অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മൈഗ്രേന്‍

മൈഗ്രേന്‍

ഒരുകൂട്ടം ലക്ഷണങ്ങള്‍ ഒരുമിച്ച് ഒരാളില്‍ തീവ്രമായി പ്രകടമാക്കുന്ന മൈഗ്രേന്‍ ആണ് തലവേദനകളില്‍ പ്രമുഖന്‍. വളരെ പുരാതനകാലംമുതലെ മൈഗ്രേന്‍ കണ്ടുവരുന്നു. തലയോട്ടിയുടെ പകുതിഭാഗത്തെ ബാധിക്കുന്നതിനാല്‍ ആയുര്‍വേദത്തില്‍ "അര്‍ധാവഭേദകം' എന്നും ഗ്രീക്കില്‍ "ഹെമിക്രേനിയ' എന്നും മൈഗ്രേന്‍ അറിയപ്പെടുന്നു. മിക്കപ്പോഴും നെറ്റിയുടെ ഒരുവശത്തുനിന്നാണ് വേദന തുടങ്ങുക. ക്രമേണ ഇത് മറുവശത്തേക്കും തലയുടെ പിന്‍ഭാഗത്തേക്കുമൊക്കെ വ്യാപിക്കാന്‍ തുടങ്ങും.

വിങ്ങലോടുകൂടിയ വേദന മൈഗ്രേന്റെ പ്രത്യേകതകയാണ്. തലയുടെയോ ശരീരത്തിന്റെയോ ചലനങ്ങള്‍പോലും വേദന കൂട്ടാറുണ്ട്. "കൊടിഞ്ഞി', "ചെന്നിക്കുത്ത്' എന്നീ പേരുകളും മൈഗ്രേനുണ്ട്. കാരണങ്ങള്‍ശാരീരികവും മാനസികവും സാമൂഹികവുമായ ഒട്ടേറെ കാരണങ്ങളാല്‍ മൈഗ്രേന്‍ ഉണ്ടാകാം. വിവിധ കാരണങ്ങളാല്‍ തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന സങ്കോചവികാസമാണ് മൈഗ്രേന് പ്രധാനമായും വഴിയൊരുക്കുന്നത്. മസ്തിഷ്കത്തിലെ ചില ഭാഗങ്ങളിലെ ഘടനാപരമായ മാറ്റം, വീക്കം, ചിലയിനം രാസപദാര്‍ഥങ്ങളുടെ അഭാവം ഇവയും മൈഗ്രേന് ഇടയാക്കും. അസമയത്തും അധികമായും കഴിക്കുന്ന ഭക്ഷണം, മസാല കൂടിയ ഭക്ഷണങ്ങള്‍, അധിക വ്യായാമം, മാനസികസമ്മര്‍ദം, അധികമായ ലൈംഗികവേഴ്ച, മദ്യപാനം, പുകവലി, മലമൂത്രവിസര്‍ജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇവ മൈഗ്രേന്‍ വരാന്‍ ഇടയാക്കുന്ന മറ്റു ഘടകങ്ങളാണ്.

രക്തക്കുഴലുകളുടെ സങ്കോചം

മൈഗ്രേന്റെ മുന്നോടിയായി വിവിധ ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്തക്കുഴലുകളുടെ വികാസം തലവേദനയ്ക്ക് ഇടയാക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൈഗ്രേന്‍ തലവേദന കൂടുതലായി കണ്ടുവരുന്നത്. ചെറുപ്പക്കാരില്‍ കൂടുതലായി കാണപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട്.

സവിശേഷ ലക്ഷണങ്ങള്‍ നിരവധി

തലയുടെ ഒരുവശത്ത് മാത്രമായി വിങ്ങുന്ന തരത്തിലുള്ള വേദന, വെളിച്ചം കാണുകയോ ശബ്ദം കേള്‍ക്കുകയോ ചെയ്യുമ്പോള്‍ കൂടുന്ന വേദന, ഛര്‍ദി, ഓക്കാനം, ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ തലവേദനയ്ക്ക് ആശ്വാസം ഇവ മൈഗ്രേന്റെ ലക്ഷണങ്ങളാണ്. കൂടാതെ തലവേദന ഉണ്ടാകുന്നതിന് മണിക്കൂറുകളോ ദിവസങ്ങളോ മുമ്പ് മൈഗ്രേന്‍ വരാന്‍ സാധ്യതയുണ്ടെന്നതിന്റെ സൂചനയായി 60 ശതമാനം പേര്‍ക്കും വിവിധ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ട്. വിഷാദം, വിഭ്രാന്തി, ഭക്ഷണത്തോട് അമിത താല്‍പ്പര്യം, ഉല്‍കണ്ഠ, തളര്‍ച്ച, അമിതഭാരം തുടങ്ങിയ ലക്ഷണങ്ങള്‍ ഇവര്‍ക്കുണ്ടാകും. തലവേദനയ്ക്കു മുമ്പ് ഏകദേശം ഒരുമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന രണ്ടാമതൊരിനം സവിശേഷ ലക്ഷണങ്ങളും മിക്കവരിലും കാണാറുണ്ട്. കാഴ്ചയുമായി ബന്ധപ്പെട്ട വ്യതിയാനങ്ങളാണ് കൂടുതലായും കാണപ്പെടുക. കണ്ണിന്റെ മുന്നില്‍ വെള്ളിവെളിച്ചം, പ്രകാശവലയം, കറുത്തപൊട്ട്, മൂടല്‍, ചിലന്തിവലയിലൂടെ നോക്കുന്നതുപോലെ തോന്നുക, കോട്ടകള്‍പോലെയുള്ള പ്രകാശം, നിറഭേദങ്ങള്‍, ഒരുവശത്തെ ശേഷി കുറയല്‍ തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും കാണുക. ഈ ലക്ഷണങ്ങള്‍ക്ക് ശക്തി കുറഞ്ഞുവരുന്നതോടെ മൈഗ്രേന്‍ ശക്തിപ്രാപിക്കുകയം ചെയ്യും. സാധാരണയായി ഇത്തരം ലക്ഷണങ്ങളുണ്ടാകുന്ന വശത്തിന്റെ എതിര്‍വശത്തായാണ് മൈഗ്രേന്‍ ഉണ്ടാവുക.

ശക്തമായ ലക്ഷണങ്ങളുടെ അകമ്പടി ഇല്ലാതെയും കൊടിഞ്ഞി ഉണ്ടാകാറുണ്ട്. ഇരുട്ട് ഇഷ്ടപ്പെടുക, അന്തര്‍മുഖത്വം, ദേഷ്യം തുടങ്ങിയ സ്വഭാവസവിശേഷതകളും ഇവര്‍ക്കുണ്ടാകും. തലവേദനയ്ക്കൊപ്പം സങ്കീര്‍ണമായ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന മൈഗ്രേന്‍ കുട്ടികള്‍, സ്ത്രീകള്‍ എന്നിവരില്‍ കൂടുതലായിരിക്കും. സംസാരത്തില്‍ കുഴച്ചില്‍, ബാലന്‍സ് ഇല്ലാതിരിക്കുക, കാഴ്ച മങ്ങുക, പെരുപ്പ്, ബോധക്ഷയം ഇവയും ഉണ്ടാകാറുണ്ട്. കുട്ടികളും മൈഗ്രേനുംകുട്ടികളില്‍ തലവേദന പ്രകടമാകാതെത്തന്നെ മൈഗ്രേന്‍ വരാം. ഇടയ്ക്കിടെയുള്ള വയറുവേദന, ഛര്‍ദി, നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുക, ശരീരത്തിന്റെ ഒരുഭാഗത്ത് മാത്രമായുള്ള തളര്‍ച്ച ഇവ മൈഗ്രേന്റെ സൂചനയായി കുട്ടികളില്‍ കാണുന്നു. ചിലരില്‍ തളര്‍ച്ച തുടര്‍ന്നുനില്‍ക്കാറുണ്ട്. പാരമ്പര്യമായി ഉണ്ടാകാവുന്ന ഇത്തരം മൈഗ്രേന് കുറച്ചുകാലം തുടര്‍ചികിത്സ വേണ്ടിവരും.

തുടര്‍ച്ചയായ മൈഗ്രേന്‍

മൈഗ്രേന്‍ തലവേദന ഉള്ള ഒരാള്‍ക്ക് തുടര്‍ച്ചയായി ദിവസങ്ങളോളം ശക്തമായ വേദന നിലനില്‍ക്കുന്നതാണ് തുടര്‍ച്ചയായ മൈഗ്രേന്‍. രോഗാണുബാധ, തലയ്ക്ക് ഏല്‍ക്കുന്ന ആഘാതങ്ങള്‍, മയക്കുമരുന്നിന് അടിമയായ അവസ്ഥ, മാനസിക പിരിമുറുക്കം ഇവയെല്ലാം ഇത്തരം തലവേദനയ്ക്ക് ഇടയാക്കും. കണ്ണുകളുടെ ചലനത്തെ ബാധിക്കുന്ന മൈഗ്രേന്‍ചിലപ്പോള്‍ മൈഗ്രേന്‍ കണ്ണുകളുടെ ചലനത്തെയും ബാധിക്കാറുണ്ട്. ഇതില്‍ തലവേദനയ്ക്കൊപ്പമോ അതിനു ശേഷമോ കണ്ണ് ഭാഗികമായോ മുഴുവനായോ അടഞ്ഞുപോവുക, കാഴ്ച കുറയുക, കോങ്കണ്ണ്, നോക്കുന്നതെല്ലാം രണ്ടായി തോന്നുക ഇവ ഉണ്ടാകും.

സ്ത്രീകളും മൈഗ്രേനും

സ്ത്രൈണ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലാണ് സ്ത്രീകളില്‍ കൂടുതലായും മൈഗ്രേന് ഇടയാക്കുന്നത്്. ആര്‍ത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പലരിലും തലവേദന കൂടുതലായിരിക്കും. ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് മൈഗ്രേന്‍ പൊതുവെ കുറയുമെങ്കിലും ചിലരില്‍ വേദനയുടെ കാഠിന്യം കൂടിവരാറുണ്ട്. ഗര്‍ഭിണികളില്‍ അപൂര്‍വമായി മൈഗ്രേന്‍ കാണാറുണ്ട്. മൈഗ്രേനും ഉദ്ദീപന ഘടകങ്ങളുംമൈഗ്രേന്‍ സാധ്യത ഉള്ളവരില്‍ ചില ഉദ്ദീപന ഘടകങ്ങള്‍ മൈഗ്രേന്‍ പെട്ടെന്ന് തീവ്രമാക്കാന്‍ ഇടയാക്കാറുണ്ട്. ചിലയിനം ഭക്ഷണങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, ഉറക്കം, കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവ പലരിലും ഉദ്ദീപനമാകാറുണ്ട്. എന്നാല്‍, എല്ലായ്പ്പോഴും മൈഗ്രേന്‍ സാധ്യത വര്‍ധിപ്പിക്കുന്നത് ഉദ്ദീപന ഘടകമാകണമെന്നില്ല. വിരുദ്ധാഹാരങ്ങള്‍, ദഹിക്കാന്‍ പ്രയാസമായ ഭക്ഷണങ്ങള്‍, പുളിപ്പിച്ച ഭക്ഷണങ്ങള്‍, സംസ്കരിച്ച മാംസാഹാരങ്ങള്‍, വിനാഗിരി ചേര്‍ത്ത അച്ചാറുകള്‍, അജിനോമോട്ടോയും കൃത്രിമനിറങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍, ചോക്ലേറ്റ്, ചീസ്, മദ്യം, തുടങ്ങിയവ പലരിലും ഉദ്ദീപന ഘടകമാകാറുണ്ട്. പ്രേരകമായി മാറുന്ന ഭക്ഷണം, മാനസികസമ്മര്‍ദം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പോലെയുള്ള ഘടകങ്ങള്‍ക്കൊപ്പം ചേരുമ്പോഴാണ് പൊതുവെ പ്രശ്നമുണ്ടാക്കുക.

അതുപോലെ മൈഗ്രേന്‍ വേദനയുടെ കാഠിന്യം കുറയ്ക്കാനും ചില ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ട്. ആവിയില്‍ പുഴുങ്ങിയ ഏത്തപ്പഴം, ഇലക്കറി, മുഴുധാന്യങ്ങള്‍, മുട്ട, ഓട്സ്, ബദാം, ഇഞ്ചി, കപ്പലണ്ടി, എള്ള്, മത്തി, അയല, ഇവ നല്ല ഫലം തരും. ധാരാളം വെള്ളം കുടിക്കാനും കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും മൈഗ്രേന്‍ സാധ്യതയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിട്ടയില്ലാത്ത ഉറക്കം, കൂടുതല്‍ ഉറക്കം, ഉച്ചയുറക്കം, ഉറക്കത്തിന്റെ തുടര്‍ച്ച നഷ്ടമാകുക ഇവ മൈഗ്രേന്‍ തീവ്രമാകാന്‍ കാരണമാകാറുണ്ട്. സ്ത്രീകളില്‍ സ്ത്രൈണ ഹോര്‍മോണ്‍നിലയിലുള്ള വ്യതിയാനങ്ങള്‍ മൈഗ്രേന് പ്രേരകമാകാറുണ്ട്. അസഹ്യമായ ചൂട്, അതിശൈത്യം, കടല്‍നിരപ്പില്‍നിന്ന് ഉയര്‍ന്ന സ്ഥലം തുടങ്ങിയവയും ചിലരില്‍ മൈഗ്രേന്‍ ഉദ്ദീപനമാകുന്നുണ്ട്. വിഷാദം, ദുഃഖം, മറ്റ് സമ്മര്‍ദങ്ങള്‍ ഇവയും മൈഗ്രേനിലേക്ക് നീങ്ങാറുണ്ട്. വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ വായിക്കുക, കാഴ്ചപ്രശ്നമുള്ളവര്‍ കണ്ണടയില്ലാതെ വായിക്കുക, കംപ്യൂട്ടര്‍ മോണിറ്ററിലെ കടുത്ത പ്രകാശം കൂടുതല്‍ ഏല്‍ക്കുക ഇവയും മൈഗ്രേന്‍ സാധ്യത കൂട്ടാറുണ്ട്. പുകവലി, മദ്യപാനം ഇവ മൈഗ്രേന്‍ കൂട്ടും.

ചികിത്സ

വിവിധ തരത്തിലുള്ള ഔഷധങ്ങള്‍, വിശ്രമം, ദിനചര്യയില്‍ ആരോഗ്യപരമായ മാറ്റങ്ങള്‍ ഇവ ഉള്‍പ്പെട്ട ചികിത്സാക്രമമാണ് ആയുര്‍വേദം നല്‍കുന്നത്. ഒപ്പം സ്നേഹപാനം, സ്വേദനം, ശിരോവസ്തി, നസ്യം, തളം, ലേപനം, വസ്തി തുടങ്ങിയവ അവസ്ഥാനുസരണം മൈഗ്രേന്‍ ചികിത്സയില്‍ മികച്ച ഫലം നല്‍കുന്നു. ഉചിതമായ തൈലങ്ങള്‍ തലയില്‍ ഉപയോഗിക്കുന്നതും നല്ല ഫലം തരും. മുക്കുറ്റി അരച്ച് നെറ്റിയുടെ പാര്‍ശ്വങ്ങളില്‍ പുരട്ടുന്നതും, പൂവാംകുരുന്നില നീര് തലയില്‍ തളംവയ്ക്കുന്നതും വേദന കുറയ്ക്കും. ഉഴുന്നു വേവിച്ച് പാലില്‍ ചേര്‍ത്ത് രാത്രിയില്‍ കഴിക്കുക, ജീരകം ചേര്‍ത്ത് പാല്‍ കാച്ചിക്കുടിക്കുക, ചുക്ക് അരച്ച് നെറ്റിയില്‍ പുരട്ടുക, ഇഞ്ചി ചേര്‍ത്ത കട്ടന്‍ചായ കുടിക്കുക. (വേദനയ്ക്കും വീക്കത്തിനും കാരണമാകുന്ന പ്രോസ്റ്റാഗ്ലാന്‍ഡിനുകളുടെ അമിത ഉല്‍പ്പാദനത്തെ തടഞ്ഞാണ് ഇഞ്ചി മൈഗ്രേന്‍ വേദന കുറയ്ക്കുന്നത്), ജാതിക്ക ഉരച്ച് നെറ്റിയില്‍ പുരട്ടുക എന്നിവ മൈഗ്രേന്‍ വേദനയ്ക്ക് ആശ്വാസമേകാറുണ്ട്.

ഒൗഷധങ്ങള്‍ക്കൊപ്പം സ്നേഹപാനം, സ്വേദനം, നസ്യം, തളം, ശിരോവസ്തി, ലേപനം, വസ്തി ഇവ അവസ്ഥാനുസരണം നല്‍കുന്നത് മികച്ച ഫലം തരും. ഉചിതമായ തൈലങ്ങള്‍ തലയിലും ഉപയോഗിക്കണം. വേണ്ടത്ര വിശ്രമവും മെച്ചപ്പെട്ട ജീവിതശൈലിയും ചികിത്സയുടെ ഭാഗമാണ്. ഒപ്പം ഉഴുന്ന് വേവിച്ചുടച്ച് പാലില്‍ ചേര്‍ത്ത്  കഴിക്കുക, ജീരകക്കഞ്ഞി, ജീരകം ചേര്‍ത്ത് പാല്‍ കാച്ചി കുടിക്കുക, ഇഞ്ചി ചതച്ചിട്ട് വെളളം തിളപ്പിച്ച് കുടിക്കുക തുടങ്ങിയവയും നല്ല ഗുണം തരും. മുക്കൂറ്റി അരച്ച് നെറ്റിയുടെ വശങ്ങളില്‍ പുരട്ടുന്നതും പൂവന്‍ കുറുന്നില നീര് തലയില്‍ തളം വയ്ക്കുന്നതും വേദന കുറയ്ക്കും.

മൈഗ്രേന്‍ തടയാം

 

വേദനകളുടെ കാഠിന്യം വെച്ച് നോക്കുമ്പോള്‍ തലവേദനകളില്‍ മുമ്പനാണ് മൈഗ്രേന്‍ അഥവാ കൊടിഞ്ഞി. പലതരം രോഗലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് മൈഗ്രേന്‍ എന്ന് പറയാം. വളരെ പണ്ടുമുതല്‍ തന്നെ ലോകമെമ്പാടും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിത്. തലയുടെ പകുതി ഭാഗത്തെ ബാധിക്കുന്നു എന്നതിനാല്‍ ‘അര്‍ധാവ ഭേദകം’ എന്നും ‘ഹെമിക്രേനിയ’ എന്നും മൈഗ്രേന് പേരുണ്ട്. മിക്കവാറും നെറ്റിയുടെ വശത്ത് നിന്ന് വേദന ആരംഭിക്കുന്നതിനാല്‍ ‘ചെന്നിക്കുത്ത്’ എന്നും പറയാറുണ്ട്.

മൈഗ്രേന്‍ ഉണ്ടാകുന്നത്
വിവിധ കാരണങ്ങളാല്‍ തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന സങ്കോച വികാസങ്ങളും അവയെ ആവരണം ചെയ്തിരിക്കുന്ന നാഡിതന്തുക്കള്‍ക്കുണ്ടാകുന്ന ഉത്തേജനവുമാണ് പ്രധാനമായും മൈഗ്രേന് വഴിയൊരുക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ ഒട്ടേറെ കാരണങ്ങളാല്‍ മൈഗ്രേന്‍ ഉണ്ടാകാം. മസ്തിഷ്കത്തിലെ ചില ഭാഗങ്ങളിലെ ഘടനാപരമായ മാറ്റം, വീക്കം, ചിലയിനം രാസപദാര്‍ഥങ്ങളുടെ അഭാവം എന്നിവയും മൈഗ്രേനിടയാക്കും.
ശരീരത്തിന്‍െറ ഇതര അവയവങ്ങളിലുണ്ടാകുന്ന വേദന അറിയാനുള്ള സിദ്ധി തലച്ചോറിനുണ്ടെങ്കിലും മസ്തിഷ്കത്തിന് സ്വയം വേദനാനുഭവമില്ല. എന്നാല്‍ വേദന അറിയുന്ന തന്തുക്കള്‍ നിറഞ്ഞ മസ്തിഷ്കത്തിന്‍െറ ആവരണമായ ഡ്യൂറാമേറ്ററിലുണ്ടാകുന്ന വീക്കവും വികാസവുമെല്ലാം വേദനയുണ്ടാക്കും. കൂടാതെ കഴുത്തിന്‍െറ പിന്‍ഭാഗം, തലയുടെ പിറക്വശം, തലച്ചോറിന്‍െറ അടിവശം തുടങ്ങിയ ഭാഗങ്ങളിലെ ധമനികള്‍ക്ക് ചുറ്റും വേദന അറിയുന്ന തന്തുക്കള്‍ സുലഭമാണ്. രക്തധമനികള്‍ക്കും അതുവഴി തന്തുക്കള്‍ക്കും ഏല്‍ക്കുന്ന ആഘാതങ്ങള്‍ വേദനയായി മാറുന്നു. മിക്കപ്പോഴും തലയുടെ ഒരു വശത്തുമാത്രമാണ് വേദന തുടങ്ങുന്നത്. ക്രമേണ ഇത് മറുവശത്തേക്കും തലയുടെ പിന്‍ഭാഗത്തേക്കുമൊക്കെ വ്യാപിക്കാന്‍ തുടങ്ങും. രോഗത്തിന്‍െറ ദുരിതങ്ങളില്‍ ഏറ്റവും കുടുതലായി അനുഭവപ്പെടുന്നതും വേദനയാണ്.

സ്ത്രീകളില്‍ കൂടുതല്‍
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മൈഗ്രേന്‍ കൂടുതലായി കാണാറുണ്ട്. 15 ശതമാനത്തോളം സ്ത്രീകളില്‍ ആര്‍ത്തവത്തിന് തൊട്ട്മുമ്പുള്ള ദിവസങ്ങളില്‍ മൈഗ്രേന്‍ ഉണ്ടാകാറുണ്ട്. ഗര്‍ഭിണികളില്‍ തലവേദനയുടെ കാഠിന്യം കുറയുമെങ്കിലും അപൂര്‍വമായി മൈഗ്രേന്‍ സങ്കീര്‍ണതകള്‍ക്കിടയാക്കാറുണ്ട്. 40-45 വയസ്സോടെ തലവേദനയുടെ കാഠിന്യവും ആവര്‍ത്തനവും കുറയാറുണ്ട്. എന്നാല്‍ ചിലരില്‍ മൈഗ്രേന്‍ ആര്‍ത്തവ വിരാമശേഷം കൂടിവരാറുണ്ട്. പാരമ്പര്യമായും ഉണ്ടാകാറുണ്ട്.

ലക്ഷണങ്ങള്‍
മൈഗ്രേന്‍െറ പ്രധാന ലക്ഷണം ദിവസങ്ങളോ ആഴ്ചകളോ ഇടവിട്ടുണ്ടാകുന്ന ശക്തമായ തലവേദനയാണ്. തലയുടെ വശങ്ങളില്‍ വിങ്ങലുള്ള വേദനയോടെയാണ് മിക്കവരിലും മൈഗ്രേന്‍ തുടങ്ങുക. ഈ ഭാഗത്ത് രക്തക്കുഴലുകള്‍ ശക്തമായി തുടിക്കുന്നത് സ്പര്‍ശിച്ചറിയാനാകും. ചിലരില്‍ കണ്ണിന് ചുറ്റുമായാണ് വേദന തുടങ്ങുക. ഏതാനും സമയംകൊണ്ട് തലവേദന ശക്തിപ്രാപിക്കും. ഇരുണ്ട മുറിയില്‍ കിടക്കാന്‍ താല്‍പര്യം, ഓക്കാനം, ഛര്‍ദി എന്നിവയും കാണാറുണ്ട്.

തലവേദന തുടങ്ങുംമുമ്പ്
തലച്ചോറിന്‍െറ  ചില ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങളിലെ താല്‍ക്കാലികമായ മാറ്റങ്ങള്‍ മൂലം 20 ശതമാനം രോഗികളില്‍ തലവേദന തുടങ്ങുന്നതിന് മുമ്പായ ചില ലക്ഷണങ്ങള്‍ കാണാറുണ്ട്. കണ്ണിന് മുമ്പില്‍ തിളങ്ങുന്ന കമ്പികള്‍ പോലെയോ കോട്ടകള്‍ പോലെയോ പ്രകാശം കാണുന്ന കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മിക്കവരിലും ഉണ്ടാവുക. പ്രകാശവലയത്തന് പുറമെ വെള്ളിവെളിച്ചം, കറുത്തപൊട്ട്, ചിലന്തിവലയിലൂടെ നോക്കുന്നപോലെ തോന്നുക എന്നിവയും കാണാറുണ്ട്. അപൂര്‍വമായി ശരീരത്തിന്‍െറ ഒരു വശത്ത് ശേഷിക്കുറവോ, പെരുപ്പോ ഉണ്ടാവാറുണ്ട്.
ലക്ഷണങ്ങള്‍ കുറയുന്നതോടെ തലവേദന ശക്തിപ്രാപിക്കും.

തലകറക്കത്തോടെയുള്ള മൈഗ്രേന്‍
തലകറക്കം, നടക്കുമ്പോള്‍ ബാലന്‍സ് തെറ്റി വേച്ച് പോവുക, അവ്യക്തമായ സംസാരം, പെരുപ്പ്, മോഹലസ്യം തുടങ്ങിയ ലക്ഷണങ്ങള്‍ 10-30 മിനിട്ടുവരെ നീണ്ടുനിന്ന ശേഷം തലവേദന കൂടുന്ന തരം മൈഗ്രേന്‍. ചെറുപ്പക്കാരായ സ്ത്രീകളിലും കുട്ടികളിലും കാണുന്നു.

തുടര്‍ന്ന് നില്‍ക്കുന്ന മൈഗ്രേന്‍
മയക്കുമരുന്നിന്‍െറ ഉപയോഗം, തലക്ക് ഏല്‍ക്കുന്ന ആഘാതങ്ങള്‍, മാനസിക പിരിമുറുക്കം, അണുബാധ എന്നിവയൊക്കെ തുടര്‍ച്ചയായി ശക്തമായ വേദനയോടെ മൈഗ്രേന്‍ നിലനില്‍ക്കാന്‍ ഇടയാക്കാറുണ്ട്.

കണ്ണും മൈഗ്രേനും
മൈഗ്രേന്‍ കണ്ണുകളുടെ ചലനത്തെയും ചിലപ്പോള്‍ ബാധിക്കാറുണ്ട്. കാഴ്ച കുറയുക, കോങ്കണ്ണ്, നോക്കുന്നതെല്ലാം രണ്ടായി തോന്നുക എന്നിവയും ഉണ്ടാകാറുണ്ട്. തലവേദനക്കൊപ്പമോ അതിന് ശേഷമോ ഇവ ഉണ്ടാകാം.

കുട്ടികളും മൈഗ്രേനും
വിവിധ ലക്ഷണങ്ങളോട് കൂടിയ പലതരം മൈഗ്രേനുകള്‍ കുട്ടികളെ ബാധിക്കാറുണ്ട്. പാരമ്പര്യമായും മൈഗ്രേന്‍ ഉണ്ടാകാറുണ്ട്. പെട്ടെന്ന് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താനാകാത്ത മാനസികാവസ്ഥ മൂലം മൈഗ്രേനുണ്ടാവുക, പ്രകാശവലയമോ നിറങ്ങളോ കാണുക, മദ്യപന്‍െറ രീതിയിലുള്ള നടപ്പ്, ഇരട്ടയായി കാണുക, തളര്‍ച്ച, തുടരത്തെുടരെയുള്ള ഛര്‍ദിയും വയറുവേദനയയും എന്നിവയൊക്കെ കുട്ടികളില്‍ കാണപ്പെടുന്ന മൈഗ്രേനുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ്. പാരമ്പര്യവുമായി ബന്ധപ്പെട്ട മൈഗ്രേന് മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം ഒരു വശം തളരുകയും ചെയ്യുന്നു.

മൈഗ്രേനും ഉദ്ദീപനഘടകങ്ങളും
മൈഗ്രേന്‍ ഉള്ളവരില്‍ ചില ഉദ്ദീപന ഘടങ്ങള്‍ മൈഗ്രേന്‍ പെട്ടെന്ന് തീവ്രമാക്കാറുണ്ട്. ദിനചര്യയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍, ചിലയിനം ഭക്ഷണങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അധികമായ വ്യായാമം, മാനസിക സമ്മര്‍ദം, അമിതമായ ലൈംഗികവേഴ്ച, മദ്യപാനം, പുകവലി, ഉറക്കം, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇവയൊക്കെ പലരിലും ഉദ്ദീപനമാകാറുണ്ട്.
ചോക്ളേറ്റ്, വൈന്‍, കാപ്പി, ചായ, കോള, മദ്യം, അണ്ടിപ്പരിപ്പുകള്‍, പൈനാപ്പിള്‍, ഓറഞ്ച്, പഴുത്ത മുന്തിരി, ഉള്ളി, ബീന്‍സ്, കൃത്രിമമധുരം എന്നിവ മൈഗ്രേനുള്ളവരില്‍ ഉദ്ദീപനമാറാറുണ്ട്. വിരുദ്ധാഹാരങ്ങള്‍, പുളിപ്പിച്ച ഭക്ഷണങ്ങള്‍, സാംസ്കാരിക മാംസാഹാരങ്ങള്‍, അജിനോമോട്ടോ അടങ്ങിയ ഭക്ഷണങ്ങള്‍  ഇവയും ഉദ്ദീപനമാകാറുണ്ട്.

വേദനയുടെ കാഠിന്യം കുറക്കുന്ന ഭക്ഷണങ്ങള്‍
മൈഗ്രേന്‍ വേദന കുറക്കുന്നവയില്‍ പ്രധാനം ഇഞ്ചിയാണ്. പാകപ്പെടുത്താത്ത ഇഞ്ചിയാണ് കൂടുതല്‍ ഗുണകരം. വേദനക്കും വീക്കത്തിനും കാരണമാകുന്ന പ്രോസ്റ്റാഗ്രാന്‍സിനുകളെ തടഞ്ഞാണ് ഇഞ്ചി വേദന കുറക്കുന്നത്. കൂടാതെ പുഴുങ്ങിയ ഏത്തപ്പഴം, ഓട്സ്, ബദാം കപ്പലണ്ടി, എള്ള്, മത്തി, അയല, ഇലക്കറി, മുഴുധാന്യങ്ങള്‍ ഇവ നല്ല ഫലം തരും. കൃത്യസമയത്ത് വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും മൈഗ്രേന്‍ സാധ്യതയുള്ളവര്‍ ശ്രദ്ധിക്കണം.

കടപ്പാട്: ഡോ. പ്രിയ ദേവദത്ത്,(കോട്ടക്കല്‍ ആര്യവൈദ്യശാല മാന്നാര്‍)

മൈഗ്രേന്‍

വെറും തലവേദന ആണോ എന്നു ചോദിച്ചാല്‍ അല്ല. 24 മുതല്‍ 48 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന തലവേദനയാണു ചെന്നിക്കുത്ത് അഥവാ മൈഗ്രേന്‍. തലച്ചോറിലേക്കുള്ള രക്തചംക്രമണവും രാസപ്രവര്‍ത്തനങ്ങളും വ്യത്യാസപ്പെടുമ്പോഴാണു പ്രധാനമായും മൈഗ്രേന്‍ ഉണ്ടാകുന്നത്. ചില പ്രത്യേക ഭക്ഷണങ്ങളും മൈഗ്രേന്‍ ഉണ്ടാക്കാമെന്നു ഗവേഷണങ്ങള്‍ പറയുന്നു. എല്ലാവരിലും ഭക്ഷണം മൈഗ്രേന്‍ ഉണ്ടാക്കുമെന്നു കരുതരുത്. ഭക്ഷണം എന്ന ഒരൊറ്റ ഘടകം കൊണ്ടു മാത്രം മൈഗ്രേന്‍ വരാമെന്നതും തെറ്റായ ധാരണയാണ്. ചിലര്‍ക്ക് ജനിതകമായിത്തന്നെ മൈഗ്രേന്‍ വരാന്‍ സാധ്യത കൂടുതലുള്ളവരായിരിക്കും. ഇത്തരക്കാരില്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ മൈഗ്രേനു കാരണമാകാം.

ഭക്ഷണവും മൈഗ്രേനും


ഭക്ഷണം എങ്ങനെയാണു മൈഗ്രേനുണ്ടാക്കുന്നത് എന്നു നോക്കാം. ഭക്ഷണപദാര്‍ഥങ്ങളിലെ നൈട്രേറ്റ്, ടൈറമിന്‍ പോലുള്ള രാസഘടകങ്ങള്‍ ജനിതകപരമായി തലവേദന സാധ്യതയുള്ള ഗ്രൂപ്പില്‍ പെട്ടവരുടെ രക്തനാഡീ കോശങ്ങളെ ഉത്തേജിപ്പിച്ചാണു തലവേദനയുണ്ടാക്കുന്നത്. ചിലരില്‍ ഭക്ഷണത്തിലെ രാസഘടകങ്ങളുടെ പ്രവര്‍ത്തനം മൂലം രക്തക്കുഴലുകള്‍ ചുരുങ്ങുകയും രക്തചംക്രമണം തടസപ്പെടുകയും ചെയ്യും. ഇതുകൊണ്ടാണു ചിലരില്‍ മൈഗ്രേനോടനുബന്ധിച്ചു കാഴ്ചക്കുറവു വരുന്നത്. തലച്ചോറിനു പുറമെയുള്ള രക്തക്കുഴലുകള്‍ വികസിച്ചു വീങ്ങുമ്പോഴാണ് അസഹ്യമായ വേദന അനുഭവപ്പെടുക.

ഏറ്റവും രസകരമായ വസ്തുത, നമ്മള്‍ നിത്യജീവിതത്തില്‍ സാധാരണ ഉപയോഗിക്കുന്ന ചോക്ളേറ്റ്, വൈന്‍ തുടങ്ങിയ ഭക്ഷണങ്ങളിലെല്ലാം ഇത്തരം മൈഗ്രേന്‍ ഉത്തേജക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നതാണ്. ചില ഭക്ഷണങ്ങളെ അലര്‍ജനുകളായി ശരീരം കരുതി പ്രവര്‍ത്തിക്കുമ്പോഴാണു തലവേദനയുണ്ടാകുന്നതെന്നാണു ചില ഗവേഷകരുടെ മതം. അതായതു രാസപദാര്‍ഥം അടങ്ങിയിട്ടില്ലാത്ത ഭക്ഷണവും തലവേദന ഉണ്ടാക്കാം.

ചെന്നിക്കുത്തിന് ഇഞ്ചി

നാട്ടുപ്രയോഗം എന്നതു മാത്രമല്ല ഇഞ്ചിയുടെ പ്രസക്തി. മൈഗ്രേനും മറ്റു തലവേദനകളും കുറയ്ക്കാന്‍ ഇഞ്ചിക്കു കഴിയുമെന്നതിനു നിരവധി പഠനങ്ങളുടെ പിന്‍ബലമുണ്ട്. പാകപ്പെടുത്താത്ത ഇഞ്ചി ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ മൈഗ്രേന്‍ വരുന്ന തവണകളും വേദനയുടെ തീവ്രതയും കുറഞ്ഞതായി കണ്ടത്തിയത്രെ. പഠനങ്ങളനുസരിച്ചു വേദനാസംഹാരിയായ ആസ്പിരിനോടു സമാനമായ പ്രവര്‍ത്തനമാണു ഇഞ്ചിയുടേത്. വേദനയ്ക്കും വീക്കത്തിനും കാരണമാകുന്ന ഹോര്‍മോണ്‍ സമാന പദാര്‍ത്ഥങ്ങളായി പ്രോസ്റ്റാഗാന്‍ഡിനുകളെ തടഞ്ഞാണ് ഇഞ്ചി മൈഗ്രേന്‍ കുറയ്ക്കുക.

മീനും മൈഗ്രേനും

മൈഗ്രേന്‍ പ്രതിരോധിക്കാന്‍ മീന്‍ സഹായിക്കും. അയല, മത്തി പോലുള്ള കൊഴുപ്പു നിറഞ്ഞ മത്സ്യങ്ങള്‍ ദിവസേന കഴിക്കുന്നത് മൈഗ്രേന്‍ തവണകള്‍ കുറയ്ക്കുമെന്നു ഗവേഷണങ്ങള്‍ പറയുന്നു. മീന്‍ മാത്രമല്ല, മീനെണ്ണയും മൈഗ്രേനിനെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ തന്നെയുണ്ട്. കടുത്ത മൈഗ്രേന്‍ രോഗികള്‍ക്ക് ആറാഴ്ച മീനെണ്ണ ഗുളികകള്‍ നല്‍കിയപ്പോള്‍ അവരില്‍ 60 ശതമാനം പേരിലും ശമനമുണ്ടായതായി സിന്‍സിനാറ്റി മെഡിക്കല്‍ കോളജില്‍ നടത്തിയ പരീക്ഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ദിവസവു 20 ഗ്രാം വീതം മീനെണ്ണ അടങ്ങിയ ഗുളികകള്‍ കഴിക്കുന്നതു ചില മൈഗ്രേന്‍ രോഗികള്‍ക്കു ആശ്വാസം നല്‍കുന്നതായി കാണുന്നു.

അന്നജം കൂട്ടാം

ധാരാളം ബീകോംപ്ളക്സും പഞ്ചസാരയും അന്നജവും മൈഗ്രേനിന് ആശ്വാസം നല്‍കുന്നുണ്ട്. ആപ്പിള്‍, ചെറി, പച്ചമുന്തിരി എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയര്‍ത്തി മൈഗ്രേന്‍ കുറയ്ക്കും. ഇത്തരം പഴങ്ങള്‍ ഉച്ചഭക്ഷണത്തിനു ശേഷം കഴിക്കുന്നതാണു നല്ലത്. തണ്ണിമത്തന്‍ സത്ത് തണുപ്പിക്കാതെ കുടിക്കുന്നതും നല്ലതാണ്.

വേണം പ്രോട്ടീന്‍

രക്തത്തിലെ പഞ്ചസാരയുടെ നില കുറയുന്നതു മൈഗ്രേന്‍ തലവേദനയ്ക്കു കാരണമാകുമെന്നു പറയാറുണ്ട്. ചിക്കന്‍ പോലുള്ള കൊഴുപ്പു കുറഞ്ഞ പ്രോട്ടീന്‍ സമ്പുഷ്ട ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാതെ നിലനിര്‍ത്തും. മുട്ട, ബീഫ്, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും. ചിലരില്‍ മൈഗ്രേന്‍ വരുന്നതിനു മുമ്പോ ശേഷമോ മഗ്നീഷ്യത്തിന്റെ നില താഴുന്നതായി കാണാറുണ്ട്. അതുകൊണ്ടു മഗ്നീഷ്യം അടങ്ങിയ ബ്രെഡ്, ഉരുളക്കിഴങ്ങ്, പാല്‍ തുടങ്ങിയവ കഴിക്കുന്നതും മൈഗ്രേന്‍ കുറയ്ക്കും.

മൈഗ്രേന്‍ ഉണ്ടാക്കുന്ന ഭക്ഷണം

എല്ലാ ഭക്ഷണങ്ങളും മൈഗ്രേന്‍ ഉണ്ടാക്കുകയില്ല. അതുകൊണ്ടു തന്നെ ഏതു ഭക്ഷണമാണു പ്രശ്നമാകുന്നതെന്നു തിരിച്ചറിഞ്ഞു ഒഴിവാക്കണം. ∙ സാധാരണയായി കാപ്പി, ചായ, കോള തുടങ്ങിയ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, ചോക്ളേറ്റ്, അണ്ടിപ്പരിപ്പുകള്‍, ആല്‍ക്കഹോള്‍, പൈന്‍ആപ്പിള്‍, ഓറഞ്ച്, പഴുത്ത മുന്തിരി, നാരങ്ങ, ഉള്ളി, ബീന്‍സ് മുതലായ പച്ചക്കറികള്‍, ചിലതരം ബ്രെഡുകള്‍ കൃത്രിമമധുരം എന്നിവ പൊതുവെ മൈഗ്രേനും തലവേദനയും ഉണ്ടാക്കാന്‍ സാധ്യതയുള്ള ഭക്ഷണങ്ങളാണ്. ഇവ ഒരു മാസത്തേയ്ക്ക് ഒഴിവാക്കുക.

∙ പതിവായി കാപ്പി, ചായ പോലുള്ള കഫീന്‍ പാനീയങ്ങള്‍ കുടിയ്ക്കുന്നവര്‍ രണ്ടാഴ്ചത്തേയ്ക്കു നിര്‍ത്തുക.

∙ തലവേദന കുറവുണ്ടെങ്കില്‍ പതിയെ ഒഴിവാക്കിയ ഭക്ഷണങ്ങള്‍ ഓരോന്നായി കഴിച്ചു തലവേദന ഉണ്ടാകുന്നോ എന്നു നിരീക്ഷിക്കുക. ഉണ്ടെങ്കില്‍ അവ ഒഴിവാക്കണം. ഭക്ഷണം കഴിച്ചു 24 മണിക്കൂര്‍ കഴിഞ്ഞേ തലവേദന പ്രകടമാവുകയുള്ളൂ എന്നോര്‍ക്കുക.


അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate