অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ക്യാന്‍സറും പുത്തന്‍ ജീവിത ശൈലിയും

കുട്ടികളെ പിടി കൂടിയാൽ

പഠിക്കാനും പടം വരയ്ക്കാനും മിടുക്കിയായ 12 വയസുകാരി ലക്ഷ്മി ആർ സി. സി യിൽ ചികിത്സയ്ക്കെത്തുന്നത് 1999 ലാണ്. കടുത്ത വയറുവേദനയും ഛർദിയും ഉണ്ടായി അടുത്തുള്ള ആശുപത്രിയിൽ സ്കാൻ ചെയ്തപ്പോഴാണ് അണ്ഡാശയത്തിൽ മുഴയുള്ളതായി കണ്ടുപിടിച്ചത്. അടിയന്തരമായി ശസ്ത്രക്രിയക്കു വിധേയയായ ലക്ഷ്മിയുടെ ഇടത്തെ അണ്ഡാശയത്തിലെ മുഴ പൂർണമായും നീക്കം ചെയ്തു. പതോളജി പരിശോധനയിലൂടെ കാൻസറാണ് എന്നു കണ്ടെത്തി. മാത്രമല്ല അപ്പോഴേക്കും രണ്ടു ശ്വാസകോശങ്ങളിലേക്കും കാൻസർ പടർന്നുകഴിഞ്ഞിരുന്നു. ലക്ഷ്മിക്ക് ഇനി ആറുമാസത്തിൽ താഴേയേ ആയുസ്സുള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതി. ജീവിതം അവസാനിപ്പിച്ചാലോ എന്ന ചിന്തയുമായാണ് ഏക മകളായ ലക്ഷ്മിയെയും കൊണ്ട് അവളുടെ മാതാപിതാക്കൾ ആർ. സി. സി യിൽ എത്തിയത്. 

പരിശോധനകളിലൂടെ ലക്ഷ്മിയുടെ രോഗം അണ്ഡാശയത്തിലെ ഒരുതരം അർബുദം ആണെന്നും ഗുരുതരമായ നാലാമത്തെ സ്റ്റേജിലാണെന്നും സ്ഥിരീകരിച്ചു. ഡോക്ടർ സമാധാനിപ്പിച്ചുകൊണ്ടു ലക്ഷ്മിയോടും അച്ഛനമ്മമാരോടും പറഞ്ഞു. നമുക്ക് ആറുകോഴ്സ് കീമോതെറപ്പി(കാൻസറിന്റെ മരുന്നുചികിത്സ) കൂടി എടുക്കണം. മൂന്നാഴ്ച കൂടുമ്പോൾ കൃത്യമായി ആർ. സി. സിയിൽ വരണം. അഡ്മിഷന്റെ ആവശ്യമില്ല. ഇൻജക്ഷനുശേഷം വീട്ടിലേക്കു തിരിച്ചുപോകാം. എല്ലാം ശരിയാകും. 

ലക്ഷ്മിക്കു ചികിത്സയ്ക്കിടയിൽ ഛർദിയും മുടികൊഴിച്ചിലുമല്ലാതെ മറ്റു പാർശ്വഫലങ്ങളൊന്നുമുണ്ടായില്ല. ഡോക്ടർ നിർദേശിച്ചതനുസരിച്ചു ലക്ഷ്മി ചികിത്സയോടൊപ്പം സ്കൂൾ പഠനവും തുടർന്നു. രണ്ടു മാസത്തിനുശേഷം നെഞ്ചിന്റെ എക്സ്റേയിൽ ശ്വാസകോശത്തിലെ മുഴകൾ വലുപ്പം കുറഞ്ഞതായി കണ്ടെത്തി. ആറുകോഴ്സ് കീമോതെറപ്പിക്കുശേഷം അവ പൂർണമായും അപ്രത്യക്ഷമായി. പിന്നീട് ഇടയ്ക്കുള്ള ചെക്കപ്പുകൾ മാത്രമായി ലക്ഷ്മിയുടെ വരവ്. ഇതിനിടെ ലക്ഷ്മി 14—ാം വയസിൽ ഋതുമതിയായി . പത്താം തരത്തിൽ ഉയർന്ന മാർക്കോടെ പാസ്സായി. പിന്നീട് എം.എ വരെ പഠിച്ച് ഉദ്യോഗവും കരസ്ഥമാക്കി. രണ്ടുവർഷം മുമ്പു വിവാഹിതയായ ലക്ഷ്മി ഇന്നു മിടുക്കിയായ ഒരു പെൺകുഞ്ഞിന്റെ അമ്മയുമാണ്. ലക്ഷ്മിയെപ്പോലെതന്നെ കുട്ടിയായിരിക്കുമ്പോൾ കാൻസറിനെ ധൈര്യപൂർവം നേരിട്ടു വിജയിച്ച അനേകം പേർ നമ്മുടെ കേരളത്തിലുണ്ട്. അവരിൽ ഓട്ടോറിക്ഷാ ഡ്രൈവർ മുതൽ മെഡിക്കൽ വിദ്യാർഥികൾ വരെ ഉൾപ്പേടുന്നു. ഏതൊരു സാധാരണക്കാരനെയും പോലെ എല്ലാ കർമരംഗങ്ങളിലും കാൻസർ വിമുക്തരായ കുട്ടികൾ എത്തിച്ചേർന്നിട്ടുണ്ട്. 

മിക്കകുട്ടികളിലും രോഗം മാറും
തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിലെ ( ആർ. സി. സി)കണക്കു പ്രകാരം ഓരോ വർഷവും 12,000 രോഗികളാണു പുതിയതായി കാൻസർ രോഗം ബാധിച്ചു ചികിത്സയ്ക്കെത്തുന്നത്. ഇവരിൽ 14 വയസ്സിനു താഴെയുള്ളവരുടെ എണ്ണം 600 — 650 (അഞ്ചുശതമാനം) ഓളമാണ്. കുട്ടികളിൽ പ്രധാനമായും 10 തരം അർബുദരോഗങ്ങളാണ് കാണുന്നത്. ഈ കുട്ടികളിൽ 60 —70 ശതമാനം പേരെയും സുഖപ്പെടുത്താൻ കഴിയുന്നുമുണ്ട്. അച്ഛനമ്മമാർ വളരെയധികം വിഷമത്തോടെയും മാനസികസമ്മർദത്തോടെയുമാണു കുട്ടികളെയും കൊണ്ട് ആർ. സി. സിയിൽ വരുന്നത്. കാൻസർ എന്ന രോഗത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടൽ ഇല്ല എന്നാണു മിക്കവരും ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ കുട്ടികളിലുണ്ടാകുന്ന കാൻസർ രോഗത്തിനെ സംബന്ധിച്ച് ഇതു തികച്ചും തെറ്റാണ്. ചികിത്സയോടു നല്ല രീതിയിൽ പ്രതികരിക്കുന്നതും രോഗനിവാരണം പലപ്പോലും സാധ്യമാകുന്നതുമാണു കുട്ടികളിലെ കാൻസർരോഗം. 

പേരിലും സ്വഭാവത്തിലും കുട്ടികളിലെ കാൻസർ മുതിർന്നവരുടേതിലും തികച്ചും വ്യത്യസ്തമാണ്. കുട്ടികളിൽ ഏറ്റവും കൂടുതൽ കാണുന്നതു രക്താർബുദമാണ്. ബ്രെയിൻ ട്യൂമർരണ്ടാം സ്ഥാനത്തും ന്യൂറോബ്ലാസ്റ്റോമ മൂന്നാം സ്ഥാനത്തും ആണ് . 
രക്താർബുദം
കുട്ടികൾക്കുണ്ടാവുന്ന അർബുദത്തിന്റെ മുന്നിൽ ഒരു ഭാഗവും രക്താർബുദം ആണ്. രോഗം ആരംഭിക്കുന്നത് എല്ലുകൾക്കുള്ളിലെ മജ്ജയിലാണ്. പൂർണവളർച്ച പ്രാപിക്കാത്ത ശ്വേതരക്താണുക്കൾ മജ്ജയ്ക്കുള്ളിൽ പെരുകുന്നതാണു രോഗകാരണം. മജ്ജയുടെ സാധാരണ പ്രവർത്തനം തകരാറിലാകുന്നതോടെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. വിളർച്ച, രക്തസ്രാവം, വിട്ടുമാറാത്ത പനി എല്ലുകൾക്കും സന്ധികൾക്കും വേദന / വീക്കം , കഴലകൾ , പ്ലീഹ, വൃഷണം എന്നിവയുടെ വീക്കം തുടങ്ങിയവയാണു പ്രധാനപ്പെട്ട രോഗലക്ഷണങ്ങൾ. രക്തസ്രാവം ചിലപ്പോൾ ചർമത്തിൽ കാണുന്ന കൊതുകു കടിച്ചതു പോലെയുള്ള ചുവന്ന കുത്തുകളോ, നീലിച്ച വലിയ പാടുകളോ ആകാം. ചിലപ്പോൾ മൂക്കിൽ നിന്നു രക്തസ്രാവം ഉണ്ടാകാം. അതുമല്ലെങ്കിൽ മൂത്രം, മലം എന്നിവയുടെ കൂടെ രക്തം കലർന്നു പോകുന്നതും ആകാം. 

മുകളിൽ പറഞ്ഞ ഒന്നിലധികം രോഗലക്ഷണങ്ങൾ കുട്ടിക്ക് ഉണ്ടെങ്കിൽ രോഗം നിർണയിക്കുന്നതിനുള്ള പരിശോധനകൾ ആവശ്യമാണ്. രക്തപരിശോധയിൽ ഹീമോഗ്ലോബിൻ കുറയുക , പ്ലേറ്റ്ലെറ്റ് കുറയുക, വെളുത്ത രക്താണുക്കളുടെ അളവ് കൂടുക(അപൂർവമായി കുറയുകയും ചെയ്യാം) മുതലായവ സൂചനകളാണ്. തുടർന്ന് മജ്ജ പരിശോധനയിലൂടെയാണു രോഗം സ്ഥിരീകരിക്കുന്നത്. ഫ്ളോസൈറ്റോമെട്രി സൈറ്റോജനറ്റിക്സ് എന്നീ പരിശോധനകളിലൂടെ രക്താർബുദത്തിനെ വീണ്ടും തരംതിരിക്കാനാവൂം. പ്രധാനമായും മൂന്നുതരം രക്താർബുദം ആണു കുട്ടികളിൽ കാണുന്നത്. 
1. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ . കുട്ടികൾക്കുണ്ടാകുന്ന രക്താർബുദത്തിന്റെ 75 ശതമാനവും ഈ വിഭാഗത്തിൽപ്പെട്ടതാണ് 
2. അക്യൂട്ട് മയ്ലോയിഡ് ലുക്കീമിയ. ഇതു ചികിത്സയിലൂടെ മാറാൻ ബുദ്ധിമുട്ടുള്ള തരം കാൻസർ ആണ്. ഭാഗ്യവശാൽ കുട്ടികളിലെ ലുക്കീമിയയിൽ, 20 ശതമാനം മാത്രമാണു ഇത്. 
3. ക്രോണിക് മയലോയിഡ് ലുക്കീമിയയാണ് മൂന്നാമത്തെ വിഭാഗം 

ലുക്കീമിയ ചികിത്സ
അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ചികിത്സ പ്രധാനമായും കീമോതെറപ്പി ആണ്. ഇതു രണ്ടരവർഷത്തോളം നീളുന്നതാണ് ആദ്യത്തെ ഒരു മാസത്തെ മരുന്നുചികിത്സ (ഇൻഡക്ഷൻ കീമോതെറപ്പി) കഴിയുമ്പോൾതന്നെ 95 ശതമാനം കുട്ടികളിലും രോഗം നിയന്ത്രണത്തിൽ ആയിട്ടുണ്ടാവും. അതിനുശേഷം അഞ്ചുമാസംകൂടി അടുപ്പിച്ചുള്ള കുത്തിവയ്പുകൾ ഉണ്ട്. പിന്നീട് രണ്ടു വർഷത്തോളം മാസംതോറും ഒരു ഇഞ്ചക്ഷനും ഗുളികകളും കൃത്യമായി കഴിക്കണം. കുട്ടിക്ക് ഈ സമയത്ത് സ്ക്കൂളിൽ പോകാനും പഠനം തുടരാനുമൊക്കെ സാധിക്കും. 

രണ്ടാമത്തെ വിഭാഗമായ അക്യൂട്ട്മയ്ലോയിഡ് ലുക്കീമിയയുടെ ഉത്തമ—മായ ചികിത്സ മജ്ജ മാറ്റിവയ്ക്കൽ ആണ്. കീമോതെറപ്പി ചികിത്സയുടെ ഫലപ്രാപ്തി 30 ശതമാനത്തിൽ താഴേയേ ഉള്ളൂ. 

ബ്രെയിൻ ട്യൂമർ
കുട്ടികളിൽ മുഴയായി കണ്ടുവരുന്ന അർബുദങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്നതു മസ്തിഷകത്തിലാണ്. തലവേദനയും ഛർദിയും ഒരു വയസ്സിനു താഴെയുള്ള കുട്ടികളിൽ തലയുടെ വലുപ്പം കൂടുന്നതുമാണു സാധാരണ ലക്ഷണങ്ങൾ. തലവേദനയും ഛർദിയും ദിവസേന ആവർത്തിക്കുകയാണെങ്കിൽ മാതാപിതാക്കൾ ഗൗരവമായി എടുക്കേണ്ടതും കൂടൂതൽ പരിശോധനകൾ നടത്തേണ്ട—തുമാണ്. 

സി. ടി, എം. ആർ. ഐ സ്കാനിങ്ങുകളിലൂടെ കൃത്യമായി രോഗം നിർണയിക്കാനാവും . ഓപ്പേറഷനാണ് പ്രധാന ചികിത്സ. ന്യൂറോസർജറി വിഭാഗമുള്ള ആശുപത്രികളിൽ ഓപ്പറേഷനുള്ള സൗകര്യമുണ്ടായിരിക്കും. ശസ്ത്രക്രിയയ്ക്കുശേഷം പതോളജി റിപ്പോർട്ടനുസരിച്ചു റേഡിയേഷനോ കീമോതെറപ്പിയോ ചിലപ്പോൾ വേണ്ടിവന്നേക്കാം. 

ലിംഫോമ ആദ്യമേ കണ്ടെത്താം
ഇതു കഴലകൾക്ക് ഉണ്ടാകുന്ന കാൻസർ ആണ്. കഴലകളുടെ (കഴുത്ത്, കക്ഷം, ഇടുപ്പ്, വയർ, നെഞ്ചിനുള്ളിൽ) വീക്കം ആണു പ്രധാനപ്പെട്ട രോഗ ലക്ഷണം. ലിംഫോമ രണ്ടുതരം ഉണ്ട്. 
1. ഹോഡ്ജ്കിൻസ് ലിംഫോമ 
2. നോൺഹോഡ്ജ്കിൻസ് ലിംഫോമ. ഹോഡ്ജ്കിൻസ് ലിംഫോമയ്ക്ക് കടുത്ത പനി, ശരീരഭാരം ആറുമാസത്തിനകം 10 ശതമാനത്തിലധികം കുറയുക എന്നീ ലക്ഷണങ്ങൾ ചിലപ്പോൾ കണ്ടേക്കാം. . വീക്കം ബാധിച്ച കഴലയുടെ ബയോപ്സി പരിശോധനയിലൂടെയാണു രോഗം സ്ഥിരീകരിക്കുന്നത്. ചികിത്സയിൽ കീമോതെറപ്പിയാണു പ്രധാനം. ഹോഡ്ജ്കിൻസ് ലിംഫോമക്കു ചിലപ്പോൾ റേഡിയേഷൻ ചികിത്സയും വേണ്ടിവന്നേക്കാം. ആരംഭഘട്ടത്തിൽ തന്നെ കണ്ടെത്താനായാൽ 90 ശതമാനം വരെ രോഗനിവാരണം സാധ്യമായേക്കാം. 

ന്യൂറോബ്ലാസ്റ്റോമ
ന്യൂറോബ്ലാസ്റ്റോമ എന്ന അർബുദം നട്ടെല്ലിന്റെ ഇരുവശത്തും ചെയിൻപോലെ കാണ—പ്പെടുന്ന സിംപതെറ്റിക് നെർവസ് സിസ്റ്റത്തിലും വൃക്കകളുടെ തൊട്ടു മുകളിലുള്ള അഡ്രീനൽ ഗ്രന്ഥിയിലും മുഴ പോലെയാണ് ആരംഭിക്കുന്നത്. ഇവ രണ്ടും ശരീരത്തിന്റെ ഉള്ളിൽ ആയതിനാൽ പ്രാരംഭ—ത്തിൽ രോഗലക്ഷണങ്ങൾ ഒന്നും കാണില്ല. ട്യൂമർ വളരുന്നതനുസരിച്ച് അടുത്തുള്ള അവയവങ്ങളിലേക്കും എല്ലുകൾ, മജ്ജ, കരൾ എന്നിവിടങ്ങളിലേക്കും രോഗം വ്യാപിക്കുന്നു. പലപ്പോഴും വളരെ വൈകി ഈ ഘട്ടത്തിലാണു രോഗം കണ്ടുപിടിക്കാൻ സാധ്യമാകുന്നത് . വയറിനകത്തു മുഴ മൂലമുള്ള വയറുവീക്കം, നട്ടെല്ലിനകത്തുള്ള സുഷുമ്നാനാഡിയെ ബാധിക്കുമ്പോൾ കാലുകളുടെ ചലനശേഷി കുറയുന്നത്, മലമൂത്രവിസർജനത്തിനു തടസ്സം എന്നിവയാണു പ്രധാന രോഗലക്ഷണങ്ങൾ. ബയോപ്സിയിലൂടെയാണു രോഗനിർണയം സാധ്യമാകുന്നത്. ശസ്ത്രക്രിയയും കീമോതെറപ്പിയും ചിലപ്പോൾ റേഡിയേഷനും ചേർന്നുള്ള ചികിത്സയാണ് ഈ രോഗത്തിന് ഉത്തമം. കീമോതെറപ്പി നൽകി അർബുദം ചുരുങ്ങിയതിനുശേഷം ശസ്ത്രക്രിയ ചെയ്യാറാണു പതിവ്. 

നെഫ്രോബ്ലാസ്റ്റോമ
വൃക്കയെ ബാധിക്കുന്ന ഈ കാൻസർ , വിൽമസ് ട്യൂമർ എന്നും അറിയപ്പെടുന്നു. ചികിത്സയോടു നല്ല രീതിയിൽ പ്രതികരിക്കുന്ന ട്യൂമറായതിനാൽ ജെന്റിൽമാൻട്യൂമറും എന്നും അറിയപ്പെടുന്നു. പ്രധാന ലക്ഷണങ്ങൾ വയറിനുള്ളിൽ കാണപ്പെടുന്ന മുഴ, രക്താതിസമ്മർദം, മൂത്രത്തിൽ രക്തം കലർന്നു പോവുക എന്നിവയാണ്. സ്കാനിങ്ങിലൂടെരോഗം നിർണയിക്കാനാവും. ശസ്ത്രക്രിയയും കീമോതെറപ്പിയുമാണു പ്രധാന ചികിത്സ. ചില കുട്ടികൾക്കു റേഡിയേഷനും വേണ്ടിവരാം. ഒന്നാം ഘട്ടത്തിൽതന്നെ രോഗം കണ്ടെത്താനായാൽ ചികിത്സാഫലപ്രാപ്തി 90 —95 ശതമാനം വരെയാണ്. 

റെറ്റിനോബ്ലാസ്റ്റോമ
കണ്ണിനകത്തുള്ള റെറ്റിനയെ ബാധിക്കുന്ന അർബുദമാണിത്. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളിലാണിതു കാണപ്പെടുന്നത്. കണ്ണിലെ കൃഷ്ണമണിക്കുള്ളിൽ പ്രകാശം വീഴുമ്പോൾ പൂച്ചക്കണ്ണു പോലെ കാണപ്പെടുന്ന വെളുത്ത നിറമാണ് പ്രധാന രോഗലക്ഷണം. ഇത്തരത്തിൽ സംശയം തോന്നിയാൽ ഉടനെതന്നെ ഒരു നേത്രരോഗവിദഗ്ധനെ സമീപിക്കേണ്ടതാണ്. വൈകുംതോറും അർബുദം കണ്ണിന്റെ ഞരമ്പിലേക്കും തലച്ചോറിലേക്കു പടരാനും കാഴ്ച ശക്തി നശിക്കാനും സാധ്യതയുണ്ട്. 

അസ്ഥിയെ ബാധിക്കുന്ന ട്യൂമർ
ഓസ്റ്റിയോ സാർകോമ, ഇവിംഗ്സ് സാർകോമ എന്നിവയാണ് ബോൺ ട്യൂമറുകളിൽ പ്രധാനം. എല്ലുകളിൽ കാണുന്ന അസാധാരണമായമുഴയും ചിലപ്പോൾ വേദനയുമാണ് ലക്ഷണങ്ങൾ. ഇവിംഗ്സ് സാർകോമയുടെ പ്രധാന ചികിത്സ ഒരു വർഷം നീണ്ട കീമോതെറപ്പിയും റേഡിയേഷനോ ശസ്ത്രക്രിയയോ ആണ് . ഓസ്റ്റിയോ സാർകോമയ്ക്ക് കീമോതെറപ്പിയും ശസ്ത്രക്രിയയുമാണു വേണ്ടത്. കഴിഞ്ഞ അമ്പതു വർഷത്തെ ചികിത്സാരംഗത്തെ പുരോഗതി വച്ചു നോക്കുമ്പോൾ, സമീപഭാവിയിൽ തന്നെ കാൻസർ ബാധിച്ച മിക്കവാറും കുട്ടികൾക്കും ചികിത്സയിലൂടെ പൂർണസൗഖ്യം പ്രാപ്താമാക്കുവാൻ നമുക്കു സാധിക്കുമെന്നു കരുതാം. 

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കുട്ടികളിലെ കാൻസറിനു സാധാരണ കാണാറുള്ള ചില പ്രധാന ലക്ഷണങ്ങളാണ് വിട്ടുമാറാത്ത പനി, വിളർച്ച, രക്തസ്രാവം, എല്ലുകളുടെ വേദന, സന്ധികളിലൂടെ വീക്കമോ വേദനയോ തുടങ്ങിയവ. അവയ്ക്കു പുറമേ കഴലവീക്കം, കരൾ, പ്ലീഹ, വൃഷണം മുതലായവയുടെ വീക്കം , ശരീരത്തിൽ പുതുതായി കാണപ്പെടുന്ന മുഴകൾ, കണ്ണിലെ കൃഷ്ണമണിക്കുള്ളിലെ വെളുത്ത നിറം , ഛർദി, തലവേദന, വയറിനകത്തുള്ള മുഴ, വീക്കം മുതലായ ലക്ഷണങ്ങളും കാണാം. മറ്റു രോഗങ്ങളുടെ ഭാഗമായും ഇതേ ലക്ഷണങ്ങൾ സാധാരണ കാണാം. അതിനാൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ കൂടുതൽ പരിശോധനകൾ ആവശ്യമാണ്. 

ഡോ. പ്രിയാ കുമാരി
അഡീഷണൽ പ്രഫസർ പീഡിയാട്രിക് ഓങ്കോളജി
റീജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരം

കാൻസർ കൂടുന്നുവെന്നതിൽ സംശയമില്ല

പ്രമുഖ കാൻസർ ചികിത്സാവിദഗ്ധൻ ഡോ. വി.പി. ഗംഗാധരനുമായി നടത്തിയ അഭിമുഖം)

വളരെ സങ്കടകരമായ അവസ്ഥയാണ് പ്രബുദ്ധ കേരളത്തിൽ കാൻസർ സംബന്ധിച്ചുള്ളത്. ഇപ്പോഴും പലരും ചോദിക്കുന്നുണ്ട് ഡോക്ടറെ കാൻസർ പകർച്ചവ്യാധിയല്ലേയെന്ന്. രോഗികളായ മുതിർന്നവരുടെ അടുത്തു കുട്ടികളെ പോകാൻപോലും പലരും അനിവദിക്കാറില്ല. കുഷ്ഠരോഗത്തിനു സമാനമായ സ്ഥിതിയിലാണു രോഗിയെ കാണുന്നത്. കാൻസർ ചികിത്സിച്ചാൽ മാറില്ലെന്ന തെറ്റായ വിശ്വാസത്തിൽ നിന്നുണ്ടാകുന്ന ഭയമാണിതിനു പിന്നിൽ . വന്നാൽ കുടുംബം കുളംതോണ്ടിപോകുമെന്നു ഭയന്നു പലരും പരിശോധനയ്ക്കു പോലും പോകില്ല. എന്നാൽ ഒരിക്കൽ വന്നാൽ പൂർണമായും മാറാത്ത ബിപിയും പ്രമേഹവുമായി താരതമ്യം ചെയ്താൽ വളരെ ഭേദപ്പെട്ട ചികിത്സ കാൻസറിനുണ്ട് എന്നാൽ എം. ബി. ബി. എസ്സ് തലത്തിൽ പോലും കാൻസർ ചികിത്സയുടെയും ബോധവൽക്കരണത്തിന്റെയും രീതികൾ നമുക്കില്ല. സയൻസ് പഠിപ്പിക്കുന്ന അധ്യാപകർക്കുപോലും ഈ രോഗം മാറുമെന്ന് അറിയില്ല. ഇക്കാര്യത്തിൽ വേണ്ടതു സഹജീവി സ്നേഹവും സാമാന്യയുക്തിയുമാണ്. സാധാരണ ക്ലിനിക്കിലെ ഡോക്ടർമാർ ഒരു കാൻസർ രോഗി വന്നാൽ പ്രാഥമിക സഹായം പോലും ചെയ്യാതെ കാൻസർ സെന്ററുകളിലേക്കുപറഞ്ഞുവിടുകയാണ്. ഏതു മരുന്ന് കൊടുക്കാം. ഏതു നൽകരുത് എന്നു മനസ്സിലാക്കാൻ പോലും ഈ ഡോക്ടർമാർ മിനക്കെടുന്നില്ല. ഇന്നസെന്റിനെയും ലീലാമേനോനെയും പോലുള്ള പ്രശസ്തർ തങ്ങളുടെ കാൻസർ ചികിത്സാ അനുഭവങ്ങൾ പറയാൻ മുന്നോട്ടുവരുന്നതു വലിയ ഗുണം ചെയ്യും. എന്നാൽ നമ്മുടെ സിനിമകളിൽ കാൻസർ വന്നു മാറി സാധാരണ ജീവിതം നയിക്കുന്നവരെ കാണാനേയില്ല. സ്കൂളിൽ പടിക്കുമ്പോൾ കാൻസർ വന്നിട്ടു ചികിത്സിച്ചു മാറി പഠിച്ചു ഡോക്ടർമാരായവർ നമുക്കിടയിലുണ്ട്. കാൻസർ ബോധവത്കരണം സ്കൂൾ സിലബസ്സു മുതൽ കൊണ്ടുവന്നാൽ ഇക്കാര്യത്തിൽ വലിയ ഗുണമുണ്ടാകും. സ്തനാർബുദം വഷളായി വരുന്ന രോഗികളോടു ഞാൻ ചോദിക്കും ടീച്ചറാണോ? നല്ലൊരു ശതമാനം പേരും ടീച്ചർമാരാണ്. കാരണം , കാൻസർ വന്നാൽ ദുരഭിമാനം മൂലം ഒളിച്ചുവയ്ക്കാനും പറയാതെ കൊണ്ടു നടക്കാനും കൂടുതൽ ശ്രമിക്കുന്നത് അവരാണ്. ഇതിനു മറുവശം കൂടിയുണ്ട്. പാരമ്പര്യരോഗമാണെന്നും മകളുടെ കല്യാണം മുടങ്ങുമെന്നൊക്കെ പലരു ഭയക്കുന്നുമുണ്ട്. 

സത്യത്തിൽ കാൻസറിൽ കുറച്ചു പാരമ്പര്യഘടകങ്ങൾ ഇല്ലേ?
വളരെ കുറച്ചു മാത്രമേയുള്ളു. മൊത്തമെടുത്താൽ പരമാവധി 10 ശതമാനം വരെ. എന്നാൽ അമ്മ കീമോതെറപ്പി നടത്തിയിട്ടുണ്ടെങ്കിൽ മകളും നടത്തേണ്ടിവരുമെന്നൊക്കെ പ്രചരിപ്പിക്കുന്നത് വലിയ കഷ്ടമാണ്. കാൻസർ ഒരു ശതമാനം പോലും പകരില്ല. ചില വൈറസ് രോഗങ്ങൾ വന്നാൽ ആ വൈറസുകളുടെ ജീനിന്റെ ഒരു ഭാഗം നമ്മുടെ ജീനിലേക്കു കടക്കും. അങ്ങനെയാണു വൈറസ് ബാധയിൽ നിന്നു കാൻസർ ഉണ്ടാകുന്നത്. അല്ലാതെ പകരുന്നതല്ല. 

കാൻസർ കേരളത്തിൽ വൻതോതിൽ കൂടുന്നുണ്ടോ? പരിശോധനകൾ കൂടിയതുകൊണ്ടു രോഗികളുടെ എണ്ണം കൂടിയെന്നു തോന്നുന്നതാണോ?
കാൻസർ മലയാളികളുടെ ഇടയിൽ കൂടുന്നുവെന്നതിൽ സംശയമില്ല. മൂന്നു തരത്തിലാണിത്. . കേരളത്തിൽ പ്രായം കൂടിയവരുടെ എണ്ണം വർധിക്കുന്നതിനാൽ സ്വഭാവികമായും അവരിൽ കാൻസർ കൂടുതലാണ്. പരിശോധനകൾ മൂലം കൂടുതൽ കേസുകൾ കണ്ടെത്തുന്നതാണ് മറ്റൊരു കാരണം. മൂന്നാമത്തേതു ശരിക്കുള്ള വർധനതന്നെയാണ്. പുകയില , പാൻ, അന്തരീക്ഷമലിനീകരണം , കീടനാശിനികളുടെ ഉപയോഗം , റേഡിയേഷൻ പ്രശ്നങ്ങൾ എന്നിവ തുടങ്ങി നമ്മുടെ ലൈഫ്സ്റ്റൈൽ മാറ്റങ്ങൾ വരെ ഇതിനു കാരണമാകുന്നു. പാൻപരാഗ് പോലുള്ളവയുടെ ഉപഭോഗം വർധിച്ചതിനാൽ തലയിലെയും കഴുത്തിലെയും അർബുദം കേരളത്തിൽ ഇടയ്ക്കു വീണ്ടും വർധിച്ചത് ഏറ്റവും ഭീഷണിപ്പെടുത്തുന്ന വസ്തുതയാണ്. ഹോർമോൺ കലർന്ന മാംസഭക്ഷണം, കീടനാശിനി കലർന്ന പഴങ്ങൾ , പച്ചക്കറികൾ , ഗർഭനിരോധനഗുളികകളുടെ അനിയന്ത്രിത ഉപയോഗം എന്നീ ഘടകങ്ങളെല്ലാം കാൻസർ വർധിപ്പിക്കുന്നവയാണ്. ഇതു സംബന്ധിച്ച ശരിയായ പഠനങ്ങൾ നമ്മുടെ ഇടയിൽ ഇല്ലെങ്കിലും സെർവിക്കൽ (ഗർഭാശയഗള) കാൻസറിനേക്കാൾ കൂടൂതൽ ഇപ്പോൾ കേരളത്തിൽ സ്തനാർബുദം കാണുന്നു. ആർത്തവം നേരത്തെയാകുന്നവരിലും ആർത്തവപ്രശ്നങ്ങൾ കൂടൂന്നവരുടെയിടയിലും കാൻസർ വർധിക്കുന്നുണ്ടോയെന്നു കൂടൂതൽ പഠിക്കേണ്ടതുണ്ട്. എന്തായാലും മുമ്പു 40 കഴിഞ്ഞവരിലായിരുന്നു സ്തനാർബുദം വന്നിരുന്നത്. ഇന്നതു 25 വയസ്സിന് അടുത്തു വന്നു 

കാൻസറിന്റെ വർധനയിൽ വന്ന മാറ്റം ചികിത്സയിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ടോ? രണ്ടാമതു കാൻസർ വരുമെന്ന ഭീതി ഇപ്പോഴും വ്യാപകമാണല്ലോ?
സത്യത്തിൽ കാൻസർ ചികിത്സ നൽകുന്നതല്ല ഇപ്പോഴത്തെ ബുദ്ധിമുട്ട്. രോഗിയെയും ബന്ധുക്കളെയും സമുഹത്തെയും ഇതു സംബന്ധിച്ചു ബോധവൽക്കരിക്കുന്നതാണ്. എരിതീയിൽ നിന്നും വറചട്ടിയിലേക്കാണ് ഒരു കാൻസർ രോഗിയുടെ യാത്ര. ചികിത്സാസമയത്ത് ആശുപത്രിയിലെ പരിചരണവും അടുത്ത ബന്ധുക്കളും ഒപ്പമുണ്ട്. അതു കഴിഞ്ഞാൽ ആരുമില്ല. ഇക്കാര്യത്തിൽ ആർ. സി. സി പോലുള്ള സ്ഥാപനങ്ങൾ വേണ്ടത്ര ബോധവത്കരണം നടത്തുന്നില്ല, രണ്ടാമതും രോഗം വരുന്നതു രണ്ടു ഘടകങ്ങളെ ആശ്രയിച്ചാണ്. ആദ്യം വന്നപ്പോഴുള്ള രോഗത്തിന്റെ തീവ്രതയും ഏതുതരം കാൻസറാണെന്നതും ആദ്യം രോഗം വന്ന കാരണവും സാഹചര്യവും വീണ്ടും ഉണ്ടായാൽ രോഗം തിരിച്ചുവരാം. എന്നാൽ , കാൻസർ പൂർണമായി മാറി എന്നു ബോധ്യമായാലും അവരെ ഉൾക്കൊള്ളാൻ സമൂഹം തയാറാകുന്നില്ല. കാൻസർ മാറിയ കുട്ടിക്കു കോളേജ് തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച സംഭവത്തിലെ പ്രതി വിപ്ലവസംഘടന തന്നെയായിരുന്നു. രോഗം മാറി അഞ്ചു വർഷം കഴിഞ്ഞിട്ടും നാട്ടുകാരുടെ ചോദ്യശരങ്ങൾ ഭയന്നു പള്ളിയിൽ പോലും പോകാത്തവരുണ്ട്. 

സാധാരണക്കാരനു കേരളത്തിൽ മികച്ച കാൻസർ ചികിത്സ കിട്ടുന്നുണ്ടോ? വിദേശങ്ങളിൽ മാത്രമേ മികച്ച കാൻസർ ചികിത്സ ഉള്ളുവെന്ന് ചിലർക്കു പക്ഷമുണ്ട്?
ലോകത്തിൽ കൊടുക്കാൻ പറ്റുന്ന മികച്ച ചികിത്സ ഇന്നു കേരളത്തിലും നൽകാനാകും. യുവരാജ് സിംഗ് ഒക്കെ ചികിത്സയ്ക്കു പുറത്തുപോകേണ്ട ഒരു കാര്യവുമില്ല. മികച്ച പരിശോധനാമാർഗങ്ങൾ, മരുന്നുകൾ, ശസ്ത്രക്രിയ തുടർ ചികിത്സാപദ്ധതികൾ എല്ലാം നമുക്കുണ്ട്. സിനിമയിലൊക്കെ കാണിക്കുന്ന വിദേശത്തുനിന്നും വരുത്തുന്ന പ്രത്യേക കാൻസർ മരുന്നൊക്കെ പഴങ്കഥയാണിപ്പോൾ. വിദേശത്തെ ഏതു പുതിയ ചികിത്സയും ഒരു മാസത്തിനുള്ളിൽ ഇവിടെ കിട്ടും. വേണമെങ്കിൽ മജ്ജ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയുടെ കാര്യത്തിൽ അല്പം പിന്നാക്കമാണെന്നു പറയാം. തിരുവനന്തപുരത്ത് ആർ. സി. സി, എറണാകുളത്തെ സ്വകാര്യ ആശുപത്രികൾ, തൃശൂരിലെ അമല, കോഴിക്കോട് മിംസ്, പരിയാരത്തെ കാൻസർ സെന്റർ നല്ല ചികിത്സ എല്ലായിടത്തുമുണ്ട്. സർക്കാർ ഒരു രോഗിക്കു 50,000 രൂപ ചെലവാക്കുന്നുവെങ്കിൽ അതുകൊണ്ടു പ്രയോജനം കിട്ടിയോ, വേണ്ട രീതിയിലാണോ ചെലവാക്കിയതെന്നു മെഡിക്കലായും സാമ്പത്തികമായുള്ള ഓഡിറ്റിംഗ് നമുക്കില്ല. സർക്കാരിനെ അപാകതകൾ പറഞ്ഞു മനസ്സിലാക്കാനും സംവിധാനമില്ല. ഒരുദാഹരണം പറയാം. ധനികയായ ഒരു സ്ത്രീ ഒരിക്കൽ എന്നോടു പറഞ്ഞു. എനിക്ക് ഇനി ലക്ഷങ്ങൾ മുടക്കി ചികിത്സിച്ചിട്ടു കാര്യമില്ല. പ്രയോജനം കിട്ടുമെന്നുള്ളവരെ ഡോക്ടർ എന്റെ പണം കൊണ്ടു ചികിത്സിച്ചോളൂ. ഒരു വ്യക്തിക്കുണ്ടാകുന്ന ഈ തിരിച്ചറിവ് സർക്കാരിനില്ല. ഒരു ഓങ്കോളജിസ്റ്റ് പോലുമില്ലാത്തിടത്ത് കീമോതെറപ്പി മരുന്നിനു ലക്ഷങ്ങൾ നമ്മൾ ചെലവഴിക്കും. 

മോഡേൺ മെഡിസിൻ ഇത്രയധികം ശക്തമായിട്ടും കാൻസറിന് ഒറ്റമൂലി പ്രയോഗങ്ങൾ ധാരാളമുണ്ടല്ലോ?
ഒറ്റമൂലിക്കാരെക്കൊണ്ടു ഞങ്ങൾ തോറ്റിരിക്കുകയാണ്. ഇന്നസെന്റ് ഈയിടെ പറഞ്ഞു: വീട്ടിലെ ഒരു മുറി മുഴുവൻ ഒറ്റമൂലികൾ നിറച്ചിട്ടിരിക്കുകയാണെന്ന്. നാടൻ ഒറ്റമൂലിക്കാർ മുതൽ മരുന്നല്ലാതെ ഭക്ഷണമാതൃകയിൽ മരുന്നു വിതരണം ചെയ്യുന്ന അന്തരാഷ്ട്ര ഒറ്റമൂലികൾ വരെയുണ്ട്. ഇവർക്ക് ആശുപത്രികളിൽ ഏജന്റുമാർ ഉണ്ടാകും 500 രൂപയ്ക്കു മരുന്നുവാങ്ങാൻ തയാറല്ലാത്തവർ ഇവരുടെ മരുന്നുകൾ 5000 രൂപയ്ക്കു വാങ്ങും. എന്നെക്കാണാൻ വരുന്നവരിൽ 10 ശതമാനം പേരെങ്കിലും ഒറ്റമൂലിക്കാരുടെ അടുത്തു പോയവരാണ്. വ്യജമരുന്നുകൾ അടിച്ചേൽപ്പിക്കുമെന്നു മാത്രമല്ല യാതൊരു ടെസ്റ്റും നടത്താൻ ഇവർ സമ്മതിക്കില്ല. പാലക്കാട് തേൻ മാത്രമാണ് ഒറ്റമൂലിയെങ്കിൽ പാലായിൽ ചെല്ലുമ്പോൾ തേനും റമ്മും ആകും. തിരുവനന്തപുരത്താകട്ടെ തേനും പപ്പായക്കറയുമായി മാറും. വലിയ പഥ്യമൊക്കെ പറഞ്ഞു പലരെയും പോഷണദാരിദ്യ്രം വരുത്തി കൊല്ലുമിവർ. കുട്ടികളിൽ പോലും ഒറ്റമൂലി പ്രയോഗിക്കാൻ പലർക്കും മടിയില്ലെന്നതാണ് ദുഃഖകരം. എന്നാൽ ആന്റിഓക്സിഡന്റുകളായ ഗ്രീൻടീ പോലുള്ളവ കഴിക്കുന്നത് ദോഷം ചെയ്യില്ല നല്ലതാണ്. 

കാൻസർ ചികിത്സാമേഖലയിലെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? ഓങ്കോളജി വിദഗ്ധരാകാൻ യുവഡോക്ടർമാർ തയാറാകുന്നുണ്ടോ?
സത്യത്തിൽ കാൻസർ ചികിത്സാ വിദഗ്ധന്മാരെ സാധാരണ രോഗികൾക്കു കാണാൻ പറ്റാത്ത സാഹചര്യം കേരളത്തിലുണ്ടെന്നതു സത്യമാണ്. ഇതിനു പല കാരണങ്ങളുണ്ട്. ഒന്ന് , പ്രധാന ആശുപത്രികൾ ഡോക്ടർമാരെ നേരിട്ടു കാണുന്നതു പ്രോത്സാഹിപ്പിക്കുന്നില്ലെന്നതാണ്. മറ്റൊരു പ്രധാന കാരണം. മറ്റു സ്പെഷാലിറ്റികളിലെ ഉന്നത പഠനത്തിനു കാണിക്കുന്ന താൽപര്യം യുവഡോക്ടർമാർ ഓങ്കോളജിയിൽ കാണിക്കുന്നില്ല. എപ്പോഴും ദുഃഖം മാത്രമുള്ള ഒരു മേഖലയായാണു പലരും ഇതിനെ കാണുന്നത്. നിലവിലുള്ള സ്പെഷാലിറ്റി ഡോക്ടർമാരിൽ കൂടൂതൽ പേർ പൊതു രംഗത്തേക്കിറങ്ങിയാൽ സ്ഥിതി മാറും. ആയിരക്കണക്കിനു രോഗികളെ ചികിത്സിക്കുന്ന ഡോക്ടർക്കു ജീവിതത്തോടുള്ള മനോഭാവം എന്താണ്? ചികിത്സ മനസ്സിനെ വിഷമപ്പെടുത്തുന്നുണ്ടോ? ഈ വീടിന്റെ അകത്തളങ്ങളിൽ കാണുന്ന ഓരോ സമ്മാനത്തിലും ഓരോ ജീവിതമുണ്ട്. ഒരു നദിയുടെ മുകളിൽക്കൂടി നൂ—ലിന്മേൽ രോഗിയെയും കൊണ്ടു പോകുന്നവരാണ് കാൻസർ ചികിത്സകർ. ഒരു പേഷ്യന്റ് മരിച്ചാൽ എനിക്കു ദുഃഖമുണ്ടാകും. അതിന്റെ നൂറിരട്ടി സന്തോഷം ചികിത്സ വിജയിച്ചവർ ഇങ്ങോട്ടു തരും. ഒരു ജീവൻ രക്ഷപ്പെടുത്താൻ പറ്റുമെങ്കിൽപ്പോലും ഞാൻ സന്തുഷ്ടനാണ്. ഒരു ആരോഗ്യ ആക്ടിവിസ്റ്റാണ് എന്നും ഞാൻ . മെഡിക്കൽ പഠനക്ലാസ്സുകളെക്കാൾ പൊതുസ്ഥലങ്ങളെ ഞാൻ സ്നേഹിക്കുന്നു. പൊതു സമൂഹത്തെയും

പുരുഷന്മാരിലെ കാൻസറുകൾ

ഇന്ത്യയിൽ കാൻസർ രോഗം കൂടുതലായി ബാധിക്കുന്നതു സ്ത്രീകളെയാണെങ്കിലും വികിസിതരാജ്യങ്ങളിൽ പുരുഷന്മാർക്കാണു മുൻതൂക്കം. കേരളത്തിലെ കാൻസറിന് വികസിത രാജ്യങ്ങളിലെ നിരക്കുകളോടാണു സാമ്യം. നമ്മുടെ നാട്ടിൽ ഏഴ് പുരുഷന്മാരിൽ ഒരാൾക്കും ഒമ്പത് സ്ത്രീകളിൽ ഒരാൾക്കും അവരുടെ ജീവിതകാലത്തിൽ കാൻസർ വരാൻ സാധ്യതയുണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. പുരുഷന്മാർ ഡോക്ടറെ കാണുന്നതിലും രോഗനിർണയം നടത്തുന്നതിലും സ്ത്രീകളെക്കാൾ പിന്നിലാണ്. ഫലമോ സ്ത്രീകളെക്കാൾ 16% കൂടുതൽ കാൻസറുകൾ ഉണ്ടാകാനും കാൻസർ മൂലമുള്ള മരണം സ്ത്രീകളെക്കാൾ 40 ശതമാനം അധികമായും കാണുന്നു. 

പുരുഷന്മാരിൽ കണ്ടുവരുന്ന പ്രധാന കാൻസറുകൾ വായിലെ കാൻസർ, ശ്വാസകോശ കാൻസർ പുരുഷഗ്രന്ഥിയുടെ (പ്രോസ്റ്റേറ്റ്)കാൻസർ, വൻകുടലിലെ കാൻസർ എന്നിവയാണ്. വായയിലെ കാൻസറും ശ്വാസകോശ കാൻസറും പുകയില ഉപയോഗിക്കാതിരുന്നാൽ ഒരുപക്ഷേ , പൂർണമായും തടയാം. പ്രോസ്റ്റേറ്റ് കാൻസറും വൻകുടലിന്റെ കാൻസറും നേരത്തെയുള്ള സ്ക്രീനിംഗ് ടെസ്റ്റുകൾ വഴി മുൻകൂട്ടി കണ്ടുപിടിക്കാം. തുടർന്ന് വളരെ ലഘുവായ ഒരു ശസ്ത്രക്രിയ വഴി പൂർണമായും സുഖപ്പെടുത്താം. പുരുഷന്മാരിലെ ഏറ്റവും പ്രധാനപ്പെട്ട നാലു കാൻസറുകൾ (ഇവയെല്ലാം കൂടി മൊത്തം കാൻസറിന്റെ 70 ശതമാനം വരും) ഒന്നുകിൽ പൂർണമായും തടയുകയോ അല്ലെങ്കിൽ നേരത്തെ കണ്ടുപിടിക്കുക വഴി പൂർണമായും സുഖപ്പെടുത്തുകയോ ചെയ്യാം എന്നത് വളരെ ആശ്വാസകരമായ കാര്യമാണ്. 

ശ്വാസകോശ കാൻസർ
ഇന്ത്യയിൽ (ലോകത്തിലും) ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന തും മരണകാരണവുമായ കാൻസറായി ശ്വാസകോശത്തിലേത് മാറിയിരിക്കുന്നു. ഏറ്റവും ദുഃഖകരമായ വസ്തുത ശ്വാസകോശ കാൻസറിന്റെ ചികിത്സമൂലം അസുഖം ഭേദമാകുന്നത് 1950കളിൽ 5 % മാണെങ്കിൽ1994 ആകുമ്പോൾ അതു വെറും 15 ശതമാനം മാത്രമായേ വർധിച്ചുള്ളൂ. പക്ഷേ, മറ്റു കാൻസറുകൾ പലതും ഈ കാലയളവിൽ 50 മുതൽ 60 ശതമാനം വരെ പൂർണമായി സുഖപ്പെടുത്താമെന്ന അവസ്ഥ കൈവരിച്ചു. നമ്മുടെ നാട്ടിൽ ശ്വാസകോശ കാൻസർ പിടിപെടുന്നവരിൽ പുകവലിക്കുന്നവരാണു കൂടുതലെങ്കിലും അല്ലാത്തവരിലും കാണുന്നുണ്ട്. 

ആർക്കൊക്കെ എന്തുകൊണ്ട്?
പുകവലി : ശ്വാസകോശ കാൻസർ ഉണ്ടാകാനുള്ള പ്രധാനകാരണം പുകവലിയാണ് . ഒരു സിഗരറ്റ് കത്തുമ്പോൾ ഉണ്ടാകുന്ന പുകയിൽ ഏകദേശം 3000 രാസവസ്തുക്കളുണ്ട്. ഇതിൽ 60 എണ്ണം നേരിട്ടു കാൻസർ ഉണ്ടാക്കുവാൻ കഴിവുള്ളതാണ്. ദിവസത്തിൽ 1—14 എണ്ണം വരെ സിഗരറ്റ് വലിക്കുന്നവർ വലിക്കാത്തവരേക്കാൾ കാൻസർ വന്നു മരിക്കാനുള്ള സാധ്യത എട്ടു മടങ്ങ് കൂടുതലാണ് . 25 സിഗരറ്റ് വലിക്കുന്നവർക്ക് 25 മടങ്ങ് കൂടുതൽ സാധ്യതയുണ്ട്. പുകവലിയുടെ ദൈർഘ്യം കൂടുന്നതിനനുസരിച്ചു ശ്വാസകോശ കാൻസറിന്റെ സാധ്യതയും കൂടുന്നു. പുകവലി നിർത്തി 15 വർഷത്തിനുശേഷം ഒരാളുടെ ശ്വാസകോശ കാൻസറിന്റെ സാധ്യത പുകവലിക്കാത്തയാളുടേതിനു തുല്യമാകും. പുകവലിക്കാരുടെ സാമീപ്യം കൊണ്ടുണ്ടാകുന്ന പാസീവ് സ്മോക്കിങ്ങും കാൻസറിനു കാരണമാകും. 
ആസ്ബസ്റ്റോസ് , നിക്കൽ ക്രോമിയം തുടങ്ങിയ വസ്തുക്കളുമായി ഇടപഴകുന്നവർക്കു ശ്വാസകോശകാൻസറിനു സാധ്യതയുണ്ട് 
അന്തരീക്ഷമലിനീകരണം ശ്വാസകോശ കാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു 
വിവിധതരത്തിലുള്ള അണുപ്രസരണങ്ങളും സാധ്യത കൂട്ടുന്നു. 

രോഗനിർണയം
സ്കാനിങ്ങിലോ എക്സ്റേയിലോ സംശയം തോന്നിയാൽ പിന്നെ രോഗം സ്ഥിരീകരിക്കുന്നതിലുള്ള പരിശോധനകൾ ആവശ്യമായി വരുന്നു. സ്ഥിരീകരണത്തിനു ബയോപ്സി പരിശോധന കൂടിയേ തീരൂ. അസുഖം സംശയിക്കുന്ന ഭാഗത്തേക്ക് സൂചിയിറക്കി കാൻസർ കോശങ്ങൾ വലിച്ചെടുത്തോ, അല്ലെങ്കിൽ ചെറുതായി മുറിച്ചെടുത്തോ പരിശോധന നടത്തും . അല്ലെങ്കിൽ ബ്രോങ്കോസ്കോപ്പി എന്ന ഘഘുവായ മറ്റൊരു പരിശോധന വഴി നേരിട്ടു അസുഖമുള്ള ഭാഗത്തുനിന്നു സാമ്പിൾ എടുത്തു സ്ഥിരീകരിക്കാം. 

ശസ്ത്രക്രിയയും കീമോയും
ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചുകഴിഞ്ഞാൽ ഉടനെ ചെയ്യുന്നതു രോഗം ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങളിലേക്കു പടർന്നിട്ടുണ്ട് എന്നു മനസിലാക്കുകയാണ്. രോഗം ആദ്യഘട്ടത്തിലാണെങ്കിൽ ഓപ്പറേഷനും അതിനുശേഷം കീമോതെറപ്പിയും നൽകാം. ഇതുവഴി പൂർണമായും സുഖപ്പെടുത്താം. പക്ഷേ 80 ശതമാനവും ചികിത്സിച്ചു മാറ്റാൻ പറ്റാത്ത അവസ്ഥയിലാണു കണ്ടേത്തുന്നത്. അതുകൊണ്ടു തന്നെ സാന്ത്വനചികിത്സയായി കീമോതെറപ്പി നൽകി രോഗിയുടെ പ്രയാസങ്ങൾ കുറയ്ക്കുകയും ജീവിതത്തിന്റെ ഗുണമേന്മ വർധിപ്പിക്കുകയുമാണ് ചെയ്യുന്നത് 

കീമോ തെറപ്പിക്കു പുറമേ കൂടുതൽ ഫലപ്രദമായ ടാർജെറ്റഡ് തെറപ്പി യും ഇന്നുണ്ട്. കാൻസർകോശങ്ങളിലെ ചില പ്രത്യേകതരം തകരാറുകൾ കണ്ടു പിടിച്ച് അതിനെ മാത്രം ശരിയാക്കുന്നവിധത്തിൽ വളരെ സൂക്ഷ്മമായി ടാർജറ്റ് ചെയ്തു കാൻസറിനെ നശിപ്പിക്കുന്ന വിധത്തിൽ ചെയ്യുന്നതാണിത്. മൊത്തം ശ്വാസകോശ കാൻസർ രോഗങ്ങളിൽ 25 ശതമാനത്തിനാണ് ഇതു ഫലപ്രദമാകുക. 

വായിലെ കാൻസർ
പുരുഷന്മാരിൽ കാണുന്ന സർവസാധാരണമായ കാൻസറുകളിൽ രണ്ടാമത്തേതാണു വായിലെ കാൻസർ. ചുണ്ട്, മോണ, നാക്ക്, കവിളുകൾ, തൊണ്ട എന്നീ ഭാഗങ്ങളിലെ കാൻസറുകൾ ഈ ഗണത്തിൽപ്പെടുന്നു. കൂടുതൽ രോഗികളും 50 വയസിനു മേലെയാണെങ്കിലും ദുശീലങ്ങൾ ഉള്ളവർക്ക് അസുഖം നേരത്തെ വരുന്നു,. സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരിൽ ഈ കാൻസർ വരാനുള്ള സാധ്യത ഏകദേശം രണ്ടിരട്ടിയാണ്. 

ആർക്കൊക്കെ, എന്തുകൊണ്ട്?
താഴെപറയുന്ന ഘടകങ്ങൾ ഉള്ളവർക്ക് വായിലെ കാൻസർ വരാൻ സാധ്യത കൂടുതലാണ്. പുകയില : 90 ശതമാനം വായിലെ കാൻസറുകളും പുകയില മൂലമാണ് ഉണ്ടാകുന്നത്. പുകവലി , മുറുക്ക് , മൂക്കുപൊടി വലിക്കൽ തുടങ്ങി വിവിധതരത്തിലുള്ള പുകയിലയുടെ ഉപയോഗം കാൻസറിനു കാരണമാകുന്നു. പുകയില അടങ്ങിയ ച്യൂയിംഗ്ഗം, ഹാൻസ്, പാൻമസാലകൾ എന്നിവയും വളരെ അപകടകാരികളാണ്. ചില പുകയില ഉൽപന്നങ്ങളിൽ ഗ്ലാസ് പൊടിച്ചു ചോർക്കുന്നതുമൂലം അത് ഉപയോഗിക്കുന്നവരിൽ ചെറുവ്രണങ്ങൾ ഉണ്ടായി വളരെ വേഗം കാൻസർ രൂപപ്പെടുന്നു. ഒപ്പം, മദ്യപാനവും ഉണ്ടെങ്കിൽ സാധ്യത ഏകദേശം 30 മടങ്ങ് കൂടുതലാണ്. 
മദ്യപാനം : മദ്യപാനത്തിന്റെ തോതിനനുസരിച്ചു കാൻസറിന്റെ സാധ്യതയും കൂടുന്നു. മദ്യപിക്കാത്തവരെ അപേക്ഷിച്ച് ഏകദേശം ആറു മടങ്ങു സാധ്യത കൂടുതലാണ് 
വെറ്റില മുറുക്ക് : സാധാരണയായുള്ള ഒരു വിശ്വാസമാണു പുകയില കൂടാതെയുള്ള വെറ്റില —അടയ്ക്ക മാത്രം ഉപയോഗിച്ചുള്ള വെറ്റില മുറുക്ക് അപകടകാരിയല്ല എന്നുള്ളത്. അടയ്ക്ക കാൻസറിന്റെ സാധ്യത വർധിപ്പിക്കും എന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 
വായിലെ പൊട്ടിയ പല്ല് , തള്ളിനിൽക്കുന്ന കൂർത്ത ഭാഗങ്ങളുള്ള പല്ല് എന്നിവയെല്ലാം തുടർച്ചയായി നാവിലും കവിളിലും തട്ടി വ്രണങ്ങൾ ഉണ്ടാകാനും അതു ചിലപ്പോൾ ഉണങ്ങാതെ കാൻസറായി രൂപാന്തരപ്പെട്ടു വരാറുണ്ട്. ഹൂമൻ പാപിലോമ വൈറസ് ബാധ പ്രത്യേകിച്ചു തൊണ്ട, നാക്കിന്റെ പിൻഭാഗം എന്നിവയിൽ കാൻസർ ഉണ്ടാക്കാം. 

രോഗലക്ഷണങ്ങൾ
ചുണ്ടിലോ, വായിലോ ഉള്ള ഉണങ്ങാത്ത വ്രണം. (സാധാരണയുള്ള നല്ല വേദനയുള്ള പെട്ടെന്നു മാറുന്ന വ്രണങ്ങളല്ല) 
മോണയിലോ അല്ലെങ്കിൽ വായയിൽ എവിടെയെങ്കിലും ഉള്ള മുഴകൾ 
വേദനയില്ലാത്ത ചുവന്നതോ അല്ലെങ്കിൽ വെളുത്തതോ ആയ കലകൾ പ്രത്യേകിച്ചും കവിളിന്റെ ഉൾഭാഗത്ത്. 
വായ്ക്കകത്തുള്ള വേദന, രക്തസ്രാവം അല്ലെങ്കിൽ വായ്ക്ക് അകത്തുള്ള തരിപ്പ് 
തുടർച്ചയായി നീണ്ടു നിൽക്കുന്ന തൊണ്ടവേദന 
ഭക്ഷണം വിഴുങ്ങുമ്പോൾ ഉള്ള പ്രയാസം അല്ലെങ്കിൽ ചവയ്ക്കുമ്പോൾ ഉള്ള വേദന 
ശബ്ദത്തിലെ വ്യത്യാസം, താടിയെല്ലിന്റെ വീക്കം, ചെവിയിലെ വേദന, പല്ല് തനിയെ ഇളകിവരിക തുടങ്ങിയവയും ലക്ഷണമാകാം. 

ചികിത്സ
രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ അത് എത്രത്തോളം ഗൗരവമുള്ളതാണ് എന്നു പരിശോധിക്കുന്നതാണു സ്റ്റേജിങ്ങ് എന്നു പറയുന്നത്. വായിലെ കാൻസർ കഴുത്തിന്റെ വശങ്ങളിലെ കഴലകളിലേക്കു പടരുമ്പോൾ രോഗം വ്യാപിച്ചതാണെന്നു പറയും. ഇത്തരം രോഗം ശക്തിയായി ചികിത്സിക്കേണ്ടതായി വന്നേക്കാം. വായിലെ കാൻസർ ചികിത്സയ്ക്കും സർജറി, റേഡിയേഷൻ , കീമോ തെറപ്പി എന്നീ ചികിത്സകൾ ആവശ്യമായി വന്നേക്കാം. കാൻസർ അധികം പടർന്നിട്ടില്ലെങ്കിൽ സർജറി മാത്രം മതി . പക്ഷേ കഴുത്തിലേ കഴലകളിലേക്കു വ്യാപിച്ചിട്ടുണ്ടെങ്കിൽ കഴുത്തിലെ കഴലകളും നീക്കം ചെയ്യേണ്ടതായിട്ടുണ്ട്. പലപ്പോഴും റേഡിയേഷനും കീമോതെറപ്പിയും ഒന്നിച്ചാണു നൽകാറുള്ളത്. ഇതു ചികിത്സയുടെ ഗുണം വർധിപ്പിക്കും. 

പ്രോസ്റ്റേറ്റ് കാൻസർ
പുരുഷന്മാരിൽ മൂത്രനാളത്തിന്റെ ആരംഭത്തിൽ രണ്ടു വശങ്ങളിലായി കാണുന്ന ഗ്രന്ഥിയാണു പ്രോസ്റ്റേറ്റ്. ഈ ഗ്രന്ഥി വലുപ്പം വയ്ക്കുന്നതു പലപ്പോഴും മൂത്ര തടസ്സത്തിനും മൂത്രം കൂടെക്കൂടെ ഒഴിക്കണമെന്നു തോന്നുന്നതിനും കാരണമാകും. പക്ഷേ, ഈ ലക്ഷണങ്ങൾ പലപ്പോഴും ബിനൈൻ പ്രോസ്റ്റേറ്റിക് ഹൈപ്പർട്രോഫി എന്ന കാൻസർ അല്ലാത്ത പ്രോസ്റ്റേറ്റിന്റെ വീക്കം കാരണമാണ് . പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കു കാൻസർ വരുമ്പോഴും ഈ ലക്ഷണങ്ങൾ ഒക്കെ തന്നെയാണ് കാണാറുള്ളത് 

ആർക്കൊക്കെ, എന്തുകൊണ്ട്?
പ്രത്യേകിച്ച് ഒരു കാരണം പറയുവാൻ പ്രയാസമാണ്. അടുത്ത ബന്ധുക്കളിലാർക്കെങ്കിലും പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടായിരുന്നുവെങ്കിൽ സാധ്യത ഏകദേശം രണ്ടു മടങ്ങാണ്. പ്രായം കൂടി വരുന്നതിനനുസരിച്ചു പ്രോസ്റ്റേറ്റ് കാൻസറിന്റെ സാധ്യതയും കൂടുന്നു. 50 വയസ്സിനു മുകളിലുള്ള 50 ശതമാനം പേർക്കും ഈ കാൻസറിന്റെ മുന്നോടിയായുള്ള പിൻ എന്ന മാറ്റം കാണാറുണ്ട്. പക്ഷേ , ഒരു ശക്തിയുള്ള കാൻസറായി മാറുന്നതു കുറഞ്ഞ ശതമാനം മാത്രം. പ്രോസ്റ്റേറ്റ് കാൻസർ ഹോർമോൺ ആശ്രയിച്ചു വളരുന്ന ഒരു കാൻസറാണ്. അതു കൊണ്ടു തന്നെ പൊണ്ണത്തടി അതായതു ശരീരത്തിൽ അമിതമായ കൊഴുപ്പ് ഉണ്ടായാൽ ഈ കാൻസറിന്റെ സാധ്യത വർധിക്കും. 

രോഗലക്ഷണങ്ങൾ
കൂടെക്കൂടെയുള്ള മൂത്രം ഒഴിക്കൽ പ്രത്യേകിച്ചു രാത്രിയിൽ കൂടുതൽ പ്രാവശ്യം ഒഴിക്കേണ്ടിവരിക. അല്ലെങ്കിൽ മൂത്രശങ്ക 
മൂത്രത്തിൽ രക്തം വരിക 
ശുക്ലത്തിൽ രക്തം വരിക 
മൂത്രം വരാൻ താമസമെടുക്കുക 
മൂത്രമൊഴിച്ചതിനുശേഷം പൂർണമായി പോയില്ല എന്നുള്ള തോന്നൽ 
മൂത്രം തുടർച്ചയായി പോകുന്നതിനു പകരം തുള്ളിയായി പോവുക 

രോഗനിർണയം
പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഒരു പ്രോട്ടീൻ ആണ് PSA അഥവാ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ. ഇതിന്റെ രക്തത്തിലെ അളവു നോക്കിയാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രവർത്തനത്തെക്കുറിച്ച് ധാരണ കിട്ടും. പ്രോസറ്റേറ്റ് ഗ്രന്ഥിയുടെ എല്ലാത്തരം വീക്കത്തിലും രക്ത ത്തിലെ PSA യുടെ അളവ് കൂടും. കാൻസറിൽ PSA കൂടുന്ന തോത് അസാധാരണമാം വിധം അധികമായിരിക്കും. 50 വയസ്സിനു മുകളിലുള്ളവർ വർഷത്തിൽ ഒരിക്കൽ PSA ചെയ്തു നോക്കുന്നതു പ്രോസ്റ്റേറ്റ് കാൻസർ നേരത്തെ കണ്ടുപിടിക്കാൻ സഹായിക്കും. 
പ്രോസ്റ്റേറ്റ് ബയോപ്സി : PSA കൂടുതലായി കാണുകയോ അല്ലെങ്കിൽ പ്രോസ്റ്റേറ്റിന്റെ രോഗലക്ഷണങ്ങൾ വല്ലാതെ അനുഭവപ്പെടുകയോ അതുമല്ലെങ്കിൽ മലദ്വാരത്തിലൂടെയുള്ള പരിശോധനയിൽ പ്രോസ്റ്റേറ്റിന് അപാകത ഡോക്ടർക്കു തോന്നുകയാണെങ്കിൽ പ്രോസ്റ്റേറ്റ് ബയോപ്സി ചെയ്യണം. ഇതു കാൻസർരോഗം ഉണ്ടോ ഇല്ലയോ എന്നു സ്ഥിരീകരിക്കുവാൻ സഹായിക്കും 

ചികിത്സ
രോഗം സ്ഥിരീകരിച്ചാൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നിട്ടുണ്ടോ എന്നു പരിശോധിക്കണം. രോഗം പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ മാത്രം ഒതുങ്ങി നില്ക്കുന്ന അവസ്ഥയിൽ മൂന്നുതരം ചികിത്സ ലഭ്യമാണ്. ഹോർമോൺ ചികിത്സ, സർജറി, റേഡിയേഷൻ എന്നിവ. രോഗിയുടെ ആരോഗ്യസ്ഥിതി വ്യക്തമായി അപഗ്രഥിച്ചു മാത്രമേ ശസ്ത്രക്രിയ ചെയ്യാറുള്ളൂ. 70 വയസ്സിനു മുകളിലുള്ളവർക്കു പലപ്പോഴും സർജറി ചെയ്യാറില്ല. വർഷങ്ങളായി അവലംബിച്ചു പോയിരുന്ന ഒരു ചികിത്സാരീതിയാണു വൃഷണങ്ങൾ നീക്കം ചെയ്യുക എന്നത്. കാൻസർ ഏതു സ്റ്റേജിലാണെങ്കിലും വൃഷണങ്ങൾ നീക്കം ചെയ്യുക പതിവായിരുന്നു. എന്നാൽ നീക്കം ചെയ്യാതെ രോഗം ചികിത്സിക്കാനുള്ള പുതിയ മരുന്നുകൾ ഇന്നു ലഭ്യമാണ്. റേഡിയേഷൻ ചികിത്സ ആഴ്ചയിൽ അഞ്ചുദിവസം വച്ച് ആറാഴ്ച ചെയ്യേണ്ടതുണ്ട്. 

വൻകുടലിൽ കാൻസർ
കഴിഞ്ഞ ഏതാനും വർഷത്തിനുള്ളിൽ കേരളത്തിൽ വർധിച്ചുവരുന്നതായി കാണുന്ന കാൻസറാണ് വൻകുടലിലെ കാൻസർ. പലപ്പോഴും വളരെ വൈകി മാത്രം കണ്ടുപിടിക്കപ്പെടുന്ന ഒരസുഖമാണിത് 

രോഗനിർണയം
മലദ്വാരത്തിലൂടെ ഒരു കുഴൽ കടത്തിയോ വിരൽ കടത്തിയോ പരിശോധിച്ചറിയാം. വൻകുടലിന്റെ ഉൾഭാഗം മുഴുവൻ ഒരു കുഴലിന്റെ സഹായത്താലും (കൊളോണോസ്കോപ്പി) പരിശോധിക്കാം. മല പരിശോധന നടത്തി മലത്തിൽ രക്തത്തിന്റെ അംശമുണ്ടോ എന്ന പരിശോധനയും സഹായകമാണ് 

എങ്ങനെ തടയാം
50 മുതൽ 60 ശതമാനം വരെയുള്ള വൻകുടലിൽ കാൻസറുകളും ഭക്ഷണവുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ചു കൊഴുപ്പു കൂടിയ മാട്ടിറച്ചിയുടെ അമിത ഉപയോഗം ചുവന്ന ഇറച്ചി കൂടുതലായി കഴിക്കുന്നവർക്ക് ഈ അസുഖം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. സസ്യാഹാരം കൂടുതൽ കഴിക്കുകയും ഭക്ഷണത്തിൽ നാരിന്റെ അംശം കൂട്ടുകയും ചെയ്താൽ ഈ കാൻസർ സാധ്യത കുറയ്ക്കാം. 

ചികിത്സ
അസുഖത്തിന്റെ വ്യാപ്തി അല്ലെങ്കിൽ സ്റ്റേജിനനുസരിച്ചാണു ചികിത്സിക്കുന്നത്. കാൻസർ നേരത്തെ കണ്ടുപിടിക്കുകയാണെങ്കിൽ സർജറി മാത്രം മതിയാകും. കുറച്ചധികം പടർന്നിട്ടുള്ള കാൻസറിനു കീമോതെറപ്പിയും റേഡിയേഷനും നടത്തിയതിനുശേഷം സർജറി ചെയ്യുന്നതായിരിക്കും ഉത്തമം. ഈ കാൻസറിനു സർജറിയും റേഡിയേഷനും കീമോതെറപ്പിയും എന്നിങ്ങനെ മൂന്നുതരം ചികിത്സയും ആവശ്യമാണ്. 

ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം കൊളോസ്റ്റമി അഥവാ വൻകുടലിന്റെ അസുഖം വന്ന ഭാഗം സർജറി വഴി നീക്കി മലം പോകുന്നതിനു വേണ്ടി ശരീരത്തിനു പുറത്തേക്ക് (ബാഗിലേക്ക്) വച്ചു പിടിപ്പിക്കുന്ന രീതിയാണ്. ഇതു പലപ്പോഴും രോഗികൾക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞെന്നുവരില്ല. പക്ഷേ, അസുഖം വന്നുകഴിഞ്ഞാൽ രോഗം പൂർണമായി മാറുന്നതിനുവേണ്ടി കുറച്ചു വിട്ടു വീഴ്ചകൾ ചെയ്യുന്നതിൽ രോഗി തയാറാവണം 

ശ്വാസകോശാർബുദം: ചുമയും ശബ്ദമാറ്റവും
വൈകിമാത്രം തിരിച്ചറിയുന്നതാണ് ശ്വാസകോശാർബുദത്തിന്റെ ചികിത്സയിലെ പ്രധാന തടസം . നാലിലൊന്നു രോഗികളിൽ മറ്റാവശ്യങ്ങൾക്കായി നടത്തുന്ന നെഞ്ചിന്റെ എക്സറേ പരിശോധനയിൽ രോഗം തുടക്കത്തിൽ തിരിച്ചറിയാറുണ്ട്. അവരിൽ ചികിത്സ ഫലപ്രദവുമാണ് 

നിർത്താതെയുള്ള ചുമ, നീണ്ടകാലമായുള്ള ചുമ, പുകവലിക്കാരിലുള്ള ചുമയിൽ ഉള്ള വ്യത്യാസം, ചുമയോടൊപ്പം രക്തം തുപ്പുക, നെഞ്ചുവേദന, ശ്വാസംമുട്ട് അല്ലെങ്കിൽ കുറച്ചു ശരീരം അനങ്ങുമ്പോഴേക്കും ശ്വസം തീരെ കിട്ടാതെ വരിക, ശബ്ദത്തിലുള്ള വ്യത്യാസം, ജോലി ചെയ്യാൻ ആയാസമേറുക തുടങ്ങിയ ലക്ഷണങ്ങൾ അർബുദത്തിന്റെതാകാം. എന്നാൽ ഇവ ശ്വാസകോശസംബന്ധമായ ഏതു രോഗത്തിന്റെയും ലക്ഷണമാണ്. അതുകൊണ്ടുതന്നെ വിദഗ്ധനായ ഡോക്ടർക്കു മാത്രമേ തിരിച്ചറിയാനാകൂ. 

വായിലെ കാൻസർ : നേരത്തേ കണ്ടെത്താൻ
പല്ലു തേച്ചു കഴിഞ്ഞു വായ കഴുകി കഴിഞ്ഞതിനുശേഷം അഞ്ചു മിനിറ്റു കണ്ണാടിയുടെ മുമ്പിൽ ചെലവഴിക്കാമെങ്കിൽ എളുപ്പം ഈ രോഗം കണ്ടുപിടിക്കാം. വായ സൂക്ഷ്മമായി നോക്കണം. ആദ്യം വായയുടെ മുന്നിലെ അറ്റം തുടങ്ങി മോണയുടെ ഭാഗം തൊണ്ട അവസാനമായി കവിളുകളുടെ ഉൾഭാഗം എന്നിങ്ങനെ പരിശോധിക്കുക. സംശയകരമായ പാടുകളോ , വ്രണങ്ങളോ മുഴകളോ , വേദനയുള്ള ഭാഗങ്ങളോ കണ്ടാൽ ഉടനെ ഒരു ഡെന്റിസ്റ്റിനെ അല്ലെങ്കിൽ ഒരു സർജനെ സമീപിച്ചു ബയോപ്സി ടെസ്റ്റ് നടത്താം.

വൻകുടലിലെ കാൻസർ : വയറിളക്കവും മലബന്ധവും
രോഗലക്ഷണങ്ങൾ പലപ്പോഴും ആരംഭദശയിൽ വളരെ പ്രകടമായികൊള്ളണമില്ല. എങ്ങിലും ഇനി പറയുന്ന രോഗലക്ഷണങ്ങൾ ഉള്ളവർ കൂടുതൽ പരിശോധന ചെയ്യുന്നതു നല്ലതായിരിക്കും 
മലദ്വാരത്തിലൂടെയുള്ള രക്തസ്രാവം 
ശോധന ശരിയാംവണ്ണം ആകാത്തവർ ഒരിക്കൽ വയറിളകി പോവുക അതുകഴിഞ്ഞു മലബന്ധമായി മാറി വരിക 
മലബന്ധം മാത്രമായി വരിക 
മലദ്വാരത്തിനടുത്ത് വേദന, പുകച്ചിൽ , അസ്വസ്ഥത 
മലത്തിൽ കഫം ധാരാളമായി പോവുക 

പലരും വൻകുടലിൽ നിന്നുള്ള രക്തസ്രാവം പൈൽസ് ആണ് എന്നു തെറ്റിദ്ധരിച്ചു സ്വയം ചികിത്സ നടത്താറുണ്ട്. പിന്നീട് മലം പോകാൻ പ്രയാസമോ വേദനയോ ഉണ്ടാകുമ്പോൾ മാത്രമേ കാൻസറാണെന്ന് സംശയിക്കുകയുള്ളൂ. അപ്പോഴേക്കും അസുഖം മൂർച്ഛിച്ചിട്ടുണ്ടാവും. ഏതു രക്തസ്രാവവും വിദഗ്ധനായ ഒരു ഡോക്ടറെ കൊണ്ടു പരിശോധിപ്പിച്ചു കാൻസറല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. 

ഡോ. നാരായണൻ കുട്ടി വാര്യർ
സീനിയർ കൺസൾട്ടന്റ് ഹെഡ്, ഓങ്കോളജി സെന്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്

രൂപഭംഗി കുറയാതെ ശസ്ത്രക്രിയ

റേഡിയേഷൻ ഓങ്കോളജി, കീമോതെറപ്പി, മറ്റു മരുന്നുകൾ ഇവയെല്ലാം കാൻസർ ട്രീറ്റ്മെന്റിൽ പ്രധാന പങ്കു വഹിക്കുന്നുണ്ടെങ്കിലും ശസ്ത്രക്രിയയാണു പരമ്പരാഗതമായതും ഏറ്റവും സാധാരണവും ശസ്ത്രക്രിയ കൊണ്ടു കാൻസർ ചികിത്സ നടത്തുന്ന വിഭാഗമാണു സർജിക്കൽ ഓങ്കോളജി . സർജിക്കൽ ഓങ്കോളജിസ്റ്റ് അല്ലെങ്കിൽ ഓങ്കോസർജൻ , ജനറൽ സർജൻ തന്നെയാണ് . കാൻസർ ശസ്ത്രക്രിയ വിഭാഗത്തിൽ പ്രത്യേക പരിശീലനവും പ്രാവീണ്യവും നേടിയ സർജനെയാണ് സർജിക്കൽ ഓങ്കോളജിസ്റ്റ് എന്നു വിളിക്കുന്നത്. അതിവേഗം പുരോഗമിക്കുന്ന ശസ്ത്രക്രിയ വിഭാഗമായി കാൻസർ സർജറി ഇന്നു മാറിയിരിക്കുന്നു. 

സ്തനാർബുദ ശസ്ത്രക്രിയ
മിക്കപ്പോഴും അർബുദം ബാധിച്ച സ്തനം ശസ്ത്രക്രിയ ചെയ്തു നീക്കേണ്ടിവരും. അത് സ്ത്രീകൾക്ക് ഒരു വലിയ ആഘാതമാവും— ശാരീരികമായും മാനസികമായും ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ട് ഈ രംഗത്തു നടത്തിയ ശ്രമങ്ങൾ ഇന്ന് ഏറെ ഫലം കണ്ടിട്ടുണ്ട്. സ്തനം നീക്കം ചെയ്യുകയെന്നതുമാത്രമല്ല സ്തന ശസ്ത്രക്രിയയുടെ ഇന്നത്തെ ലക്ഷ്യം . മറിച്ച് സ്തനത്തിന്റെ ആകൃതി കഴിയുന്നത്ര നിലനിർത്തിക്കൊണ്ട് ഏറ്റവും ഫലപ്രദമായ ചികിത്സ രോഗിക്കു കൊടുക്കനാണ് അടുത്ത കാലത്തായി ശ്രമിക്കുന്നത്. ഓങ്കോളജിസ്റ്റുകളും പ്ലാസ്റ്റിക് സർജൻമാരും ഒരുമിച്ചു പ്രവർത്തിച്ചാലേ ഇതു സാധിക്കൂ. സ്തനത്തിന്റെ കുറച്ചു ഭാഗമേ കാൻസർ ബാധിതമായിട്ടുള്ളൂവെങ്കിൽ ആ ഭാഗം മാത്രം മുറിച്ചു നീക്കിയാൽ മതി. ബാക്കി ഭാഗം നിലനിർത്താം. സ്തനം പുനർനിർമിക്കുകയും ചെയ്യാം. ബ്രെസ്റ്റ് കൺസർവേഷൻ ട്രീറ്റ്മെന്റ് എന്നാണിതിനു പറയുക. ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് സർജറി എന്ന ഒരു വിഭാഗം തന്നെ ഇപ്പോൾ വളർന്നുവന്നിട്ടുണ്ട്. സ്തന പുനർനിർമാണത്തിന്റെ ഒരു രീതിയാണു മൈക്രോസർജിക്കൽ ഫ്രീ ഫ്ളാപ് ബ്രെസ്റ്റ് റീകൺസ്ട്രക്ഷൻ ഉദരഭാഗത്തെയും മറ്റും കോശങ്ങൾ ആ ഭാഗങ്ങളിൽ നിന്നെടുത്തു മാറത്തു സ്ഥാപിക്കുന്നു. അതീവശ്രദ്ധയും ക്ലേശവും സമയവും ആവശ്യമുള്ള ഈ ശസ്ത്രക്രിയയുടെ ഫലം ഗംഭീരമാണ് 

ലിംഫ് നോഡുകളുടെ കാര്യത്തിൽ തുറന്ന ശസ്ത്രക്രിയ (ഡിസെക്ഷൻ ) ഒഴിവാക്കി ഇൻസിഷനിൽ ഒതുക്കുന്ന ഒരുരീതിയാണു സെന്റിനൽ ലിംഫ് നോഡ് ബയോപ്സി. ഈ ടെക്നിക് സ്തനാർബുദത്തിന്റെ ആദ്യഘട്ടത്തിലും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഫ്രീഫ്ളാപ് ഉപയോഗിച്ചുള്ള പുനർ നിർമാണം ഹെഡ് ആൻഡ് നെക്സർജറിയിലും സാധ്യമാണ്. താടിയെല്ലിനു കാൻസർ ബാധിച്ചാൽ ഫ്രീഫ്ളാപ്പുകൾ ഉപയോഗിച്ചു ശസ്ത്രക്രിയ നടത്താം. വയറ്റിൽ നിന്നോ, തുടയിൽനിന്നോ, കാലിൽ നിന്നോ കൈയുടെ മുൻഭാഗത്തുനിന്നോ എടുത്ത ഫ്ളാപ്പുകൾ കൊണ്ടു താടി പുനർനിർമിക്കാവുന്നതാണ്. 

കീഹോൾ ശസ്ത്രക്രിയ
ചെറിയ മുറിവു മാത്രമുണ്ടാക്കി നടത്തുന്ന ശസ്ത്രക്രിയയാണല്ലോ ലാപ്രോസ്കോപിക് അഥവാ കീഹോൾ ശസ്ത്രക്രിയ . ഇത് അടുത്ത കാലം വരെ കാൻസറേതര ശസ്ത്രക്രിയകൾക്കേ പ്രയോജനപ്പെടുത്തിയിരിന്നുള്ളൂ. രോഗിയുടെ വേദന കുറയ്ക്കുന്ന ആശുപത്രിയിൽ കഴിയേണ്ട സമയവും ചുരുക്കുന്ന , കീഹോൾ സർജറി ഇപ്പോൾ കാൻസർ ചികിത്സയിലും ഉപയോഗിക്കുന്നു. കോളൻ കാൻസർ , റെക്റ്റം കാൻസർ , ഈസോഫാഗൽ കാൻസർ ഇവയ്ക്കെല്ലാം ഇപ്പോൾ കീഹോൾ സർജറി നടത്താറുണ്ട് 

റോബോട്ടിക് സർജറി
കംപ്യൂട്ടറിന്റെ സഹായത്തോടെ , റോബോട്ടിക് കൈകൾ ഉപയോഗിച്ചു രോഗിയെ ഓപ്പറേറ്റു ചെയ്യുന്ന അത്യാധുനിക സംവിധാനമാണു റോബോട്ടിക് സർജറി. സർജനും രോഗിയും അടുത്തടുത്തു വേണ്ട; സൂക്ഷ്മതയും കൃത്യതയും കൂടും, ഡോക്ടറുടെ ടെൻഷൻ കുറയും, ഇതൊക്കെയാണ് ഈ ശസ്ത്രക്രിയപ്രത്യേകതകൾ. ഗൈനക് ഓങ്കോളജി , ഈസോഫാഗൽ സർജറി , പെൽവിക് സർജറി —ഈ രംഗത്തെല്ലാം റോബോട്ടിക് സർജറി നടത്താറുണ്ട്. പ്രോസ്റ്റേറ്റ് സർജറിയിലാണു റോബോട്ട് ഏറ്റവും പ്രസിദ്ധി നേടിയിട്ടുള്ളത്. വായിലെ കാൻസറുകൾക്കും ഇതു ഫലപ്രദമാണ്. ചെലവ് വളരെ കൂടുതലാണ് എന്നതാണ് ഇതിന്റെ പരിമിതി 

ലിംബ് സാൽവേജ് സർജറി
20— 25 വർഷങ്ങൾക്കു മുമ്പു കാലിനോ കൈക്കോകാൻസർ വന്നാൽ അതു മുറിച്ചുകളയുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പക്ഷേ , ഇന്നു ശസ്ത്രക്രിയാരംഗത്തു വന്ന പുരോഗതി കാരണം കൈയോ കാലോ മുറിക്കാതെ സംരക്ഷിച്ചുകൊണ്ടുതന്നെ , കാൻസർ ചികിത്സ നടത്താം. ശസ്ത്രക്രിയയിൽ കൂടിയുള്ള ഈ ചികിത്സരീതിക്കാണു ലിംബ് സാൽവേജ് സർജറി എന്നു പറയുന്നത് പ്രധാനമായും കൈയുടെയോ കാലിന്റെയോഎല്ലുകൾക്കോ സോഫ്ട് ടിഷ്യുവിനോ വരുന്ന കാൻസറിനാണ് ഈ ചികിത്സ.ചികിത്സ കൊണ്ടു കാര്യമായ വൈകൃതമൊന്നും അവയവങ്ങൾക്ക് ഉണ്ടാകില്ല. പ്രവർത്തനക്ഷമതയ്ക്കും കാര്യമായ പ്രശ്നം ഉണ്ടാകില്ല. ബോൺ ട്യൂമറിനും ബോൺസാർകോമയ്ക്കുമാണ് ഈ ചികിത്സരീതി പ്രയോഗിക്കാറ്. കൈക്കും കാലിനും ഉണ്ടാകുന്ന സോഫ്ട് ടിഷ്യു സാർകോമയ്ക്കും അപൂർവമായി ഈ രീതി പ്രയോഗിക്കും. 

ലേസർ ചികിത്സ
സർജന്റെ കത്തിക്കു പകരം ഉപയോഗിക്കാവുന്ന പ്രകാശരശ്മിയാണു ലേസർ. അതിസൂക്ഷ്മമായ ശസ്ത്രക്രിയകൾക്ക് ഇതു ഡോക്ടറെ വളരെ സഹായിക്കുന്നു. അതിശക്തമായ ലേസർ രശ്മികൾ ഉപയോഗിച്ചു കാൻസറും മറ്റ് അസുഖങ്ങളും ചികിത്സിക്കുന്ന രീതിയാണു ലേസർ ചികിത്സ. കാൻസർ മുഴകളെ ചെറുതാക്കാനും നശിപ്പിക്കാനും വളർച്ചകളെ നശിപ്പിക്കാനും ലേസർ ചികിത്സയ്ക്കു കഴിയും ഉപരിതലത്തിലുള്ള (തൊലിപ്പുറത്തും മറ്റും ) കാൻസറിനെതിയെയും ചിലതരം കാൻസറുകളുടെ ആരംഭദശയിലും (ഉദാ : സ്ത്രീയുടെ ഗുഹ്യഭാഗം , പുരുഷലിംഗം , ശ്വാസകോശം മുതലായവയുമായി ബന്ധപ്പെട്ട കാൻസറുകൾ ) ലേസർ ചികിത്സ സാധാരണയായി ചെയ്യുന്നു. കാൻസറുമായി ബന്ധപ്പെട്ട ചില ബുദ്ധിമുട്ടുകൾ കുറയ്ക്കാനും ഈ ചികിത്സാ രീതി ഉപയോഗിക്കുന്നു ഉദാഹരണത്തിനു രക്തസ്രാവം , ബ്ലോക്, ശ്വാസനാളത്തെയോ അന്നനാളത്തെയോ ബ്ലോക് ചെയ്യുന്ന മുഴയെ ചെറുതാക്കനോ നശിപ്പിക്കാനോ ലേസർ ചികിത്സകൊണ്ടു കഴിയും. വയറ്റിലെ മുഴകളെയും ഈ വിധത്തിൽ നശിപ്പിക്കാം. വൈദഗ്ധ്യം നേടിയ സർജൻമാർക്കു പല അത്ഭുതങ്ങളും ഈ രംഗത്തു സൃഷ്ടിക്കാൻ കഴിയും ശസ്ത്രക്രിയവഴി പൂർണമായും തടയാം. 

പല അർബുദ രോഗങ്ങളിലും അർബുദം ബാധിച്ച ഭാഗം എത്രയും വേഗം നീക്കം ചെയ്യുന്നത് രോഗത്തെ പൂർണമായും തടഞ്ഞു നിർത്താൻ സഹായിക്കും. മരുന്നു ചികിത്സയും റേഡിയേഷനും ഒഴിവാക്കാറില്ല എങ്കിലും സോളിഡ് ട്യൂമർ പോലുള്ളവയിൽ ചിലപ്പോൾ ശസ്ത്രക്രിയ മാത്രം കൊണ്ടു തന്നെ കാൻസറിനെ നീക്കാനായെന്നും വരാം. സർജറിമൂലം കാൻസർ മറ്റു ഭാഗങ്ങളിലേക്ക് പടരാനിടയുണ്ടോയെന്ന് പലപ്പോഴും സംശയം ഉയരാറുണ്ട്. സാധാരണ നിലയിൽ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത കുറവാണ്. ഇക്കാര്യത്തിൽ ബയോപ്സി വേളയിലും കാൻസർ ശസ്ത്രക്രിയാവേളയിലും സർജന്മാർ അതീവ കരുതൽ എടുക്കുന്നതിനാൽ പടരാനുള്ള സാധ്യത കുറയുന്നു. 

ഡോ. ഷാജി തോമസ്
അഡീഷണൽ പ്രഫസർ സർജിക്കൽ ഓങ്കോളജി,
റീജിയണൽ കാൻസർ സെന്റർ , തിരുവനന്തപുരം

കാൻസർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവുമധികം പേരുടെ ജീവനെടുക്കുന്ന രോഗമാണ് കാൻസർ എന്ന അർബുദം. ഇതൊരു പുതിയ രോഗമല്ല. അതിപുരാതനകാലം മുതൽക്കേ ഈ രോഗമുണ്ടായിരുന്നു. മാരകമായ മുഴ എന്നർത്ഥം വരുന്ന കാർസിനോമ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് കാൻസർ എന്ന പദം രൂപപ്പെട്ടത്. എന്നാൽ മരണത്തിന്റെ വ്യാപാരിയാണു കാൻസർ എന്ന ധാരണ ഇന്നു മാറിയിട്ടുണ്ട്. പകർച്ചവ്യാധിയാണു കാൻസർ എന്ന അന്ധവിശ്വാസവും മാറിവരുന്നു. പ്രാരംഭദശയിൽ കണ്ടുപിടിക്കുകയും കൃത്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്താൽ ഈ രോഗത്തെ വരുതിയിലാക്കാൻ കഴിയും. ഏതൊരു രോഗമായാലും മൂർധന്യാവസ്ഥയിൽ അപകടകാരിയാണ്. അതുപോലെ തന്നെയാണു കാൻസറും. നിർഭാഗ്യവശാൽ വളരെ വൈകി മാത്രമേ കാൻസർ കണ്ടുപിടിക്കപ്പെടുന്നുള്ളു എന്നതാണ് ഈ രോഗം ഒരു കീറാമുട്ടിയായി മാറാനുള്ള കാരണം. 

എന്താണു കാൻസർ?
കോശങ്ങൾ കൊണ്ടാണു ജീവനുള്ള എല്ലാ വസ്തുക്കളും നിർമിച്ചിരിക്കുന്നത് എന്നു നമുക്കറിയാം. ഈ കോശങ്ങളുടെ വളർച്ച, വിഭജനം , പെരുക്കം എന്നിവ നിയന്ത്രിക്കുന്നതു കോശങ്ങളിലെ ജീനുകൾ ആണ്. ഈ ജീനുകളിലുണ്ടാകുന്ന വ്യതിയാനങ്ങൾ അഥവാ മ്യൂട്ടേഷൻ മൂലം കോശങ്ങൾ അനിയന്ത്രിതമായി പെരുകുകയും ആ കോശസമൂഹം ഉൾപ്പെട്ട അവയവങ്ങളുടെ പ്രവർത്തനങ്ങൾ തകരാറിലാവുകയും ചെയ്യുന്നു എവിടെയാണോ ക്രമാതീതമായ ഈ വളർച്ചയുണ്ടാകുന്നത് അതാണു കാൻസർ. ഈ കാൻസർ കോശങ്ങൾക്കു ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കാൻ കഴിയുമെന്ന പ്രത്യേകതയും (മെറ്റാസ്റ്റാസിസ്) ഉണ്ട്. ഏകദേശം 200 ൽ പരം കാൻസറുകൾ ഇന്നു കണ്ടെത്തിയിട്ടുണ്ട്. ഓരോ കാൻസറിനുമുള്ള കാരണം, ജനിതക— രാസിക പ്രത്യേകതകൾ, വളർച്ചാനിരക്ക് ചികിത്സയോടുള്ള പ്രതികരണം എന്നിവ വ്യത്യാസപ്പെട്ടിരിക്കുന്നു. 

കാൻസർ വരാതെ നോക്കാം
ഏതാണ്ട് 80 ശതമാനം കാൻസറിന്റെയും കാരണങ്ങൾ നമുക്കറിയാം. അതുകൊണ്ടുതന്നെ അവയെ പ്രതിരോധിക്കാനായാൽ കാൻസറുകളിൽ ഭൂരിഭാഗവും വരാതെ നോക്കാൻ നമുക്കാവും. പുകയില, തെറ്റായ ഭക്ഷണക്രമം അമിതവണ്ണം , വ്യായാമക്കുറവ്, ചിലതരം വൈറസ് ബാധകൾ തുടങ്ങിയ കാൻസർ വർധിപ്പിക്കുന്ന പല സാഹചര്യങ്ങളെയും നമുക്കു നിസ്സാരമായി പ്രതിരോധിക്കാവുന്നതേയുള്ളൂ. ചുരുക്കിപറഞ്ഞാൽ ഇന്നു കാണുന്ന കാൻസർ രോഗങ്ങളിൽ മൂന്നിലൊന്നും ശരിയായ ആരോഗ്യ പരിപാലനം വഴി മാത്രം നമുക്ക് നിയന്ത്രിക്കാനാകും. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ നല്ലതല്ലേ വരാതെ നോക്കുന്നത് . അതിനായി കാൻറിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് നമ്മൾ മനസിലാക്കണം. കാൻസറിനേക്കുറിച്ച് ലോകാരോഗ്യസംഘടനയുടെ മുദ്രവാക്യം തന്നെ അറിവ് പ്രവൃത്തിയിലേക്ക് എന്നാണ്. കാൻസർ പ്രതിരോധത്തിനു നമുക്ക് പ്രാവർത്തികമാക്കാവുന്ന 25—ൽ പരം അറിവുകളാണ് ഇവിടെ പങ്കിടുന്നത്. ഇവയിൽ പലതും അതീവ ലളിതമാണ്. —പക്ഷേ ഏറെ ഗുണപ്രദവും. 

നിത്യേന വ്യായാമം
പതിവായി വ്യായമം ചെയ്യുന്നതിന്റെ ഗുണങ്ങൾ എല്ലാവർ—ക്കുമറിയാം. എന്നാൽ പല കാൻസറുകളും തടയാൻ അതൊരു ഫലപ്രദമായ മാർഗം കൂടിയാണ്. വ്യായാമത്തിലൂടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയുക വഴി സ്തനാർബുദം , ഗർഭാശയാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, വൻകുടൽ കാൻസർ എന്നിവയൊക്കെ ഒരു പരിധിവരെ തടയാം. നിത്യേന അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. ആഴ്ചയിൽ എല്ലാ ദിവസവും ചെയ്യാൻ കഴിയാത്തവർ അഞ്ചു ദിവസമെങ്കിലും മുടങ്ങാതെ ചെയ്യണം. വ്യായാമം എന്നു പറഞ്ഞാൽ ജിമ്മിൽ പോകണമെന്നില്ല. വേഗത്തിലുള്ള നടത്തം, എയ്റോബിക്സ്, നൃത്തം, ജോഗിങ്ങ്, സൂര്യനമസ്കാരം, യോഗ , വീട്ടിൽ വച്ചു ചെയ്യാവുന്ന മറ്റ് വ്യായാമങ്ങൾ, എന്നിവയൊക്കെ ആവാം. 

നിറമുള്ള പഴങ്ങൾ കഴിക്കാം
വിവിധ വർണങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഇലക്കറികളും മാറി മാറി ഉപയോഗിക്കുന്നതു ശീലമാക്കുക. ഇതുവഴി വിവിധ സൂക്ഷ്മപോഷകങ്ങൾ ശരീരത്തിനു ലഭിക്കും. പച്ചക്കറികളിൽ നാരുകൾ ധാരാളമുള്ളതിനാൽ അതു കാൻസർ പ്രതിരോധത്തിനുതകും . ഈ ഇലക്കറികൾ മലബന്ധം തടയാനും അമ്ലത കുറയ്ക്കാനും സഹായിക്കുന്നവയാണ്. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന അന്റി ഓക്സിഡന്റുകൾ പച്ചക്കറികളിലും പഴങ്ങളിലും ധാരാളമുണ്ട്. മാത്രമല്ല ദഹനവ്യവസ്ഥയിലെ മാലിന്യങ്ങളെ പുറന്തള്ളാനും ഈ ആഹാരരീതി പ്രയോജനകരമാണ്. ദിവസേന ഒരു നേരമെങ്കിലും പച്ചയായപച്ചക്കറികൾ കൊണ്ടുള്ള സാലഡ്ശീലമാക്കണം. മാങ്ങ, ചക്കപ്പഴം, നെല്ലിക്ക, പപ്പായ, വാഴപ്പഴം, സപ്പോട്ട, കൈതച്ചക്ക, പേരയ്ക്ക തുടങ്ങി നമ്മുടെ നാട്ടിൽ സുലഭമായ പഴങ്ങൾ ഉപയോഗിച്ചാൽ അതു കടുംബബജറ്റിനെ കാര്യമായി ബാധിക്കുകയുമില്ല. തക്കാളി , കാരറ്റ്, മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക, കോവയ്ക്ക, ചീര ,മുരിങ്ങയില തുടങ്ങി വിവിധയിനങ്ങളിലുള്ള ഇലക്കറികളും പച്ചക്കറികളും ആകെയുള്ള ഭക്ഷണത്തിന്റെ പകുതിയെങ്കിലും ഉണ്ടാവണം. അതായത് ദിവസവും 500 മുതൽ 800 ഗ്രാം വരെ പഴങ്ങളും പച്ചക്കറികളും കഴിക്കണം. ഇവയൊക്കെ നന്നായി കഴുകി കീടനാശിനി വിമുക്തമാണെന്ന് ഉറപ്പുവരുത്താൻ മറക്കേണ്ട. 

പൊണ്ണത്തടി വേണ്ടേ വേണ്ടേ
ശരീരത്തിന് അമിതമായി തൂക്കം കൂടാതിരിക്കാൻ ശ്രദ്ധിക്കണം. കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടി നിൽക്കുന്നത് കാൻസർ സാധ്യത കൂട്ടുന്നു. ഭക്ഷണനിയന്ത്രണം കൊണ്ടും വ്യായാമം കൊണ്ടും തൂക്കം കുറയ്ക്കാൻ ശ്രമിച്ചിട്ടും നിശ്ചിത കാലയളവിനുള്ളിൽ കുറഞ്ഞില്ലെങ്കിൽ ഡോക്ടറുടെ സഹായം തേടുക. മെറ്റബോളിക് തകരാറുകൾ കണ്ടുപിടിക്കാനുള്ള പരിശോധനകളും നടത്തേണ്ടി വരും. 

ഉച്ചവെയിലിനെ ഒഴിവാക്കാം
അൾട്രാവയലറ്റ് രശ്മികൾ അമിതമായി ശരീരത്തിൽ പതിക്കുന്നതാണു ത്വക്ക് കാൻസറിനു കാരണം. നമ്മുടെ നാട്ടിൽ ഈ കാൻസർ അത്ര സാധാരണമല്ലെങ്കിലും പല പാശ്ചാത്യ രാജ്യങ്ങളിലും സാധാരണമായ കാൻസറാണിത്. തടയാൻ കഴിയുന്ന കാൻസറാണിത് എന്നതാണ് പ്രാധാന കാര്യം. നട്ടുച്ചവെയിലത്തു കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക. അതിനു കഴിഞ്ഞല്ലെങ്കിൽ തന്നെ അധിക സമയം ഉച്ചവെയിൽ ചർമത്തിൽ വീഴാതിരിക്കാൻ നോക്കണം. കുട ഒരു സംരക്ഷണകവചമാക്കാം. സൺ പ്രൊട്ടക്ക്ഷൻ ഫാക്ടർ കൂടുതലുള്ള സൺസ്ക്രീൻ ലോഷൻ പുരട്ടി പുറത്തിറങ്ങിയാൽ അൾട്രാവയലറ്റ് രശ്മികളെ ഒരു പരിധി വരെ തടയാം. മേലാകെ മൂടുന്ന വസ്ത്രം, സൺഗ്ലാസ്, തൊപ്പി എന്നിവയൊക്കെ മറ്റു ചില മാർഗങ്ങളാണ്. 

ദിവസം 20 മിനിറ്റ് ധ്യാനം
ശരീരത്തിനെയും മനസ്സിനെയും സന്തുലനരേഖയിൽ കൊണ്ടുവരാനുള്ള ഏറ്റവും നല്ല ഉപാധിയാണു ധ്യാനം. കാൻസർ ഒരു സൈക്കോസൊമാറ്റിക് (മനോ —ശരീരജന്യ) രോഗമായി കൂടി പലപ്പോഴും വിലയിരുത്തപ്പെടുന്നതിനാൽ ധ്യാനം തീർച്ചയായും ഗുണകരമാണ്. പ്രതിരോധശേഷി വർധിപ്പിക്കാനും വൈകാരികസംഘർഷങ്ങൾ കുറയ്ക്കാനും അതുവഴി കോശങ്ങൾക്കു സ്വാസ്ഥ്യം നൽകാനും ധ്യാനം സഹായിക്കും. ധ്യാനിക്കാൻ മതവിശ്വാസമൊന്നും വേണമെന്നില്ല. ശ്വാസോച്ഛ്വാസത്തിൽത്തന്നെ മനസ്സുറപ്പിച്ചാൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ ധ്യാനാവസ്ഥയിലേക്കു പോകാൻ കഴിയും. ധ്യാന വിശ്രാന്തിയിലൂടെ ലഭിക്കുന്ന നല്ല ഹോർമോണുകളുടെ പ്രവർത്തനവും കാൻസർ പ്രതിരോധത്തിനു സഹായിക്കും. 

പരിസ്ഥിതി മലിനമാക്കരുത്
ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം , കഴിക്കുന്ന ഭക്ഷണം എന്നിവ ശുദ്ധമാകണമെങ്കിൽ പരിസ്ഥിതി മലിനമാകാതെ സൂക്ഷിക്കണം. വാഹനങ്ങളുടെയും ഫാക്ടറികളുടെയും രാസവിഷപ്പുകയിൽ നിന്നു കഴിയുന്നത്ര അകന്നു നിൽക്കുക. പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ കത്തിക്കുമ്പോഴുണ്ടാകുന്ന ഡയോക്സിൻ വാതകം ഏറെ അപകടകാരിയാണ്. അതിനാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാതിരിക്കാനും അതിന്റെ പുക ശ്വസിക്കാതിരിക്കാനും ശ്രദ്ധിക്കണം. ജൈവ രാസ മാലിന്യങ്ങളെ വേർതിരിച്ച് ശ്രദ്ധയോടെ വേണം സംസ്കരിക്കാൻ 

പാൻമസാല വേണ്ട
പുകയിലയും പാക്കും ആസക്തിയുണ്ടാക്കുന്ന രാസവസ്തുക്കളും ചേർത്തു പാക്കറ്റിലാക്കുന്ന പാൻ ഇല്ലാത്ത ലഹരിമസാലയാണ് പാൻമസാല. ഒരുപക്ഷേ പാൻ അഥവാ വെറ്റിലയുണ്ടായിരുന്നെങ്കിൽ പുകയില, പാക്ക് എന്നിവയുടെ ദോഷഫലങ്ങൾ ചെറിയ അളവിലെങ്കിലും കുറച്ചേനെ. കുറച്ചുനാളത്തേ ഉപയോഗം കൊണ്ടുതന്നെ ഈ ശീലത്തിനടിമയാവുന്ന കുട്ടികളും യുവാക്കളും മരണപ്പൊതിയാണു മോണയ്ക്കിടയിൽ വച്ചു നുണഞ്ഞിറക്കുന്നത്. ആദ്യഘട്ടത്തിൽ സബ്മ്യൂക്കസ് ഫൈബ്രോസിസ് എന്ന പേരിലുള്ള പേശീചലനരാഹിത്യം ഉണ്ടാവുകയും ക്രമേണ അതു കാൻസറായി പരിണമിക്കുകയും ചെയ്യും. വദനാർബുദം സാധാരണഗതിയിൽ മദ്യവയസ്സു കഴിഞ്ഞവരിലാണു കണ്ടിരുന്നത്. എന്നാൽ അടുത്ത കാലത്തായി ചെറുപ്പക്കാരിലും വായിലെ കാൻസർകണ്ടു തുടങ്ങിയിരിക്കുന്നതു വലിയൊരു അപകടത്തിന്റെ സൂചനയാണ്. ഈ അപകടം മുന്നിൽ കണ്ടുകൊണ്ടു കേരള സർക്കാർ പാൻമസാല നിരോധിച്ചതു നല്ല കാര്യമാണ്. നാക്ക്, കവിൾ, അണ്ണാക്ക് എന്നിവിടങ്ങളിൽ കാൻസർ ബാധിച്ചു ജീവിതത്തിന്റെ വസന്തകാലം നഷ്ടപ്പെടാതിരിക്കണമെങ്കിൽ നോ പാൻ മസാല എന്ന ബോർഡ് മനസ്സിന്റെ ഭിത്തിയിൽ തൂക്കിയിടുക. 

പുകവലിയും നിഷ്ക്രിയ പുകവലിയും ഒഴിവാക്കുക
കാൻസറിന്റെ പ്രധാന കാരണങ്ങളിലൊന്നായി അരനൂറ്റാണ്ടുമുമ്പേ തന്നെ കണ്ടുപിടിക്കപ്പെട്ട വില്ലനാണു പുവലി. ശ്വാസകോശം, വായ, തൊണ്ട, അന്നനാളം, ശൗബ്ദപേടകം, മൂത്രാശയം, വൃക്ക, പാൻക്രിയാസ് എന്നീ അവയവങ്ങളിലെ കാൻസറുകളിൽ പുകയില പ്രധാന ഹേതുവാണ്. ഒരറ്റത്തു തീയും മറ്റേയറ്റത്ത് ഒരു വിഡ്ഢിയുമെന്നാണ് പുകവലിക്കാരെക്കുറിച്ചു ഒരു മഹാൻ പറഞ്ഞത്. യാതൊരു ഗുണവുമില്ലാത്ത ഈ ദുശീലം ഉപേക്ഷിക്കുന്നതോടെ കാൻസറിനുള്ള സാധ്യതയും കുറയുന്നു. ഇതുവരെ പുകവലി ശീലമില്ലാത്തവർ അതൊരിക്കലും തുടങ്ങാതിരിക്കുക പുകവലി ശീലമുള്ളവർ ഇന്നുതന്നെ ഉപേക്ഷിക്കുക. 191 ൽ ബ്രീട്ടിഷ് മെഡിക്കൽ ജേണലിലാണു പുകവലിക്കാരോടൊപ്പം സഹവസിക്കുന്ന പുകവലിക്കാരല്ലാത്ത സ്ത്രീകളിൽ ശ്വാസകോശ കാൻസർ കാണുന്നു എന്ന റിപ്പോർട്ട് ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിനുശേഷം നടന്ന വിവിധ പഠനങ്ങൾ ഈ കണ്ടെത്തൽ സ്ഥിരികരിച്ചിട്ടുണ്ട്. ഇതു കൂടാതെ പാരാനേസൽ സൈനസ് കാൻസർ , സ്തനാർബുദം എന്നിവയും ഇത്തരം സ്ത്രീകളിൽ കൂടുതലായി കണ്ടെത്തി. കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും മുന്നിലിരുന്നു പുകക്കതിന പൊട്ടിക്കുന്ന മുതിർന്നവർ ഓർക്കുക— അവർക്കു നിങ്ങൾ കൊടുക്കുന്നതു ചെയ്യാത്ത കുറ്റത്തിനുള്ള ശിക്ഷയാണ്. 

മദ്യം അമിതമാകരുത്
മദ്യം അമിതമായി കഴിക്കുന്നവരിൽ ശ്വാസകോശാർബുദം, ശബ്ദപേടകാർബുദം, അന്നനാളകാൻസർ, കരൾ കാൻസർ എന്നിവ കൂടുതലായി കാണുന്നു. മദ്യത്തോടൊപ്പം പുകവലിശീലം കൂടിയുണ്ടെങ്കിൽ അപകടസാധ്യത പിന്നെയും കൂടുന്നു. വെള്ളത്തിൽ ലയിക്കാത്ത ചില പുകയില രാസികങ്ങൾ മദ്യത്തിൽ ലയിക്കുകയും പെട്ടെന്ന് ആഗിരണം ചെയ്യുന്നതുമാണ് കാരണം. മദ്യം സ്ഥിരമായി കഴിക്കുന്നവരിൽ കണ്ഠനാളത്തിന്റെയും അന്നനാളത്തിന്റെയും സ്തരത്തിൽ ചില വ്യതിയാനങ്ങളും ഉണ്ടാവും. അമിത മദ്യപാനികളിൽ ലിവർ സിറോസിസ് ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ലിവർ സിറോസിസ് പിന്നീട് കാൻസറിലേക്കും നയിച്ചേക്കാം. 

വായ പരിശോധിക്കുക
ഇടയ്ക്കൊക്കെ നല്ല വെളിച്ചമുള്ള സ്ഥലത്തുവച്ചു കണ്ണാടിയിലൂടെ സ്വന്തം വായ നിരീക്ഷിക്കുന്നത് കാൻസർ പ്രതിരോധത്തിനുള്ള ഒരു സുപ്രധാന ചുവടുവെയ്പാണ്. വായിലെ വെളുത്ത പാടുകൾ , ചുവന്നപാടുകൾ, തടിപ്പുകൾ, വ്രണങ്ങൾ , പല്ലിന്റെ ഉരസൽ, പല്ലെടുത്തശേഷം കരിയാത്ത വ്രണങ്ങൾ , പൂപ്പൽബാധ എന്നിവയൊക്കെ സ്വയം നോക്കി മനസ്സിലാക്കാൻ സാധിക്കും. . എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കാൻ മടിക്കരുത്. രണ്ടു മാസത്തിൽ ഒരിക്കലെങ്കിലും ഇത്തരമൊരു പരിശോധന നടത്തണം. എരിവും ചൂടുമുള്ള ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അതും ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം. 

മാംസഭക്ഷണം കുറയ്ക്കുക
ബീഫ്, പോർക്ക്, മട്ടൺ തുടങ്ങിയ ചുവന്ന മാംസം കഴിയുന്നത്ര കുറയ്ക്കുക. ഇവയിൽ ധാരാളം മൃഗക്കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ അതുവൻകുടൽ കാൻസറിന്റെ സാധ്യത വർധിപ്പിക്കുമത്രേ. ഇതു ധാരാളമായി കഴിക്കുന്നതു മൂലമുള്ള പൊണ്ണത്തടിയും കാൻസറിനു കളമൊരുക്കും. ചിക്കൻ, മത്സ്യം മുട്ടയുടെ വെള്ള, പയറുവർഗങ്ങൾ എന്നിവ മാംസ്യത്തിന്റെ ആവശ്യം നിറവേറ്റും. ഇവയൊക്കെ കൊഴുപ്പു കുറച്ചു പാചകം ചെയ്യണമെന്നുമാത്രം. ഉയർന്ന ഊഷ്മാവിൽ പാകം ചെയ്തതും കരിഞ്ഞതുമായ മാംസം കഴിവതും ഒഴിവാക്കണം 

എണ്ണയിൽ വറുത്തവ നന്നല്ല
ആഹാരത്തിലൂടെ അകത്തുചെല്ലുന്ന കൊഴുപ്പ് എത്ര കുറഞ്ഞിരിക്കുന്നുവോ അത്രയും നന്ന്. ഉപ്പേരി, പർപ്പടകം, മെഴുക്കുപുരട്ടി , വറുത്ത മീൻ വറുത്ത ഇറച്ചി , മുട്ടയുടെ മഞ്ഞക്കരു, പൊറോട്ട, ചിലയിനം ബേക്കറിപലഹാരങ്ങൾ തുടങ്ങിയവ കാൻസർ സാധ്യത കൂട്ടുന്ന തരത്തിലുള്ള കൊഴുപ്പു kകൂടൂതൽ ഉള്ളവയാണ്. ഇതൊക്കെ വളരെ കുറഞ്ഞ അളവിൽ വല്ലപ്പോഴും മാത്രമേ കഴിക്കാവൂ. കൊഴുപ്പു കൂടൂന്നതുവഴി ഈസ്ട്രജൻ ഹോർമോണിന്റെ അളവിലും വ്യത്യാസം വരും. സ്തനാർബുദം , എൻഡോമെട്രിയൽ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയിലൊക്കെ കൊഴുപ്പ് ഒരു ആപേക്ഷിക അപകടകാരിയായി പ്രവർത്തിക്കുന്നുണ്ട്. 

ഫാസ്റ്റ് ഫുഡ് ഒഴിവാക്കാം
കേരളത്തെ കീഴടക്കിക്കഴിഞ്ഞ ഭക്ഷണമായ പൊറോട്ടയിൽ നിന്നു ചപ്പാത്തിയിലേക്കു പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാരുകൾ ഒട്ടുമില്ലാത്ത മൈദയും അമിതമായ അളവിൽ എണ്ണയും ചേർത്തുണ്ടാക്കുന്ന പൊറോട്ട രുചികരമാണെങ്കിലും പോഷകസമൃദ്ധമല്ല. തന്നെയുമല്ല അതു ദഹിക്കാനും പ്രയാസമാണ്. ഇതോടൊപ്പം ഉന്നത ഊഷ്മാവിൽ ആവർത്തിച്ചു തിളപ്പിച്ച എണ്ണയിൽ അജിനോമോട്ടോയും വർണവസ്തുക്കളുമൊക്കെ പുരട്ടി പൊരിച്ചെടുക്കുന്ന കോഴിയും കൂടിയുണ്ടെങ്കിൽ സംഗതി കുശാലാകുമെങ്കിലും അത് ആരോഗ്യകരമായ ഒരു ഭക്ഷണശീലമല്ല. വല്ലപ്പോഴും പൊറോട്ടയും ചിക്കനും കഴിക്കാം. എന്നാൽ നിത്യഭക്ഷണമാക്കുന്നതു നന്നല്ല. ചിക്കൻ മാത്രമല്ല ബീഫ് ഫ്രൈയും മട്ടൻഫ്രൈയുമൊക്കെ അമിതമായി കഴിക്കുന്നത് അനാരോഗ്യത്തിനിടയാക്കും. 

പൂപ്പലേ വിട
പൂപ്പൽ ബാധിച്ച ഭക്ഷണം യാതൊരു കാരണവശാലും കഴിക്കരുത്. അച്ചാറിൽ പൂപ്പൽ കണ്ടാൽ ഒന്നിളക്കിയെടുത്തു വിളമ്പിയാണ് നമ്മുടെ കണ്ണിൽ ചില ഹോട്ടലുകൾ പൊടിയിടുന്നത്. നിലക്കടല, ജിലേമ്പി, ലഡു, ബ്രഡ്, ഉപ്പേരി , കേക്ക് ബേക്കറി പലഹാരങ്ങൾ , അച്ചാറുകൾ തുടങ്ങിയവ എളുപ്പത്തിൽ പൂപ്പൽ ബാധിക്കുന്നവയാണ്. പലപ്പോഴും ഇവയിൽ പൂപ്പലുണ്ടോ എന്നു ശ്രദ്ധിക്കാതെ കഴിക്കുന്നവരുണ്ട്. ഭക്ഷ്യവിഷബാധമൂലമുള്ള വയറിളക്കവും ഛർദിയും മാത്രമല്ല പ്രശ്നം. പൂപ്പലിൽ നിന്നുള്ള അഫ്ളാടോക്സിൻ എന്ന വിഷവസ്തു കരൾ കാൻസറിനും കാരണമാണ്. 

ഉപ്പിലിട്ടവ കുറയ്ക്കുക
ഒരു സ്പൂൺ അച്ചാറുണ്ടെങ്കിൽ അഞ്ചിടങ്ങഴി ചോറു കഴിക്കുന്നവർ കാണും. എരിവും പുളിയും ഉപ്പും എണ്ണയും മസാലയും ചേർന്ന ഈ രുചിക്കൂട്ട് ഉപ്പിന്റെ സമുദ്രമാണ്. അച്ചാറുകൾ കൂടുതലായി ഉപയോഗിക്കുന്ന ജനസമൂഹങ്ങളിൽ നടത്തിയ പഠനങ്ങളിൽ നിന്ന് ഇത് ആമാശയം, കുടൽ എന്നിവിടങ്ങളിലെ കാൻസർസാധ്യത വർധിപ്പിക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. ഉപ്പിട്ടുണക്കിയ മത്സ്യവും അമിതമായി കഴിക്കരുത്. നിരന്തരം ഇത്തരം ഉപ്പിൽപ്പൊതിഞ്ഞ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നതു മൂലം ബി.പി കൂടുകയും ദഹനേന്ദ്രിയത്തിലും തൊണ്ടയ്ക്കുള്ളിലും പ്രശ്നങ്ങളുണ്ടാവുകയും ചെയ്യാം. 

അണുബാധകളിൽ നിന്ന് അകന്നുനില്ക്കുക
ഹെപ്പറ്റൈറ്റിസ് വൈറസ് കരൾ കാൻസറിനും ഹ്യൂമൻ പാപ്പിലോമ വൈറസ് ഗർഭാശയഗളകാൻസറിനും കാരണമാകുന്നു എന്നു തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള അണുബാധകൾ ഉണ്ടാകാതെ സൂക്ഷിച്ചാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന അർബൂദം ഒഴിവാക്കാം. സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധത്തിലൂടെ പുരുഷന്മാരിൽ നിന്നു സ്ത്രീകളിലേക്കു പകരുന്ന വൈറസാണു ഹ്യൂമൻ പാപ്പിലോമ വൈറസ്. അണുബാധയുണ്ടായതിനുശേഷം വർഷങ്ങൾ കഴിഞ്ഞാണു സ്ത്രീകളിൽ ഗർഭാശയകാൻസർ പ്രത്യക്ഷപ്പെടുക. പുരുഷൻമാരിൽ ഈ വൈറസ് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല. അണുബാധകൾ ഉണ്ടായാൽ ചികിത്സകൾ ചെയ്ത് പൂർണമായി മാറ്റാൻ ശ്രദ്ധിക്കണം. 

ഹോർമോൺ സന്തുലനം തകിടം മറിക്കരുത്
സ്ത്രീപുരുഷന്മാർ ആവശ്യത്തിനും അനാവശ്യത്തിനും ഹോർമോൺ ചികിത്സനടത്തി താൽക്കാലിക സൗഖ്യം നേടുന്നതു പതിവായിരിക്കുന്നു. ആർത്തവം മാറ്റിവയ്ക്കാൻ ഇടയ്ക്കിടെ ഹോർമോൺ ഗുളിക കഴിക്കുന്ന സ്ത്രീകളും മനസ്സിൽ പെരുപ്പിക്കാൻ ഹോർമോൺ ഉപയോഗിക്കുന്ന പുരുഷന്മാരും ഉണ്ട്. അമിതമായും അനവസരത്തിലും ഹോർമോൺ ഉപയോഗിക്കുന്നതുമൂലം സ്വാഭാവികമായ ഹോർമോൺ സന്തുലനം തകരാറിലാവുന്നു. ഈസ്ട്രജൻ ഹോർമോൺ സ്തനാർബുദമായും ടെസ്റ്റേസ്റ്റിറോൺ ഹോർമോൺ പ്രോസ്റ്റേറ്റ് കാൻസറുമായും ബന്ധമുള്ള ഹോർമോണുകളാണ്. ഹോർമോണുകളെക്കുറിച്ചുവ്യക്തമായി അറിവുള്ള ഡോക്ടറുടെ നിർദേശപ്രകാരമേ മരന്നുകൾ ഉപയോഗിക്കാൻ പാടുള്ളൂ. 

പെയ്ന്റും ആസ്ബെസ്റ്റോസും
തൊഴിലിടങ്ങളിലെ അപകടകാരികളായ രാസവസ്തുക്കളുമായി സമ്പർക്കമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഗ്യാസോലിൻ, ബെറിലിയം, വിനൈൽ ക്ലോറൈഡ്, നിക്കൽ ക്രോമേറ്റ് , ആഴ്സനിക്, ആസ്ബെസ്റ്റോസ് തുടങ്ങിയവയൊക്കെ അർബുദകാരികളുടെ കൂട്ടത്തിൽപ്പെട്ടതാണ്. തൊഴിലിടങ്ങളിൽ ഈ വസ്തുക്കളിൽ നിന്നു സുരക്ഷ ലഭിക്കുന്നതിനാവശ്യമായ മുൻകരുതൽ എടുക്കണം. സ്പ്രേ പെയ്ന്റിങ് ഉൾപ്പെടെ പെയ്ന്റുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവരും വേണ്ട സുരക്ഷകൾ സ്വീകരിച്ചു വേണം അവ ചെയ്യാൻ 

മൊബൈൽ ഫോൺ അത്യാവശ്യത്തിനു മാത്രം
മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നവരിൽ കാൻസർ സാധ്യതകൂടുമോ എന്നത് ഇപ്പോഴും തർക്കവിഷയമാണ്. ചില പഠനങ്ങളിൽ ഈ സാധ്യത ശരിയാണെന്നു സ്ഥാപിക്കുമ്പോൾ മറ്റു ചില പഠനങ്ങൾ ഇതു നിരാകരിക്കുന്നു. മൊബൈൽ ഫോണിന്റെ ഉപയോഗം കുട്ടികളിൽ പരമാവധി കുറയ്ക്കണം. നീണ്ടു നിൽക്കുന്ന കോളുകൾക്ക് ഹെഡ്സൈറ്റ് അടക്കമുള്ള ഹാൻഡ്സ്ഫ്രീ സൗകര്യങ്ങൾ ഉപയോഗിക്കുന്നത് റേഡിയേഷൻ കുറയ്ക്കും. എന്തായാലും ഇക്കാര്യത്തിൽ കൂടുതൽ വിപുലമായ പഠനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ സംശയ്ത്തിന്റെ ആനുകൂല്യം നൽകി നമുക്കു സെൽ—ഫോൺഉപയോഗത്തിന്റെ തോതു കുറയ്ക്കാം. മണിക്കൂറുകളോളം നീണ്ടുപോകുന്ന ദീർഘസംഭാഷണങ്ങൾക്കായി സെൽഫോൺ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൊച്ചുകുട്ടികളിൽ ഫോൺ ഉപയോഗം പരമാവധി കുറയ്ക്കണം 

റേഡിയേഷൻ പരിശോധന അത്യാവശ്യത്തിനു മാത്രം
ഒരേ സമയം രക്ഷകനും ശിക്ഷകനുമാണ് റേഡിയേഷൻ അഥവാ അണുവികിരണം. കാൻസറിനു കാരണമായ റേഡിയേഷൻ തന്നെയാണു കാൻസർ ചികിത്സിക്കാനും ഉപയോഗിക്കുന്നത്. അടുത്ത കാലത്തായി വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം സി. ടി. സ്കാൻ ഉൾപ്പെടെയുള്ള റേഡിയേഷൻ പരിശോധനകൾ നടക്കുന്നുണ്ട്. സി.ടി. സ്കാൻ, എക്സ്റേ എന്നിവ അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുക. എനിക്കൊരു തലവേദനയുണ്ട് ഡോക്ടറേ ഒരു സി ടി സ്കാൻ ചെയ്യണം എന്ന മട്ടിലുള്ള അഭ്യർഥനകൾ വേണ്ട. അധികമായാൽ അമൃതൃം വിഷം എന്ന തത്വം ഇവിടെ ഓർക്കേണ്ടതാണ്. 

മാമോഗ്രാം
ഇടയ്ക്കിടെ 40 വയസ്സു കഴിഞ്ഞ സ്ത്രീകൾ രണ്ടു വർഷത്തിലൊരിക്കലോ ഡോക്ടർ നിർദേശിക്കുന്ന ഇടവേളകളിലോ മാമോഗ്രാം ചെയ്യണം. സ്തനങ്ങളിൽ കണ്ണുകൊണ്ടു കാണാനോ , സ്പർശിച്ചറിയാനോ സാധ്യമല്ലാത്ത അതിസൂക്ഷ്മമായ മുഴകൾ നേരത്തേ കണ്ടെത്താൻ മാമോഗ്രാം സഹായിക്കും. 

പാപ്സ്മിയർ മറക്കരുത്
മുപ്പതു വയസ്സുകഴിഞ്ഞ പ്രസവിച്ച സ്ത്രീകൾ രണ്ടുവർഷത്തിലൊരിക്കലോ ഡോക്ടർ നിർദേശിക്കുന്ന സമയത്തോ പാപ്സ്മിയർ പരിശോധനയ്ക്കു വിധേയരാകണം. ഗർഭാശയഗള കാൻസർ വർഷങ്ങൾക്കു മുമ്പു തന്നെ കണ്ടുപിടിക്കാൻ ഈ ലളിതമായ പരിശോധന സഹായിക്കും. നേരത്തേയറിഞ്ഞാൽ ഈ അർബുദത്തെ സുരക്ഷിതമായി അതിജീവിക്കാം 

പുരുഷന്മാർക്കു പി. എസ്. എ
മൂത്രതടസം, പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കത്തിന്റെ ഭാഗമായ മറ്റുബുദ്ധിമുട്ടുകൾ എന്നിവ അനുഭവപ്പെടുന്ന പുരുഷന്മാർ വർഷത്തിലൊരിക്കലെങ്കിലും പി. എസ്. എ ടെസ്റ്റ് ചെയ്യണം. പ്രോസ്റ്റേറ്റ് കാൻസർ നേരത്തേ തന്നെ കണ്ടുപിടിക്കാൻ ഈ പരിശോധന സഹായിക്കും 

വാക്സിനേഷൻ
ഗർഭാശയഗള കാൻസറിനെ തടയാൻ സഹായിക്കുന്ന പ്രതിരോധ കുത്തിവെയ്പ് സാധ്യമാണ്. ഈ കാൻസറിനു കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെ പ്രതിരോധിക്കാനുള്ളതാണ് ഈ വാക്സിൻ. അതിലൂടെ കാൻസറിനേയും പ്രതിരോധിക്കാം. പക്ഷേ ഈ വൈറസ് ബാധ ഉണ്ടായിക്കഴിഞ്ഞാൽ വാക്സിൻ കൊണ്ട് പ്രയോജനമില്ല. ഒമ്പതിനും 26നും ഇടയിലുള്ള സ്ത്രീകളിലാണ് ഇതുപയോഗിക്കുന്നത്. മൂന്നു മാത്രകളായി നൽകുന്ന ഇതിന്റെ പ്രതിരോധശേഷി നാലുവർഷത്തോളമാണ് കാൻസർ ചികിത്സാരംഗത്ത് പല വാക്സിനുകളും നിലനിൽക്കുന്നുണ്ടെങ്കിലും അവയൊക്കെ തന്നെ കാൻസർ രോഗികൾക്ക് രോഗവ്യാപനം തടയുന്നതിനും മറ്റുമായി നൽകുന്നവയാണ് 

ഡോ. ജയകൃഷ്ണൻ
അസിസ്റ്റന്റ് പ്രൊഫസർ കമ്മ്യൂണിറ്റി ഓങ്കോളജി, ആർ.സി. സി

ചിക്കനിൽ നിന്നും കാൻസർ

ചിക്കൻ പ്രേമികൾ സൂക്ഷിക്കുക, ചിക്കൻ പ്രേമം നിങ്ങളെ കൊണ്ടെത്തിക്കുന്നത് ഒരു പക്ഷേ കാൻസറിലേക്കാകാം. ഇറച്ചി കോഴികൾക്ക് നൽകുന്ന തീറ്റയിൽ ചേർക്കുന്ന ആർസനിക് എന്ന രാസവസ്തുവാണ് കാൻസറിലേക്കു നയിക്കുന്നത്. കോഴിയുടെ ഭാരം കൂട്ടാനും ഇറച്ചിയുടെ കളറു കൂട്ടാനുമാണ് ആർസനിക് കോഴികൾക്ക് നൽകുന്നത്. ആർസനിക് ചേർന്ന ചിക്കന് ഇളം പിങ്ക് നിറമായിരിക്കും. അമേരിക്കയിൽ വിൽപന നടത്തുന്ന ചിക്കനിൽ ആർസനിക്ക് അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) സാക്ഷ്യപ്പെടുത്തുന്നു. 

പരിശോധയനയ്ക്കായി എടുത്ത ചിക്കനിൽ പകുതിയിലും കരളിൽ ആർസനിക് എന്ന വിഷവസ്തു കണ്ടെത്തിയാതായും എഫ്ഡിഎ പറയുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആർസനിക് ഡ്രഗ് ആയ റൊക്സാർസോണിന്റെ ഉൽപാദനം നിർത്തി വയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

ചെറിയ അളവിൽ ആർസനിക് ആടങ്ങിയ ചിക്കൻ കഴിക്കുന്നത് പ്രശ്നമാകില്ല. എന്നിരുന്നാലും കാൻസർ സാധ്യത വർധിപ്പിക്കുന്ന ഒന്നാണ് ഈ ആർസനിക് എന്നും എഫ്ഡിഎ റിപ്പോർട്ടിൽ പറയുന്നു. മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കാൻ ആർസനിക്കിന് സാധിക്കും. മാത്രമല്ല കൊച്ചു കുട്ടികളിൽ ന്യൂറോ സംബന്ധമായ പ്രശ്നങ്ങളുമുണ്ടാകാം. മെർക്കുറിയെക്കാൾ നാലിരട്ടി അപകടകരമാണത്രേ ഈ ആർസനിക്. 

പല തരത്തിലുള്ള ചർമരോഗങ്ങളിലേക്കും ഇവ വഴിവയ്ക്കുന്നുണ്ട്. ചർമത്തിലെ കോശങ്ങൾക്കുണ്ടാകുന്ന മാറ്റം കാരണം കാൻസറിന് കാരണമാകുന്ന കാർസിനോമ ടിഷ്യു ശരീരത്തിൽ പ്രവേശിക്കാനും ലങ്സ്, കിഡ്നി, ബ്ലാഡർ, ലിവർ കാൻസറുകൾക്കുള്ള സാധ്യതയുമുണ്ട്. 

അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധപ്പെടുത്തിയ ഒരു പഠനത്തിൽ പറയുന്നത് ആർസനിക് ചേർത്തു വരുന്ന അരിയുടെ ഉയർന്ന ഉപയോഗം സെല്ലുലാർ ചെയ്ഞ്ചസ് ഉണ്ടാക്കുകയും ഇത് കാൻസറിലേക്കു നയിക്കുകയും ചെയ്യുന്നുണ്ടെന്നാണ്. എന്തായാലും ചിക്കൻ കഴിക്കുന്നതിനു മുൻപ് ഒന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കും.

കാൻസർ വീട്ടിൽ നിന്നും : ശ്രദ്ധിക്കൂ ഈ 6 കാര്യങ്ങൾ

കാൻസറിനു കാരണമാകുന്ന ഘടകങ്ങൾ എല്ലായിടത്തും ഉണ്ടാകാം. എന്നാൽ ഏറ്റവും സുരക്ഷിതമെന്നു നമ്മൾ വിശ്വസിക്കുന്ന നമ്മുടെ തന്നെ വീട്ടിൽ കാൻസറിനു കാരണമായേക്കാവുന്ന ഘടകങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ടോ? എന്നാൽ സംഗതി സത്യമാണ്. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന, കാൻസർ ക്ഷണിച്ചു വരുത്തുന്ന ആറു സാധനങ്ങൾ ഇവയാണ് 

1. ക്ലീനിങ് സാധനങ്ങൾ
വൃത്തിയാക്കുന്നതിനായി നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന സോപ്പുപൊടി, അണുനാശിനികൾ തുടങ്ങിയവയിൽ ഫിലോൾസ്, ട്രോക്ലോസൻ, ടെട്രാക്ലോറോഎതിലീൻ തുടങ്ങിയ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ എൻഡോക്രെയിൽ സിസ്റ്റത്തെ ബാധിക്കുകയും ഹോർമോണുകളുടെ അസംതുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ കെമിക്കലുകൾ ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് തുടങ്ങിയ കാൻസറുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. 

2. കാനിലടച്ച ആഹാരം
ആഹാരസാധനങ്ങൾ പാക്ക് ചെയ്തു വരുന്ന കാനുകൾക്കുള്ളിൽ ബിസ്ഫിനോൾ എ(ബിപിഎ) എന്ന പ്ലാസ്റ്റിക് കൊണ്ട് ചെറിയ ഒരു ആവരണമുണ്ട്. ബിപിഎ ഹോർമോണുകളുടെ അസംതുലനാവസ്ഥ ഉണ്ടാക്കുകയും ഇതുമൂലം ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് തുടങ്ങിയ കാൻസർ സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു. മാത്രമല്ല ഈ ബിപിഎ പുരുഷൻമാരിലും സ്ത്രീകളിലും വന്ധ്യതാപ്രശ്നവും ഉണ്ടാക്കുന്നുണ്ട്. പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം പോലുള്ള രോഗങ്ങളിലേക്കും ഇതു നയിക്കുന്നുണ്ട്. 

3. വിഷം കലർന്ന പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇവ എത്രത്തോളം സുരക്ഷിതമാണെന്ന് കഴിക്കുന്നതിനു മുൻപ് നിങ്ങൾ ചിന്തിക്കാറുണ്ടോ? കീടനാശിനികളും കെമിക്കൽ വളങ്ങളും ചേർത്താണ് ഇവ പലപ്പോഴും നമുക്കു മുന്നിൽ എത്താറുള്ളത്. കെമിക്കൽ വളങ്ങളായ ഡിഡിടി, നൈട്രേറ്റ്, ഫോസ്ഫേറ്റ് എന്നിവ സാധാരണയായി എല്ലാവരും ഉപയോഗിച്ചു പോരുന്നുമുണ്ട്. ഇവയാകട്ടെ കാൻസർ സാധ്യത കൂട്ടുന്നവയാണ്. അതിനാൽത്തന്നെ യാതൊരുവിധ വളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ വീട്ടിൽ തന്നെ കൃഷിചെയ്തുണ്ടാക്കുന്ന വിഭവങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. 

4. പാചകപാത്രങ്ങൾ
നോൺസ്റ്റിക് പാനുകൾ പോലുള്ള പാത്രങ്ങൾ ഇന്ന് സാധാരണമായിക്കഴിഞ്ഞു. പോളി ടെട്രാഫ്ലൂറോ എത്ലീൻ എന്ന കോട്ടിങ് നോൺസ്റ്റിക് പാത്രങ്ങളിൽ കാണപ്പെടുന്നുണ്ട്. ഉയർന്ന താപനിലയിൽ ചൂടാകുമ്പോൾ ഇതിൽ നിന്നും വിഷമയമയ പുക വരുന്നുണ്ട്. ഈ കോട്ടിങ് കാൻസർ ഉണ്ടാക്കുന്നതും പുകയാകട്ടെ ഗർഭിണികൾക്ക് അപകടം പിടിച്ചതുമാണ്. 

5. സൗന്ദര്യവർധകങ്ങൾ
സൗന്ദര്യവർധകങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ നാം എപ്പോഴും ഒരുപടി മുന്നിലാണ്. പൗഡർ, ബോഡി ലോഷൻ, കോസ്മെറ്റിക്കുകൾ, സ്പ്രേക, ഡിയോഡറന്റുകൾ, ലിപ്സ്റ്റിക് തുടങ്ങി നാം ഉപയോഗിക്കുന്ന വസ്തുക്കളിലെല്ലാം തന്നെ ഫ്താലേറ്റ് (phthalates), ട്രൈക്ലോസാൻ, പാരാബെൻസ് തുടങ്ങിയ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്ന കെമിക്കലുകളാണ്. 

6. മൈക്രോവേവ് അവ്ൻ
മൈക്രോവേവുകളുടെ സഹായത്തോടെ ഭക്ഷണം ചൂടാകുകയും പാകപ്പെടുകയും ചെയ്യുന്ന സംവിധാനമാണ് മൈക്രോവേവ് അവ്നിലുള്ളത്. ഇവയിൽ നിന്നുള്ള റേഡിയേഷനുകൾ ൻസറിലേക്കു നയിക്കുമെന്നു പറയപ്പെടുന്നുണ്ട്. എന്നാൽ പല പഠനങ്ങളും ഇതിനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടുമുണ്ട്. എന്തു തന്നെ ആയാലും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട കാര്യമുണ്ടാകുന്നില്ല.

കടപ്പാട് : മലയാള മനോരമ

അവസാനം പരിഷ്കരിച്ചത് : 7/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate