অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശ്വാസകോശ കാന്‍സര്‍

ചികിത്സയില്ലാത്ത രോഗമായിട്ടാണ് ശ്വാസകോശ കാന്‍സറിനെ അടുത്തകാലം വരെ കണക്കാക്കിയിരുന്നത്. എന്നാല്‍ തുടക്കത്തില്‍ കണ്ടുപിടിക്കാനായാല്‍ ഭേദമാക്കാനാവുന്ന രോഗമായി ശ്വാസകോശ കാന്‍സറും മാറിക്കഴിഞ്ഞു.

ചുമയും കഫക്കെട്ടും കലശലായപ്പോഴാണ് രാധ  (യഥാര്‍ത്ഥ പേരല്ല) ഡോക്ടറെ കണ്ടത്. മരുന്നു കഴിച്ചെങ്കിലും പൂര്‍ണമായും സുഖപ്പെട്ടില്ല. എക്‌സ്റേയിലും കുഴപ്പമൊന്നും കണ്ടെത്താനായില്ല. നാട്ടിലെ ചികിത്സ ഫലിക്കാതെ വന്നപ്പോള്‍ പറഞ്ഞുകേട്ട് മംഗലാപുരത്തെ ആസ്പത്രിയിലെത്തി. ടി.ബി. ആണെന്നായിരുന്നു ഇവിടത്തെ കണ്ടെത്തല്‍. അതിനുള്ള മരുന്നും കഴിച്ചുതുടങ്ങി. നിരാശയായിരുന്നു ഫലം. ഒടുവില്‍ നാട്ടിലേക്കുതന്നെ മടങ്ങി. തുടര്‍ന്നു നടത്തിയ അവസാനവട്ട പരിശോധനയിലാണ് ശ്വാസകോശ കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും രോഗം ചികിത്സിച്ചു ഭേദമാക്കാനാവാത്ത നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു.

ചികിത്സാരംഗത്ത് ഒട്ടേറെ മുന്നേറ്റമുണ്ടെങ്കിലും കാന്‍സര്‍ കണ്ടുപിടിക്കാന്‍ ഇപ്പോഴും വൈകുന്നുവെന്നാണ് ഇതു നല്‍കുന്ന പാഠം. രോഗിയും ഡോക്ടറും വൈദ്യപരിശോധനയുമെല്ലാം ഈ കാലതാമസത്തില്‍ ഒരുപോലെ ഉത്തരവാദികളാണ്.

എന്താണ് ശ്വാസകോശ കാന്‍സര്‍

ലോകത്തേറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന രോഗങ്ങളിലൊന്നാണ് ശ്വാസകോശ കാന്‍സര്‍. അടുത്തകാലംവരെ തീരെ ചികിത്സയില്ലാത്ത ഒന്നായാണിത് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന്, രോഗചികിത്സയില്‍ വിപ്ലവകരമായ ഒട്ടേറെ മാറ്റങ്ങള്‍ വന്നു. ഇതോടെ, തുടക്കത്തില്‍തന്നെ കണ്ടുപിടിക്കാനായാല്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗങ്ങളുടെ പട്ടികയില്‍ ശ്വാസകോശ കാന്‍സറും ഇടംപിടിച്ചു.

സ്‌പോഞ്ച്‌ പോലുള്ള രണ്ട് അറകള്‍ ചേര്‍ന്നതാണ് നമ്മുടെ ശ്വാസകോശം. ഇതില്‍ വലത് അറയെ മൂന്നും ഇടത് അറയെ രണ്ടും ലോബുകളായി തിരിച്ചിട്ടുണ്ട്. ഈ ലോബുകളിലെയോ ശ്വാസനാളത്തിലെയോ അല്ലെങ്കില്‍ ശ്വാസനാളീശാഖകളിലെയോ കോശങ്ങള്‍ നിയന്ത്രണാതീതമായി വളരുന്ന അവസ്ഥയാണ് ശ്വാസകോശ കാന്‍സര്‍. സാധാരണ കോശങ്ങളുടെ ചുമതലകളൊന്നും ഇവ നിര്‍വഹിക്കില്ലെന്നു മാത്രമല്ല ശരീരത്തിലെ ഓക്‌സിജന്‍ വിതരണ 'കമ്പനി'യായ ശ്വാസകോശത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

സ്‌മോള്‍ സെല്‍ ലങ് കാന്‍സറും നോണ്‍ സ്‌മോള്‍ സെല്‍ ലങ് കാന്‍സറും

സ്‌മോള്‍ സെല്‍ ലങ് കാന്‍സര്‍ : പൂര്‍ണമായും പുകവലികൊണ്ടുണ്ടാകുന്നവയാണിത്. പുകവലിക്കാത്തവരില്‍ വളരെ അപൂര്‍വമായി മാത്രമേ ഇത് പ്രത്യക്ഷപ്പെടാറുള്ളൂ. ശ്വാസകോശ കാന്‍സറുകളില്‍ 10-15 ശതമാനം മാത്രമാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഇവ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വളരെ വേഗം പടരുകയും ചെയ്യും. നെഞ്ചിന് സമീപം ബ്രോങ്കസിലാകും ഇത് സാധാരണയായി പ്രത്യക്ഷപ്പെടുക.

നോണ്‍ സ്‌മോള്‍ സെല്‍  ലങ് കാന്‍സര്‍ : ശ്വാസകോശ കാന്‍സറുകളില്‍ 85-90 ശതമാനവും നോണ്‍ സ്‌മോള്‍ സെല്‍ കാന്‍സറാണ്. ഇത് മൂന്നുതരത്തിലുണ്ട് - സ്‌ക്വാമസ് സെല്‍ കാര്‍സിനോമ, അഡിനോ കാര്‍സിനോമ, ലാര്‍ജ് സെല്‍ കാര്‍സിനോമ. ഇവ ഓരോന്നും ആകൃതിയിലും വലുപ്പത്തിലും രാസപരമായ ഘടനയിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

ശ്വാസകോശത്തിന്റെ മധ്യത്തില്‍ ബ്രോങ്കിയല്‍ ട്യൂബിന്റെ അരികുകളിലാണ് സ്‌ക്വാമസ് സെല്‍ കാര്‍സിനോമ കൂടുതലായും കാണപ്പെടുന്നത്. പുകവലിക്കാരാണ് ഇതിന്റെ ഇര. 25-30 ശതമാനം കാന്‍സറും ഈ വിഭാഗത്തില്‍പ്പെടുന്നു.

ശ്വാസകോശ കാന്‍സറിന്റെ 40 ശതമാനവും അഡിനോ കാര്‍സിനോമയാണ്. പുകവലിക്കുന്നവരിലും വലിക്കാത്തവരിലും ഒരേപോലെ ഇത് പ്രത്യക്ഷപ്പെടാം. ചെറുപ്പക്കാരിലും സ്ത്രീകളിലുമാണ് സാധ്യത കൂടുതല്‍. ശ്വാസകോശത്തിനു പുറത്തും അഡിനോ കാര്‍സിനോമയുണ്ടാകാം. വളരെ പതുക്കെ മാത്രമേ ഇവ വ്യാപിക്കൂ.

ശ്വാസകോശത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും വരാവുന്ന വിഭാഗമാണ് ലാര്‍ജ് സെല്‍ കാര്‍സിനോമ. കാന്‍സറുകളില്‍ 10-15 ശതമാനം ഈ വിഭാഗമാണ്. വളരെ വേഗം വ്യാപിക്കുന്നതിനാല്‍ ചികിത്സയും ദുഷ്‌കരമാണ്. 
ഇത്തരത്തില്‍ വ്യത്യസ്ത സ്വഭാവമുള്ള ഉപവിഭാഗങ്ങള്‍ ശ്വാസകോശ കാന്‍സറിനുണ്ടെന്ന് കണ്ടെത്താനായത് ചികിത്സയിലെ നേട്ടമാണ്.

ഓരോ വിഭാഗങ്ങളെയും തിരിച്ചറിഞ്ഞ് അവയെ മാത്രം ചികിത്സയ്ക്കു വിധേയമാക്കുന്ന 'പേഴ്‌സണലൈസ്ഡ് മെഡിസിന്‍' എന്ന ആശയം ആദ്യമായി കടന്നുവന്നതും ശ്വാസകോശ കാന്‍സറുകളുടെ ചികിത്സാരംഗത്താണ്. ലളിതമായി പറഞ്ഞാല്‍, എല്ലാവര്‍ക്കും ഒരേ അളവിലുള്ള ചെരിപ്പ് നല്‍കുന്നതിനു പകരം അവരവര്‍ക്കു പാകമായ ചെരിപ്പ് ഓരോരുത്തര്‍ക്കും കൊടുക്കുന്നുവെന്ന് അര്‍ഥം.

അമ്പതു വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ശ്വാസകോശ കാന്‍സര്‍ കൂടുതലായും കണ്ടുവരുന്നത്. പുകയില ഉപയോഗമാണ് 80-90 ശതമാനം കാന്‍സറിനും കാരണം. സിഗരറ്റ്പുകയില്‍ നാലായിരത്തോളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ 60 എണ്ണം കാന്‍സറുണ്ടാക്കുന്നവയാണ്. സിഗരറ്റ് പുകയേല്‍ക്കുന്നതും (പരോക്ഷ പുകവലി) കാന്‍സറുണ്ടാക്കാം.  ഇന്ത്യയില്‍ രണ്ടുകുട്ടികളില്‍ ഒരാള്‍ പരോക്ഷ പുകവലിയുടെ ഇരയാണ്. വായുമലിനീകരണം,  ആസ്ബറ്റോസ്, റാഡോണ്‍ എന്നിവയുമായുള്ള സമ്പര്‍ക്കം തുടങ്ങിയവയും കാന്‍സറിനു കാരണമാകാം.

ലക്ഷണങ്ങള്‍

ശ്വാസകോശ കാന്‍സറിന് മാത്രമായൊരു ലക്ഷണം ഇല്ലെന്നു പറയുന്നതാണ് ശരി. ചുമയും ശ്വാസംമുട്ടലുമൊക്കെ പരിഗണിക്കാമെങ്കിലും ഇവയൊന്നുമില്ലാത്തവര്‍ ചുരുക്കമാണെന്ന മറുവശംകൂടി ഇതിനുണ്ട്. എന്നാല്‍, ഈ ലക്ഷണങ്ങള്‍ ഒരു നിര്‍ദിഷ്ട കാലയളവിനുള്ളില്‍ മാറിയില്ലെങ്കില്‍ കാന്‍സര്‍ പരിശോധന നടത്തണം. ചുമ തന്നെ ഉദാഹരണം. സാധാരണഗതിയിലുള്ള ചുമ മൂന്നാഴ്ചമാത്രമേ നീണ്ടുനില്‍ക്കൂ. ഇതില്‍ കൂടുതല്‍കാലം നീണ്ടാല്‍ ടി.ബി.യെക്കാള്‍ പ്രാമുഖ്യം നല്‍കി നടത്തേണ്ടത് കാന്‍സര്‍ പരിശോധനയാണ്.

നാല് ഘട്ടങ്ങള്‍

നാലു സ്റ്റേജുകളാണ് ശ്വാസകോശ കാന്‍സറിനുള്ളത്. ആദ്യ രണ്ടു സ്റ്റേജുകളിലും പൊതുവെ ലക്ഷണങ്ങളൊന്നും പ്രകടമായെന്നു വരില്ല. ഇതിനാല്‍തന്നെ കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. രണ്ടാം സ്റ്റേജില്‍ ചുമയുണ്ടാകാം. മൂന്നാം സ്റ്റേജിലാണ് ലക്ഷണങ്ങള്‍ പ്രകടമാകുക. ഈ ഘട്ടത്തില്‍ ചിലരില്‍ ശബ്ദം നഷ്ടമാകാന്‍ സാധ്യതയുണ്ട്. ശബ്ദതന്തുക്കളുടെ ഞരമ്പുകളെ കാന്‍സര്‍ ബാധിക്കാനിടയുള്ളതിനാലാണിത്. അസ്വസ്ഥത തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ശബ്ദം തിരിച്ചുകിട്ടിയില്ലെങ്കില്‍ വിദഗ്ധ പരിശോധന നടത്തണം. ശ്വാസതടസ്സവും കിതപ്പുമാണ് മറ്റു ലക്ഷണങ്ങള്‍.

ആസ്ത്മയിലേതു പോലെയാകില്ല ഇവിടെ ശ്വാസതടസ്സം അനുഭവപ്പെടുകയെന്നു മാത്രം. രോഗം മറ്റു അവയവങ്ങളിലേക്ക് പടരുന്നതാണ് നാലാം സ്റ്റേജ്. ഉദാഹരണത്തിന്, എല്ലിലേക്ക് പടര്‍ന്ന് നടുവേദനയായി തെറ്റിദ്ധരിക്കപ്പെടാം. കരളിന് ബാധിച്ചാല്‍ മഞ്ഞപ്പിത്തവുമുണ്ടാകാം.

പരിശോധനാരീതികള്‍

നെഞ്ചിന്റെ എക്‌സ്റേ എടുക്കുന്നതാണ് പരിശോധനയുടെ ആദ്യഘട്ടം. എക്‌സ്‌റേ പരിശോധനയില്‍ രോഗം കണ്ടെത്തിക്കൊള്ളണമെന്നില്ല. പക്ഷേ, ഡിജിറ്റല്‍ എക്‌സ്‌റേയുടെ കടന്നുവരവ് മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. എക്‌സ്‌റേ എടുത്തശേഷം അതിനു നിര്‍ദേശിച്ച ഡോക്ടറെത്തന്നെ കഴിവതും കാണാന്‍ ശ്രമിക്കണം.

കഫം പരിശോധിക്കുന്നതിലൂടെ പതോളജിസ്റ്റിനും രോഗം കണ്ടെത്താനാകും. രാവിലത്തെ കഫമാണ് പരിശോധനയ്‌ക്കെടുക്കേണ്ടത്. ശ്വാസനാളിയിലൂടെ ട്യൂബ് കടത്തി നടത്തുന്ന ബ്രോങ്കോസ്‌കോപ്പിയാണ് മറ്റൊരു പോംവഴി. കാന്‍സര്‍ നേരിട്ട് കാണാന്‍ പറ്റുന്നുവെന്നതാണ് ഇതിന്റെ ഗുണം. ശ്വാസകോശത്തിന്റെ വളരെ അറ്റത്തുള്ള കാന്‍സറുകള്‍ കണ്ടുപിടിക്കാന്‍ കഴിയാത്തത് ഇതിന്റെ പോരായ്മയാണ്.

മറ്റൊന്ന് സി.ടി. സ്‌കാനാണ്. സൂക്ഷ്മതയോടെ കാണാമെന്നതാണ് ഇതിന്റെ മേന്മ. കാന്‍സര്‍ ഏതു ഘട്ടത്തിലാണെന്നും വ്യാപ്തി എത്രത്തോളമുണ്ടെന്നും ചികിത്സ ഏതൊക്കെയാണെന്നും ഡോക്ടര്‍ക്ക് നിശ്ചയിക്കാനുമാകും. ബയോപ്‌സി ചെയ്യാനും സി.ടി. സ്‌കാന്‍ ഉപകരിക്കും. പക്ഷേ, നെഞ്ചിന്‍കൂടിനോടു ചേര്‍ന്നുള്ള കാന്‍സര്‍ മാത്രമേ ബയോപ്‌സി ചെയ്യാനാകൂ.  ഈ പരിശോധനകള്‍ക്കെല്ലാം ശേഷം, കാന്‍സര്‍ കോശങ്ങളില്‍ നടത്തുന്ന ബയോപ്‌സിയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗം മറ്റെവിടേക്കെങ്കിലും വ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍, തലമുതല്‍ കാല്‍പാദംവരെ വിശദമായി പരിശോധിക്കുന്ന പെറ്റ് സി.ടി.ക്കും  രോഗികളെ വിധേയരാക്കാറുണ്ട്. സര്‍ജറി നടത്തുന്നതിനു മുന്‍പായി എല്ലാ രോഗികളെയും പെറ്റ് സി.ടിക്ക് വിധേയമാക്കുന്നതാണ് നല്ലത്. ഇതുവഴി ശരീരത്തില്‍ മറ്റെവിടെയെങ്കിലും കാന്‍സറുണ്ടെങ്കില്‍ അറിയാന്‍ സാധിക്കും.

പരിശോധന ആര്‍ക്കൊക്കെ

  • പുകവലിക്കാരും അവരുടെ ബന്ധുക്കളും
  • ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നേരത്തെ വന്നിട്ടുള്ളവര്‍
  • ശ്വാസകോശ ക്ഷയത്തിന് ചികിത്സയെടുത്തിട്ടുള്ളവര്‍
  • അടുത്ത് ബന്ധുക്കളിലാര്‍ക്കെങ്കിലും കാന്‍സറുള്ളവര്‍
  • ആസ്ബറ്റോസ്, റാഡോണ്‍ തുടങ്ങിയ വസ്തുക്കളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍
  • വ്യവസായശാലകളുടെ സമീപം താമസിക്കുന്നവര്‍
  • പുകയടുപ്പുകള്‍ക്കു സമീപം തുടര്‍ച്ചയായി ജോലിചെയ്യേണ്ടി വരുന്ന ഹോട്ടല്‍ തൊഴിലാളികള്‍

ചികിത്സ

ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോ തെറാപ്പി, ടാര്‍ഗറ്റഡ് തെറാപ്പി എന്നിവയാണ് സാധാരണയായി ഇതിനുള്ള ചികിത്സ. ആദ്യ സ്റ്റേജില്‍ ശസ്ത്രക്രിയയാണ് ചികിത്സാമാര്‍ഗം. രണ്ടാം സ്റ്റേജില്‍ ശസ്ത്രക്രിയയും റേഡിയേഷനും ഉപയോഗിക്കും. കീമോ തെറാപ്പിയും റേഡിയേഷനും ചേര്‍ന്നതാണ് മൂന്നാം സ്റ്റേജ്. രോഗം നാലാം സ്റ്റേജിലാണെങ്കില്‍ കീമോ തെറാപ്പി മാത്രമാകും നല്‍കുക. ഓരോ രോഗിയുടെയും ആരോഗ്യനിലയും രോഗവ്യാപ്തിയും അനുസരിച്ച് ചികിത്സകള്‍ സംയോജിപ്പിച്ചും നല്‍കും. ഉദാഹരണത്തിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവരെ ആദ്യ സ്റ്റേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കണമെന്നില്ല, പകരം കീമോയും റേഡിയേഷനുമാകും നല്‍കുക.

ശസ്ത്രക്രിയ: കാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലൊന്നും വന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടു മാത്രമെ ശസ്ത്രക്രിയ ചെയ്യാവൂ. ശസ്ത്രക്രിയ  ചെയ്തശേഷം ശരീരത്തിന്റെ മറ്റെവിടെയെങ്കിലും രോഗം കണ്ടെത്തിക്കഴിഞ്ഞാല്‍ രോഗിക്ക് ഓപ്പറേഷന്റെ കഷ്ടപ്പാടുകള്‍ വെറുതെ അനുഭവിക്കേണ്ടി വരും. അതുകൊണ്ട് ആദ്യംതന്നെ പെറ്റ് സി.ടി. എടുത്ത് മറ്റെവിടെയും അസുഖമില്ലെന്ന് ഉറപ്പുവരുത്തണം.

ഒരു ശ്വാസകോശം പൂര്‍ണമായും എടുത്തുമാറ്റുന്ന ന്യുമോണക്റ്റമി അല്ലെങ്കില്‍ രോഗം ബാധിച്ച ലോബ് മാത്രം എടുത്തു മാറ്റുന്ന ലോബറ്റമി എന്നിവയാണ് സര്‍ജറിയില്‍ പ്രധാനമായുള്ളത്. ലോബറ്റമിയാണെങ്കില്‍ ശ്വാസകോശത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നഷ്ടപ്പെടുന്നുള്ളൂ. അതുകൊണ്ട്, ഓപ്പറേഷന്‍ കഴിഞ്ഞാലും രോഗിക്ക് ജീവിതരീതിയില്‍ വലിയ പ്രയാസം വരുന്നില്ല. കിതപ്പുപോലുള്ള മറ്റു അസ്വസ്ഥതകളും ഉണ്ടാകില്ല.

റേഡിയേഷന്‍: കാന്‍സറുള്ള ഭാഗം മുഴുവന്‍ റേഡിയേഷന് വിധേയമാക്കുകയാണ് പണ്ട് ചെയ്തിരുന്നതെങ്കിലും ഇപ്പോള്‍ സ്ഥിതി മാറി. പുതിയ ഒട്ടേറെ റേഡിയേഷന്‍ സമ്പ്രദായങ്ങള്‍ വന്നു. രോഗമുള്ള ഭാഗം മാത്രം അടയാളപ്പെടുത്തി സൂക്ഷ്മമായി റേഡിയേഷന്‍ നടത്താന്‍ ഇതോടെ സാധിക്കുമെന്നായി. ഉദാഹരണത്തിന് ഐ.ജി.ആര്‍.ടി. ഇതുവഴി വളരെ കൃത്യമായി ശ്വാസകോശത്തിലെ കാന്‍സര്‍ കോശങ്ങള്‍ക്കു മാത്രം റേഡിയേഷന്‍ നല്‍കാനാകും.

ശ്വാസകോശത്തിനെ റേഡിയേഷനു വിധേയമാക്കുന്നത് മുന്‍പ് വെല്ലുവിളിയായിരുന്നു. രോഗിക്ക് ശ്വാസംവിടാതെ യന്ത്രത്തിനു കീഴില്‍ റേഡിയേഷനായി കിടക്കാന്‍ സാധിക്കില്ല. ശ്വാസംവലിക്കുമ്പോള്‍ ട്യൂമറുകള്‍ മുകളിലോട്ടും താഴോട്ടും അനങ്ങും. അതിനാല്‍, റേഡിയേഷന്‍ കൃത്യമായി ട്യൂമറിലേക്ക് പതിക്കില്ല. കമ്പ്യൂട്ടറിലൂടെ ഈ ചലനം തിരിച്ചറിഞ്ഞ് കൃത്യമായി റേഡിയേഷന്‍ നല്‍കാനാകുമെന്നതാണ് ഐ.ജി.ആര്‍.ടി.യുടെ ഗുണം. അതുകൊണ്ട്, മറ്റു പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാതെ, മറ്റു ഭാഗങ്ങളിലൊന്നും തട്ടാതെ, നല്ല തോതിലുള്ള റേഡിയേഷന്‍ ട്യൂമറിനു മാത്രമായി കൊടുക്കാനാകും.

കീമോ തെറാപ്പി: പാര്‍ശ്വഫലങ്ങളായിരുന്നു മുന്‍പ് കീമോ തെറാപ്പി ചികിത്സയുടെ ഏറ്റവും വലിയ ദോഷവശം. മുടികൊഴിച്ചില്‍, ക്ഷീണം, വേദന, ശ്വാസംമുട്ടല്‍, ഛര്‍ദി തുടങ്ങിയവയൊന്നും രോഗിക്ക് പലപ്പോഴും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍, മുടികൊഴിച്ചിലോ മറ്റു പാര്‍ശ്വഫലങ്ങളോ ഇല്ലാതെ ഇപ്പോള്‍ കീമോ തെറാപ്പിയെടുക്കാനാകും.

ടാര്‍ഗറ്റഡ് തെറാപ്പി: ചികിത്സയിലെ വിപ്ലവകരമായ മാറ്റമാണ് ടാര്‍ഗറ്റഡ് തെറാപ്പിയിലൂടെ ഉണ്ടായത്. കാന്‍സര്‍ രോഗികള്‍ക്കും സാധാരണ ജീവിതം വാഗ്ദാനം ചെയ്യുന്ന തരത്തില്‍ ഭാവിയിലേക്ക് വലിയ സാധ്യത തുറന്നിടുന്നതാണ് ടാര്‍ഗറ്റഡ് തെറാപ്പി. എലിയെ പേടിച്ച് ഇല്ലം ചുടുന്നതിനു പകരം എലിയെ കണ്ടുപിടിച്ച് നശിപ്പിക്കുന്നതിനോട് ടാര്‍ഗറ്റഡ് തെറാപ്പിയെ ഉപമിക്കാം. രോഗിക്ക് ദൈനംദിന ജോലികളില്‍ തടസ്സമുണ്ടാകാതെ ചികിത്സയ്ക്ക് വിധേയനാകാം. പ്രത്യേക ഗുളികകളാണ് ടാര്‍ഗറ്റഡ് തെറാപ്പിയില്‍ ഉപയോഗിക്കുക.

പ്രമേഹവും പ്രഷറും പോലെ ഒരുപാട് കാലം രോഗം നിയന്ത്രിച്ച് കൊണ്ടുപോകാനാകും. മൂന്നോ നാലോ കൊല്ലം പാര്‍ശ്വഫലങ്ങളില്ലാതെ ഇങ്ങനെ നിയന്ത്രിക്കാം. 
മ്യൂട്ടേഷനുകള്‍ (ജീനുകളിലെ മാറ്റം) ഉണ്ടെങ്കില്‍ മാത്രമെ ടാര്‍ഗറ്റഡ് തെറാപ്പി ഫലവത്താകൂ. ഉദാഹരണത്തിന് കോശങ്ങളില്‍ ഇ.ജി.എഫ്.ആര്‍. മ്യൂട്ടേഷന്‍, എ.എല്‍.കെ. മ്യൂട്ടേഷന്‍ തുടങ്ങിയവയുള്ള രോഗികള്‍ക്ക് അതതിന്റെ മരുന്നുകള്‍ ഗുളികയായി നല്‍കും. കൂടുതല്‍ മ്യൂട്ടേഷനുകള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. ഓരോ മ്യൂട്ടേഷനും പറ്റുന്ന മരുന്നുകളും അതനുസരിച്ച് കൊടുക്കാം.

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട

മുന്‍കരുതലുകളാണ് കാന്‍സറിനെ പടിക്കു പുറത്തുനിര്‍ത്താനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്ന്. പുകവലിയോട് പൂര്‍ണമായും 'ഗുഡ് ബൈ' പറയാന്‍ സാധിക്കണം. നാളത്തേക്കു മാറ്റിവെക്കാതെ ഇന്നുതന്നെ അത് ഉപേക്ഷിക്കാനുള്ള  ആര്‍ജവം ഉണ്ടാകണം. ചിട്ടയായവ്യായാമവും ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള പ്രഭാതനടത്തവും യോഗയുമെല്ലാം രോഗത്തെ അകറ്റിനിര്‍ത്തും. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം രോഗികള്‍ക്കും വ്യായാമങ്ങള്‍ പരിശീലിക്കാം. ശരീരകോശങ്ങളില്‍ ജീവന്‍ നിറയ്ക്കാന്‍ സഹായിക്കുന്ന ശ്വാസകോശഅറകളെ നിസ്സാരമായി അവഗണിക്കരുത്. മുന്നറിയിപ്പുകള്‍ക്കു നേരെ കണ്ണടയ്ക്കുകയോ ചെവിപൊത്തുകയോ വേണ്ട.

ഡോ. നാരായണന്‍കുട്ടി വാര്യര്‍

കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍

അവസാനം പരിഷ്കരിച്ചത് : 7/6/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate