অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുട്ടികളിലെ പ്രമേഹം

പ്രമേഹം എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് 40-50 വയസ്സ് കഴിഞ്ഞ ആളുകളെയാണ്. എന്നാൽ കുട്ടികളിലും പ്രമേഹം വരുന്നുണ്ട് എന്നത് പലരും ഞെട്ടലോടെയാണ് മനസ്സിലാക്കുന്നത്. കാലം പോയ പോക്ക് എന്നും, കണ്ടതൊക്കെ വലിച്ചു വാരി തിന്നിട്ടാണ് എന്നും, ഇന്നത്തെ കാലത്തെ “രാസ" വളം / പച്ചക്കറി / മരുന്നുകൾ എന്നിവ കാരണമാണെന്നുമൊക്കെ അഭിപ്രായം പാസാക്കാൻ ഒട്ടും സമയം വേണ്ട.. ഇതിനെക്കുറിച്ച് തെല്ലും മനസ്സിലാക്കണമെന്നുമില്ല അതിന്, പലർക്കും. എല്ലാത്തിനും ഞങ്ങളുടെയടുത്ത് മരുന്നുണ്ടെന്ന് പറയുന്നവർക്കും ഇത് എല്ലാ പ്രമേഹങ്ങളെയും പോലെ തന്നെ... എന്നാൽ നവംബർ 14 ശിശുദിനമെന്ന പോലെ ലോക പ്രമേഹ ( ബോധവൽക്കരണ ) ദിനം കൂടിയായിരിക്കെ നാം ഇതിനെപ്പറ്റി കുറെക്കൂടി മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും വ്യാജ ചികിൽസകർ ഈ കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യം ഇന്ന് നിലനിൽക്കുന്ന അവസരത്തിൽ

എന്താണ് പ്രമേഹം?


രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണയിൽ കൂടുതൽ ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. നമ്മുടെ ആഗ്നേയഗ്രന്ഥിയിൽ (Pancreas) നിന്നുണ്ടാകുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമായ അളവിൽഉണ്ടാകാതിരിക്കുമ്പോളോ ഇൻസുലിന് വേണ്ട രീതിയിൽ പ്രവർത്തിക്കാൻ പറ്റാതാകുമ്പോളോ ആണ് പ്രമേഹം ഉണ്ടാകുന്നത്. ആഗ്നേയഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് ഇൻസുലിൻ ഉൽപാദിപ്പിക്കുന്നത്. രക്തത്തിലെ ഷുഗറിന്റെ അളവ് കുറച്ചു കൊണ്ടുവരിക എന്ന ധർമ്മമാണ് ഇൻസുലിൻ നിർവ്വഹിക്കുന്നത്.ആഹാരം കഴിച്ച ഉടനെ കൂടുതൽ ഇൻസുലിൻ ഉണ്ടാകുകയും രക്തത്തിലെ ഷുഗർ ലെവൽ ഉയരാതെ നിലനിർത്തുകയും ചെയ്യുന്നു. വിശന്നിരിക്കുമ്പോൾ ആവശ്യത്തിനനുസരിച്ച് കുറഞ്ഞ അളവിലേ ഇൻസുലിൻ ഉണ്ടാകുന്നുള്ളൂ. അതിനാൽ ഷുഗർ വല്ലാതെ കുറഞ്ഞു പോകാതെ സംരക്ഷിക്കുന്നു. (മറ്റു പല ഹോർമോണുകളും ഈ പ്രവർത്തനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ മേൽ പറഞ്ഞത് അതീവ ലളിതവൽക്കരണമാണ്)

പ്രമേഹരോഗമുണ്ടെന്ന് എങ്ങനെ നിർണ്ണയിക്കാം?

അമിത ദാഹം, അമിതമായി മൂത്രം ഒഴിക്കുക, പ്രത്യേകിച്ച് കാരണമില്ലാതെ തൂക്കം കുറയുക എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. ഇവയോടൊപ്പം രക്തത്തിലെ ഗ്ലൂക്കോസ് 200 mg/dL ൽ കൂടിയാൽ പ്രമേഹമുണ്ടെന്ന് നിർണ്ണയിക്കാം.രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് രക്തത്തിലെ ഗ്ലൂക്കോസ്(Fasting Blood Sugar) 126ൽ കൂടിയാലോ, ഭക്ഷണം കഴിഞ്ഞ് രണ്ടു മണിക്കൂർ കഴിയുമ്പോൾ 200 ന് മുകളിലുണ്ടെങ്കിലോ പ്രമേഹം എന്നു പറയാം.
ഫാസ്റ്റിംഗിൽ 100 നും 124 നും ഇടയിലാണെങ്കിലും, ഭക്ഷണശേഷം 140നും 200നും ഇടയിലാണെങ്കിലും ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിൽ തകരാറു വന്നു തുടങ്ങുന്നു എന്നു വേണം മനസ്സിലാക്കാൻ.

എന്താണ് കുട്ടികളിലെ പ്രമേഹം? മുതിർന്നവരിൽ കാണുന്ന പ്രമേഹത്തിൽ നിന്നും ഇത് വ്യത്യസ്തമാണോ?

പ്രമേഹം രണ്ടു തരത്തിലുണ്ട്. ടൈപ്പ് 1 ഉം ടൈപ്പ് 2ഉം. ടൈപ്പ് ഒന്നിൽ ഇൻസുലിൻ ഹോർമോൺ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടുന്നില്ല. ടൈപ്പ് രണ്ടിൽ ഇൻസുലിന് വേണ്ടത്ര പ്രവർത്തിക്കാൻ പറ്റുന്നില്ല. മുതിർന്നവരിൽ കാണുന്ന പ്രമേഹം ടൈപ്പ് 2 ആണ്. എന്നാൽ കുട്ടികളിൽ ( ചില മുതിർന്ന കുട്ടികളിലൊഴികെ) കാണുന്നത് പ്രധാനമായും (90%) ടൈപ്പ് 1 പ്രമേഹമാണ്.

ടൈപ്പ് 1 പ്രമേഹത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്?
ഇൻസുലിൻ വേണ്ടത്ര ഉണ്ടാകാത്തതിനാൽ ചികിൽസ ഇൻസുലിൻ നൽകുക എന്നതാണ് (ഇന്നത്തെ നിലയിൽ ഇൻസുലിൻ കുത്തിവെപ്പിലൂടെ മാത്രമേ നൽകാൻ കഴിയൂ). എന്നാൽ ടൈപ്പ് 2 പ്രമേഹത്തിൽ മരുന്നുകൾ കൊണ്ടോ, വ്യായാമം കൊണ്ടോ ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ പറ്റും
ടൈപ്പ് 2 പ്രമേഹം കൂടുതലായും പാരമ്പര്യമായി കിട്ടുന്നതാണ്. അടുത്ത ബന്ധുക്കൾക്ക് പ്രമേഹമുണ്ടെങ്കിൽ മറ്റുള്ളവർക്ക് വരാൻ സാധ്യത വളരെ കൂടുതലാണ്. എന്നാൽ ടൈപ്പ് 1 പ്രമേഹത്തിന് പാരമ്പര്യവുമായി അത്ര വലിയ ബന്ധമില്ല.
ടൈപ്പ് 2 നെക്കാളും അപൂർവ്വമായതിനാലും കുട്ടികളിൽ ഇത്തരം രോഗങ്ങൾ സാധാരണ സംശയിക്കാത്തതിനാലും പലപ്പോഴും ടൈപ്പ് 1 പ്രമേഹം കണ്ടു പിടിക്കാൻ വൈകാറുണ്ട്.
പ്രമേഹത്തിന്റെ ഗുരുതരമായ സങ്കീർണ്ണതകളിലൊന്നായ ഡയബെറ്റിക് കീറ്റോ അസിഡോസിസ് വരാനുള്ള സാധ്യത ടൈപ്പ് 1 ൽ കൂടുതലാണ് (പ്രത്യേകിച്ചും, ചികിൽസാ നിർദ്ദേശങ്ങൾ ശരിക്കും പാലിക്കുന്നില്ലെങ്കിൽ)
പ്രമേഹം കൊണ്ടുള്ള പ്രധാന പ്രശ്നം കണ്ണ്, കിഡ്നി, ഹാർട്ട്, ബ്രെയിൻ എന്നീ അവയവങ്ങൾക്കുണ്ടാകുന്ന തകരാറാണ്. അതാകട്ടെ നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹരോഗവുമായി ജീവിക്കേണ്ടി വരുന്ന വർഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ടൈപ്പ് 1 പ്രമേഹം ചെറുപ്രായത്തിൽ തന്നെ വരുന്നതിനാൽ ശരിയായ രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ മേൽപ്പറഞ്ഞ അവയവങ്ങൾ തകരാറിലാകാൻ സാധ്യത കൂടുതലാണ്.

ഈ രോഗത്തിന് നാല് ഘട്ടങ്ങളാണുള്ളത്
രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പുള്ള ഘട്ടം. ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന ബീറ്റാ കോശങ്ങൾ ക്രമേണ നശിച്ചുപോകുന്ന ഘട്ടമാണിത്. ഈ കോശങ്ങളെ നശിപ്പിക്കുന്ന ആന്റിബോഡികൾ ശരീരത്തിൽ തന്നെ ഉണ്ടാകുന്നു ( പാളയത്തിൽ പട എന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരം രോഗങ്ങളെ പൊതുവിൽ ആട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്നു പറയുന്നു.)
ലക്ഷണങ്ങൾ പ്രകടമാകുന്ന ഘട്ടം. ഏകദേശം 90% ബീറ്റാ കോശങ്ങളും നശിച്ചു കഴിയുമ്പോളാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്
താൽക്കാലികമായി ലഭിക്കുന്ന രോഗവിമുക്തി ( ഹണിമൂൺ പിരീഡ് അഥവാ മധുവിധു കാലം എന്നു വിളിക്കാവുന്ന സമയം) ഇൻസുലിൻ ഉപയോഗിച്ചുള്ള ചികിൽസ തുടങ്ങുമ്പോൾ ബാക്കിയുള്ള ബീറ്റാ കോശങ്ങൾക്ക് വിശ്രമം ലഭിക്കുകയും അവ നന്നായി ഇൻസുലിൻ ഉൽപാദിപ്പിക്കുവാൻ തുടങ്ങുകയും ചെയ്യും. ക്രമേണ ഇൻസുലിന്റെ ആവശ്യം കുറഞ്ഞു വരികയും പലർക്കും ഇൻസുലിൻ ഇല്ലാതെ തന്നെ രക്തത്തിലെ ഗ്ലൂക്കോസ് നോർമലായി നിലനിർത്താൻ സാധിക്കുകയും ചെയ്യും. ഈ ഘട്ടം ഏതാനും മാസങ്ങൾ മുതൽ ഒരു വർഷം വരെ നീണ്ടുനിന്നേക്കാം. എങ്കിലും ബാക്കിയുള്ള ബീറ്റാ കോശങ്ങളും ക്രമേണ നശിക്കുന്നത് മൂലം വീണ്ടും ഇൻസുലിൻ ഉപയോഗിക്കേണ്ടതായി വരുന്നു. ഈ ഘട്ടമാണ് വ്യാജ ചികിൽസ കർ ദുരുപയോഗം ചെയ്യുന്നതും, തുടർന്ന് പലപ്പോഴും ഗുരുതരമായ കീറ്റോ അസിഡോസിസ് എന്ന അവസ്ഥയിൽ ഈ കുട്ടികളെ എത്തിക്കുന്നതിന് കാരണമാകുന്നതും.
അവയവങ്ങൾക്ക് തകരാറ് സംഭവിക്കുന്ന ഘട്ടം... കണ്ണിന്റെ കാഴ്ച മങ്ങുക(തിമിരം, റെറ്റിനോപ്പതി), വൃക്കരോഗം(നെഫ്രോപ്പതി, രക്താതിസമ്മർദ്ദം, റീനൽ ഫെയിലർ), പക്ഷാഘാതം (stroke), ഹൃദ്രോഗങ്ങൾ (ഹാർട്ട് അറ്റാക്ക്, ഹാർട്ട് ഫെയിലർ), അണുബാധകൾ, ഉണങ്ങാത്ത വ്രണങ്ങൾ തുടങ്ങി ധാരാളം പ്രശ്നങ്ങൾ ഉണ്ടാകാം. കൃത്യമായ ചികിൽസയിലൂടെ രോഗി ഈ ഘട്ടത്തിൽ എത്താതെ നോക്കുകയാണ് ചെയ്യേണ്ടത്.

എന്തൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ?


അമിതമായി മൂത്രമൊഴിക്കുക, സാധാരണ രാത്രി കിടന്നു മുള്ളാത്ത കുട്ടികൾ അങ്ങനെ ചെയ്തു തുടങ്ങുക
അമിത ദാഹം, അമിത വിശപ്പ്, എന്നിട്ടും ശരീരം ക്ഷീണിക്കുക
അണുബാധ
കുട്ടികളിൽ രോഗലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടാറാണ് പതിവ്. അതിനാൽ 50% പേരും ആദ്യമായി ആശുപത്രിയിൽ എത്തുന്നത് അതീവ ഗുരുതരമായ ഡയബെറ്റിക് കീറ്റോ അസിഡോസിസ് എന്ന അവസ്ഥയിലാണ്. പലപ്പോഴുംഅബോധാവസ്ഥയിലോ അർദ്ധബോധാവസ്ഥയിലോ ആയിരിക്കും. അതോടൊപ്പം ശ്വാസംമുട്ടൽ, നിർജ്ജലീകരണം, കടുത്ത വയറുവേദന എന്നിവയും ഉണ്ടാകും. വയറുവേദന അപ്പെൻഡിസൈറ്റിസ് ആണെന്ന് കരുതിപ്പോകുന്നതും അപൂർവ്വമല്ല

ചികിൽസ


രോഗനിർണ്ണയത്തിനും, രോഗത്തെക്കുറിച്ച് രക്ഷിതാക്കളെയും, കുഞ്ഞിനെയും ബോധവൽക്കരിക്കുന്നതിനും, ഇൻസുലിൻ ഇൻജക്ഷൻ സ്വയം എടുക്കാൻ പരിശീലിക്കുന്നതിനും സാധാരണ രീതിയിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയാണ് പതിവ്.
ഇൻസുലിൻ: തൊലിക്കടിയിൽ (Subcutaneous)എടുക്കുന്ന കുത്തിവെപ്പ് ആണിത്. ദിവസേന രണ്ടോ മൂന്നോ തവണ വേണ്ടി വരും. രക്തത്തിൽ ഷുഗറിന്റെ അളവിൽ വരുന്ന വ്യതിയാനത്തിനനുസരിച്ച് ഇൻസുലിൻഡോസ് ക്രമീകരിക്കേണ്ടതിനാൽ ദിവസവും മൂന്നോ നാലോ തവണ കൃത്യമായ ഇടവേളകളിൽ രക്തം പരിശോധിക്കേണ്ടി വരും. വേദന വളരെ കുറവുള്ള ഇൻസുലിൻ പെൻ ( Insulin Pen) കുട്ടികളെ സംബന്ധിച്ച് ആശ്വാസകരമാണ്. പരിശോധനക്ക് ഒറ്റതുള്ളി രക്തം മതിയാകും. കുത്തിവെപ്പും രക്ത പരിശോധനയും വീട്ടിൽ വച്ചു തന്നെ കുട്ടിക്ക് തന്നെയോ രക്ഷിതാക്കൾക്കോ അനായാസം ചെയ്യാൻ പറ്റും.
Monitoring : Hb A1C പോലുള്ളപരിശോധനകൾ 3 മാസം കൂടുമ്പോൾ ചെയ്യുന്നത് നല്ലതാണ്. കൂടാതെ കണ്ണ് പരിശോധന, വൃക്കകൾ, കരൾ, ഹൃദയം എന്നിവയുടെ പ്രവർത്തനം വിലയിരുത്തൽ, രക്ത സമ്മർദ്ദം നിർണ്ണയിക്കൽ എന്നിവയും പ്രധാനമാണ്. അതിനാൽ കൃത്യമായ ഇടവേളകളിലുള്ള follow up വളരെ പ്രധാനമാണ്.
ഭക്ഷണ നിയന്ത്രണം: സാധാരണ ഭക്ഷണങ്ങൾ എല്ലാം കഴിക്കാം, എങ്കിലും പഞ്ചസാര, മധുര പലഹാരങ്ങൾ, മിഠായി, ഐസ്ക്രീം, പായസം എന്നിവ കഴിയുന്നത്ര ഒഴിവാക്കണം. കൃത്യമായ ഭക്ഷണക്രമം ഉണ്ടെങ്കിൽ ഷുഗർ നിയന്ത്രണം എളുപ്പമാകും. വിശേഷ ദിവസങ്ങളിൽ പായസമോ ഐസ്ക്രീമോ കഴിക്കുന്നുണ്ടെങ്കിൽ അന്ന് ഇൻസുലിന്റെ അളവ് കൂട്ടണം.
വ്യായാമം : വ്യായാമം ഇൻസുലിന്റെ ആവശ്യകത കുറച്ചു കൊണ്ടുവരുന്നതിൽ സഹായിക്കും.
പ്രതിരോധ കുത്തിവെപ്പുകൾ: സാധാരണ എടുക്കുന്ന എല്ലാ കുത്തിവെപ്പുകളും എടുക്കണം. കൂടാതെ അണുബാധക്ക് സാധ്യത കൂടുതലുള്ളതിനാൽ ന്യൂമോകോക്കൽ വാക്സിൻ പോലുള്ള ചിലവാക്സിനുകളും നിർദ്ദേശിക്കാറുണ്ട്.
പുതിയ ചികിൽസാ രീതികൾ... ഇൻസുലിൻ പമ്പ്, പാൻക്രിയാസ് ട്രാൻസ്പ്ലാന്റേഷൻ എന്നിവ ഒരു പക്ഷേ ദിവസേനയുള്ള രക്ത പരിശോധന, ഇൻസുലിൻ ഇൻജക്ഷൻ, കടുത്ത ഭക്ഷണ നിയന്ത്രണം എന്നിവയുടെ ആവശ്യം ഇല്ലാതാക്കിയേക്കാം.
ബോധവൽക്കരണം: ഇൻസുലിന്റെ പ്രവർത്തനം, രോഗത്തിന്റെ സവിശേഷതകൾ, ചികിൽസയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്നിവയെപ്പറ്റിയുള്ള അവബോധം ഉണ്ടെങ്കിൽ ചികിൽസ എളുപ്പമാകും. ഇല്ലെങ്കിൽ ഇവർ പലപ്പോഴും ചികിത്സ നിർത്തുകയും, വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങി വഞ്ചിതരായി അതീവ ഗുരുതരാവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യാൻ സാധ്യത കൂടുതലാണ്.
ഇൻസുലിൻ ഇൻജക്ഷൻ എടുക്കുമ്പോൾ ചിലപ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു പോകാറുണ്ട്. ഹൈപ്പോഗ്ലൈസീമിയ എന്നു വിളിക്കുന്ന അവസ്ഥയുടെ ആദ്യ ലക്ഷണങ്ങൾ വിയർപ്പ്, ക്ഷീണം, നെഞ്ചിടിപ്പ് എന്നിവയാണ്. തുടക്കത്തിൽ തന്നെ കണ്ടെത്തി ഗ്ലൂക്കോസ്, പഞ്ചസാര എന്നിവ കഴിക്കണം. ഇല്ലെങ്കിൽ അബോധാവസ്ഥ, അപസ്മാരം എന്നിവ ഉണ്ടാകാം.
കൗമാര പ്രായമെത്തുമ്പോൾ പലർക്കും ജീവിത നൈരാശ്യം (depression) ഉണ്ടാകാറുണ്ട്. അത് കണ്ടെത്തി ആവശ്യമായ കൗൺസിലിംഗ് നൽകുന്നതും വളരെ പ്രധാനമാണ്.

അവരവരുടെ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച പ്രശസ്തവ്യക്തികളായ സോനം കപൂർ, കമലഹാസൻ, വസീം അക്രം, ഫവാദ് ഖാൻ, ഹാലി ബെറി, ഗൗരവ് കപൂർ ഒക്കെ വളരെ ചെറിയ പ്രായത്തിൽ ടൈപ്പ് 1 ഡയബെറ്റിസ് വന്നവരാണ്. കൃത്യമായ ഇൻസുലിൻ ചികിത്സയും ജീവിതചര്യയും കൊണ്ടാണ് അവർ മറ്റു ആരോഗ്യ പ്രശ്നങ്ങളില്ലാതെ ഏറ്റവും ഉയർന്ന നിലയിൽ കരിയർ നിലനിർത്തിപ്പോരുന്നത്.

Type 1 പ്രമേഹം വളരെ ഫലപ്രദമായി ചികിൽസിക്കാൻ സാധിക്കും. എന്നാൽ ഏറ്റവും വലിയ കടമ്പകൾ ചികിൽസ ആജീവനാന്തം വേണമെന്നതും, അത് കുത്തിവെപ്പ് ആണ് എന്നതും, അതിനുള്ള ഭാരിച്ച ചെലവും ആണ്. അതിനാലാണ് പലരും പാതി വഴിക്ക് ചികിൽസ നിർത്തി ഒറ്റമൂലികൾക്കും മന്ത്രവാദങ്ങൾക്കും പിറകേ പോകുന്നത്. എന്നാൽ നേരത്തേ പറഞ്ഞ നാലാംഘട്ടത്തിൽ എത്താതെ നോക്കണമെങ്കിൽ ക്രമമായ ചികിൽസയും രക്തപരിശോധനയും അത്യാവശ്യമാണ്. അതിനാൽ മാതാപിതാക്കൾക്കും രോഗം ബാധിച്ച കുട്ടികൾക്കും ഈ രോഗത്തെസംബന്ധിച്ച ശരിയായ അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ആവശ്യമായ ചികിൽസാ സഹായവും അവർക്ക് ലഭ്യമാക്കണം.

കേരളാ ഗവർമ്മെന്റ് ഈ വർഷംപ്രഖ്യാപിച്ച ഒരു പദ്ധതിയാണ്" മിഠായി". ഈ പദ്ധതി പ്രകാരം Type 1 ഡയബെറ്റിസ് ബാധിച്ച കുട്ടികൾക്ക് ആവശ്യമായ ഇൻസുലിനും, കുത്തിവെപ്പ് ഉപകരണങ്ങളും രക്തപരിശോധനാ സാമഗ്രികളും സൗജന്യമായി നൽകുന്നു. ഇൻസുലിൻ, രക്ത പരിശോധനക്ക് വേണ്ട ഗ്ലൂക്കോസ് സ്ട്രിപ്പ് എന്നിവക്കായി ഒരു മാസത്തെ ചികിൽസാ ചിലവ് ഏകദേശം 5000 രൂപയോളം വരും. ഇത്രയും ചിലവേറിയ ചികിൽസ അതും ദീർഘകാലത്തേക്ക്, താങ്ങാൻ പറ്റാത്ത സാധാരണക്കാർക്ക് ആശ്വാസമായിരിക്കും "മിഠായി"

കടപ്പാട്: Dr Mohandas Nair

infoclinic

അവസാനം പരിഷ്കരിച്ചത് : 6/26/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate