നാല്‌പത് വയസു കഴിഞ്ഞ സ്‌ത്രീകളില്‍ കൂടുതലായി ഇത്തരം അസുഖം കാണുന്നു. പ്രധാനമായും ഇടുപ്പെല്ല്, കാല്‍മുട്ട്, തോള്, നട്ടെല്ലിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും ചലനം കൂടുതല്‍ ആവശ്യമുള്ള കഴുത്തിനും നടുവിനുമൊക്കെ സന്ധിതേയ്‌മാനം ബാധിക്കാം
പ്രായം കൂടുന്തോറും ശരീരത്തിലെ വിവിധ സന്ധികളിലുള്ള അസ്‌ഥിയുടെ അഗ്രങ്ങളില്‍ കാര്‍ട്ടിലേജിന് തേയ്‌മാനം ഉണ്ടാകുന്നു. കാര്‍ട്ടിലേജിന്റെ തേയ്‌മാനത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണ് ശരീരത്തിന്റെ അമിത ഭാരവും സന്ധികളുടെ അമിത ഉപയോഗവും.
ഓസ്‌റ്റിയോ ആര്‍ത്രൈറ്റിസ്, ഓസ്‌റ്റിയോ ആര്‍ത്രോസിസ്, ഡീജനറേറ്റീവ് ജോയന്റ് ഡിസീസ് എന്നൊക്കെ വിവിധ പേരുകളില്‍ അറിയപ്പെടുന്നത് മിക്കവാറും ഒരേ രോഗാവസ്‌ഥകളാണ്.
ശരീരത്തിലെ സന്ധികള്‍ സുഗമമായി പ്രവര്‍ത്തിക്കാനും അസ്‌ഥികള്‍ തമ്മില്‍ ഉരസാതിരിക്കാനും അവയുടെ അഗ്രഭാഗങ്ങളില്‍ ദൃഢവും മിനുസമുള്ളതുമായ കാര്‍ട്ടിലേജുകള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു.
വര്‍ഷങ്ങളോളം യാതൊരു തകരാറും സംഭവിക്കാതെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ ഘടന. എന്നാല്‍ പ്രായമേറുമ്പോള്‍ സ്വാഭാവികമായി ഈ കാര്‍ട്ടിലേജുകള്‍ക്ക് തേയ്‌മാനം സംഭവിക്കുന്നു.
ശരീരത്തിന്റെ അമിത വണ്ണം മൂലം സന്ധികള്‍ക്ക് നേരിടുന്ന സമ്മര്‍ദം, അധികമായ ഭാരമുയര്‍ത്തുന്ന വ്യായാമങ്ങളില്‍ വേണ്ടത്ര കരുതല്‍ ഇല്ലാതെ ഏര്‍പ്പെടുക, ജന്മനാലുള്ള അസ്‌ഥി വൈകല്യം മൂലം വേണ്ടരീതിയില്‍ തരുണാസ്‌ഥി രൂപപ്പെടാതിരിക്കുക, പാരമ്പര്യ, സന്ധികളുടെ ചുറ്റുമുള്ള മാംസപേശികളുടെ ബലം കുറയുക, തൊഴില്‍പരമായ കാരണങ്ങള്‍കൊണ്ട് ചില സന്ധികള്‍ക്ക് വേണ്ടിവരുന്ന അമിത ഉപയോഗം ഇവയൊക്കെ ചെറുപ്പകാലത്തുതന്നെ അസ്‌ഥിതേയ്‌മാനത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.
ഇത്തരം അവസരങ്ങളില്‍ കാര്‍ട്ടിലേജുകള്‍ തമ്മില്‍ ഉരസി പരുപരുപ്പ് ഉണ്ടായി, ഒടുവില്‍അസ്‌ഥികള്‍ തന്നെ നേരിട്ട് ഉരസുന്ന അവസ്‌ഥയിലേക്ക് എത്തിച്ചേരാം. അപ്പോഴാണ് വേദന അസഹനീയാമാകുന്നത്.
40 വയസുകഴിഞ്ഞ സ്‌ത്രീകളില്‍ കൂടുതലായി ഇത്തരം അസുഖം കാണുന്നു. പ്രധാനമായും ഇടുപ്പെല്ല്, കാല്‍മുട്ട്, തോള്, നട്ടെല്ലിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും ചലനം കൂടുതല്‍ ആവശ്യമുള്ള കഴുത്തിനും നടുവിനുമൊക്കെ സന്ധിതേയ്‌മാനം ബാധിക്കാം.
സന്ധി തേയ്‌മാനത്തിന്റെ പ്രധാന ലക്ഷണം അസഹനീയമായ സന്ധിവേദന തന്നെയാണ്. അസുഖം ബാധിച്ച സന്ധികളില്‍ അമര്‍ത്തുമ്പോള്‍ വേദന അനുഭവപ്പെടുക, സന്ധികള്‍ക്ക് മുറുക്കം അനുഭവപ്പെടുക, ഉരസുന്നതുപോലുള്ള ശബ്‌ദം, സന്ധികള്‍ ആയാസപ്പെടുമ്പോള്‍ വേദന തുടങ്ങിയവ സന്ധിതേയ്‌മാനത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. എന്നാല്‍ വിശ്രമിച്ചാല്‍ വേദനയ്‌ക്ക് നേരിയ ആശ്വാസം ലഭിക്കും.
അസുഖം ബാധിച്ച സന്ധികള്‍ പൂര്‍ണമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുന്നതും സന്ധിതേയ്‌മാനം സംഭവിച്ചവരില്‍ സാധാരണയായി കണ്ടുവരുന്നുണ്ട്.
കാല്‍മുട്ടിന് അസുഖം ബാധിച്ചെങ്കില്‍ മുട്ടുമടക്കുന്നതിനോ നിവര്‍ക്കുന്നതിനോ, വേഗം നടക്കുവാനോ, കുത്തിയിരിക്കുവാനോ കഴിയാതെ വരും. കഴുത്തിന്റെ കശേരുക്കളെ ബാധിച്ചിട്ടുണ്ടെങ്കില്‍ കഴുത്തു പൂര്‍ണമായും തിരിക്കുന്നതിനോ മുകളിലേക്കും താഴോട്ടും നോക്കുന്നതിനോ കഴിയാതെ വരും.
ഇത്തരം ബുദ്ധമുട്ടുകള്‍ 2 ആഴ്‌ചകളില്‍ അധികം തുടര്‍ന്നു നിന്നാല്‍ ഡോക്‌ടറെ കാണണം. സന്ധികളെ ബാധിക്കുന്ന മറ്റ് രോഗങ്ങളില്‍ നിന്നും വേര്‍തിരിച്ച് മനസിലാക്കി ചികിത്സ ആരംഭിക്കാന്‍ വിശദമായ പരിശോധന ആവശ്യമാണ്.
എക്‌സ് - റേ, എം.ആര്‍. ഐ എന്നീ തുടങ്ങിയ പരിശോധനകള്‍ രോഗാവസ്‌ഥ അനുസരിച്ച് വേണ്ടിവരും. ഡോക്‌ടറെ കാണുമ്പോള്‍, മറ്റ് അസുഖങ്ങള്‍ക്ക് ഇപ്പോള്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ വിവരവും മുമ്പ് ദീര്‍ഘകാലം ഉപയോഗിച്ചുകൊണ്ടിരുന്ന മരുന്നുകളുടെ വിവരങ്ങളും ഡോക്‌ടറോട് പറയുവാന്‍ മറക്കരുത്.
സന്ധിതേയ്‌മാനത്തിന് ആയുര്‍വേദ ചികിത്സ ഫലപ്രദമാണ്. പ്രായമാകുന്നതും സന്ധികള്‍ക്ക് തേയ്‌മാനം സംഭവിക്കുന്നതും പൊടുന്നനേ ഒരു ദിവസം ഉണ്ടാകുന്നതല്ല.
ബാല്യം, കൗമാരം, യവ്വനം, വാര്‍ധക്യം എന്നീ അവസ്‌ഥകളിലൂടെ നമ്മള്‍ കടന്നു പോകുമ്പോള്‍ ഓരോ അവസ്‌ഥയിലും ചിലര്‍ക്കെങ്കിലും വിവിധതരം രോഗത്തിന്റെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരും.
അതുകൊണ്ട് മാനസികവും ശാരീരകവുമായ ആരോഗ്യം നിലനിര്‍ത്താന്‍ കൃത്യമായ ദിനചര്യയും കാലാവസ്‌ഥാ ഭേദങ്ങള്‍ അനുസരിച്ചുള്ള ഋതുചര്യകളും അനുഷ്‌ഠിക്കാനാണ് ആയുര്‍വേദം അനുശാസിക്കുന്നത്.
അസ്‌ഥികള്‍ക്ക് തേയ്‌മാനം സംഭവിക്കാതിരിക്കാനും, അസുഖം തുടക്കത്തില്‍ കണ്ടെത്തിയാല്‍ രോഗം അധികരിക്കാതിരിക്കാനും ആയുര്‍വേദ ചികിത്സകൊണ്ട് സാധിക്കും.
സന്ധിതേയ്‌മാനത്തിനുള്ള ചികിത്സ മൂന്നു ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഇതില്‍ സന്ധികളിലെ നീരും വേദനയും മാറാനുള്ള ഔഷധങ്ങള്‍ മാത്രം നല്‍കുന്നതാണ് ആദ്യഘട്ട ചികിത്സ.
ഗുഗ്ഗുലുതിക്‌തകം കഷായം, കൈശോരഗുഗ്ഗുലു ഗുളിക, യോഗരാജഗുഗ്ഗുലു ഗുളിക, അജമോദാദിചൂര്‍ണം, ഗുഗ്ഗുലുതിക്‌തകഘൃതം, കാരസ്‌കരഘൃതം, രസോനപിണ്ഡം ഇവയാണ് ഈ ഘട്ടത്തില്‍ നല്‍കുന്ന ഔഷധങ്ങള്‍. സൈന്ധവാദി തൈലം കൊട്ടംചുക്കാദി തൈലം ഇവ പുറമേ പുരട്ടാനും ഉത്തമമാണ്.
സന്ധികളുടെ പ്രവര്‍ത്തനം പഴയതു പോലെയാകാനും പേശികള്‍ക്ക് ബലം കിട്ടാനും സന്ധികള്‍ക്ക് നല്‍കുന്ന ചികിത്സയാണ് രണ്ടാം ഘട്ടം.
ഈ ഘട്ടത്തില്‍ സന്ധികള്‍ക്ക് പുറമേ ചെയ്യുന്ന ചികിത്സയില്‍ സൈന്ധവാദി, കൊട്ടംചുക്കാദി, പിണ്ഡതൈലം തുടങ്ങിയ തൈലങ്ങള്‍ അവസ്‌ഥാനുസരണം മുട്ടില്‍ പുരട്ടിയ ശേഷം കഷായത്തിന്റെയോ ധാന്യമ്ലത്തിന്റെയോ ആവയില്‍ ചൂടാക്കിയ മരുന്നു കിഴിയില്‍ ചെറുചൂടോടെ ചെയ്യുന്നത് ആശ്വാസം നല്‍കും.
വേദനയും നീരും കുടൂതലാണെങ്കില്‍ കാരസ്‌കരക്ഷീരധാര പ്രയോജനപ്രദമാണ്.
സന്ധിവേദന ഉണ്ടാകാനുള്ള കാരണങ്ങള്‍ കണ്ടെത്തി അത് നിയന്ത്രിക്കുകയും വീണ്ടും അസുഖം ഉണ്ടാകുന്നത് തടയുന്നതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് മൂന്നാം ഘട്ടം.
സന്ധികള്‍ക്ക് അയവു ലഭിക്കാനും പേശികളിലേക്കുള്ള രക്‌തപ്രവാഹം കൂട്ടാനും പിഴിച്ചിലും പേശിബലം വര്‍ധിപ്പിക്കാന്‍ ഞവരക്കിഴിയും ചെയ്യുന്നത് രോഗശമനത്തിന് ഏറ്റവും ഉത്തമമാണ്.
സന്ധികളിലെ കാര്‍ട്ടിലേജിനെ ബലപ്പെടുത്താന്‍ വസ്‌തി എന്ന വളരെ ഫലപ്രദമായ ചികിത്സയുണ്ട്. അസുഖമുള്ള സന്ധിക്ക് മുകളിലായി ഉഴുന്നുമാവ്‌കൊണ്ട് തട ഉണ്ടാക്കിയശേഷം അതിനുള്ളില്‍ രോഗാവസ്‌ഥയ്‌ക്ക് അനുസരിച്ച് തയാര്‍ ചെയ്‌ത തൈലം ഒഴിച്ചു ചെറുചൂടില്‍ നിര്‍ത്തുന്ന ചികിത്സയാണ് വസ്‌തി.
സന്ധികളിലെ വേദന പരിഹരിക്കാന്‍ ആയുര്‍വേദത്തില്‍ ഏറ്റവും ഫലപ്രദമായ ചികിത്സകളിലൊന്നാണിത്.
ചികിത്സയിലൂടെ സന്ധിവേദന മാറിയശേഷം സന്ധികളുടെ പ്രവര്‍ത്തനക്ഷമത കൂട്ടുന്നതിനും ചില വ്യായാമങ്ങള്‍ ശീലിക്കണം. ഉപകരണ സഹായമില്ലാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ ആണ് ചുവടെ.
1. മലര്‍ന്നുകിടന്ന് കാല്‍ ഉയര്‍ത്തി മുട്ട് മടക്കി നെഞ്ചോട് ചേര്‍ക്കുമ്പോള്‍ കുത്തിയിരിക്കുന്നതു പോലെയുള്ള ശാരീരിക നിലയിലെത്തും. ശരീരത്തിന്റെ ഭാരം മുട്ടില്‍ വരാത്തതുകൊണ്ട് മുട്ടിനു ആയാസം ഉണ്ടാവുകയുമില്ല.
2. മലര്‍ന്നു കിടക്കുക. ഒരു കാല്‍ 45 ഡിഗ്രി ഉയര്‍ത്തി 10 സെക്കന്റ് പിടിക്കുക. അടുത്ത കാല്‍ ഉപയോഗിച്ച് വ്യായാമം ആവര്‍ത്തിക്കുക.
3. കസേരയില്‍ നിവര്‍ന്ന് ഇരുന്ന ശേഷം ഇരുകാലുകളും മാറി മാറി പലതവണ ഉയര്‍ത്തുക.
4. ഇരു കാല്‍മുട്ടുകള്‍ക്കും അടിയില്‍ പന്തുപോലെ ടവല്‍ ചുരുട്ടി വച്ചശേഷം കാല്‍മുട്ടുകള്‍ ഉപയോഗിച്ച് അമര്‍ത്തി 15 സെക്കന്റ് പിടിക്കുക. ഇത് 20 തവണ ആവര്‍ത്തിക്കുക.
സന്ധിവേദനയുടെ കാരണമനുസരിച്ച് കഴിക്കുന്ന മരുന്നുകള്‍ വ്യത്യാസപ്പെടും. ആഹാരത്തിലും ഇതനുസരിച്ച് ചില മാറ്റങ്ങള്‍ വരുത്തണമെന്ന് ആയുര്‍വേദം അനുശാസിക്കുന്നു.
ഗുല്‍ഗുലു ചേര്‍ന്ന മരുന്നുകള്‍ കഴിക്കുമ്പോള്‍ മത്സ്യവും മാംസവും ഒഴിവാക്കണം. എന്നാല്‍ കളികളിലോ വാഹനാപകടങ്ങളിലോ പെട്ട് സന്ധികള്‍ക്ക് തകരാര്‍ സംഭവിച്ചവരുടെ പേശികള്‍ക്കു പോഷണം ആവശ്യമാണ്.
ഇവര്‍ മാംസ്യം (പ്രോട്ടീന്‍) അടങ്ങിയ ആഹാരം കഴിക്കണം. മുട്ടയുടെ വെള്ള, ബേക്ക് ചെയ്‌ത കോഴിയുടെ നെഞ്ച് ഭാഗം, എണ്ണയില്ലാതെ തയാറാക്കിയ ചെറുമത്സ്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ നല്ലതാണ്. ശരീരപ്രകൃതിക്ക് അനുസരിച്ച് കൊഴുപ്പ് നിയന്ത്രിക്കണം.
സന്ധികളുടെ തേയ്‌മാനം ഉള്ളവര്‍ പേശികള്‍ക്ക് ബലം കിട്ടാന്‍ പാട നീക്കിയ പാല്‍,പയറുവര്‍ഗങ്ങള്‍, മരുന്നിന്റെ പഥ്യമില്ലെങ്കില്‍ ചെറുമത്സ്യങ്ങള്‍ ഇവ കഴിക്കണം. എണ്ണയും മധുരവും കൊഴുപ്പും ഉള്ള ആഹാരങ്ങള്‍ നിയന്ത്രിക്കണം.
കൃത്യമായ ഔഷധങ്ങള്‍ ഉപയോഗിക്കുക. ആവശ്യമെങ്കില്‍ സന്ധിയിലെ തേയ്‌മാനം കുറയുന്നതിനും പേശീബലം വര്‍ധിപ്പിക്കുന്നതിനും വേണ്ട ചികിത്സകള്‍ ചെയ്യുക.
സന്ധികളില്‍ അമിത മര്‍ദം ഏല്‍ക്കാത്ത വിധം ദൈനംദിന ജീവിതത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തുക. ചിട്ടയായ വ്യായാമവും ആഹാര ക്രമീകരണവും കൊണ്ട് ഇത്തരം തേയ്‌മാനത്തെ നിയന്ത്രണത്തില്‍ എത്തിക്കാം.
അമിത വണ്ണം മൂലം സന്ധികള്‍ക്ക് തേയ്‌മാനം സംഭവിച്ചവര്‍ വണ്ണം കുറയ്‌ക്കുകയാണ് പരിഹാരമാര്‍ഗമെന്ന നിലയില്‍ ആദ്യം ചെയ്യേണ്ടത്. ഇതിനായി അനുയോജ്യമായ വ്യായാമം ശീലമാക്കണം. എന്നാല്‍ വണ്ണം കുറയ്‌ക്കുന്നതിനായി കഠിനമായ വ്യായാമമുറകള്‍ സ്വീകരിക്കരുത്.
ഇത് മുട്ടുവേദനയ്‌ക്ക് കാരണമാകും. ഇവര്‍ക്ക് നടത്തം നല്ലൊരു വ്യായാമമാണ്. ഇവര്‍ വ്യായാമത്തിനായി നടക്കുമ്പോള്‍ പരമാവധി മുന്നോട്ട് കാലുകള്‍ നീട്ടിവച്ച് മുട്ടുകള്‍ക്ക് ആയാസം ഉണ്ടാവാത്ത രീതിയില്‍ വേണം നടക്കാന്‍.
നീന്തല്‍, വെള്ളത്തില്‍ ചെയ്യാവുന്ന അക്വാട്ടിക് വ്യായാമങ്ങള്‍, ഇരുന്നുകൊണ്ടുള്ള വ്യായാമങ്ങള്‍ തുടങ്ങിയവയാണ് അമിത വണ്ണമുള്ളവര്‍ വണ്ണം കുറയ്‌ക്കാനായി സ്വീകരിക്കാവുന്ന ലഘു വ്യായാമമുറകള്‍. വ്യായാമത്തിനൊപ്പം ആഹാര നിയന്ത്രണത്തിനും വണ്ണം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രമിക്കണം.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സി. കെ. മോഹന്‍ ബാബു
ചീഫ് ഫിസിഷന്‍
കൃഷ്‌ണേന്തു ആയുര്‍വേദ
ഹോസ്‌പിറ്റല്‍, ചിങ്ങോലി
അവസാനം പരിഷ്കരിച്ചത് : 7/20/2020