30 വയസു കഴിയുമ്പോള്‍മുതല്‍ സ്്ത്രീകളില്‍ അസ്ഥിരോഗങ്ങള്‍ കണ്ടുവരുന്നത് സാധാരണമാണ്. അത്തരത്തില്‍ സ്ത്രീകളില്‍ കണ്ടുവരുന്ന പ്രധാന അസ്ഥി രോഗങ്ങളാണ് സന്ധി തേയ്മാനം, ഒസ്തിയോ പോറിസിസ് അഥവാ അസ്ഥി ബലക്ഷയം.
ഇൗ രണ്ട് രോഗങ്ങള്‍ക്കും മുന്നോടിയായി പലരിലും നടുവ് വേദനയും കഴുത്തുവേദനയും ഉണ്ടാവാറുണ്ട്. സന്ധി തേയ്മാനത്തിന്റെയും അസ്ഥി ബലക്ഷയത്തിന്റേയും പ്രധാന ലക്ഷണങ്ങളാണ് ഇവ രണ്ടും എന്നുതന്നെ പറയാം.
അസ്ഥിക്ക് ബലക്കുറവുണ്ടെന്നത് പലര്‍ക്കും പെട്ടെന്ന് അറിയാന്‍ കഴിയില്ലെന്നുമാത്രമല്ല. എല്ല് ഒടിയുമ്പോള്‍ മാത്രമാണ് പലരും രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട കാര്യം അറിയുന്നതുതന്നെ.
നമ്മുടെ ശരീരത്തെ താങ്ങി നിര്‍ത്തുന്നതും നിവര്‍ന്നു നില്‍ക്കാനുള്ള ബലം നല്‍കുന്നതും എല്ലുകളാണ്. എല്ലുകള്‍ക്ക് ബലം കുറഞ്ഞാല്‍ നട്ടെല്ലിന് ശരീരത്തെ താങ്ങി നിര്‍ത്താന്‍ കഴിയാതെ വരും.
നടുവ് വേദനയും കഴുത്തുവേദനയുമൊക്കെയായി ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോഴേ അസ്ഥി രോഗങ്ങള്‍ കണ്ടുപിടിക്കാനും ചികിത്സിക്കാനും മാര്‍ഗ്ഗങ്ങളുണ്ട്.
ബോണ്‍ഡെന്‍സിറ്റി ടെസ്റ്റുകള്‍, ഡെക്സാ സ്‌കാനുകള്‍ ഇതൊക്കെ അസ്ഥിരോഗങ്ങള്‍ കണ്ടുപിടിക്കാനുളള പ്രധാന ടെസ്റ്റുകളാണ്. ബോണ്‍ ഡന്‍സിറ്റി എന്നാല്‍ എല്ലുകളുടെ ബലമാണ്.
എല്ലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് കാല്‍സ്യം കൊണ്ടാണ്. അതുകൊണ്ടുതന്നെ ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറഞ്ഞുപോകുന്നതുമൂലം എല്ലിന് ബലക്കുറവുണ്ടാവുകയും ഒടിയുകയും ചെയ്യുന്നു.
30 വയസുമുതലാണ് സ്ത്രീകളില്‍ അസ്ഥി ബലക്ഷയവും അസ്ഥി തേയ്മാനവും ഉണ്ടാകുന്നത്.അസ്ഥി ബലക്ഷയത്തിന്റെ ഒരു പ്രധാന കാരണം വ്യായാമക്കുറവാണ്. ശരീരത്തിനു വേണ്ടവിധത്തില്‍ വ്യായാമവും മറ്റും ലഭിച്ചില്ലെങ്കില്‍ അത് എല്ലുകളുടെ ബലം കുറയുന്നതിന് കാരണമാകുന്നു.
വ്യായാമം ചെയ്തെങ്കില്‍ മാത്രമേ എല്ലുകള്‍ക്ക് ഉറപ്പ് ലഭിക്കുകയുള്ളൂ. രോഗം വന്ന ശേഷം കാല്‍സ്യം കഴിച്ചതുകൊണ്ട് എല്ലുകള്‍ക്ക് ബലം വരണമെന്നില്ല. എല്ലുകള്‍ക്ക് ബലം ഉണ്ടാവണമെങ്കില്‍ വ്യായാമം ആവശ്യമാണ്.
അതുകൊണ്ടുതന്നെ ചെറുപ്രായം മുതല്‍ കുട്ടികള്‍ വ്യായാമം ലഭിക്കുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് എല്ലുകളുടെ ബലം വര്‍ധിക്കാന്‍ സഹായിക്കുന്നു. വേണ്ടവിധത്തില്‍ വ്യായാമം ലഭിക്കാത്തവര്‍ക്കാണ് മുതിര്‍ന്നുവരുമ്പോള്‍ അസ്ഥികള്‍ക്ക് തേയ്മാനവും ഒടിവും ഉണ്ടാകുന്നത്.
എല്ലുകള്‍ ഏറ്റവും ബലത്തോടെയിരിക്കുന്ന പ്രായം 25 മുതല്‍ 27 വയസുവരെയാണ്. അതുകൊണ്ട് എത്രയും കൂടുതല്‍ ബലം എല്ലുകള്‍ക്ക് ആ പ്രായത്തില്‍ ഉണ്ടാകുന്നോ അത്രയും ബലം നമുക്ക് പ്രായമാകുമ്പോഴും ഉണ്ടാവും.
സൂര്യപ്രകാശം ശരീരത്തില്‍ പതിക്കുമ്പോള്‍ ലഭിക്കുന്ന വൈറ്റമിന്‍ ഡി എല്ലുകളുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. അള്‍ട്രാവൈലറ്റ് രശ്മികള്‍ക്ക് നമ്മുടെ ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉണ്ടാക്കാന്‍ കഴിയും. ഇതൊരിക്കലും ഭക്ഷണത്തില്‍നിന്ന് ലഭിക്കുന്ന വൈറ്റമിനല്ല.
ഇന്നത്തെ കാലത്ത് ശീതീകരിച്ച മുറികളിലിരുന്ന് ജോലിചെയ്യുകയും, സൗന്ദര്യത്തിന് കോട്ടം തട്ടുമെന്ന് പേടിച്ച് പുറത്തിറങ്ങി നടക്കാതിരിക്കുകയും ചെയ്യുന്നവരാണ് നമ്മളില്‍ പലരും. ആ പ്രവണത മാറ്റി അല്‍പ്പം വെയിലും ചൂടും തണുപ്പുമൊക്കെ ശരീരത്തിനേല്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
ചെറുപ്പം മുതല്‍ത്തന്നെ കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എല്ലിന്റെ ബലം വര്‍ധിക്കുന്നതിന് സഹായിക്കുന്നു. പാല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട എല്ലാ ഭക്ഷണങ്ങളും, ചെറുമീനുകള്‍(ചാള, കൊഴുവ) ഇവയെല്ലാം കാല്‍സ്യത്തിന്റെ അളവിനെ വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്.
കാല്‍സ്യത്തിന്റെയും വൈറ്റമിന്‍ ഡി യുടേയും അളവ് ശരീരത്തില്‍ കുറവാണെങ്കില്‍ അത് മരുന്നുകളുടെ രൂപത്തില്‍ ശരീരത്തിനുനല്‍കി സാധാരണ രീതിയില്‍ കൊണ്ടുവരേണ്ടതാണ്.
ഇനി ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് കൂടിയാലും പ്രശ്നമാണ്. ഇത് കിഡ്ണി സ്‌റ്റോണുകള്‍ ഉണ്ടാവാനിടയാക്കുന്നു. ആര്‍ത്തവ വിരാമം കഴിഞ്ഞ സ്ത്രീകളില്‍ കാല്‍സ്യത്തിന്റെ അളവ് കുറഞ്ഞുവരുന്നു. അതുകൊണ്ടുതന്നെ അവര്‍ കാല്‍സ്യം കഴിക്കേണ്ടത് അത്യാവശ്യമാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. സുജിത്ത് ജോസ്
കണ്‍സള്‍ട്ടന്റ് അസോസിയേറ്റ് പ്രൊഫസര്‍
ഡിവിഷന്‍ ഓഫ് ജോയിന്റ് റീപ്ലേസ്‌മെന്റ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് മെഡിസിന്‍
പി.വി.എസ് ഹോസ്പിറ്റല്‍, കൊച്ചി
അവസാനം പരിഷ്കരിച്ചത് : 6/20/2020