രക്ത സമ്മര്‍ദ്ദം മുതിർന്നവരിൽ മാത്രം കാണപ്പെടുന്ന രോഗമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ കുട്ടികളിലും കാണപ്പെടുന്നു എന്നതാണ് വാസ്തവം. കുട്ടികളിലെ അമിതവണ്ണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള പ്രധാന കാരണം. മാറിയ ആഹാരശൈലി തന്നെയാണ് ഇവിടെയും വില്ലന്‍. കുടുംബത്തിൽ രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ഉണ്ടെങ്കിലും കുട്ടികളിൽ രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത കൂടുന്നു. കൊഴുപ്പ് കൂടിയതും, ഉപ്പ് അധികമായതുമായ ആഹാരം കുട്ടികളിൽ അമിതവണ്ണം ഉണ്ടാക്കുന്നു. അതോടൊപ്പം വ്യായാമക്കുറവ്, ശാരീരിക അദ്ധ്വാനം വേണ്ട കളികളിൽ ഏര്‍പ്പെടാതിരിക്കുക, ടെലിവിഷന്‍, കംമ്പ്യൂട്ടര്‍, വീഡിയോ ഗെയിം എന്നിവയിൽ അടിമപ്പെടുക തുടങ്ങിയവ അമിതവണ്ണത്തിനും ഇതിനോടനുബന്ധിച്ച് രക്തസമ്മര്‍ദ്ദത്തിനും കാരണമാകുന്നു.
മുതിര്‍ന്നവരിൽ രക്തസമ്മര്‍ദ്ദം നിര്‍ണ്ണയിക്കുന്ന അതേ രീതിയിൽ തന്നെ കുട്ടികളിലും രക്തസമ്മര്‍ദ്ദം നിര്‍ണ്ണയിക്കാം. എന്നാൽ കുട്ടികളിൽ ഒരു ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ കുട്ടിയിൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെന്നു നിര്‍ണ്ണയിക്കപ്പെട്ടാൽ ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചികിത്സയും പ്രതിവിധിയും ചെയ്യേണ്ടതാണ്.
∙ കൊഴുപ്പ് കുറഞ്ഞ, മധുരം, ഉപ്പ്, എണ്ണ എന്നിവ അധികമില്ലാത്ത ഭക്ഷണക്രമം പാലിക്കുക. പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, അരിയാഹാരം എന്നിവ ശീലമാക്കുക. കുട്ടിയുടെ പ്രായം, ദിനചര്യകള്‍ എന്നിവ മനസിലാക്കി ഒരു ഡയറ്റീഷന്റെ സഹായത്താൽ ഭക്ഷണക്രമം തീരുമാനിക്കാവുന്നതാണ്.
∙ സ്ഥിരമായ വ്യായാമം, ശാരീരിക അദ്ധ്വാനം വേണ്ടിവരുന്ന കളികള്‍ എന്നിവയ്ക്ക് സമയം കണ്ടെത്തുക വഴി അമിതവണ്ണം നിയന്ത്രിക്കാം.
∙ പുകയില രക്തസമ്മര്‍ദ്ദം കൂടുന്നതിനു കാരണമാണ്. അതിനാൽ കുട്ടികള്‍ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒപ്പം പുകയിലയുടെ ദൂഷ്യവശങ്ങളെ കുറിച്ച് അവരെ ബോധവാന്മാരാക്കുക. പുകയില ഉൽപന്നങ്ങളിൽ നിന്നുള്ള പുക കുട്ടികള്‍ ശ്വസിക്കാതിരിക്കാനും, വീട്ടിൽ മുതിര്‍ന്നവര്‍ പുകവലിക്കാതിരിക്കാനും ശ്രദ്ധിക്കുക.
∙ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന വ്യായാമങ്ങളും ആഹാരക്രമവും പാലിച്ചിട്ടും രക്തസമ്മര്‍ദ്ദം കുറയാതെ വരികയാണെങ്കിൽ മാത്രം മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെടാം.
∙ കുട്ടികളിലെ രക്തസമ്മര്‍ദ്ദം കൃത്യസമയത്ത് ചികിത്സിക്കാതിരുന്നാൽ ഹൃദയ സംബന്ധ രോഗങ്ങള്‍ക്കും, വൃക്കയുടെ തകരാറിനും മറ്റ് അനുബന്ധ രോഗങ്ങള്‍ക്കും അത് കാരണമായേക്കാം.
∙ ടെലിവിഷന്‍, വീഡിയോ ഗെയിം എന്നിവയ്ക്കായി സമയം ചെലവഴിക്കുന്നത് കുറച്ച് ശാരീരിക അദ്ധ്വാനം വേണ്ടിവരുന്നത് കളികള്‍ക്കായി സമയം ചെലവഴിക്കുക.
∙ കുട്ടികളുടെ ആരോഗ്യത്തിനായി പച്ചക്കറികളും, പഴവര്‍ഗ്ഗങ്ങളും, ധാന്യങ്ങളും ഉള്‍പ്പെടുന്ന ഭക്ഷണക്രമം പാലിക്കുക.
∙ കഴിവതും വീട്ടിൽ പാകം ചെയ്ത ഭക്ഷണം തന്നെ നൽകുക.
∙ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കുക.
കടപ്പാട് ഡോ. രാമകൃഷ്ണപിള്ള വി
കിംസ് ഹോസ്പ്പിറ്റൽ, തിരുവനന്തപുരം
കേരളത്തിലെ ജനങ്ങളില്‍ 12%ത്തോളം പേർക്ക് രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനങ്ങള്‍ മൂലമുള്ള തകരാറുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാറിവരുന്ന ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം.
ഹൃദയത്തിൽ നിന്നു ധമനികള്‍ വഴിയാണ് രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിച്ചേരുന്നത്. മിനിട്ടിൽ 70 തവണയോളം ഹൃദയം രക്തം പമ്പ് ചെയ്ത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുന്നു. രക്തം ധമനികളിലൂടെ പ്രവഹിക്കുമ്പോള്‍ അതിന്റെ ഭിത്തിയിൽ ഏല്പിക്കുന്ന സമ്മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം. ഹൃദയം ശക്തിയായി രക്തം പമ്പ് ചെയ്യുമ്പോള്‍ (സങ്കോചിക്കുമ്പോൾ) ധമനികളിലെ സമ്മര്‍ദ്ദം 120 മില്ലിമീറ്റര്‍ മെര്‍ക്കുറി വരെ ഉയരും. ഹൃദയം വികസിക്കുമ്പോള്‍ അഥവാ പമ്പ് ചെയ്യാതെ വിശ്രമിക്കുമ്പോള്‍ 80 മില്ലിമീറ്റര്‍ മെര്‍ക്കുറി ആയി കുറയും.
ഇതാണ് ഡോക്ടര്‍മാര്‍ 120/80 മില്ലീമീറ്റര്‍ മെര്‍ക്കുറി രക്തസമ്മര്‍ദ്ദമായി അവരുടെ കുറിപ്പുകളിൽ എഴുതുന്നത്. ഈ സമ്മര്‍ദ്ദത്തോടു കൂടി രക്തം പ്രവഹിക്കുന്നത് കൊണ്ടാണ് തലച്ചോറിനും പേശികള്‍ക്കും കരളിനും ശരീരത്തിലെ ഓരോ കോശത്തിനും രക്തവും അതുവഴി പ്രാണവായുവും മറ്റു പോഷകങ്ങളും ലഭ്യമാകുന്നത്.
120/80 മില്ലിമീറ്റര്‍ എന്ന അളവ് നാം വിശ്രമിക്കുമ്പോള്‍ മാത്രമുള്ള സമ്മര്‍ദ്ദമാണ്. വേഗം നടക്കുക, ഓടുക, പടി കയറുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പേശികളിൽ ധാരാളം രക്തം എത്തിക്കണമെന്നുണ്ടെങ്കിൽ ഹൃദയം വേഗത്തിലും, ശക്തിയിലും രക്തം പമ്പ് ചെയ്യേണ്ടിവരും. ഹൃദയമിടിപ്പ് കൂടുന്നതിനോടൊപ്പം രക്ത സമ്മര്‍ദ്ദം 120/80-ൽ നിന്നും 160/90 വരെ കൂടുകയും ചെയ്യും.
വായന, ചിന്ത, പ്രഭാഷണം, രചന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും തലച്ചോറിലേക്ക് കൂടുതൽ രക്തം വേണ്ടിവരും. സിനിമ, ടെലിവിഷന്‍ തുടങ്ങിയവ കാണുമ്പോള്‍ പോലും നമ്മുടെ രക്ത സമ്മര്‍ദ്ദം കൂടുന്നതായി കാണാം. ഇവ സാധാരണ ജീവിതത്തിൽ തന്നെ അവശ്യ സന്ദര്‍ഭങ്ങളിൽ കാണപ്പെടുന്ന രക്ത സമ്മര്‍ദ്ദത്തിന്റെ വ്യതിയാനങ്ങളാണ്.
കേരളത്തിലെ ഏകദേശം 12% പേരിലും വിശ്രമിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൂടുന്നതായി കാണപ്പെടുന്നു.ഇതു രക്തസമ്മര്‍ദ്ദം എന്ന രോഗമാണ്. വിശ്രമ വേളകളിൽ രക്തസമ്മര്‍ദ്ദം 120/80 മില്ലിമീറ്റര്‍ മെര്‍ക്കുറിയിലധികമായി ഉയരുന്നുവെങ്കിൽ അതിനെ രോഗമായി കണക്കാക്കണം. രണ്ടു മൂന്നു ദിവസങ്ങള്‍ ഇടവിട്ട് പരിശധിക്കുമ്പോള്‍ മൂന്നു തവണയെങ്കിലും ഇങ്ങനെ കാണപ്പെട്ടാൽ രോഗമാണെന്ന് നിശ്ചയിക്കാം. 140/90 മില്ലിമീറ്റര്‍ മെര്‍ക്കുറി എന്ന അളവിൽ കൂടുതലായി കാണുമ്പോഴാണ് വിദഗ്ദ്ധ ചികിത്സ വേണ്ടി വരുന്നത്.
ശരീരഭാരം നിയന്ത്രിക്കുക, പുകവലി,മദ്യപാനം എന്നിവ ഒഴിവാക്കുക, ആഹാരത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കുക എന്നിവ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. മരുന്നുകള്‍ ശരീരത്തിനു പ്രയോജപ്പെടണമെങ്കിൽ മേൽപ്പറഞ്ഞ കാര്യങ്ങള്‍ പാലിച്ചേ മതിയാകൂ. രക്തസമ്മര്‍ദ്ദം 120/80 നും 140/90 നും മധ്യേ നിലനിര്‍ത്തുക എന്നതാണ് ചികിത്സയുടെ ഉദ്ദേശം. മരുന്നും അതിന്റെ അളവും ഓരോ രോഗിയിലും വ്യത്യാസപ്പെട്ടിരിക്കും. നിരന്തര പരിശോധനകളിലൂടെ മാത്രമേ മരുന്നു നിര്‍ണ്ണയം സാധ്യമാകൂ. മരുന്നിന്റെ അളവ് നിശ്ചയിച്ചു കഴിഞ്ഞാൽ അതു മുടങ്ങാന്‍ പാടില്ല. എന്നാൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ മരുന്നിന്റെ അളവ് നിയന്ത്രിക്കാം. ശരീര ഭാരം കൂടാതെ നോക്കുക, ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക എന്നിവയാണ് ഇതിൽ പ്രധാനം. കഴിഞ്ഞ നൂറ്റാണ്ടിൽ ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച മികച്ച നേട്ടങ്ങളിൽ ഒന്നാണ് രക്ത സമ്മർദത്തെ ഒഴിവാക്കാനായി പാർശ്വഫലങ്ങൾ അധികമില്ലാത്ത മരുന്നുകള്‍ ലഭ്യമാക്കുവാന്‍ സാധിച്ചത്.
സര്‍വസാധാരണയായി കാണപ്പെടുന്ന ഈ രോഗം ചികിത്സിച്ച് ഭേദമാക്കാനും ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുക്കാനും സാധിക്കും.
ഉയർന്ന രക്ത സമ്മർദ്ദം ഉണ്ടെന്നു തോന്നിയാൽ ഉടൻ തന്നെ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. ചെറിയ ഇടവേളകളിൽ രണ്ടോ മൂന്നോ തവണ പരിശോധിച്ച ശേഷം അതിന്റെ ഫലം 140/90 ഒാ അതിൽ കൂടുതലോ ആണ് കാണിക്കുന്നതെങ്കിൽ ഉയർന്ന രക്ത സമ്മർദ്ദം ഉണ്ടെന്നു ഉറപ്പു വരുത്താം. ഡോക്ടറുടെ നിർദ്ദേശപ്രകാരം വീട്ടിൽ തന്നെ രക്ത സമ്മർദ്ദം നോക്കുവാനുള്ള ഉപകരണങ്ങളും ലഭ്യമാണ്.
എങ്ങനെ അറിയാം?
ബി പി ഉപകരണത്തിലൂടെ ഡോക്ടറുടെയോ, നഴ്സിന്റെയോ സഹായത്താൽ രക്ത സമ്മർദ്ദം പരിശോധിക്കാവുന്നതാണ്. സമ്മർദ്ദത്തിന്റെ അളവ് (mmHg) എന്നാണ് രേഖപ്പെടുത്തുന്നത്. ഉപകരണത്തിൽ മെർക്കുറി (Hg) എത്ര മില്ലീലിറ്റർ(mm) രേഖപ്പെടുത്തുന്നു എന്നതിനെ ഇത് സൂചിപ്പിക്കുന്നു. 120/80 ആണ് ഒരു സാധാരണ മനുഷ്യന്റെ രക്ത സമ്മർദ്ദം. .120 എന്നത് ഹൃദയം സങ്കോചിക്കുമ്പോഴും 80 എന്നത് ഹൃദയം വിശ്രമിക്കുമ്പോഴും ഉള്ള രക്ത സമ്മർദ്ദമാണ്. ഇതിനു മുകളിൽ വരുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്.
∙ രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ട് തവണ പരിശോധിച്ച് രക്ത സമ്മർദ്ദം തുലനം ചെയ്യുക
∙ ഡോക്ടറിനോടോ നഴ്സിനോടോ നിങ്ങളുടെ രക്ത സമ്മർദ്ദം എത്രയെന്നു ചോദിച്ചു മനസിലാക്കുക
∙ ചിട്ടയായ ജീവിത ശൈലി, സമീകൃത ആഹാരം, വ്യായാമം എന്നിവയിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തടയുവാന്‍ സാധിക്കും
∙ ആഹാരത്തിൽ പഴങ്ങൾ, പച്ചക്കറികൾ, അരി ആഹാരം എന്നിവ ഉള്‍പ്പെടുത്തുകയും കൊഴുപ്പുള്ള ആഹാര സാധനങ്ങൾ, മധുരം, ഉപ്പ് എന്നിവ കുറയ്ക്കുകയും ചെയ്യുക
∙ അമിതവണ്ണം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് ഒരു പ്രധാന കാരണമാകുമെന്നതിനാൽ സ്ഥിരമായ വ്യായാമം ശീലമാക്കി ആരോഗ്യമുള്ള ശരീരം നിലനിർത്തേണ്ടത് പ്രധാനമാണ്
∙ മദ്യപാനം രക്ത സമ്മര്‍ദ്ദം ഉയര്‍ത്തുകയും, പുകവലി രക്തധമികളിൽ കൊഴുപ്പ് അടിയുന്നതിനു കാരണമാകുകയും ചെയ്യും എന്നതിനാൽ പുകവലിയും മദ്യപാനവും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്.
കടപ്പാട് ഡോ. ജി വിജയരാഘവന്‍
െഹഡ് ഓഫ് കാര്‍ഡിയോളജി,
കിംസ് ഹോസ്പ്പിറ്റൽ, തിരുവനന്തപുരം & വൈസ്
ചെയർമാൻ കിംസ് ഗ്രൂപ്പ്
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചികിത്സ ലഭിക്കാതെ അനിയന്ത്രിതമായി തുടര്‍ന്നാൽ അത് ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ജീവിതം ദുഷ്കരമാക്കുകയും ചെയ്യും. ഹൃദയാഘാതത്തിനും മാരകമായ മസ്തിഷ്ക, വൃക്ക രോഗങ്ങള്‍ക്കും കാരണമാകാവുന്നു ഈ രോഗം അറിഞ്ഞ് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.
രക്തധമനികള്‍ക്കുണ്ടാകുന്ന തകരാറുകള്‍
രക്തധമനികള്‍ സാധാരണയായി വളരെ മാര്‍ദ്ദവമുള്ളതും ഇലാസ്തിക ശേഷി ഉള്ളതുമാണ്. രക്തം സുഗമമായി ഒഴുകുവാന്‍ തക്ക വഴുക്കലുള്ള ഈ രക്തധമനികള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിൽ തകരാറിലാകും. രക്തധമനികളിലെ കോശങ്ങള്‍ തകരാറിലാകുന്നതോടൊപ്പം അവയുടെ ഭിത്തികള്‍ക്ക് കട്ടി കൂടുകയും കൊഴുപ്പ് അടിഞ്ഞ് വ്യാസം കുറയുകയും ചെയ്യും. ശരീരത്തിനു വേണ്ടത്ര രക്തം കിട്ടാതെ വരുമ്പോള്‍ നെഞ്ചുവേദന, ഹൃദയാഘാതം, വൃക്കകള്‍ക്ക് തകരാര്‍, പക്ഷാഘാതം എന്നിവ ഉണ്ടാകാം. കുറേക്കാലം ഈ അവസ്ഥ ചികിത്സ കിട്ടാതെ തുടര്‍ന്നാൽ രക്തധമനികള്‍ പൊട്ടി ആന്തരിക രക്തസ്രാവത്തിലേക്ക് അത് വഴി തെളിച്ചേക്കാം.
ശരീരത്തിനാവശ്യമായ രക്തം പമ്പ് ചെയ്യുന്ന ഹൃദയം രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ കൂടുതൽ ശക്തിയായി പ്രവര്‍ത്തിച്ച് തകരാറിലാകുവാനുള്ള സാധ്യത കണ്ടുവരുന്നു. രക്തസമ്മര്‍ദ്ദം കാരണം ഹൃദയത്തിന് രക്തം എത്തിക്കുന്ന രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു രക്തയോട്ടം കുറയുകയും അങ്ങനെ ഹൃദയത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ട് ഹൃദയാഘാതത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. അതുപോലെ തന്നെ ഹൃദയത്തിന്റെ ഇടത് ഭാഗം കൂടുതലായി പ്രവര്‍ത്തിച്ച് ഹൃദയ പേശികള്‍ക്ക് കട്ടി കൂടി കാലക്രമേണ ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഹൃദയത്തെ പോലെ തന്നെ തലച്ചോറിനും പ്രവര്‍ത്തിക്കാനാവശ്യമായ രക്തം കിട്ടേണ്ടതാണ്. തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകള്‍ രക്തസമ്മര്‍ദ്ദം താങ്ങാനാവാതെ പൊട്ടുകയും അതുവഴി ആന്തരിക രക്തസ്രാവവും തുടർന്ന് പക്ഷാഘാതവും ഉണ്ടാകുന്നു.
ചെറിയ പ്രായത്തിൽ തുടങ്ങുന്ന രക്തസമ്മര്‍ദ്ദം കാലക്രമേണ തലച്ചോറിലെ രക്തക്കുഴലുകള്‍ തകരാറിലാക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളായ ഓര്‍മ്മശക്തി, സംസാരിക്കുവാനുള്ള കഴിവ്, ചിന്താശേഷി എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വൃക്കകളുടെ പ്രവര്‍ത്തനത്തെയും തകരാറിലാക്കുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം വൃക്കകളിലേക്ക് രക്തം എത്തിക്കുകയും, പുറത്തേക്ക് കൊണ്ടു പോകുകയും ചെയ്യുന്ന രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും ശുദ്ധീകരണ പ്രക്രിയ നടക്കാതെ ശരീരത്തിൽ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
കണ്ണിന് രക്തം എത്തിക്കുന്ന വളരെ ചെറിയ രക്തക്കുഴലുകള്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിൽ പൊട്ടുകയും കണ്ണിനുള്ളിൽ രക്തസ്രാവം, കാഴ്ചക്കുറവ്, തുടങ്ങിയ പല നേത്രരോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം ലൈംഗിക ശേഷിക്കുറവും മറ്റ് അനുബന്ധ രോഗങ്ങളും ഉണ്ടാകാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം മൂത്രത്തിലെ കാത്സ്യത്തിന്റെ അളവ് കൂടുകയും അതിന്റെ ഫലമായി ശരീരത്തിൽ കാത്സ്യം കുറയുകയും എല്ലുകള്‍ക്ക് ബലക്ഷയവും പൊട്ടലും ഉണ്ടാകുകയും ചെയ്യുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം കൂര്‍ക്കംവലി, ഉറക്കക്കുറവ് മുതലായ രോഗങ്ങളും കാണപ്പെടുന്നു.
സീനിയര്‍ കണ്‍സൽട്ടന്റ് കാര്‍ഡിയോളജി,
കിംസ് ഹോസ്പ്പിറ്റൽ, തിരുവനന്തപുരം
അവസാനം പരിഷ്കരിച്ചത് : 1/28/2020
രക്തസമ്മർദ്ദം - കൂടുതൽ വിവരങ്ങൾ