অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തിന്‌ ആയുര്‍വേദം

ജീവിതശൈലിയും സാഹചര്യങ്ങളുമാണ്‌ ഇന്നുകാണുന്ന മിക്ക രോഗങ്ങള്‍ക്കും കാരണമെന്ന്‌ ആയുര്‍വേദം പറയുന്നു. അതിനാല്‍ ദിനചര്യയിലും ആഹാരക്രമത്തിലും ഒക്കെ മാറ്റം വരുത്തുക വഴി ഹൃദ്രോഗത്തെ ഒരുപരിധി വരെ പ്രതിരോധിക്കാനാകും .

പ്രകൃതിയില്‍ ഓരോ ജീവജാലത്തിനും സ്വാഭാവികമായി ജീവിക്കുന്നതിനുള്ള കാലം നിശ്‌ചയിക്കപ്പെട്ടിട്ടുണ്ട്‌. വളര്‍ച്ച പൂര്‍ത്തിയാകുന്നതിന്‌ വേണ്ടിവരുന്ന കാലത്തിന്റെ അഞ്ചിരട്ടിയാണിതെന്ന്‌ കണക്കാക്കപ്പെടുന്നു.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ബീജപുഷ്‌ടിക്ക്‌ വേണ്ടിവരുന്ന കാലം 20 - 24 വയസാണ്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ മനുഷ്യന്റെ ആയുസ്‌ നൂറോ, നൂറ്റിയിരുപതോ വര്‍ഷമാകാം. എന്നാല്‍ ഈ ആയുസ്‌ പൂര്‍ത്തീകരിക്കുന്നതില്‍നിന്ന്‌ മനുഷ്യനെ പിന്നോട്ട്‌ വലിക്കുന്നത്‌ രോഗമോ മറ്റെന്തെങ്കിലും അപകടങ്ങളോ ആണ്‌.

ഇത്തരം രോഗങ്ങളില്‍ മുന്‍നിരയിലാണ്‌ ഹൃദ്രോഗം. ഇരുപതും മുപ്പതും വയസുള്ളവര്‍ കുഴഞ്ഞുവീണ്‌ മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇത്തരം കഴുഞ്ഞുവീണുള്ള മരണത്തിന്‌ പിന്നില്‍ പലപ്പോഴും ഹൃദ്രോഗമാണ്‌.

ഹൃദയാരോഗ്യം ആയുര്‍വേദത്തില്‍

ആയുര്‍വേദത്തില്‍ ഹൃദ്രോഗത്തെക്കുറിച്ച്‌ പ്രത്യേക പരാമര്‍ശമുണ്ട്‌. ഹൃദ്രോഗത്തിന്‌ ഔഷധമായി ഗംഗാജലവും ഹരിദ്രാന്നവും നിര്‍ദേശിച്ചിട്ടുണ്ട്‌. നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ എഴുതപ്പെട്ടവയാണ്‌ പ്രാമാണികങ്ങളായ ആയുര്‍വേദഗ്രന്ഥങ്ങള്‍.

ജീവിതശൈലിയും സാഹചര്യങ്ങളുമാണ്‌ ഇന്നുകാണുന്ന മിക്ക രോഗങ്ങള്‍ക്കും കാരണമെന്ന്‌ ആയുര്‍വേദം പറയുന്നു. അതിനാല്‍ ദിനചര്യയിലും ആഹാരക്രമത്തിലും ഒക്കെ മാറ്റം വരുത്തുക വഴി ഹൃദ്രോഗത്തെ ഒരുപരിധി വരെ പ്രതിരോധിക്കാനാകും. അതിനായി പാലിക്കേണ്ട ജീവിതശൈലി ആയുര്‍വേദം നിര്‍ദേശിക്കുന്നു.

ജീവിതശൈലി മാറണം

ഹൃദയം തകരാറിലാകുന്നതിന്റെ പ്രധാന കാരണം തെറ്റായ ജീവിതശൈലിയാണ്‌. നേരവും കാലവും നോക്കാതെ വാരിവലിച്ചുള്ള ഭക്ഷണരീതിയില്‍ തുടങ്ങണം മാറ്റം. അമിതവണ്ണം, മദ്യപാനം, പുകവലി ഇവയ്‌ക്കെല്ലാം ഹൃദ്രോഗവുമായി ബന്ധമുണ്ട്‌.

ഇവ ഒഴിവാക്കിയാല്‍ മാത്രമേ ഹൃദയത്തെ കാക്കാന്‍ സാധിക്കൂ. ജീവിതരീതിയില്‍ വന്ന മാറ്റം മനുഷ്യശരീരത്തിന്‌ തെല്ലും വ്യായാമം നല്‍കുന്നില്ല. പണ്ടുകാലത്ത്‌ കാര്‍ഷികവൃത്തിക്ക്‌ വലിയ പ്രാധാന്യം ഉണ്ടായിരുന്നു.

ഏതു മേഖലയില്‍ ജോലി ചെയ്യുന്നവരും അതോടൊപ്പം കൃഷിക്കും കന്നുകാലി വളര്‍ത്തലിനും സമയം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇന്നിതെല്ലാം ഓര്‍മകള്‍ മാത്രമായി.

എല്ലാവര്‍ക്കും സ്വന്തമായി വാഹനമായതോടെ ചെറിയ ദൂരം പോലും നടക്കേണ്ടി വരുന്നില്ല. ഫാസ്‌റ്റ് ഫുഡും വ്യാപകമായതോടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായി. കൂടാതെ വിനോദ ഉപാധികളായി വന്ന ടെലിവിഷനും ഇന്റര്‍നെറ്റും ശാരീരികായസത്തിനുള്ള സാധ്യതയും കുറച്ചു.

ഹൃദയാരോഗ്യത്തിന്‌ ഭക്ഷണക്രമം

ഓരോ വ്യക്‌തിയും കഴിക്കുന്നത്‌ എന്താണോ അതാണ്‌ ആ വ്യക്‌തിയും വ്യക്‌തിത്വവും. കഴിക്കുന്ന ആഹാരവും ഹൃദയാരോഗ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ഭക്ഷണരീതിയാണ്‌ ഹൃദയത്തിന്റെ ആരോഗ്യം നിശ്‌ചയിക്കുന്നതിലെ മുഖ്യഘടകം.

ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും നാടന്‍ ഭക്ഷണമാണ്‌ ഉത്തമം. എണ്ണയില്‍ വറുത്തവ, മാംസം, മുട്ട, പഴകിയ ഭക്ഷണം, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങളായ വെണ്ണ, നെയ്യ്‌ ഇവയൊന്നും ഹൃദ്രോഗികള്‍ക്ക്‌ നന്നല്ല.

ഇവയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ്‌ ഹൃദയത്തെ കൂടുതല്‍ അപകടത്തിലാക്കുന്നു. രക്‌തധമനികളുടെ ഉള്‍വശത്ത്‌ ഇവ അടിഞ്ഞുകൂടി കട്ട പിടിച്ച്‌ രക്‌ത പ്രവാഹത്തെ കൂടുതല്‍ തടസപ്പെടുത്തുന്നു. ഹൃദ്രോഗികള്‍ ഒരു നേരം മാത്രം ധാന്യഹാരം കഴിക്കുന്നതാണ്‌ നല്ലത്‌.

മറ്റ്‌ സമയങ്ങളില്‍ പഴങ്ങളോ, വേവിക്കാത്ത പച്ചക്കറികളോ കഴിക്കാം. കരിക്ക്‌ ഹൃദ്രോഗികള്‍ക്ക്‌ ഉത്തമമാണ്‌. അതോടൊപ്പം തന്നെ ധാരാളം ശുദ്ധജലവും കുടിക്കണം.

കരിക്ക്‌ മാത്രം കഴിച്ച്‌ ആഴ്‌ചയില്‍ രണ്ടോ മൂന്നോ ദിവസം ഉപവസിക്കുന്നതും രോഗശമനത്തിന്‌ നല്ലതാണ്‌. നാളികേരവും ഹൃദ്രോഗികള്‍ക്ക്‌ ഉപയോഗിക്കാം.

ആഹാരം അറിഞ്ഞു കഴിക്കുക

മൈദ പോലുള്ള ഭക്ഷ്യ വസ്‌തുക്കള്‍ കഴിക്കുന്നതിലൂടെ ധാന്യങ്ങളിലെ നാരുകളിലൂടെ ലഭിക്കുന്ന സൂക്ഷ്‌മ പോഷകങ്ങളുടെ കുറവുണ്ടാവുകയും രക്‌തധമനികളുടെ സുസ്‌ഥിതി ക്രമേണ ക്ഷയിക്കാനും ഇടയാകുന്നു. അതുപോലെ മുട്ടയുടെ മഞ്ഞക്കരു വല്ലപ്പോഴുമൊരിക്കല്‍ മതി.

നാരുള്ള പയറുകളും സസ്യങ്ങളും പഴങ്ങളും ധാരാളം കഴിക്കാം. തവിടു കളയാത്ത ധാന്യങ്ങള്‍ മുഖ്യാഹാരമാക്കാം. ഇവയില്‍ നിന്നെല്ലാം ധാരാളം നാര്‌ ശരീരത്തിന്‌ ലഭിക്കണം. കൊഴുപ്പും മാംസ്യവും ഒഴിവാക്കുകയോ കഴിവതും കുറയ്‌ക്കുകയോ ചെയ്യുക.

പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക. കൊഴുപ്പ്‌ 10 ശതമാനം, പ്രോട്ടീന്‍ 10 ശതമാനം, പഴങ്ങളും പച്ചക്കറികളും 80 ശതമാനം. പാലും പാലുല്‍പ്പന്നങ്ങളും പൂര്‍ണമായും ഉപേക്ഷിക്കണം.

വ്യായാമം ഒഴിവാക്കരുത്‌

വ്യായാമരഹിത ജീവിതമാണ്‌ ഇന്ന്‌ മനുഷ്യന്‌ ഇത്രയേറെ അസുഖങ്ങള്‍ സമ്മാനിക്കുന്നത്‌. വ്യായാമം ചെയ്യുന്നവരുടെ ഹൃദയം ഉന്മേഷഭരിതമായിരിക്കും. വ്യായാമം ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നു. വ്യായാമം ചെയ്യാത്തവര്‍ക്ക്‌ ചെയ്യുന്നവരെ അപേക്ഷിച്ച്‌ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കും.

ഓട്ടമാണ്‌ ഹൃദയത്തിന്‌ അനുയോജ്യമായ വ്യായാമം. അതോടൊപ്പം നടത്തവും ഹൃദയത്തെ സംരക്ഷിക്കുന്നു. പതിവായി വ്യായാമം ചെയ്യുന്നവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കുറവാണ്‌.

വ്യായാമമില്ലാത്ത ഒരാള്‍ക്ക്‌ ചെറിയ ഹാര്‍ട്ട്‌ അറ്റാക്ക്‌ ഉണ്ടായാല്‍ പോലും ഗുരുതരമായിരിക്കും. പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, പൊണ്ണത്തടി ഇവയെല്ലാം വ്യായാമമില്ലാത്തവരില്‍ കാണപ്പെടുന്ന രോഗങ്ങളാണ്‌. ഇവ ഹൃദ്രോഗത്തിന്‌ കാരണമായിത്തീരുന്നു.

വ്യായാമം ചെയ്യുന്നവരില്‍ ഹൃദയം കൂടുതലായി പ്രവര്‍ത്തിക്കുകയും അടിയന്തിരഘട്ടമുണ്ടായാല്‍ ഒല്‍പം കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള തയാറെടുപ്പ്‌ ഉണ്ടായിരിക്കുകയും ചെയ്യും. പതിവായി വ്യായാമം ചെയ്യുന്നവരില്‍ നെഞ്ചുവേദനയും ഹാര്‍ട്ട്‌ അറ്റാക്കും കുറഞ്ഞിരിക്കുന്നതിന്റെ കാരണമിതാണ്‌.

ഏറ്റവും നല്ല വ്യായാമം നടത്തം തന്നെയാണ്‌. ചെറിയ പ്രായത്തിലുള്ളവര്‍ക്കും നല്ല കായികശേഷി ഉള്ളവര്‍ക്കും ഓട്ടം ശീലമാക്കാം. രാവിലെയാണ്‌ വ്യായാമത്തിന്‌ യോജിച്ച സമയം. സാമാന്യം വേഗത്തില്‍ ആയിരിക്കണം നടത്തം.

നല്ല കായികാധ്വാനമുള്ള ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ അതിന്‌ പുറമേ പ്രത്യേക വ്യായാമം ചെയ്യണമെന്നില്ല. കഠിനവ്യായാമം ഗുണത്തെക്കാളേറെ ദോഷം ചെയ്‌തെന്നുവരാം. മുന്‍പ്‌ വ്യായാമം ചെയ്യിട്ടില്ലാത്തവര്‍ പുതിയതായി വ്യായാമം തുടങ്ങുമ്പോള്‍ ശ്രദ്ധിക്കണം.

ആരംഭത്തില്‍ കഠിന വ്യായാമം വേണ്ട. ആദ്യ ദിവസങ്ങളില്‍ അഞ്ചോ പത്തോ മിനിട്ട്‌ നേരത്തേക്ക്‌ മതി. സാവധാനം സമയം ദീര്‍ഘിപ്പിക്കാം. മരുന്നു കഴിക്കുന്നത്‌ പോലെ കുറച്ചുകാലം കൊണ്ട്‌ അവസാനിപ്പിക്കേണ്ട ഒന്നല്ല വ്യായാമം.

അത്‌ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. ആയുര്‍വേദരീതിയിലുള്ള ദിനചര്യകള്‍ ശീലക്കണം. ആയുര്‍വേദത്തില്‍ ഏതെങ്കിലും ഒരു അവയവത്തിന്റെ മാത്രമായി ആരോഗ്യത്തെ സംരക്ഷിക്കുവാന്‍ സാധിക്കുകയില്ല എന്നോര്‍ക്കുക.

മനസിന്റെ പര്യായം ഹൃദയം

ഹൃദയമാണ്‌ മനസ്‌ എന്ന്‌ ആയുര്‍വേദം പറയുന്നു. മാനസിക വികാരങ്ങളെല്ലാം ഹൃദയത്തെ ബാധിക്കുന്നു. ഭയവും പരിഭ്രമവും ഹൃദയമിടിപ്പ്‌ വര്‍ധിപ്പിക്കുന്നു. അതിനാലാണ്‌ ചിലപ്പോഴൊക്ക മനസിന്‌ ഏല്‍ക്കുന്ന ആഘാതം മരണത്തിന്‌ കാരണമാകുന്നത്‌.

ഹൃദയം സ്വസ്‌ഥമായിരിക്കണമെങ്കില്‍ മനസ്‌ ശാന്തമായിരിക്കണം. ഹൃദയത്തിന്‌ രോഗം വരാതിരിക്കുന്നതിനും വന്ന രോഗം ശമിക്കുന്നതിനും പ്രാര്‍ഥന വേണം. മറ്റുള്ളവര്‍ക്ക്‌ മനോവേദന ഉണ്ടാക്കുന്നവന്‍ ഹൃദ്രോഗിയായി തീരുന്നുവെന്ന്‌ ആയുര്‍വേദം പറയുന്നു.

ഔഷധവ്യാപാരം ഇത്രയേറെ പ്രചരിക്കുന്നതിന്‌ മുന്‍പ്‌, ചുറ്റുപാടും അനായാസേന ലഭ്യമായിരുന്ന മൂലികകള്‍ കൊണ്ട്‌ ഏതു രോഗവും ചികിത്സിച്ചു മാറ്റുമായിരുന്നു. ഓരില, നീര്‍മരുത്‌, തഴുതാമ, ഞെരിഞ്ഞില്‍, മുരിങ്ങ എന്നിവ ഹൃദ്രോഗത്തിന്‌ വേണ്ടി ഉപയോഗിച്ചിരുന്നു.

മുഖം മുതല്‍ ഗുദം വരെ നീണ്ടു കിടക്കുന്ന വലിയ ഒരു കുഴലാണ്‌ മഹാസ്രോതസ്‌. രോഗനിര്‍ണയത്തിന്റെയും ചികിത്സയുടെയും സൗകര്യത്തിന്‌ വേണ്ടി മൂന്നു രോഗമാര്‍ഗങ്ങള്‍ സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നു.

മഹാസ്രോതസ്‌ അന്തര്‍ മാര്‍ഗമാകുന്നു. ആഹാരത്തിന്റെ പചനവും ആഹാരത്തിന്റെ സാരം കൊണ്ട്‌ ധാതുക്കളുടെ പോഷണവും മലത്തിന്റെ നിരസനവും സംബന്ധിച്ച അവയവങ്ങളെല്ലാം മഹാസ്രോതസിനോട്‌ ബന്ധപ്പെട്ടാണ്‌ ഘടിപ്പിക്കപ്പെട്ടിരിക്കുന്നത്‌.

ആഹാരത്തിന്റെ സാരമായ ധാതു പോഷകമായ അംശമാണ്‌ മുഖ്യമായി രക്‌തത്തില്‍ അടങ്ങിയിരിക്കുന്നത്‌. ആ രക്‌തത്തെ അവയവങ്ങളിലെല്ലാം വ്യാപിപ്പിക്കുകയാണ്‌ ഹൃദയത്തിന്റെ മുഖ്യ കര്‍ത്തവ്യം.

ഓരോ അവയവത്തിനും അതതുതരത്തില്‍ പ്രാധാന്യമുണ്ടെങ്കിലും അവ ഒറ്റയ്‌ക്കും കൂട്ടായും പ്രവര്‍ത്തിക്കുന്നതിനാലാണ്‌ ആരോഗ്യം നിലനില്‍ക്കുന്നത്‌. അതിനാലാണ്‌ ഒരു അവയവത്തിന്‌ പ്രത്യേകമായി ചികിത്സയില്ലെന്ന്‌ ആയുര്‍വേദം പറയുന്നത്‌.

വേണം നല്ല ആരോഗ്യശീലങ്ങള്‍

ജീവിതശൈലിയില്‍ കാലത്തിനനുസരിച്ചുണ്ടാകുന്ന മാറ്റങ്ങളോട്‌ പുറം തിരിഞ്ഞ്‌ നില്‍ക്കാനാവില്ല. എങ്കിലും ആരോഗ്യമാണ്‌ ഏറ്റവും വലിയ സമ്പത്ത്‌ എന്ന ബോധ്യം ഉണ്ടായിരിക്കണം. അനാരോഗ്യകരമായ ശീലങ്ങള്‍ ഒഴിവാക്കാനും ആരോഗ്യശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

അമിത വണ്ണം കുറയ്‌ക്കുക, മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക, കൊഴുപ്പു കൂടുതലടങ്ങിയതും ബേക്കറിപ്പലഹാരങ്ങളും വര്‍ജിക്കുക, പകരം പച്ചക്കറികളും പഴങ്ങളും ധാരാളം ഉപയോഗിക്കുക, മാനസികമായി സ്വസ്‌ഥത കൈവരിക്കുക, സൂര്യപ്രകാശവും ശുദ്ധവായുവും ആവോളം ആസ്വദിക്കുക, ശുചിത്വം പാലിക്കുക, വ്യായാമം ചെയ്യുക തുടങ്ങിയവയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമാക്കുക വഴി ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാം.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: ലീമാ കെ. കുര്യന്‍

 

മാനസിക പിരികുറുക്കം ഹൃദ്രോഗത്തിന് കാരണം

 

വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ ഹൃദയപേശികളിലെ രക്തധമനികള്‍ ചുരുങ്ങുന്നു. ഈ അവസരത്തില്‍ രക്തം പമ്പ് ചെയ്യുവാന്‍ ഹൃദയത്തിന് കൂടുതല്‍ പണിപ്പെടേണ്ടിവരുന്നു. ഇത് ഹൃദയാഘാതത്തിന് കാരണമാകാം.

മാനസിക സമ്മര്‍ദവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ട്. മാനസികപിരിമുറുക്കം കൂടിയവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

മാനസികസമ്മര്‍ദം ശരീരത്തിലെ ചില ഹോര്‍മോണുകളുടെ അളവ് പെട്ടെന്ന് കൂടാന്‍ കാരണമാകുന്നു. അതായത് മനസും ശരീരവും തമ്മില്‍ വളരെയേറെ ബന്ധമുണ്ടെന്ന് അര്‍ഥം.

മാനസിക സമ്മര്‍ദമുണ്ടാകുമ്പോ ള്‍ ശരീരത്തിലെ എന്‍ഡോക്രൈന്‍ ഗ്ലാന്റുകള്‍ കൂടുതല്‍ ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നു. തല്‍ഫലമായി അഡ്രിനാലിന്‍, നോര്‍അഡ്രിനാലിന്‍, ഹിസ്റ്റമിന്‍, സിറോട്ടോണിന്‍ തുടങ്ങിയ സുപ്രധാന ഹോര്‍മോണുകള്‍ അമിതമായി ശരീരത്തിലേക്ക് പ്രവഹിക്കുന്നു.

ഇത് രക്തധമനികള്‍ സങ്കോചിക്കുവാനിടയാക്കുകയും രക്തസമ്മര്‍ദം കൂട്ടുകയും ചെയ്യും. ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം കുറയുമ്പോള്‍ നെഞ്ചുവേദനയോ, ഹൃദയാഘാതമോ പിടിപ്പെടാനിടയുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഹൃദയപേശികള്‍ക്ക് ബലക്ഷയം സംഭവിക്കുകയോ ഹൃദയതാളം തെറ്റുകയോ ചെയ്യുന്നു.

കോപം, ഭയം, നിരാശ, ആകുലത എന്നിങ്ങനെ തീവ്രമായ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ ഹൃദയപേശികളിലെ രക്തധമനികള്‍ ചുരുങ്ങുന്നു. ഈ അവസരത്തി ല്‍ രക്തം പമ്പ് ചെയ്യുവാന്‍ ഹൃദയത്തിന് കൂടുതല്‍ പണിപ്പെടേണ്ടിവരുന്നു. ഇത് ഹൃദയാഘാതത്തിന് കാരണമാകാം.

മാനസിക സംഘര്‍ഷവും നെഞ്ചുവേദനയും

നെഞ്ചുവേദനയുമായി ഡോക്ടറുടെ അടുത്തുവരുന്ന അഞ്ച് ശതമാനത്തില്‍ ഒരാളെങ്കിലും സ്‌ട്രെസ് മൂലമുള്ള നെഞ്ചു വേദനയുള്ളവരാണ്. ഇവരെ തിരിച്ചറിയാന്‍ എളുപ്പമാണെങ്കിലും ചില സന്ദര്‍ഭത്തില്‍ ടെസ്റ്റുകള്‍ രോഗനിര്‍ണയത്തിന് വേണ്ടി വരും. ഉറക്കമില്ലായ്മ, തലവേദന, അള്‍സര്‍, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയവ രോഗിയുടെ മനസിനേയും ശരീരത്തേയും ഒരുപോലെ ബാധിക്കും.

പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍

മാനസികസമ്മര്‍ദവും ഹൃദ്രോഗവും തമ്മില്‍ ബന്ധപ്പെടുത്തുമ്പോള്‍ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. മനുഷ്യന്റെ ശാരീരിക മാനസിക ആത്മീയ മാനങ്ങളുടെ കൂടിച്ചേരലാണ്് ആരോഗ്യകരമായ വ്യക്തിത്വം. ഒരാളുടെ ജീവിതത്തില്‍ നിന്ന് ടെന്‍ഷന്‍ ഒരിക്കലും മാറ്റിനിര്‍ത്തുവാന്‍ സാധിക്കില്ല.

സമൂഹത്തില്‍ സങ്കീര്‍ണതയേറുമ്പോള്‍ എല്ലാ ജീവിതരംഗങ്ങളില്‍ നിന്നും പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നു. ഈ പ്രശ്‌ന സാഹചര്യങ്ങള്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നു.

അതുകൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ നേരിടുന്ന രീതിയാണ് പ്രധാനം. ഏതൊരു പ്രശ്‌നത്തിനും രണ്ടു വശങ്ങളുണ്ട്. നെഗറ്റീവും പോസിറ്റീവും. ഇതിലെ പോസ്റ്റീവ് വശം തിരഞ്ഞെടുത്ത് നേരിടുമ്പോള്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ സാധിക്കും.

ടെന്‍ഷന്‍ കുറയ്ക്കാം

1. യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കുക.
2. ടെന്‍ഷനുണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുക.
3. പ്രശ്‌നങ്ങളെ ധൈര്യപൂര്‍വം നേരിടണം.
4. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക.
5. ദിവസവും കുറഞ്ഞത് ആറു മണിക്കൂര്‍ ഉറങ്ങണം.
6. പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്യാനുള്ള മനസുണ്ടായിരിക്കുക.
7. ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താല്‍ ഒരു പരിധിവരെ ടെന്‍ഷന്‍ ഒഴിവാക്കാനാവും.
8. വായന, എഴുത്ത്, പാട്ട് കേള്‍ക്കുക, ഇഷ്ട വിനോദങ്ങളില്‍ ഏര്‍പ്പെടുക, മനസുതുറന്ന് ചിരിക്കുക തുടങ്ങിയവയും ടെന്‍ഷന്‍ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട് :

ഡോ. സജി ജോസ്
കാര്‍ഡിയോളജിസ്റ്റ്,
മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, തിരുവല്ല

 

വളര്‍ത്തിയെടുക്കാം ഹൃദയസൗഹൃദ അന്തരീക്ഷം

 

ഹൃദയസൗഹൃദ അന്തരീക്ഷം വളര്‍ത്തിയെടുക്കുകയെന്നതാണ്‌ ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം.

പലപ്പോഴും ഹൃദയാരോഗ്യത്തിന്‌ കൊടും ഭീഷണിയാകുന്നത്‌ നാം ജീവിക്കുന്ന ചുറ്റുപാടുകളും അന്തരീക്ഷവുമാണ്‌. ഹൃദ്രോഗഭീഷണികള്‍ ഒരു നിഴല്‍ പോലെ നമ്മെ പിന്‍തുടരുകയാണ്‌. അതിനെ അതിജീവിക്കാന്‍ സ്വന്തം ഹൃദയാരോഗ്യം മാത്രം പരിപാലിച്ചാല്‍ പോരാ, ചുറ്റുമുള്ള സമൂഹത്തിലും പരിതസ്‌ഥിതിയിലും ആരോഗ്യപൂര്‍ണമായ അന്തരീക്ഷം സൃഷ്‌ടിക്കാനും യത്നിക്കണം.

പരിസരവും ചുറ്റുപാടുകളും രോഗാതുരമെങ്കില്‍ ഒരാള്‍ക്കും ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയാതെ വരും. അപ്പോള്‍ ചുറ്റുപാടുമുള്ള സമൂഹത്തിലും പരിതസ്‌ഥിതിയിലും ആരോഗ്യപൂര്‍ണമായ അന്തരീക്ഷം സൃഷ്‌ടിക്കുവാന്‍ പ്രതിജ്‌ഞാബദ്ധരായി മറ്റുള്ളവരുടെ ഹൃദയാരോഗ്യത്തിനും തുണയാവണം.

ഈ യാഥാര്‍ഥ്യം വേള്‍ഡ്‌ ഹാര്‍ട്ട്‌ ഫെഡറേഷന്‌ നിരന്തരം തലവേദനയുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ അത്‌ ഈ വര്‍ഷത്തെ ഹൃദയദിനസന്ദേശമാവുകയും ചെയ്യുന്നു - 'ഹൃദയസൗഹൃദ അന്തരീക്ഷം വളര്‍ത്തിയെടുക്കുക'.

ഓരോ വ്യക്‌തിക്കും അവര്‍ ജീവിക്കുകയും തൊഴില്‍ ചെയ്യുകയും കളികളിലേര്‍പ്പെടുകയും ചെയ്യുന്ന ചുറ്റുപാടുകള്‍ ആരോഗ്യപൂര്‍ണമാണോ എന്ന്‌ ഉറപ്പു വരുത്താന്‍ ബാധ്യതയും അവകാശവും ഉണ്ട്‌. എന്നാല്‍ എത്രപേര്‍ അതിനായി യത്നിക്കുന്നു. ഓരോ വീടുകളിലെയും ജീവിതസൗകര്യങ്ങള്‍ ഹൃദയാരോഗ്യ സുരക്ഷയ്‌ക്ക് അനുയോജ്യമെന്ന്‌ ഉറപ്പു വരുത്തണം.

അയല്‍ വീടുകളിലും പരിസരപ്രദേശങ്ങളിലും ഹൃദയരക്ഷയ്‌ക്ക് ഭീഷണി ആകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുവാന്‍ സമൂഹക്കൂട്ടായ്‌മകള്‍ പരിശ്രമിക്കണം.

ആഗോളതലത്തിലും രാജ്യാന്തര തലത്തിലും ആളുകളെ ഹൃദ്രോഗത്തിലേക്ക്‌ നയിക്കുന്ന അപകടഘടകങ്ങളെ നിയന്ത്രിക്കാനുള്ള ക്രിയാത്മക രീതികള്‍ ഭരണാധികാരികള്‍ സംവിധാനം ചെയ്യണം.

ഇന്ത്യാക്കാര്‍ ഒന്നാമത്‌

ലോകത്തുള്ള ഹൃദ്രോഗികളില്‍ ഏതാണ്ട്‌ 60 ശതമാനവും ഇന്ത്യ ക്കാരായിരിക്കുമെന്ന്‌ കണക്കുകള്‍ തെളിയിക്കുന്നു. ഏതാണ്ട്‌ 50 ശതമാനം ഇന്ത്യക്കാര്‍ സസ്യഭുക്കുക ളായിട്ടും ലോകത്ത്‌ ഏറ്റവും അധികം ഹൃദ്രോഗികളുള്ള രാജ്യമാ യി മാറുകയാണ്‌ ഇന്ത്യ. 2020 ആകുമ്പോഴേക്കും ഇന്ത്യ പ്രമേഹത്തിന്റെ തലസ്‌ഥാനം എന്നതിലുപരി പ്രമുഖ സ്‌ഥാനമായി മാറുകയാണ്‌.

കഴിഞ്ഞ 30 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഹൃദ്രോഗം ഇന്ത്യയില്‍ വര്‍ധിച്ചത്‌ 300 ശതമാനമാണ്‌. അതില്‍ തന്നെ മുഖ്യഭാഗവും മലയാളികള്‍ തന്നെ. വരും കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ മരണപ്പെടുന്നതും ഹൃദ്രോഗം മൂലമായിരിക്കും.

ഇവിടെ 45 ശതമാനത്തോളം പേര്‍ക്ക്‌ വര്‍ധിച്ച കൊളസ്‌ട്രോള്‍ ഉണ്ട്‌. 30 ശതമാനത്തോളം ആളുകള്‍ക്ക്‌ രക്‌തസമ്മര്‍ദമുണ്ട്‌. ഇന്ത്യയിലെ ഇതര സംസ്‌ഥാനങ്ങളെക്കാള്‍ കൂടുതലായി മാംസഭോജികളായ മലയാളികളുടെ ശരീരഭാരം അപകടകരമാം വിധം വര്‍ധിച്ചു കാണുന്നു.

എന്നാല്‍ മറ്റേതുകാര്യത്തിലും അമിതവേഗം കാണിക്കുന്ന മലയാളി ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച്‌ ഹൃദ്രോഗം തടയുന്നതിനുള്ള മുന്‍കരുതലുകളെടുക്കുന്ന കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്നു. അനാരോഗ്യകരമായ പ്രവണത ആരോഗ്യ കേരളത്തെ എവിടെ കൊണ്ടുചെന്ന്‌ എത്തിക്കും?

അന്തരീക്ഷ മലിനീകരണം

വിഷലിപ്‌തമായ അന്തരീക്ഷങ്ങളിലും രോഗാതുരമായ ചുറ്റുപാടുകളിലും അകപ്പെട്ട്‌ സ്വയം രക്ഷിക്കാനാകാത്ത വിധം ഓരോരുത്തരും കുടുങ്ങിപ്പോകുന്നു. പ്രത്യേകിച്ച്‌ അതിവേഗം വളരുന്ന നഗരവത്‌ക്കരണം ഇവിടെയൊരു തീരാശാപമായി മാറുകയാണ്‌.

പ്രതിവര്‍ഷം 17.3 ദശലക്ഷം ആളുകളാണ്‌ ഹൃദയധമനീ രോഗങ്ങള്‍ മൂലം മരണപ്പെടുന്നത്‌. ഈ സംഖ്യ 2030 ആകുമ്പോള്‍ 23 ദശലക്ഷമാകുമെന്ന്‌ വേള്‍ഡ്‌ ഹാര്‍ട്ട്‌ ഫെഡറേഷന്‍ പ്രവചിക്കുന്നു. 2015 ആയതോടെ ഹൃദ്രോഗബാധ മറ്റ്‌ മഹാമാരികളെയെല്ലാം കവച്ചുവയ്‌ക്കുന്ന വിധത്തിലുള്ള ഒരു മാരകരോഗമായി മാറിക്കഴിഞ്ഞു.

എല്ലാ 20 സെക്കന്റിലും ഒരു ഹാര്‍ട്ട്‌ അറ്റാക്ക്‌ സംഭവിക്കുന്നു. ഓരോ മിനിട്ടിലും അറ്റാക്കിനോടനുബന്ധിച്ച മരണം സംഭവിക്കുന്നു. ഹൃദ്രോഗം മൂലമുള്ള ആകെ മരണങ്ങളില്‍ 80 ശതമാനവും സാമ്പത്തികമായി താഴേക്കിടയിലുള്ള രാജ്യത്തിലാണ്‌ സംഭവിക്കുന്നത്‌. അതില്‍ ഭൂരിപക്ഷവും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരാണെന്ന വസ്‌തുത ലോകാരോഗ്യ സംഘടനയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു.

വിഷം ശ്വസിക്കുന്നവര്‍

മലിനീകൃതമായ അന്തരീക്ഷത്തില്‍ ആയിരക്കണക്കിന്‌ രാസസംയുക്‌തങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്‌. അമേരിക്കന്‍ ലംഗ്‌ അസോസിയേഷന്റെ പഠനപ്രകാരം മലിനീകൃതമായ അന്തരീക്ഷത്തില്‍ ജീവിക്കുമ്പോള്‍ ആസ്‌ത്മ, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ മാരക രോഗാവസ്‌ഥകള്‍ മൂലം രോഗികളാകുന്നവരുടെ എണ്ണം കൂടുകയാണ്‌.

ലോകജനതയുടെ പകുതിയിലധികം പേര്‍ ഇപ്പോഴും വിറക്‌, ചാണകം, കല്‍ക്കരി തുടങ്ങിയവ കൊണ്ടാണ്‌ ഭക്ഷണം പാകം ചെയ്യുന്നത്‌. പാചകപ്പുരയില്‍ വിഷവാതകമായ കാര്‍ബണ്‍മോണോക്‌സൈഡ്‌ ധാരാളമുണ്ടാകുന്നു.

ഇവ ശ്വസിക്കുന്നത്‌ കൊണ്ടുമാത്രം ഭൂമുഖത്ത്‌ പ്രതിവര്‍ഷം ഒരു ദശലക്ഷം പേരാണ്‌ മരണമടയുന്നത്‌. ഇവയില്‍ മൂന്നിലൊന്ന്‌ ആളുകളും ഏതെങ്കിലും തരത്തിലുള്ള വിഷവായു ശ്വസിക്കുന്നുണ്ടെന്ന്‌ ഗവേഷണങ്ങള്‍ തെളിയിക്കുന്നത്‌.

പച്ചത്തുരുത്തുകള്‍

2012 ല്‍ സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്‌ രാജ്യത്തെ 180 നഗരങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ മലപ്പുറവും പത്തനംതിട്ടയുമാണ്‌ അന്തരീക്ഷ മലിനീകരണത്തിന്റെ അടിസ്‌ഥാനത്തില്‍ കേരളത്തിലെ മെച്ചപ്പെട്ട സ്‌ഥലങ്ങള്‍.

തുടര്‍ച്ചയായി മലിനവായൂ ശ്വസിച്ചാല്‍ ഹൃദയധമനികളില്‍ രക്‌തക്കട്ട ഉണ്ടാകാനുള്ള സാധ്യതയേറുന്നു. അമിതമായ ഓക്‌സീകരണവും ധമനിവീക്കവും ഉണ്ടാകുന്നു. മേല്‍പ്പറഞ്ഞ പ്രതികൂല സാഹചര്യങ്ങളെല്ലാം കൊറോണറികളിലെ പ്ലാക്ക്‌ പൊട്ടി രക്‌തക്കട്ട ഉണ്ടാകുന്നതിനുള്ള ശക്‌തമായ ട്രിഗറുകളാകുന്നു.

പ്രാണനെ താങ്ങി നിര്‍ത്തുന്ന അത്ഭുത പ്രതിഭാസമാണ്‌ മനുഷ്യഹൃദയം. ഹൃദയത്തിന്റെ ആരോഗ്യമാണ്‌ ആയുര്‍ദൈര്‍ഘ്യം നിശ്‌ചയിക്കുന്നത്‌. അതുകൊണ്ട്‌ സര്‍വ ശക്‌തിയെടുത്തും ഹൃദയാരോഗ്യത്തെ കാത്തു പരിപാലിക്കാം.

വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ നിര്‍ദേശങ്ങള്‍

1. നിങ്ങളുടെ വീടുകളില്‍ വിഷലിപ്തമല്ലാത്ത ആരോഗ്യ പൂര്‍ണമായ ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് മാത്രം സ്ഥാനം കൊടുക്കുക. ടിന്‍ ഫുഡിന്റെയും വര്‍ധിച്ച പഞ്ചസാരയുടെയും കൊഴുപ്പിന്റെയും ഉപ്പിന്റെയും ഉപയോഗം കുറയ്ക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. സ്‌കൂളിലും ഓഫീസിലും കൊണ്ടുപോകാനായി ആരോഗ്യപുര്‍ണമായ ഭക്ഷണം പാകപ്പെടുത്തുക.

2. വീടുകളിലും തൊഴിലിടങ്ങളിലും പുകവലി കള്‍ശനമായി നിരോധിക്കുക.

3. ടെലിവിഷന്‍ ദീര്‍ഘനേരം കാണുന്നത് ഒഴിവാക്കുക. പകരം കൂടുതലായി പരിസരത്ത് ജോലിചെയ്യുകയും കായികാധ്വാനമുള്ള വ്യായാമങ്ങളിലേര്‍പ്പെടുകയും ചെയ്യുക.

4. ഹൃദ്രോഗത്തിലേക്ക് ഒരുവനെ വലിച്ചിഴയ്ക്കുന്ന അപകടഘടകങ്ങളെ തിരിച്ചറിയുക. എക്‌സിക്യൂട്ടീവ് ചെക്കപ്പുകള്‍ വഴി ഓരോരുത്തരുടെയും രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, ഷുഗര്‍, ശരീരഭാരം തുടങ്ങിയവ പരിശോധിച്ച് തിട്ടപ്പെടുത്തുക.

5. സ്‌ട്രെസ് കുറയ്ക്കുക. ശരീരത്തിനും മനസിനും അയവു വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിരതമാകുക. ഉല്ലാസവേളകള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തുക. ജോലിയുടെ ഇടവേളകളില്‍ പറ്റുമെങ്കില്‍ ചെറിയ വ്യായാമ പരിപാടികള്‍ ആസൂത്രണം ചെയ്യുക.

ഇതിന് തൊഴിലധികൃതര്‍ സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കുക. കുട്ടികളുടെ ഡയറ്റ് പരിപാടികള്‍ക്ക് പ്രാമുഖ്യം നല്‍കുക. 5 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ദിവസേന കളികളിലേര്‍പ്പെടണം.

മാതാപിതാക്കളും കുട്ടികളും ഒരുമിച്ച് വിവിധ വ്യായാമ പരിപാടികളില്‍ ഉത്സുകരാകണം. വ്യായാമത്തിന് ഒട്ടും താത്പര്യമില്ലാത്ത മാതാപിതാക്കളുടെ കുട്ടികളും മടിയന്മാരാകുന്നു. കൂടുതല്‍ സമയം ടെലിവിഷന്‍ കാണുന്ന കുട്ടികളിലെ പ്രവര്‍ത്തനോത്മുഖത മുരടിക്കുന്നു.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: ഡോ.ജോര്‍ജ്‌ തയ്യില്‍

സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ കാര്‍ഡിയോളജിസ്‌റ്റ്
ലൂര്‍ദ്‌ ഹോസ്‌പിറ്റല്‍, എറണാകുളം

ഹൃദയാഘാതത്തെ എങ്ങനെ അതിജീവിക്കും

 

ഒരു കാലത്ത്‌ ഹൃദ്രോഗം പ്രായമായവരുടെ രോഗമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്നത്‌ ജീവിതശൈലി രോഗമായി മാറി. ഹൃദ്രോഗവും പക്ഷാഘാതവും ഏറ്റവും പ്രധാനപ്പെട്ട രണ്ട്‌ മരണകാരണങ്ങള്‍.

പ്രതിവര്‍ഷം ഏകദേശം ഒന്നേമുക്കാല്‍ കോടിയോളം പേര്‍ ഈ രോഗങ്ങള്‍മൂലം മരണമടയുന്നു. ഇന്ത്യയിലെ ഹൃദ്രോഗനിരക്ക്‌ പാശ്‌ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇരട്ടിയാണെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

തടയാനാവുന്ന വിപത്ത്‌

ജനിതകവും പാരമ്പര്യവും ഹൃദ്രോഗത്തില്‍ നിയന്ത്രിക്കാനാവാത്ത അപായ ഘകടകങ്ങളാണ്‌. എങ്കിലും ഭൂരിപക്ഷം ഹൃദ്രോഗവും നിയന്ത്രിക്കാവുന്ന കാരണങ്ങളായ പ്രമേഹം, രക്‌തസമ്മര്‍ദം, പുകവലി, നിശ്‌ചലമായ ജീവിതരീതി, അനാരോഗ്യകരമായ ആഹാരരീതി, മാനസികസമ്മര്‍ദം, അമിതഭാരം തുടങ്ങിയവ മൂലമാണ്‌ ഉണ്ടാകുന്നത്‌.

ഇതില്‍ ജീവിതരീതി ഏറ്റവും പ്രധാനപ്പെട്ട അപകടകാരണമായി മാറി. ഈ സാഹചര്യത്തിലാണ്‌ ലോകഹൃദയദിനം 2015 ആരോഗ്യകരമായ ഹൃദയാന്തരീക്ഷം സൃഷ്‌ടിക്കുന്നതിലേക്ക്‌ നമ്മുടെ ശ്രദ്ധ തിരിക്കുന്നത്‌.

കണക്കുകള്‍ ഞെട്ടിക്കുന്നത്‌

സ്‌ഥിതിവിവര കണക്കനുസരിച്ച്‌ 50 ശതമാനം ഹൃദയാഘാതവും 50 വയസില്‍ താഴെയും 25 ശതമാനം 40 വയസില്‍ താഴെയും പ്രായമുള്ള പുരുഷന്മാരിലാണ്‌ ഉണ്ടാകുന്നത്‌. ഹൃദയത്തിലേക്കുള്ള രക്‌തക്കുഴലുകളില്‍ രക്‌തക്കട്ട മൂലം ഉണ്ടാകുന്ന തടസം കൊണ്ടാണ്‌ ഹൃദയാഘാതമുണ്ടാകുന്നത്‌.

ഹൃദയാഘാതമുണ്ടാകുമ്പോള്‍ രക്‌തക്കുഴലുകളിലുള്ള തടസം മാറുന്നതുവരെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന്‌ അത്യന്താപേക്ഷിതമായ ഹൃദയത്തിന്റെ പേശികള്‍ക്കുള്ള രക്‌തത്തിലൂടെയുള്ള ഓക്‌സിജന്‍ ലഭ്യത ഇല്ലാതാകുന്നു.

പുരുഷന്മാരിലും സ്‌ത്രീകളിലും

കാലങ്ങളായി ഇത്‌ പുരുഷന്മാരുടെ ഒരു രോഗമായി കണക്കാക്കിയിരുന്നു. സ്‌ത്രീകളില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന ഈസ്‌ട്രജന്‍ ഹോര്‍മോണ്‍ അവരെ സ്വാഭാവികമായി ഹൃദയാഘാതത്തില്‍ നിന്ന്‌ സംരക്ഷിക്കുമെന്ന്‌ പൂര്‍വപഠനങ്ങളില്‍ കണ്ടതായിയിരിക്കാം അതിന്‌ ആധാരം.

ആര്‍ത്തവവിരാമശേഷം ഈ ഹോര്‍മോണ്‍ കുറയുന്നതു കൊണ്ട്‌ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുന്നു. എന്നാല്‍ ജീവിതചര്യയിലുള്ള ദോഷകരമായ വ്യതിയാനങ്ങള്‍ ഹൃദയാഘാതത്തിനുള്ള സ്‌ത്രീ പുരുഷ വ്യത്യാസം ഇല്ലാതാക്കുന്നു. ഹൃദയാഘാതം വരുമ്പോള്‍ പ്രഥമ ശൂശ്രൂഷയെക്കുറിച്ചുള്ള അജ്‌ഞത, സ്‌ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിലുള്ള കാലതാമസം ഉണ്ടാക്കുന്നു.

ഇത്‌ സ്‌ഥിതി മോശമാക്കുകയും ചിലയവസരങ്ങളില്‍ മരണത്തിന്‌ കാരണമാക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളും വൈദ്യസഹായം ലഭിക്കുന്നത്‌ വരെയുള്ള മുന്‍കരുതലുകളും അറിഞ്ഞിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌.

ആദ്യലക്ഷണങ്ങള്‍

1. ഏറ്റവും പ്രധാനപ്പെട്ട ഹൃദയാഘാതലക്ഷണം നെഞ്ചിന്റെ മധ്യഭാഗത്ത്‌ അനുഭവപ്പെടുന്ന ഇറുക്കിപ്പിടിക്കുന്നതോ, ഭാരം വച്ചതുപോലെയോ ഉള്ള വേദനയാണ്‌. ഈ വേദന ഇടതുവശത്തോട്ട്‌ പടരുന്നതും ഇടതുകൈയിലേക്കും വ്യാപിക്കുന്നതുമായി അനുഭവപ്പെടാം.
2. ശരീരം അമിതമായി വിയര്‍ക്കുക.
3. പ്രമേഹ രോഗികളില്‍ വിയര്‍ക്കല്‍, തലയ്‌ക്കുള്ള മന്ദത, തലകറക്കം എന്നിവ ശക്‌തിയായ വേദനയെക്കാള്‍ കൂടുതലായി കാണാം.
4. പെട്ടെന്നുള്ള ശ്വാസംമുട്ടല്‍, ബോധക്ഷയം, തലകറക്കം എന്നിവയും ലക്ഷണങ്ങളാണ്‌.
5. വയറിന്റെ മുകള്‍ഭാഗത്ത്‌ അനുഭവപ്പെടുന്ന അസ്വസ്‌ഥത, എരിച്ചില്‍ എന്നിവ ഒരുപക്ഷേ, അസിഡിറ്റി സംബന്ധമായ രോഗമായി പലപ്പോഴും തെറ്റിധരിക്കാറുണ്ട്‌.
6. ശക്‌തിയായ ഓക്കാനം, പെട്ടെന്നുള്ള അതിയായ ക്ഷീണം, നെഞ്ചിടിപ്പ്‌ എന്നിവയും ലക്ഷണങ്ങളായി കാണാറുണ്ട്‌.

ലക്ഷണങ്ങള്‍ കണ്ടാല്‍

അടിയന്തിരമായി വിദഗ്‌ധവൈദ്യ സഹായം തേടുക. കാരണം പലപ്പോഴും ചികിത്സ ലഭിക്കുന്നതിലുള്ള കാലതാമസമാണ്‌ രോഗാവസ്‌ഥ വഷളാക്കുന്നത്‌.

ഹൃദയാഘാതവും അതിന്റെ കാരണങ്ങളും മുന്‍കരുതലുകളും മനസ്സിലാക്കുന്നതോടൊപ്പം നമുക്ക്‌ നമ്മള്‍ ആയിരിക്കുന്നിടത്ത്‌ ആരോഗ്യകരമായ ഹൃദയാന്തരീക്ഷം സൃഷ്‌ടിക്കുന്നതിന്‌ ആത്മാര്‍ഥമായി പരിശ്രമിക്കാം.

ഇതിനു സഹായിക്കുന്ന ചില കരുതലുകള്‍

1. പുകവലി ഉപേക്ഷിക്കുക.
2. ആരോഗ്യകരമായ ഭക്ഷണ രീതി അവലംബിക്കുക.
3. ചിട്ടയായ വ്യായാമം.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: ഡോ. ജോസ്‌ ജോണ്‍ MD, DM (Cardio)

ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്‌റ്റ്
എസ്‌. എച്ച്‌ മെഡിക്കല്‍ സെന്റര്‍, കോട്ടയം.

ഹൃദയാരോഗ്യം സംശയങ്ങള്‍

ഹൃദസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിന്‌ പിന്നില്‍ ഈ തെറ്റായ വിശ്വാസങ്ങള്‍ക്ക്‌ സ്‌ഥാനമുണ്ട്‌. ഇത്തരം വിശ്വാസങ്ങളുടെ യാഥാര്‍ഥ്യം വെളിപ്പെടുത്തുന്ന പ്രത്യേക ചോദ്യോത്തരം .

ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട്‌ നിരവധി സംശയങ്ങള്‍ ഉണ്ടാകാറുണ്ട്‌. അതില്‍ പലതും തെറ്റിദ്ധാരണകളാണ്‌. ഹൃദസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതിന്‌ പിന്നില്‍ ഈ തെറ്റായ വിശ്വാസങ്ങള്‍ക്ക്‌ സ്‌ഥാനമുണ്ട്‌. ഇത്തരം വിശ്വാസങ്ങളുടെ യാഥാര്‍ഥ്യം വെളിപ്പെടുത്തുന്ന പ്രത്യേക ചോദ്യോത്തരം.

മൂന്നാം തവണ ഉണ്ടാകുന്ന ഹൃദയാഘാതം മരണ കാരണമാകുമെന്ന്‌ പറയുന്നത്‌ ശരിയാണോ?

മൂന്നാമത്തെ ഹൃദയാഘാതത്തോടെ ഉറപ്പായും മരണം സംഭവിക്കാമെന്ന ധാരണ തെറ്റാണ്‌. എത്ര തവണ ഹൃദയാഘാതം ഉണ്ടായിയെന്നതല്ല, ഹൃദയാഘാതത്തിന്റെ തീവ്രതയാണ്‌ പ്രധാനം.

ആദ്യത്തേയോ, രണ്ടാമത്തേയോ അറ്റാക്കുകള്‍ ഗുരുതരമാണെങ്കില്‍ അതുകൊണ്ടും മരണം സംഭവിക്കാം. ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ രക്‌തധമനികള്‍ക്ക്‌ ക്ഷതം സംഭവിക്കുകയും ഹൃദയപേശികള്‍ ദുര്‍ബലമാകുകയും ചെയ്യുന്നു. അതായത്‌ ഹൃദയാഘാതം സംഭവിക്കുമ്പോള്‍ ഹൃദയധമനിയില്‍ ബ്ലോക്ക്‌ ഉണ്ടാകുന്നു.

ഇതുമൂലം ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യമായ രക്‌തം കോശങ്ങള്‍ക്ക്‌ ലഭിക്കാതെ വരുകയും ഹൃദയപേശികള്‍ ഒന്നൊന്നായി നിര്‍ജീവമാകുകയും ചെയ്യുന്നു. ഓരോ തവണ ഹൃദയാഘാതം ഉണ്ടാകുമ്പോഴും ഹൃദയശപേശികള്‍ കൂടുതല്‍ ദുര്‍ബലമാകുന്നതുകൊണ്ടാണ്‌ ഹൃദയാഘാതം വരുന്ന തവണകള്‍ കൂടുംന്തോറും മരണസാധ്യതയും കൂടുന്നത്‌.

എന്നാല്‍ ഇത്‌ മൂന്നാമത്തെ അറ്റാക്കില്‍തന്നെ സംഭവിക്കണമെന്നില്ല. കൃത്യസമയത്ത്‌ ശരിയായ ചികിത്സ രോഗിക്കു ലഭ്യമാക്കുക എന്നതാണ്‌ പ്രധാനം. എക്കോ കാര്‍ഡിയോ ഗ്രാമിലൂടെ പേശികള്‍ക്ക്‌ എത്രത്തോളം ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന്‌ മനസിലാക്കാവുന്നതാണ്‌.

ഹൃദയാഘാതം ഉണ്ടാകാനുള്ള കാരണങ്ങളില്‍ പുകവലിയാണ്‌ പ്രഥമ സ്‌ഥാനത്ത്‌. ഒരുതവണ ഹൃദയാഘാതം ഉണ്ടായവര്‍ നിര്‍ബന്ധമായും പുകവലി ഒഴിവാക്കേണ്ടതാണ്‌. കാരണം വീണ്ടും പുകവലി തുടങ്ങുമ്പോള്‍ അറ്റാക്ക്‌ ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിക്കുന്നു.

ജീവിതചര്യ ക്രമപ്പെടുത്തുന്നതിലൂടെ ഹൃദയാഘാതം വീണ്ടും വരാനുള്ള സാധ്യത കുറച്ചുനിര്‍ത്താന്‍ കഴിയും. ശുദ്ധ കൊളസ്‌ട്രോളായ എച്ച്‌.ഡി.എല്‍ ശരീരത്തിന്‌ സുരക്ഷിതമാണെങ്കിലും ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍ രക്‌തക്കുഴലില്‍ അടിഞ്ഞ്‌ ബ്ലോക്ക്‌ ഉണ്ടാക്കുകയും ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

പ്രമേഹം നിയന്ത്രണ വിധേയമാക്കണം. ഹൃദയാഘാതം സംഭവിച്ച മറ്റുള്ളവരെ അപേക്ഷിച്ച്‌ പ്രമേഹരോഗികളില്‍ ബ്ലോക്ക്‌ വീണ്ടും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്‌.

മെലിഞ്ഞിരിക്കുന്നവര്‍ക്ക്‌ വണ്ണമുള്ളവരെ അപേക്ഷിച്ച്‌ ഹാര്‍ട്ടറ്റാക്കിനുള്ള സാധ്യത കുറവാണോ?

മിക്ക ആളുകള്‍ക്കുമുള്ള ഒരു മിഥ്യാ ധാരണയാണിത്‌. അമിതവണ്ണമുള്ളവര്‍ക്കു മാത്രമല്ല മെലിഞ്ഞിരിക്കുന്നവര്‍ക്കും ഹൃദ്രോഗം ഉണ്ടാകാം. ശരീര പ്രകൃതിയല്ല മറിച്ച്‌ ഹൃദയാഘാതം ഉണ്ടാകാനുള്ള കാരണങ്ങളാണ്‌ കണക്കിലെടുക്കേണ്ടത്‌.

ജനിതകപരമായി ഹൃദയാഘാത സാധ്യതയുള്ളവര്‍, പുകവലി, പ്രമേഹം, അമിത രക്‌തസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയവ ഹൃദയാഘാതത്തിനുള്ള സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്‌. അതിനാല്‍ മെലിഞ്ഞ ശരീരപ്രകൃതികാര്‍ക്കും ഹൃദയാഘാത ഭീക്ഷണിയില്‍നിന്നു ഒഴിഞ്ഞു നില്‍ക്കാനാവില്ല.

ഇന്ത്യയില്‍ ഏറ്റവും അധികമാളുകളുടെ മരണത്തിനു കാരണമാകുന്ന രോഗമായി ഹൃദയാഘാതം മാറിക്കഴിഞ്ഞിരിക്കുന്നു. 30-35 വയസിനിടയില്‍ പ്രായമുള്ള യുവാക്കളിലാണ്‌ ഇത്‌ കൂടുതലായും ഇന്ന്‌ കാണപ്പെടുന്നത്‌.

ഹൃദയാഘാതം തടയാനുള്ള മുന്‍കരുതലുകള്‍ നേരത്തെ ആരംഭിക്കണം. 30 വയസു കഴിഞ്ഞാല്‍ കൊളസ്‌ട്രോള്‍, ബി.പി. പ്രമേഹം തുടങ്ങിയവ ഉണ്ടോയെന്ന്‌ അറിയാന്‍ പരിശോധനകള്‍ നടത്തുകയും. ആവശ്യമായ കരുതല്‍ സ്വീകരിക്കുകയും വേണം.

ബൈപ്പാസ്‌ ശസ്‌ത്രക്രിയ കഴിഞ്ഞാല്‍ ഹൃദ്രോഗ സാധ്യത പൂര്‍ണമായും ഇല്ലാതാകുമോ?

ബൈപ്പാസ്‌ ശസ്‌ത്രക്രിയ പുതിയ ജീവിതത്തിലേക്കുള്ള ഒരു തുടക്കമാണ്‌. എന്നാല്‍ രോഗിയുടെ ഹൃദ്രോഗ തീവ്രത വലിയൊരളവോളം കുറയ്‌ക്കുന്നു എന്നതിലുപരി ബൈപ്പാസ്‌ ശസ്‌ത്രക്രിയ ഹൃദ്രോഗത്തിനുള്ള ശാശ്വത പരിഹാരമല്ല.

ബൈപ്പാസിനുശേഷം ഒരാള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന ധാരണ തെറ്റാണ്‌. ബ്ലോക്കുണ്ടായി ക്ഷതം സംഭവിച്ച രക്‌തക്കുഴലുകള്‍ക്കുപകരം പുതിയ രക്‌തക്കുഴലുകള്‍ ഹൃദയധമനിയില്‍ ചേര്‍ക്കുകയാണ്‌ ബൈപാസ്‌ ശസ്‌ത്രക്രയയിലൂടെ ചെയ്യുന്നത്‌.

അതിനാല്‍ ശസ്‌ത്രക്രിയയ്‌ക്കുശേഷം ജീവിതരീതി ക്രമപ്പെടുത്തിയില്ലെങ്കില്‍ പുതിയ രക്‌തക്കുഴലുകളില്‍ ബ്ലോക്ക്‌ ഉണ്ടായി ഹൃദയാഘാതത്തിന്‌ ഇടയാകുന്നു.

ബൈപ്പാസിനുശേഷവും കൊളസ്‌ട്രോള്‍, ബി.പി. പ്രമേഹം ഇവ നിയന്ത്രണ വിധേയമാക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും വേണം. ഇത്തരത്തിലുള്ള മുന്‍കരുതലുകള്‍ ബൈപ്പാസിനുശേഷമുള്ള ജീവിതത്തിന്‌ കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നു.

നെഞ്ചുവേദനയുടേയും ഹൃദ്രോഗത്തിന്റെയും ലക്ഷണങ്ങള്‍ സമാനമാണോ?

ഹൃദയാഘാതം ഉണ്ടാകുന്നതിനുമുമ്പുള്ള മുന്നറിയിപ്പുകളാണ്‌ പ്രധാനം. ഈ മുന്നറിയിപ്പുകള്‍ ഗ്യാസ്‌ട്രബിളിന്റെ ലക്ഷണമായി കരുതുന്നതാണ്‌ ഹൃദയാഘാതത്തിന്‌ ചികിത്സ വൈകുന്നതിനു കാരണമാകുന്നത്‌. നടക്കുമ്പോഴോ ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ നെഞ്ചില്‍ അനുഭവപ്പെടുന്ന വേദനയും ശ്വാസംമുട്ടലുമാണ്‌ ഹൃദ്രോഗത്തെ തിരിച്ചറിയാനുള്ള മുന്നറിയിപ്പുകള്‍.

ചിലരില്‍ അമിത വിയര്‍പ്പ്‌, ഛര്‍ദിക്കാനുള്ള തോന്നല്‍, നെഞ്ചില്‍ പുകച്ചില്‍, ശ്വാസം പുറത്തേക്കുവിടാന്‍ പറ്റാത്തവിധം നെഞ്ചില്‍ ഭാരം തുടങ്ങിയ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാം.

ഈ ലക്ഷണങ്ങള്‍ ഗ്യാസായി തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടുതലാണ്‌. ഇ.സി.ജി ചെയ്‌തു നോക്കുന്നതിലൂടെ ഇത്‌ സ്‌ഥിതീകരിക്കാന്‍ കഴിയും. അമിതവണ്ണമുള്ളവരും മറ്റു ജീവിതശൈലീ രോഗങ്ങളുള്ളവരും ഇത്തരം മുന്നറിയിപ്പുകള്‍ നിസാരമായി തള്ളിക്കളയാതെ എത്രയും വേഗം ഡോക്‌ടറെ സമീപിക്കണം.

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം ഉണ്ടാകം. ഇതിനെ സൈലന്റ്‌ അറ്റാക്ക്‌ എന്നു പറയുന്നു. പ്രഹേരോഗികളില്‍ സൈലന്റ്‌ അറ്റാക്കിനുള്ള സാധ്യത കൂടുതലാണ്‌. നെഞ്ചിന്‌ പിടുത്തം, വിയര്‍പ്പ്‌, തലകറങ്ങി വീഴുക എന്നിവയാണ്‌ ഇതിന്റെ ലക്ഷണങ്ങള്‍.

നെഞ്ചിന്റെ മധ്യഭാഗത്തു തുടങ്ങി ഇടുവശത്തേക്കു നീങ്ങുന്ന വേദനയാണ്‌ ഹൃദയാഘാതത്തിന്റെ ഭാഗമായി സാധാരണ അനുഭവപ്പെടുന്നത്‌. നെഞ്ചിന്റെ വലതുവശം, പുറകുവശം, തോള്‍, കഴുത്ത്‌ എവിടെയും ഹൃദയാഘാതത്തിന്റെ ഭാഗമായുള്ള നെഞ്ചുവേദന അനുഭവപ്പെടാം. ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ച്‌ ഇത്‌ വ്യത്യസ്‌തമായിരിക്കുമെന്നു മാത്രം.

ഹൃദോഗികള്‍ക്ക്‌ വ്യായാമം ചെയ്യാനാവുമോ?

ഹൃദ്രോഗികള്‍ നിര്‍ബന്ധമായും വ്യായാമം ചെയ്യണം. ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ്‌ നീക്കം ചെയ്യാന്‍ വ്യായാമം സഹായിക്കും. എന്നാല്‍ ഹൃദയാഘാതം കഴിഞ്ഞ്‌ ആദ്യത്തെ കുറച്ചു ദിവസം ശരീരത്തിന്‌ പൂര്‍ണ വിശ്രമം ആവശ്യമാണ്‌.

മിതവ്യായാമങ്ങള്‍ വേണം ആദ്യം ചെയ്‌തു തുടങ്ങാന്‍. ഒരു മാസത്തോളം 5 - 10 മിനിറ്റ്‌ നടക്കുക. പിന്നീട്‌ ദിവസത്തില്‍ 30 മിനിറ്റ്‌ നടക്കണം. ആഴ്‌ചയില്‍ 150 മിനിറ്റ്‌ ഈ രീതിയില്‍ വ്യായാമത്തിനായി നീക്കി വയ്‌ക്കണം. അതായത്‌ ആഴ്‌ചയില്‍ 30 മിനിറ്റ്‌ വച്ച്‌ 5 ദിവസം.

എയ്‌റോബിക്‌ വ്യായാമങ്ങളാണ്‌ ഹൃദയത്തിന്‌ നല്ലത്‌. അമിത വ്യായാമങ്ങള്‍ ഹൃദയത്തിന്‌ ആയാസകരമായതിനാല്‍ ജിം, ഹെല്‍ത്‌ ക്ലബ്‌ വ്യായാമങ്ങള്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. ഇത്തരം വ്യയാമങ്ങള്‍ ചെയ്യുമ്പോള്‍ ഹൃദയത്തിന്‌ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരുന്നു. അതിനാല്‍ ഹാര്‍ട്ടറ്റാക്കിനുശേഷം മിത വ്യായാമങ്ങളാണ്‌ ഉത്തമം.

വെളിച്ചെണ്ണ ഹൃദ്രോഗസാധ്യത കുറയ്‌ക്കുമോ?

ഹൃദയാഘാതം വരാതിരിക്കാന്‍ വെളിച്ചെണ്ണ ഒഴിച്ചുള്ള മറ്റ്‌ എണ്ണകള്‍ ഉപയോഗിക്കുക. ഏത്‌ എണ്ണയായാലും എണ്ണയുടെ അമിത ഉപയോഗം ശരീരത്തെ ദോഷകരമായി ബാധിക്കുന്നു. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ ഹൃദയത്തിന്‌ നല്ലതാണെന്ന്‌ പറയുന്നുണ്ടെങ്കിലും ഇതുവരെ ഇതിന്‌ കൃത്യമായ തെളിവുകള്‍ നല്‍കാന്‍ വൈദ്യശാസ്‌ത്രമേഖലയ്‌ക്കു കഴിഞ്ഞിട്ടില്ല.

എന്നാല്‍ സണ്‍ഫ്‌ളവര്‍ ഓയിലില്‍ അടങ്ങിയിരിക്കുന്ന പോളി അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റി ആസിഡ്‌ ഹൃദയത്തിന്‌ നല്ലതാണ്‌. ഏതെണ്ണയായാലും എണ്ണയില്‍ വറുത്തെടുത്ത സാധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്‌ക്കണം.

ബേക്കറി സാധനങ്ങളുടെ ഉപയോഗം കുറയ്‌ക്കുന്നതും ഹൃദയാഘാതത്തില്‍നിന്നുള്ള മുന്‍കരുതലാണ്‌. ട്രാന്‍സ്‌ ഫാക്‌റ്റ് എന്ന കൊഴുപ്പുകള്‍ ബേക്കറി സാധനങ്ങളില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ രക്‌തധമനികളില്‍ ബ്ലോക്ക്‌ ഉണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

സ്‌ത്രീകളില്‍ ആര്‍ത്തവവിരാമത്തിനുമുമ്പ്‌ ഹൃദയാഘാതം ഉണ്ടാകാം.

സ്‌ത്രീകള്‍ക്ക്‌ ആര്‍ത്തവവിരാമത്തിനുമുമ്പ്‌ ഹൃദയാഘാത ഭീഷണി ഉണ്ടാകാനുള്ള സാധ്യത കുറവാണ്‌. ഋതുവിരാമത്തിനുമുമ്പ്‌് സ്‌ത്രെണ ഹോര്‍മോണായ ഈസ്‌ട്രോജന്‍ ഹൃദയാഘാതത്തില്‍നിന്നും സ്‌ത്രീകളെ സംരക്ഷിച്ചു നിര്‍ത്തുന്നു.

പുരുഷന്‍മാരില്‍ ഈസ്‌ട്രജന്‍ ഹോര്‍മോണിന്റെ അളവ്‌ കുറവാണ്‌ എന്ന ഒറ്റ കാരണത്താല്‍ ഹൃദയാഘാതത്തിനുള്ള സാധ്യത സ്‌ത്രീകളെ അപേക്ഷിച്ച്‌ കൂടുന്നു. എന്നാല്‍ പ്രമേഹം, പുകവലി തുടങ്ങിയവയുള്ള സ്‌ത്രീകള്‍ക്ക്‌ ഇത്‌ ബാധകമല്ല. ആര്‍ത്തവിരാമത്തിനുശേഷം സ്‌ത്രീകള്‍ക്കും പുരുഷന്‍മാരുടേതുപോലെ ഹൃദ്രോഗ സാധ്യത കൂടുതലാണ്‌.

ആസ്‌പിരിന്‍ ഗുളിക ദിവസവും കഴിക്കുന്നത്‌ നല്ലതാണോ?

പ്ലെയിറ്റ്‌ലറ്റ്‌ കണങ്ങള്‍ രക്‌തക്കുഴലില്‍ ബ്ലോക്ക്‌ ഉണ്ടാക്കുന്നതാണ്‌ ഹൃദയാഘാതത്തിനു കാരണം. ഈ ബ്ലോക്ക്‌ അലിയിപ്പിച്ചു കളയാന്‍ ആസ്‌പിരിന്‍ സഹായിക്കും. ആസ്‌പിരിന്‍ ഗുളികകള്‍ കഴിച്ചാലും ജീവിതശൈലീരോഗങ്ങളുള്ളവര്‍ അത്‌ നിയന്ത്രിക്കണം.

ചിലരില്‍ ആസ്‌പിരിന്‍ ഗുളികകഴിക്കുന്നതുമൂലം ബ്ലീഡിംഗ്‌ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌് അതിനാല്‍ ആദ്യം ഡോക്‌ടറെ കണ്ടശേഷം വേണം ആസ്‌പിരിന്‍ ഗുളിക കഴിച്ചു തുടങ്ങാന്‍.

ഹൃദയാഘാതംവരാന്‍ സാധ്യതയുള്ളവര്‍ ആസ്‌പിരിന്‍ ഗുളിക കഴിക്കുന്നതിലൂടെ ഹൃദയാഘാത സാധ്യത കുറയ്‌ക്കാം. ഒരുതവണ ഹൃദയാഘാതം വന്നവര്‍ക്ക്‌് കഴിക്കാവുന്ന ഏറ്റവും നല്ല മരുന്നാണിത്‌.

ആദ്യതവണ ഹൃദയാഘാതം വന്നവര്‍ ആസ്‌പിരിന്‍ കഴിക്കുന്നതിലൂടെ രണ്ടാമതും അറ്റാക്ക്‌ വരാനുള്ള സാധ്യത പരമാവധി കുറച്ചു നിര്‍ത്താം.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌ :

ഡോ. ഹര്‍ഷ ജീവന്‍

കണ്‍സള്‍ട്ടന്റ്‌ ഇന്റര്‍വെന്‍ഷ്‌ണല്‍ കാര്‍ഡിയോളജിസ്‌റ്റ്
മെഡിക്കല്‍ ട്രെസ്‌റ്റ് ,ഹോസ്‌പിറ്റല്‍, കൊച്ചി

 

ഹൃദ്രോഗം ചെറുക്കാന്‍ ആഹാര ക്രമീകരണം

 

മാനസികവും ശാരീരികവുമായ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം ആവശ്യമാണ്. ഇത് ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് പ്രഭാത ഭക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം.

ഭക്ഷണം, ഭക്ഷണരീതി, ഭക്ഷണശൈലി ഇവയിലുണ്ടായ മാറ്റങ്ങള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചു തുടങ്ങി. ഭക്ഷണകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്താല്‍ ഹൃദ്രോഹം തടയാന്‍ കഴിയുമെന്ന് പലപ്പോഴും മറന്നുപോകുന്നു.

ശരീരത്തിലെ കോശങ്ങള്‍ക്ക് ഓക്‌സിജനും പോഷകാംശങ്ങളും ആവശ്യമാണ്. കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും കോശങ്ങള്‍ ഇത് ശേഖരിക്കുന്നു. നേരിട്ടല്ലെന്നു മാത്രം. ദഹനശേഷമാണ് ഭക്ഷണം രക്തത്തില്‍ അലിഞ്ഞുചേരുന്നത്.

രക്തപ്രവാഹത്തിലൂടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും ഇത് എത്തുന്നു. ശരീരത്തിലെ ഏറ്റവും നിര്‍ണായകമായ ഈ പ്രവര്‍ത്തനം നടത്തുന്ന അവയവമാണ് ഹൃദയം. അതുകൊണ്ട് ആരോഗ്യകരമായ ജീവിതത്തിന് ഹൃദയാരോഗ്യം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.

ഭക്ഷണരീതി

മാനസികവും ശാരീരികവുമായ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം ആവശ്യമാണ്. ഇത് ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് പ്രഭാത ഭക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം.

ഇതുകൊണ്ട് രണ്ടു പ്രയോജനങ്ങളാണുള്ളത്. ഒന്ന് ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നു. രണ്ട് കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നു. രാത്രിയില്‍ അമിത ഭക്ഷണം കഴിക്കുന്നത് മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കും.

പ്രത്യേകിച്ചും ഹൃദയത്തിന്റെ. കാരണം ഉറങ്ങുന്ന സമയത്ത് ശരീരം പരിപൂര്‍ണ വിശ്രമത്തിലാണ്. കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗത്തിനും കുടവയറിനും കാരണമാകുന്നു.

എണ്ണയുടെ ഉപയോഗം

സസ്യ എണ്ണകള്‍ സുരക്ഷിതമാണെന്ന ധാരണയില്‍ അത് കൂടുതല്‍ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ഹൃദയത്തിന്റെ സുഹൃത്ത് എന്നറിയപ്പെടുന്നത് ഒലീവ് ഓയിലാണ്. ഇതിന്റെ വിലയും മണവും രുചിയും നമ്മുടെ ശത്രുവാണെന്നു മാത്രം. എത്രമാത്രം എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നുവോ അത്രയും നല്ലത്.

ഭക്ഷണം പാകം ചെയ്യുമ്പോള്‍ എണ്ണ ഏറ്റവും കുറച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. എണ്ണകള്‍ മാറിമാറി ഉപയോഗിക്കുന്നതും നല്ലതാണ്. ഒരിക്കല്‍ തിളപ്പിച്ച എണ്ണ വീണ്ടും തിളപ്പിച്ച് ഉപയോഗിക്കാതിരിക്കാന്‍ വീട്ടമ്മമാര്‍ ശ്രദ്ധിക്കണം.

മത്സ്യവും മുട്ടയും കഴിക്കാം

ചിലയിനം മത്സ്യങ്ങളും മുട്ടയുടെ വെള്ളയും ഹൃദയത്തിന് നല്ലതാണ്. എല്ലുകള്‍ക്ക് ആവശ്യമായ കാല്‍സ്യം മുട്ടയുടെ വെള്ളയില്‍ നിന്നും ലഭിക്കുന്നു.

മീനെണ്ണയിലുള്ള ഒമേഗാ-3 ഘടകമാണ് ഹൃദയത്തിന് ഗുണം ചെയ്യുന്നത്. എന്നാല്‍ മറ്റെണ്ണകളില്‍ മുക്കി വറുത്തെടുത്ത ഫിഷ്‌ഫ്രൈയും മറ്റും ഗുണത്തിനുപകരം ദോഷമേ ചെയ്യൂ.

മീന്‍കറി വയ്ക്കുമ്പോള്‍ എണ്ണ കുറച്ചു ഉപയോഗിക്കുന്നതാണ് ഉത്തമം. ചെറു മത്സ്യങ്ങള്‍, മത്തി, ചൂര, അയല എന്നിവ കൂടുതല്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ചെമ്മീന്‍ പോലുള്ള മത്സ്യങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം.

പഴങ്ങളും പച്ചക്കറികളും

ഭക്ഷണക്രമത്തില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കാറില്ല. കാരണം പുറത്തുനിന്നു ലഭിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും വിഷാംശം കൂടുതലാണ്.

പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന സസ്യാഹാരങ്ങളാണ് ഹൃദയാരോഗ്യത്തിന് നന്ന്. വീട്ടുമുറ്റത്തു ലഭിക്കുന്ന പപ്പായ, പേരയ്ക്ക തുടങ്ങിയ പഴങ്ങളും ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികളും ധാരാളം കഴിക്കണം.

ഓരോ വീടുകളിലും അടുക്കളത്തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതും ഉചിതം. ഇതിലൂടെ വിഷമയമില്ലാത്ത ഭക്ഷണം കഴിക്കാം. പുറത്തുനിന്നു വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഉപ്പു വെള്ളത്തിലിട്ട് വൃത്തിയായി കഴുകി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നാരുള്ള ഭക്ഷണങ്ങളും ധാരാളം കഴിക്കണം.

പഴങ്ങളിലും പച്ചക്കറികളിലും നിന്നു ലഭിക്കുന്ന വിറ്റാമിന്‍ ഇ, സി, എ, സെലീനിയം എന്നിവ ധമനികളില്‍ അതിറോസ്‌ക്ലിറോസിസ് ഉണ്ടാവുന്ന പ്രക്രിയയെ തടഞ്ഞ് ഹൃദയാഘാതത്തില്‍നിന്നും സംരക്ഷണം നല്‍കുന്നു.

എന്തു കഴിക്കണം

ഓരോരുത്തരും എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നത് അവനവന്‍ തന്നെയാണ്. ഇന്നതു വേണം ഇന്നതു വേണ്ട എന്നുവയ്‌ക്കേണ്ട കാര്യമില്ല. ഒരാള്‍ക്ക് ആവശ്യമായ ഊര്‍ജ്ജവും ആരോഗ്യവും മനസിലാക്കി വേണം ഭക്ഷണക്രമം നിശ്ചയിക്കാന്‍.

മലയാളികളുടെ ഇപ്പോഴത്തെ ഭക്ഷണക്രമത്തില്‍ കുറഞ്ഞത് 4000 കലോറിയെങ്കിലും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനു ഭീഷണിയാണ്. ഭക്ഷണം കഴിക്കുമ്പോള്‍ വാരിവലിച്ചു കഴിക്കാതെ ആസ്വദിച്ചു കഴിക്കാന്‍ ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. കൃത്യമായ ഭക്ഷണക്രമം ഉണ്ടായിരിക്കണം.
2. പ്രാതല്‍ നന്നായി കഴിക്കുകയും അത്താഴം കുറച്ചു കഴിക്കാനും ശ്രദ്ധിക്കുക.
3. എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
4. ഒരിക്കല്‍ തിളപ്പിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
5. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കുക.
6. 20 വയസിനു ശേഷം ഇടയ്ക്കിടെ കൊളസ്‌ട്രോള്‍ പരിശോധിക്കുക.
7. കൊഴുപ്പു കുറഞ്ഞതും എളുപ്പം ദഹിക്കുന്നതുമായ ആഹാരങ്ങള്‍ കഴിക്കുക.
8. ഫാസ്റ്റ് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.
9. ചെറു മത്സ്യങ്ങള്‍, മത്തി, അയല, ചൂര തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

കടപ്പാട് :

ഡോ. സജി ജോസ്

സീനിയര്‍ ഇന്റര്‍വെന്‍ഷനല്‍
കാര്‍ഡിയോളജിസ്റ്റ് മെഡിക്കല്‍ മിഷന്‍
ഹോസ്പിറ്റല്‍, തിരുവല്ല

നെഞ്ചുവേദന തെറ്റിദ്ധരണകള്‍ ഒഴിവാക്കാം

 

നെഞ്ചുവേദനയുടെ യഥാര്‍ഥ കാരണം കണ്ടെത്തുകയാണ്‌ ആശങ്കകള്‍ അവസാനിപ്പിക്കാനുള്ള മാര്‍ഗം. പരിശോധനകളിലൂടെ ഇതു സാധ്യമാണ്‌.

നെഞ്ചുവേദന പലപ്പോഴും ആശങ്കകള്‍ സൃഷ്‌ടിക്കാറുണ്ട്‌. എല്ലാത്തരം നെഞ്ചുവേദനയും ഹൃദയാഘാതവുമായി ബന്ധപ്പെട്ടുള്ളതല്ല. നെഞ്ചുവേദനയുടെ യഥാര്‍ഥ കാരണം കണ്ടെത്തുകയാണ്‌ ആശങ്കകള്‍ അവസാനിപ്പിക്കാനുള്ള മാര്‍ഗം. പരിശോധനകളിലൂടെ ഇതു സാധ്യമാണ്‌.

ഹൃദയത്തിലെ രക്‌തധമനികളുടെ ചുരുക്കംകൊണ്ട്‌ ഹൃദയപേശികള്‍ക്ക്‌ ആവശ്യമായ രക്‌തം ലഭിക്കാതെ വരുമ്പോള്‍ അനുഭവപ്പെടുന്ന അസ്വസ്‌ഥതയാണ്‌ ആന്‍ജൈന. ഇത്‌ പലപ്പോഴും ഹൃദയാഘാത ലക്ഷണമായി തെറ്റിദ്ധരിക്കുന്നു.

ഹൃദയത്തിന്‌ പ്രധാനമായും മൂന്ന്‌ രക്‌തക്കുഴലുകളാണ്‌ ഉള്ളത്‌. ഇതില്‍ ഇടതുവശത്തെ രണ്ട്‌ രക്‌തധമനികള്‍ ഒരുമിച്ചും; വലതുവശത്തെ രക്‌തധമനി ഒറ്റയ്‌ക്കും മഹാരക്‌തധമനി യില്‍നിന്നും ഉത്ഭവിക്കുന്നു.

രക്‌തധമനികളുടെ അകമേയുള്ള ആവരണത്തിനകത്ത്‌ കൊളസ്‌ട്രോ ള്‍, ചില കോശങ്ങള്‍ തുടങ്ങിയവ അടിഞ്ഞുകൂടിയാണ്‌ തടസം ഉണ്ടാകുന്നത്‌. രക്‌തക്കുഴലില്‍ അന്‍പത്‌ ശതമാനത്തില്‍ താഴെയാണ്‌ തടസം എങ്കില്‍ രോഗിക്ക്‌ അസ്വസ്‌ഥത അനുഭവപ്പെടാറില്ല.

അന്‍പത്‌ മുതല്‍ എഴുപത്‌ ശതമാനംവരെ തടസം ഉണ്ടായാല്‍ രോഗി അധ്വാനിക്കുമ്പോള്‍ ഹൃദയപ്രവര്‍ത്തനത്തിന്‌ വേണ്ടത്ര രക്‌തം ലഭിക്കാതെ വരുന്നു, രോഗിക്ക്‌ അപ്പോള്‍ അനുഭവപ്പെടുന്ന അസ്വസ്‌ഥതയാണ്‌ അന്‍ജൈന. 70 ശതമാനത്തില്‍ കൂടുതല്‍ തടസമുണ്ടെങ്കില്‍ സാധാരണരീതിയില്‍ ഉള്ള പ്രവര്‍ത്തനംപോലും പലപ്പോഴും സാധ്യമാകാതെ വരും.

രക്‌തക്കുഴല്‍ ഏകദേശം പൂര്‍ണമായി അടയുമ്പോഴും വെറുതെ ഇരിക്കുമ്പോഴും രോഗിക്ക്‌ ബുദ്ധിമുട്ടുണ്ടാകാം. കൊളസ്‌ട്രോളും ചില കോശങ്ങളും അടിഞ്ഞുണ്ടാകുന്ന പ്ലാക്കുകള്‍ക്ക്‌ ക്ഷതം ഉണ്ടാകുമ്പോള്‍ അവിടെ രക്‌തം കട്ടപിടിക്കുകയും രക്‌തക്കുഴല്‍ പൂര്‍ണമായി അടഞ്ഞുപോവുകയും ചെയ്യുന്നു. ഇങ്ങനെ രക്‌തയോട്ടം പെട്ടെന്ന്‌ നിലച്ചുപോകുമ്പോള്‍ ഹൃദയകോശങ്ങള്‍ നശിക്കുകയും തന്മൂലം ദീര്‍ഘനേരം നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഇതാണ്‌ ഹാര്‍ട്ടറ്റാക്ക്‌.

അന്‍ജൈന ലക്ഷണങ്ങള്‍

സാധാരണയായി ഇടനെഞ്ചില്‍ അനുഭവപ്പെടുന്ന അസ്വസ്‌ഥതയാണ്‌ അന്‍ജൈന. ഇത്‌ നെഞ്ചില്‍ ഒരു ഭാരം വച്ചതുപോലെയോ പൊട്ടുന്നതുപോലെയോ ആയിരിക്കാം. അതോടൊപ്പം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും അസ്വസ്‌ഥത ഉണ്ടാകാം. കൈകള്‍, താടിയെല്ല്‌, കഴുത്ത്‌, നെഞ്ചിന്റെ പിറകുവശം, വയറിന്റെമേല്‍ഭാഗം എന്നിവിടങ്ങളില്‍ വേദന അനുഭവപ്പെടും.

അകാരണമായ ക്ഷീണം, വിയര്‍പ്പ്‌, തലകറക്കം, ശ്വാസംമുട്ടല്‍ ഇവയും നെഞ്ചുവേദനയോടൊപ്പമോ അല്ലാതെയോ രോഗിക്ക്‌ അനുഭവപ്പെടും. മുന്‍പറഞ്ഞ ലക്ഷണങ്ങള്‍ നെഞ്ചുവേദനയില്ലാതെ അനുഭവപ്പെടുന്നത്‌, പ്രമേഹരോഗികള്‍, വളരെ പ്രായം ചെന്ന വ്യക്‌തികള്‍ ഇവര്‍ക്കാണ്‌.

സാധാരണ പരിശോധനകള്‍

ഇ. സി. ജി:

നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ സര്‍വസാധാരണയായി ചെയ്യുന്ന പരിശോധനയാണ്‌.ഇ.സി.ജി. രോഗനിര്‍ണയത്തിനും തുടര്‍ന്നുള്ള ചികിത്സയ്‌ക്കും വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ ഇ.സി.ജി നല്‍കും. ചെലവ്‌ കുറവ്‌, എവിടെയും ലഭ്യത, ഇ.സി.ജി വ്യതിയാനം മനസിലാക്കുവാന്‍ വിദഗ്‌ധ ഡോക്‌ടര്‍മാരുടെ ആവശ്യമില്ല എന്നീ നേട്ടങ്ങളുണ്ട്‌. എന്നാല്‍ നെഞ്ചുവേദനയോടൊപ്പം എല്ലായ്‌പ്പോഴും ഇ.സി.ജി വ്യത്യാസം ഉണ്ടാകണമെന്നില്ല.

നെഞ്ചുവേദന അനുഭവപ്പെട്ട്‌ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന രോഗികളകില്‍ 50 ശതമാനം പേര്‍ക്ക്‌ മാത്രമേ രോഗനിര്‍ണയത്തിനുപകരിക്കുന്നവിധത്തിലുള്ള വ്യത്യാസം ഉണ്ടാകാറുള്ളൂ. അതുകൊണ്ട്‌ രോഗിയെതുടര്‍നിരീക്ഷണത്തിന്‌ വിധേയനാക്കി ഇ.സി.ജി.കള്‍ എടുക്കേണ്ടതായുണ്ട്‌.

രക്‌തപരിശോധന:

ഹൃദയകോശങ്ങള്‍ നശിക്കുമ്പോള്‍ കോശങ്ങള്‍ക്കുള്ളിലെ രാസവസ്‌തുക്കള്‍ രക്‌തത്തില്‍ കലരുന്നു. പരിശോധനയില്‍ അവയുടെ അളവ്‌ സാധാരണയില്‍ അധികമായി കാണുന്നു. എന്നാല്‍ ഈ വ്യത്യാസം ഉണ്ടാകുവാന്‍ 3 മുതല്‍ 6 മണിക്കൂര്‍ വരെ സമയം എടുക്കുന്നു. സാധാരണ പരിശോധനകള്‍ സി. കെ. എം. ബി, ട്രോപോണിന്‍ ഇവയാണ്‌.

എക്കോകാര്‍ഡിയോഗ്രാം:

ഹൃദയപേശികളുടെ പ്രവര്‍ത്തനക്ഷമത, പേശികള്‍ക്കുണ്ടായ ക്ഷതം, മുതലായവ തിരിച്ചറിയുന്നതിന്‌ ഈ പരിശോധന ഉപകരിക്കുന്നു. ഹൃദയവാല്‍വുകളുടെ അവസ്‌ഥ, ഹൃദയാവരണത്തിനുള്ള തകരാറ്‌ ഇവയും മനസിലാക്കുന്നതിന്‌ ഏറ്റവും ഉത്തമമായ പരിശോധന എക്കോകാര്‍ഡിയോഗ്രാം ആണ്‌.

ട്രഡ്‌മില്‍ ടെസ്‌റ്റ്:

അധ്വാനി ക്കുമ്പോള്‍ ഉണ്ടാകുന്ന നെഞ്ചു വേദന രക്‌തധമനികളുടെ ചുരു ക്കംമൂലം അനുഭവപ്പെടുന്നതാ ണോ എന്ന്‌ തിരിച്ചറിയുന്നതിന്‌ ഉപകരിക്കുന്ന പരിശോധനയാണ്‌ ട്രഡ്‌മില്‍ ടെസ്‌റ്റ്. ഹൃദ്രോഗചികിത്സാസൗകര്യങ്ങള്‍ ഉള്ള എല്ലാ ആശുപത്രികളിലും ട്രഡ്‌മില്‍ ടെസ്‌റ്റ്സൗകര്യം ഉണ്ടാകും.

ട്രഡ്‌മില്ലില്‍ ഓടുന്നതിനോടൊപ്പം ഓരോ സ്‌റ്റേജിലും രക്‌തസമ്മര്‍ദ്ദം അളക്കുകയും ഇ.സി.ജി വ്യതിയാനം മനസിലാക്കുകയും അതോടൊപ്പം രോഗിക്ക്‌ നെഞ്ചുവേദനയോ മറ്റ്‌ അസ്വസ്‌ഥതകളോ ഉണ്ടോ എന്ന്‌ ശ്രദ്ധിക്കുകയും ചെയ്യും. രോഗിയുടെ അധ്വാനശേഷി അളക്കുകയും വേദന ഹൃദ്രോഗംമൂലമാണോ എന്ന്‌ തിരിച്ചറിയുന്നതിനും ട്രഡ്‌മില്‍ പരിശോധന ഉപകരിക്കുന്നു.

രക്‌തധമനികളുടെ തടസം 50 ശതമാനത്തില്‍ കൂടുതല്‍ ഉണ്ടെങ്കിലേ ട്രഡ്‌മില്‍ ടെസ്‌റ്റ് വ്യതിയാനം ഉണ്ടാകൂ. ട്രഡ്‌മില്‍ ടെസ്‌റ്റിന്‌ 70-75 ശതമാനം കൃത്യതയേ ഉള്ളൂ. ട്രഡ്‌മില്‍ ടെസ്‌റ്റില്‍ വ്യത്യാസം ഉണ്ടായാലും ആന്‍ജിയോഗ്രാം പരിശോധനയില്‍ 25 ശതമാനം ആ ളുകള്‍ക്ക്‌ രക്‌തക്കുഴലുകളില്‍ കാ ര്യമായ തടസം ഉണ്ടാകണമെന്നില്ല.

അതുപോലെ ട്രഡ്‌മില്‍ ടെസ്‌റ്റില്‍ തകരാര്‍ ഇല്ലെങ്കിലും രക്‌തക്കുഴലുകളില്‍ കാര്യമായ തടസം 25 ശതമാനംആളുകള്‍ക്ക്‌ കണ്ടേക്കാം. ഈ കൃത്യത ഇല്ലായ്‌മ ട്രഡ്‌മില്‍ ടെസ്‌റ്റിന്റെ ഒരു ന്യൂനതയാണ്‌. എന്നാലും ഇ.സി.ജി പോലെ സര്‍വസാധാരണമായ ഈ പരിശോധന ഹൃദ്രോഗനിര്‍ണയത്തിന്‌ വളരെ ഉപകാരപ്രദമാണ്‌.

ആന്‍ജിയോഗ്രാം:

ഹൃദയരക്‌തധമനികളുടെ ചുരുക്കം കൃത്യമായി അറിയുന്നതിനുള്ള പരിശോധനയാണിത്‌. കൈയുടെ യോ കാലിന്റെയോ രക്‌തക്കു ഴലിലൂടെ പ്രത്യേകതരം ട്യൂബുകള്‍ ഹൃദയരക്‌തധമനികളില്‍ എത്തിച്ച്‌ പ്രത്യേക മരുന്ന്‌ കുത്തിവച്ച്‌ എക്‌സ് - റേ യുടെ സഹായത്തോടെ രക്‌തക്കുഴലുകള്‍ കാണുന്ന പരിശോധനയാണ്‌ കൊറോണറി ആന്‍ജിയോഗ്രാം.

രക്‌തക്കുഴലുകളുടെ ചുരുക്കം മനസിലാക്കുന്നതിനും അതിന്റെ കാഠിന്യം അളക്കുന്നതിനും ഈ പരിശോധന ഉപകരിക്കുന്നു. ആന്‍ജിയോഗ്രാം പരിശോധനയില്‍ തടസം തിട്ടപ്പെടുത്താമെങ്കിലും പ്ലാക്കിന്റെ പൂര്‍ണരൂപഘടനയെപ്പറ്റി മനസിലാക്കുവാന്‍ ആവില്ല.ഇതിനുപകരിക്കുന്ന പരിശോധനയാണ്‌ ഇന്‍ട്രാ വസ്‌കുലര്‍ അള്‍ട്രാ സൗണ്ട്‌ (ഐ. വി. യു. എസ്‌.)

ഐ. വി. യു. എസ്‌:

പേര്‌ സൂചിപ്പിക്കുന്നതുപോലെ ഇത്‌ ഒരു അള്‍ട്രാസൗണ്ട്‌ പരിശോധനയാണ്‌. ഒരു ചെറിയ ട്യൂബ്‌ ഹൃദയരക്‌തധമനികളില്‍ പ്രവേശിപ്പിച്ച്‌ അള്‍ട്രാസൗണ്ട്‌ ബീമുകളുടെ സഹായത്താല്‍ രക്‌തധമനികളുടെ തടസം അറിയുകയും അതോടൊപ്പം പ്ലാക്കിന്റെ രൂപഘടനയെപ്പറ്റി പഠിക്കുവാനും ഈ പരിശോധന സഹായിക്കുന്നു.

പ്ലാക്ക്‌ എന്നറിയപ്പെടുന്ന രക്‌തധമനികളുടെ തടസത്തിന്‌ രണ്ട്‌ ഭാഗങ്ങളുണ്ട്‌. പ്ലാക്കിന്റെ ഉള്ളില്‍ കൊളസ്‌ട്രോള്‍ അടങ്ങിയ ഡെബ്രിസും (Debris) ഇതിനെ ആവരണം ചെയ്‌ത് ഫൈബ്രസ്‌ കാപ്പും. കാപ്പിന്റെ കട്ടി കൂടുകയും ഡെബ്രിസിന്റെ അളവ്‌ കുറയുകയും ചെയ്യുന്ന അവസ്‌ഥയില്‍ പ്ലാക്ക്‌് സ്‌ഥിരതയുള്ളതായി കണക്കാക്കും.

സാധാരണയായി ഈ പ്ലാക്ക്‌ അങ്ങനെതന്നെ തുടരുകയോ അല്‍പാല്‍പമായി വര്‍ധിക്കുകയോ ചെയ്യും. ഇതാണ്‌ അധ്വാനശേഷി യെ ബാധിക്കുന്ന തരത്തിലുള്ള നെഞ്ചു വേദനയ്‌ക്ക് സാധാരണയായി കാരണമാകുന്നത്‌. എന്നാല്‍ ഡെബ്രിസിന്റെ അളവ്‌ കൂടിയും ഫൈബ്രസ്‌ കാപ്പിന്റെ കട്ടി കുറഞ്ഞും ഉള്ള പ്ലാക്ക്‌ അസ്‌ഥിരമാണ്‌. ഇത്തരം പ്ലാക്കുകളുടെ കാപ്‌ പൊട്ടി ഡെബ്രിസ്‌ രക്‌തവുമായി കലാരാന്‍ സാധ്യതയുണ്ട്‌.

ഇങ്ങനെ പ്ലാക്ക്‌ അടിഞ്ഞുകൂടിയ സ്‌ഥലത്ത്‌ രക്‌തം കട്ടപിടിക്കുകയും രക്‌തക്കുഴല്‍ പൂര്‍ണമായി അടയുകയും ചെയ്യും. ഇതുവഴി രക്‌തയോട്ടം പൂര്‍ണമായി നിലയ്‌ക്കുകയും ഹാര്‍ട്ടറ്റാക്ക്‌ ഉണ്ടാവുകയും ചെയ്യുന്നു. ഈ വിധത്തില്‍ പ്ലാക്കുകളെ തരംതിരിക്കുന്നതിനും അവയുടെ കാഠിന്യം അളക്കുന്നതിനും ഐ. വി. യു. എസ്‌ ഉപകരിക്കുന്നു.

സി. ടി. ആന്‍ജിയോഗ്രാം:

ഹൃദയരക്‌തധമനികളില്‍ കാണുന്ന കാത്സ്യം അളന്ന്‌ രക്‌തക്കുഴലുകള്‍ക്ക്‌ തടസം ഉണ്ടോ എന്ന്‌ തിരിച്ചറിയുന്ന പരിശോധനയാണിത്‌. സാധാരണയായി ഹൃദയരക്‌തധമനികളില്‍ കാണുന്ന കാത്സ്യം പ്ലാക്കിനോട്‌ അനുബന്ധമായി ഉള്ളതാണ്‌. ഈ പരിശോധനവഴി രക്‌തക്കുഴലുകളില്‍ തടസം ഉണ്ടോ ഇല്ലയോ എന്ന്‌ തിരിച്ചറിയാം. എന്നാല്‍ എത്രമാത്രം തടസം ഉണ്ട്‌ എന്ന്‌ തിരിച്ചറിയുന്നതിന്‌ ഈ പരിശോധന തൃപ്‌തികരമല്ല.

റേഡിയോ ന്യൂക്ലിയര്‍ പരിശോധന:

Thallium, Teebnitium മുതലായവ കുത്തിവച്ച്‌ നടത്തുന്ന ഈ പരിശോധനയില്‍ രക്‌തധമനികളുടെ തടസംമൂലം ഹൃദയകോശങ്ങള്‍ക്ക്‌ ലഭിക്കുന്ന രക്‌തലഭ്യതയുടെ കുറവ്‌ അറിയുവാനും, ഏത്‌ രക്‌തക്കുഴലിലെ തടസമാണ്‌ രോഗിക്ക്‌ അസ്വസ്‌ഥതയുണ്ടാക്കുന്നത്‌ എന്ന്‌ തിരിച്ചറിയുവാനും സഹായിക്കും. ഈ പരിശോധനയ്‌ക്ക് ഏകദേശം 80-85 ശതമാനം കൃത്യതയുണ്ട്‌.

കാര്‍ഡിയാക്‌ എം. ആര്‍. ഐ: എം. ആര്‍. ഐ

രോഗനിര്‍ണയത്തിന്‌ ഉപയോഗപ്പെടുത്തി തുടങ്ങിയിട്ട്‌ പതിറ്റാണ്ടുകള്‍ ആയെങ്കിലും ഹൃദ്രോഗനിര്‍ണയത്തിന്‌ എം. ആര്‍. ഐ യുടെ പ്രയോജനം മനസിലാക്കിയിട്ട്‌ അധികകാലം ആയില്ല. ഇന്ന്‌ ഹൃദ്രോഗനിര്‍ണയത്തിന്‌ ഏറ്റവും ഫലവത്തായ മാര്‍ഗങ്ങളില്‍ ഒന്നായി എം. ആര്‍. ഐ കണക്കാക്കപ്പെടുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയും രൂപഘടനയില്‍ ഉള്ള മാറ്റങ്ങളും കൃത്യമായി അറിയുന്നതിന്‌ എം. ആര്‍. ഐ സഹായിക്കുന്നു.

പ്രത്യേകം മരുന്ന്‌ കുത്തിവച്ച്‌ ഹൃദയപേശികള്‍ക്കുള്ള രക്‌തലഭ്യതയുടെ അളവ്‌ മനസിലാക്കാനും ഹാര്‍ട്ടറ്റാക്കിനെ തുടര്‍ന്ന്‌ നശിച്ച കോശങ്ങളുടെ അളവ്‌ തിട്ടപ്പെടുത്തുവാനും ഇത്‌ സഹായിക്കുന്നു. നെഞ്ചുവേദന ഹൃദ്രോഹം കൊണ്ടണോ എന്ന്‌ തിരിച്ചറിയുന്നതിന്‌ ഏറ്റവും ഫലപ്രദമായ പരിശോധനയാണ്‌ എം. ആര്‍. വയബിലിറ്റി പരി ശോധന.

ചുരുക്കത്തില്‍ നെഞ്ചുവേദന തിരിച്ചറിയുന്നതിന്‌ പല മാര്‍ഗങ്ങളുണ്ട്‌. കുറവുണ്ടെങ്കിലും ഇ. സി. ജി, ടി. എം. ടി, എക്കോ കാര്‍ഡിയേഗ്രാം ഇവ തന്നെയാണ്‌ സര്‍വസാധാരണയായി ഉപയോഗിക്കുന്ന ഫലപ്രദ മായ പരിശോധനകള്‍. പലപ്പോഴും ഒന്നില്‍ക്കൂടുതല്‍ മാര്‍ഗങ്ങള്‍ സ്വീക രിക്കേണ്ടിവന്നേക്കാം. ഇതിനപ്പുറം ഒന്ന്‌ മനസിലാക്കേണ്ടതുണ്ട്‌, സൂക്ഷ്‌ മതയോടെ ഭിഷഗ്വരന്‍ രോഗിയോട്‌ ചോദിച്ച്‌ മനസിലാക്കുന്ന തന്നെയാണ്‌ ഏറ്റവും പ്രധാനപ്പെട്ട രോഗനിര്‍ണയമാര്‍ഗം.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:

ഡോ. സ്‌റ്റിജി ജോസഫ്‌

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate