ജീവിതശൈലീരോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം തുടങ്ങിയവ കേരളത്തില്‍ പകര്‍ച്ചവ്യാധി പോലെ പടരുകയാണ്. വ്യായാമമില്ലായ്മയും ഭക്ഷണശീലത്തിലുണ്ടായ മാറ്റവുമാണ് ഇതിന് മുഖ്യകാരണമായി പറയപ്പെടുന്നത്. ഇത്തരം രോഗങ്ങള്‍ അകറ്റിനിര്‍ത്താന്‍ എന്തുചെയ്യണം-അതാണ് ഈ അനുബന്ധത്തിന്റെ ഉള്ളടക്കം.
ജീവിതശൈലി, പാരമ്പര്യം - ഈ രണ്ട് ഘടകങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് പ്രമേഹം. ടൈപ്പ്-1 പ്രമേഹം ചികിത്സകൊണ്ടേ നിയന്ത്രിക്കാന്‍ കഴിയൂ. എന്നാല്‍, ജീവിതശൈലീരോഗമായി പടര്‍ന്നു പിടിക്കുന്ന ടൈപ്പ്-2 പ്രമേഹം, ആവശ്യമായ മുന്‍കരുതല്‍കൊണ്ട് ഒഴിവാക്കാന്‍ കഴിയും. പാന്‍ക്രിയാസില്‍ ഇന്‍സുലിന്‍ പുറപ്പെടുവിക്കുന്ന ബീറ്റാ കോശങ്ങളുടെ അപചയമാണ് മധ്യവയസ്ക്കരില്‍ ഈ പ്രശ്നം രൂക്ഷമാവാന്‍ കാരണം. പാരമ്പര്യം, പൊണ്ണത്തടി, പുകവലി, ആവശ്യത്തിന് വ്യായാമമില്ലായ്മ, കടുത്ത മാനസിക സമ്മര്‍ദം, ഉറക്കമിളപ്പ് എന്നിങ്ങനെ അനേകം സംഗതികള്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു.
പ്രമേഹം വരാതെ നോക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം ശരീരത്തിന് ആവശ്യമായ വ്യായാമം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ്. നടത്തം, നീന്തല്‍, സൈക്ലിങ് ഇങ്ങനെ ഏതുതരം വ്യായാമവുമാകാം. ശരീരത്തില്‍ ദുര്‍മേദസ്സുണ്ടാകാതെ ശ്രദ്ധിക്കാനും വ്യായാമം സഹായിക്കും. ദുര്‍മേദസ്സ് അഥവാ പൊണ്ണത്തടി എന്നത് പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കുള്ള ചവിട്ടുപടിയാണെന്നോര്‍ക്കുക. പുകവലിയും പുകയിലയുടെ ഉപയോഗവും പാടെ ഉപേക്ഷിക്കുക. പാരമ്പര്യമായി പ്രമേഹസാധ്യതയുള്ളവര്‍ ഇടയ്ക്കിടെ രക്തത്തിലെ ഷുഗര്‍നില നോക്കി, കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തണം.
രക്തത്തിലെ ഷുഗര്‍നില വളരെപ്പെട്ടെന്ന് വര്‍ധിക്കാനും അതുവഴി ആവശ്യമില്ലാത്ത സമയത്ത് കണക്കിലേറെ ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതമാക്കുകവഴി ബീറ്റാ കോശങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടാനും ഇടയാക്കുന്ന ഫാസ്റ്റ്ഫുഡ്, ബേക്കറി സാധനങ്ങള്‍ കഴിവതും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുക. നാരുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നിത്യജീവിതത്തിന്റെ ഭാഗമാക്കുക.(കടപ്പാട്: ഡോ. കെ. പി. പൗലോസ്, ചീഫ് ഫിസിഷ്യന്‍, ശ്രീ ഉത്രാടം തിരുന്നാള്‍ ഹോസ്പിറ്റല്‍, തിരുവനന്തപുരം).
ആഴ്ചയില്‍ മൂന്നോ നാലോ ദിവസം അരമണിക്കൂര്‍ വീതം വ്യായാമം പതിവാക്കുക. പുകവലി പാടെ ഒഴിവാക്കുക. പൂരിതകൊഴുപ്പ് കൂടുതലടങ്ങിയ മാട്ടിറച്ചി, നെയ്യ് മുതലായവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. ഉപ്പ് കൂടിയ ചിപ്സുകളും എണ്ണയില്‍ വരുത്ത ഭക്ഷ്യവസ്തുക്കളും ഉണര്‍ത്തുന്ന പ്രലോഭനത്തെ കഴിവതും അതിജീവിക്കുക. വിവാഹിതരാണെങ്കില്‍ നല്ല ലൈംഗികജീവിതം നയിക്കുക. ഭാവിയില്‍ ഹൃദ്രോഗം വരരുത് എന്നാഗ്രഹിക്കുന്നവര്‍ അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ.
നടത്തം, നീന്തല്‍, സൈക്ലിങ് മുതലായ എയ്റോബിക് വ്യായാമങ്ങളാണ് ഹൃദയാരോഗ്യത്തിന് നന്ന്. ഭാരോദ്വഹനം പോലുള്ള അണ്‍എയ്റോബിക് വ്യായാമങ്ങള്‍ ഹൃദ്രോഗികള്‍ ചെയ്യാന്‍ പാടില്ല. പ്രായം കൂടിയവര്‍ പെട്ടെന്ന് വ്യായാമം തുടങ്ങുന്ന പക്ഷം, അത് ഡോക്ടറെ കണ്ടശേഷമേ ആകാവൂ.
പാരമ്പര്യമായി കുടുംബത്തിലാര്‍ക്കെങ്കിലും ഹൃദയാഘാതം ഉണ്ടായിട്ടുള്ളവര് കൂടുതല്‍ മുന്‍കരുതലെടുക്കണം. ഇത്തരക്കാര്‍ 20 വയസ്സ് പിന്നിടുമ്പോള്‍ മുതല്‍ രക്തസമ്മര്‍ദവും കൊളസ്ട്രോള്‍ നിലയും ഇടയ്ക്കിടെ പരിശോധിക്കണം. ചീത്ത കൊളസ്ട്രോള്‍ (എല്‍. ഡി. എല്‍), പ്രമേഹം, പൊണ്ണത്തടി എന്നിവയ്ക്കൊപ്പം രക്തത്തിലെ ഹോമോസിസ്റ്റീനിന്റെ ആധിക്യവും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അതിനാല്‍, പാരമ്പര്യമായി ഹൃദ്രോഗസാധ്യതയുള്ളവര്‍ ഹോമോസിസ്റ്റീന്‍ നിര്‍ണയ ടെസ്റ്റും നടത്തേണ്ടതുണ്ട്. (കടപ്പാട്: ഡോ. ജോര്‍ജ് തയ്യില്‍, ചീഫ് കാര്‍ഡിയോളജിസ്റ്റ്, ലൂര്‍ദ് ഹോസ്പിറ്റല്‍, എറണാകുളം).
ദുര്‍മേദസ് ദുസ്സൂചനയാണ്. ഹൃദ്രോഗം, പ്രമേഹം, സന്ധിവാതം എന്നിങ്ങനെ നിരവധി പ്രശ്നങ്ങളുടെ തുടക്കം മിക്കപ്പോഴും പൊണ്ണത്തടിയില്‍ നിന്നായിരിക്കും. നിങ്ങള്‍ക്ക് എത്ര സെന്റിമീറ്റര്‍ ഉയരമുണ്ടോ അതില്‍നിന്ന് 100 കുറച്ചാല്‍ കിട്ടുന്ന അത്രയും കിലോഗ്രാമാണ്, നിങ്ങള്‍ക്ക് ആവശ്യമായ ശരീരഭാരമെന്ന് പൊതുവെ പറയാം. ഇതനുസരിച്ച്, 170 സെന്റിമീറ്റര്‍ ഉയരമുള്ള ഒരാള്‍ക്ക് 70 കിലോഗ്രാം ശരീരഭാരമുണ്ടാകണം. അതില്‍ കൂടിയാല്‍ അമിതഭാരമായി. മരുന്ന് കഴിച്ചു മാത്രം ദുര്‍മേദസ് ഒഴിവാക്കാനാവില്ല. അതിന് ഏറ്റവും പ്രധാനം വ്യായാമം തന്നെയാണ്. രാവിലെയും വൈകുന്നേരവും നല്ല വേഗത്തില്‍ ഒരു മണിക്കൂര്‍ വീതം നടക്കുക.
വറുത്തതും പൊരിച്ചതും ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കുക; ഇടയ്ക്കിടെയുള്ള കൊറിക്കലും. മാംസാഹാരവും ഒഴിവാക്കുകയാണ് ഉത്തമം. പച്ചക്കറികളും പഴങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ചെറുചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് വെറുംവയറ്റില്‍ രാവിലെ കഴിക്കുന്നത് നല്ലതാണ്. പൊണ്ണത്തടി ഒഴിവാക്കാന്‍ വ്യായാമത്തോടൊപ്പം ചില ഔഷധങ്ങളും ആയുര്‍വേദത്തില്‍ ലഭ്യമാണ്. (കടപ്പാട്: ഡോ. കെ. മുരളീധരന്‍പിള്ള, മുന്‍പ്രിന്‍സിപ്പല്‍, വൈദ്യരത്നം ആയുര്‍വേദ കോളേജ്, ഒല്ലൂര്‍, തൃശ്ശൂര്‍).
ജീവിതശൈലീരോഗങ്ങളില്‍ പ്രമുഖമായ ഒന്നാണ് സന്ധിവാതം. നാല്പത് വയസ്സ് കഴിയുന്നതോടെ സന്ധികളിലുണ്ടാകുന്ന തേയ്മാനമാണ് ഇതിന് പ്രധാന കാരണം. ശരീരത്തിന്റെ അമിതഭാരം സന്ധിവാതത്തിന് ആക്കം കൂട്ടുന്നു. പാരമ്പര്യവും രോഗംവരാന്‍ അനുകൂല ഘടകമാണ്. ശരീരഭാരം അഞ്ചുശതമാനം വര്‍ധിക്കുമ്പോള്‍, രോഗമുള്ളവരില്‍ സന്ധിയുടെ വേദന 15 മടങ്ങ് രൂക്ഷമാകും എന്നാണ് കണക്ക്. അതിനാല്‍, ശരീരഭാരം കൂടുതല്‍ വര്‍ധിക്കാതെ നോക്കുകയാണ് സന്ധിവാതം തടയാനുള്ള മുഖ്യമാര്‍ഗം. അവിടെയാണ് വ്യായാമത്തിന്റെ പ്രസക്തി. എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുകയും വേണം.
ചമ്രം പടിഞ്ഞിരിക്കുന്ന ശീലമുള്ളവരാണ് കേരളീയര്‍. കാല്‍മുട്ടുകള്‍ക്ക് വല്ലാതെ സമ്മര്‍ദമേല്‍പ്പിക്കുന്ന ശീലമാണിത്. നിലത്തുള്ള കക്കൂസ് (ഇന്ത്യന്‍ സ്റ്റൈല്‍) പതിവായി ഉപയോഗിക്കുമ്പോഴും ഇതേ പ്രശ്നമുണ്ടാകുന്നു. ചുമടെടുക്കുന്നതവരിലും സന്ധികളിലെ സമ്മര്‍ദം കൂടുതലായിരിക്കും. ഇതെല്ലാം രോഗസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ശരീരഭാരം വര്‍ധിക്കാതെ നോക്കുന്നതിനൊപ്പം കാല്‍സ്യം കൂടുതലടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ആഹാരത്തിലുള്‍പ്പെടുത്തുന്നത്, സന്ധിവാതം ഒഴിവാക്കാന്‍ സഹായിക്കും. എരിവ്, പുളി മുതലായവ കുറയ്ക്കുന്നതും നന്ന്. (കടപ്പാട്: ഡോ. രമേഷ് ഭാസി, കണ്‍സള്‍ട്ടന്റ് റുമാറ്റോളജിസ്റ്റ്, മലബാര്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് (മിംസ്), കോഴിക്കോട്).
ഏത് തരത്തിലുള്ള വ്യായാമമാണെങ്കിലും അത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. സ്വാഭാവികമായും അര്‍ബുദസാധ്യത കുറയാന്‍ ഇത് സഹായിക്കും. ശുഭാപ്തിവിശ്വാസം നിലനിര്‍ത്താനും വിഷാദവും മറ്റും പിടികൂടുന്നത് ഒഴിവാക്കാനും വ്യായാമം സഹായിക്കും. അതും അര്‍ബുദസാധ്യത കുറയ്ക്കുന്ന സംഗതിയാണെന്ന് ആധുനിക പഠനങ്ങള്‍ പറയുന്നു.
സാധാരണഗതിയില്‍, അര്‍ബുദം ബാധിച്ചാല്‍ അതോടെ ജീവിതം കഴിഞ്ഞു എന്ന് കരുതുന്നവരാണ് ഏറെയും. അര്‍ബുദബാധയെ മൂന്നായാണ് വൈദ്യശാസ്ത്ര വിദഗ്ധര്‍ തരംതിരിക്കാറ്. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുകയും പുകവലി മുതലായ ശീലങ്ങള്‍ പാടെ ഉപേക്ഷിക്കുകയും ചെയ്താല്‍ വരാതെ ഒഴിവാക്കാന്‍ കഴിയുന്നവയാണ് മൂന്നിലൊന്ന് ഭാഗം കാന്‍സറുകളും. ശരിയായ വ്യായാമം ഇതിന് സഹായിക്കുന്ന ഘടകമാണ്. നാരുകൂടിയ ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ കഴിക്കണം. ഫാസ്റ്റ്ഫുഡും വറുത്തതും പൊരിച്ചതും ഉപ്പ് അധികമുള്ളതുമായ ഭക്ഷ്യവസ്തുക്കള്‍ പരമാവധി ഒഴിവാക്കണം.
മുന്‍കൂട്ടി കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് ഭേദമാക്കാനാവുന്നതാണ് അടുത്ത മൂന്നിലൊന്ന് ഭാഗം കാന്‍സറുകള്‍. സ്തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം പോലുള്ളവ ഇതില്‍പെടുന്നു. 30 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ വീതം ശരിയായ പരിശോധനയ്ക്ക് വിധേയരായാല്‍ രോഗബാധ നേരത്തെ കണ്ടെത്താനും വേണ്ട ചികിത്സ ലഭ്യമാക്കാനുമാകും. ബാക്കി മൂന്നിലൊന്ന് ഭാഗം കാന്‍സര്‍ബാധയാണ് വന്നുകഴിഞ്ഞാല്‍ ഭേദമാക്കാന്‍ കഴിയാത്തത്. (കടപ്പാട്: ഡോ. ജയകൃഷ്ണന്, ലക്ച്ചറര്‍, കമ്മ്യൂണിറ്റി ഓങ്കോളജി, ആര്. സി. സി., തിരുവനന്തപുരം)
കുത്തക കമ്പനികളെപ്പോലെയാണ് മാരകരോഗങ്ങളും. 'ചെറുപ്പത്തിലേ പിടികൂടുക'യെന്നതാണ് കുത്തകകളുടെ വിപണന തന്ത്രം. കേരളത്തെ സംബന്ധിച്ചിടത്തോളം ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ മാരകരോഗങ്ങളും നമ്മളെ ചെറുപ്പത്തിലേ പിടികൂടുന്നു. അതിന് പറ്റിയ ചില ജനിതക സവിശേഷതകള്‍ നമുക്കുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചെറുപ്പത്തിലേ ആരംഭിക്കുന്ന മേലനങ്ങാശീലം കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. ആഴ്ചയില്‍ വെറും മൂന്നുമണിക്കൂര്‍ മാത്രം വീടിന് പുറത്ത് ചെലവിടുന്ന കൂട്ടികളെ സങ്കല്പ്പിച്ചു നോക്കൂ. എന്തുതരം വ്യായാമമാണ് അവര്‍ക്ക് ലഭിക്കുക ? തിരുവനന്തപുരം അച്യുതമേനോന് സെന്ററില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത് കേരളത്തില്‍ നഗരങ്ങളിലെ കുട്ടികള്‍ ഈ അവസ്ഥയിലാണെന്നാണ്. അതേസമയം, ആഴ്ചയില്‍ 7-8 മണിക്കൂര്‍ ടിവിക്ക് മുന്നില്‍ കുട്ടികള്‍ ചെലവിടുന്നു.
മറ്റ് രാജ്യങ്ങളില്‍ 40 വയസ്സിന് ശേഷം ആരംഭിക്കുന്ന പല ജീവിതശൈലീരോഗങ്ങളും കേരളീയരെ 10 വര്‍ഷം മുമ്പേ പിടികൂടുന്നു എന്നാണ് പുതിയ കണ്ടെത്തല്‍. `നാല്പത് കഴിഞ്ഞ് രക്താതിസമ്മര്‍ദവും പ്രമേഹവുമൊക്കെ ആയിക്കഴിഞ്ഞ് നടത്തമോ യോഗയോ ആരംഭിക്കാം. ഇതാണ് പലരുടെയും കണക്കുകൂട്ടല്‍. പക്ഷേ, ഒറ്റ ദിവസം കൊണ്ട് വളര്‍ത്തിയെടുക്കാവുന്ന ഒന്നല്ല ഈ ശീലം'-വത്സല ഗോപിനാഥ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത്.
കേരളീയരെ സംബന്ധിച്ചിടത്തോളം ഷുഗറും കൊളസ്ട്രോളുമൊക്കെ നേരത്തെ ആരംഭിക്കുന്നതിനാല്‍, ഏതു തരത്തിലുള്ള വ്യായാമവും നേരത്തെ തുടങ്ങണം എന്ന് അച്യുതമേനോന് സെന്ററിലെ അഡീഷണല്‍ പ്രൊഫസറായ ഡോ. കെ. ആര്. തങ്കപ്പന് പറയുന്നു. `ഭാവിയില്‍ നിങ്ങള്‍ക്ക് അസുഖം വരില്ല എന്ന് പറഞ്ഞ് കഴിക്കാവുന്ന ഒരു മരുന്നുമില്ല. എന്നാല്‍, വ്യായാമം അതാണ്'-ബോഡി ബില്‍ഡര്‍ വി. എം. ബഷീറിന്റെ നിരീക്ഷണത്തെ ആധുനികശാസ്ത്രം ശരിവെക്കുന്നു.
വ്യായാമവേളയില്‍ രക്തത്തിലെ ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്ലിന്റെ അളവ് കുറയും. നല്ല കൊളസ്ട്രോളിന്റെ (എച്ച്.ഡി.എല്‍) ആധിക്യമേറും. കൂടുതല്‍ രക്തചംക്രമണം നടക്കുന്നതിനാല്‍ ധമനികള്‍ വികസിക്കും. കൊഴുപ്പു നിക്ഷേപം വര്‍ധിച്ച് ധമനികളില്‍ തടസ്സമുണ്ടാകാന്‍ സാധ്യത കുറയും. ഹൃദ്രോഗസാധ്യതയാണ് ഇതുവഴി ഇല്ലാതാവുക. പ്രമേഹസാധ്യത അകന്നുപോകും. ചര്‍മത്തിന്റെ സൗന്ദര്യം കാക്കാന്‍ വ്യായാമം പോലെ മറ്റൊരു മാര്‍ഗമില്ല. ലൈംഗികാരോഗ്യം നിലനിര്‍ത്താനും വ്യായാമം ഉത്തമം. അതുവഴി ചെറുപ്പം നിലനിര്‍ത്താം.
വ്യായാമത്തിനൊപ്പം ഭക്ഷണശീലത്തിലും ചില കരുതലുകള്‍ കൈക്കൊള്ളാന്‍ നമുക്കിടയില്‍ ഒരു വിഭാഗം ഇപ്പോള്‍ ശ്രദ്ധിക്കുന്നു. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നവരുടെ സംഖ്യ സമീപകാലത്ത് ഏറിയിട്ടുണ്ട്. രുചി കൂട്ടുന്ന എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കാന്‍ പലരും ശ്രദ്ധിക്കുന്നു. `ദിവസം ഒരു നേരം വേവിക്കാത്ത ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയ കുടുംബങ്ങളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്'-തൃശ്ശൂര്‍ കണിമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഗാന്ധിജി പ്രകൃതി ചികിത്സാകേന്ദ്രത്തിലെ കല്യാണ്‍ ഉല്പലാക്ഷന് പറയുന്നു.
ഏതായാലും, തിന്നും കുടിച്ചും മേലനങ്ങാതെയും നമ്മള് നേടിയ സമ്പാദ്യത്തിന് നാമിപ്പോള്‍ പ്രായശ്ചിത്തം ചെയ്തുതുടങ്ങിയിരിക്കുന്നു.
യോഗയുടെ കാര്യത്തിലും നമ്മള് പതിവു തെറ്റിച്ചില്ല. സായിപ്പ് അംഗീകരിച്ച ശേഷം മാത്രമേ യോഗയെ ഗൗനിക്കാന്‍ നമ്മള് തയ്യാറായുള്ളു. യോഗയ്ക്ക് ചില അത്ഭുതസിദ്ധികളുണ്ടെന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും തര്‍ക്കമില്ല. സ്പോണ്ടിലോസിസിന് ആശ്വാസം ലഭിക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി ചെയ്തതുപോലെ, ചില ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യോഗ തുടങ്ങുകയും പിന്നീടത് നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്ത ധാരാളം പേര് കേരളത്തിലുണ്ട്. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി യോഗ കോര്‍പ്പറേറ്റ് ശൈലിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങളുണ്ട്. ഏകാഗ്രത വര്‍ധിപ്പിക്കാനും പഠന നിലവാരം ഉയര്‍ത്താനും മക്കളെ യോഗ പരിശീലനത്തിനയയ്ക്കുന്ന മാതാപിതാക്കളുണ്ട്. അതോടൊപ്പം, മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം ലക്ഷ്യംവെച്ച് പ്രതിബദ്ധതയോടെ യോഗ കേന്ദ്രങ്ങളിലെത്തുന്നവരുടെ സംഖ്യയും കാര്യമായി വര്‍ധിച്ചിരിക്കുന്നു. ഭാവിയില്‍ മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ യോഗയും മലയാളികള്‍ ഒരു അഭയകേന്ദ്രമായി കണ്ടുതുടങ്ങിയിരിക്കുന്നു എന്ന് സാരം.
പുത്തന്‍ ജീവിതശൈലിയുടെ മുഖമുദ്രയെന്താണ് ? സംശയം വേണ്ട, മാനസിക സമ്മര്‍ദവും ടെന്‍ഷനും തന്നെ. അതിന്റെ ഭാഗമായി രക്തസമ്മര്‍ദം ഏറുന്നു. തിരുവനന്തപുരത്തെ 'ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍' (ഹാപ്പ്) നടത്തിയ പഠനം വ്യക്തമാക്കുന്നത് 20 വയസ്സ് കഴിഞ്ഞ മലയാളികളില്‍ 35 ശതമാനത്തിനും രക്തസമ്മര്‍ദം കൂടുതലാണെന്നാണ്. ഈ പ്രശ്നമുള്ളവരില്‍ 75 ശതമാനത്തിനും തങ്ങള്‍ക്ക് രക്താതിസമ്മര്‍ദമുള്ള വിവരം അറിയില്ലെന്നും പഠനം പറയുന്നു. മാനസിക പിരിമുറുക്കം അകറ്റാന്‍ എന്താണ് വഴി ? പുകവലി ! മദ്യപാനം ! അതോടെ മനസ്സിന്റെയും ശരീരത്തിന്റെയും താളം തെറ്റുന്നു. 'ഇവിടെയാണ് യോഗയുടെ പ്രസക്തി'-തിരുവനന്തപുരത്ത് പടിഞ്ഞാറെക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ശിവാനന്ദ യോഗ വേദാന്തകേന്ദ്രത്തിലെ മനുചൈതന്യ പറയുന്നു. ഏത് തിരക്കിനിടയിലും മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥ നഷ്ടപ്പെടാതെ നോക്കാന്‍ യോഗ സഹായിക്കും. ഏത് പ്രായത്തിലുള്ളവര്‍ക്കും യോഗ പരിശീലിക്കാം. 'യോഗ വഴി ജീവിതത്തെ സംബന്ധിച്ച ഒരു പ്രസാദാത്മക (പോസിറ്റീവ്) സമീപനം വളര്‍ത്തിയെടുക്കാനും കഴിയും`-മനു ചൈതന്യ അഭിപ്രായപ്പെടുന്നു.
വാര്‍ധക്യസഹജമായ പ്രശ്നങ്ങള്‍ തരണം ചെയ്യാനായി പ്രായമേറിയവരാണ് മുമ്പൊക്കെ യോഗ കേന്ദ്രങ്ങളില്‍ എത്തിയിരുന്നതെങ്കില്‍, ഇന്ന് പരിസ്ഥിതി മാറിയിരിക്കുന്നു. 25-35 പ്രായപരിധിയിലുള്ള യുവാക്കളും വീട്ടമ്മമാരും ഇപ്പോള്‍ യോഗ പരിശീലനത്തിന് സന്നദ്ധരായി എത്തുന്നുവെന്ന്, പ്രമുഖ യോഗ പരീശീലകനും തൃശ്ശൂര്‍ ജില്ലാ യോഗ അസോസിയേഷന് വൈസ് പ്രസിഡന്റുമായ ഗോപിനാഥ് ഇടക്കുന്നി പറയുന്നു. ഹെല്‍ത്ത്ക്ലബ്ബുകളിലേതുപോലെ, മിക്ക യോഗ കേന്ദ്രങ്ങളിലും സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക പരിശീലനമുണ്ട്. മൂന്ന് മാസം വരെ നീളുന്ന പരിശീലനമാണ് യോഗ കേന്ദ്രങ്ങള്‍ നല്‍കുന്നത്. അത് പൂര്‍ത്തിയാക്കുന്നയാള്‍ക്ക് വീട്ടിലിരുന്ന് യോഗ തുടരാം.
കോഴിക്കോട്ട് നടക്കാവില്‍ താമസിക്കുന്ന വീട്ടമ്മയായ ഷീന, നടുവേദന സഹിക്കാനാവാതെ വന്നപ്പോഴാണ് രണ്ട് വര്‍ഷംമുമ്പ് യോഗയില്‍ അഭയം കണ്ടെത്തിയത്. അസുഖത്തിന് ആശ്വാസമുണ്ടായി എന്നു മാത്രമല്ല, തടികുറയ്ക്കാനും യോഗ വഴി കഴിഞ്ഞു. വീട്ടിലെ തിരക്കുമൂലം സ്ഥിരമായി യോഗ ചെയ്യാറില്ലെങ്കിലും സൂര്യനമസ്ക്കാരം മുടക്കാറില്ലെന്ന് ഷീന പറയുന്നു. നടുവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് പെട്ടന്ന് ആശ്വാസം നല്കുന്നു എന്നതാണ് യോഗയുടെ സവിശേഷതകളിലൊന്നായി മനു ചൈതന്യ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, മറ്റ് വ്യായാമമുറകളെപ്പോലെ, യോഗകൊണ്ട് ആരും പെട്ടന്ന് ക്ഷീണിക്കാറില്ല. `രണ്ടു മണിക്കൂര്‍ യോഗ കഴിഞ്ഞാലും നമ്മള് ഫ്രഷ് ആയിരിക്കും'-ഗോപിനാഥ് ഇടിക്കുന്നി പറയുന്നു.
തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍നിന്ന് പ്രൊഫസറായി വിരമിച്ച ഗ്രിസല്‍ ആലഞ്ചേരി ദിവസവും രാവിലെ ഒരു മണിക്കൂര്‍ നടക്കാറുണ്ട്. അടുത്തയിടെയാണ് യോഗയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. കുടുംബത്തിലെ ചില ദുരന്തങ്ങള്‍ മൂലം, വ്യക്തിപരമായി കടുത്ത മാനസിക പിരിമുറുക്കം അനുഭവപ്പെടേണ്ട സമയമായിരുന്നു ഇത്. പക്ഷേ, 58-കാരിയായ തനിക്ക് 'ആ ടെന്‍ഷന്‍ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ കഴിയുന്നത് യോഗമൂലമാകാ'മെന്ന് പ്രൊഫസര്‍ കരുതുന്നു. തനിക്ക് 'രാവിലെ ഉണരാന്‍ കഴിയുന്നുണ്ടെന്നാ'ണ് യോഗ അഭ്യസിച്ചു തുടങ്ങിയ ശേഷം വിദ്യാര്‍ഥിയായ എം. വി. സുനില്‍കുമാര്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞത്. തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് സുനില്‍കുമാര്‍.
ശരീരത്തിനൊപ്പം മനസ്സിനുകൂടി പ്രാധാന്യം നല്കുന്നു എന്നതാണ് മറ്റ് വ്യായാമങ്ങളില്‍നിന്ന് യോഗയെ വ്യത്യസ്തമാക്കുന്ന മുഖ്യഘടകം. ആത്മവിശ്വാസം വര്‍ധിപ്പിക്കുക മാത്രമല്ല, നന്മ, സ്നേഹം, സാഹോദര്യം മുതലായ ഗുണങ്ങള്‍ പ്രചോദിപ്പിക്കുക വഴി സാത്വികമായ ഒരു ചിന്താഗതി വളര്‍ത്തിയെടുക്കാനും യോഗ കാരണമാകാറുണ്ടെന്ന് ഗോപിനാഥ് ഇടക്കുന്നി പറയുന്നു. പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കാനും യോഗ പ്രേരകമാകാറുണ്ട്. പക്ഷേ, ആവേശം കൊണ്ട് യോഗ അഭ്യസിച്ചു തുടങ്ങുകയും പാതിവഴിക്ക് ഉപേക്ഷിച്ചുപോകുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്. മാത്രമല്ല, ശരിയായ വൈദഗ്ധ്യം ഇല്ലാത്ത 'മുറി ആചാര്യന്മാര്' യോഗ കേന്ദ്രങ്ങള്‍ തുടങ്ങുന്നതും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് ഈ രംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്കുന്നു.
കടപ്പാട് : japages.blogspot.in
അവസാനം പരിഷ്കരിച്ചത് : 4/7/2020
അസ്ഥികളെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളില്‍ ...
കൂടുതല്‍ വിവരങ്ങള്‍
ശരീരഘടന നിർമ്മിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കോശങ്ങളി...
അപ്പൻഡിസൈറ്റിസ് - വിവരങ്ങൾ