സ്ഥായിയായ ശ്വാസംമുട്ടല്‍ അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (COPD) പുകവലികൊണ്ടും അന്തരീക്ഷ മലിനീകരണംകൊണ്ടും ശ്വാസതടസ്സമുണ്ടാക്കുന്ന അസുഖമാണ്. ഇത് സ്ഥിരമായുള്ളതും ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുന്നതും സാധാരണഗതിയില്‍ മാരകവുമായ അസുഖമാണ്. ശ്വാസംമുട്ടല്‍, ചുമ, കഫം ചുമച്ചുതുപ്പല്‍, കുറുങ്ങല്‍ കൂടെക്കൂടെ വര്‍ധിക്കുക തുടങ്ങിയവയാണ് ലക്ഷണം. രോഗം തുടങ്ങിക്കഴിഞ്ഞാല്‍ രോഗി ഒരിക്കലും സാധാരണ നിലയിലേക്ക് മടങ്ങിവരുന്നില്ല എന്നതാണ് ആസ്ത്മയില്‍നിന്ന് ഈ രോഗത്തെ വ്യത്യസ്തമാക്കുന്ന ഘടകം. വികസിത രാഷ്ട്രങ്ങളില്‍ 20% വരെ പുരുഷന്മാരിലും 10% വരെ സ്ത്രീകളിലും ഇതിന്റെ ലക്ഷണങ്ങള്‍ ഉള്ളതായി കണ്ടിട്ടുണ്ട്. അടുത്ത 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏറ്റവും ഉയര്‍ന്ന രോഗാവസ്ഥയുണ്ടാക്കുന്ന അഞ്ചു രോഗങ്ങളില്‍ ഒന്നായി ഇത് മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
പുകവലിയാണ് 90%ലേറെ രോഗികളിലും രോഗകാരണം. സിഗരറ്ററും ബീഡിയും ഒരുപോലെ അപകടകാരിയാണ്. പുകവലിക്കാരില്‍ ഹൃദ്രോഗസാധ്യത, ക്യാന്‍സര്‍, അര്‍ശ്ശസ് രോഗം, ധമനീരോഗങ്ങള്‍ എന്നിവയും കൂടുതലായി കണ്ടുവരുന്നു. ഫ്രീ റാഡിക്കല്‍ എന്ന ഓക്സിഡന്റാണ് പുകവലിക്കാരില്‍ രോഗമുണ്ടാക്കുന്ന പ്രധാന ഘടകം.
അന്തരീക്ഷമലിനീകരണമാണ് ലോകവ്യാപകമായി വര്‍ധിച്ചുവരുന്ന മറ്റൊരു രോഗകാരണം. കറുത്ത പുകയും സള്‍ഫര്‍ ഡയോക്സൈഡ് ചേര്‍ന്ന പുകയുമാണ് ഏറ്റവും കാരണങ്ങളായ ഘടകങ്ങള്‍. കൂടിയ അന്തരീക്ഷമലിനീകരണമുള്ള സ്ഥലങ്ങളില്‍ പുകവലിയോളംതന്നെ ഇത് ഒരു രോഗകാരണമാണ്. വീട്ടിനുള്ളിലുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, പ്രത്യേകിച്ച് ഗ്യാസ് മറ്റും ഉപയോഗിച്ചുള്ള പാചകവും ഈ രോഗകാരണമായി അടുത്തകാലത്ത് കണ്ടെത്തിയിട്ടുണ്ട്.
തൊഴില്‍സംബന്ധമായി പൊടിപടലങ്ങളും വാതകവും ശ്വസിക്കേണ്ടിവരുന്ന തൊഴിലാളികളില്‍ ഇത് ഒരു രോഗകാരണമായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന വിവിധതരം ശ്വാസകോശ അണുബാധ പിന്നീട് സിഒപിഡി (COPD) ആയി മാറുമെന്ന് ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്.
പോഷകാഹാരങ്ങളുടെയും വിറ്റാമിനുകളുടെയും (ഉദാ: വൈറ്റമിന്‍ എ, സി, ഇ) കുറവുകള്‍ സിഒപിഡി സാധ്യത വര്‍ധിപ്പിക്കുന്നതായി തെളിവുകള്‍ ഉണ്ട്. കൂടുതല്‍ മത്സ്യമാംസം കഴിക്കുന്നവരില്‍ രോഗസാധ്യത കുറവാണ്.
അലര്‍ജി, ആസ്ത്മ എന്നീ രോഗങ്ങളുള്ളവര്‍ക്ക് സിഒപിഡി ഉണ്ടാകാനുള്ള സാധ്യത ഉള്ളതായി വാദഗതികളുണ്ട്. സിഒപിഡി ഉള്ളവര്‍ക്ക് ഇത്തരം രോഗങ്ങള്‍ കൂടുതലായും കണ്ടുവരുന്നുണ്ട്. ശരീരത്തിന്റെ ജനിതകസ്വഭാവം സിഒപിഡി ഉണ്ടാക്കാന്‍ ഒരു പ്രധാന കാരണമാണെന്നതിനാല് പാരമ്പര്യം ഇതിന്റെ ഹേതുവായി കണക്കാക്കപ്പെടുന്നു. മറ്റ് രോഗകാരണങ്ങള്കൊണ്ട് രോഗി സിഒപിഡി അവസ്ഥയിലേക്ക് എത്തുവാന്‍ ജനിതക കാരണങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. എല്ലാ പുകവലിക്കാരിലും ഒരുപോലെ രോഗം വരാത്തതിനുള്ള കാരണമായി ഇതിനെ ചൂണ്ടിക്കാണിക്കുന്നു.
ചുമ ദിവസംമുഴുവന്‍ നിലനില്ക്കുകയും ചെയ്യാം. ഇതിനോടനുബന്ധിച്ചുള്ള കഫം വെള്ളയോ കൂടുന്ന അവസരങ്ങളില്‍ മഞ്ഞയോ ആകാം. ചുമ അധികരിച്ച് ബോധം നഷ്ടപ്പെടുന്ന അവസ്ഥവരെ ഉണ്ടാകാം. ശ്വാസംമുട്ടലാണ് ഇതിന്റെ മറ്റൊരു പ്രധാന ലക്ഷണം. ക്രമേണ അനുഭവപ്പെടുന്ന ശ്വാസംമുട്ടല്‍ കാലത്ത് ശാരീരിക അധ്വാനം ചെയ്യുമ്പോള്‍ മാത്രമാണ് അനുഭവപ്പെടുന്നത്. കഫം കൂടുമ്പോള്‍ അധികരിച്ചുവരുന്ന ശ്വാസംമുട്ടല്‍ ചിലപ്പോള്‍ ഹൃദയപരാജയ അവസ്ഥയിലേക്ക് നയിക്കപ്പെടാം (Chronic Bronchitis - Blue bloater type) കഫം ഇല്ലാതെ ശ്വാസംമുട്ടല്‍ അധികരിച്ച് ഹൃദയപരാജയ അവസ്ഥയിലേക്കു നയിക്കുന്ന വിഭാഗം (Emphysema pink puffer type) ഉണ്ടാകാം.
കുറുങ്ങല്‍, നെഞ്ചുവേദന, കാല്‍വണ്ണയിലെ നീര്, വിശപ്പില്ലായ്മയും ഭാരംകുറയലും, പേശിശോഷിപ്പ് ക്ഷീണം, ഡിഗ്രഷന് എന്നീ ലക്ഷണങ്ങളും ഇതോടൊപ്പം ഉണ്ടാകാം. തുടര്‍ച്ചയായ മഞ്ഞനിറമുള്ള കഫം, രക്തംകലര്‍ന്ന കഫം, മഞ്ഞുകാലത്തും വേനല്‍ക്കാലത്തും വര്‍ധിക്കുന്ന രോഗം, കുറുങ്ങലോ കഫമോ ഇല്ലാതെ ശ്വാസംമുട്ടല്‍ എന്നിവ സിഒപിഡി അല്ലാത്ത മറ്റ് രോഗാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്.
വിശദമായ ശാരീരിക പരിശോധനയിലൂടെയും മറ്റ് ചില സ്പെഷ്യല്‍ പരിശോധനയിലൂടെയും രോഗനിര്‍ണയവും കാഠിന്യവും മനസ്സിലാക്കാം. നെഞ്ചിന്റെ പ്രത്യേകരൂപവും, കഴുത്തിലെ പേശികളുടെ നിഴലിപ്പും, ശ്വാസംവലിക്കുമ്പോള്‍ നെഞ്ചിന്‍കൂട് ഉള്ളിലേക്ക് വലിയുക, ശ്വാസം പുറത്തുവിടാനുള്ള പ്രയാസം എന്നിവ ശാരീരിക പരിശോധനയിലൂടെ വ്യക്തമാകും.
കൈകാലിലെ നീലനിറം, കാലിലെ നീര്, ഹൃദയശബ്ദത്തിലെ വ്യതിയാനം, നെഞ്ചിലെ വെള്ളകെട്ടല്‍, മുന്നോട്ട് കുനിഞ്ഞിരുന്ന് ശ്വാസംവിടല്, ചുണ്ട് പ്രത്യേക സ്ഥിതിയില്വച്ച് ശ്വാസംവിടല് എന്നിവ രോഗകാഠിന്യം വ്യക്തമാക്കുന്നു.രോഗം ഉറപ്പാക്കാന്‍ ചില ടെസ്റ്റുകള്‍ ആവശ്യമായി വന്നേക്കാം.
രക്തപരിശോധന, സ്പൈറോമെട്രി (PFT), നെഞ്ചിന്റെ എക്സ്റേ തുടങ്ങിയവ എല്ലാ രോഗികള്‍ക്കും ആവശ്യമാണ്. സി.റ്റി സ്കാന്‍, രക്തത്തിലെ ഓക്സിജന്റെയും കാര്‍ബണ്‍ഡയോക്സൈഡിന്റെയും പരിശോധന, ഇസിജി, കഫം കള്‍ച്ചര്‍, ആസ്ത്മയ്ക്കുള്ള മരുന്നുകളോടുള്ള പ്രവര്‍ത്തനം, വ്യായാമ പരിശോധന എന്നീ ടെസ്റ്റുകള്‍ അധികമായി വന്നേക്കാം. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനശേഷി നിര്‍ണയിക്കുന്ന സ്പൈറോമെട്രി അഥവാ പള്‍മണറി ഫംഗ്ഷന് ടെസ്റ്റിങ്ങാണ് ഏറ്റവും പ്രയോജനപ്പെടുന്ന പരിശോധന. മുഴുവന്‍ ശ്വാസവും ഉള്ളിലേക്കു വലിച്ച് പുറത്തേക്ക് ശക്തിയോടെ വിടാനുള്ള കഴിവാണ് ഇതിലൂടെ പരിശോധിക്കുന്നത്. ഇതിന്റെ വിവിധ മൂല്യങ്ങളെ അടിസ്ഥാനമാക്കി രോഗകാഠിന്യം നാലു നിലകളായി തിരിച്ച് ചികിത്സ നിര്‍ണയിക്കാം.
പുകവലിയും മറ്റ് പൊടികളും പുകയും പൂര്‍ണമായും ഒഴിവാക്കുകയും ശുദ്ധവായു ശ്വസിക്കാന്‍ അവസരമുണ്ടാക്കുകയുമാണ് ചികിത്സയുടെ ആദ്യപടി. ആന്റി കോളിനര്‍ജിക് എന്ന വിഭാഗത്തില്‍പെടുന്ന (Eg: Ipravent, Dualin, Tiova, Dvoua, Salbair I) ശ്വാസനാളികള്‍ വികസിക്കുന്ന മരുന്നുകളാണ് ചികിത്സയുടെ ആണിക്കല്ല്. ഇതോടൊപ്പം ബീറ്റാ ടു അഗസിസ്സ് മരുന്നും (Eg: Levolin, Slabair, Asthalin, Vent) വായിലേക്ക് വാതകരൂപത്തില്‍ നല്കുന്ന ഇന്‍ഹേലര്‍ രീതിയാണ് ഏറ്റവും അഭികാമ്യം. ഈ മരുന്നുകള്‍ നെബുലൈസര്‍ വഴിയോ, വാതകരൂപത്തില്‍ സ്പ്രേചെയ്യുന്ന ഇന്‍ഹേലര്‍ രീതിയിലോ, ഗുളികപൊടിച്ച് വലിക്കുന്ന ഡ്രൈ പൗഡര്‍ രൂപത്തിലോ നല്‍കാം. കാഠിന്യമനുസരിച്ച് ഡോസും ആവര്‍ത്തിയും ഡോക്ടര്‍ നിശ്ചയിക്കും.
ഇന്‍ഹേലര്‍ മരുന്നുകളോടൊപ്പം കഴിക്കുന്ന ഗുളികകളായ ബ്രോങ്കോഡയലേറ്ററുകളായ സാല്‍ബ്യൂട്ടാമോള്‍, ടെന്ബ്യൂട്ടാലിന്, തിയോഫിലിന്‍, ആന്റി ബയോട്ടിക്കുകള്‍, സ്റ്റിറോയിഡുകള്‍, മ്യൂക്കോലിറ്റുകള്, ആന്റി ഓക്സിഡന്റുകള്‍ എന്നിവ വേണ്ടിവന്നേക്കാം. രോഗപാരമ്യതയില് ഓക്സിജന്‍ വേണ്ടിവരും. രോഗം അധികരിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഷോര്‍ട്ട് ടേം ഓക്സിജന്‍ ചികിത്സയും വീട്ടില്‍ എല്ലാസമയവും ഉപയോഗിക്കുന്ന ഹോം ഓക്സിജന്‍ ചികിത്സയും (Long term Oxygen therapy) ഇതിനായി ഉപയോഗിക്കുന്നുണ്ട്.
വിവിധതരം കൃത്രിമശ്വാസച്ഛോസ ഉപകരണങ്ങള്‍, ശസ്ത്രക്രിയകള്‍, പുനരധിവാസ പദ്ധതികള്‍ എന്നിവയും പാശ്ചാത്യരാജ്യങ്ങള്‍ ഇതിനായി ഉപയോഗിച്ചുവരുന്നുണ്ട്. വളരെ സങ്കീര്‍ണതകള്‍ വരാവുന്ന രോഗമായതിനാല്‍ ഇതിന്റെ തുടക്കത്തില്‍ത്തന്നെ വിദഗ്ധനായ ചെസ്റ്റ് ഫിസിഷ്യന്റെ മേല്‍നോട്ടത്തില്‍ ആദ്യംതന്നെ ചികിത്സ തുടങ്ങിയാല്‍ രോഗം നല്ലതുപോലെ നിയന്ത്രിക്കാനും പിടിച്ചുനിര്‍ത്താനും കഴിയും.
കടപ്പാട് : ഡോ. കെ വേണുഗോപാല്‍, ശ്വാസകോശ വിഭാഗം മേധാവി ജനറല്‍ ആശുപത്രി, ആലപ്പുഴ
അവസാനം പരിഷ്കരിച്ചത് : 6/13/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
അപ്പൻഡിസൈറ്റിസ് - വിവരങ്ങൾ
അസ്ഥികളെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളില്‍ ...