অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രോഗങ്ങള്‍ കരുതിയിരിക്കുക

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം പല രോഗങ്ങള്‍ക്കും കാരണമാകും. അത്തരം രോഗങ്ങളും അവയുടെ ലക്ഷണങ്ങളും

ലൈംഗിക രോഗങ്ങള്‍ കരുതിയിരിക്കേണ്ടതുണ്ട്‌. പങ്കാളികളില്‍ ഒരാള്‍ക്ക്‌ ലൈംഗികരോഗം ഉണ്ടെങ്കില്‍ അത്‌ മറ്റേയാളിലേക്കും പകര്‍ന്നുകിട്ടുന്നു. സുരക്ഷിതമല്ലാത്തതോ വഴിവിട്ടതോ ആയ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളാണ്‌ ഇവയില്‍ അധികവും. ഇത്‌ സെക്ഷ്വലി ട്രാന്‍സ്‌മിറ്റഡ്‌ ഡിസീസ്‌ (Sexually Transmitted Diseases STD) എന്നറിയപ്പെടുന്നു. ശാസ്‌ത്രീയമായി വെനീറിയല്‍ ഡിസീസ്‌ എന്നാണ്‌ പറയുന്നത്‌.

പ്രണയത്തിന്റെ പ്രതീകമായ വീനസ്‌ ദേവതയുടെ പേരില്‍ നിന്നുമാണ്‌ ഈ പേരു ലഭിച്ചത്‌. ലൈംഗിക രോഗങ്ങളില്‍ ഏവര്‍ക്കും സുപരിചിതം എയ്‌ഡ്സ്‌ രോഗമാണ്‌. കാരണം കഴിഞ്ഞ രണ്ടുമൂന്നു നൂറ്റാണ്ടായി ലോകത്ത്‌ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നത്‌ ഈ രോഗത്തെക്കുറിച്ചാണ്‌. എയ്‌ഡ്സ്‌ കൂടാതെ പന്ത്രണ്ടോളം പ്രധാനപ്പെട്ട ലൈംഗിക രോഗങ്ങള്‍ കൂടി കാണപ്പെടുന്നുണ്ട്‌.

സിഫിലസ്‌, ഗൊണേറിയ, ഷാന്‍ ക്രോയിഡ്‌, ലിംഫോ ഗ്രാനുലോമാ വെനീറിയം, ഹെര്‍പ്പിസ്‌ ജെനിറ്റാലിസ്‌, ജനനേന്ദ്രിയ അരിമ്പാറ രോഗം (ജെനിറ്റല്‍ വാര്‍ട്ട്‌), ക്ലാമൈഡിയ, ഹെപ്പറ്റൈറ്റിസ്‌ - ബി, ഗുഹ്യഭാഗ ചൊറി, കാന്‍ഡിഡ്‌യാസിസ്‌, നോണ്‍ ഗോണോകൊക്കല്‍ യൂറി ത്രൈറ്റിഡ്‌ എന്നിവയാണവ. ഇവയില്‍ എയ്‌ഡ്സ്‌ കഴിഞ്ഞാല്‍ വ്യാപകമായി കാണുന്ന രോഗങ്ങളാണ്‌ സിഫിലസും ഗൊണേറിയയും.

സൂരക്ഷിതമല്ലാത്ത ലൈംഗികബന്ധം

ഹ്യൂമന്‍ ഇമ്മ്യൂണോ ഡഫിഷന്‍സി വൈറസ്‌ എന്നയിനം അതിസൂഷ്‌മാണു മൂലമുണ്ടാകുന്ന രോഗമാണ്‌ എയ്‌ഡ്സ്‌. ലൈംഗിക വേഴ്‌ചയിലൂടെയാണ്‌ ഈ രോഗം പ്രധാനമായും ഒരു വ്യക്‌തിയില്‍ നിന്നും മറ്റൊരു വ്യക്‌തിയിലേക്ക്‌ പകരുന്നത്‌. ഒന്നിലേറെപ്പേരുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ്‌ എയ്‌ഡ്സ്‌ രോഗത്തിന്റെ പ്രധാന കാരണം. ഇതുകൂടാതെ രക്‌തദാനം, കുത്തിവയ്‌ക്കുന്ന സൂചി അണുവിമുക്‌തമാക്കാത്ത സാഹചര്യത്തില്‍ കുത്തിവയ്‌പു വഴിയും മാതാവില്‍നിന്നും ശിശുവിലേക്കും ഈ രോഗം പകരാം.

ശരീരത്തിന്റെ രോഗപ്രതിരോധശേഷി നഷ്‌ടപ്പെടുന്ന അവസ്‌ഥയാണിത്‌. അണുബാധയുണ്ടായാല്‍ അടുത്ത ദിവസങ്ങളില്‍ സാധാരണ ഫ്‌ളൂ രോഗം പിടിപെടുന്നതിന്‌ സമാനമായി പനിയും ക്ഷീണവും സന്ധിവേദനയും അനുഭവപ്പെടുകയാണ്‌ എയ്‌ഡ്സിന്റെ ആദ്യ ലക്ഷണം. അവിഹിത ലൈംഗികബന്ധത്തെത്തുടര്‍ന്ന്‌ പെട്ടെന്ന്‌ ഈ ലക്ഷണങ്ങള്‍ കാണിച്ചാല്‍ രോഗം സംശയിക്കണം.

ആദ്യത്തെ രോഗലക്ഷണങ്ങള്‍ക്കു ശേഷം വളരെക്കാലം ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ രോഗസംവാഹകരായി കഴിഞ്ഞേക്കും. അതായത്‌ രോഗവാഹകരിലൂടെ മറ്റൊരാളിലേക്ക്‌ രോഗം പകരാന്‍ സാധ്യതയുണ്ട്‌. രോഗനിര്‍ണയത്തിന്‌ വര്‍ഷങ്ങള്‍തന്നെ വേണ്ടിവരും.

എയ്‌ഡ്സിനെ പ്രധാനമായും അഞ്ചു ഘട്ടങ്ങളായി തരം തിരിക്കാം. ആദ്യഘട്ടത്തില്‍, അതായത്‌ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തെത്തുടര്‍ന്ന്‌ ചെറു പനിയും ദേഹാസ്വസ്‌ഥതകളും പ്രകടമാകും. പക്ഷേ, ജലദോഷപനിയാണെന്ന്‌ തെറ്റിദ്ധരിച്ച്‌ നിസാരമാക്കി തള്ളുന്നു.

അടുത്ത ഘട്ടത്തില്‍ (സ്‌റ്റേജ്‌ 0) ലിംഫ്‌ ഗ്ലാന്‍ഡിനെ രോഗം ബാധിക്കുന്നു. രോഗബാധിതമായ ലിംഫ്‌ ഗ്രന്ഥി തടിച്ചു വീര്‍ക്കുന്നു. അടുത്ത ഘട്ടത്തില്‍ (സ്‌റ്റേജ്‌ - 1) രോഗം ലസികാ ഗ്രന്ഥികളെ ബാധിച്ച്‌ അവ തടിച്ചു വീര്‍ക്കുന്നു. രണ്ടാമത്തെ ഘട്ടത്തില്‍ (സ്‌റ്റേജ്‌ 2) സ്‌ഥിരമായി വീര്‍ത്തു കാണപ്പെടുന്നു. അവസാന ഘട്ടത്തില്‍ ( സ്‌റ്റേജ്‌ - 3) രോഗപ്രതിരോധശേഷിക്കുറവ്‌ അനുഭവപ്പെടുന്നു.

ഇതിന്റെ ഫലമായി ചെറിയ രോഗങ്ങള്‍ പോലും ഭേദമാകാതെ നീണ്ടകാലം നിലനില്‍ക്കുന്നു. നാലാം ഘട്ടത്തില്‍ (സ്‌റ്റേജ്‌ 4) കൂടെക്കൂടെ പനിയും സന്ധിവേദനയും തലവേദനയും ഉണ്ടാകുന്നു. രോഗി ക്ഷീണിതനാകുന്നു. അവസാന ഘട്ടത്തില്‍ ( സ്‌റ്റേജ്‌ 5) മറ്റു ദ്വിതീയമായി ഉണ്ടാകുന്ന രോഗങ്ങളോടു പ്രതികരിക്കാനാവാതെ അവയുടെ തീവ്രത അനുസരിച്ച്‌ രോഗം മാരകമാകുന്നു.

ചികിത്സ

രക്‌തപരിശോധനയുടെയും രോഗലക്ഷണങ്ങളുടെയും അടിസ്‌ഥാനത്തിലാണ്‌ രോഗനിര്‍ണയം നടത്തുന്നത്‌. രക്‌തത്തില്‍ എച്ച്‌.ഐ.വി ആന്റീബോഡീസ്‌ കാണപ്പെടുന്നത്‌ രോഗനിര്‍ണയത്തെ സഹായിക്കുന്നു. എയ്‌ഡ്സ്‌ പൂര്‍ണമായി ചികിത്സിച്ച്‌ ഭേദമാക്കാന്‍ ഫലപ്രദമായ മരുന്നുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട്‌ രോഗം പകരാതെ മുന്‍കരുതലെടുക്കുക മാത്രമാണ്‌ പോംവഴി.

അവിഹിത ലൈംഗികബന്ധങ്ങളും രോഗികളുമായുള്ള ലൈംഗിക വേഴ്‌ചയും ഒഴിവാക്കുക എന്നതാണ്‌ പ്രധാനം. രക്‌തം സ്വീകരിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായാല്‍ എയ്‌ഡ്സ്‌ രോഗമില്ലാത്തവരില്‍നിന്നുമാണെന്ന്‌ ഉറപ്പുവരുത്തുക. സിറിഞ്ചും സൂചികളും ഒരിക്കല്‍ മാത്രം ഉപയോഗിക്കുക.

ശ്ലേഷ്‌മസ്‌തരങ്ങളിലെ നീര്‍ക്കെട്ട്‌

സ്‌ത്രീ പുരുഷന്മാരെ ഒരുപോലെ പിടികൂടാനിടയുള്ള പകര്‍ച്ചരോഗമാണ്‌ ഗോണേറിയ. ജനനേന്ദ്രിയങ്ങളെ ബാധിക്കുന്ന രോഗമാണെങ്കിലും കണ്ണ്‌, നാസിക, യോനി നാളം, മൂത്രനാളം, അണ്ഡവാഹിനിക്കുഴല്‍ മുതലായ അവയവങ്ങളിലും രോഗം കാണപ്പെടുന്നു. ഈ ഭാഗങ്ങളിലെ ശ്ലേഷ്‌മസ്‌തരങ്ങളെ ബാധിച്ച്‌ നീര്‍ക്കെട്ടുണ്ടാക്കുകയാണ്‌ ചെയ്യുന്നത്‌.

രോഗമുള്ള ആളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴാണ്‌ രോഗം പകരുന്നത്‌. ഗോണോ കോക്കസ്‌, നിസീറിയ ഗൊണോറിയ എന്നീ സൂഷ്‌മാണുക്കളാണ്‌ രോഗ കാരണം. മൂത്രംചൂടീല്‍, വേദനയോടു കൂടി മൂത്രം പോവുക, അടിവയറ്റില്‍ വേദന, നീര്‍ക്കെട്ട്‌ തുടങ്ങിയവയാണ്‌ ഗോണേറിയയുടെ ലക്ഷണങ്ങള്‍. സ്‌ത്രീകളില്‍ യോനീനാളത്തില്‍ നിന്നോ മൂത്രദ്വാരത്തില്‍ നിന്നോ പഴുപ്പ്‌ ഒലിക്കുന്നതും ലക്ഷണമായി കാണാവുന്നതാണ്‌. ഇതോടൊപ്പം പനിയോ കുളിരോ അനുഭവപ്പെടുന്നു.

ചികിത്സ

മൂത്രനാളത്തില്‍നിന്നോ യോനീനാളത്തില്‍നിന്നോ ഉള്ള പഴുപ്പ്‌ പരിശോധിച്ചാണ്‌ രോഗനിര്‍ണയം നടത്തുന്നത്‌. രോഗം സ്‌ഥിരീകരിച്ചാല്‍ അവയ്‌ക്ക് എതിരായി ഉപയോഗിക്കാവുന്ന ആന്റിബയോട്ടിക്കുകള്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം കഴിക്കാവുന്നതാണ്‌.

ശരീരത്ത്‌ വ്രണം

പറങ്കിപ്പുണ്ണ്‌ എന്ന്‌ നാട്ടുഭാഷയില്‍ അറിയുന്ന സിഫിലിസ്‌ ഏത്‌ അവയവത്തെയും ബാധിക്കും. അതുകൊണ്ട്‌ തന്നെ രോഗനിര്‍ണയം ബുദ്ധിമുട്ടുള്ളതാണ്‌. ട്രിപ്പോനിമാ പാലിയം എന്ന സൂഷ്‌മാണുവാണ്‌ രോഗ കാരണം. സിഫിലിസ്‌ ബാധിച്ചവരുമായുള്ള ലൈംഗികവേഴ്‌ചയിലൂടെ രോഗം പകരും. സിഫിലിസ്‌ രോഗലക്ഷണങ്ങള്‍ രണ്ട്‌ ഘട്ടങ്ങളായി തിരിക്കാം.

ആദ്യ ഘട്ടത്തില്‍ രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്ന ഭാഗത്തുണ്ടാകുന്ന വ്രണമാണ്‌ പ്രധാന ലക്ഷണം. ജനനേന്ദ്രിയത്തില്‍ ഒറ്റപ്പെട്ട വ്രണമായാണ്‌ ഇതു കാണുക. എന്നാല്‍ അപൂര്‍വമായി ചുണ്ടിനോട്‌ ചേര്‍ന്നും ഗുദഭാഗത്തും ഉണ്ടാകാം. ചുവന്ന തടിപ്പായാണ്‌ തുടക്കം. സ്‌ത്രീകളില്‍ ഗര്‍ഭാശയമുഖത്തോ യോനിനാളത്തിലോ ആയിരിക്കും ഈ തടിപ്പ്‌ ഉണ്ടാവുന്നത്‌. രണ്ടാം ഘട്ടത്തില്‍ തലവേദന, ക്ഷീണം, വിശപ്പില്ലായ്‌മ, മെലിച്ചില്‍, ഇടവിട്ടുള്ള പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരുന്നു.

ചികിത്സ

ലക്ഷണങ്ങളും രക്‌തപരിശോധനകൊണ്ടും രോഗനിര്‍ണയം സാധ്യമാണ്‌. നിരവധി പരിശോധനകള്‍ സിഫിലസ്‌ കണ്ടുപിടിക്കാന്‍ ഇന്ന്‌ നിലവിലുണ്ട്‌. പെന്‍സിലിന്‍ എന്ന ആന്റിബയോട്ടിക്കാണ്‌ രോഗ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നത്‌. രോഗമുള്ള സ്‌ത്രീകള്‍ ഗര്‍ഭിണിയാകാന്‍ തയാറെടുക്കുന്നതിനു മുമ്പ്‌ ശരിയായ ചികിത്സ നടത്തണം.

കടപ്പാട്‌ :

ഡോ. ജെയിന്‍ ജോസഫ്‌

അവസാനം പരിഷ്കരിച്ചത് : 6/11/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate