മൂത്രത്തില്‍ രക്‌തം, അണുബാധ എന്നിവയിലൂടെ ഇത് തിരിച്ചറിയാന്‍ കഴിയും. രക്‌തപരിശോധനയിലൂടെ വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി മനസിലാക്കാന്‍ കഴിയും .
മൂത്രാശയക്കല്ലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടിയുള്ള പരിശോധനകളിലൂടെ രോഗനിര്‍ണയം നടത്തണം. മൂത്രപരിശോധന, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എക്‌സറേ, ഐ. വി. പി പരിശോധന എന്നിവയിലൂടെ രോഗനിര്‍ണയം സാധ്യമാണ്.
ഇതിലൂടെ കല്ലിന്റ സ്‌ഥാനം കൃത്യമായി മനസിലാക്കാം. ചില സാഹചര്യങ്ങളില്‍ എം.ആര്‍ യൂറോഗ്രാം, ഐസോടോപ്പ് സ്‌കാന്‍ തുടങ്ങിയ പരിശോധനകളും ആവശ്യമായിവരാം.
മൂത്രത്തില്‍ രക്‌തം, അണുബാധ എന്നിവയിലൂടെ ഇത് തിരിച്ചറിയാന്‍ കഴിയും. രക്‌തപരിശോധനയിലൂടെ വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി മനസിലാക്കാന്‍ കഴിയും.
ശരിയായ പരിശോധനകളുടെ അടിസ്‌ഥാനത്തില്‍ മാത്രമേ തുടര്‍ ചികിത്സകള്‍ ആരംഭിക്കാന്‍ കഴിയൂ. കാരണം കല്ലിന്റെ സ്‌ഥാനം, വലിപ്പം എന്നിവയൊക്കെ തുടര്‍ ചികിത്സയില്‍ വളരെ പ്രധാനമാണ്.
മൂത്ര തടസ്സവുമായി എത്തുന്നവര്‍ക്ക് ട്യൂബ് കടത്തി മൂത്രമെടുക്കേണ്ടി വരുന്നു. കല്ലുകള്‍ കണ്ടെത്താന്‍ സാധാരണയായി താഴെപ്പറയുന്ന ചികിത്സകളാണ് നടത്തുന്നത്.
രക്‌തപരിശോധനയിലൂടെ കല്ലുകളുടെ സാന്നിധ്യം കണ്ടെത്താവുന്നതാണ്. മൂത്രാശയക്കല്ലിനു കാരണമാകുന്ന രാസഘടകങ്ങളെ തിരിച്ചറിയാന്‍ രക്‌തപരിശോധന സഹായിക്കും. കാല്‍സ്യം, യൂറിക് ആസിഡ് എന്നിവയുടെ സാന്നിധ്യം എത്രയുണ്ടെന്നും രക്‌ത പരിശോധനയിലൂടെ മനസിലാക്കാം.
കല്ലുണ്ടാക്കുന്ന ഘടകങ്ങള്‍ ഉണ്ടോയെന്ന് മൂത്രപരിശോധനയിലൂടെ തിരിച്ചറിയാന്‍ സാധിക്കും. രാസഘടകങ്ങളുടെ സാന്നിധ്യം, പ്രോട്ടീന്റെയും ലവണങ്ങളുടെയും സാന്നിധ്യം എന്നിങ്ങനെയുള്ള കാര്യങ്ങളും കല്ലുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു.
വൃക്കയിലെ കല്ലിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെ ലഭിക്കുന്നതാണ്. കല്ലുകളുടെ ആകൃതി, വലിപ്പം, തടഞ്ഞിരിക്കുന്ന ഭാഗം എന്നിവയൊക്കെ മനസിലാക്കാന്‍ ഈ പരിശോധനയിലൂടെ കഴിയും.
സാധാരണ എക്‌സ്റേയിലൂടെ തന്നെ മിക്ക കല്ലുകളും കണ്ടെത്താവുന്നതാണ്. എന്നാല്‍ കല്ലിന്റെ സ്‌ഥാനം നിശ്‌ചയിക്കാനും തടസങ്ങള്‍ അറിയാനും ഇന്‍ട്രാവീനസ് പൈലോഗ്രാഫി പരിശോധന ഫലപ്രദമാണ്. ശരീരത്തിലേക്ക് ഒരു പ്രത്യേക ചായം കുത്തിവച്ചശേഷം എക്‌സ്റേ എടുക്കുന്ന രീതിയാണിത്.
എന്നാല്‍ ചിലപ്പോള്‍ എക്‌സ്റേ പരിശോധനയിലൂടെ ചില കല്ലുകള്‍ കണ്ടെത്താന്‍ കഴിയാതെ വന്നേക്കാം. എന്നാല്‍ സി.ടി സ്‌കാന്‍ പരിശോധനയില്‍ ഇത്തരം കല്ലുകള്‍ കൃത്യമായി കണ്ടെത്താന്‍ കഴിയും. ഇതിന് താരതമ്യേന ചെലവ് കൂടുതലാണ്.
അസഹനീയ വേദനയുമായിട്ടായിരിക്കും മൂത്രാശയ കല്ലുള്ളവരില്‍ അധികവും ആശുപത്രിയിലെത്തുന്നുന്നത്. അതിനാല്‍ വേദനസംഹാരികള്‍ നല്‍കി വേദന കുറയ്‌ക്കാനാണ് ആദ്യം ശ്രമിക്കുന്നത്. വൃക്കയിലും മൂത്രസഞ്ചിയിലുമുള്ള ചെറിയ കല്ലുകള്‍ മെഡിക്കല്‍ എക്‌സ്പെര്‍ഡന്‍ തെറാപ്പിയിലൂടെ നീക്കം ചെയ്യാവുന്നതാണ്.
തരികള്‍ അലിയിപ്പിച്ചു കളയുന്ന രീതിയാണിത്. വൃക്കയിലൂം മൂത്രനാളിയിലുമുള്ള വലിയ കല്ലുകള്‍ പൊടിച്ചുകളയുകയോ എടുത്തുകളയുകയോ ചെയ്യേണ്ടി വരുന്നു. ഇന്ന് നിരവധി ആധുനിക ചികിത്സാ രീതിയിലൂടെ വേഗത്തിലും സുരക്ഷിതമായും കല്ലുകള്‍ ശരീരത്തുനിന്നു നീക്കം ചെയ്യാവുന്നതാണ്.
എക്‌സ്ട്രാ കോര്‍പോറിയല്‍ ഷോക്ക് വേവ് ലിത്തോട്രിപ്‌സി എന്ന ചികിത്സാ രീതി കല്ലുകള്‍ നീക്കം ചെയ്യുന്നതില്‍ വളരെ പ്രധാനപ്പെട്ട ഒരു മാര്‍ഗമാണ്‌്. വൃക്കയിലെയും മൂത്രവാഹിനിയുടെ മുകള്‍ ഭാഗത്തെയും കല്ലുകളാണ് ഈ രീതിയില്‍ പൊടിച്ചു കളയുന്നത്.
വൈദ്യുത കാന്തിക തരംഗങ്ങള്‍ മൂത്രാശയക്കല്ലിനെ കേന്ദ്രീകരിച്ച് കടത്തിവിട്ട് പൊടിച്ചു കളയുകയാണ് ചെയ്യുന്നത്. ഇങ്ങനെ പൊടിച്ചു ചെറിയ തരികളാകുന്ന കല്ലുകള്‍ മൂത്രത്തിലൂടെ പുറത്തു പോകുന്നു.
കല്ലിന്റെ തരികള്‍ പുറത്തേക്കു പോകുമ്പോള്‍ ചിലപ്പോള്‍ വേദന ഉണ്ടാകാം. അതിനാല്‍ കല്ലിന്റെ സുഗമമായ ഒഴുക്കിന് ഡബിള്‍ സ്‌റ്റെന്റ് ഇടേണ്ടി വരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഇവ നീക്കം ചെയ്യാവുന്നതാണ്. രോഗിയെ മയക്കി കിടത്തിയാണിതു ചെയ്യുക.
ലിത്തോട്രിപ്‌സിയുടെ ഏറ്റവും വലിയ ഗുണമെന്നു പറയുന്നത് ഇതു ചെയ്യേണ്ടി വരുമ്പോള്‍ ശരീരത്തില്‍ മുറിവുകളൊന്നും ഉണ്ടാക്കേണ്ടി വരുന്നില്ലെന്നതാണ്.
അപൂര്‍വ്വമായി ചിലപ്പോള്‍ കല്ലുകള്‍ പൊട്ടിപ്പോയില്ലെന്നും വരാം. അപ്പോള്‍ രണ്ടാമതും ഇ.എസ്.ഡബ്ല്യൂ.എല്‍ ചെയ്യേണ്ടി വരുന്നു. ആശുപത്രിയില്‍ കിടക്കേണ്ടി വരുന്നില്ലെന്നതാണ് ലിത്തോട്രിപ്‌സിയുടെ മറ്റൊരു മേന്മ.
പെര്‍ക്യൂട്ടേനിയസ് നെഫ്രോസ്‌ടോലിത്തോട്ടമി എന്ന ശസ്‌ത്രക്രിയയിലൂടെ ശരീരത്തില്‍ ചെറിയ ഒരു ദ്വാരം ഉണ്ടാക്കി കല്ലുകള്‍ നീക്കം ചെയ്യാവുന്നതാണ്. ആശുപത്രിയില്‍ കിടന്നു ചെയ്യേണ്ട ചികിത്സയാണിത്.
കല്ലുകള്‍ വലുതാണെങ്കില്‍ ഇ.എസ്.ഡബ്ല്യൂ.എല്‍ വഴി പൊട്ടിച്ചു കളയാന്‍ കഴിയാതെവരാം. ഈ അവസ്‌ഥയില്‍ പി.സി.എന്‍.എല്‍ രീതിയാണ് ഫലപ്രദം. ദ്വാരത്തിലൂടെ വൃക്ക തുരന്ന് കല്ല് പൊട്ടിച്ച് പുറത്തെടുക്കുകയാണ് ചെയ്യുക.
കല്ലിന്റെ എക്‌സ്റേ ചിത്രം സ്‌ക്രീനില്‍ കാണിക്കും. ഇതനുസരിച്ച് സുഷിരത്തിലൂടെ നെഫ്രോസ്‌കോപ്പ് എന്ന ഉപകരണം അകത്തു കടത്തുന്നു. ഉള്ളിലുള്ള വിവരങ്ങള്‍ ഉപകരണത്തിന്റെ സഹായത്തോടെ അറിയാന്‍ കഴിയും. നെഫ്രോസ്‌കോപ്പ് വഴി കല്ല് പൊടിച്ചു കളയുന്നു.
കല്ലിന് വലിപ്പം കൂടുതലുണ്ടെങ്കില്‍ കൂടുതല്‍ ദ്വാരങ്ങള്‍ ഉണ്ടാക്കേണ്ടി വരുന്നു. ശസ്‌ത്രക്രിയയ്‌ക്കുശേഷം രണ്ടുമാസം വിശ്രമം ആവശ്യമാണ്. വളരെ സുരക്ഷിതമായി അണുബാധ ഉണ്ടാകാതെ സൂക്ഷിക്കുകയെന്നതാണ് ശസ്‌ത്രക്രിയയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം.
മൂത്രനാളിയിലുള്ള കല്ലുകള്‍ പൊടിച്ചു കളയുന്നതിനുള്ള ചികിത്സാരീതിയാണ് യൂറിറ്റസ്‌കോപ്പി. മൂത്രനാളിയിലൂടെ മൂത്രസഞ്ചിയിലേക്ക് യൂറിറ്ററോസ്‌കോപ്പ് എന്ന ഉപകരണം കടത്തി കല്ലുകള്‍ നീക്കുന്നു.
റിട്രോഗ്രേഡ് ഇന്‍ട്രാറീനല്‍ സര്‍ജറിയും മൂത്രാശയത്തിലെയും വൃക്കയിലെയും കല്ല് നീക്കം ചെയ്യാന്‍ സഹായിക്കുന്ന ചികിത്സാ രീതിയാണ്.
ലക്ഷണങ്ങള്‍ ഉണ്ടായില്ലെങ്കിലും വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അപകടകരമായി നില്‍ക്കുന്ന കല്ലുകള്‍ നീക്കം ചെയ്യണം. അവ നമ്മള്‍ അറിയാതെതന്നെ വൃക്കയിലെ കോശങ്ങളെ നശിപ്പിച്ചു കൊണ്ടിരിക്കുകയാവും.
അലോപ്പതി മാത്രമല്ല ഏത് ചികിത്സാരീതി അവലംബിച്ചാലും അള്‍ട്രാസൗണ്ട്, എക്‌സറേ എന്നിവയിലൂടെ കല്ലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കി വേണം ചികിത്സ ആരംഭിക്കാന്‍.
പ്രശ്‌നങ്ങളുണ്ടാക്കാത്ത വലിയ കല്ലുകളും നീക്കം ചെയ്യുന്നതാണ് നല്ലത്. ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. മാത്രമല്ല മൂത്രതടസം, അണുബാധ, രക്‌തസ്രാവം എന്നിവയ്‌ക്കു കാരണമാകുകയും ചെയ്യാം.
വൃക്കയിലെ മൂത്ര ഉല്‌പാദനത്തെയും വലിയ കല്ലുകള്‍ തടസപ്പെടുത്തും. ഇതെല്ലാം വൃക്കയുടെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുകയും വൃക്ക പരാജയത്തിലേക്കു നയിക്കുകയും ചെയ്യാം. അതിനാല്‍ ഡോക്‌ടര്‍ നിര്‍ദേശിച്ചാല്‍ കല്ലുകള്‍ നീക്കം ചെയ്യാന്‍ താമസിക്കരുത്.
ശരീരം തുറന്നുള്ള ശസ്‌ത്രക്രിയിലൂടെയായിരുന്നു കുറച്ചു വര്‍ഷങ്ങള്‍മുമ്പുവരെ കല്ല് നീക്കം ചെയ്‌തിരുന്നത്. എന്നാല്‍ അത്യാധുനിക ശസ്‌ത്രക്രിയകളുടെ സഹായേത്താടെ വളരെ സുരക്ഷിതമായി കല്ലുകള്‍ നീക്കം ചെയ്യാന്‍ ഇന്ന് സാധിക്കും.
കല്ല് നീക്കം ചെയ്‌തശേഷവും ജീവതചര്യയില്‍ വളരെയധികം ശ്രദ്ധിക്കണം. ഒരിക്കല്‍ കല്ലു വന്നവര്‍ക്ക് വീണ്ടും കല്ലുവരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ കല്ല് ഉണ്ടാകാനുള്ള കാരണം കണ്ടെത്തി അതനുസരിച്ച് ആഹാരരീതിയില്‍ മാറ്റം വരുത്തണം.
മൂത്രമൊഴിക്കുമ്പോള്‍ കല്ല് പുറത്തു പോകുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഒരു തുണിയിലോ, അരിപ്പയിലോ മൂത്രമൊഴിച്ച് കല്ല് ശേഖരിക്കാവുന്നതാണ്. ഇത് ലാബില്‍ പരിശോധിച്ച് ഡോക്‌ടറെ കാണിച്ച് കല്ലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുക. അതനുസരിച്ച് ഭക്ഷണരീതിയില്‍ മാറ്റം വരുത്താവുന്നതാണ്.
കടപ്പാട്:
ഡോ. സുജിത് നാരായണന്‍
നെഫ്രോളജിസ്‌റ്റ്, മിംസ് ഹോസ്‌പിറ്റല്‍
കോഴിക്കോട്
അവസാനം പരിഷ്കരിച്ചത് : 7/12/2020