പ്രതിവര്‍ഷം അഞ്ചുലക്ഷം പ്രസവങ്ങള്‍ നടക്കുന്ന കേരളത്തില്‍ ജനിതകഹൃദയവൈകല്യവുമായി പിറന്നുവീഴുന്നത് 4000 കുഞ്ഞുങ്ങളാണ്. അതേ കാരണം കൊണ്ട് വര്‍ഷാവര്‍ഷം മരണപ്പെടുന്നത് 750ലധികം കുട്ടികളും. ശിശുമരണങ്ങള്‍ക്കുള്ള പ്രധാനകാരണങ്ങളില്‍ ഒന്നായ ജനിതക ഹൃദയവൈകല്യത്തെ പ്രതിരോധിക്കാന്‍ കേരളം എത്രത്തോളം സജ്ജമാണെന്ന് വിലയിരുത്തുമ്പോഴാണ് ആരോഗ്യരംഗത്ത് നമ്മള്‍ ഇനിയും എത്രദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെടുക.
'ഹൃദയത്തെ പരിപാലിക്കാം - ആരോഗ്യകരമായ ചുറ്റുപാടുകളിലൂടെ' എന്ന സന്ദേശവുമായാണ് ഇത്തവണ ലോകം ഹൃദയദിനം ആചരിക്കുന്നത്. ജനിതക ഹൃദയ വൈകല്യങ്ങളുമായി പിറക്കുന്ന കുഞ്ഞുങ്ങളുടെ ഹൃദയത്തെ പരിപാലിക്കാനുള്ള ആരോഗ്യകരമായ ചുറ്റുപാടുകള്‍ ഒരുക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ടോ?
പ്രതിവര്‍ഷം അഞ്ചുലക്ഷം പ്രസവങ്ങള്‍ നടക്കുന്ന കേരളത്തില്‍ ജനിതകഹൃദയവൈകല്യവുമായി പിറന്നുവീഴുന്നത് 4000 കുഞ്ഞുങ്ങളാണ്. അതേ കാരണം കൊണ്ട് വര്‍ഷാവര്‍ഷം മരണപ്പെടുന്നത് 750ലധികം കുട്ടികളും. ശിശുമരണങ്ങള്‍ക്കുള്ള പ്രധാനകാരണങ്ങളില്‍ ഒന്നായ ജനിതക ഹൃദയവൈകല്യത്തെ പ്രതിരോധിക്കാന്‍ കേരളം എത്രത്തോളം സജ്ജമാണെന്ന് വിലയിരുത്തുമ്പോഴാണ് ആരോഗ്യരംഗത്ത് നമ്മള്‍ ഇനിയും എത്രദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെടുക. ഇന്ത്യയില്‍ ശിശുമരണങ്ങള്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്ന് തന്നെയാണ് കേരളം. 2020 ആകുമ്പോഴേക്കും നിലിവിലുള്ള 12 ശിശുമരണങ്ങള്‍ എന്ന കണക്കില്‍ നിന്ന് 8-9 എന്ന രീതിയിലേക്ക് മരണനിരക്ക് കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യരംഗം. എന്നാല്‍ മരണത്തിന് നിദാനമായ കാരണങ്ങളെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യുന്നതിന് അനാവശ്യമായ കാലതാമസമാണ് കേരളം എടുക്കുന്നത്.
കേരളത്തില്‍ ഒരു വര്‍ഷം എത്ര കുട്ടികളാണ് ജനിതകഹൃദയവൈകല്യവുമായി ജനിക്കുന്നത്, അവരില്‍ എത്രപേര്‍ക്ക് മതിയായ ചികിത്സ ലഭിച്ചു, എത്രപേര്‍ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയിലൂടെ രോഗത്തെ അതിജീവിച്ചു, എത്ര കുട്ടികള്‍ ഇക്കാരണത്താല്‍ മരണപ്പെട്ടു തുടങ്ങിയ അടിസ്ഥാനവിവരങ്ങളുടെ കണക്കുകള്‍ പോലും നമ്മുടെ ആരോഗ്യവകുപ്പിന്റെ കൈയില്‍ ഇല്ല. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ആയിരത്തില്‍ എട്ടുകുട്ടികള്‍ ഹൃദയവൈകല്യവുമായി ജനിക്കുന്നു എന്ന കണക്കിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ തന്നെ അത്രയും കുഞ്ഞുങ്ങളെ പോലും ചികിത്സിക്കാനുള്ള സൗകര്യം നമ്മുടെ കേരളത്തിലില്ല.
WHO യുടെ റിപ്പോര്‍ട്ട് പ്രകാരം ജനിച്ച് നാലാഴ്ചയ്ക്കുള്ളില്‍ 3,03,000 കുട്ടികളാണ് ജനിതക ഹൃദയ വൈകല്യം മൂലം ഒരുവര്‍ഷം മരിക്കുന്നത്. ഗുരുതരമായ ഹൃദ്രോഗവുമായി ജനിക്കുന്ന കുഞ്ഞുങ്ങളില്‍ 60 ശതമാനം കുഞ്ഞുങ്ങളും ഒരു വയസ്സെത്തുന്നതിന് മുമ്പേ മരണപ്പെടുന്നു. 90 ശതമാനം പേര്‍ അഞ്ചുവയസ്സെത്തുന്നതിന് മുമ്പും.
ഈ രംഗത്തുള്ള വിദഗ്ധരുടെ കുറവാണ് നാം നേരിടുന്ന പ്രധാനവെല്ലുവിളി. ഇന്ത്യ മുഴുവന്‍ എടുത്തുനോക്കുകയാണെങ്കില്‍ തന്നെ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് വളരെ കുറവാണ്. പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ അതിലും കുറവാണ്. 24 പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റും 12 പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജനും ആവശ്യമുള്ള കേരളത്തില്‍ നിലവില്‍ 12 പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റും 10 പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജനും മാത്രമെയുള്ളൂ.
ശസ്ത്രക്രിയ ഉള്‍പ്പടെയുളള ചികിത്സാ സൗകര്യങ്ങളുള്ള ആസ്പത്രികളുടെ അഭാവമാണ് മറ്റൊന്ന്. ഹൃദയവൈകല്യവുമായി ജനിക്കുന്ന 4000 കുഞ്ഞുങ്ങളില്‍ 25-35 ശതമാനം കുഞ്ഞുങ്ങളും അതീവഗുരുതരമായ വൈകല്യങ്ങളോടെയാണ് ജനിക്കുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ ശസ്ത്രക്രിയ നടത്താന്‍ സാധിച്ചില്ലെങ്കില്‍ ആദ്യജന്മദിനത്തിന് മുന്‍പേ ഇവര്‍ മരണപ്പെട്ടേക്കാം. സ്വകാര്യ ആസ്പത്രികളില്‍ ഒന്നരലക്ഷം മുതല്‍ അഞ്ചുലക്ഷം വരെയാണ് ശസ്ത്രക്രിയക്ക് ചെലവ് വരുന്നത്. ഒരു ഇടത്തരം കുടുംബത്തിന് താങ്ങാനാകുന്നതിനും മുകളില്‍. പൊതുജനാരോഗ്യമേഖലയില്‍ രണ്ട് ആസ്പത്രികളില്‍ മാത്രമാണ് ശസ്ത്രക്രിയ സൗകര്യമുള്ളത്. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും. അതില്‍ കോട്ടയം മെഡിക്കല്‍ കോളേജ് പരിപൂര്‍ണ സജ്ജവുമായിട്ടില്ല.
സ്വകാര്യ ആസ്പത്രികളായ എറണാകുളത്തെ അമൃത, ലിസി, ആസ്റ്റര്‍ മെഡിസിറ്റി, തിരുവല്ലയിലെ ബിലീവേഴ്്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ്, എന്നീ ആസ്പത്രികളില്‍ ശസ്ത്രക്രിയക്കുള്ള സൗകര്യമുണ്ടെങ്കിലും ഭീമമായ ചികിത്സാ ചെലവുകള്‍ താങ്ങാനാകാത്തതിനാല്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സൗജന്യമായി ശസ്ത്രക്രിയ ചെയ്യാനാകുന്ന ശ്രീചിത്രയെ തന്നെയാണ്. വര്‍ഷം 450 മുതല്‍ 500 കേസുകള്‍ ചെയ്യാനുള്ള പ്രാപ്തിയെ ശ്രീചിത്രക്കുള്ളൂ. എന്നിട്ടും തങ്ങളുടെ കഴിവിന്റെ പരമാവധിയെന്നോണം വര്‍ഷം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുഞ്ഞുങ്ങളുടേതുള്‍പ്പടെ 600 ശസ്ത്രക്രിയകളാണ് ഇവിടെ ചെയ്തുവരുന്നത്. ഇതിന് പുറമെ അടിയന്തര ശസ്ത്രക്രിയകള്‍ വേറെയും.
ഇതിന് ഒരു പ്രതിവിധിയെന്ന രീതിയിലാണ് കേരളസര്‍ക്കാരും ദേശീയ ആരോഗ്യദൗത്യത്തിന്റെ രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രമും ചേര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്ത് 31-ന് ഹൃദ്യം പദ്ധതിക്ക് തുടക്കം കുറിച്ചത്. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കൊച്ചിന്‍, ആസ്റ്റര്‍ മെഡിസിറ്റി, ലിസി ഹോസ്പിറ്റല്‍, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ തിരുവല്ല എന്നീ സ്വകാര്യ ആസ്പത്രികളെ ഉള്‍പ്പെടുത്തിയുള്ള ഈ പദ്ധതി സൗജന്യ ചികിത്സ ഉറപ്പുനല്‍കുന്നു. ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ നിന്ന് അത്യാഹിത സ്വഭാവമുള്ളവ കണ്ടെത്തി 24 മണിക്കൂറിനകം ഒഴിവുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി മരണനിരക്ക് കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആന്ധ്രയില്‍ നടപ്പാക്കിയ ആരോഗ്യശ്രീ പദ്ധതി നടത്തിപ്പിലുണ്ടായ പാളിച്ചകള്‍ ഒരുപാഠമായി ഉള്‍ക്കൊണ്ടാകണം ഹൃദ്യം പദ്ധതിയുടെയും നടത്തിപ്പ് (ശസ്ത്രക്രിയ ആവശ്യമില്ലാത്ത കേസുകള്‍ക്ക് പോലും ശസ്ത്രക്രിയകള്‍ നടത്തി അവിടെ നിരവധി ആസ്പത്രികളാണ് ആരോഗ്യശ്രീയുടെ ഫണ്ട് ദുരുപയോഗം ചെയ്തത്.) പ്രാരംഭദശയിലായതിനാല്‍ തന്നെ പദ്ധതിയെ വിലയിരുത്താനായിട്ടില്ല. എന്നിരുന്നാല്‍ തന്നെയും വടക്കന്‍ ജില്ലയില്‍ നിന്ന് ഒരു ആസ്പത്രിയെ പോലും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല എന്നുള്ളത് തന്നെയാണ് ഈ പദ്ധതിയുടെയും നമ്മുടെ ആരോഗ്യരംഗത്തിന്റെയും ഏറ്റവും വലിയ പരാജയം.
കേരളത്തിലെ ജനനനിരക്കില്‍ പകുതിയിലേറെയും വടക്കന്‍ ജില്ലകളില്‍ നിന്നാണ്. അതായത് കേരളത്തില്‍ നടക്കുന്ന അഞ്ചുലക്ഷം പ്രസവങ്ങളില്‍ ഏകദേശം എണ്‍പതിനായിരം കേസുകളും മലപ്പുറത്ത് നിന്നും നാല്‍പതിനായിരത്തിലധികം കോഴിക്കോട് നിന്നുമാണ്. കണ്ണൂരും കാസര്‍കോഡും തൃശൂരും പാലക്കാടും കൂടി ചേരുമ്പോള്‍ ഏകദേശം രണ്ടര-മൂന്ന് ലക്ഷത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ ഓരോവര്‍ഷവും പിറക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ആശ്രയിക്കാനാകുന്ന ഏറ്റവും അടുത്തുള്ള കേന്ദ്രം കൊച്ചിയാണ്. അത്യാഹിതസ്വഭാവമുള്ള ഒരു കേസ് കാസര്‍കോട് റിപ്പോര്‍ട്ട് ചെയ്തു എന്നിരിക്കട്ടെ കാസര്‍കോട് നിന്നും കൊച്ചി വരെ എത്തണമെങ്കില്‍ ചുരുങ്ങിയത് ആറര മണിക്കൂറെങ്കിലും വേണം. അതിനുള്ളില്‍ കുഞ്ഞിന് ജീവഹാനി സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. തള്ളിക്കളയാനാകില്ലെന്നല്ല നിരവധി സംഭവങ്ങള്‍ അങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ആ മണിക്കൂറുകളില്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദം പറഞ്ഞറിയിക്കാനാകില്ല.
തുടക്കത്തില്‍ ഗുരുതരമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ശസ്ത്രക്രിയകള്‍ ചെയ്തുതുടങ്ങിയാല്‍ മാത്രമേ ഒരു വര്‍ഷത്തിനകത്ത് മലബാറിന് ഒരു ആശ്വാസമേകാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് സാധിക്കുകയുള്ളൂ. അങ്ങനെയാണെങ്കില്‍ വളരെ ഗുരുതരമായ കേസുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ശ്രീചിത്രക്ക് സാധിക്കുകയും ചെയ്യും. ചെറിയ ശസ്ത്രക്രിയകള്‍ പോലും ശ്രീചിത്രയിലേക്ക് വരുന്ന നിലവിലുള്ള അവസ്ഥക്ക് മാറ്റം വരും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി ആയിരക്കണക്കിന് കുട്ടികളാണ് ശ്രീചിത്രയിലെ രജിസ്റ്ററില്‍ ഊഴവും കാത്തിരിക്കുന്നത്. കാത്തിരിപ്പിനിടയില്‍ അസുഖം മൂര്‍ച്ഛിച്ച് മരണപ്പെട്ടവരുണ്ട്.ഉള്ളതെല്ലാം വിറ്റുപെറുക്കി സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയവരുണ്ട്.
ജനിതക ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാന്‍ ആദ്യം വേണ്ടത് എത്രയും വേഗത്തിലുള്ള രോഗനിര്‍ണയവും തക്കസമയത്തുള്ള ചികിത്സയുമാണ്. കുഞ്ഞ് ജനിച്ച് 25 ദിവസത്തിനുള്ളില്‍ തന്നെ രോഗനിര്‍ണയം നടത്തി ശസ്ത്രക്രിയ ആവശ്യമെങ്കില്‍ അത് നടത്താനാകുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടാകണം. ചുരുങ്ങിയത് ഒരു ഏഴ് സിഎച്ച്ഡി സര്‍ജിക് സെന്റേഴ്സ് എങ്കിലും കേരളത്തിന് ആവശ്യമുണ്ട്. സാധാരണക്കാരുടെ ആശ്രയമായ മെഡിക്കല്‍ കോളേജുകളില്‍ ആരോഗ്യവകുപ്പ് മുന്‍കൈയെടുത്ത് അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ് വേണ്ടത്. കുഞ്ഞുഹൃദയങ്ങള്‍ക്കായി ഉത്തരവാദിത്തത്തോടെ, കരുതലോടെ പ്രവര്‍ത്തിക്കാന്‍ ഈ ഹൃദയദിനം ഒരു തുടക്കമാകട്ടെ.
കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ശസ്ത്രക്രിയക്കായി എത്രയും പെട്ടന്ന് തന്നെ സജ്ജമാക്കുക എന്നുള്ളതാണ് അതിനുള്ള ഏറ്റവും മികച്ച പോംവഴി.
നിലവില്‍ അഡള്‍ട്ട് കേസുകള്‍ ചെയ്യാനുള്ള സൗകര്യം മാത്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിനുള്ളത്. പീഡിയാട്രിക് ഐ.സി.യു., പീഡിയാട്രിക് വെന്റിലേറ്റര്‍ തുടങ്ങി അവശ്യമായ സജ്ജീകരണങ്ങളില്ലാതെ കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ ചെയ്യാന്‍ സാധിക്കില്ല. മാത്രമല്ല മികച്ച പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജനും സേവനസന്നദ്ധരായ സ്റ്റാഫ് നഴ്സുമാരും ആവശ്യമാണ്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പിന് മുന്നില്‍ സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും നടപടി ഉണ്ടായിട്ടില്ല. അമ്പതുലക്ഷം മുതല്‍മുടക്കില്‍ അത്യാവശ്യസജ്ജീകരണങ്ങള്‍ തയ്യാറാക്കി നല്‍കുകയാണെങ്കില്‍ എപ്പോള്ഡ വേണമെങ്കിലും ശസ്ത്രക്രിയ ആരംഭിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് തയ്യാറാണ്. ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് സഹായത്തിനായി സര്‍ജനെ അയക്കാന്‍ ശ്രീചിത്രയും.
ആഗോള കൊലയാളിയെന്നാണ് ഹൃദ്രോഗത്തെ ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. ലോകത്ത് വര്‍ഷത്തില്‍ 1.7 കോടി ജനങ്ങള്‍ ഹൃദ്രോഗ പ്രശ്‌നം മൂലം മരണമടയുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അവരില്‍ തന്നെ 15 ശതമാനം പേരിലും രോഗം കാണപ്പെടുന്നത് പുകയില ഉപയോഗം കൊണ്ട് തന്നെ. ലോക ഹൃദയ ദിനത്തില്‍ ഹൃദ്രോഗത്തെ കുറിച്ചും, അതിന്റെ അപകടത്തെ കുറിച്ചും മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുകയാണ് കോഴിക്കോട് ആസ്റ്റര്‍ മിംമ്‌സിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അനില്‍ സലീം.
ഹൃദ്രോഗം യുവാക്കളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് വരുന്നത് എന്തുകൊണ്ടാണ്?
ഹൃദ്രോഗ ചികിത്സാ രംഗത്തെ വലിയ മുന്നേറ്റം തന്നെയാണ് അതിന് കാരണം. പണ്ട് കാലത്ത് ഒരസുഖവുമില്ലാത്തയാള്‍ പെട്ടെന്ന് മരിച്ചുവെന്നൊക്കെ പതിവായി കേള്‍ക്കുമായിരുന്നു. പക്ഷെ അത് ഹൃദയാഘാതം കൊണ്ടാണോ എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നേരെ മറിച്ച് ഇന്ന് നൂതന സംവിധാനങ്ങള്‍ വികസിച്ച് വന്നു. മാത്രമല്ല കൃത്യമായ ചികിത്സയും ജീവിത ശൈലി പാലിച്ച് പോന്നാലും അസുഖം പൂര്‍ണമായും കുറക്കാന്‍ കഴിയുമെന്നും പറയാന്‍ കഴിയും. യുവാക്കളില്‍ ഇന്ന് കണ്ട് വരുന്ന ഹൃദ്രോഗത്തിന് പ്രധാന കാരണം പുകവലി തന്നെയാണ്.
പുകവലി കൊണ്ട് മാത്രം ഇരുപത് ശതമാനത്തോളം ആളുകള്‍ ഇന്ന് ഹൃദ്രോഗത്തിന് അടിമപ്പെടുന്നുണ്ട്. ജീവിത ശൈലിയിലെ മാറ്റവും അത്ര നിസ്സാരമല്ല. വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഇന്ന് നമ്മുടെ പതിവ് ഭക്ഷണത്തിലെ ഒഴിവാക്കാനാവാത്ത ഒന്നായി മാറി. ഇത് അമിത കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് കൂടുന്നതിനും അത് ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. മാത്രമല്ല ഭാവിയില്‍ ഹൃദ്രോഗത്തിന് കാരണമായേക്കാവുന്ന രക്തസമ്മര്‍ദം, പ്രമേഹം, അമിത കൊളസ്‌ട്രോള്‍ എന്നിവയെല്ലാം ചെറുപ്പക്കാരില്‍ തന്നെ കണ്ട് വരുന്നുമുണ്ട്. മറ്റൊന്ന് മാറിയ ജീവിത സാഹചര്യത്തിന്റെ ഭാഗമായി ആര്‍ക്കും വ്യായാമം ചെയ്യാനോ മറ്റൊ സമയം കിട്ടുന്നില്ല. മാത്രമല്ല നിയന്ത്രണമില്ലാത്ത ആഹാരവും ചെറുപ്പം മുതലേ ശീലമായി വരുന്നു. ഇതൊക്കെ ഹൃദയത്തില്‍ കൊഴുപ്പ് അഴിഞ്ഞ് കൂടാന്‍ പ്രധാന കാരണമാവുകയും അത് ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്.
ജീവിത ശൈലിയും ഹൃദ്രോഗവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഹൃദ്രോഗം മാത്രമല്ല ഇനി ഭാവിയില്‍ ഉണ്ടായേക്കാവുന്ന പല രോഗങ്ങളുടെയും പ്രധാന കാരണമാവുമെന്ന് ചൂണ്ടിക്കാട്ടുന്നത് ജീവിത ശൈലിയിലെ മാറ്റം തന്നെയാണ്. നിയന്ത്രണമില്ലാത്ത ഭക്ഷണം മൂലം രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി അത്തിറോസ് ക്ലിറോസിസ് എന്ന അവസ്ഥയുണ്ടാക്കുന്നു. ഇത് പ്രമേഹം, രക്തസമ്മര്‍ദം എന്നിവയ്‌ക്കെല്ലാം പ്രധാനമായും കാരണാമാകുന്നുമുണ്ട്. മറ്റൊന്ന് ഗള്‍ഫ് രാജ്യങ്ങളിലെ ഓരോ ഭക്ഷണ രീതിയും കേരളത്തെയും വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്.
നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ പോലും ഫാസ്റ്റ്ഫുഡ് കോര്‍ണറുകള്‍ വലിയ തോതില്‍ ഉയര്‍ന്ന് വരുന്നത് ഇതിന് പ്രധാന ഉദാഹരണമാണ്. അത് പോലെ തന്നെയാണ് നേരത്തെ പറഞ്ഞപോലെ വ്യായാമക്കുറവിന്റെ പ്രശ്‌നങ്ങള്‍. പലപ്പോഴും ചെറിയ രീതിയില്‍ വ്യായാമം ചെയ്യാന്‍ പോലും ജോലിയിലെ ഷിഫ്റ്റ് സംവിധാനം കൊണ്ടും മറ്റും കഴിയാറില്ല. ഇത് വലിയൊരു പ്രശ്‌നം തന്നെയാണ്.
നെഞ്ച് വേദനയല്ലാതെ ഹൃദ്രോഗം തിരിച്ചറിയാനുള്ള മറ്റ് മാര്‍ഗങ്ങള്‍ എന്തെങ്കിലും ഉണ്ടോ?
ഹൃദ്രോഗത്തിന്റെ ഏറ്റവും ഭയാനകമായ അവസ്ഥനെഞ്ച് വേദന തന്നെയാണ്. അതല്ലാതെ വളരെ സാധാരണയായി കണ്ട് വരുന്ന നെഞ്ചെരിച്ചില്‍, ഗ്യാസ് പോലെ അനുഭവപ്പെടുന്ന അവസ്ഥ എന്നിവയും ഹൃദ്രോഗത്തിന്റെ പ്രധാന ലക്ഷണമായി അനുഭവപ്പെടാറുണ്ട്. പലപ്പോഴും രോഗികളോട് ചോദിക്കുമ്പോള്‍ എനിക്കൊരു നെഞ്ചരിച്ചല്‍ പോലെ ഒരു പ്രശ്‌നം അനുഭവപ്പെട്ടുവെന്നാണ് പറയാറുള്ളത്. നമ്മള്‍ ഗ്യാസെന്നും നെഞ്ചെരിച്ചലെന്നും പറഞ്ഞ് തള്ളിക്കളയുന്ന അവസ്ഥയൊക്കെ ഹൃദയാഘാതത്തിന് കാരണമാവാറുണ്ട് എന്നത് കൊണ്ട് ഇത്തരം അവസ്ഥയുണ്ടാകുമ്പോള്‍ കൃത്യമായ വൈദ്യ ചികിത്സ തേടുക തന്നെയാണ് വേണ്ടത്. മറ്റൊന്ന് ചില ആളുകള്‍ക്ക് ഇത് തല കറക്കമായി അനുഭവപ്പെടാം, ചില ആളുകള്‍ക്ക് നെഞ്ചില്‍ ഒരു ഇടിപ്പ് പോലെയും ഉണ്ടാവാം. നെഞ്ചിലല്ലാതെയും വേദന വരാം. താടിയിലെ വേദന, കഴുത്തിലെ വേദന, വയറിലെ വേദന ഇതും ചിലപ്പോള്‍ ഹൃദയാഘാതമുണ്ടാകാനുള്ള കാരണമാവാം.
ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്താണ്?
രണ്ടും രണ്ടാണെങ്കിലും രണ്ടും തമ്മില്‍ അടുത്ത ബന്ധമുണ്ട്. വ്യക്തമായി പറഞ്ഞാല്‍ ഹൃദയാഘാതം എന്നത് ഹൃദയത്തിലെ ഏതെങ്കിലും രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് ബ്ലോക്ക് ആയിട്ട് രക്തഓട്ടം നിന്ന് ഹൃദയത്തിന്റെ ആ പ്രത്യേക ഭാഗം പ്രവര്‍ത്തനം നിലച്ച് അപകടത്തിലേക്ക് പോവുന്നതാണ്. ഹൃദയം പൂര്‍ണമായും അതിന്റെ മിടിപ്പ് നിര്‍ത്തുന്ന അവസ്ഥയെ ആണ് ഹൃദയ സ്തംഭനം എന്ന് പറയുന്നത്. പെട്ടെന്ന് ചികിത്സ കിട്ടിയില്ലെങ്കില്‍ മരണത്തിലേക്ക് വരെ നയിക്കാവുന്ന അവസ്ഥയാണിത്. ഏതൊരാളുടെയും ശരീരത്തില്‍ മരിക്കുന്ന സമയത്ത് സംഭവിക്കുന്ന ആദ്യത്ത പ്രവര്‍ത്തനം ഹൃദയം അതിന്റെ ജോലി നിര്‍ത്തുക എന്നതാണ്. ആശുപത്രിയില്‍ നിന്നോ മറ്റോ ആണെങ്കില്‍ കാര്‍ഡിയാക് മസാജ് ഒക്കെ നല്‍കി ചിലപ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ വീണ്ടും ശരിയാക്കി എടുക്കാം. ഹൃദയസ്തംഭന അവസ്ഥയില്‍ ചികിത്സ കിട്ടിയില്ലെങ്കില്‍ മരണം ഉറപ്പാണ്. എന്നാല്‍ ഹൃദയാഘാത അവസ്ഥ മരുന്നിലൂടെയും മറ്റും മാറ്റിയെടുക്കാന്‍ സാധിക്കും.
പുകവലിയും ഹൃദ്രോഗവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പുകവലിയും ഹൃദ്രോഗവും തമ്മില്‍ വളരെ ഏറെ ബന്ധമുണ്ട്. എന്നാല്‍ പുകവലിക്കുന്ന എല്ലാവര്‍ക്കും ഹൃദയപ്രശ്‌നം ഉണ്ടാവണമെന്നില്ല. ഹൃദയത്തില്‍ പുകവലിയുണ്ടാക്കുന്ന മാറ്റങ്ങള്‍ രണ്ട് തരത്തിലുണ്ട്. ഒന്ന് ഹൃദയത്തിനകത്ത് അസ്തിറോസ് ക്ലിറോസിസ് എന്ന ഹൃദയത്തിന് ബ്ലോക്ക് ഉണ്ടാക്കുന്ന അവസ്ഥയ്ക്ക് പ്രധാന കാരണമാകുന്നുവെന്നതാണ്. മറ്റൊന്ന് ഹൃദയത്തിന്റ സ്വാഭാവിക രക്തപ്രഭാവത്തെ പുകവലിയിലൂടെ ശരീരത്തിലെത്തുന്ന നിക്കോട്ടിന്‍ തടസ്സപ്പെടുത്തുന്നു. ഇത് ഹൃദ്രോഗത്തിന് കാരണമാക്കുകയും ചെയ്യുന്നു.
ഹൃദ്രോഗവും വ്യായാമവും?
ഹൃദ്രോഗമുണ്ടെന്ന് പരിശോധനയില്‍ കണ്ടാല്‍ ഡോക്ടറുടെ നിര്‍ദേശാനസുരണം മാത്രമേ വ്യായാമം ചെയ്യാന്‍ പാടുള്ളൂ. ഹൃദ്രോഗം വന്ന ഒരാള്‍ക്കാണെങ്കില്‍ അതായത് ഹൃദയത്തിന്റെ പമ്പിങ് ഒക്കെ കുറഞ്ഞ ആളാണെങ്കില്‍ വളരെ കട്ടിയായ വ്യായാമം ചെയ്യരുത് എന്നാണ് പൊതുവെ നിര്‍ദേശിക്കാറുള്ളത്. ചിട്ടയായ നടത്തം തന്നെയാണ് ഹൃദ്രോഗമുള്ളവര്‍ക്ക് ഏറ്റവും നല്ല വ്യായാമം. എന്നാല്‍ ഹൃദ്രോഗം വരാത്ത ആള്‍ അതായത് ഹൃദ്രോഗം വരാന്‍ സാധ്യതയുള്ള ആളുകള്‍ എന്ന് വെച്ചാല്‍ പുകവലി, രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയെല്ലാം ഉള്ളവരോട് കുറച്ച് കട്ടിയുള്ള വ്യായാമം ചെയ്യാന്‍ പറയാറുണ്ട്. കാരണം ഇത്തരക്കാര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത ഏറെയാണ്.
കുഞ്ഞുങ്ങളുടെ ഹൃദ്രോഗവും മുതിര്‍ന്നവരുടെ ഹൃദ്രോഗവും തമ്മിലുള്ള വ്യത്യാസം എന്താണ്?
കുഞ്ഞുങ്ങളുടെ ഹൃദ്രോഗം സാധാരണ കണ്ട് വരുന്ന ബ്ലോക്ക്, അറ്റാക്ക് എന്ന രീതിയിലുള്ള ഹൃദ്രോഗമല്ല. മറിച്ച് ഹൃദയത്തിന്റെ മൊത്തത്തിലുള്ള മാറ്റത്തിന്റെ പ്രശ്‌നം കൊണ്ടുണ്ടാവുന്നതാണ്. അതായത് സ്ട്രക്ചറല്‍ ഹാര്‍ട് ഡിസീസ് എന്ന് പറയും. ചില ദ്വാരങ്ങള്‍ പ്രത്യക്ഷപ്പെടുക, രക്തക്കുഴലുകളിലെ വാല്‍വിന്റെ പ്രശ്‌നം എന്നിവയെല്ലാമാണ് കണ്ട് വരുന്നത്. ഇത് മുതിര്‍ന്നവരുടെ ഹൃദ്രോഗവുമായി ബന്ധമില്ലെങ്കിലും കൃത്യമായ ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണ്.
എങ്ങനെയാണ് സ്‌റ്റെന്റിന്റെ പ്രവര്‍ത്തനം?
ഒരു ലോഹത്തിന്റെ ചുരുളാണ് സ്‌റ്റെന്റ് എന്ന് പറയുന്നത്. ബ്ലോക്ക് നീക്കിയതിന് ശേഷം രണ്ടാമത് ചുരുങ്ങാതിരിക്കാനാണ് ഇത് ഇപയോഗിക്കുന്നത്. ഇത് രണ്ട് തരത്തിലാണുള്ളത്. ഒന്ന് മരുന്ന് പുരുട്ടിയ സ്റ്റെന്റും, മരുന്ന് പുരട്ടാത്ത സ്റ്റെന്റും. മരുന്ന് പുരട്ടിയ സ്റ്റെന്റില്‍ നിന്നും ഒരുമാസത്തോളം മരുന്ന് ഹൃദയത്തിന് നല്‍കിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ പിന്നീട് ചുരുങ്ങാനുള്ള സാധ്യത കുറവായിരിക്കും.
രണ്ടാമത്തെ അറ്റാക്ക് അപകടകാരിയാണോ?
അറ്റാക്ക് എപ്പോഴും വരുന്നത് ഹൃദയത്തിന് ബ്ലോക്ക് സംഭവിക്കുമ്പോഴാണ്. ഒന്നാമത്തെ അറ്റാക്ക് വരുമ്പോള്‍ തന്നെ അത് നീക്കിയിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് രണ്ടാമത്തെ അറ്റാക്ക് വരാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ചിലരില്‍ വരുന്നുമുണ്ട്. ഒരിക്കല്‍ അറ്റാക്ക് വരുന്നതോട് കൂടി ഹൃദയത്തിന്റെ ശക്തി കുറയുകയും രണ്ടമത്തെ അറ്റാക്ക് വരുമ്പോള്‍ അത് കൂടുതല്‍ ശക്തിയിലാവുകയും ചെയ്യും. ഓരോ പ്രാവശ്യം അറ്റാക്ക് വരുമ്പോഴും അത് ഹൃദയത്തിന്റെ ശക്തിയെ ദുര്‍ബലപ്പെടുത്തുമെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് തന്നെ ഒരു തവണ അറ്റാക്ക് വന്ന് പിന്നീട് വരുമ്പോള്‍ അപകടാവസ്ഥ കൂടുതല്‍ ആവുകയും ചെയ്യുന്നു.
മരുന്ന് മറക്കരുത്?
ഹൃദ്രോഗം വരാതിരിക്കാന്‍ ഏതൊരാളും ചെയ്യേണ്ടത് ഷുഗര്‍, കൊളസ്‌ട്രോല്‍, പ്രമേഹം എന്നിവയൊന്നും വരാതെ ശരീരത്തെ സ്വയം കാത്ത് സുക്ഷിക്കുക, വ്യായാമം മടിയില്ലാതെ ചെയ്യുക എന്നിവയാണ്. എന്നാല്‍ ഹൃദ്രോഗം വന്നവരാണെങ്കില്‍ മരുന്ന് ഒരു കാരണവശാലും മുടക്കുകയും അരുത്. പണ്ടുണ്ടായിരുന്നതിനേക്കാള്‍ മേന്മയേറിയ നിരവധി ഔഷധങ്ങള്‍ ഇന്ന് ഹൃദ്രോഗചികിത്സാരംഗത്ത് സുലഭമാണ്. ഹൃദയസങ്കോചനശേഷി വര്‍ധിപ്പിക്കുന്ന, ഹൃദയത്തിന്റെ ലോഡ് കുറയ്ക്കുന്ന, കൊളസ്ട്രോള്‍ ക്രമീകരിക്കുന്ന, രക്തം കട്ടിയാകാതിരിക്കാന്‍ സഹായിക്കുന്ന, ഹൃദയധമനികളുടെ ഘടനാവൈകല്യം റിപ്പയര്‍ ചെയ്യുന്ന നിരവധി ഔഷധങ്ങള്‍ ഇന്ന് കൈയെത്തും ദൂരത്തുണ്ട്. അവ സമുചിതമായി പ്രയോഗിക്കുകയേ വേണ്ടൂ. ചിലപ്പോള്‍ വര്‍ഷങ്ങളോളം മരുന്ന് കഴിക്കേണ്ടി വരുമെങ്കിലും അത് ബാക്കിയാക്കുക വലിയ ജീവിതമായിരിക്കും. മരുന്നിന്റെ എണ്ണം വളരെ കുറവാണെങ്കിലും അതിന്റെ ഫലം വലിയതാണ്. രക്തം കട്ടികുറക്കുന്ന ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍, കൊഴുപ്പ് അഴിഞ്ഞ് കൂടാതിരിക്കാനുള്ള സ്റ്റാറ്റിന്‍ മരുന്നുകള്‍ എന്നിവയാണ് പ്രധാനമായും രോഗികള്‍ക്ക് നല്‍കുന്നത്.
ഹൃദയദിനത്തില്‍ ഡോക്ടര്‍ക്ക് നല്‍കാനുള്ള സന്ദേശമെന്താണ്?
ആദ്യമായിട്ട് തന്നെ ഹൃദയം ശരീരത്തിന്റെ ഏറ്റവും പരമപ്രധാനമായ അവയവമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാവുക എന്നത് തന്നെയാണ്. ഇതിനെ കാത്ത് സൂക്ഷിക്കാന്‍ സ്വയം പ്രതിരോധം തന്നെയാണ് ഏറ്റവും പ്രഥമ മരുന്ന്. അത് കേട് വരാതെ ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. കേട് വന്നാല്‍ ഡോക്ടര്‍മാര്‍ ചികിത്സിക്കുമെങ്കിലും ആദ്യം ഇത് വരാതെ സൂക്ഷിക്കുക തന്നെയാണ് പ്രധാനമായും ചെയ്യേണ്ടത്. മറ്റൊന്ന് രോഗം വന്നവരാണെങ്കില്‍ ഒരു കാരണവശാലും മരുന്ന് മറക്കുകയുമരുത്. ചിലപ്പോള്‍ ജീവിത കാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടി വരുമെങ്കിലും വളരെ കുറഞ്ഞ ചെലവിലുള്ളതാണ് ആസ്പരിന്‍ പോലുള്ള മരുന്നുകള്‍. ഇത് മാത്രം മതി ഹൃദയത്തെ ഒരു പരിധിവരെ കാത്ത് സൂക്ഷിക്കാന്‍.
എങ്ങനെയാണ് നിലവിലെ ഹൃദ്രോഗ ചികിത്സയുടെ അവസ്ഥ?
കേരളത്തിന്റെ അവസ്ഥ പറയുകയാണെങ്കില്‍ പഴയകാലത്തില്‍ നിന്ന് വെത്യസ്തമായി നല്ല ചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ വളര്‍ച്ച തന്നെയാണ്. കേരളത്തിലെ ചെറിയ ആശുപത്രിയില്‍പോലും ഹൃദ്രോഗ പരിശോധനയ്ക്കായുള്ള കാത്ത് ലാബുകള്‍ വികസിച്ച് വന്നിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ യുറോപ്യന്‍ വികസിത രാജ്യമായ ഫ്രാന്‍സില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാത്ത് ലാബുകള്‍ കേരളത്തില്‍ മാത്രമുണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ഹൃദയത്തിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ കണ്ടെത്താനുള്ള സൗകര്യം വലിയ തോതില്‍ വര്‍ധിച്ച് വന്നു. എന്നാല്‍ ഹാര്‍ട്ട് അറ്റാക്ക് വരുമ്പോള്‍ ചെയ്യുന്ന പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി പരിശോദനകളൊക്കെ അല്‍പ്പം ചെലവ് കൂടിയതാണ് എന്ന് പറയാതെ വയ്യ. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് സ്റ്റെന്റിയൊക്കെ വില കുറച്ചത് കാരണം താങ്ങാവുന്ന തരത്തില്‍ ചികിത്സാ ചെലവുകള്‍ എത്തിയിട്ടുമുണ്ട്. എന്നാല്‍ വടക്കേ ഇന്ത്യയിലൊക്കെ ഉള്ളതിനേക്കാല്‍ എത്രയോ കുറവാണ് കേരളത്തിലെ ചികിത്സാ ചെലവുകള്‍.
നമ്മുടെ നിത്യ വ്യവഹാരത്തിലെ ബ്ലോക്ക് ഉണ്ടാക്കുന്ന പ്രസ്തുത ഭക്ഷണ ശീലങ്ങള്‍ അറിയുകയും അവ പ്രതിരോധിക്കുകയും വേണം. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് പോലെ പ്രധാനമാണ് ചിലത് മെനുവില്‍ ഉള്‍പ്പെടുത്തുന്നത്
ഇടനെഞ്ച് വേദന മലയാളിയുടെ ഉറക്കം കെടുത്തുന്ന ഒന്നാണ്. പുതിയ ജീവിത ശൈലിയില്‍ ഹൃദയ രക്ഷയെ കുറിച്ചുള്ള ആയുര്‍വേദ നിര്‍ദേശങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഹൃദയരക്ഷയുടെ പ്രാഥമിക തലങ്ങളില്‍ ആഹാരത്തിനും വ്യായാമത്തിനുമുള്ള പ്രാധാന്യം എല്ലാവര്‍ക്കും അറിവുള്ളത് തന്നെ. എന്നാല്‍ ഒരു വ്യക്തിയുടെ പ്രായം, അനുബന്ധ രോഗങ്ങള്‍, മറ്റ് ആരോഗ്യ സുചകങ്ങള്‍, എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഹൃദ്രോഗ പ്രതിരോധത്തിന്റെ പ്രായോഗിക നിര്‍ദേശങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. ആയുര്‍വേദത്തിന്റെ ശാസ്ത്രീയ തത്വങ്ങളില്‍ ഊന്നി നിന്നുകൊണ്ടുള്ള ഹൃദ്രോഗ പ്രതിരോധത്തിന്റെ സാധ്യതകള്‍ അറിയാം
പചന ശക്തി ദുര്‍ബലമായാല്‍
നമ്മുടെ ശരീരത്തിലെ ദഹന വ്യാപാരങ്ങളെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമാണ് ആയുര്‍വേദത്തില്‍ അഗ്നി എന്ന് പേരിട്ട് വിളിക്കുന്ന പചന ശക്തി. വൈവിധ്യമാര്‍ന്ന ആഹാരങ്ങളെ ദഹിപ്പിച്ച് അവയുടെ പോഷക ഘടകങ്ങളെ ശരീരത്തിലെ വിവിധ കലകള്‍ക്ക് എത്തിച്ച് കൊടുക്കുന്ന സുപ്രധാന ജൈവവ്യാപാരം നിര്‍വഹിക്കലാണ് പചന വ്യവസ്ഥയുടെ ധര്‍മം. എന്നാല്‍ തെറ്റായ ജീവിത ശൈലി നിമിത്തവും സേവിക്കുന്ന ഭക്ഷണങ്ങളുടെ നിരന്തര ഉപയോഗം മൂലവും നമ്മുടെ ശരീരത്തിലെ അഗ്നിയുടെ കര്‍മ ശക്തി ദുര്‍ബലമാകുന്നു. ദുര്‍ബലമായ അഗ്നി തന്നെയാണ് സര്‍വ രോഗങ്ങളുടെയും അടിസ്ഥാന കാരണം. ചയാപചയ പ്രവര്‍ത്തനങ്ങളുടെ തകരാറുകള്‍ ആരംഭിക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്. ചയാപചയ സംബന്ധികളായ വികൃതികള്‍ കാരണം ശരീരത്തിലും വിശിഷ്യാ ഹൃദയത്തിന് രക്തം പ്രദാനം ചെയ്യുന്ന രക്തക്കുഴലുകളിലുമെല്ലാം മേദസ് അടക്കമുള്ളവ ക്രമാതീതമായി അടിഞ്ഞ് കൂടുന്നു.
കട്ടികൂടിയതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണങ്ങള്‍ എണ്ണമയമുള്ള ആഹാരങ്ങള്‍, ഒരുപാട് തണുത്ത ഭക്ഷണങ്ങള്‍ വിരുദ്ധമായ ആഹാരങ്ങള്‍ എന്നിവ അഗ്നിയെ ദുര്‍ബലമാക്കി ഹൃദയ സംബന്ധമികളായ ധമനികള്‍ക്കുള്ളില്‍ സ്രോതരോധം ഉണ്ടാക്കുന്നു. ഇത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നതാണ്. നമ്മുടെ നിത്യ വ്യവഹാരത്തിലെ ബ്ലോക്ക് ഉണ്ടാക്കുന്ന പ്രസ്തുത ഭക്ഷണ ശീലങ്ങള്‍ അറിയുകയും അവ പ്രതിരോധിക്കുകയും വേണം. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് പോലെ പ്രധാനമാണ് ചിലത് മെനുവില്‍ ഉള്‍പ്പെടുത്തുന്നത്.
ഹൃദയം കാക്കും ഭക്ഷണങ്ങള്‍
നെല്ലിക്ക, വെളുത്തുള്ളി, ഇഞ്ചി, കുരുമുളക്, ജീരകം, ഉലുവ, മഞ്ഞള്‍, തുടങ്ങിയ സാധാരണ അടുക്കള ദ്രവ്യങ്ങള്‍ എല്ലാം തന്നെ ഹൃദയാരോഗ്യത്തിന് നല്ലതാണ്. മോര് കറിയാക്കി ഉപയോഗിക്കുന്നത് ഗുണം ചെയ്യും. മുരിങ്ങയില, കുമ്പളങ്ങ തുടങ്ങിയവയും സ്വാദിഷ്ട വിഭവങ്ങളായി തീന്‍ മേശയില്‍ എത്തിക്കേണ്ടതാണ്. രക്തസമ്മര്‍ദം, പ്രമേഹം, തുടങ്ങിയവയും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ മേല്‍പറഞ്ഞ ഭക്ഷണ ശീലങ്ങള്‍ പൊതുവായി ശീലിക്കാവുന്നതാണ്. ആയുര്‍വേദം ഹൃദയസംബന്ധിയായ ധമനികള്‍ക്കുള്ളില്‍ ഉണ്ടാവുന്ന തടസ്സം പ്രതിരോധിക്കുവാന്‍ നിര്‍ദേശിക്കുന്ന സുപ്രധാന ദ്രവ്യമാണ് വെളുത്തുള്ളി. വെളുത്തുള്ളി പാല് കാച്ചിയും, അച്ചാറിന്റെ രൂപത്തിലും ഉപയോഗിക്കാം. വയറെരിച്ചില്‍ പോലുള്ള അസുഖമുള്ളവര്‍ വെളുത്തുള്ളിയുടെ ഉപയോഗം നിയന്ത്രിക്കണം.
കര്‍ശനമായ ആഹാര നിയന്ത്രണം വേണ്ടിവരുന്നതിനാല്‍ മിക്കവാറും എല്ലാ ജീവിതശൈലി രോഗങ്ങളിലും രോഗി പൊതുവെ ക്ഷീണിച്ച് വരാറുണ്ട്. ഇത്തരത്തിലുള്ള ശരീരക്കാര്‍ക്ക് മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവാം. അതുകൊണ്ട് തന്നെ ശരീരത്തിന് വേണ്ട പോഷക ഘടകങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. രക്തത്തിലെ പഞ്ചസാര, കൊഴുപ്പ്, എന്നിവയുടെ അളുവുകള്‍ നിര്‍ണയിച്ച ശേഷം വൈദ്യ നിര്‍ദേശാനുസരണം ച്യവനപ്രാശം, വിദാര്യാദിഘൃതം, ഇന്ദുകാന്തം, ധാന്വന്തരംഘൃതം പോലെയുള്ള ഔഷധങ്ങള്‍ ഹൃദയ രക്ഷയ്ക്കും ശരീര ബലത്തിനും വേണ്ടി നിശ്ചിതകാലം സേവിക്കാം.
പഞ്ചകര്‍മ ചികിത്സ
ചയാപചയ തകരാറുകള്‍ നിമിത്തം ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന മാലിന്യങ്ങളെ ഇല്ലാതാക്കാനായി ഉചിതമായ ശോധന ചികിത്സകള്‍ കൃത്യമായ ഇടവേളകളില്‍ ചെയ്യേണ്ടതുണ്ട്. ഹൃദ്രോഗ സാധ്യതയുള്ളവര്‍ പാരമ്പര്യമുള്ളവര്‍ എന്നിവര്‍ 30-40 വയസ്സില്‍ വൈദ്യ മേല്‍നോട്ടത്തില്‍ ശോധന ചികിത്സകള്‍ക്ക് വിധേയരാകണം. ഇത് ഹൃദ്രോഗമടക്കുള്ള ജീവിത ശൈലി രോഗങ്ങളുടെ സാധ്യതയെ കുറയ്ക്കും.
ശോധന ചികിത്സകള്‍ക്ക് പുറമെ ഉദ്വര്‍ത്തനം (ചൂര്‍ണ രൂപത്തിലുള്ള ഔഷധങ്ങള്‍കൊണ്ട് തടവുന്നത്),തക്രധാര(ഔഷധ സിദ്ധമായ മോരുകൊണ്ട് ശിരസ്സില്‍ ധാര ചെയ്യുന്നത്), ഊരോവസ്തി(ഹൃദ്യമായ തൈലങ്ങള്‍ നെഞ്ചില്‍ നിര്‍ത്തുന്നത്) തുടങ്ങിയ ചികിത്സാ മുറകളും ഹൃദയത്തിനും അനുബന്ധ രക്ത ചംക്രമണ വ്യൂഹത്തിനും ഹിതകരമാണ്.
ശരീര വേഗങ്ങളെ തടയരുത്
ഇതര വൈദ്യ ശാസ്ത്രങ്ങളെ അപേക്ഷിച്ച് ആയുര്‍വേദം പ്രാധാന്യം നല്‍കുന്ന ഒരു പ്രധാന സംഗതിയാണ് വേഗധാരണം. സ്വാഭാവികങ്ങളായ മല മുത്ര അധോവാത വേകങ്ങളെ ബോധപൂര്‍വം തടഞ്ഞുവെക്കുന്നതിനെയാണ് വേഗധാരണം എന്ന് പറയുന്നത്. മുല മൂത്രാധി വേഗധാരണം ശരീരത്തിന്റെ സ്വാഭാവിക ചയാപചയ ദഹന ചംക്രമണ വ്യാപാരങ്ങളില്‍ സ്ഥായിയായ വൈകൃതങ്ങള്‍ ഉണ്ടാക്കുന്നു.
ജീവിത ശൈലിയും തിരക്ക് പിടിച്ച ജീവിത ടൈംടേബിളും മാനസിക സമ്മര്‍ദങ്ങളും കൂടിച്ചേരുമ്പോള്‍ വേഗധാരണം കൂടുതല്‍ രോഗകാരിയായി മാറുന്നു.
കൃത്യമായ മലശോധനയെ സഹായിക്കുന്ന ആഹാര പാനീയങ്ങള്‍ ശീലിക്കണം. ത്രിഫല ചൂര്‍ണം, സംസ്‌കരിച്ച ആവണക്കെണ്ണ, ഇതരൗഷങ്ങള്‍ എല്ലാം വൈദ്യ നിര്‍ദേശാനുസരണം സേവിച്ച് ശോധന ക്രമപ്പെടുത്തണം.
വ്യായാമം പ്രധാനം
കേവലം കൊഴുപ്പിനെ കത്തിച്ച് കളയാന്‍ മാത്രമല്ല രക്ത ചംക്രമണ വ്യൂഹത്തെ ശക്തിപ്പെടുത്താനും വ്യായാമം ആവശ്യമാണ്. മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താനും വിഷാദത്തെ അകലെ നിര്‍ത്താനും വ്യായാമം സഹായിക്കും. പ്രായത്തിനും ശരീര ശക്തിക്കും അനുസരിച്ച് ഉചിതമായ വ്യായാമങ്ങള്‍ തിരഞ്ഞെടുക്കണം. നിരപ്പായ പ്രതലത്തില്‍ നടക്കുക, ജോഗിങ്, സൈക്ലിങ്, നീന്തല്‍ ഇവയിലേതെങ്കിലും സൗകര്യ പ്രദമായി തിരഞ്ഞെടുക്കാം. യോഗയും പ്രാണായാമവും എല്ലാം പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തന താളത്തെ ക്രമീകരിക്കുന്നതിലും രക്തചംക്രമണം സുഗമമാക്കുന്നതിലും യോഗയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
നല്ല മനസ്സ് നല്ല ഉറക്കം
മാനസിക സമര്‍ദം ലഘുകരിക്കാനുള്ള ജീവിത ശൈലി വ്യതിയാനങ്ങള്‍ ഓരോരുത്തരും സ്വീകരിക്കണം. ആവശ്യത്തിനുള്ള ഉറക്കം ഹൃദയാരോഗ്യത്തിന് പരമ പ്രധാനമാണ്. പകലുറക്കം കഴിയുന്നതും ഒഴിവാക്കണം. ഉറക്കക്കുറവുള്ളവര്‍ നസ്യം, ശിരോ അഭ്യംഗം, തളം, തക്രധാര തുടങ്ങിയ ആയുര്‍വേദ ചികിത്സകള്‍ക്ക് വിധേയരാകണം.
അമിതമായ ഉദ്യോഗം, വിഷാദം, അനാവശ്യ ചിന്ത, ആകാരണമായ ദേഷ്യം മത്സര ചിന്ത എന്നിവയെല്ലാം ക്രമത്തില്‍ കുറച്ച് കൊണ്ടുവരാനുള്ള പ്രയത്‌നത്തില്‍ ഏര്‍പ്പെടണം. ഹോബികള്‍, വിശ്രമ വേളകള്‍ എന്നിവയെല്ലാം മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ നല്ലതാണ്.
കുടവയറും അമിതവണ്ണവും
കുടവയറും അമിതവണ്ണവും ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാണ്. കൊഴുപ്പ് കലര്‍ന്ന ഭക്ഷണം ഒഴിവാക്കിയും വ്യായാമം ശീലിച്ചും തടി കുറയ്ക്കാം. ഉദ്വര്‍ത്തനം, ലേഖനവസ്തി, കന്മദം പോലെയുള്ള പ്രത്യേക ഔഷധങ്ങള്‍ എന്നിവയും പൊണ്ണത്തടി കുറയ്ക്കാന്‍ ഉപകരിക്കും. വേങ്ങാക്കാതല്‍, ഞാവല്‍ത്തൊലി എന്നിവയിട്ട് തിളിപ്പിച്ച വെള്ളം നിത്യപാനീയമായി ഉപയോഗിക്കുന്നത് ദുര്‍മേദസ്സിനും പ്രമേഹത്തിനും ഹിതകരമാണ്.
ഇന്ന് ലോക ഹൃദയ ദിനം. നില്‍ക്കാതെ മിടിച്ച് കൊണ്ടിരിക്കുന്ന ഹൃദയത്തിന് അത്രത്തോളം കാര്യങ്ങളുണ്ട് മനുഷ്യ ശരീരത്തില്‍ ചെയ്ത് തീര്‍ക്കാന്‍. പക്ഷെ നിര്‍ഭാഗ്യമെന്നോണം ലോകത്ത് സംഭവിക്കുന്ന മനുഷ്യ മരണങ്ങളില്‍ ഒന്നാമതെത്തി നില്‍ക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
മനുഷ്യ ശരീരത്തില്‍ ഒരു ദിവസം പോലും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന അവയവമാണ് ഹൃദയം. സിരകളിലൂടെ ഹൃദയത്തിലെത്തുന്ന ഓക്‌സിജന്‍ കുറഞ്ഞ രക്തത്തെ ശ്വാസകോശത്തിലെത്തിച്ച് ഓക്‌സിജന്‍ സമ്പുഷ്ടമാക്കി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന സുപ്രധാന ദൗത്യമുള്ള മനുഷ്യ അവയവം. അതുകൊണ്ട് തന്നെ ഹൃദയത്തിനേല്‍ക്കുന്ന ചെറിയ പോറല്‍ പോലും ജീവന്‍ വരെ നഷ്ടപ്പെടാനും കാരണമാവാം.
നില്‍ക്കാതെ മിടിച്ച് കൊണ്ടിരിക്കുന്ന ഹൃദയത്തിന് അത്രത്തോളം കാര്യങ്ങളുണ്ട് മനുഷ്യ ശരീരത്തില്‍ ചെയ്ത് തീര്‍ക്കാന്‍. പക്ഷെ നിര്‍ഭാഗ്യമെന്നോണം ലോകത്ത് സംഭവിക്കുന്ന മനുഷ്യ മരണങ്ങളില്‍ ഒന്നാമതെത്തി നില്‍ക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഇത് അത്ര നിസാരമായി കാണേണ്ട കാര്യമല്ല. അതുകൊണ്ട് തന്നെയാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ഹൃദയ സുരക്ഷയ്ക്കായുള്ള ബോധവത്കരണവും മുന്നറിയിപ്പുമായി സെപ്തംബര്‍ 29-ന് ലോക ഹൃദയ ദിനം ആചരിച്ച് വരുന്നത്.
ജീവിതശൈലി തന്നെ പ്രധാന വില്ലന്‍
ഹൃദ്രോഗത്തിന് പ്രധാന കാരണമായി ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നത് ജീവിത ശൈലിയിലെ പ്രശ്‌നം തന്നെയാണ്. പ്രായം, അമിതവണ്ണം, ഉയര്‍ന്ന രക്ത സമ്മര്‍ദം, അമിതമായ കൊളസ്ട്രോള്‍ അളവുകള്‍, പുകവലി, പ്രമേഹം, സമ്മര്‍ദം എന്നിവയും ഹൃദയാഘാതത്തിന് കാരണമാവാറുണ്ട്. ഒരു കാലത്ത് 40 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് ഹൃദയാഘാതം കണ്ട് വന്നിരുന്നതെങ്കില്‍ ഇന്നത് പതിനെട്ട് വയസ്സിന് താഴെയുള്ളവരില്‍ പോലും കണ്ട് വരുന്നു. നാല്‍പത് വയസ്സിനോടടുപ്പിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്, എന്നിവ പരിശോധിക്കേണ്ടതാണ്.
നോ പറയാം പുകവലിയോട്
പുകവലി പൂര്‍ണമായി വര്‍ജിച്ച് കൊണ്ട് ഹൃദയത്തെ സ്‌നേഹിക്കണമെന്നാണ് ഈ ഹൃദയ ദിനത്തിലെ മറ്റൊരു സന്ദേശം. ചെറുപ്പക്കാരില്‍ ഹൃദയാഘാതമുണ്ടാകാനുള്ള പ്രധാന കാരണവും പുകവലി തന്നെ. പുകവലിക്ക് ഇന്ത്യക്ക് ഏഴാം സ്ഥാനമാണുള്ളത്. ചൈനയാണ് ഒന്നാം സ്ഥാനത്ത്. 2025 ആകുന്നതോടെ ലോകത്ത് പുകവലിക്കുന്നവരുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ലക്ഷ്യമിടുന്നത്.
അപകട സാധ്യതകള്‍
പ്രായം, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പുകവലി, പുകയില ഉപയോഗം, ഹൃദ്രോഗ പാരമ്പര്യം, പ്രമേഹം, തെറ്റായ ജീവിത ശൈലി, മാനസിക സമ്മര്‍ദം
പരിശോധനകള്‍
ഇലക്ട്രോ കാര്‍ഡിയോഗ്രാം(ഇ.സി.ജി), കൊറോണറി ആന്‍ജിയോഗ്രാഫി, ട്രോപ്പോണില്‍ രക്തപരിശോധന, രക്തത്തിന്റെയും കൊളസ്‌ട്രോളിന്റെയും ഗ്ലൂക്കോസിന്റെയും അളവ് നിര്‍ണ്ണയം, എക്കോ കാര്‍ഡിയോഗ്രാം, എക്‌സര്‍സൈസ് ടോളറന്‍സ് ടെസ്റ്റ്(വ്യായാമ സഹിഷ്ണുതാ പരിശോധന)എന്നിവയാണ് പൊതുവെ പ്രചാരത്തിലുള്ള പരിശോധനാ രീതികള്‍.
പ്രൈമറി ആന്‍ജിയോ പ്ലാസ്റ്റി
ഹൃദയാഘാതം സംഭവിച്ച് 90 മിനിറ്റിനകം പ്രൈമറി ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയമാക്കുകയാണെങ്കില്‍ കിതപ്പും നെഞ്ചുവേദനയും ശമിപ്പിച്ച് രക്തപ്രവാഹത്തെ മെച്ചപ്പെടുത്തി രോഗിയെ രക്ഷിക്കാം.
ത്രോംബോലൈസിസ്
ഞരമ്പുകളിലൂടെ രക്തത്തെ അലിയിക്കാനുള്ള മരുന്നുകള്‍ കടത്തിവിടുകയാണ് ത്രോംബോലൈസിസ് എന്ന പ്രക്രിയയില്‍ ചെയ്യുന്നത്. ഹൃദയാഘാതം വളരെ നേരത്തെ നിര്‍ണയിക്കപ്പെട്ടുവെങ്കില്‍ മാത്രമാണ് ഈ രീതി ഫലം ചെയ്യുക.
ഹൃദയസുരക്ഷയ്ക്ക് കരുത്തും കരുതലും പങ്ക് വെക്കുക(ഷെയര്‍ യുവര്‍ പവര്‍) എന്നതാണ് ഈവര്‍ഷത്തെ ഹൃദയദിന സന്ദേശം. ഹൃദയ സുരക്ഷയ്ക്കായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്നും അത് മറ്റുള്ളവര്‍ക്ക് എങ്ങനെ പങ്ക് വെക്കാമെന്നും ഈ ദിനം ജനങ്ങളോട് പറയുന്നു. ഹാര്‍ട്ട് അറ്റാക്ക് മൂലം ഇന്ത്യയില്‍ ഓരോ 33 സെക്കന്റിലും ഒരാള്‍ മരിക്കുന്നുവെന്നാണ് കണക്ക്. ഗ്രാമവാസികളേക്കാള്‍ മൂന്നിരട്ടിയാണ് നഗരവാസികളിലെ ഹൃദ്രോഗ സാധ്യത. കേരളത്തില്‍ ഗ്രാമീണരില്‍ പോലും ഹൃദ്രോഗ സാധ്യത കൂടി വരുന്നുവെന്നാണ് പറയപ്പെടുന്നത്.
ഏറ്റവും ജനകീയമായ വ്യായാമമാണ് ജോഗിങ്. പതുക്കെയുള്ള ഓട്ടമെന്നോ വേഗത്തിലുള്ള (ഓട്ടം പോലുള്ള) നടത്തമെന്നോ ഇതിനെ വിളിക്കാം.
ശരീരസൗഖ്യത്തിന് വ്യായാമം വേണമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പുതിയ ജീവിത സാഹചര്യങ്ങളില്‍ നമുക്ക് ലഭിക്കാതെ പോകുന്നതും ഇതുതന്നെ. വ്യായാമം തുടങ്ങാന്‍ മടി, തുടങ്ങിയാല്‍ കൃത്യമായി തുടരാന്‍ മടി. ഇവിടെ ആവശ്യം നിശ്ചയദാര്‍ഢ്യമാണ്.
ഏറ്റവും ജനകീയമായ വ്യായാമമാണ് ജോഗിങ്. പതുക്കെയുള്ള ഓട്ടമെന്നോ വേഗത്തിലുള്ള (ഓട്ടം പോലുള്ള) നടത്തമെന്നോ ഇതിനെ വിളിക്കാം. ഇതുവരെ വ്യായാമം തുടങ്ങിയിട്ടില്ലാത്തവര്‍ക്ക് ജോഗിങ് പരിശീലിച്ചു തുടങ്ങാനുള്ള വിദ്യകളാണ് ഇവിടെ.
ജോഗിങ് നിങ്ങളെ തളര്‍ത്തുന്നുണ്ടോ എന്ന് ലളിതമായ 'ടാക്ക് ടെസ്റ്റി' ലൂടെ അറിയാം. ജോഗ് ചെയ്യുമ്പോള്‍ കൂടെയുള്ളവരോട് ശ്വാസം മുട്ടാതെ വര്‍ത്തമാനം പറയാനാകുന്നുണ്ടോ? ഉണ്ടെങ്കില്‍ പ്രശ്നമില്ല. ഇല്ലെങ്കില്‍ വേഗം കുറയ്ക്കുക.
തുടക്കക്കാര്‍ക്ക്
പ്രതിദിനം 30 മിനിറ്റ് ജോഗ് ചെയ്യാം. പക്ഷേ ഇത് തുടക്കക്കാര്‍ക്ക് പ്രയാസമായിരിക്കും. 12 ആഴ്ചകൊണ്ട് 30 മിനിറ്റ് ജോഗിങ് എന്ന ലക്ഷ്യം നേടാന്‍ താഴെപ്പറയുന്ന പരിശീലനപദ്ധതി സഹായിക്കും.
എങ്ങനെ ജോഗ് ചെയ്യണം?
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് അത് തടയുന്നത് തന്നെയാണ്. ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ നിങ്ങള്‍ക്ക് ഹൃദ്രോഗങ്ങള്‍ തടയാം.
ഹൃദയ ധമനികളിലെ തകരാറും ഹൈപ്പര്‍ടെന്‍ഷനും സ്‌ട്രോക്കുമുള്‍പ്പടെയുള്ള ഹൃദ്രോഗങ്ങളാണ് ആഗോള മരണനിരക്കിന് പ്രധാന കാരണം. ആഗോള നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഹൃദ്രോഗനിരക്ക് വളരെ ഉയര്‍ന്നതാണ്. കൂടുതല്‍ യുവാക്കള്‍ രോഗത്തിന് അടിമപ്പെടുകയും ചെയ്യുന്നു. മോശം ജീവിത ശൈലി, ശാരീരിക നിഷ്‌ക്രിയാവസ്ഥ, ഭക്ഷണ ശീലം, പഴം-പച്ചക്കറി കഴിക്കല്‍ കുറവ്, വര്‍ധിച്ച സമ്മര്‍ദം, പുകവലി-മദ്യപാനം പോലുള്ള ശീലം എന്നിവയെല്ലാം ഹൃദ്രോഗത്തിന് വഴിയൊരുക്കുന്നു. ഇന്ത്യയിലെ ഗ്രാമീണ-നഗര ജനതയുടെ ഹൃദ്രോഗ ക്ലേശങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നത് അഭികാമ്യമായിരിക്കുമെന്നാണ് ഇന്ത്യയിലെ ക്രോണിക് ഡിസീസ് കണ്‍ട്രോള്‍ കേന്ദ്രം നടത്തിയ പഠനത്തില്‍ കണ്ടത്.
നല്ല ഹൃദയാരോഗ്യമുള്ള വ്യക്തിയാണെങ്കില്‍ നല്ല രക്തവും രക്ത ഒഴുക്കും നല്ലതായിരിക്കും. കഴിക്കുന്ന ഭക്ഷണത്തിന്റെയും ഭക്ഷണ നിലവാരത്തിന്റെയും ഗുണമാണത്. ഇതിന് പോഷകാഹാരം നിറഞ്ഞ ഭക്ഷണം ശീലിക്കണം. സ്ഥിരമായ വ്യായാമവും ഹൃദയാരോഗ്യത്തെ കാത്ത് സൂക്ഷിക്കും. നിത്യവും ഉപയോഗിക്കുന്ന സസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കും.
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് അത് തടയുന്നത് തന്നെയാണ്. ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ നിങ്ങള്‍ക്ക് ഹൃദ്രോഗങ്ങള്‍ തടയാം. നിത്യവുമുള്ള ഭക്ഷണത്തില്‍ ഈ സസ്യങ്ങള്‍ ഉള്‍പ്പെടുത്തുകയും അനാവശ്യ ഭക്ഷണം ഒഴിവാക്കുകയും ചെയ്യുന്നത് കാലക്രമേണ ഗുണം ചെയ്യും. ഇപ്പോള്‍ നല്ലത് തെരഞ്ഞെടുത്താല്‍ ഭാവി സുരക്ഷിതമാക്കാം.
ഹൃദ്രോഗാനന്തരം പുരുഷന്‍മാരിലെ അറുപത് ശതമാനവും സ്ത്രീകളിലെ നാല്‍പത് ശതമാനവും ഇവിടെ 65 വയസ്സിന് മുമ്പെ മരിക്കുന്നു
ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ മരിക്കുന്നതിന് കാരണമാകുന്ന രോഗങ്ങളിലൊന്നാണ് ഹൃദയാഘാതം. ഹൃദയത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തിന് നിലയ്ക്കാത്ത രക്തപ്രവാഹം ആവശ്യമാണ്. ചിലപ്പോള്‍ കൊഴുപ്പ് കാത്സ്യം മുതലായവ ഹൃദയ ദമനികളുടെ ഭിത്തികളില്‍ അടിഞ്ഞ് കൂടി രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. ഒപ്പം രക്തവും കട്ടപിടിക്കുന്നതലൂടെ രക്തയോട്ടം നിലയ്ക്കുകയും ചെയ്യുന്നു. രക്തയോട്ടം നിലയ്ക്കുന്നതോടെ ഹൃദയത്തിലേക്കുള്ള ഓക്സിജന്റെയും പോഷക വസ്തുക്കളുടെയും വിതരണം സ്തംഭിക്കുന്നതാണ് ഹൃദയാഘാതത്തിന്റെ പ്രധാന കാരണം.
നെഞ്ചുവേദന പ്രധാന ലക്ഷണം
നെഞ്ച് വേദനയാണ് ഹൃദ്രോഗത്തിന്റെ പ്രധാന ലക്ഷണം. ഹൃദയാഘാതത്തിന്റെ വേദന പല രോഗികളിലും പല രീതിയിലാണ് അനുഭവപ്പെടുന്നത്. നെഞ്ചിന്റെ നടുവിലോ ഇടത് ഭാഗത്തോ ശക്തമായി അമര്‍ത്തുന്ന അനുഭവമാണ് ചിലര്‍ക്കുണ്ടാവുക. മറ്റ് ചിലര്‍ക്ക് നെഞ്ചില്‍ കനത്ത ഭാരം കയറ്റി വെച്ചത് പോലെ അസഹ്യമായ വിമ്മിഷ്ടം അനുഭവപ്പെടും.
വേദന ചിലപ്പോള്‍ ഇടത് കയ്യിലേക്കും കഴുത്തിലേക്കും വ്യാപിക്കും. എന്നാല്‍ ഒട്ടും വേദനയില്ലാതെയും ഹൃദയാഘാതം ഉണ്ടാവാം. ചിലരില്‍ വേദന കഴുത്തിലോ, താടിയിലോ, വയറിലോ, ഇരുകൈകളിലോ, വിരലിലോ, പുറത്തോ വ്യാപിക്കുന്നതായി പറയാറുണ്ട്.
ചില സന്ദര്‍ഭങ്ങളില്‍ മേല്‍പറഞ്ഞ ഭാഗങ്ങളില്‍ മാത്രം വേദന അനുഭവപ്പെടുകയും ചെയ്യും. ഇത്തരക്കാരില്‍ ഹൃദ്രോഗവും ഹൃദയാഘാതവും കണ്ടുപിടിക്കാന്‍ പലപ്പോഴും താമസിക്കുകയും ചെയ്യും.
ഹൃദയാഘാതമുണ്ടാവുന്നവരില്‍ 75 ശതമാനവും നെഞ്ച് വേദന അനുഭവപ്പെടും. എന്നാല്‍ 25 ശതമാനം രോഗികള്‍ക്ക് യാതൊരു വിധത്തിലുമുള്ള നെഞ്ച് വേദനയോ വിമ്മിഷ്ടമോ മറ്റ് രോഗ ലക്ഷണങ്ങളോ അനുഭവപ്പെടുന്നില്ല. ഇങ്ങനെയുണ്ടാകുന്ന ഹൃദയാഘാതത്തെ സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് എന്ന് പറയുന്നു.
ഹൃദ്രോഗമുണ്ടെന്നറിയാതെ മറ്റ് രോഗങ്ങളുടെ പരിശോധനയ്ക്കിടയില്‍ ഇ.സി.ജി എടുക്കേണ്ടി വരുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായിരുന്നതായി രോഗി അറിയുന്നത്. പടികള്‍ കയറുമ്പോള്‍, ആയാസമുള്ള ജോലികള്‍ ചെയ്യുമ്പോള്‍, ദേഷ്യം, പേടി തുടങ്ങി മാനസിക പിരിമുറക്കമുണ്ടാകുന്ന സന്ദര്‍ഭങ്ങള്‍, ഈ ഘട്ടങ്ങളില്‍ നെഞ്ചുവേദയുണ്ടായാല്‍ അത് ഹൃദയാഘാതത്തിന്റെ മുന്നോടിയാവാം.
ശ്വാസ തടസ്സം
ഹൃദയാഘാതം സംഭവിക്കുമ്പോള്‍ ശ്വാസോച്ഛ്വാസം സാധാരണ രീതിയില്‍ ചെയ്യാന്‍ കഴിയാതെ രോഗി ബുദ്ധിമുട്ടുന്നു. ഹൃദയത്തിന് ശക്തിക്ഷയം സംഭവിക്കുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇത്തരക്കാരില്‍ ഈ ശ്വാസ തടസ്സം തന്നെയാണ് ഹൃദയാഘാതത്തിന്റെയും ലക്ഷണം. പ്രമേഹ രോഗികളില്‍ ഇത്തരത്തില്‍ വേദനയില്ലാത്ത ഹൃദയാഘാതമാണ് സംഭവിക്കുന്നത്.
തളര്‍ച്ച
ഹൃദയാഘാതം സംഭവിക്കുന്നവര്‍ക്ക് വളരെയേറെ തളര്‍ച്ച അനുഭവപ്പെടുന്നതായി കാണുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തന ക്ഷമത കുറയന്നതാണ് പ്രധാന കാരണം. ഹൃദയത്തില്‍ നിന്നും ശുദ്ധരക്തം വളരെ കുറഞ്ഞ തോതില്‍ മാത്രം ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ എത്തുന്നത് കൊണ്ടാണത്.
അമിത വിയര്‍പ്പ്
പെട്ടെന്നുണ്ടാകുന്ന അസാധാരണവും അമിതവുമായ വിയര്‍ക്കല്‍ ഹൃദയാഘാതത്തിന്റെയോ, ഹൃദ്രോഹത്തിന്റെയോ ലക്ഷണമാവാം. ഹൃദയാഘാതം മൂലമുണ്ടാകുന്ന ഞെട്ടല്‍ കൊണ്ടാണ് ഇപ്രകാരം രോഗി വിയര്‍ക്കുന്നത്.
ഛര്‍ദിയും കാലില്‍ നീരും
നെഞ്ച് വേദന കൂടുമ്പോള്‍ ഛര്‍ദിയും മനംപുരട്ടലും അനുഭവപ്പെടും. കൂടാതെ രോഗിക്ക് മാനസിക പിരിമുറക്കവും അനുഭവപ്പെടാം. ഇക്കാരണത്താല്‍ രോഗി ബോധം നഷ്ടപ്പെട്ടു വീണെന്ന് തന്നെ വരാം. ഹൃദയാഘാതം സംഭവിക്കുന്ന ചിലരില്‍ രക്തസമ്മര്‍ദം വളരെ ഉയര്‍ന്ന് കാണുന്നു. എന്നാല്‍ കടുത്ത ഹൃദയാഘാതമുണ്ടാകുമ്പോള്‍ രക്ത സമ്മര്‍ദം താണുപോവുകയും മരണം സംഭവിക്കുകയും ചെയ്യാം. നാഡിമിടിപ്പിന്റെ എണ്ണം വര്‍ധിക്കുകയും അതേസമയം ശക്തി കുറത്തുവരികയും ചെയ്യുന്നു.
രോഗ കാരണം
പ്രായം,അമിത വണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതമായ കൊളസ്ട്രോള്‍ അളവുകള്‍, പുകവലി, പുകയില ഉപയോഗം, ഹൃദ്രോഗ പാരമ്പര്യം, പ്രമേഹം, തെറ്റായ ജീവിത രീതി, സമ്മര്‍ദവും മറ്റ് മാനസിക പ്രശ്നവും ഹൃദയാഘാതത്തിന്റെ പ്രധാന കാരണമാണ്. ഹൃദ്രോഗം അമ്പത് വയസ്സു കഴിഞ്ഞ വരില്‍ കാണുന്ന രോഗമാണെന്ന് ധാരണ തെറ്റാണ്. പതിനെട്ടുകാരില്‍ പോലും ഹൃദ്രോഗബാധ കാണുന്നു. 40 വയസ്സിനോടടുപ്പിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് എന്നിവ പരിശോധിക്കേണ്ടതാണ്.
കേരളവും ഹൃദ്രോഗവും
കേരളത്തിലുള്ള ആകെയുള്ള മരണ സംഖ്യയില്‍ 14 ശതമാനത്തിലേറെയും ഹൃദ്രോഗത്തെ തുടര്‍ന്നാണ്. ഒരു ലക്ഷം കേരളീയരില്‍ 382 പുരുഷന്‍മാരും 128 സ്ത്രീകളും ഹൃദ്രോഗത്തിനടിമപ്പെട്ടിരിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. ഈ സംഘ്യ മറ്റ് വികസിത രാജ്യങ്ങളേക്കാള്‍ മൂന്ന്, ആറ് മടങ്ങ് വലുതാണ്.
ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ കേരളം ഇന്ത്യയുടെ ഹൃദ്രോഗ തലസ്ഥാനമാണ്. ഹൃദ്രോഗാനന്തരം പുരുഷന്‍മാരിലെ അറുപത് ശതമാനവും സ്ത്രീകളിലെ നാല്‍പത് ശതമാനവും ഇവിടെ 65 വയസ്സിന് മുമ്പെ മരിക്കുന്നു. 1960-70 വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ നാല്‍പത് വയസിന് മുമ്പ് കേരളത്തില്‍ ഹാര്‍ട്ട് അറ്റാക്ക് വിരളമായിരുന്നു. എന്നാല്‍ 1990 ആയപ്പോള്‍ ഹാര്‍ട്ട്അറ്റാക്ക് ഉണ്ടാക്കുന്ന പുരുഷന്‍മാരുടെ സംഖ്യ നാല്‍പത് മടങ്ങായി വര്‍ധിച്ചു. കേരളത്തില്‍ ഇരുപത് ശതമാനം ഹാര്‍ട്ട് അറ്റാക്കും 50 വയസ്സിന് താഴെയുള്ളവരില്‍ സംഭവിക്കുന്നു.
വര്‍ധിച്ച ഹൃദ്രോഗ പരിശോധനാ ചികിത്സാ ചെലവുകള്‍ കേരളത്തിന്റെ ഗാര്‍ഹിക വരുമാനത്തിന്റെ 20 ശതമാനത്തിലേറെ വരും. ഹാര്‍ട്ട് അറ്റാക്കിന് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന അറുപത് ശതമാനം സമ്പന്നര്‍ക്കും 80 ശതമാനം ഇടത്തരക്കാര്‍ക്കും ഭീമമായ തുക ചെലവാക്കേണ്ടി വരുന്നു. കേരളത്തിലെ ഗ്രാവാസികളില്‍പോലും ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന അപകട ഘടകങ്ങള്‍ കുമിഞ്ഞ് കൂടുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ പ്രധാന കാരണം തെറ്റായ ജീവിത ശൈലിയും ഭക്ഷണ ശീലവും തന്നെ.
കടപ്പാട് : മാതൃഭൂമി
അവസാനം പരിഷ്കരിച്ചത് : 1/28/2020