অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മുട്ടുവേദന

ശരീരത്തിന്റെ ഉറപ്പിനും സുഗമമായ ചലനത്തിനും സന്ധികള്‍ അനിവാര്യമാണ്. രണ്ട് അസ്ഥികള്‍ ചേരുന്ന ഭാഗത്താണ് സന്ധികള്‍ രൂപംകൊള്ളുക. ശരീരത്തിലെ വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ടിലെ സന്ധി. ഓരോ ചുവടുവയ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. എളുപ്പത്തില്‍ കേടുപറ്റാനും പരിക്കേല്‍ക്കാനും ഇടയുള്ളവയാണ് കാല്‍മുട്ടുകളിലെ സന്ധികള്‍.

നടക്കുമ്പോള്‍, ഓടുമ്പോള്‍, പടികയറുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരഭാരത്തിന്റെ പലമടങ്ങ് ഭാരം മുട്ടുകള്‍ താങ്ങേണ്ടിവരും. സാധാരണ  ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്തുതന്നെ മുട്ടുകള്‍ ചലനം സാധ്യമാക്കും. എന്നാല്‍ അമിതഭാരം താങ്ങുന്നതോടെ കാല്‍മുട്ടുകള്‍ പ്രതിസന്ധിയിലാകും. അധികനാള്‍ അമിതഭാരം ചുമക്കുന്നത് മുട്ടുകളെ ക്ഷീണിപ്പിക്കും. മുട്ടുകള്‍ക്ക് ക്ഷതവുമുണ്ടാക്കും. തെറ്റായ ജീവിതശൈലിമൂലം ഉണ്ടാകുന്ന പൊണ്ണത്തടി മുട്ടിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. 

കാല്‍മുട്ടെന്ന  അതിസങ്കീര്‍ണസന്ധി
ഒരുവശത്തേക്ക് തുറക്കുന്ന വിജാഗിരിപോലെയുള്ള ഒരു സന്ധിയാണ് കാല്‍മുട്ട്. തുടയെല്ലും കണങ്കാലിലെ അസ്ഥികളും തമ്മില്‍ സന്ധിക്കുന്ന കാല്‍മുട്ട് അതിസങ്കീര്‍ണമായ വിധത്തിലാണ് കെട്ടിപ്പെടുത്തിയിരിക്കുന്നത്. അസ്ഥികള്‍, തരുണാസ്ഥികള്‍, സ്നായുക്കള്‍, ചലനവള്ളികള്‍ അഥവാ ലിഗമെന്റ്സ്്, ദ്രാവകം നിറഞ്ഞ അറകള്‍ ഇവയൊക്കെ സന്ധികളില്‍ ഒത്തുചേരുന്നു. ശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ തുടയെല്ല് സന്ധിക്കുമുകളില്‍ കമാനംപോലെ നിലകൊള്ളുന്നു. 
സന്ധി രൂപപ്പെടുന്ന ഭാഗത്തെ എല്ലുകളുടെ അഗ്രത്തെ മൂടിയിരിക്കുന്ന മാര്‍ദവമുള്ള ഉപാസ്ഥിയാണ് തരുണാസ്ഥി. ചലിക്കുമ്പോള്‍ അസ്ഥികള്‍ തമ്മിലുള്ള ഘര്‍ഷണം ഒഴിവാക്കാന്‍ സഹായിക്കുന്നത് തരുണാസ്ഥിയാണ്.

സന്ധികളെ പൊതിഞ്ഞുസംരക്ഷിക്കുന്ന കവചത്തിന്റെ ഉള്‍ഭാഗത്തുള്ള നേര്‍ത്ത സ്തരമാണ് സൈനോവിയല്‍ സ്തരം. ഇത് പുറപ്പെടുവിക്കുന്ന എണ്ണപോലെയുള്ള സൈനോവിയല്‍ ഫ്ളൂയിഡ് സന്ധികളുടെ ചലനത്തെ സുഗമമാക്കുന്നതോടൊപ്പം തരുണാസ്ഥിക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു. സന്ധികള്‍ ക്രമമായും മിതമായും ചലിക്കുമ്പോള്‍ കൂടുതല്‍ പോഷകങ്ങള്‍ തരുണാസ്ഥിയിലേക്ക് കടക്കുന്നു.

മുട്ടിലെയും മുട്ടിന്റെ വശങ്ങളിലെ ഉള്‍ഭാഗത്തും പുറംഭാഗത്തുമുള്ള ചലനവള്ളികളാണ് സന്ധികളെ യഥാസ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തുന്നത്. മുട്ടിന്റെ ചലനം കാര്യക്ഷമമാക്കുന്നതില്‍ ചലനവള്ളികള്‍ (ലിഗമെന്റ്സ്)ക്ക് മുഖ്യസ്ഥാനമാണുള്ളത്. സന്ധികള്‍ക്കുമുന്നില്‍ രക്ഷാകവചമായി മുട്ടുചിരട്ടയുമുണ്ട്. 
തുടയിലെ വലിയ പേശികള്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളെ കൂട്ടിയിണക്കിയാണ് മുട്ടുകള്‍ ചലനം സാധ്യമാക്കുന്നത്. 
ആയുര്‍വേദത്തില്‍ 'ജാനുസന്ധി' എന്നാണ് കാല്‍മുട്ടുകളെ അറിയപ്പെടുക. ഈ ഭാഗത്തെ ഒരു മര്‍മസ്ഥാനമായാണ് കണക്കാക്കുന്നതും.

മുട്ടുവേദന–  കാരണങ്ങള്‍


മുട്ടുവേദനയ്ക്കിടയാക്കുന്ന നിരവധി കാരണങ്ങളുണ്ട്. മുട്ടിന് തേയ്മാനം സംഭവിച്ച് വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്പോള്‍ സ്വാഭാവികമായി മുട്ടിനെ സന്ധിവാതം ബാധിക്കാറുണ്ട്. എന്നാല്‍ കൌമാരത്തിലും യൌവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെത്തന്നെ വന്നുചേരും. തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചുസമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്പോള്‍ മുട്ടിന് പിടിത്തവും വേദനയും, രാവിലെ ഉറക്കമുണരുമ്പോള്‍ മുട്ടിന് പിടുത്തവും വേദനയും, മുട്ടില്‍ നീര് ഇവയൊക്കെ കാല്‍മുട്ടിലുണ്ടാകുന്ന സന്ധിവാതത്തിന്റെ ലക്ഷണങ്ങളാണ്. 

പരിക്കുകള്‍ മുട്ടുവേദനയ്ക്കിടയാക്കും
ഇതിനുപുറമെ മുട്ടിനുണ്ടാകുന്ന പരിക്കുകളും ഘടനാപരമായ വൈകല്യങ്ങളും മുട്ടുവേദനയ്ക്കിടയാക്കാറുണ്ട്. അസ്ഥികള്‍, തരുണാസ്ഥികള്‍, സ്നായുക്കള്‍, ലിഗമെന്റ്സ് ഇവയ്ക്കേല്‍ക്കുന്ന പരിക്കുകള്‍ മുട്ടുവേദനയ്ക്കിടയാക്കും. ഓട്ടം, ചാട്ടം, വീഴ്ച, തട്ടല്‍, മുട്ടല്‍ ഇവയൊക്കെ മുട്ടിന് ക്ഷതവും പരിക്കും ഏല്‍പ്പിക്കാറുണ്ട്. കായികതാരങ്ങളില്‍ പരിക്കിനുള്ള സാധ്യത വളരെ കൂടുതലാണ്. പരിക്കുകള്‍ക്ക് യഥാസമയം ചികിത്സതേടാത്തവരില്‍ സന്ധിവാതം വളരെ നേരത്തെ എത്താറുണ്ട്.

ചിരട്ടതെന്നല്‍


ചിരട്ട തെന്നിപ്പോകുന്നത് കടുത്ത മുട്ടുവേദനയ്ക്ക് ഇടയാക്കാറുണ്ട്. പരിക്കുമൂലമോ ഉറപ്പിച്ചുനിര്‍ത്തിയ ഭാഗത്തുനിന്ന് കാല്‍ പെട്ടെന്ന് ദിശമാറ്റുമ്പോഴോ ചിരട്ട തെന്നാം. മുട്ടുമടങ്ങിയ നിലയില്‍നിന്ന് നിവര്‍ത്താനാകാതെ കടുത്ത വേദനയുണ്ടാകും. നടക്കാനുമാകില്ല. ഒന്നുംചെയ്യാതെത്തന്നെ മുട്ട് യഥാസ്ഥാനത്ത് ചില സന്ദര്‍ഭങ്ങളില്‍ മടങ്ങിവരാറുണ്ട്. ചിലപ്പോള്‍ വൈദ്യസഹായം വേണ്ടിവരും. ആവര്‍ത്തിക്കുന്ന ചിരട്ട തെന്നല്‍ മുട്ടിലെ സന്ധിക്ക് നാശംവരുത്തി മുട്ടുവേദനയ്ക്കിടയാക്കുമെന്നതിനാല്‍ ചികിത്സതേടേണ്ടതാണ്.

മറ്റു കാരണങ്ങള്‍


തുടയെല്ല്, ചിരട്ട എന്നിവയിലെ വിന്യാസത്തിലെ വ്യതിയാനങ്ങള്‍, മറ്റ് വാതരോഗങ്ങള്‍, അണുബാധ, എല്ലിനെ ബാധിക്കുന്ന അര്‍ബുദങ്ങള്‍, മുട്ടിലെ ദ്രാവകം നിറഞ്ഞ അറകളെ ബാധിക്കുന്ന നീര് ഇവയും മുട്ടുവേദനയ്ക്ക് ഇടയാക്കാറുണ്ട്

ലക്ഷണങ്ങള്‍


ഇരുന്നുകഴിഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കാല്‍മുട്ടുകള്‍ക്ക് മുറുക്കം തോന്നുന്നതാണ് മുട്ടുവേദനയുടെ ആദ്യ ലക്ഷണം. കൂടാതെ രാവിലെ മുട്ടുമടക്കാന്‍ പ്രയാസം തോന്നുകയും കുറച്ചുകഴിഞ്ഞ് ശരിയാവുകയും ചെയ്യും. തണുപ്പത്തും ഈര്‍പ്പമുള്ളപ്പോഴും വേദന കൂടും. മുട്ടില്‍ നീരും വേദനയും. തേയ്മാനംമൂലം മുട്ടുവേദന വന്നവരില്‍ നടക്കുമ്പോള്‍ മുട്ടില്‍ ശബ്ദം. മുട്ടില്‍ വെള്ളം നിറഞ്ഞിരിക്കുക. കാലുകള്‍ക്ക് ബലക്കുറവ് ഇവയാണ് ലക്ഷണങ്ങള്‍.

തൊഴിലും മുട്ടുവേദനയും


തൊഴിലുമായി ബന്ധപ്പെട്ട് നിത്യവും ചെയ്യുന്ന ചില ശീലങ്ങള്‍ മുട്ടിന് ഗുണകരമല്ലാതെ വരാറുണ്ട്. കൂടുതല്‍ നേരം നില്‍ക്കുക, കൂടുതല്‍ തവണ ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുക, കൂടുതല്‍ തവണ പടികള്‍ കയറുക, തുടര്‍ച്ചയായി നടക്കുക ഇവ മുട്ടിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. കുത്തിയിരുന്ന് എഴുന്നേല്‍ക്കുമ്പോള്‍ എട്ടിരട്ടിയോളം ഭാരമാണ് മുട്ടില്‍ സമ്മര്‍ദമേകുക.

സ്ത്രീകളും മുട്ടുവേദനയും


പുരുഷന്മാരിലും സ്ത്രീകളിലും മുട്ടുവേദന ഉണ്ടാകാറുണ്ടെങ്കിലും സ്ത്രീകളില്‍ താരതമ്യേന കൂടുതലാണ്. സ്ത്രീകളുടെ എല്ലുകള്‍ ചെറുതും ദുര്‍ബവും ആയതിനാല്‍ മുട്ടുവേദനയും കൂടും. കൂടാതെ പൊണ്ണത്തടി, വ്യായാമക്കുറവ്, അസ്ഥിക്ഷയം ഇവയും സ്ത്രീകളില്‍ കൂടുതലായതിനാല്‍ മുട്ടുവേദന കൂടാറുണ്ട്. ആര്‍ത്തവവിരാമത്തോടെ ഉണ്ടാകുന്ന അസ്ഥിക്ഷയം മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന ഘടകമാണ്്.

പരിഹാരങ്ങള്‍ ചികിത്സ


മുട്ടുവേദനയുടെ ചികിത്സാവിജയം ഏറെയും നേരത്തെ ചികിത്സ തുടങ്ങുന്നതുമായി ബന്ധമുണ്ട്. വ്യത്യസ്ത കാരണങ്ങളാല്‍ മുട്ടുവേദന ഉണ്ടാകുമെന്നതിനാല്‍ ചികിത്സയും ഓരോരുത്തിരിലും വ്യത്യസ്തമാകും. സന്ധികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, പേശികളുടെ ബലം വര്‍ധിപ്പിക്കുക, വേദന, പിടിത്തം ഇവയ്ക്ക് ശമനം നല്‍കുക, മുട്ടിനുണ്ടായ ക്ഷതങ്ങള്‍ പരിഹരിക്കുക തുടങ്ങിയവ ലക്ഷ്യമാക്കിയുള്ള ഔഷധങ്ങളും ആഹാരങ്ങളുമാണ് ആയുര്‍വേദം നല്‍കുക. ഒപ്പം മിതമായ വ്യായാമവും നല്‍കും. ഔഷധങ്ങള്‍ ചേര്‍ത്ത പാലുകൊണ്ടുള്ള ധാര, ഉപനാഹം, ജാനുവസ്തി, വിരേചനം, വസ്തി, പിഴിച്ചില്‍ ഇവയൊക്കെ വിവിധ അവസ്ഥകളില്‍ നല്‍കാറുണ്ട്. 
ഭാരം ക്രമീകരിക്കുന്നത് മുട്ടുവേദന കുറയ്ക്കാന്‍ അനിവാര്യമാണ്. യൌവനാരംഭത്തില്‍ത്തന്നെ ഭാരം ക്രമീകരിക്കാനായാല്‍ മുട്ടുവേദനയുടെ കടന്നുവരവ് തടയാനാവും. 
ആരോഗ്യകരമായ ഭക്ഷണശീലങ്ങളും മുട്ടുവേദന കുറയ്ക്കാന്‍ അനിവാര്യമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, ചെറുമത്സ്യങ്ങള്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുട്ടിന്റെ ആരോഗ്യത്തിന് ഗുണംചെയ്യും. ഞവര, എള്ള്, കരിപ്പെട്ടി, പച്ചച്ചീര, കാരറ്റ്, മുരിങ്ങക്ക, മുരിങ്ങയില, ചേമ്പ്, ചേന, കാച്ചില്‍, മുതിര, വെണ്ടയ്ക്ക, മത്തന്‍, പാടമാറ്റിയ പാല്‍വിഭവങ്ങള്‍, പഞ്ഞപ്പുല്ല് ഇവ മുട്ടിന് ഗുണകരമാണ്. ഫാസ്റ്റ്ഫുഡ്ഡുകള്‍, വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ ഇവ ഒഴിവാക്കുകയും വേണം. 
വ്യായാമം കൂടുന്നതും കുറയുന്നതും മുട്ടിന് ഗുണംചെയ്യില്ല. ചെറുപ്രായത്തില്‍ത്തന്നെ ലഘുവ്യായാമങ്ങള്‍ ശീലമാക്കുന്നത് അസ്ഥികള്‍ക്ക് കരുത്തേകും. നീന്തല്‍, നടത്തം, യോഗ ഇവയൊക്കെ ഡോക്ടറുടെ നിര്‍ദേശാനുസരണം തെരഞ്ഞെടുക്കാം. മുട്ടുവേദന കലശലായവരും ഇരുന്നും കിടന്നുമുള്ള വ്യായാമങ്ങള്‍ ശീലമാക്കണം. ക്രമമായുള്ള ചലനം തരുണാസ്ഥിക്ക് കരുത്തേകും. കമഴ്ന്നുകിടന്ന് കണങ്കാലുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും സാവധാനം ചെയ്യാം. കൂടാതെ കസേരയില്‍ ഇരുന്ന് കാല്‍ പരമാവധി നീട്ടുന്നതും നല്ല ഫലംതരും.

ധന്വന്തരം കുഴമ്പ്, സഹചരാദിക്കുഴമ്പ്, മുറിവെണ്ണ, പ്രഭഞ്ജനം, കര്‍പ്പൂരാദി ഇവ മുട്ടുവേദനയുടെ വിവിധ ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്നവയാണ്.  
കുന്തിച്ചിരിക്കുന്നത് മുട്ടുകളില്‍ സമ്മര്‍ദം കൂട്ടുമെന്നതിനാല്‍ ഒഴിവാക്കണം. കൂടുതല്‍ നില്‍ക്കേണ്ടിവരുമ്പോള്‍ ഒരു കാലില്‍ ബലംകൊടുത്ത് മറ്റേകാല്‍ തളര്‍ത്തിയിടുക.  വേദനയുള്ളപ്പോള്‍ വിശ്രമം അനിവാര്യമാണ്.  പുകവലിയും മദ്യപാനവും ഒഴിവാക്കുക.

കടപ്പാട്: ഡോ. പ്രിയ ദേവദത്ത്

 

കാല്‍മുട്ടുവേദന

 

കാല്‍മുട്ടുവേദന ഏറെ കണ്ടുവരുന്നത് കൂടുതല്‍ കായികാധ്വാനം ചെയ്യുന്ന ചെറുപ്പക്കാരിലാണ്. സ്പോര്‍ട്സ് രംഗത്തുള്ള ചെറുപ്പക്കാര്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നത് കാല്‍മുട്ടിലെ വാഷറുകളും വള്ളികളുമാണ്. മധ്യവയസ്സോടെ കാല്‍മുട്ടില്‍ കഠിന വേദനയുണ്ടാവുന്നതിന് കാരണം വാഷറുകള്‍ക്കും വള്ളികള്‍ക്കും പറ്റുന്ന കേടുപാടുകളെ യുവത്വകാലത്ത് നിസ്സാരമായി തള്ളിക്കളയുന്നതുകൊണ്ടാണ്.

എന്താണ് വാഷര്‍ അഥവാ മെനിസ്കസ്...?
കാല്‍മുട്ടിലെ സന്ധികള്‍ക്കിടയില്‍ C ആകൃതിയിലുള്ള കശേരുക്കളാണ് വാഷര്‍ (Meniscus). കാല്‍മുട്ടുകളുടെ പ്രവര്‍ത്തനത്തില്‍ മര്‍മപ്രധാനമാണ് ഇവ. വാഹനങ്ങളിലെ ഷോക് അബ്സോര്‍ബറുകളുടേതിന് സമാനമാണ് ഇവയുടെ ധര്‍മം. കാല്‍മുട്ടുകളിലെ സന്ധികള്‍ക്ക് വേണ്ട ലൂബ്രിക്കന്‍റ് നല്‍കാന്‍ സഹായിക്കുന്നത് കൂടാതെ തുടയെല്ലിന്‍െറയും മുട്ടുകാലിന്‍െറയും സന്ധികള്‍ക്കിടയിലെ വിടവുകള്‍ നികത്തി സംയുക്തമായ പ്രവര്‍ത്തനത്തിന് സഹായിക്കലും ഭാരവും മര്‍ദവും ഏറ്റെടുക്കലും വാഷറുകളുടെ ഉത്തരവാദിത്വമാണ്.

ഡിസ്കോയിഡ് മെനിസ്കസ്
ഏകദേശം മൂന്ന് ശതമാനം ജനങ്ങളില്‍ കണ്ടുവരുന്ന ജനിതക തകരാറാണ് ഇത്. കാല്‍മുട്ടുകളിലെ പുറംഭാഗത്തേക്കുള്ള (Lateral) വാഷറിനെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നതെങ്കിലും അപൂര്‍വമായി രണ്ടു വാഷറുകളിലും പ്രത്യക്ഷപ്പെടാറുണ്ട്. സാധാരണ വാഷറുകള്‍ ചന്ദ്രക്കല പോലെ നേരിയതും അര്‍ധവൃത്താകൃതിയിലുള്ളതുമായിരിക്കുമ്പോള്‍ ഡിസ്കോയിഡ് മെനിസ്കസ് ബാധിച്ച വാഷറുകള്‍ കട്ടി കൂടിയതും പൂര്‍ണ ചന്ദ്രാകൃതിയിലുള്ളതും ആയിരിക്കും.യുവതികളില്‍ കൂടുതലായി കണ്ടുവരുന്ന ഇത്തരം വാഷറുകള്‍ പൊട്ടാന്‍ സാധ്യതയേറെയാണ്.

ലക്ഷണങ്ങള്‍
നടക്കുമ്പോഴും കോണിപ്പടി ഉപയോഗിക്കുമ്പോഴും വേദന, ഇടവിട്ട് കാല്‍മുട്ടില്‍ പിടിത്തം (Knee Locking), മുട്ടുമടക്കി താഴെ ഇരിക്കാന്‍ ബുദ്ധിമുട്ട്, കാല്‍മുട്ടില്‍ നീര്‍ക്കെട്ട്, കാല്‍മുട്ട് മുഴുവന്‍ നിവര്‍ത്താന്‍ ബുദ്ധിമുട്ട്, കാല്‍മുട്ടില്‍നിന്ന് വിഭിന്ന ശബ്ദങ്ങള്‍.

ചികിത്സ
താക്കോല്‍ദ്വാര ശസ്ത്രക്രിയ വ്യാപകമായ സാഹചര്യത്തില്‍ കൂടുതല്‍ സര്‍ജന്മാരും ഭാഗികമായ മെനിസ്കെക്ടമി (വാഷറിന്‍െറ പൊട്ടിപ്പോയ ഭാഗങ്ങള്‍ നീക്കം ചെയ്യുന്ന രീതി) അവലംബിക്കുന്നുണ്ട്. വാഷറിലെ പരിക്കിന്‍െറ വ്യാപ്തി ചെറുതാണെങ്കില്‍ പെട്ടെന്നുള്ള പ്രശ്നപരിഹാരത്തിന് ഇത് ഗുണം ചെയ്യും. എന്നാല്‍, വലിയ പരിക്കിനും ഈ രീതി അവലംബിച്ചാല്‍ രോഗശാന്തി പരിമിതമായ കാലത്തേക്ക് മാത്രമാകാം. ചില സന്ദര്‍ഭങ്ങളില്‍, വാഷറിന്‍െറ ബലവും പരിക്കേറ്റ ഭാഗവും വലിപ്പവും ആര്‍ത്രോസ്കോപ്പിലൂടെ നിരീക്ഷിച്ച ശേഷം മാത്രമേ സര്‍ജന്‍ ശസ്ത്രക്രിയയെക്കുറിച്ച് അന്തിമ തീരുമാനം എടുക്കാറുള്ളൂ.
അടുത്ത കാലം വരെ വാഷറിന് പരിക്കേല്‍ക്കുകയോ കീറല്‍ വരികയോ ചെയ്താല്‍ പരിക്കേറ്റ ഭാഗം മുഴുവനും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു പതിവ്. ശസ്ത്രക്രിയക്കുശേഷം രോഗിക്ക് ആശ്വാസം ലഭിക്കുമെങ്കിലും കാലക്രമേണ സന്ധിതേയ്മാനത്തിന് ഇത് കാരണമാകും. വാഷര്‍ നീക്കം ചെയ്യാതെ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്ത് നിലനിര്‍ത്തുന്ന രീതിയാണ് കുറേക്കൂടി നല്ലത്. ഇത് വേദന കുറക്കുന്നതിനും കാല്‍മുട്ടിനെ സാധാരണ രീതിയിലേക്ക് എത്തിക്കുന്നതിനും സഹായിക്കും. കാല്‍മുട്ടിലെ വാഷറിനുള്ളില്‍ കൂടുതല്‍ രക്തയോട്ടമുള്ളിടത്ത് ഇത്തരം ശസ്ത്രക്രിയ 85 ശതമാനം വരെ വിജയിക്കാറുണ്ട്. കാല്‍മുട്ടുകളിലെ വാഷറുകള്‍ക്കുണ്ടാകുന്ന പരിക്കുകളുടെ ചികിത്സക്കായി അന്താരാഷ്ട്രതലത്തില്‍ അവലംബിക്കുന്ന രീതിയും ഇതുതന്നെ.
കാല്‍മുട്ടിലെ ലിഗമെന്‍റിന് (വള്ളികള്‍) ഏല്‍ക്കുന്ന പരിക്കുകളെ നിസ്സാരമാക്കുന്നവരാണ് പലരും. പൊട്ടിപ്പോയ ലിഗമെന്‍റുകള്‍ ഉടന്‍ നേരെയാക്കുന്നതിനുപകരം യുവസമൂഹം കൊണ്ടുനടക്കാറാണ് പതിവ്. ഇത്തരക്കാരുടെ കാല്‍മുട്ടിലെ വാഷറുകളെ അമിത ഭാരവും മര്‍ദവും കൂടുതല്‍ നാശത്തിലേക്ക് നയിക്കുന്നു. മിത ഭക്ഷണവും ചിട്ടയായ ജീവിതരീതിയും വ്യായാമവും വാഷറുകളില്‍ പരിക്കുവരാതെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. പില്‍ക്കാലത്ത് മുട്ടിലിഴയാതിരിക്കാന്‍ വാഷറുകളെ സംരക്ഷിച്ചേ മതിയാകൂ.

കടപ്പാട്: ഡോ. അബ്ദുല്ല ഖലീല്‍ (എം.എസ് ഓര്‍തോ) അല്‍ശിഫ പെരിന്തല്‍മണ്ണ

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate