മൂത്രസഞ്ചിക്ക് വേദനയോ നീണ്ടുനിൽക്കുന്ന അസ്വസ്ഥതയോ അനുഭവപ്പെടുകയും സമീപ ഭാഗങ്ങളിൽ വേദനയുണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്റർസ്റ്റീഷ്യൽ സിസ്റ്റൈറ്റിസ് അഥവാ പെയിൻഫുൾ ബ്ളാഡർ സിൻഡ്രോം. മൂത്രസഞ്ചിയിൽ അനുഭവപ്പെടുന്ന സമ്മർദം, വസ്തിപ്രദേശത്ത് ചെറിയ അസ്വസ്ഥത മുതൽ കടുത്ത വേദന തുടങ്ങിയവയിലൂടെ ഇത് തിരിച്ചറിയാൻ കഴിയും. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളെയാണ് ഇത് ബാധിക്കുന്നത്.
കാരണങ്ങളും അപകടസാധ്യതകളും
കാരണങ്ങൾ (Causes)
പെയിൻഫുൾ ബ്ളാഡർ സിൻഡ്രോമിന്റെ കൃത്യമായ കാരണം എന്തെന്ന് കണ്ടെത്തിയിട്ടില്ല. മൂത്രസഞ്ചിയുടെ ഉപരിതല പാളിയിലെ തകരാറുകളാണ് ഇതിനു കാരണമെന്ന് ചില ഗവേഷകർ വിശ്വസിക്കുന്നു.
അപകടസാധ്യതാ ഘടകങ്ങൾ (Risk Factors)
- ലിംഗം: സ്ത്രീകൾക്കാണ് പുരുഷന്മാരെ അപേക്ഷിച്ച് അപകടസാധ്യത കൂടുതൽ
- മൂത്രസഞ്ചിക്ക് ഉണ്ടാകുന്ന ആഘാതം
- സിസ്റ്റൈറ്റിസ് (ബാക്ടീരിയ അണുബാധ)
- ഓട്ടോഇമ്മ്യൂൺ തകരാറുകൾ
ലക്ഷണങ്ങൾ
വ്യക്തികൾ തോറും ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും.
ലക്ഷണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;
- വസ്തിപ്രദേശത്ത് നിലനിൽക്കുന്ന വേദന
- ഉടനടി മൂത്രമൊഴിക്കണമെന്ന തോന്നൽ
- അടിക്കടി മൂത്രമൊഴിക്കാൻ തോന്നുക
- മൂത്രസഞ്ചിക്ക് സമ്മർദം
- ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ വേദന
ആർത്തവ സമയത്ത് സ്ത്രീകളിലെ ലക്ഷണങ്ങൾ കൂടുതൽ വഷളാവും.
പെയിൻഫുൾ ബ്ളാഡർ സിൻഡ്രോം–സ്ഥിരീകരണം
രോഗനിർണയത്തിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു;
- ചികിത്സാ ചരിത്രം: ലക്ഷണങ്ങൾ, സമയ ദൈർഘ്യം, നിലവിലുള്ളതും ഉണ്ടായിരുന്നതുമായ ആരോഗ്യപ്രശ്നങ്ങൾ, ഭക്ഷണക്രമം, മരുന്നുകൾ എന്നിവയെക്കുറിച്ച് ഡോക്ടർ ചോദിച്ചറിയും.
- ഫിസിക്കൽ, ന്യൂറോളജിക്കൽ പരിശോധന: മലദ്വാരവും മലാശയവും ഉൾപ്പെടെ വസ്തിപ്രദേശം പരിശോധിക്കുന്നു. മറ്റു പ്രശ്നങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുന്നതിനായി ന്യൂറോളജിക്കൽ പരിശോധനയും നടത്തുന്നു.
- യൂറിൻ അനാലിസിസും യൂറിൻ കൾച്ചറും: മൂത്രനാളിയിൽ അണുബാധയുണ്ടോയെന്ന് തിരിച്ചറിയുന്നതിന്.
- ബ്ളാഡർ ഡിസ്റ്റെൻഷൻ, സിസ്റ്റോസ്കോപ്പി: ഈ നടപടിക്രമത്തിൽ, സിസ്റ്റോസ്കോപ്പ് (ലെൻസുകളും പ്രകാശ സ്രോതസ്സും ഉൾപ്പെടെയുള്ള കുഴൽ) ഉപയോഗിച്ച് മൂത്രസഞ്ചിയും മൂത്രനാളവും പരിശോധിക്കുന്നു. ഡിസ്റ്റെൻഷൻ നടത്തുമ്പോൾ ഒരു ദ്രാവകമോ വാതകമോ ഉപയോഗിച്ച് മൂത്രസഞ്ചി നിറയ്ക്കുന്നു.
- ബയോപ്സി: മൂത്രസഞ്ചിയുടെയും മൂത്രനാളത്തിന്റെയും കോശകലകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുന്നു.
ചികിത്സയും പ്രതിരോധവും
ചികിത്സ (Treatment)
ലക്ഷണങ്ങൾ ലഘൂകരിക്കുന്നത് ലക്ഷ്യമിടുന്നതായിരിക്കും ചികിത്സ. ഇതിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു;
- മൂത്രസഞ്ചിയുടെ ഉപരിതലത്തിലുള്ള കോശകലകളുടെ കേടുപാടുകൾ തീർക്കുന്നതിനുള്ള മരുന്നുകൾ.
- വേദനസംഹാരികൾ; വേദനയും അസ്വസ്ഥതയും കുറയ്ക്കുന്നതിനു വേണ്ടി
- ട്രൈസൈക്ളിക് ആന്റിഡിപ്രസന്റുകൾ അല്ലെങ്കിൽ ആന്റിഹിസ്റ്റമിനുകൾ: ഇവ ചിലർക്ക് മൂത്രസംബന്ധമായ തകരാറുകൾ പരിഹരിക്കുന്നതിനു സഹായകമായിരിക്കും.
- ബ്ളാഡർ ഡിസ്റ്റെൻഷൻ: രോഗനിർണയത്തിനായി ബ്ളാഡർ ഡിസ്റ്റെൻഷൻ നടത്തുന്നത് ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായകമായതായി നിരവധി പേർ അവകാശപ്പെടുന്നുണ്ട്. അതിനാൽ, ഇത് ചികിത്സയിലും പ്രയോജനപ്പെടുത്തുന്നു.
- ബ്ളാഡർ ഇൻസ്റ്റിലേഷൻ: മൂത്രസഞ്ചിയിൽ പ്രത്യേക ലായനി നിറയ്ക്കുകയും 10-15 മിനിറ്റിനു ശേഷം ശൂന്യമാക്കുകയും ചെയ്യുന്നു.
- നേർവ് സ്റ്റിമുലേഷൻ: മൂത്രസഞ്ചിയിലെ ഞരമ്പുകൾക്ക് വൈദ്യുത തരംഗങ്ങൾ ഏൽപ്പിച്ച് ഉത്തേജനം നൽകുന്നു. ഇത് വസ്തിപ്രദേശത്തെ വേദനയില്ലാതാക്കാൻ സഹായിക്കും.
- ബ്ളാഡർ ട്രെയിനിംഗ്: മൂത്രമൊഴിക്കുന്നതിന്റെ ഇടവേള വർദ്ധിപ്പിക്കുന്നതിനാണ് ഈ ടെക്നിക്ക് ഉപയോഗിക്കുന്നത്. പ്രത്യേക സമയങ്ങളിൽ മാത്രം മൂത്രമൊഴിക്കുകയും സമയക്രമം പാലിക്കുന്നതിനു റിലാക്സേഷൻ രീതികൾ പരിശീലിക്കുകയും ചെയ്യുന്നു. ക്രമേണ ഇടവേളകൾക്ക് ദൈർഘ്യം വർദ്ധിപ്പിക്കുന്നു.
- ഫിസിക്കൽ തെറാപ്പി: ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനു സഹായകമാകുന്നു.
- ശസ്ത്രക്രിയ: മൂത്രസഞ്ചിയുടെ ഭാഗം നീക്കംചെയ്യുന്നത് വേദന കുറയ്ക്കില്ലെന്നു മാത്രമല്ല സങ്കീർണതകൾക്കും കാരണമാകുമെന്നതിനാൽ, വളരെ അപൂർവമായി മാത്രമേ നിർദേശിക്കാറുള്ളൂ. ശസ്ത്രക്രിയാ രീതികൾ ഇനി പറയുന്നു;
- റിസെക്ഷൻ: മൂത്രനാളത്തിലെ അൾസറുകൾ നീക്കംചെയ്യുന്നു
- ഫൾഗുറേഷൻ: അൾസറുകൾ കരിച്ചുകളയുന്നു
- ബ്ളാഡർ ഓഗ്മെന്റേഷൻ: ബ്ളാഡർ വലുതാക്കുന്നു.
പ്രതിരോധം (Prevention)
ശരിയായ കാരണം അറിയാത്തതിനാൽ പ്രതിരോധവും അസാധ്യമാണ്.
കൂടുതൽ വായിക്കൂ
സങ്കീർണതകൾ (Complications)
മൂത്രം ഉൾക്കൊള്ളുന്നതിനുള്ള മൂത്രസഞ്ചിയുടെ കഴിവ് കുറയുന്നു: മൂത്രസഞ്ചിയുടെ ഭിത്തിയുടെ കട്ടി കൂടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
ജീവിതത്തിന്റെ ഗുണനിലവാരം കുറയാൻ കാരണമാകുന്നു. ഉറക്കം തടസ്സപ്പെടുകയും വൈകാരിക പിരിമുറുക്കമുണ്ടാവുകയും ചെയ്യുന്നു.
അടുത്ത നടപടികൾ (Next Steps)
മൂത്രസഞ്ചിയിൽ ആവർത്തിച്ചുള്ള വേദനയും അസ്വസ്ഥതയും, അടിക്കടി മൂത്രമൊഴിക്കുക,ഉടനടി മൂത്രമൊഴിക്കണമെന്നു തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഡ്ഡോക്ടറുടെ സഹായം തേടുക.
കടപ്പാട് : മോഡസ്റ്റ