Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ശുചിത്വവും ആരോഗ്യവും / പരിസര ശുചിത്വം / പരിസര ശുചിത്വവും പകർച്ചവ്യാധികളുടെ നിർമ്മാർജ്ജനവും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പരിസര ശുചിത്വവും പകർച്ചവ്യാധികളുടെ നിർമ്മാർജ്ജനവും

പരിസര ശുചിത്വത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ

പരിസര ശുചിത്വവും പകര്‍ച്ചവ്യാധികളുടെ നിര്‍മ്മാര്‍ജ്ജനവും-കൂടുതൽ വിവരങ്ങൾ

ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവര്‍ത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തും ജൈവവൈവിധ്യം ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന ഘടകങ്ങളേപ്പറ്റി പഠിക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്തെങ്കില്‍ മാത്രമേ മനുഷ്യസമൂഹത്തിന് തന്നെ നിലനില്‍പ്പുള്ളു.

ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചുകേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകര്‍ച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു.

പകര്‍ച്ചവ്യാധികള്‍ മിക്കവയും കൊതുകിലൂടെ പകരുന്നവയായതിനാല്‍ കൊതുകിന്റെ വന്‍തോതിലുള്ള വര്‍ദ്ധനവാണ് നിയന്ത്രണ വിധേയമായിരുന്ന പലതരം വൈറസുകളും കേരളത്തില്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ കാരണമായത്. കൂടാതെ മലിനജലം കെട്ടിക്കിടക്കുന്നതിലൂടെയും പരിസരശുചിത്വം ഇല്ലായ്മയും വ്യക്തിശുചിത്വക്കുറവും മറ്റു പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. മഞ്ഞപ്പിത്തം, എലിപ്പനി, ഡങ്കിപ്പനി, മലമ്പനി, പകര്‍ച്ചപ്പനി തുടങ്ങിയ അപകടകാരികളായ രോഗങ്ങള്‍ ഇന്ന് നമ്മുടെ പ്രദേശത്തും പിടിപെടുന്നു എന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്.

എന്റെ ഗ്രാമമായ എടവനക്കാട് പഞ്ചായത്തിലെ 9,11വാര്‍ഡുകളില്‍പ്പെട്ട 50 വീടുകള്‍ തിരഞ്ഞെടുത്ത് പഠനം നടത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആ വീടുകളില്‍ ഉണ്ടായ വൈറല്‍ അസുഖങ്ങള്‍,കുടുംബാംഗങ്ങളുടെ പൊതുവായ ആരോഗ്യസ്ഥിതി, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ , പരിസരമലിനീകരണത്തിന്റെ അളവ്, കൊതുകിന്റെ വര്‍ദ്ധനവ്, എലിശല്യം, മലിനജലം കെട്ടിനില്‍ക്കുന്നത് എന്നതിനേപ്പറ്റിയുള്ള പഠനം നടത്തി. ഇതിനായി സര്‍വ്വേ രീതിയും നിരീക്ഷണ രീതിയുമാണ് ഞങ്ങള്‍ ഉപയോഗിച്ചത്. നിത്യോപയോഗത്തിനെടുക്കുന്ന വെള്ളത്തിന്റെ ശുചിത്വം പരിശോധിക്കാന്‍ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ടെസ്റ്റ് സ്ട്രിപ്പുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ചു.

ശേഖരിച്ചവിവരങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വിശകലനം ചെയ്തു. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഇല്ലാതെ വരുന്നതിന്റെ ഫലമായാണ് പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നത് എന്നാണ് നിരീക്ഷണങ്ങള്‍ വ്യക്തമാക്കിയത്. കൊതുകുകളുടെ ക്രമാതീതമായ വര്‍ദ്ധനവും ശുദ്ധ ജല ദൗര്‍ഭല്യവുമാണ് മിക്ക പകര്‍ച്ചവ്യാധികളുടേയും പ്രധാന കാരണം. വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം തന്നെ പരിസര ശുചിത്വം പാലിക്കുന്നതിലൂടെയും കൊതുകുകളുടേയും മറ്റു രോഗകാരികളായ ജീവികളുടേയും പരിസരമലിനീകരണത്തിന്റേയും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കഴിയും. ഇതിന് വ്യാപകമായ പ്രചാരണവും ബോധവല്‍ക്കരണവും അത്യാവശ്യമാണ്. നാം ഓരോരുത്തരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിനോടൊപ്പം പൊതുസ്ഥലങ്ങളും ജലസ്രോതസ്സുകളും മലിനമാക്കാതെ കാത്തുരക്ഷിക്കുകയും വേണം. അതിനുവേണ്ടി കേരളത്തില്‍ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ പങ്കെടുത്തുകൊണ്ടുള്ള ബോധവല്‍ക്കരണ പരിപാടികള്‍ കൂടിയേ തീരൂ എന്നാണ് പഠനഫലങ്ങള്‍ തെളിയിക്കുന്നത്.

സര്‍വ്വെ നടത്തിയ വീടുകളിലും സമീപ പ്രദേശങ്ങളിലും ഈ സന്ദേശങ്ങള്‍ എത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. സ്കൂളില്‍ പകര്‍ച്ചവ്യാധികളെ പറ്റിയും അവയുടെ നിര്‍മ്മാര്‍ജ്ജനത്തെപ്പറ്റിയും കുട്ടികളെ ബോധാവാന്മാരാക്കുന്നതിനു വേണ്ടി ക്ലാസ് സംഘടിപ്പിച്ചു. എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗലക്ഷണങ്ങളേപ്പറ്റിയും പ്രതിരോധ മാര്‍ഗ്ഗങ്ങളേപ്പറ്റിയും ക്ലാസുകള്‍ നടത്തി. പ്രകൃതിയെ പരിപാലിക്കുന്നതിനും ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോ വ്യക്തിയുടേയും ജീവിതചര്യയുടെ ഭാഗമായി മാറ്റണമെന്ന എളിയ സന്ദേശം നല്‍കാനാണ് പ്രൊജക്ട് പഠനത്തിലൂടെ ശ്രമിച്ചത്.

ആമുഖം

ജീവലോകം എത്രമാത്രം മനോഹരവും വൈവിധ്യവും ഉള്ളതാണ് !! വൈറസ്, ബാക്ടീരിയ, അമീബ മുതല്‍ ശരീരത്തില്‍ കോടിക്കണക്കിന് കോശങ്ങളുള്ള ആനയും, നീലത്തിമിംഗലവും, മനുഷ്യനുമെല്ലാം ഈ വൈവിധ്യത്തില്‍ ഉള്‍പ്പെടുന്നു. ഏക കോശ സസ്യങ്ങള്‍ മുതല്‍ റെഡ് വുഡ് മരങ്ങള്‍ വരേയുണ്ട്. സൂക്ഷ്മാണു ജീവികളെ മാത്രം എടുത്തു നോക്കിയാല്‍ അതില്‍ വളരെയധികം വൈവിധ്യങ്ങള്‍ കാണാന്‍ സാധിക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനില്‍ക്കണമെങ്കില്‍ ജീവിയ ഘടകങ്ങളും അജീവിയ ഘടകങ്ങളും മിതമായ തോതില്‍ ഉണ്ടാവണം. ഇവ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിയിലെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം ഏറ്റവും അധികം ബാധിക്കുന്നത് മനുഷ്യസമൂഹത്തെയാണ്. നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് ഗോചരമല്ലാത്ത ധാരാളം ജീവികള്‍ നമുക്കു ചുറ്റും നിലകൊള്ളുന്നു. ഈ സൂക്ഷ്മ ജീവികള്‍ ഗുണകരമായും ധാരാളം ജീവികള്‍ നമുക്കു ചുറ്റും നിലകൊള്ളുന്നു. ഉല്‍പ്പരിവര്‍ത്തനത്തിലൂടെ ഈ ജീവികള്‍ ശക്തിയാര്‍ജ്ജിക്കുന്നു. ഇവ ഇന്ന് ജീവസമൂഹത്തെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് നമ്മുടെ ജനങ്ങള്‍ വിവിധ തരം പകര്‍ച്ചവ്യാധികള്‍ കൊണ്ട് മരണമടയുന്നു. കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. ഈ വാര്‍ത്ത വൈവിധ്യമാര്‍ന്ന സൂക്ഷ്മാണുജീവകളേയും അവ നമ്മില്‍ ഏല്‍പ്പിക്കുന്ന നാശങ്ങളേയും കുറിച്ച് പഠിക്കാന്‍ ഞങ്ങളില്‍ താല്‍പ്പര്യം ഉണ്ടാക്കി.

മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ ഈ വര്‍ഷാരംഭത്തിലും വിവിധ പത്രങ്ങളിലായി കേരളത്തില്‍ രോഗങ്ങള്‍ പെരുകുന്നു എന്നതിനേക്കുറിച്ച് വാര്‍ത്തകള്‍ കാണാമായിരുന്നു. തുടര്‍ന്നുള്ള ഓരോ ദിവസങ്ങളിലും മഞ്ഞപ്പിത്തം, എലിപ്പനി, ഡങ്കിപ്പനി, പകര്‍ച്ചപ്പനി തുടങ്ങിയവയേപ്പറ്റിയും ദിനം പ്രതി വാര്‍ത്തകള്‍ വര്‍ദ്ധിച്ചുവരികയായിരുന്നു. ഓരോ ദിവസവും മരണസംഖ്യ ഏറി വരുന്നു. മഴയുടെ ആദ്യ വാരങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മാത്രം പടര്‍ന്നുപിടിച്ചു കൊണ്ടിരുന്ന ഈ രോഗങ്ങള്‍ പിന്നീട് മധ്യകേരളത്തിലേക്കും എത്തി. ആശുപത്രികള്‍ നിറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ കേരള സമൂഹം മുഴുവന്‍ അരക്ഷിതാവസ്ഥയിലായി എന്നു പറയുന്നതാവും ശരി. കേരളത്തിലെ ആരോഗ്യരംഗത്ത് തികച്ചും സംഭ്രജനകമായി സ്ഥിതി വിശേഷം!! യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള രോഗങ്ങള്‍ ചികിത്സിച്ചറിയുന്നതിനുള്ള സംവിധാനം കേരളത്തിലെ ആശുപത്രികളില്‍ പരിമിതമായിരുന്നു.

പത്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മഴ തുടങ്ങിയതിനു ശേഷമുള്ള ആദ്യ മൂന്നാഴ്ച കഴിഞ്ഞതോടെ എറണാകുളം ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 575 കവിഞ്ഞിരുന്നു. ഇതോടെ ജില്ലയില്‍ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. മഞ്ഞപ്പിത്തം മൂലം 13 പേരും ജില്ലയിലെ പല പ്രദേശങ്ങളില്‍ നിന്നുമായി 11 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ സ്ഥിതീകരിച്ചു. വയറിളക്കം ബാധിച്ച് രോഗികളായവരുടെ എണ്ണം 66 ആയി വര്‍ദ്ധിച്ചു. എലിപ്പനിയും മറ്റു രോഗങ്ങളും ബാധിച്ചവരുടെ എണ്ണവും ഏറി വന്നിരുന്നു. ഒക്ടോബര്‍ 4 ആയപ്പോഴേക്കും ജില്ലയില്‍ 695 പേര്‍ക്ക് ഇത്തരത്തിലുള്ള വിവിധ രോഗങ്ങള്‍ പിടിപെട്ടു. മഞ്ഞപ്പിത്തവും എലിപ്പനിയും ബാധിച്ച് കുട്ടികള്‍ അടക്കമുള്ളവര്‍ മരിക്കുകയുണ്ടായി. തൊട്ടടുത്ത മാസം നടത്തിയ കണക്കെടുപ്പില്‍ കേരളത്തില്‍ 13000 പേര്‍ക്ക് പനി ബാധിച്ചു.

പനിയും കാഠിന്യം സ്ക്കൂളിലും പ്രകടമായിരുന്നു. ഞങ്ങളുടെ സ്കൂളിലും ധാരാളം കുട്ടികള്‍ പനി ബാധിച്ച് ക്ലാസില്‍ വരാതെയായി. ഞങ്ങളുടെ ക്ലാസില്‍ മാത്രം 10 കുട്ടികള്‍ക്ക് പനി ബാധിക്കുകയുണ്ടായി. ഞങ്ങളുടെ വീടിനടുത്തും സ്ഥിതി ഇതു തന്നെയായിരുന്നു. ഞങ്ങള്‍ സ്കൂളിലെ ഹെല്‍ത്ത് ക്ലബ്ബില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. ഈ ചര്‍ച്ചകളില്‍ നിന്നും കിട്ടിയ അറിവുകളും കൂടിയായപ്പോള്‍ ഞങ്ങളുടെ പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യതകള്‍ പഠിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ഇത്തരത്തിലുള്ള രോഗങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ പടരാനുള്ള സാഹചര്യം എന്ത്? എലിപ്പനി, മഞ്ഞപ്പിത്തം, ഡങ്കിപ്പനി, പകര്‍ച്ചപ്പനി,ചിക്കന്‍ പോക്സ് തുടങ്ങിയവയുടെ രോഗലക്ഷണങ്ങള്‍ എന്തെല്ലാം? നമ്മുടെ ജൈവവൈവിധ്യത്തിലും ആവാസവ്യവസ്ഥയിലും വന്ന മാറ്റവുമായി ഇതിന് ബന്ധമുണ്ടോ? നമ്മുടെ ജൈവ വൈവിധ്യത്തേയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിലൂടെ വൈറല്‍ രോഗങ്ങളെ നിയന്ത്രിത വിധേയമാക്കാനും ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനും കഴിയുമോ? ഇത്തരം ചില ചോദ്യങ്ങളുമായാണ് ഞങ്ങള്‍ പഠനം ആരംഭിച്ചത്. ഞങ്ങളുടെ ചുറ്റുപാടില്‍ നിന്നു തന്നെ പഠനം ആരംഭിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ താമസിക്കുന്ന എറണാകുളം ജില്ലയിലെ എടവനക്കാട് പഞ്ചായത്തിലെ 50വീടുകള്‍ തിരഞ്ഞെടുത്ത് സര്‍വ്വേ നടത്താന്‍ തീരുമാനിച്ചു.

പഠനരീതി

ഈ വര്‍ഷം 2011 ജൂലൈ മാസത്തിലാണ് മഴക്കാലരോഗങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. തുടക്കത്തില്‍ വടക്കന്‍ കേരളത്തില്‍ ഒതുങ്ങിനിന്നിരുന്ന ഈ രോഗങ്ങള്‍ രണ്ടാഴ്ച പിന്നിട്ടപ്പോള്‍ വിവിധ ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. 2011 ആഗസ്റ്റ് 15ന് നടന്ന ഹെല്‍ത്ത് ക്ലബ് യോഗത്തിലാണ് ഈ വിഷയത്തേപ്പറ്റി പഠിക്കാന്‍ തീരുമാനിച്ചത്. ആദ്യം സ്കൂളിന് ചുറ്റുമുള്ള 50 വീടുകളില്‍ പഠനം നടത്തുവാന്‍ ആലോചിച്ചെങ്കിലും ഞങ്ങളുടെ വീടിന് സമീപമായി പഠനസൗകര്യം ഉണ്ട് എന്ന കാരണത്താല്‍ എടവനക്കാട് പഞ്ചായത്തിലെ 9, 11 വാര്‍ഡുകളില്‍പ്പെട്ട50 വീടുകള്‍ തിരഞ്ഞെടുത്തു.

1)                 വീടുകളില്‍ സാധാരണ ഉണ്ടാകുന്ന രോഗങ്ങള്‍ ഏതൊക്കെയാണ്?

2)                 കൊതുകുകളുടേയും എലിയുടേയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ?

3)                 ജനിതക വൈവിധ്യം, പരിസര മലിനീകരണവും മൂലം ആവാസവ്യവസ്ഥ,

കാര്‍ഷിക ജൈവവൈവിധ്യം ഇവയില്‍ മാറ്റം വന്നിട്ടുണ്ടോ?

4)                 നമ്മുടെ ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗം എന്ത്?

ഇവയെപ്പറ്റി പഠിക്കാനുതകുന്ന 28 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ചോദ്യാവലി തയ്യാറാക്കി. ലളിതമായ ചോദ്യങ്ങളാണ് ചോദ്യാവലിയില്‍ ഉള്‍ക്കൊള്ളിച്ചത്. ഈ ഉത്തരങ്ങള്‍ ലഭിക്കുന്നതിലൂടെ വ്യക്തിശുചിത്വത്തേപ്പറ്റിയും പരിസര ശുചിത്വത്തേപ്പറ്റിയും ഈ വീട്ടിലെ അംഗങ്ങളെ ബോധവാന്മാ‌രാക്കുവാനും ജൈവവൈവിദ്ധ്യ സംരക്ഷണ സമ്പ്രദായങ്ങളേപ്പറ്റിയും ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിലൂടെയും പ്രകൃതിയെ പരിപാലിക്കുന്നതിലൂടെയും ഭാവിയില്‍ നമ്മെ തുറിച്ചു നോക്കുന്ന പല പാരിസ്ഥിക പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നും ഇവരെ മനസ്സിലാക്കിക്കുവാനും ഞങ്ങള്‍ ലക്ഷ്യമിട്ടു.

ഈ ചോദ്യങ്ങള്‍ വീടുകളില്‍ ചെന്ന് പൂരിപ്പിച്ച് വാങ്ങുന്നതോടൊപ്പം ഒരു നിരീക്ഷണപ്പട്ടികയും തയ്യാറാക്കുന്നതാണ് കൂടുതല്‍ ഫലപ്രദമെന്ന് ഗൈഡ് അഭിപ്രായപ്പെട്ടു. ആഗസ്റ്റ് 20ന് രാവിലെ 9ന് ഞങ്ങള്‍ ഒരു വീട്ടില്‍ സര്‍വ്വേ നടത്തി. ചില വീടുകളില്‍ ആദ്യം സര്‍വ്വേയോട് വിമുഖത കാണിച്ചുവെങ്കിലും ഞങ്ങള്‍ പ്രൊജക്ടിന്റെ ഉദ്ദേശത്തെപ്പറ്റി അവരെ ബോധ്യപ്പെടുത്തിയപ്പോള്‍ അവര്‍ ഞങ്ങളോട് സഹകരിച്ചു. ആഗസ്റ്റ് 24ന് 20 വീടുകളില്‍ സര്‍വ്വെ നടത്തി. ആഗസ്റ്റ് 30 ന് 20 വീടുകളില്‍ കൂടി സര്‍വ്വെ പൂര്‍ത്തിയാക്കി. സെപ്റ്റംബര്‍6വരേയുള്ള ദിവസങ്ങളിലായി പ്രവൃത്തിദിവസങ്ങളില്‍ വൈകീട്ടും അവധിദിവസങ്ങളില്‍ ഉച്ചവരേയുമുള്ള സമയം ഉപയോഗിച്ച് സര്‍വ്വേയും നിരീക്ഷണവും പൂര്‍ത്തിയാക്കി. സെപ്റ്റംബര്‍ 12ന് സര്‍വ്വേ ഫോം ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങളും നിരീക്ഷണപ്പട്ടികയും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ക്രോഡീകരിച്ചു. ഈ ഫലങ്ങളുടെ അപഗ്രഥനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.

പഠനഫലം

1. ശരാശരി വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണ് കുടുംബാങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ള ആള്‍. ഡിഗ്രിക്കു മുകളില്‍ വിദ്യാഭ്യാസം-2,ഡിഗ്രി-25, പ്രീഡിഗ്രി-3, ITA-2,SSLC-16, പത്തിനു താഴെ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍-2

2. സ്ഥിരവരുമാനം ഉള്ളവരായി ഗൃഹനാഥന്‍മാര്‍ ഒരു വീടുകളിലും ഇല്ല. കൂലിപ്പണിയും മത്സ്യ ബന്ധനവുമാണ് മിക്കവീടുകളിലും തൊഴില്‍. കൂലിപ്പണി-13, മത്സ്യബന്ധനം-8

3. എല്ലാവീടുകളിലേയും അംഗങ്ങള്‍‍ പ്രതിരോധ കുത്തിവെപ്പുകളേപ്പറ്റിയും അതിന്റെ ആവശ്യകതയെപ്പറ്റിയും ബോധവാന്മാരല്ല. കുത്തിവെപ്പ് നടത്തിയിട്ടുള്ളവര്‍-35, കുത്തിവെപ്പ് നടത്തിയിട്ടില്ലാത്തവര്‍-15

4. 26 വീടുകളില്‍ പനി ഒന്നോ രണ്ടോ തവണയില്‍ക്കൂടുതല്‍ വന്നിട്ടുണ്ട്.

5. പകര്‍ച്ചപ്പനി ബാധിച്ചവര്‍- 9, വീട്ടില്‍ സാധാരണ അസുഖങ്ങള്‍ പിടിപെട്ടവര്‍-26, മഞ്ഞപ്പിത്തം ബാധിച്ചവര്‍-1, അസുഖം ബാധിക്കാത്തവര്‍-10,ചിക്കന്‍ പോക്സ് ബാധിച്ചവര്‍-4

6. മിക്കവാറും എല്ലാവീടുകളിലും കൊതുകു ശല്യം ഉണ്ട്.

7. കൊതുകില്‍നിന്നും രക്ഷനേടാന്‍ വേണ്ടത്ര മാര്‍ഗ്ഗങ്ങള്‍ ഒട്ടു മിക്കവരും സ്വീകരിച്ചിട്ടില്ല.

8. മിക്കവീടുകളിലും എലിയുടെ ശല്യം അനുഭവപ്പെടുന്നുണ്ട്. എലിശല്യം കുറക്കുന്നതിന് വേണ്ടമാര്‍ഗ്ഗങ്ങള്‍ ആരും സ്വീകരിച്ചിട്ടില്ല.

9. ആഹാര വസ്തുക്കള്‍ മറവുചെയ്യുന്നകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നതായി കാണുന്നില്ല. ആഹാരവസ്തുക്കള്‍ വേണ്ടവിധം മറവുചെയ്യാത്തവര്‍-30, ബയോഗ്യാസ്-8, കമ്പോസ്റ്റ്-10, ആഹാരവസ്തുക്കള്‍ വേണ്ടവിധം മറവുചെയ്യുന്നവര്‍-2

10. ഉപയോഗശൂന്യമായ വസ്തുക്കളുടെ മറവ് ചെയ്യുന്നകാര്യത്തില്‍ ആരും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. വേണ്ട വിധം മറവുചെയ്യുന്നവര്‍-15,ചെയ്യാത്തവര്‍-35

11. വീടും പരിസരവും വൃത്തിയാക്കുന്നതിലും ഇന്ന് ആളുകള്‍ പിന്നോക്കം നില്‍ക്കുന്നു. സമയക്രമം ഇല്ല-13, ദിവസവും-31, ആഴ്ചയില്‍ ഒരിക്കല്‍-6

12. വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവര്‍-23, ഇല്ലാത്തവര്‍-27

13. വളര്‍ത്തു മൃഗങ്ങളുടെ പരിപാലനം മികച്ച രീതിയില്‍ നടത്തുന്നതായി ആരും തന്നെയില്ല. തൃപ്തികരം-18, മോശം-5

14. വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജ്ജന വസ്തുക്കളുടെ മറവ്. ഉണ്ട്-15, ഇല്ല-18.

15. വളര്‍ത്തു മൃഗങ്ങളില്‍ നിന്നും മുറിവുണ്ടായിട്ടുള്ളവര്‍. ഉണ്ട്-14, ഇല്ല-38

16. വീട്ടുവളപ്പിലും ചുറ്റുപാടും മലിന ജലം കെട്ടിനില്‍ക്കുന്നത് കൂടുതലാണ്. ഉണ്ട്-30,ഇല്ല-20

17. കുടിവെള്ള സ്രോതസ്സായി കൂടുതല്‍ പേരും ഉപയോഗിക്കുന്നത് പൊതുടാപ്പാണ്. പൊതുടാപ്പ്-40, കിണര്‍-10

18. തിളപ്പിച്ചാറ്റിയ ജലം മാത്രം കുടിക്കുന്നവര്‍. ഉണ്ട്-19, ഇല്ല- 31

19. ആഹാരം പുറത്തുനിന്നും വാങ്ങിക്കഴിക്കുന്നവര്‍ പൊതുവില്‍ കൂടുതലായി കാണുന്നു. പുറത്തുനിന്നും കഴിക്കുന്നവര്‍-36, കഴിക്കാത്തവര്‍-14

20. വീട്ടിലെ അംഗങ്ങളുടെ പൊതുവായ ആരോഗ്യസ്ഥിതി. മികച്ചത്-2,ഇടത്തരം-39, മോശം-9

21. വ്യക്തിശുചിത്വം എല്ലാ ആളുകളും പാലിക്കുന്നുണ്ട്.

22. ടോയ്​ലെറ്റിന്റെ ഔട്ട്. സെപ്റ്റിക് ടാങ്ക്-32, തോടുകളിലേക്ക്-18

23. വീടുവൃത്തിയായി സൂക്ഷിക്കുന്നവര്‍. മികച്ചത്-1, തൃപ്തികരം-42, മോശം-7

24. പരിസരം വൃത്തിയായി സൂക്ഷിക്കുന്നവര്‍. മികച്ചത്-1, തൃപ്തികരം-37,മോശം-1

25.പ്രദേശത്തെ മാലിന്യം. കോഴിഫാം-5, വ്യവസായം-1, വീടുകളില്‍ നിന്നും-39,കാലിവളര്‍ത്തല്‍-5

26. പുകവലിക്കുന്നവര്‍. ഉണ്ട്-30, ഇല്ല-20

27. വെറ്റില മുറുക്കാറുണ്ടോ? ഉണ്ട്-10, ഇല്ല-40

പഠനഫലങ്ങളുടെ അപഗ്രഥനം

1. ഈ പ്രദേശത്തെ ജനങ്ങള്‍ വിദ്യാഭ്യാസ പരമായി ശരാശരിയിലും മുകളിലുള്ളവരാണ്.

2. കുടുംബത്തിലെ ഗൃഹനാഥന്‍മാര്‍ എല്ലാവരും തൊഴിലെടുക്കുന്നു. 21 പേര്‍ക്ക് സ്ഥിര വരുമാനം ഉണ്ട്.

3. പ്രതിരോധ കുത്തിവെപ്പുകളേപ്പറ്റിയും അതിന്റെ ആവശ്യകതയെപ്പറ്റിയും എല്ലാവരും ബോധവാന്മാരല്ല. 15 പേര്‍ പ്രതിരോധകുത്തിവെപ്പ് നടത്തിയിട്ടില്ല.

4. വൈറസ് മൂലം പകരുന്ന രോഗങ്ങള്‍ 40 വീടുകളില്‍ ഉണ്ടായിട്ടുണ്ട്. 9 വീട്ടിലെ അംഗങ്ങള്‍ക്ക് പകര്‍ച്ചപ്പനിയും 26 വീട്ടിലെ അംഗങ്ങള്‍ക്ക് മറ്റു പല രോഗങ്ങളും ഉണ്ടായിട്ടുണ്ട്. വീടും പരിസരവും ശുചിയായി സൂക്ഷിക്കാത്ത വീടുകളില്‍ വൈറല്‍ രോഗങ്ങള്‍ പല പ്രാവശ്യം ഉണ്ടായിട്ടുള്ളതായി കണ്ടു. വളരെ വൃത്തിഹീനമായ വീടുകളില്‍ ബാക്ടീരിയ മൂലം ഉള്ള രോഗങ്ങളും ഉണ്ടായിട്ടുള്ളതായി കണ്ടു.

5. കൊതുകിന്റേയും എലിയുടേയും എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി കണ്ടു. ഇതിനു കാരണം പരിസര മലിനീകരണവും അഴുക്കു ജലം കെട്ടിക്കിടക്കുന്നതുമാണ്. ചിരട്ടകളിലും പരിസരത്തും വെള്ളം നിറഞ്ഞു നില്‍ക്കുന്നതും പ്രധാന കാരണമാണ്.

6. കൊതുകുമൂലം ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളെപ്പറ്റി വ്യാപകമായ വാര്‍ത്തകള്‍ വന്നെങ്കിലും കൊതുകില്‍നിന്ന് രക്ഷനേടാന്‍ വേണ്ടത്ര മാര്‍ഗ്ഗം ഒന്നും ഉപയോഗിക്കുന്നില്ല.

7.ആഹാരാവശിഷ്ടങ്ങള്‍ മറവുചെയ്യുന്നതിലും ഉപയോഗം ഇല്ലാത്ത വസ്തുക്കള്‍ മറവുചെയ്യുന്നതിലും ഗുരുതരമായ പിഴവാണ് വരുന്നത്. മാലിന്യസംസ്കരണത്തിന്റെ ഭാഗമായി ജനങ്ങള്‍ വേണ്ടവിധം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല.

8. മലിനജലം സംസ്കരിക്കുന്നതില്‍ ഭൂരിഭാഗം വീടുകളും ശ്രദ്ധകാട്ടുന്നില്ല. കൊതുകുകള്‍ പെരുകുന്നതിന് പ്രധാനകാരണം ഇതാണ്.

9. വീടിനകം വൃത്തിയാക്കുന്നതിന്  ശ്രദ്ധകാണിക്കുന്നില്ല. പ്ലാസ്റ്റിക് വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതായി കണ്ടു.

10.വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ ഭൂരിഭാഗം വീടുകളും ശുചിത്വം പാലിക്കാറില്ല. പകുതി വീട്ടില്‍ മാത്രമേ വളര്‍ത്തുമൃഗങ്ങള്‍ ഉള്ളൂ. തൃപ്തികരം-18,മോശം-5

11. വ്യക്തിശുചിത്വം പാലിക്കുന്നതില്‍ എല്ലാവരും ശ്രദ്ധകാണിക്കുന്നുണ്ട്.

12. നിത്യോപയോഗജലത്തിന്റെ ശുദ്ധി പരിശോധിച്ചതില്‍ നിന്നും മൂന്നില്‍ ഒന്ന് വീടുകളിലെ ജലത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി.

നിഗമനം

1. ശുചിത്വം ഒരു സംസ്കാരമാണ്. ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുള്ള മറ്റു സഹ ജീവികളും പ്രകൃതിയുമായി പരസ്പരാശ്രയത്തിലും സഹകരമത്തിലുമാണ് ജീവിക്കുന്നത്. ജീവന്റെ തുടര്‍ച്ചയ്ക്ക് പ്രകൃതിയുടെ നിലനില്‍പ്പും പരിപാലനവും അത്യന്താപേക്ഷിതമാണ്. ഒരു പ്രദേശത്തെ ആവാസ വ്യവസ്ഥ നിലനിര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെ കടമയാണ്. സമൂഹമാകട്ടെ വ്യക്തികളിലും കുടുംബങ്ങളിലും അതിഷ്ഠിതമാണ്. പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്ന ജൈവവൈവിധ്യവും ആവസവ്യവസ്ഥയും സംരക്ഷിക്കപ്പെടണമെങ്കില്‍ നമ്മള്‍ വ്യക്തികളില്‍ ചില ശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഇവയില്‍ പ്രധാനമാണ്.

2. വ്യക്തിശുചിത്വം പാലിക്കുന്നവരില്‍ പകര്‍ച്ചവ്യാധികള്‍ താരതമ്യേനെ കുറവായിരിക്കും. പരിസര ശുചിത്വത്തിനും പൊതുസ്ഥലങ്ങള്‍ ശുചിയായി സൂക്ഷിക്കുന്നതിനും വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ഇത് കൊതുകുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. കേരളം പോലുള്ള ജനസാന്ദ്രതയേറിയ പ്രദേശത്ത് ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു. വൈറല്‍ രോഗങ്ങള്‍ മൂലമുള്ള പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരാനുള്ള കാരണം ഇതാണ്. ആഹാര അവശിഷ്ടങ്ങളും ഉപയോഗ ശൂന്യമായ വസ്തുക്കളും മറവു ചെയ്യുന്നതിന് ഈ വീടുകളില്‍ ഒന്നും വേണ്ടത്ര സജീകരണങ്ങള്‍ ഇല്ല. പ്ലാസ്റ്റിക് വസ്തുക്കള്‍ മണ്ണില്‍ വലിച്ചെറിയുന്നത് നമ്മുടെ പരിസരത്തും മറ്റും മലിന ജലം കെട്ടിക്കിടക്കുന്നതിനും അതിലൂടെ പകര്‍ച്ചവ്യാധികളും മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ ഉടലെടുക്കുന്നതിനും കാരണമാകുന്നു. ഇത്തരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുന്നത് നമ്മുടെ ആവാസവ്യവസ്ഥയെത്തന്നെ തകരാറിലാക്കുന്നു.

3. ഇത്രയേറെ ഭീതിജനകമായ അന്തരീക്ഷം ഉണ്ടായിട്ടും കൊതുകുകളില്‍ നിന്നും മലിന ജലം കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ നിന്നും എലിശല്യത്തില്‍ നിന്നും ശുചിത്വക്കുറവുകളും പരിഹരിക്കുന്നതിന് പ്രത്യേകം മുന്‍കരുതലുകള്‍ എടുത്തതായി കാണുന്നില്ല.

4. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ നാം പിന്നോക്കം പോയിരിക്കുന്നു. ആഢംബരപൂര്‍ണ്ണമായ ജീവിത ശൈലികളും പല രോഗങ്ങള്‍ക്കും ഇടയാക്കുന്നു എന്നത് ഗൗരവമായി കാണേണ്ട കാര്യമാണ്.

5. ഡ്രെയിനേജ് സൗകര്യങ്ങള്‍ മിക്ക വീടുകളിലും വളരെ കുറവാണ്. ഇത് കൊതുകുകള്‍ വളരുന്നതിന് ഇടയാക്കുന്നതിനോടൊപ്പം ജല മലിനീകരണത്തിനും ഇടയാക്കുന്നു.

6.വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് കാണുന്നത്. കൊതുകുകള്‍ വര്‍ദ്ധിക്കുവാനും രോഗങ്ങള്‍ പടരുവാനും ഇത് ഇടയാക്കുന്നു.

7.                 ഈ പ്രകൃതിയും ഈ ജൈവവൈവിധ്യവും ആവാസവ്യവസ്ഥയുമൊക്കെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തെങ്കില്‍ മാത്രമേ മനുഷ്യനു നിലനില്‍പ്പുണ്ടാകുകയുള്ളൂ എന്ന ബോധം ഇനിയും ജനങ്ങളിലേക്ക് എത്തിയിട്ടില്ല. ഇത് അപകരടകരമായ സ്ഥിതി വിശേഷമാണ്. പൊടുന്നനെ പ്രത്യക്ഷപ്പെട്ട ഇത്തരം പകര്‍ച്ച വ്യാധികള്‍ പോലും ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതായി കാണുന്നില്ല.

8.    പ്ലാസ്റ്റികും മറ്റു ചപ്പുചവറുകളും കൂട്ടിയിട്ടു കത്തിക്കുന്നത് പരിസരമലിനീകരണത്തിനും വിഷ വാതകങ്ങളുടെ ആവിര്‍ഭാവത്തിനും കാരണമാകുന്നു.

9.                  വെള്ളക്കെട്ടുള്ള  പ്രദേശമായതിനാലും തോടുകളിലും മറ്റും വേണ്ടവിധം നീരൊഴുക്ക് ഇല്ലാത്തതിനാലും ജലജന്യ രോഗങ്ങള്‍ കൂടുതലാണ്.

10.             കൂടുതല്‍ വീടുള്ള ഇടുങ്ങിയ പ്രദേശങ്ങളില്‍ കൂടുതലായി കാണുന്ന മാലിന്യക്കൂമ്പാരങ്ങള്‍, എലികളുടെ എണ്ണം ക്രമാതീതമായി വളര്‍ത്തുന്നതിന് കാരണമാകുന്നു.

11.             തോടുകളിലും മറ്റു ജലാശയങ്ങളിലും ഉണ്ടായ മലിനീകരണം അവിടുത്തെ ആവാസവ്യവസ്ഥയെത്തന്നെ തകരാറിലാക്കിയിരിക്കുന്നു.

12.             കൃഷിയിടങ്ങള്‍, അടുക്കളത്തോട്ടം എന്നിവിടങ്ങള്‍ വേണ്ടവിധം വൃത്തിയായി സൂക്ഷിക്കാത്തതും അമിത രാസവള പ്രയോഗവും രോഗകാരികളായ ജീവികളുടെ വളര്‍ച്ചയ്ക്കും ആവാസ വ്യവസ്ഥ തകരാറിലാക്കുന്നതിനും കാരണമാകുന്നു.

13.             നാം വസിക്കുന്ന ചുറ്റുപാടും ഇടപെടുന്ന പ്രദേശവും രോഗലക്ഷണങ്ങള്‍ നമ്മില്‍ ബാധിക്കുന്നതിന് നിര്‍ണ്ണായക പങ്കുണ്ട്.

പ്രശ്നവും പരിഹാരവും

1.                 തിരഞ്ഞെടുക്കപ്പെട്ട വീടുകളിലെല്ലാം പരിശോധിക്കുമ്പോള്‍ കാണുന്നത് അവരുടെ ഭക്ഷണ സംസ്കാരം വളരെയധികം മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ്. ബേക്കറി സാധനങ്ങള്‍, പാക്കറ്റ് ഭക്ഷണങ്ങള്‍, മത്സ്യമാംസങ്ങള്‍ ഇവ ഇന്നു കൂടുതലായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങള്‍ മുന്‍പത്തേക്കാളും ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. ഇത് സംസ്കരിക്കുന്നതില്‍ ഈ വീടുകളിലൊന്നും വേണ്ടത്ര ശ്രദ്ധ പതിയുന്നതായി കാണുന്നില്ല. വലിച്ചെറിയുന്ന ഇത്തരം ഭക്ഷണാവശിഷ്ടങ്ങള്‍ പരിസര മലിനീകരണത്തിനും കൊതുകുകളുടെ വളര്‍ച്ചയ്ക്കും കാരണമാകുന്നു.

2. മിക്ക വസ്തുക്കളും ഇന്ന് പ്ലാസ്റ്റിക് പാക്കറ്റുകളിലും കണ്ടെയ്നറുകളിലുമാണ് ലഭിക്കുന്നത്. ഉപയോഗശൂന്യമായ വസ്തുക്കള്‍ പൊതുസ്ഥലത്തും പരിസരപ്രദേശങ്ങളിലും വലിച്ചെറിയുന്നു. ഇത് ഭയാനകമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. നമ്മുടെ ജൈവവൈവിധ്യത്തെയും ആവാസവ്യവസ്ഥയുമാണ് ഇത് തകര്‍ത്തെറിയുന്നത്. പ്രകൃതിയെത്തന്നെ ഉപയോഗശൂന്യമാക്കുന്ന-

-തിലാണ് ഇത് ചെന്നെത്തിയിരിക്കുന്നത്.

3. വീടുകളില്‍ അംഗസംഖ്യ കുറഞ്ഞതും മുതിര്‍ന്ന അംഗങ്ങളൊക്കെ തൊഴിലെടുക്കാന്‍ പോകുന്നതും നമ്മുടെ ശുചിത്വ ബോധത്തിനാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. ദിവസവും വീടും പരിസരവും വൃത്തിയാക്കുക എന്ന മലയാളി സംസ്കാരം തന്നെ അപ്രത്യക്ഷമാകുകയാണ്. ഇത് പരിസരമലിനീകരണത്തിന് ഇടയാക്കുന്നു.

4‌. വളര്‍ത്തു മൃഗങ്ങളെ വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടത്ര ശുഷ്കാന്തി മിക്കവീട്ടുകാരും കാണിക്കുന്നില്ല

5. ഡ്രെയിനേജിന്റെ അപര്യാപ്തത പല പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും അവയിലൂടെ പല രോഗങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.

6. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാതെ അവയുടെ ചുറ്റുപാടും ഉപയോഗ ശൂന്യമായ വസ്തുക്കളും ചിരട്ടകളും ടയറുകളും പ്ലാസ്റ്റികും വലിച്ചെറിയുന്നത് കൊതുകിന്റെ ക്രമാതീതമായ വര്‍ദ്ധനവിന് കാരണമാകുന്നു. മിക്ക വീടുകളിലും ചുറ്റുപാടും തോടുകളും ചതുപ്പുനിലങ്ങളും ആയതു കൊണ്ട് ഇത് വൈറല്‍ രോഗം പരത്തുന്നതിന് കാരണമാകുന്നു

പരിഹാര മാര്‍ഗ്ഗങ്ങള്‍

1. ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്കരിക്കുന്നതിന് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തേണ്ടത്തുണ്ട്. ഓരോ വീട്ടിലും മണ്ണിര കമ്പോസ്റ്റ് പ്രോത്സാഹിപ്പിച്ചാല്‍ ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും. ജൈവവളം ലഭിക്കുമെന്ന ഗുണവും ഉണ്ട്. മണ്ണില്‍ കുഴികള്‍ എടുത്ത് അവിടെ ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുകയും കൃത്യമായ ഇടവേളകളില്‍ ഈ കുഴികള്‍ മൂടുകയും ചെയ്യാവുന്നതാണ്.

2. പ്ലാസ്റ്റിക് വസ്തുക്കള്‍ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിയാതെ അവ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക. പ്ലാസ്റ്റിക് കൂടുകളുടേയും കണ്ടെയ്നറുകളുടേയും ഉപയോഗം കുറക്കുന്നതിനാവശ്യമായ നിര്‍മ്മാണം ആവശ്യമാണ്. പ്ലാസ്റ്റിക് വസ്തുക്കള്‍ ഒരു കാരണവശാലും മണ്ണില്‍ നിക്ഷേപിക്കരുതെന്നും ഇവ മണ്ണിനെ ഉപയോഗശൂന്യമാക്കുമെന്നുള്ള തിരിച്ചറിവ് നല്‍കി.

3. ശുചിത്വം ഒരു സംസ്കാരവും ശീലവുമാണ്. ഇത് ഓരോ വ്യക്തിയുടെയും സ്വഭാവവും ഘടനയുമായി           വളര്‍ത്തിയെടുക്കുന്നതിന് പാഠ്യപദ്ധതിയുടെ ഭാഗമായി സ്കൂളില്‍ തന്നെ പരിശീലനം നല്‍കുക. ദൃശ്യ- ശ്രാവ്യ മാധ്യമങ്ങളില്‍ക്കൂടി പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തുക.

4. വീടുകളില്‍ ഡ്രെയിനേജ് ക്രമീകരണങ്ങള്‍ നിര്‍ബന്ധമാക്കുന്നത് വളരെ നല്ലതേണ്. ഇത് പരിശോധിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ആരോഗ്യ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തുക.

5.                  മനുഷ്യന്റെ ശോഭനമായ ഭാവിക്കുമാത്രമല്ല, മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിനുതന്നെ പ്രകൃതിയെ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ പ്രദേശത്തിന്റേയും ജൈവവൈവിധ്യവും ആവാസവ്യവസ്ഥയെയും സംരക്ഷിക്കപ്പടേണ്ടതുമാണെന്ന ബോധ്യം സമൂഹത്തിനുണ്ടാകേണ്ടതിനാവശ്യമായ നടപടികള്‍ കൂട്ടായ പരിശ്രമത്തിലൂടെ വളര്‍ത്തിയെടുക്കുക എന്നുള്ളതാണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്ന സാമൂഹിക പ്രതിസന്ധികള്‍ക്കുള്ള പരിഹാരം.

അനുബന്ധ പഠനപ്രവര്‍ത്തനങ്ങള്‍

വൈറല്‍ രോഗങ്ങളേപ്പറ്റി വിശദമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. വിവരങ്ങള്‍ ലഭ്യമായ സൈറ്റുകളുടെ പേരുകള്‍ അനുബന്ധമായി കൊടുത്തിരിക്കുന്നു. ‌

1953-ലാണ് ചിക്കുന്‍ ഗുനിയ വൈറസ് ടാന്‍സാനിയയില്‍ കണ്ടുപിടിക്കപ്പെട്ടത്. RNA വിഭാഗത്തില്‍ പെടുന്ന Togaviridueഫാമിലിയില്‍പ്പെട്ട ആല്‍ഫാ വൈറസുകളാണ് ചിക്കുന്‍ ഗുനിയയ്ക്ക് കാരണം. ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളാണ് ഇവ പരത്തുന്നത്. പകല്‍ സമയത്താണ് ഈ കൊതുകുകള്‍ സഞ്ചരിക്കുന്നത്. ഈ രോഗത്തിന് ഫലപ്രദമായ മരുന്നോ, വാക്സിനോ ലഭ്യമല്ലെങ്കിലും Parcetamol, Acctuminophen, Naproxen, Ibuprofen തുടങ്ങിയ മരുന്നുകള്‍ പനിയും വേദനയും ശമിക്കുവാന്‍ നല്‍കാറുണ്ട്. കൊതുകു കടി ഏല്‍ക്കാതിരിക്കുകയാണ് രോഗം വരാതിരിക്കാനുള്ള മാര്‍ഗ്ഗം.

ഡങ്കിപ്പനി

Flavivirus വിഭാഗത്തില്‍പ്പെടുന്ന വൈറസുകളാണ് ഡങ്കിപ്പനിക്കു കാരണം. ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളാണ് ഇതു പരത്തുന്നത്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഈ രോഗം മാരകമാകാറുണ്ട്. ചിലപ്പോള്‍ ആളുടെ മരണത്തിലും ഇത് കലാശിക്കും.

മഞ്ഞപ്പിത്തം

മലിന ജലത്തിലൂടെയും ഭക്ഷ്യ വസ്തുവിലൂടെയും ഹെപ്പറ്റൈറ്റിസ് എ,ഹെപ്പറ്റൈറ്റിസ് ഇ എന്നിവയാണ് നാട്ടില്‍ കണ്ടുവരുന്നവ. സാധാരണ ഗതിയില്‍ ഇതു ഗുരുതരമല്ല. എന്നാല്‍ കരളിന്റെ ആരോഗ്യം മോശമായവര്‍ക്ക് രോഗം ബാധിച്ചാല്‍ അപകടകരമാകും. രോഗം ഭേദമാകണമെങ്കില്‍ സമ്പൂര്‍ണ്ണ വിശ്രമം വേണം. ഹെപ്പറ്റൈറ്റിസ് എയുടെ പ്രതിരോധത്തിന് വാക്സിനേഷന്‍ ഉണ്ട്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ഇ രോഗം തടയാന്‍ പ്രതിരോധ കുത്തിവെപ്പുകള്‍ ഇല്ല. മഞ്ഞപ്പിത്തം വരുന്നതിനേക്കാള്‍ മുമ്പേ അത് വരാതിരിക്കാനുള്ള നടപടി എടുക്കേണ്ടതുണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവും ജലസ്രോതസ്സുകളുടെ ശുചിത്വവും ഉറപ്പുവരുത്തി മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കുകയാണ് നല്ല മാര്‍ഗ്ഗം. ജലസ്രോതസ്സുകള്‍ മലിനമാകാതെ സൂക്ഷിക്കാന്‍ മുന്‍കരുതല്‍ എടുക്കുക. കിണറുകളിലും പൊതു ജല സംഭരണികളിലും ഹെപ്പര്‍ ക്ലോറിനേഷന്‍ ചെയ്യണം. കിണറിന്റെ സമീപത്ത് സെപ്റ്റിക് ടാങ്ക് പണിയാതിരിക്കുക. കിണറ്റിലേക്ക് മഴവെള്ളം ഒഴുകുന്നത് തടയാന്‍ ചുറ്റുമതില്‍, കിണറിന് വല എന്നിവയും ഒരു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കിണര്‍ തേവുക, പ്ലാസ്റ്റിക് ടാങ്ക് ഇടക്കിടെ വൃത്തിയാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക. മഞ്ഞപ്പിത്തം വരാതിരിക്കാന്‍ വ്യക്തിശുചിത്വം വേണം. ഭക്ഷണത്തിനു മുമ്പും പിന്‍പും കൈ വൃത്തിയായി കഴുകണം. ടോയ്​ലെറ്റില്‍ പോയാല്‍ കൈ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകണം.

പാചകത്തിനും കുടിക്കാനും ഉപയോഗിക്കുന്ന ജലം തിളപ്പിച്ചാറ്റിയതായിരിക്കണം. 5 മിനിറ്റില്‍ കൂടുതല്‍ സമയം വെള്ളം തിളപ്പിച്ചാറ്റിയാല്‍ മാത്രമേ ഹെപ്പറ്റൈറ്റിസ് എ യ്ക്ക് കാരണമാകുന്ന വൈറസുകള്‍ നശിക്കൂ.

പനി, അതിയായ ക്ഷീണം, സന്ധികള്‍ക്കും പേശികള്‍ക്കും വേദന,വയറുവേദന, കണ്ണിന് മഞ്ഞനിറം, വിശപ്പില്ലായ്മ, ഛര്‍ദ്ദി, മൂത്രത്തിന് കടുത്തനിറം എന്നിവ ദൃശ്യമായാല്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം.

പരിപൂര്‍ണ്ണ വിശ്രമം അനുഷ്ഠിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണ സാധനങ്ങള്‍ കഴിക്കുകയാണ് നല്ലത്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. ധാരാളം ശുദ്ധജലം കുടിക്കണം. മദ്യപാനം ഒഴിവാക്കണം.

എലിപ്പനി

കേരളത്തെ പകര്‍ച്ചവ്യാധികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത് അനിയന്ത്രിതമായ മാലിന്യക്കൂമ്പാര

ങ്ങളും അതുകാരണം മലിനമായ ജലസ്രോതസ്സുകളുമാണ്. ഇതിന് പരിഹാരം ഉണ്ടാകുന്നിടത്തോളം രോഗങ്ങളെ അകറ്റി നിര്‍ത്തുക അസാധ്യമാണ്. കേരളം ഇന്ന് നേരിടുന്ന പകര്‍ച്ചവ്യാധികളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ഒന്നാണ് എലിപ്പനി. എലികളാണിതിന്റെ പ്രധാന രോഗകാരി. ഇന്ന് നായകള്‍,കന്നുകാലികള്‍ എന്നിവയില്‍ നിന്നും എലിപ്പനി പടരുന്നു. ലെപ്ടോസ്പൈറ എന്ന ബാക്ടീരിയയാണ് ഈ രോഗം പരത്തുന്ന വൈറസ്. മഴക്കാലങ്ങളില്‍ ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഏക രോഗമാണ് എലിപ്പനി. എലികളുടെയും മറ്റും മൂത്രത്തിലൂടെയാണ് രോഗാണു മണ്ണിലെത്തുന്നത്. ശരീരത്തിലെ മുറിവുകളിലൂടെ മനുഷ്യശരീരത്തിലെത്തുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ട്, നാല് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. കടുത്ത പനി,തലവേദന, ശരീരവേദന, പേശിവേദന, ഛര്‍ദ്ദി എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. കണ്ണില്‍ കടുത്ത ചുവപ്പ് നിറം, പനിയും തളര്‍ച്ചയും,മഞ്ഞപ്പിത്തം, തലച്ചോര്‍ വീക്കം, വൃക്ക തകരാര്‍ എന്നിവയും ഉണ്ടാകും. ഇതിന് യഥാസമയമുള്ള കൃത്യമായ ചികിത്സയാണ് ആവശ്യം. പൂര്‍ണ്ണ വിശ്രമവും ആവശ്യമാണ്. കൃത്യമായി ചികിത്സ നടത്തിയില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം.

3.28301886792
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
Anonymous Aug 07, 2019 07:55 PM

മഴക്കാല ശുചീകരണം

സുമ Jan 25, 2019 07:32 AM

ലെപ്ടോസ്പൈറ എന്ന ബാക്ടീരിയയാണ് ഈ രോഗം പരത്തുന്ന വൈറസ്.(എലിപ്പനി) ഇതു തിരുത്താമോ ?

വിനിഷപ്രവീൺ Sep 29, 2018 02:46 PM

വളരെ നല്ല വിവരങ്ങൾ ആണ്.... ഒത്തിരി അറിയാൻ കഴിഞ്ഞു

ശ്രീലക്ഷ്മി Sep 28, 2016 08:07 PM

പഠിക്കാൻ കഴിയുന്നുണ്ട് കുറച്ചു കൂടി ഉൾപ്പെടുത്താം

സുഹാന ആസാദ് Aug 09, 2016 06:38 PM

ഒരു സമാഹാരം കൂടി ആവശ്യം ആണ്. ബാക്കി എല്ലാം നന്നായിരിക്കുന്നു

Prajeena C D Nov 18, 2015 12:35 PM

വളരെ നല്ല അറിവുകൾ ...നന്നായിരിക്കുന്നു

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
Back to top