অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വീട്ടമ്മമാരുടെ മുട്ടുവേദനയും ഉപ്പൂറ്റിവേദനയും

വീട്ടമ്മമാരുടെ മുട്ടുവേദനയും ഉപ്പൂറ്റിവേദനയും

തുടര്‍ച്ചയായി മണിക്കൂറുകളോളം നിന്നുകൊണ്ട് വീട്ടുജോലി ചെയ്യുന്ന വീട്ടമ്മമാരുടേയും, അധ്യാപനം, നഴ്‌സിങ്ങ്, ട്രാഫിക് ഡ്യൂട്ടി, സെയില്‍സ് തുടങ്ങിയ ജോലി ചെയ്യുന്നവരില്‍ മുട്ടുവേദന മധ്യവയസിന് തുടക്കത്തില്‍തന്നെ പ്രത്യക്ഷപ്പെടാറുണ്ട്

ഉയര്‍ന്ന ജീവിത നിലവാരം വീട്ടമ്മമാര്‍ക്ക് പ്രത്യേകിച്ചും നല്‍കിയ സംഭാവനകളാണ് മുട്ടുവേദനയും ഉപ്പൂറ്റിവേദനയും. ഇന്ന് വീട്ടമ്മമാര്‍ ഒരു മെഷീന്‍ ഓപ്പറേറ്ററാണ്. യന്ത്രങ്ങള്‍ ജോലി ഏറ്റെടുക്കുമ്പോള്‍ ആയാസം കുറഞ്ഞതു കൊണ്ട് ശരീരഭാരം കൂടി. ദാരിദ്ര്യം കുറഞ്ഞപ്പോള്‍ അമിതപോഷണം ശരീരഭാരം വര്‍ധിപ്പിച്ചു.

<>ഭാരം വഹിക്കുന്ന പ്രധാന സന്ധികള്‍ കാല്‍മുട്ടും ഉപ്പുറ്റിയുമാണ്. ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമുള്ള ശരീരത്തിന്റെ നിലകള്‍ അഥവാ സ്ഥിതി ചില പ്രത്യേക ഭാഗങ്ങളില്‍ സമ്മര്‍ദം ഏല്‍പിക്കാറുണ്ട്.

 

തുടര്‍ച്ചയായ സമ്മര്‍ദം ആഭാഗത്ത് വേദനയും നീര്‍കെട്ടും പ്രവര്‍ത്തിഹാനിയും ഉണ്ടാകും. കൃത്യമായ പരിചരണവും പരിഹാരവും ചെയ്യുന്നില്ലങ്കില്‍ ഘടനാപരമായ വൈകല്യം ഉണ്ടാവുകയും സന്ധികള്‍ ക്ഷയിച്ചു പ്രവര്‍ത്തന രഹിതമാവുകയും ചെയ്യുന്നു.

മുട്ടുവേദന

കാല്‍മുട്ടിന്റെ ഘടന

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ സന്ധിയാണ് കാല്‍മുട്ട്. തുടയെല്ലിനെയും കാലിന്റെ അസ്ഥിയെയും യോജിപ്പിക്കുന്ന സന്ധിയാണിത്. രണ്ട് അസ്ഥികളേയും ചേര്‍ത്തു വയ്ക്കുന്ന ശരിയായ സ്‌നായുക്കള്‍ വശങ്ങളിലും മുട്ടുചിരട്ട മുന്‍ഭാഗത്തും തുടയെല്ലും കാലിലെ അസ്ഥിയും പൊതിഞ്ഞിരിക്കുന്ന തരുണാസ്ഥിയും രണ്ട് മെനുസ്‌കികളും സന്ധികള്‍ വളുതി നില്‍ക്കുന്നതിനുള്ള സൈനോവിയല്‍ ദ്രാവകവും, അതുല്പാദിപ്പിക്കുന്ന സൈനോവിയല്‍ സ്തരവും ചേര്‍ന്നതാണ് ജാനു സന്ധി.

ചാടുക, ഓടുക, കയറ്റം കയറുക, ഭാരം ഉയര്‍ത്തുക തുടങ്ങി എല്ലാക്ഷതങ്ങളേയും അതിജീവിക്കാന്‍ തക്ക നിര്‍മ്മാണ മികവ് കാല്‍മുട്ടിനെ കുറിച്ചുള്ള പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ഏകദേശം അഞ്ഞൂറു കിലോ വരെ ഭാരം വഹിക്കാന്‍ ഈ ഗ്രന്ഥികള്‍ക്ക് കഴിയും. അതോടൊപ്പം മേല്‍പറഞ്ഞ ഓരോ ഭാഗത്തിനും ണ്ടാകുന്ന ചെറിയ തകരാറുകള്‍ കാല്‍മുട്ടിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.

വീട്ടമ്മമാരില്‍ സംഭവിക്കുന്നത്

തുടര്‍ച്ചയായി മണിക്കൂറുകളോളം നിന്നുകൊണ്ട് വീട്ടുജോലി ചെയ്യുന്ന വീട്ടമ്മമാരുടേയും, അധ്യാപനം, നഴ്‌സിങ്ങ്, ട്രാഫിക് ഡ്യൂട്ടി, സെയില്‍സ് തുടങ്ങിയ ജോലി ചെയ്യുന്നവരില്‍ മുട്ടുവേദന മധ്യവയസിന് തുടക്കത്തില്‍തന്നെ പ്രത്യക്ഷപ്പെടാറുണ്ട്.

ശ്രദ്ധിക്കപെടാതെപോകുന്ന ചെറിയ ക്ഷതങ്ങളും സ്ഥായിയായ മുട്ടുവേദനയ്ക്ക് കാരണമാകാറുണ്ട്. മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ കൊണ്ട് കാല്‍മുട്ടിന് നീര്‍കെട്ട്, വേദന, നീര്, മടക്കുവാന്‍ പ്രയാസം എന്നിവയുണ്ടാകുന്നു. സൈനോവിയല്‍ സ്തരം നീര്‍ക്കെട്ടുകൊണ്ട് വീര്‍ത്തുവരുന്നതും, സൈനോവിയല്‍ ദ്രാവകം ചംക്രമത്തിനു വിധേയമാകാതെ സന്ധിയില്‍ നിറയുകയും ചെയ്യുന്നു.

അസ്ഥികളെ പൊതിഞ്ഞിരിക്കുന്ന തരുണാസ്ഥിയുടെ പാളി നേര്‍ത്തുവരുന്നു. അസ്ഥികളാകട്ടെ കൂടുതല്‍ കാഠിന്യം ആര്‍ജ്ജിക്കുകയും കാല്‍സ്യം പറ്റിപിടിക്കാന്‍ തുടങ്ങുയും ചെയ്യുന്നു. തുടക്കത്തില്‍ തന്നെ വൈദ്യ സഹായം തേടുകയും ജീവിത ശൈലി ക്രമീകരിക്കുകയും ചെയ്തില്ലെങ്കില്‍ ഔഷധചികിത്സ അസാധ്യമാകും.

അതേത്തുടര്‍ന്ന് മുട്ടിന്റെ സന്ധിക്ക് ഘടനാപരമായ വൈകല്യം വരുത്തുന്ന ഗുരുതരമായ ഘട്ടത്തിലേക്ക് പോകുന്നു. ഇത്തരം മാറ്റങ്ങള്‍ക്ക് വര്‍ഷങ്ങളുടെ കാലയളവ് വേണ്ടിവരും. അതുകൊണ്ട് തുടക്കത്തില്‍ തന്നെ ശാസ്ത്രീയ ആയുര്‍വേദ ചികിത്സകള്‍ സ്വീകരിക്കക്കേണ്ടതാണ്.

ഗുരുതരമായ സന്ധിരോഗ ലക്ഷണങ്ങള്‍

  1. മുട്ടിന്റെ എല്ലാ ചലനങ്ങളിലും വഷളകുന്ന വേദനയും, നീരും. വിശ്രമംകൊണ്ട് ആശ്വാസം.
  2. സന്ധികള്‍ക്ക് ചുറ്റും വീക്കം.
  3. വിശ്രമാനന്തരം വഴങ്ങാന്‍ കഴിയാതെ വരിക.
  4. മുട്ടിന്റെ സങ്കോച വികാസങ്ങള്‍ പരിമിതമായി വരിക.
  5. മുട്ട് വഴങ്ങുമ്പോള്‍ ഉരയുന്ന ശബ്ദം കേള്‍ക്കുക.
  6. കാല്‍മുട്ടുകള്‍ പുറത്തേക്ക് വളയുകയോ അകത്തേക്ക് വളയുകയോ തുടങ്ങിയ വൈകല്യങ്ങള്‍ ബാധിക്കുകയും മുടന്തിനടക്കേണ്ടതായും വരിക.

ചികിത്സ

എന്തുകാരണങ്ങളാലാണ് വേദന, നീര്, തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായിരിക്കുന്നത് എന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. ക്ഷതങ്ങള്‍, അണുബാധ, അസ്ഥിപൊട്ടല്‍, മറ്റ് ശാരീരിക അസ്വസ്ഥതകള്‍ ഇവ പരിശോധിച്ച് മുട്ടുവേദന ആണെന്ന് സഥിരീകരിക്കുക. അതിനു രക്ത പരിശോധനയും എക്‌സ്‌റേ പരിശോധനകളും വേണ്ടിവരും.

നീരും വേദനയും കുറയുന്ന ആയുര്‍വേദമരുന്നുകള്‍ കഴിക്കുന്നതിനോടൊപ്പം സന്ധികളില്‍ ലേപനങ്ങള്‍ വിവിധതരം സ്വേദനം(ചൂടുപിടിപ്പിക്കല്‍) വേണ്ടിവരാറുണ്ട്.

വയറിളക്കല്‍, വസ്തി, വ്യായാമം ഇവയും സംയോജിപ്പിച്ച് ചികിത്സ വേണ്ടിവരും. അസാധ്യമായ അവസ്ഥയില്‍ ജീവിതം ക്രമീകരിച്ച് തുടര്‍ച്ചയായ ഓഷധ ഉപയോഗവും അഭ്യംഗവും( എണ്ണപുരട്ടല്‍) വ്യായാമവും ചെയ്ത് പരിപാലിക്കണം.

രോഗി സ്വയം ചെയ്യേണ്ടത്

ദൈനദിനപ്രവര്‍ത്തികള്‍ മുടങ്ങാതെ ജീവിത രീതി പരിഷ്‌കരിച്ച് മുന്നേറുക. ശരീരഭാരം കൂടുതലാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ആഹാരം ക്രമീകരിക്കുക. സന്ധികള്‍ കൂടുതല്‍ ആഘാതമേറ്റ് തേയ്മാനം വഷളാകാതെ ശ്രദ്ധിക്കണം. മൃദുവായ പാദരക്ഷകള്‍ ആഘാതം കുറയ്ക്കും. നിര്‍ദേശിച്ചിരിക്കുന്ന വ്യായാമം, ഔഷധങ്ങള്‍ ഇവ കൃത്യമായി ഉപയോഗിക്കണം.

മുന്‍കരുതലുകള്‍

രോഗം വരാതിരിക്കാന്‍ കാത്സ്യം, വൈറ്റമിന്‍ സി, ഇരുമ്പ്, പ്രോട്ടീന്‍ ഇവധാരാളം അടങ്ങിയ ആഹാരം ശീലിക്കണം. ശരീരഭാരം കൃത്യമായി നിലനിര്‍ത്തുക. തുടക്കത്തില്‍ തന്നെ വൈദ്യ
സഹായം തേടുക. നിസാരമായ ക്ഷതങ്ങളെപ്പോലും കൃത്യമായി ചികിത്സിക്കുക. വിശ്രമവേളകള്‍ ഉള്‍പ്പെടുത്തി ജോലികള്‍ ചെയ്യുക.

ഉപ്പൂറ്റിവേദന

മധ്യവയസ്‌കരയ വീട്ടമ്മമാരില്‍ കാണുന്ന മറ്റൊരു രോഗാണ് ഉപ്പുറ്റിവേദന. ജീവിത സാഹചര്യങ്ങളും, ശീലങ്ങളും എല്ലാം മുട്ടുവേദനയില്‍ ചൂണ്ടികാട്ടിയതു പോലെ സമാനമായിരിക്കും.

ഉപ്പൂറ്റിയുടെ ഘടന

ശരീര ഭാരത്തേക്കാള്‍ ഇരട്ടി ആഘാതം സഹിക്കാന്‍ തക്ക കരുത്തുള്ള ഭാഗമാണ് ഉപ്പൂറ്റി. കഠിനവും ബലമേറിയതുമായ ഈ ഭാഗവും തുടര്‍ച്ചയായ ക്ഷതം കൊണ്ട് രോഗാതുരമാകുന്നു. കാല്‍കേനിയം എന്ന അസ്ഥിയാണ് പ്രധാനമായും ഉപ്പൂറ്റിയുടെ ഭാഗം.

ഈ അസ്ഥിയുടെ അടിയില്‍ ക്ഷതം ഏല്‍കാതിരിക്കാന്‍ മൃദുവായ ഭാഗം ഉണ്ട്. ഉപ്പൂറ്റിയുടെ പിന്‍ഭാഗത്ത് അഖിലിസ് റ്റെന്‍ഡന്‍ ചേര്‍ന്നിരിക്കുന്നു. ഉപ്പുറ്റിയുടെ അടിയില്‍ വരുന്ന വേദന, ഉപ്പുറ്റിയുടെ പുറകില വരുന്ന വേദന, ഉപ്പുറ്റിയുടെ ഉള്ളില്‍ വരുന്ന വേദന എന്നിങ്ങനെ ഉപ്പുറ്റിവേദനയെ മൂന്നായി തിരിക്കാം.

ഉപ്പുറ്റിയുടെ അടിയില്‍ വരുന്ന വേദന

പ്രധാനമായും ഹീല്‍പാഡിന് ആവര്‍ത്തിച്ചുള്ള ക്ഷതം ഏല്‍ക്കുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. മറ്റൊന്ന് പ്ലാന്റാര്‍ഫേസിയ എന്ന കാല്‍പാദത്തിലെ അസ്ഥികളെ പരസ്പരം ചേര്‍ത്ത് കെട്ടിയിരിക്കുന്ന പാദതൈലം മുഴുവനും വ്യാപിച്ചു കിടക്കുന്ന സ്‌നായുവിനുവരുന്ന നീര്‍കെട്ടാണ്.

ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സാഹചര്യം കൊണ്ട് ഇതില്‍ കാത്സ്യം നിറഞ്ഞ് ഒരു മുകുളം പോലെ വളര്‍ന്നുവരുന്നതാണ്. ഇതിനെ കാല്‍കേനിയല്‍ സ്പര്‍ എന്ന് പറയുന്നു.

ഉപ്പൂറ്റിയുടെ പുറകില്‍ വരുന്ന വേദന

മേല്‍പറഞ്ഞ ജീവിത സാഹചര്യത്തോടൊപ്പം പടികള്‍ കയറിയിറങ്ങുന്നവരില്‍ ഇത്തരം വേദന കൂടുതല്‍ കണുന്നു. കാല്‍വണ്ണയിലെ ശക്തമായ പേശി ഉപ്പൂറ്റിചേര്‍ന്നുവരുന്ന ഭാഗത്ത് ഉരവ് സംഭവിക്കാതിരിക്കാന്‍ ഒരു മടക്കുണ്ട്.

ഈ ഭാഗത്ത് നീര്‍കെട്ടും, വീക്കവും വേദനയും ഉണ്ടാകുന്നു. ചികിത്സയും, ജീവിതശൈലി ക്രമീകരണവും ഇല്ലാത്തവരില്‍ അവിടെ കാത്സ്യം അടിഞ്ഞു കൂടി കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തും. ഇവിടെ ഔഷധചികിത്സ ഫലപ്രദമല്ലാത്ത സാഹചര്യമായതു കൊണ്ട് ഓപ്പറേറ്റീവ് ചികിത്സയെ ആശ്രയിക്കണം.

ഉപ്പൂറ്റിയുടെ അകത്തുവരുന്ന വേദന

പ്രാദേശികമായ സന്ധിവേദനയോ, യൂറിക് ആസിഡ് ആസിഡുകളുടെ അടിഞ്ഞു കൂടലുകളോ ആയിരിക്കാം.

ചികിത്സ

കൃത്യമായ രോഗ നിറണ്ണയത്തിനായി രക്ത പരിശോധന, എക്‌സ്‌റേ പരിശോധന എന്നിവ വേണ്ടിവരും. ലേപനം, സ്വേദിപ്പിക്കല്‍ (ചൂടുപിടിപ്പിക്കല്‍) ഔഷധസേവ, വിശ്രമം, ജീവിതശൈലി ക്രമീകരിക്കുക ഇവ സംയാജിപ്പിച്ച് വിദഗ്ധമായ ആയുര്‍വേദ ചികിത്സ പൂര്‍ണസുഖം തരുന്നതാണ്. ആയുര്‍വേദത്തിലെ അഗ്നികര്‍മ്മം വേദനകുറയുന്നതിന് ഏറെ ഫലപ്രദമാണ്.

ഡോ. കെ.ജി ഷാജീവ്
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, ആലപ്പുഴ

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate