অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തൈറോയ്ഡ്

തൈമസ് ഗ്രന്ഥി

കശേരുകികളുടെ അന്തഃസ്രാവി ഗ്രന്ഥി. രോഗപ്രതിരോധ പ്രക്രിയയില്‍ അതിപ്രധാന പങ്കുവഹിക്കുന്ന ലസികാണുക്കളുടെ ഉത്പാദനമാണ് ഈ ഗ്രന്ഥിയുടെ ധര്‍മം.

ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനികള്‍ എന്നിവയില്‍ മൃദുവായ തൈമസ് ഗ്രന്ഥിയും തിരണ്ടി, സ്രാവ് എന്നീ മത്സ്യയിനങ്ങളില്‍ നന്നായി വികാസം പ്രാപിച്ച തൈമസ് ഗ്രന്ഥിയും കാണപ്പെടുന്നു. എലി, ചുണ്ടെലി, ഗിനിപ്പന്നി തുടങ്ങിയ ജന്തുക്കളില്‍ പ്രവര്‍ത്തനക്ഷമതയുള്ള അവയവമായി ആജീവനാന്തം തൈമസ് നിലനില്ക്കും. ഈ ജന്തുക്കളുടെ ജനനസമയത്ത് അവയുടെ തൈമസ് ഗ്രന്ഥി നീക്കം ചെയ്താല്‍ രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും അവ ചത്തുപോവുകയും ചെയ്യും.

മനുഷ്യരില്‍ മാറെല്ലിനു പിന്നിലാണ് തൈമസ് സ്ഥിതിചെയ്യുന്നത്. ഇതിന് വ്യത്യസ്ത വലുപ്പത്തിലുള്ള രണ്ട് ദലങ്ങള്‍ (ഹീയല) ഉണ്ട്. ശ്വസനനാളിയുടെ മുന്‍ഭാഗത്ത് ഇവ യോജിക്കുന്നു. ദലങ്ങള്‍ ഓരോന്നും ലസികാണുക്കള്‍ (lymphocytes), ഉപരിതലീയ (epithelia) കോശകലകള്‍, കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുള്ള ലസികാകലകള്‍ (lymphoid tissue) കൊണ്ടു നിര്‍മിതമാണ്. ശ്വസനനാളി(trachea) യെയും മാറെല്ലിനെയും ഹൃദയാവരണത്തെയും (pericardium) തൈമസ് ഗ്രന്ഥി ഭാഗികമായി മറയ്ക്കുന്നു. ശിശുക്കളിലും കൌമാരപ്രായക്കാരിലുമാണ് ഏറ്റവും വികാസം പ്രാപിച്ച അവസ്ഥയിലുള്ള തൈമസ് ഗ്രന്ഥി കാണപ്പെടുന്നത്. കൗമാരപ്രായത്തിനുശേഷം തൈമസിന്റെ വലുപ്പം കുറയുന്നു. ഓരോ വ്യക്തിയിലും തൈമസിന്റെ വലുപ്പവും തൂക്കവും വ്യത്യസ്തമായിരിക്കും. മൊത്തം ശരീരഭാരത്തിന്റെ 0.42 % ആണ് തൈമസിന്റെ ശരാശരി ഭാരം. എന്നാല്‍ കൗമാരപ്രായക്കാരില്‍ ഇതിന് 37 ഗ്രാം വരെ തൂക്കമുണ്ടായിരിക്കും; 60 മുതല്‍ 70 വരെ വയസ്സുള്ള വ്യക്തിയുടെ തൈമസിന് ആറ് ഗ്രാമും.

തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ലസികാണുകോശങ്ങളെ തൈമോസൈറ്റുകള്‍ (thymocytes) എന്നു പറയുന്നു. രക്തം, മജ്ജ, ലസിക, ലിംഫ്നോഡുകള്‍, പ്ലീഹ, ടോണ്‍സിലുകള്‍, ദഹനേന്ദ്രിയത്തിലെ ചില കോശങ്ങള്‍ തുടങ്ങിയ ഭാഗങ്ങളിലും ലസികാണുകോശങ്ങളുണ്ട്. തൈമസില്‍ നിന്നുള്ള തൈമോസൈറ്റുകള്‍ മറ്റു ലസികാണുക്കളെപ്പോലെ രോഗപ്രതിരോധത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയമാകുന്നവരില്‍ അവയവ തിരസ്കരണത്തിന് കാരണമാകുന്നത് ഇത്തരം തൈമോസൈറ്റുകളാണ്.

ജനിച്ച് കുറേക്കാലത്തിനുശേഷം തൈമസ് ഗ്രന്ഥി നീക്കം ചെയ്യുകയോ നശിച്ചുപോവുകയോ ചെയ്താലും ഇവ ഉത്പാദിപ്പിച്ച തൈമോസൈറ്റുകള്‍ ശരീരത്തില്‍ നിലനില്ക്കുന്നതിനാല്‍ രോഗപ്രതിരോധവ്യൂഹത്തെ ഉത്തേജിപ്പിക്കാനും അതുവഴി രോഗപ്രതിരോധശേഷി നിലനിര്‍ത്താനും സാധിക്കുന്നു.

പിറ്റ്യൂറ്ററി ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നത് തൈമസ് ഗ്രന്ഥിയുടെ വലുപ്പം വര്‍ധിക്കാനിടയാക്കുന്നു. എന്നാല്‍ പിറ്റ്യൂറ്ററി ഗ്രന്ഥി നീക്കം ചെയ്യുന്നതും ലൈംഗിക ഹോര്‍മോണുകള്‍ ഉള്‍പ്പെടെയുള്ള ചില ഹോര്‍മോണുകള്‍ കുത്തിവയ്ക്കുന്നതും തൈമസിന്റെ വലുപ്പം കുറയാനിടയാക്കും. അക്രോമെഗാലി, തൈറോടോക്സിക്കോസിസ്, അഡിസണ്‍സ് എന്നീ രോഗങ്ങള്‍ക്ക് അനുബന്ധമായി തൈമസിന് അമിത വളര്‍ച്ച ഉണ്ടാകാറുണ്ട്.

തൈമസ് ഗ്രന്ഥിയിലുണ്ടാകുന്ന മുഴയാണ് തൈമോമ (thymoma). മനുഷ്യരില്‍ പേശീതളര്‍ച്ചയ്ക്കും പക്ഷാഘാതത്തിനും കാരണമാകുന്ന മയാസ്തെനിയ ഗ്രാവിസ് (myasthenia gravis) എന്ന രോഗം ബാധിച്ചവരില്‍ തൈമസ് ഗ്രന്ഥിയില്‍ വീക്കമോ മുഴയോ ഉണ്ടാകാം. മനുഷ്യരില്‍ ഇത്തരം മുഴകള്‍ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ തടയുന്നതിനാല്‍ വിളര്‍ച്ച (anaemia) ഉണ്ടാകുന്നു. മുഴകള്‍ നീക്കം ചെയ്യലാണ് രോഗത്തിനുള്ള മുഖ്യ പ്രതിവിധി.

തൈമോസിന്‍

തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍. ഇത് ഒരു ബഹുപെപ്റ്റൈഡ് ഹോര്‍മോണ്‍ ആണ്. തൈമസ് ഗ്രന്ഥിയുടെ അന്തഃചര്‍മത്തില്‍നിന്ന് ഉദ്ഭവിക്കുന്ന ജാലികാകോശങ്ങളാണ് ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. ഹൃദയത്തോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഒരു അന്തഃസ്രാവിയാണ് തൈമസ്. നവജാതശിശുക്കളില്‍ ഏറ്റവും വലുതായിരിക്കുന്ന ഗ്രന്ഥി യൗവനാരംഭത്തോടെ ഉള്‍വലിയുന്നു. തൈമസ് ഗ്രന്ഥിക്കുള്ളിലും ശരീരത്തിലെ പല അവയവങ്ങളിലും തൈമോസിന്‍ പ്രഭാവം ചെലുത്തുന്നു. ഭ്രൂണത്തിലുള്ള അപക്വ തൈമോസൈറ്റുകളുടെയും കരള്‍, മജ്ജ എന്നിവയുടെ കാണ്ഡകോശങ്ങളുടെയും വളര്‍ച്ചയെ തൈമോസിന്‍ നിയന്ത്രിക്കുന്നു. ലസികാകോശങ്ങളുടെ മൊത്തം എണ്ണം വര്‍ധിക്കുന്നതും അവ പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നതും തൈമോസിനിന്റെ പ്രഭാവം മൂലമാണ്. അപക്വ ലസികാകോശങ്ങള്‍ക്ക് പ്രതിരോധക്ഷമത ഇല്ലാത്തതിനാല്‍ ശൈശവദശയില്‍ രോഗപ്രതിരോധക്ഷമതയുണ്ടാകുന്നത് തൈമോസിനിന്റെ പ്രവര്‍ത്തനഫലമായാണ്. അതിനാല്‍ തൈമസ് ഗ്രന്ഥിയുടെ അഭാവമോ വളര്‍ച്ചക്കുറവോ ആണ് വിവിധ പ്രതിരക്ഷാ-അപര്യാപ്തതാ രോഗങ്ങള്‍ (immunological deficiency diseases)ക്കു കാരണം. ബാഹ്യ ആന്റിജനുകളോടുള്ള പ്രതികരണം കുറയുകയോ തീര്‍ത്തും ഇല്ലാതാവുകയോ ചെയ്യുന്നതുമൂലം ആന്റിബോഡികള്‍ സംശ്ലേഷിപ്പിക്കാനാവാത്തതാണ് രോഗപ്രതിരോധക്ഷമത കുറയുവാനിടയാക്കുന്നത്. സ്വപ്രതിരക്ഷാ തകരാറുകള്‍ (autoimmune disorders) പോലെയുള്ള പ്രാഥമിക പ്രതിരക്ഷാവൈകല്യങ്ങള്‍ക്കും അര്‍ബുദം പോലെയുള്ള രോഗങ്ങള്‍ക്കും അര്‍ബുദകാരക വൈറസുകള്‍, പൂപ്പല്‍, ബാക്റ്റീരിയങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന രോഗങ്ങള്‍ക്കും മൂലകാരണം തൈമോസിന്റെ അപര്യാപ്തതയോ പ്രവര്‍ത്തനവൈകല്യമോ ആണ് എന്നു പഠനങ്ങള്‍ തെളിയിക്കുന്നു.

തൈറോട്രോഫിക് ഹോര്‍മോണ്‍

പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ ഉത്തരഖണ്ഡത്തില്‍നിന്നു സ്രവിക്കുന്ന ഹോര്‍മോണ്‍. തൈറോയ്ഡ് ഗ്രന്ഥികളുടെ ഹോര്‍മോണ്‍സ്രാവം ത്വരിപ്പിക്കുന്ന ഈ ഹോര്‍മോണ്‍ തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ അഥവാ ടി.എസ്.എച്ച്. (Thyroid Stimulating Hormone TSH) എന്നും അറിയപ്പെടുന്നു. പിറ്റ്യൂറ്ററി ഗ്രന്ഥി സ്രവിപ്പിക്കുന്ന ഈ ഹോര്‍മോണ്‍ രക്തത്തിലൂടെ തൈറോയ്ഡ് ഗ്രന്ഥിയിലെത്തിച്ചേരുന്നു.

ടൈറോസിന്‍ എന്ന അമിനോഅമ്ലത്തെയും അയഡിനെയും തൈറോക്സിന്‍ (T4), ട്രൈഅയഡോ തൈറോനീന്‍ (T3) എന്നീ ഹോര്‍മോണുകളാക്കി മാറ്റുകയാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ഏറ്റവും പ്രധാന ധര്‍മം. ഒരു വ്യക്തിക്ക് ഒരു ദിവസം സു. 100-200 μg അയഡിനാണ് ഭക്ഷണത്തില്‍നിന്നു ലഭിക്കുന്നത്. അയഡൈഡ് രൂപത്തിലുള്ള അയഡിന്‍ ജഠരാന്ത്രപഥത്തില്‍നിന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. രക്തത്തില്‍നിന്ന് ആഗിരണം ചെയ്യുന്ന അയഡിന്‍ തൈറോയ്ഡ് ഗ്രന്ഥിയില്‍ സാന്ദ്രീകരിക്കപ്പെടുന്നു. ഈ ആഗിരണത്തെ ത്വരിപ്പിക്കുകയാണ് ടി.എസ്.എച്ച്. ചെയ്യുന്നത്. തൈറോയ്ഡ് ഹോര്‍മോണുകള്‍ ഒരു ഗ്ളൈക്കോപ്രോട്ടീനുമായി ചേര്‍ന്ന് തൈറോഗ്ളോബുലിനായാണ് ഗ്രന്ഥിയില്‍ സംഭരിക്കപ്പെട്ടിട്ടുള്ളത്. മാംസ്യ അപഘടക എന്‍സൈമായ പ്രോട്ടിയേസിന്റെ പ്രവര്‍ത്തന ഫലമായാണ് ഹോര്‍മോണുകള്‍ സ്വതന്ത്രമാക്കപ്പെടുന്നത്. ഈ എന്‍സൈമുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതും ടി.എസ്.എച്ചിന്റെ ധര്‍മമാണ്.

രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണുകളുടെ അളവില്‍ നിന്നു ലഭിക്കുന്ന പൂര്‍വധാരണയനുസരിച്ചാണ് ടി.എസ്.എച്ച്. സ്രവിക്കപ്പെടുന്നത്. രക്തത്തിലെ ഹോര്‍മോണുകളുടെ അളവ് കുറയുന്നതോടെ പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍നിന്ന് തൈറോട്രോഫിക് ഹോര്‍മോണ്‍ സ്വതന്ത്രമാക്കുന്ന ഒരു ഘടകം (Thyrotrophin Release) ഹൈപോതലാമസില്‍ നിന്ന് പിറ്റ്യൂറ്ററി ഗ്രന്ഥിയിലെത്തി ടി.എസ്.എച്ച്. സ്രവം ഉളവാക്കുന്നു. തൈറോയ്ഡ് ഹോര്‍മോണ്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ ഇത് പ്രേരകമാകുന്നു. ആഹാരത്തില്‍ നിന്നു ലഭിക്കുന്ന അയഡിന്‍, ഹോര്‍മോണ്‍ ഉത്പാദനത്തിനു പര്യാപ്തമാകാതെ വരുമ്പോള്‍ രക്തത്തില്‍ ഹോര്‍മോണ്‍ കുറയുകയും തത്ഫലമായി ടി.എസ്.എച്ച്. കൂടുതല്‍ സ്രവിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ഇപ്രകാരം ഉണ്ടാകുന്ന ടി.എസ്.എച്ചിന് അയഡിന്‍ അപര്യാപ്തത മൂലം തുടര്‍ന്ന് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴാണ് തൈറോയ്ഡ് ഗ്രന്ഥി വീക്കം അഥവാ ഗോയിറ്റര്‍ എന്ന രോഗം സംജാതമാകുന്നത്.

തൈറോയ്ഡ് ഗ്രന്ഥി

മനുഷ്യശരീരത്തിലെ ഒരു അന്തഃസ്രാവി ഗ്രന്ഥി. അന്ത്രഃസ്രാവികളില്‍വച്ച് ഏറ്റവും വലുപ്പം കൂടിയ ഗ്രന്ഥിയാണിത്. നാളീരഹിത ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ ധര്‍മം ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുക എന്നതാണ്.

മനുഷ്യന്റെ കഴുത്തിനു മുന്‍ഭാഗത്ത് ശബ്ദനാള(larynx-voice)ത്തിനു തൊട്ടുതാഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. തൈറോയ്ഡ് ഗ്രന്ഥിക്ക് ശ്വസനനാളി(trachea)യുടെ ഇരുവശത്തുമായി കാണപ്പെടുന്ന രണ്ട് ദലങ്ങളുണ്ട്. ഈ ദലങ്ങള്‍ തമ്മില്‍ ഇസ്ത്മസ് (Isthmus) എന്ന നേരിയ കലകൊണ്ട് ബന്ധിച്ചിരിക്കുന്നു. പ്രായപൂര്‍ത്തിയെത്തിയവരില്‍ തൈറോയ്ഡ് 20 മുതല്‍ 40 വരെ ഗ്രാം തൂക്കമുള്ളതായിരിക്കും.

തൈറോയ്ഡ് ഗ്രന്ഥി പുടകകോശങ്ങള്‍ (follicular cells), വ്യതിരിക്ത പുടകകോശങ്ങള്‍ (Prafollicular cells) അഥവാ 'ര' കോശങ്ങള്‍ എന്നീ രണ്ടുതരത്തിലുള്ള സ്രവകോശങ്ങള്‍കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ ഭൂരിഭാഗവും പൊള്ളയും ഗോളാകാരവുമായ പുടകങ്ങളുടെ രൂപത്തിലുള്ള പുടകകോശങ്ങളാണ്. ഈ കോശങ്ങളില്‍നിന്നാണ് അയഡിന്‍ അടങ്ങിയ തൈറോക്സിന്‍ (T4), ട്രൈ അയഡോതൈറോനിന്‍ (T3) എന്നീ ഹോര്‍മോണുകള്‍ സ്രവിക്കുന്നത്. ഈ പുടകങ്ങള്‍ T3 , T4 ഹോര്‍മോണുകളുടെ ഉത്പാദനത്തിനാവശ്യമായ കൊളോയ്ഡിയവും അര്‍ധദ്രവവും ആയ മഞ്ഞനിറമുള്ള വസ്തുകൊണ്ട് നിറഞ്ഞിരിക്കുന്നു.

വ്യതിരിക്ത കോശങ്ങള്‍ പുടകകോശങ്ങള്‍ക്കിടയില്‍ ഒറ്റയായോ ചെറുകൂട്ടങ്ങളായോ കാണപ്പെടുന്നു. ഈ കോശങ്ങളാണ് തൈറോകാല്‍സിറ്റോണിന്‍ (thyrocalcitonine) എന്ന ഹോര്‍മോണിന്റെ പ്രഭവസ്ഥാനം. പുടകകോശങ്ങള്‍ക്കിടയില്‍ അസംഖ്യം രക്തസൂക്ഷ്മധമനി(blood capillaries)കളും ചെറിയ മേദോവാഹിനി(lymphatic vessels)കളും സംലഗ്നകല(connective tissue)യും ഉണ്ടായിരിക്കും. പുടകങ്ങളുടെ മധ്യഭാഗത്തായി തൈറോഗ്ളോബുലിന്‍ (thyroglobulin) എന്ന വസ്തു ശേഖരിക്കപ്പെടുന്നു.

T3 , T4 ഹോര്‍മോണുകള്‍ മനുഷ്യശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തന നിരക്ക് നിര്‍ണയിക്കുന്നു. ഓക്സിജനെയും പോഷകങ്ങളെയും ശരീരത്തിനാവശ്യമായ ഊര്‍ജവും താപവും ആക്കി മാറ്റിക്കൊണ്ടാണ് ഉപാപചയ പ്രവര്‍ത്തനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഈ ഹോര്‍മോണുകളാണ് അഞ്ചുവയസ്സുവരെ മനുഷ്യന്റെ മസ്തിഷ്ക വികാസത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്. ശൈശവത്തിലും കൌമാരത്തിലും വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതും അസ്ഥികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതും ഈ ഹോര്‍മോണുകളാണ്. ആജീവനാന്തം കരള്‍, വൃക്ക, ഹൃദയം, അസ്ഥിപേശികള്‍ എന്നിവയെ T3 , T4 ഹോര്‍മോണുകള്‍ സ്വാധീനിക്കുന്നു. തൈറോകാല്‍സിറ്റോണിന്‍ ഹോര്‍മോണ്‍ അസ്ഥികളില്‍നിന്നുള്ള കാത്സ്യം രക്തത്തിലേക്കു പ്രവഹിക്കുന്നതിനെ സാവകാശത്തിലാക്കുന്നു.

ഹൈപ്പോതലാമസും പിറ്റ്യൂറ്ററി (pituitary) ഗ്രന്ഥിയുടെ മുന്‍ഭാഗവുമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത്. പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ തൈറോട്രോഫിക് (thyrotrophic) കോശങ്ങള്‍ തൈറോയ്ഡ് ഉത്തേജക ഹോര്‍മോണായ തൈറോട്രോപിന്‍ (TSH) ഉത്പാദിപ്പിക്കുന്നു. ഈ ഹോര്‍മോണാണ് തൈറോയ്ഡിന്റെ വികാസവും പ്രവര്‍ത്തനവും രക്തത്തിലെ T3 , T4 സാന്ദ്രതയും നിര്‍ണയിക്കുന്നത്.

സാധാരണ രീതിയിലുള്ള തൈറോയ്ഡ് അവസ്ഥ യൂതൈറോയ്ഡ് (euthyroid) എന്നും പ്രവര്‍ത്തനക്ഷമത കുറഞ്ഞ അവസ്ഥ ഹൈപ്പോതൈറോയ്ഡ് (hyperthyroid) എന്നും അതിസജീവമായ അവസ്ഥ ഹൈപ്പര്‍തൈറോയ്ഡ് (hyperthyroid) എന്നും അറിയപ്പെടുന്നു.

തൈറോയ്ഡ് ഗ്രന്ഥി ശിശുക്കളുടെ വളര്‍ച്ചയിലും വികാസത്തിലും പ്രധാന പങ്കുവഹിക്കുന്നു. ജനിച്ച ഉടനെതന്നെ പരിശോധനകള്‍ നടത്തി തൈറോയ്ഡ് അവസ്ഥ മനസ്സിലാക്കാനാവും. കൃത്രിമമായി ഹോര്‍മോണ്‍ ചികിത്സ നടത്തി വളര്‍ച്ച മുരടിക്കല്‍, മാനസിക വൈകല്യങ്ങള്‍ തുടങ്ങിയ ജന്മജാത വൈകല്യങ്ങളെ (cretinsm) തടയാന്‍ കഴിയും. ഹോര്‍മോണ്‍ ഉത്പാദനം കുറവായിരിക്കുമ്പോള്‍ തൈറോയ്ഡ് ഗ്രന്ഥി വളര്‍ന്നു വലുതാകുന്നു. കഴുത്തിലെ മുഴപോലെ പുറമേ കാണുന്ന വലുപ്പം കൂടിയ തൈറോയ്ഡ് ഗോയിറ്റര്‍ രോഗം എന്ന് അറിയപ്പെടുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമതയിലെ മാറ്റം പ്രതിരോധശേഷിയിലും മാറ്റം വരുന്നതിനു കാരണമാകാറുണ്ട്.

തൈറോയ്ഡ് ഗ്രന്ഥിയെ അപൂര്‍വമായി അര്‍ബുദരോഗം ബാധിക്കാറുണ്ട്. ഇത് ചികിത്സിച്ചു ഭേദമാക്കാനാകുന്നതാണ്.

തൈറോയ്ഡ് ഗ്രന്ഥിയുടെ ദലങ്ങള്‍ക്കു പിന്നിലായി കാണപ്പെടുന്ന പയറിനോളം വലുപ്പവും അണ്ഡാകൃതിയുമുള്ള രണ്ടുജോഡി ഗ്രന്ഥികളാണ് പാരാതൈറോയ്ഡ്. ചില മനുഷ്യരില്‍ ഒരു പാരാതൈറോയ്ഡ് ഗ്രന്ഥി മാത്രമേ കാണപ്പെടുന്നുള്ളൂ; അപൂര്‍വമായി രണ്ടുജോഡിയിലധികം ഗ്രന്ഥികള്‍ കഴുത്തിലോ നെഞ്ചിലോ ആയി കാണപ്പെടാറുണ്ട്.

പാരാതൈറോയ്ഡ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായകമാണ്. പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ അമിതപ്രവര്‍ത്തനം ഹൈപ്പര്‍പാരാതൈറോയ്ഡിസം (hyperparathyroidism) എന്ന രോഗത്തിനു കാരണമാകുന്നു. ഇത് അസ്ഥികളുടെ തേയ്മാനത്തിനും മൂത്രാശയക്കല്ലുകളുണ്ടാകുന്നതിനും കാരണമാകാറുണ്ട്. പാരാതൈറോയ്ഡ് പ്രവര്‍ത്തനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോപാരാതൈറോയ്ഡിസം (hypoparathyroidism). നോ: അന്തഃസ്രാവികള്‍; അന്തഃസ്രവ വിജ്ഞാനീയം; അനാറ്റമി

തൈറോയ്ഡ് ഹോര്‍മോണുകള്‍

തൈറോയ്ഡ് ഗ്രന്ഥിയില്‍നിന്നു സ്രവിക്കുന്ന മൂന്ന് ഹോര്‍മോണുകള്‍. ഇവയില്‍ തൈറോക്സിന്‍ അഥവാ ടെട്രാ അയഡോ തൈറോനീന്‍ (T4) , ട്രൈ അയഡോ തൈറോനീന്‍ (T3) എന്നീ ഹോര്‍മോണുകള്‍ ശരീരത്തില്‍ ഓക്സിജന്റെ ഉപഭോഗം വര്‍ധിപ്പിച്ച് ഉപാപചയ പ്രക്രിയയുടെ നിരക്ക് കൂട്ടുന്നു. രക്തത്തില്‍ കാല്‍സിയത്തിന്റെ അളവ് നിയന്ത്രിക്കുകയാണ് മൂന്നാമത്തെ ഹോര്‍മോണായ തൈറോ കാല്‍സിടോണിന്റെ പ്രധാന ധര്‍മം. ശരീരപേശികളില്‍നിന്ന് കാല്‍സിയവും ഫോസ്ഫറസും രക്തത്തിലേക്ക് പുനരാഗിരണം ചെയ്യുന്നത് തടയുന്നതും തൈറോകാല്‍സിടോണിന്‍ ആണ്.

തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്ന് T3 ,T4 എന്നീ ഹോര്‍മോണുകള്‍ മാത്രമേ സ്രവിക്കുന്നുള്ളൂ എന്നായിരുന്നു മുന്‍കാലങ്ങളിലെ ധാരണ. ഹരോള്‍ഡ് കോപ്പ് 1961-ല്‍ കാല്‍സിടോണിന്‍ എന്ന ഹോര്‍മോണിന്റെ സാന്നിധ്യം കണ്ടെത്തി. പാരാതൈറോയ്ഡ് ഗ്രന്ഥിയാണ് ഈ ഹോര്‍മോണ്‍ സ്രവിപ്പിക്കുന്നതെന്നാണ് ഇദ്ദേഹം കരുതിയിരുന്നത്. എന്നാല്‍ 1963-ല്‍ ഈ ഹോര്‍മോണ്‍ തൈറോയ്ഡ് ഗ്രന്ഥിയുടെതന്നെ സ്രവമാണെന്നു കണ്ടെത്തുകയും ഇതിനെ തൈറോകാല്‍സിടോണിന്‍ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1967-ല്‍ തൈറോകാല്‍സിടോണിന്‍ ശുദ്ധമായ അവസ്ഥയില്‍ വേര്‍തിരിക്കുകയും 1968-ല്‍ സംശ്ലേഷണം ചെയ്യുകയും ചെയ്തു. 33 അമിനോ അമ്ലങ്ങളടങ്ങുന്ന ഒരു പോളിപെപ്റ്റെഡാണ് തൈറോകാല്‍സിടോണിന്‍ (തന്മാത്രാ ഭാരം 3800). എന്നാല്‍ തൈറോനീനുകളുടെ വ്യുത്പന്നങ്ങളാണ് മറ്റു രണ്ട് ഹോര്‍മോണുകള്‍.

T3 ,T4 ഹോര്‍മോണുകള്‍ രാസ-ജൈവ പ്രവര്‍ത്തനങ്ങളില്‍ സമാന സ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. 1919-ല്‍ കെന്‍ഡാല്‍ ആണ് തൈറോക്സിന്‍ ആദ്യമായി വേര്‍തിരിച്ചെടുത്തത്. തുടര്‍ന്ന് 1926-ല്‍ ഹാരിങ്ടണ്‍ തൈറോക്സിന്റെ ഘടന വിശദീകരിക്കുകയും വെളുത്ത നിറമുള്ള പരലുകളുടെ രൂപത്തില്‍ ശുദ്ധമായ തൈറോക്സിന്‍ (T4) വേര്‍തിരിക്കുകയും ചെയ്തു (1930).

ഭക്ഷണത്തിലൂടെ ലഭിക്കുന്ന അയഡിന്‍ രക്തത്തിലെത്തിച്ചേരുമ്പോള്‍ തൈറോയ്ഡ് ഗ്രന്ഥി ആഗിരണം ചെയ്യുന്നു. ഗ്രന്ഥിയിലെ ഫോളിക്കിളിനുള്ളില്‍ അടങ്ങിയിരിക്കുന്ന തൈറോഗ്ളോബുലിന്‍ എന്ന പ്രോട്ടീനിലെ അമിനോ അമ്ളമായ എല്‍-ടൈറോസി(L-tyrosine)നുമായി ചേര്‍ന്ന് മോണോ അയഡോ ടൈറോസിനും തുടര്‍ന്ന് ഒരു അയഡിന്‍ തന്മാത്രയുമായി സങ്കലനം ചെയ്ത് ഡൈ അയഡോ ടൈറോസിനും രൂപീകരിക്കുന്നു. ഈ അയഡിനീകൃത ടൈറോസിന്‍ തന്മാത്രകള്‍ തൈറോയ്ഡ് പെറോക്സിഡേസ് എന്ന എന്‍സൈമിന്റെ പ്രഭാവംമൂലം സങ്കലനം ചെയ്ത് T3 ,T4 എന്നീ രണ്ട് ഹോര്‍മോണുകള്‍ ഉണ്ടാകുന്നു. ഇവ തൈറോഗ്ളോബുലിനുമായി ചേര്‍ന്ന് ഗ്രന്ഥിയുടെ ഫോളിക്കിളിനുള്ളിലെ സുഷിരങ്ങളില്‍ത്തന്നെ നിലനില്ക്കുന്നു. അവിടെനിന്ന് ആവശ്യാനുസരണം ഈ ഹോര്‍മോണുകള്‍ ജലാപഘടനത്തിനു വിധേയമായശേഷം രക്തത്തിലെത്തിച്ചേരുന്നു. തുടര്‍ന്ന് രക്തത്തിലെ പ്ലാസ്മ പ്രോട്ടീനുകളു(thyroid binding proteins)മായി സംയോജിച്ചാണ് ഈ ഹോര്‍മോണുകള്‍ ശരീരകോശങ്ങളിലേക്ക് സംവഹനം ചെയ്യപ്പെടുന്നത്. വിവിധ ശരീരകലകള്‍ വ്യത്യസ്ത നിരക്കിലാണ് ഹോര്‍മോണുകള്‍ ആഗിരണം ചെയ്യുന്നത്. ഉദാ. കരള്‍ ദ്രുതഗതിയിലും തലച്ചോറ് മന്ദഗതിയിലുമാണ് തൈറോക്സിന്‍ സ്വീകരിക്കുന്നത്. ഹോര്‍മോണുകളുടെ സംശ്ലേഷണ നിരക്ക് ഭക്ഷണത്തിലൂടെ ലഭിക്കുന്ന അയഡിന്റെ അളവിനെയും പിറ്റ്യൂറ്ററിഗ്രന്ഥി സ്രവിപ്പിക്കുന്ന തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണി(ടി.എസ്.എച്ച്.)ന്റെ പ്രഭാവത്തെയും ആശ്രയിച്ചിരിക്കുന്നു.

ശരീരത്തിന്റെ വളര്‍ച്ചയ്ക്കും ശരിയായ പ്രവര്‍ത്തനത്തിനും T3,T4 എന്നീ ഹോര്‍മോണുകള്‍ ശരിയായ അളവില്‍ ഉത്പാദിപ്പിക്കപ്പെടേണ്ടത് ആവശ്യമാണ്. എല്ലാ ശരീരകലകളിലും പൊതുവേ പ്രഭാവം ചെലുത്താന്‍ ശേഷിയുള്ള അപൂര്‍വം ഹോര്‍മോണുകളില്‍ ഒന്നാണ് തൈറോക്സിന്‍. T3-യും T4 -ഉം അപര്യാപ്തമാകുമ്പോള്‍ എല്ലാ കോശങ്ങളിലെയും ഉപാപചയ പ്രക്രിയകള്‍ പൊതുവേ കുറയുകയും ന്യൂക്ലിയിക് അമ്ലങ്ങളുടെയും പ്രോട്ടീനുകളുടെയും സംശ്ലേഷണം സാവധാനത്തിലാവുകയും ചെയ്യുന്നു. ഏതാണ്ട് എല്ലാ ഉപാപചയ പ്രക്രിയകളിലും പ്രഭാവം ചെലുത്തുന്നതുകൊണ്ടുതന്നെ ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം പൂര്‍ണമായി വിശദീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മൈറ്റോകോണ്‍ഡ്രിയയില്‍ നടക്കുന്ന ഓക്സിഡേറ്റീവ് ഫോസ്ഫോറിലേഷന്‍ - കോശങ്ങളിലെ ഊര്‍ജോത്പാദന ഘടകമായ എ.റ്റി.പിയുടെ രൂപീകരണം - ആണ് തൈറോക്സിന്റെ പ്രധാന ധര്‍മമെന്നു കരുതുന്നു. നിര്‍ണായകമായ ചില ന്യൂക്ളിയിക് അമ്ലങ്ങളുടെയും പ്രോട്ടീനുകളുടെയും സംശ്ലേഷണമാണ് തൈറോക്സിന്റെ പ്രധാന ധര്‍മമെന്ന മറ്റൊരു വാദവും നിലവിലുണ്ട്.

തൈറോകാല്‍സിടോണിന്റെ ഉത്പാദനം, സംവഹനം എന്നീ പ്രക്രിയകള്‍ വ്യക്തമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. പാരന്‍കൈമകോശങ്ങളിലാണ് തൈറോകാല്‍സിടോണിന്‍ സംശ്ലേഷണം ചെയ്ത് ശേഖരിക്കപ്പെടുന്നത്. രക്ത പ്ലാസ്മയില്‍ കാല്‍സിയത്തിന്റെ അളവ് സാധാരണ നിലയില്‍നിന്ന് വളരെ ഉയരുമ്പോഴാണ് ഈ ഹോര്‍മോണ്‍ സ്രവിക്കപ്പെടുന്നത്.

തൈറോയ്ഡ് ഗ്രന്ഥിക്കോ പൂര്‍വ പിറ്റ്യൂറ്ററി ഗ്രന്ഥിക്കോ ഉണ്ടാകുന്ന തകരാറുകള്‍, ടി.എസ്.എച്ച്. സ്രവത്തിലുണ്ടാകുന്ന കുറവ് എന്നിവ T3,T4 ഹോര്‍മോണുകളുടെ അപര്യാപ്തത അഥവാ ഹൈപ്പോതൈറോയിഡിസത്തിനു നിദാനമാകുന്നു. ടി.എസ്.എച്ച്. ഉത്പാദനത്തിലുണ്ടാകുന്ന കുറവ് ദ്വിതീയ മിക്സെഡീമ(secondary myxedema)യ്ക്കും തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറ് പ്രാഥമിക മിക്സെഡീമയ്ക്കും കാരണമാകുന്നു. ഈ രണ്ട് രോഗാവസ്ഥകളിലും അയഡിനും ഓക്സിജനും ആഗിരണം ചെയ്യുന്ന അളവും ഉപാപചയ നിരക്കും കുറയുന്നു. വരണ്ട ചര്‍മം, അതിയായ ക്ഷീണം, ഉറക്കംതൂങ്ങല്‍, തണുപ്പ് സഹിക്കാന്‍ കഴിയാതെ വരിക എന്നിവയും അപര്യാപ്തതാ ലക്ഷണങ്ങളാണ്. തൈറോയ്ഡ് ഗ്രന്ഥിക്ക് വീക്കവും (ഗോയിറ്റര്‍) ഉണ്ടാകാറുണ്ട്. അയഡിന്റെ അപര്യാപ്തത മൂലമോ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ T3,T4 ഹോര്‍മോണുകളുടെ ഉത്പാദനം കുറയുമ്പോള്‍ ഇവ വര്‍ധിപ്പിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക ശ്രമമെന്ന നിലയ്ക്ക് ടി.എസ്. എച്ച്. ഉത്പാദനം വര്‍ധിക്കുന്നതാണ് സാധാരണ ഗോയിറ്ററിനു കാരണമാകുന്നത്.

T3,T4 ഹോര്‍മോണുകളുടെ അമിതോത്പാദനവും (ഹൈപ്പര്‍ തൈറോയ്ഡിസം) ചിലപ്പോള്‍ ഗോയിറ്ററിനു കാരണമാകാറുണ്ട്. ഉപാപചയ നിരക്ക്, ശരീരത്തിന്റെ താപനില, നെഞ്ചിടിപ്പ്, വിശപ്പ് എന്നിവ വര്‍ധിക്കുക; ശരീരം മെലിയുക; അമിതമായി വിയര്‍ക്കുകയും വിറയ്ക്കുകയും ചെയ്യുക എന്നിവയാണ് ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍. 20-നും 40-നും മധ്യേ പ്രായമുള്ള സ്ത്രീകളിലാണ് ഇത് സാധാരണ കണ്ടുവരുന്നത്.

തൈറോകാല്‍സിടോണിന്റെ അപര്യാപ്തതയോ അമിതോത്പാദനമോമൂലം രോഗങ്ങള്‍ ഉണ്ടാകുന്നതായി ഇതുവരെ നിര്‍ണയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ നവജാതശിശുക്കളിലെ ഇഡിയോപതിക് ഹൈപ്പര്‍ കാല്‍സീമിയയും പ്രായപൂര്‍ത്തിയായവരിലെ ഹൈപ്പര്‍ കാല്‍സീമിയയും തൈറോകാല്‍സിടോണിന്‍ ചികിത്സമൂലം ഭേദപ്പെടുത്തുവാന്‍ സാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് അവസ്ഥകളിലും രക്തത്തിലെ കാല്‍സിയത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. വൃക്കകളുടെ കാല്‍സീകരണവും മറ്റുചില മാരക രോഗങ്ങളും ഇതിന്റെ അനന്തരഫലമായി ഉണ്ടാകാം. പേശി ഉപാപചയ തകരാറുകള്‍ക്കും തൈറോകാല്‍സിടോണിന്‍ ചികിത്സ ഫലപ്രദമാണ്.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate