എവിസ് തനിയെ വീട്ടിലേക്കു കാറോടിച്ചു പോകുകയായിരുന്നു. പെട്ടെന്ന് അവളുടെ കാഴ്‌ചമങ്ങി. അവൾ ഉടനെ കാർ നിറുത്തി. ഏതാനും മിനിട്ടു കഴിഞ്ഞപ്പോൾ അവൾക്കു വ്യക്തമായി കാണാൻ പറ്റുമെന്നായി. ക്ഷീണംകൊണ്ട് സംഭവിച്ചതായിരിക്കും ഇതെന്നു കരുതി അവൾ യാത്ര തുടർന്നു. നാലു വർഷത്തിനു ശേഷം, ഒരിക്കൽ എവിസും ഭർത്താവും വീട്ടിൽനിന്ന് മാറിയൊരിടത്ത് അവധിക്കാലം ചെലവഴിക്കവേ, അതിശക്തമായ തലവേദനകൊണ്ട് ഒരു അർധരാത്രിയിൽ എവിസ് ഉറക്കമുണർന്നു. ആശുപത്രിയിൽ എത്തിയപ്പോൾ ഡോകടർ വേദനസംഹാരി നൽകിയശേഷം, രക്തക്കുഴലിന്‍റെ വീക്കമായിരിക്കാൻ സാധ്യതയുണ്ടെന്നു കരുതി അവളെ നിരീക്ഷണത്തിൽ വെച്ചു.
പിറ്റേന്നായപ്പോൾ വേദന പോയി. പക്ഷേ എവിസിനു നല്ല ക്ഷീണം തോന്നി. ഒരു ഗ്ലാസ് വെള്ളംപോലും കയ്യിൽ പിടിക്കാൻ അവൾക്കു ബുദ്ധിമുട്ടായിരുന്നു. ശരീരത്തിന്‍റെ വലതുവശത്ത് തരിപ്പും പുകച്ചിലും അനുഭവപ്പെട്ടു. ആകുലചിത്തരായ എവിസും ഭർത്താവും അവധിക്കാലം വെട്ടിച്ചുരുക്കി വീട്ടിലേക്കു തിരിച്ചു. അടുത്തദിവസം രാവിലെ പ്രഭാതഭക്ഷണം കഴിക്കുമ്പോൾ എവിസിന് ഫോർക്ക് ശരിയായി പിടിക്കാൻ സാധിച്ചില്ല. ശരീരത്തിന്‍റെ വലതുവശം മുഴുവനും തളർച്ച അനുഭവപ്പെട്ടു. ആശുപത്രിയിൽ ചെന്നപ്പോൾ ഡോകടർമാർ കുറെയേറെ പരിശോധനകൾ നടത്തി. അതിൽനിന്ന് അവൾക്കു സംഭവിച്ചത് മസ്‌തിഷ്‌കാഘാതം അല്ലെന്നു മനസ്സിലായി. നാലുവർഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ച് ഡോകടർമാർക്ക് അറിയില്ലായിരുന്നതിനാൽ തൃപ്‌തികരമായ ഒരു നിഗമനത്തിൽ എത്താൻ അവർക്കു കഴിഞ്ഞില്ല. എന്നാൽ പല മാസങ്ങൾക്കു ശേഷം ശരീരത്തിന്‍റെ വലതുവശത്തിന് വീണ്ടും പൂർണശേഷി കൈവന്നു. തനിക്ക് ഏതോ വിചിത്രമായ വൈറസ്‌ബാധ ഉണ്ടായതാണെന്ന് എവിസ് അനുമാനിച്ചു.
നാലുവർഷം കൂടെ കടന്നുപോയി. ഒരു വെള്ളിയാഴ്‌ച രാവിലെ ഉറക്കമുണർന്നപ്പോൾ അവളുടെ ഇടതുകണ്ണിന്‍റെ കാഴ്‌ച മങ്ങിയതായി കാണപ്പെട്ടു. ഇത് സമ്മർദം മൂലമാണെന്ന് ഡോകടർ പറഞ്ഞു. പക്ഷേ, ഞായറാഴ്‌ച ആയപ്പോഴേക്കും ആ കണ്ണിനു കാഴ്‌ച തീരെയില്ലാതെയായി. പരിഭ്രാന്തയായ എവിസ് കരഞ്ഞുകൊണ്ട് ഡോകടർക്ക് ഫോൺ ചെയ്‌തു. ഉടൻതന്നെ ഡോകടർ അവളെ വിശദപരിശോധനയ്‌ക്ക് അയച്ചു. സ്റ്റീറോയ്‌ഡ് ഉപയോഗിച്ചുള്ള ചികിത്സയിലൂടെ അവളുടെ കാഴ്‌ച ഭാഗികമായി വീണ്ടെടുക്കാൻ കഴിഞ്ഞു. കൂടുതലായ പരിശോധനയിലൂടെ എവിസിന്‍റെ പ്രശ്‌നം ഡോകടർമാർക്കു പിടികിട്ടി. അവൾക്ക് മൾട്ടിപ്പിൾ സ്‌ക്ലീറോസിസ് അഥവാ എംഎസ് ആയിരുന്നു.
എന്താണു മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്?
തലച്ചോറും സുഷുമ്‌നയും ചേർന്ന കേന്ദ്രനാഡീവ്യവസ്ഥയ്‌ക്ക് വീക്കം സംഭവിക്കുന്ന സ്ഥായിയായ ഒരു രോഗമാണ് എംഎസ്. ഇത് ഒരു ‘ഓട്ടോഇമ്മ്യൂൺ’ രോഗമാണെന്ന് നിരവധി ഡോകടർമാർ വിശ്വസിക്കുന്നു. ശരീരത്തിലെ പ്രതിരോധവ്യവസ്ഥയുടെ പ്രവർത്തനം തകരാറിലാകുകയും അത് ശരീരത്തിലെതന്നെ ചില കലകളെ ആക്രമിക്കുകയും ചെയ്യുന്ന, ഒരുകൂട്ടം രോഗങ്ങളെ കുറിക്കുന്നതാണ് ഈ പദം. എംഎസ്സിന്‍റെ കാരണം അജ്ഞാതമാണ്. എന്നാൽ വൈറസ്‌ബാധ ആയിരിക്കാം പ്രശ്‌നങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്നു കരുതപ്പെടുന്നു. അവസാനം പ്രതിരോധവ്യവസ്ഥയിലെ ഘടകങ്ങൾ, കേന്ദ്രനാഡീവ്യവസ്ഥയിലെ നാഡീതന്തുക്കളെ പൊതിഞ്ഞിരിക്കുന്ന മൈലിൻ കഞ്ചുകത്തെ (myelin sheath) ആക്രമിക്കുകയും അതിന്‍റെ ഫലമായി കൊഴുപ്പുള്ള ഒരു പ്രധാന പദാർഥമായ മൈലിനിൽ തടിപ്പുകൾ അഥവാ വടുക്കൾ ഉണ്ടാകുകയും ചെയ്യുന്നു. മൾട്ടിപ്പിൾ സ്‌ക്ലീറോസിസ് എന്ന പേര്, നാഡീതന്തുക്കളിന്മേൽ പ്രത്യക്ഷപ്പെടുന്ന അനവധി തടിപ്പുകളെ അഥവാ കടുപ്പമേറിയ കലകളെയാണ് കുറിക്കുന്നത്.
മൈലിൻ നാഡീതന്തുക്കളെ ആവരണം ചെയ്‌ത് ഒരു ഇൻസുലേഷനായി വർത്തിക്കുന്നു. മൈലിൻ കഞ്ചുകത്തിന് ഹാനി സംഭവിക്കുമ്പോൾ വൈദ്യുത ആവേഗങ്ങൾ പൂർണമായി നിലയ്‌ക്കുകയോ ഹ്രസ്വപരിവാഹം അഥവാ ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്നതിന്‍റെ ഫലമായി അടുത്തുള്ള നാഡികളിലേക്ക് ക്രമവിരുദ്ധമായ ആവേഗങ്ങൾ പുറപ്പെടുവിക്കുകയോ ചെയ്യുന്നു. കേന്ദ്രനാഡീവ്യവസ്ഥയിൽ എവിടെയും ക്ഷതം ഉണ്ടായേക്കാം എന്നതിനാൽ രണ്ടു രോഗികളുടെ രോഗലക്ഷണങ്ങൾ ഒരേപോലുള്ളത് ആയിരിക്കില്ല. ഒരു രോഗിക്കുതന്നെ ഓരോ തവണ രോഗാക്രമണമുണ്ടാകുമ്പോഴും വ്യത്യസ്‌ത ലക്ഷണങ്ങൾ ആയിരിക്കാം പ്രത്യക്ഷപ്പെടുക. കേന്ദ്രനാഡീവ്യവസ്ഥയിലെ ഏതു ഭാഗത്തെ ബാധിച്ചിരിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇത്. എന്നാലും, രോഗലക്ഷണങ്ങളിൽ മിക്കപ്പോഴും തളർച്ച, ക്ഷീണം, കൈകാൽ മരവിപ്പ്, നടക്കാനുള്ള ബുദ്ധിമുട്ട്, കാഴ്‌ചമങ്ങൽ, തരിപ്പ്, പുകച്ചിൽ, മലമൂത്ര വിസർജനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ, ശ്രദ്ധ കേന്ദ്രീകരിക്കാനോ ശരിയായി ചിന്തിക്കാനോ കഴിയാതെവരൽ എന്നിവയെല്ലാം ഉൾപ്പെടുന്നു. എന്നിരുന്നാലും, രോഗികളിൽ അനേകരും “തീർത്തും ശേഷിക്കുറവുള്ളവരായി മാറുന്നില്ല” എന്നുള്ളത് ആശ്വാസകരമാണ് എന്ന് ഐക്യനാടുകളിലെ ‘ദ നാഷണൽ മൾട്ടിപ്പിൾ സ്‌ക്ലീറോസിസ് സൊസൈറ്റി’ പറയുന്നു.
ലക്ഷണങ്ങൾ
ഇതിന്‍റെ ലക്ഷണങ്ങൾ മറ്റുപല ക്രമക്കേടുകളുടെ ലക്ഷണങ്ങളുമായി ഒത്തുവരുന്നതിനാൽ എവിസിന്‍റെ കാര്യത്തിൽ സംഭവിച്ചതുപോലെ, തുടക്കത്തിൽത്തന്നെ ഇതു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരുന്നേക്കാം. എന്നാൽ ആവർത്തിച്ചുള്ള രോഗാക്രമണത്തിന്‍റെ വിവരങ്ങൾ കിട്ടിക്കഴിഞ്ഞാൽ ഡോകടർമാർക്കു സാധാരണഗതിയിൽ കൂടുതൽ കൃത്യമായ നിഗമനത്തിൽ എത്തിച്ചേരാൻ കഴിയും.—“എംഎസ് കണ്ടുപിടിക്കുന്നതിനുള്ള അംഗീകൃത പരിശോധനകൾ” എന്ന ചതുരം കാണുക.
ലോകമൊട്ടാകെ, ഏതാണ്ട് 25 ലക്ഷം പേർക്ക് എംഎസ് ഉണ്ട്. കാനഡയിൽ ഏകദേശം 50,000 പേർക്കും ഐക്യനാടുകളിൽ 3,50,000 പേർക്കും ഈ രോഗമുണ്ട്. ഐക്യനാടുകളിൽ, ഓരോ ആഴ്‌ചയും ഏതാണ്ട് 200 പേർക്ക് രോഗമുള്ളതായി പുതുതായി കണ്ടുപിടിക്കുന്നു. “ശാരീരിക പരിക്കുകൾ ഒഴിച്ചാൽ, പ്രായപൂർത്തിയിലെത്തുന്ന സമയം മുതൽ മധ്യവയസ്സുവരെ ഉണ്ടാകുന്ന നാഡീസംബന്ധമായ വൈകല്യങ്ങളുടെ കാരണം മിക്കപ്പോഴും [എംഎസ്] ആണ്” എന്ന് ഒരു വൈദ്യശാസ്‌ത്ര ഗ്രന്ഥം പറയുന്നു. ഇതു ബാധിക്കുന്ന സ്‌ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിന്‍റെ ഏതാണ്ട് ഇരട്ടിയാണ്. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുന്ന പ്രായം സാധാരണ 20-നും 50-നും ഇടയിലും.
ചികിത്സ
എംഎസ് പൂർണമായി സുഖപ്പെടുത്താനുള്ള മാർഗം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അതിനാൽ ഡോകടർമാർ അതിന്‍റെ വർധന തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്‌തുകൊണ്ടും രോഗലക്ഷണങ്ങൾ വഷളാകാതെ നോക്കിക്കൊണ്ടും ഈ രോഗത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. എംഎസ് രോഗവർധന തടയുകയോ മന്ദഗതിയിലാക്കുകയോ അതിന്‍റെ ആക്രമണത്തിന്‍റെ തീവ്രത കുറയ്‌ക്കുകയോ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഔഷധങ്ങളിൽ കുറഞ്ഞത് രണ്ടുതരത്തിലുള്ള ഇന്‍റർഫിറോണും (പ്രതിരോധകോശങ്ങൾ സ്വാഭാവികമായി പുറപ്പെടുവിക്കുന്ന ഒരു പ്രോട്ടീൻ) ഗ്ലാറ്റിറമെർ അസറ്റെറ്റ് എന്ന ഒരു മരുന്നും ഉൾപ്പെടുന്നു.
ചില രോഗികൾക്ക് ഡോകടർമാർ കോർട്ടിക്കോസ്റ്റീറോയ്‌ഡ് എന്ന മരുന്നു നിർദേശിക്കാറുണ്ട്. വീക്കം ഉണ്ടാകാതെ നോക്കാനും രോഗാക്രമണങ്ങൾ ഉണ്ടാകുമ്പോൾ രോഗശമനം ത്വരിതഗതിയിലാക്കാനും വേണ്ടിയാണിത്. എന്നിരുന്നാലും, “ദീർഘകാലം കോർട്ടിക്കോസ്റ്റീറോയ്‌ഡ് ഉപയോഗിക്കാൻ ശുപാർശചെയ്യുന്നില്ല, കാരണം അതിന് അസ്ഥിദ്രവീകരണം, അൾസറുകൾ, പ്രമേഹം എന്നിങ്ങനെ ആരോഗ്യസംബന്ധമായ നിരവധി സങ്കീർണതകൾക്കു കാരണമാകാൻ കഴിയും” എന്ന് ദ മെർക്ക് മാന്വൽ എന്ന വൈദ്യശാസ്‌ത്ര പ്രസിദ്ധീകരണം പറയുന്നു. കൂടാതെ, സ്റ്റീറോയ്‌ഡ് ചികിത്സ ഈ രോഗത്തിന്‍റെ ദൈർഘ്യത്തിനു മാറ്റമൊന്നും വരുത്തുകയില്ലതാനും. അതുകൊണ്ട് ഈ രോഗത്തിന്‍റെ തീവ്രത കുറഞ്ഞ ആക്രമണത്തിന് ചില ഡോകടർമാർ ചികിത്സ വേണ്ടെന്നുവെക്കും.*
കേടുവന്നുപോയ മൈലിൻ പുനഃസ്ഥാപിക്കാനുള്ള വഴികളെ കുറിച്ച് പഠിച്ചുകൊണ്ട് ചില വിദഗ്‌ധർ ഇതിനെ മറ്റൊരു രീതിയിൽ ചികിത്സിക്കാൻ ശ്രമിക്കുന്നു. ലബോറട്ടറി പഠനങ്ങളിൽ അവർ ചില പ്രത്യേക മാതൃകോശങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയ്‌ക്ക് പക്വമായ മൈലിൻ ഉത്‌പാദക കോശങ്ങളെ സൃഷ്ടിക്കാൻ കഴിയും. ഈ പ്രക്രിയയെ എങ്ങനെ ഉത്തേജിപ്പിക്കാം എന്നു പഠിക്കുകയാണെങ്കിൽ, ശരീരത്തിലെ കേടുവന്ന നാഡികളുടെ അറ്റകുറ്റം തീർക്കുന്നതിന് ശരീരത്തെ ഉദ്ദീപിപ്പിക്കുന്നതിന് അവർക്കു സാധിച്ചേക്കാം.
അമിത തളർച്ചയാണ് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ ഏറ്റവും ദുഷ്‌കരം എന്ന് എംഎസ് രോഗികളിൽ 50 ശതമാനത്തിലേറെയും റിപ്പോർട്ടു ചെയ്യുന്നു. ഇതിന് ഒരുവന്‍റെ തൊഴിലിനെയും ഭാവി തൊഴിൽ സാധ്യതകളെയും ബാധിച്ചുകൊണ്ട് രോഗലക്ഷണങ്ങൾ വഷളാക്കാൻ കഴിയും. മാത്രമല്ല, രോഗത്തിന്മേൽ തനിക്കു നിയന്ത്രണമുണ്ടെന്നുള്ള ഒരുവന്‍റെ തോന്നലിനെ ക്രമേണ ദുർബലമാക്കാനും ഇതിനു കഴിയും. അതുകൊണ്ട്, ഉച്ചകഴിഞ്ഞ് അമിതമായ തളർച്ച അനുഭവപ്പെടുന്നവരിൽ അനേകരും ദിവസത്തിന്‍റെ ആരംഭത്തിൽത്തന്നെ ജോലിയെല്ലാം തീർത്തശേഷം എന്നും ഉച്ചകഴിഞ്ഞ് ഒന്നു മയങ്ങുന്നത് സഹായകമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, എന്നും ഉച്ചകഴിഞ്ഞ് ഒരു മണിക്കൂർ വിശ്രമിക്കുന്നത് ഒരു മുഴുസമയ സ്വമേധയാ ശുശ്രൂഷകയെന്ന നിലയിൽ തുടരാൻ എവിസിനെ സഹായിച്ചിരിക്കുന്നു.
എംഎസ് ഉള്ളവരുടെ പൊതുവായ ആരോഗ്യ പരിപാലനത്തിന്‍റെ കാര്യത്തിൽ ഹാരിസൺസ് പ്രിൻസിപ്പിൾസ് ഓഫ് ഇന്‍റേർണൽ മെഡിസിൻ ആരോഗ്യപരിചരണത്തിന്‍റെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നു. ഇതിൽ “സമ്മർദം കുറയ്‌ക്കൽ, സമീകൃതമായ ആഹാരക്രമം, പെട്ടെന്നു തൂക്കം കുറയുന്നത് ഒഴിവാക്കൽ, ആവശ്യത്തിനു വിശ്രമം” എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉൾപ്പെടുന്നു. വീണ്ടും വീണ്ടും രോഗാക്രമണം ഉണ്ടാകുന്നതിന് സമ്മർദം ഇടയാക്കും എന്നാണ് മിക്ക ഗവേഷകരുടെയും അഭിപ്രായം. അതുകൊണ്ട്, സമ്മർദത്തിനു വഴിയൊരുക്കുന്ന, എന്നാൽ ന്യായമായും ഒഴിവാക്കാൻ കഴിഞ്ഞേക്കാവുന്ന ഘടകങ്ങൾ വ്യക്തികൾ തിരിച്ചറിയുന്നത് മൂല്യവത്താണ്.
എന്നാൽ, എംഎസ് ഉള്ളവർ അമിതാധ്വാനം ചെയ്യാതെയും വല്ലാതെ തളർന്നുപോകുന്ന സാഹചര്യം ഒഴിവാക്കിയും അങ്ങേയറ്റത്തെ ചൂടോ തണുപ്പോ ഏൽക്കാതെയും സാധ്യമാകുന്നത്ര സാധാരണവും പ്രവർത്തനനിരതവുമായ ജീവിതം നയിക്കേണ്ടതുണ്ട്. അവർ ഉചിതമായ വ്യായാമങ്ങളിലും ഏർപ്പെടേണ്ടതാണ്. ദ മെർക്ക് മാന്വൽ ഇപ്രകാരം പറയുന്നു: “ക്രമമായ വ്യായാമം (ഉദാഹരണത്തിന് നിശ്ചലമായിരിക്കുന്ന സൈക്കിൾ, ട്രെഡ്‌മിൽ എന്നിവകൊണ്ടുള്ള വ്യായാമം, നീന്തൽ, ശരീരത്തിനു വലിവു കിട്ടുന്നതരം വ്യായാമങ്ങൾ) ശുപാർശചെയ്യുന്നുണ്ട്. ദീർഘകാലമായി രോഗമുള്ളവർപോലും അതു ചെയ്യുന്നത് നല്ലതാണ്. കാരണം വ്യായാമം ഹൃദയത്തെയും പേശികളെയും നല്ല നിലയിൽ നിലനിറുത്തുന്നു, പേശീസങ്കോചം കുറയ്‌ക്കുന്നു, കൂടാതെ മനഃശാസ്‌ത്രപരമായ പ്രയോജനങ്ങളും ഇതിനുണ്ട്.”
എംഎസ് രോഗമുള്ളവർക്ക് വിഷാദവും അനുഭവപ്പെട്ടേക്കാം. എന്നാൽ ഇത് രോഗത്തിന്‍റെ നേരിട്ടുള്ള ഫലം ആയിരിക്കണമെന്നില്ല. രോഗനിർണയം നടത്തുമ്പോൾ ഉണ്ടാകുന്ന ആദ്യ ആഘാതത്തിനുശേഷം രോഗികൾ സാധാരണഗതിയിൽ ദുഃഖത്തിന്‍റെ പല ഘട്ടങ്ങളിലൂടെ കടന്നുപോകാറുണ്ട്. യാഥാർഥ്യം അംഗീകരിക്കാൻ തയ്യാറാകാതിരിക്കൽ, ദേഷ്യം, കടുത്ത നിരാശ, സങ്കടം, നിസ്സഹായത എന്നിവ അതിൽ ഉൾപ്പെട്ടേക്കാം. ഈ വികാരങ്ങൾ എല്ലാം സാധാരണമാണ്. മിക്കവരുടെയും കാര്യത്തിൽ, ക്രമേണ അവ ശമിച്ച് ഒരു ക്രിയാത്മകമായ മാനസികാവസ്ഥയിലേക്കു വന്നുകൊള്ളും.
പുതുതായി രോഗമുണ്ടെന്നു കണ്ടെത്തുന്ന വ്യക്തിയുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കൂടെ ദുഃഖം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ, ഈ രോഗത്തെ കുറിച്ചു പഠിക്കാൻ അവർ ശ്രമം ചെലുത്തുന്നെങ്കിൽ രോഗിക്കു നല്ല പിന്തുണ നൽകാനും സാഹചര്യവുമായി നന്നായി പൊരുത്തപ്പെടാനും കഴിയും. ഉദാഹരണത്തിന്, എംഎസ് ആയുസ്സിനെ അത്ര കാര്യമായി ബാധിക്കുകയില്ല, അത് ഒരു പകർച്ചവ്യാധിയല്ല, പാരമ്പര്യ രോഗമല്ല എന്നൊക്കെ അറിയുന്നത് ആശ്വാസപ്രദമാണ്. എന്നാൽ രോഗം പാരമ്പര്യസിദ്ധമല്ലെങ്കിലും രോഗസാധ്യത പാരമ്പര്യമായി ലഭിച്ചേക്കാമെന്ന് ഗവേഷണം വെളിപ്പെടുത്തുന്നു.
എംഎസ് രോഗമുള്ളവരിൽ 50 മുതൽ 60 വരെ ശതമാനം ആളുകൾ ജീവകങ്ങൾ, ലവണങ്ങൾ, പച്ചസസ്യങ്ങൾ, പോഷകദായകങ്ങളായ പദാർഥങ്ങൾ എന്നിവ കഴിക്കുന്നതായി ഒരു പഠനം വെളിപ്പെടുത്തുന്നു. ഇവയിൽ ചിലത് എംഎസ് രോഗികൾക്ക് ദോഷം ചെയ്യാത്തതായിരിക്കാമെങ്കിലും മറ്റുചിലത് വിപരീതഫലങ്ങൾ ഉളവാക്കുന്നതോ അപകടകരം പോലുമോ ആയിരുന്നേക്കാം. അതുകൊണ്ട് മറ്റെന്തെങ്കിലും ചികിത്സാവിധികളോ പോഷകദായകങ്ങളായ പദാർഥങ്ങളോ സ്വീകരിക്കുന്നതിനു മുമ്പ്, അപകടസാധ്യതകളെപ്പറ്റി രോഗികൾ ചിന്തിക്കേണ്ടതുണ്ട്.
എംഎസ് മുഖ്യമായും നാലുതരം
റിലാപ്‌സിങ്-റെമിറ്റിങ്: രോഗത്തിന്‍റെ ഏറ്റവും സാധാരണമായി കാണപ്പെടുന്ന രൂപം ഇതാണ്. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന്‍റെ പ്രാരംഭദശയിൽ 70 മുതൽ 80 വരെ ശതമാനം രോഗികളിലും ഇത് കണ്ടുവരുന്നു. രോഗലക്ഷണങ്ങളുടെ ഇടയ്‌ക്കിടയ്‌ക്കുള്ള പുനരാഗമനം അല്ലെങ്കിൽ പെട്ടെന്നുള്ള വർധന വ്യക്തമായി തിരിച്ചറിയാൻ കഴിയും. കാരണം, അതുണ്ടാകുന്നത് രോഗലക്ഷണങ്ങൾ ഇല്ലാതിരിക്കുകയോ അവയ്‌ക്കു ഭാഗികമായി ശമനം വരികയോ ചെയ്യുന്ന ഒരു കാലയളവിനു ശേഷമാണ്. എന്നാൽ, രോഗപുനരാഗമനത്തിന് (relapses) ഇടയ്‌ക്കുള്ള കാലയളവിൽ രോഗം മൂർച്ഛിക്കുന്നു എന്നുള്ളതിന്‍റെ സൂചനയൊന്നും ഉണ്ടായിരിക്കില്ല.
സെക്കണ്ടറി പ്രോഗ്രസ്സീവ്: പ്രാരംഭത്തിൽ രോഗത്തിന്‍റെ റിലാപ്‌സിങ്-റെമിറ്റിങ് രൂപം കണ്ടുവരുന്ന രോഗികളിൽ ഏതാണ്ട് 70 ശതമാനം പേരിൽ പിന്നീട് എംഎസ്സിന്‍റെ ഈ രൂപം വികാസം പ്രാപിക്കുന്നു. ഇവരിൽ രോഗപുനരാഗമനം തുടർന്നും ഉണ്ടായേക്കാം. എന്നാൽ സാവധാനം, പടിപടിയായി ഇത്തരക്കാരുടെ നാഡികളുടെ പ്രവർത്തനക്ഷമതയും നഷ്ടപ്പെടാനിടയുണ്ട്.
പ്രോഗ്രസ്സീവ്-റിലാപ്‌സിങ്: രോഗികളിൽ ഏതാണ്ട് 10 ശതമാനത്തെ ബാധിക്കുന്ന, എംഎസ്സിന്‍റെ ഈ രൂപം തുടക്കം മുതൽത്തന്നെ ക്രമേണ മൂർച്ഛിച്ചുവരുന്നു. ഇവരിൽ ഇടയ്‌ക്കിടയ്‌ക്ക് രോഗലക്ഷണങ്ങൾ വളരെ വഷളാകുന്നു, അതു ശമിക്കുകയോ ശമിക്കാതിരിക്കുകയോ ചെയ്‌തേക്കാം. ആദ്യം പരാമർശിച്ച റിലാപ്‌സിങ്-റെമിറ്റിങ് രൂപത്തിൽനിന്നു വ്യത്യസ്‌തമായി എംഎസ്സിന്‍റെ ഈ രൂപത്തിൽ, രോഗപുനരാഗമനത്തിന്‍റെ ഓരോ കാലയളവിനിടയിലും രോഗത്തിന്‍റെ തീക്ഷ്ണത ക്രമേണ വർധിക്കുന്നു.
പ്രൈമറി പ്രോഗ്രസ്സീവ്: എംഎസ്സിന്‍റെ ഈ രൂപം 10 മുതൽ 15 വരെ ശതമാനം രോഗികളെ ബാധിക്കുന്നു. പ്രാരംഭഘട്ടം മുതൽ രോഗത്തിന്‍റെ തീക്ഷ്ണത ഏതാണ്ട് തുടർച്ചയായി കൂടിക്കൊണ്ടിരിക്കും. രോഗപുനരാഗമനത്തിനും ശമനത്തിനും പ്രത്യേകമായി തിരിച്ചറിയത്തക്ക കാലയളവ് ഉണ്ടായിരിക്കുകയില്ല. എന്നാൽ, പടിപടിയായി രോഗത്തിന്‍റെ തീക്ഷ്ണത കൂടുമ്പോഴും താത്‌കാലികമായി അൽപ്പം പുരോഗമനം കണ്ടെന്നുവരാം. 40 വയസ്സിനു ശേഷം എംഎസ് വികാസം പ്രാപിച്ചവരിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്.
പരിശോധനകൾ
എംഎസ് കണ്ടുപിടിക്കുന്നതിനുള്ള അംഗീകൃത പരിശോധനകൾ
മാഗ്നറ്റിക്ക് റെസൊണൻസ് ഇമേജിങ് (എംആർഐ): ചികിത്സാർഥം ശരീരഭാഗങ്ങളുടെ പ്രതിരൂപങ്ങൾ എടുക്കുന്നതിന് ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പ്രയോജനപ്രദമായ മാർഗങ്ങളിൽ ഒന്നാണ് എംആർഐ. ഇതിന് തലച്ചോറിലെ കലകളുടെ അതിസൂക്ഷ്മമായ പ്രതിരൂപങ്ങൾ ഒപ്പിയെടുക്കാൻ കഴിയും. ഈ പ്രതിരൂപങ്ങൾ, എംഎസ് ഉണ്ടെന്നുള്ളതിന്‍റെ ലക്ഷണങ്ങളെ വെളിച്ചത്തുകൊണ്ടുവരികയോ കുറഞ്ഞപക്ഷം രോഗിക്കുള്ളത് മറ്റുരോഗങ്ങൾ ഒന്നുമല്ല എന്ന നിഗമനത്തിൽ എത്തുന്നതിന് സഹായിക്കുകയോ ചെയ്യുന്നു.
സെറിബ്രോസ്‌പൈനൽ ദ്രാവകത്തിന്‍റെ (സിഎസ്‌എഫ്) പരിശോധന: സിഎസ്‌എഫ് വലിച്ചെടുക്കുന്നത് നട്ടെല്ലിൽനിന്നാണ്. ഈ ദ്രാവകത്തിൽ, പ്രതിരോധവ്യവസ്ഥയിലെ ചില ഘടകങ്ങൾ അസാധാരണ അളവിൽ ഉണ്ടോ എന്ന് ഡോകടർമാർ പരിശോധിക്കും. അതുപോലെ, മൈലിൻ ക്ഷയിക്കുന്നതുമൂലം ഉണ്ടാകുന്ന ഘടകങ്ങൾ ഇതിലുണ്ടോ എന്നും അവർ നോക്കും.
ഉദ്ദീപന പ്രതികരണ പരിശോധന: നാഡിയിലെ സഞ്ചാരപഥങ്ങളിലൂടെ സന്ദേശങ്ങൾ സഞ്ചരിക്കാൻ എടുക്കുന്ന ശരാശരി സമയത്തിന്‍റെ അളവ് കണക്കാക്കാൻ കമ്പ്യൂട്ടർവത്‌കൃത ഉപകരണം ഉപയോഗിക്കുന്നു. ഉദ്ദീപനത്തോടുള്ള പ്രതികരണത്തിൽ 80 മുതൽ 90 വരെ ശതമാനം എംഎസ് രോഗികളിലും ക്രമക്കേട് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
എംഎസ്സിനെ വിജയകരമായി നേരിടൽ
പിന്തുണ: സഹാനുഭൂതിയുള്ളവരും സജീവ പിന്തുണ നൽകുന്നവരുമായ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള അടുത്ത ബന്ധം രോഗിയുടെ ക്ഷേമത്തിനു സംഭാവന ചെയ്യും. അതുകൊണ്ട് നിങ്ങൾക്കു സഹായം വേണ്ടപ്പോൾ അത് ആവശ്യപ്പെടുക. തന്നിലേക്കുതന്നെ ഒതുങ്ങിക്കൂടുന്നത് ഒഴിവാക്കുക.
തുറന്ന ആശയവിനിമയം: എംഎസ്സിനെ കുറിച്ചും അതിന്‍റെ വെല്ലുവിളികളെ കുറിച്ചും തുറന്നു സംസാരിക്കാൻ മനസ്സൊരുക്കം കാണിക്കുന്നത് മറ്റുള്ളവർ രോഗിയെ മനസ്സിലാക്കാൻ ഇടയാക്കുകയും രോഗവുമായി കൂടുതൽ എളുപ്പത്തിൽ പൊരുത്തപ്പെടാൻ അയാളെ സഹായിക്കുകയും ചെയ്യും. നേരെ മറിച്ച്, ആശയവിനിമയത്തിനു മടികാണിക്കുന്നത് തെറ്റിദ്ധാരണ, നിരാശ, ഒറ്റപ്പെടൽ എന്നിവയിലേക്കു നയിച്ചേക്കാം.
നർമബോധം: എംഎസ് രോഗവുമായി ബന്ധപ്പെട്ട് ചിരിക്കാൻ ഒന്നുമില്ലെന്നതു ശരിതന്നെ. എങ്കിലും, ചിരി ശരീരത്തിനും മനസ്സിനും നല്ലൊരു ഔഷധമാണ്.
കടപ്പാട്:wol.jw.org/