ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത നിരന്തരം കുറഞ്ഞു വരുന്ന ഒരു രോഗാവസ്ഥ ആണ് ക്രോണിക് ഒബ്‌സ്ട്രക്‌റ്റീവ് പള്‍മനറി ഡിസീസ് അഥവാ സി.ഒ.പി.ഡി. ശ്വാസനാളത്തിന്റെ ചുരുക്കവും വായു അറകളുടെ നാശവും മൂലം നിരന്തരം പുരോഗമിക്കുന്ന ശ്വാസ തടസ്സം,അടിക്കടി ഉണ്ടാവുന്ന ചുമയും കഫക്കെട്ടലും എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.
പ്രധാനമായും പുകവലിയും അന്തരീക്ഷ മലിനീകരണവും ആണ് സി.ഒ.പി.ഡി ക്ക് കാരണമാവുന്നത്.തന്മൂലം ശ്വാസനാളിക്കുള്ളില്‍ നീര്‍ക്കെട്ട് ഉണ്ടാവുകയും ശ്വാസക്കുഴലുകളുടെ വ്യാസം കുറയുകയും ചെയ്യുന്നതിനാല്‍ ശ്വാസതടസ്സം ഉണ്ടാവുകയും ക്രമേണ ഇത് കൂടിക്കൂടി വരുകയും ഒടുവില്‍ ചെറിയ ആയാസം പോലും കടുത്ത കിതപ്പ് ഉണ്ടാക്കുന്ന അവസ്ഥയില്‍ രോഗിയെ എത്തിക്കുകയും ചെയ്യുന്നു.
പുകവലിക്കുന്നവരില്‍ മറ്റുള്ളവരേക്കാള്‍ മൂന്നിരട്ടി രോഗസാധ്യതയുണ്ട്.
മറ്റുള്ളവരില്‍ നിന്ന് സിഗരറ്റ് പുക ഉള്ളില്‍ എത്തുന്നവരിലും (പാസീവ് സ്മോക്കിംഗ് മൂലം), ശ്വാസകോശത്തിന് തകരാറുണ്ടാക്കുന്ന വാതകങ്ങള്‍ ശ്വസിക്കുന്നവരിലും (ഉദാ:വാഹനങ്ങളില്‍ നിന്ന്, ഫാക്ടറികളില്‍ നിന്ന്, വിറകു കത്തിക്കുമ്പോള്‍ ഉള്ള പുക തുടങ്ങിയവ) ഈ രോഗത്തിന് കാരണമായേക്കാം.
സി.ഒ.പി.ഡി മറ്റൊരാളിലേക്ക് പകരുന്ന രോഗം അല്ല.
ലക്ഷണങ്ങള്‍ കൊണ്ട് വളരെ സാമ്യം ഉള്ള രോഗങ്ങള്‍ ആണ് ഇവ.എന്നാല്‍ കൃത്യമായ ചികിത്സ എടുത്താല്‍ ആസ്ത്മ മൂലം ഉണ്ടാവുന്ന ശ്വാസനാള ചുരുക്കം ഏകദേശം മുഴവനായി തന്നെയും ചികിത്സിച്ചു പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ സാധിക്കും,പക്ഷെ സി.ഒ.പി.ഡി മൂലം ഉള്ള ശ്വാസനാള തടസ്സം പൂര്‍ണ്ണമായി ഭേദമാകാന്‍ കഴിയില്ല.
ലോകത്ത് മരണഹേതു ആവുന്ന രോഗങ്ങളില്‍ നാലാം സ്ഥാനം ആണ് സി.ഒ.പി.ഡി ക്ക്.
മരണത്തിനും ദീര്‍ഘകാല രോഗാതുരതയ്ക്കും കാരണമാവുന്ന ഈ രോഗം രാജ്യങ്ങളുടെ മാനവവിഭവശേഷിയും തദ്വാര സാമൂഹിക സാമ്പത്തിക അവസ്ഥയെ വരെ ബാധിക്കുന്നതും ആണ്. സി.ഒ.പി.ഡി മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കഴിഞ്ഞ രണ്ടു ദശകങ്ങള്‍ ആയി കുത്തനെ ഉയരുന്നതായാണ് കണക്കുകള്‍,രോഗത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളില്‍ ഉള്ള വര്‍ധനയാണ് പ്രധാന കാരണം.
2016 ല്‍ ഇന്ത്യയില്‍ 2.2 കോടി സി.ഒ.പി.ഡി ബാധിതര്‍ ഉണ്ടാവും എന്നാണു കണക്കാക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യയില്‍ ഹൃദയാഘാതവും,പക്ഷാഘാതവും മൂലം ഉണ്ടാവുന്ന മരണത്തെക്കാള്‍ കൂടുതല്‍ സി.ഒ.പി.ഡി കൊണ്ട് മരണപ്പെടുന്നു.
2006 ലെ കണക്കുകള്‍ പ്രകാരം 100,000 ജനങ്ങളില്‍ 102.3 പേര്‍ പ്രതിവര്ഷം മരണപ്പെടുന്നു,2030 ആവുമ്പോള്‍ ഇത് 160% കണ്ടു വര്‍ദ്ധിച്ചേക്കും അത്രേ!
രോഗാവസ്ഥയുടെ തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാവില്ല എന്നതിനാല്‍ പലരും ശരിയായ ചികിത്സയോ പ്രതിരോധ നടപടികളോ സ്വീകരിക്കാതെ പുകവലി തുടരുന്നു.
എന്നാല്‍ കാലക്രമേണ, നിരന്തരം വര്‍ധിച്ചു വരുന്ന ശ്വാസം മുട്ടല്‍,ചുമ,കിതപ്പ്,വലിവ്,കഫക്കെട്ട് എന്നിവയും അടിക്കടി ശ്വാസകോശ അണുബാധയും ഉണ്ടാവുന്നു. രോഗം വളരെ മൂര്‍ച്ഛിക്കുമ്പോള്‍ ശ്വാസകോശപ്രവര്‍ത്തനങ്ങള്‍ തകരാറില്‍ ആവുകയും രക്തത്തിലെ ഓക്സിജന്റെ അളവ് വളരെ കുറയുകയും ചെയ്യും.>
ഈ അവസ്ഥയില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളും പ്രതികൂലമായി ബാധിക്കപ്പെടുകയും, കാലുകളില്‍ നീര്, നഖത്തിലും ചുണ്ടുകളിലും നീല നിറം, ശരീര ശോഷണം എന്നിവ ഉണ്ടാവുകയും ചെയ്യാം.
കഴിയുന്നതും നേരത്തെ രോഗനിര്‍ണ്ണയം നടത്തിയാല്‍ രോഗത്തിന്റെ തീവ്രതയും രോഗപുരോഗമനവും ലഘൂകരിക്കാനും നിയന്ത്രിക്കാനും കഴിയുന്നു.
ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ കഴിയുന്നതും വേഗം ഒരു ശ്വാസകോശ രോഗവിദാഗ്ദ്ധന്റെ രോഗപരിശോധനയ്ക്ക് വിധേയമാവുകയാണ് വേണ്ടത്.
ശ്വാസകോശ പ്രവര്‍ത്തനക്ഷമത അളക്കുന്ന പള്‍മനറി ഫങ്ക്ഷന്‍ ടെസ്റ്റിംഗ് (പി.എഫ്.ടി) അഥവാ സ്‌പൈറോമെട്രി പരിശോധന ആണ് പ്രധാന രോഗ നിര്‍ണ്ണയ മാര്‍ഗ്ഗം. എക്സ്റെ പരിശോധനയും ഉപയോഗയുക്തം ആകുന്നു. ശ്വാസകോശം തകരാറില്‍ ആണോ എന്ന് സംശയിക്കുന്ന ഘട്ടത്തില്‍ എ.ബി. ജി(Arterial Blood Gas Analysis) പരിശോധനയിലൂടെ രക്തത്തിലെ ഓക്സിജന്റെയും കാര്‍ബണ്‍ഡയോക്‌സയിഡിന്റെയും അളവ് നിശ്ചയിക്കുന്നു.
രോഗതീവ്രത നിശ്ചയിച്ചു അതിനു അനുസൃതമായി തരം തിരിച്ചു ഓരോ ഘട്ടത്തിനും ഓരോ ചികിത്സ ആണ് നല്‍കുക.
ശ്വാസനാളം വികസിപ്പിക്കുന്നതിനുള്ള വിവിധ മരുന്നുകള്‍(Bronchodilators) ഇന്‍േഹലറുകള്‍ മുഖേനയും ഗുളികകള്‍ ആയും ഉപയോഗിക്കുന്നത് രോഗത്തിന്റെനു ലക്ഷണങ്ങളും തീവ്രതയും കുറയ്ക്കാന്‍ സഹായിക്കുന്നു.
മരുന്ന് നേരിട്ട് ശ്വാസകോശത്തില്‍ എത്തിക്കാനും വേഗത്തില്‍ പ്രവര്‍ത്തിച്ചു രോഗശമനം ഉണ്ടാക്കാനും ഇന്‍േഹലറുകള്‍ മികച്ച മാര്‍ഗ്ഗങ്ങള്‍ ആണ്.
കഴിക്കുന്ന മരുന്നുകളെക്കാള്‍ തുലോം കുറഞ്ഞ അളവില്‍ മാത്രം മരുന്ന് പ്രയോഗിക്കുന്നതിനാല്‍ പാശ്വഫലങ്ങള്‍ ഉണ്ടാവാന്‍ ഉള്ള സാധ്യത ഇന്‍േഹലറുകള്‍ ഉപയോഗിക്കുമ്പോള്‍ ഗണ്യമായ രീതിയില്‍ കുറയുന്നു.
സ്ഥായി ആയ ശ്വാസകോശ തകരാര്‍ അഥവാ respiratory failure അവസ്ഥയില്‍ എത്തുന്നവര്‍ക്ക് ശ്വസന സഹായി ആയ ഉപകരണങ്ങള്‍ (BIPAP അഥവാ Assisted Ventillation) നിര്‍ദ്ദേശിക്കുന്നു.
രക്തത്തില്‍ ഓക്സിജന്റെ അളവ് വളരെ കുറയുന്ന അവസ്ഥയില്‍ വീട്ടില്‍ വെച്ച് തന്നെ തുടര്‍ച്ച ആയി ഓക്സിജന്‍ നല്‍കുന്ന ഓക്സിജന്‍ കൊണ്സേന്റ്രെറ്റര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉള്ള ദീര്‍ഘകാല ഓക്സിജന്‍ ചികിത്സ(Long Term Oxygen Therapy)ഇന്ന് ലഭ്യമാണ്.
രോഗിയുടെ ആരോഗ്യ നിലവാരം ഉയര്‍ത്തുന്നതിന് ശ്വാസകോശ പേശികളെ ബലപ്പെടുത്താന്‍ ഉതകുന്ന വ്യായാമ മുറകളും ഭക്ഷണക്രമവും ആരോഗ്യ ബോധവല്‍ക്കരണവും ഉള്‍പ്പെടുത്തിയ ശ്വാസകോശ പുനരധിവാസ ചികിത്സ (Pulmonary Rehabilitation) പ്രയോജനപ്രദമാണ്.
കടപ്പാട് : Dr Nikhila Govind
വിവര സ്രോതസ് : Info Clinic
അവസാനം പരിഷ്കരിച്ചത് : 6/20/2020