രക്തശുദ്ധീകരണം നടക്കുന്പോൾ വൃക്ക ആവശ്യമുള്ള പദാർഥങ്ങൾ വലിച്ചെടുത്ത് ആവശ്യമില്ലാത്ത ജലം, ലവണങ്ങൾ, മാലിന്യങ്ങൾ ഇവയെ പുറന്തള്ളുന്നു. ഹൃദയത്തിൽനിന്നുള്ള രക്തത്തിന്റെ ഇരുപതു ശതമാനം ഏകദേശം 1250 മില്ലി ഓരോ വൃക്കയിൽക്കൂടി ഓരോ മിനിറ്റിലും കടന്നുപോകുന്നു. മാലിന്യങ്ങൾ വൃക്കയിൽ എത്തുന്പോൾ അതു ശുദ്ധീകരിക്കുന്ന അരിപ്പയാണ് നെഫ്റോൺ. ഓരോ വൃക്കയിലും പത്തുലക്ഷം നെഫ്റോണുകളുണ്ട്. ഓരോ നെഫ്റോണും ഗ്ലോമറുലസാലും ട്യൂബുകളാലും നിർമിതമാണ്. ഗ്ലോമറുലസ് എന്നാൽ വളരെ ചെറിയ കണ്ണികളുള്ള ഒരു അരിപ്പയാണ്. ചെറിയ പദാർഥങ്ങളും വെള്ളവും ഇതിലൂടെ അരിക്കപ്പെടുന്നു. എന്നാൽ കുറച്ചുകൂടി വലുതായ ചുവന്ന രക്താണുക്കൾ, പ്രോട്ടീൻ ഇവ ഇതിലൂടെ അരിക്കപ്പെടുന്നില്ല. അതിനാൽ പൂർണ ആരോഗ്യവാനായ ഒരാളുടെ മൂത്രപരിശോധനയിൽ ഈ അംശങ്ങൾ കാണുകയില്ല.
മൂത്രം ഉത്പാദനത്തിന്റെ ആദ്യപടി ഗ്ലോമുറലസിൽ നിന്നു തുടങ്ങുന്നു. 1 മിനിറ്റിൽ 125 മില്ലി ജലം അരിക്കപ്പെടുന്നു. ഇതിൽ മാലിന്യം മാത്രമല്ല ഗ്ലൂക്കോസും മറ്റു ഗുണമുള്ള പദാർഥങ്ങളും അടങ്ങിയിരിക്കുന്നു. വൃക്കയിൽ എത്തുന്ന 180 ലിറ്റർ ജലത്തിൽ ട്യൂബുകളിൽ 99 ശതമാനം തിരികെ വലിച്ചെടുക്കപ്പെടുകയും ഒരു ശതമാനം മാത്രം മൂത്രമായി പുറത്തേക്കു പോകുകയും ചെയ്യുന്നു.
ചുരുക്കത്തിൽ 178 ലിറ്റർ വെള്ളവും ശരീരത്തിൽ തിരികെ ട്യൂബുകളിലൂടെ ആഗിരണം ചെയ്യപ്പെടുന്നു.
1-2 ലിറ്റർ വെള്ളം മാലിന്യം, ലവണങ്ങൾ, വിഷപദാർഥങ്ങൾ എന്നിവയുമായി പുറന്തള്ളപ്പെടുന്നു. അങ്ങനെ വൃക്കയിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൂത്രം മൂത്രവാഹിനിവഴി മൂത്രസഞ്ചിയിൽ എത്തി മൂത്രനാളിവഴി പുറന്തള്ളപ്പെടുന്നു.
ആരോഗ്യവാനായ ഒരാളിൽ മൂത്രത്തിന്റെ അളവിൽ എത്രത്തോളം വ്യത്യാസം വരാം?
അകത്തേക്ക് എടുക്കുന്ന വെള്ളം, അന്തരീക്ഷത്തിലെ താപനില ഇവ മൂത്രത്തിന്റെ അളവ് നിർണയിക്കുന്ന പ്രധാന ഘടകമാണ്. വെള്ളം അകത്തേക്ക് ചെല്ലുന്നത് കുറയുന്പോൾ മൂത്രം കൂടുതൽ വീര്യമുള്ളതും അളവ് 500 മില്ലിവരെ കുറയുകയും ചെയ്യാം. കൂടുതൽ വെള്ളം ഉള്ളിലേക്ക് ചെന്നാൽ കൂടുതൽ മൂത്രം ഉത്പാദിപ്പിക്കപ്പെടുന്നു. ഉഷ്ണകാലത്ത് വിയർക്കുന്പോൾ മൂത്രത്തിന്റെ അളവ് കുറയാം. അതേസമയം തണുപ്പുകാലത്ത് വിയർക്കുന്നത് കുറയുന്പോൾ കൂടുതൽ മൂത്രം ഉണ്ടാകുന്നു. സാധാരണ അളവിൽ വെള്ളം കുടിക്കുന്ന ഒരാളുടെ മൂത്രം 3000 മില്ലിയിൽ കൂടുതലോ 500 മില്ലിയിൽ കുറവോ വന്നാൽ അയാളുടെ വൃക്കയ്ക്ക് തീർച്ചയായും പരിശോധന ആവശ്യമാണ്.
ആർക്കും വൃക്കരോഗം ഉണ്ടാകാം. എന്നാൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് ആരാണെന്ന് ശ്രദ്ധിക്കുക.
മേൽപറഞ്ഞ വിഭാഗത്തിൽ വരുന്നവർ തീർച്ചയായും ഡോക്ടറെ കൃത്യമായി കണ്ട് ടെസ്റ്റുകൾ നടത്തി രോഗനിർണയം നടത്തേണ്ടതാണ്.
മൂത്രത്തിന്റെ അളവ് കുറയുക, തുടരെത്തുടരെ മൂത്രം പോകുക, മൂത്രത്തിൽ രക്തമോ പഴുപ്പോ ഉണ്ടാവുക ഇതെല്ലാം വൃക്കരോഗത്തിന്റെ ലക്ഷണമാണ്. മൂത്രച്ചുടീൽ മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണമാണ്. മൂത്രം പോകാൻ തടസം അല്ലെങ്കിൽ തുള്ളിതുള്ളിയായി മൂത്രം പോകുക, തീരെ പോകാതിരിക്കുക ഇവയും വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാകാം.
മേൽപ്പറഞ്ഞ എല്ലാ ലക്ഷണങ്ങളും വൃക്കരോഗത്തിന് മാത്രമായുള്ളതല്ല. അതിനാൽ ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ ഡോക്ടറെ കണ്ടു പരിശോധിച്ച് വേണ്ട ടെസ്റ്റുകൾ നടത്തി വൃക്കരോഗം ഇല്ല എന്ന് ഉറപ്പുവരുത്തണം. ഒരുലക്ഷണവുമില്ലാതെ വൃക്കരോഗം കണ്ടെന്നും വരാം.
സ്ഥായിയായ വൃക്കരോഗം: ഇത് ചികിത്സിച്ച് മാറ്റാൻ സാധിക്കില്ല. ഈ അവസ്ഥയിൽ എത്തുന്ന ഒരു രോഗിയുടെ ചികിത്സാ ചെലവ് വളരെ ഭീമമായിരിക്കും. ഒരു ലക്ഷണവും കാണിക്കാതെ വൃക്കരോഗം നമ്മിൽ പതിയിരിക്കാം. ഈ തിരിച്ചറിവ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
കൃത്യമായി രോഗപരിശോധന നടത്തി രോഗം വൃക്കസ്തംഭനം വരെ എത്തുന്നത് നമുക്കു തടയാൻ സാധിക്കും. മാനസികവും സാന്പത്തികവുമായ ഒരു പിരിമുറുക്കം ഒഴിവാകുകയും ചെയ്യും. (തുടരും)
വിവരങ്ങൾ:
ഡോ. ജയന്ത് തോമസ് മാത്യു
നെഫ്രോളജി വകുപ്പ് മേധാവി,അമല മെഡി. കോളജ്, തൃശൂർ.
തയാറാക്കിയത്: ജോബ് സ്രായിൽ
മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അദ്ഭുത പ്രക്രിയ നിർവഹിക്കുന്ന ഒരു പ്രധാന അവയവമാണ് വൃക്ക അഥവാ കിഡ്നി. ഇതുകൂടാതെ ശരീരത്തിലെ രക്തസമ്മർദം, വെള്ളത്തിന്റെ അളവ്, ധാതുലവണം ഇവയുടെ അളവ്, ഇതെല്ലാം നിയന്ത്രിക്കുന്നു. രണ്ടു വൃക്ക മനുഷ്യശരീരത്തിൽ ഉണ്ടെങ്കിലും ഒന്നുകൊണ്ടും ഈ പറഞ്ഞ പ്രക്രിയകൾ ശരീരത്തിന് നടത്താൻ സാധിക്കുന്നു. ഇതിന്റെ പ്രവർത്തന തകരാർ ഗുരുതരമായ രോഗാവസ്ഥയ്ക്കും മരണത്തിനും വരെ ഇടയാക്കിയേക്കാം.
രക്തസമ്മർദവും പ്രമേഹവും ഉള്ള രോഗികളുടെ എണ്ണം നമ്മുടെ നാട്ടിൽ വർധിച്ചുവരുന്നതോടൊപ്പം വൃക്കരോഗികളുടെ എണ്ണവും വർധിച്ചുവരുന്നു. ഈ സാഹചര്യത്തിൽ വൃക്കരോഗത്തെക്കുറിച്ചും അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ചും രോഗപ്രതിരോധത്തെയും ചികിത്സയെയും കുറിച്ചും പൊതുജനങ്ങൾക്ക് നിർബന്ധമായും ഒരു ശരിയായ അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
മൂത്രത്തിലൂടെയാണ് വൃക്ക മാലിന്യത്തെ പുറന്തള്ളുന്നത്. വൃക്ക ഉത്പാദിപ്പിക്കുന്ന മൂത്രം മൂത്രവാഹിനിയിലൂടെ സഞ്ചരിച്ച് മൂത്രസഞ്ചിയിലെത്തി മൂത്രനാളിവഴി പുറത്തേക്കു പോകുന്നു.
ഭൂരിഭാഗവും ആൾക്കാരിൽ (സ്ത്രീയിലും പുരുഷനിലും) രണ്ടു വൃക്കകളാണ് ഉള്ളത്. ഉദരത്തിനുള്ളിൽ നട്ടെല്ലിന്റെ ഇരുവശത്തുമായി വൃക്ക സ്ഥിതിചെയ്യുന്നു. വാരിയെല്ലുകളും ചുറ്റുമുള്ള അവയവങ്ങളും കൂടിച്ചേർന്ന് വളരെയേറെ സുരക്ഷിതമായിട്ടാണ് വൃക്കകൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. വൃക്ക ഉദരത്തിന്റെ പിൻഭാഗത്ത് ഏറ്റവും പിറകിലായതിനാൽ ബാഹ്യമായി അതിനെ തൊടുക സാധ്യമല്ല. വൃക്ക പയറുമണിയുടെ ആകൃതിയിലാണ്. മുതിർന്നവരിൽ വൃക്കയ്ക്ക് 10 സെ.മീ. നീളവും 6 സെ.മീ. വീതിയും 4 സെ.മീ. ഘനവും ഉണ്ട്. ഓരോ വൃക്കയ്ക്കും 120-170 ഗ്രാം ഭാരമുണ്ട്.വൃക്കയിൽനിന്ന് മൂത്രം, മൂത്രവാഹിനി എന്ന മാംസനാളിവഴി മൂത്രസഞ്ചിയിൽ എത്തുന്നു. മൂത്രസഞ്ചി ഇടുപ്പെല്ലിനുള്ളിൽ സ്ഥിതിചെയ്യുന്ന മൂത്രം കൊള്ളുന്ന മാംസംകൊണ്ടുള്ള സഞ്ചിയാണ്. മുതിർന്നവരുടെ മൂത്രസഞ്ചിക്ക് 400-500 മില്ലിവരെ മൂത്രം ഉൾക്കൊള്ളുവാനുള്ള കഴിവുണ്ട്. സ്ത്രീകളിൽ മൂത്രനാളി പുരുഷന്മാരേക്കാൾ ചെറുതാണ്. മൂത്രം മൂത്രസഞ്ചിയിൽനിന്നു മൂത്രനാളിവഴി പുറത്തേക്ക് ഒഴുകുന്നു.
വൃക്ക ശരീരത്തിൽ എന്തിന്?
നമ്മൾ ദിവസവും പലതരം ആഹാരം കഴിക്കുന്നു. വെള്ളത്തിന്റെ അളവ്, ഉപ്പിന്റെ അളവ്, രാസപദാർഥങ്ങളുടെ അളവ് ഇവയിലെല്ലാം അനുദിനം വ്യത്യാസം ഉണ്ടാകുന്നു. ശരീരം ഭക്ഷണത്തെ ഉൗർജമാക്കി മാറ്റുന്പോൾ പലതരം വിഷാംശം ഉത്പാദിപ്പിക്കപ്പെടുന്നു. ഈ വിഷാംശങ്ങൾ ശരീരത്തിലെ ദ്രാവകം, അമ്ലം, രാസപദാർഥങ്ങൾ ഇവയുടെ അളവിൽ വ്യതിയാനം വരുത്തുന്നു. വിഷാംശം ആവശ്യത്തിലധികം ശരീരത്തിൽ നിലനിൽക്കുന്പോൾ ജീവന്റെ നിലനില്പിനെ ബാധിക്കുന്നു.
മലിനപദാർഥങ്ങൾ ശരീരത്തിൽനിന്ന് പുറത്തേക്ക് തള്ളുന്നതിൽ വൃക്കകൾക്ക് സുപ്രധാനമായ പങ്കുണ്ട്. മാത്രമല്ല ശരീരത്തിന്റെ ആന്തരീക പരിതാവസ്ഥയെ ക്രമീകരിക്കുകയും സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
വൃക്കയുടെ പ്രധാന ജോലി മാലിന്യം പുറന്തള്ളുന്നതും അതുവഴി രക്തശുദ്ധീകരണം നടത്തുകയുമാണ്. ശരീരത്തിൽ ആവശ്യമില്ലാത്ത മാലിന്യം, ഉപ്പ്, രാസപദാർഥങ്ങൾ ഇവയെല്ലാം വൃക്ക നിരാകരിക്കുന്നു.
രക്തശുദ്ധീകരണം ശരീരത്തിൽ സംഭവിക്കുന്നത് വൃക്ക മാലിന്യം പുറന്തള്ളുന്പോഴാണ്. ഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ ശരീരത്തിന്റെ വളർച്ചയ്ക്കു വേണ്ട ഏറ്റവും അവശ്യഘടകമാണ്.
പക്ഷേ പ്രോട്ടീൻ ശരീരം ഉപയോഗിക്കുന്പോൾ മാലിന്യങ്ങളും കൂടെ ഉത്പാദിപ്പിക്കപ്പെടുന്നു. മാലിന്യങ്ങൾ ശരീരത്തിൽ വിഷാംശമായി മാറും. ഈ മാലിന്യനിർമാർജനമാണ് വൃക്ക ഭംഗിയായി നിർവഹിക്കുന്നത്.
ക്രിയാറ്റിനിൻ, യൂറിയ- ഈ മാലിന്യപദാർഥങ്ങളുടെ മനുഷ്യശരീരത്തിലെ അളവ് കൃത്യമായി അളക്കാൻ കഴിയും. രക്തത്തിലെ ഈ അളവ് വൃക്കയുടെ പ്രവർത്തനക്ഷമതയെക്കുറിക്കുന്നു. രണ്ടു വൃക്കയും പ്രവർത്തനരഹിതമാകുന്പോൾ യൂറിയയും ക്രിയാറ്റിനിനും രക്തത്തിൽ ക്രമത്തിലധികമാകുന്നു.
ശരീരത്തിൽ അധികമായുള്ള ജലാംശത്തെ പുറന്തള്ളി ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നത് വൃക്കയാണ്. വൃക്ക പ്രവർത്തനരഹിതമാകുന്പോൾ ശരീരത്തിൽ ജലം തങ്ങിനിൽക്കുകയും മൂത്രം പോകാതെ ശരീരം നീരുവയ്ക്കുകയും ചെയ്യുന്നു.
ധാതുലവണങ്ങൾ, രാസപദാർഥങ്ങൾ ഇവയെ സന്തുലിതമായി നിർത്തുന്നതും സോഡിയം, പൊട്ടാസ്യം, കാത്സ്യം, ഫോസ്ഫറസ് ഇവ ശരീരത്തിൽ നിശ്ചിത അളവിൽ നിലനിർത്തുന്നതും വൃക്കയാണ്. സോഡിയം കൂടിയാലോ കുറഞ്ഞാലോ ഭാഗികമായി സുബോധം നഷ്ടപ്പെടുന്നു. പൊട്ടാസ്യത്തിന്റെ ഏറ്റക്കുറച്ചിൽ ഉണ്ടായാൽ ഹൃദയമിടിപ്പിനെയും പേശികളുടെ പ്രവർത്തനത്തെയും ബാധിക്കും. പല്ലും എല്ലും ബലപ്പെടുത്തുന്ന പ്രധാന ഘടകം കാൽസ്യമാണ്.
വൃക്ക ഉത്പാദിപ്പിക്കുന്ന ഹോർമോണുകളായ റെനിൻ, ആൻജിയോടെൻസിൻ, അൽഡോസ്റ്റിറോൻ, പ്രോസ്റ്റാഗ്ലാൻഡിൻ, ജലവും ഉപ്പും ശരീരത്തിൽ നിശ്ചിത അളവിൽ നിലനിർത്തി രക്തസമ്മർദം നിയന്ത്രിക്കുന്നു.
ഈ ഹോർമോണ് ഉത്പാദനത്തിൽ തകരാറുകൾ ഉണ്ടായാൽ ഉപ്പും വെള്ളവും ശരീരത്തിൽ തങ്ങുകയും രക്തസമ്മർദം അധികമാകാൻ ഇടയാകുകയും ചെയ്യും. വൃക്ക ഉത്പാദിപ്പിക്കുന്ന എറിത്രോപോയിറ്റിന്റെ പ്രധാന ജോലി ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുക എന്നതാണ്. വൃക്ക എറിത്രോപോയിറ്റിൻ ഉത്പാദിപ്പിക്കുന്നതു കുറയുകയോ ഇല്ലാതാവുകയോ ചെയ്താൽ ഹീമോഗ്ലോബിൻ കുറയും. ഇത് രക്തക്കുറവ് അഥവാ വിളർച്ച എന്ന അവസ്ഥ സൃഷ്ടിക്കുന്നു. വൃക്കസ്തംഭനം സംഭവിച്ച രോഗികളിൽ എറിത്രോപോയിറ്റിന്റെ ഉത്പാദനം തന്മൂലം കുറയും.
വിറ്റാമിൻ ഡി ശരീരത്തിന് ആവശ്യമുള്ള രൂപത്തിൽ മാറ്റിയെടുക്കുന്ന ജോലി വൃക്കയുടേതാണ്. കാൽസ്യം ശരീരം വലിച്ചെടുക്കുന്നതിൽ വിറ്റാമിൻ ഡി പ്രധാന പങ്ക് വഹിക്കുന്നു. വൃക്കരോഗികളിൽ വിറ്റാമിൻ ഡി ഉത്പാദനം വൃക്കത്തകരാർ മൂലം കുറയുകയും പല്ലിനും എല്ലിനും ബലക്ഷയം ഉണ്ടാവുകയും ചെയ്യുന്നു.
വിവരങ്ങൾ:
ഡോ. ജയന്ത് തോമസ് മാത്യു,
നെഫ്രോളജി വകുപ്പ് മേധാവി,അമല മെഡി. കോളജ്, തൃശൂർ.
തയാറാക്കിയത്: ജോബ് സ്രായിൽ
അവസാനം പരിഷ്കരിച്ചത് : 4/23/2020