്യങ്ങളും ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ഇതിന്‍റെ അഭാവത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ മാത്രമല്ല, സ്വഭാവവൈകല്യങ്ങളും സാമൂഹികപ്രശ്നങ്ങളും ഉണ്ടാകാന്‍ ഇടവരും.
ശുചിത്വം പാലിക്കുന്നതില്‍ കുറ്റകരമായവിധം ഉദാസീനത കാണിക്കുന്ന ഒരു ജനതയായി നാം മാറി എന്നതിന്‍റെ സൂചനകളാണ് വൃത്തിഹീനങ്ങളായ നമ്മുടെ തെരുവോരങ്ങളും പൊതുസ്ഥലങ്ങളും. വീടുകളിലെയും കച്ചവടസ്ഥാപനങ്ങളിലെയും വ്യവസായസ്ഥാപനങ്ങളിലെയും മാലിന്യം വലിച്ചെറിയാനുള്ള സ്ഥലങ്ങളായിരിക്കുന്നു, പൊതുനിരത്തുകളും തോടുകളും പുഴകളും. വികസനത്തിന്‍റെയും സാംസ്കാരിക വളര്‍ച്ചയുടെയും ആദ്യചുവട് ശുചിത്വമാണെന്ന് ഗ്രഹിക്കാന്‍ നമുക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.
കടപ്പാട്: ബിഷപ്പ് തോമസ് ചക്യത്ത്
അവസാനം പരിഷ്കരിച്ചത് : 1/28/2020