অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അസ്‌ഥി വൈകല്യങ്ങള്‍

അസ്‌ഥി വൈകല്യങ്ങള്‍

  1. കാലുകള്‍ക്ക്‌ വളവ്‌
  • വളര്‍ച്ചയോടനുബന്ധിച്ചുള്ള രോഗങ്ങള്‍
    1. കാല്‍മുട്ട്‌ പുറത്തേക്ക്‌ വളയുക:
    2. കാല്‍മുട്ടുകള്‍ അകത്തേക്കു വളയുന്ന അവസ്‌ഥ:
    3. പെര്‍ത്തീസ്‌ ഡിസീസ്‌
    4. തുടയെല്ലിന്റെ അഗ്രഭാഗം തെന്നി മാറുന്ന അവസ്‌ഥ:
    5. ഇടുപ്പു സന്ധിയിലെ നീര്‍വീക്കം:
    6. കാല്‍മുട്ടിന്റെ വൈകല്യം:
    7. കണ അഥവാ റിക്കറ്റ്‌സ്:
    8. മുട്ടുചിരട്ട ഇടയ്‌ക്കിടെ തെന്നിപ്പോവുക :
    9. കഴുത്ത്‌ ഒരു വശത്തേക്ക്‌ തിരിഞ്ഞിരിക്കുക:
    10. എല്ല്‌ ഒടിയുകയോ വളയുകയോ ചെയ്യുന്ന അവസ്‌ഥ:
    11. എല്ലിന്റെ അണുബാധ:
    12. സെപ്‌റ്റിക്‌ ആര്‍ത്രൈറ്റിസ്‌:
    13. അസ്‌ഥിയില്‍ ക്ഷയരോഗം:
    14. അസ്‌ഥിയിലെ മുഴകള്‍ ഓസ്‌റ്റിയോ കോണ്‍ട്രോമ:
    15. ഓസ്‌റ്റിയോയിഡ്‌ ഓസ്‌റ്റിയോമ:
    16. ഓസ്‌റ്റിയോ സംര്‍ക്കോമ:
    17. ജന്മനാല്‍ ഇടുപ്പ്‌ സന്ധി തെന്നിമാറുക:

    ശരിയായ പരിശോധനയും കൃത്യ സമയത്തുള്ള ചികിത്സയുമാണ്‌ ഇത്തരം കുഞ്ഞുങ്ങള്‍ക്ക്‌ ആവശ്യം. കുട്ടികളില്‍ കാണപ്പെടുന്ന പ്രധാന അസ്‌ഥി വൈകല്യങ്ങളും അവയ്‌ക്കുള്ള ചികിത്സയും .

    കുട്ടികളില്‍ അസ്‌ഥിവൈകല്യങ്ങള്‍ ഉണ്ടാകാറുണ്ട്‌. ജന്മനാലുള്ളവ, വളര്‍ച്ചയോടനുബന്ധിച്ചുള്ളവ എന്നിങ്ങനെ രണ്ടു രീതിയിലാണ്‌ കുഞ്ഞുങ്ങളില്‍ അസ്‌ഥി വൈകല്യങ്ങള്‍ കണ്ടുവരുന്നത്‌. ചില വൈകല്യങ്ങള്‍ ചികിത്സിച്ചു മാറ്റാവുന്നവയാണ്‌.

    ശരിയായ പരിശോധനയും കൃത്യ സമയത്തുള്ള ചികിത്സയുമാണ്‌ ഇത്തരം കുഞ്ഞുങ്ങള്‍ക്ക്‌ ആവശ്യം. കുട്ടികളില്‍ കാണപ്പെടുന്ന പ്രധാന അസ്‌ഥി വൈകല്യങ്ങളും അവയ്‌ക്കുള്ള ചികിത്സയും.

    കാലുകള്‍ക്ക്‌ വളവ്‌

    ഈ അവസ്‌ഥ ഇരു കാലുകളെയും ബാധിച്ചേക്കാം. അമ്മയുടെ തകരാറുകള്‍ മൂലം ജന്മനാല്‍തന്നെ ഈ വൈകല്യം കുഞ്ഞില്‍ കാണപ്പെടുന്നു. ഗര്‍ഭപാത്രത്തിന്റെ വലിപ്പക്കുറവ്‌, നാഡീ സംബന്ധമായും പേശീസംബന്ധവുമായ തകരാറുകള്‍ എന്നിവയെല്ലാം ഇതിനു കാരണമാകാറുണ്ട്‌.

    കാഴ്‌ചയില്‍ നിസാരമാണെന്ന്‌ തോന്നുമെങ്കിലും ഭാവിയില്‍ മുടന്തിനുവരെ ഇത്‌ ഇടയാക്കിയേക്കാം. നേരത്തെയുള്ള ചികിത്സയാണ്‌ ഇതിനു ആവശ്യം. കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതിലൂടെ കാല്‍പാദത്തിന്റെ വൈകല്യം പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്നതാണ്‌.

    ഡോക്‌ടറുടെ മേല്‍നോട്ടത്തില്‍ അമ്മയ്‌ക്കു തനിയെ കുഞ്ഞിന്റെ കാലില്‍ ചെയ്യാവുന്ന ഉഴിച്ചിലുകളാണ്‌ ചികിത്സയുടെ ആദ്യപടി. അതിനുശേഷം മൂന്നോ നാലോ തവണ തുടര്‍ച്ചയായി കാല്‍പാദത്തില്‍ പ്ലാസ്‌റ്റര്‍ ഇടേണ്ടിവരാം. ആവശ്യമെങ്കില്‍ മൈക്രോ സര്‍ജറിയിലൂടെ ഞരമ്പിന്റെ നീളക്കുറവ്‌ ഭേദപ്പെടുത്താവുന്നതാണ്‌.

    വളര്‍ച്ചയോടനുബന്ധിച്ചുള്ള രോഗങ്ങള്‍

    കാല്‍മുട്ട്‌ പുറത്തേക്ക്‌ വളയുക:

    ഒരു വയസിനു മുമ്പ്‌ നടന്നു തുടങ്ങുന്ന കുട്ടികള്‍, ഭാരക്കൂടുതലുള്ള കുഞ്ഞുങ്ങള്‍, വാക്കര്‍ അമിതമായി ഉപയോഗിക്കുന്ന കുട്ടികള്‍ എന്നിവരിലാണ്‌ ഈ അവസ്‌ഥ കൂടുതലായി കാണപ്പെടുന്നത്‌. ഇത്തരം കുട്ടികളില്‍ എക്‌സ് റേ പരിശോധനയിലൂടെ വൈകല്യത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നു.

    മുട്ടുകള്‍, മണിബന്ധം എന്നിവയുടെ എക്‌സ് റേ പരിശോധിക്കുന്നതിലൂടെ ഡോക്‌ടര്‍ക്ക്‌ കൃത്യമായ രോഗനിര്‍ണയം നടത്താവുന്നതാണ്‌. വിറ്റാമിന്‍ ഡി, കാത്സ്യം എന്നിവയുടെ അപര്യാപ്‌തത പലപ്പോഴും ഈ അവസ്‌ഥയ്‌ക്കു കാരണമാകാറുണ്ട്‌.

    നാല്‌ വയസാകുന്നതോടെ മിക്ക കുട്ടികളിലും ഈ പ്രശ്‌നം മാറുന്നതായാണ്‌ കണ്ടുവരുന്നത്‌. എന്നാല്‍ നാലു വയസിനു ശേഷവും വൈകല്യം എടുത്തറിയാന്‍ കഴിയുന്നുണ്ടെങ്കില്‍ ബെല്‍റ്റ്‌ ഉപയോഗിച്ചോ ശസ്‌ത്രക്രിയയിലൂടെയോ കാല്‍മുട്ടിന്റെ പുറത്തേക്കുള്ള വളവ്‌ നേരെയാക്കാവുന്നതാണ്‌.

    കാല്‍മുട്ടുകള്‍ അകത്തേക്കു വളയുന്ന അവസ്‌ഥ:

    കുട്ടികളില്‍ വളരെ അപൂര്‍വമായി മാത്രമേ ഈ അവസ്‌ഥ കാണപ്പെടാറുള്ളൂ.

    പെര്‍ത്തീസ്‌ ഡിസീസ്‌

    10 വയസില്‍ താഴെയുള്ള കുട്ടികളില്‍ കാണപ്പെടുന്ന അസ്‌ഥി വൈകല്യമാണ്‌ പെര്‍ത്തീസ്‌ ഡിസീസ്‌. ഇടുപ്പെല്ലിലേക്കുള്ള രക്‌തയോട്ടത്തിന്‌ തടസം നേരിടുന്നതാണ്‌ ഇതിനു കാരണം.

    വേദന, ഏന്തി വലിഞ്ഞു നടക്കുക എന്നിവയാണ്‌ രോഗലക്ഷണങ്ങള്‍. എക്‌സ് റേ, എംആര്‍ഐ, ബോണ്‍ സ്‌കാന്‍ എന്നീ പരിശോധനകളിലൂടെ രോഗനിര്‍ണയം നടത്താവുന്നതാണ്‌.

    ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളോട്‌ സമാനമായതിനാല്‍ ക്ഷയരോഗമല്ലെന്ന്‌ ഉറപ്പുവരുത്താനും പരിശോധനകളിലൂടെ സാധിക്കും. ട്രാക്ഷന്‍ പ്ലാസ്‌റ്റര്‍, ശസ്‌ത്രക്രിയ എന്നിവയാണ്‌ ചികിത്സാരീതികള്‍.

    കുഞ്ഞിന്‌ തക്ക സമയത്ത്‌ ചികിത്സ ലഭ്യമാകാതിരുന്നാല്‍ ഭാവിയില്‍ ഇടുപ്പെല്ലിന്‌ തേയ്‌മാനമുണ്ടാകാന്‍ സാധ്യതയുണ്ട്‌.

    തുടയെല്ലിന്റെ അഗ്രഭാഗം തെന്നി മാറുന്ന അവസ്‌ഥ:

    10 വയസിനു മുകളിലുള്ള കുട്ടികളിലാണ്‌ ഈ അവസ്‌ഥ കാണപ്പെടുന്നത്‌. ഇടുപ്പെല്ലിന്റെ വേദനയും നടക്കുമ്പോഴുള്ള ഏന്തലുമാണ്‌ പ്രധാന ലക്ഷണം.

    എക്‌സറേ, സിടി സ്‌കാന്‍ എന്നിവയിലൂടെ രോഗകാരണം കണ്ടെത്തിയ ശേഷമാണ്‌ ചികിത്സ നിര്‍ണയിക്കുന്നത്‌. ട്രാക്ഷന്‍ പ്ലാസ്‌റ്റര്‍, ശസ്‌ത്രക്രിയ എന്നിവയാണ്‌ ചികിത്സാരീതികള്‍.

    ഇടുപ്പു സന്ധിയിലെ നീര്‍വീക്കം:

    രണ്ടു വയസില്‍ താഴെയുള്ള കുട്ടികളിലാണ്‌ പൊതുവേ ഈ അവസ്‌ഥ കാണപ്പെടുന്നത്‌. ഇതിന്‌ പ്രത്യേക ചികിത്സയൊന്നും ആവശ്യമില്ല. ചില കുട്ടികളില്‍ ട്രാക്ഷന്‍ ഉപയോഗിക്കേണ്ടതായി വന്നേക്കാം.

    കാല്‍മുട്ടിന്റെ വൈകല്യം:

    കാല്‍മുട്ടിനു താഴെ മുഴ, വേദന എന്നിവയാണ്‌ ഈ വൈകല്യമുള്ള കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി രണ്ടു കാലുകളേയും ഈ അസുഖം ബാധിക്കുന്നതായാണ്‌ കണ്ടുവരുന്നത്‌. എക്‌സറേ പരിശോധനയിലൂടെ രോഗനിര്‍ണയം സാധ്യമാണ്‌.

    പൂര്‍ണ വിശ്രമമാണ്‌ ഇതിനുള്ള ചികിത്സ. അമിത വേദനയുള്ളവര്‍ക്ക്‌ വേദനസംഹാരികള്‍ നല്‍കുന്നു. രോഗ തീവ്രത അനുസരിച്ച്‌ പ്ലാസ്‌റ്റര്‍ ഇടുകയോ ശസ്‌ത്രക്രിയയോ ആവശ്യമായി വന്നേക്കാം.

    കണ അഥവാ റിക്കറ്റ്‌സ്:

    കുട്ടികളിലെ ആവശ്യ ഘടകമായ കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവയുടെ അപര്യാപ്‌തതമൂലം ഉണ്ടാകുന്ന രോഗമാണ്‌ റിക്കറ്റ്‌സ്. തലയോട്ടിയുടെയും നെഞ്ചിന്റെയും രൂപ വ്യത്യാസം, കൈകാലുകള്‍ക്ക്‌ വളവ്‌ എന്നിവയാണ്‌ രോഗ ലക്ഷണങ്ങള്‍.

    മണിബന്ധത്തിന്റെ എക്‌സറേയിലൂടെ രോഗനിര്‍ണയവും ചികിത്സാ പുരോഗതിയും അറിയാന്‍ കഴിയുന്നതാണ്‌. കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ നല്‍കിയുള്ള ചികിത്സാരീതിയാണ്‌ ഇത്തരം കുട്ടികള്‍ക്ക്‌ നല്‍കുന്നത്‌.

    മുട്ടുചിരട്ട ഇടയ്‌ക്കിടെ തെന്നിപ്പോവുക :

    കളിക്കുകയോ, നടക്കുകയോ ചെയ്യുമ്പോള്‍ യാതൊരു കാരണവും കൂടാതെ മുട്ടുചിരട്ട തെന്നിപ്പോവുന്ന അവസ്‌ഥയാണിത്‌. അതിനൊപ്പം നീര്‍ക്കെട്ടും വേദനയും ഉണ്ടാവുകയും ചെയ്യുന്നു.

    എല്ലിന്റെ ഘടനാ വ്യത്യാസം, ഞരമ്പിന്റെ ബലക്ഷയം എന്നിവയാണ്‌ ഈ അവസ്‌ഥയ്‌ക്കു കാരണമായി പറയുന്നത്‌. വ്യായാമം, പ്ലാസ്‌റ്റര്‍, ശസ്‌ത്രക്രിയ എന്നിവയാണ്‌ ചികിത്സാരീതികള്‍.

    കഴുത്ത്‌ ഒരു വശത്തേക്ക്‌ തിരിഞ്ഞിരിക്കുക:

    പ്രസവത്തോടനുബന്ധിച്ചുള്ള ക്ഷതങ്ങള്‍, പേശീരോഗങ്ങള്‍ എന്നിവമൂലം കുഞ്ഞിന്റെ കഴുത്തിന്‌ ഉണ്ടാകുന്ന വൈകല്യമാണിത്‌. ഫിസിയോതെറപ്പി, ശസ്‌ത്രക്രിയ എന്നിവയിലൂടെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്‌.

    എല്ല്‌ ഒടിയുകയോ വളയുകയോ ചെയ്യുന്ന അവസ്‌ഥ:

    ചില കുട്ടികളില്‍ ചെറിയ ക്ഷതങ്ങള്‍ കൊണ്ടുപോലും എല്ല്‌ ഒടിയുകയോ വളയുകയോ ചെയ്യുന്നതായി കണ്ടുവരാറുണ്ട്‌. ജനിതക തകരാറാണ്‌ ഇതിനു കാരണം. ഇവരില്‍ കണ്ണുകള്‍ക്ക്‌ നീലനിറവും പല്ലുകള്‍ക്ക്‌ കേടും കാണപ്പെടുന്നു.

    ചികിത്സയേക്കാള്‍ ചെറിയ വീഴ്‌ചകള്‍ പോലും ഒഴിവാക്കാന്‍ ശ്രദ്ധിക്കുകയെന്നതാണ്‌ പ്രധാനം. ഈ കുട്ടികള്‍ക്ക്‌ ഏറെ കരുതല്‍ ആവശ്യമാണ്‌. അസ്‌ഥികളില്‍ മൂന്‍കൂട്ടി കമ്പി ഇടുന്നതുവഴി പൊട്ടലുണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുന്ന ആധുനിക ചികിത്സാരീതികളും നിലവിലുണ്ട്‌.

    എല്ലിന്റെ അണുബാധ:

    പനിയോടു കൂടിയ അസ്‌ഥി വേദന, രോഗബാധിതമായ ഭാഗത്ത്‌ ചൂട്‌, നീര്‍വീക്കം, ചുവന്ന നിറം എന്നീ ലക്ഷണങ്ങള്‍ അണുബാധയുള്ളവരില്‍ കണ്ടുവരുന്നു. രക്‌തപരിശോധന, കള്‍ച്ചര്‍, എക്‌സ് റേ എന്നിവയിലൂടെ രോഗനിര്‍ണയം നടത്താവുന്നതാണ്‌.

    രോഗം ആരംഭത്തിലേ തിരിച്ചറിഞ്ഞാല്‍ ആന്റിബയോട്ടിക്‌ മരുന്നുകള്‍കൊണ്ട്‌ ശമനം ലഭിക്കുന്നതാണ്‌. എന്നാല്‍ പഴുപ്പ്‌ കയറിയ അവസ്‌ഥയിലാണെങ്കില്‍ ശസ്‌ത്രക്രിയയിലൂടെ പഴുപ്പ്‌ നീക്കേണ്ടതായി വരുന്നു.

    സെപ്‌റ്റിക്‌ ആര്‍ത്രൈറ്റിസ്‌:

    സന്ധികള്‍ക്കുള്ളില്‍ പഴുപ്പ്‌ ഉണ്ടാകുന്ന അവസ്‌ഥയാണിത്‌. ഇവരില്‍ പനിയും സന്ധിവേദനയും മുഖ്യ ലക്ഷണമാകാറുണ്ട്‌. സന്ധികളുടെ ചെറിയ ചലനങ്ങള്‍ പോലും വേദനാജനകമാകുന്നു.

    രക്‌തപരിശോധന, സന്ധികളിലെ ദ്രാവകം എടുത്ത്‌ കള്‍ച്ചര്‍ ചെയ്യുക എന്നിവയാണ്‌ രോഗം തിരിച്ചറിയാന്‍ നടത്തുന്ന പരിശോധനകള്‍. ശസ്‌ത്രക്രിയയിലൂടെ പഴുപ്പ്‌ നീക്കം ചെയ്യുന്നതാണ്‌ സെപ്‌റ്റിക്‌ ആര്‍ത്രൈറ്റിസിനുള്ള ചികിത്സ.

    അസ്‌ഥിയില്‍ ക്ഷയരോഗം:

    സന്ധികളില്‍ പഴുപ്പ്‌, എല്ലിന്റെ അണുബാധ എന്നീ അവസ്‌ഥകളില്‍ ക്ഷയരോഗം അസ്‌ഥിയെ ബാധിക്കാം. സന്ധിവീക്കം, പനി, വേദന എന്നിവയാണ്‌ രോഗ ലക്ഷണങ്ങള്‍. ക്ഷയരോഗം നട്ടെല്ലിനെയാണ്‌ ബാധിക്കുന്നതെങ്കില്‍ നടുവുവേദന, നടുവിലും തുടയിലും വയറിലും പഴുപ്പു നിറഞ്ഞ മുഴകള്‍ എന്നീ ലക്ഷണങ്ങളും കാണപ്പെടുന്നു.

    രക്‌തപരിശോധന, എക്‌സ് റേ, എംആര്‍ഐ, സിടി സ്‌കാന്‍, ബയോപ്‌സി എന്നിവയാണ്‌ സാധാരണയായി രോഗനിര്‍ണയത്തിന്‌ ഉപയോഗിക്കുന്നത്‌.

    മരുന്നിനൊപ്പം വിശ്രമവും ആവശ്യമാണ്‌. ആന്റി ടിബി ഡ്രഗ്‌സ്, പ്ലാസ്‌റ്റര്‍ എന്നിവ ദീര്‍ഘകാലം ഉപയോഗിക്കേണ്ടതായി വരാം. ചിലര്‍ക്ക്‌ ശസ്‌ത്രക്രിയയും ആവശ്യമായി വരാറുണ്ട്‌.

    അസ്‌ഥിയിലെ മുഴകള്‍ ഓസ്‌റ്റിയോ കോണ്‍ട്രോമ:

    സന്ധികളോടടുത്ത്‌ എല്ലില്‍ കാണപ്പെടുന്ന മുഴകളാണ്‌ ഓസ്‌റ്റിയോ കോണ്‍ട്രോമ. ഇതിന്‌ സാധാരണയായി വേദന അനുഭവപ്പെടാറില്ല. എന്നാല്‍ കുട്ടി വളരുന്നതിനൊപ്പം മുഴയും വളരുന്നു.

    അസ്‌ഥികള്‍ക്ക്‌ നീളക്കുറവ്‌, വളവ്‌ എന്നീ ലക്ഷണങ്ങള്‍ ഇത്തരം കുട്ടികളില്‍ കണ്ടേക്കാം. എക്‌സറേയിലൂടെ രോഗനിര്‍ണയം സാധ്യമാണ്‌.

    ഓസ്‌റ്റിയോയിഡ്‌ ഓസ്‌റ്റിയോമ:

    നട്ടെല്ലിലും മറ്റ്‌ അസ്‌ഥികളിലും വേദനയോടു കൂടി കാണപ്പെടുന്ന മുഴകളാണിവ. രാത്രി സമയത്ത്‌ വേദന കൂടുതലായിരിക്കും. ശസ്‌ത്രക്രിയയാണ്‌ ഇതിനുള്ള ചികിത്സ.

    ഓസ്‌റ്റിയോ സംര്‍ക്കോമ:

    കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന ബോണ്‍ കാന്‍സറാണ്‌ ഓസ്‌റ്റിയോ സംര്‍ക്കോമ. 10 - 20 നും ഇടയ്‌ക്കു പ്രായമുള്ളവരിലാണ്‌ ഇത്‌ കൂടുതലായി കാണപ്പെടുന്നത്‌. കഠിന വേദനയാണ്‌ പ്രാരംഭ ലക്ഷണം.

    എക്‌സ് റേ, ബയോപ്‌സി എന്നിവയാണ്‌ രോഗനിര്‍ണയത്തിന്‌ ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍. റേഡിയോ തെറാപ്പി, കീമോതെറാപ്പി, ശസ്‌ത്രക്രിയ എന്നിവയാണ്‌ ചികിത്സാരീതികള്‍.

    ഇവ രോഗത്തിന്റെ തുടക്കത്തില്‍ തന്നെ ചെയ്‌തു തുടങ്ങണം. അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക്‌ കാന്‍സര്‍ വ്യാപിക്കാന്‍ കാരണമായേക്കാം.

    ജന്മനാല്‍ ഇടുപ്പ്‌ സന്ധി തെന്നിമാറുക:

    പെണ്‍കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന അവസ്‌ഥയാണിത്‌. ഗര്‍ഭപാത്രത്തിന്റെ വലിപ്പക്കുറവ്‌, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയൊക്കെ ഇതിന്‌ കാരണമാകുന്നു.

    പരിചയ സമ്പന്നനായ ഡോക്‌ടര്‍ക്ക്‌ പരിശോധനയിലൂടെയോ അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗിലൂടെയോ ഈ രോഗം കണ്ടെത്താന്‍ സാധിക്കുന്നതാണ്‌.

    ആരംഭത്തിലേ രോഗം കണ്ടെത്തിയാല്‍ ഡയപ്പര്‍ ബെല്‍റ്റ്‌, പ്ലാസ്‌റ്റര്‍ ഇവയിലൂടെ രോഗശമനം സാധ്യമാണ്‌. എന്നാല്‍ രോഗം നിര്‍ണയിക്കാന്‍ വൈകുന്തോറും സങ്കീര്‍ണമായ ശസ്‌ത്രക്രിയയും തുടര്‍ ചികിത്സകളും ആവശ്യമായി വരുന്നു.

    ശരിയായ ചികിത്സയുടെ അഭാവം ഇടുപ്പിനു തേയ്‌മാനം, നടത്തത്തിലുള്ള വൈകല്യങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായേക്കാം.

    വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:

    ഡോ. മനോജ്‌കുമാര്‍ ജെ.

    കണ്‍സള്‍ട്ടന്റ്‌
    ഓര്‍ത്തോപീഡിക്‌ സര്‍ജന്‍

    അവസാനം പരിഷ്കരിച്ചത് : 6/20/2020



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate