ക്ഷീണവും ഉദരവേദനയും കഠിനമായപ്പോഴാണ് മുപ്പത്തഞ്ചുകാരന്‍ ഡോക്ടറെ സമീപിച്ചത്. പരിശോധനയില്‍ ഫാറ്റി ലിവറാണെന്ന് കണ്ടെത്തി. മദ്യപിക്കാത്ത തനിക്കെങ്ങനെ ഫാറ്റി ലിവര്‍ ഉണ്ടായെന്നായിരുന്നു അയാളുടെ സംശയം.
മദ്യപാനം മൂലം മാത്രമല്ല, ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ടും വ്യായാമക്കുറവുകൊണ്ടും ഫാറ്റി ലിവര്‍ ഉണ്ടാകാം. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍.
കരളിന്റെ കോശങ്ങളില്‍ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവര്‍ ഉണ്ടാകുന്നത്. സാധാരണയായി ഫാറ്റി ലിവര്‍ രണ്ടായി തരംതിരിക്കാറുണ്ട്.
മദ്യപാനം മൂലം ഉണ്ടാകുന്ന ഫാറ്റി ലിവര്‍, മദ്യപാനം കൂടാതെ ഉണ്ടാകുന്ന ഫാറ്റി ലിവര്‍ (നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍). നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറാണ് സാധാരണക്കാരില്‍ കൂടുതലായും കണ്ടുവരുന്നത്.
ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ജീവിതശൈലിയിലുള്ള മാറ്റങ്ങള്‍ തന്നെയാണ്. ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ഒരു പരിധി വരെ ഫാറ്റി ലിവറിന് കാരണമാകുന്നുണ്ട്. തെറ്റായ ഭക്ഷണരീതികളും വ്യായാമക്കുറവും ഫാറ്റി ലിവര്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
അമിത വണ്ണം കൂടാതെ പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയുമായി ബന്ധപ്പെട്ടും ഫാറ്റി ലിവര്‍ ഉണ്ടാകാം. കലോറി കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് കരളില്‍ കൊഴുപ്പടിയുന്നതിന് ഇടയാക്കും. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഫാറ്റി ലിവറിന് കാരണമാകുകയും ചെയ്യും.
കൂടാതെ കരളിനെ ബാധിക്കുന്ന മറ്റ് അസുഖങ്ങളുടെ ഭാഗമായും ഫാറ്റി ലിവര്‍ വരാം. ഉദാഹരണത്തിന് ഹെപ്പറ്റൈറ്റിസ് ബി പോലുള്ള അസുഖങ്ങള്‍ ഉണ്ടെങ്കിലും ഫാറ്റി ലിവറിനുള്ള സാധ്യതയുണ്ട്. പാരമ്പര്യമായി ഫാറ്റി ലിവര്‍ ഉണ്ടെങ്കില്‍ കുടുംബത്തിലുള്ള മറ്റുള്ളവര്‍ക്കും അസുഖം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഭൂരിഭാഗം ആളുകള്‍ക്കും ഫാറ്റി ലിവര്‍ ലക്ഷണങ്ങളിലൂടെ പ്രകടമാകണമെന്നില്ല. പലപ്പോഴും മറ്റ് കാരണങ്ങള്‍ കൊണ്ട് വൈദ്യപരിശോധനകള്‍ക്ക് വിധേയമാകുമ്പോഴാണ് ഫാറ്റി ലിവര്‍ കണ്ടെത്തുന്നത്. ഫാറ്റി ലിവറുള്ള ആളുകള്‍ക്ക് ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായെന്നു വരില്ല.
അള്‍ട്രാ സൗണ്ട് സ്‌കാന്‍ അല്ലെങ്കില്‍ മറ്റ് പരിശോധനകളിലൂടെയോ ഫാറ്റി ലിവര്‍ തിരിച്ചറിയപ്പൊടാറുണ്ട്. ചിലരില്‍ രോഗലക്ഷണമായി കരളിന്റെ ഭാഗത്ത് വേദന അനുഭവപ്പെടാറുണ്ട്.
അതായത് വയറിന്റെ വലതുവശത്ത് അല്‍പം മുകളിലായി കരളിന്റെ ഭാഗത്ത് അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടാം. എന്നാല്‍ അന്‍പത് ശതമാനം ആളുകളില്‍ മാത്രമേ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. ചിലര്‍ക്ക് ക്ഷീണം, ശരീരഭാരം കുറയുക, തളര്‍ച്ച തുടങ്ങി മറ്റ് അസ്വസ്ഥതകളും ഉണ്ടാകാം.
ഫാറ്റിലിവര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ആദ്യം അറിയേണ്ടത് ഏതുതരം ഫാറ്റിലിവറാണെന്നതാണ്. അതായത് മദ്യപാനം മൂലമുണ്ടായ ഫാറ്റി ലിവറാണോ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറാണോയെന്ന് കണ്ടെത്തണം. ആല്‍ക്കഹോളിക് ഫാറ്റിലിവറാണെങ്കില്‍ മദ്യപാനം ഒഴിവാക്കാന്‍ നിര്‍ദേശിക്കാറുണ്ട്.
ഏതുതരം ഫാറ്റിലിവറാണെങ്കിലും ഫാറ്റി ലിവറുണ്ടാകാനിടയുള്ള മറ്റ് രോഗങ്ങളുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. പ്രത്യേകിച്ചും കരളിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യതിയാനം ഉണ്ടായാല്‍ ഹെപ്പറ്റൈറ്റിസ് ബി തുടങ്ങി കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തണം.
അയണിന്റെ അളവ് ക്രമാതീതമായി കൂടുന്നതും കരളിനെ ബാധിക്കാനിടയുണ്ട്. ഇത്തരത്തില്‍ കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ ഇല്ലെന്ന് പരിശോധനകളിലൂടെ ഉറപ്പു വരുത്തുകയാണ് പ്രധാനം.
അതോടൊപ്പം അള്‍ട്രാ സൗണ്ട് സ്‌കാന്‍, സി.റ്റി സ്‌കാന്‍, എം ആര്‍ ഐ സ്‌കാന്‍ എന്നിവയുടെ സഹായത്തോടെയും ഫാറ്റി ലിവര്‍ കണ്ടെത്താം
പ്രാരംഭഘട്ടത്തില്‍ സാധാരണയായി അള്‍ട്രാ സൗണ്ട് സ്‌കാനാണ് നിര്‍ദേശിക്കുക. സ്‌കാനിങിനു ശേഷം ഫാറ്റി ലിവര്‍ എത്രമാത്രം ഗുരുതരമാണെന്ന് പരിശോധിക്കാറുണ്ട്.
ഫാറ്റി ലിവര്‍ കണ്ടെത്തുന്നവരില്‍ ഒരു വിഭാഗം ഐസൊലേറ്റഡ് ഫാറ്റി ലിവര്‍ ഉള്ളവരായിരിക്കും. ഈ വിഭാഗത്തിലുള്ളവര്‍ക്ക് കരളില്‍ കൊഴുപ്പടിയാറുണ്ട്.
എന്നാല്‍ കൊഴുപ്പ് ധാരാളമായി അടിയുന്നത് കരളിന്റെ പ്രവര്‍ത്തനങ്ങളെ യാതൊരു തരത്തിലും ബാധിക്കുന്നില്ല. കരളിന് വീക്കമോ മറ്റ് അസുഖങ്ങളോ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.
ഇവരില്‍ ലിവര്‍ ഫംങ്ഷന്‍ ടെസ്റ്റുകള്‍ സാധാരണ ഗതിയിലായിരിക്കും. ഇങ്ങനെയുള്ളവര്‍ക്ക് ഫാറ്റി ലിവര്‍ മൂലമുള്ള കരള്‍ രോഗങ്ങളുണ്ടാകാനുള്ള സാധ്യത മറ്റുള്ള വിഭാഗങ്ങളെ അപേക്ഷിച്ച് കുറവായിരിക്കും.
ഫാറ്റി ലിവറുള്ള എണ്‍പത് ശതമാനം ആളുകളുകളും ഐസൊലേറ്റഡ് ഫാറ്റി ലിവര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. അതേ സമയം ഇരുപത് ശതമാനം ആളുകളില്‍ ഫാറ്റി ലിവറിനൊപ്പം ലിവര്‍ ഫംങ്ഷന്‍ ടെസ്റ്റുകളില്‍ ലിവര്‍ എന്‍സൈമുകള്‍ കൂടുതലായി കാണപ്പെടും.
ഈ വിഭാഗത്തില്‍പ്പെടുന്നവരാണ് നാഷ് (നോണ്‍ ആല്‍ക്കഹോളിക് സ്റ്റിയറോ ഹെപ്പറ്റൈറ്റിസ്) എന്നറിയപ്പെടുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം ലിവര്‍ സിറോസിസ് ഉണ്ടാകാന്‍ 10 - 15 ശതമാനം വരെ സാധ്യതയുണ്ട്. ഫാറ്റിലിവര്‍ കണ്ടെത്തുന്നതിനുള്ള പരിശോധനകളില്‍ പ്രധാനം ഫൈബ്രോ സ്‌കാന്‍ ടെസ്റ്റാണ്.
കരളില്‍ ഫൈബ്രോസിസ് ഉണ്ടോയെന്നറിയുന്നതിനാണ് ഫൈബ്രോ സ്‌കാന്‍ ചെയ്യുന്ന്ത്. സിറോസിസിന്റെ തുടക്കമാണോയെന്ന് ഈ സ്‌കാനിലൂടെ മനസിലാക്കാനാകും. എന്നാല്‍ ഫാറ്റി ലിവര്‍ എത്രമാത്രം ഗുരുതരമാണെന്ന് മനസിലാക്കാനാകുന്നത് ലിവര്‍ ബയോപ്‌സിയിലൂടെയാണ്.
കൊഴുപ്പിന്റെ അംശം എത്രത്തോളം ലിവറിനെ ബാധിച്ചിട്ടുണ്ട്, കരളിന് വീക്കമുണ്ടോ, ഫൈബ്രോസിസ് എത്രമാത്രമുണ്ട് എന്നീ കാര്യങ്ങള്‍ ലിവര്‍ ബയോപ്‌സിയിലൂടെ അറിയാനാകും.
ജീവിതരീതിയില്‍ മാറ്റം വരുത്തുകയെന്നതാണ് ചികിത്സയില്‍ പ്രധാനം. ഭക്ഷണക്രമീകരണവും വ്യായാമവും പിന്തുടര്‍ന്നാല്‍ ഫാറ്റി ലിവര്‍ നിയന്ത്രിക്കാനാകും. ഡോകടറുടെ നിര്‍ദേശപ്രകാരം ശരീരഭാരം നിയന്ത്രിക്കുകയും വ്യായാമങ്ങള്‍ ശീലമാക്കേണ്ടതുമുണ്ട്.
ഫാറ്റി ലിവര്‍ പരിഹരിക്കാന്‍ വേണ്ടി മാത്രമല്ല, നിത്യ ജീവിതത്തിന്റെ ഭാഗമായി തന്നെ ഇവ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ശരീരഭാരം കുറയ്ക്കന്‍ ചികിത്സയുടെ ഭാഗമായി നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ശരീരഭാരം നിയന്ത്രിച്ചതിനു ശേഷം വീണ്ടും ശരീരഭാരം വര്‍ധിക്കാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഫാറ്റി ലിവറുള്ള എല്ലാവര്‍ക്കും മെഡിസിനല്‍ ട്രീറ്റ്‌മെന്റ് ആവശ്യമായി വരുന്നില്ല. നാഷ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്കാണ് കൂടുതലായും മരുന്നുകള്‍ നല്‍കുന്നത്. ചികിത്സയുടെ ഭാഗമായി ആന്റി ഓക്‌സിഡന്‍സാണ് നല്‍കുക.
പ്രധാനമായും നല്‍കുന്ന ആന്റി ഓക്‌സിഡന്റാണ് വൈറ്റമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ. ചികിത്സയില്‍ പ്രധാനം ഭക്ഷണനിയന്ത്രണവും വ്യായാമവും തന്നെയാണ്.
ഫാറ്റി ലിവറിനുള്ള കാരണങ്ങള്‍ കണ്ടെത്തി അത് നിയന്ത്രിക്കുകയെന്നതാണ് പ്രധാനം. അമിത വണ്ണമുള്ളവര്‍ ശരീരഭാരം നിയന്ത്രിക്കണം. അമിത വണ്ണമുള്ളവരില്‍ മാത്രമല്ല, അമിത ശരീരഭാരം ഇല്ലാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാനിടയുണ്ട്.
അതായത് മെലിഞ്ഞവരിലും കരളില്‍ കൊഴുപ്പടിയാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ചും വയറ് ചാടുന്നവരില്‍ കൊഴുപ്പടിയുന്നുണ്ടാകാം. അത് ഫാറ്റി ലിവറിനു കാരണമാകാം. ആഹാരനിയന്ത്രണവും വ്യായാമവുമാണ് അമിത വണ്ണം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ശരീരഭാരം വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം.
കലോറി കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണം. അരിയാഹാരം, മധുരപലഹാരങ്ങള്‍, എണ്ണയില്‍ വറുത്ത സ്‌നാക്‌സ് എന്നിവ കഴിക്കുന്നത് കുറയ്ക്കുക. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
കൃത്യമായ വ്യായാമം ശീലമാക്കുക. ആഹാരക്രമവും വ്യായാമവും നന്നായി പരിപാലിച്ചാല്‍ അഞ്ച് ശതമാനമെങ്കിലും ശരീരഭാരം കുറയ്ക്കാനാകും. അതുകൊണ്ട് ഭക്ഷണത്തിലും ജീവിതക്രമത്തിലും മാറ്റങ്ങള്‍ വരുത്തിയാല്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ നിയന്ത്രിക്കാനാകും.
ഡോ. ജിനോ തോമസ്
കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ്
കാരിത്താസ് ഹോസ്പിറ്റല്‍, കോട്ടയം
അവസാനം പരിഷ്കരിച്ചത് : 1/28/2020