অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തൈറോയിഡ് രോഗങ്ങൾ

തൈറോയിഡ് രോഗങ്ങൾ

  1. തൈറോയിഡിനെ ബാധിക്കുന്ന രോഗങ്ങൾ?
    1. ഹൈപ്പോതൈറോയിഡിസം
    2. തൈറോയിഡ് മുഴകൾ
    3. ഗോയിറ്റർ
    4. തൈറോയിഡൈറ്റിസ്
  2. തൈറോയിഡ് ക്യാൻസർ
  3. കാരണങ്ങളും അപകടസാധ്യതാ ഘടകങ്ങളും
    1. ഹൈപ്പോതൈറോയിഡിസത്തിന്റെ കാരണങ്ങൾ
    2. ഹൈപ്പർതൈറോയിഡിസത്തിന്റെ കാരണങ്ങൾ
    3. തൈറോയിഡൈറ്റിസിന്റെ കാരണങ്ങൾ
    4. തൈറോയിഡ് മുഴകളുടെ കാരണങ്ങൾ
    5. ഗോയിറ്ററിന്റെ കാരണങ്ങൾ
    6. തൈറോയിഡ് ക്യാൻസറിന്റെ കാരണങ്ങൾ
  4. തൈറോയിഡിനെ ബാധിച്ചിരിക്കുന്ന രോഗങ്ങൾ
  5. ലക്ഷണങ്ങളും സൂചനകളും
    1. സ്ത്രീകളിലെ തൈറോയിഡ് രോഗത്തിന്റെ ലക്ഷണങ്ങൾ
    2. ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ
    3. ഹൈപ്പർതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ
    4. തൈറോയിഡൈറ്റിസിന്റെ ലക്ഷണങ്ങൾ
    5. ഗോയിറ്ററിന്റെ ലക്ഷണങ്ങൾ
    6. തൈറോയിഡ് മുഴകളുടെ ലക്ഷണങ്ങൾ
  6. രോഗനിർണയം
  7. ചികിത്സയും പ്രതിരോധവും
    1. ചികിത്സ
    2. പ്രതിരോധം
    3. തൈറോയിഡ് രോഗവും ഗർഭാവസ്ഥയും
  8. അടുത്ത നടപടികൾ
  9. അപകട സൂചനകൾ

തൈറോയിഡിനെ ബാധിക്കുന്ന രോഗങ്ങൾ?

തൈറോയിഡ് ഗ്രന്ഥിയുടെ തകരാറുകൾ മൂലം രക്തത്തിൽ തൈറോയിഡ് ഹോർമോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. ഹോർമോണിന്റെ അളവ് കുറയുന്നതിനെ ഹൈപ്പോതൈറോയിഡിസം എന്നും കൂടുന്നതിനെ ഹൈപ്പർതൈറോയിഡിസം എന്നും പറയുന്നു.

കഴുത്തിന് താഴെയായി സ്ഥിതിചെയ്യുന്ന ചെറിയ ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. ഇത് തൈറോയിഡ് ഹോർമോൺ ഉത്പാദിപ്പിക്കുന്നു. ഹൃദയമിടിപ്പിന്റെ വേഗത, കലോറികളുടെ ജ്വലനം തുടങ്ങി ശരീരത്തിന്റെ ഭൂരിഭാഗം പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് തൈറോയിഡ് ഹോർമോൺ ആണ്.

തൈറോയിഡ് പ്രശ്നങ്ങൾ ഉണ്ടാകാൻ കൂടുതൽ സാധ്യത സ്ത്രീകൾക്കാണ്, പ്രത്യേകിച്ച്  ഗർഭം, ആർത്തവവിരാമം എന്നിവയ്ക്ക് ശേഷം. തൈറോയിഡ് തകരാറാണ് മറ്റേതു തരത്തിലുള്ള എൻഡോക്രൈനൽ (അന്തസ്രാവി ഗ്രന്ഥി) തകരാറുകളെക്കാൾ കൂടുതലായി ഇന്ത്യയിൽ കണ്ടുവരുന്നത്.

സ്ത്രീകളിൽ സാധാരണ കണ്ടുവരുന്ന തൈറോയിഡ് പ്രശ്നങ്ങൾ;

ഹൈപ്പോതൈറോയിഡിസം

തൈറോയിഡ് ഗ്രന്ഥി ആവശ്യത്തിനുള്ള ഹോർമോൺ ഉത്പാദിപ്പിക്കാതിരിക്കുകയോ തൈറോയിഡ് പ്രവർത്തനരഹിതം  ആയിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ശരീരത്തിന്റെ പോഷണ പരിണാമപരമായ (metabolic) പ്രവർത്തനങ്ങൾ ഹൈപ്പോതൈറോയിഡിസം മൂലം സാവധാനത്തിലാവുന്നു.

തൈറോയിഡ് മുഴകൾ

തൈറോയിഡിൽ ഉണ്ടാകുന്ന ക്യാൻസർ അല്ലാത്ത മുഴകളും ഹൈപ്പർതൈറോയിഡിസത്തിനു കാരണമായേക്കാം.

ഗോയിറ്റർ

തൈറോയിഡോ അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമോ വലുതാകുന്ന അവസ്ഥയാണിത്.

തൈറോയിഡൈറ്റിസ്

ശരീരത്തിലെ പ്രതിരോധ സംവിധാനം തൈറോയിഡിനെതിരെ ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ തുടങ്ങുമ്പോൾ തൈറോയിഡിൽ ഉണ്ടാകുന്ന നീർക്കെട്ട് ആണ് തൈറോയിഡൈറ്റിസ്

തൈറോയിഡ് ക്യാൻസർ

എൻഡോക്രൈൻ സംവിധാനത്തിൽ സാധാരണ കണ്ടുവരാറുള്ള ക്യാൻസർ ആയേക്കാവുന്ന വളർച്ചകളാണ് തൈറോയിഡ് ട്യൂമറുകൾ.

കാരണങ്ങളും അപകടസാധ്യതാ ഘടകങ്ങളും

ഹൈപ്പോതൈറോയിഡിസത്തിന്റെ കാരണങ്ങൾ

  • ഹൈപ്പർതൈറോയിഡിനുള്ള ചികിത്സ
  • ശരീരത്തിലെ പ്രതിരോധസംവിധാനം തൈറോയിഡിനെതിരെ തിരിയുന്ന ഹഷിമോട്ടോ രോഗം (Hashimoto’s disease).
  • റേഡിയേഷൻ ഉൾപ്പെടെയുള്ള ക്യാൻസർ ചികിത്സ
  • തൈറോയിഡ് നീക്കം ചെയ്യൽ

ഹൈപ്പർതൈറോയിഡിസത്തിന്റെ കാരണങ്ങൾ

പ്രതിരോധ സംവിധാനവുമായി ബന്ധമുള്ള മറ്റൊരു പ്രശ്നമായ ഗ്രേവ്സ് രോഗം (Grave’s diseases) ആണ് പലപ്പോഴും ഹൈപ്പർതൈറോയിഡിസത്തിനു കാരണമാകുന്നത്.

തൈറോയിഡൈറ്റിസിന്റെ കാരണങ്ങൾ

  • റുമാറ്റോയിഡ് ആർത്രൈറ്റിസ്, ടൈപ്പ് 1 പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ടുള്ള ഓട്ടോ ഇമ്മ്യൂൺ തകരാറുകൾ.
  • വൈറൽ അല്ലെങ്കിൽ ബാക്ടീരിയ അണുബാധകൾ
  • ജനിതക കാരണങ്ങൾ
  • ചില മരുന്നുകൾ

പ്രസവാനന്തര തൈറോയിഡൈറ്റിസ്, ഹഷിമോട്ടോസ് രോഗം എന്നിവയാണ് വളരെ സാധാരണമായി കണ്ടുവരുന്ന തൈറോയിഡൈറ്റിസുകൾ.

തൈറോയിഡ് മുഴകളുടെ കാരണങ്ങൾ

തൈറോയിഡ് മുഴകൾ പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്.

ഗോയിറ്ററിന്റെ കാരണങ്ങൾ

ഗോയിറ്റർ ചിലപ്പോൾ തൈറോയിഡിനെ ബാധിച്ചിരിക്കുന്ന മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണമാവാം.:

തൈറോയിഡ് ക്യാൻസറിന്റെ കാരണങ്ങൾ

യഥാർത്ഥ കാരണങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. കോശങ്ങളുടെ ജനിതക ഘടനയിൽ വരുന്ന മാറ്റങ്ങളാണ് തൈറോയിഡ് ക്യാൻസറായി മാറുന്നത്.

തൈറോയിഡിനെ ബാധിച്ചിരിക്കുന്ന രോഗങ്ങൾ

  • ഗ്രേവ്സ് രോഗം
  • ഹഷിമോട്ടോ രോഗം
  • അയഡിൻ അപര്യാപ്തത
  • തൈറോയിഡൈറ്റിസ്
  • തൈറോയിഡ് മുഴകൾ
  • തൈറോയിഡ് ക്യാൻസർ

ലക്ഷണങ്ങളും സൂചനകളും

സ്ത്രീകളിലെ തൈറോയിഡ് രോഗത്തിന്റെ ലക്ഷണങ്ങൾ

രക്തസ്രാവം വളരെ കൂടിയതോ കുറഞ്ഞതോ ആയതും ക്രമം തെറ്റിയതുമായ ആർത്തവം സ്ത്രീകളിലെ തൈറോയിഡ് പ്രശ്നങ്ങളുടെ സൂചനയാണ്. തൈറോയിഡ് ഹോർമോൺ കുറവാകുന്നതാണ് ആർത്തവ പ്രശ്നങ്ങൾക്ക് കാരണമാവുന്നത്. മാസങ്ങളോളം ആർത്തവം സംഭവിക്കാതിരിക്കുന്നതു മൂലം അമിനോറിയ (amenorrhea) യിലേക്ക് നയിക്കപ്പെട്ടേക്കാം. പ്രതിരോധ സംവിധാനത്തിലെ തകരാറു മൂലമാണ് തൈറോയിഡ് ഉണ്ടാകുന്നതെങ്കിൽ വളരെ നേരത്തെ ആർത്തവവിരാമം സംഭവിച്ചേക്കാം. തൈറോയിഡ് പ്രശ്നം അണ്ഡോൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ഗർഭധാരണത്തിന് തടസ്സമാവുകയും ചെയ്തേക്കാം.

ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ

സാവധാനത്തിൽ വർഷങ്ങളെടുത്താവും ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ പ്രകടമാവുന്നത്. മെറ്റാബോളിസം പതുക്കെയാവുന്നതാണ് പ്രധാന ലക്ഷണം, ഇതിൽ ഇനിപറയുന്നവയും ഉൾപ്പെടും;

  • കൂടുതൽ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഭാരം കുറയുക
  • മസിലുകൾ ദുർബലമാവുക
  • ക്ഷീണം അനുഭവപ്പെടുക
  • ഹൃദയമിടിപ്പിന്റെ നിരക്ക് കുറയുക
  • മസിലുകളിൽ വേദന
  • ആർത്തവ സമയത്ത് രക്തസ്രാവം കൂടുക
  • സാധാരണ കാലാവസ്ഥയിലും തണുപ്പ് അനുഭവപ്പെടുക

ഹൈപ്പർതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ

സാധാരണ പതുക്കെയാണ് തുടങ്ങുന്നതെങ്കിലും കാലക്രമേണ മെറ്റാബോളിസത്തിലെ വേഗത കൂടുന്നത് താഴെ പറയുന്ന ലക്ഷണങ്ങൾ കാണിച്ചേക്കാം;

  • ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ ഇല്ല എങ്കിലും കൂടുതൽ ഭക്ഷണം കഴിച്ചാലും ഭാരക്കുറവ് അനുഭവപ്പെടുക
  • വേഗത്തിലുള്ള ഹൃദയമിടിപ്പ്
  • ആകാംക്ഷ അല്ലെങ്കിൽ പരിഭ്രമം
  • ഉറക്കത്തിന്റെ പ്രശ്നങ്ങൾ
  • സാധാരണ കാലാവസ്ഥയിലും ചൂട് അനുഭവപ്പെടുക
  • കൂടുതൽ തവണ മലവിസർജ്ജനം നടത്തുക
  • കണ്ണ് ചുവക്കുക അല്ലെങ്കിൽ തള്ളിവരിക

തൈറോയിഡൈറ്റിസിന്റെ ലക്ഷണങ്ങൾ

പ്രസവത്തിനു ശേഷം 1 – 4 മാസങ്ങൾ കഴിഞ്ഞായിരിക്കും ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങളോടെ പ്രസവാനന്തര തൈറോയിഡൈറ്റിസ് പ്രത്യക്ഷമാവുന്നത്.

ചിലപ്പോൾ പ്രസവവുമായി ബന്ധമൊന്നുമില്ലാതെയും തൈറോയിഡൈറ്റിസ് പ്രത്യക്ഷപ്പെടാം.

ഗോയിറ്ററിന്റെ ലക്ഷണങ്ങൾ

തൈറോയിഡ് ഗ്രന്ഥിയുടെ വീക്കത്തിൽ നിന്ന് ഗോയിറ്റർ തിരിച്ചറിയാം. ഇത് മുഴച്ചിരിക്കുന്നതോ പരന്നതോ ആവാം.

തൈറോയിഡ് മുഴകളുടെ ലക്ഷണങ്ങൾ

തൈറോയിഡ് ഗ്രന്ഥിയിൽ മുഴയുള്ളത് ചിലസമയത്ത് സ്വയം തിരിച്ചറിയാൻ സാധിക്കും. ഇത് വളരുകയാണെങ്കിൽ ശ്വാസതടസ്സവും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെടാം.

രോഗനിർണയം

ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെ കുറിച്ചും കുടുംബത്തിൽ ആർക്കെങ്കിലും രോഗമുണ്ടോയെന്നും ഇപ്പോഴുള്ള ലക്ഷണങ്ങളെ കുറിച്ചും മറ്റുമുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞാവും ഡോക്ടറുടെ വിലയിരുത്തൽ. തൈറോയിഡിന്റെ പ്രവർത്തനം വിലയിരുത്താൻ തൈറോയിഡ് ഫങ്ങ്ഷൻ ടെസ്റ്റുംനടത്തും.

തൈറോയിഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ (TSH) തൈറോക്സിൻ (T4) എന്നിവയുടെ നില പരിശോധിച്ചായിരിക്കും ഹൈപ്പോതൈറോയിഡിസം നിർണയിക്കുന്നത്.

ഒരു വർഷം പലതവണ ടി എസ് എച്ച്, ടി3, ടി4 തുടങ്ങിയ തൈറോയിഡ് ഹോർമോണുകളുടെ നില പരിശോധിച്ചായിരിക്കും ഹൈപ്പർതൈറോയിഡിസം നിർണയിക്കുന്നത്. ഹൈപ്പർതൈറോയിഡിസത്തിന്റെ കാരണമറിയാൻ റേഡിയോ ആക്ടീവ് അയഡിൻ ആഗിരണ പരിശോധനയും റേഡിയോ ആക്ടീവ് തൈറോയിഡ് സ്കാനും നടത്തിയേക്കാം.

ഗ്രേവ്സ് രോഗം, ഓട്ടോഇമ്മ്യൂൺതൈറോയിഡൈറ്റിസ് എന്നിവ തിരിച്ചറിയാൻ ആന്റിതൈറോയിഡ് ആന്റിബോഡി പരിശോധന നിർദേശിച്ചേക്കാം.

മുഴകളും വീക്കവും തിരിച്ചറിയാൻ ശാരീരിക പരിശോധന, അൾട്രാസൗണ്ട് ഉൾപ്പെടെയുള്ള ഇമേജിംഗ് നടപടിക്രമങ്ങൾ ആവശ്യമായിവന്നേക്കാം. മുഴകൾ ക്യാൻസർ ആണോയെന്ന് സംശയമുണ്ടെങ്കിൽ നീഡിൽ ബയോപ്സി ആവശ്യമായി വന്നേക്കാം.

ഭാവിയിൽ ക്യാൻസർ ആയി മാറിയേക്കാവുന്ന മുഴകൾ കണ്ടെത്താനായി റേഡിയോ ആക്ടീവ് അയഡിൻ ആഗിരണ പരിശോധനയും നടത്തിയേക്കാം.

ചികിത്സയും പ്രതിരോധവും

ചികിത്സ

ശരീരത്തിന് ആവശ്യമുള്ളത്ര ഹോർമോൺ സപ്ലിമെന്റുകൾ നൽകുന്നത് ഹൈപ്പോതൈറോയിഡിസത്തിന്റെ ചികിത്സയിൽ ഉൾപ്പെടുന്നു. ലക്ഷണങ്ങളുടെയും കാരണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹൈപ്പോതൈറോയിഡിസത്തിന്റെ ചികിത്സ. ഇതിൽ താഴെ പറയുന്നവയും ഉൾപ്പെടുന്നു;

  • ആന്റിതൈറോയിഡ് മരുന്നുകൾ നൽകി തൈറോയിഡ് ഹോർമോൺ ഉത്പാദനം തടസ്സപ്പെടുത്തുന്നു.
  • ശരീരത്തിൽ തൈറോയിഡ് ഹോർമോണിന്റെ സ്വാധീനം ഇല്ലാതാക്കുന്നതിന് ബീറ്റാ-ബ്ലോക്കേഴ്സ് ഉപയോഗിക്കുന്നു.
  • തൈറോയിഡ് ഹോർമോൺ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ നശിപ്പിക്കാൻ റേഡിയോഅയഡിൻ ഉപയോഗിച്ചേക്കാം. ഇത് സ്ഥിരമായുള്ള ഹൈപ്പോതൈറോയിഡിസത്തിന് കാരണമായേക്കാം.
  • ശസ്ത്രക്രിയയിലൂടെ തൈറോയിഡ് ഗ്രന്ഥി നീക്കം ചെയ്യുക.

പ്രസവത്തിനു ശേഷമുള്ള തൈറോയിഡൈറ്റിസിനുള്ള ചികിത്സ, രോഗം ഏതു ഘട്ടത്തിലാണെന്നും ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ആദ്യ ഘട്ടത്തിൽ ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ വ്യക്തമാവുന്ന കേസുകളിൽ ഹൃദയമിടിപ്പിന്റെ നിരക്ക് കുറയ്ക്കാനുള്ള മരുന്നുകൾ നൽകുന്നു.

തൈറോയിഡ് ഗ്രന്ഥി ചുരുങ്ങാനുള്ള മരുന്നു നൽകുകയോ അല്ലെങ്കിൽ അതിന്റെ ഭാഗങ്ങൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയോ ആണ് ഗോയിറ്റർ ചികിത്സയിൽ ഉൾപ്പെടുന്നത്.

റേഡിയോഅയഡിൻ ഉപയോഗിച്ചോ ശസ്ത്രക്രിയയിലൂടെയോ തൈറോയിഡ് മുഴകൾക്ക് ചികിത്സ നൽകുന്നു. തൈറോയിഡ് ക്യാൻസർ ചികിത്സയിൽ ക്യാൻസർ ബാധിച്ച ഭാഗങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷവും റേഡിയോഅയഡിൻ ചികിത്സ തുടർന്നേക്കാം.

പ്രതിരോധം

തൈറോയിഡ് രോഗങ്ങൾ തടയാൻ കഴിഞ്ഞേക്കില്ല. എന്നാൽ അത് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാം;

  • പുകവലി ഒഴിവാക്കൽ
  • കഴുത്തിൽ റേഡിയേഷൻ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
  • തൈറോയിഡ് രോഗത്തിന്റെ കുടുംബ പശ്ചാത്തലമുണ്ടോയെന്ന് മനസ്സിലാക്കാൻ സ്ക്രീനിംഗിന് വിധേയമാകുക.

ഹൈപ്പോതൈറോയിഡിസമുള്ളവർ പാലിക്കേണ്ട ഭക്ഷണക്രമത്തെ കുറിച്ച് അതിശയോക്തികലർന്ന നിഗമനങ്ങൾ പലതും ഉണ്ടെങ്കിലും ഭക്ഷണവും തൈറോയിഡിസവും തമ്മിലുള്ള ബന്ധം വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ല.

ചില മരുന്നുകളും ഭക്ഷണങ്ങളും തൈറോയിഡിനു കഴിക്കുന്ന മരുന്നുകളുമായി പ്രതിപ്രവർത്തനം നടത്തിയേക്കാം. അതിനാൽ, ഇക്കാര്യം ഡോക്ടറുമായി ചർച്ച ചെയ്യേണ്ടതുണ്ട്.

തൈറോയിഡ് രോഗവും ഗർഭാവസ്ഥയും

ഗർഭകാലത്ത്  സ്വാഭാവികമായി ഹോർമോൺ നിലകൾ ഉയരുന്നതിനാൽ തൈറോയിഡ് പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടു നേരിടാം. ഗർഭിണിയാവുന്നതിന് മുമ്പും ഗർഭാവസ്ഥയിലും തൈറൊയിഡ് പരിശോധന നടത്തേണ്ടതാണ്. ഹൈപ്പർതൈറോയിഡിസവും ഹൈപ്പോതൈറോയിഡിസവും നിയന്ത്രിക്കാതിരുന്നാൽ അത് അമ്മയ്ക്കും കുഞ്ഞിനും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

ഗർഭാവസ്ഥയിൽ ഹൈപ്പോതൈറോയിഡിസം പരിശോധിക്കാതിരുന്നാൽ ഇനി പറയുന്ന അവസ്ഥകളിലേക്ക് നയിച്ചേക്കാം;

  • അനീമിയ
  • പ്രീക്ലാംസിയ (ഗർഭാവസ്ഥയിൽ രക്തസമ്മർദ്ദം അധികരിക്കുന്ന അവസ്ഥ)
  • ഗർഭഛിദ്രം
  • കുഞ്ഞിന് ഭാരക്കുറവ്
  • ചാപിള്ള
  • കുഞ്ഞിന്റെ ബുദ്ധിവികാസത്തിനും വളർച്ചയ്ക്കും പ്രശ്നങ്ങൾ

ഗർഭാവസ്ഥയിൽ ഹൈപ്പർതൈറോയിഡിസം നിയന്ത്രിച്ചില്ലെങ്കിൽ;

  • പ്രീകാംസിയ
  • മാസംതികയാതെയുള്ള പ്രസവം
  • നവജാതശിശുവിന് ഭാരക്കുറവ്
  • ഗർഭഛിദ്രം
  • തൈറോയിഡ് സ്റ്റോം – ഹൃദയമിടിപ്പ്, രക്തസമ്മർദം, ചൂട് എന്നിവ അനിയന്ത്രിതമായി ഉയരുന്ന അവസ്ഥ.
  • നവജാത ശിശുവിന് ഉയർന്ന തോതിലുള്ള ഹൃദയമിടിപ്പും ഹൃദയം തകരാറിലാവാനുള്ള സാധ്യതയും തൈറോയിഡ് ഗ്രന്ഥിയുടെ വികാസം മൂലം ശ്വാസതടസ്സവും ഉണ്ടായേക്കാം.

അടുത്ത നടപടികൾ

ചിലപ്പോൾ തൈറോയിഡ് രോഗലക്ഷണങ്ങൾ സാധാരണ ശാരീരിക ബുദ്ധിമുട്ടുകളായി പ്രത്യക്ഷപ്പെട്ടേക്കാം. കൂടുതൽ കുഴപ്പങ്ങൾ ഒഴിവാക്കാനായി തൈറോയിഡ് പരിശോധന അവഗണിക്കാതിരിക്കുക.

അപകട സൂചനകൾ

ഒരാൾക്ക് തൈറോയിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ മറികടക്കാനായി ഡോക്ടറുടെ ഉപദേശം സ്വീകരിക്കാൻ മടികാട്ടരുത്.

കടപ്പാട്: modasta

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate