Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

തൈറോയിഡ് രോഗവും പരിഹാരവും

തൈറോയിഡ് രോഗവും അതിനുള്ള പരിഹാരവും

തൈറോയിഡ് രോഗവും ആര്‍ത്തവ പ്രശ്‌നങ്ങളും

തൈറോയ്ഡ് ഹോര്‍മോണിലെ പ്രധാന ഘടകം അയഡിനാണ്. അതിനാല്‍ ഭക്ഷണത്തില്‍ അയഡിന്റെ അംശം കുറഞ്ഞാല്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനം കുറയുകയും അനുബന്ധലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഈ പ്രശ്‌നം ഭക്ഷണത്തിലൂടെ തന്നെ പരിഹരിക്കാവുന്നതാണ്'.

സ്ത്രീകളില്‍ തൈറോയിഡ് രോഗങ്ങള്‍ വര്‍ധിച്ചു വരികയാണ്. കഴുത്തിലെ മുഴയെപ്പറ്റിയുള്ള വേവലാതിയുമായി ആശുപത്രിയിലെത്തുന്ന കൗമാരക്കാരായ പെണ്‍കുട്ടികളുടെ എണ്ണം തന്നെയാണ് ഇതിനുള്ള തെളിവ്.

കണ്ണാടിയില്‍ നോക്കുമ്പോള്‍ തൊണ്ടയില്‍ മുഴയുള്ളതായി മിക്കവര്‍ക്കും തോന്നാറുണ്ട്. എന്നാല്‍ തടിച്ച ശരീരപ്രകൃതിയുള്ളവരില്‍ ഇത് കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല.

തൈറോയിഡ്

കഴുത്തിന്റെ മുന്‍വശത്തായി സ്ഥിതിചെയ്യുന്ന അന്തസ്രാവീഗ്രന്ഥിയാണ് തൈാറോയ്ഡ്. നമ്മുടെ ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്.

ഇതില്‍ നല്ലൊരു ശതമാനവും ഉപദ്രവകാരിയല്ലാത്ത ഫിസിയോളജിക്കല്‍ ഗോയിറ്ററാണ്.

കുട്ടികളിലെ രണ്ടാംഘട്ടം വളര്‍ച്ചയുടെ ഘട്ടത്തിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കാരണം ഈ സമയത്ത് ഹോര്‍മോണിന്റെ ഉപഭോഗം കൂടുതലായിരിക്കും.

ഇങ്ങനെ ഗ്രന്ഥിക്കുണ്ടാകുന്ന താത്ക്കാലിക വീക്കം പൂര്‍ണമായും ഭേദമാക്കാം. ചുരുക്കം ചിലരില്‍ ഇത് അപകടകരമായ ഗോയിറ്ററുമാകാം.

അയഡിന്റെ അഭാവം

തൈറോയ്ഡ് ഹോര്‍മോണിലെ പ്രധാന ഘടകം അയഡിനാണ്. അതിനാല്‍ ഭക്ഷണത്തില്‍ അയഡിന്റെ അംശം കുറഞ്ഞാല്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനം കുറയുകയും അനുബന്ധ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

ഈ പ്രശ്‌നം ഭക്ഷണത്തിലൂടെ തന്നെ പരിഹരിക്കാവുന്നതാണ്. കടല്‍മത്സ്യം, സെഡാര്‍ ചീസ്, പാല്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട ഇവയെല്ലാം അയഡിന്‍ സമ്പുഷ്ടമാണ്. അയഡിന്‍ ചേര്‍ന്ന ഉപ്പ് പാചകത്തിന് ഉപയോഗിക്കുന്നതാണ് ഉത്തമം.

ഭക്ഷണത്തിലെ പോരായ്മകള്‍ പരിഹരിച്ചാലും ചില വ്യക്തികളില്‍ തൈറോയ്ഡിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കും. ഗ്രന്ഥിയെ ബാധിക്കുന്ന ഇന്‍ഫ്‌ളേഷന്‍, അണുബാധ, ചില ഔഷധങ്ങള്‍ (ലിഥിയം, അമിസെറോണ്‍) തുടങ്ങിയവ റേഡിയേഷന്‍ ചികിത്സ, പ്രസവാനന്തരമുള്ള ശാരീരികാവസ്ഥ തുടങ്ങിയ കാരണങ്ങളാലും ഇത് സംഭവിക്കാം.

ഇന്ത്യയില്‍ ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ നല്ലൊരു ശതമാനത്തിനും തൈറോയ്ഡ് പ്രവര്‍ത്തനം മന്ദീഭവിച്ചതായി കാണുന്നുണ്ട്. തൈറോയിഡ് ഹോര്‍മോണിന്റെ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും അണ്ഡവിസര്‍ജനത്തെ ബാധിക്കും. ഇതുമൂലം ആര്‍ത്തവം കൂടിയോ കുറഞ്ഞോ വരാം.

ഹൈപ്പോ തൈറോയിഡിസം

തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയിഡിസം. കുട്ടികളിലെ ഹൈപോ തൈറോയ്ഡിസം വളര്‍ച്ച മുരടിക്കല്‍, ബുദ്ധിമാന്ദ്യം തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.

മുതിര്‍ന്നവരില്‍ ഹൈപ്പോ തൈറോയ്ഡിസം മിക്‌സോഡിം എന്ന രോഗത്തിലേക്ക് നയിക്കുന്നു.

തണുപ്പിനോടുള്ള അസഹിഷ്ണുത സന്ധികളില്‍ വേദന, പേശീവലിവ്, വിഷാദരോഗം, അമിതവണ്ണം, വരണ്ടചര്‍മ്മം, മുടികൊഴിച്ചില്‍, മലബന്ധം, കൈകാല്‍തരിപ്പ്, പരുക്കന്‍ശബ്ദം, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുക, ആര്‍ത്തവം ക്രമമില്ലാതാവുക തുടങ്ങിയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

ഹൈപ്പര്‍ തൈറോയ്ഡിസം

തൈറോയ്ഡ് ഹോര്‍മോണിന്റെ അമിതോത്പാദനമാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ഇത് ഗൗരവമായ ഒരു രോഗമാണ്. അയഡൈയ്ഡ് ഉപ്പിന്റെ അമിതോപയോഗം.

പിറ്റിയൂട്ടറി ഗ്രന്ഥിയുടെയും തൈറോയ്ഡ്ഗ്രന്ഥിയിലും വരുന്ന മുഴകള്‍, കാന്‍സര്‍ എന്നിവയും തൈറോയ്ഡിന്റെ അമിത ഉത്പാദനത്തിന് കാരണമാകാം.

ലക്ഷണങ്ങള്‍

ചൂടിനോടുള്ള അസഹിഷ്ണുത, ഹൃദയമിടിപ്പ് കൂടുക, ശരീരം മെലിയുക, മുടികൊഴിച്ചില്‍, അമിതദാഹം, വിശപ്പ് തുടങ്ങി നിരവധി ലക്ഷണങ്ങള്‍ ഉണ്ട്.

ഹൈപ്പര്‍ തൈറോയ്ഡിസവും ഹൈപ്പോ തൈറോയ്ഡിസവും തൈറോയ്ഡ്ഗ്രന്ഥിയുടെ മാത്രം പ്രശ്‌നമാവണമെന്നില്ല. പിറ്റിയൂട്ടറിഗ്രന്ഥിയുടെ തകരാറുമൂലവും ഇത് സംഭവിക്കാം. വിദഗ്ദ്ധപരിശോധനയിലൂടെ മാത്രമേ ഇത് കണ്ടുപിടിക്കാനാവൂ.

തൊണ്ടമുഴ

തൈറോയ്ഡ്ഗ്രന്ഥിയിലുണ്ടാകുന്ന മുഴ അഥവാ വീക്കമാണ് ഗോയിറ്റര്‍. ഗോയിറ്ററുള്ള എല്ലാ രോഗികള്‍ക്കും ഗ്രന്ഥിക്ക് പ്രവര്‍ത്തനതകരാറുകള്‍ ഉണ്ടാകണമെന്നില്ല. പ്രവര്‍ത്തനത്തകരാറുകള്‍ ഉണ്ടെങ്കിലും, ഗോയിറ്റര്‍ ഉണ്ടാകണമെന്നില്ല.

മള്‍ട്ടി നോഡുലാര്‍ ഗോയിറ്റര്‍ (ചെറിയ മുഴകള്‍), കൊളോയ്ഡ് ഗോയിറ്റര്‍, ഗ്രന്ഥിയുടെ മൊത്തത്തിലുള്ള വീക്കം ഇവയെല്ലാം ഗോയിറ്ററായി കണക്കാക്കാം.

പരിശോധനകള്‍

പ്രാഥമിക പരിശോധനകള്‍ ടി.എസ്.എച്ച്, ടി3, ടി4 എന്നിവയും അള്‍ട്രാസൗണ്ട് സ്‌കാനിങ്ങുമാണ്. എഫ്.എന്‍.എ.സി, തൈറോഗ്ലോബുലിന്‍, ടി.പി.ഒ. ആന്റിജന്‍ തുടങ്ങിയ സങ്കീര്‍ണ്ണപരിശോധനകള്‍ ചില രോഗികള്‍ക്ക് ആവശ്യമായിവരാം.

ചികിത്സ

കാന്‍സര്‍ മുഴകള്‍, കാന്‍സര്‍ സാധ്യതയുള്ള മുഴകള്‍ എന്നിവ ഓപ്പറേഷനിലൂടെ നീക്കം ചെയ്യേണ്ടതും തുടര്‍ചികിത്സ ആവശ്യവുമാണ്.

ഹോമിയോ ചികിത്സ

തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനവൈകല്യംമൂലമുണ്ടാകുന്ന ഗോയിറ്റര്‍ അഥവാ തൊണ്ടമുഴയ്ക്ക് ഹോമിയോ ചികിത്സ ഫലപ്രദമാണ്. ഇതിന് ദീര്‍ഘകാലം ചികിത്സ ആവശ്യമായി വരാം.

അയഡം, കാല്‍ക്കേരിയാ ഫ്‌ളോര്‍, സ്‌പോന്‍ജിയ, ലാപിസ് ആല്‍ബാ, തൈറോക്‌സിന്‍ തുടങ്ങിയ മരുന്നുകളാണ് സാധാരണ നല്‍കുന്നത്. ഇവയ്ക്ക് പാര്‍ശ്വഫലങ്ങളില്ല.

ഡോ. വി. എസ്. അമ്പാടി

തൈറോയ്ഡ് എന്ന വില്ലന്‍

 

അതിരുകടന്ന ആകാംക്ഷ, ദേഷ്യം, ഭയം, ദു:ഖം ഈ ലക്ഷണങ്ങള്‍ കൂടുതലായി കാണുന്നുണ്ടോ? തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തകരാറാവാം ഈ അസ്വസ്ഥതകള്‍ക്ക് കാരണം.

ഈയിടെയായി നിനക്ക് ദേഷ്യം കുറച്ച് കൂടുതലാ, എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ ചൂടാകും. പിന്നെ മാറിയിരുന്നുള്ള കരച്ചിലും. നിനക്ക് എന്താ പറ്റിയത് അനൂ.. ശ്യാം ചോദിച്ചു.

എന്താണെന്നറിയില്ല, പെട്ടെന്ന് ദേഷ്യം വരും. ചിലസമയത്ത് സങ്കടവും.. അനു പറഞ്ഞു.
ഇന്ന് മിക്ക സ്ത്രീകളേയും അലട്ടുന്ന പ്രശ്നമാണിത്. വിഷാദം, ആകാംക്ഷ, വിട്ടുമാറാത്ത ഭയം, ദു:ഖം, ദേഷ്യം ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ സൂക്ഷിക്കുക. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തകരാറാവാം ഈ പ്രശ്നങ്ങള്‍ക്കു കാരണം.

തൈറോയ്ഡ് രോഗങ്ങള്‍


മനുഷ്യശരീരത്തില്‍ ചയാപചയപ്രവര്‍ത്തനത്തി(മെറ്റബോളിസം)ന്റെ തോത് നിയന്ത്രിച്ച് ശരിയായ മാനസിക വളര്‍ച്ചയ്ക്കാവശ്യമായ ന്ധ3, ന്ധ4 എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങള്‍ ശരീരത്തെ മാത്രമല്ല, മാനസിക ആരോഗ്യത്തെക്കൂടി ബാധിക്കുന്നു. രോഗംമൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മാനസിക സമ്മര്‍ദത്തിന് കാരണമാകാം.

കാരണങ്ങള്‍


പാരമ്പര്യം, അയഡിന്റെ കുറവ്, തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന ചിലതരം മുഴകള്‍, തൈറോയ്ഡ് ഗ്രന്ഥിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിബോഡികള്‍, അണുബാധ, റേഡിയേഷന്‍, എക്സ്‌റേ, തലച്ചോറിലെയോ പിറ്റിയൂറ്ററി ഗ്രന്ഥിയിലെയോ തകരാറുകള്‍ എന്നിവയാണ് തൈറോയ്ഡ് രോഗങ്ങളുടെ പ്രധാന കാരണങ്ങള്‍.

ഗോയിറ്റര്‍


തൈറോയ്ഡ് ഗ്രന്ഥിയില്‍ വീക്കമുണ്ടായി കഴുത്തില്‍ മുഴപോലെ തോന്നുന്ന അവസ്ഥയാണ് ഗോയിറ്റര്‍. അയഡിന്റെ അളവ് കുറയുന്നതാണ്് ഇതിന്റെ പ്രധാന പ്രധാന കാരണം.

ലക്ഷണങ്ങള്‍

 

കഴുത്തിന്റെ കീഴ്ഭാഗത്തുണ്ടാകുന്ന വീക്കം, ആഹാരം വിഴുങ്ങുമ്പോള്‍ തടസം,ശ്വാസതടസം എന്നിവ.

ഹൈപ്പോതൈറോയ്ഡിസം


തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവുമൂലം ഹോര്‍മോണുകള്‍ കുറയുന്ന അവസ്ഥ.

ലക്ഷണങ്ങള്‍


അമിതമായ ഉറക്കം, അമിതവണ്ണം, അലസത, ശരീരഭാഗങ്ങളില്‍ നീര്, കിതപ്പ്, ആര്‍ത്തവസമയത്തെ അമിത രക്തസ്രാവം, അമിതമായ തണുപ്പ്, ശബ്ദത്തില്‍ ഉണ്ടാകുന്ന വ്യതിയാനം, മുടി കൊഴിച്ചില്‍, ചര്‍മവരള്‍ച്ച, ക്രമം തെറ്റിയ ആര്‍ത്തവം എന്നിവയാണു ഹൈപ്പോ തൈറോയ്ഡിസത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ ഇല്ലാതെയും ഹൈപ്പോ തൈറോയ്ഡിസം ഉണ്ടാകാം.

ഹൈപ്പര്‍ തൈറോയ്ഡിസം


തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിച്ചാലുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പര്‍തൈറോയിഡിസം അഥവാ തൈറോടോക്സിക്കോസിസ്.

ലക്ഷണങ്ങള്‍


പെട്ടെന്ന് ശരീരഭാരം കുറയുക, നെഞ്ചിടിപ്പ് ഉയരുക, ശരീരത്തിന് എപ്പോഴും ചൂട് അനുഭവപ്പെടുക, കൈകാലുകള്‍ക്ക് വിറയല്‍ അനുഭവപ്പെടുക, ഉത്കണ്ഠ, അതിവൈകാരികത, സന്ധികള്‍ക്കു വേദന, അമിതമായ വിയര്‍പ്പ്, ക്രമം തെറ്റിയ ആര്‍ത്തവം, ഉറക്കമില്ലായ്മ.

തൈറോയ്ഡ് കാന്‍സര്‍


തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന എല്ലാ മുഴകളും കാന്‍സര്‍ ആകണമെന്നില്ല. സാധാരണ 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഈ കാന്‍സര്‍ കൂടുതലായി ബാധിക്കുന്നത്.

ലക്ഷണങ്ങള്‍


കഴുത്തില്‍ ഒരു മുഴയോ മുഴകളുടെ കൂട്ടമോ പ്രത്യക്ഷപ്പെടുക, മുഴയുടെ വലിപ്പം കൂടുക, ശ്വാസതടസം, ആഹാരം ഇറക്കുന്നതിന് ബുദ്ധിമുട്ട്, ശബ്ദം നഷ്ടപ്പെടുക.

തൈറോയിഡൈറ്റിസ്


തൈറോയ്ഡ് ഗ്രന്ഥിയുടെ കോശങ്ങള്‍ക്കുണ്ടാകുന്ന വീക്കം.

ലക്ഷണങ്ങള്‍

 

തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കം, വേദന, ഹോര്‍മോണ്‍ വ്യതിയാനം

ക്രെട്ടിനിസം


തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കുറയുന്നതുമൂലം കുട്ടികളില്‍ ഉണ്ടാകുന്ന രോഗമാണ് ക്രെട്ടിനിസം. കുഞ്ഞുങ്ങളിലെ വളര്‍ച്ച മുരടിച്ചു പോകുന്ന അവസ്ഥയാണിത്. ഒരു മാസം പ്രായമാകുമ്പോള്‍ തന്നെ കുഞ്ഞുങ്ങളില്‍ ഈ രോഗം കണ്ടുവരുന്നു. ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന ഹോര്‍മോണ്‍ അപര്യാപ്തതയാണ് ക്രെട്ടിനിസത്തിന് കാരണം.

ലക്ഷണങ്ങള്‍

അമിതമായ വിയര്‍പ്പ്, ചര്‍മ്മത്തിന് നിറ വ്യത്യാസം.

രോഗനിര്‍ണ്ണയം

രോഗാവസ്ഥ നിര്‍ണ്ണയിക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ട്. രക്തപരിശോധനയാണ് ആദ്യ ഘട്ടം. t3, t4, THS എന്നീ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ പരിശോധിച്ചാല്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനമറിയാം.

മറ്റൊന്ന് തൈറോയ്ഡ് ആന്റീബോഡികളുടെ പരിശോധനയാണ്. മുഴകളില്‍ നിന്ന് ദ്രാവകം കുത്തിയെടുത്ത് ചെയ്യുന്ന പരിശോധനയായ ഫൈന്‍ നീഡില്‍ ആസ്പിരേഷന്‍ സൈറ്റോളജിയാണ് ഏറെ ഫലപ്രധമായ പരിശോധന. ഈ പരിശോധനാ ഫലമനുസരിച്ചാണ് മറ്റു പരിശോധനകളും ചികിത്സയും.

സ്ത്രീകളിലെ തൈറോയ്ഡ് രോഗങ്ങള്‍

സ്ത്രീകളിലാണ് തൈറോയ്ഡ് രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം,ആര്‍ത്തവ വിരാമം എന്നീ അവസ്ഥകളിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, തുടര്‍ന്ന് പ്രതിരോധശക്തിയിലും മാനസികാവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയാണ് സ്ത്രീകളില്‍ തൈറോയ്ഡ് രോഗങ്ങള്‍ കൂടുന്നതിന്റെ പ്രധാന കാരണം.

വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. ആര്‍.വി വിജയകുമാര്‍
പ്രൊഫസര്‍,എന്‍ഡോക്രൈനോളജി
അമൃത മെഡി.സയന്‍സ്, കൊച്ചി

3.2
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top