തിരക്കുപിടിച്ച ആധുനിക ജീവിതത്തില്‍ ഭക്ഷണ, വ്യായാമ ശീലങ്ങളിലെ ചിട്ടവട്ടങ്ങള്‍ പാലിക്കപ്പെടാതെ പോകുന്നതുകാരണം സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങളില്‍ പ്രധാനമാണ് നടുവേദന. പ്രായഭേദമന്യേ നടുവേദന കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടിവരുകയാണ്.
നടുവേദന ഉണ്ടാവാന്‍ കാരണങ്ങള്‍ പലതാണ്- അസ്ഥിസംബന്ധമായ കാരണങ്ങള്‍, ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കിഡ്നിയിലെ കല്ല്, പെപ്റ്റിക് അള്‍സര്‍, എല്ലിനെ ബാധിക്കുന്ന ടി.ബി, നട്ടെല്ലിനിടക്കുണ്ടാവുന്ന ട്യൂമറുകള്‍ എന്നിവ മൂലമെല്ലാം നടുവേദന ഉണ്ടാവും.
മിക്കപ്പോഴും നടുവേദന രോഗലക്ഷണമാവും. രോഗം മറ്റുപലതും. മൂത്രത്തിന് അണുബാധ വന്നാല്‍ മൂത്രമൊഴിക്കുമ്പോഴുള്ള വേദനയോടൊപ്പം നടുവേദനയുമുണ്ടാകും. ഗര്‍ഭപാത്രസംബന്ധമായ അസുഖമാണെങ്കില്‍ നടുവേദനയോടൊപ്പം വെള്ളപോക്കോ മറ്റോ ഉണ്ടാകും.
എന്താണ് പ്രശ്നകാരണമെന്ന് തിരിച്ചറിഞ്ഞതിനു ശേഷം വേണം ചികിത്സ തീരുമാനിക്കാന്‍. ലബോറട്ടറി സൗകര്യങ്ങളൊന്നുമില്ലാതിരുന്ന പണ്ടുകാലത്ത് വൈദ്യന് രോഗിയെയും രോഗലക്ഷണങ്ങളെയും നിരീക്ഷിച്ചാല്‍തന്നെ എന്താണ് രോഗകാരണമെന്ന് വ്യക്തമാകുമായിരുന്നു. ഇന്ന് രോഗനിര്‍ണയത്തിന് എല്ലാ സാങ്കേതിക സൗകര്യങ്ങളും ആയുര്‍വേദം ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇങ്ങനെ നടുവേദനയുടെ യഥാര്‍ഥ കാരണം കണ്ടത്തെി അതിനുള്ള മരുന്നുകളും ചികിത്സയും പ്രയോഗിച്ചാല്‍ ആ രോഗത്തോടൊപ്പം നടുവേദനയും ഭേദമായിക്കൊള്ളും.
മറ്റു ചികിത്സാ രീതികള്‍ വേദന മാറ്റാന്‍ ശ്രമിക്കുമ്പോള്‍ രോഗം സമ്പൂര്‍ണമായി ഭേദമാക്കാനാണ് ആയുര്‍വേദം മുന്‍ഗണന നല്‍കുന്നത്.
1 ഇരിക്കുമ്പോഴും കിടക്കുമ്പോഴും ശരീരത്തിന്‍െറ പൊസിഷന്‍ ശരിയല്ളെങ്കില്‍ നടുവേദന ഉണ്ടാകും.
2വ്യായാമക്കുറവ്- 90 ശതമാനം ‘ഡിസ്ക് തെറ്റല്‍’ കേസുകളും മസിലിന് ശക്തി കുറയുന്നതുകൊണ്ടാണ് ഉണ്ടാവുന്നത്. നട്ടെല്ലിലെ കശേരുക്കളെ പിടിച്ചുനിര്‍ത്താന്‍ മസിലിന്‍െറ ശക്തി നഷ്ടപ്പെടുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. വ്യായാമത്തിലൂടെ മസിലുകളെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
3 വാഹനങ്ങളുടെ ഉപയോഗം കൂടിയത്: ആയുര്‍വേദ ശാസ്ത്രത്തില്‍ ‘കുതിരസവാരി’ കൂടിയാല്‍ നടുവേദനയുണ്ടാവുമെന്ന് പറയുന്നുണ്ട്. പണ്ടത്തെ കുതിരസവാരിക്ക് തുല്യമാണ് ഇന്നത്തെ മോട്ടോര്‍ബൈക്ക് സവാരി.
4 തുടര്‍ച്ചയായി ഓരേ പൊസിഷനില്‍ ശരീരം നില്‍ക്കുന്നത്.
കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍, ദിവസം മുഴുവന്‍ നിന്ന് ജോലി ചെയ്യുന്ന ബസ് കണ്ടക്ടര്‍മാര്‍ എന്നിവര്‍ക്കെല്ലാം നടുവേദന വരാന്‍ സാധ്യത ഏറെയാണ്. ഇടക്ക് സമയം കണ്ടത്തെി വ്യായാമം ചെയ്യുക മാത്രമാണ് ഇതിന് പോംവഴി.
കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍
കഴുത്തിനും നടുവിനും ഏറെ ആയാസമുണ്ടാക്കുന്നതാണ് കമ്പ്യൂട്ടറിനു മുന്നിലെ ഇരിപ്പ്. സൗകര്യം കരുതി തോള് മുന്നോട്ടാഞ്ഞിരിക്കുകയോ കുനിഞ്ഞിരിക്കുകയോ ചെയ്യരുത്. കണ്ണിനു നേരെയായിരിക്കണം മോണിറ്റര്‍. മൗസ്, കീബോര്‍ഡ് തുടങ്ങിയവ മുട്ടിനു മുകളില്‍ വരുന്ന രീതിയില്‍ സജ്ജീകരിക്കണം.
ഇരിക്കേണ്ടതെങ്ങനെ?
നട്ടെല്ല് നിവര്‍ന്നു വേണം ഇരിക്കാന്‍. നടുഭാഗം മുതല്‍ കഴുത്തുവരെയുള്ള എല്ല് പരമാവധി നേരെ വരുന്നവിധം ഇരിക്കാന്‍ ശ്രദ്ധിക്കുക. തുടര്‍ച്ചയായി വളരെനേരം ഇരിക്കരുത്. ഇടക്ക് എഴുന്നേറ്റ് നടക്കുക. കഴുത്തും അരക്കെട്ടും ഇളക്കിക്കൊണ്ടുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുക. കഴുത്ത് മുകളിലേക്കും വശങ്ങളിലേക്കും പതുക്കെ ചലിപ്പിക്കുക.
കിടക്കുമ്പോള്‍
തലയണയില്ലാതെ നേരെ മലര്‍ന്നുകിടക്കുക. കഴുത്തുരോഗങ്ങള്‍ക്ക് വലിയൊരളവുവരെ കാരണമാണ് തലയണകള്‍. ഭക്ഷണം കഴിച്ച ഉടന്‍ പോയി കിടക്കരുത്. അങ്ങനെ വന്നാല്‍ ഗ്യാസ്ഫോര്‍മേഷനും തുടര്‍ന്ന് നീര്‍ക്കെട്ടും ഉണ്ടാവും. നടുവേദനയുള്ളവര്‍ പലകക്കട്ടില്‍ ഉപയോഗിക്കുക. വെറും തറയില്‍ കിടക്കരുത്. തണുപ്പ് തട്ടിയാല്‍ നടുവേദന വര്‍ധിക്കും.
പൊതുവെ മൂന്നുതരത്തിലുള്ള ചികിത്സാ രീതികളാണ് ആയുര്‍വേദത്തിലുള്ളത്. 1) സ്നേഹം (എണ്ണയിടല്‍) 2) സ്വേദം (ഫോര്‍മെന്‍േറഷന്‍) 3) ശോധന വരുത്തല്‍ (ഇവാക്വേഷന്‍) എന്നിവയാണവ.
മരുന്നിനോടൊപ്പം പഥ്യം, പതിവായ വ്യായാമങ്ങള്‍, ജീവിതം ചിട്ടപ്പെടുത്തല്‍ എന്നിവയാണ് രോഗശാന്തി എളുപ്പമാക്കാനുള്ള മാര്‍ഗങ്ങള്‍.
കടപ്പാട് : ഡോ. ആര്യാദേവി കോഴിക്കോട് മാങ്കാവ് ‘സുകൃതം’ ആയുര്‍വേദ ചികിത്സാലയം
വാതം കൂടുതലുണ്ടാകുന്ന എല്ലാ സാഹചര്യങ്ങളും നടുവേദന കൂട്ടും. 80 ശതമാനം നടുവേദനയും ആയുര്‍വേദ ചികിത്സയിലൂടെ മാറ്റിയെടുക്കാം. നടുവേദന ഗൌരവത്തോടെ അറിയുകയും പരിഹരിക്കുകയും ചെയ്താല്‍ കൂടുതല്‍ പ്രത്യാശയോടെ ജീവിതത്തിലേക്കു തിരിച്ചെത്താനും കഴിയും.
ഇരുമ്പിന്റെ ദൃഢതയും പ്ളാസ്റ്റിക്കിന്റെ വഴക്കവും പ്രദര്‍ശിപ്പിക്കുന്ന വിപരീത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന മാജിക് ബാര്‍ എന്നു നട്ടെല്ലിനെ വിശേഷിപ്പിക്കാം. 33 കശേരുക്കളും അവ പരസ്പരം കൂട്ടിമുട്ടാതെ നോക്കുന്ന ഡിസ്ക്കുകളും ഇവ പ്രത്യേക രീതിയില്‍ വിന്യസിച്ചു രൂപപ്പെടുത്തുന്ന ടണലിലൂടെ കടന്നുപോകുന്ന സുഷുമ്നാനാഡിയുമടങ്ങിയതാണു നട്ടെല്ല്. വാഹനങ്ങളിലെ ഷോക്ക് അബ്സോര്‍ബര്‍ എന്ന പോലെ നട്ടെല്ലിനെയും സുഷുമ്നാനാഡിയെയും സംരക്ഷിക്കുന്നതും നട്ടെല്ലിന്റെ പരസ്പരമുള്ള കൂട്ടിമുട്ടലുകള്‍ ഒഴിവാക്കുന്നതും ഡിസ്ക്കുകളാണ്. ഡിസ്ക്കിന്റെ തള്ളല്‍, സ്ഥാന ഭ്രംശം, ഉളുക്ക്, ചതവ് എല്ലാം തന്നെ നടുവേദനയുണ്ടാക്കും.
നടുവേദനയുടെ കാരണങ്ങള്‍
പാരമ്പര്യമായി നട്ടെല്ലിനുണ്ടാകുന്ന ഘടനാവൈകല്യങ്ങള്‍, ജീവിതശൈലികള്‍ അമിതവണ്ണം, മദ്യപാനം, പുകവലി പോലുള്ള ദുശീലങ്ങള്‍, വാഹനയാത്ര, ഓരോ ജോലിയിലുമുള്ള ഇരിപ്പും നടപ്പും നില്‍പ്പും തുടങ്ങി മാംസപേശികള്‍ക്കും നട്ടെല്ലിലെ സന്ധികള്‍ക്കുമുണ്ടാകുന്ന ക്ഷതം വഴിയുള്ള വിവിധതരം രോഗങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ടു നടുവേദനയുണ്ടാകാം. ചേരുവകളറിയാതെ പരസ്യം കണ്ടു വാങ്ങിയുപയോഗിക്കുന്ന ലൈംഗികോത്തേജക ഔഷധങ്ങള്‍ പോലുള്ള ഔഷധങ്ങളും നടുവേദനയ്ക്കു കാരണമാകുന്നു.
മലമൂത്ര വിസര്‍ജ്യസ്വഭാവങ്ങള്‍, ലൈംഗിക ബന്ധങ്ങള്‍ തുടങ്ങിയ സ്വാഭാവിക ത്വരകള്‍ അഥവാ വേഗങ്ങള്‍ ശരിയായി പാലിക്കപ്പെടാത്തതും മാനസികാസ്വാസ്ഥ്യങ്ങളും നടുവേദനയുണ്ടാക്കാം.
പരിശോധിച്ചറിയാം
ആയുര്‍വേദത്തില്‍ രോഗനിര്‍ണയത്തിനായി മൂന്നു പരിശോധന മാര്‍ഗങ്ങളാണുള്ളത്.
ദര്‍ശനം : നടുവേദനയുള്ള രോഗിയെയും രോഗഭാഗവും ശരിയായി നോക്കി പരിശോധിക്കുക. സൂക്ഷ്മദര്‍ശത്തിനായി സി ടി സ്കാന്‍, എം ആര്‍ ഐ സ്കാന്‍, എക്സറേ പരിശോധനകളും അവലംബിക്കാം. വിവിധതരം രക്തപരിശോധനകളും അവലംബിക്കാം. വിവിധതരം രക്തപരിശോധനകളും നിര്‍വഹിക്കണം.
സ്പര്‍ശനം : വേദനയുള്ള ഭാഗം കൈകൊണ്ടു തൊട്ടുനോക്കി മനസിലാക്കാം.
പ്രശ്നം : രോഗിയെക്കുറിച്ചു വിശദമായി ചോദിച്ചു മനസിലാക്കുന്നതാണു പ്രശ്നം.
നടുവേദനക്കാരനാണോ?
ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ നിങ്ങളൊരു നടുവേദനക്കാരനാണ്. വേണ്ട ചികിത്സ ചെയ്യണം.
1 അരക്കെട്ടിന്, വേദനയും പിടുത്തവും അനുഭവപ്പെടുക. 2 നിവര്‍ന്നു നില്‍ക്കാന്‍ പ്രയാസം. 3 വശങ്ങളിലേക്കു തിരിയുമ്പോള്‍ വേദനയും പേശികള്‍ക്കു സങ്കോചവും. 4 മലര്‍ന്നു കിടന്നു കാലുകളുയര്‍ത്തുമ്പോള്‍ നടുവിനു വേദനയും പിടുത്തവും. നില്‍ക്കുവാനും നടക്കുവാനും ഇരിക്കുവാനും പ്രയാസം. 5 നട്ടെല്ലിന്റെ ഭാഗത്തു ചുവപ്പു നിറം, ചൂട്.
തടയാന്‍ വേണ്ടത്
1 വ്യായാമം സ്ഥിരമാക്കുക. നിത്യേന രാവിലെ അരമണിക്കൂറെങ്കിലും നല്ല വായു സഞ്ചാരമുള്ള ഭാഗത്തു നടക്കുകയോ നില്‍ക്കുകയോ കുളത്തില്‍ നീന്തുകയോ ചെയ്യുന്നതു നല്ല വ്യായാമം തന്നെയാണ്. അല്ലെങ്കില്‍ പ്രത്യേകം ശ്രദ്ധയോടെ യോഗ ചെയ്യുക. 2 പ്രഭാതത്തിലെയോ വൈകുന്നേരത്തെയോ സൂര്യപ്രകാശം ശരീരമാകെ തട്ടാനുള്ള സാഹചര്യമുണ്ടാക്കുക. 3 വീഴ്ച, ഉളുക്ക് മുതലായവ വരാതെ സൂക്ഷിക്കുക. 4 പൊക്കമുള്ള തലയിണകള്‍ ഒഴിവാക്കുക. കഴിയുന്നതും മരക്കട്ടിലില്‍ കിടക്കുക. 5 സ്ഥിരമായി ഒരേ രീതിയില്‍ ഇരിക്കാനും നില്‍ക്കാനും ശ്രദ്ധിക്കുക. 6 ഇടയ്ക്ക് അല്‍പ സമയം എഴുന്നേറ്റു നടക്കണം. 7 തുടര്‍ച്ചയായി ഇരുന്നു ജോലികള്‍ ചെയ്യുമ്പോള്‍ നടുനിവര്‍ന്നിരുന്ന് പാദങ്ങള്‍ ലംബമായി നിലത്തുറപ്പിച്ചുവെച്ച് ഇരിക്കുക. 8 നടുകുനിയാതെ, നിവര്‍ന്നിരിക്കാത്ത വണ്ണം മേശയും കസേരയും തമ്മിലുള്ള അകലം ക്രമീകരിക്കുക. 9 ഇരിക്കുമ്പോള്‍ അരഭാഗം വളച്ചു വശങ്ങളില്‍ നിന്നു ഭാരമുള്ളവ ഉയര്‍ത്താന്‍ ശ്രമിക്കരുത്. 10 ഭാരമുള്ള സാധനങ്ങള്‍ ശരീരത്തോടു ചേര്‍ത്തു പിടിച്ച് ഉയര്‍ത്തുന്നതും മുട്ടുകുത്തി നിന്നു ഭാരമുയര്‍ത്തുന്നതും നട്ടെല്ലിന്റെ സമ്മര്‍ദം കുറയ്ക്കും. 11 ശരീരത്തിന്റെ ഭാരം ഉയര്‍ത്തി അനുപാതമായി ക്രമപ്പെടുത്തണം. 12 മലമൂത്രവിസര്‍ജനങ്ങള്‍ യഥാസമയം നിര്‍വഹിക്കണം. 13 ആറുമണിക്കൂറെങ്കിലും സുഖമായി ഉറങ്ങി വിശ്രമിക്കുക. 14 ദിവസവും ദേഹത്ത് എണ്ണ തേച്ചു കുളിക്കുന്നതു നടു വേദന ഒഴിവാക്കാന്‍ സഹായിക്കും.
ആയുര്‍വേദ ചികിത്സ
ആയുര്‍വേദചികിത്സ രോഗകാരണം കണ്ടെത്തി അതില്ലാതാക്കലാണ്. അതുകൊണ്ടു തന്നെ രോഗത്തെ സൂക്ഷ്മമായി മനസിലാക്കിയാലേ ചികിത്സിക്കുവാന്‍ കഴിയൂ. ഔഷധപ്രയോഗങ്ങള്‍ കൊണ്ടു രോഗലക്ഷണങ്ങളെ ശമിപ്പിച്ചു സാവധാനം പരിഹാരം കണ്ടെത്തുകയാണു ചെയ്യുന്നത്.
നടുവേദന വാതരോഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ പൊതുവെ വാതചികിത്സ തന്നെയാണു വേണ്ടത്. ആയുര്‍വേദത്തിലെ അസ്ഥി ചികിത്സ, വ്രണ ചികിത്സ, നാഡീരോഗ ചികിത്സ എന്നീ വിഭാഗങ്ങളെ ബന്ധിപ്പിച്ചു യുക്തിപൂര്‍വം ചികിത്സിക്കാനാകും.
ശമനചികിത്സ ആദ്യഘട്ടം
1 ആഹാരനിയന്ത്രണം. 2 ഔഷധങ്ങളുടെ അകത്തേക്കും പുറത്തേക്കുമുള്ള ഉപയോഗം. 3 വ്യായാമം.
വീട്ടിലെ ഔഷധങ്ങള്‍
. വഴുതനങ്ങ ആവണക്കെണ്ണയില്‍ വരട്ടി കറിയായി ഉപയോഗിക്കുക. . കുറുന്തോട്ടി ചുക്കു ചേര്‍ത്തു ചതച്ചിട്ടു തിളപ്പിച്ചുണ്ടാക്കുന്ന പാല്‍ കഷായം വേദനയും തരിപ്പുമില്ലാതാക്കും. വെളുത്തുള്ളി ആറു ചുള പാലില്‍ പുഴുങ്ങി ഉരസിച്ചേര്‍ത്ത് കഴിച്ചാല്‍ നടുവേദനയ്ക്കു ശമനവും വിശപ്പുമുണ്ടാകും. . ജീരകമിട്ടു തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
കഷായങ്ങള്‍ : രാസ്നാദി കഷായം, ഗന്ധര്‍വഹസ്താദി കഷായം, വരണാദി കഷായം, ഗുല്‍ഗുലു തിക്തകം കഷായം, സഹചരാദി കഷായം, നാഡീമുസ്താദി കഷായം.
ഗുളികകള്‍ : ധാന്വന്തരം ഗുളിക, ബൃഹത് വാത ചിന്താമണി, യോഗരാജ ഗുല്‍ഗുലു, ഗോരാചനാദി ഗുളിക.
അരിഷ്ടങ്ങള്‍ : ധാന്വന്തരാരിഷ്ടം, ബലാരിഷ്ടം, അമൃതാരിഷ്ടം.
തൈലങ്ങള്‍ : കുഴമ്പുകള്‍, പുറമേ പുരട്ടുക. മുറിവെണ്ണ, സഹചരാദി തൈലം, ധന്വന്തരം തൈലം, കര്‍പ്പൂര തൈലം, ഗന്ധ തൈലം.
തലയ്ക്കു തേക്കുവാന്‍ : ക്ഷീരബല തൈലം, രാസ്നാദശമൂലാദി തൈലം, ധന്വന്തരം തൈലം, ബലാതൈലം, കായതിരുമേനി എണ്ണ.
അകമെ സേവിക്കാനുള്ള തൈലങ്ങള്‍ : ക്ഷീരബല 101, ധന്വന്തരം 101, സഹചരാദി തുടങ്ങിയ ആവര്‍ത്തികള്‍, ഗന്ധതൈലം, ഗന്ധര്‍വഹസ്താദി ആവണക്കെണ്ണ.
ലേപനങ്ങള്‍ : ജഢാമയാദി ചൂര്‍ണം വെപ്പുകാടിയില്‍ അരച്ചിടുന്നതും വലിയ മര്‍മഗുളിക മുറിവെണ്ണയില്‍ ചേര്‍ത്തരച്ചു വേദനയുള്ള ഭാഗത്തു പൂച്ചിടുന്നതു നല്ലതാണ്. നാഗരാദിചൂര്‍ണം വെള്ളത്തില്‍ ചാലിച്ചിടുക.
പഞ്ചകര്‍മ ചികിത്സ
നടുവേദനയില്‍ പഞ്ചകര്‍മചികിത്സയ്ക്കു വളരെയേറെ പ്രാധാന്യമുണ്ട്. ആധുനികശാസ്ത്രത്തില്‍ സൂചിപ്പിക്കുന്ന ട്രാക്ഷന്‍ തുടങ്ങിയ ഫിസിയോ തെറപിയോടൊപ്പം സമന്വയിപ്പിച്ചുകൊണ്ടു തന്നെ ആയുര്‍വേദചികിത്സ ചെയ്യാം. സ്നേഹനം, സ്വേദനം, ശോധനം എന്ന 3 ഘട്ടമായാണു പഞ്ചകര്‍മചികിത്സ ചെയ്തുവരുന്നത്.
സ്നേഹനചികിത്സ : വിവിധതം നെയ്യ്, തൈലം എന്നിവ അകത്തേക്കും പുറത്തേക്കും ശാസ്ത്രീയമായി ഉപയോഗിച്ചു രോഗിക്കു സ്നിഗ്ധത ഉണ്ടാക്കുന്നതാണ് ഈ ഘട്ടം.
സ്വേദനചികിത്സ : സര്‍വസാധാരണയായി കണ്ടുവരുന്ന ആയുര്‍വേദചികിത്സകളായ ഉഴിച്ചില്‍, പിഴിച്ചില്‍, വിവിധതരം കിഴികള്‍ എല്ലാം തന്നെ സ്വേദനത്തില്‍ ഉള്‍പ്പെടുന്നു.
പ്രത്യേക ചികിത്സകള്‍
പിചു : വേദനയുള്ള ഭാഗത്ത്, ശീലക്കഷണമോ പഞ്ഞിയോ ഉപയോഗിച്ചു ചെറുചൂടോടെ തൈലം നിര്‍ത്തുന്നതാണു പിചു.
ഗന്ധതൈലം, മുറിവെണ്ണ, ധന്വന്തരം തൈലം തുടങ്ങിയ തൈലങ്ങളാണു സാധാരണയായി പിചുവിന് ഉപയോഗിക്കുന്നത്. അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പിചു വയ്ക്കാറുണ്ട്. 100 രൂപ മുതല്‍ ചിലവു വരും.
പൃഷ്ഠവസ്തി : കടിവസ്തി എന്നും പേരുണ്ട്. ഡിസ്ക് തകരാറുമുലമുള്ള നടുവേദനയ്ക്കു പൃഷ്ഠവസ്തി ഫലപ്രദമാണ്.
നടുവേദനയുള്ള രോഗിയെ കമിഴ്ത്തിക്കിടത്തി വേദനയുള്ള ഭാഗത്തു ഉഴുന്നുമാവ് ഉപയോഗിച്ച് ഒരു തടമുണ്ടാക്കിയെടുക്കുന്നു. ഉഴുന്നുമാവ് ഉണങ്ങിയശേഷം ഈ തടത്തില്‍ ചെറു ചൂടോടെ തൈലം നിര്‍ത്തിവയ്ക്കുന്നതാണ് പൃഷ്ഠവസ്തി. ഒരു മണിക്കൂര്‍ നേരം വരെ ചെയ്യാം. 200 രൂപ മുതല്‍ നിത്യേന ചിലവുവരും.
നവരക്കിഴി : നട്ടെല്ലിനോടനുബന്ധിച്ചുള്ള മാംസപേശികളുടെ വികാസത്തിന് ഇത്രയും ഫലപ്രദമായ മറ്റൊരു ചികിത്സ ഇല്ലെന്നു തന്നെ പറയാം. കുറുന്തോട്ടി കഷായവും പാലും ചേര്‍ത്തു തയ്യാറാക്കുന്ന മിശ്രിതത്തില്‍ നവരയരി വേവിച്ചു ഓറഞ്ച് വലിപ്പത്തില്‍ കിഴികെട്ടി, തൈലം പുരട്ടിയ ശേഷം ദേഹത്തു കിഴി ചൂടാക്കി കുത്തുന്ന രീതിയാണു നവരക്കിഴി.
കിഴിക്ക് മുമ്പും ശേഷവും തൈലം പുരട്ടി തടവാറുണ്ട്. 700 രൂപ മുതല്‍ നിത്യേന ചിലവു വരുന്നു.
വീട്ടില്‍ ചെയ്യാം പച്ചക്കിഴി
പത്രപോടല സ്വേദനം : നടുവേദനയ്ക്ക് ഏറ്റവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ കിഴിയാണു പത്രപോട സ്വേദനം അഥവാ പച്ചക്കിഴി.
മുരിങ്ങയില, വാതംകൊല്ലിയില, ആവണക്കില, പുളിയില, എരിക്കിനില, മുഞ്ഞയില, മുരിക്കിനില തുടങ്ങിയ വാതശമനികളായ ഇലകള്‍ ചെറുതായി അരിഞ്ഞതും ഒരു മുറി നാളികേരം ചിരകിയതും നാലു ചെറുനാരങ്ങ ചെറുതായി അരിഞ്ഞെടുത്തതും ചേര്‍ത്ത് ആവണക്കെണ്ണയില്‍ ചുവക്കെ വറുത്തെടുത്ത് ഓറഞ്ചു വലിപ്പത്തില്‍ കിഴികെട്ടി ഉപയോഗിക്കുന്നതാണു പച്ചക്കിഴി. തൈലം പുരട്ടി തടവിയ ശേഷം ദേഹത്ത് ഒരു മണിക്കൂര്‍ നേരം പാകത്തിനു ചൂടോടെ കിഴി കുത്തുന്ന ഈ ചികിത്സാരീതി ആര്‍ക്കും വീട്ടില്‍ തന്നെ പ്രയോഗിച്ചു നോക്കാവുന്നതും വളരെ ചെലവുകുറഞ്ഞതുമാണ്.
അവഗാഹസ്വേദം : ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളത്തില്‍ പാകമായ ചൂടില്‍ ഇറങ്ങിയിരിക്കുന്നതാണ് അവഗാഹസ്വേദം. വേദനയ്ക്കു തുടക്കത്തില്‍ തന്നെ ഈ ചികിത്സാരീതി ആരംഭിക്കാം.
പഴുത്ത പ്ളാവില, കരിനെച്ചിയില, ആവണക്കില, വാതംകൊല്ലിയില, പുളിയില, ഉങ്ങിന്റെ ഇല തുടങ്ങിയവയാണ് വെള്ളത്തില്‍ തിളപ്പിക്കുന്നത്. മരുന്നിട്ടു തിളപ്പിച്ച വെള്ളത്തിലിരിക്കുന്നതിന് അര മണിക്കൂര്‍ മുമ്പു മഹമാഷതൈലം, സഹചരാദിതൈലം, ധന്വന്തരംതൈലം, മുറിവെണ്ണ ഇവയിലേതെങ്കിലും വേദനയുള്ള ഭാഗത്തു പുരട്ടാം. വെള്ളത്തിലിരുന്നു വിയര്‍ക്കുന്നതോടെ വേദന കുറയും. നന്നായി വിയര്‍ക്കുന്നതുവരെ അവഗാഹസ്വേദം ചെയ്യാം. 23 ആഴ്ച വരെ എല്ലാ ദിവസവും ഇതു ചെയ്യാം.
ശോധന ചികിത്സ, വിരേചനം : ഗന്ധര്‍ഹസ്താദി ആവണക്കെണ്ണ, ഹിംഗുത്രികുണം തൈലം എന്നിവ ഉപയോഗിച്ചു വയറിളക്കുന്നതാണു സ്നിഗ്ധ വിരേചനം.
വസ്തി : രോഗത്തിന്റെ അവസ്ഥയ്ക്കനുസരിച്ചു യോജിച്ച തൈലം ചെറിയ അളവിലെടുത്തു ഗിസറിന്‍ എനിമ പോലെ ചെയ്യുന്നതാണു സാമാന്യേന മാത്രാവസ്തി എന്നു പറയുന്നത്. വേദനയ്ക്കു പെട്ടെന്നു ശമനമുണ്ടാകും. ഒരാഴ്ച തുടര്‍ച്ചയായി മാത്രാവസ്തി പ്രയോഗിക്കാം.
നടുവേദന ചികിത്സയിലെ രാജാവാണു കഷായവസ്തി. ആവണക്കിന്‍ വേര് പ്രധാനമായുള്ള ഏരണ്ടമൂലാദി, ഗന്ധര്‍വഹസ്താദി, കഷായവസ്തികള്‍ വളരെ ഫലപ്രദമാണ്.
മാധുതൈലികവസ്തിയും ദോഷശോധനത്തിനു നടുവേദന ചികിത്സയില്‍ ശ്രദ്ധേയമാണ്.
വേഷ്ഠനം അഥവാ വിവിധതരം ബാന്‍ഡേജുകള്‍ നടുവേദന കുറയാന്‍ഉപയോഗിക്കാവുന്നതാണ്. വേഷ്ഠനത്തിന്റെ പരിഷ്കൃതരൂപങ്ങളാണു ലമ്പോ സാക്രല്‍ കോര്‍സെറ്റ് മുതലായ കെട്ടുകള്‍.
പ്രത്യേക ഔഷധങ്ങള്‍ പുരട്ടിയ ബാന്‍ഡേജുകള്‍ ഉപയോഗിക്കുന്നതുംഏറം ഫലപ്രദമാണ്.
തണുപ്പുകാലത്തു വേദന കൂടും
തണുപ്പു കാലത്തു പൊതുവേ സന്ധികള്‍ക്കും പേശികള്‍ക്കു സങ്കോചം കൂടുതലാണ്. ഇതുവേദന കൂടാനിടയാക്കും. അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വ്യതിയാനങ്ങളും സന്ധികളിലെ വീക്കം കൂടാനിടയാക്കും. ചൂടില്‍ നിന്നും പെട്ടെന്നു തണുപ്പിലേയ്ക്കു മാറുമ്പോള്‍ പ്രത്യേകിച്ചും. തണുപ്പുകാലത്തെ പൊതുവെ അലസമായ ജീവിതശൈലിയും വ്യായാമമില്ലാത്ത അവസ്ഥയും പ്രശ്നങ്ങളെ കൂടുതല്‍ വഷങ്ങളാക്കും.
തണുപ്പുകാലത്തു വിശപ്പു കൂടുതലായിരിക്കും. ദഹനശേഷി കുറവും. ഇതു ഭക്ഷണം ദഹിക്കാതെയിരിക്കാനുംമലബന്ധത്തിനും കാരണമാകാം. ഇതും നടുവേദനയും മുട്ടുവേദനയും കൂടാനിടയാക്കും.
വേണം ആഹാരനിയന്ത്രണം
നാരുള്ള പച്ചക്കറികള്‍ ധാരാളമായി ഉപയോഗിക്കണം. പ്രത്യേകിച്ചു വഴുതന, ഉണ്ണിപ്പിണ്ടി, മുരിങ്ങക്കായ തുടങ്ങിയവ. തവിടു കളയാത്ത അരി പാകപ്പെടുത്തി ഉപയോഗിക്കുന്നതു ശീലമാക്കുക. ചേന, ചുവന്ന ഉള്ളി എന്നിവ കറികളില്‍ ധാരാളമായി ഉപയോഗിക്കുക.
മലബന്ധമുണ്ടാക്കുന്ന കിഴങ്ങുകള്‍, പരിപ്പുകള്‍, എണ്ണയില്‍ വറുത്ത സാധനങ്ങള്‍, മസാലക്കൂട്ടുകള്‍ ഇവ കഴിയുന്നത്ര ഒഴിവാക്കുക. മഞ്ഞള്‍, ചുക്ക്, കറിവേപ്പില ഇവ ചതച്ചിട്ടു കാച്ചിയ മോര് ധാരാളം ഉപയോഗിക്കുക. മത്സ്യമാംസങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുക.
-ഡോ പി കൃഷ്ണദാസ് ചീഫ് ഫിസിഷന്‍ അമൃതം ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, പെരിന്തല്‍മണ്ണ-
അവസാനം പരിഷ്കരിച്ചത് : 7/6/2020
കൂടുതല്‍ വിവരങ്ങള്‍
അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിന...
കൂടുതല്‍ വിവരങ്ങള്‍
ആഹാരപദാര്ഥടങ്ങള് ദഹിക്കാതിരിക്കുന്ന അവസ്ഥ