অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുട്ടികളിലെ ജനിതക വൈകല്യങ്ങള്‍

കുട്ടികളിലെ ജനിതക വൈകല്യങ്ങള്‍

കുട്ടികളില്‍ കാണുന്ന ഏതൊരു രോഗത്തിന്റെയും സുപ്രധാന കാരണങ്ങളിലൊന്ന് ജനിതക വൈകല്യമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സാംക്രമിക രോഗങ്ങളുടേയും ജീവിതശൈലീ ജന്യ രോഗങ്ങളുടേയും കാരണം പ്രതിരോധശേഷി ഇല്ലായ്മയും ജീവിത ശൈലിയിലെ മാറ്റങ്ങളും ആണെന്ന് പറഞ്ഞാല്‍ പോലും ആത്യന്തികമായി ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത് കുട്ടികളിലെ ജനിതക തകരാറുകളിലേക്കാണ്. ചുരുക്കത്തില്‍, കുട്ടികളില്‍ കാണുന്ന സ്വഭാവ വൈകല്യംടക്കമുള്ള പ്രശ്നങ്ങളുടെ മൂലകാരണം ജനിതക വൈകല്യമാണെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

എന്താണ് ജനിതകവൈകല്യം

എല്ലാ ജീവജാലങ്ങളുടേയും ശാരീരിക പ്രവര്‍ത്തനങ്ങളേയും സ്വഭാവത്തേയും എല്ലാം നിയന്ത്രിക്കുന്നത് അവരുടെ കോശങ്ങളിലുള്ള ചില പ്രത്യേക പ്രോട്ടീനുകളാണ്. അവയെ ജീന്‍ അഥവാ ജനിതകം എന്ന് വിളിക്കുന്നു. ഇവയ്ക്ക് ഘടനാപരമായോ പ്രവര്‍ത്തനപരമായോ ഉണ്ടാകുന്ന മാറ്റങ്ങളാണ് ജനിതക മാറ്റങ്ങള്‍ എന്നറിയപ്പെടുന്നത്. പ്രത്യക്ഷമായി, ജനിതക മാറ്റങ്ങള്‍ സംഭവിച്ച വ്യക്തിയില്‍ തന്നെ രോഗമുണ്ടാക്കുന്നവ, അടുത്ത തലമുറയിലേക്ക് രോഗോത്പാദന കാരണങ്ങളായി മാറാന്‍ ശേഷിയുള്ളവ എന്നിങ്ങനെ ജനിതക മാറ്റങ്ങള്‍ രണ്ടുവിധമുണ്ട്. വിവിധ തരത്തിലുള്ള ജനിതക തകരാറുകള്‍ ഉണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടതും രോഗകാരണമായി ശാസ്ത്രലോകം വിലയിരുത്തുന്ന ഒന്നാണ് മ്യൂട്ടേഷന്‍ (Mutation)

ജനിതക വൈകല്യങ്ങള്‍ രോഗകാരിയാകുമ്പോള്‍

രണ്ടുവിധത്തില്‍ ജനിതക വൈകല്യങ്ങള്‍ ഒരു വ്യക്തിയില്‍ രോഗകാരിയാകാം.

1. രോഗസാധ്യത വര്‍ദ്ധിപ്പിച്ച് ശരീരത്തില്‍ രോഗം വരാനുള്ള പശ്ചാത്തലമൊരുക്കുക. അതായത് നിസ്സാരമായ കാരണങ്ങള്‍ കൊണ്ട് രോഗമുണ്ടാകുകയോ, എളുപ്പത്തില്‍ മ്യൂട്ടേഷന്‍ പോലുള്ള ജനിതക വൈകല്യങ്ങള്‍ ബാധിക്കും വിധം ജനിതക പ്രക്രിയയില്‍ മാറ്റം വരുത്തുക എന്നിങ്ങനെ ശരീരത്തിന് രോഗം പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുക.

2. രണ്ടാമതായി, ശരീരത്തില്‍ നേരിട്ട് രോഗകാരിയാവാന്‍ കെല്‍പ്പുള്ള വൈകല്യങ്ങളാണ്. ഹീമോഫീലിയ പോലുള്ളവ ഇതിനുദാഹരണമാണ്.

ജനിതക വൈകല്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങള്‍

ജീനുകള്‍ പ്രധാനമായും നിര്‍മിക്കപ്പെട്ടിരിക്കുന്നത് പ്രോട്ടീന്‍ കൊണ്ടാണ്. അതുകൊണ്ട് തന്നെ, ഇവയുടെ പ്രവര്‍ത്തനത്തില്‍ നമ്മള്‍ കഴിക്കുന്ന ആഹാരത്തിന്റെ ഗുണങ്ങളുമായും, നമ്മുടെ പാരിസ്ഥിതിക ഘടകങ്ങളുമായെല്ലാം അഭേദ്യമായ ബന്ധമുണ്ട്. വ്യക്തമായ സ്വാധീനവുമുണ്ട്. ഇത്തരത്തില്‍ ജനിതക വൈകല്യങ്ങള്‍ക്ക് പ്രധാനമായും രണ്ട് കാരണങ്ങളുണ്ടാകാം.

ആഹാരത്തിലുള്ള വ്യതിയാനങ്ങള്‍ : ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി നമ്മള്‍ പിന്തുടരുന്ന മരിയ ആഹാര രീതി ശരീരത്ത്തിന്റെ തനതായ താളത്തിനെതിരാവുകയും രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

പാരിസ്ഥിതിക വ്യതിയാനങ്ങള്‍ : വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി പരിസ്ഥിതിയിലും അതുവഴി ശരീരത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍ പലപ്പോഴും ജനിതക തകരാറുകള്‍ക്ക് കാരണമാകുന്നുണ്ട്. ചുരുക്കത്തില്‍ ജനിതക തകരാറുകള്‍ വര്‍ദ്ധിക്കുന്നതിന്റെ മുഖ്യ കാരണം മനുഷ്യന്റെ തന്നെ പ്രവര്‍ത്തനങ്ങളാണ്.

മുന്‍കരുതലുകള്‍

ജനിതക തകരാറുകള്‍ക്കും അത് മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും ചികിത്സയും പ്രതിവിധിയുമില്ലെന്ന നിരാശയില്‍ നിന്നും അവയും തടയുകയും പരിഹരിക്കുകയും ചെയ്യാവുന്ന ഒന്നാണെന്ന പ്രതീക്ഷയിലേക്ക് ശാസ്ത്രലോകം തിരിച്ചു വരികയാണ്. ജീനുകള്‍ പ്രോട്ടീനുകളാല്‍ നിര്‍മ്മിതമാണെന്ന് പറഞ്ഞുവല്ലോ. ശാരീരിക കാരണങ്ങളാലും മാറ്റ് ബാഹ്യ ഘടകങ്ങളാലും എപ്പോള്‍ വേണമെങ്കിലും കേടുവരാവുന്ന പ്രോട്ടീനുകളാലാണ് ഇവ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, എപ്പോള്‍ വേണമെങ്കിലും കേടുവരാന്‍ സാധ്യതയുള്ളത് പോലെത്തന്നെ അവ സ്വയം പരിഹരിക്കാനുള്ള സംവിധാനവും ശരീരത്തില്‍ സദാ സജ്ജമാണ്. ഇവ രണ്ടും മിതമായി, തുല്യമായി സംഭവിക്കുമ്പോഴാണ് ഒരാള്‍ ആരോഗ്യവാനാകുന്നത്. ഇവ രണ്ടും മിതമായി, തുല്യമായി സംഭവിക്കുമ്പോഴാണ് ഒരാള്‍ ആരോഗ്യവാകുന്നത്. നമ്മുടെ ശരീരത്തില്‍ ഒട്ടനവധി രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉണ്ടാവുന്ന ഉപോല്‍പ്പന്നങ്ങള്‍ ജനിതക വൈകല്യങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ജനിതക തകരാറിലേക്ക് നയിക്കുന്ന ഉപോല്‍പ്പന്നങ്ങള്‍ ശരീരത്തില്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ തന്നെ അവയെ നിര്‍വ്വീര്യമാക്കാനുള്ള സംവിധാനവും ശരീരത്തിലുണ്ട്. എന്നാല്‍, പുത്തന്‍ ജീവിതരീതികളും അനാരോഗ്യകരമായ ആഹാരവുമെല്ലാം നമുക്ക് ദോഷമാകുന്നത് ജനിതക വൈകല്യമുണ്ടാകാന്‍ കാരണമായ ഘടകങ്ങളെ നിര്‍വ്വീര്യമാക്കാനും പുറന്തള്ളാനുമുളള ശരീരത്തിന്റെ സ്വതസിദ്ധമായ കഴിവുകള്‍ നഷ്ടപ്പെടുമ്പോഴോ, തകരാറിലാകുമ്പോഴോ ആണെന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവ ദോഷകരമാകുന്നത് പോലെ തന്നെ ശരീരത്തിന്റെ തനത് സംവിധാനങ്ങള്‍ പുനസ്ഥാപിക്കുന്നതിലൂടെ ജനിതകത്തകരാറുകളും ഒരു പ്രശ്നമാല്ലാതായി തീരുന്നു എന്നതും ഒരു സത്യമാണ്.

ജനിതക വൈകല്യ രോഗങ്ങള്‍

ജനിതക വൈകല്യങ്ങള്‍ മൂലമുള്ള കുട്ടികളിലെ പ്രധാന്‍ രോഗങ്ങള്‍ ഇവയൊക്കെയാണ്.

ഓട്ടിസം : 63 ല്‍ ഒരാള്‍ക്ക് എന്ന കണക്കിലാണ് ഇന്ന് ഈ ലോകത്തില്‍ ഈ രോഗമുണ്ടാകുന്നത്. ഇവയ്ക്ക് പ്രധാന കാരണം ജനിതക വൈകല്യമാണ്.

അമിതവണ്ണം : കുറഞ്ഞ അളവില്‍ ഭക്ഷണം കഴിച്ചാല്‍ പോലും കുട്ടികള്‍ക്ക് അമിതമായി വണ്ണം വയ്ക്കുന്ന രോഗമാണിത്. ഈ അസുഖത്തിന് വ്യായാമാമില്ലായ്മയും ഭക്ഷണ രീതിയും പ്രധാന കാരണമാണെങ്കിലും രോഗമുണ്ടാക്കുന്നതില്‍ ജനിതക തകരാറുകള്‍ക്കും ഗണ്യമായ പങ്കുണ്ട്.

കുട്ടികളിലെ പ്രമേഹം : ജനിതക തകരാറുകള്‍ ശരീരത്തില്‍ നേരിട്ട് രോഗങ്ങള്‍ക്ക് കാരണമാകുന്നതാണ് കുട്ടികളിലെ പ്രമേഹത്തിനും കാരണം. ഇങ്ങനെ കുട്ടികളെ ബാധിക്കുന്ന പ്രമേഹം ടൈപ്പ് 1 ഡയബറ്റിക്സ്‌ എന്നാണ് അറിയപ്പെടുന്നത്.

ഹൃദ്രോഗം : ക്കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ തന്നെ കാണപ്പെടുന്ന ഹൃദയത്തിലെ ദ്വാരങ്ങള്‍.

കുട്ടികളിലെ ക്യാന്‍സര്‍

സ്വഭാവ വൈകല്യങ്ങള്‍

കുട്ടികളില്‍ കാണുന്ന ഹൈപ്പര്‍ ആക്ടിവിറ്റി അച്ചടക്കമില്ലായ്മ, ധിക്കാരം പഠന വൈകല്യങ്ങള്‍, ഭാഷാ വൈകല്യങ്ങള്‍, കണക്ക് പഠിക്കാനുള്ള പ്രയാസം തുടങ്ങിയ സ്വഭാവ വൈകല്യങ്ങള്‍ക്കെല്ലാം ജനിതക കാരണങ്ങളുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ സിസ്റ്റിക് ഫിബ്രോയ്ഡ്, ബ്രോങ്ങ്കൈക്ടാസിസ് തുടങ്ങിയ രോഗങ്ങള്‍ ഇത്തരത്തില്‍ കുട്ടികളില്‍ കാണുന്ന എണ്ണമറ്റ രോഗങ്ങള്‍ക്ക് നേരിട്ടോ അല്ലാതെയോ ജനിതക മാറ്റങ്ങള്‍ കാരണമാകുന്നു.

ജനിതക വൈകല്യങ്ങള്‍ എങ്ങനെ തടയാം

കുഞ്ഞിനുണ്ടായേക്കാവുന്ന ജനിതക മാറ്റങ്ങളെ തടയുന്നതിന് ദാമ്പത്യ ജീവിതം തുടങ്ങുന്നതിന് മുന്നെത്തന്നെ തീരുമാനങ്ങള്‍ എടുക്കേണ്ടിയിരിക്കുന്നു എന്നാണു ആയുര്‍വ്വേദമതം. ഒരേ കുളത്തില്‍ നിന്ന് വിവാഹം കഴിക്കുന്നത് ഒഴിവാക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അബദ്ധത്തിലുള്ള ഗര്‍ഭധാരണം കുഞ്ഞിനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയേറെയാണ്. ആയതിനാല്‍ ആസൂത്രിത ഗര്‍ഭധാരണത്തിന് ആയുര്‍വ്വേദം പ്രാധാന്യം നല്‍കുന്നു. ഗര്ഭധാരണത്തെക്കുറിച്ച് തീരുമാനം എടുക്കുന്നത് മുതല്‍ ദമ്പതികള്‍ കൈക്കൊള്ളേണ്ട രീതികളെ കുറിച്ച് ആയുര്‍വ്വേദത്തിന് വ്യക്തവും ശാസ്ത്രീയവുമായ നയങ്ങളുണ്ട്‌.

ഗര്‍ഭധാരണത്തിലേക്ക് നയിക്കേണ്ടുന്ന ലൈംഗിക ബന്ധത്തിന് മുമ്പ് പാലിക്കേണ്ടവ

ദമ്പതികളുടെ ശരീരികവും മാനസികവുമായ തയ്യാറെടുപ്പ് ഈ അവസരത്തില്‍ വളരെ പ്രധാന്യമര്‍ഹിക്കുന്നു. ആയുര്‍വ്വേദ വിധിപ്രകാരമുള്ള ദിനചര്യകള്‍, ഭക്ഷണ രീതികള്‍, മറ്റ് പ്രാര്‍ത്ഥനകള്‍ ഇവയെല്ലാം പാലിക്കേണ്ടതുണ്ട്. പുരുഷന്‍ നെയ്യ്, മറ്റ് ഔഷധങ്ങള്‍ തുടങ്ങിയവയും സ്ത്രീ എള്ള്, ഉഴുന്ന് തുടങ്ങിയവയും ഈ സമയത്ത് ശീലിക്കണം.

ലൈംഗിക ബന്ധത്തിന് ശേഷം പാലിക്കേണ്ടവ

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം കഴിക്കേണ്ട ഭക്ഷണങ്ങള്‍, പാലിക്കേണ്ട ചര്യകള്‍ ഇവയെല്ലാം തന്നെ പ്രത്യേകം പരിഗണന അര്‍ഹിക്കുന്നുണ്ട്.

ഗര്‍ഭിണീചര്യ

ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ മാസാമാസമുണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ക്കനുസൃതമായി പ്രത്യേക ഔഷധങ്ങളും ചര്യകളും ആവശ്യമാണ്‌.

പ്രസവ ശുശ്രൂഷ

പ്രസവ സമയത്തും ശേഷവും അമ്മ പാലിക്കേണ്ട രീതികളെ കുറിച്ചും അവയുടെ ആവശ്യകത’യെക്കുറിച്ചും കൃത്യമായി പറയുന്നുണ്ട്. പുറമേ പുരട്ടുന്ന പിച്ചു [പോലുള്ള ചികിത്സ ഉത്തമ ഉദാഹരണമാണ്.

രണ്ടുവയസ്സുവരെയുള്ള കുട്ടികളുടെ പ്രത്യക പരിചരണം

ജനിച്ച് പതിനഞ്ച് ദിവസം മുതല്‍ ഒരു വയസ്സുവരെയുള്ള കാലയളവില്‍ പ്രത്യേക ദിവസങ്ങളില്‍ കൊടുക്കെണ്ടാതായിട്ടുള്ള ഉരമരുന്ന് എന്നറിയപ്പെടുന്ന മരുന്നുകള്‍ ഉദാഹരണങ്ങളാണ്.

മറ്റ് പൊതുവായ കാര്യങ്ങള്‍

എന്താണ് നല്ല ആഹാരം എന്നതിനെക്കുറിച്ച് മറ്റ് ചിന്താഗതികളില്‍ നിന്ന് വ്യത്യസ്തമായി ആയുര്‍വ്വേദത്തിന് സ്തുത്യര്‍ഹമായ കാഴ്ചപ്പാടുണ്ട്. അന്നജവും ജീവകവും കൊഴുപ്പുമെല്ലാം കണക്കുപ്രകാരം അടങ്ങിയ കേവലം സമീകൃത ആഹരമല്ല ഒരാള്‍ ശീലിക്കേണ്ടത്‌. മറിച്ച്, ഒരാളുടെ ശരീരത്തിന് ആവശ്യമായ ദാഹനവ്യവസ്ഥക്ക് അനുയോജ്യമായ, ശരീര പ്രകൃതിയുടെ സ്വതസിദ്ധമായ താളത്തിന് ഇണങ്ങും വിധമുള്ള ആഹാരമാണ് നാം കഴിക്കേണ്ടത്‌. കലോറി കണക്കുകൈല്‍ നിര്‍വ്വചിച്ചിട്ടുള്ള സമീകൃതാഹാരം എന്നത് കേവലം വിശപ്പ്‌ അടക്കാനുള്ള ഉപാധിയായി മാത്രം ആഹാരത്തെ കാണുന്ന ഒരു സംവിധാനത്തിന്റെ സൃഷ്ടിയാണ്. എന്നാല്‍ ഇതിനുമപ്പുറത്തേക്ക് വലിയ അര്‍ത്ഥ തലങ്ങളും പ്രവര്‍ത്തനങ്ങളുമുള്ള ജീവിതഗതി നിര്‍ണ്ണയിക്കുന്ന ഒന്നാണ് ആഹാരമെന്നു ആയുര്‍വ്വേദമതം തലമുറകളിലേക്ക് പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു.

രത്നച്ചുരുക്കം

ഒരു വ്യക്തിയില്‍ ജനിതകമാറ്റം സംഭവിച്ച ശേഷം അവ കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യകള്‍ ധാരാളമുണ്ടെങ്കിലും ഇത് വരാതെ നോക്കാനുള്ള രീതികളെ കുറിച്ചുള്ള വിവരങ്ങള്‍ കേവലം രോഗഷമാനവുമായി ബന്ധപ്പെട്ട് മാത്രം വളര്‍ന്നു വന്ന ആധുനിക വൈദ്യശാസ്ത്രം പോലുള്ള ഒന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. മാത്രമല്ല, ഈ ശാസ്ത്ര രംഗത്തെ നേട്ടങ്ങളെല്ലാം തന്നെ വന്‍കിട മരുന്ന് കമ്പനികളുടേയും കോര്‍പ്പറേറ്റുകളുടേയും വളര്‍ച്ചയ്ക്ക് കുടപിടിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ രോഗം വരാതെ നോക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്.

ഡോ.കെ.എസ് ദിനേഷ്
അസി.പ്രൊഫസര്‍
ശിശുരോഗ വിഭാഗം
പി.എസ്.വാര്യര്‍ ആയുര്‍വ്വേദ ആശുപത്രി
കോട്ടയ്ക്കല്‍

അവസാനം പരിഷ്കരിച്ചത് : 6/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate