অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുട്ടികളിലെ ആസ്ത്മ

കുട്ടികളിലെ ആസ്ത്മ

കാലമിത്ര പുരോഗമിച്ചിട്ടും പഴയ ചോക്കും ഡസ്റ്ററും ഉപേക്ഷിക്കാത്തവരാണ് മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും അദ്ധ്യാപകര്‍. ക്ലാസ്സില്‍ നിറഞ്ഞ് നില്‍ക്കുന്ന ചോക്കുപൊടിയും പുറത്തിറങ്ങിയാല്‍ പൊടി നിറഞ്ഞ അന്തരീക്ഷവും വീട്ടിലെത്തുമ്പോള്‍ അവിടുത്തെ അവസ്ഥയും ഒക്കെ ഒരു പേടി സ്വപ്നം പോലെ സൂക്ഷിക്കുന്നവരുണ്ട്. ആസ്ത്മാരോഗികളായ കുട്ടികള്‍. ആശുപത്രികള്‍ക്ക്‌ സമീപമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ചുരുങ്ങിയത് ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ചുമയും വലിവുമായി ബുദ്ധിമുട്ടുന്ന കുട്ടികളേയും താങ്ങിപ്പിടിച്ച് സ്കൂള്‍ അധികൃതര്‍ എത്താറുണ്ട്. അദ്ധ്യാപകര്‍ ക്ലാസ്സ്‌ എടുത്തുകൊണ്ടിരിക്കുന്നതിനിടയിലാവും കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങുക. ഒരു ചെറിയ ചുമയില്‍ തുടങ്ങി ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് അത് ക്രമേണ മാറും. ഇത്തരം സാഹചര്യങ്ങളില്‍ എന്ത് ചെയ്യണമെന്ന് അറിവില്ലാത്തവരാണ് രോഗികളായ കുട്ടികളും മിക്ക അദ്ധ്യാപകരും.

എന്താണ് ആസ്ത്മ ?

ശ്വാസകോശങ്ങളെ, പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരുതരം അലര്‍ജ്ജിയാണ് ആസ്ത്മ. സാധാരണ മറ്റ് അലര്‍ജികള്‍ പോലെ തന്നെ ചില വസ്തുക്കളുടെ, അലര്‍ജനുകളുടെ സാന്നിധ്യമാണ് ആസ്ത്മയ്ക്കും കാരണമാകുന്നത്. ഇത്തരം വസ്തുക്കളുമായി ഇടപെടുമ്പോഴോ, സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോഴോ ശ്വാസനാളിയുടെ ചുറ്റുമുള്ള പേശികള്‍ മുറുകുകയും ഉള്ളില്‍ നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ ശ്വാസനാളികളില്‍ നിന്നും പശിമയുള്ള ഒരു ദ്രാവകവും പുറത്തുവരുന്നു. തല്‍ഫലമായി ശ്വസനാളികള്‍ ചുരുങ്ങുകയും, സാധാരണ ഗതിയിലുള്ള വായുസഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അപ്പോഴാണ്‌ കുട്ടിക്ക്‌ ചുമയും വലിവും ഉണ്ടാകുന്നത്.

ആസ്ത്മ തിരിച്ചറിയാം

കുട്ടികള്‍ ലക്ഷണം പ്രകടിപ്പിച്ച് തുടങ്ങുമ്പോള്‍ തന്നെ അത് സാധാരണ ചുമയെന്നും ശ്വാസം മുട്ടലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുന്ന പ്രവണത ചില രക്ഷിതാക്കള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ രോഗം തിരിച്ചറിയുന്നതും ചികിത്സ ആരംഭിക്കുന്നതും വളരെ വൈകിയായിരിക്കും. എന്നാല്‍ മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട വസ്തുത, ആസ്ത്മ നിയന്ത്രണത്തിന് പ്രാരംഭ ചികിത്സ വളരെ അനിവാര്യമാണ് എന്നതാണ്. കുട്ടികളില്‍ ആസ്ത്മ പല രീതികളില്‍ പ്രത്യക്ഷപ്പെടുകയും വിവിധ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യും.

  • കൂടുതലായും രാത്രിയിലും അതിരാവിലേയും കണ്ടുവരുന്ന ചുമ.
  • ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്. ശ്വസിക്കുമ്പോള്‍ നെഞ്ചില്‍ പിടുത്തം അനുഭവപ്പെടുക.
  • ഇടയ്ക്കിടെ കുട്ടിക്കുണ്ടാകുന്ന കഫക്കെട്ട്.
  • ശ്വസിക്കുമ്പോള്‍ നെഞ്ചില്‍ നിന്നും വിസിലടിക്കുന്നത് പോലെ ശബ്ദം ഉണ്ടാകുക.
  • ഇടയ്ക്കിടെ ഉണ്ടാകുന്ന മൂക്കൊലിപ്പും തുടര്‍ന്ന്‍ വരുന്ന ചുമയും കഫക്കെട്ടും.

നേരിയ തോതില്‍ കാണപ്പെടുന്ന ഇത്തരം ലക്ഷണങ്ങള്‍ മറ്റു ചില സന്ദര്‍ഭങ്ങളില്‍ വര്‍ദ്ധിച്ചേക്കാം. തണുപ്പ്, പുക, പൊടി ഇവ കൂടുതലുള്ളപ്പോഴും; കായികാഭ്യാസങ്ങള്‍ ചെയ്യുമ്പോഴും; കരച്ചില്‍, ചിരി, ദേഷ്യം, ഭയം തുടങ്ങിയ തീവ്ര വികാരങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും ആസ്ത്മയുടെ ലക്ഷണങ്ങള്‍ വര്‍ദ്ധിച്ചേക്കാം.

ചികിത്സ

ആസ്ത്മയ്ക്കുള്ള മരുന്നുകളെ പ്രധാനമായും രണ്ടായി തരാം തിരിക്കാം.

  • റിലീവേഴ്സ് (Relievers)
  • പ്രിവന്റേഴ്സ് (Preventers)

തടസ്സമകറ്റി ശ്വാസനാളങ്ങള്‍ തുറന്ന് അതിലൂടെ വായുസഞ്ചാരം സുഗമമാക്കുന്ന മരുന്നുകളാണ് റിലീവേഴ്സ്. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന ഇത്തരം മരുന്നുകള്‍ ശ്വാസതടസ്സം നീക്കി വേഗം ആശ്വാസം നല്‍കുന്നു.

അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കളുമായി ഇടപഴകേണ്ടി വരുന്ന സന്ദര്‍ഭത്തില്‍ ആസ്ത്മയുടെ തുടര്‍ ലക്ഷണങ്ങള്‍ വരാതെ തടയുന്ന മരുന്നുകളാണ് പ്രിവന്റേഴ്സ്. ഇത്തരം മരുന്ന് കഴിക്കുന്നത്‌ പിന്നീട് ലക്ഷങ്ങങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കുന്നു.

കുട്ടികളില്‍ ഇന്‍ഹേലര്‍ ചികിത്സ

ആസ്ത്മയ്ക്കുള്ള ചികിത്സയില്‍ ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ഇന്‍ഹേലര്‍ ചികിത്സ. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു ചികിത്സാരീതിയുമാണിത്.

ഇന്‍ഹേലര്‍ ചികിത്സക്ക് പല ഗുണങ്ങളുമുണ്ട്. സാധാരണ ഗുളിക രൂപത്തിലോ അല്ലെങ്കില്‍ സിറപ്പ്‌ രൂപത്തിലോ കഴിക്കുന്ന മരുന്നിന്റെ 1/20, അതായത് ഇരുപതില്‍ ഒരു ഭാഗം മതി ഇന്‍ഹേലര്‍ ഉപയോഗിച്ചുള്ള ചികിത്സക്ക്. ശ്വാസനാളിയിലേക്കും ശ്വാസകോശത്തിലേക്കും മരുന്ന് നേരിട്ട് എത്തിക്കാന്‍ ഇതുമൂലം സാധിക്കുന്നു. ദീര്‍ഘകാലം ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് യാതൊരുവിധ പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകുന്നില്ല എന്നതിനാല്‍ കൂടുതല്‍ സുരക്ഷിതവുമാണ് ഈ മാര്‍ഗ്ഗം.

പ്രധാനമായും മൂന്ന് തരത്തിലുള്ള ഉപകരണങ്ങള്‍ കൊണ്ടാണ് ഇന്‍ഹേലര്‍ ചികിത്സ ചെയ്യുന്നത്.

1. മീറ്റര്‍ഡ് ഡോസ് ഇന്‍ഹേലര്‍ (Metered Dose Inhaler)

ഇതില്‍ സ്പ്രേ രൂപത്തിലാണ് മരുന്ന് ഉപയോഗിക്കുന്നത്. ചെറിയ കുട്ടികള്‍ക്ക്‌ ഉപയോഗിക്കുമ്പോള്‍ ഇതിനോടൊപ്പം സ്പെസര്‍ എന്ന ഉപകരണവും ഫേസ്‌ മാസ്ക്കും വേണ്ടിവരും.

2. ഡ്രൈ പൌഡര്‍ ഇന്‍ഹേലര്‍ (Dry Powder Inhaler)

മുതിര്‍ന്ന കുട്ടികള്‍ക്ക്‌ മാത്രം ഉപയോഗിക്കാവുന്ന രീതിയാണിത്. ഇതില്‍ പൊടി രൂപത്തിലുള്ള മരുന്ന് ക്യാപ്സൂളുകളില്‍ നിറച്ചാണ് ഉപയോഗിക്കുന്നത്.

3.നെബുലൈസര്‍ (Nebulizer)

അടിയന്തിര ഘട്ടങ്ങളില്‍ ശ്വാസതടസ്സം മാറ്റാനും ആശ്വാസം നല്‍കാനും നെബുലൈസറിന് കഴിയും. വൈദ്യുതിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം മരുന്നിനെ സൂക്ഷ്മ തന്മാത്രകളാക്കി മാറ്റി ശ്വാസകോശത്തില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.

അലര്‍ജനുകളെ അകറ്റി നിര്‍ത്തുക

അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളാണ് അലര്‍ജനുകള്‍. ആസ്ത്മയ്ക്കും കാരണമാകുന്ന വിവിധ അലര്‍ജനുകളും നമുക്ക്‌ ചുറ്റും ധാരാളമുണ്ട്. ഇത്തരം അലര്‍ജനുകളില്‍ നിന്ന് അകലം പാലിക്കുകയും അത്തരം സാഹചര്യങ്ങളില്‍ ഇടപഴകുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. പൊടി, പുക, തണുപ്പ് ഇവയാണ് പ്രധാന വില്ലന്‍ അലര്‍ജനുകള്‍.

ശ്രദ്ധിക്കാന്‍

  • ആസ്ത്മയുള്ള കുട്ടിയുടെ കിടപ്പുമുറിയില്‍ നിന്നും പഴയ പുസ്തകങ്ങള്‍, കട്ടിയുള്ള കര്‍ട്ടനുകള്‍, തുണികള്‍, കാര്‍പ്പറ്റ്, അലമാര എന്നിവ ഒഴിവാക്കുക.
  • മെത്തയും തലയണയും വെയിലത്ത്‌ നന്നായി ഉണക്കിയ ശേഷം നേര്‍ത്ത റെക്സിന്‍ കൊണ്ട് കവര്‍ തയ്പ്പിച്ച് ഇടുക. തുന്നിയ സ്ഥലത്ത്‌ പ്ലാസ്റ്റര്‍ ഒട്ടിച്ച് ഭദ്രമാക്കുക.
  • പുകവലിക്കുന്നവര്‍ വീട്ടിലോ അയല്‍പക്കത്തോ ഉണ്ടെങ്കില്‍ അത്തരം സാഹചര്യങ്ങളേയും വ്യക്തികളേയും ഒഴിവാക്കുക.
  • കിടപ്പുമുറിയില്‍ പൊടി അടിഞ്ഞു കൂടുന്ന പ്രധാന സ്ഥലമെന്ന നിലയില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും റൂമിലെ ഫാന്‍ തുടച്ച് വൃത്തിയാക്കുക.
  • ഭക്ഷണത്തിലും വേണം മാറ്റം

    പൊടിപോലുള്ള അലര്‍ജനുകളില്‍ നിന്നും അകലം സൂക്ഷിക്കുന്നത് പോലെ പ്രധാനപ്പെട്ടത് തന്നെയാണ് ചില ഭക്ഷണ സാധനങ്ങളുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണവും. ആധുനിക വൈദ്യശാസ്ത്രത്തില്‍ ബുദ്ധിമുട്ടുള്ള പഥ്യം ഒന്നും നിര്‍ദ്ദേശിക്കാറില്ലെങ്കിലും ആസ്ത്മയുടെ കാര്യത്തില്‍ ചില്ലറ മാറ്റങ്ങള്‍ ഭക്ഷണത്തില്‍ വരുത്തുന്നത് നന്നായിരിക്കും.

    ഒഴിവാക്കേണ്ടവ

    • അധികം തണുപ്പുള്ള ഭക്ഷണവും പാനീയങ്ങളും.
    • കൂടുതല്‍ എരിവും പുളിയും ചേര്‍ത്ത ഭക്ഷണ സാധനങ്ങള്‍.
    • കൃത്രിമ നിറം, കൃത്രിമ മധുരം, മറ്റ് പ്രിസര്‍വേറ്റീവ്സ് ഇവ ചേര്‍ത്തുള്ള ഭക്ഷണം.
    • ബേക്കറി പലഹാരങ്ങള്‍
    • എണ്ണയില്‍ പൊരിച്ച ഭക്ഷണ സാധനങ്ങള്‍

    ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തേണ്ടവ

    • ക്യാരറ്റ്‌, ബീറ്റ്രൂട്ട്.
    • ഇലക്കറികള്‍
    • പപ്പായ, നെല്ലിക്ക, ഉറുമാമ്പഴം.
    • ധാരാളം വെള്ളം

    ഇവയ്ക്ക് പുറമേ യോഗ, ശ്വസനക്രിയകള്‍, മെഡിറ്റേഷന്‍ എന്നിവയെല്ലാം പല വിധത്തില്‍ ആസ്ത്മ ചികിത്സയില്‍ സഹായകമാവാം. പക്ഷേ ഇവയൊക്കെ അനുഭവ സമ്പത്തും വിശ്വാസ്യതയും ഉള്ള കേന്ദ്രങ്ങളില്‍ നിന്നോ ഗുരുക്കന്മാരില്‍ നിന്നോ അഭ്യസിക്കണമെന്ന് മാത്രം.

    കളിക്കളത്തിലോ ക്ലാസ്സ്‌ മുറിയിലോ അപ്രതീക്ഷിതമായി ശ്വാസംമുട്ട് വന്നു തളര്‍ന്നു കരയുന്ന ഒരു കുട്ടിയെ നിങ്ങള്‍ക്കോര്‍മയില്ലേ ? അത്തരം ഘട്ടങ്ങളില്‍ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷ പ്രധാനപ്പെട്ടതാണ്.

    അടിയന്തര ഘട്ടങ്ങളില്‍ ചെയ്യേണ്ടത്

    • നല്ലവായുസഞ്ചാരമുള്ള മുറിയില്‍ തന്നെ ഇവരെ ഇരുത്തുക.
    • ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ നിവര്‍ന്നിരിക്കുകയോ മുന്നോട്ട് അല്പം ചാഞ്ഞ് ഇരിക്കുകയോ ആവാം.
    • അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങള്‍ ഇറുകിപ്പിടിച്ചതാണെങ്കില്‍ അവ അയച്ചിടുക.
    • സാവധാനവും ആഴത്തിലും ശ്വസിക്കാന്‍ പ്രേരിപ്പിക്കുക.
    • ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ‘റിലീവര്‍’ മരുന്നുകള്‍ വലിക്കുവാന്‍ പറയുക.
    • ആശ്വാസം ലഭിക്കുന്നില്ലെങ്കില്‍ വൈകാതെ അടുത്തുള്ള ഡോക്ടറുടെ സഹായം തേടുക.
    ഡോ. കൃഷ്ണമോഹന്‍
    MBBS, DNB, DAA, MNAMS
    കണ്‍സള്‍ട്ടന്‍റ് പീഡിയാട്രീഷന്‍
    പീഡിയാട്രിക് അലര്‍ജിസ്റ്റ്
    ഗവ. ഹെല്‍ത്ത്‌ സര്‍വ്വീസ്‌

    അവസാനം പരിഷ്കരിച്ചത് : 5/27/2020



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate