অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രമേഹവും ആരോഗ്യവും

പ്രമേഹവും ആരോഗ്യവും

വായയുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ

വായ് വരണ്ടതാവുക, മോണരോഗങ്ങള്‍, പല്ല് അടര്‍ന്നുപോവുക, മുറിവുണങ്ങാന്‍ താമസം, പൂപ്പല്‍ബാധ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രമേഹരോഗികളില്‍ കണ്ടാല്‍ അത് നിങ്ങളുടെ നിയന്ത്രണമില്ലാത്ത ജീവിതംകൊണ്ടാണെന്ന് കരുതേണ്ടതാണ്.

ആഹാര, ആരോഗ്യ കാര്യങ്ങളിലെന്നപോലെ വായുടെ സംരക്ഷണത്തിനും പ്രമേഹ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭൂരിഭാഗം ആളുകളിലും പല്ലിനും മോണയ്ക്കും തകരാറുകള്‍ ഉണ്ടെങ്കിലും പ്രമേഹരോഗികളില്‍ ഇതിനുള്ള സാധ്യത ഇരട്ടിയാണ്.

വായ് വരണ്ടതാവുക, മോണരോഗങ്ങള്‍, പല്ല് അടര്‍ന്നുപോവുക, മുറിവുണങ്ങാന്‍ താമസം, പൂപ്പല്‍ബാധ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രമേഹരോഗികളില്‍ കണ്ടാല്‍ അത് നിങ്ങളുടെ നിയന്ത്രണമില്ലാത്ത ജീവിതംകൊണ്ടാണെന്ന് കരുതേണ്ടതാണ്.

വായിലെ വരള്‍ച്ച

പ്രമേഹമുള്ളവര്‍ക്ക് വായ വരണ്ടതായി അനുഭവപ്പെടുന്നു. ഉമിനീരിന്റെ ഉല്‍പ്പാദനക്കുറവാണ് വരള്‍ച്ചയ്ക്ക് കാരണം. ഉമിനീരിന്റെ അഭാവംമൂലം ഗുരുതര പ്രശ്‌നങ്ങളായ അള്‍സര്‍, എരിച്ചില്‍, പുകച്ചില്‍ തുടങ്ങിയവ പിടികൂടാന്‍ സാധ്യതയുണ്ട്.

പല്ലും മോണയും നനച്ച് അവയെ അണുക്കളില്‍ നിന്ന് സംരക്ഷിക്കുന്നത് ഉമിനീരാണ്. ധാരാളം വെള്ളം കുടിക്കുകയും ഉമിനീരിന്റെ അഭാവം നിയന്ത്രിക്കുവാന്‍ കഴിയുന്ന മരുന്നുകള്‍ ഡോക്ടറോട് ചോദിച്ച് മനസിലാക്കുകയും ചെയ്യേണ്ടതാണ്.

മോണരോഗങ്ങള്‍


മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹരോഗികളില്‍ 30 ശതമാനം മോണരോഗ സാധ്യത കൂടുതലുണ്ട്. സാധാരണ കാണുന്ന മോണരോഗങ്ങള്‍, കാലം ചെല്ലുന്തോറും ഗുരുതരാവസ്ഥയില്‍ എത്തുന്നവ പെരിയോ ഡോണ്‍ടിറ്റിസ് എന്നിങ്ങനെ മോണരോഗങ്ങള്‍ കാണപ്പെടുന്നു.

പ്രമേഹരോഗികളുടെ മോണയ്ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കട്ടി കുറവാണ്. അതുകൊണ്ടുതന്നെ സംരക്ഷണം അത്യാവശ്യമാണ്. പ്രമേഹം നിയന്ത്രണമില്ലാതാകുമ്പോള്‍ വായിലെ രക്തക്കുഴലുകള്‍ കട്ടിയുള്ളതാകും. തന്മൂലം രക്തപ്രവാഹവും അതോടൊപ്പം പോഷകഘടകങ്ങളുടെ ഒഴുക്കും കുറഞ്ഞ് കോശങ്ങളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കും.

ഇതോടൊപ്പം രോഗങ്ങളോട് പ്രതികരിക്കുവാനുള്ള ശേഷി നഷ്ടമാകും. പ്രമേഹരോഗികള്‍ മോണരോഗങ്ങള്‍ക്ക് അടിപ്പെടുമ്പോഴുള്ള അപകടസാധ്യത വളരെ കൂടുതലാണ്. കാരണം ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ മോണയെ ബാധിക്കാന്‍ സാധ്യതയേറെയാണ്.

വെളുത്ത രക്താണുക്കളാണ് ബാക്ടീരിയയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ വെളുത്ത രക്താണുക്കളുടെ ഉല്‍പ്പാദനം കുറഞ്ഞ് അണുബാധ ഉണ്ടാകും.

വായിലുണ്ടാകുന്ന മുറിവുകള്‍

ക്രമാതീതമായി പ്രമേഹമുള്ളവരില്‍ മുറിവുണങ്ങാന്‍ താമസമാണ്. മുറിവുണങ്ങാന്‍ ആന്റിബയോട്ടിക്കുകള്‍ കഴിച്ചാലും പ്രയോജനം ഇല്ലാതെവരും. പ്രമേഹരോഗികളുടെ രക്തക്കുഴലുകള്‍ ചുരുങ്ങി രക്തയോട്ടം കുറയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വെപ്പുപല്ലും പല്ലില്‍ കമ്പിയുമൊക്കെ ഉപയോഗിക്കുന്നവര്‍ മുറിവുണ്ടാകാതെ സൂക്ഷിക്കേണ്ടതാണ്.

പൂപ്പല്‍ബാധ

പ്രമേഹരോഗികളുടെ നാക്ക്, കവിള്‍, മോണ, തൊണ്ട, വായുടെ മുകള്‍ഭാഗം എന്നിവിടങ്ങളില്‍ വെള്ളയും മഞ്ഞയും കലര്‍ന്ന നിറത്തില്‍ പൂപ്പല്‍ബാധയുണ്ടാകുന്നു. തുടക്കത്തില്‍ നേരിയ തോതിലേ പ്രത്യക്ഷപ്പെടുകയുള്ളുവെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ പലതരം അണുബാധകള്‍ക്ക് സാധ്യതയുണ്ട്.

രോഗം മൂര്‍ച്ഛിക്കുന്നതോടെ പല്ല് തേയ്ക്കുന്ന സമയത്തും മറ്റും രക്തം വരാന്‍ തുടങ്ങും. വെപ്പുപല്ലുകള്‍ ഉപയോഗിക്കുന്നവര്‍ ശരിയായ ശുചിത്വം പാലിക്കേണ്ടതാണ്. ഇത് ഫംഗസ്ബാധയേയും പൂപ്പലിനെയും തടയും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

1. ദിവസവും വൃത്തിയായി പല്ലുതേക്കുക.
2. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമെങ്കിലും ഡോക്ടറെ കണ്ട് പരിശോധന നടത്തുക. ഡോക്ടറെ കാണുന്നതിന് മുന്‍പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതാണ്.
3. വായില്‍ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടെങ്കില്‍ അതിനു ശരിയായ ചികിത്സ ചെയ്തതിനുശേഷം മാത്രമേ സങ്കീര്‍ണമായ ശസ്ത്രക്രിയയോ മറ്റോ ചെയ്യാവൂ.
4. വയ്പ്പുപല്ലുകള്‍ ഉപയോഗിക്കുന്നവര്‍ സാധാരണ പല്ലുകളെ സംരക്ഷിക്കുന്നതുപോലെതന്നെ വയ്പ്പുപല്ലുകളും സൂക്ഷിക്കേണ്ടതാണ്. എല്ലാദിവസവും അവ ഊരിയെടുത്ത് വൃത്തിയാക്കുക. വയ്പ്പുപല്ലുകള്‍ ഉപയോഗിക്കുന്നവര്‍ ശരിയായ ശുചിത്വം പാലിച്ചില്ലെങ്കില്‍ അണുബാധയുണ്ടാകാം.

പ്രമേഹം നിലയ്ക്കു നിര്‍ത്താം

കുടുംബങ്ങള്‍ പോലും ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിന്റെ പിടിയിലമര്‍ന്നു. ബേക്കറി സാധനങ്ങളുടെയും ഐസ്‌ക്രീം പോലുള്ള മധുര വിഭവങ്ങളുടെയും ഉപയോഗം കൂടി. ഇത് ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ താറുമാറാക്കി.

 

ജീവിതശൈലി രോഗങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പ്രമേഹം. രണ്ടാം സ്ഥാനം ഹൃദ്രോഗത്തിനാണ്. മൂന്നാം സ്ഥാനത്ത് അമിത വണ്ണവും ബന്ധപ്പെട്ട രോഗങ്ങളുമാണ്. നാലാം സ്ഥാനത്ത് അമിത രക്തസമ്മര്‍ദമാണ്. മറ്റൊന്ന് കൊളസ്‌ട്രോളാണ്. ഇതെല്ലാം ജീവിതശൈലി രോഗങ്ങള്‍ നമുക്ക് സമ്മാനിക്കുന്ന രോഗങ്ങളാണ്.

ഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍


പണ്ടൊക്കെ ഇലക്കറികള്‍ക്കും പച്ചക്കറികള്‍ക്കുമായിരുന്നു ആഹാരക്രമത്തില്‍ പ്രഥമ സ്ഥാനം. ഇവയില്‍ നാരുകളും പോഷക ഗുണവും ധാരാളമുണ്ടായിരുന്നു. ഇറച്ചിയുടെ ഉപയോഗം വളരെ അപൂര്‍വമായിരുന്നു. ഇന്ന് അതെല്ലാം പാടെ മാറിമറിഞ്ഞു. മധുരമുള്ളതും വറുത്തതും പൊരിച്ചതും കൊഴുപ്പു നിറഞ്ഞതുമായ ആഹാര സാധനങ്ങള്‍ക്ക് അടിമയായി. പ്രത്യേകിച്ച് ചെറുപ്പക്കാര്‍.

മാംസാഹാരം ഭക്ഷണത്തില്‍ നിന്നും ഒഴിച്ചു കൂടാത്തതായി മാറി. കുടുംബങ്ങള്‍ പോലും ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിന്റെ പിടിയിലമര്‍ന്നു. ബേക്കറി സാധനങ്ങളുടെയും ഐസ്‌ക്രീം പോലുള്ള മധുര വിഭവങ്ങളുടെയും ഉപയോഗം കൂടി. ഇത് ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ താറുമാറാക്കി.

വ്യായാമം നിര്‍ബന്ധം


പഴയ കാലത്ത് കുട്ടികള്‍ സ്‌കൂള്‍ വിട്ടു വന്നാല്‍ ഉടന്‍ ഓടിച്ചാടി കളിക്കാന്‍ പോകുമായിരുന്നു. കൃഷി വ്യാപകമായിരുന്നതിനാല്‍ മുതിര്‍ന്നവര്‍ കൃഷിയിടങ്ങളില്‍ പണിയെടുത്തിരുന്നു. ഇതെല്ലാം ശരീരത്തിന് നല്ല ആയാസം നല്‍കുന്ന പ്രവര്‍ത്തികളായിരുന്നു. ഇന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പല കാരണങ്ങള്‍കൊണ്ടും വ്യായാമം ചെയ്യാന്‍ സാധിക്കാതെ വരുന്നു.

താല്‍പര്യക്കുറവ്, സമയക്കുറവ്, ടി.വി. സംസ്‌കാരം, പഠന ഭാരം, ട്യൂഷന്‍ ഇതെല്ലാം വ്യായാമശീലം കുറയാന്‍ കാരണമായി. സീരിയലുകളും ക്രിക്കറ്റുപോലുള്ള കളികളും വന്നതോടെ വ്യായാമം ചെയ്യാനുള്ള സമയം ഉണ്ടെങ്കില്‍ പോലും അതിനൊന്നും മെനക്കെടാന്‍ ആളുകള്‍ തായാറാകാതെയായി. ഇതിനെല്ലാം പുറമെയാണ് ജോലിത്തിരക്ക്. ഇങ്ങനെ വ്യായാമം നമ്മുടെ സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.

അമിതവണ്ണം കുറയ്ക്കാം


വ്യായാമത്തിന്റെ കുറവ്, അമിതമായി കൊഴുപ്പും മധുരവുമുള്ള ആഹാരം, ഇലക്കറികളും ഫൈബറും അടങ്ങിയ ഭക്ഷണത്തിന്റെ അഭാവം, ഭക്ഷണക്രമത്തില്‍ വന്ന മാറ്റങ്ങള്‍, വ്യായാമം ഇല്ലാത്ത ജീവിതം ഇതെല്ലാം അവസാനിക്കുന്നത് അമിതവണ്ണത്തിലാണ്. ഇത് ശരീരത്തില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം മോശമാകാന്‍ കാരണമാകുന്നു. ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നു.

ഇന്‍സുലിനാണ് ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നത്. ഇന്‍സുലിന്‍ ഉത്പാദനം ഉണ്ടെങ്കില്‍ പോലും അതിന്റെ പ്രവര്‍ത്തനക്ഷമത കുറയാന്‍ അമിത വണ്ണം കാരണമാകുന്നു. ഇങ്ങനെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുകയും പ്രമേഹം ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യുന്നു.

പാരമ്പര്യം നിസാരമാക്കരുത്


അച്ഛനോ അമ്മയോ പ്രമേഹരോഗിയാണെങ്കില്‍ അവര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ 10 മുതല്‍ 15 ശതമാനം വരെ പ്രമേഹത്തിന് സാധ്യതയുണ്ട്. മാതാപിതാക്കള്‍ രണ്ടുപേരും പ്രമേഹ രോഗികളാണെങ്കില്‍ 60 ശതമാനത്തില്‍ അധികം കുട്ടികളില്‍ പ്രമേഹം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

മാനസിക പിരിമുറുക്കവും പ്രമേഹത്തിന് കാരണമാകുന്നുണ്ട്. ടെന്‍ഷന്‍ കൂടുതലുള്ള ഒരു ജീവിതശൈലിയാണ് ഇപ്പോഴുള്ളത്. കുട്ടികളില്‍ പോലും ടെന്‍ഷന്‍ കാണപ്പെടുന്നു. പഠനകാര്യത്തില്‍ കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലകപ്പെടുന്നുണ്ട്. അവര്‍ക്ക് വിശ്രമവും വ്യായാമവും ലഭിക്കുന്നില്ല.

മാനസിക പിരിമുറുക്കവും അമിത ഉത്കണ്ഠയും ഇന്‍സുലിന് എതിരായി പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകള്‍ ശരീരത്തില്‍ കൂടുതല്‍ ഉണ്ടാകുന്നു. അഡ്രിനാലിന്‍, കോര്‍ട്ടിസോണ്‍, ഗ്ലൂക്കാഗോണ്‍ തുടങ്ങിയ ഇന്‍സുലിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളുടെ അളവ് വര്‍ധിക്കുന്നു. അളവ് വര്‍ധിക്കുേമ്പാള്‍ ഇന്‍സുലിന്റെ ശേഷി കുറയുന്നു.

ഷോപ്പിംഗില്‍ ശ്രദ്ധിക്കാന്‍


സാധാരണ കടകളില്‍ പോയി വാങ്ങുമ്പോള്‍ സെയില്‍സ്മാന്‍ പൊതിഞ്ഞു നല്‍കുന്ന സാധനവുമായി വീട്ടിലേക്ക്മടങ്ങേണ്ടിവരുന്നു. ആ ഉത്പന്നത്തിന്റെ വിലയല്ലാതെ മറ്റൊന്നും കടക്കാരനോ വാങ്ങിക്കുന്ന ആള്‍ക്കോ അറിയാന്‍ ഈ ഷോപ്പിംഗിലൂടെ കഴിയില്ല.

സൂപ്പര്‍ മാര്‍ക്കറ്റ് ഷോപ്പിംങ്ങാണ് പ്രമേഹരോഗികള്‍ക്ക് നല്ലത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിലയും ഗുണവും അളവും നോക്കിവാങ്ങാനുള്ള സൗകര്യമുണ്ട്.

പ്രമേഹ രോഗികള്‍ പായ്ക്കറ്റില്‍ വരുന്ന ഭക്ഷ്യ സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനായി ഭക്ഷ്യസാധനങ്ങളുടെ പായ്ക്കറ്റിന്റെ പുറത്തെ ലേബലുകള്‍ സസൂക്ഷ്മം വായിക്കണം. അതില്‍ ഉല്‍പന്നത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കും.

ഉല്‍പ്പന്നം കലോറി കുറഞ്ഞതോ കൂടിയതോ എന്നും വറുത്തതോ വറുക്കാത്തതോ എന്നൊക്കെ പ്രമേഹബാധിതര്‍ അറിഞ്ഞിരിക്കണം. തണുത്തത്, പുഴുങ്ങിയത്, ഉണക്കിയത് എന്നൊക്കെയുള്ള വിവരങ്ങള്‍ ലേബലില്‍ നിര്‍മ്മാതാക്കള്‍ തന്നെ നല്‍കിയിരിക്കും. ലേബല്‍ വായിച്ചു നോക്കുമ്പോള്‍ ഈ ഉല്‍പ്പന്നം പ്രമേഹം ബാധിച്ച ഒരാള്‍ക്ക് കഴിക്കാന്‍ നല്ലതാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും.

പ്രമേഹരോഗിക്ക് രോഗം വന്നാല്‍


1. പ്രമേഹരോഗിക്ക് മറ്റ് അസുഖങ്ങള്‍ പിടിപ്പെട്ടാല്‍ രക്തപരിശോധന നിര്‍ബന്ധമാണ്. ഇന്‍സുലിന്റെ പ്രവര്‍ത്തനവും പഞ്ചസാരയുടെ അളവും പരിശോധിക്കണം. 
2. പ്രമേഹനിയന്ത്രണമാര്‍ഗങ്ങള്‍ ഒഴിവാക്കാതെ വേണം രോഗങ്ങള്‍ പിടിപെടുമ്പോഴും ഭക്ഷണം കഴിക്കാന്‍. സൂപ്പ്, ജലാറ്റിന്‍ തുടങ്ങിയ ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണം കൂടുതലായി കഴിക്കണം. 
3. വയറിളക്കവും ഛര്‍ദിയും പിടിപ്പെട്ടാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാം. അതിനാല്‍ ധാരാളം വെള്ളമോ മറ്റു പാനീയങ്ങളോ കുടിക്കണം. 
4. പനിക്കും ജലദോഷത്തിനും കഴിക്കുന്ന മരുന്നുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടിയേക്കാം. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം പനിക്കും ജലദോഷത്തിനും മരുന്നുകഴിക്കുക. 
5. കീറ്റോണ്‍ പരിശോധനയും രോഗിക്ക് നിര്‍ബന്ധമാണ്. യൂറിന്‍ പരിശോധനയിലൂടെ ഇതിന്റെ അളവ് മനസിലാക്കാം.

സങ്കീര്‍ണതകള്‍ ഒഴിവാക്കാം


ശരീരത്തിന്റെ എല്ലാ അവയവങ്ങളേയും ബാധിക്കുന്ന രോഗമായതിനാല്‍ പ്രമേഹം നിസാരമായി കാണരുത്. രക്ത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകളുടെയും നാഡികളുടെയും പ്രവര്‍ത്തനത്തെ നേരിട്ടു ബാധിക്കുന്നു. ചിട്ടയായ ജീവിതശൈലി പിന്തുടര്‍ന്നില്ലെങ്കില്‍ രോഗതീവ്രത വര്‍ധിപ്പിക്കും.

കാലിലെ ഉണങ്ങാത്ത വ്രണം, വൃക്കസ്തംഭനം, കാലിലെ ചുട്ടം നീറ്റം, തരിപ്പ്, മരവിപ്പ്, സ്പര്‍ശനശേഷി നഷ്ടപ്പെടല്‍, ലൈംഗികശേഷി കുറയുക, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയും ഇതിന്റെ പ്രത്യാഘാതങ്ങള്‍തന്നെ.

നിശബ്ദ കൊലയാളി എന്ന പേര്‍ പ്രമേഹത്തിന് തികച്ചും അനുയോജ്യമാണ്. കാരണം രോഗം വളരെ സാവധാനത്തിലാണ് അവയവങ്ങളെ തകരാറിലാക്കുന്നത്. ചില അവസരങ്ങളില്‍ പ്രാഥമിക ലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടാതിരിക്കുകയോ അവ ഗൗരവമായി എടുക്കുകയോ ചെയ്യാത്തതുമൂലം രോഗം കൂടുതല്‍ സങ്കീര്‍ണമാകുന്നു.

പുറമേ ലക്ഷണങ്ങളൊന്നു പ്രകടമാക്കാതെ എല്ലാ അവയവങ്ങളെയും ക്ഷതമേല്‍പ്പിക്കാം. രോഗത്തിന്റെ അവസാന ഘട്ടത്തിലുള്ള ചികിത്സ ഫലപ്രദമല്ല. അതിനാല്‍ രോഗാരംഭം മുതല്‍ ജീവിതശൈലി ക്രമപ്പെടുത്തണം. കൃത്യതയോടെയുള്ള രക്ത പരിശോധനകളും വിദഗ്‌ദോപദേശങ്ങളും രോഗം നിയന്ത്രണ വിധേയമാകാന്‍ സഹായിക്കും.

പുകവലി ഉപേക്ഷിക്കാം


പ്രമേഹത്തിലേക്കു നയിക്കുന്ന കാരണങ്ങളില്‍ പ്രഥമസ്ഥാനത്താണ് പുകവലി. ശ്വാസകോശ അര്‍ബുദത്തിനുവരെ കാരണമാകുന്ന പുകവലി രോഗത്തെ അതിന്റെ തീവ്രമായ അവസ്ഥയില്‍ വളരെവേഗം കൊണ്ടെത്തിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പുകവലിക്കുന്നവരില്‍ ക്രമാതീതമായി കൂടുന്നതാണ് ഇതിനു കാരണം.

പ്രമേഹം നിയന്ത്രിക്കുന്നതില്‍ പാന്‍ക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന് ഒരു പ്രധാന പങ്കുണ്ട്. എന്നാല്‍ പുകയിലയില്‍ അടങ്ങിയിരിക്കുന്ന പദാര്‍ഥങ്ങര്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം തടയുന്നു. മാത്രമല്ല ഇന്‍സുലീന് എതിരെ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളായ ഗ്രോത്ത് ഹോര്‍മോണ്‍സ്, കോര്‍ടിസോള്‍ എന്നിവയുടെ അളവില്‍ വ്യത്യാസം ഉണ്ടാക്കുകയും ചെയ്യുന്നു.

രക്തസമ്മര്‍ദം


പുകവലിക്കുന്നവരില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടുകയും നല്ല കൊളസ്‌ട്രോളിന്റെ അളവ് കുറയുന്നതായും കണ്ടുവരുന്നു. രക്തസമ്മര്‍ദത്തിന്റെ കാര്യത്തിലും കണക്കുകള്‍ വിഭിന്നമല്ല. പുകവലി രക്ത്തിന്റെ സുഗമമായ ഒഴുക്കിനെ തടസപ്പെടുത്തുന്നു. ഇത് കണ്ണുകളുടെയും വൃക്കളുടെയും പ്രവര്‍ത്തനത്തെ ഗുരതരമായി ബാധിക്കുന്നു.

രക്തത്തിന്റെ മന്ദഗതിയിലുള്ള പ്രവാഹം രക്തം കട്ടപിടിക്കുന്നതിനും, അതിനു സഹായകരമായ ഘടകങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. ഇതില്‍ പുകവലിക്കുള്ള പങ്ക് വളരെ വലുതാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മറ്റുള്ളവരെ അപേഷിച്ച് ഹൃദയാഘാത സാധ്യത വളരെ കൂടുതലാണ്. 
രക്താതിസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിങ്ങനെയുള്ള ഹൃദ്രോഗകാരണങ്ങള്‍ പ്രമേഹത്തിന്റെ സന്തതസഹചാരിയാണ്. മറ്റ് ഹൃദ്രോഗകാരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുകവലിയുള്ള പ്രമേഹബാധിതര്‍ക്ക് മൂന്നിരട്ടി ഹൃദ്രോഗസാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പുകവലി നിര്‍ത്താന്‍


കേരളത്തില്‍ അടുത്തിടെ പ്രമേഹ രോഗികള്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേ വ്യക്തമാക്കുന്നത് 52 ശതമാനം രോഗികളും പുകവലി പ്രമേഹതീവ്രത വര്‍ധിപ്പിക്കുമെന്നാണ്. പുകവലി ആരോഗ്യത്തിനു ഹാനികരം എന്നത് സിഗരറ്റു പായ്ക്കറ്റിലെ വെറും അക്ഷരങ്ങള്‍ മാത്രമല്ല. അതിലെ യഥാര്‍ഥ സന്ദേശം എല്ലാവരും തിരിച്ചറിയേണ്ടിയിരിക്കുന്നു.

പ്രത്യേകിച്ചും പ്രമേഹബാധിതര്‍. കൃത്യവും ചിട്ടയുമാര്‍ന്ന ബോധവത്ക്കരണങ്ങളിലൂെട കര്‍ശനമായ ആത്മനിയന്ത്രണത്തിലൂടെ പുകവലി പൂര്‍ണമായി ഉപേക്ഷിക്കാന്‍ ഇന്നുതന്നെ തയാറെടുത്തു തുടങ്ങുക. അപ്പോള്‍ രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താം. ആരോഗ്യപ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനം ഇതിന് അവര്‍ക്ക് ആവശ്യമാണ്.

കാല്‍പാദങ്ങളില്‍ പരിശോധന

പ്രമേഹരോഗികളുടെ പ്രായത്തിനനുസരിച്ച് പാദസംരക്ഷണത്തിന്റെ പ്രാധാന്യം ഏറുന്നു. പ്രമേഹം മൂലം നാഡീവ്യൂഹങ്ങള്‍ക്കുണ്ടാകുന്ന തകരാറാണ് പാദരോഗങ്ങള്‍ക്ക് പ്രധാന കാരണം.

ശരീരത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തലച്ചോറിലെത്തിക്കുകയും തലച്ചോറിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ശരീരാവയവങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന സെന്‍സറി മോട്ടോര്‍ സംവിധാനത്തിന് തകരാര്‍ സംഭവിക്കുന്നതാണ് പാദരോഗങ്ങള്‍ക്ക് കാരണം.

 

ചര്‍മ്മത്തിലെ മാറ്റങ്ങള്‍


സെന്‍സറിമോട്ടോര്‍ സിസ്റ്റത്തിന്റെ തകരാര്‍മൂലം ശരീരത്തിലെ പേശികള്‍ക്ക് പ്രവര്‍ത്തനക്ഷമത നഷ്ടമാകുന്നു. കൂടാതെ കുടല്‍, ആമാശയം, മൂത്രാശയം, വിയര്‍പ്പുഗ്രന്ഥികള്‍ എന്നിവയെ നിയന്ത്രിച്ചുപോരുന്ന നാഡികള്‍ക്കു ബലക്ഷയമുണ്ടാകുന്നു.

 

വിയര്‍പ്പുഗ്രന്ഥികളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ ചര്‍മ്മത്തില്‍ ജലാംശം കുറയുന്നു. ചര്‍മ്മം വിണ്ടുകീറി മുറിവുകളുണ്ടാകുന്നു.

നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനതകരാര്‍മൂലം അവതാളത്തിലാകുന്ന പേശികള്‍ സങ്കോചവികാസവ്യവസ്ഥ പാലിക്കപ്പെടാത്ത സ്ഥിതി ഉണ്ടാകുന്നതോടെ വിരലുകളുടെ സ്വഭാവിക ആകൃതി നഷ്ടമാകുന്നു. ഇത്തരത്തില്‍ ആകൃതിയില്‍ വ്യത്യാസം വന്ന പാദമൂന്നി നടക്കുമ്പോള്‍ ഒരു പ്രത്യേകഭാഗത്ത് കൂടുതല്‍ മര്‍ദം അനുഭവപ്പെടുന്നു.

ഈ ഭാഗത്തെ ചര്‍മ്മത്തിന് കട്ടികൂടി അവിടെ വ്രണം രൂപപ്പെടുന്നു. ഈ തഴമ്പുകള്‍ അടര്‍ന്നുപോകുമ്പോള്‍ അവിടെ വ്രണം രൂപപ്പെടും. നാഡീതകരാര്‍മൂലം പ്രതികരണശേഷി നഷ്ടപ്പെടുന്നതിനാല്‍ ഈ ഭാഗത്ത് വേദന അനുഭവപ്പെടുകയില്ല.

 

ലക്ഷണങ്ങള്‍ നിസാരമാക്കരുത്


പാദങ്ങള്‍ക്ക് സംവേദനക്ഷമത നഷ്ടപ്പെടുക, ചുവന്നുതടിക്കുക, കുമിളയുണ്ടാവുക, പാദങ്ങളില്‍ വേദന അനുഭവപ്പെടുക എന്നിങ്ങനെയുളള പല ലക്ഷണങ്ങളും കണ്ടുവരുന്നു.

 

പ്രത്യേക കാരണങ്ങളൊന്നും കൂടാതെതന്നെ കാലില്‍ വേദന, ചര്‍മ്മം നേര്‍ത്ത് ചുളിയുക, കാലിലെ രോമം കൊഴിയുക, കാലില്‍ നിറം മാറ്റവും ചൂടും,ചെറിയ മുറിവുണ്ടായാല്‍ പഴുക്കുക, കരിയാതെയിരിക്കുക, തുടങ്ങിയവയും പ്രമേഹം മുലമുള്ള പാദരോഗങ്ങളുടെ ലക്ഷണമാകും.

പാദത്തില്‍ പുകച്ചില്‍ അനുഭവപ്പെടുന്നത് രോഗലക്ഷണമാണ്. രക്തത്തിലൂടെ എത്തിച്ചേരേണ്ട ഓക്‌സിജനും മറ്റുഘടകങ്ങളും ശരിയായ അളവില്‍ ലഭിക്കാത്തതിനാല്‍ ചെറിയ മുറിവുപോലും പഴുപ്പാകുന്നു.

പുകവലി ശീലമുള്ളവരിലാണ് പാദരോഗം കുടുതലായും കണ്ടുവരുന്നത്. ഹൈഹീല്‍ഡ് ചെരിപ്പുകളും ഇറുകിയ ചെരിപ്പുകളും ഉപയോഗിക്കുന്നവരില്‍ പാദരോഗം കൂടുതലാണ്.

 

മരവിപ്പ് ശ്രദ്ധിക്കണം


പാദങ്ങളില്‍ നിറംമാറ്റമോ തുടര്‍ച്ചയായ മരവിപ്പോ പുകച്ചിലോ അനുഭവപ്പെട്ടാല്‍ പരിശോധന ആവശ്യമാണ്. പ്രമേഹരോഗികള്‍ നിര്‍ബന്ധമായും പരിശോധന നടത്തണം. ഇതുമായി ബന്ധപ്പെട്ട് നിരവധി പരിശോധനകള്‍ ആശുപത്രിയില്‍ ലഭ്യമാണ്.

 

പ്രമേഹരോഗികള്‍ക്കുള്ള പൂര്‍ണ വാര്‍ഷിക പരിശോധനകള്‍ക്ക് ബയോതെസിയോമെട്രി പരിശോധനയെന്നു പറയുന്നു. രക്തയോട്ടപ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ പെരിഫറല്‍ ഡ്രോപ്ലര്‍ സിസ്റ്റം, പാദത്തിലെ ആണി, പഴുപ്പ്, സമ്മര്‍ദ്ദം എന്നിവ കണ്ടുപിടിക്കുന്നതിന് ഫൂട്ട്പ്രഷര്‍ ഡിസ്ട്രിബ്യൂഷന്‍ മെഷര്‍മെന്റ് എന്നീ പരിശോധനകളാണുള്ളത്.

കാലിലെ മര്‍ദ്ദം തിട്ടപ്പെടുത്തി കാലിന് അനുയോജ്യമായ ചെരുപ്പ് തെരഞ്ഞെടുത്ത് ഉപയോഗിക്കാന്‍ പരിശോധനകൊണ്ടാകും. മൈക്രോസെല്ലുലാര്‍ പോളിമര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാദരക്ഷകള്‍ പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്.

 

പാദങ്ങള്‍ക്കും സംരക്ഷണം


1. പാദം ദിവസവും കഴുകി വൃത്തിയാക്കണം
2. വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കാം.

 

3. ചെറുചൂടുവെള്ളം വേണം ഉപയോഗിക്കാന്‍. 
4. പാദത്തില്‍ ജലാംശം തങ്ങി നില്‍ക്കാന്‍ ഇടവരുത്തരുത്.

5. വൃത്തിയുള്ള തുണിയുപയോഗിച്ച് ജലാംശം നീക്കം ചെയ്യണം. 
6. വിരലുകള്‍ക്കിടയില്‍ നനവ് തങ്ങി നില്‍ക്കാന്‍ അനുവദിക്കരുത്.

7. ഇടയ്ക്കിടെ സ്വയം പാദപരിശോധന വേണം. 
8. എല്ലാദിവസവും പാദം കഴുകുമ്പോള്‍ വ്യക്തമായി പരിശോധിക്കണം.

9. മുറിവുകളോ പോറലുകളോ ഇല്ലെന്ന് ഉറപ്പു വരുത്തണം. 
10. ഒപ്പം കാല്‍നഖവും പരിശോധിക്കണം.

11. നഖം യഥാസമയത്ത് വെട്ടിനിര്‍ത്തണം. 
12. നഖം ഇരുവശങ്ങളിലേക്കും വളര്‍ന്ന് മാംസത്തിനുള്ളിലേക്ക് ആഴ്ന്ന് മുറിവുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

13. ശരീരഭാരം കുറയ്ക്കുക. 
14. എപ്പോഴും ചെരിപ്പ് ധരിക്കുക.

15. കാലിന് ഇണങ്ങുന്ന ചെരിപ്പും ഷൂവും തെരഞ്ഞെടുക്കണം.

കാഴ്ചയെ കീഴ്‌പ്പെടുത്തുമ്പോള്‍

 

പ്രമേഹ രോഗികളില്‍ ഡയബറ്റിക് റെറ്റിനോപ്പതി പിടിപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. പ്രമേഹംമൂലം റെറ്റിനയ്ക്കും കണ്ണിലെ ചെറു രക്തക്കുഴലുകള്‍ക്കും ഉണ്ടാകുന്ന വൈകല്യങ്ങളെയാണ് ഡയബറ്റിക് റെറ്റിനോപ്പതി (ഡി.ആര്‍.) എന്നു പറയുന്നത്

ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെയുംപോലെ കണ്ണുകളെയും പ്രമേഹം കീഴടക്കുന്നു. അന്ധതയ്ക്കുള്ള കാരണങ്ങളില്‍ പ്രഥമ സ്ഥാനമാണിതിന്. പ്രമേഹരോഗികളില്‍ സാധാരണ കണ്ടുവരുന്ന കാഴ്ച തകരാറുകളും അവയ്ക്കുള്ള ചികിത്സകളും.

ഡയബറ്റിക് റെറ്റിനോപ്പതി


പ്രമേഹ രോഗികളില്‍ ഡയബറ്റിക് റെറ്റിനോപ്പതി പിടിപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. പ്രമേഹംമൂലം റെറ്റിനയ്ക്കും കണ്ണിലെ ചെറു രക്തക്കുഴലുകള്‍ക്കും ഉണ്ടാകുന്ന വൈകല്യങ്ങളെയാണ് ഡയബറ്റിക് റെറ്റിനോപ്പതി (ഡി.ആര്‍.) എന്നു പറയുന്നത്.

കാമറയിലെ ഫിലിമിനു തുല്യമാണ് റെറ്റിന. കാഴ്ച സാധ്യമാകുന്ന ഭാഗം. അതിനാല്‍ റെറ്റിനയിലും നേത്രനാഡിയിലും ഉണ്ടാകുന്ന ചെറിയ ക്ഷതങ്ങള്‍പോലും കാഴ്ചയെ തകരാറിലാക്കും.

ഇതുമൂലം റെറ്റിനയില്‍ കൃത്യമായ പ്രതിബിംബങ്ങള്‍ രൂപപ്പെടാതെവരികയും പ്രതിബിംബങ്ങള്‍ കൃത്യമായി തലച്ചോറിലെത്തിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. റെറ്റിനയിലെ പ്രശ്‌നങ്ങളുടെ തോതനുസരിച്ച് നേര്‍ത്ത അവ്യക്തത മുതല്‍ പൂര്‍ണ അന്ധത വരെ സംഭവിക്കാം.

ഡയബറ്റിക് റെറ്റിനോപ്പതിയുടെ ആദ്യ ഘട്ടത്തില്‍ കണ്ണിലെ നേത്രാന്തരപടലത്തെയും (റെറ്റിന) കേന്ദ്രഭാഗമായ മാക്കുലയെയും ബാധിക്കുന്നത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ റെറ്റിനയിലെ രക്തക്കുഴലുകളില്‍നിന്ന് രക്തം ചോര്‍ന്ന് റെറ്റിനയ്ക്ക് ക്ഷതം സംഭവിക്കും. തുടര്‍ന്ന് പുതിയ രക്തക്കുഴലുകള്‍ വികസിച്ചുവരുന്നു. എന്നാല്‍ അവ ദുര്‍ബലവും പെട്ടെന്ന് പൊട്ടി പോകുന്നവയും ആയിരിക്കും.

പ്രമേഹം പിടിപെട്ടാല്‍ ഉടന്‍തന്നെ ഡയബറ്റിക് റെറ്റിനോപ്പതി സംഭവിക്കുന്നില്ല. കാലക്രമേണയാണ് ഇത് കാഴ്ചയെ കീഴടക്കുന്നത്.

30 വയസിനു മുമ്പ് പ്രമേഹം വന്ന ഒരാള്‍ക്ക് 10 വര്‍ഷത്തിനുശേഷമായിരിക്കും ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകുന്നത്. അതിനാല്‍ പ്രമേഹം ബാധിച്ച വ്യക്തി ആരംഭത്തില്‍ ഡയബറ്റിക് റെറ്റിനോപ്പതി തിരിച്ചറിയപ്പെടാതെ പോകുന്നു.

നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം റെറ്റിനോപ്പതി നേരത്തെയാക്കുന്നു. ജുവനൈല്‍ ഡയബറ്റിസ്. പെട്ടെന്ന് കാഴ്ചമങ്ങുക, കണ്ണില്‍ കറുത്ത വരകള്‍ ഓടിനടക്കുന്നത് പോലെ കാണുക, വെളിച്ചത്തിന് ചുറ്റും വൃത്തങ്ങള്‍ കാണുക, കാഴ്ച കുറഞ്ഞുവരിക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

ചികിത്സ


പ്രമേഹം നിയന്ത്രണവിധേയമാക്കുന്നതാണ് പ്രധാനം. പരിശോധനകളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ലേസര്‍ചികിത്സ ഫലപ്രദമാണ്. ശക്തിയേറിയ പ്രകാശ രശ്മികള്‍ ഉപയോഗിച്ച് കേടുവന്ന കോശങ്ങള്‍ കരിയിച്ചുകളയുന്ന രീതിയാണിത്.

വേദനയോ മറ്റുപ്രശ്‌നങ്ങളോ ഉണ്ടാവുകയില്ല എന്നതിനൊപ്പം ആശുപത്രിയില്‍ കിടക്കേണ്ട എന്ന ഗുണവുമുണ്ട്. ലേസര്‍ ചെയ്തതിനുശേഷവും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുകയും ആവശ്യമെങ്കില്‍ വീണ്ടും ലേസര്‍ ചെയ്യണം.

കണ്ണിനുള്ളില്‍ രക്തസ്രാവം ഉണ്ടാവുകയോ റെറ്റിനയ്ക്ക് വലിവുണ്ടായി കാഴ്ചക്കുറവ് സംഭവിക്കുകയോ ചെയ്താല്‍ വിട്രക്റ്റമി എന്ന ശസ്ത്രക്രിയയിലൂടെ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

വിട്രിയസ് നീക്കി ഫ്‌ളൂയിഡ് നിറയ്ക്കുകയാണ് ഈ ശസ്ത്രക്രിയയില്‍ ചെയ്യുന്നത്. ന്യൂതന ചികിത്സാ രീതിയായ ആന്റി വാസ്‌കുലാര്‍ ഇന്‍ഞ്ചക്ഷന്‍ ഗുരുതരമായ അവസ്ഥയില്‍ ഫലപ്രദമാണ്.

ഡയബറ്റിക് റെറ്റിനോപതിയുടെ തീവ്രതയും വ്യാപനവും ആരംഭത്തിലേയുള്ള ചികിത്സകൊണ്ട് കുറയ്ക്കാന്‍ സാധിക്കും. പ്രമേഹം നിയന്ത്രിച്ചുനിര്‍ത്താന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ക്കു പ്രാധാന്യം കൊടുക്കണം.

ചികിത്സ വൈകുംതോറും കണ്ണില്‍ രക്തസ്രാവം കൂടുകയും കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുന്നു. ചികിത്സകളിലൂടെ പിന്നീട് കാഴ്ചശക്തി വീണ്ടെടുക്കാന്‍ കഴിയില്ല.

മുന്‍കരുതലുകള്‍


1. പ്രമേഹം ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിച്ചുനിര്‍ത്തുക.
2. പ്രമേഹ നിരക്ക് കൂടിയും കുറഞ്ഞുമിരിക്കുന്നത് റെറ്റിനോപ്പതിക്കുള്ള സാധ്യത വര്‍ധിപ്പിക്കും. 150 സ്ഥിരമായി നിര്‍ത്താന്‍ ശ്രദ്ധിക്കണം.

3. പ്രമേഹത്തിനൊപ്പം രക്തസമ്മര്‍ദ്ദം, അനീമിയ എന്നിവയുണ്ടെങ്കില്‍ അവയും നിയന്ത്രിച്ചുനിര്‍ത്തണം. 
4. പുകവലി ഉപേക്ഷിക്കുക

5. പ്രമേഹരോഗികള്‍ 6- 9 മാസം കൂടുമ്പോള്‍ നേത്രപരിശോധന നടത്തണം. നിയന്ത്രണവിധേയമല്ലാത്ത പ്രേമഹമുള്ളവര്‍ മൂന്ന് മാസം കൂടുമ്പോള്‍ പരിശോധിക്കണം. കാഴ്ചയ്ക്ക് മങ്ങല്‍ സംഭവിച്ചിട്ടില്ലെങ്കില്‍പോലും ഡയബറ്റിക് റെറ്റിനോപ്പതിയുടെ ഭാഗമായ കാഴ്ചക്കുറവ് ആരംഭത്തിലേ കണ്ടെത്തി തടയാന്‍ ഇത് സഹായിക്കും. 
6. പാരമ്പര്യമായി പ്രമേഹരോഗമുള്ളവര്‍ നേരത്തെതന്നെ പരിേശാധന തുടങ്ങണം

ശരിയായ ഉറക്കം

ഓരോരുത്തരുടേയും ശാരീരിക അധ്വാനത്തിനനുസരിച്ചുള്ള ഉറക്കമാണ് വേണ്ടത്. രാത്രി ഉറക്കം പ്രമേഹരോഗിക്ക് ഒഴിവാക്കാനാവാത്തതാണ്

അമിത ഭക്ഷണം, വ്യായാമത്തിന്റെ അഭാവം എന്നിവയ്‌ക്കൊപ്പം കൃത്യതയില്ലാത്ത ഉറക്കവും പ്രമേഹ തീവ്രത വര്‍ധിപ്പിക്കും. പ്രമേഹരോഗിയെ അപകടകരമായ അവസ്ഥയിലേക്കു നയിക്കാനും ഉറക്കക്കുറവ് കാരണമാകും.

സാധാരണ പറയുന്നതുപോലെ എട്ടുമണിക്കൂര്‍ ഉറക്കം നിര്‍ബന്ധമില്ല. ഓരോരുത്തരുടേയും ശാരീരിക അധ്വാനത്തിനനുസരിച്ചുള്ള ഉറക്കമാണ് വേണ്ടത്. രാത്രി ഉറക്കം പ്രമേഹരോഗിക്ക് ഒഴിവാക്കാനാവാത്തതാണ്.

ശരിയായ ഉറക്കം


എഴുതുകയോ, വായിക്കുകയോ, മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന സമയത്ത് ഉറക്കം വന്ന് കണ്‍പോളകള്‍ അടയാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ ഉറങ്ങാന്‍ കിടക്കണം. പിറ്റേദിവസം എപ്പോഴാണ് ഉറക്കം ഉണരുന്നതെന്നും ശ്രദ്ധിക്കണം.

ഉന്മേഷത്തോടെയാണ് ഉറങ്ങി ഉണരുന്നതെങ്കില്‍ ശരിയായ ഉറക്കമാണെന്ന് കണക്കാക്കാം. അല്ലെങ്കില്‍ അരമണിക്കൂര്‍ കൂട്ടിയും കുറച്ചും പരീക്ഷിച്ച് സുഖകരമായ നിദ്രയുടെ സമയം കണ്ടെത്താം.

ഉറക്കക്കുറവ്


ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുക, രാത്രി ജോലികള്‍, വായന, എഴുത്ത്, ഉറക്കമിളപ്പിന് കാരണമാകുന്ന മറ്റ് സാഹചര്യങ്ങള്‍ എന്നിവയെല്ലാം ഉറക്കത്തിന് വിഘാതം സൃഷ്ടിക്കും. ഇത് പ്രമേഹരോഗിയുടെ ദിനങ്ങളെ ഉന്മേഷ രഹിതമാക്കും.

ഉച്ചയൂണിനുശേഷം കിടക്കാനുള്ള ആഗ്രഹം സ്വാഭാവികമാണ്. ശരീരത്തിനു വിശ്രമം നല്‍കാന്‍ അല്പം കിടക്കുന്നത് നല്ലതാണ്.

എന്നാല്‍ പകല്‍സമയത്തെ ഗാഢമായ ഉറക്കം ശരീരത്തിനു ദോഷം ചെയ്യും. പ്രമേഹരോഗികള്‍ രാത്രിയില്‍ ഉറക്കമിളച്ചാല്‍ പകല്‍ കുറച്ചുനേരം വിശ്രമം ആവശ്യമാണ്.

ശരിയായ ഉറക്കത്തിന്


1. കിടക്കുന്നതിന് മുമ്പ് ചെറു ചൂടുവെള്ളത്തില്‍ കുളിക്കുക.

2. മനസിനെ ശാന്തമാക്കാന്‍ കുറച്ചു സമയം ശാന്തമായിരുന്ന് സാവധാനം ശ്വാസം എടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യണം.

3. ദിവസത്തില്‍ അരമണിക്കൂറെങ്കിലും വ്യായാമത്തിന് മാറ്റിവയ്ക്കണം.

4. വായന, മൃദുവായ സംഗീതം കേള്‍ക്കുക എന്നിവയും സുഖനിദ്ര പ്രദാനം ചെയ്യും.

5. പ്രമേഹ രോഗികളില്‍ കാണുന്ന മറ്റൊരു പ്രശ്‌നമാണ് കൂര്‍ക്കംവലി. ഡോക്ടറുടെ സഹായത്തോടെ ഉറക്കക്കുറവിനും, കൂര്‍ക്കം വലിക്കും പരിഹാരം തേടുകയും ശരിയായ വിശ്രമത്തെക്കുറിച്ച് ചോദിച്ചു മനസിലാക്കുകയും വേണം.

പ്രമേഹരോഗികളിലെ ഉറക്കക്കുറവും ശരിയല്ലാത്ത ഉറക്കക്രമവും രോഗതീവ്രത കൂട്ടാം. അതിനാല്‍ കൃത്യതയാര്‍ന്ന ഉറക്കം രോഗിക്ക് അത്യാവശ്യമാണ്.

ക്ഷയരോഗം സൂക്ഷിക്കുക

നമുക്കിടയില്‍ സാധാരണ കണ്ടുവരുന്ന ക്ഷയരോഗത്തിന്റെ കഥയും ഇതു തന്നെ. ഇതൊരു പുതിയ അറിവല്ല. ഭാരതീയ വൈദ്യശാസ്ത്ര കുലപതി സുശ്രുതനും അറബ് വൈദ്യശാസ്ത്ര പ്രതിഭ അവിസെന്നയും പ്രമേഹവും ക്ഷയരോഗവും തമ്മിലുള്ള സാഹോദര്യബന്ധം നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ കണ്ടെത്തിയിരുന്നു

പ്രമേഹം ശരീരത്തിന്റെ ഒരു ഗ്രന്ഥിയെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമല്ല. ഹൃദയം, വൃക്കകള്‍, കണ്ണ്, നാഡീഞരമ്പുകള്‍ തുടങ്ങി അടിമുടി എല്ലാ കോശസമൂഹങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. പ്രമേഹബാധിതരില്‍ സൂക്ഷ്മാണുജന്യ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

നമുക്കിടയില്‍ സാധാരണ കണ്ടുവരുന്ന ക്ഷയരോഗത്തിന്റെ കഥയും ഇതു തന്നെ. ഇതൊരു പുതിയ അറിവല്ല. ഭാരതീയ വൈദ്യശാസ്ത്ര കുലപതി സുശ്രുതനും അറബ് വൈദ്യശാസ്ത്ര പ്രതിഭ അവിസെന്നയും പ്രമേഹവും ക്ഷയരോഗവും തമ്മിലുള്ള സാഹോദര്യബന്ധം നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ കണ്ടെത്തിയിരുന്നു.

രണ്ടു രോഗാവസ്ഥകള്‍ ഒന്നിച്ചുവരുന്നത് കൂടുതല്‍ അപകടകരമാണ് എന്നതില്‍ സംശയമില്ല.

പ്രമേഹബാധിതര്‍ക്ക് ക്ഷയം


മൈക്കോ ബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന സൂക്ഷ്മാണുവാണ് ക്ഷയരോഗത്തിന് കാരണം. വായുവില്‍ കൂടിയാണ് രോഗാണു ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

നമ്മുടെ നാട്ടില്‍ ഈ രോഗം വളരെ കൂടുതലായി കാണപ്പെടുന്നതുകൊണ്ട് രോഗാണു വ്യാപനം വളരെ എളുപ്പമാണ്. എന്നാല്‍ രോഗാണു ശരീരത്തില്‍ എത്തിയതു കൊണ്ടു മാത്രം ആരും രോഗിയാവുന്നില്ല. ക്ഷയരോഗാണുക്കള്‍ക്ക് ശരീരത്തില്‍ സജീവമല്ലാതെ കഴിയാന്‍ പ്രത്യേക കഴിവുണ്ട്.

നമ്മുടെ ജനസംഖ്യയുടെ 40 50 ശതമാനം പേരിലും ഇങ്ങനെ ഉറങ്ങിക്കിടക്കുന്ന ക്ഷയരോഗാണുക്കള്‍ ഉണ്ട്. ഇതില്‍ ഏകദേശം 5 ശതമാനം ആളുകള്‍ക്കു മാത്രമേ രോഗം പിടിപെടുന്നുള്ളു.

സുസജ്ജമായ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ ശക്തിയാണ് ഇതു കാണിക്കുന്നത്. എന്നാല്‍ പ്രതിരോധ ശക്തി കുറയുന്ന സാഹചര്യത്തില്‍ ഈ അണുക്കള്‍ പതുക്കെ ശരീരത്തെ കീഴ്‌പ്പെടുത്തുന്നു. നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം അക്കൂട്ടത്തില്‍ പ്രധാന പങ്കുവഹിക്കുന്നു.

ശരീരത്തെ രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്ന കവല്‍ പടയാളികളാണ് വെളുത്ത രക്താണുക്കള്‍. പ്രമേഹബാധിതരില്‍ ഇവയുടെ പ്രവര്‍ത്തനത്തിന് തകരാര്‍ സംഭവിക്കാനിടയുണ്ട്. ചില പ്രോട്ടീനുകളുടെയും കോശഘടകങ്ങളുടെയും അഭാവം, പ്രവര്‍ത്തനക്കുറവ് തുടങ്ങിയവയും പ്രമേഹമുള്ളവരില്‍ കണ്ടുവരാറുണ്ട്.

ഇതെല്ലാം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറച്ച് അണുബാധയ്ക്കിടയാക്കുന്നു. ക്ഷയരോഗം മിക്കപ്പോഴും ശ്വാസകോശങ്ങളെയാണ് ബാധിക്കാറ്. പ്രത്യേകിച്ച് ശ്വാസകോശങ്ങളുടെ മുകള്‍ ഭാഗത്തെ. പ്രമേഹബാധിതരില്‍ ശ്വാസകോശങ്ങളുടെ അടിഭാഗങ്ങളിലും ശ്വാസകോശത്തിനു പുറത്തും ക്ഷയരോഗ ബാധ കൂടുതലായി കണ്ടുവരാറുണ്ട്.

 

രോഗനിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍


ശരീരത്തിനുണ്ടാകുന്ന ഭാരക്കുറവ്, വിശപ്പില്ലായ്മ, ശരീരക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ രണ്ടു രോഗാവസ്ഥകളിലും കണ്ടുവരാറുണ്ട്. ഇതു പലപ്പോഴും ഏതൊരസുഖമാണോ ആദ്യമുണ്ടായത്, അതിന്റെ ലക്ഷണങ്ങള്‍ മാത്രമായി കരുതപ്പെടാന്‍ സാധ്യത ഏറെയാണ്.

 

രണ്ടാമതുണ്ടായ അസുഖം കണ്ടുപിടിക്കുന്നതു വൈകാന്‍ കാരണമാവുകയും ചെയ്യാം. പ്രമേഹമോ ക്ഷയമോ ബാധിച്ചവരില്‍ ഇത്തരം രോഗ ലക്ഷണങ്ങളെയും ശാരീരികാസ്വസ്ഥകളെയും ഗൗരവത്തോടെ കാണുകയും വേണ്ട പരിശോധനകള്‍ താമസം കൂടാതെ നടത്തുകയും ചെയ്യണം.

 

ചികിത്സകള്‍ എങ്ങനെയെല്ലാം


ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാകുന്ന അസുഖമാണ് ക്ഷയം. കൃത്യമായ ഇടവേളകളിലും അളവിലും ചുരുങ്ങിയത് ആറുമാസമെങ്കിലും മരുന്നുകള്‍ കഴിക്കേണ്ടതുണ്ട്. അതിനാല്‍ മുടക്കം വരുത്തുന്നത് അപകടം ചെയ്യും.

ഈ കാലയളവില്‍ പ്രമേഹ ചികിത്സയ്ക്ക് ഇന്‍സുലിന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ അത്ര തീവ്രമല്ലാത്ത പ്രമേഹ ബാധിതതരില്‍ ഗുളികകളും ഉപയോഗിക്കാവുന്നതേയുള്ളൂ. പ്രമേഹരോഗികളില്‍ പലരും സ്വയം ചികിത്സ അവലംബിക്കാറുണ്ട്.

ഒട്ടും ആശ്വാസ്യമല്ലാത്ത ഒരു പ്രവണതയാണിത്. പ്രത്യേകിച്ച് ക്ഷയരോഗം പോലുള്ള അസുഖങ്ങള്‍ ഉള്ളവരില്‍. കൃത്യമായ ഇടവേളകളില്‍ രക്ത പരിശോധന നടത്തേണ്ടതും വിദഗ്ധ പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യേണ്ടത് ചികിത്സാ വിജയത്തിന് അത്യന്താപേക്ഷിതമാണ്.

പ്രമേഹം ഉള്ളവരിലും ക്ഷയരോഗ ചികിത്സ പൂര്‍ണവിജയം കൈവരിക്കും. എന്നാല്‍ മരുന്നു ഫലിക്കാത്ത ക്ഷയരോഗം വരാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. അതുകൊണ്ടു തന്നെ ചികിത്സാ കാലയളവില്‍ കൂടുതല്‍ ശ്രദ്ധയും മേല്‍നോട്ടവും ആവശ്യമായി വരും.

കടപ്പാട്: 
ഡോ. പി.എസ്. ഷാജഹാന്‍ 
മെഡിക്കല്‍ കോളജ്, ആലപ്പുഴ

പ്രമേഹത്തിലെ സ്ത്രീപുരുഷ വ്യത്യാസങ്ങള്‍

 

കൗമാരപ്രായത്തിലുണ്ടാകുന്ന അമിത വണ്ണവും ജീവിതശൈലിയിലെ മാറ്റങ്ങളും പി. സി. ഒ. ഡി മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും സ്ത്രീകളില്‍ ഈ ഫാറ്റ് ഡിസ്ട്രി ബ്യൂഷന്‍, ഗൈനോയ്ഡ് പാറ്റേണില്‍ നിന്നും ആന്‍ഡ്രോയ്ഡ് പാറ്റേണിലേക്ക് മാറാന്‍ കാരണമാകുന്നു

എനര്‍ജി ബാലന്‍സ്, ബോഡി, കോമ്പോസിഷന്‍, ബോഡി ഫാറ്റ് ഡിസ്ട്രി ബ്യൂഷന്‍ എന്നിവയില്‍ സത്രീപുരുഷന്മാര്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടിയിരിക്കുന്നതിനെ ആന്‍ഡ്രോയ്ഡ് പാറ്റേണ്‍ി എന്നും അരക്കെട്ടിലും തുടയിലും അടിഞ്ഞു കൂടിയിരിക്കുന്നതിനെ ഗൈനോയ്ഡ് പാറ്റേണ്‍ എന്നും വിളിക്കുന്നു.

ആഡ്രോയ്ഡ് പാറ്റേണില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നവരില്‍ Visceral adiposity ഉണ്ടാകുകയും ഇത് പിന്നീട് മെറ്റാബോളിക് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം മുതലായവ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യുന്നു.

കൊഴുപ്പ് അടിയുന്നു


ഹോര്‍മോണുകളായ ഈസ്ട്രജന്‍, കോര്‍ട്ടിസോള്‍, ടെസ് റ്റോസ്റ്റിറോണ്‍ എന്നിവയും കൊഴുപ്പില്‍ നിന്ന് ഉത്പാദിപ്പിക്ക പ്പെടുന്ന ഹോര്‍മോണുകളായ ഗ്ഗഅഡിപ്പോ സൈറ്റോകൈന്‍, ലെപ് ടിന്‍ മുതലാ യവയും തലച്ചോറിലെ ഹൈപ്പോത്തലാമസ് വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് നമ്മുടെ രക്തത്തിലെ ഫാറ്റ് ഡിസ്ട്രിബ്യൂഷന്‍ നിയന്ത്രിക്കുന്നത്.

കൗമാരപ്രായത്തിലുണ്ടാകുന്ന അമിത വണ്ണവും ജീവിതശൈലിയിലെ മാറ്റങ്ങളും പി. സി. ഒ. ഡി മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും സ്ത്രീകളില്‍ ഈ ഫാറ്റ് ഡിസ്ട്രി ബ്യൂഷന്‍, ഗൈനോയ്ഡ് പാറ്റേണില്‍ നിന്നും ആന്‍ഡ്രോയ് ഡ് പാറ്റേണിലേക്ക് മാറാന്‍ കാരണമാകുന്നു.

ഇങ്ങനെയുള്ളവരിലാണ് ടൈപ്പ് 2 പ്രമേഹഗ്ഗം, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലിരോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. പ്രമേഹം സ്ത്രീകളില്‍ അവരുടെ ജീവിത ഘട്ടങ്ങളായി ബന്ധപ്പെട്ടരിക്കുന്നു.

കുട്ടികളിലെ പ്രമേഹം


ടൈപ്പ് 1 പ്രമേഹമാണ് കുട്ടികളില്‍ കണ്ടു വരുന്നത്. പാന്‍ക്രിയാസിസിലെ ബീറ്റാ കോശങ്ങളുടെ നാശം മൂലം കണ്ടുവരുന്ന ഈ രോഗത്തിന് ഇന്‍സുലിന്‍ കുത്തിവയ്പ്പ് മാത്രമാണ് ചികിത്സ. മാതാപിതാക്കള്‍ക്ക് പലപ്പോഴും ഇത് ഉള്‍കൊള്ളാന്‍ പ്രയാസമാണ്.

പെണ്‍കുട്ടികളുടെ ഭാവി ജീവിതത്തെയും വിവാഹജീവിതത്തെയും സാരമായി ബാധിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. കൗമാരത്തിലും, യൗവനത്തിലും ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം പ്രമേഹം നിയന്ത്രണാതീതമാകുന്നു.

അതിനാല്‍ ശരിയായ സമയത്ത് പ്രമേഹരോഗത്തെപ്പറ്റിയും ചികിത്സയെക്കുറിച്ചും തുടര്‍പരിചരണത്തെക്കുറിച്ചും ശരിയായ അവബോധവും കൗണ്‍സലിംഗും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും നല്‍കേണ്ടത് അത്യാവശ്യമാണ്.

ഇന്നത്തെ മാറിയ ജീവിത സാഹചര്യങ്ങള്‍ മൂലം ടൈപ്പ് 2 പ്രമേഹവും കുട്ടികളില്‍ കണ്ടു വരുന്നുണ്ട്. കൗമാരത്തോടെ കുട്ടികളില്‍ കണ്ടുവരുന്ന അമിതവണ്ണവും അതുമൂലമുണ്ടാകുന്ന പോളിസ്റ്റിക് ഓവറി സിന്‍ഡ്രോം, ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുകയും അത് പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

പി. സി. ഒ. ഡി. ഉള്ളവരില്‍ ക്രമമല്ലാത്ത ആര്‍ത്തവം, രോമവളര്‍ച്ച, മുഖക്കുരു, കഴുത്തിനു ചുറ്റും കറുപ്പ് മുതലായവ കണ്ടു വരുന്നു. ഇങ്ങനെയുള്ളവരില്‍ ഹോര്‍മോണ്‍ പരിശോധനകളും കൊളസ്‌ട്രോള്‍, പ്രമേഹം മുതലായ പരിശോധനകളും നടത്തേണ്ടതാണ്.

ശരിയായ ജീവിതശൈലിയും ഭക്ഷണക്രമവും പെണ്‍കുട്ടികളെ പരിശീലിപ്പിക്കുന്നത് ഭാവിയില്‍ ടൈപ്പ് 2 പ്രമേഹം ഒരു പരിധിവരെ തടയാന്‍ സഹായിക്കുന്നു.

ഗര്‍ഭകാലപ്രമേഹം


അമ്മയെയും കുഞ്ഞിനെയും ഒരുപോലെ ബാധിക്കുമെന്നതിനാല്‍ ഗര്‍ഭകാലപ്രമേഹ നിയന്ത്രണം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത് രണ്ടു തരത്തിലാകാം. പ്രമേഹരോഗിയായിരിക്കേയുള്ള ഗര്‍ഭധാരണവും ഗര്‍ഭാവസ്ഥയില്‍ 24 ആഴ്ചയ്ക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന പ്രമേഹവും.

നേരത്തേ പ്രമേഹമുള്ളവര്‍

ഗര്‍ഭധാരണത്തിന് ശേഷമുള്ള ആദ്യമൂന്നു മാസങ്ങളിലാണ് കുട്ടികളുടെ പ്രധാന ആന്തരാവയവങ്ങളുടെ വളര്‍ച്ചയും വികാസവും നടക്കുന്നത്. ഈ സമയം പ്രമേഹം നിയന്ത്രണത്തിലല്ലെങ്കില്‍ അത് ഗര്‍ഭം അലസുന്നതിനും ഹൃദയം, നട്ടെല്ല്, വൃക്ക മുതലായ ആന്തരാവയവങ്ങള്‍ക്ക് വൈകല്യം ഉണ്ടാകുന്നതിനും ഇടയാക്കുന്നു.

എച്ച്. ബിഎ1സി 7.5 ന് താഴെയുള്ളവര്‍ക്ക് 3 മുതല്‍ 4% വരെയും >7.5 ഉള്ളവര്‍ക്ക് 22.4 % വരെയും വൈകല്യമുണ്ടാകാം എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഗര്‍ഭകാലപ്രമേഹം കുട്ടികളുടെ ഭാരക്കൂടുതലിനും ഹൈപ്പോഗ്ലൈസീമിയയ്ക്കും കാരണമാകുന്നു. ഇത്തരം അമ്മമാര്‍ക്ക് പ്രഷറും പ്രമേഹം മൂലമുള്ള സങ്കീര്‍ണതകള്‍ കൂടുതല്‍ വഷളാകുന്നതിനും സാധ്യതയുണ്ട്.

അമ്മയിലും കുഞ്ഞിലും ഉണ്ടാകുന്ന ഇത്തരം സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഗര്‍ഭം ധരിക്കുന്നതിനു മുന്‍പേയുള്ള കൗണ്‍സലിംഗും പ്രമേഹനിയന്ത്രണ കൗണ്‍സലിംഗും പ്രമേഹനിയന്ത്രണ ചികിത്സയും അത്യാവശ്യമാണ്. ഇത്തരക്കാരില്‍ പ്രമേഹം നിയന്ത്രണ വിധേയമാകുന്നവരെ ഗര്‍ഭധാരണം ഒഴിവാക്കേണ്ടതാണ്.

അമിതവണ്ണം, പി.സി.ഒ.ഡി പ്രമേഹപാരമ്പര്യം എന്നിവയുള്ള ഗര്‍ഭിണികളില്‍ 24 - 28 ആഴ്ചയോടെ പ്രമേഹം കണ്ടുവരുന്നു. ഇതിനെ ജസ്‌റ്റേഷണല്‍ ഡയബറ്റിസ് എന്ന് പറയുന്നു. ഇത് ഗ്ലുക്കോസ് നല്‍കിയുള്ള പരിശോധനയില്‍ കൂടി കണ്ടുപിടിക്കാവുന്നതാണ്.

പ്രമേഹം കണ്ടുപിടിച്ചാല്‍ ആഹാരനിയന്ത്രണത്തിലൂടെയും ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സയിലൂടെയും പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തേണ്ടതാണ്.

ഇത്തരം പ്രമേഹം പ്രസവത്തോടെ അപ്രത്യക്ഷമാകുമെങ്കിലും ഭാവിയില്‍ പ്രമേഹം വരാനുള്ള സാധ്യത വളരെ കുടുതലാണ്. അതിനാല്‍ ഇത്തരക്കാര്‍ പ്രസവശേഷം ഒന്നര - രണ്ട് മാസത്തിനുള്ളില്‍ ഗ്ലുക്കോസ് നല്‍കിയുള്ള പരിശോധന നടത്തി പ്രമേഹമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

പ്രമേഹമില്ലെങ്കില്‍ ഈ പരിശോധന ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും നടത്തേണ്ടതാണ്. ഇതിലും പ്രമേഹം കണ്ടുപിടിക്കപെടുന്നില്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ എച്ച്.ബി.എ1 സി പരിശോധന നടത്തിയാല്‍ മതിയാകും.

ലൈംഗികതയും പ്രമേഹവും

പ്രമേഹബാധിതരായ സ്ത്രീകളില്‍ ലൈംഗികതകരാറിനുള്ള സാധ്യത വളരെ ക്കുടുതലാണ്. ഇത്തരക്കാരില്‍ ഗുഹ്യഭാഗങ്ങളില്‍ ചൊറിച്ചില്‍, അണുബാധ, മൂത്രത്തില്‍ പഴുപ്പ് എന്നിവയ്ക്ക് കാരണമാകുന്നു. ലൈംഗിക താല്‍പര്യമില്ലയ്മ, ബന്ധപ്പെടുമ്പോഴുള്ള വേദന, തൃപ്തിക്കുറവ് എന്നിവയ്ക്ക് കാണമാകുന്നു. പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തിയാല്‍ ഒരു പരിധിവരെ ഇത് തടയാവുന്നതാണ്.

വിഷാദരോഗവും പ്രമേഹവും


പ്രമേഹമുള്ള സ്ത്രീകളില്‍ മറ്റുള്ളവരേക്കാള്‍ കൂടുതലായി വിഷാദരോഗവും ഈറ്റിംഗ് ഡിസോര്‍ഡറും കണ്ടുവരുന്നു. ഇവര്‍ക്ക് ചിലപ്പോള്‍ സൈക്കോതെറാപ്പിയും ഡിപ്രഷനുള്ള മരുന്നുകളും ആവശ്യമായി വരാം.

ഹൃദ്രോഗവും പ്രമേഹവും


സാധാരണയായി ആര്‍ത്തവവിരാമത്തിനു മുമ്പായി സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത വളരെ കുറവാണ്. എന്നാല്‍ പ്രമേഹമുള്ളവരില്‍ ഈ സംരക്ഷണം നഷ്ടപ്പെടുന്നു. അതുകൊണ്ട് പ്രമേഹത്തോടൊപ്പം പ്രഷറും കൊളസ്‌ട്രോളും കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും നിയന്ത്രണവിധേയമാക്കേണ്ടതും അത്യന്താപേക്ഷിതമാണ്.

ആര്‍ത്തവവിരാമവും പ്രമേഹവും


ആര്‍ത്തവ വിരാമത്തോടെ സ്ത്രീകളില്‍ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വര്‍ധിക്കുകയും കുടവയറിനും ഇന്‍സുലിന്‍ പ്രതിരോധത്തിനുമുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

ഇത് പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നു. ആര്‍ത്തവവിരാമത്തിനു ശേഷം ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി പ്രമേഹസാധ്യത കുറയ്ക്കുമെങ്കിലും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ ഇത് അഭികാമ്യമല്ല.

ഡോ. സക്കറിയ 
എന്റോക്രെനോളജിസ്റ്റ് 
മൗലാന ഹോസ്പിറ്റല്‍ , പെരിന്തല്‍മണ്ണ

 

അവസാനം പരിഷ്കരിച്ചത് : 7/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate